കമന്റുകള്‍  

Posted by Askarali

അങ്ങിനെ അപ്രതീക്ഷിതമായ കമന്റുകള്‍ കണ്ട് അങ്ങിനെ അന്തം വിട്ടിരിക്കുമ്പോഴാണ് അവന് ‍സ്ക്കൂളില്‍ നിന്നും(പ്ലസ് ടു) തിരിച്ചെത്തിയത്. അവന്‍ ചോദിക്കുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ, ഒന്നും സംഭവിച്ചില്ല. അവന്റെ മുഖത്ത് വരാന്‍ പോകുന്ന പരീക്ഷയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയാണ് . പാവം. അങ്ങോട്ടു കയറി പറയണ്ട. ഒരുകണക്കിന് ചോദിക്കാതിരുന്നതും നല്ലതുതന്നെ. എങ്ങിനെ അവന്റെ മുന്നില്‍ അതവതരിപ്പിക്കണം എന്നും അറിയില്ലാ.

പക്ഷെ, രണ്ടു ദിവസത്തില്‍ക്കൂടുതല്‍ രഹസ്യം കൊണ്ടുനടക്കാനും ആവുന്നില്ല. ഇന്ന് രണ്ടും കല്പിച്ച് സംഭവം വിവരിച്ചു, “അമ്മയ്ക്ക് ഒരു കമന്റുപോലും കിട്ടാതെ ഇരിക്കയല്ലായിരുന്നോ? ഇന്നലെ സര്‍പ്രൈസ് ആയി ഒരാള്‍- ഒരു വലിയ ആള്‍...

[നല്ല മലയാളം പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമാണെന്നു കരുതി സിമ്പിള്‍ മലയാളത്തിലാണു സംസാരം. അവര്‍ ഇങ്ങോട്ട് സായിപ്പിന്റെ ഭാക്ഷയും. എന്തുചെയ്യാം. തലൈ വിധി. ഞാന്‍ പല തരത്തില്‍ ക്ലാസ്സെടുത്തിട്ടുണ്ട്. ‘അമ്മയോട് മലയാളത്തില്‍ സംസാരിക്കൂ, അമ്മ‍ എന്തുമാത്രം സാക്രിഫൈസ് ചെയ്താണെന്നോ, നിങ്ങള്‍ മൂന്നുപേരും ഇംഗ്ലീഷ് സംസാരിച്ചാലും മലയാളം തന്നെ സംസാരിക്കുന്നത്? ‘എന്റെ ഇംഗ്ലീഷ് ഇം പ്രൂവ് ചെയ്യുന്നതിലും വലിയ കാര്യം നിങ്ങള്‍ മലയാളം മറക്കാതിരിക്കലാണ് ’വലിയകാര്യം എന്നു തോന്നിയതുകൊണ്ടാണ് ഞാന്‍ അങ്ങിനെ ചെയ്യുന്നത്; നിങ്ങള്‍ മലയാളം പഠിക്കാതിരുന്നാല്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രമായിരിക്കും; മലയാളികള്‍ ലോകമെങ്ങും പോയി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ (ഒരുപക്ഷെ, പണ്ട് ബ്രിട്ടീഷുകാര്‍ ചെയ്തതുപോലെ കോളണികള്‍ സ്ഥാപിക്കാനും തയ്യാറായി) മലയാളം അറിയാത്തത് ഒരു വന്‍നഷ്ടമായിരിക്കും; കേരളത്തിലെ കുട്ടികള്‍ക്ക് മലയാളവും ഇംഗ്ലീഷും നന്നായറിയാവുന്നതുകൊണ്ട് അവര്‍ക്ക് ഏതു ലോകത്തുപോയാലും ജീവിക്കാനും സാധിക്കും പക്ഷെ, നിങ്ങള്‍ ഒരുപക്ഷെ, ഒരിക്കല്‍ കേരളത്തില്‍ ചെന്നുപെട്ടാല്‍ അവിടെ ഒറ്റപ്പെട്ടുപോകും; എന്നൊക്കെ ക്ലാസ്സെടുത്തിട്ടുണ്ട്. അത്രയും മനസ്സിലാക്കാനുള്ള പക്വത ഇല്ലാത്തതുകൊണ്ടോ, അവര്‍ക്കത് എല്ലാം ന്യായീകരിക്കാര്‍ പ്രയാസം. ഒരു കാല്‍ ഭാഗം സമ്മതിച്ചു തന്നിട്ട്, അവര്‍ മിണ്ടാതിരിക്കും. പിന്നീട് ആത്മഗതമെന്നോണം ഞാന്‍ പറയും ‘സാരമില്ല നാട്ടിലും ശുദ്ധമലയാളമൊന്നും വേണമെന്നില്ല ഇപ്പോള്‍ (പണ്ടും) . ‘ഇത്‘, ‘അങ്ങിനെ’, ‘അടുത്തത് ’ തുടങ്ങിയ ചെറിയ വാക്കുകള്‍ മാത്രം മതിയാകുമായിരിക്കു ഇനി മലയാളം സംസാരിക്കാന്‍. ഐഡിയാ സ്റ്റാര്‍ സിംഗറില്‍ രഞ്ജിനി സംസാരിക്കുന്നത് കേട്ടിട്ടില്ലേ?, ഉഷാ ഉതുപ്പ് സംസാരിക്കുന്നതുകേട്ടിട്ടില്ലെ? അതുകൊണ്ട് നിങ്ങള്‍ അധൈര്യപ്പെടുകയും ഭയക്കുകയുമൊന്നും വേണ്ട. ]


ബ്ലോഗുകഥ തുടരട്ടെ, ...

അങ്ങിനെ സര്‍പ്രൈസ് ആയി ഒരു വലിയ ആള്‍ വന്ന് എന്റെ എല്ലാ പോസ്റ്റുകള്‍ക്കും നല്ല കമന്റുകള്‍ എഴുതിയിരിക്കുന്നു. നല്ല അറിയും വിവേകവും ഒക്കെ ഉള്ള ഒരാള്‍. തുടര്‍ന്ന്, വേറേയും ചില നല്ല ആ‍ള്‍ക്കാര്‍ കമന്റെഴുതാന്‍ തുടങ്ങിയിരിക്കുന്നു.
“ഓ!” അവന് എന്നോടൊരു ചെറിയ മതിപ്പുപോലെ എന്തോ ഒന്നു മിന്നിമറഞ്ഞു,
‘അറ്റ് ലാസ്റ്റ് യു ഹാവ് മേഡ് ഇറ്റ്’ എന്നപോലെ/ ‘യു റിയലി ഡിസര്‍വ് ഇറ്റ്’ /അതോ ‘വിചാരിച്ചപോലെ മരമണ്ട അല്ല തന്റെ അമ്മ’ എന്നൊക്കെ വേണമെങ്കില്‍ ആ എക്സ്പ്രഷനെ വ്യാഖ്യാനിക്കാം. അങ്ങിനെ അവന്റെ അക്സപ്റ്റന്‍സ് കിട്ടിയ ചാരിതാര്‍ത്ഥ്യത്തോടെ ഞാനും എന്നെ അംഗീകരിച്ചു. അങ്ങിനെ ആ സംഭവം തീര്‍ന്നു എന്നു കരുതി.

പക്ഷെ, തീര്‍ന്നില്ലാ...




അടുത്ത സീന്‍, അവര്‍ രണ്ടുപേരും കൂടി മേശയുടെ ഇരുവശത്തുമിരുന്ന് ഹോംവര്‍ക്ക് ചെയ്യുന്നു. ഞാന്‍ പതിവില്ലാതെ സ്നേഹപ്രകടനങ്ങളോടെ അടുത്തു ചെല്ലുന്നു.
അപ്പോള്‍ മകന്‍, “അമ്മ, അരല്പം മാറി നില്‍ക്കാമോ?”
എന്നിട്ട് മകളോടായി, “ അമ്മയ്ക്ക് കമന്റ് കിട്ടാതിരുന്ന് കിട്ടിയ ത്രില്ലിലാണ്” അതുകൊണ്ട് അധികം
അടുപ്പിക്കണ്ട എന്നൊരു ധ്വനി! വട്ടായിരിക്കുകയാണെന്നവര്‍ക്ക് നിശ്ചയം.

അപ്പോല്‍ ഇളയ ആള്‍‍, -മൂത്തയാളെക്കാള്‍ നാലഞ്ചു വയസ്സ് ഇളപ്പമുണ്ടെങ്കിലും അല്‍പ്പം കൂടി പരുക്കനാണ്- എന്നെനോക്കി ഒന്നു പുഞ്ചിരിച്ചിട്ട്, “ഓ‍, അത് അമ്മതന്നെ ആ വലിയ ആളുടെ പേരില്‍ നിറയെ കമന്റെഴുതി വച്ചതായിരിക്കും” എന്ന്. (അവളില്‍ നിന്നും അതേ പ്രതീക്ഷിച്ചുള്ളു താനും. അതുകൊണ്ട് നൊ ബാഡ് ഫീലിങ്ങ്സ്.) പോരാത്തതിന് അവളുടെ ബ്ലൊഗില്‍ (നല്ല നല്ല ബ്ലോഗ് സ്ക്കിന്നും, പത്രോസും ഒക്കെയുള്ള ബ്ലോഗ്) ഒരു സെമി വില്ലത്തിയായി ഞാന്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നതും കണ്ടിട്ടുണ്ട് . ഉദാഃ- ‘ഇന്ന് ഞാന്‍ ഷോപ്പിങ്ങിനു പോയി , എന്റെ അമ്മയുടെ കൂടെ(വലിയ പ്രതീക്ഷകളോടെ) പക്ഷെ എനിക്ക് ആകെ കിട്ടിയത് ‘ഒരു നേരത്തെ ഭക്ഷണം“! എന്നൊക്കെ എന്നെ നിശിതമായി വിമര്‍ശിക്കാന്‍ ഒരു മടിയുമില്ലാത്ത; ഞാന്‍ ആരെയെങ്കിലും പറ്റി പരാതി പറയാന്‍ തുടങ്ങുന്നെങ്കില്‍ എതിര്‍ കക്ഷിയുടെ നല്ല വശവും എന്റെ ദുഷ്ടബുദ്ധിയും സസൂക്ഷ്മം കണ്ടുപിടിച്ച്, എന്നെ ബോധവത്കരിക്കാന്‍ കെല്‍പ്പുള്ള, ഈ ലോകത്തിലെ ഒരേ ഒരു വ്യക്തി. അവളുടെ കയ്യില്‍ നിന്ന് ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാന്‍!


അവള്‍ മൂത്തയാളിനെക്കൂടെ എന്റെ നേരേ തിരിക്കും മുന്‍പ് ഞാന്‍ എന്നെ പിന്താങ്ങി. (ആരും ഇല്ലാത്തപ്പോള്‍ നമ്മളെപ്പറ്റി നമ്മള്‍ തന്നെ പുകഴ്ത്തേണ്ടി വരില്ലേ,)
“നിങ്ങളുടെഅമ്മ അങ്ങിനെ ചെയ്യുമെന്നു തോന്നുന്നുണ്ടോ? എത്ര നാളായി ഒരു കമന്റ് പോലും കിട്ടാതെ എഴുതിക്കൊണ്ടിരിക്കുന്നു? എങ്കില്‍ പിന്നെ അന്നേ അങ്ങിനെയൊക്കെ ചെയ്യില്ലായിരുന്നൊ?”, എന്നിട്ട് ദയനീയമായി മകനെ നോക്കി. അവന്‍ അത് ചിരിച്ചുകൊണ്ടെങ്കിലും ശരിവച്ചു.

This entry was posted on 10:50 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments