അമ്മയുടെ നര്‍മ്മം  

Posted by Askarali

ടെന്‍ഷനുകളൊക്കെ കുറേശ്ശെ കുറഞ്ഞു വരുന്ന സമയം..(ഒന്നൊഴിഞ്ഞിട്ട് അടുത്തതിന് വരാനായി ക്യൂവില്‍ കാത്തുനില്‍ക്കുന്ന ടെന്‍ഷനുകളാണ് ഈ ജീവിതം നിറയെ എന്നുവേണമെങ്കില്‍ പറയാം)

ഏതിനും, മക്കളുടെ പരീക്ഷകളൊക്കെ കഴിഞ്ഞു, (പരീക്ഷയുടെ ടെന്‍ഷനില്‍ നിന്ന് കരകേറാ‍ന്‍ ഒരു ബ്ലോഗില്‍ ചെന്നപ്പോള്‍, അവിടുന്നു കിട്ടിയ ടെന്‍ഷന്‍ പരീക്ഷയുടെ ടെന്‍ഷന്‍ ലഘൂകരിച്ചതുകൊണ്ട്- ‘ഉര്‍വ്വശീ ശാപം ഉപകാരം’ എന്നും വേണമെങ്കില്‍ പറയാം) അല്‍പ്പം റിലാക്സാവാന്‍ തുടങ്ങുന്ന സമയം..

നവംബര്‍ 2 ഉം , 9 ഉം ലക്കത്തിലെ മാതൃഭൂമി വാരാന്തപ്പതിപ്പ് മാത്രം മേശപ്പുറത്ത് തന്നെയും കാത്ത് കിടക്കുന്നു!. അത് മി. ആത്മയുടെ കമ്പനിയില്‍ ആരോ വരുത്തി, അവര്‍ വായിച്ചു കഴിഞ്ഞപ്പോള്‍ ‘പാവം ആത്മയും കൂടി വായിച്ചോട്ടെ’ എന്നുകരുതി അവര്‍ മി. ആത്മയുടെ കയ്യില്‍ കൊടുത്തതോ; അതോ, മി. ആത്മ തന്നെ ‘അവള്‍കൂടി വായിച്ചോട്ടെ’ എന്നു കരുതി എടുത്തുകൊണ്ടു വന്നതുമാകാം. ഏതിനും അത് തന്നെയും തേടി ഇവിടെ എത്തി. (ഇതിനൊക്കെ പിന്നില്‍ ഒരു ശക്തി കാണും.. കാണാ‍തിരിക്കില്ല)


നവംബര്‍‍ 2 ല്‍..
ബഷീറിന്റെ ജീവിതരേഖ...( അദ്ദേഹത്തിന്റെ ജീവിതത്തിലെ എല്ലാ പ്രധാനപ്പെട്ട സംഭങ്ങളും നടന്ന വര്‍ഷങ്ങള്‍) കണ്ടപ്പോള്‍ എന്തോ, അദ്ദേഹത്തിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വായിക്കണം എന്നൊരു വല്ലാത്ത ‍ആഗ്രഹം. (പറയണ്ട ട്ടൊ, എന്തുകൊണ്ടോ, ബഷീറിന്റെ കഥകളെ ഓര്‍ത്തപ്പോള്‍ -. എം ന്റെ ഒരു ച്ഛായ തോന്നി!-)

ആ പേജില്‍ തന്നെ അമൃതാനന്ദമയീദേവിയുടെ ഒരു ലേഖനവും കണ്ടു. ധ്യാനം മനസ്സിനെ ശാന്തമാക്കാന്‍ എത്ര സഹായിക്കുമെന്നും, ശാന്തമായ മനസ്സ് ജീവിതവിജയത്തിന് എത്രമാത്രം ഉതകുമെന്നും അമ്മ വിവരിച്ചിരിക്കുന്നു.


നവംബര്‍ 9 എടുത്തു.
അതിലും അമ്മയുടെ ആത്മീയ ഉപദേശം ഉണ്ട്.‍..
അമ്മ ഉപദേശങ്ങള്‍ ഉദാഹരണ കഥയുള്‍പ്പെടുത്തി കൂടുതല്‍ മനസ്സില്‍ പതിയും വിധം വിവരിക്കുന്നു..
വായിച്ചു തുടങ്ങിയപ്പോള്‍ അമ്മയ്ക്കും ഒരു -. എം. ശൈലി!
വായിച്ചതിന്റെ ഉള്ളടക്കം എഴുതാം..

‘മനസ്സിനെ ശാന്തമാക്കാന്‍ കോപം അടക്കണം’ എന്നതാണ് തലക്കെട്ട്.

ആദ്യത്തെ കഥ,
ഒരാള്‍ ആള്‍ക്കൂട്ടതില്‍ നില്‍ക്കുമ്പോള്‍ ഒരു കല്ല് അയാളുടെ തലയില്‍ വീണ് തല മുറിയുന്നു.
അയാള്‍ കോപാക്രാന്തനായി സ്വന്തം മുറിവു മറന്ന് എറിഞ്ഞയാളിനെ പിടിക്കാന്‍ ഓടുന്നു...
ഓടുന്നതിനിടയില്‍ വഴിയില്‍ നിന്ന് മുറിവില്‍ പൊടിയും മറ്റും കയറുന്നു, വേദന കൂടുന്നു, ഇതൊന്നും അറിയാതെ ഏറിഞ്ഞയാളിനെ പിടിച്ച് അടികൊടുക്കാനോടുന്ന മുറിവാളി ഒടുവില്‍ അറിയുന്നു, മറ്റാരോ ആണ് കല്ലെറിഞ്ഞതെന്നും, അല്ലെങ്കില്‍ കൈപ്പിഴമൂലം വീണതാണെന്നും.
അമ്മ പറയുന്നു,
‘അതല്ല അയാളെ കണ്ടെത്തി അടികൊടുത്താലും മുറിവിന്റെ വേദന കുറയില്ല’ത്രെ. പ്രതികാരം തീര്‍ക്കാനായി മറ്റുള്ളവരുടെ പിറകെ ഓടുന്നതിനു പകരം, നമ്മുടെ മുറിവ് ഉണക്കാനാണ് ശ്രദ്ധിക്കേണ്ടതെന്ന് ചുരുക്കം.

അടുത്ത ഉദാഹരണകഥ ഇപ്രകാരം..
ഒരു ബസ്സ് കണ്ടക്ടറുടെ കഥയാണ്.
കോപം നിയന്ത്രിക്കേണ്ടതിന്റെ അവശ്യകത എടുത്തുകാട്ടാനായാണ് ഈ കഥയും.

സ്ഥിരമായി നിര്‍ത്താറുള്ള ഒരു ബസ്സ് സ്റ്റോപ്പില്‍ നിന്നും 7 അടിപൊക്കവും ഒത്ത വണ്ണവുമൊക്കെ ഉള്ള ഒരു പുതിയ യാത്രക്കാരന്‍ ബസ്സില്‍ കയറി.
കണ്ടക്ടര്‍ റ്റിക്കറ്റെടുക്കാന്‍ അയാളുടെ അടുത്തു ചെന്നു.
അപ്പോള്‍ അയാള്‍ പറഞ്ഞു: ‘കേശവന്‍ കുട്ടിക്കു ടിക്കറ്റാവശ്യമില്ല.”
മറുപടി കേട്ട കണ്ടക്ടര്‍ അയാളെ ഒന്നു നോക്കി, അജാനുബാഗു, 7 അടി പൊക്കം, അതിനൊത്ത വണ്ണം; എല്ലിച്ച പ്രകൃതക്കാരനായ കണ്ടകടര്‍ക്ക് ഒന്നുകൂടി ചോദിക്കാന്‍ ഭയമായി ഒനും പറയാതെ വന്ന് തന്റെ സീറ്റിലിരിന്നു.

അടുത്ത ദിവസവും ഇതുതന്നെ സംഭവിച്ചു. റ്റിക്കറ്റെടുക്കാന്‍ ചെല്ലുമ്പോള്‍ അജാനബാഹു “കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല” അന്നാവര്‍ത്തിക്കുന്നു. ഇപ്രാവശ്യം കണ്ടക്ടര്‍ക്ക് ഉള്ളില്‍ ദേഷ്യം തിളച്ചു പൊന്തുന്നു പക്ഷെ, പണിപ്പെട്ട് നിയന്ത്രിക്കുന്നു..

ദിവസവും അയാള്‍ ബസ്സില്‍ കയറും പഴയ പല്ലവി തന്നെ ആവര്‍ത്തിക്കും. ഓരോ തവണ ഇതു കേള്‍ക്കുംമ്പോഴും കണ്ടക്ടര്‍ക്ക് കൂടുതല്‍ കൂടുതല്‍ ദേഷ്യം വന്ന്, എങ്ങിനെയെങ്കിലും ഇയ്യാളെ മര്യാദ
പഠിപ്പിച്ചിട്ടെ ഉള്ളു ഇനി കാര്യം എന്നു മാത്രമായി ചിന്ത. മനസ്സിലെ സ്വസ്തത നഷ്ടപ്പെട്ടു. വീട്ടില്‍ ചെന്നാല്‍ ഭാര്യയോടും മക്കളോടും ഒന്നും മിണ്ടില്ല. എപ്പോഴും 7 അടിയെ എങ്ങിനെ ഒരു പാഠം പഠിപ്പിക്കുന്നതെന്ന ചിന്തമാത്രം.

ഒടുവില്‍ ഈ ഒരൊറ്റ ചിന്ത മാത്രം ശേഷിച്ചപ്പോള്‍ അയാള്‍ അവധിയെടുത്ത് പോയി കരാട്ടെയും വേറേ കുറേ അഭ്യാസമുറകളും ഒക്കെ പഠിച്ച്, ഇനി ആ തടിയനോട് ഒരു ഒരു കൈ നോക്കാം
എന്ന വിശ്വാസത്തില്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുന്നു.

തടിയന്‍ വണ്ടിയില്‍ കയറിയപ്പോള്‍ അഭ്യാസച്ചുവടുകളോടെ കണ്ടക്ടര്‍ ടിക്കറ്റ് നീട്ടി തടിയന്‍ പഴയ മറുപടി തന്നെ ആവര്‍ത്തിച്ചു, “ കേശവന്‍ കുട്ടിക്ക് ടിക്കറ്റ് ആവശ്യമില്ല”.
കണ്ടക്ടര്‍ നിയന്ത്രണം വിട്ട് അലറി, “സാധ്യമല്ല. നിങ്ങള്‍ റ്റിക്കട്ടെടുത്തേ പറ്റൂ. നിങ്ങള്‍ ടിക്കറ്റെടുക്കാതെ വണ്ടി ഇവിടെനിന്നു വിടുന്ന പ്രശനമെ ഇല്ല. മര്യാദയ്ക്ക് ടിക്കറ്റെടുക്കൂ...”

“ ക്ഷമിക്കൂ, കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല”- ഇതു പറഞ്ഞുകൊണ്ട് അയാള്‍ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും ഒരു കാര്‍ഡ് എടുത്ത് കാണിച്ചുകൊണ്ട് പറഞ്ഞു, “ ഇത് എന്റെ പാസ്സാണ്.”
ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഉയര്‍ന്ന ഒരുദ്ദ്യോഗസ്ഥന്റെ പാസ്സായിരുന്നു അത്!.

കോപം കൊണ്ട് കണ്ടക്ടര്‍ എത്ര ദിവസം ലീവെടുത്തു, എത്ര നഷ്ടങ്ങള്‍ വരുത്തി, എത്ര ടെന്‍ഷന്‍ അനുഭവിച്ചു, വീട്ടിലെ ശാന്തി നഷ്ടമാക്കി..

അമ്മ പറയുന്നു,

‘ഇതുപോലെയാണ് മക്കളെ, കോപം അടക്കിയില്ലെങ്കില്‍ നിങ്ങള്‍ക്കും സംഭവിക്കാന്‍ പോകുന്നത്‍’ .
അമ്മ തുടരുന്നു, ‘കോപം വരുമ്പോള്‍ എടുത്തുചാടുകയോ ഉള്ളിലടക്കി, രോഗം വരുത്തുകയോ പാടില്ല’ത്രെ! മനസ്സിന്റെ ശാന്തമാക്കുകയാണ് വേണ്ടതെന്ന്!

മനസ്സിനെ ശാന്തമാക്കാനുള്ള വഴി‍ അമ്മ തന്നെ പറഞ്ഞു, ധ്യാനം.

പക്ഷെ, ഇക്കാലത്ത്, ടി. വി. കമ്പ്യൂട്ടര്‍ ജോലികള്‍ ഒക്കെ നമ്മുടെ സമയം മുഴുവനും കയ്യടക്കുമ്പോള്‍ (ആത്മയുള്‍പ്പടെ. -പക്ഷെ, പണ്ട് കുറച്ചൊക്കെ ധ്യാനിക്കുമായിരുന്നു.) ധ്യാനിക്കാന്‍ സമയം കണ്ടെത്തുന്നവര്‍ വളരെ ചുരുക്കും.

കുറഞ്ഞപക്ഷം, രാവിലെ എണീക്കുമ്പോള്‍ ഒരു നൂറ്റെട്ടു പ്രാവശ്യം ഇഷ്ടദേവന്റെ പേര് ആവര്‍ത്തിച്ച് മനസ്സില്‍ പറഞ്ഞ് മൌനമായി ഇരുന്നിട്ട് എണീക്കാം.. കിടക്കുന്നതിനു മുന്‍പും അപ്രകാരം ചെയ്യാം..

( ചെയ്യുന്നവര്‍ക്കൊക്കെ അതുകൊണ്ട് പ്രയോജനം കണ്ടിട്ടുണ്ട്.- പക്ഷെ ആത്മയ്ക്ക് പലപ്പോഴും അത്രയ്ക്ക് ക്ഷമ കിട്ടുന്നില്ല. ഒരോരുത്തര്‍ക്കും ഓരോ തലയിലെഴുത്തല്ലെ, പറയാനും എഴുതാനും ഒക്കെ എളുപ്പമാണ് പക്ഷെ, മനസ്സിനെ ശാന്തമാക്കി ധ്യാനിപ്പിക്കാന്‍‍ അല്പം ബുദ്ധിമുട്ടിയാലേ പറ്റൂ‍..)

ഓം. ശാന്തി ശാ‍ന്തി ശാ‍ന്തി.

This entry was posted on 9:21 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments