ഒരു ബാറ്റും കുറെ കുഞ്ഞു കൊതുകുകളും!!  

Posted by Askarali

കുറച്ചു ദിവസങ്ങള്‍ സത്യവതിയോടും സുവര്‍ണ്ണലതയോടും ബകുളിനോടും കൂടെയായിരുന്നു..(ആശപൂര്‍ണ്ണാദേവിയുടെ നായികമാരോടൊപ്പം). വായിച്ചു തീര്‍ന്നപ്പോള്‍ ഒരു ശൂന്യതാബാധം! അതു നികത്താനായി ഒരു ദേശത്തിന്റെ കഥ വായിച്ചു തുടങ്ങി.. അതിരാണിപ്പാടത്ത് എത്തി നില്‍ക്കുന്നു.. ഇനി കുറച്ചു ദിവസങ്ങള്‍ അവരൊടെപ്പം ജീവിക്കാം...!

എഴുതാന്‍ സമ്മതിക്കാതെ ഒരു കൊതുക് ചുറ്റിനും വലം വയ്ക്കുന്നു.. എങ്കിപ്പിന്നെ അതിനെപ്പറ്റിയാകാം ഇന്നത്തെ കഥ!

ഒന്നു രണ്ട് വരി എഴുതുമ്പോഴേക്കും പതുങ്ങി വന്ന് കാലില്‍ ഒരു കടി, എന്നിട്ട് ഒറ്റ പറക്കല്‍. എന്റെ ‘ബാറ്റുമായി’ ഞാന്‍ കാത്തിരിക്കുന്നു!. കൊതുകിനെ പിടിക്കാന്‍ ഒരു ബാറ്റുണ്ട്, കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അതായിരുന്നു ഒരു വലിയ സന്തോഷം/ അല്‍ഭുതം!

നാട്ടിലെത്തി ആദ്യരാത്രി ഞാനും മകളും കൂടി ഞങ്ങളുടെ മുറിയിലും അച്ഛനും അമ്മയും അവരുടെ മുറിയിലും കയറി അല്പം കഴിഞ്ഞപ്പോള്‍ അമ്മയുടെ മുറിയില്‍ നിന്നും പട്ടാസു പൊട്ടുന്നപോലെ പട പടാ ശബ്ദം! അമ്മയിനി കൊച്ചു മക്കളെയൊക്കെ കണ്ട സന്തോഷത്തില്‍ മതിമറന്ന് പട്ടാസ് പൊട്ടിക്കുകയാണോ?!വട്ടായോ?! ഓടിച്ചെന്നു നോക്കിയപ്പോള്‍ അമ്മ ഒരു ബാറ്റുമായി കട്ടിലില്‍ എഴുന്നേറ്റിരുന്ന് കളിയോട് കളി! ഇതെന്തു മറിമായം! ഇങ്ങനേ ഒരു കളിയുണ്ടോ?! ഇനി കേരളം വികസിച്ചു വികസിച്ചു വയോജനങ്ങളുടെ ബോറഡി മാറാനോ, മാനസിക ഉല്ലാസത്തിനോ വേണ്ടി കണ്ടുപിടിച്ചതായിരിക്കുമോ ഈ കളി! ഇപ്പോള്‍ എല്ലാം ഇമാജിനേഷന്‍ അല്ലെ, കൂടെ കളിക്കാന്‍ ആരുമില്ല. അച്ഛന്‍ സ്വസ്ഥമായി കിടക്കുന്നു..

“അമ്മേ എന്തുപറ്റി?! ബാറ്റു കളിക്കുന്നോ?” ( പക്ഷെ അമ്മ ശരിക്കും ബാഡ്മിന്റന്‍ ഒക്കെ കളിക്കും ട്ടൊ! അതു വേറൊരു കഥ)

“അല്ല, നശിച്ച കൊതുകാരണം ഉറങ്ങാന്‍ പറ്റുന്നില്ല. അതിനിടയില്‍ അമ്മ ബാറ്റ് വീണ്ടും ശൂന്യതയില്‍ വീശി. അപ്പോള്‍ പട പടാ ശബ്ദം വീണ്ടും കേട്ടു!

ഞാനും മോളും അല്‍ഭുതത്തോടെ ‘മലയാളീസിന്റെ ആ കണ്ടുപിടിത്തം’ നോക്കി വണ്ടറടിച്ചു നില്‍ക്കുമ്പോള്‍, ‘ഇന്നാ വേണമെങ്കില്‍ ഇതെടുത്തോ എനിക്ക് ഇനി ഒന്നുകൂടിയുണ്ട്’ എന്നും പറഞ്ഞ് വച്ച് നീട്ടി!

കേള്‍ക്കാത്ത താമസം ഞാന്‍ ഓടി ചെന്ന് ഭക്തിപുരസ്സരം ബാറ്റ് വാങ്ങി. എന്റെ കയ്യില്‍ നിന്നും അധികം ഭക്തിയൊന്നും ഇല്ലാതെ തന്നെ അത് മകള്‍ കയ്ക്കലാക്കി..അവള്‍ ഓടി മുറിക്കകത്തു കയറി കട്ടിലിനു ചുറ്റിനും തലങ്ങും വിലങ്ങും വീശിയപ്പോള്‍ കേട്ട പട പടാ ശബ്ദത്തില്‍ അവള്‍ അവളുടെ നാടു വിട്ട അങ്കലാപ്പൊക്കെ മാറി സുസ്മേരവദനയായി. ഞാന്‍ ആശ്വസിച്ചു.. ഇത്തവണത്തെ വരവ് വെറും ബോറായിരിക്കില്ല. അറ്റ് ലീസ്റ്റ് മകളെങ്കിലും എന്‍‌ജോയ് ചെയ്തോളും . ഞങ്ങള്‍ പോകുന്നതുവരെ കൊല്ലാന്‍ ഇഷ്ടം പോലെ കൊതുക്കള്‍ വന്നോളും. കൊതുകിനാണോ ദാരിദ്യം!

തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ ബോറഡി മാറ്റിയ ആ അല്‍ഭുത വസ്തുവിനെ ഭദ്രമായി പൊതിഞ്ഞു കെട്ടി ഇവിടെ എത്തിച്ചു. ഇവിടെ ഒരു പ്രശ്നം എന്തെന്നാല്‍ കൊതു ചില ദിവസങ്ങളിലേ ഉണ്ടാവൂ.. അതെന്നാണെന്ന് കൃത്യമായി ഇനിയും കണ്ടുപിടിച്ചിട്ടില്ലാ താനും! അങ്ങിനെ ഞങ്ങള്‍ ആയുധം വച്ച് കാത്തിരുന്നു.. കേരളത്തിലെ അല്‍ഭുതം ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍..

ഒടുവില്‍ ആ സുദിനം വന്നെത്തി. ഒരു ഞായറാഴ്ച്ച സന്ധ്യക്ക് കൊതുകള്‍ ഒന്നൊന്നായി വരവായി.. കൊതുകുവരാതായപ്പോള്‍ ആയുധത്തിന്റെ കാര്യം മറന്നുപോയ മകള്‍ പെട്ടെന്ന് ഓര്‍ത്തു..
‘അമ്മേ നമ്മള്‍ ഇന്ത്യയില്‍ നിന്നും കൊണ്ടു വന്ന ബാറ്റ്..?’
‘ഏതു ബാറ്റ്?’
‘കൊതുകിനെ പിടിക്കുന്ന ബാറ്റ്!’
ഇതു കേട്ട് അവളുടെ അച്ഛന്‍ മിഴിച്ചു നോക്കി. അതുകണ്ടപ്പോള്‍ എനിക്കും ഉത്സാഹമായി!
സകലകലാവല്ലഭനെ കാട്ടാന്‍ ഒരു അല്‍ഭുതം ഞങ്ങള്‍ക്കും ഉണ്ടല്ലൊ എന്ന ഒരു ത്രില്ലില്‍ ഓടിപ്പോയി ബാറ്റെടുത്ത് മകളെ ഏല്പിച്ചു. അവള്‍ ചുറ്റിനും കൂടിയ കൊതുകുകളെ അങ്ങിനെ ടപ്, ടപ് എന്നും പറഞ്ഞ് പൊട്ടിച്ചു രസിക്കാന്‍ തുടങ്ങിയപ്പോള്‍, സകലകലാ വല്ലഭന്‍ ചോദിച്ചു,
‘അതു കൊള്ളാമല്ലൊ! അത് കൊതുവായിരിക്കില്ല!!’ ( ഇതൊക്കെ ഒരു നമ്പര്‍ ആണ്, ആദ്യം ഇന്നസന്റ് ആയി അഭിനയിക്കും നമ്മുടെ പ്രത്യേകത എന്തെന്നു മനസ്സിലാക്കി അത് സ്വന്തം നിയന്ത്രണത്തിലാകും വരെ തുടരും ഈ ഇന്നസന്‍സ്)
‘അത് കൊതുക് തന്നെയാണ് ’ മകള്‍ പറഞ്ഞു
ഞാനും ഏറ്റു പറഞ്ഞു, ‘അതെ കൊതുകാണ്.’
‘അല്ല! എങ്കില്‍ ഞാന്‍ നോക്കട്ടെ?’
ഞങ്ങള്‍ അപ്പ്രൂവലിനുവേണ്ടി ബാറ്റ് കയ്യില്‍ കൊടുത്തു.. പിന്നെ ഒരു മേളമായിരുന്നു..!! യജമാനന്‍ ആ ബാറ്റും കൊണ്ട് സാക്ഷാല്‍ യുദ്ധം ആരംഭിച്ചു. വീടുമുഴുവന്‍ ഓടിനടന്ന് അടിയോടടി.. ആകപ്പാടെ ഒരു പടപടാ ശബ്ദം ..അകത്തും മുഴുവന്‍ തീര്‍ത്തശേഷം പോരാഞ്ഞ് വെളിയിലിറങ്ങി അടിതുടങ്ങി

ചായയിടാന്‍ പോയ ഞാനും, ഇതിനകം കളി അച്ഛനു കൈമാറിയ ശൂന്യതയില്‍ മകള്‍ ഹോംവര്‍ക്കും ചെയ്തു തുടങ്ങിയിരുന്നു. വെളിയില്‍ പടാ പടാ എന്നൊക്കെ കേള്‍ക്കുന്നു. അദ്ദേഹം ഉള്ള ചെടികളും മരങ്ങളും ഒക്കെ ഇളക്കി അങ്ങിനെ ആര്‍മാദിച്ച് തകര്‍ക്കുകയാണ്. ഒടുവില്‍ ക്ഷീണിച്ച് അവശനായി ബാറ്റുമായി തിരിച്ചെത്തി.
‘ഈ രാജ്യത്തെ കൊതുകിനെ മുഴുവന്‍ നശിപ്പിച്ചൊ?!!’ - ഞാന്‍
‘ബാറ്റെവിടെ?’ എന്റെ ഉള്ളൊന്ന് ആളി! ദൈവമേ അത് നശിപ്പിച്ചോ!
‘ഓ! ഇതിനെന്തോ കുഴപ്പമുണ്ട്’ -അദ്ദേഹം
‘അതുപിന്നെ ഇത്രേം പാടുണ്ടോ?! അതു പാഴിക്കളഞ്ഞു !!’(ഞാന്‍ പരിതപിച്ചു)
‘ഞാനൊന്നും ചെയ്തില്ല.’ (നിസ്സഹായത!)

അങ്ങിനെ അതോടെ ബാറ്റ് കളി അവസാനിച്ചു.

പിന്നെ ആരെങ്കിലും നാട്ടില്‍ നിന്നു വരാന്‍ കാത്തിരുന്നു. ഒടുവില്‍ ഒരു ബന്ധു ബാറ്റു കൊണ്ടു തന്നപ്പോള്‍ ഗൃഹനാഥനെ നോക്കി പറഞ്ഞു.., ‘പാടില്ല പാടില്ല നമ്മെ നമ്മെ , പാടെ മറന്നൊന്നും ചെയ്തു കൂടാ..’
യജമാനന്റെ മുഖത്ത്, എന്തുകൊണ്ടോ, ഒരല്പം ജാള്യത മിന്നി മറയുന്നത് കണ്ടപ്പോള്‍ ആശ്വാ‍സമായി
അപ്പോള്‍ ഈ ബാറ്റ് രക്ഷപ്പെട്ടൂ..

അങ്ങിനെ ഒടുവില്‍ കിട്ടിയ രണ്ടു ബാറ്റുകളുമായാണ് ബ്ളോഗെഴുത്തും വായനയും ഒക്കെ. ബാറ്റ് വീശാന്‍ ഒരല്പം മറന്നാല്‍ കൊതുക് ഏതെങ്കിലും വശത്തൂടെ വന്ന് കടിക്കും! ‘കൊതുവേ നീയും നാട്ടിലെ ഐറ്റിയും ഐ ഐ റ്റിയും ഒക്കെയാണോ?! എന്തൊരപാര ബുദ്ധി!! സമ്മതിച്ചു തരാതെ നിര്‍വ്വാഹമില്ലാ..’

അങ്ങിനെ ഞാന്‍ ബാറ്റുമായി കാത്തിരിക്കുന്നു.. കൊതുകു പാത്തും പതുങ്ങിയും കടിച്ചേച്ച് കൂളായി അങ്ങ് പറന്നുയരുന്നു..

ഈ കൊതുകുബാറ്റിന്റെ കാര്യം എഴുതിയപ്പോള്‍ ആത്മയ്ക്ക് പണ്ട് നടന്ന മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു..ഒരു ഈരുകൊല്ലിയുടെ കഥ!( ഈര് എന്നു പറയുന്നത് പേനിന്റെ മുട്ടയാണ് ട്ടൊ)അത് അടുത്ത പോസ്റ്റില്‍...

വെടക്ക് സ്വഭാവങ്ങള്‍‌...  

Posted by Askarali

താന്‍‍ എഴുതി വരുമ്പോള്‍ പലപ്പോഴും തന്റെ ജീവിതം ഈ വിധമായതില്‍ മറ്റുള്ളവരുടെ മേല്‍ കുറ്റം ആരോപിക്കുന്നുണ്ട്.. പക്ഷെ ശരിക്കും അവര്‍ കുറ്റക്കാരാണോ? മീര ഒന്നു സ്വയം വിശകലനം ചെയ്തു നോക്കി...

‘അല്ലേ അല്ല’. ഉത്തരം പെട്ടെന്നു തന്നെ കിട്ടി!

തന്റെ സ്ഥാനത്ത് മറ്റൊരു യുവതി ആയിരുന്നെങ്കില്‍ താന്‍ നെഗറ്റീവ് ആയി ചിന്തിച്ചു തള്ളി പ്രവര്‍ത്തിക്കാതിരുന്ന പല കാര്യങ്ങളും പ്രായോഗികമാക്കി വിജയിപ്പിച്ചേനെ. താന്‍ സ്വയം ഉള്ളിലേക്കൊതുങ്ങുകയായിരുന്നു. വെളിയിലത്തെ ലോകത്തെ സ്നേഹിക്കാതെ എന്തിന് അതിനെ കുറ്റപ്പെടുത്തുന്നു!

ഇന്നുതന്നെ ഒരു പാര്‍ട്ടിയുണ്ട്. വേണമെങ്കില്‍ തനിക്കും പോകാം...പക്ഷെ, പോകാന്‍ മനസ്സു വരുന്നില്ല. ആദ്യത്തെ എസ്ക്യൂസ്, മകള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ പരീക്ഷ തുടങ്ങുന്നു. ഇപ്പോള്‍ സ്വച്ഛമായിരിക്കുന്ന മനസ്സിനെ ആ പാര്‍ട്ടിയിലും ബഹളത്തിലും പെട്ട് ഉലച്ചിട്ട് തിരിച്ചു വരുമ്പോള്‍ അത് കുട്ടിയുടെ പഠിത്തത്തിനെ ബാധിക്കുമോ എന്നൊരു ഉല്‍ക്കണ്ഠ ഇല്ലാതില്ല..

എന്നാല്‍ അതല്ല യധാര്‍ത്ഥ എസ്ക്യൂസ്! മറ്റുള്ളവര്‍ പാര്‍ട്ടിയിലും പൊള്ളത്തരത്തിലും ചെന്നു പെട്ട് ആര്‍മാദിക്കുമ്പോള്‍ തനിക്ക് തനിക്കായി അല്പസമയം കിട്ടും. മറ്റുള്ളവര്‍ വിട്ടുപേക്ഷിച്ച് പോയ ലോകത്തില്‍ താന്‍ മാത്രം! താനും തന്റെ ചിന്തകളും മാത്രം.. ആ ഒരു ദിവസം അല്ലെങ്കില്‍ ഏതാനം മണിക്കൂര്‍ ഞാന്‍ സര്‍വ്വ സ്വതന്ത്രയാണ്.. താന്‍‍ ആ സമയം എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യം ഇല്ല, ആരെയും ഭയക്കാതെ ആരുടെയും നിയന്ത്രണത്തിലല്ലാതെ കുറേ സമയം ഈ ഭൂമിയില്‍ എനിക്കായി കിട്ടുക എന്നാല്‍ അത് ഒരു വല്ലാതെ ഉന്മാദം ഉണ്ടാക്കും.. അതിന്റെ ആ മാധുര്യം എന്തെന്ന് മനസ്സിലാക്കിപ്പോയി. അത് പാര്‍ട്ടികളില്‍ ഉടുത്തൊരുങ്ങിപ്പോകുന്നതുകൊണ്ടോ, ഇഷ്ടപ്പെട്ടവരെ കാണാനായെന്നതുകൊണ്ടോ ഒക്കെ കിട്ടുന്ന മനസ്സന്തോഷത്തില്‍ നിന്നും പതിന്മടങ്ങാണ്.

മീര ഓര്‍ത്തു. ആദ്യത്തേത് മനസ്സിനെ ഇളക്കുകയും ചഞ്ചലപ്പെടുത്തുകയും ആണ് ചെയ്യുന്നതെങ്കില്‍ രണ്ടാമത്തെ സന്തോഷം മനസ്സിന്റെ മാത്രമാണ്.

തന്റെ ഈ വെടക്കു സ്വഭാവം കൊണ്ട് വന്ന നഷ്ടങ്ങള്‍ (മറ്റുള്ളവരുടെ കണ്ണില്‍ നഷ്ടങ്ങള്‍) എത്രയാണെന്ന് ഒരു ഏകദേശ കണക്കെടുക്കാന്‍ ഒരാഗ്രഹം തോന്നി മീരയ്ക്ക്..
ആദ്യം മുതല്‍ തുടങ്ങട്ടെ..

തനിക്ക് അമ്മയുടെ നല്ല നല്ല സാരികള്‍ പോലും വെട്ടി പാവാടതയ്ച്ചു തന്നിട്ടും, ഒരിക്കല്‍ തന്റെ ഒരേ ക് ളാ സ്സില്‍ പഠിക്കുന്ന അപ്പച്ചിയുടെ മകള്‍ പാവാട തയ്ക്കാന്‍ മടിച്ച് മടിച്ച് ഒരു സാരി ചോദിച്ചപ്പോള്‍ നിര്‍ദ്ദയം ‘ഇല്ല’ എന്നു പറഞ്ഞ അമ്മയോട് തോന്നിയ പ്രതിക്ഷേധം.. കുമാരിച്ചേച്ചിയില്‍ വന്നു നിറയുന്ന അഭിമാന ക്ഷതം! അതെങ്ങിനെ കണ്ടില്ലെന്നു നടിക്കാന്‍! അമ്മയോടെതിര്‍പ്പ് തോന്നിത്തുടങ്ങി...

തനിക്ക് നല്ല ഒരു വിവാഹ ബന്ധം ഏര്‍പ്പെടുത്തി തന്നെങ്കിലും അതില്‍ ഒളിഞ്ഞിരുന്നത് അച്ഛനമ്മമാരുടെ സ്വാര്‍ത്ഥമോഹങ്ങള്‍ ആയിരുന്നെന്നും അതില്‍ താന്‍ സ്വയം ബലിയാടാകുകയായിരുന്നെന്നുമുള്ള സത്യം അംഗീകരിച്ച് തനിക്ക് കിട്ടിയ സൌഭാഗ്യം ആസ്വദിക്കാമായിരുന്നു. പക്ഷെ ഇതില്‍ തന്റെ സ്വപ്നങ്ങളും മോഹങ്ങള്‍ക്കും പകരം മാതാപിതാക്കളുടെതാണ് നിക്ഷേപിച്ചതറിഞ്ഞപ്പോള്‍ തോന്നിയ വെടക്ക് സ്വഭാവം..
സ്വയം വെറുപ്പ്, നിന്ദ.. എല്ലാവരോടും എല്ലാറ്റിനോടും എതിര്‍പ്പ്..അങ്ങിനെ എന്തൊക്കെയോ..

അന്യ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അവിടത്തെ ജോലിക്കാരിയെ മൃഗത്തിനെപ്പോലെ ഗണിച്ചിട്ട് തനിക്ക് മനുഷ്യജീവിയുടെ സ്ഥാനവും തന്നപ്പോള്‍ സ്വയം മറ്റൊരു മൃഗത്തെപ്പോലെ തോന്നി മനസ്സ് മടുത്തത് മറ്റൊരു വെടക്ക് സ്വഭാവം..

വിവാഹം കഴിഞ്ഞയുടന്‍ ഭര്‍ത്തൃവീട്ടുകാര്‍, ‘പെണ്ണു കൊള്ളാം പക്ഷെ വീട്ടുകാര്‍ ഒരു‍ പൊറുപ്പുമില്ലാത്തവര്‍..’ തുടങ്ങി അന്യായമായി മാതാപിതാക്കളെയും കുടുംബത്തേയും കുറ്റപ്പെടുത്തുമ്പോള്‍.. അവരുടെ ഭാഗം ചേര്‍ന്ന് നല്ല പിള്ളയായി ചമഞ്ഞ് നടന്നിരുന്നെങ്കില്‍.. നല്ല മരുമകളായി വിലസാമായിരുന്നു.. അപ്പോള്‍ വെടക്ക് സ്വഭാവം തല്പൊക്കി! ‘ങ്ങ് ഹാ! എത്ര നല്ലവരാണെങ്കിലും മാന്യന്മാരാണെങ്കിലും പണക്കാരാണെങ്കിലും തന്നെ ഇതുവരെ വളര്‍ത്തില്‍ വലുതാക്കിയവരെ അധിക്ഷേപിക്കുന്നത് വകവച്ചുകൊടുക്കുന്നതില്‍ ഒരു ആത്മവഞ്ചന..!’ വെറുതെ രോക്ഷം മുഴുവന്‍ ഡയറിയുടെ താളുകളില്‍ നിക്ഷേപിച്ചു.. അന്നു തുടങ്ങി ഉയര്‍ച്ചയില്‍ നിന്നുള്ള വീഴ്ച്ച..

ജോലിക്കു പോയി.. അവിടെ ഒരു കുട്ടി! തന്റെ പ്രായം! അവള്‍ ജോലിചെയ്യുകയാണെങ്കിലും അവിടത്തെ സര്‍വ്വാധികാരിയാകാനോ അതിലപ്പുറമോ ഒക്കെയുള്ള അവളുടെ സ്വപ്നങ്ങള്‍.. അതു കണ്ടില്ലെന്നു നടിക്കാമായിരുന്നു.. പക്ഷെ, സ്വയം വില്ലത്തിയായി ഒഴിഞ്ഞു.. എന്തോ! സത്യത്തിനു നേരേ കണ്ണടക്കാന്‍ മടി. എന്നെ വച്ച് അവളെ ഒഴിക്കാന്‍ നിന്നിരുന്നവര്‍ക്ക് ഒടുവില്‍ അവളെ ആശ്രയിക്കേണ്ടിവന്നു. ആത്മ വേദന കടിച്ചിറക്കി സത്യത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു.

എഴുതിത്തുടങ്ങിയപ്പോള്‍.., എന്തോ, ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച ഒരു അഹംഭാവം തോന്നി. എത്തേണ്ടിടത്തെത്തിയ സംതൃപ്തി! പക്ഷെ തന്റെ ബുക്കും കൊണ്ട് പബ് ളിഷറിനടുത്തെത്തിയപ്പോള്‍ അവിടെ ഇരുന്ന ഒരു മാന്യദേഹം‍ ‘നമുക്ക് ഈ മീരയെ നല്ല ഒരു എഴുത്തുകാരിയാക്കിയിട്ടു തന്നെ കാര്യം’ എന്നു തമാശപറഞ്ഞപ്പോള്‍ തീരെ കൊച്ചായപോലെ തോന്നാന്‍ കാരണമെന്ത്! അവരുടെ കഴിവുകൊണ്ട് കിട്ടുന്ന അംഗീകാരത്തിനെക്കാള്‍ തന്റെ എഴുത്തിന്റെ യധാര്‍ത്ഥ മൂല്യം സത്യസന്ധമായി അറിയാനുള്ള ഒരു തീവ്ര വൈരാഗ്യം അദ്ദേഹത്തോട് വെറുപ്പ് തോന്നിപ്പിച്ചു. (തന്റെ എഴുത്തിന്റെ ന്യൂനതകള്‍.. എങ്ങിനെ ഇമ്പ്രൂവ് ചെയ്യാം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ആരും പ്രാധാന്യം നല്‍കിയുമില്ല.. മീരയ്ക്ക് അങ്ങിനെ ഒരാളെ കണ്ടെത്തി തനിക്ക് ശരിക്കും എഴുതാനുള്ള കഴിവുണ്ടോ, എഴുതുന്നതിനെ പറ്റി നൂറു നൂറു സംശയങ്ങളുണ്ടായിരുന്നു..)

പിന്നീട് ഭര്‍ത്താവ് ഒരു വലിയ തുക പബ് ളിഷറെ ഏല്‍പ്പിച്ച് പിന്നീട് വിളിച്ചു ചോദിക്കയോ ഒന്നും ചെയ്യാതെ കടമ തീര്‍ന്ന മട്ടില്‍ എല്ലാ ബന്ധങ്ങളും വേര്‍പെടുത്തി പോന്നപ്പോള്‍.. തന്റെ ബുക്ക് കുറെ കാശിന്റെ പേരില്‍ അവഹേളിക്കപ്പെടുന്നപോലെ.. അടുത്തപ്രാവശ്യം ചെന്നപ്പോള്‍, ‘വേണ്ട എനിക്ക് ആത്മവിശ്വാസമില്ല. എന്നെങ്കിലും തനിയെ തോന്നുന്നെങ്കില്‍ വരാം..’ എന്നുപറഞ്ഞ് ഏല്പിച്ച കാശ് പോലും തിരിച്ച് ചോദിക്കാതെ പിന്മാറിയത് മറ്റൊരു വെടക്ക് സ്വഭാവം..(പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കല്ല്യാണചിലവിനുള്ള കാശ് തിരിച്ച് ചോദിക്കാതെ പോയതില്‍ മാത്രം ഒരല്പം കുണ്ഠിതം)

ഇനിയും ഉണ്ട് എണ്ണിയാലൊടുങ്ങാത്തത്രയും വെടക്ക് സ്വഭാവങ്ങള്‍.. ആരെങ്കിലും തന്നെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ (തനിക്ക് ആരോടെങ്കിലും സ്നേഹം തോന്നിയാല്‍) അവിടെയും വെടക്ക് സ്വഭാവം തല്പൊക്കും.. ലോകത്തിലുള്ള എല്ലാപേരുടെയും ആശീര്‍വ്വാദത്തോടെയും അംഗീകാരത്തോടെയും.. (അങ്ങിനെ ആരു സ്നേഹിച്ചിട്ടുണ്ട്?) എന്നിങ്ങനെ എത്രത്തോളം വെടക്കുകള്‍ അതില്‍ കുത്തിനിറക്കാമോ അതൊക്കെ ചേര്‍ത്തുവച്ച് ചേര്‍ത്തുവച്ച് ഇരിക്കും.. ആ സ്നേഹം പൂവിട്ട് കായിട്ട് പൊഴിയും വരെ നോക്കി നില്‍ക്കും.. തനിക്കര്‍ഹതയില്ല, അവകാശമില്ല എന്നൊക്കെ പറഞ്ഞ്...

ഇങ്ങിനെ കുറെ വെടക്കു സ്വഭാവങ്ങളാണ് തന്നെ മറ്റുള്ളവരില്‍ നിന്നും വേറ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത്.. മീര ഓര്‍ത്തു...

പക്ഷെ, ഈ വെടക്ക് സ്വഭാവങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുഃഖങ്ങള്‍ ചില്ലറയൊന്നുമല്ല..
ഉദാഹരണമായി, ഓ വെളിയിലൊക്കെ പോയി ഫുട്ബാളും പാര്‍ട്ടിയും ഒക്കെയായി ആര്‍മാദിക്കുന്നവരൊക്കെ പോകാന്‍ പറ, മീരയ്ക്ക് മീരയുടെ എഴുത്തിന്റെ ലോകവും
അക്ഷരങ്ങളിലൂടെ കിട്ടിയ ബന്ധവും ഒക്കെ മതി എന്നും പറഞ്ഞ് സംതൃപ്തിയോടെ ഉറങ്ങി എണീക്കുന്ന മീര ഒരുദിവസം അറിയാതെ നേരത്തെ ഉറങ്ങിപ്പോയി (പരീക്ഷയുള്ളപ്പോഴല്ല്യോ മീരയും ഉറക്കമിളക്കുന്നത്.)

പിറ്റേന്ന് എണീക്കുമ്പോള്‍ ലോകത്തില്‍ താന്‍ തീര്‍ത്തും ഒറ്റപ്പെട്ടപോലെ! ഇതെന്തുപറ്റി പെട്ടെന്ന് ഇങ്ങിനെ തോന്നാന്‍!! വിരക്തിക്കും വേണ്ടേ ഒരു അതിരൊക്കെ. ആകെപ്പാടെ ഗതിമുട്ടിയപോലെ!.. മുഴുഭ്രാന്താകുമോ എന്നൊരു ഭയവും!. മീര പരിഭ്രാന്തയായി നടന്നു. ശീലങ്ങള്‍..ശീലങ്ങള്‍.. ശീലങ്ങള്‍ പെട്ടെന്ന് മാറുമ്പോള്‍ മനസ്സ് വല്ലാതെ പതറിപ്പോകുന്നു...

ഒടുവില്‍ ഈ വെടക്ക് സ്വഭാവങ്ങള്‍ക്ക് മീര ഒരു പരിഹാരം കണ്ടെത്തി!, പ്രത്യേകിച്ചും ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ വന്നു പൊതിയുന്ന അധമ ചിന്തകള്‍ക്ക്.. 'Don't judge people, you cannot love them' എന്നൊരു ചൊല്ലില്ലേ, അതുതന്നെ മറ്റൊരു രീതിയില്‍, 'Don't judge life, you cannot love it'എന്നാക്കിയപ്പോള്‍ ആശ്വാസമായി. താനാര് ജീവിതത്തെ ചോദ്യം ചെയ്യാന്‍! ദൈവം തന്ന ജീവിതത്തെ ചോദ്യം ചെയ്യുക എന്നാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുക, കുറ്റപ്പെടുത്തുക, എന്നൊക്കെയല്ലെ, അതൊരു തരം ശെയ്ത്താന്റെ പണിയല്ലേ, രാവിലെ ഈ ശെയ്ത്താന്റെ പണിക്കു പോകുന്നതുകൊണ്ടാണ് ഡിപ്രഷന്‍ വന്നു പിടിക്കുന്നത് ! ‘ഇനിമുതല്‍ ദൈവം തന്ന ജീവിതത്തെ ചോദ്യം ചെയ്യാതിരിക്കും, അംഗീകരിക്കാന്‍ പഠിച്ച്, സ്നേഹിക്കാന്‍ ശ്രമിക്കും... അദ്ദേഹം ചെയ്യുന്നതെല്ലാം നല്ലതിനുവേണ്ടിയാകും, അദ്ദേഹം നമ്മെ തുണയ്ക്കും’ എന്ന് കണ്ണുമടച്ച് അങ്ങ് വിശ്വസിക്കുക. എത്ര വലിയ ഒഴുക്കിലും വെള്ളച്ചാട്ടത്തിലും ദൈവം ഒരു കൈ തരും.. സൂക്ഷിച്ചു നോക്കിയാല്‍ എല്ലാവരുടെ ജീവിതത്തിലും കാണാം ഈ അദൃശ്യമായ കൈ!

ഈ ഈരുകൊല്ലി ഒരു മിടുക്കന്‍‌ തന്നെ!!  

Posted by Askarali

എന്റെ തീരെ ചെറുതിലേ.. ഒരു 7, 8 വയസ്സൊക്കെ വരും.. ഞങ്ങള്‍ ഒരു മുസ്ലീം വീട്ടില്‍ ട്യൂഷനു പോകുമായിരുന്നു. 8 പെണ്മക്കളുള്ള ഒരു കുടുബം. പക്ഷെ, ഇത്രയും സ്നേഹത്തോടെയും ഒത്തൊരുമയോടെയും ജീവിക്കുന്ന ഒരു വീട് വേറേ കാണില്ല. ഓരോ പെണ്മക്കളും അച്ചടക്കം, വിനയം, വിദ്യാഭ്യാസം എന്നീ ഗുണങ്ങളുടെ വിളനിലമായിരുന്നു. അവരുടെ ബാപ്പ‍ സ്വന്തം പുരയിടവും വയലും ഒക്കെ കൃഷിചെയ്താണ് മക്കളെയൊക്കെ പഠിപ്പിച്ചു വലുതാക്കിയത്. എല്ലാ മക്കള്‍ക്കും ജോലിയുമായി.. അന്ന് മക്കളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു..

ശനിയാഴ്ചയും ഞായറാഴ്ചയും ദിവസങ്ങളില്‍ ആത്മയും സഹോദരനും കൂടി സ്ലേറ്റും പുസ്തകങ്ങളുമൊക്കെയായി, മലകയറി, ആരുഭാ സാറിന്റെ വീട്ടില്‍ ചെല്ലും.. പഠിക്കും..കഥകളൊക്കെ കേള്‍ക്കും.. അവരുടെ ഒത്തൊരുമകളൊക്കെ കാണും.. അവരുടെ തൊടിയിലൊക്കെ ചുറ്റിനടന്ന് പുതിയ മരങ്ങളും പൂക്കളും തുമ്പികളും കാണും, കുഴിയാനയെയും തുമ്പിയെയും ഒക്കെ പിടിച്ചു രസിക്കും..

അങ്ങിനെ ഇരിക്കെ, ഒരു ദിവസം ആരുഭാ സാറ് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ സാറിന്റെ ഉമ്മ
ഇളയ മകളെ അടുത്തു പിടിച്ചിരുത്തി പേന്‍‌കൊല്ലല്‍ തുടങ്ങി. അന്നത്തെ പഠിത്തം അവസാനിച്ചിരിക്കുകയായിരുന്ന ആത്മ കൌതുകത്തോടെ അതും നോക്കിയിരുന്നു.. (ആത്മയ്ക്ക് അന്നും വലിയ മിണ്ടാട്ടമൊന്നും ഇല്ല, പ്രത്യേകിച്ചും ടീച്ചേര്‍സ്, അപരിചിതര്‍, നഗരവാസികളെയൊക്കെ കണ്ടാല്‍ പിന്നെ വാതുറന്നു വല്ലതും പറഞ്ഞാല്‍ അത് ഗ്രാമര്‍ മിസ്റ്റേക്ക് വരുത്തുമോ, എന്നൊരു ഭയം വന്ന് മൂടും! അതു‍കൊണ്ട് അളന്നു മുറിച്ചേ വല്ലതും പറയൂ.. ആത്മക്ക് അന്നേ പ്രത്യേകതയുള്ള/മസിലുപിടിച്ചു നടക്കുന്ന മനുഷ്യരെ ഭയങ്കര ഭയമായിരുന്നു. പക്ഷെ ഈ മനുഷ്യര്‍ ഭയക്കേണ്ടവരല്ലെന്നൊരു തോന്നല്‍.. സ്നേഹം മാത്രം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം! )

ഉമ്മ തകര്‍ത്ത് പിടിച്ച് ഈരു കൊന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത് വണ്ടറടിച്ച് ഉണ്ടക്കണ്ണുമായി ആത്മ കുറേ നേരം ഇരുന്നു.. ആത്മ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ട് ഉമ്മ കുറേക്കൂറി ഉശിരോടെ ഈരിനെ കൊല്ലാന്‍ തുടങ്ങി.. ആത്മ നോക്കിയപ്പോള്‍ തടികൊണ്ടുള്ള ഒരു കൊച്ചു ഈരുകൊല്ലി, അത് ഒന്നല്ല, രണ്ടല്ല നൂറുകണക്കിനു ഈരുകളെയാണ് ഞെരുഞെരാ തകര്‍ക്കുന്നത്! അതും ആരും കാണാനാകാതെ മുടികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഈരുകളെ! ആത്മയ്ക്ക് അത് ഒരു മഹാസംഭവം ആയി തന്നെ തോന്നി. ഈരുകൊല്ലിയെ അഭിനന്ദിക്കാതെ നിര്‍വ്വാഹമില്ല. പക്ഷെ അകലത്തല്ലാതെ ടീച്ചര്‍ അനിയനെയും മറ്റും പഠിപ്പിച്ചു കൊണ്ട് ഇരിക്കുകയും ആണ്. ഒടുവില്‍ ധൈര്യം സംഭരിച്ച്, ഒരു വാചകം തിരിച്ചും മറിച്ചും ഒക്കെ മനനം ചെയ്ത ശേഷം, വെളിയില്‍ നിക്ഷേപിക്കാനുള്ള ഒരു തയ്യാറെടുപ്പൊക്കെ തടത്തിയശേഷം ധൈര്യ സമേധം തട്ടിവിട്ടു!
“എന്നാലും ഈ ഈരോല്ലി ഒരു മിടുക്കന്‍ തന്നെ!”
അവരെല്ലാം കൂടി ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി! പിന്നെ പഠിപ്പിച്ചുകൊണ്ടിരുന്ന ഗൌരവക്കാരിയായ ആരുഭാസാറും ചിരിച്ചുതുടങ്ങി..
രണ്ടു സെന്റന്‍‍സ് ചേര്‍ത്ത് ആത്മവിശ്വാസത്തോടെ പറയാന്‍ പ്രയാ‍സപ്പെട്ടിരുന്ന ആത്മ അങ്ങിനെ ആദ്യമായി തനിക്ക് ഫലിതം പറഞ്ഞ് ചിരിപ്പിക്കാനുള്ള കഴിവുണ്ടെന്നറിഞ്ഞ പുളകിതയായി അഭിമാനപൂര്‍വ്വം തല‍കുനിച്ചു! പിന്നീട് ആ ഉമ്മ ആത്മയെ കാണുമ്പോഴൊക്കെ സ്നേഹപൂര്‍വ്വം ചിരിച്ചോണ്ട് പറയും, “എന്നാലും ഈ ഈരോല്ലി ഒരു മിടുക്കന്‍ തന്നെ”.

ബാലകൃഷ്ണക്കുറുപ്പുസാറിന്റെ മകന്‍ നന്ദന്‍, ‍ ആത്മ ആരുഭാ സാറിന്റെ തോട്ടത്തില്‍ നിന്നും പറിച്ച് സ്നേഹപൂര്‍വ്വം സമ്മാനിച്ച കുഞ്ഞ് നാരങ്ങ, സ്വന്തം മൂക്കില്‍ വലിച്ചു കയറ്റി വലിയ സംഭവം ആക്കിയതും ഇവിടെ വച്ചായിരുന്നു..
അത് പിന്നീട്‍...

[ഈ പോസ്റ്റിന്റെ കമന്റ് ഇവിടെ യുണ്ട്. പിന്നീട് മൂന്നു പോസ്റ്റാക്കി മാറ്റിയതാണ്]

ബോബനും മോളിയും!  

Posted by Askarali

നന്ദനും നന്ദിനിയും എന്നാല്‍ ബോബനും മോളിയും പോലെ ഒരു സംഭവമാണ്!
(ഒറിജിനല്‍ ബോബനും മോളിയും ആത്മയുടെ സഹോദരനും ആത്മയുമാണേ.. ഇവര്‍ ഒരു സോഫ്റ്റര്‍ വേര്‍ഷന്‍.) നന്ദന്‍ കരഞ്ഞാല്‍ നന്ദിനീം കരയും നന്ദന്‍ ചിരിച്ചാല്‍ നന്ദിനിയും.. അങ്ങിനെ ഇരട്ടപെട്ട രണ്ടു സോഫ്റ്റ് ബൊമ്മകള്‍ ആണ് ബാലകൃഷ്ണന്‍ സാറിന്റെ മക്കള്‍.. സംസാ‍രവും പെരുമാറ്റവും ഒക്കെ ഒരുപോലെ. വളരെ കെയറിം ആന്റ് ഷെയറിംഗ് ആയൊരു ബന്ധം. നന്ദിനിയുടെ മകനാണ് നന്ദന്‍ എന്നപോലെ നന്ദിനിയും, തന്റെ മകളാണ് നന്ദിനി എന്നപോലെ നന്ദനും. എന്തിനധികം, ആത്മയും ആത്മയുടെ സഹോദരനും അതിന്റെ ഒരു ഹാര്‍ഡ് വേര്‍ഷന്‍ എന്നൊക്കെ പറയാം.. ഞങ്ങള്‍ അത്യാവശ്യത്തിനു വേണ്ട ഇടിയും തൊഴിയും ഒക്കെയായി കഴിയുമ്പോള്‍ ഇവര്‍ വലിയ ഡീസന്റ്!

അനിയന്‍ അങ്ങിനെ അങ്ങ് വകവച്ചുകൊടുത്തൊന്നും ഇല്ല ട്ടൊ, തക്കം കിട്ടുമ്പോള്‍ നന്ദനെ നല്ല ദേഹോദ്രപം ഒക്കെ കൊടുത്ത് അല്പം ഹാര്‍ഡാക്കാന്‍ ഇടക്കിടെ ശ്രമിക്കുകയും അപ്പോള്‍ നന്ദിനി സഹതാപത്തോടെ അടുത്തുപോയി തടവി സുഖിപ്പിക്കുന്നതും ഒക്കെ കണ്ട് ആത്മ മിഴിച്ചു നില്‍ക്കും.. (ആത്മ അപരിചിതരുടെ ഇടയിലകപ്പെട്ടാല്‍ പിന്നെ എക്സ്ട്രാ ഡീസന്റ് ആയതുകൊണ്ട് ‘മൌനം വിദ്വാ‍നു (വിഡ്ഡിക്കും!) ഭൂക്ഷണം..’ എന്നും പറഞ്ഞ് നില്‍ക്കും.. പോരാത്തതിനു ആ ബൊമ്മ പിള്ളേരോട് അസൂയ തോന്നുന്നതിനു പകരം ഒരുതരം ആരാധന പൊന്തി വന്നിരുന്നു താനും!) അവര്‍ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ അവരറിയാതെ വാച്ച് ചെയ്യലായിരുന്നു ആത്മയുടെ മുഖ്യ വിനോദം. പിന്നെ അവര്‍ വകവച്ച് തരുമ്പോള്‍ ഓടിച്ചെന്ന് അവരുടെ ചേച്ചിയായി അഭിനയിച്ചും ഒക്കെ അങ്ങിനെ നെഗളിക്കും. അനിയനെ ‘നീ പോടാ പന്ന ചെറുക്കാ, കണ്ടോ ഇതാണ് ഡീസന്റ് പിള്ളേര്‍’ എന്നൊക്കെ കാണിച്ച് അങ്ങിനെ നില്‍ക്കും. അനിയന്‍ ഈ തക്കത്തിന് നന്ദനെ എങ്ങിനെ തനിക്കു ചേരും പടി ഹാര്‍ഡ് ആ‍ക്കാം എന്ന കുരുട്ടു വിദ്യകള്‍ ഒപ്പിക്കുകയാവും!

ഞങ്ങളുടെ ഏരിയായിലെ വളരെ നല്ല പിള്ളേര്‍ ഞാനും സഹോദരനും ആണെന്നായിരുന്നു അതുവരെ എന്റെ വിശ്വാസം.. കുന്നു കയറി മുകളിലെത്തിയപ്പോഴല്ലെ മനസ്സിലായത്, ഞങ്ങളെക്കാളും സ്ഥിതിയും നിലയും വിലയും ഒക്കെയുള്ള പിള്ളാര്‍ വേറേയും ഉണ്ടെന്നു മനസ്സിലായത്! ഞങ്ങള്‍ വയലേലയിലൂടെ കണ്ട നീര്‍ക്കോലിയേം തവളേം മീനിനേം ഒക്കെ എറിഞ്ഞും കുത്തിയും ഒക്കെ രസിച്ചും മടകളൊക്കെ ചാടിക്കടന്നും, കുന്നു വലിഞ്ഞുകയറി മുകളിലെത്തുമ്പോള്‍, തട (ടാറിടാത്ത റോഡിലൂടെ) ത്തിലൂടെ ഡീസന്റ് ആയി മന്ദം മന്ദം ഗമിക്കുന്ന സോഫ്റ്റ് ബോബനേം മോളിയേം കണ്ട് അനിയന്‍ മറ്റൊരിരയെ കണ്ട ചുറുചുറുക്കില്‍ നെഞ്ചുവിരിച്ച് നടന്നടുക്കുകയും ആത്മ ലോകത്തിലേക്കും വച്ച് ഡീസന്റ് ഒരു ചിരി പാസ്സാക്കി കൂളാവുകയും ചെയ്യും.

അങ്ങിനെ ഒരിക്കല്‍ അനിയന്‍ സാറിന്റെ അടുത്ത് അകപ്പെടുകയും ഞങ്ങള്‍ മൂന്നുപേരും ഫ്രീയായി വെളിയില്‍ ഉലാത്തുകയും ചെയ്യവേ, ആത്മ വലിയ ചേച്ചിയല്ല്യോ! (2 വയസ്സുകൂടി കാണും മൂപ്പ്! എങ്കിലും അന്ന് അതൊക്കെ ഒരു വലിയ മൂപ്പായിരുന്നു..ആത്മയ്ക്ക്) അവരെ വെളിയിലത്തെ നാരങ്ങയും ചെടികളും പൂക്കളും വണ്ടുകളും ശലഭങ്ങളും ഒക്കെ പരിചയപ്പെടുത്തിക്കൊടുക്കവേ.. നന്ദന്റെ ശ്രദ്ധ നാരങ്ങ ചെടിയിലായി. അതിലെ ഒരു ചെറിയ കായ് പറിക്കാന്‍ നീട്ടിയ കൈ പുറകോട്ടു വലിച്ച് നില്‍ക്കുമ്പോള്‍ ആത്മ സധൈര്യം ചെന്ന് ‘ഓ പിന്നേ ഇത് നമ്മുടെ സ്വന്തം നാരങ്ങാ തോട്ടം അല്ല്യോ’ എന്നമട്ടില്‍, അതിലെ ഒരു വളരെ പിഞ്ചു നാരങ്ങ പറിച്ച് നന്ദനു സമ്മാനിച്ചു. നന്ദന്‍ തന്റെ പൂപോലെ പരിശുദ്ധമായ കൈകള്‍ നീട്ടി അതു വാങ്ങുമ്പോള്‍ ആത്മക്ക് എന്തോ വലിയ ചാരിതാര്‍ത്ഥ്യം തോന്നി.

ഇതിനകം അനിയന്റെ പഠിത്തം കഴിഞ്ഞ് ആത്മയും അനിയനും വീട്ടില്‍ പോയി. അതില്‍ പിന്നീടായിരുന്നു സംഭവിച്ചുകൂടാത്തതൊക്കെ സംഭവിച്ചത് ! നന്ദന്‍ ആത്മ പോയതിനു ശേഷം ആ നാരങ്ങാ പിഞ്ച് മണത്തു മണത്ത് ഇരിക്കയും അറിയാതെ ഒരുനിമിഷം അത് ആ വലിയ മൂക്കില്‍ കയറിയങ്ങ് പോവുകയും ചെയ്തു. നന്ദിനി ഓടി ചെന്ന് ‘ടീച്ചറേ, ടീച്ചറേ, നന്ദന്റെ മൂക്കില്‍ നാരങ്ങ!, നന്ദന്റെ മൂക്കില്‍ നാരങ്ങ!’ എന്നുപറഞ്ഞ് കരയാന്‍ തുടങ്ങി.

ഒടുവില്‍ കാര്യം മനസ്സിലായ ഉമ്മ നന്ദന്‍റ്റെ ഒരു മൂക്കിന്റെ ഏറ്റവും മുകളില്‍ നന്നായി പൊത്തിപ്പിടിച്ച് ശക്തിയായി വെളിയിലേക്ക് തുമിക്കാന്‍ പറഞ്ഞപ്പോള്‍ അനുസരണയുള്ള നന്ദന്‍ അതിന്‍ പ്രകാരം തുമിക്കുകയും ജീവാപഹാരിയായ നാരങ്ങ വെളിയില്‍ തെറിച്ചുപോവുകയും അതുകണ്ട് നന്ദിനി ഉറക്കെ ഉറക്കെ ചിരിച്ചു എന്നുമൊക്കെ പിറ്റേന്ന് വലിയ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഉമ്മ വിവരിക്കുമ്പോള്‍ ആത്മ മിണ്ടാതെ നിന്നു കേട്ടു..‘വെളിയിലേക്കു തുമിക്കുന്നതിനു പകരം അകത്തോട്ടായിരുന്നു തുമിച്ചിരുന്നെങ്കില്‍ നാരങ്ങ ശ്വാസനാളത്തില്‍ കുരുങ്ങി ശാസം മുട്ടി..അള്ളാ,, പടച്ചോന്‍ രക്ഷിച്ചു!!’എന്നൊക്കെ ഉമ്മ പറഞ്ഞപ്പോള്‍ ആത്മയ്ക്ക് താന്‍ ഒരു കൊലയാളിയായൊക്കെ ഒരു തോന്നല്‍.. പക്ഷെ, താനാണ് അതിന്റ് പിന്നില്‍ എന്ന് ആത്മയും, നന്ദനും, നന്ദിനിയും വെളിപ്പെടുത്തിയില്ല.. !!! അല്ലെങ്കില്‍ രണ്ടു തെറ്റുകള്‍ക്ക് ആത്മ ശിക്ഷിക്കപ്പെട്ടേനെ. ഒന്ന് അനുവാദമില്ലാതെ നാരങ്ങാ പറിച്ചതിന് അമ്മ ശിക്ഷിച്ചേനെ. രണ്ട്, അത് കൊച്ചു പിള്ളാര്‍ക്ക് കൊടുത്തതിന് അമ്മയോ ടീച്ചറോ ശിക്ഷിച്ചേക്കാം.. അതിനുമപ്പുറം അതു കൊലപാതകകുറ്റമായി തെളിഞ്ഞാല്‍ പിന്നെ പോലീസു പിടിച്ചാലും ആയി.. അങ്ങിനെ പരിഭ്രാന്തയായി നടന്നു ആത്മ കുറേ നാള്‍..

അതില്‍ പിന്നെ, ആത്മയ്ക്ക് നന്ദനേം നന്ദിനിയേയും കാണുമ്പോള്‍ താന്‍ ഒരു അവിവേകിയായ ക്രിമിനലായും. അവര്‍ നിരപരാധികളായ കുഞ്ഞാടുകളായും തോന്നുമായിരുന്നു. ഇനി എന്നാണൊ ഈ സോഫ്റ്റ് ബൊമ്മകള്‍ വാ തുറന്ന് സത്യം വെളിപ്പെടുത്തുക! താന്‍ ശിക്ഷിക്കപ്പെടുക! എന്നൊക്കെ ഓരോ ചിന്തകള്‍ കടന്നുപോകുമ്പോള്‍ ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്നൊക്കെ പറയില്ല്യോ! ആ അതുപോലെ, ആത്മയുടെ ശരീരമാസകലം ഒരു വിറയല്‍ കടന്നുപോകുമായിരുന്നു കുറേനാള്‍.

[ഈ പോസ്റ്റിന്റെ കമന്റ് ഇവിടെ യുണ്ട്. പിന്നീട് മൂന്നു പോസ്റ്റാക്കി മാറ്റിയതാണ്]

ബ്ളോഗുലകം  

Posted by Askarali

ഈ ബ് ളോഗ് കേരള കൌമുദി വാരികയില്‍ വന്നു ട്ടൊ, ലിങ്ക് ഇവിടെ. ഇതിന്റെ പിന്നണിയില്‍ പരിശ്രമിച്ച മൈത്രേയിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഈ പോസ്റ്റിലൂടെ അറിയിച്ചോട്ടെ.

മൈത്രേയിയുടെ ബ്ലോഗുലകം എന്ന് ബ്ലോഗു വഴിയാണ് ഈ വാര്‍ത്ത ഞാന്‍ അറിഞ്ഞത്! ഇനിയും ധാരാളം നല്ല നല്ല ബ് ളോഗുകള്‍ ബ് ളോഗുലകം കണ്ടുപിടിച്ച് പ്രസിദ്ധീകരിക്കട്ടെ എന്ന്
ആശിക്കുന്നു...

സന്തോഷമായാലും ദുഃഖമായാലും അതുമായി പൊരുത്തപ്പെടാന്‍ അല്പം സമയം വേണം. പൊരുത്തപ്പെട്ടു വരുമ്പോഴേക്കും സംഭവങ്ങളൊക്കെ ആത്മയെ കടന്ന് ബഹുദൂരം പോയിട്ടുണ്ടാകും.. കൂട്ടത്തില്‍ ഒരു പനിയും വന്നു പിടിച്ചു അതുകൊണ്ട് നന്ദി എഴുതാനും വൈകിപ്പോയി, ക്ഷമിക്കുമല്ലൊ,
[അഭിനന്ദന കമന്റുകളൊക്കെ ഈ പോസ്റ്റില്‍ ഉണ്ട് ട്ടൊ,]

രാവണനും സീതയും പിന്നെ രാമനും!  

Posted by Askarali

രാവണ്‍ സിനിമ കണ്ടു. സിനിമ കണ്ടതുകൊണ്ടോ എന്നറിയില്ല മനസ്സിനും ഹൃദയത്തിനും ഒക്കെ ഒരു വല്ലാത്ത ചാഞ്ചല്യം! അതിലെ നായികാ നായകന്മാരുടെ അഭിനയം ഹൃദയത്തില്‍ എവിടെയൊക്കെയോ തട്ടിക്കാണും! ഇനി അതു കണ്ടുപിടിച്ചാലല്ലെ, ഓരോന്നായി എടുത്തുമാറ്റാനാവൂ.. ആത്മേ.. അതൊക്കെ വെറും സിനിമ..ജീവിതം റേ.. സിനിമ റേ എന്നൊക്കെ പറഞ്ഞ് ആത്മയെ പഴയ ഇരുമ്പു മനുഷിയാക്കിയാലേ ഈ ഭൂമിയില്‍ ആത്മയ്ക്ക് ജീവിക്കാനാവൂ.

വിക്രമിന്റെ അഭിനയം അഭിനയം എന്നൊക്കെ പറഞ്ഞ് ആളുകള്‍ പാരാട്ടുമ്പോള്‍ പണ്ടൊക്കെ ഈ തമിഴര്‍ എന്തൊരു വിഡ്ഡികള്‍ എന്നൊക്കെ തോന്നിയിരുന്നു. ആത്മ വിക്രമിന്റെ അഭിനയം ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ് അത്തരത്തില്‍ ഒരു തെറ്റായ വിചാരം കടന്നു കൂടിയത് എന്ന് ഇന്ന് മനസ്സിലായി. വിക്രം ശരിക്കും രാവണന്‍ ആയി ജീവിക്കുകതന്നെയായിരുന്നു..!

രാമായണ കഥയിലെ, സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി കെട്ടിയിടുന്ന രംഗത്തില്‍ നിന്നും സിനിമ ആരംഭിക്കുന്നു. ആലംബമില്ലാതെ അലമുറയിട്ട് കരയുന്ന കോപാകുലയായ സീത. പ്രതികാരദാഹിയായ രാവണ്‍ പകപോക്കലിന്റെ സുഖത്തോടെ സീതയെ നോക്കുമ്പോള്‍ ആപ്രതീക്ഷിതമായി പൊടുന്നനവെ സീത താഴെ അഗാധമായ കൊക്കയിലേക്ക് ചാടുന്നു. ആ സാഹസികത രാ‍വണനെ സ്തബ്ദനാക്കുന്നു.. പിന്നെ ചഞ്ചലചിത്തനാക്കുന്നു. പ്രതികാരചിന്തയില്‍ നിന്നും ഒരല്പം മാറി, നിരപരാധിയായ ഒരു സ്ത്രീ മരിക്കുന്നു എന്ന ഒരു ചിന്ത വരുന്നു. നോക്കുമ്പോള്‍ സീത മരക്കൊമ്പില്‍ തങ്ങി മരിക്കാതെ താഴെ വെള്ളത്തില്‍ വീഴുന്നു; ആ നിമിഷവും സീതയില്‍ കത്തിക്കാളുന്ന ദേഷ്യം/ധീരത/പാതിവ്രത്യം.. അത് രാവണനെ സീതയുടെ മേല്‍ ഇഷ്ടം തോന്നിപ്പിക്കുന്നു. പിന്നീട് അവളുടെ ഓരോ എതിര്‍പ്പും രാവണനു ഹരമാകുന്നു.പരസപരം കുറ്റപ്പെടുത്തി കഴിയുന്ന അവരില്‍ പതിയെ മതിപ്പ്/സ്നേഹം നാമ്പിടുന്നു..

ഒന്നു രണ്ടിടങ്ങളില്‍ രാവണനില്‍ ഉള്ള ഏകാന്തതയും അയാളുടെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ ആഗ്രഹവും ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ വിക്രം നമ്മുടെ മുന്നില്‍ അഭിനയിച്ച് കാട്ടുന്നു!! അവിടെ ഡയലോഗോ പാട്ടുസീനോ ഒന്നും ഇല്ലായിരുന്നു. വെറും പ്രകൃതിയും/വിജനതയും, ഒരു പുരുഷനും, അവന് ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയും മാത്രം!
അത് ഡയറക്റ്ററുടെയും വിക്രമിന്റെയും ഒരു മാനസിക പൊരുത്തമായി അതിശയിപ്പിച്ചു.

രാവണന്റെ സഹോദരിയെപ്പോലൊരു പെണ്‍കുട്ടിയെ പോലീസുകാര്‍ നശിപ്പിച്ച പ്രതികാരമാണ് രാവണനെ‍ സീതയെ തട്ടിക്കൊണ്ട് വന്ന് പകരം വീട്ടാന്‍ പ്രേരിപ്പിക്കുന്നത്. രാമായണത്തില്‍ ശൂര്‍പ്പണഘ രാമനാലും ലക്ഷ്മണനാലും അപമാനിപ്പിക്കപ്പെട്ടും മുറിവേറ്റും വന്നതാണല്ലൊ രാവണന് രാമനോട് പകയുണ്ടാവാന്‍ കാരണമാകുന്നത്!

ഇവിടെ ഹനുമാനു പകരം കാര്‍ത്തിക് ദൂതിനു പോകുന്നു. ആ രംഗം കാര്‍ത്തിക് മികവുറ്റതാക്കി. ഒരു സമയം കാര്‍ത്തികിനും പ്രഭുവിനും ഒക്കെ അപ്രധാനമായ റോള്‍ കൊടുത്തതില്‍ വിഷമം തോന്നുകയും ചെയ്തു. അതിനുമാത്രം തന്റെ റോള്‍ നല്ലതാക്കാനാവില്ല നമ്മുടെ പൃഥ്വിരാജിന്‌ എന്ന് തോന്നി ഭയന്നു... പക്ഷെ, പൃഥ്വിരാജ് സാമാന്യം തരക്കേടില്ലാതെ തന്റെ റോള്‍ വിജയിപ്പിച്ചു. പോരാത്തതിനു സിനിമയുടെ പേരു തന്നെ രാവണ്‍ എന്നല്ലെ, അപ്പോള്‍ ഡയറക്റ്റര്‍ ഫുള്‍ അറ്റന്‍ഷനും രാവണന്റെ മികവിനായി പരിശ്രമിച്ചതുകൊണ്ട് രാമന്‍ ശ്രദ്ധിക്കപ്പെടാന്‍ വളരെ പ്രയാസമാകും. പ്രഥ്വിരാജ് തന്നാലാവും വിധം രാമനെ പരാജയപ്പെടുത്തിയില്ല എന്നുവേണം കരുതാന്‍..

യുദ്ധംകഴിഞ്ഞ് രാമന്‍ സീതയെയും കൊണ്ട് തിരികെപ്പോകുമ്പോള്‍ രാവണനെ കൊല്ലാതെ വിജയം യധാര്‍ത്ഥവിജയം ആകുന്നില്ലെന്ന തോന്നല്‍ രാമനെ സീതയില്‍ സംശയാലുവായി അഭിനയിപ്പിക്കുന്നു.. പലതിനും ഉത്തരം തേടി ഒടുവില്‍ സീത രാവണന്റെ അരികില്‍ എത്തുമ്പോള്‍, രാമനും സംഘവും രഹസ്യമായി പിന്തുടര്‍ന്ന് രാവണനെ വധിക്കുന്നു

ഇതിനകം പരസ്പരം അനുരക്തരായ രാവണനും സീതയും മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്ന് പരസ്പരം യാത്രപറയുന്നു. ആ രംഗമാണോ മനസ്സിനെ ഇത്രയേറെ സ്പര്‍ശ്ശിച്ചത്‌! അറിയില്ല! അതോ രാവണന്റെ സ്നേഹിക്കപ്പെടാനുള്ള അദമ്യമായ ആഗ്രഹമോ! എന്തോ ഒന്നുണ്ട് ഹൃദയത്തെ സ്പര്‍ശ്സിക്കുന്ന തരത്തില്‍ ഈ സിനിമയില്‍..

രാമന്‍ രജ്യ ധര്‍മ്മം പുന്‍ഃസ്ഥാപിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളൊക്കെ ചതിയുടെതായിരുന്നു. രാവണന്റെ സഹോദരിയെ പീഡിപ്പിക്കല്‍,പിന്നെ, ദൂതനെ വധിക്കല്‍, ഭാര്യയെ സംശയിക്കല്‍, ഒടുവില്‍ ചതിയാല്‍ മറഞ്ഞുനിന്ന് രാവണനെ വധിക്കയും! പക്ഷെ, രാമന്‌ അതിനു തക്കതായ പ്രതിഫലം എന്നപോലെ പതിവ്രതയായ സീതയുടെ സ്നേഹം നഷ്ടമാകുന്നു..

യധാര്‍ത്ഥരാമനും ഇതൊക്കെ തന്നെ ചെയ്തിരുന്നു.. ധര്‍മ്മത്തിനെ വിജയത്തിനായി..
ഒളിഞ്ഞു നിന്ന് ബാലിയെ കൊന്നു.. ശൂര്‍പ്പണഘയെ അധിക്ഷേപിച്ചു, ഭാര്യയെ സംശയിച്ചു
യുദ്ധത്തിലും പല മായാജാലങ്ങളും കാട്ടി ഒടുവില്‍ രാവണനെ വധിക്കുന്നു. രാവണന്റെ ഭാഗം ആരും കാണാനില്ലായിരുന്നു. ഇവിടെ മണിരത്നം രാവണന്റെ ഭാഗം ചേര്‍ന്ന് രാവണനെ മനുഷ്യനാക്കിയപ്പോള്‍ രാമന്‍ വല്ലാതെ കൊച്ചായിപ്പോയി..

പിന്നെ, ഈ സിനിമയുടെ വിജയം വിക്രമിന്റെയും പൃഥ്വിരാജിന്റെയും ഐശ്വര്യാറായിയുടെയും സുഹാസിനിയുടെയും ഒന്നും മിടുക്കല്ല എന്ന് മനസ്സ് പറയുന്നു. അതിനു പിന്നിലെ മണിരത്നത്തിന്റെ വ്യൂവില്‍ കൂടി ഒരു സിനിമ ഉണ്ടായി. മണിരത്നം ഭാവനയില്‍ കണ്ട രാവണനെ വിക്രം തന്മയത്വമായി അഭിനയിപ്പിച്ചു കാട്ടി. ഐശ്വര്യാറായിയും രാവണനു ചേര്‍ന്ന സീതയായി മാറി. രാമന്‍ സ്വന്തം മനുഷ്യപ്രകൃതി വിട്ട് ഒരല്പം കൂടി താഴേക്കും പതിച്ചു സഹായിച്ചു..

ഇനിയും എഴുതണോ!!
തല്‍ക്കാലം മതിയാക്കി

ഇതില്‍ ഒരുഗ്രന്‍ പാട്ട് സീന്‍ ഉണ്ട് ട്ടൊ, അത് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടുപോയി..എന്റെ മകന്‌ ഭയങ്കര ‍‌ ഇഷ്ടം ഈ പാട്ടാണ്‌ ട്ടൊ,

ഒരു പ്രപഞ്ച രഹസ്യം!  

Posted by Askarali

ബ്ലോഗ് കേരളാ കൌമുദിയിലൊക്കെ ഇട്ടില്ലേ, ഇനിയെങ്കിലും അല്പം കൂടി ഡീസന്റ് ആയും ചിന്തിച്ചും ഒക്കെ എഴുതാം എന്നു കരുതി വെയിറ്റ് ചെയ്യുകയായിരുന്നു. അങ്ങിനെ ആയപ്പോല്‍ ആത്മയ്ക്ക് എഴുതാന്‍ ഒന്നും തന്നെ ഈ ലോകത്തില്‍ ഇല്ല എന്നു മനസ്സിലായി. എല്ലാം ഇതിനകം വളരെ പേര്‍ പല രൂപത്തിലും ഭാവത്തിലും ഒക്കെ ഗദ്യമായും പദ്യമായും എഴുതിയ കാര്യങ്ങള്‍ ഇനി ഇപ്പം അതിലും നന്നായി ആത്മ എഴുതാം എന്നു കരുതി ഇരുന്നാല്‍ അവിടെ ഇരിക്കാനേ പറ്റൂ...

അതുകൊണ്ട് ആത്മയുടെ സ്വതസിദ്ധമായ ശൈലി തന്നെ എടുക്കാം...
എങ്കിപ്പിന്നെ തുടങ്ങട്ടെ,

ഒന്നാമത് കഴിഞ്ഞ ഒരാഴ്ചയായി സാമാന്യം തരക്കേടില്ലാത്ത ഒരു പനിയുമായി മല്ലടിച്ചുകൊണ്ടാണ് ജീവിച്ചത്! സ്വയം ചികിത്സയായതിനാല്‍ അല്പം കാലതാമസം വന്നു എന്നു തോന്നുന്നു. പോരാത്തതിനു ഒരു ചുമയും.. ഇതിനിടയില്‍ കുന്നുകൂടിയ വീട്ടുജോലികള്‍.. പിന്നെ ഒരുപാട് ആഗ്രഹങ്ങള്‍ പെന്‍ഡിംഗിലായിപ്പോയി. ഒന്നു ഷോപ്പിംഗിനു പോകാനാവുന്നില്ല, ഒരു ചെടി മാറ്റി നടാനാവുന്നില്ല അങ്ങിനെ അല്ലറ ചില്ലറ അസ്വസ്ഥതകള്‍ അത് വളര്‍ന്ന് വളര്‍ന്ന് ആത്മയെ വിഴുങ്ങുന്ന പരുവമായപ്പോള്‍, ‘ടേക്ക് ആക്ഷന്‍ ആത്മേ ടേക്ക് ആക്ഷന്‍..’ എന്ന് ആത്മേടെ മനസ്സാക്ഷി പറഞ്ഞു..

അങ്ങിനെ വിരലിലെണ്ണാവുന്ന കൂട്ടുകാരെയൊക്കെ വിളിച്ചു.. എല്ലാവരും ബോറഡിയാല്‍ ശ്വാസം മുട്ടി.. ജീവിക്കുന്നു.. എന്നേയുള്ളൂ. കഴിഞ്ഞയാഴ്ച നല്ല സ്ഥിതിയില്‍ സംസാരിച്ചവരും ഈ ആഴ്ച ഡിപ്രസ്ഡ്! അപ്പോള്‍ ആ പ്രോബ് ളം സോള്‍വ്ഡ്! ലോകത്തില്‍ മിക്ക വീട്ടമ്മാമാരും ബോറഡി താങ്ങാനാവാതെ ഇഞ്ചിഞ്ചായി വയസ്സായിക്കൊണ്ട് ജീവിക്കുന്നു..! പല സത്യങ്ങളും നമ്മെ മൂടിയിരിക്കുന്ന അന്ധകാരത്തില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കും!!

ബോറഡി മാറ്റാന്‍ ആത്മ ഒന്നും തന്നെ ചെയ്തില്ല എന്നല്ല ട്ടൊ,
പനി ഒരല്പം വിട്ടുമാറിയ ഉടന്‍ പെന്‍ഡിംഗിലുണ്ടായിരുന്ന ആഗ്രഹങ്ങള്‍ ആക്രാന്തത്തോടെ ചെയ്തു തീര്‍ത്തു.
വെളിയില്‍ രണ്ടുമൂന്ന് ചെടികല്‍ പൊക്കിയെടുത്ത് മാറ്റി നട്ടു! ഷോപ്പിംഗിനു പോയി, ഏഷ്യാനെറ്റ് ചാനല്‍ വാച്ച് ചെയ്ത് ബ് ളോഗൊന്നും എഴുതാതെ ആര്‍മാദിച്ച് ജീവിക്കുന്നവെരെപ്പോലെ അലസമായി ഇരുന്നു..

ഇന്ന് കഥകളി കാണാന്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ, വേണ്ടെന്നു വച്ചു.. ചുമ നന്നായി വിട്ടുമാറിയിട്ടില്ലാ താനും.. പിന്നെ, പോകാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് വീടിനോട് ഒരു സ്നേഹം! ‘അല്ലയോ ചായപാത്രമേ നിന്നെ ഞാന്‍ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്നറിയാമോ?! അല്ലയോ ചുറ്റും നില്‍ക്കുന്ന ചെടികളേ, മരങ്ങളേ, കൊതുകുകളേ.. നിങ്ങളെയൊക്കെ നിരാശരാക്കി ഞാന്‍ എങ്ങിനെ കെയറ് ഫ്രീയായിരുന്ന് കഥകളി വാച്ച് ചെയ്യാന്‍.. സാരമില്ല, അതിനൊക്കെ ഒരു കാലം വരും.. അന്ന് കാണാം.. പിന്നെ എന്റെ ബ് ളോഗേ നീയും എന്നെ വളരെ കംഫര്‍ട്ടബിള്‍ ആക്കുന്നുണ്ട് ട്ടൊ..’,

തുടരും..

ഒന്നുകില്‍ പനി അല്ലെങ്കില്‍ ബോറഡി അതുമല്ലെങ്കില്‍ പണി തിരക്ക്.. ഇതൊന്നുമല്ലാതെ സമാധാനമായ ഒരു ജീവിതം ഈ ലോകത്തില്‍ ആര്‍ക്കും ഇല്ലേ എന്റെ ദൈവമേ..?!

രാവിലെ ഉള്ളിതൊലിച്ചും മീന്‍ കറിവച്ചും മറ്റും തിരക്കോടു തിരക്കായ ആത്മയോട് ഗൃഹനാഥന്‍ വന്ന് അനൌണ്‍സ് ചെയ്തു.. ‘ഇന്നും കഥകളിയുണ്ട്.. വേണമെങ്കിലും അല്ലെങ്കിലും വന്നോളൂ എന്ന്’
എത്രമണിക്കാ..?
2 മണിക്ക്..
ആത്മയുടെ മക്കള്‍ക്കും ചെറിയ ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് ജോലിയൊക്കെ പരവേശത്തോടെ തീര്‍ത്ത് കുളിച്ച് റഡിയായപ്പോള്‍ പോത്തുപോലെ ഉറങ്ങുന്ന ഗൃഹനാഥന്‍!
സമയം 2 ആയി 2.30 ആയി 3 ആയി. വിളിക്കണോ?!
ഉറങ്ങാത്ത ആള്‍ ഉറങ്ങുമ്പോള്‍ വിളിക്കുന്നത് ശരിയല്ലല്ലൊ, അതുകൊണ്ട് കുറച്ചൂടെ കാത്തു..
പിന്നെ സഹിക്കവയ്യാതെ മകനോട് പരാതി പറഞ്ഞു,
‘കണ്ടോ മക്കളേ.. അമ്മ വിളിച്ചാലും എങ്ങും പോകില്ല എന്ന് പരാതി! ഇപ്പോള്‍ കണ്ടോ വിളിച്ചിട്ട് കിടന്ന് ഉറങ്ങുന്നത്! അവരുടെ പരിപാടി വല്ലതും ആയിരുന്നെങ്കില്‍ ഇങ്ങിനെ ഉറങ്ങുമായിരുന്നോ?!’
അച്ഛനെ രക്ഷിക്കാനായി അപ്രതീക്ഷിതമായി മകന്‍ ഉറക്കെ വിളിച്ചു,
അച്ഛാ, അച്ഛന്‍ ഇന്ന് കഥകളിക്ക് പോകുന്നുണ്ടോ?
അയ്യോ! നിങ്ങള്‍ എന്നെ വിളിക്കാഞ്ഞതെന്തേ? കഥകളി ശരിക്കും 6.30 യ്ക്കാണ്.. അതിനുമുന്‍പ് മറ്റെന്തൊക്കെയോ ആണ്..
‘ഹും! 6മണിയെങ്ങിനെ 2 മണിയാകും മനുഷ്യരെ പറ്റിക്കാനായിട്ട്..’ എന്നൊക്കെ പറഞ്ഞ് ഡയലോഗുമായി ഫൈറ്റിനു ഒരു ചാന്‍സ്..! പിന്നെ പാവം അല്ലെ (ആത്മ) എന്നു കരുതി
വേണ്ടെന്നു വച്ചു..

അങ്ങിനെ 2 മണിമുതല്‍ ഉടുത്ത് ഒരുങ്ങി (വലിയ ഒരുക്കം ഒന്നും ഇല്ല നഷ്ടം വരാന്‍! ഒന്ന് പല്ലുതേച്ച്, കുളിച്ചെന്നേ ഉള്ളൂ..) കഥകളി കാണാന്‍ ഇരിക്കയാണ്..
ഇതിനിടയില്‍ ഏഷ്യാനെറ്റിലെ ‘മഴ’ പരിപാടി ആസ്വദിച്ചു..(ഹൊ! എന്തൊരു മഴ!);
റോസൂട്ടി പനിക്കിടയിലും ആത്മയ്ക്ക് കമന്റൊക്കെ എഴുതിയതോര്‍ത്ത് ചാഞ്ചല്യപ്പെട്ടു!;
ചായയിട്ട് കുടിച്ചു... അങ്ങിനെ ഇരിക്കുന്നു..

ഇനിയിപ്പോള്‍ ഒരിക്കല്‍ക്കൂടി വേഷം മാറണോ?
മക്കളോട് ചോദിച്ചു, ‘മക്കളെ ഇനീം മാറണോ?!’
‘ഓ! എന്തിന്?! ഇത്രേം വൃത്തി തന്നെ അമ്മയ്ക്ക് ഇച്ചിരി കൂടുതലാ..’
ഇനി ഏതു നിമിഷവും പുറത്തേക്കുള്ള ലോകത്തിലേക്ക് ഒന്ന് കാലുകുത്താന്‍ തയ്യാറായി
ഇരിക്കുന്നു ആത്മ.. ഇനിയിപ്പം എന്തായാലും പോയല്ലേ പറ്റൂ...

ബാക്കി പിന്നീട്...
സ്നേഹപൂര്‍വ്വം
ആത്മ

ജീവിതത്തില്‍‌ നിന്നും മറ്റൊരു ചെറിയ താള്‍‌  

Posted by Askarali

കഴിഞ്ഞ പോസ്റ്റിനു എന്തോ പറ്റി..! ഇനി സിനിമാക്കാരെ കുറ്റം പറഞ്ഞത് ശരിയായില്ലേ
അതോ ആത്മയുടെ എഴുത്ത് ബോറായി തുറങ്ങിയോ, ആ..
ഇന്നിപ്പോള്‍ എന്തെഴുതാന്‍?!

അവധിക്കാലം.. കുക്കിംഗ്, ഗാര്‍ഡണിംഗ്,(വെളിയില്‍ ഒക്കെ വൃത്തിയാക്കല്‍..) ഷോപ്പിംഗ്,
വായന..(പ്രഥമപ്രതിശ്രുതി തന്നെ മുന്നേറുന്നു- ആക്ച്വലി, ഒരുദേശത്തിന്റെ കഥയും രണ്ടാമൂഴവും കൂടി അടുത്തു വച്ചിട്ടുണ്ടെന്നേയുള്ളൂ..വായിച്ചുതുടങ്ങിയിട്ടില്ല)
പ്രഥമ പ്രതിശ്രുതിയിലെ കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകളും ജോലികളും ഒക്കെ കാണുമ്പോള്‍ ആത്മയും അതുപോലെ ഒരു സമൂഹത്തില്‍ ജീവിക്കുകയാണ്‌.. പെണ്ണുങ്ങളൊക്കെ സദാസമയവും ജോലിചെയ്യുകയോ, നുണപറയുകയോ(ബ്ലോഗ് എഴുതുകയോ) ഒക്കെ ചെയ്തുകൊണ്ട് ധൃതിപിടിച്ച് ജീവിക്കണം എന്നുമൊക്കെ ഒരു ഉത്സാഹം വന്ന് പൊതിയുന്നു..

ശ്ശ്യൊ! പെണ്ണുങ്ങളൊക്കെ ഇതൊക്കെ പണ്ടേ അനുഭവിച്ച് തരണം ചെയ്ത പല കാര്യങ്ങളും ആണു ആത്മ ഊതിപ്പെരുക്കി, തരണം ചെയ്യാനാവാതെ ഇരുന്നത്..!

ദി പാലസ് ഓഫ് ഇല്ല്യൂഷനില്‍ പാഞ്ചാലി കര്‍ണ്ണന്‍ ശരശയ്യയില്‍ കിടക്കുന്ന ഭീക്ഷമരോട് രാത്രിയില്‍ രഹസ്യമായി പോയി സംസാരിക്കുന്നത് ഒളിഞ്ഞുകേട്ട്, രഹസ്യങ്ങളുടെ കലവറയായ മനുഷ്യഹൃദയങ്ങളുടെ നിസ്സഹായവസ്ഥയില്‍ സ്വയം ഉരുകി നില്‍ക്കുന്നു..

ആത്മ ബ്ലോഗിനോട് വാഗ്ദാനം ഒന്നും ചെയ്തിട്ടില്ല, എന്നും നല്ല കാര്യങ്ങള്‍ മാത്രമേ എഴുതൂ എന്ന്, ആത്മയുടെ ചിന്തകളും ജീവിതത്തിലെ ഏടുകളും മാത്രമേ ഇവിടെ കാണൂ കേട്ടോ ബ്ലോഗേ, ബോറടിക്കുന്നെങ്കില്‍ ക്ഷമിക്കുക..

ഇന്ന് അമ്പലത്തില്‍ പോയി, തിരിച്ച് നടന്നു തന്നെ വന്നു.. മകളോടൊപ്പം..
നാളേം പറ്റുമെങ്കില്‍ പോണം..
ജീവിതം മെച്ചപ്പെടുമ്പോള്‍ ബ്ലോഗ് വീക്ക് ആകുന്നോ?!
അതോ പണ്ടേ വീക്ക് ആയിരുന്നോ,?!!
ആര്‍ക്കറിയാം..

നിന്നെപ്പോലെ തന്നെ നിന്റെ...  

Posted by Askarali

രാവിലെ എഴുന്നേറ്റു. എല്ലാവരും എണീക്കില്ലെ! അതിപ്പം എഴുതാനെന്തിരിക്കുന്നു..! എങ്കിലും എഴുതാം.. ഏതിനും ഒരു തുടക്കം വേണമല്ലൊ,

ദൈവത്തെ തൊഴുതു.. ഭക്തിഗാനം ഓണ്‍ ചെയ്തു.. നേരെ ബ്ലോഗ് ലോകത്തിലെത്തി.. അധികമൊന്നും ഇരിക്കില്ല. എന്തുണ്ട് വിശേഷങ്ങള്‍ എന്ന് ആകെപ്പാടെ ഒന്നു നോക്കിയാല്‍ മതി..അല്ലെങ്കില്‍ തന്നെ രാവിലെ എന്തിരിക്കുന്നു എഴുതാന്‍! മീനേ, ബി പ്രാക്റ്റിക്കല്‍.. മീനേ ബി പ്രാക്റ്റിക്കല്‍.. ഒന്നാമത് നിനക്ക് അനുഭവങ്ങളൊന്നും ഇല്ല അറ്റ്ലീസ്റ്റ് രാത്രിയാകും വരെയെങ്കിലും കാക്കൂ.., അപ്പോള്‍ അറ്റ്ലീസ്റ്റ് ഒരു ഷോപ്പിങ്ങ് അനുഭവം അല്ലെങ്കില്‍ ഒരു കുക്കിംഗ് അനുഭവം അല്ലെങ്കില്‍ ഫൈറ്റിംഗ് അനുഭവം എന്തെങ്കിലും ഒന്നു കിട്ടാതിരിക്കില്ല.. കൂള്‍ ഡൌണ്‍ മദ്ധ്യവയസ്ക്കേ.. കൂള്‍ ഡൌണ്‍..
*
പുറത്തിറങ്ങി തുണികള്‍ വിരിക്കുന്നതിനിടയ്ക്ക് ഓര്‍ത്തു.. ‘ഇവിടെ അടുത്ത് ഒരു ഫെയര്‍ നടക്കുന്നു.. നല്ല ഒന്നാംതരം ബാഗുകള്‍ ഈ മഹാരാജ്യത്തിന്റെ ഒട്ടുമിക്ക കടകളിലെയും കളക്ഷന്‍ കാണും.. അതൊക്കെ ഒന്ന് നന്നായി നോക്കി നടക്കണം. പറ്റുമെങ്കില്‍ കുറഞ്ഞവിലയ്ക്ക് രണ്ടുമൂന്നെണ്ണം വാങ്ങി വയ്ക്കാം.. പിന്നെ ബാഗ് ബാഗ് എന്നും പറഞ്ഞ് കടകള്‍ തോറും അലയണ്ടല്ലൊ’,

മീനയ്ക്ക് എപ്പോഴും ആത്മഗതമാണ്..!

വെളിയില്‍ നിന്ന തുളസിയെ നോക്കി പറഞ്ഞു,

‘ഹായ് നീ നിന്നു മഴനനയുകയാണല്ലെ! നനഞ്ഞോളൂ നനഞ്ഞോളൂ.. ഇന്ന് മീനയും ഷോപ്പിംഗിനൊക്കെ പോകുന്നുണ്ട്..!’

തുണികള്‍ വിരിക്കുമ്പോള്‍ കമ്പില്‍ (തുണിവിരിക്കാന്‍ ഉപയോഗിക്കുന്ന) തൂക്കാന്‍ ഒരേ ഒരു ടൌവ്വല്‍ ബാക്കി! പാവം ഒരു ടൌവ്വലായി വിരിച്ചാല്‍ അത് ഒറ്റപ്പെട്ടുപോവില്ലേ! അതും ഭര്‍ത്താവിന്റെ ടൌവ്വല്‍!

വേണ്ട പാപം കിട്ടും.. ടൌവ്വലിനെക്കൂടി മറ്റു തുണികലുടെ ഇടയില്‍ വിരിച്ചു..

അപ്പോള്‍ ശൂന്യമായ കമ്പ് !

‘നിന്നെ നിരാശപ്പെടുത്തിയോ കമ്പേ?!, സാരമില്ല ഇന്നലെ മുഴുവന്‍ തുണികളും തൂക്കിയുണക്കി വളരെ കഷ്ടപ്പെട്ടതല്ലേ.. ഇന്ന് റെസ്റ്റ് എടുത്തോളൂ ട്ടൊ’,

മീനയ്ക്ക് പരിസരബോധമുണ്ടായി!

താന്‍ എന്നുമുതലായിരിക്കണം ഈ ജീവനില്ലാത്ത വസ്തുക്കളെ കൂട്ടുകാരാക്കിയതും സംസാരിച്ചു തുടങ്ങിയതും?! 20 വര്‍ഷത്തെ ഏകാന്ത ജീവിതത്തിനിടയില്‍ താന്‍ നഷ്ടപ്പെട്ട ബന്ധങ്ങളെയൊക്കെ ഈ വിധത്തില്‍ പരിഹരിച്ചുകാണും! എല്ലാം ഒന്നല്ലെ! എല്ലാം മനസ്സിന്റെ തോന്നലുകള്‍ മാത്രം. ജീവിതം മൊത്തമായി ഒരു ഭാവനയാണ്‍് അപ്പോള്‍ പിന്നെ ഇതൊക്കെ മൈനര്‍ ഭാവനകള്‍.. മീന ആശ്വസിച്ചു..
*
അപ്പോള്‍ സാക്ഷാല്‍ ‘കര്‍മ്മയോഗി’ മീനയുടെ ഭര്‍ത്താവ് (ഗോപി) രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് വരുന്നു.. വിജയശ്രീലാ‍ളിതനായി. ഉറക്കച്ചടവുള്ള മീനയുടെ മുന്നില്‍, ‘ഐ ആം പെര്‍ഫക്റ്റിലി ആള്‍‌ റൈറ്റ്, ലേസീ ലേഡീ’ എന്നും പറഞ്ഞ് വരാന്‍ ഭയങ്കര ത്രില്ലാണ് ഗോപിക്ക് (നേരത്തെ ഉറങ്ങിയാല്‍ പിന്നെ എണീറ്റൂടേ!).

വന്നയുടന്‍ ആവനാഴിയില്‍ നിന്നും അമ്പുകള്‍ ഓരോന്നായി വലിച്ചെടുത്തു തുടങ്ങും! ആദ്യം തീരെ ചെറുത്.. മൂര്‍ച്ച കുറഞ്ഞത്.. പിന്നെ അല്പം കൂടി വലുത്.. ഒടുവില്‍ ഏറ്റവും വലിയ അമ്പും പ്രയോഗിച്ച് രക്തം അല്പമെങ്കിലും പൊടിഞ്ഞെന്നു ബോധ്യപ്പെട്ടിട്ടേ അടുത്ത കര്‍മ്മം ചെയ്യാന്‍ ഗമിക്കൂ..! എങ്ങിനെയും ചെറുക്കണം...

ഗോപി: “ഇന്നലെ ആത്മീയ പ്രഭാക്ഷണമൊക്കെ എങ്ങിനെയുണ്ടായിരുന്നു?,
കേട്ടിട്ട് നീ നന്നായോ?,
ശരിക്കും നീ അത് കേള്‍ക്കേണ്ടതാണ്..”

മീന: “ശരിക്കും ഭാര്യയും ഭര്‍ത്താവും കൂടി കേള്‍ക്കേണ്ട ഒരുപാട് കാര്യങ്ങള്‍ സ്വാമി പറഞ്ഞു.,
ദേഷ്യം നിയന്ത്രിക്കുന്നതിനെപ്പറ്റി, അന്യോന്യം ഇന്‍സള്‍ട്ട് ചെയ്യാതെ വര്‍ത്തമാനം പറയാന്‍...ഒക്കെ..” (ശരിക്കും പറഞ്ഞാല്‍ ഭര്‍ത്താവിനെ കണ്ടാല്‍ പിന്നെ മീനയുടെ മെമ്മറി കമ്പ് ളീറ്റ് ബ് ളാങ്കാവും-അതുകൊണ്ട് സ്വാമി പറഞ്ഞൊതൊക്കെ ഓര്‍മ്മയില്‍ ചികഞ്ഞു നോക്കിയെങ്കിലും വിജയിക്കുന്നില്ല-അതിനിടയ്ക്ക് അടുത്ത അമ്പുകള്‍ ശരവര്‍ഷം പോലെ പാഞ്ഞു വരുന്നു.. ചെറുത്തില്ലെങ്കില്‍ അപത്താണ്!)

മീന: “ഒരാള്‍ ദേഷ്യം വന്ന് എന്തെങ്കിലും പറഞ്ഞാലും മറ്റേയാള്‍ മിണ്ടാതിരുന്നാല്‍ കുറെ കഴിയുമ്പോള്‍ എല്ലാം ശരിയാകും”എന്നദ്ദേഹം പറ്ഞ്ഞു.. ഉദാ‍ഹരണത്തിന്.. (എന്തുദാഹരണം??!!-മെമ്മറി ലോസ്റ്റ്!)

മീന തല്‍ക്കാലം സ്വാമിജിയെ ഉപേക്ഷിച്ച് തന്റെ സ്വന്തം ആയുധം എടുത്തു..
“ഉദാഹരണമായിട്ട്, നമ്മള്‍ സിമ്പിളായിട്ട് രണ്ട് കാര്യങ്ങള്‍ ഒര്‍ത്താല്‍ മതി.. ഭാര്യ ഭര്‍ത്താവിനെ കാണുമ്പോള്‍ ‘ഇദ്ദേഹം തനിക്ക് ചിലവിനു തരുന്ന/പ്രൊട്ടക്ഷന്‍ തരുന്ന ആള്‍’ എന്നു കരുതി ഒരു മാന്യത നല്‍കണം.., തിരിച്ച് ഭര്‍ത്താവ്, ‘ഇവള്‍ എനിക്ക് ആഹാരം ഉണ്ടാക്കി തരുന്ന; എന്റെ മക്കളെ നോക്കുന്ന (യന്ത്രം!) ഒരു പാവം സ്ത്രീ’ എന്നു കരുതി ഒരു മതിപ്പ്.. ഇത്രമാത്രം മതി. അപ്പോള്‍ എല്ലാം ശരിയാവും..!”

ഗോപി ഒന്നു തണുത്തു.. അടുത്ത ആയുധം എടുക്കാനുള്ള മൂഡ് നഷ്ടമായപോലെ..! ആ തക്കം നോക്കി മീന രംഗത്തു നിന്നും നിഷ്‌ക്രമിക്കുന്നു...

മീനക്ക് താന്‍ ഭര്‍ത്താവിനോട് ഒപ്പം നിന്നു പറ്റുന്ന രംഗം ഓര്‍ക്കുമ്പോള്‍ പണ്ടെങ്ങോ ഒരാള്‍ സിംഹത്തിനെ ജയിച്ച കഥയാണ് ഓര്‍മ്മ വരുന്നത്..!

‘ഒരാള്‍ നായാട്ടിനു പോയി.. പെട്ടെന്ന് ഒരു സിംഹത്തിന്റെ മുന്നില്‍ ചെന്നുപെടുന്നു..സിംഹം രൂക്ഷമായി നോക്കുമ്പോള്‍, ആയുധമൊന്നും കയ്യിലില്ലാത്ത ആ ധൈര്യവാന്‍ സിംഹം തന്റെ നേര്‍ക്ക് തൊടുക്കുന്ന അതേ ആയുധം, ‘രൂക്ഷത’ അതേ അളവില്‍ തന്റെ കണ്ണില്‍ വരുത്തി സിംഹത്തിനെയും ഇമവെട്ടാതെ നോക്കി നില്‍ക്കുന്നു...ഭയന്ന് ഇമവെട്ടിപ്പോയാല്‍ സിംഹം തന്റെ മേല്‍ ചാടിവീഴും..! ഒരു ജീവന്മരണ നോട്ടം! ഒടുവില്‍ സിംഹം തന്റെ സ്റ്റെയറിംഗ് മതിയാക്കി തിരിച്ച് കാട്ടിനുള്ളിലേക്ക് തന്നെ മറയുന്നു..!!!’

ഇവിടെ നോട്ടം ഒന്നും ഇല്ല. ഒണ്‍ലി ഡയലോഗ്സ്.. നമ്മള്‍ ബുദ്ധിപൂര്‍വ്വം സംസാരിക്കാന്‍ അശക്തമായാല്‍ തീര്‍ന്നു എല്ലാം..! കണ്ണില്‍ നിന്നും കണ്ണീരു വന്നാല്‍ അത് അവരെ ക്രൂരരാക്കിയതാവും. ദേഷ്യപ്പെട്ടാല്‍ അത് അഹങ്കാരമാവും.. അതുകൊണ്ട് ഇതൊന്നുമില്ലാതെ തുല്യമായി നില്‍ക്കാന്‍ ഒരുറച്ച മനസ്സ്, അതാണ് വേണ്ടത്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ഒരിച്ചിരി നല്ല ഭര്‍ത്താവായി വിലസാന്‍ ഒരാഗ്രഹം കാണും, അപ്പോള്‍ നമ്മള്‍ അതറിഞ്ഞ് ഒരിച്ചിരി സ്വാതന്ത്ര്യം കൂട്ടി സംസാരിക്കാം..( എന്തൊരു ക്ഷമാശീലന്‍!), പക്ഷെ അതും അവര്‍ തന്നെ അറിയാതെ നയിക്കുന്ന ഒരു വഴിയാകും.. അവിടെയും ജാഗ്രത. അതിരുകടന്നാല്‍ ആപത്ത്. സിംഹത്തിന്റെ തോല്‍പ്പിക്കാനാവില്ല, പക്ഷെ സമമായി നില്‍ക്കയും വേണം, അല്ലെങ്കില്‍ പരാജയം ഉറപ്പ്! ‘ബി കെയര്‍ ഫുള്‍ മീനാ ബി കെയര്‍ഫുള്‍..!’
*

[ഇന്നലെ പോസ്റ്റ് ചെയ്യാനിരുന്ന പോസ്റ്റാണ്‌ അവിചാരിതമായ ചില കാരണങ്ങളാല്‍ പോസ്റ്റ് ചെയ്യാന്‍ പറ്റിയില്ല.. ദയവായി ക്ഷമിക്കുക..തുടര്‍‌ന്നും പ്രോല്‍‌സാഹിപ്പിക്കുക.. ]

റിസ‌ള്‍ട്ട്!  

Posted by Askarali

ഇന്നും അമ്പലത്തില്‍ പോയി.. ഒരു ആത്മീയാചാര്യന്റെ പ്രഭാക്ഷണം കേള്‍ക്കാനാണ് പോയത്..
അവിടെ ഇരുന്ന അത്രയും സമയം മനസ്സ് ശാന്തമായിരുന്നെന്ന് തോന്നുന്നു. പക്ഷെ, തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കണ്ട്രോള്‍ കിട്ടുന്നില്ല. അദ്ദേഹത്തിന്റെ തന്നെ പ്രഭാക്ഷണം ടി.വി യില്‍ കണ്ടാല്‍ യാതൊരു കുഴപ്പവുമില്ല.. വെളിയിലത്തെ ആള്‍ക്കാരെ കാണുമ്പോള്‍ മനസ്സ് ചഞ്ചലമാകുന്നതാണെന്നു തോന്നുന്നു കുഴപ്പം. (ശരീരമില്ലാത്ത -നേരില്‍ കാണാത്ത-ആത്മാക്കളുമായല്ലെ ആത്മയ്ക്ക് അധികവും സമ്പര്‍ക്കം )

വീട്ടില്‍ വന്ന് ഹരിനാമകീത്തനം സി. ഡി ഇട്ട്, ബ്ലോഗ് ഒന്ന് ഓടിച്ചു നോക്കി, ഒരു ചായയിട്ടു കുടിച്ചു,
ആത്മ പഴയ ആത്മയായപ്പോള്‍ മനസ്സമാധാനം പുന‍ഃസ്ഥാപിക്കപ്പെട്ടു എന്നു തോന്നുന്നു...

രാവിലെ എഴുന്നേറ്റപ്പോള്‍, തലേദിവസത്തെ ഉറക്കം മതിയാകാതെ മാടിവിളിക്കുന്ന കണ്ണുകള്‍.. റിലാക്സ് ചെയ്ത് മതിയാകാത്ത ക്ഷീണിച്ച ശരീരം.. തലേന്ന് അമ്പലത്തില്‍ നിന്നും അഞ്ചാറു കിലോമീറ്റര്‍ നടന്ന് തിരിച്ചെത്തിയ ക്ഷീണം.. നടന്ന് തിരിച്ചു പോകാം എന്നത് മകളുടെ അഭിപ്രായമായിരുന്നു..
നടന്നപ്പോള്‍ ഒരു സുഖം ഒക്കെ തോന്നി ലീലയ്ക്കും, പക്ഷെ രാവിലെ എണീറ്റപ്പോള്‍ കാലുകളൊക്കെ വല്ലാത്ത വേദന! ‍ നല്ല ചെരുപ്പൊക്കെ ഇട്ടുകൊണ്ടായിരുന്നെങ്കിലും ഇത്ര വേദനിക്കില്ലായിരുന്നു..
അതിനിടയില്‍ വീട് ക് ളീന്‍ ചെയ്യുന്ന ലേഡി വന്നു.. ഉറക്കച്ചടവോടെ ഗേറ്റു തുറന്നുകൊടുത്തു.. അവര്‍ താമസിയാതെ അവരുടെ ജോലിയില്‍ വ്യാപൃതയായി..
വീട്ടുടമസ്ഥന്‍ വന്ന് ചായയിട്ടു കൊടുത്തു.. കുളിച്ച് വേഷം മാറി, വീണ്ടും പുറത്തുപോയി..
മകള്‍ വന്ന് ‘സെറിയല്‍ പ് ളസ് പഴം’ പിന്നെ അത് ‘ഓട്ട്സ് വിത് മില്‍ക്ക് ’ (ഡയറ്റിംഗിന്റെ ഭാഗമായി).. ലീല ഉറക്കച്ചടവിനിടയിലൂടെ എന്തൊക്കെയോ കാട്ടിക്കൂട്ടി.. മകള്‍ മുകളിലത്തെ മുറിയില്‍ പഠിക്കാന്‍ പോയി..
ലീല വീണ്ടും കിടക്കയില്‍ ചുരുണ്ടുകൂടി.. സിഗററ്റിന്റെ അവസാനത്തെ പുകപോലെ ഈ അവസാന നിമിഷങ്ങള്‍ ആസ്വദിച്ചില്ലെങ്കില്‍ പിന്നെ ആ ദിവസത്തിനു ഒരു ഉണര്‍വ്വും കാണുകയില്ല.

ജോലിക്കാരി സ്ത്രീ കരുതുമോ ലീല കുഴിമടിച്ചിയാണെന്ന്.. ആദ്യമൊക്കെ അവരോട് എക്സ്പ് ളയി ചെയ്തിരുന്നു..‘ഉറങ്ങുന്നത് 2ഉം 3 ഉം മണിയൊക്കെയാകും അതാണു രാവിലത്തെ ഈ ക്ഷീണം..’ എന്നൊക്കെ. എങ്കിലും അവര്‍ ജോലി പകുതിയാക്കുമ്പോള്‍ ഒരു ലഘുബ്രേക് ഫാസ്റ്റ് പിന്നെ പോകുമ്പോള്‍ ലഞ്ച് ഒക്കെ കൊടുക്കും..(ഫ്രിഡ്ജില്‍ എല്ലാം കരുതിവച്ചിട്ടാണ് രാവിലത്തെ ഈ കിടപ്പ്..) പോരാത്തതിനു ആഴ്ചയില്‍ ഒരുദിവസം അവര്‍ വന്നു എന്നുകരുതി തീരുന്നതാണോ ഒരു വീട്ടിലെ ജോലികള്‍..! ആ പോകാന്‍ പറ..

ഒടുവില്‍ ഒന്നു മയങ്ങിയെണീറ്റ്, ആലസ്യം വിട്ട് ലീല പതിയെ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍.. അതാ ഒരു ഫോണ്‍ കാള്‍.. !
ആരായിരിക്കാം ഇത്ര രവിലെ..?
നാട്ടില്‍ നിന്നായിരിക്കുമോ!
കൂട്ടുകാര്‍..
ബന്ധുക്കള്‍
വേറെയാരു വിളിക്കാന്‍?!
അതൊരു ചൈനീസ് ലേഡിയായിരുന്ന.
‘ഈസ് ഇറ്റ് ലീല?’
‘യെസ് യെസ് ലീല ഹിയര്‍’
‘ക് ളിനിക്കില്‍ നിന്നും വിളിക്കുകയാണ്.. നിങ്ങളുടെ ചെക്കപ്പിന്റെ റിസള്‍ട്ട് വന്നു, കളക്റ്റുചെയ്യാന്‍ വരാം.. രാവിലെ 1 മണിവരെ ഡോക്ടര്‍ കാണും . വൈകിട്ട് 6-9 ഉം’ -ഒരു സഹതാപം കലര്‍ന്ന സ്വരം!
(നീ കൂടുതല്‍ സഹതപിക്കണ്ട..) ‘ഞാന്‍ വൈകിട്ട് വരാം..’ ലീല കൂളായി പറഞ്ഞു.
ഒ.കെ.
ഒ.കെ. ബൈ
ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ ഒരു വിറയല്‍.
റിസള്‍ട്ട് എന്തായിരിക്കാം. എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടായിരിക്കുമല്ലൊ ചെല്ലാന്‍ പറഞ്ഞത് ?!
ദൈവമേ! തന്റെ ഇഹലോകവാസം തീരാറായോ ?! അല്ലെങ്കിലും തനിക്ക് അഹങ്കാരം അല്പം കൂടി ഇരിക്കയായിരുന്നു. എല്ലാറ്റിനും ഒരു അവസാനം വേണമല്ലൊ. എങ്കിലും ഞാന്‍ പോകാന്‍ റഡി.. പക്ഷെ, മക്കളെ ഒരല്പം കൂടി വലുതാക്കിയിട്ട് പോരായിരുന്നോ ദൈവമേ ഈ വിളി! അല്ല, അവര്‍ ഇനി ലീലയില്ലെങ്കിലും ജീവിച്ചോളും . അതല്ലെ കുക്കിംഗും ഒക്കെ പഠിക്കുന്നത്.. ദൈവം തോന്നിപ്പിക്കുന്നതാവും. ലീലേടെ കാര്യത്തില്‍ എല്ലാം വളരെ ശാന്തമായും സ്ലോ ആയുമായാണ് ദൈവം ചെയ്യുന്നത് . ഇപ്പോള്‍ മക്കള്‍ക്ക് അവധി.. ഒരു വലിയ ട്രീറ്റുമെന്റ് വേണമെങ്കിലും അവര്‍ തനിയെ അഡ്ജസ്റ്റ് ചെയ്തോളും. ആ സമയം നോക്കി ദൈവം അസുഖം തന്ന് അനുഗ്രഹിച്ചതാകും!
അതോ നാട്ടില്‍ പോണോ?! ഇവിടത്തെ ഡോക്ടര്‍മാര്‍ വെറുതെ കാശ് അടിച്ചുമാറ്റാനായും പറയും ഇലലാത്ത ഓരോ അസുഖങ്ങള്‍.. നാട്ടില്‍ പോകാം.. അല്ലെങ്കില്‍ വേണ്ട അത് മക്കളുടെ പഠിത്തവും മറ്റും ബാധിക്കും.. അതീ കുറച്ചു മതി. എന്നായാലും ഒരിക്കല്‍ പോകേണ്ട ശരീരമല്ലെ അല്പം നേരത്തെയാ‍യാല്‍ എന്ത് , അസുഖവും ധൈര്യത്തോടെ നേരിടണം.. മിക്ക അസുഖങ്ങളും ട്രീറ്റ് ചെയ്ത് ഇല്ലാതാക്കാന്‍ പറ്റുമല്ലൊ ഇക്കാലത്ത് . ദൈവമേ! എന്നാലും!

തനിക്ക് അസുഖമൊന്നും ഇല്ല എന്നു പറയുകയാണെങ്കില്‍ .. ‘ഇനി ആരേയും കുറ്റം പറയരുത്
ഓരോ ദിവസവും ദൈവം തരുന്ന ഗിഫ്റ്റ് ആയി കണക്കാക്കി ജീവിക്കണം... അങ്ങിനെ കുറെ തീരുമാനങ്ങള്‍ എടുത്തു ലീല. എന്നാലും ലീല ജീവിക്കാന്‍ ഒരുവിധം പഠിച്ചു തുടങ്ങിയപ്പോഴേ ഇങ്ങിനെ തിരിച്ചു വിളിക്കാന്‍ നോക്കുന്നത് ശരിയാണോ ദൈമമേ?!

മഹാഭാഗവതം കഥ ഫോണില്‍ ആക്കി കേട്ടുകൊണ്ടായിരുന്നു വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരുന്നത്.
‘എല്ലാറ്റിനും കൃഷ്ണന്‍ തുണ’ എന്ന മട്ടില്‍. ഇനി അത് തെറ്റായതുകൊണ്ടാണൊ തനിക്ക് അസുഖം പിടിപെട്ടത്! അത് ഊരി താഴെവച്ചു.
അല്ലെങ്കിലും ദൈവത്തിന്റെ കഥകളൊക്കെ ഇനി ലൈവ് ആയി പോയി കാണാമല്ലൊ,
മനുഷ്യരുടെ ലോകമല്ലെ ഇല്ലാതാകാന്‍ പോകുന്നത്! പോയി ‘പ്രഥമപ്രതിശ്രുതി’ വായിക്കാം..
മനുഷ്യരെപ്പറ്റി പഠിച്ചു തുടങ്ങിയതേ ഉള്ളൂ.. ശ്ശ്യൊ എന്നാലും ഇത്ര നേര്‍ത്തെ.. വേണ്ടായിരുന്നു ദൈവമേ വേണ്ടായിരുന്നു..

ഹോസ്പിറ്റലില്‍ പോകാനിറങ്ങുമ്പോഴും വീട്ടുജോലികള്‍ ഒക്കെ ഒരുവിധം ഒതുക്കി. ബേസിനില്‍ കിടന്ന അവസാനത്തെ പ് ളേറ്റും കഴുകുമ്പോള്‍ സമാധാനിച്ചു, ‘ഒരുപക്ഷെ അസുഖവിവരം തന്നെ തളര്‍ത്തിയാല്‍ പിന്നെ ഈ ജോലികളൊക്കെ ചെയ്യാന്‍ വലിയ പ്രയാസമായി തോന്നും!’

ഇതിനിടെ ഭര്‍ത്താവ് വന്നു! തന്റെ അസുഖത്തിന്റെ കാര്യം ഭര്‍ത്താവിനോട് പറയണോ?!
വേണ്ട.. അദ്ദേഹത്ത്തിന് അത് രഹ്സ്യമായി വയ്ക്കാനൊന്നും അറിയില്ല. ‘ആരോടും പറയരുതെ’ എന്ന് അപേക്ഷിച്ചാല്‍ക്കൂടി രഹസ്യമായി ഒരു പത്തുപേരോടെങ്കിലും ആ വിവരം പറഞ്ഞ് അതുവച്ച്, അവരുടെ കൂട്ടുകെട്ട് സുദൃഢം ആക്കും എന്നതില്‍ സംശയമില്ല.
‘ലീലയ്ക്ക് നല്ല സുഖമില്ല. അവള്‍ക്ക് ആരോടും പറയുന്നതിഷ്ടമല്ല്. അറിഞ്ഞ ഭാവം കാട്ടണ്ട ട്ടൊ,
രഹസ്യമായി വച്ചേക്കൂ..’ അങ്ങിനെ കുറഞ്ഞത് 10 പേരുടെയെങ്കിലും വിശ്വാസം പിടിച്ചുപറ്റും..അത് മറ്റൊരു മനുഷ്യ ബിസിനസ്സിനുള്ള മൂലധനമാകും.. വേണ്ട, വിശ്വാസവഞ്ചന അത് വലുതായാലും ചെറുതായാലും തീരെ തീരെ ചെറുതായാലും അത് ലീല സഹിക്കയില്ല.. അതിനെക്കാളിലും ഓപ്പണായിട്ട് ദ്രോഹിക്കുന്നതാണ് സഹിക്കബിള്‍..
എങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഒരു ബലം..
എന്തുബലം?!
ബലം കിട്ടും എന്നു കരുതി പറയും.. ആ പറച്ചില്‍ തന്നെ അബലയാക്കും..
പക്ഷെ, തരാനറിയില്ലാ താനും..
ഒടുവില്‍ ഇരട്ടി വിഷമമാകും..
തനിച്ചു മതി..എല്ലാം തനിച്ചു നേരിടാം..

മകളേയും കൂട്ടി ഹോസ്പിറ്റലില്‍ എത്തി. പോകും വഴിയ്ക്ക് കാണുന്നവരൊക്കെ മാറാരോഗങ്ങള്‍ രഹസ്യമായി ‍ഉള്ളിലൊതുക്കി മനോവിഷമത്തൊടെ നടക്കുന്നവരായി തോന്നി.. ഇതാ ധൈര്യവതിയായ ലീല സ്വന്തം അസുഖം അറിയാന്‍ വന്നിരിക്കുന്നു.

കൌണ്ടറില്‍ ഇരിക്കുന്ന പെണ്ണിന്റെ മുഖത്ത് സഹതാപമുണ്ടോ?! മൂക്കും വായും ഒക്കെ തുന്നിക്കെട്ടിവച്ചമാതിരി ഒരു മാസ്ക് ഇട്ടിരിക്കുന്നു.. ശേഷം കാണുന്ന ഇച്ചിരിപ്പൂലം ഉള്ള കണ്ണില്‍ നോക്കിയാല്‍ എന്തറിയാന്‍?! ലീല തന്റെ ഊഴം കാത്തിരുന്നു. ഒടുവില്‍ തനെ ഊഴമായി ചന്ദ്രനില്‍ പോകാന്‍ തയ്യാറായി ഇരിക്കുന്ന കൌണ്ടര്‍ യുവതി അറിയിച്ചപ്പോള്‍ ലീല മകളോട് തമാശപോലെ പറഞ്ഞു, ‘മോളേ അസുഖക്കാരിയല്ലാത്ത അമ്മയുടെ ദിവ്സം തീരാറായി.. ഓരോ കാലടി വയ്ക്കുമ്പോഴും ലീല എണ്ണി.. 10.9, 8,.....1
കതകു തുറന്ന് അകത്തുകയറി! ഡോക്ടറുടെ മുന്നിലെത്തി.
മുഖം എങ്ങിനെ?! (അവിടെയും മാസ്കുണ്ട്)
ചിരിയുമില്ല വിഷമവുമില്ല നോര്‍മ്മല്‍ ! (പരിചയമുള്ള മുഖമായതുകൊണ്ട് ഊഹിച്ചു)
പഠിച്ച ഡോക്ടറല്ലെ അതങ്ങിനെയല്ലെ ഇരിക്കൂ.. ഹും!
‘ഹായ്! ഇരിക്കൂ.. നിങ്ങളുടെ റിസള്‍ട്ട് ഇതാ..വന്നിരിക്കുന്നു..’
അല്പം മുരടനക്കി ഡോക്ടര്‍ വീണ്ടും തുടര്‍ന്നു.. ‘നെഗറ്റീവ്-1 എന്നാല്‍ എല്ലാം നോര്‍മ്മല്‍ എന്നാണ്..
കാന്‍സറില്ല, - ഇല്ല, - ഇല്ല, - ഇല്ല... ചുരുക്കം പറഞ്ഞാല്‍ ഒന്നും ഇല്ല! യു ആര്‍ പെര്‍ഫക്റ്റിലി ആള്‍ റൈറ്റ്!’
‘ദൈവമേ! ഇതങ്ങ് ആദ്യമേ പറഞ്ഞുകൂടായിരുന്നോ പഠിച്ച ഡോക്ടറേ!’
ലീല കൈകള്‍ കൂപ്പി ദൈവത്തിനു നന്ദി രേഖപ്പെടുത്തി. ഒരു പുതിയ ജന്മ കിട്ടിയപോലെ!
ഡോക്ടറും ചിരിച്ചു.. ( കണ്ണുകള്‍ അല്പം കൂടി വലുതാണ് ചിരിക്കുമ്പോള്‍ ചുരുങ്ങും!)

ഈ ഡോക്ടറും ലീലയുടെ ഭര്‍ത്താവും കൂടി മുമ്പൊരിക്കലും ലീലയെ രോഗിയാക്കാന്‍ നോക്കിയായിരുന്നു.. പ്രഷറിന്റെ മരുന്ന് കഴിക്കണമെന്നും പറഞ്ഞ്.. ലീല വഴങ്ങിയില്ല.. പുത്തകങ്ങളൊക്കെ നോക്കിയപ്പോള്‍ അപകട മേഖലയില്‍ എത്തിയിട്ടില്ലാ താ‍നും. സംശയം തീര്‍ക്കാന്‍ ഒരു ഹോമിയോ ഡോക്ടറോട് ചോദിച്ചപ്പോല്‍ അദ്ദേഹവും അതുതന്നെ പറഞ്ഞു,. ‘ഇപ്പോഴൊന്നും മരുന്ന് കഴിക്കണ്ട ഡയറ്റ് കണ്ട്രോള്‍ ചെയ്താല്‍ മതി..’ അതീപ്പിന്നെ ഡോക്ടര്‍ ലീലയോട് മരുന്നിന്റെ കാര്യം പറയില്ല. പ്രഷര്‍ എടുത്തിട്ട് ഒന്നു പുഞ്ചിരിക്കും.. അത്രമാത്രം.. ലീലേം പുഞ്ചിരിക്കും..
തീര്‍ന്നു.. നോ മെഡിസിന്‍.. ലീലേടെ ഭര്‍ത്താവ് നിസ്സഹായതയോടെ നോക്കും! ലീലക്ക് പ്രഷര്‍ ഉണ്ടെങ്കില്‍ ആ വിവരം, ഇന്‍ ലാസിനോടൊക്കെ പറയുമ്പോള്‍ അത് സിമ്പതി കിട്ടാന്‍ ഒരു പ് ളസ് പോയിന്റുകൂടിയാകുന്‍ എന്നതുകൊണ്ടാകുമോ ഈ നിരാശ! അറിയില്ല! മനുഷ്യ മനസ്സ് ദുരൂഹമല്ലേ!!

ലീല റിസള്‍ട്ടും കയ്യില്‍ വച്ച് ഡോക്ടര്‍ മാഡത്തിനു ഒരായിരം നന്ദി പറഞ്ഞ് വെളിയിലിറങ്ങുമ്പോള്‍
വിശ്വസിക്കാനായില്ല.. ഒരിക്കല്‍ക്കൂടി ചോദിച്ചു, ‘ഡോക്ടര്‍ ഇനി ഈ ടെസ്റ്റ് എന്നെടുക്കണം.., ഇങ്ങിനെ അസുഖം ഉണ്ടെന്നു കരുതി ഇല്ലെന്നറിയുന്ന ഈ ടെസ്റ്റ്?!’
ഡോക്ടര്‍ ചിരിച്ചു..!
‘ശരിക്കും വര്‍ഷത്തില്‍ ഒന്നെടുത്താല്‍ കൊള്ളാം പക്ഷെ രണ്ടോ മൂന്നോ വര്‍ക്ഷം കൂടുമ്പോഴായാലും മതി..’
‘ഓകെ ഓകെ.. താങ്ക്സ്..!’
‘ബൈ’
'ബൈ'

അപ്പോള്‍ ഭയം വെറുതെയായിരുന്നു..! ലീലയ്ക്ക് പെട്ടെന്ന് തുള്ളിച്ചാടണമെന്ന് തോന്നി! വേണ്ട തുള്ളിച്ചാടണ്ട, ദൈവത്തിനു നന്ദി പറയാം.. അതുമതി.. ലീല മകളോടൊപ്പം നേരെ അമ്പലത്തിലേക്ക് വച്ചുപിടിച്ചു..!

***
[ഈയ്യിടെ ആത്മ എഴുതുന്നത് പോസ്റ്റ് ചെയ്യാന്‍ ഒരു മടി..! പക്ഷെ എഴുതാതിരുന്നാല്‍ പിന്നെ അതും ഒരു ശീലമായിപ്പോവില്ലേ, അതുകൊണ്ട് എഴുതാം.. ഇന്നലെ എഴുതിയ ഒരു ചെറു കഥ..]

ഇത്തിരി വെട്ടം!  

Posted by Askarali

നമ്മള്‍ തമ്മില്‍ കണ്ടിട്ട് ഒത്തിരി ദിവസങ്ങള്‍ ആയി അല്ല്യോ ബ്ലോഗേ! സാരമില്ല.. ഓരോ ദിവസത്തെയും ഹൈലൈറ്റ് ചിന്തകള്‍ എല്ലാം ഡ്രാഫ്റ്റില്‍ ശേഖരിച്ചു വച്ചിട്ടുണ്ട്.. തപ്പിത്തിരഞ്ഞ് നല്ലതുനോക്കി ഞാന്‍ എടുത്തുകൊണ്ടു വരാം..മ്ഏ..?
ഓ. കെ?

ആദ്യം കിട്ടിയത് ബ്ലോഗേ നിന്നെക്കുറിച്ചുള്ള ഒരു ചിന്തയായിരുന്നു.. അത് പോസ്റ്റട്ടെ ആദ്യം...

ദിയയുടെ കമന്റു കണ്ട്, ബ്ലോഗെഴുതാന്‍ രണ്ടുമൂന്നു പ്രാവശ്യം വന്നു.. പക്ഷെ എന്തോ, ഒരു ബലം കിട്ടുന്നില്ല! ബ്ലോഗെഴുതാനും കരുത്ത് വേണോ എന്നു ചോദിച്ചാല്‍, ഈ ഭൂമിയില്‍ എന്തുചെയ്യണമെങ്കിലും വേണം കരുത്ത്! ചപ്പാത്തി ഉണ്ടാക്കണമെങ്കില്‍പ്പോലും!.. മാവ്, അളവിനു വെള്ളം, പിന്നെ അത് കുഴക്കുന്ന രീതി, പിന്നെ അതിന്റെ ഷേപ്പ്, ഒടുവില്‍ അത് പാകത്തിനു ചുട്ടെടുക്കല്‍, അതും കഴിഞ്ഞ് ഒരു തൊട്ടുകൂട്ടാന്‍ കറി, എല്ലാം കഴിഞ്ഞ് ആരെങ്കിലും അത് കഴിച്ച് ‘ഉം തരക്കേടില്ല..’ എന്നുകൂടി കേട്ടാലേ ചപ്പാത്തി ഉണ്ടാക്കിയെന്ന് നമുക്ക് സമാധാനിക്കാന്‍ പറ്റൂ !

ഒരു പ്രാസംഗികനായാലും നടനായാലും ഒക്കെ വേണം കരുത്ത്. പ്രാസംഗികനു വേദിയില്‍ കയറാനുള്ള ചങ്കൂറ്റം, കയ്യടിയാണേലും കല്ലേറായാലും സമചിത്തതയോടെ ഏല്‍ക്കാനുള്ള കരുത്ത്.
നടനായാല്‍ മുഖത്ത് എക്സ്പ്രഷന്‍ വരുത്തണം.. പിന്നെ അത് ക്യാമറയില്‍ പകര്‍ത്താനായോ എന്ന് ഉറപ്പു വരുത്തണം.. ആകെമൊത്തം ഒടുവില്‍ കാണികള്‍ അത് അക്സപ്റ്റ് ചെയ്യും വരെ പിടിച്ചു നില്‍ക്കാന്‍ ഒരു മാനസിക ബലം വേണം.

ഈ ബ്ലോഗെഴുത്തും അതുപോലെയൊക്കെയാണ്. ഐഡിയ തോന്നണം.. അത് ഏതു വിധത്തില്‍ എഴുതണം, വായിക്കുന്നവര്‍ക്ക് അത് ഇഷ്ടപ്പെടുമോ!, അവര്‍ കമന്റിട്ട് പ്രോത്സാഹിപ്പിക്കുമോ!,
കമന്റേ ഇടാതെ ഓടിപ്പൊയ്ക്കളയുമോ!, എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ നേരിടാനുള്ള കരളുറപ്പുണ്ടെങ്കിലേ ബ്ലോഗെഴുതാന്‍ തുടങ്ങാവൂ..

പറഞ്ഞു വന്നത്.. പനിയൊക്കെ ഒരു വിധം വിട്ടുമാറിയെങ്കിലും ആ കരളുറപ്പ് വരുന്നില്ലാ..
അതുകൊണ്ട് വെയിറ്റ് ചെയ്യാമെന്നു കരുതി..

ഇനി ഒരു ചെറു കഥ

എത്ര പെട്ടെന്നാണ് സുഖദുഃഖങ്ങള്‍ മാറി മാറി വരുന്നത്! അല്പം മുന്‍പ് വരെ വല്ലാത്ത ബോറഡിയായിരുന്നു.. ഇപ്പോള്‍ പ്രതീക്ഷയുടെ ഒരു പൊന്‍‌കിരണം കിട്ടിയിരിക്കുന്നു! ഒരു തുളസിത്തൈ കോണ്‍ക്രീറ്റിനിടയിലൂടെ വളരാന്‍ നോക്കുന്നു! പാവം അതിനെ വൈകിട്ട്, സാവധാനം..വേരൊന്നും പൊട്ടാതെ പിഴുതെടുത്ത്, നല്ല മണ്ണില്‍ കുഴിച്ചുവയ്ക്കണം.. പിന്നെ മറ്റൊരു തുളസി ചായ്ഞ്ഞ് കിടക്കുന്നു.. അതിനെ നേരേ നിര്‍ത്തണം.. ഇപ്പോള്‍ സമയം നന്നല്ല, മാറ്റിനട്ടാല്‍ ഉടന്‍ അവയ്ക്ക് വെയിലിനെ ചെറുത്തുനില്‍ക്കാനാവില്ല.. വാടിപ്പോയേക്കും.. അതുകൊണ്ട് സന്ധ്യയാകട്ടെ.. അതുവരെ കാക്കാം.. ഇത്രയൊക്കെ പോരേ സന്തോഷിക്കാന്‍!! വേറെ സന്തോഷിക്കാന്‍ ഒരു വഴിയും കാണുന്നില്ല.. ‘നിസ്സംഗത്വേ സത്സംഗത്വം..’ എന്നൊക്കെപ്പറഞ്ഞ് ഒതുങ്ങിക്കൂടാന്‍ തുടങ്ങി മീര.

ദൈവത്തിനെ പ്രാര്‍ത്ഥിച്ചു. ഒരു ചായയിട്ടു കുടിക്കും മുന്നേ ഒരിക്കല്‍ക്കൂടി പൂജാമുറിയെ നോക്കി.. അടുത്തു ചെല്ലാന്‍ പറയും പോലെ! ‘എപ്പോഴും അങ്ങനെ അടുത്തു വരുന്നതെന്തിന്?! അവിടെയിരുന്നും കാണാമല്ലൊ!.. അല്ലെങ്കില്‍ വന്നേക്കാം.. എന്റെ ആപത്തുകാലത്തെല്ലാം ധൈര്യം തന്നത് അങ്ങല്ലേ.’എന്നൊക്കെ പറഞ്ഞ് മീര ഒരിക്കല്‍ക്കൂടി പോയി നമസ്കരിച്ച് വന്ന് ചായകുടിയൊക്കെ നടത്തിയിരിക്കുമ്പോള്‍..‍

അപ്രതീക്ഷിതമായി ഒരു ഫോണ്‍ കാള്‍!
‘അമ്മേ ഞാന്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി!’
(ങ്ഹേ! കേള്‍ക്കുന്നത് സത്യമോ?! മനസ്സില്‍ അനുവാദം ചോദിക്കാതെ വീണ്ടും സന്തോഷം നുരയിടുന്നു!) ‘എടാ നീ എന്നാലും പറയാതെ പോയി പറ്റിച്ചു കളഞ്ഞല്ലോ’-മീര
‘പറഞ്ഞാല്‍ എനിക്കു ടെന്‍ഷന്‍ വരുമെന്ന് ഭയന്നാ പറയാതിരുന്നത്’- മകന്‍
‘ഏതിനും പാസ്സായല്ലൊ, മിടുക്കന്‍..ഇതുപോലെ ആത്മവിശ്വാ‍സത്തോടെ ഓരോന്ന് ചെയ്യുക..’
സന്തോഷം വീണ്ടും കുമിയുന്നു! ഇത് തനിക്ക് അര്‍ഹതപ്പെട്ട സന്തോഷം തന്നെയല്ലേ ദൈവമേ!
എങ്കിപ്പിന്നെ ഞാന്‍ സന്തോഷിച്ചോട്ടേ? ശാന്തമാകൂ മനസ്സേ.. ശാന്തമാകൂ..

അല്പം മുന്‍പ് വരെ നിരാശയുടെ പടുകുഴിയില്‍ ആയിരുന്നു.. ഇപ്പോള്‍ തന്റെ കൊച്ചു കളിയോടത്തിനെ നയിക്കാന്‍ ഒരു കൈകൂടി! ആ കൈയെ ബലമാക്കിയതിനും നന്ദി! നന്ദി! നന്ദി!..
നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുമ്പോഴാണോ നമ്മള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത്?
അതോ, നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴാണോ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്?! മീര ദിവസത്തെ ഒന്ന് റീവൈന്റ് ചെയ്തുനോക്കി... ഇന്നലെ അമ്മയോടും അച്ഛനോടും മര്യാദയോടെയും സ്നേഹത്തോടെയും സംസാരിച്ചു, ഭര്‍ത്താവിനെ മാനിച്ചു സംസാരിച്ചു, ഇന്ന് മകള്‍ പോകുമ്പോള്‍ ആദ്യം അകത്തുള്ള ദൈവത്തെ വന്ദിച്ചു. പിന്നെ വെളിയില്‍ തറയില്‍ തൊട്ടു തൊഴുതു. അവള്‍ ടെസ്റ്റിനാണു പോകുന്നതെന്ന് പറഞ്ഞില്ലായിരുന്നു. എന്നിട്ടും പതിവായി ചെയ്യുന്നപോലെ തൊഴുതു. ആകെപ്പാടെ താന്‍ നല്ല കര്‍മ്മങ്ങളായിരുന്നു ചെയ്തിരുന്നത്!

മീരക്ക് വീണ്ടും ദൈവത്തിനോട് ഒരു പ്രത്യേക സ്നേഹവും നന്ദിയും വന്ന് നിറഞ്ഞു! മീര ദൈവത്തിന്റെ മുന്നില്‍ ചെന്നു നിന്നു.. ഇപ്രാവശ്യം കുറെ പുഷ്പങ്ങളും കൂടി പറിച്ച് മുന്നില്‍ വച്ച് അദ്ദേഹത്തിനു കുറേക്കൂടി പ്രീതിപ്പെടുത്തി.

അപ്പോള്‍ വീണ്ടും ഫോണ്‍!
‘അമ്മേ എനിക്ക് ഫീസ് അടയ്ക്കണം.. ഇന്നു വേണോ നാളെ മതിയോ?’
‘ഇന്നു തന്നെ കൊടുക്കാം..അമ്മ ഒരു ടാ‍ക്സി എടുത്ത് ഉടന്‍ വരാം‍’.
മീര വീടൊക്കെ ഒരുവിധം ഒതുക്കി, ടാക്സി വിളിച്ച് , ‘ഡ്രൈവിങ്ങ് സെന്ററില്‍ പോകണം..’ എന്നും പറഞ്ഞ് കയറിയിരുന്നു..

ഹൃദയത്തില്‍ നുരയിടുന്ന സന്തോഷത്തില്‍ ഉന്മത്തയായി ഇരിക്കുമ്പോള്‍ ഡ്രൈവര്‍ ‍ ചോദിച്ചു,
‘ഈ വഴി പോയാല്‍ മതിയോ, അതോ മറ്റേ വഴി എടുക്കണമൊ?’
‘ഏതുവഴി എടുത്താലും മതി.. ശരിക്കും പറഞ്ഞാല്‍ എനിക്ക് വഴി നന്നായറിയില്ല.. ഞാന്‍ ഒരിക്കലേ ഇവിടെ വന്നിട്ടുള്ളൂ.. എന്റെ മകന്‍ അവിടെ വെയിറ്റ് ചെയ്യുന്നു..’
‘ഓ! മകന്‍ ടെസ്റ്റില്‍ പാസ്സായി കാണും. കാശടക്കണം അല്ലെ?’
(ഇയ്യാള്‍ക്ക് മനുഷ്യരുടെ മനസ്സും ലോകകാര്യങ്ങളും ഒക്കെ എങ്ങിനെ അറിയാം? പക്ഷെ, ജ്ഞാനദൃഷ്ട്യാ അയാള്‍ കണ്ടുപിടിച്ച കാര്യങ്ങള്‍ ശരിയല്ല എന്നു പറയാനും ഒരു മടി)
‘അതെ!’
‘അപ്പോള്‍ ഇനി അടുത്തപ്രാവശ്യം ടാക്സി ഒന്നും വിളിക്കണ്ടല്ലൊ മകനോടൊപ്പം പോകാമല്ലൊ’
പെട്ടെന്ന് മീരയ്ക്ക് ‍ ലജ്ജവന്നു നിറഞ്ഞു. തന്റെ ലഞ്ജ! മുന്നില്‍ ഇരിക്കുന്ന ചീനന്‍ സായ്‌വ് എങ്ങിനെ കാണും?! പ്രകടമാക്കിയാലല്ലെ പറ്റൂ ..! അതുകൊണ്ട് പറഞ്ഞു,
‘ഓ! കിട്ടിയാലും ഉടന്‍ ഓടിക്കുകയൊന്നും ഇല്ല, ഹി.. ഹി..’
‘എന്നാലും താമസിയാതെ..’ അയാള്‍ വിടുന്ന മട്ടില്ല!
മോനു കണ്ണുകിട്ടാതെ അയാളുടെ ശ്രദ്ധ ഡൈവേര്‍ട്ട് ചെയ്യാനും കൂടിയായി പറഞ്ഞു,
‘പക്ഷെ, എനിക്കും ലൈസന്‍സുണ്ട്. 20 വര്‍ഷം മുന്‍പേ കിട്ടി.. പക്ഷെ, സ്വന്തമായി വണ്ടിയില്ലാതെ..(എങ്ങും പോകാനില്ലാതെ..)..അല്ല, എനിക്ക് ഈ രാജ്യത്തെ റൂള്‍സ് ആന്റ് റഗുലേഷന്‍സ് ഒന്നും അറിയില്ലാതാനും.. അന്യ രാജ്യമല്ലെ?’
‘ശരിയാണ്.. നിങ്ങളും കൂടി ഓടിക്കണ്ട.. എങ്കില്‍ പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ജോലിയൊന്നും കിട്ടില്ല’ (‘നിങ്ങളുടെ മുടിഞ്ഞ ടാക്സി ഫെയര്‍ കൊടുത്ത് ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ ഇതില്‍ കയറില്ല’ എന്ന് പറയാന്‍ തോന്നി. പിന്നെ മാന്യത കൈവരിച്ചു. നല്ല ഒരു കാര്യത്തിനു പോവുകയല്ലെ)
തന്റെ ഭര്‍ത്താവു തനിക്ക് വണ്ടിയോടിക്കണം എന്നു പറയുമ്പോള്‍ ഒരുദാഹരണ കഥ പറ്ഞ്ഞ് തനിക്ക് ആത്മവിശ്വാ‍സം തരുന്നപോലെയായല്ലൊ ദൈവമെ ഇങ്ങേരും.. മീര ഓര്‍ത്തു..

ഭര്‍ത്താവ് പറയും, ‘നിനക്ക് വണ്ടി കിട്ടിയാല്‍ നീ തുളസി അങ്കിളിനെപ്പോലെയായിരിക്കും ഓടിക്കുക.
തുളസി അങ്കിള്‍ ലൈസന്‍സ് എടുക്കാന്‍ പോയപ്പോള്‍ ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ഡ്രൈവിങ് ഇന്‍സ്റ്റ്രക്റ്റര്‍ പറഞ്ഞപ്പോള്‍ അതു അനുസരിച്ചില്ല. കാര്യം തിരക്കിയപ്പോള്‍ ‘അത് ഒരു സ്ത്രീയല്ലെ, അവരെ ഓവര്‍ടേക്ക് ചെയ്യുന്നത് മര്യാദകേടല്ലെ?’ എന്ന് വിനയപൂര്‍വ്വം പറഞ്ഞു.
അതോടെ അദ്ദേഹത്തിനെ ലൈസന്‍സ് മോഹം മണ്ണടിഞ്ഞു.
(ഈ കഥ പല ഈണത്തിലും താളത്തിലും റിപ്പീറ്റ് ചെയ്ത് കേള്‍പ്പിച്ചാണ് മീരയെ ഒതുക്കിയിരിക്കുന്നത്.)

ആദ്യമാദ്യം മറ്റൊരു കഥയായിരുന്നു.. ‘നിനക്ക് ഹനീഫ അങ്കിളിനെ അറിയാമോ?, ങ്ഹാ! , ഒരുകാലത്തെ ഇവിടത്തെ മുന്തിയ പണക്കാരനായിരുന്നു. എന്തൊരു പത്രാസായിരുന്നു.. പാര്‍ട്ടിയും ഒക്കെയായി.. ഭാര്യയും വണ്ടിയൊക്കെ ഓടിക്കുമായിരുന്നു.. ഇപ്പോള്‍ എല്ലാം പോയി. ഇന്നാളില്‍ അവര്‍ ബസ്റ്റോപ്പില്‍ നില്‍ക്കുന്നു, ബസ്സില്‍ പോകാന്‍..പാവം മകന്‍ പഠിച്ചതുകൊണ്ട് രക്ഷപ്പെട്ടു..’
കുറച്ചുകൂടി നന്നായി അടിച്ചമര്‍ത്തണമെങ്കില്‍ കഥയുടെ എന്റില്‍ ഒരു ആത്മഗതവും നടത്തും..“പാവം ഭാര്യയുടെ ചൊല്‍പ്പടിക്കു നിന്നതുകൊണ്ടാണ്/ധാരാളിത്തം കൊണ്ടാണ് നശിച്ചുപോയത്.”

മീരയുടെ മനസ്സാ‍ക്ഷി അത് കേട്ട് കരയും.. ‘ഞാന്‍ തുളസി അങ്കിളല്ല..ഞാന്‍ ഹനീഫ അങ്കിളിന്റെ ഭാര്യയും അല്ല. ഞാന്‍ വെറും മീരയാണ്. എനിക്ക് ധാരാളം കഴിവുകളുണ്ട്.. മറ്റുള്ളവരെ നശിപ്പിക്കാതിരിക്കാനുള്ള വകതിരിവുണ്ട്.. എല്ലാം ഇങ്ങിനെ അടിച്ചമര്‍ത്തുന്നതെന്തിന് ?’ (ആത്മരോദനം..)
ഹും! വിവാഹം വരെ അച്ഛനമ്മമാര്‍ കഷ്ടപ്പെട്ട് വളര്‍ത്തിയെടുക്കുന്ന പെണ്മക്കളുടെ ആത്മവിശ്വാസവും കഴിവും ഒക്കെ വിവാഹശേഷം ഇങ്ങിനെ നിഷ്ടൂരമായി തകര്‍ക്കാന്‍ ആവുന്നു മനുഷ്യര്‍ക്ക്! (ആത്മരോക്ഷം!)
ഭാര്യമാരാണ് ഒരാളുടെ നാശത്തിനു കാരണമെങ്കില്‍ ഭാര്യമാരായിരിക്കണമല്ലൊ വിജയത്തിനും കാരണം?! - ഭാര്യമാരുടെ അടിമത്തമാണോ വിജയത്തിനാധാരം?! ഹും! മാതാപിതാക്കളുടേ ഉപദേശം ശിരസ്സാ വഹിക്കുന്ന മകന്‍..! ഇങ്ങിനെ പല പ്രധിഷേധശബ്ദങ്ങളും മീരയുടെ തലച്ചോറില്‍ ഉദിച്ചസ്തമിക്കും..

മീര ആത്മഗതത്തില്‍ നിന്നുണര്‍ന്നു..ട്രൈവിംഗ് സെന്ററില്‍ എത്തി. മകന്‍ കാത്തു നില്‍പ്പുണ്ട്.. !സന്തോഷം കൊണ്ട് വിടര്‍ന്ന മുഖം. മീരയുടെ സന്തോഷം ഇരട്ടിപ്പിച്ചു. തിരിഞ്ഞു നോക്കി, പഹയന്‍ ഡ്രൈവര്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തി മകനെ നോക്കി ചിരിച്ചു.

ക്യൂവില്‍ വളരെ നേരം ഇരുന്ന്.. (ഇപ്പോള്‍ മിക്കയിടത്തും നില്‍ക്കണ്ടല്ലൊ, ഡീസന്റ് ആയി ഇരുന്നാല്‍ മതി) ഒടുവില്‍ നമ്പര്‍ കത്തിയപ്പോള്‍ വയറും കത്തിയെരിഞ്ഞ മണം വരുന്നുണ്ടായിരുന്നു.. അതു കുറയ്ക്കാന്‍ വേണ്ടി കൂട്ടുകാരെപ്പോലെ ഓരോന്നും പറഞ്ഞിരിക്കുമ്പോള്‍ ഓര്‍ത്തു..
അവന്‍ സംസാരിക്കുന്ന ഭാക്ഷ ഇംഗ്ലീഷ്, താന്‍ തിരിച്ച് മലയാളം പറയുന്നു! (ഏതു ഭാക്ഷയാണ് ഉപയോഗിക്കുന്നത് എന്നുപോലും വിസ്മരിച്ച്! ഒരുപക്ഷെ, അതിലേറേ പറയുന്ന കാര്യത്തില്‍ ശ്രദ്ധിക്കുന്നതുകൊണ്ടാകും); അവന്‍ തീരെ ചെറുപ്പം, തനിക്ക് മധ്യവയസ്സ്! അവന്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നു, താന്‍‍ തനി കേരളത്തില്‍.. ഇങ്ങിനെ പല വൈരുധൈങ്ങളും ഉണ്ടെങ്കിലും തങ്ങള്‍ക്കെങ്ങിനെ ഒരുപോലെ പല ദൃശ്യങ്ങളും വിലയിരുത്താനാകുന്നു!!
‘ഇന്ന് എന്റെ കൂടെ വന്നവര്‍ എല്ലാരും പാസ്സായി അമ്മെ?!’
‘എന്റെ കൂട്ടുകാരനും വീട്ടില്‍ പറയാതെയാണു വന്നത്.. കഴിഞ്ഞ പ്രാവശ്യം പറഞ്ഞിട്ടു വന്നപ്പോള്‍ തോറ്റുപോയത്രെ!’, അങ്ങിനെ ഓരോ കാര്യങ്ങള്‍..

ഒടുവില്‍ കാശ് ഇടാന്‍ മെഷീന്റെ അടുത്തുപോയപ്പോള്‍ ഇടുന്നതിനു പകരം ഉള്ളതും കൂടി വെളിയില്‍ എടുത്തു! ഒരു ചെറിയ സ്വിച്ചിന്റെ വ്യത്യാസത്തില്‍ എന്തെല്ലാം അല്‍ഭുതങ്ങള്‍ ഈ ലോകത്തില്‍ സംഭവിക്കാനിരിക്കുന്നു എന്റെ ദൈവമേ!

കത്തിക്കരിയുന്ന വയറിന്റെ എരിച്ചിലിനിടയിലും, ഹൃദയം വല്ലാതെ ആര്‍മാദിക്കുന്നുണ്ടായിരുന്നു.. വാസ്തവത്തില്‍ മകനാണോ ലൈസന്‍സ് കിട്ടിയത് തനിക്കാണോ? ഒരു കണ്‍ഫ്യൂഷന്‍!

തനിക്കു കിട്ടാതെ പോയ ഭാഗ്യങ്ങള്‍ മക്കളെങ്കിലും അനുഭവിക്കുന്നത് കാണാനും ഒരു ത്രില്‍..
മീര മകനോടൊപ്പം നേരേ ഫുഡ്സ്റ്റോളിലേക്ക് നടന്നു...

[ശരിക്കും പറഞ്ഞാല്‍ ഈ കഥയല്ലായിരുന്നു പബ് ളീഷ് ചെയ്യാന്‍ വന്നത്.. മറ്റൊരു കഥ..
പക്ഷെ ധൈര്യം അല്പം കുറവ്.. അതുകൊണ്ട് മാറ്റിവച്ചു..]

ഞാന്‍ പാതി.. നീ പാതി...  

Posted by Askarali

ലോകം മുഴുവനും ബോറഡിയിലും ടെന്‍ഷനിലും പെട്ട് ഉഴലുമ്പോള്‍ തനിക്കു മാത്രമായി ഒരു ബോറഡിയും ടെന്‍ഷനും ഒക്കെ തിരഞ്ഞുപിടിക്കാനും ഒരു ബുദ്ധിമുട്ട്! മീര ബോറഡി മാറ്റാനായി പോയി ഒന്നുരണ്ട് കറികള്‍ വച്ചു.. അപ്പോള്‍ തിരക്കായി.. ശരീരം അനങ്ങി ജോലിയൊക്കെ ചെയ്തപ്പോള്‍ ബോറഡി കുറഞ്ഞെന്നു തോന്നുന്നു..

‘നമുക്ക് നമ്മുടെ ബോറഡി മാറ്റുന്നതെങ്ങിനെ എന്ന് തല്‍ക്കാലം ആലോചിക്കാം.. നമ്മള്‍ രക്ഷപ്പെട്ടശേഷമല്ലെ ലോകത്തെ ആകമാനം വിഴുങ്ങുന്ന ബോറഡിയും ടെന്‍ഷനും ഒക്കെ മാറ്റുന്നതെങ്ങിനെ എന്ന് ആലോചിക്കാന്‍ കൂടി പറ്റൂ.. സ്വയം രക്ഷിക്കുന്നവനെയേ ദൈവ്ം തമ്പുരാന്‍ പോലും രക്ഷിക്കുകയുള്ളൂ എന്നാണ്‌ പ്രമാണം..’ മീര ആത്മഗതം ചെയ്തു..

ടെന്‍ഷനും ബോറഡിയും ജോലികളും എല്ലാം കൂടി മീരയ്ക്ക് ശ്വാസം മുട്ടുമ്പോലെ... കുളിച്ചൊരുങ്ങി അമ്പലത്തില്‍ പോകാനും, വീട്ടില്‍ ഇരുന്ന് സമാധാനമായി പ്രാര്‍ത്ഥിക്കാനും ഒക്കെ വല്ലാത്ത മോഹം ഇടയ്ക്കൊക്കെ തോന്നും.. മീര ദൈവത്തോട് തീര്‍ത്ത് പറഞ്ഞു, ‘എനിക്ക് എന്നുമൊന്നും പ്രാര്‍ത്ഥിക്കാനൊന്നും പറ്റിയെന്നു വരില്ല, ദയവുചെയ്ത്, ഞാന്‍ ഈ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ (വീട്ടുജോലികള്‍..) മുഴുവനും അങ്ങേക്കു വേണ്ടിയാണെന്ന് കരുതിക്കോളൂ.. എന്റെ കടമകള്‍ ഒക്കെ തീര്‍ന്ന് ഞാന്‍ ഫ്രീയാകുമ്പോള്‍ പിന്നെ കിട്ടുന്ന സമയം മുഴുവനും അങ്ങയുടെ അടുത്ത് ചിലവഴിക്കാം..’ (അപ്പോള്‍ കുറച്ചുകൂടി പ്രായമാവുകയും ചെയ്യും, പിന്നെ ബ്ലോഗെഴുതാനും തോന്നില്ലല്ലൊ, അപ്പോള്‍ കമ്പ് ളീറ്റ് സമയം അങ്ങയും ഞാനും! സുഖം സ്വസ്ഥം!..)

അതിനിടയില്‍ ‘മകന്‍’ വന്ന്, കുളിച്ച്, ആഹാരം കഴിച്ച്, വീണ്ടും വെളിയില്‍ പോയി..! വളരെ ബോറഡി തോന്നുമ്പോള്‍ ഭര്‍ത്താവിനെ മകനായി കരുതും.. അല്ലെങ്കില്‍ വഴക്കാവും.. ഒരു മകനെ അമ്മ നോക്കുന്നത് തിരിച്ചൊന്നും പ്രതീക്ഷിച്ചല്ലല്ലൊ, അതുപോലെ കരുതിയാല്‍ പിന്നെ പരിഭവമൊന്നും തോന്നില്ല. അല്ലെങ്കില്‍ വീക്കെന്റ് ആകുമ്പോള്‍ മറ്റ് ഭര്‍ത്താക്കന്മാരെപ്പോലെ ഭാര്യയെ ഷോപ്പിംഗിനു കൊണ്ടുപോകാനോ, മക്കളോടൊപ്പം വല്ല പിക്നിക്കിനോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനോ ഒക്കെ പോകണം എന്ന ഒരു ആഗ്രഹം എത്ര അടിച്ചമര്‍ത്തിയാലും വീണ്ടും ഉയിര്‍ത്തെണീല്‍ക്കും.. തന്റെ ജീവിതത്തില്‍ അതൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് മീര അംഗീകരിക്കാന്‍ പഠിച്ചുകഴിഞ്ഞു..

അതിനു സഹായകമാം വിധം ഒരു സംഭവവും ആയിടയ്ക്കുണ്ടായി..
തനിക്ക് ബോറഡി കോണ്ട് പൊറുതി മുട്ടുമ്പോഴോ ഭര്‍ത്താവിനോട് കടുത്ത പരിഭവം തോന്നുമ്പോഴോ, ഉറ്റസുഹൃത്തുക്കളോടോ നാട്ടില്‍ അമ്മയോടോ വിളിച്ച് പരിഭവം പറയുന്ന സ്വഭാവം മീരയ്ക്കുണ്ടായിരുന്നു..
മീര ഒരിക്കല്‍ തകര്‍ത്തുവച്ച് പരിഭവം പറഞ്ഞ് , ‘താന്‍ നായികയും മറ്റുള്ളവരെയൊക്കെ വില്ലന്മാരും വില്ലത്തികളുമാക്കി’ അല്പം സമാധാനത്തോടെ ഫോണ്‍ താഴെ വച്ച് നല്ല അമ്മയായി ചിരിച്ചും കൊണ്ട് മകാളുടെ അടുത്ത് എന്തോ കാര്യത്തിന് ചെല്ലുമ്പോള്‍.. മകള്‍ (രേവതിക്കുട്ടി) ചോദിച്ചു..
“ അമ്മേ നമ്മുടെ വീട്ടുകാര്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് സമാധാനം കിട്ടിയോ?!”
‘അതുപിന്നെ, തീരെ നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ വിശ്വസ്ഥരായ ആരോടെങ്കിലും പറയുന്നത് ഒരാശ്വാസമല്ലെ?’ മീര അല്പം ശങ്കയോടെ ചോദിച്ചു..
രേവതി: വിശ്വസ്ഥര്‍ അല്ലെ? അമ്മയ്ക്കെങ്ങിനെ അറിയാം അവര്‍ എല്ലാം രഹസ്യമായി വയ്ക്കും എന്ന്?
മീര: അവര്‍ നല്ലവരായതുകൊണ്ടാണ് പറയുന്നത്.. നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരോട് ഓരോ വിഷമങ്ങള്‍ പറയില്ലേ, അതുപോലെ..
രേവതി: അമ്മേ, ഇങ്ങിനെ വീട്ടുകാര്യങ്ങള്‍ മുഴുവന്‍ പറയുന്നത് നന്നല്ല. ഞാന്‍ അമ്മയെ വെറുക്കുന്നു..
മീര: എങ്കിപ്പിന്നെ അമ്മ എന്തുചെയ്യണം? മോളു തന്നെ പറയൂ.. (മീരയ്ക്കും അല്പം പശ്ചാത്താപം തോന്നിയിരുന്നു.. പരിഭവം തീരുമ്പോള്‍ മീര എല്ലാം മറക്കും പക്ഷെ, കേട്ടവര്‍ മറക്കില്ലല്ലൊ, അത് മക്കളുടെയും ഫാമിലിയല്ലെ..)
മീര: മോളോട് പറയട്ടെ അമ്മയുടെ വിഷമങ്ങള്‍?!
രേവതി: അമ്മേ ആദ്യം അമ്മ ആരോടും പറയാതിരിക്കാന്‍ ശീലിക്കൂ.. പിന്നെ ദൈവത്തോട് മാത്രം പരിഭവങ്ങള്‍ പറയാന്‍ ശീലിക്കൂ..അതും കഴിഞ്ഞ് അടുത്ത സ്റ്റെപ്പ് ആയി അമ്മ എന്നോട് പറഞ്ഞോളൂ ഞാന്‍ ശ്രദ്ധിക്കാം..(അത്രയുമായപ്പോഴേക്കും മകളുടെ ചുണ്ടില്‍ ചെറിയ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു..! അതു കണ്ട് മീരയുടെയും ഹൃദയം കുളിര്‍ത്തു..)
മീര അതിശയത്തോടെ മകളെ നോക്കി! കൊച്ചു കുട്ടി എന്നു കരുതിയിരുന്ന മകള്‍ വലുതായിരിക്കുന്നു.. വിവേകത്തോടെ സംസാരിക്കുന്നു!
മീരയുടെ കണ്ണുകള്‍ നിറഞ്ഞു, “ ഇല്ല അമ്മ ഇനി ആരോടും ഒന്നും പറയില്ല..”
അപ്പോള്‍ മകള്‍ വീണ്ടും, “ അമ്മേ അച്ഛനു അമ്മയെ വെളിയില്‍ കൊണ്ട് പോകാനും സന്തോഷിപ്പിക്കാനും പറ്റുന്നില്ല എന്നല്ലെയുള്ളൂ, അതില്‍ കൂടുതല്‍ സുരക്ഷിതത്വം മര്യാദ ഒക്കെ അച്ഛന്റെ ഭാര്യ എന്ന നിലയില്‍ കിട്ടുന്നില്ലേ?!”
മീര തലകുലുക്കി സമ്മതിച്ചു.
താന്‍ തന്റെ ഒറ്റപ്പെടല്‍, അവഗണന, അന്യായങ്ങള്‍ എല്ലാം സഹിച്ചത് മക്കളെ വളര്‍ത്താനായിരുന്നല്ലൊ, എന്നിട്ട് ദൈവം അവരില്‍ക്കൂടി സംസാരിക്കുമ്പോള്‍ താന്‍ അത് ശ്രദ്ധിക്കാതെ വീണ്ടും പരിഭവങ്ങളുമായി നടക്കുന്നത് കഷ്ടം തന്നെ..! മീര ശരിക്കും പശ്ചാത്തപിച്ചു.. അതില്‍‌പിന്നെ മറ്റുള്ളവരോട് പരാതി പറച്ചില്‍ വളരെ കുറച്ചു.

[ കഥയായിട്ടെഴുതാമെന്നു വച്ചാലും ബോറാകുന്നു.. ആത്മഗതമായിട്ടെഴുതിയാലും ബോറാകുന്നു..
എല്ലാം ബോറായി തീരുന്ന ഈ ലോകത്ത് ആത്മയുടെ എഴുത്തുമാത്രം എങ്ങിനെ ബോറല്ലാതാകും?! അല്ലാ പിന്നെ!- അതിനെടേല്‍ മൊബൈല്‍ ഫൊണിലെ ഇന്റര്‍നറ്റ് കണക്ഷനും പോയീ! ഭയങ്കര ചാര്‍ജ്ജാകുന്നത്രെ!-ആത്മയും അറിഞ്ഞില്ല ഇത്രേം ആകുമെന്നു! ഇനി വിശേഷങ്ങളൊക്കെ അറിയാന്‍ ലാപ്ടോപ്പിനെ അഭയം പ്രാപിച്ചാലേ രക്ഷയുള്ളൂ..ഹും!]

തുടരും..

ഒരു മഴക്കാലം...  

Posted by Askarali

തലേ ദിവസം രാത്രി മുതല്‍ തകര്‍ത്തുപെയ്ത മഴ! രാവിലേം തുടരുന്നു.. പ്രകൃതിയാകെ മഴയില്‍ കുളിച്ച് തണുത്തു വിറച്ചു നില്‍ക്കുന്നു..! മീരയും തണുത്തു വിറച്ച് കൂനിക്കൂടി കിടന്നു..തണുപ്പ് അധികമായാല്‍ പിന്നെ മീരയുടെ കയ്യും ഓടല, കാലും ഓടല.. എന്തുചെയ്യാന്‍!

ഇന്നലെ ബ് ളോഗില്‍ എഴുതാന്‍ നിറയെ വിശേഷങ്ങള്‍ ഉണ്ടായിരുന്നു.. മകളെ സ്കൂള്‍ ടൂറിനു കൊണ്ടാക്കി തിരിച്ചു വരുമ്പോള്‍ ടാക്സിക്കാരനുമായി നടത്തിയ സംഭാഷണം മുഴുവന്‍ അപ്പടി പകര്‍ത്തണം എന്നൊക്കെ പറഞ്ഞായിരുന്നു പകലൊക്കെ നടന്നത്.. തലതിരിഞ്ഞ സ്വഭാവം കാരണം ഒന്നും നടന്നില്ലാ.. നിറയെ ജോലികിടക്കുമ്പോള്‍ പോയി തകൃതിയായി ബ് ളോഗെഴുതും.. നിറയെ ചിന്തകള്‍ കിട്ടുമ്പോള്‍ പോയി തകൃതിയായി വീട്ടുജോലികള്‍ ചെയ്യും.. വീട്ടിനുവേണ്ടി ഇനി ഇതില്‍ ക്കൂടുതല്‍ ഒന്നും ചെയ്യാ‍നാവാത്തവിധം തളര്‍ന്നപ്പോള്‍ മീര ബ് ളോഗിനടുത്തെത്തി.. (കുളി ഉപേക്ഷിച്ചു! ഉപേക്ഷിക്കാന്‍ പറ്റുന്നത് അതൊന്നേ ഉള്ളൂ! ഇന്നല്ലെങ്കില്‍ നാളെ മണ്ണായി മാറുന്ന ശരീരം..)

എന്തുചെയ്യാന്‍?! കോരിച്ചൊരിയുന്ന മഴ! ആദ്യമൊക്കെ ധൈര്യമായി ഇരുന്നു.. ഒടുവില്‍ പിന്നെ ബ് ളോഗൊക്കെ പൂട്ടിവച്ച് തകര്‍ത്ത് പെയ്യുന്ന മഴയെ സാകൂതം നോക്കിയിരുന്നു.. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയീ.. ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച ശരീരം അല്പം മഴക്കാറ്റേറ്റ് അല്പം ആശ്വസിച്ചൊട്ടെ എന്നു മീരയും കരുതി..

മഴകൊണ്ട് തണുത്താറിയ മനസ്സുമായി മീര വീട്ടുജോലികള്‍ ഓരോന്നായി ഒതുക്കി.. ഇടയ്ക്ക് എഴുതാന്‍ സമയം കിട്ടുന്നില്ല. എഴുതാനായി വരുമ്പോള്‍ മക്കള്‍ ടി.വി യില്‍ ഏതെങ്കിലും ചാനല്‍ വച്ച് കാണുകയാവും.. അതിനിടയില്‍ കോണ്‍സ്ണ്ട്രേഷനോടെ എഴുതാനും പറ്റില്ലല്ലൊ,

വൈകുന്നേരം എഴുതാന്‍ ചെന്നപ്പോള്‍ പെട്ടെന്ന് തോന്നി പുറത്ത് പുല്‍ത്തകിടി ഒന്ന് വൃത്തിയാക്കാം എന്ന്. മഴപെയത് ഇളക്കം വന്ന മണ്ണില്‍ നിന്നും കളകള്‍ പിഴുതു മാറ്റാന്‍ എളുപ്പമാണ്.. തകൃതിയായി കളകള്‍ പിഴുതെടുക്കുമ്പോള്‍ , “മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..” എന്ന പാട്ട് ഓര്‍മ്മ വന്നു.. ഈ കളകളും സ്വപ്നങ്ങളും പേറി മണ്ണിനടിയില്‍ വേനല്‍ക്കാലം മുഴുവന്‍ ക്ഷമയോടെ കാത്തു കിടന്നിരിക്കണം മഴവരുമ്പോള്‍ മുളയ്ക്കാമെന്ന പ്രതീക്ഷയുമായി...

--- ബിഹൈന്റ് ദി സ്റ്റോറി--
‘ഹോ! ഇത്രേം എഴുതിയപ്പോള്‍ ഒരു മൂഡൊക്കെ വരുന്നു.. !’ ഒരു ചായയും ഉണ്ട് അടുത്ത് കൂട്ടിനായി..
അടുക്കളേല്‍ കിടക്കുന്ന അല്പസ്വല്പം ജോലി തല്‍ക്കാലം നീട്ടിവച്ച് എന്റ് ബ് ളോഗിനെ ഒന്ന് പൊലിപ്പിച്ചിട്ടു തന്നെ കാര്യം! മീര എഴുതി തുടങ്ങി...

[ദാ എഴുതി തുടങ്ങിയപ്പോള്‍ മകാളു വന്നു പറയുന്നു, “ അമ്മാ, ‘പേരന്റ് ഹുഡ്’ (പുതിയ സീരിയല്‍) തുടങ്ങാന്‍ പോകുന്നു..” എന്ന്! എങ്കിപ്പിന്നെ പോയിട്ട് വരാം..
ജോലിയൊക്കെ ഒതുക്കീട്ട് കുറച്ചുകൂടി നന്നായി എഴുതാം... ]
---
‘പേരന്റ്റ് ഹുഡ്’ കണ്ടെന്നു വരുത്തിയതേ ഉള്ളൂ ട്ടൊ, നിറയെ ജോലികള്‍ അടുക്കളേല്‍..
ബ് ളോഗെഴുതാത്ത വെപ്രാളം.. ഇതിനെടേല്‍ എങ്ങിനെ കാണാന്‍..! പിന്നെ മക്കളോട്, “എടേ, പേരന്റ് ഹുഡ് വരുമ്പോള്‍ എന്നെക്കൂടി വിളിക്കണേ..” എന്നു പറഞ്ഞിട്ട്, ചെല്ലാതിരുന്നാല്‍ നാളെതൊട്ട് വിളിക്കില്ല.

ആത്മ ‘പേരന്റ് ഹുഡും’ പിന്നെ ‘Desperate housewives’ മാത്രമേ കണിശമായി കാണുകയുള്ളൂ..
‘Desperate housewives’ തുടങ്ങുമ്പോള്‍ മകള്‍ വിളിക്കും, “ അമ്മേ ചീത്ത പെണ്ണുങ്ങളുടെ കഥ തുടങ്ങാന്‍ പോകുന്നു.. വേണമെങ്കില്‍ ഓടി വാ” എന്ന്! ചീത്തപ്പെണ്ണുങ്ങള്‍ എന്ന് അവര്‍ക്ക് പേരിട്ടത് ആത്മ തന്നെയാണ് ട്ടൊ. "മക്കളേ, ഇത് മുതിര്‍ന്നവര്‍ കാണുന്ന സീരിയല്‍ അല്ലെ, ചീത്ത പെണ്ണുങ്ങളുടെ സീരിയല്‍..നിങ്ങള്‍ ഇതൊന്നും പാര്‍ക്കക്കൂടാത് ".. എന്നു പറഞ്ഞിട്ടും വീണ്ടും കാണുന്നു..! എങ്കിപ്പിന്നെ ആത്മേം കൂടി കണ്ടുകളയാം എന്നു കരുതി.. അത്രയേ ഉള്ളൂ..
ഇനി കഥ തുടരട്ടെ,
----
പിറ്റേന്നും മഴ തുടര്‍ന്നു.. മഴയില്‍ തണുത്തു മരവിച്ചു നില്‍ക്കുന്ന പ്രകൃതി! മീരയ്ക്കിഷ്ടമാണ് ഈ പ്രകൃതി! തോരാതെ പെയ്യുന്ന ഈ മഴ! ഈ മഴയിലൂടെ ആത്മ ഒരു ഷോപ്പിംഗ്.. പക്ഷെ, പോകുന്നത് എത്ര മഴയ്ത്തും ലാവയുടെ ചൂടും പേറി നടക്കുന്ന ഒരാത്മാവിനോടൊപ്പമാണ് . ഏതു കൊടും മഴയുടെ തണുപ്പിനെയും ബാഷ്പീകരിച്ച് ഭസ്മമാക്കാന്‍ കഴിവുള്ള ഒരു സൂര്യന്‍! എങ്കിലും പോയി വരട്ടെ, സൂര്യന്‍ പാതി വഴിയില്‍ ഇറക്കിവിടും.. പിന്നെ തനിച്ച്... മഴ തന്ന തണുപ്പും പേറി, മഴയിലൂടെ, മഴയുടെ താളവും ഈണവും പേറി, മഴയെ ആത്മാവിനുള്ളില്‍ വഹിച്ച് ഒരുന്മാദിനിയെപ്പോലെ..

ഷോപ്പിംഗ് കോപ് ളക്സിനകത്തും മഴയുടെ തണുപ്പ് അരിച്ചിറങ്ങി വരുമ്പോലെ.. മീരയ്ക്ക് മഴയെ ഇഷ്ടമാണ്.. മഴ വേനലിന്റെ താപത്തിനെ മറപ്പിക്കുന്നു.. മഴ ആത്മാവില്‍ പുതു രാഗം ഉണര്‍ത്തുന്നു.. തന്നെ ഇറക്കിവിട്ട് അധിവേഗം ഓടി മറയുന്ന വണ്ടി നോക്കി മീര ഒരു നിമിഷം നിന്നു.. പിന്നെ, മനസ്സില്‍ ഒരു മഴപ്പാട്ടും മൂളിക്കൊണ്ട് മീര ഷോപ്പിംഗ് കോമ്പ് ളക്സിനകത്ത് കയറി..

ആള്‍ക്കാരൊക്കെ അപരിചിതരാണെങ്കിലും ഇന്ത്യാക്കാരല്ലെ! ഇന്ത്യയില്‍ എത്തിയ ഒരു ഫീലിംഗ്
തോന്നും ഉള്ളില്‍ വിഹരിക്കുമ്പോള്‍.. ഇടയ്ക്കിടെ മലയാളവും കേള്‍‌ക്കാം..! പിന്നെ ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി ഇന്ത്യയില്‍ എല്ലാ ഭാക്ഷക്കാരെയും വേഷക്കാരെയും കാണാം.. സെയില്‍‌സ് ഗേള്‍സും ബോയ്‌സും ഒക്കെ പരിചിത മുഖമാണ് പിന്നെ ഷോപ്പിന്റെ മിക്കയിടങ്ങളും ചിരപരിചിതമാണ്.. അപ്പോള്‍ വന്നുപോകുന്ന ഈ വിസിറ്റേര്‍സ് ആ‍യ ഇന്ത്യാക്കാരെ കാണുമ്പോള്‍ തന്റെ കുടുംബത്തില്‍ വിരുന്നിനു വന്ന് ആഘോഷിക്കുന്ന ബന്ധുക്കളെപ്പോലെയൊക്കെ ഒരു തോന്നല്‍ വരും.. “ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ”എന്നൊക്കെ തോന്നണമെങ്കില്‍ അന്യനാട്ടില്‍ നാടുകടത്തപ്പെടണം..എനീട്ട് ഇതുപോലെ ഒരു ഇന്ത്യന്‍ ഷോപ്പിംഗ് മാളില്‍ എത്തിപ്പെടണം..!

സി. ഡി സെക്ഷനിലാണ് ആദ്യം കാലുകള്‍ നയിച്ചത്.. നീലത്താമരയും പഴശ്ശിരാജയും ചിരിച്ചുകൊണ്ട് വരവേറ്റു! ‘ഉം! നിങ്ങളെന്താ ഇവിടെ? ഇത്ര പെട്ടെന്നെത്തിയോ?, ആക്ച്വലി എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.. പക്ഷെ ഇന്ന് വന്നത് ‘ബിഫോര്‍ സണ്‍ റൈസ് ’ഉം ‘ബിഫോര്‍ സണ്‍ സെറ്റും’ വാങ്ങാനാണു’. അല്ലെങ്കിലും മറ്റു ഭാക്ഷക്കാരെ കാണുമ്പോള്‍ മലയാളത്തെ ഒന്നു കൊച്ചാക്കാന്‍ ഉള്ളിലെ മലയാളി വിതുമ്പി. അങ്ങിനെ അങ്ങ് പെട്ടെന്ന് മലയാളം പടം എടുക്കാന്‍ ഒരു മടി! സെയിത്സ് മാന്‍ എന്തു കരുതും! ഒരു കൂതറ മലയാളി വന്ന് മറ്റൊന്നും വാങ്ങനില്ലാത്തപോലെ മലയാളം പടം എടുക്കുന്നതു കണ്ടോ! എന്നു വിചാരിക്കില്ലേ?!ഇന്‍ഫീരിയോരിറ്റി കോമ്പ് ളക്സ്!. ഈ ഇന്‍ഫീരിയോരിറ്റി കോമ്പ്ളക്സാകണം മലയാളികളെ മലയാളം മറക്കാനും അന്യഭാക്ഷകളെ ആശ്രയിക്കാനും പ്രേരിപ്പിക്കുന്നത്.

‘വാങ്ങണോ വാങ്ങണ്ടേ എന്ന് ഒരിക്കല്‍ക്കൂടി ആലോചിച്ചിട്ടു വരാം നീലത്താമരേ..’ എന്നും മനസ്സില്‍ പറഞ്ഞ്, സി. ഡി കട മുഴുവന്‍ കറങ്ങി, സണ്‍ സെറ്റും സണ്‍ റൈസും ഒക്കെ എടുത്ത് നല്ല ഡീസന്റ് ആയി മടങ്ങി വീണ്ടും നീലത്താമരയുടെ അടുത്തെത്തി , ‘ഇനി നിന്നെ പരിഭവപ്പെടുത്തണ്ട, എടുത്തേക്കാം..’ എന്നു കരുതി കൈ നീട്ടുമ്പോള്‍..! ങ്ഹേ! എവിടെ നീലത്താമര?! അവളെ ഇതിനകം ആരോ ആണുങ്ങള്‍ അടിച്ചോണ്ട് പോയിരുന്നു...! വിശ്വാസം വരുന്നില്ല.. പത്തുമിനിട്ടിനു മുന്‍പ് എന്നെ നോക്കി ചിരിച്ച നീലത്താമര! കഷ്ടമായിപ്പോയി അപ്പോഴേ എടുക്കാനുള്ളതായിരുന്നു..

സി. ഡി സെക്ഷന്‍ ബോയിയോട് പോയി ചോദിച്ചു “നീലത്താമരയുണ്ടോ..?, ഞാന്‍ 10 മിനിട്ട് മുന്‍പും കണ്ടതായിരുന്നു..” അയാള്‍ വന്ന് തന്നാലാവും വിധം പരതി.. കിട്ടിയില്ല. അവള്‍ പറന്നേ പോയിരുന്നു.. ഇനി എവിടെ തിരയാന്‍! എങ്കിലും വെറുതെ അവിടെ ചുറ്റിപ്പറ്റി അല്പനേരം കൂടി നടന്നു.. നീലത്താമരയുടെ ആത്മാവ് അവിടെയൊക്കെ അലയുന്നപോലെ! ഒടുവില്‍ പഴശ്ശിരാജയും എടുത്ത് മനസ്സില്ലാ മനസ്സോടെ നടന്നകലുമ്പോഴും കയ്യെത്തും ദൂരത്തു നിന്നും പറന്നുപോയ നീലത്താമരയായിരുന്നു മനസ്സില്‍ നിറയെ..

ഷോപ്പിംഗ് മാളികത്ത് വേണ്ടതിലധികം സമയം കിട്ടി ചുറ്റിത്തിരിയാന്‍.. തനിയേ നടക്കുന്നതാണ് നന്ന്.. അപരിചിതരുടെ ഇടയില്‍ അപരിചിതത്വവും പേറി നടക്കാന്‍ മീരയ്ക്ക് വലിയ ഇഷ്ടമാണ്.. ഓരോ വസ്തുക്കളും കൌതുകത്തോടെ നോക്കി നടന്നു.. വളരെ നേരം നോക്കി നിന്ന് തനിക്ക് ഇഷ്ടമായെങ്കില്‍ മാത്രം ചിലത് വാങ്ങി.. മനസ്സില്‍ വലിയ സംതൃപ്തി തോന്നിയെങ്കിലും നീലത്താമരയുടെ വിതുമ്പല്‍ ബാക്കി നിന്നു.

ഒടുവില്‍ മടങ്ങിയെത്തിയ ഭര്‍ത്താവിനൊടൊപ്പം വൈകി ലഞ്ച് കഴിക്കുമ്പോള്‍ നാവിന്റെ തുമ്പില്‍
നീലത്താമരയുടെ വിശേഷം പറയാന്‍ വിതുമ്പി.. പക്ഷെ, ഭയം! “ഓ! അപ്പോള്‍ നീ സി. ഡി വാങ്ങാനാണു പോയത് അല്ലെ?! കുട്ടികളുടെ കാര്യമൊന്നും നോക്കാതെ സിനിമയും കണ്ട്..” എന്നൊക്കെ എന്തെങ്കിലും പറഞ്ഞ് പിന്നെ പറയാന്‍ വന്നത് മറന്ന് മറ്റൊരു ലോകത്തെത്തിക്കും.
സാരമില്ല.. എല്ലാം പറയാന്‍ ഇപ്പോള്‍ ഒരു ബ് ളോഗുണ്ടല്ലൊ, പിന്നെ എന്തിനു വെറുതെ..

മടങ്ങി വീട്ടിലേക്ക് പോകാന്‍ നേരം കാര്‍പാര്‍ക്കില്‍ വച്ച് ആ വലിയ ഷോപ്പിംഗ് കോപ് ളക്സിന്റെ ഉടമ
മറ്റാരോടോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന കണ്ട് ഭര്‍ത്താവ് തല തിരിക്കാനാവും വരെ തിരിച്ച് നോക്കി നോക്കി.. പറഞ്ഞു, “ഹോ! ഇയ്യാളുടെ ഒരു ഭാഗ്യം! എനിക്ക് ഇയ്യാളോട് അസൂയയാണ്..!”
പതിവായി അദ്ദേഹത്തെ കാണുമ്പോള്‍ പറയാറുള്ള പല്ലവിയാണ്.. ആ മുതലാളിയുടെ ഫാന്‍ ആണ് താന്‍ എന്ന് ആവര്‍ത്തിച്ച് പറയാന്‍ ഒരു ത്രില്‍! പക്ഷെ, ആത്മയ്ക്ക് അയാളെ കാണുമ്പോള്‍ ഒരു പ്രത്യേകതരം സഹതാപം വന്നു നിറയും..ചിലപ്പോള്‍ മീര പറയും, “അയാള്‍ക്കറിയാം അയാള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍.. ഇത്രയുമില്ലെങ്കിലും സ്വന്തമായി ബിസിനസ്സ് നടത്തുന്ന നിങ്ങള്‍ക്കുപോലും ശരിക്ക് റെസ്റ്റും ഉറക്കവും ഒന്നും കിട്ടുന്നില്ല, അപ്പോള്‍ അയാളുടെ സ്ഥിതി എന്തായിരിക്കും?!”
ഇപ്രാവശ്യവും സമാധാനിപ്പിക്കാന്‍ വാക്കുകള്‍ തെകിട്ടി വന്നു..
‘ഓ! നിങ്ങളെപ്പോലെ ഒരാളാകാന്‍ ആഗ്രഹിക്കുന്ന എത്രയോ പേര്‍ കാണും! നിങ്ങളും നിങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വിജയിച്ചു നില്‍ക്കുന്ന ആളല്ലെ?!’ എന്നൊക്കെ പറയാന്‍ തോന്നി..
പിന്നെ സഡണ്‍ ബ്രേക്കിട്ടു... തന്റെ ‘നീലത്താമര’ കിട്ടാത്ത വിഷമം പങ്കുവയ്ക്കാന്‍‍ ക്ഷമയില്ലാത്ത ഒരു സ്വഭാവത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു മടി.. തന്റെ പ്രോത്സാഹനം ഒട്ട് ആവശ്യമില്ലാതാനും..

വീടെത്താറായപ്പോള്‍ ചോദിച്ചു, “നീ ഫുട്ട്ബോള്‍ കളി കാണാന്‍ വരുന്നോ?!’
‘ങ്ഹേ! എവിടെ?!’
‘കമ്യൂണിറ്റി സെന്ററില്‍’
‘കണ്ടാല്‍ കൊള്ളാമെന്നുണ്ട്.. പക്ഷെ.. പക്ഷെ.. സമയമില്ല.. വീട്ടില്‍ ചാനല്‍ എടുത്തുകൂടെ?’
‘ഓ, പിന്നെ ഉറങ്ങാനൊന്നും പറ്റില്ല.. ഇതു പിന്നെ പോകാതെ പറ്റില്ല.. ഞാനാണ് ഓര്‍ഗനൈസ് ചെയ്യുന്നത്..’ (കളിയിലും കാര്യം!)

അല്പം കഴിഞ്ഞ് കളി മുഴുവനും കാണാതെ മറ്റൊരു മീറ്റിംഗിനും പിന്നെ മറ്റൊന്നിനും ഒക്കെ പോയി ക്ഷീണിച്ച് വന്ന്, അഹാരം കഴിച്ച് ഉറങ്ങും.. അതിരാവിലെ വീണ്ടും കര്‍മ്മരഗത്തിറങ്ങാന്‍! ജീവിക്കാനറിയാത്ത സ്ത്രീയും ജീവിതം കൊണ്ട് വേണ്ടതിലധികം കളിക്കുന്ന പുരുഷനും..!

മഴ അവശേഷിപ്പിച്ചുപോയ തണുപ്പും തേടി മീര ഷോപ്പിംഗ് സാധനങ്ങളുമായി വീട്ടിനകത്തു കയറി..

ചിത്തിരത്തോണിയില്‍‌ അക്കരെപ്പോകാന്‍‌...  

Posted by Askarali

അവൾ തനിയെ തുഴയുകയായിരുന്നു.. അപരിചിതമായ സ്ഥലത്തുകൂടി.. ആദ്യം എല്ലാവരുമുണ്ടായിരുന്നു.. അച്ഛനും അമ്മയും സഹോദരനും സഹോദരിമാരും ഒക്കെ.. പരസ്പരം ഒരോന്നു പറഞ്ഞും പങ്കുവച്ചും വരവെ പെട്ടെന്ന് ഒരൊഴുക്കില്പെട്ട് അവളുടെ വള്ളം ഒറ്റയ്ക്കായിപ്പോയി.. ഗതിമാറിയൊഴുകുന്ന ആ വള്ളത്തിലിരുന്ന് അവൾ നിലവിളിച്ചു.. നോക്കെത്തും ദൂരത്തൊക്കെ ആഴിമാത്രം! പരിചയമുള്ള ആരുമില്ല..

അവളുടെ ഗതിവേഗം വളരെ മെല്ലെയായി.. പരിഭ്രാന്തയായി അവള്‍ അലറിവിളിച്ചു.. അവളുടെ കരച്ചിലിന്റെ മാറ്റൊലി മാത്രം ശേഷിച്ചു.. ഒടുവില്‍ ഒടുവില്‍ അവള്‍ യാധാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.. സാവധാനം തന്നെ തഴുകി വരുന്ന കാറ്റിനോടും ഒഴുകിമറയുന്ന വെള്ളത്തോടും കഥകൾ പറയാൻ തുടങ്ങി.. ഉദിച്ചുയരുന്ന സൂര്യനെ നോക്കി അച്ഛൻ എന്നും അകലെ കാണുന്ന ഭൂമിയെ നോക്കി അമ്മ എന്നും വിളിച്ചു..

തീർത്തും എകാകിയായിരുന്ന അവളുടെ അരികിൽ, മറയ്ക്കപ്പുറം ഒരു കൂട്ടുകാരന്‍ വന്ന് ഇരുന്നത് എപ്പോള്‍ എന്ന് അവൾ അറിഞ്ഞതേയില്ല! മറ്റെവിടെയോ പോകാനുള്ള ഒരു യാത്രക്കാരന്‍ എന്നോര്‍ത്ത് അദ്യമൊക്കെ അവൾ അകല്‍ച്ച പാലിച്ചു. പക്ഷെ, തങ്ങള്‍ ഒരേപോലെ ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ തങ്ങളുടെ യാത്ര സുഖകരമാക്കി. എതോജന്മത്തിൽ തങ്ങൾ ഒന്നിച്ച് തുഴഞ്ഞ ഒർമ്മ..

അവൾ താൻ‍ അറിയാതെ തന്റെ കഴിഞ്ഞകാലം മുഴുവന്‍ അണുവിട നിര്‍ത്താതെ പറയാന്‍ തുടങ്ങി.. എതോ പൂരിപ്പിക്കപ്പെടാനുള്ള കഥയുടെ ബാക്കിപോലെ.. എന്തിനുവേണ്ടിയാണ് പറയുന്നതെന്നറിയില്ലായിരുന്നു. ഒരുപക്ഷെ, തനിക്ക് ആ യാത്രക്കാരനോട് തോന്നിയ തന്മയീഭാവത്തില്‍ നിന്നുമുള്ള മോചനത്തിനാവണം.. അദ്ദേഹം മൂളിക്കേൾക്കയും ഇടയ്ക്ക് ആശ്വസിപ്പിക്കയും ചെയ്തു .

യാത്ര ആസ്വദിച്ചിരുന്നെങ്കിലും ഒരിക്കലും ലക്ഷ്യം ഒന്നാകില്ലെന്നറിയാവുന്നതുകൊണ്ടോ, തന്നില്‍ അദ്ദേഹം ഏതു നല്ല സ്വഭാവമാണൊ കണ്ടെത്തിയത് എന്നറിയാതെ അവള്‍‍ പരിഭ്രാന്തയായി അവള്‍ പറഞ്ഞു, ‘നിങ്ങള്‍ കാണുന്ന ഞാനല്ല ശരി‍ക്കുമുള്ള ഞാന്‍. തനിക്ക് മറ്റുള്ളവര്‍ നിര്‍ബന്ധിപ്പിച്ച് അണിയിച്ച വേഷങ്ങള്‍ ഒന്നൊന്നായി അവള്‍‍ എടുത്തുകാട്ടി. തനിക്ക് പ്രത്യേകമായി ഒരു നിലനില്‍പ്പില്ലെന്നും പലവുരു ആവര്‍ത്തിച്ചു. തനിക്കുണ്ടായിരുന്ന സ്വപ്നങ്ങളൊക്കെ എന്നോ മണ്ണില്‍ ഊര്‍ന്നുപോയി മറഞ്ഞുപോയി എന്നും അത് തിരഞ്ഞുപിടിക്കേണ്ടയാവശ്യം വരുന്നില്ല എന്നും അദ്ദേഹത്തെ ബോധിപ്പിച്ചു.

കാലം കടന്നുപോയത് അവരറിഞ്ഞില്ല.. അവള്‍ തന്റെ കഥ പറഞ്ഞുകൊണ്ടേ ഇരുന്നു.
അദ്ദേഹം ശ്രദ്ധിക്കുന്നതായി ഭാവിച്ചു..
ആദ്യം ആദ്യം ചില മറു ചോദ്യങ്ങള്‍ വല്ലപ്പോഴും ചോദിക്കുമായിരുന്നു.
പിന്നീട് അതും നിന്നു. വെറും മൂളല്‍ മാത്രമായി.
എങ്കിലും അവള്‍‍ തുടര്‍ന്നുകൊണ്ടിരുന്നു.. വാശിയോടെ.. അദ്ദേഹത്തിന് തന്നോട് തോന്നുന്ന പ്രത്യേകത അത് എന്തായാലും എന്റെ കഥപറച്ചിലില്‍ ഇല്ലാതായിത്തീരും വരെ..
ഒടുവില്‍ അദ്ദേഹത്തിന്റെ മൂളലും കുറഞ്ഞുവന്നു.
അവൾ ചോദിച്ചു , കേള്‍ക്കുന്നുണ്ടോ?
ഉവ്വ്! പറഞ്ഞോളൂ.പറയുന്നതെല്ലാം ഹൃദയ്ത്തില്‍ ശേഖരിച്ചു വച്ചിട്ടുണ്ട്.
എങ്കിലും കഥ പറയുന്ന അവൾക്ക് ഒരു വിരക്തി..
പിന്നെ എന്താ ഒന്നും തീരിച്ചു പറയാത്തത്?
അതിനു സാവകാശം തരാതെ എങ്ങിനെ?
താൻ പറയുന്നതുതന്നെ വീണ്ടും പറയുകയാണെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി.
നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്നറിയാമോ?
ഇല്ലല്ലൊ..
എത്ര ദൂരം ഉണ്ടെന്നറിയാമോ?
അതും അറിയില്ല.
പെട്ടെന്ന് അവൾക്ക് ഭയം തോന്നി, താൻ കഥപറച്ചിൽ നിർത്തുമ്പോൾ, തനിക്ക് പുതു കഥകള്‍ ഒന്നും പറയാനില്ലാതാകുമ്പോള്‍ മൌനിയായിരിക്കുന്ന ഈ കൂട്ടുകാരൻ മറഞ്ഞുകളയുമോ?

ലക്ഷ്യമില്ലാതെ നാം എങ്ങോട്ടാണ് പോകുന്നത്? (ചോദിച്ചുകൂടാത്ത ഒരു ചോദ്യം അവള്‍ ഒടുവില്‍ ചോദിച്ചു- ഗംഗാദേവിയോട് ശന്തനു ചോദിച്ചപോലെ..പക്ഷെ, ആ ചോദ്യം ചോദിക്കുന്നതായിരുന്നു ആ യാത്രയുടെ അവസാനം എന്നവള്‍ അറിഞ്ഞില്ല! )
അദ്ദേഹം മടിച്ചു മടിച്ച് ഉത്തരം പറഞ്ഞു..
എന്തിനായിരുന്നു നാം ഒന്നിച്ചു യാത്രചെയ്തത്?
അതുകൊണ്ട്, യാത്രാക്ഷീണമറിയാതെ ഇത്രദൂരം എത്താനായില്ലേ?
പിന്നെ ഈ സ്നേഹത്തിന്റെ അവസാനം?
അത് എനിക്കും അറിയില്ല.
ഇത്തരത്തില്‍ ഒരു സ്നേഹത്തെപ്പറ്റിയും അറിയില്ല.
(സ്നേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അതിനു ഗതിമുട്ടിയത്..സ്വാഭാവിക നഷ്ടപ്പെട്ട സ്നേഹം വഴിമുട്ടി നിന്നു..)

നിങ്ങളുടെ ശരിക്കുള്ള ലോകവും എന്റെ ലോകവും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്.. നിങ്ങള്‍ ആളുകളുടെ ലോകത്തില്‍ വിഹരിക്കുമ്പോള്‍ എന്റെ ദിവസങ്ങള്‍ തീര്‍ത്തും ഏകാന്തവും വിരസവും ആണ്.. മറഞ്ഞിരുന്നുള്ള ഈ സംസാരം.. ഭാവവിഹ്വാദികളില്ലാതെ.. വെറും സ്വരങ്ങളിലൂടെ രൂപത്തെ തേടിപ്പിടിച്ച് ഞാൻ തളർന്നിരിക്കുന്നു.. എനിക്ക് മനുഷ്യരെ നേരിൽ കാണണം.. സ്നേഹം എന്തെന്നറിയണം.. സ്നേഹത്തിന്റെ രൂപവും ഭാവവും അറിയണം.. എന്നൊക്കെ വിളിച്ച് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ, ഇത്തരത്തിലെ സ്നേഹത്തിന്റെ അന്ത്യം ഇങ്ങിനെ ആവാനേ വിധിയുള്ളൂ.. ഇങ്ങിനെ ആകാനേ പാടുള്ളൂ എന്ന് ഉള്ളിലിരുന്ന് ആരോ അവളെ വിലക്കി.

പക്ഷെ, നിശ്ചലമായ ഈ വള്ളത്തില്‍ എത്രനേരം.. വെറുതെ പറഞ്ഞ കഥകൾ തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ട്.. കണ്ടു പഴകിയ ദൃശ്യങ്ങൾ തന്നെ നോക്കി.. എത്രനാൾ... കൂട്ടുകാരന് ബോറായി തുടങ്ങിക്കാണു... വെറുതെ ലക്ഷ്യമൊന്നും ഇല്ലാതെ ആരെങ്കിലും യാത്രചെയ്യാനിഷ്ടപ്പെടുമോ? എങ്ങിലും വെറുതെ തനിക്ക് സുരക്ഷിതത്വം നല്കാനായി കൂടെ വന്നതാകും! മതി!‌ ഇനി തനിയേ തുഴഞ്ഞുനോക്കാം.. ആർത്തുവരുന്ന തിരമാലകളും വൻ ശ്രാവുകളും കൊടും മഞ്ഞും പേമാരിയും ഒക്കെ സുപരിചിതമായല്ലൊ,.. ഇനി തനിയെ തുഴയാം..

അവര്‍ സഹോദരീ സഹോദരന്മാരായിരുന്നോ, അച്ഛനും മകളുമായിരുന്നോ, അമ്മയും മകനുമായിരുന്നോ, ഭാര്യാഭര്‍ത്താക്കന്മാരായിരുന്നോ ആരായിരുന്നു എന്നോര്‍മ്മയില്ല.. എന്തോ ഒരു ബന്ധമുണ്ടയിരുന്നു ഓരോ ജന്മത്തിലും..

അവിടെ ഒരു വള്ളം ഇപ്പോഴും കാത്തുകിടപ്പുണ്ട്.. ഒന്നിനുമല്ലാതെ വളരെ നാള്‍ ഒന്നിച്ചു തുഴഞ്ഞവരുടെ ഓര്‍മ്മയ്ക്കായി...

[കഥ സാങ്കല്പിക്കമാണെന്നു പറഞ്ഞാലും വിശ്വസിക്കാന്‍ പ്രയാസമാകുമെന്നറിയാം.. ജീവിതാനുവങ്ങള്‍ എഴുതി എഴുതി ഇതും അതുപോലെയാണെന്ന് കരുതിപ്പോകും.. അതുകൊണ്ട് കുറച്ചുകൂടി ഭേദഗതി‍ ചെയ്തു.. ഇനി കഥയായി കാണുമെന്ന് വിശ്വസിക്കുന്നു..]

ഒരു ബ്ലോഗ്‌ മനുഷ്യന്‍..  

Posted by Askarali

മാനസികമായി ക്ഷീണിച്ചിരിക്കുമ്പോൾ ബ്ളോഗെഴുതിയാൽ എങ്ങിനെ ഇരിക്കും എന്ന് പരീക്ഷിച്ചു നോക്കട്ടെ..
ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ പതിവുപോലെ, യാതൊരു ഉന്മേഷവും തോന്നിയില്ല.
ആത്മക്ക് അല്ലെങ്കിലും ഒരു ദിവസത്തെ വരവേല്ക്കുന്നതിനെക്കാളും ഉൽസാഹം വിടപറയാറാകുമ്പോഴാണ്‌ ..
'ഇന്ന് എനിക്ക് ആരും പ്രത്യേക പ്രോബ്ളംസ് ഒന്നും തന്നില്ലല്ലൊ ഇനി ഉറങ്ങാൻ വട്ടം കൂടാമല്ലൊ'. എന്ന ആശ്വാസമാകും.. അതുകൊണ്ട് ഈ ഉറക്കം കഴിവതും ദീർഘിച്ച് അങ്ങ് പോകും..
പകലൊക്കെ ആക്രാന്തത്തോടെ ഭരണചക്രം തിരിച്ച് നടക്കുന്ന പ്രാക്റ്റിക്കൽ മനുഷ്യരൊക്കെ തളർന്നുറങ്ങുന്ന സമയം.. സ്വപ്നം കാണാനും നിർഭയത്തോടെ ജീവിക്കാനും ഒക്കെ വല്ലാത്ത ഒരു ത്രില്ലാണ്‌ .
വിട്ടുകൊടുക്കേണ്ടതൊക്കെ വിട്ടുകൊടുത്തു.. ഇനി തനിക്കായി മാത്രമുള്ള.. ഭരണചക്രം തിരിക്കുന്നവരുടെ കൈകൾ എത്താത്ത ലോകത്തിലേക്ക് ഊളിയിടും..കണ്ടിട്ടില്ലാത്ത മനുഷ്യരുടെ ബ്ളോഗുകൾ സന്ദർശിക്കുകയും, അവർ പറയുന്നത് വായിക്കുകയും, അവർ എഴുതിവിടുന്നതൊക്കെ ഒരക്ഷരം തെറ്റാതെ ആത്മനിർവൃതിയോടെ വായിക്കും. അവരുടെ കുടുംബവിശേഷങ്ങൾ തന്റേതാണെന്ന ഒരു തോന്നൽ, അവർ പറയുന്ന തമാശകൾ തനിക്കും കൂടിയാണെന്ന തോന്നൽ.. അവരുടെ വിഷമങ്ങൾ തന്റെ വിഷമങ്ങളാകുന്നു.. അവർ സന്തോഷിക്കുംബോൾ അറിയാതെ സന്തോഷിച്ചു പോകുന്നു.. അവർക്ക് റ്റെൻഷൻ വരുമ്പോൾ ആത്മയ്ക്കും റ്റെൻഷൻ വരുന്നു.. ഒടുവിൽ ചുറ്റിക്കറങ്ങി സ്വന്തം ബ്ളോഗിൽ വരുമ്പോൾ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ സന്തോഷം.. അറിയപ്പെടാത്ത ആത്മാക്കളെ ആവാഹിക്കാനായി എന്തെങ്കിലുമൊക്കെ എഴുതി നിറയ്ക്കാനൊരാഗ്രഹം.. ഇത് ബ്ളോഗ് മനുഷ്യരുടെ ലോകം!..! ആത്മാക്കളുടെ ലോകം അല്ലെങ്കിൽ പിന്നെ എന്തുലോകം ആണ്‌ ? ആത്മയുടെ അനുഭവത്തിൽ ഇത് തികച്ചും ആത്മാക്കളുടെ ലോകം മാത്രമാണു.. ആത്മാവിനു രൂപമില്ല, സ്വരമില്ല, പ്രായമില്ല..മനസ്സും ഹൃദയവും പിന്നെ ചിന്തകൾ പകർത്താനായി ഒരു കമ്പ്യൂട്ടറും..

മനസ്സ് വിഷമിച്ച്ചിരിക്കുമ്പോള്‍ ബ്ലോഗ്‌ എഴുതുന്നത് അത്ര നന്നല്ലാ..

സന്തോഷം തേടി...  

Posted by Askarali

എല്ലാവരും വെളിയിലൊക്കെ പോകുന്നു.. പാർട്ടിക്കു പോകുന്നു നല്ല നല്ല ഷോ കാണാൻ പോകുന്നു..ആത്മയ്ക്കാണെങ്കിൽ വീട്ടുജോലിയും ഒതുക്കി, മക്കളുടെ സൗകര്യവും ഒക്കെക്കൂടി നോക്കിക്കഴിയുമ്പോൾ ഒന്നിനും നേരാം വണ്ണം പോകാൻ തരപ്പെടില്ല.. അങ്ങിനെ പലപ്പോഴും ഒഴിഞ്ഞുമാറും

എങ്കിലും വെളിയിൽ ആഘോഷിച്ചിട്ടു വരുന്ന ആളുകളെ (പ്രത്യേകിച്ച്‌ മി. ആത്മയെ) കാണുമ്പോൾ കലികയറും.. പിന്നെ വായില്‍ തോന്നിയ കുറച്ചു നല്ല ഡയലോഗുകൾ കാച്ചിയിട്ട്‌, തിരിച്ചും കണക്കിനു കിട്ടിയാലേ അടങ്ങൂ.. ഷോയും പാർട്ടിയും ഒക്കെ സഹിക്കാം, ഓണച്ചാപ്പാടിനും വിഷു സദ്യക്കും ഒക്കെ ആത്മയ്ക്ക്‌ പോകാൻ പറ്റാതെ മി. ആത്മ പോയി കഴിച്ചിട്ട്‌ വരുമ്പോഴാണ്‌ ഉഗ്രൻ വഴക്ക്‌ . 'എങ്കിലും രാവിലെ ആത്മ ഉണ്ടാക്കിയ ചായയും ഇന്നലെ നല്ല മൃഷ്ടാന്നം ആഹാരവും ഒക്കെ ആത്മേടെ കയ്യുകൊണ്ട്‌ വച്ചതു കഴിച്ചിട്ട്‌ ദാ നല്ലൊരു സദ്യ വന്നപ്പോൾ ആത്മയില്ലാതെ പോയി കഴിച്ചിരിക്കുന്നു!' പിന്നെ ആത്മയുടെ സംസാരത്തിലെ സംസ്ക്കാരം എല്ലാം മൈനസ്‌ സംതിംഗിലേക്ക്‌ ഇറങ്ങും..

ഈ കൊച്ചു കൊച്ചു സൗന്ദര്യ പിണക്കങ്ങൾ ആണു പിന്നീട്‌ വലിയ പിണക്കങ്ങൾ ആകുന്നത്‌ എന്ന് അറിയാമെങ്കിലും ഇതൊക്കെ തന്നെ ആവർത്തിക്കും..

ഇത്രേം ആത്മ മനസ്സിലാക്കിയത്‌ ഈ വർഷം ആണ്‌! ഈ വർഷത്തിനു പ്രത്യേകം പ്രത്യേകതകളൊന്നും ഇല്ല.. എങ്കിലും ബോറടി കൂടിക്കൂടി വരുന്നു.. വയസ്സ്‌ കൂടിക്കൂടി വരുന്നു(പണ്ടൊക്കെ കൂടുന്നത്‌ അറിയില്ലായിരുന്നു.. ഇപ്പോൾ അതും ഒരു സംഭവമായിരിക്കുന്നു!) ഇതിനെടേൽ ആകെ കിടന്ന്‌ നട്ടം തിരിഞ്ഞപ്പോൾ എങ്ങിനെ ആത്മയുടെ ജീവിതം ഒരൽപം ഇം പൂവ്‌ ചെയ്യാൻ പറ്റുമോ എന്നൊന്നു ഗവേഷിച്ചു നോക്കിയപ്പോൾ കിട്ടിയ ചില കാരണങ്ങൾ.. നാം തന്നെ നമ്മെ ഒറ്റപ്പെടുത്തരുത്‌, ഇടിച്ചു താഴ്തരുത്‌, (അങ്ങിനെ കുറേ ഉണ്ട്‌..എല്ലാം ഒന്നും വെളിപ്പെടുത്തിക്കൂടാ.. 20 സംതിംഗുകാർ ഒരു 20 വർഷം കഷ്ടപ്പെട്ട്‌ കണ്ടുപിടിക്കാനും 30 സംതിംഗുകാർ 10 വർഷം കൂടി കഷ്ടപ്പെട്ടും കണ്ടുപിടിച്ചാൽ മതി. കുറുക്കുവഴി നന്നല്ല..)

അങ്ങിനെ കിട്ടിയ ഒന്നാണ്‌ വല്ലപ്പോഴും എങ്കിലും നാലുക്കൊപ്പം മി. ആത്മേടെ കൂടെ വല്ല പാർട്ടിക്കോ ഷോകൾ കാണാനോ ഒക്കെ പോകണം. മക്കളേം നിർബന്ധിച്ച്‌ കൊണ്ടുപോകണം..

അങ്ങിനെ ഒടുവിൽ സൂര്യയുടെ ഷോ കാണാൻ കുടുംബസമേധം ഇറങ്ങി..
പതിവുപോലെ മി. ആത്മ സീറ്റ്‌ നമ്പർ തന്ന് മുങ്ങി.. പിന്നെ പൊങ്ങിയത്‌ ഷോ കഴിഞ്ഞാണ്‌.. കുറ്റം പറയരുതല്ലോ, മി. ആത്മയുടെ ബന്ധുക്കള്‍ ഒക്കെ അനങ്ങാന്‍ നിവർത്തിയില്ലാത്തവണ്ണം അരുകിൽ ഉണ്ടായിരുന്നു. വാതുറന്ന് വല്ലതും പറയണമെങ്കിൽ ചിരിക്കണമെങ്കിൽ ഒക്കെ ഭരണ പക്ഷത്തിനെ മിത്രമാക്കിയാലേ രക്ഷയുള്ളൂ എന്നു ബോധം വന്നതിനാൽ പരസ്പരം എല്ലാ തെറ്റുകുറ്റങ്ങളും മറന്ന് ഒരു രണ്ടുമണിക്കൂറത്തെക്ക്‌ ആത്മമിത്രങ്ങളായി ഞങ്ങൾ.. മാതൃകാ കുടുംബ പെണ്ണുങ്ങൾ..

തകർത്തുവച്ച സംഗീതമഴ!, നൃത്ത മഴ..! സംഗീതം കൊണ്ട്ട് ഒരു മായാ പ്രപഞ്ചം തന്നെ ഒരുക്കി സൂര്യക്കാര്‍!..ആത്മ വായും പൊളിച്ചിരുന്നു കണ്ടു..!

എല്ലാം കഴിഞ്ഞ്‌ വീട്ടിൽ തിരിച്ചെത്തുമ്പോൾ കരയാൻ മുട്ടി നിൽക്കുന്ന ഹൃദയം!
ഇതെന്തുപറ്റി ഹൃദയമേ! നിനക്ക്‌ വെളിയിൽ പോയി ആർമാദിച്ചാലേ സന്തോഷം പൂർണ്ണമാകൂ എന്നു പറഞ്ഞിട്ട്‌ ഇപ്പോൾ ഇതെന്തു കഥ?!

എല്ലാവരും ഇങ്ങിനെയായിരിക്കുമോ?! സന്തോഷിക്കാനായി പോയിട്ട്‌ തിരിച്ച്‌ വരുമ്പോൾ ഒരു കൊട്ട നഷ്ടബോധവുമായിട്ടായിരിക്കുമോ?! ആത്മയ്ക്കറിയില്ല ഈ ആത്മയെ!

(ബാക്കി നാളെ ..)

ഒരു ടിപ്രഷന്റെ കഥ..  

Posted by Askarali

രാവിലെ ഡിപ്രഷൻ മൂഡാണ്‌ പലപ്പോഴും.. എങ്കിലും ഒരിച്ചിരി എഴുതിയ്ട്ട് വെളിയിൽ പോകാൻ ഒരാഗ്രഹം.. ഇന്ന് മകാളു പറഞ്ഞു, 'കൈറ്റ്സ്' സിനിമാ കാണാൻ കൊണ്ടു പോകാമെന്ന്!
എങ്കിപ്പിന്നെ പോയേച്ച് വരാം അല്ല്യോ!

ഡിപ്രഷന്‍ കഥ ഇങ്ങിനെ..

ഇന്നലെ ഡിപ്രഷൻ തീരനായി, വാങ്ങിയ ഒരു ബാഗ്, '7 ദിവസത്തിനകം കുഴപ്പം വല്ലതും ഉണ്ടെങ്കിൽ മാറ്റിത്തരുന്നതായിരിക്കും..' എന്ന് തരുണീമണി പറഞ്ഞ ഓർമ്മയിൽ.., 'എങ്കിപ്പിന്നെ അതൊന്ന് മാറ്റിനോക്കാം.. ചിലപ്പോൾ സന്തോഷം വരുന്നത് ആ വഴിയാണെങ്കിലോ!' എന്ന ഒരു പ്രതീക്ഷ -വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.. കാരണം ഞാൻ എന്റെ സാധനങ്ങളൊക്കെ അതിൽ കുത്തി നിറച്ച് ഒന്നോ രണ്ടോ ദിവസം തേരാ പാരാ നടന്നു കഴിഞ്ഞിരുന്നു ഇതിനകം!- എങ്കിലും ട്രൈ ചെയ്യുന്നതിനു കുഴപ്പമില്ലല്ലൊ.. സമ്മതിക്കുകയാണെങ്കിൽ അല്പം കൂടി വലിയ ഒരു ബാഗ് വാങ്ങണം..
കടയുടെ അടുത്തെത്തി. ഒരു ജാപ്പനീസ് തരുണീമണി സന്തോഷമായി സ്വീകരിച്ചു. 'ഞാൻ എന്റെ ബാഗ് മാറ്റി വാങ്ങാൻ വന്നതാണ്‌ അധികം സന്തോഷിക്കണ്ട കുട്ടീ..' ( വയസ്സ്-ഏര്‍ലി 20 സ് ) എന്നു പറഞ്ഞ് അതിനെ സമാധാനിപ്പിച്ചിട്ട് , അകത്തു കയറി..

'ഓ ശരി പെർസൺ ഇൻ ചാർജ് ടൊയിലറ്റിൽ പോയിരിക്കുന്നു.. വന്നയുടൻ ശരിയാക്കിതരാം..'
അവളുടെ ഒപ്റ്റിമിസം കണ്ടപ്പോൾ എനിക്കും അല്പം വന്നു തുടങ്ങിയിരുന്നു..
എന്നാപ്പിന്നെ ആ വലിയ ലേഡി വരുന്നവരെ ബാഗുകളുടെ ചന്തം നൊക്കി നില്കാം എന്നു കരുതി നോക്കി ..
ഉടൻ നമ്മുടെ 20 സംതിംഗ് ഓടി വന്ന്, 'ഇതു നോക്കിയേ.. ഇതു തുറന്നു നോക്കണോ?..'
'ഏയ് തുറന്നൊന്നും നോക്കണ്ട.. ഞാൻ വെറുതെ നോക്കുന്നതാണ്‌.. ഒരുപക്ഷെ എന്റെ ബാഗ് മാറ്റിത്തരാം എന്നു പറയുകയാണെങ്കിൽ ഏതെടുക്കണം എന്നു നോക്കാൻ.. കിട്ടിയില്ലെങ്കിലും നെവർ മൈന്റ്' (എന്റെ ഇംഗ്ളീഷ് അവൾക്ക് മനസ്സിലായോ എന്നെനിക്കറിയില്ല! പക്ഷെ, എനിക്കു മനസ്സിലായി..)
ഞാൻ ഒരുവിധം നന്നായി പറഞ്ഞെന്ന സമാധാനത്തോടെ ഒരു ബാഗ് എടുത്തു. . അപ്പോൾ അവൾ.. 'അത് നിങ്ങളുടേ ബാഗിന്റെ അത്രേം കാശ് വരില്ല. അത് ഒൻലി 30 നിങ്ങളുടേത് 35 ആണു.'
-സാരമില്ല, മാറ്റിത്തരുന്നതല്ലേ.. അല്പം നഷ്ടം വന്നാലും വേണ്ടില്ല.. ഇഷ്ടമുള്ള ഒരു ബാഗുമായി നടക്കാമല്ലൊ- 'സാരമില്ല മാറ്റിത്തരുന്നെങ്കിൽ ഇതുമതി'.
ഇതിനകം അവളുടേ മേലധികാരി വന്നു. അവളുടേ അത്ര പത്രോസ് പോലും ഇല്ല.. തനി ഒരു തറ സിംഗപ്പൂർ കാരി ചീനത്തി.. മദ്ധ്യവയസ്ക.. (ഇവിടെ മാന്യതയൊന്നും അധികമില്ല...)
അവൾ എന്റെ ബാഗ് ആകപ്പാടെ ഒന്നു നോക്കി..പിന്നെ ഒരേ ഒരു ചോദ്യം!. “നിങ്ങൾ ഇത് ഒരു ദിവസം എങ്കിലും ഉപയോഗിച്ചൊ?”
സത്യസന്ധത എന്നും വിജയിച്ചിട്ടല്ലെ ഉള്ളൂ.. 'ശരിക്കും പറഞ്ഞാൽ ഞാൻ ഒരുദിവ്സം..ഉപയോഗിച്ചു.. ഉപയോഗിച്ചു എന്നു പറഞ്ഞാൽ ഞാൻ എന്റെ സാധനങ്ങൾ എല്ലാം ഇതിൽ വച്ചു നോക്കിയപ്പോൾ എല്ലാം ഫിറ്റ് ആകുന്നില്ല. അത്രയേ ഉള്ളൂ.. '
ഇതിനകം അവർ അവരുടെ ഫൈനൽ വാക്ക് ഉച്ചരിച്ചു കഴിഞ്ഞു!
'സോറി.. ഞങ്ങളുടെ കമ്പനി ഒരിക്കൽ ഉപയോഗിച്ച സാധനങ്ങൾ വാങ്ങി മാറ്റിത്തരാറില്ല.. '
'അല്ലേ.. ഇതൊരു ബാഗ് മാത്രമല്ലെ? നിങ്ങൾക്ക് വേണമെങ്കിൽ പറയാമല്ലൊ, ഞാൻ അത് ഉപയോഗിച്ചിട്ടില്ല എന്ന്! ഞാൻ വെറുതെ അതിൽ സാധനങ്ങൾ വച്ചതേ ഉള്ളൂ ..'
അപ്പോൾ എന്നെ പരിഹസിക്കനെന്നോണം '24 ഔവറിൽ' സാധനം വാങ്ങിയ ഒരു റെസീപ്റ്റ് അതിൽ നിന്നും നോക്കി ചിരിക്കുന്നു!
'ഇല്ല നിങ്ങൾ ഇതു ഉപയോഗിച്ചു കഴിഞ്ഞു.. ഇനി മാറ്റാൻ പറ്റില്ല.. ' (ലാസ്റ്റ് ആന്‍ഡ്‌ ഫൈനല്‍.)
ഞാൻ മറ്റേ ഇന്നസന്റ് ഫേസിനെ ഒരിക്കൽക്കൂടി നോക്കി.. അവളുടെ ഇന്നസൻസിനു ഒരു കളങ്കവും വന്നിട്ടില്ല! ഇപ്പോഴും അതേ ഇന്നസന്റ് ചിരിയുമായി എന്നെ നോക്കുന്നു!
ഒരുനിമിഷം..അവളുടെ ഇന്നസന്‍റ് ചിരി മാറി സഹതാപം വിരുയുമോ എന്ന് ഞാന്‍ തെല്ലൊന്നു ഭയന്നു.. ഇല്ല..! അതെ ചിരി.. അതെന്നെ സമാധാനിപ്പിച്ചു.. (ആശകള്‍ നടന്നില്ലെങ്കിലും, സത്യം ജയിക്കുന്നത് കാണാന്‍ ഒരു സുഖം ഉണ്ട്ട്..!)
'ശരി എങ്കിപ്പിന്നെ അങ്ങിനെയാകട്ടെ.. ഞാൻ വെറുതെ ഒന്നു ട്രൈ ചെയ്തു നോക്കിയതല്ലേ..
എനിക്കറിയില്ലേ.. ഒരിക്കൽ ഉപയോഗിച്ച സാധനം അല്ലെങ്കിലും തിരിച്ചു വാങ്ങില്ലെന്ന്
പകരം വാങ്ങാനും ആവില്ലെന്ന്!.. ' എന്നും പറഞ്ഞ വെളിയിലിറങ്ങി..

നേരെ പോപ്പുലറിൽ പോയി. നല്ല നല്ല ബുക്കുകൾ ഒക്കെ നോക്കി..കുറെ നേരം നിന്നു..
പിന്നെ ഒരു ജപ്പാനീസ് ഷോപ്പിൽ പോയി കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്ന സാധനങ്ങളൊക്കെ വാങ്ങി കൂട്ടി നോക്കി. ഇപ്പോൾ ഒരുവിധം ഡിപ്രഷൻ ഒക്കെ തീരുന്നുണ്ട്..!
പിന്നെ ആഹാര കടയിൽ പോയി രണ്ട് പാക്കറ്റ് ചോറും വാങ്ങുമ്പോൾ കമ്പ്ലീറ്റ് ഡിപ്രഷനും നീങ്ങിയിരുന്നു...!

( അപൂര്‍ണ്ണം..)

അകവും പുറവും...  

Posted by Askarali

ഈ ബ്‌ളോഗ്‌ ഞാൻ എഴുതുന്നതു തന്നെ എന്നിലെ എന്നെ കണ്ടുപിടിക്കാൻ കൂടിയാണ്‌..
എന്റെ അനുഭവങ്ങൾ അത്‌ പുറം ലോകത്ത്‌ അവതരിപ്പിക്കാവുന്നതാണോ.. എങ്കിൽ എത്രമാത്രം അവതരിപ്പിക്കാം.. ഏതുരീതിയിൽ അവതരിപ്പിക്കാം എന്നൊക്കെ ഒരു പരീക്ഷണം.. പിന്നെ, നാം ജീവിച്ചിരുന്നു എന്നതിനു ഒരു തെളിവും വേണമല്ലോ,

‘പ്രഥമ പ്രതിശ്രുതി‘ വായിച്ചു തുടങ്ങി. അന്നത്തെ കാലത്ത്‌ പെണ്ണുങ്ങൾ അനുഭവിച്ചിരുന്ന വിഷമതകൾ!
എഴുത്തുകാരിക്ക്‌ ആ അനുഭവങ്ങളെയും യധാർത്ഥ ശരി അല്ലെങ്കിൽ തെറ്റുകളെക്കുറിച്ചും ഒക്കെ നല്ല ബോധമുണ്ടായിരുന്നതുകൊണ്ടാണ്‌ ആ അനുഭവങ്ങൾ എടുത്തുകാട്ടാൻ ആയത്‌ .
ആ ബുദ്ധി ഒരു സാധാരണ ആത്മയ്ക്ക്‌ ഇല്ലല്ലോ, ആത്മ അനുഭവിക്കുന്ന തെറ്റും ശരിയും വിശകലനം ചെയ്യാനോ, ചുറ്റും നടക്കുന്ന ശരിയും തെറ്റുകളും ആയി കമ്പയർ ചെയ്യാനോ ഉള്ള വിവേകം/ബുദ്ധി ഇല്ലാതായിപ്പോയി..
എന്നാൽ എല്ലാറ്റിനേയും അനുസരിക്കുമെങ്കിലും ഉള്ളിൽ, എതിർക്കുന്ന ഒരു മനസ്സാക്ഷി..
അതാണ്‌ ആശയക്കുഴപ്പമുണ്ടാക്കുന്നത്‌..

പോട്ടെ, ഇത്രയും എഴുതിയത്‌ ഒരുപക്ഷെ, ആ നോവൽ വായനയിൽ നിന്നു കിട്ടിയ ഒരു മൂഡ്‌ ആയിരിക്കാം..

ഇപ്പോൾ ആത്മ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്നു. ആത്മയെ മനസ്സിലാക്കാൻ ആത്മ മാത്രമേ ഉള്ളൂ എന്നും... ആത്മയ്ക്ക്‌ തണലായും തുണയായും ഒക്കെ ആത്മ തന്നെ എപ്പോഴും വേണം എന്നും..(ബ്‌ളോഗിൽ അല്ല യധാർത്ഥ ജീവിതത്തിൽ) കൂടാതെ രണ്ടു മക്കളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വവും ആത്മയ്ക്കുണ്ടെന്നും ആത്മ മനസ്സിലാക്കുന്നു.. ഭർത്താവ്‌ ചെയ്യുന്നതൊക്കെ ശരിയായാലും തെറ്റായാലും അനുസരിച്ച്‌ പോകാതെ ഇതിനൊന്നും സാധ്യമല്ലെന്നും ഒക്കെ അംഗീകരിക്കേണ്ടിയിരിക്കുന്നു..
എന്നാല്‍ ഈ അനുസരണയുടെ ഇടയിലും ഞാന്‍ തീര്‍ത്തും അടിമയല്ല, വിഡ്ഡിയുമല്ല, എല്ലാം അറിയുന്ന ഒരാത്മാവ് എന്റെ ഉള്ളീലും ഉണ്ട് എന്ന ഒരു മുറവിളി.. അത് നിയത്രിക്കാന്‍ പലപ്പോഴും ആകുന്നില്ല..

എന്നാല്‍ ആത്മ ഒരിക്കലും ഒന്നും അല്ലായിരുന്നു എന്നാതാണ്‌ ശരി.. ആരുടെയോ ഒക്കെ ശരിയില്‍ കരുവാകാനായി ഉണ്ടായ ഒരു ജന്മം.. തന്റേടം നഷ്ടപ്പെട്ടുതുടങ്ങിയത് താന്‍ പെണ്ണാണെന്ന ബോധം ഉണ്ടായി തുടങ്ങിയശേഷവും.. പെണ്ണിന്റെ ലോകം ആണിനെ അപേക്ഷിച്ച് വളരെ ഇടുങ്ങിയതാണെന്നും ഉണ്ടായ തിരിച്ചറിവിനു ശേഷമാകണം..
----

അതൊക്കെ പോകട്ടെ, നമുക്ക് ശരിക്കുമുള്ള ലോകത്തിലേക്ക് വരാം..

ആത്മ ഇന്നും ഇന്നലെയുമായി രണ്ടുമൂന്ന് നല്ല കാര്യങ്ങള്‍ ചെയ്തു..
മക്കള്‍ക്ക് കണ്ണാടി വാങ്ങാന്‍ പോയി..
സിനിമാ കാണാന്‍ പോയി..
ആത്മ സ്വയം ഒരു ചെക്കപ്പിനു പോയി..-ഇവിടെ മി. ആത്മയെകിട്ടില്ല.. നാട്ടില്‍ ചെന്നാലും ആരെയും കിട്ടില്ല-
ഒരുകണക്കിനു എല്ലാം തനിയെ ചെയ്യുന്നതിലും ഒരു സുഖമുണ്ട്..!
നമുക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് ഡോക്ടര്‍ പറയുന്നെങ്കില്‍ അത് ആത്മാര്‍ത്ഥതയില്ലാത്ത ലോകത്തെ അറിയിക്കുന്നതിലും ഭേദം നാം മാത്രം അറിയുന്നത്.. അതല്ല ആരോഗ്യമുള്ള ശരീരമാണെന്നറിയുന്നെങ്കില്‍ അത് നമ്മുടെ മാത്രം ഒരു ഗൂഢാനന്ദമായി
മനസ്സില്‍ സൂക്ഷിക്കാം..

അങ്ങിനെ ക് ളിനിക്കില്‍‍ പോകുമ്പോള്‍ കിട്ടിയ ചിന്തകള്‍ കുറിക്കട്ടെ..,

ആത്മയ്ക്ക് ചുറ്റും കാണുന്ന മനുഷ്യര്‍ പലരും ക് ളിനിക്കില്‍ പോകുന്നവരായി ഒരു തോന്നല്‍..
സിനിമാ കാണാന്‍ പോയപ്പോള്‍ ചുറ്റും കാണുന്ന മനുഷ്യരൊക്കെ ഉല്ലസിക്കാന്‍ പോകുന്നവരാണെന്ന ഒരു തോന്നല്‍..
മി. ആത്മയുടെ പരുഷ സ്വരം കേട്ടിട്ട് വെളിയില്‍ പോകുമ്പോള്‍ കാണുന്ന സ്ത്രീകളെല്ലാം ഭര്‍ത്താവിനാല്‍ ഇല്‍ട്രീറ്റ് ചെയ്യുന്നവരായി തോന്നും..
മക്കളുടെ റിസള്‍ട്ടറിയുന്ന ആയിടയ്ക്ക് വെളിയില്‍ കാണുന്ന മനുഷ്യരൊക്കെ മക്കളുടെ നല്ല റിസള്‍ട്ടില്‍ ത്രില്ലടിച്ചു നടക്കുന്നവരോ, മോശം റിസള്‍ട്ടില്‍ ഡെസ്പ് ആയി നടക്കുന്നവരോ
ഒക്കെയായി തോന്നും..!
മി. ആത്മയുമായി യോജിച്ചു പോകാന്‍ കഴിയുന്ന ദിവസങ്ങളില്‍ വെളിയില്‍ കാണുന്ന സ്ത്രീകളോടൊക്കെ പറയണം എന്നു തോന്നും.. എല്ലാം ടേക്ക് ഇറ്റ് ഈസി.. എല്ലാം മറക്കുക.. പൊറുക്കുക അപ്പോള്‍ ഒന്നും വലിയ പ്രശ്നമായി തോന്നില്ല..
പിന്നെ ബോറഡി മൂഡാണെങ്കില്‍ പുറത്തെ മനുഷ്യരെല്ലാം (കുഞ്ഞുകുട്ടി സഹിതം) ബോറഡിയാല്‍ പൊറുതിമുട്ടുന്നവരായി തോന്നും ..
ഡിപ്രഷന്‍ മൂഡാണെങ്കില്‍ മിക്ക പെണ്ണുങ്ങളും ഡിപ്രസ്സ്ഡ് ആയി തോന്നും..

അതല്ല, പ്രായത്തെ പറ്റിയുള്ള ‘വറി’ വരികയാണെങ്കില്‍ പിന്നെ ചുറ്റുമുള്ള മനുഷ്യരെയൊക്കെ പ്രായത്തിന്റെ ഒരു അളവുകോലില്‍ അളക്കാന്‍ തോന്നും.
ടീനേജേഴ്സൊക്കെ ‘എങ്ങിനെയെങ്കിലും ഒന്നു വലുതായാല്‍ മതി‘ എന്ന ചിന്തയുമായി നടക്കുന്നവരായും..
പ്രായമായവര്‍ ‘ദൈവമേ നല്ല പ്രായമൊക്കെ കഴിഞ്ഞുപൊയല്ലൊ‘ എന്നു വിലപിച്ചു നടക്കുന്നവരായും..
20-40 വയസ്സുകാര്‍ - ശരിക്കും യവ്വനയുക്തര്‍- അവരുടെ പ്രായം എന്താണെന്ന് അവര്‍ പോലും അറിയാതെ കുട്ടികളെ വലര്‍ത്തലും മറ്റുമായി പ്രായം കടന്നുപോകുന്നതറിയാതെ ജീവിക്കുന്നവരായുമൊക്കെ തോന്നും..
അപ്പോള്‍ തോന്നും ശരിക്കും പ്രായത്തിനെയല്ല മനുഷ്യര്‍ മതിക്കുന്നത് യവ്വനത്തിനെയാണ് എന്ന്!
യവ്വനത്തിലെത്താന്‍ തിടുക്കം കൂട്ടുന്ന കൌമാരക്കാര്‍.. യവ്വനം വിടപറയാറാകുമ്പോള്‍ അസ്വസ്ഥരാകാന്‍ തുടങ്ങുന്ന മദ്ധ്യവയസ്ക്കര്‍..

സ്വന്തം മകന്റെ കയ്യില്‍ നിന്നും യൌവ്വനം ഇരന്നു വാങ്ങിയ യയാതി(?) യുടെ പരമ്പരയല്ലെ ഭാരതീയര്‍.. പിന്നെ എങ്ങിനെ യൌവ്വനത്തെ അത്ര ഈസിയായി അങ്ങിനെ തരണം ചെയ്യാനാകും..??!!

എന്നാല്‍ ആത്മ യൌവ്വനത്തെ വരവേറ്റത് വെറുപ്പോടെയാണ്.. സ്ത്രീയായ ഞാന്‍ ശരിക്കും സ്ത്രീയായി മാറിയിരിക്കുന്നു! ഇനി അനിയന്റെ വേഷമിട്ടതുകൊണ്ടോ, മുടി നീളം കുറച്ചു വെട്ടിയിട്ടോ ഒന്നും കാര്യമില്ലാ.. അങ്ങിനെ കീഴടങ്ങുകയായിരുന്നു.. എന്നാല്‍ ഇപ്പോള്‍ വിടപറയാന്‍ തുടങ്ങുമ്പോള്‍ ഒരു വിഷമം.. ഇഷ്ടമില്ലാതെ കൊണ്ടുനടന്നെങ്കിലും, അവഗണനയേ നല്‍കിയുള്ളൂ എങ്കിലും.. എന്തോ പറയാന്‍; അറിയാന്‍, ബാക്കി നില്‍ക്കുന്ന ഒരു വിഷാദ ഭാവം!.. ആ.. അത്രയേ ഉള്ളൂ..
ഒരുപക്ഷെ, വാര്‍ദ്ധക്ക്യത്തിലായിരിക്കും ആത്മ ശരിക്കും സ്വതന്ത്രയായി ജീവിക്കുന്നത്!.. ആര്‍ക്കറിയാം..

ചിലപ്പോള്‍ തുടരും..

ആക്രാന്തം!  

Posted by Askarali

പനി ഒരുവിധം തീർന്നു..
ചുറ്റും ചെയ്യാൻ കിടക്കുന്ന അനേകായിരം കൊച്ചു കൊച്ചു ജോലികൾ..
വളരെയേറെ ഹോബികൾ..
പാട്ടുകേൾക്കാം.. (വയലാറിന്റെ കേൾക്കണോ, ഗസ്സൽ കേൾക്കണോ, ഹിന്ദി ഗാനങ്ങൾ കേൾക്കണോ, ആത്മീയ പ്രഭാക്ഷണം കേൾക്കണോ, ...)
ടി. വി കാണാം.. ( ചാനലുകൾ നിരവധി.. പോരാത്തതിനു വാങ്ങിവച്ചിരിക്കുന്ന സി. ഡി കൾ വേറേയും..)
ബുക്കുകൾ വായിക്കാം.. വായിച്ചുകൊണ്ടിരിക്കുന്നതുതന്നെ വായിക്കാം.., അല്ലെങ്കിൽ പുതിയ ഒന്ന് വായിച്ചു തുടങ്ങാം.. (അതും കളക്ഷൻ കുറെ ഉണ്ട്..)
ഇനി?
ബ്ളോഗെഴുതാം.. ( എന്തിനെപ്പറ്റി?? നിരവധി ചിന്തകൾ.. അതിൽ നിന്നും നല്ലത് തിരഞ്ഞെടുക്കണം..)

ഇതൊന്നുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു..
ടി.വി, ആവശ്യത്തിനു ബുക്കുകൾ.. കമ്പ്യൂട്ടർ, സി. ഡികൾ കാസറ്റുകൾ ഒന്നുമില്ലാതെ.. വെറുതെ പ്രകൃതിയുടെ താളത്തിനനുസരിച്ച് ജീവിച്ച ഒരു കാലം..
അന്ന് ബോറഡികൊണ്ടു പൊറുതി മുട്ടുമമ്പോൾ കണ്ടുപിടിച്ച് മാർഗ്ഗമാണു‌ പ്രകൃതിയോടുതന്നെ ഇണങ്ങിച്ചേർന്നുകൊണ്ട് അതിനെ തന്റെ ഇഷ്ടത്തിനൊത്ത് രൂപകല്പന ചെയ്ത് അത് പ്രാവർത്തികമാക്കൽ.. ( ഗാർഡണിംഗ്..! അന്ന് നിറച്ചു പൂക്കളുണ്ടായിരുന്നു എന്റെ പൂന്തോട്ടത്തിൽ!.. ഇന്ന് അധികവും പച്ചിലകളാണു‌)
പിന്നെ വായിച്ച് ബുക്കു തന്നെ വീണ്ടും വായിക്കൽ..അതും ബോറഡിക്കുമ്പോൾ തോന്നും.. ഈ ശൂന്യതയിൽ നിന്ന് എന്തെങ്കിലും അല്ഭുതങ്ങൾ ഉണ്ടാക്കാൻ പറ്റുമോന്ന്
സ്വാഭാവികമായും പെണ്ണുങ്ങൾ അടുക്കളയിൽ പരീക്ഷണങ്ങൾ നടത്തും..(അവിടെ അടുക്കള ഒരു അലോരസം ആയിരുന്നു... ഒരു ജോലിക്കാരി പെണ്ണും അമ്മയും കൂടി കമ്പ്ളീറ്റ് ഭരണവും എറ്റെടുത്ത് നെഗളിക്കുന്നതുകാണുമ്പോൾ.. ഒ.. ഒരു അടുക്കള ജോലി! പോകാൻ പറ.. എന്നും പറഞ്ഞ് വെളിയിൽ വരും..)
പിന്നെയുള്ളത് എഴുത്ത്! എന്തിനെപ്പറ്റി എഴുതണം എന്നറിയില്ല. മനോരമ മംഗളം ഒക്കെ നിറയെ പ്രേമങ്ങൾ പ്രേമഭംഗങ്ങൾ..തനിക്കൊരു പ്രേമവും ഇല്ല. പെൺകുട്ടികളോറ്റുള്ള ആരാധന പ്രേമമാകുമോ?! എങ്കിലും എന്തെൻകിലുമൊക്കെ കോപ്രായങ്ങൾ എഴുതും.. പിന്നെ കീറിക്കളയും ഇതൊന്നുമല്ല സാഹിത്യം എന്ന് ശരിക്കറിയാം..
---
അങ്ങിനെ എഴുതാൻ വന്നത് പോയിക്കിട്ടിയ പനിയെപ്പറ്റി അല്ല്യോ!
പനി വീണ്ടും റ്റാ റ്റാ പറഞ്ഞ് പിരിഞ്ഞു..
ആ ഉൽസാഹത്തിൽ എന്തൊക്കെ ചെയ്യണം എന്നറിയാതെ ആത്മ അങ്ങോട്ടും ഇങ്ങോട്ടും ഒടുന്നു..
അടുക്കള ജോലി ചെയ്യണോ, വെളിയിലത്തെ ജോലി ചെയ്യണോ, അതൊ ബ്ളോഗെഴുതണോ.. ബുക്ക് വായിക്കണോ, പാട്ടുകേൾക്കണോ എന്നിങ്ങനെ ആക്രാന്തം പിടിച്ച ഒരു ദിവസം..!
അടുക്കളേൽ കയറി രണ്ട് കറികൾ വച്ചു..(ഒന്നും തീരുന്നില്ലാ..)
പിന്നെ ഒടി വെളിയിൽ പോയി കുറെ ചെടികൾ വെട്ടിമാറ്റി, പിഴുത് വേറേ നട്ടു.. (ഒന്നും തീരുന്നില്ലാ..)
പാട്ട് കേട്ടു.. (പിന്നെ ഒഫാക്കി..)
ബ്ളോഗും എഴുതി.. (പക്ഷെ, ഒന്നും ആയിട്ടില്ലാ..)

[ഒരു പനി തീര്‍ന്ന് ആരോഗ്യം വീണ്ടുകിട്ടുമ്പോള്‍ ഇത്രയും ആക്രാന്തമെങ്കില്‍ ഒരു ജന്മം കഴിഞ്ഞ് പുനര്‍ജ്ജനിക്കുന്ന ആത്മാക്കള്‍ക്ക് എന്തെല്ലാം ചെയ്യാനുണ്ടാവും!!!- ചുമ്മാതല്ല കൊച്ചു പിള്ളാരൊക്കെ ഇത്രമാത്രം കുസൃതികളും വികൃതികളും ഒക്കെ ആയി നടക്കുന്നത്!]

ആത്മാവിന്റെ സത്യങ്ങള്‍  

Posted by Askarali

തെറ്റുകള്‍ പെരുകുമ്പോള്‍..,
പിന്നെ അവ ജയിക്കുമ്പോള്‍..,
ശരികള്‍ കരയുന്നു...
കാത്തിരിക്കുന്നു..
തെറ്റിന്റെ തോല്‍‌വിക്കായി..
ദിവസങ്ങള്‍ മാസങ്ങളാകുന്നു..
മാസങ്ങള്‍ വര്‍ഷങ്ങളാകുന്നു
വര്‍ഷങ്ങള്‍ ചിലപ്പോള്‍ ജന്മങ്ങളാകുന്നു..
എങ്കിലും മൂടിക്കെട്ടിയ മനസ്സുമായി
ശരി , തന്റെ കാത്തിരിപ്പു തുടരുന്നു..

എന്തിനാണിത്രയും എഴുതിയതെന്ന് ആത്മയ്ക്കും അറിയില്ല.. ഒരുപക്ഷെ, ആത്മയുടെ ആത്മാവും ഏതെങ്കിലും തെറ്റിന്റെ പരാജയത്തിനായും ശരിയുടെ വിജയത്തിനായും കാത്തിരുന്നിട്ടുണ്ടാകും..
ആ തെറ്റു തോല്‍‌ക്കാന്‍ തുടങ്ങുന്നതു കണ്ടാകും വാല്‍മീകം വിട്ട് ശരി പുറത്തുവരാന്‍ തയ്യാറാകുന്നത്..
ആര്‍ക്കറിയാം ആത്മാവിന്റെ ഭാക്ഷകള്‍..?!
---
പല കാര്യങ്ങളും വിചിത്രങ്ങളാണ്.. ആത്മാവില്ലെന്നു കരുതുന്ന പലതിനും ആത്മാവുണ്ടെന്ന് കണ്ടെത്തും ചിലപ്പോള്‍..!
വീടിനു ആത്മാവ്!
ബ്ലോഗിനു ആത്മാവ്!
തെറ്റിനു ആത്മാവ്!
ശരിക്ക് ആത്മാവ്!
സഹനതയ്ക്ക് ആത്മാവ്!
ചെടികള്‍ക്കും കിളികള്‍ക്കും ഒക്കെ ആത്മാവുണ്ടെന്ന് തോന്നും ചിലപ്പോള്‍..

ഉദാഹരണത്തിനു ബ് ളോഗിനെ ശ്രദ്ധിക്കാതെ ഉപേക്ഷിച്ചിട്ട് വെളിയില്‍ ആനന്ദം തേടിപ്പോയാല്‍
തിരിച്ചുവരുമ്പോള്‍ നമ്മെ കാത്ത് നിരാശയായി ഒടുവില്‍ നിസ്സംഗതയോടെ കിടക്കുന്ന ബ് ളോഗായിരിക്കും.. പിന്നീട് അതിനെ ആദ്യം മുതല്‍ ഉണര്‍ത്തിയെടുക്കേണ്ടതായി വരും..
അതുപോലെ തന്നെയാണ് വീടിന്റെ കാര്യവും. വീട് ആത്മയ്ക്ക് സുരക്ഷിതത്വം തന്നിരുന്നു.. ഇതിന്റെ ഏകാന്തതില്‍ ആണ്ടിരുന്നു ആത്മ ബ് ളോഗെഴുതി, സ്വപ്നങ്ങള്‍ കണ്ടു.. ബുക്കുകള്‍ വായിച്ചു..
എന്നിട്ട് നന്ദിയില്ലാതെ അവസരം വന്നപ്പോള്‍ വീടിനെ ഉപേക്ഷിച്ച് ഊരു ചുറ്റാന്‍ പോയി സന്തോഷം ഉണ്ടാക്കാന്‍ നോക്കി..
വെളിയില്‍ എവിടെ സന്തോഷം?!
എങ്ങുമില്ല.. വര്‍ണ്ണങ്ങളിലും ശബ്ദങ്ങളിലും ഒക്കെ സന്തോഷം ഒളിഞ്ഞിരിക്കുന്നതിലും കൂടുതല്‍ നിരാശയും പ്രതീക്ഷയും അശാന്തിയും ഒക്കെയാണെന്നറിഞ്ഞ് ഒടുവില്‍ തിരിച്ച് വീടണയുമ്പോള്‍
തണുപ്പന്‍ മട്ടിലാവും വീടിന്റെ സ്വീകരണം.. തന്നെ ഉപേക്ഷിച്ചു പോയ, തന്റെ സംരക്ഷണം പൊട്ടിച്ച് പുറത്ത് ചുറ്റിത്തിരിയാന്‍ പോയ മുടിയനായ പുത്രന്റെ തിരിച്ചു വരവുപോലെ..
ഒരല്പം നിസ്സംഗതയോടെ നില്‍ക്കും..പിന്നെ മാപ്പിരന്ന്.. വീടിനെ പഴയപോലെ സ്നേഹിക്കാന്‍ പഠിക്കണം.. അപ്പോള്‍ എല്ലാം മറന്ന് വീട് നമ്മെ വീണ്ടും സ്വീകരിക്കും.. ഏകാന്തതകൊണ്ട് സമ്പന്ന്മാക്കും!.. സുരക്ഷിതയാക്കും! നല്ല ചിന്തകള്‍ തന്ന് അനുഗ്രഹിക്കും..

----
നമ്മുടെ ആത്മാവ് പല കണ്ണികള്‍ കൊണ്ട് ചേര്‍ക്കപ്പെട്ടതാണ് .

ഭര്‍ത്താവ്, അമ്മ, അമ്മായി, സഹോദരങ്ങള്‍.. മക്കള്‍.. വേണ്ടപ്പെട്ടര്‍...
ചിലര്‍ സംരക്ഷണംനല്‍കുന്നു, ചിലര്‍ വിശ്വാസം, ചിലര്‍ ശക്തി, ചിലര്‍ സൌഹൃദം ചിലര്‍ വാത്സല്യം ചിലര്‍ സ്നേഹം.. സ്നേഹം തന്നെ പലവിധത്തില്‍ ഉണ്ട്..
നമ്മുടെ ആത്മാവിനെ സംതുലനം ചെയ്യാന്‍ പാകത്തില്‍ നാം ഓരോന്നും സ്വീകരിക്കുന്നു..
ഇതിനിടയില്‍ ഒന്നിന്റെ അഭാവം പോലും നമ്മെ സ്തബ്ദരാക്കും ചിലപ്പോള്‍. നാം അറിഞ്ഞുകൊണ്ടല്ലല്ലൊ ഈ തിരഞ്ഞെടുക്കല്‍ നടത്തുന്നത്.. അത് നമ്മുടെ ആത്മാവിന്റെ തന്നെ തിരഞ്ഞെടുക്കലല്ലെ, അതുകൊണ്ട് ഈ കണ്ണിയില്‍ ഒന്നു പൊട്ടിപ്പോയാലും ആത്മാവ് സ്തബ്ദമാകും.. നിശ്ശബ്ദമായി കണ്ണീരൊഴുക്കും.. മുന്നോട്ടു പോകാനറച്ച് ഒരു മൂലയില്‍ കുത്തിയിരിക്കും..
പ്രതീക്ഷ കെടാതെ.. അല്ലെങ്കില്‍ പ്രതീക്ഷ തീര്‍ത്തും കെടുന്നതുവരെ.. ഇതിനു രണ്ടിനുമിടയില്‍ പെട്ടുഴലുന്ന ആത്മാവിന്റെ നിസ്സഹായത; ദൈന്യം നമ്മെ മൂകരാക്കുന്നു..

മേല്‍ എഴുതിയതൊക്കെ എഴുതി.. വെറുതെ.. ഒരു പക്ഷെ, ആത്മാവിന്റെ ഭാക്ഷയാകാം..
--
ഇനി ശരിക്കുമുള്ള ഭാക്ഷയില്‍ ഒരപ്ലം..

പനിവന്നിട്ട് പോയപ്പോള്‍ ആത്മയില്‍ ഒരാക്രാന്തം വന്നു പിടിച്ചില്ല്യോ!,
അത് എവിടെ ചെന്നു നിന്നു എന്നു ചുരുക്കിപ്പറഞ്ഞാല്‍..
ഷോപ്പിംഗ്, ഗാര്‍ഡണിംഗ്, കുക്കിംഗ് , ഒക്കെ മാറി മാറി പയറ്റിയെങ്കിലും ഒടുവില്‍ ആക്രാന്തം ചെന്നു നിന്നത് വായനയില്‍ ആണ്.. ദി പാലസ് ഓഫ് ഇല്ല്യൂഷന്‍ ഏകദേശം തീരാറായി..
ഇപ്പോള്‍.. പ്രഥമ പ്രതിശ്രുതി, ഒന്നു രണ്ടു ചാപ്റ്റര്‍ ആയി, അപ്പോല്‍ ഒരു ദേശത്തിന്റെ കഥയും രണ്ടാമൂഴവും എടുത്തു.. അങ്ങിനെ നാലു പുസ്തകങ്ങള്‍ വായിക്കാന്‍ പ് ളാനിട്ടിരിക്കയാണ്.. ഇതിനിടേ ബ്ളോഗും എഴുതും.. എങ്ങിനെ?! ഇനി ആത്മയ്ക്ക് ബോറഡിക്കുമോ?! ഇല്ലല്ലൊ അല്ലെ,

പുസ്തകങ്ങള്‍ ഓരോന്നായി വായിച്ചാലും എല്ലാം കൂടി വായിച്ചാലും നഷ്ടമൊന്നും വരാനില്ലല്ലൊ,
ആത്മയ്ക്ക് മാത്രമായി എഴുതപ്പെട്ട പുസ്തകങ്ങളല്ല, വേണമെങ്കില്‍ ആത്മയ്ക്കും വായിച്ച് ആസ്വദിക്കാം എന്നു മാത്രം. വായിച്ചാലും ആത്മയുടെ തലമണ്ടയില്‍ കൊള്ളുന്നതേ മനസ്സിലാവത്തുള്ളൂ... കഥാകൃത്ത് ഉദ്ദേശിച്ചപോലെ ഒന്നും ആയിരിക്കില്ല ആത്മ പലതും മനസ്സിലാക്കുന്നത്.. ആത്മയ്ക്ക് യോഗമു ള്ള ചിലതൊക്കെ മനസ്സിലാവും.. ഈ ബുക്കുകള്‍ തന്നെ ഈ ലോകത്തിലുള്ള പല മലയാളികളും ഇപ്പോള്‍ വായിക്കുന്നുണ്ടാകും.. ഓരോരുത്തരെയും അത് ഒരോ രീതിയിലാവും സ്വാധീനിക്കുക..
ഇതെല്ലാം കൂടി വായിച്ചു കഴിയുമ്പോള്‍ ആത്മ എന്താകുമെന്ന് ബ് ളോഗേ നിനക്കു കാണാം..
കാത്തിരിക്കുക..

അവധിക്കാലം.. സിനിമാ.. .  

Posted by Askarali

നല്ല ഉറക്കം വരുന്നു.. എങ്കിലും ബ്ലോഗിനു എന്തെങ്കിലും സംഭാവന ചെയ്യാതെ ഉറങ്ങാന്‍ ഒരു മടി.. ആളുകള്‍ വായിക്കുന്നോ ഇല്ലേ എന്നൊക്കെ വറി പിന്നെയല്ലെ, ആദ്യം നമ്മള്‍ ചെയ്യാനുള്ളത് ചെയ്യണം.. പിന്നേം നമ്മള്‍ ചെയ്യാനുള്ളത് ചെയ്യണം..വീണ്ടും അതു തന്നെ തുടരുക.. കാരണം.., മറ്റുള്ളവര്‍ ചെയ്യാനുള്ളത് നമുക്ക് ചെയ്യാന്‍ പറ്റില്ലല്ലൊ!

മക്കള്‍ക്ക് അവധിയാണെങ്കില്‍ പിന്നെ ആത്മ ബിസിയാണ്. അവരോടൊപ്പം അകത്തും പുറത്തും ഉള്ള ലോകത്ത് ജീവിക്കുക എന്നതില്‍ക്കവിഞ്ഞ് ആത്മേടെ ജീവിതത്തില്‍ വലിയ സന്തോഷം ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഒരാള്‍ തകര്‍ത്തു വച്ച് കുക്കിംഗ് പരീക്ഷണം.. മറ്റേയാള്‍ ബാഡ്മിന്റന്‍ കളി ഒക്കെയാണു.. ആത്മ ചെറുതിലേ അവരുടെ ഫ്രണ്ട് ആയിരുന്നതുകൊണ്ട് അവര്‍ ആത്മേം കൂട്ടും!
അങ്ങിനെ ആത്മ വലിയവരുടെ(മിഡില്‍ ഏജസിന്റെയും ഓള്‍ഡിന്റെയും) യൊക്കെ ലോകത്തു നിന്നുമൊക്കെ അകന്ന്‌ ഒരു കൊച്ചു സ്വര്‍ഗ്ഗം ഉണ്ടാക്കി ജീവിക്കുന്നു!)

ഇന്ന് കോള്‍ഡ് സ്റ്റോറേജില്‍ പോയി വെജിറ്റബിള്‍സ് ചിക്കണ്‍ ഒക്കെ വാങ്ങി. അവളുടെ കയ്യില്‍ വാങ്ങാനുള്ളതിന്റെ ഒരു ലിസ്റ്റ് ഉണ്ട് അത് തേടിപ്പിടിച്ചെടുക്കാന്‍ തന്നെ വളരെ നേരം എടുത്തു.
ഒടുവില്‍ വീട്ടില്‍ വന്ന് ‘തായ് സപൈസി നൂഡിത്സ്’ ഉണ്ടാക്കി.. പിന്നെ കഴിച്ചു..
‘പെപ്പര്‍ ചിക്കണ്‍’ ഇന്നലെ.. (ആത്മ വിജിറ്റേറിയനാണെങ്കിലും അവരുടെ കയ്യുകൊണ്ട് ആദ്യമായുണ്ടാക്കുന്ന കറികള്‍ കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തു ജീവിതം! )
അന്യനാട്ടില്‍ വന്നിട്ട് ആത്മയ്ക്ക് മിത്രങ്ങളായതും, സഹായികളായതും ഒക്കെ ആത്മയുടെ മക്കള്‍ മാത്രം! (ബാക്കിയുള്ളവരൊക്കെ ഉണ്ടെങ്കിലും.. അതൊക്കെ ഒരു കഥ.. പതുക്കെ.. പതുക്കെ.. നമുക്ക് അതൊക്കെ അങ്ങ് മറക്കാം..)

അനൂരത(ഇത് സെല്‍ഫ് പിറ്റിക്ക് എന്റെ ഗ്രാമത്തില്‍ പറയുന്ന ഒരു ഒരു വാക്കാണ്‍)
മതിയാക്കട്ടെ, ഇനി ഇന്നലെ ആത്മ കണ്ട സിനിമയെപ്പറ്റി ആത്മയ്ക്ക് തോന്നിയതുകൂടി എഴുതിയിട്ട് (കട്ട് ആന്ഡ് പേസ്റ്റ് ആന്‍ഡ് എഡിറ്റിംഗ്) ഉറങ്ങാന്‍ പോകുന്നു..

----
ബനാറസ്
ആദ്യമായാണ് ഒരു സിനിമ കണ്ടിട്ട് കുറവുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്!
ചിത്രസംയോജനം ശരിയായില്ലാ
ശരിക്കും പറഞ്ഞാല്‍ ജഗതി വിനീതിന്റെ ആരാണെന്നുപോലും വളരെ കഴിഞ്ഞാണു ആത്മയ്ക്ക് മനസ്സിലായത്. മനസ്സിലായത്..വീടുകള്‍ തമ്മിലുള്ള കിടപ്പുവശവും പടിഞ്ഞാറു വശവും ഒന്നും മനസ്സിലായില്ല, എല്ലാം ഒരു കാമ്പൌണ്ടിലോ, വേറേ വേറെയോ എന്നൊന്നും അറിയില്ലാ(ഇനി ആത്മ ധൃതിപിടിച്ചു കണ്ടതിന്റെ കുഴപ്പമോ, അറിയില്ലാ) കുറെ വര്‍ണ്ണങ്ങള്‍ വാരിവിതറി മനോഹരമാക്കിയ സീനുകള്‍.. അതുമാത്രം.. പിന്നെ സുന്ദരനായ നായകനും സുന്ദരിമാരായ നായികമാരും.. ഒക്കെയുണ്ടെങ്കിലും സിനിമയാകുന്നില്ലാ.. ആത്മാവില്ലാത്ത സിനിമ പോലെ

കാവ്യയുംനവ്യാനായരും ഒക്കെ അവരെക്കൊണ്ടാകാവുന്നവിധം പൊലിപ്പിച്ചു ആ സിനിമയെ
അല്ലാതെ ബാ‍ക്കി നടന്മാര്‍ക്കൊന്നും തന്നെ അഭിനയിക്കാനേ ഒന്നും ഇല്ല ഇതില്‍..
സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ, ഒക്കെ വെറും കോമാളികളായി അധപ്പതിക്കുന്നതുപോലെ ഒരു തോന്നല്‍.. നെടുമുടിവേണുവിന്റെ അഭിനയം കണ്ടിട്ടുപോലും വിഷമം തോന്നി..
ജീവിതവുമല്ല അഭിനയവുമല്ല,ആരോ സിനിമാ എടുക്കാന്‍ പഠിക്കുന്ന മട്ടില്‍ ഒരു സിനിമ!കളിക്കാനറിയാത്ത കുട്ടിയുടെ കയ്യില്‍ കളിപ്പാട്ടം കിട്ടിയമാതിരി.. (ഇനി ആത്മേടെ അറിവില്ലായ്മയാണൊ എന്നും അറിയില്ല).

ബിജുമേനോന്‍, സായ്‌കുമാര്‍,..., ഒക്കെ നല്ല റോളുകള്‍ കിട്ടിയിരുന്നെങ്കില്‍ ഉയരുമായിരുന്നു എന്നു തോന്നിയിട്ടുള്ളപോലെ ചിലപ്പോള്‍ വിനീതിനെയും അങ്ങിനെ പ്രതീക്ഷിച്ചതില്‍ ഇപ്പോള്‍ ഒരു വരുത്തം.. കലാതിലകം ആയിരുന്ന വിനീതിനെ സിനിമാലോകം വഴിതെറ്റിപ്പിച്ചൊ?!
അറിയാവുന്ന കലകളും പിന്നെ നല്ല ഒരു ഉദ്ദ്യോഗവും (പിന്നെ ട്വിറ്ററും) ഒക്കെയായി ജീവിച്ചിരുന്നെങ്കില്‍ ഇതിലും എത്ര നന്നായേനെ എന്നു പലപ്പോഴും തോന്നിപ്പോയി

ഇത്ര വലിയ ഒരു കഥയും മറ്റും കിട്ടിയിട്ടും ഒരു അന്യനെപ്പോലെ നിര്‍വ്വികാരനായി നായികമാരുടെ ഇടയില്‍ അങ്ങിനെ വിലസുകയാണ്! ശരീരം അനങ്ങാത്തതോ പോട്ടെ, മുഖത്തെ പേശികളെങ്കിലും ഒരു അല്പസ്വല്പം ചലിപ്പിച്ചുകൂടെ?! (വിനീത് കരയേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ ആത്മ കരഞ്ഞു വിനീതിനു കരയാനാവാത്ത കാര്യമോര്‍ത്ത്..) വിനീത് ചിരിക്കാതെ നിന്നപ്പോള്‍ ആത്മ ചിരിച്ചു (സഹായിച്ചു) എന്നിട്ടും ഒന്നും ഒന്നുമായില്ല. അവസാനം സ്വന്തം മകനെ കണ്ടപ്പോള്‍ കാവ്യയോടുള്ള ആലുവാമണപ്പുറസ്വഭാവം ഒന്ന് അയഞ്ഞപോലെ! (ഒരല്പം ആശ്വാസം തോന്നി) പിന്നെ ബൊമ്മയെപ്പോലെ നിര്‍വ്വികാരനായി കാവ്യയെയും മോനേയും കെട്ടിപ്പിടിച്ച് ദേഹന്‍ അനങ്ങാതെ നില്‍ക്കും ഒരുപക്ഷെ ദേഹത്തിലെ കുത്തിക്കെട്ടുകളൊന്നും നന്നായി പൊറുത്തുകാണില്ലായിരിക്കും അല്ല്യോ!
അല്ലെങ്കില്‍ പിന്നെ മറുലോകത്തില്‍ ഇരിക്കുന്ന നവ്യാനായര്‍ക്ക് വിഷമം തോന്നും എന്നുകരുതിയായിരിക്കും എക്സ്പ്രഷന്‍ ഒന്നും കാട്ടാതിരുന്നത്..
എന്നാലും വിനീതേ.., ഞാന്‍ താങ്ങളില്‍ നിന്നും ഇതിലും ഒരല്പം കൂടി പ്രതീക്ഷിച്ചായിരുന്നു
സുന്ദരമായ ഒരു മുഖം.. അതിസുന്ദരമായ കണ്ണുകള്‍.. മറ്റു ഫീച്ചേര്‍സ്.. നൃത്തപാടവും.. ഇതൊക്കെയുണ്ടായിട്ടും എന്തിനേ നല്ല റോളുകള്‍ എടുത്തിട്ട് അതിനോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കാത്തേ?! (ശരീരം അനക്കാന്‍ മടിയും നാണവും ഒക്കെയാണെങ്കില്‍ പിന്നെ ആത്മയെപ്പോലെ വീട്ടിന്റെ മൂലയില്‍ കുത്തിയിരുന്ന് ബ്ലോഗെഴുതിക്കൂടെ! ഹല്ല പിന്നെ!) ഒന്നുകില്‍ വിനീതിനെ ആരോ മനപൂര്‍വ്വം അഭിനയിക്കാന്‍ സമ്മതിച്ചില്ല, അല്ലെങ്കില്‍ ഡയറക്റ്റര്‍ക്ക് അറിയാന്‍ വയ്യാഞ്ഞിട്ട് വന്ന വീഴ്ചയാകാം...

ബനാറസ് എന്ന പേരു കണ്ടാണ് സിനിമാ കാണാന്‍ തുടങ്ങിയതു തന്നെ. ഓസിനു ബനാറസൊക്കെ ഒന്നു കണ്ടുകളയാം എന്നുകരുതി.. ബനാറസ് കണ്ടു എന്നു തൃപ്തിപ്പെടാനാവുന്നില്ല..!
എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്..
ഇനിയെങ്കിലും സിനിമ എന്തെന്ന് നന്നായി അറിഞ്ഞിട്ട് നിരൂപണം എഴുതണം...
ആത്മയ്ക്കുപോലും നിരൂപണം ചെയ്യാന്‍ പാകത്തിലാണെന്നു തോന്നുന്നു ഇപ്പോഴത്തെ മലയാള സിനിമേടെ ഒരു പോക്ക്!