സ്വപ്നത്തിന്റെ മാജിക്ക്!  

Posted by Askarali

സ്വപ്നം/സ്നേഹം അത് ഒരു രംഗബോധമില്ലാത്ത കോമാളിയാണ്. നമ്മള്‍ അതിന്റെ പുറകേ ചെന്നു എന്നിരിക്കട്ടെ, അത് മൈന്റ് ചെയ്യില്ല.നമ്മള്‍ അതിനെ ഇഗ്നോര്‍ ചെയ്യുന്നു എന്നു കരുതുക,അത് പുറകേ വരും.നമ്മള്‍ അതിനോട് കൂട്ടുകൂടി ഗാഢാനുരാഗത്തിലായെന്നു കരുതുക,അത് ചപലനായി എങ്ങിനെയും ചങ്ങല പൊട്ടിച്ച് പുറത്തു ചാടാന്‍ ശ്രമിക്കും.
എവിടെ നിന്നാണ്, എപ്പോഴാണ്, ഏതു രൂപത്തിലാണ് വരുന്നതെന്നു പോലും അറിയാതെയും വരാം.ആകെ മൊത്തം; ചപലരാണ് ഈ സ്വപ്നങ്ങള്‍.

പിന്നെ ഒന്നുണ്ട്, സ്വപ്നത്തിനെ പിടിച്ച് ഹൃദയത്തില്‍ പൂട്ടിയിടുക.അവിടെ കിടന്നോളും ജീവിതകാലം മുഴുവന്‍.ഹൃദയത്തില്‍ നിറച്ചും അറകളുണ്ടല്ലൊ,നമ്മുടെ സ്വപ്നം ഓരോ അറകളിലായി ശേഖരിച്ചു വയ്ക്കുക;ഹൃദയത്തിന്റെ പ്രത്യേകത എന്നു പറഞ്ഞാല്‍,അത് ഉപയോഗിക്കും തോറും അത് കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കും എന്നതാണ്.അതങ്ങിനെ വിശാലമായി വിശാലമായി ഒടുവില്‍ നമുക്ക് ലോകത്തെ മുഴുവന്‍ സ്നേഹിക്കാം എന്നുള്ള സ്ഥിതി വരും (സന്യാസിനിമാരെയൊക്കെപ്പോലെ).

സ്വപ്നം നമ്മെ മറ്റു പല ചീത്തത്തരത്തില്‍ നിന്നും(അസൂയ, കുശുമ്പ്, etc) മാറ്റിനിര്‍ത്തും. (സ്വപ്നത്തിന്റെ ഒരു മാജിക്കേ!)

പക്ഷെ, സ്നേഹം/സ്വപ്നം കിട്ടാനും ഒരു യോഗം; നിമിത്തം; ഒക്കെ വേണം. ജീവിതം പോലെ തന്നെ ദുരൂഹമാണ് സ്വപ്നവും.

പിന്നെ, സ്വപ്നങ്ങള്‍ കാണാനും ഒരു പ്രത്യേക പ്രായമുണ്ട് . അപ്പോഴും കണ്ടില്ല എന്നു കരുതുക; ഒരു തൊണ്ണൂറുവയസ്സു കഴിയുമ്പോള്‍ (ഇതിലും ഓവര്‍ ഏജ് ആയി) വന്നാ‍ല്‍ വന്നാല്‍; നമ്മളെങ്ങിനെ കാണും?

പക്ഷെ, സ്വപ്നങ്ങള്‍ ഏതു പ്രായത്തിലും കാണാവുന്ന സ്വപ്നങ്ങളും ഇല്ലാതില്ല. തീരെ ചെറുതിലെ നാം ഒരു ഫുട്ട് ബോള്‍ സ്വന്തമാക്കാന്‍ സ്വപ്നം കാണുന്നു, കുറച്ചുകൂടി മുതിരുമ്പോള്‍ ഒരു സൈക്കിള്‍; അങ്ങിനെ പ്രായത്തിനനുസരിച്ച് സ്വപ്നങ്ങള്‍ക്കും രൂപവും ഭാവവും ഒക്കെ മാറി മാറി വരും തൊണ്ണൂറു വയസ്സു കഴിഞ്ഞാലും സ്വപ്നം കാണാം, കിടന്നു മരിക്കാന്‍ ഒരു നല്ല കട്ടില്‍; അല്ലെങ്കില്‍ എയര്‍കണ്ടീഷന്‍ റൂമും, ചുറ്റും നര്‍സുമാരും, അല്ലെങ്കില്‍ സ്വന്തം നാട്ടിലെ ആറടി മണ്ണില്‍ പുതയ്ക്കപ്പെടണം എന്ന സ്വപ്നം, അങ്ങിനെ സ്വപ്നങ്ങള്‍ക്കില്ലൊരാദിയും അന്തവും...

സ്വപ്നം കാണുന്നവരും പ്രായോഗികമാക്കുന്നവരും തമ്മിലും വലിയ വ്യത്യാസമുണ്ട്. ഒരു സൈക്കിള്‍ സ്വപ്നം സ്വന്തമായി കിട്ടുന്ന കുട്ടിയുടെ പ്രസരിപ്പും സന്തോഷവും സൈക്കിള്‍ സ്വപ്നത്തില്‍ ഓടിച്ചുകൊണ്ട് തൃപ്തിപ്പെടുന്ന കുട്ടിക്ക് കാണില്ലാല്ലൊ, പക്ഷെ, സ്വപ്നം കണ്ട് തൃപ്തിപ്പെടാന്‍ പറ്റുന്നവര്‍ പല രീതിയിലും ഭാഗ്യവാന്മാരാണെന്നാണ് എനിക്കു തോന്നുന്നത്. കാരണം ജീവിതം തന്നെ ഒരു വലിയ സ്വപ്നമായിരിക്കെ, അതിലെ കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ പ്രായോഗികമാക്കണമെന്ന വാശി വെറും ഒരു വ്യര്‍ത്ഥത മാത്രം. ചുരുക്കത്തില്‍ പ്രായോഗികമാക്കിയ സ്വപ്നത്തെക്കാളും മനസ്സില്‍ എന്നും(അല്പകാലമെങ്കിലും) പൊലിയാതെ നില്‍ക്കുന്നത് പ്രായോഗികമാകാഞ്ഞ സ്വപ്നങ്ങളായിരിക്കും.

സ്വപ്നങ്ങളൊക്കെ കാണാന്‍ ഭയന്നു നടക്കുന്നവരും ഉണ്ട്. പക്ഷെ ആര്‍ക്കും ദോഷമില്ലാത്ത സ്വപ്നങ്ങള്‍; ഹൃദയത്തില്‍ തുടങ്ങി ഹൃദയത്തില്‍ വസിക്കുന്ന സ്വപ്നങ്ങള്‍ കണ്ട് ജീവിക്കുന്നതും ഒരു രസമല്ലേ?! ജീവിതത്തിലെ പല കഷ്ടപ്പാടുകളും അത് എളുതായി തോന്നിപ്പിക്കും നമ്മള്‍ എപ്പോള്‍ ഇങ്ങെത്തീ! എന്നും പറഞ്ഞ് ജീവിത പാലം കടന്ന് പോകുന്നത് കണ്ടിട്ടുണ്ട് സ്വപ്നങ്ങള്‍ കൈവശമുള്ളോര്‍.

[ഇതൊന്നും വലിയ അനുഭവത്തില്‍ നിന്നൊന്നുമല്ല കേട്ടോ, ചിന്തകളില്‍ നിന്നുമാണ് അധികവും ഉത്ഭവിക്കുന്നത്]

This entry was posted on 9:39 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments