ഒരു നുണക്കഥ  

Posted by Askarali

ഒരു അലുവാ കഥ
ദേവകിക്കുട്ടിയ്ക്ക് അലുവ എന്നാല്‍ എല്ലാകുട്ടികളെയും പോലെ ഒരു വീക്ക്നസ്സ് ആയിരുന്നു..പക്ഷെ, അന്നും എന്നും ഭക്ഷിക്കുവാനുള്ള ഭാഗ്യം ദേവകിയ്ക്കുണ്ടായിട്ടില്ല. ദേവകിക്കുട്ടി ചെറുതിലെ അലുവ കൊതിയോടെ നോക്കുമ്പോള്‍ ദേവകിയുടെ പേരന്റ്സ് കണ്ണുരുട്ടി കാണിക്കും.. അതൊക്കെ ചീത്തക്കുട്ടികള്‍ തിന്നുന്നതാണ് എന്നും പറഞ്ഞ്.സിനിമാ തീയറ്ററിലോ വഴിയിലെ കടകളിലോ മറ്റോ അലുവ ഇരിക്കുന്നത് കണ്ടാല്‍ മാതാപിതാക്കള്‍ ദേവകിക്കുട്ടി അതു കാണാതെ മറഞ്ഞു നില്‍ക്കും. കണ്ടാലല്ലെ ഭക്ഷിക്കാന്‍ തോന്നൂ എന്നു കരുതും.
അലുവ തിന്നാല്‍ നേരത്തെ ഡയബറ്റീസ് വരുമെന്ന്‌ അമ്മ (എക്സ്പീരിയന്‍സ്!).
അത് ശരീരം അമിതമായി വണ്ണം വയ്പ്പിക്കുമെന്ന് അച്ഛന്‍ (എക്സ്പീരിയന്റ്സ്!).
ഇത് കേട്ട് കേട്ട്, ദേവകിക്കുട്ടി അലുവ വെറുത്തു തുടങ്ങി..

എങ്കിലും ഹോസ്റ്റലില്‍ പഠിക്കുമ്പോള്‍ ദേവകിക്കുട്ടിയ്ക്ക് ഒരു ചേച്ചി നല്ല ഒരു അലുവ പൊതിഞ്ഞു കെട്ടി കൊണ്ടു കൊടുത്തു. ദേവകി ആദ്യമായി അലുവയുടെ മധുരം എന്തെന്നറിഞ്ഞു! ദേവകിയ്ക്ക് സന്തോഷമായി. അലുവ കൊടുത്ത ചേച്ചി പിരിഞ്ഞുപോയപ്പോള്‍ ദേവകി ഒത്തിരി കരഞ്ഞു.
ചേച്ചി പോയതിലും വിഷമം, ഇനി ആരും അലുവ തരാനില്ലല്ലൊ എന്നതിലായിരുന്നു വിഷമം.. പരീക്കുട്ടി കറുത്തമ്മേ ഓര്‍ത്ത് മാനസമൈനേ വരൂ എന്ന പാട്ടും പിന്നെ കുറെ പാട്ടുകളൊക്കെ തപ്പിപ്പിടിച്ച് പാടിനോക്കി ദേവകിക്കുട്ടി, ദുഃഖം കുറയാന്‍! അങ്ങിനെ പാടി, പാടി, വിഷമമൊക്കെ അല്പം കുറഞ്ഞു തുടങ്ങിയപ്പോള്‍ പെട്ടെന്നൊരു പാട്ടിനെ ഇടയ്ക്ക് വച്ച് ബോധമുദിച്ചു! ‘ചേച്ചിമാരല്ല അലുവ തരേണ്ടത്’ എന്ന് തിരിച്ചറിഞ്ഞു ദേവകിക്കുട്ടി! (ദേവകിക്കുട്ടി എപ്പോഴും മണ്ടിയായിരുന്നു)

പിന്നീട് വിവാഹമൊക്കെ കഴിഞ്ഞപ്പോള്‍‍ ഭര്‍ത്താവും അലുവയുടെ കാര്യത്തില്‍ ഭയങ്കര പിശുക്കന്‍ തന്നെ. (അല്ലെങ്കില്‍ ഭര്‍ത്താവിന് വാങ്ങാന്‍ തോന്നുമ്പോള്‍ ദേവകിക്ക് കഴിക്കാന്‍ തോന്നില്ല; ദേവകിക്ക് ആശ തോന്നുമ്പോള്‍ ഭര്‍ത്താവിനു വാങ്ങാന്‍ പറ്റില്ല, ബിസി! ബിസി!- പിന്നെ വെളിയില്‍ നിന്നും അണ്‍നോണ്‍ സോര്‍സസിന്റെ പ്രഷര്‍...) ഒരുകണക്കിന് ഭാഗ്യം! പെട്ടെന്നൊന്നും ഡയബറ്റീസ് വരില്ലല്ലൊ എന്നോര്‍ത്ത് ദേവകി ഒപ്റ്റിമിസ്റ്റിക്കായി ചിന്തിക്കാന്‍ തുടങ്ങി.

ഭര്‍ത്തൃസഹോദരന്‍ ഒരിക്കല്‍ കേരളത്തില്‍ നിന്നും കന്യാകുമാരിയിലേയ്ക്ക് പോകുന്ന വഴി കിട്ടുന്ന അലുവയാണ് ലോകത്തിലേക്ക് ഏറ്റവും മധുരതരമായ അലുവ എന്നും പറഞ്ഞ് വാങ്ങി മുന്‍പില്‍ വച്ചു. പക്ഷെ, എന്തോ ദേവകിക്ക് കഴിക്കാന്‍ തോന്നിയില്ല. റെസ്റ്റോറന്റില്‍ ഇരുന്ന് അലുവ മധുരത്തോടെ കഴിക്കുന്നവരെ നോക്കി ദേവകി സംതൃപ്തിപ്പെട്ടു. കാരണം ഭര്‍ത്താവിന്റെ അനിയന്‍ പരിചയപ്പെടുത്തിയെങ്കിലും ദേവകിയ്ക്കതങ്ങോട്ട് വിശ്വസിക്കാന്‍ ഒരു പ്രയാസം! അതോടെ ദേവകിയ്ക്ക് ഒന്നു മനസ്സിലായി. ഇത്രേം നല്ല അലുവ വേണ്ടെന്നു വച്ച താനിനി ഈ ജന്മം അലുവ തിന്നാന്‍ പോണില്ലാ..
(പിന്നെ മനസ്സിലായി അതൊക്കെ തന്റെ മാത്രം തോന്നലുകളായിരുന്നു എന്നും)

എന്നാല്‍ അലുവ എന്നൊക്കെ പറയുമ്പോള്‍ ഇപ്പോഴും നാവില്‍ നിന്ന് വെള്ളമൂറുന്നുണ്ട് താനും. ആരെങ്കിലും അലുവ പ്രസന്റായി തന്നാല്‍ അവര്‍ കാണക്കെ ചിരിച്ച് സ്വീകരിച്ചിട്ട്, മനസ്സില്ലാ മനസ്സോടെ പിറ്റേന്ന് രാവിലെ വെളിയില്‍ കൊണ്ടു കളയും ദേവകിക്കുട്ടി. അല്ല പിന്നെ! ഒരു കഷണം
അലുവയില്‍ എത്രമത്രം നെയ്യ്, പഞ്ചസാര, കൊളസ്റ്റ്രോള്‍, മാണ്ണാങ്കട്ടി ഒക്കെ അടങ്ങിയിരിപ്പുണ്ട്! ദേവകിക്ക് വേണ്ട. ദേവകിക്ക് ദുര്‍മ്മേദസുമായി ജീവിക്കാനൊന്നും വയ്യ, മധുരമൊക്കെ അല്പം കുറവാണെങ്കിലും മാനം മര്യാദയ്ക്ക് ജീവിക്കാമെന്നു വച്ചു ദേവകി.

എങ്കിലും...

സിനിമേലും, നാടകങ്ങളിലും, കഥകളിലും, എന്തിനധികം ഇന്റര്‍നറ്റിലും ഒക്കെ അലുവ കാണുമ്പോള്‍ അറിയാതെ കൊതിയൂറും ദേവകിയ്ക്ക്. .(പെണ്മനസ്സല്ലേ!)

ആയിടയ്ക്ക് ദേവകിയുടെ നാത്തൂന്‍ സായിബാബയെയൊക്കെപോയി പ്രാര്‍ത്ഥിച്ചിട്ട്, വിസിറ്റിനു വന്നപ്പോള്‍ ദേവകിക്ക് ഒരു ഉപദേശവും കൊടുത്തു, “പിന്നേ ദേവകീ, നമ്മള്‍ ഈ ജന്മം എന്തെങ്കിലും ആഗ്രഹം ബാക്കി വച്ചിരുന്നാല്‍ അടുത്ത ജന്മം ആ ആഗ്രഹ നിവര്‍ത്തിയ്ക്കുവേണ്ടി മാത്രം പുനര്‍ജ്ജനിക്കേണ്ടി വരും! ഉദാഹരണത്തിന്, ഒരാള്‍ക്ക് വണ്ടിയോടിക്കാന്‍ ഭയങ്കര ആഗ്രഹമാണ് ഈ ജന്മത്തില്‍ എന്ന് കരുതുക, ഈ ജന്മം അത് സാധിച്ചില്ലെങ്കില്‍ പിന്നെ അതിനായി അടുത്ത ജന്മം ജനിക്കേണ്ടി വരും!”
ദേവകി അടുത്ത സെന്റന്‍സ് കേള്‍ക്കാനായി അങ്ങിനെ കാതും കൂര്‍പ്പിച്ചു നിന്നു.. പുഞ്ചിരിയോടെ..,
തന്റെ നാത്തൂന്‍.. ‘അതുകൊണ്ട് ദേവകിയ്ക്ക് വണ്ടിയൊക്കെ ഓടിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അണ്ണനോട് പറഞ്ഞ് ഒരു കൊച്ച് വണ്ടിയെങ്കിലും വാങ്ങി ഓടിച്ച് ആഗ്രഹം തീര്‍ക്കൂ ദേവകീ, അല്ലെങ്കില്‍ അടുത്തജന്മം വെറും ഒരു കാര്‍ഡ്രൈവറായി ജനിക്കേണ്ടി വരും’ എന്നിപ്പം പറയും തന്റെ പുന്നാര(തിരുന്തിയ-ആത്മ്ജ്ഞാനം കൈവന്ന) നാത്തൂന്‍ എന്നും കരുതി നിന്നപ്പോള്‍, നാത്തൂന്‍ അനായാ‍സേന, പരമഭക്ത്യാ സെന്റന്‍സ് പൂര്‍ത്തീകരിച്ചു.. “അതുകൊണ്ട്, അങ്ങിനെയുള്ള ചില്ലറ ആഗ്രഹങ്ങളൊന്നും വച്ചുപുലര്‍ത്തരുത് കേട്ടോ” എന്നും പറഞ്ഞ്, ഒരു യോഗിനിയെപ്പോലെ അടുക്കളയില്‍ കുളിച്ചു കുറിയിട്ട് സന്ധ്യാനാമവും ചൊല്ലി, സായിബാബയെയും വണങ്ങി, നിമ്മതിയായി നിന്ന ദേവകിയോട് (പട്ടിണിയെ കുത്തിയുണര്‍ത്തി, എടാ പട്ടിണീ നിനക്കിന്ന് ആഹാരമില്ല, കിടന്നുറങ്ങിക്കോ എന്നു പറയുമ്പോലെ?) പറഞ്ഞിട്ട്, നല്ല ജീന്‍സും ടോപ്പും ഒക്കെയിട്ട്, സ്വന്തം കാറില്‍ കയറി ഓടിച്ചങ്ങ് പോയീ..!
പക്ഷെ, ദേവകി ഒന്നു പറയാന്‍ മറന്നില്ല, ‘നാത്തൂനേ, ഈ ആത്മജ്ഞാനം പൂര്‍ണ്ണതയിലെത്തും മുന്‍പ് മറ്റുള്ളവരെ ഉപദേശിച്ചാല്‍ ഉണ്ടായ ജ്ഞാനം കൂടി ഇല്ലാതായിപ്പോകുമെന്ന് പണ്ടാരാണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്. അതും യോഗ്യനല്ലാത്ത ശിഷ്യനു ഒരിക്കലും ഉപദേശിച്ചുകൂടാ എന്നാണ്’.
നാത്തൂന്‍, ‘വിശ്വസിക്കണോ ഈ അരവട്ടിനെ?!’ എന്നിങ്ങനെ ഒരു നിമിഷം നോക്കിയിരുന്നിട്ട്, പിന്നെ പൂര്‍വ്വ സ്ഥിതിയില്‍ ഗൌരവമായി തന്നെ രംഗം പര്യവസാനിപ്പിച്ച് സ്ഥലം കാലിയാക്കി..

ആ അങ്ങിനെ, നമ്മുടെ കഥ.. അലുവാ കഥ..

അങ്ങിനെ ദേവകി നാത്തൂന്‍ പറഞ്ഞപോലെ ഇനിയിപ്പം ഈ ജന്മത്തില്‍ സാധിച്ചില്ലെങ്കില്‍ താന്‍ അടുത്തജന്മം വല്ല അലുവ കിണ്ടുന്ന പാത്രമായെങ്ങാനും ജനിക്കേണ്ടി വരുമോ! അയ്യോ! ഇനിയൊരു ജന്മം വേണ്ടേ വേണ്ട. അതും അലുവ തിന്നാനായിട്ട്.. എങ്കിപ്പിന്നെ ആ കൊതി ഇപ്പം തന്നെ അങ്ങ് തീര്‍ത്താലോ! പേപ്പറില്‍ അലുവ അലുവ എന്നെഴുതി വച്ചിട്ട് സങ്കല്‍പ്പിച്ചാല്‍ മധുരം കിട്ടുമോ! നോ രക്ഷ..
എങ്കിലും..,
സിനിമേലും, പേപ്പറിലും, സങ്കല്പത്തിലുമൊക്കെ അലുവയെ ധ്യാനിച്ച് ധ്യാനിച്ച്, ആര്‍മാദിച്ച് കുറെ വര്‍ഷങ്ങള്‍ തള്ളിനീക്കി കല്യാണിക്കുട്ടി. വെറുമൊരു സ്വപ്നജീവിയായി കല്യാണിക്കുട്ടി. മനസ്സിലെ ഭാവനാലോകത്ത് ഒരു കൊട്ടാരമൊക്കെ കെട്ടി, നിറയെ അലുവയൊക്കെ ഭക്ഷിച്ച് അങ്ങിനെ ജീവിച്ചു.. ഒടുവിലൊടുവില്‍ ‍ തിരിച്ചറിവുണ്ടായിതുടങ്ങി, തന്റെ മനസ്സിലെ കൊട്ടാരം വെറും ഭാവനയായി തന്നെ എന്നും നില്‍ക്കും എന്ന്.. എങ്കിലും അങ്ങിനെ നടക്കാന്‍ ഒരു രസം...ഒരുകണക്കിന് അതും ഭാഗ്യമായി. കല്യാണിക്കുട്ടിയുടെ നല്ലപ്രായമൊക്കെ അങ്ങിനെ തീര്‍ന്നുകിട്ടി! കല്യാണക്കുട്ടിയുടെ ജീവിതത്തിലെ വലിയ പ്രയാസങ്ങളും പ്രാരാബ്ധങ്ങളും ഒക്കെ കല്യാണക്കുട്ടിയുടെ സ്വപ്നസാമ്രാജ്യത്തിനകത്ത് കടക്കാനാവാതെ തലതല്ലി തിരിച്ചുപോയി! (സ്വപ്നങ്ങളുടെ ഒരു പവ്വര്‍!)

അങ്ങിനെ നടക്കുമ്പോള്‍.. ഒടുവില്‍.. ഒരുദിവസം.. അപ്രതീക്ഷിതമായി നമ്മുടെ പാവം ദേവകിക്കുട്ടിയെ തേടി ഒരു വിശിഷ്ടാഥിതി എത്തുന്നു..!
മറ്റാരുമല്ല, ‘ഡയബറ്റീസ് !!!’
ദേവകി ഡയബറ്റീസിനോട് ചോദിച്ചു, ‘ഹും എന്താ ഇപ്പോ ആരെങ്കിലും ക്ഷണീച്ചോ?!’
ദേവകി നീരസത്തോടെ തുടര്‍ന്നു, ‘ഞാനതിന് അലുവയും ജിലേബിയൊന്നും വച്ച് നിന്നെ ക്ഷണിച്ചില്ലല്ലൊ, എന്നിട്ടുമെന്തേ നീയെന്നെ തേടി വന്നൂ?’
ഡയബറ്റീസ് മധുരമായി പുഞ്ചിരിച്ചു. ‘എന്റെ ദേവകിക്കുട്ടീ, നീ ഇത്രനാളും അലുവയും ജിലേബിയൊന്നും തൊട്ടില്ലല്ലൊ, അല്ലെ?’
ദേവകി- ‘ഇല്ലാ’.
ഡയബറ്റീസ്- “എങ്കിപ്പിന്നെ ഇനീം തൊടണ്ട കേട്ടോ. ഞാന്‍ നിന്നെ അങ്ങ് ഒരു പുണ്യവാളത്തിയാക്കാന്‍ തീരുമാനിച്ചിറങ്ങിയിരിക്കയണ്”
ദേവകിക്കുട്ടി കേട്ടത് വിശ്വസിക്കാനാകാതെ ഒരു നിമിഷം തരിച്ചു നിന്നു! സ്ഥലകാലബോധമുണ്ടായ ഉടന്‍ ദേവകിക്കുട്ടിയില്‍ ഭക്തി നിറഞ്ഞു. ദേവകിക്കുട്ടി പൊടുന്നനെ ഡയബറ്റീസിന്റെ കാല്‍ക്കല്‍ വീണ് നമസ്കരിച്ചു. പിന്നെ ഡയബറ്റീസ് കൊണ്ടുവന്ന കുറേ നിബന്ധനകള്‍ അപ്പാടെ എടുത്തണിഞ്ഞു.. ഡയബറ്റീസ് നിര്‍വൃതിയോടെ പുഞ്ചിരിച്ചു!
ദേവകിക്കുട്ടി അങ്ങിനെ അന്ന് ഒരു ‘പുണ്യവാളത്തി’യായി!

ശുഭം

[ഇതു വായിച്ചിട്ട് ആരും ആത്മയ്ക്കും ഡയബറ്റീസ് ഉണ്ടെന്നൊന്നും കരുതല്ലെ, ഇതൊരു വെറും സാങ്കല്പിക കഥ മാത്രം.]

This entry was posted on 10:40 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments