വെടക്ക് സ്വഭാവങ്ങള്‍‌...  

Posted by Askarali

താന്‍‍ എഴുതി വരുമ്പോള്‍ പലപ്പോഴും തന്റെ ജീവിതം ഈ വിധമായതില്‍ മറ്റുള്ളവരുടെ മേല്‍ കുറ്റം ആരോപിക്കുന്നുണ്ട്.. പക്ഷെ ശരിക്കും അവര്‍ കുറ്റക്കാരാണോ? മീര ഒന്നു സ്വയം വിശകലനം ചെയ്തു നോക്കി...

‘അല്ലേ അല്ല’. ഉത്തരം പെട്ടെന്നു തന്നെ കിട്ടി!

തന്റെ സ്ഥാനത്ത് മറ്റൊരു യുവതി ആയിരുന്നെങ്കില്‍ താന്‍ നെഗറ്റീവ് ആയി ചിന്തിച്ചു തള്ളി പ്രവര്‍ത്തിക്കാതിരുന്ന പല കാര്യങ്ങളും പ്രായോഗികമാക്കി വിജയിപ്പിച്ചേനെ. താന്‍ സ്വയം ഉള്ളിലേക്കൊതുങ്ങുകയായിരുന്നു. വെളിയിലത്തെ ലോകത്തെ സ്നേഹിക്കാതെ എന്തിന് അതിനെ കുറ്റപ്പെടുത്തുന്നു!

ഇന്നുതന്നെ ഒരു പാര്‍ട്ടിയുണ്ട്. വേണമെങ്കില്‍ തനിക്കും പോകാം...പക്ഷെ, പോകാന്‍ മനസ്സു വരുന്നില്ല. ആദ്യത്തെ എസ്ക്യൂസ്, മകള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ പരീക്ഷ തുടങ്ങുന്നു. ഇപ്പോള്‍ സ്വച്ഛമായിരിക്കുന്ന മനസ്സിനെ ആ പാര്‍ട്ടിയിലും ബഹളത്തിലും പെട്ട് ഉലച്ചിട്ട് തിരിച്ചു വരുമ്പോള്‍ അത് കുട്ടിയുടെ പഠിത്തത്തിനെ ബാധിക്കുമോ എന്നൊരു ഉല്‍ക്കണ്ഠ ഇല്ലാതില്ല..

എന്നാല്‍ അതല്ല യധാര്‍ത്ഥ എസ്ക്യൂസ്! മറ്റുള്ളവര്‍ പാര്‍ട്ടിയിലും പൊള്ളത്തരത്തിലും ചെന്നു പെട്ട് ആര്‍മാദിക്കുമ്പോള്‍ തനിക്ക് തനിക്കായി അല്പസമയം കിട്ടും. മറ്റുള്ളവര്‍ വിട്ടുപേക്ഷിച്ച് പോയ ലോകത്തില്‍ താന്‍ മാത്രം! താനും തന്റെ ചിന്തകളും മാത്രം.. ആ ഒരു ദിവസം അല്ലെങ്കില്‍ ഏതാനം മണിക്കൂര്‍ ഞാന്‍ സര്‍വ്വ സ്വതന്ത്രയാണ്.. താന്‍‍ ആ സമയം എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യം ഇല്ല, ആരെയും ഭയക്കാതെ ആരുടെയും നിയന്ത്രണത്തിലല്ലാതെ കുറേ സമയം ഈ ഭൂമിയില്‍ എനിക്കായി കിട്ടുക എന്നാല്‍ അത് ഒരു വല്ലാതെ ഉന്മാദം ഉണ്ടാക്കും.. അതിന്റെ ആ മാധുര്യം എന്തെന്ന് മനസ്സിലാക്കിപ്പോയി. അത് പാര്‍ട്ടികളില്‍ ഉടുത്തൊരുങ്ങിപ്പോകുന്നതുകൊണ്ടോ, ഇഷ്ടപ്പെട്ടവരെ കാണാനായെന്നതുകൊണ്ടോ ഒക്കെ കിട്ടുന്ന മനസ്സന്തോഷത്തില്‍ നിന്നും പതിന്മടങ്ങാണ്.

മീര ഓര്‍ത്തു. ആദ്യത്തേത് മനസ്സിനെ ഇളക്കുകയും ചഞ്ചലപ്പെടുത്തുകയും ആണ് ചെയ്യുന്നതെങ്കില്‍ രണ്ടാമത്തെ സന്തോഷം മനസ്സിന്റെ മാത്രമാണ്.

തന്റെ ഈ വെടക്കു സ്വഭാവം കൊണ്ട് വന്ന നഷ്ടങ്ങള്‍ (മറ്റുള്ളവരുടെ കണ്ണില്‍ നഷ്ടങ്ങള്‍) എത്രയാണെന്ന് ഒരു ഏകദേശ കണക്കെടുക്കാന്‍ ഒരാഗ്രഹം തോന്നി മീരയ്ക്ക്..
ആദ്യം മുതല്‍ തുടങ്ങട്ടെ..

തനിക്ക് അമ്മയുടെ നല്ല നല്ല സാരികള്‍ പോലും വെട്ടി പാവാടതയ്ച്ചു തന്നിട്ടും, ഒരിക്കല്‍ തന്റെ ഒരേ ക് ളാ സ്സില്‍ പഠിക്കുന്ന അപ്പച്ചിയുടെ മകള്‍ പാവാട തയ്ക്കാന്‍ മടിച്ച് മടിച്ച് ഒരു സാരി ചോദിച്ചപ്പോള്‍ നിര്‍ദ്ദയം ‘ഇല്ല’ എന്നു പറഞ്ഞ അമ്മയോട് തോന്നിയ പ്രതിക്ഷേധം.. കുമാരിച്ചേച്ചിയില്‍ വന്നു നിറയുന്ന അഭിമാന ക്ഷതം! അതെങ്ങിനെ കണ്ടില്ലെന്നു നടിക്കാന്‍! അമ്മയോടെതിര്‍പ്പ് തോന്നിത്തുടങ്ങി...

തനിക്ക് നല്ല ഒരു വിവാഹ ബന്ധം ഏര്‍പ്പെടുത്തി തന്നെങ്കിലും അതില്‍ ഒളിഞ്ഞിരുന്നത് അച്ഛനമ്മമാരുടെ സ്വാര്‍ത്ഥമോഹങ്ങള്‍ ആയിരുന്നെന്നും അതില്‍ താന്‍ സ്വയം ബലിയാടാകുകയായിരുന്നെന്നുമുള്ള സത്യം അംഗീകരിച്ച് തനിക്ക് കിട്ടിയ സൌഭാഗ്യം ആസ്വദിക്കാമായിരുന്നു. പക്ഷെ ഇതില്‍ തന്റെ സ്വപ്നങ്ങളും മോഹങ്ങള്‍ക്കും പകരം മാതാപിതാക്കളുടെതാണ് നിക്ഷേപിച്ചതറിഞ്ഞപ്പോള്‍ തോന്നിയ വെടക്ക് സ്വഭാവം..
സ്വയം വെറുപ്പ്, നിന്ദ.. എല്ലാവരോടും എല്ലാറ്റിനോടും എതിര്‍പ്പ്..അങ്ങിനെ എന്തൊക്കെയോ..

അന്യ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അവിടത്തെ ജോലിക്കാരിയെ മൃഗത്തിനെപ്പോലെ ഗണിച്ചിട്ട് തനിക്ക് മനുഷ്യജീവിയുടെ സ്ഥാനവും തന്നപ്പോള്‍ സ്വയം മറ്റൊരു മൃഗത്തെപ്പോലെ തോന്നി മനസ്സ് മടുത്തത് മറ്റൊരു വെടക്ക് സ്വഭാവം..

വിവാഹം കഴിഞ്ഞയുടന്‍ ഭര്‍ത്തൃവീട്ടുകാര്‍, ‘പെണ്ണു കൊള്ളാം പക്ഷെ വീട്ടുകാര്‍ ഒരു‍ പൊറുപ്പുമില്ലാത്തവര്‍..’ തുടങ്ങി അന്യായമായി മാതാപിതാക്കളെയും കുടുംബത്തേയും കുറ്റപ്പെടുത്തുമ്പോള്‍.. അവരുടെ ഭാഗം ചേര്‍ന്ന് നല്ല പിള്ളയായി ചമഞ്ഞ് നടന്നിരുന്നെങ്കില്‍.. നല്ല മരുമകളായി വിലസാമായിരുന്നു.. അപ്പോള്‍ വെടക്ക് സ്വഭാവം തല്പൊക്കി! ‘ങ്ങ് ഹാ! എത്ര നല്ലവരാണെങ്കിലും മാന്യന്മാരാണെങ്കിലും പണക്കാരാണെങ്കിലും തന്നെ ഇതുവരെ വളര്‍ത്തില്‍ വലുതാക്കിയവരെ അധിക്ഷേപിക്കുന്നത് വകവച്ചുകൊടുക്കുന്നതില്‍ ഒരു ആത്മവഞ്ചന..!’ വെറുതെ രോക്ഷം മുഴുവന്‍ ഡയറിയുടെ താളുകളില്‍ നിക്ഷേപിച്ചു.. അന്നു തുടങ്ങി ഉയര്‍ച്ചയില്‍ നിന്നുള്ള വീഴ്ച്ച..

ജോലിക്കു പോയി.. അവിടെ ഒരു കുട്ടി! തന്റെ പ്രായം! അവള്‍ ജോലിചെയ്യുകയാണെങ്കിലും അവിടത്തെ സര്‍വ്വാധികാരിയാകാനോ അതിലപ്പുറമോ ഒക്കെയുള്ള അവളുടെ സ്വപ്നങ്ങള്‍.. അതു കണ്ടില്ലെന്നു നടിക്കാമായിരുന്നു.. പക്ഷെ, സ്വയം വില്ലത്തിയായി ഒഴിഞ്ഞു.. എന്തോ! സത്യത്തിനു നേരേ കണ്ണടക്കാന്‍ മടി. എന്നെ വച്ച് അവളെ ഒഴിക്കാന്‍ നിന്നിരുന്നവര്‍ക്ക് ഒടുവില്‍ അവളെ ആശ്രയിക്കേണ്ടിവന്നു. ആത്മ വേദന കടിച്ചിറക്കി സത്യത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു.

എഴുതിത്തുടങ്ങിയപ്പോള്‍.., എന്തോ, ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച ഒരു അഹംഭാവം തോന്നി. എത്തേണ്ടിടത്തെത്തിയ സംതൃപ്തി! പക്ഷെ തന്റെ ബുക്കും കൊണ്ട് പബ് ളിഷറിനടുത്തെത്തിയപ്പോള്‍ അവിടെ ഇരുന്ന ഒരു മാന്യദേഹം‍ ‘നമുക്ക് ഈ മീരയെ നല്ല ഒരു എഴുത്തുകാരിയാക്കിയിട്ടു തന്നെ കാര്യം’ എന്നു തമാശപറഞ്ഞപ്പോള്‍ തീരെ കൊച്ചായപോലെ തോന്നാന്‍ കാരണമെന്ത്! അവരുടെ കഴിവുകൊണ്ട് കിട്ടുന്ന അംഗീകാരത്തിനെക്കാള്‍ തന്റെ എഴുത്തിന്റെ യധാര്‍ത്ഥ മൂല്യം സത്യസന്ധമായി അറിയാനുള്ള ഒരു തീവ്ര വൈരാഗ്യം അദ്ദേഹത്തോട് വെറുപ്പ് തോന്നിപ്പിച്ചു. (തന്റെ എഴുത്തിന്റെ ന്യൂനതകള്‍.. എങ്ങിനെ ഇമ്പ്രൂവ് ചെയ്യാം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ആരും പ്രാധാന്യം നല്‍കിയുമില്ല.. മീരയ്ക്ക് അങ്ങിനെ ഒരാളെ കണ്ടെത്തി തനിക്ക് ശരിക്കും എഴുതാനുള്ള കഴിവുണ്ടോ, എഴുതുന്നതിനെ പറ്റി നൂറു നൂറു സംശയങ്ങളുണ്ടായിരുന്നു..)

പിന്നീട് ഭര്‍ത്താവ് ഒരു വലിയ തുക പബ് ളിഷറെ ഏല്‍പ്പിച്ച് പിന്നീട് വിളിച്ചു ചോദിക്കയോ ഒന്നും ചെയ്യാതെ കടമ തീര്‍ന്ന മട്ടില്‍ എല്ലാ ബന്ധങ്ങളും വേര്‍പെടുത്തി പോന്നപ്പോള്‍.. തന്റെ ബുക്ക് കുറെ കാശിന്റെ പേരില്‍ അവഹേളിക്കപ്പെടുന്നപോലെ.. അടുത്തപ്രാവശ്യം ചെന്നപ്പോള്‍, ‘വേണ്ട എനിക്ക് ആത്മവിശ്വാസമില്ല. എന്നെങ്കിലും തനിയെ തോന്നുന്നെങ്കില്‍ വരാം..’ എന്നുപറഞ്ഞ് ഏല്പിച്ച കാശ് പോലും തിരിച്ച് ചോദിക്കാതെ പിന്മാറിയത് മറ്റൊരു വെടക്ക് സ്വഭാവം..(പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കല്ല്യാണചിലവിനുള്ള കാശ് തിരിച്ച് ചോദിക്കാതെ പോയതില്‍ മാത്രം ഒരല്പം കുണ്ഠിതം)

ഇനിയും ഉണ്ട് എണ്ണിയാലൊടുങ്ങാത്തത്രയും വെടക്ക് സ്വഭാവങ്ങള്‍.. ആരെങ്കിലും തന്നെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ (തനിക്ക് ആരോടെങ്കിലും സ്നേഹം തോന്നിയാല്‍) അവിടെയും വെടക്ക് സ്വഭാവം തല്പൊക്കും.. ലോകത്തിലുള്ള എല്ലാപേരുടെയും ആശീര്‍വ്വാദത്തോടെയും അംഗീകാരത്തോടെയും.. (അങ്ങിനെ ആരു സ്നേഹിച്ചിട്ടുണ്ട്?) എന്നിങ്ങനെ എത്രത്തോളം വെടക്കുകള്‍ അതില്‍ കുത്തിനിറക്കാമോ അതൊക്കെ ചേര്‍ത്തുവച്ച് ചേര്‍ത്തുവച്ച് ഇരിക്കും.. ആ സ്നേഹം പൂവിട്ട് കായിട്ട് പൊഴിയും വരെ നോക്കി നില്‍ക്കും.. തനിക്കര്‍ഹതയില്ല, അവകാശമില്ല എന്നൊക്കെ പറഞ്ഞ്...

ഇങ്ങിനെ കുറെ വെടക്കു സ്വഭാവങ്ങളാണ് തന്നെ മറ്റുള്ളവരില്‍ നിന്നും വേറ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത്.. മീര ഓര്‍ത്തു...

പക്ഷെ, ഈ വെടക്ക് സ്വഭാവങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുഃഖങ്ങള്‍ ചില്ലറയൊന്നുമല്ല..
ഉദാഹരണമായി, ഓ വെളിയിലൊക്കെ പോയി ഫുട്ബാളും പാര്‍ട്ടിയും ഒക്കെയായി ആര്‍മാദിക്കുന്നവരൊക്കെ പോകാന്‍ പറ, മീരയ്ക്ക് മീരയുടെ എഴുത്തിന്റെ ലോകവും
അക്ഷരങ്ങളിലൂടെ കിട്ടിയ ബന്ധവും ഒക്കെ മതി എന്നും പറഞ്ഞ് സംതൃപ്തിയോടെ ഉറങ്ങി എണീക്കുന്ന മീര ഒരുദിവസം അറിയാതെ നേരത്തെ ഉറങ്ങിപ്പോയി (പരീക്ഷയുള്ളപ്പോഴല്ല്യോ മീരയും ഉറക്കമിളക്കുന്നത്.)

പിറ്റേന്ന് എണീക്കുമ്പോള്‍ ലോകത്തില്‍ താന്‍ തീര്‍ത്തും ഒറ്റപ്പെട്ടപോലെ! ഇതെന്തുപറ്റി പെട്ടെന്ന് ഇങ്ങിനെ തോന്നാന്‍!! വിരക്തിക്കും വേണ്ടേ ഒരു അതിരൊക്കെ. ആകെപ്പാടെ ഗതിമുട്ടിയപോലെ!.. മുഴുഭ്രാന്താകുമോ എന്നൊരു ഭയവും!. മീര പരിഭ്രാന്തയായി നടന്നു. ശീലങ്ങള്‍..ശീലങ്ങള്‍.. ശീലങ്ങള്‍ പെട്ടെന്ന് മാറുമ്പോള്‍ മനസ്സ് വല്ലാതെ പതറിപ്പോകുന്നു...

ഒടുവില്‍ ഈ വെടക്ക് സ്വഭാവങ്ങള്‍ക്ക് മീര ഒരു പരിഹാരം കണ്ടെത്തി!, പ്രത്യേകിച്ചും ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ വന്നു പൊതിയുന്ന അധമ ചിന്തകള്‍ക്ക്.. 'Don't judge people, you cannot love them' എന്നൊരു ചൊല്ലില്ലേ, അതുതന്നെ മറ്റൊരു രീതിയില്‍, 'Don't judge life, you cannot love it'എന്നാക്കിയപ്പോള്‍ ആശ്വാസമായി. താനാര് ജീവിതത്തെ ചോദ്യം ചെയ്യാന്‍! ദൈവം തന്ന ജീവിതത്തെ ചോദ്യം ചെയ്യുക എന്നാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുക, കുറ്റപ്പെടുത്തുക, എന്നൊക്കെയല്ലെ, അതൊരു തരം ശെയ്ത്താന്റെ പണിയല്ലേ, രാവിലെ ഈ ശെയ്ത്താന്റെ പണിക്കു പോകുന്നതുകൊണ്ടാണ് ഡിപ്രഷന്‍ വന്നു പിടിക്കുന്നത് ! ‘ഇനിമുതല്‍ ദൈവം തന്ന ജീവിതത്തെ ചോദ്യം ചെയ്യാതിരിക്കും, അംഗീകരിക്കാന്‍ പഠിച്ച്, സ്നേഹിക്കാന്‍ ശ്രമിക്കും... അദ്ദേഹം ചെയ്യുന്നതെല്ലാം നല്ലതിനുവേണ്ടിയാകും, അദ്ദേഹം നമ്മെ തുണയ്ക്കും’ എന്ന് കണ്ണുമടച്ച് അങ്ങ് വിശ്വസിക്കുക. എത്ര വലിയ ഒഴുക്കിലും വെള്ളച്ചാട്ടത്തിലും ദൈവം ഒരു കൈ തരും.. സൂക്ഷിച്ചു നോക്കിയാല്‍ എല്ലാവരുടെ ജീവിതത്തിലും കാണാം ഈ അദൃശ്യമായ കൈ!

This entry was posted on 4:35 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments