ഇന്നത്തെ വിഷയങ്ങൾ..  

Posted by Askarali

ഇന്നലെ മറ്റേ കമ്പ്യൂട്ടറിൽ പോയി മൊഴി ഇൻസ്റ്റാൾ ചെയ്ത് ടൈപ്പ് ചെയ്ത് നോക്കി. മലയാളം ഫോണ്ട് വന്നില്ല! നമ്മൾ ഇന്നനുഭവിക്കുന്ന പലേ സുഖ സൌഖര്യങ്ങളും മറ്റുള്ളവർ അതി വിദഗ്ദമായി
ബുദ്ധിയും പ്രയത്നവും ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തവയാണെന്ന് ഇടയ്ക്കെങ്കിലും ഓർക്കാൻ ഇങ്ങിനെയുള്ള ചെറിയ അസൌകര്യങ്ങൾ സഹായിക്കും! ഒരു ചെറിയ തെറ്റു മതി/കുറവു മതി എല്ലാം താറുമാറാകാനും!

ജീവിതവും അതുപോയെയൊക്കെയാണ്. എല്ലാം വേണ്ടയളവിൽ വേണ്ടപ്പോൾ ഉപയോഗപ്പെടുത്തുന്ന ജീവിതങ്ങൾക്ക് നിലനിൽ‌പ്പുണ്ട് വിജയമുണ്ട്.. ശരീരം തന്നെ നാം വേണ്ടവിധം പരിപാലിച്ചുപയോഗിച്ചാൽ ദീർഘനാൾ തകരാറിലാകാതെ സൂക്ഷിക്കാനാകും. ശരീരവും, കമ്പ്യൂട്ടറും മറ്റ് യന്ത്രങ്ങളും പോലെ ദൈവ നിർമ്മിതമായ ഒരു യന്ത്രമാണ്. അതിന്റെയും പ്രവർത്തനക്ഷമതയ്ക്ക് നാം ഇടയ്ക്കെങ്കിലും ഭഗവാനോട് നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്..

ഭഗവാൻ

‘ഭഗവാൻ’ എന്നെഴുതിയപ്പോൾ അതിന്റെ അർത്ഥം പലയിടത്തും വ്യാഖ്യാനിച്ചിരിക്കുന്നത് കണ്ടൽഭുതപ്പെട്ടു. ആത്മ പലപ്പോഴും ഓർത്തിട്ടുണ്ട്. മനുഷ്യർ (ആത്മയുൾപ്പടെ) എത്ര അറപ്പോടും വെറുപ്പോടും ആണ് രതിയെയും രതിസംബന്ധമായ കാര്യങ്ങളും അതിലേർപ്പെടുന്നോരെയും അതിന്റെ ശരീരഭാഗങ്ങളുമൊക്കെ കണക്കാക്കപ്പെടുന്നത്! പക്ഷെ അത്രയും നികൃഷടമെന്നു കരുതുന്ന, തെറ്റെന്നു കരുതുന്ന, സ്വാർത്ഥമെന്ന് കരുതുന്ന, വൃത്തികേടെന്ന് പറയുന്ന ഒന്നിൽ നിന്നും ഒരിടത്തിൽ നിന്നുമാണ് നമ്മുടെ ഉത്ഭവം എന്നതോർക്കുമ്പോൾ നാം അതിലും വൃത്തികെട്ട ഒന്നായി മാറില്ലേ..??!! ജീവന്റെ ഉത്ഭവം തന്നെ പാപത്തിൽ നിന്നും, വൃത്തികേടിൽ നിന്നുമാണെന്ന് ധരിച്ചാൽ പിന്നെ നാമെല്ലാം വെറും വൃത്തികെട്ട മനുഷ്യരാവില്ലേ?! നമ്മുടെ അച്ഛനമ്മമാർ അതിലും വലിയ വൃത്തികെട്ടോർ ആയി തോന്നില്ലേ!

അപ്പോൾ പണ്ടത്തെ ആചാര്യന്മാർ അവിടെയും എത്രയോ മുന്നിലായിരുന്നു. അവർ അതൊക്കെ പവിത്രമായും ദിവ്യമായും തന്നെയാണ് കണ്ടത്! അല്ലെങ്കിൽ ഭഗവനെന്ന പേരും.. പിന്നെ ദേവിദേവന്മാരുടെ അവയവങ്ങൾ ഏറ്റവും പാവനമായ അവയവമായി പൂജിച്ച മതവും ഒക്കെ നമ്മെ മനസ്സിലാക്കിക്കുന്നതെന്ത്?! കാമത്തിനും പ്രേമത്തിനും ഒക്കെ ഒരു ദൈവീകത നൽകി ആദരിച്ചിരുന്നിരിക്കണം. കാരണം ദൈവത്തിന്റെ രതിലീലകൾക്ക് പ്രാധാന്യവും പവിത്രതയും നൽകിയെങ്കിൽ അന്നത്തെ മനുഷ്യർ തീർച്ചയായും മനുഷ്യന്റെ ബേസിക്ക് ഇൻസ്റ്റിക്റ്റുകൾക്കും പവിത്രത നൽകിക്കാണും തീർച്ച!

പിന്നെയുണ്ടായ ജന്മിത്തവും പുരുഷമേധാവിത്വവും ഒക്കെ കൊണ്ട് ശക്തിയും ബുദ്ധിയും കൂടുതലുള്ള മനുഷ്യർ എല്ലാം തങ്ങളുടെ കാര്യസാദ്ധ്യത്തിനുതകും വിധം രൂപകല്പന ചെയ്ത് ഉണ്ടാക്കിയെടുത്തതാണ് ഇന്നത്തെ സമൂഹത്തിന്റെ തെറ്റും ശരിയും.. സത്യത്തിൽ നിന്നും ദീർഘദൂരം സഞ്ചരിച്ച്.. നാം തന്നെ നമുക്ക് മനുഷ്യരായി ജീവിക്കാനാവാത്ത വിധം യന്ത്രങ്ങളായി തീർന്നിരിക്കുന്നു.
പറയാൻ ലജ്ജയുണ്ട്.. എങ്കിലും സമ്മതിക്കാതെ നിവർത്തിയില്ല.. ഇന്ന് നാം യംഗർ ജനറേഷനോട് തന്നെ എന്തെല്ലാം കള്ളങ്ങളും ഭയങ്ങളും കുത്തി നിറച്ചാണ് അവരെ പല ബേസിക് ഇൻസ്റ്റിങ്റ്റുകളിൽ നിന്നും പിന്തിരിപ്പിക്കുന്നതും മറ്റും.. ഒടുവിൽ ഒടുവിൽ ഒന്നുകിൽ അവർ സമൂഹവിരോധികളും അഹങ്കാരികളും സ്വാർത്ഥരെന്നുമൊക്കെ സ്വയം സമ്മതിച്ച് തോന്നിയ വഴിക്ക് പോയി ജീവിക്കുന്നു..മറ്റുചിലർ അച്ഛനമ്മമാരുടെയും വിലക്കുകളെയും ഭീക്ഷണികളെയും ഒക്കെ ഭയന്നും വിശ്വസിച്ചും ജീവിതം കൂരിരുളിലും അടിമത്വത്തിലും ആക്കുന്നു. സ്വന്തം ശരീരം പോലും അറപ്പോടെയും വെറുപ്പോടെയും സ്വന്തം ശരീരത്തിന്റെ വികാരങ്ങൾ കേവലം അധമങ്ങളാണെന്നും പാപമാണെന്നുമൊക്കെ വിശ്വസിച്ചു വശാകുന്ന അവർക്ക് തന്നെയും പിന്നെ മറ്റുള്ളവരെയും സ്നേഹിക്കാനോ സന്തോഷിപ്പിക്കാനോ ഒന്നുമാകാതാകുന്നു.

ആൺ‌കുട്ടികളെ നോക്കുന്നത് തെറ്റ്, സംസരിക്കുന്നത് ചീത്തക്കുട്ടികൾ, സ്വന്തം ശരീരം പരിശോധിക്കുന്നത് വളരെ തെറ്റായ ഒരു കാര്യം.. മനസ്സിൽ പ്രേമം ഉദിക്കുന്നത് ഏറ്റവും നീചവും സംസ്ക്കാര ശൂന്യവുമായ ഒരു കാര്യം (എന്റെ കാലത്ത് മനസ്സിൽ പ്രേമം കൊണ്ടുനടക്കുന്ന യുവതീയുവാക്കളെ കാണുമ്പോൾ വഴിപിഴച്ചുപോയോർ എന്ന ഒറ്റ ചിന്തയേ ഉദിക്കുമായിരുന്നുള്ളൂ. അടുക്കാൻ കൊള്ളാത്തവർ.. കൊള്ളരുതാത്തവർ..). അവർ തന്നെ അമേരിക്കയിലോ മറ്റോ ജനിച്ചിരുന്നെങ്കിൽ മാന്യമായി സമൂഹത്തിലും പിന്നെ പഠിപ്പിലും ശ്രദ്ധിച്ച് നല്ല പൌരന്മാരായി തീർന്നേനെ..

ഇന്നും നാം സത്യത്തെ അംഗീകരിക്കുവാൻ വളരെ പിന്നിലാണ്. സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എത്ര തീവ്രമായി സ്വതന്ത്രത പ്രഖ്യാപിക്കുന്ന അമ്മമാർ പോലും പതിയെ ഉപദേശം തുടങ്ങും..
‘കഴിവതും പുരുഷന്മാരുമായി അടുക്കാതിരിക്കുക.. പ്രേമബന്ധത്തിൽ കുരുങ്ങാതിരിക്കുക.. സ്വന്തം ജാതിയിലും മതത്തിലും നിന്നൊരാളെ സ്വീകരിച്ചാൽ സമൂഹത്തിൽ അന്തസ്സ് കിട്ടൂ, പ്രേമമെന്നൊക്കെ തോന്നുന്നത് വെറും ഒരു ഇല്ല്യൂഷൻ മാത്രം. ജീവിതവിജയമാണ് പ്രാധാന്യം..!.’ എന്നിങ്ങനെ...
ഇതിനു സഹായമാകും വിധം നാം നമ്മുടെ മക്കളുടെ ചിന്തകളെ പ്രവർത്തികളെ തിരിച്ചുവിട്ട്, അമർത്തി വച്ച് അവരെ നാം ആഗ്രഹിക്കുന്ന വിധത്തിൽ ചേരും പടി ചേർത്തുവച്ച് ദീർഘശ്വാസം വിടുന്നു.

പിന്നീടങ്ങോട്ട് ഈ ചേരും പടി ചേർത്തോർ തമ്മിൽ അപരിചിതരെപ്പോലെ ഉറ്റുനോക്കുന്നു. മനുഷ്യർക്ക് തമ്മിൽ ഒന്നാകാൻ ദൈവം അനുഗ്രഹിച്ചു കൊടുത്ത ഒരു വികാരങ്ങളും അനുസ്വരിക്കാതെ, ഉപയോഗിക്കാതെ.. മനുഷ്യർ തിരഞ്ഞെടുത്ത യന്ത്രത്തെ നോക്കി യന്ത്രങ്ങളെപ്പോലെ ജീവിക്കുന്നു..
യന്ത്ര മനുഷ്യരെ ഉൽ‌പ്പാദിപ്പിക്കുന്നു..

അടിമത്തം

ഇനി ഇന്നലെ ‘വെറുതെ ഒരു ഭാര്യ’യെപ്പറ്റി എഴുതിയില്ലേ.. ശക്തിയുള്ളവർ/ബുദ്ധിയുള്ളവർ ശക്തികുറഞ്ഞവരെ/ബുദ്ധികുറഞ്ഞവരെ എന്നും ഭരിച്ചിരുന്നു.. ഭരിക്കുന്നു.. ഭരിക്കും എന്നൊക്കെ..
പക്ഷെ, മറ്റൊരു ആങ്കിളിൽ നോക്കിയാൽ, നാം ഒരാളെ അടിമയാക്കുമ്പോൾ നാം അറിയാതെ ആ അടിമയുടെ അടിമയാവുകയല്ലേ?!

നാം അടിമയാക്കുന്നത് നമ്മെ തന്നെയാണ്. ഉദാഹരണത്തിന് ഒരു ജോലിക്കാരിയോ, ജോലിക്കരനെയോ, ഭാര്യയേയോ ഒക്കെ നമ്മുടെ നിയന്ത്രണത്തിൽ നിർ‌ത്തി അനുസരിപ്പിക്കൽ എന്നത് വളരെ ദുഷ്ക്കരം പിടിച്ച പണിയാണ്. നാം മുതലാളികൾ അല്ലെങ്കിൽ ലീഡർ എന്നൊക്കെ കരുതി അഹങ്കരിക്കുമ്പോൾ.. ഒരു മുള്ളുള്ള സിംഹാസനത്തിൽ അല്ലെങ്കിൽ ഏതുനിമിഷവും തകർന്നുവീഴാവുന്നവിധം ഇളകിയാടുന്ന ഒരു ഇരിപ്പിടത്തിൽ ഇരിക്കാൻ ശ്രമിക്കുന്നപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാം അടിമയെന്ന് /നമുക്ക് വിധേയനെന്ന് കരുതുന്ന മറ്റേ മനുഷ്യനെ ആശ്രയിച്ചിരിക്കും നമ്മുടെ ഇരിപ്പിന്റെ ഭദ്രത! ചുരുക്കത്തിൽ നമ്മുടെ ജീവിതം.. നമ്മുടെ ഓരോ നിമിഷവും നാം നമ്മൾ അടിമകളാക്കുന്ന മനുഷ്യരോട് കടപ്പെട്ടിരിക്കുന്നു. അവരുടെ അനുസരണയാണ് നമ്മുടെ നിലനിൽ‌പ്പ്. അവർ നമ്മെ എതിർക്കാൻ തുടങ്ങുന്നതോടെ തകരാൻ തുടങ്ങുന്നു നാം പടുത്തുയർത്തുന്ന രത്നസൌധം.. അപ്പോൾ നാം ആരുടെ അടിമയാണ്? ‘ ദയവായി എന്നെ അനുസരിക്കൂ.. നീയില്ലാതെ എനിക്കു നിലനിൽ‌പ്പില്ല’ എന്ന വിധമോ.. ഭീഷണിപ്പെടുത്തിയോ, വശീകരിച്ചോ, മറ്റൊരു മനുഷ്യനെ നമ്മുടെ സാധീനത്തിൽ നമ്മുടെ നിലനിൽ‌പ്പിന് ഉപയോഗപ്പെടുത്തുപോൾ അവർ നമ്മുടെ അടിമകളായി എന്നു സമാധാനിക്കും മുൻപ് ഒന്നുകൂടി ചിന്തിച്ചു നോക്കുക, ‘ആരാണ് യധാർത്ഥ അടിമ?’!

സ്വന്തം കഴിവിൽ ബുദ്ധിയിൽ വിശ്വസിച്ച്, മറ്റൊരുവനെ അടിമയാക്കാതെ ജീവിക്കാനാകുന്നവർ ശക്തിമാൻ ബുദ്ധിമാൻ എന്നൊക്കെ ഞാൻ വിശേഷിപ്പിക്കും! (എനിക്ക് ലോകപരിചയം വളരെ കുറവാണ്. പണ്ട് കൌമാരം കടക്കുന്നതിനിടയിൽ ഒരു ജോലിക്കാരിപെണ്ണിനെ എന്നെ നിയന്ത്രണത്തിലാക്കാൻ പണിപ്പെട്ടപ്പോൾ -എന്തൊരു വൃത്തികെട്ട, സ്വാർത്ഥമായ, വിഡ്ഡിത്തമായിരുന്നു അത്!- ഉണ്ടായ അനുഭവത്തിൽ നിന്നാണ് മേൽ എഴുതിയ ചിന്തകൾ ഉരുത്തിരിഞ്ഞതും..) ഒരാളെ സ്വതന്ത്രരായി, മനുഷ്യരായി അംഗീകരിച്ച് തുല്യസ്ഥനം നൽകി അവരുടെ കടമ എന്തെന്നു മനസ്സിലാക്കി ജോലിചെയ്യിക്കുന്നതും, ഭീക്ഷണിപ്പെടുത്തിയും മറ്റും അവരുടേ ലീഡർ ആകാൻ തുനിയുന്നതും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്..

അന്യനാട്ടിൽ വരുമ്പോൾ നമുക്കത് കൂടുതൽ മനസ്സിലാകും. തൊഴിലാളികളുടെ ഇടയിൽ മറ്റൊരു തൊഴിലാളിയെ പോലെ ജോലിചെയ്യുന്ന മുതലാളി! എന്നാൽ തൊഴിലാളികൾക്ക് മുതലാളിയെ ഭയവുമാണ് കാരണം അയാൾ ഭരിക്കാൻ ചെല്ലുന്നില്ല എന്നതുതന്നെ കാരണം.. അയാൾ മാതൃകയാണ്.. അയാൾക്കുവേണ്ടി (തനിക്കുവേണ്ടി) കഷ്ടപ്പെടാൻ അതുകൊണ്ട് ഒരു മടിയുമില്ലാതാനും..
എന്തൊക്കെയോ എഴുതി വിഷയത്തിൽ നിന്നും വഴുതി!

പക്ഷെ, ആക്ച്വലി എന്തായിരുന്നു ഇന്നത്തെ വിഷയം???!!!

സ്വാതന്ത്രം

ഇന്ന് ഞാൻ ഒറ്റപ്പെട്ടെന്നും ആരും എന്നെ അംഗീകരിക്കുന്നില്ല എന്നും സഹായിക്കുന്നില്ല എന്നുമൊക്കെ പരിദേവനം നടത്തുന്നില്ലേ?! എന്നാൽ ഒരിക്കൽ ഇതിനൊരപവാദമായി ആയിരുന്നു എന്റെ ജീവിതം. ആവശ്യത്തിൽ കൂടുതൽ അംഗീകാരം. ‘എന്റെ മകൾ ചെയ്യുന്നതെല്ലാം ശരി.. അവളെപ്പോലെ നല്ല സ്വഭാവവും ബുദ്ധിയും വിവേകവും സൌന്ദര്യവും ഒന്നും മറ്റാർക്കുമില്ല..’
എന്നൊക്കെ വീമ്പടിച്ച് നടക്കുന്ന മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ എന്തൊരു പാടായിരുന്നു. (കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്!.. കിണറ്റിലെ തവള!) അവരുടേ ഓവർ കൺസേണും മറ്റും കാണുമ്പോൾ ഉള്ള ശക്തിയും ക്ഷയിച്ച് മിണ്ടുവാനും ആളുകളോട് ഇടപെടാനും കൂടി ആത്മവിശ്വാസമില്ലാതെ തള്ളിനീക്കിയ നാളുകൾ ഏറെ.. പുതിയ സാഹചര്യത്തെ നേരിടാൻ ഭയം ആൾക്കാരെ പരിചയപ്പെടാൻ ഭയം.. മാതാപിതാക്കൾ തനിക്കു നൽകിയ പൊയ് വേഷം അഴിഞ്ഞു വീണുപോകുമോ, അവരെ നിരാശപ്പെടുത്തേണ്ടിവ് അരുമോ എന്ന ഭയം!

എന്നാൽ അന്യനാട്ടിൽ എത്തി, അവിടെ നിന്നും തിക്താനുഭവങ്ങൾ ഉണ്ടായപ്പോൽ ശരിക്കും പറഞ്ഞാൽ, ഞാൻ ശരിക്കും ഒരു മനുഷ്യനാകുകയായിരുന്നു. ആദ്യമായി അറിഞ്ഞത് ശരികൾ ചെയ്യാനാവില്ലെങ്കിൽ അറ്റ് ലീസ്റ്റ് എനിക്ക് തെറ്റുകളെങ്കിലും ചെയ്യാനാകുമല്ലൊ എന്നതായിരുന്നു. പിന്നെ പതിയെ പതിയെ തെറ്റുകൾ ചെയ്യാൻ വിധം താൻ പ്രാപ്തയാണെങ്കിൽ തീർച്ചയായും എനിക്ക് അത് ശരികളാക്കാനും കഴിവ് കാണും എന്ന ഒരു ചിന്തയിൽ നിന്നും ആത്മവിശ്വാസം ഉരുത്തിരിയുകയായിരുന്നു..!!

ഏകാന്തതയായാലും, അവഗണനയായാലും, ക്രൂരതയായാലും അതിനെയൊക്കെ അതിജീവിക്കാൻ പഠിച്ചു.. കാരണം അതിനിടയിലൂടെ അതിനെ നേരിട്ടുകൊണ്ട് ജീവിക്കുന്ന ഒരു മനുഷ്യനെ എനിക്ക് കാണാൻ കഴിഞ്ഞ സംതൃപ്തി. നാട്ടിൽ വച്ച് സ്വന്തം വ്യക്തിത്വം എന്തെന്ന് തിരിച്ചറിയാനാകാതെ സുഖിച്ച് പൊള്ളയായി ജീവിച്ചപ്പോൾ കിട്ടാതിരുന്ന ഒരാത്മസംതൃപ്തി..

വേണ്ടെന്നു വച്ച പോസ്റ്റാണ് പക്ഷെ, എന്തോ പോസ്റ്റ് ചെയ്യാൻ തോന്നുന്നു.. കുറ്റങ്ങളുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക.. തിരുത്താം...

This entry was posted on 11:23 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments