ബ്ലോഗാംഗന  

Posted by Askarali

എന്നെ ഏതേതു ഭാവങ്ങളില്‍ നിനക്കു കാണണമെന്നു തോന്നുന്നുവോ
ആ രൂപത്തില്‍‍ നിനക്ക് ഞാന്‍ പ്രത്യക്ഷമാകും.
അമ്മയായോ, സഹോദരിയായോ, കാമുകിയായോ, അമ്മുമ്മയായോ
നിനക്കെന്നെ നിന്റെ മനോധര്‍മ്മമനുസരിച്ച് കല്‍പ്പന ചെയ്യാം.
കല്ലായോ, മരമായോ, ഒഴുകുന്ന നദിയായോ, നിശ്ചല തടാകമായോ
നിനക്കെന്നെ ഭാവന ചെയ്യാം.
കാറ്റായോ, മഴയായോ, മന്ദമാരുതനായോ നിനക്കെന്നെ കല്പനചെയ്യാം.
നാദമായോ, രാഗമായോ, താളമായോ, ചിത്രമായോ, കാവ്യമായോ നിനക്കെന്നെ വര്‍ണ്ണിക്കാം.
വിഷാദമായോ, ഹര്‍ഷോന്മാദമായോ, നിനക്കെന്നെ രൂപപ്പെടുത്താം.
കുമാരിയായോ, യുവതിയായോ, വൃദ്ധയായോനിനക്കെന്നെ തരം തിരിക്കാം.
സ്ത്രീയോ പുരുഷനോ എന്നുകൂടി നിനക്കെന്നെ വിവേചിക്കാം.
വാത്സല്യമെന്നോ, സ്നേഹമെന്നോ, പ്രേമമെന്നോ ദയയെന്നോ നിനക്കെന്നോടുള്ള വികാരത്തെ
വിഭാവന ചെയ്യാം.
എന്നെ നിനക്കു കുലീനയായോ അല്ലാതെയോ നിന്റെ ഭാവനയ്ക്കനുസരിച്ച് വിധിയെഴുതാം
ചപലയായോ അചപലയായോ നിനക്കെന്നെ കരുതാം.
ഞാന്‍ സത്യമാണൊ, മിഥ്യയാണോ എന്നും നിനക്ക് ആരായാം.
ഞാന്‍ ജീവിച്ചിരിക്കുന്ന ആത്മാവോ. മരിച്ചുകഴിഞ്ഞവളോ എന്നുകൂടി നിനക്ക് നിര്‍ണ്ണയിക്കാം.
എന്നെ ഉന്മൂലനം ചെയ്യാനും പുനര്‍ജീവിപ്പിക്കുമാനും കൂടി നിനക്കു കഴിഞ്ഞേക്കും.
കാരണം, നിന്റെ ചിന്തകളില്‍ രൂപപ്പെട്ടവള്‍ ഞാന്‍;
നിന്റെ അന്തഃകരണത്തില്‍ ഉരുത്തിരിഞ്ഞവള്‍;
നിന്റെ പ്രജ്ഞയില്‍ ജീവിക്കുന്നവള്‍;
നീയില്ലെങ്കില്‍ ഞാനുമില്ല.
ഞാന്‍ നിന്റെ പ്രതിബിംബം മാത്രം.
ഞാന്‍ നിന്റെ മനസ്സിന്റെ ഭാവന മാത്രം.

This entry was posted on 9:20 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments