ഞാന്‍... ഞാന്‍...  

Posted by Askarali

ഇന്ന്‌ ഒരു കമന്റെഴുതിക്കഴിഞ്ഞപ്പോൾ തോന്നിയത്‌. (മനസ്സിലെ ചിന്തകൾ ഭയം കൂടാതെ എഴുതിക്കൊണ്ടിരിക്കുകയയായിരുന്നല്ലൊ ആത്മ . അതുകൊണ്ട്‌ ഇനിയും തുടരട്ടെ...)
മി. കതിരവനു , കമന്റില്‍ എന്റെ ‘പരുക്കൻ പുറം തോട്‌ ’ എന്നെഴുതിയതിനെപ്പറ്റി.

എഴുതിക്കഴിഞ്ഞപ്പോല്‍ എന്തോ ഒരു പന്തികേട്. എന്നെപ്പറ്റി ഞാന്‍ അങ്ങിനെ എഴുതുകവഴി, ഞാന്‍ എന്നോട് ന്യായം പുലര്‍ത്തിയില്ലേ എന്നൊരു തോന്നല്‍. അപ്പോള്‍ പെട്ടെന്ന് ‘എല്ലാ എക്സ്ട്രീമിറ്റികളും ഒരു ഒരു വൃത്തത്തിൽ പരസ്പ്പരം കൂട്ടിമുട്ടും’ എന്ന് വിശ്വംജീ ‘മൗനം’ എന്ന പോസ്റ്റില്‍‌ എഴുതിയതോർമ്മ വന്നു. അതെ പിടികിട്ടി!

പരുക്കൻ പുറംതോടിനുള്ളിൽ അതീവ സെൻസിറ്റീവ്‌ ആയ ഒരു ഉള്ളം. അപകടമൊന്നും പതിയിരുപ്പില്ലെന്ന്‌ ഉറപ്പാവുമ്പോൾ മാത്രം പുറത്തു വരുന്ന ഉള്ള്‌. ചിലർ ആ ഉള്ളം കാണുന്നു. അവർ കരുതുന്നു. ‘അയ്യോ പാവം ആത്മ ഇത്ര പാവമായിപ്പോയല്ലൊ! ജീവിക്കാൻ പോലും അറിഞ്ഞുകൂടാത്തവൾ. പാവത്തിനെ ഒന്നും ചെയ്യണ്ട’. വേറേ ചിലർ നിർഭാഗ്യവശാൽ പരുക്കൻ പുറംതോട്‌ കാണുന്നു. അവർ കരുതും ‘എന്നാലും അൽപ്പം കട്ടിതന്നെ. അധികം അടുക്കണ്ട’. അങ്ങിനെ രണ്ട്‌ എക്സ്ട്രീമിറ്റിയും ചെന്നുചേരുന്നതോ? ഒറ്റപ്പെടലിലും.
------------
‘ഞാനെന്തിന് എന്നെപറ്റിതന്നെ ഇങ്ങിനെ ചിന്തിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു?’ എന്നായി അടുത്ത സംശയം .
ഉത്തരം കിട്ടി! ‘എനിക്ക് ഏറ്റവും അടുത്ത് കിട്ടുന്ന മനുഷ്യന്‍ ഞാന്‍ ആയതുകൊണ്ട്’.

-------------
ഇപ്പോള്‍ ഇതാ വീണ്ടും സംശയം ഞാന്‍ എന്ന ചിന്ത ഇല്ലാതാക്കുകയല്ലേ ജ്ഞാനികള്‍ ചെയ്യുന്നത്?അപ്പോള്‍ അതല്ലേ വേണ്ടത്?
അപ്പോള്‍ ഞാന്‍ എന്നെപ്പറ്റി ചിന്തിക്കുന്നതൊക്കെയും കുറ്റകരമല്ലെ?
അപ്പോള്‍ ഞാന്‍ കമന്റിനെഴുതിയ മറുപടിയും തെറ്റായോ?
-----------
ഞാന്‍ , എന്നെ , എന്നൊക്കെ എഴുതിയപ്പോള്‍ ഒരു കൊച്ച് സംഭവം ഓര്‍മ്മ വന്നു. അതുകൂടി എഴുതട്ടെ,

എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. (ഇപ്പോഴും ഉണ്ട്, അങ്ങ്, ഇന്ത്യയില്‍. ഇടയ്ക്കൊക്കെ ഫോണ്‍ ചെയ്യും.) ആ കൂട്ടുകാരിയോട് ഞാന്‍ ഒരിക്കല്‍ എന്റെ മനസ്സില്‍ ഒളിപ്പിച്ചു വച്ചിരുന്ന ഒരു ഭയം പറഞ്ഞു, പിറ്റേ ദിവസം പോകേണ്ടുന്ന ഒരു പാര്‍ട്ടിയെപറ്റിയായിരുന്നു അത്. അവിടെ എനിക്ക് ഞാന്‍ ഒന്നുമല്ലാതാകുന്ന ഒരവസ്ഥ, തെറ്റിധരിക്കപ്പെടുന്നപോലെ (എന്റെ പുറംതോടേ കാണൂ എന്ന് വാശിപിടിച്ചിരിക്കുന്ന ചുരുക്കം ചിലര്‍ നടത്തുന്ന പാര്‍ട്ടി) എന്നെ വേറെന്തൊക്കെയോ ആയി ചിത്രീകരിക്കാന്‍, എന്നിലെ എന്നെ വികൃതമായി ചിത്രീകരിക്കാന്‍, എന്നിലെ ആത്മവിശ്വാസം അടിച്ചമര്‍ത്താന്‍, ചുരുക്കം പറഞ്ഞാല്‍ ‘എന്നിലെ എന്നെ ഇല്ലാതാക്കാന്‍’ അവര്‍ തക്കം പാര്‍ത്തിരിക്കുന്നു എന്ന തോന്നല്‍ . എന്റെ ഭയം ഞാന്‍ എന്റെ കൂട്ടുകാരിയോട് പറഞ്ഞ് പരിതപിച്ചു,

“ഓ എങ്ങിനെയെങ്കിലും നാളത്തെ ഒരു ദിവസം അങ്ങു കഴിഞ്ഞു കിട്ടിയാല്‍ മതിയായിരുന്നു ഗീതേ”

അപ്പോള്‍ ഗീത, “അതിനു ഞാന്‍ ഒരു വഴി പറഞ്ഞു തരാം ആത്മ”

ഞാനതിശയിച്ചു. വര്‍ഷങ്ങളായി ഞാന്‍ മനസ്സില്‍ കൊണ്ടു നടക്കുന്ന, ഇത്രയും വലിയ ഒരു പ്രോബ്ലത്തിന് ഇത്ര വേഗത്തില്‍ ഒരു ഉത്തരം കണ്ടെത്താനാവുമെന്നോ ! (ഏതായാലും പാര്‍ട്ടിക്ക് പോകാതിരിക്കാന്‍ പറ്റില്ല. അത് അതിലും വലിയ തെറ്റാകും.)
ഞാന്‍ ചോദിച്ചു, “എന്താ ആ മാജിക്ക്?”
“ഓ അതില്‍ മാജിക്കൊന്നുമില്ല. എനിക്ക് ഇങ്ങിനെ ഇഷ്ടമില്ലാത്ത സിറ്റുവേഷനില്‍ അകപ്പെടുമ്പോള്‍
ഞാന്‍ ഇങ്ങിനെയാണ് ചെയ്യുന്നത് , ‘ഈ പോകുന്നത്, അല്ലെങ്കില്‍ ഈ അനുഭവിക്കുന്നത് ഞാനല്ല. ഇത് വേറേ ആരോ ആണ്’. അല്ലെങ്കില്‍ ‘നാളെ ഒരു ദിവസത്തേയ്ക്ക് ഞാനില്ല’. എന്നങ്ങു കരുതിയാല്‍ മതി”.

ഗീതയ്ക്ക് വലിയ ആത്മീയതയൊന്നും ഇല്ല (ഞാനോ? കര്‍മ്മയോഗവുമൊക്കെ വായിച്ച്, എനിക്ക് ഏതു വിഷമഘട്ടവും തരണം ചെയാനാകും എന്നു കരുതിയിരിക്കുന്നവളും) എങ്കിലും എന്തു വലിയ ഒരു ആത്മീയ തത്വമാണ് ഗീത അറിയാതെയെങ്കിലും എനിക്കുപദേശിച്ചു തന്നത്!. ‘ഞാന്‍ എന്ന ഭാവം ഇല്ലാതാക്കുക’ എന്ന തത്വം.

അതില്‍പ്പിന്നെ എനിക്ക് ഇഷ്ടമില്ലാത്ത ഏതുകാര്യത്തില്‍ ചെന്നു ചാടിയാലും, ഈ കിടന്ന് അനുഭവിക്കുന്നത് ഞാനല്ല, മറ്റാരോ ആണ് എന്നങ്ങു കരുതും.

ഒന്നുകൂടി മനസ്സിലായി, പുസ്തകം വായിച്ച അറിവുകൊണ്ട് മാത്രം ജീവിക്കാനാവില്ല. എന്നും.

This entry was posted on 10:49 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments