പ്രണയം  

Posted by Askarali

ഭാഗം-1

മീര റീഡിംഗ് റൂമില്‍ ഇരിക്കുകയായിരുന്നു. അവിടെ പോകുന്നത് പേപ്പര്‍ വായിക്കാന്‍ മാത്രമല്ല. മൂന്നാമത്തെ നിലയില്‍ ഇരുന്ന് വെളിയില്‍ വായും നോക്കി ഇരിക്കാനും കൂടിയാണ്.

അപ്പോഴാണ് ലാകോളേജില്‍ പഠിക്കുന്ന അനിതചേച്ചിയുടെ ഉരുണ്ടുരുണ്ടുള്ള വരവ്! അനിതയുടെ നിറം കറുപ്പാണെങ്കിലും, പൊക്കം വളരെ വളരെ കുറവാണെങ്കിലും (ഹോസ്റ്റലിനകത്തും ഒരു വലിയ ഹൈഹീല്‍ഡ് ചെരുപ്പുമിട്ടേ നടക്കൂ), അതൊക്കെ കടത്തിവെട്ടും വിധം ഒരു വശ്യത ഉണ്ടായിരുന്നു. മധുരമായ പുഞ്ചിരി, പൊക്കം ഉള്ളവരില്‍പ്പോലും കാണാത്ത ആത്മവിശ്വാസം, പിന്നെ ആകെ മൊത്തം ഒരു അഴക്! എന്താണെന്നറിയില്ല.

അനിതയെ കണ്ടപ്പോള്‍ മീരയ്ക്ക് സങ്കോചം തോന്നി. ഒരിച്ചിരി ഇന്‍ഫീരിയോരിറ്റിയും..
(മീരയുടെ ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സിന്റെ കാര്യം പറയാനാണെങ്കില്‍ ഒരു വലിയ ലിസ്റ്റ് തന്നെയുണ്ട്. ആരെങ്കിലും മുറി ഇംഗ്ലീഷ് പറഞ്ഞാല്‍ ഉടന്‍ ഇന്‍ഫീരിയോരിറ്റി, ആരെങ്കിലും നല്ല ശുദ്ധ വടക്കന്‍(?) മലയാളത്തില്‍ എന്താ? വരുന്നോ? എന്ത്വാടേ?ആന്നോ? എന്നാത്തിനാ? എന്നൊക്കെ ചോദിച്ചാല്‍ അതിലും വലിയ ഇന്‍ഫീരിയോരിറ്റി, കാറുള്ളവരെ കണ്ടാല്‍ ഇന്‍ഫീരിയോരിറ്റി, ഫോറിനില്‍ നിന്ന് വരുന്നവരെ കണ്ടാല്‍ ഇന്‍ഫീരിയോരിറ്റി, പട്ടണവാസികളെ കണ്ടാല്‍ ഇന്‍ഫീരിയോരിറ്റി... അങ്ങിനെ ഇന്‍ഫീരിയോരിറ്റിയുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്.. അതവിടെ നില്‍ക്കട്ടെ, നമുക്ക് കഥ തുടരാം.. )
ലാകോളേജില്‍ പഠിക്കുന്ന 'ഭാവിയിലെ ലോയര്‍!', അനിതയെ കണ്ടപ്പോള്‍ സ്വാഭാവികമായും മീരയിലെ ഇന്‍ഫീരിയോരിറ്റി തലപൊക്കി..

അനിത അടുത്തു വന്നു, "വിനുവിന്റെ സിസ്റ്റര്‍ അല്ലെ?"

"അതെ, നേരെ സിസ്റ്റര്‍ അല്ല, എന്റെ വലിയച്ഛന്റെ മകനാണ് വിനുവണ്ണന്‍." (തനിക്ക് ആകെയുള്ളത് ഒരു ചട്ടമ്പി അനിയനാണ്)

അനിത മീരയെ ‍ ആരാധനയോടെ നോക്കി ഇരുന്നു.. എന്നിട്ട് പറഞ്ഞു, “വിനുവിനെ അടര്‍ത്തി വച്ചപോലെ!”

വലിയമ്മയുടെ മകന്‍, ‘വിനു’വേട്ട‍ന്റെ ഗേള്‍ഫ്രണ്ടാണ് അനിതചേച്ചി. വിനുവേട്ടന്‍ ഏകദേശം തന്നെപ്പോലെയാണിരിക്കുന്നതെന്ന് വലിയമ്മ കാണുമ്പോഴൊക്കെ പറയാറുണ്ട്. വലിയമ്മയ്ക്ക് ഒറ്റമകനാണ്. ‘തലയില്‍ വച്ചാല്‍ പേനരിക്കും താഴെവച്ചാല്‍ ഉറുമ്പരിക്കും’ എന്നപോലെ വളര്‍ത്തി വലുതാക്കിയ മകന്‍. വിനുവണ്ണന് നല്ല പൊക്കവും വെളുപ്പും നല്ല വിശാലമായ മുഖവും ആകെക്കൂടി നല്ല കലയാണ് കാണാന്‍. (‘അനിത-വിനു’ കോമ്പിനേഷന്‍ എങ്ങിനെ ഉണ്ടായി എന്ന് ആലോചിച്ചാലോചിച്ച് ഒടുവില്‍, “‘ഓപ്പോസിറ്റ് പോള്‍സ് അറ്റ്റാക്റ്റ്’, ‘പ്രേമത്തിന് കണ്ണും മൂക്കും ഒന്നുമില്ല’, പിന്നെ ‘പ്രേമിക്കുന്നവരൊക്കെ തലയ്ക്ക് സ്ഥിരതയില്ലാത്ത മരമണ്ടന്മാര്‍’ (കിട്ടാത്ത മുന്തിരി), എന്നൊക്കെ രണ്ടുമൂന്നു തിയറിയില്‍ എത്തിച്ചേര്‍ന്നു)

താന്‍ വിനുവിനെപ്പോലെയാണിരിക്കുന്നതെന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ എന്തോ മീരയ്ക്കത് അത്ര ശരിവയ്ക്കാന്‍ തോന്നില്ല. ചകിരിപോലിരിക്കുന്ന തന്റെ മുടിയാണ് ഒന്നാമത് തടസ്സം നില്‍ക്കുന്നത്. പിന്നെ പൊക്കം.. പിന്നെ ലാകോളേജില്‍ പഠിക്കുന്ന നല്ല സ്മാര്‍ട്ടായ വിനുവണ്ണനെവിടെ, നാലാളെക്കാണുമ്പോള്‍ മൂലയില്‍ പതുങ്ങുന്ന താനെവിടെ? ആളുകള്‍ക്കൊരു സാമാന്യബോധം പോലും ഇല്ലാതെ അഭിപ്രായം പറയുമ്പോലെ! പോരാത്തതിനു പണ്ട് തന്റെ പുന്നാര അനിയന്‍ തനിക്ക് നിറയെ ‘ആത്മവിശ്വാസം’ കുത്തിനിറച്ചിട്ടും ഉണ്ട്.

മീരയ്ക്ക് ഏകദേശം 10, 11 വയസ്സൊക്കെ ഉള്ളപ്പോള്‍, വല്ലപ്പോഴും അമ്മ മീരയെയും അനിയന്‍ മധുവിനെയും തീയറ്ററില്‍ സിനിമ കാണാന്‍ കൊണ്ടുപോകും. ജയഭാരതിയോ ഷീലയോ ഒക്കെ തകര്‍ത്തഭിനയിച്ച പടങ്ങളാണെങ്കില്‍ പിന്നെ കുറെ ദിവസം മീര മത്തുപിടിച്ചപോലെ നടക്കും. സിനിമ കണ്ട് തിരിച്ചു വന്നാല്‍ മീരയുടെ പ്രധാന ഹോബി വീട്ടില്‍ ആകെയുള്ള വലിയ നിലക്കണ്ണാടിയുടെ മുന്നില്‍ പോയി നിന്ന് ഷീലയെയും ജയഭാരതിയേയും ഒക്കെ അനുകരിക്കലാണ്. അവര്‍ നടക്കുമ്പോലെ മുമ്പും പിമ്പും ഒക്കെ തള്ളിപ്പിടിച്ച് നടക്കാന്‍ നോക്കും (പത്തക്കമ്പുപോലെ ഇരിക്കുന്ന മീര എത്ര ഏന്തി വലിഞ്ഞു നിന്നാലും കൂടിപ്പോയാല്‍ കുതിരവട്ടം പപ്പുവിനെപ്പോലെയോ ആലുമ്മൂടനെപ്പോലെയോ ഒക്കെ ആവുമെന്നേ ഉള്ളൂ.. എങ്കിലും ഭാവനയില്‍ അങ്ങിനെ നടന്ന് നടന്ന്.. പിന്നെ അതിന്റെ കണ്ടിന്വേഷന്‍ പോലെ, ഒരു മുഖംനോക്കുന്ന കണ്ണാടിയുമായി പതിയെ വെളിയില്‍ വന്ന്, മുറ്റത്ത് ഒരു കസേരയില്‍ ഇരുന്ന് മനോരമയോ/അമ്പിളിമാമനോഒരു കയ്യിലും, കണ്ണാടി മറ്റൊരു കയ്യിലുമായി സ്വന്തം പ്രതിരൂപം നോക്കി ഇരിക്കാനൊക്കെ തോന്നുന്ന പ്രായം..

ഒരിക്കല്‍ അങ്ങിനെ ഇരിക്കുമ്പോള്‍ മധു‍ എവിടെയോ ഒക്കെ ഓടിമറിഞ്ഞിട്ട് കയറി വന്നു. മീരയെ കണ്ടപ്പോള്‍ മധുവിന് എന്തോ പന്തികേടുതോന്നി, മധു‍ അന്ന് ഒരു പാട്ടു പാടി, മീരയുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത പാട്ടായിരുന്നു അത്. “മന്നവേന്ദ്രാ വിളങ്ങുന്നു... [എന്നിട്ടവന്‍ ഇച്ചിരി നിര്‍ത്തി- മീരയ്ക്ക് മധുവിന്റെ വായില്‍ നിന്ന് മുഴുവനും കേള്‍ക്കണം, എന്നിട്ട് വേണം ഫിലിം ഫീല്‍ഡില്‍ പോണോ പഠിത്തം തുടരണോ എന്ന് നിര്‍ണ്ണയിക്കാന്‍ (സങ്കല്പത്തില്‍)] അവന്‍ പൂര്‍ത്തിയാക്കി, ...പപ്പടം പോലെ നിന്മുഖം.” മീരയുടെ മുഖവും പപ്പടം പോലെ ഒന്നു ചുരുങ്ങി നിവര്‍ന്നു. മധു‍ ‘ഞാനൊന്നുമറിഞ്ഞില്ലേ... ഇനി നീയായി, നിന്റെ കണ്ണാടിയായി, നിന്റെ ഭാവനയായി, ഇഷ്ടമ്പോലെ ഇരുന്നോ..’ എന്നമട്ടില്‍ സ്ഥലം വിട്ടു. എത്ര ഞൊടിയിടയിലാണ് മധു‍ തന്റെ സ്വപ്നനങ്ങള്‍ തട്ടിമറിച്ചിട്ട് പോയത്! പിന്നീട് കണ്ണാടിയില്‍ കണ്ട തന്റെ മുഖത്തിനോട് മീരക്കും ഒരു വിശ്വാസക്കുറവ്. കണ്ണാടി പറയുന്നത് വിശ്വസിക്കണോ? നേരില്‍ എപ്പോഴും കാണുന്ന അനിയന്‍ മഹാമഹന്‍ പറയുന്നത് വിശ്വസിക്കണോ? എന്നൊരു കണ്‍ഫ്യൂഷന്‍.. അതില്‍പ്പിന്നെ സൌന്ദര്യബോധം വരുമ്പോഴൊക്കെ അനിയന്റെ പാട്ടാണോര്‍മ്മ വരുന്നത്.

മീരയില്‍ അന്ന് നശിച്ച ആത്മവിശ്വാസമാണ് വിമണ്‍സ് ഹോസ്റ്റലിലെ റീഡിംഗ് റൂമിലിരുന്ന് അനിതചേച്ചി മിനക്കെട്ടിരുന്ന് ഊതിപെരുപ്പിക്കാന്‍ വ്രതം നോറ്റിരിക്കുന്നത്! അനിതചേച്ചി മീരയുടെ കണ്ണും മൂക്കും പുരികവും ഒക്കെ മാറിമാറി നോക്കി അങ്ങിനെ ലഹരിപൂണ്ടമാതിരി, കൂമ്പിയ മിഴികളും പഞ്ചാരച്ചിരിയുമായി ഇരിക്കുകയാണ്!

മീരയോട് വിനുവിന്റെ കുടുംബത്തെപ്പറ്റിയും മറ്റും ഇതിനിടെ ചോദിക്കാനും അനിത മറന്നില്ല. ഒടുവില്‍ അനിത വിടപറഞ്ഞ് പിരിഞ്ഞപ്പോള്‍ മീര ആശ്വാസത്തോടെ നിശ്വസിച്ചു..
‘ഒരു വിനുവണ്ണനെക്കാരണം വന്നുപിടിച്ച പാട്!’.
തെല്ലൊരഭിമാനവും തോന്നാതിരുന്നില്ല. മറ്റുള്ളവരെ വായിനോക്കി നടക്കുന്ന തന്നെ വായിനോക്കാനും ഒരാള്‍! അതും ഭാവിയിലെ ഒരു ലോയര്‍! ലോകേളേജില്‍ പഠിക്കുന്ന ഒരു അണ്ണനും ഒരു ചേച്ചിയെയുമല്ലെ കൂട്ടുകിട്ടിയിരിക്കുന്നത്! രണ്ട് ലോയേര്‍സ്! നല്ല കോമ്പിനേഷന്‍! നന്നായിരിക്കട്ടെ..

ഭാഗം-2

ഹോസ്റ്റലില്‍ മെസ്സില്‍ പോകുമ്പോഴും മറ്റും ഇടയ്ക്കിടെ അനിതചേച്ചിയുമായി കൂട്ടിമുട്ടും.. മധുരമായ പുഞ്ചിരികള്‍ കൈമാറും, തൊട്ടുതലോടി വിടും..

മീര ഇതിനകം അനിതയെ വിനുവിന്റെ ഭാവി വധുവായി ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അനിതചേച്ചി നാഥയില്ലാത്തെപോലെയുള്ള കിടക്കുന്ന ആ വലിയ പഴയ തറവാട്ടിലെ ഐശ്വര്യമായി, വിനുവണ്ണനെയും വലിയച്ഛനേയും വലിയമ്മയേയും ഒക്കെ സ്നേഹിച്ച്, വെളിച്ചത്തിലേയ്ക്ക് കൊണ്ടുവരുന്നതും മറ്റും സ്വപ്നം കണ്ട്...


വിനു ഇടയ്ക്കിടെ ഹോസ്റ്റലില്‍ വരുമ്പോള്‍ അനിതയോടൊപ്പം മീരയേയും വിളിച്ച് നല്ല ആങ്ങളയായി കുറെ നേരം വിശേഷങ്ങളൊക്കെ പറഞ്ഞ് ഇരിക്കും.. പിന്നെ പോകും.. മീരയ്ക്കെന്തോ വലിയ കുറ്റബോധമൊന്നും തോന്നിയില്ല. ഭാവിയില്‍ വിവാഹം കഴിക്കാനിരിക്കുന്ന രണ്ടുപേരെന്ന ഭാവത്തില്‍ അവരെ അക്സപ്റ്റ് ചെയ്ത്, അവരുടെ നല്ല സഹോദരിയായി ഇരിക്കുമ്പോള്‍ ഒരു സുഖം. പിന്നെ ഹോസ്റ്റലിലെ ഷൈന്‍ ചെയ്യല്‍ പാര്‍ട്ടികളൊക്കെ പോകുമ്പോള്‍ ദാ കണ്ടോ! എന്റെ അടുത്തിരിക്കുന്നത് ആരാണെന്ന്? നിങ്ങള്‍ ‘എന്നാത്തിനാ’ ‘എന്ത്വാ’ എന്നൊക്കെ പറഞ്ഞ് നെഗളിച്ച് നടന്നട്ടിപ്പം എന്തായീ.. എന്ന മട്ടില്‍ നോക്കും..


*

പിന്നീട് വിനുവിനെ മീര കാണുന്നത്. ഗ്രാമത്തില്‍ അപ്പച്ചിയുടെ വീട്ടില്‍ വച്ചാണ്. വയസ്സായ അമ്മുമ്മയെ കാണാനായി മീര അവിടെ ചെല്ലുമ്പോള്‍ വിനുവും അവിടെ ഉണ്ട്. വിനു നാട്ടില്‍ വരുമ്പോള്‍ നാടന്‍ മട്ടാണ്. ഒരു ലുങ്കിയും ഷര്‍ട്ടുമൊക്കെ ഇട്ട്, മുറിക്കിത്തുപ്പി, ചുണ്ടും ഒക്കെ ചുവപ്പിച്ച്, (നാട്ടിലെ പാവപ്പെട്ട പെണ്‍കുട്ടികളുടെ രോമാഞ്ചമാകനാവും..)

വിനു മീരയെ കണ്ടതും വലിയ ഉത്സാഹത്തോടെ വെളിയില്‍ വന്നു.

“നീ ഹോസ്റ്റലീന്ന് എന്നു വന്നു?”

“രണ്ടുമൂന്നു ദിവസമായി.”

പരീക്ഷയൊക്കെ എങ്ങിനെ ?

“ഉം.. ഒരുവിധം നന്നായെഴുതി. പാസ്സാകുമായിരിക്കും.”

മീര വിനുവിന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി. അനിതചേച്ചിയെ പിരിഞ്ഞതില്‍ വിഷമമില്ലേ?, ഇനി എന്നാണ് കാണുന്നത്?, വിവാഹം എന്നാണ്?, എന്നു തുടങ്ങി നൂറു ചോദ്യങ്ങള്‍ നാവിന്‍ തുമ്പില്‍ വന്ന് മത്സരിക്കുമ്പോള്‍..

വിനു പെട്ടെന്ന് കയറി ചോദിച്ചു,

“എടീ, നിനക്ക് നല്ല സുന്ദരിമാരായ് കൂട്ടുകാരികളാരെങ്കിലും ഉണ്ടോ?”
(പലരും ഉണ്ട്. ചിലരൊക്കെ വിനുവണ്ണന് നന്നായി ചേരുന്നവരും ആയിരുന്നു. അതിനിടേലല്ലെ കറുത്ത, ഗുണ്ട്സുന്ദരിയെ പ്രേമിക്കാന്‍ പോയത്!)

മീര പറഞ്ഞു, “ഉണ്ട്.. നല്ല സുന്ദരിയാ‍യ ഒരു കൂട്ടുകാരിചേച്ചി. പേര് അനിത.”

“ഓ! അനിതേടെ കാര്യം കള”. വിനു അലക്ഷ്യമട്ടില്‍ പറഞ്ഞു.

മീര താന്‍ കേട്ടതു ശരിയാണോന്നറിയാതെ ഒരുനിമിഷം തരിച്ചു നിന്നു!

വിശ്വാസം‍ വരാതെ വീണ്ടും ചോദിച്ചു, “അനിതചേച്ചീയെയല്ലെ വിനുവണ്ണന്‍ വിവാഹം കഴിക്കുന്നത്?”

വിനു തിരിഞ്ഞു പുറകിലേക്ക് നോക്കി. അപ്പച്ചിയുടെ മകന്‍,ഗോപി (മറ്റൊരു വിരുതന്‍), അല്പമകലെ സംഭാക്ഷണം ശ്രവിച്ചുകൊണ്ട് നില്‍പ്പുണ്ട്. ഗോപിയണ്ണനെങ്ങാനും കേള്‍ക്കുമോ എന്ന ഭയമാകാം..(മീര കരുതി, കേള്‍ക്കുന്നെങ്കില്‍ കേള്‍ക്കട്ടെ, ഇത് പരിശുദ്ധപ്രേമമല്ലെ, വെറുതെ ആളുകളെ വിരട്ടാന്‍ പഞ്ചാരവാക്കു പറഞ്ഞ് നടക്കുന്നപോലെയല്ല, അല്പം സീരിയസ്സ് ആയ കാര്യമാണ് ഈ പ്രേമമെന്നൊക്കെ പറയുന്നന്നത് കുരുത്തകെട്ട അപ്പച്ചീട മോനേ.. എന്നു മനസ്സില്‍ പ്രാവി.. അങ്ങിനെയെങ്കിലും പഞ്ചാരയടിയൊക്കെ മതിയാക്കി നന്നാവാന്‍ നോക്കൂ..)

മീര ആകാംഷയോടെ വീണ്ടും അല്പം ഉറക്കെ ചോദിച്ചു, “അപ്പോള്‍ അനിതചേച്ചിയോ?”

“ഓ! അവളും അവളുടെ ഒരു അനിതയും. പോകാന്‍‍ പറ. അവളെ ആര്‍ക്കു വേണം. ഉണ്ടക്കറുമ്പി”
വിനുവേട്ടന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു നിര്‍ത്തി.

മീര ആരോ കരണത്തടിച്ചപോലെ ഒരു നിമിഷം തരിച്ചു നിന്നു! കേട്ടതു വിശ്വസിക്കണോ അതോ വിനു തമാശപറഞ്ഞതാകുമോ എന്നൊരു കണ്‍ഫ്യൂഷനുമായി. തന്റെ സ്വപ്നങ്ങളൊക്കെ ഒറ്റയടിക്ക് തകരുന്നത് അംഗീകരിക്കാനാവാതെ, സ്വപ്നങ്ങളെ രക്ഷിക്കാന്‍ ഒരു വിഫലശ്രമംകൂടി നടത്താന്‍, ആ വലിയ തറവാടില്‍ അനിതചേച്ചി ഒരിക്കലും വലതുകാല്‍ വച്ച് കയറില്ല എന്ന സത്യം മീരയെ വല്ലാതെ തളര്‍ത്തി. കരപ്രമാണിയും ഏതു വഴക്കും ഒത്തുതീര്‍പ്പിലാക്കുകയും ചെയ്യുന്ന വലിയച്ഛന്‍ എടീ അനിതേ
എന്നുപറഞ്ഞ് അധികാരത്തോടെ അനിതചേച്ചിയെ വിളിക്കില്ല, ഇരുളടഞ്ഞ അടുക്കളയില്‍ വിനുവണ്ണനും വലിയച്ഛനും വച്ചും വിളമ്പിയും മാത്രം ജീവിച്ച വലിയമ്മയ്ക്ക് അനിതചേച്ചിയുടെ സ്നേഹം അനുഭവിക്കാന്‍ യോഗമില്ല... മീരയ്ക്ക് വല്ലാത്ത സങ്കടം തോന്നി.

മുറുക്കിച്ചുവപ്പിച്ച്, സുന്ദരന്‍ ചമഞ്ഞിരിക്കുന്ന വിനു പെട്ടെന്ന് വിരൂപനായപോലെ. നായകന്‍ വില്ലനായപോലെ. നായികയെ ചതിച്ച വില്ലന്‍ . പ്രേം നസീറിന്റെ സ്ഥാനത്ത് ഉമ്മര്‍‍ കയറിയിരിക്കും പോലെ. (എങ്കിലും ഉള്ളിലെ ഒരു ചെറിയ പെര്‍സന്റേജ് ആശ്വസിച്ചു. തന്റെ തിയറം വിജയിച്ചിരിക്കുന്നു. ഇവിടെ നായകന് ബുദ്ധി ഉദിച്ചിരിക്കുന്നു! എങ്കിലും പാവം അനിതചേച്ചിയെ ഓര്‍ത്തപ്പോള്‍... വിനുവണ്ണനെ പറ്റി പറയുമ്പോള്‍ ആ കവിളില്‍ വിരിയുന്ന നുണക്കുഴികള്‍; കണ്ണുകളില്‍ തെളിയുന്ന സ്വപ്നങ്ങള്‍; വിനുവണ്ണനുവേണ്ടി മാത്രം തുടിക്കുന്ന ഹൃദയം; ഒക്കെ തകര്‍ത്തുകളഞ്ഞല്ലോ! പാവം കോളേജിലൊക്കെ പാട്ടായ പ്രണയത്തിലെ നായികയെ ഇനി ആരു വിവാഹം കഴിക്കും?! അനിതചേച്ചിയുടെ ജീവിതമേ വിനുവേട്ടന്‍ കാരണം തകര്‍ന്നു പോയിക്കാണും...

കൂടുതല്‍ ആലോചിക്കും തോറും മീരയ്ക്ക് വിനു തീര്‍ത്തും ഒരന്യനായി മാറുന്നതുപോലെ. മീരയില്‍ കണ്ട ഭാവമാറ്റം വിനുവിനെയും തെല്ലൊന്നമ്പരപ്പിച്ചു. മീര എല്ലാം വെളിയിലാക്കുമോ എന്നൊരു ഭയവും.
വിനു തമാശപോലെ ഒരിക്കല്‍ക്കൂടി എടുത്തു ചോദിച്ചു, “നിന്റെ കൂട്ടുകാരില്‍ നല്ല കുടുംബത്തില്‍ പിറന്ന ആരെങ്കിലും ഉണ്ടോടീ..”

(ഉണ്ടെങ്കിലും ഇപ്പം അങ്ങ് പരിചയപ്പെടുത്തിക്കൊടുക്കാന്‍ പോകുവല്ലെ, ഒരു സ്ത്രീയുടെ ഹൃദയം തകര്‍ത്ത വില്ലന്‍!)

മീര പെട്ടെന്ന് അമ്മുമ്മയുടെ റൂമിലേയ്ക്ക് നടന്നു. അമ്മുമ്മയെ കണ്ട് ഇറങ്ങുമ്പോള്‍ അപ്പച്ചിയുടെ മകള്‍ ചായകുടിക്കാന്‍ ക്ഷണിച്ചു എങ്കിലും മീര നിന്നില്ല.
“ഇല്ല എനിക്ക് പോണം. ഒരു പാട് ലേറ്റായി.”

തിരിച്ച് വീടെത്തുംവരെ മീരയുടെ മനസ്സില്‍ അനിതയുടെ രൂപം തെളിഞ്ഞു നിന്നു. എന്നാലും വിനുവേട്ടന്‍ അങ്ങിനെ ചെയ്തുകളഞ്ഞല്ലൊ. തന്റെ ചേട്ടനെന്നു പറഞ്ഞ് അഭിമാനിച്ചത് എത്ര വങ്കത്തമായിപ്പോയി. വിനുവേട്ടന്‍ പെണ്‍വര്‍ഗ്ഗത്തിനെ ആകെ അപമാനിച്ചപോലെ ഒരു തോന്നല്‍. വിനുവേട്ടന്‍ ഇനി എത്ര ജന്മം ജനിച്ചാലും എത്ര വലിയ കുടുംബമഹിമയും സൌന്ദര്യവും ഉള്ളവരെയൊക്കെ തേടിപ്പിടിച്ച് വിവാ‍ഹം കഴിച്ചാലും അവരുടെ ഉള്ളില്‍ വിനുവേട്ടനു വേണ്ടി മാത്രം തുടിക്കുന്ന ഒരു ഹൃദയം കണ്ടെത്താനാകുമോ?! ഒരു പെണ്ണിന്റെ ശാപം.. അതില്‍ അറിയാതെയെങ്കിലും തനിക്കുകൂടി പങ്കുള്ളതുപോലെ..


*

ഭാഗം-3

പിന്നീട് വിനു പറഞ്ഞത് തമാശയല്ലെന്ന് പതിയെ മീരയ്ക്ക് മനസ്സിലായി. വിനുവിനുവേണ്ടി പലയിടത്തും പെണ്ണന്വേക്ഷിക്കുന്നു എന്നൊക്കെ അമ്മ പറഞ്ഞറിഞ്ഞു..

അപ്രതീക്ഷിതമായി ഒരു ദിവസം വിനു മീരയുടെ വീട്ടില്‍ വന്നു. ചുണ്ടില്‍ മൂളിപ്പാട്ടുമായി, വല്ലാത്ത ഉത്സാഹത്തില്‍, മുറുക്കിച്ചുവപ്പിച്ച്...

“എടീ, നമുക്ക് അടുത്തയാഴ്ച്ച ഒരിടം വരെ പോകണം.”

മീര തെല്ലൊരാശ്ചര്യത്തോടെ അമ്മയെ നോക്കി.

“കുഞ്ഞമ്മാ, അടുത്തയാഴ്ച്ച - ന്റെ വീടുവരെ പോകണം. മീരയെക്കൂടി അയക്കുമല്ലൊ അല്ലെ?”, വിനുവണ്ണം അമ്മയോടായി ചോദിച്ചു.

“പിന്നെന്താ”, അമ്മയ്ക്ക് പൂര്‍ണ്ണ സമ്മതം.

മീരയ്ക്ക് സമ്മതമുണ്ടോന്നാരും ചോദിച്ചില്ല. ഒരു പ്രേമം എരിഞ്ഞടങ്ങിയ ചിത കെട്ടാറും മുന്‍പ് മറ്റൊരു സ്നേഹം കിളിര്‍പ്പിക്കാനും താനേയുള്ളോ കൂട്ട്!

മീര വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ അമ്മ പറഞ്ഞു, “അവന് സഹോദരിമാരാരും ഇല്ലാത്തതുകൊണ്ടല്ലെ വിളിക്കുന്നത്. ചെല്ലാതിരുന്നാല്‍ അവര്‍ വല്ലതും വിചാരിക്കും.”

അങ്ങിനെ അല്‍പ്പം പ്രായവും പക്വതയും ഒക്കെ ഉള്ളവരോടൊപ്പം, മീരയും പെണ്ണുകാണന്‍ ചടങ്ങിനു പോയി. മീരയുടെ ഉള്ളുനിറയെ അനിതചേച്ചിയും, കപടനാടകങ്ങളിലെ സീനുകളും..
പ്രേംനസീര്‍‍/ഉമ്മര്‍ മുന്‍പില്‍ ഞാനൊന്നുമറിഞ്ഞില്ലേ എന്നമട്ടില്‍, (താന്‍ ഇത്ര സെന്‍സിറ്റീവ് ആണെന്ന് ഊഹിക്കാന്‍ കൂടി പറ്റാത്ത സ്വഭാവമാകും ചിലപ്പോള്‍ വിനുവേട്ടന്. അതാകും)

കാര്‍ ഒരു പഴയ‍,വലിയ, തറവാട്ടിനു മുന്നില്‍ ചെന്നു നിന്നു. വീടും പരിസരവും ഒക്കെ മീരയ്ക്കിഷ്ടമായി.. വിനുവേട്ടനു ചേര്‍ന്ന വീട്ടുകാര്‍ (എങ്കിലും അനിതചേച്ചി ഇപ്പോഴും നൊമ്പരമായി കൂടെയുണ്ട്.)

കയ്യില്‍ ചായക്കപ്പുമായി വന്ന സുന്ദരിയെ കണ്ട് മീര തെല്ലൊന്നമ്പരന്നു!

ഭാഗം-4
തന്റെ ഗീതചേച്ചി!

താന്‍ മനസ്സില്‍ റോള്‍മോഡലായിയി അരാധിച്ചിരുന്ന ഹോസ്റ്റലിലെ ഏറ്റവും കൂടുത അരാധകര്‍ ഉണ്ടായിരുന്ന ചേച്ചി! എല്ലാ ജൂനിയേര്‍സിനെയും ഒരു പോലെ സ്നേഹിക്കുകയും സാന്ത്വനിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ചേച്ചി. പ്രാര്‍ത്ഥനാ സമയവും പഠിക്കേണ്ട സമയവും ഒക്കെ ഓര്‍മ്മപ്പെടുത്തുന്ന ചേച്ചി.

പരീക്ഷകളില്‍ മാര്‍ക്കു കുറയുമ്പോള്‍ ശാസിക്കുകയും‍ കൂടുമ്പോള്‍ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ഒക്കെ ചെയ്യുന്ന മാലാഖയെപ്പോലെയുള്ള തന്റെ ഗീതചേച്ചി!

ഇതൊരു ചതിയല്ലേ?!

ഈ ചതിക്ക് താനും കൂട്ടു നില്‍ക്കണോ?

വിനുവണ്ണനും അനിതചേച്ചിയും വളരെ ക്ലോസ് ആയിരുന്നു എന്ന് തനിക്കും കോളേജിലുള്ള സകലര്‍ക്കു അറിയാവുന്നതാണ്. വിവാഹം കഴിഞ്ഞാല്‍ ഗീതചേച്ചിയും അറിയും. അന്ന് ഗീതചേച്ചി തന്നെ കുറ്റപ്പെടുത്തില്ലേ??!!

പാവം ഗീതചേച്ചിയെ ഈ കുരുക്കില്‍ നിന്നെങ്ങിനെ രക്ഷപ്പെടുത്താന്‍!
ഒരു പക്ഷെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതാണ് താന്‍ ദൈവത്തിന്റെ മുന്നില്‍ തെറ്റുകാരിയാവുന്നതെങ്കിലോ!
ഒരുപക്ഷെ ഇവര്‍ തമ്മിലാണ് വിവാഹം കഴിക്കാന്‍ ദൈവം വിധിച്ചതെങ്കിലോ?!
എങ്കില്‍ അത് തകര്‍ക്കുന്നതാവില്ലെ അതിലും വലിയ പാപം! മീര ആകെ ധര്‍മ്മ സങ്കടത്തിലായി.

പറയാനും വയ്യ, പറയാതിരിക്കാനും വയ്യ എന്ന ഒരവസ്ഥ.

അപരിചിതമായ സന്ദര്‍ഭങ്ങളില്‍ പെടുമ്പോള്‍ മീരയ്ക്ക് സ്വതവേയുള്ള മൌനം കമ്പ്ലീറ്റ് മൌനമായി മാറ്റി. വെറുമൊരു ദൃക്‌സാക്ഷിയെപ്പോലെ മരവിച്ചിരുന്നു. ഇവളെ കോണ്ടുവന്നത് പന്തികേടായോ എന്ന് കരുതി വിഷമിച്ചിരിക്കുന്ന വിനുവും..
ഗ്രാമത്തിലെ തനി നാട്ടിന്‍പുറം വലിയമ്മയും പരിവാരങ്ങളുടെയും ഇടക്ക് അല്പം മേമ്പൊടി ചേര്‍ക്കാനായിട്ടാണ് തന്നെ കൂട്ടിയത്. പക്ഷെ, തന്റെ കൃത്യം നിര്‍വ്വഹിക്കാനാവാതെ മീര തളര്‍ന്നിരുന്നു.
തനിക്കിനിയുമൊരു നാടകമാടാന്‍ വയ്യ. മനസ്സാക്ഷി വിലക്കി.
മൌനം പലപ്പോലും മീരയുടെ ആത്മാവിനു ഭൂക്ഷണമായി തീര്‍ന്നിട്ടുള്ള ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇതും പെടും

ഒരറ്റത്ത് ഗീതചേച്ചിയുടെ അടുത്ത് ചെന്ന്, ‘ചേച്ചി ഞങ്ങളുടെ കുടുമ്പത്തില്‍ വിനുവണ്ണന്റെ പെണ്ണായി വരുന്നതില്‍ എനിക്കെത്ര സന്തോഷമുണ്ടെന്നോ, വിനുവണ്ണന്റെ വീട് പഴയതെങ്കിലും വളരെ വലുതാണ്. അവിടെ അനിതചേച്ചിയ്ക്കായി കാത്തിരിക്കുന്ന ഒരു വീടാ‍കും അത്. അവിടത്തെ ശ്രീദേവിയായി, വലിയച്ഛനെയും വലിയമ്മയെയും വിനുവണ്ണനെയും ഒക്കെ സ്നേഹിച്ച്
സന്തോഷിച്ച് ജീവിക്കൂ. എനിക്ക് ഏറെ സ്ന്തോഷമുണ്ട് ചേച്ചിയെ എനിക്ക് സ്വന്തമായി കിട്ടിയതില്‍...’ എന്നൊക്കെ പറയാന്‍ ഉള്ളു തുടിക്കുന്നു

മറുവശത്ത്.. മനസ്സാക്ഷി, ഒരു സത്യം മറച്ചുവയ്ക്കാന്‍ പരിചയമില്ലാത്ത മനസ്സാക്ഷി, കല്ലുപോലെ പിടിച്ചു നിര്‍ത്തുന്നു..

മീര സമ്മതിച്ചാലും സമ്മതിച്ചില്ലെങ്കിലും മിണ്ടിയാലും മിണ്ടിയില്ലെങ്കിലും ഒക്കെ ആ വിവാഹം നടക്കും.. നടന്നു.. വളരെ ആര്‍ഭാടമായി തന്നെ.

ഗീതചേച്ചി വിനുവണ്ണനെ സ്നേഹിക്കുന്നതും അനിതചേച്ചിയെപ്പോലെ ആരാധനയോടെ നോക്കുന്നതും ഒക്കെ സ്വപ്നം കണ്ടു. ഒരിക്കലും ചേരാത്ത എന്തോ ഒന്നുപോലെ..വിനുവണ്ണന് ഗീതചേച്ചിയ്ക്ക് സ്നേഹം കൊടുക്കാനാവുമോ? ഗീതചേച്ചി വിനുവണ്ണനില്‍ സുരക്ഷിതത്വം കിട്ടുമോ? നൂറു നൂറു ഭയാശങ്കകള്‍.. പലതും ചോദിക്കാന്‍ തോന്നിയെങ്കിലും ചോദിക്കാന്‍ തോന്നിയില്ല. ചോദിച്ചാല്‍ ചിലപ്പോള്‍‍ അബദ്ധങ്ങളായി മാറുമോ എന്ന ഭയവും തോന്നി. എത്രയും പെട്ടെന്ന് വീട്ടില്‍ തിരിച്ചെത്തണമെന്നു മാത്രം ആഗ്രഹിച്ചു.


*
ഭാഗം-5
പിന്നീട് വിനുവണ്ണനെ കാണുമ്പോഴൊക്കെ വിനുവണ്ണന്‍ വലിയ ഉത്സാഹവാനായി കാണപ്പെട്ടു.
നല്ല കേസുകളൊക്കെ കിട്ടിത്തുടങ്ങി എന്നും അറിഞ്ഞു. മീരയ്ക്ക് വിവാഹാലോചനകളൊക്കെ വന്നുകൊണ്ടിരിക്കെ, ഒരിക്കല്‍ മീര ചെടികളെ ശുശ്രൂഷിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി തന്റെ കുറെ സുഹൃത്തുക്കളുമായി മീരയെ കണ്ടു മടങ്ങിയതും മീര ഓര്‍ത്തു. വിനുവണ്ണന്‍ കൊണ്ടുവന്ന ആലോചനകള്‍ ഒന്നും നടന്നില്ല. വിനുവണ്ണന്റെ കൂട്ടുകാരെയൊക്കെ മീരയ്ക്ക് അത്ര വിശ്വാസവും ഇല്ലായിരുന്നു. മിടുക്കരും ഒക്കെയാണെങ്കിലും അനിതചേച്ചിയെപ്പോലെ ഒരോരുത്തരുടെ കണ്ണീര്‍
അവരുടെ ഹൃദയങ്ങളില്‍ കളങ്കം ചാര്‍ത്തിയിരിക്കുമോ എന്നൊരു ഭയം!

പിന്നീട് മീരയുടെ വിവാ‍ഹത്തിന് ഗീതചേച്ചി ഒരുങ്ങി സുന്ദരിയായി പുഞ്ചിരിച്ചുകൊണ്ട് നിന്നപ്പോള്‍ ആശ്വാസം തോന്നി. അവരുടെ ദാംമ്പത്യം വിചാരിച്ചത്ര ബോറായിട്ടില്ല എന്നു കണ്ട്, മീര സമാധാനിച്ചു.


*

ആദ്യത്തെ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അറിഞ്ഞു, വിനുവണ്ണന്‍ കഴിവുപോലെ ഉയര്‍ന്നില്ല എന്ന്. ഒരുതരം കേസില്ലാ വക്കീല്‍ പോലെ.. കേസുകിട്ടിയാലും വാദിക്കാന്‍ വയ്യാത്ത അവസ്ഥ. ജീവിതത്തില്‍ ലക്ഷ്യമില്ലാത്തപോലെ..
അനിതചേച്ചിയില്‍ നിന്ന് രക്ഷ്പ്പെടാനായിരുന്നിരിക്കണം വിവാഹം കഴിച്ചത്. പക്ഷെ, സ്നേഹത്തില്‍ നിന്ന് പൊട്ടിച്ചുപോയപ്പോള്‍ അറിഞ്ഞു കാണില്ല ആ സ്നേഹമായിരുന്നു തന്റെ ബലവും ചൈതന്യവും ഒക്കെ എന്ന്!

അഞ്ചടിയേ ഉള്ളുവെങ്കിലും കറുത്ത് കുറിയതായിരുന്നു എങ്കിലും.. അനിതചേച്ചിയുടെ സ്നേഹം
വിനുവണ്ണനെ ജീവിതത്തില്‍ വിജയിപ്പിക്കുമായിരുന്നു എന്നു മീരയ്ക്ക് തോന്നി.

അനിതചേച്ചി എല്‍. എല്‍. ബി കഴിഞ്ഞ് ഏതോ വലിയ വക്കീലിന്റെ ജൂനിയര്‍ ആയി ജോലിയില്‍ പ്രവേശിച്ചു എന്നും അറിഞ്ഞു.

എല്ലാം സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുന്ന ഗീതചേച്ചി ഒരു ഉത്തമ കുടൂംബിനിയായി, രണ്ട് നല്ല മക്കളുടെ അമ്മയായി, സ്വന്തം കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിച്ച് പക്വതയുള്ള ഒരു വീട്ടമ്മയുടെ റോള്‍ ഇതിനകം നേടിയെടുത്തിരുന്നു.


*

അടുത്ത പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അറിഞ്ഞു, വിനു മുഴുവന്‍ സമയവും വെള്ളമടിയുമായി ബൈക്കില്‍ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കാണാരുണ്ടെന്ന്. നല്ല മൂന്നു ആണുകുട്ടികള്‍. മിടുക്കന്മാര്‍. ഗീതചേച്ചിയ്ക്ക് വിനുവണ്ണന്റെ സ്നേഹം കിട്ടിയില്ലെങ്കിലും(?) ആ മക്കളെ സ്നേഹിച്ചു ജീവിക്കാമല്ലൊ ജീവിതം കമ്പ്ലീറ്റ് വേസ്റ്റ് ആയില്ലല്ലൊ എന്ന് സമാധാനിച്ചു.

ഇതിനിടെ വിനുവണ്ണന്‍ വിദേശത്ത് വിസിറ്റിനു വരുന്നുണ്ടെന്ന് പറഞ്ഞു. പക്ഷെ, നടന്നില്ല;
മീരക്ക് ഭയമായിരുന്നു. തനി യാധാസ്ഥിതികരായ തന്റെ വീട്ടുകാര്‍ വിനുവണ്ണന്റെ പെരുമാറ്റം ഇഷ്ടപ്പെടുമോ എന്നൊക്കെ.. പക്ഷെ, വിനുവണ്ണന്‍ വന്നില്ല.
പിന്നീടൊരിക്കല്‍, വിനുവണ്ണന്‍ കുടിച്ച് ലവലില്ലാതെ നാട്ടിലെ ഭര്‍ത്താവിന്റെ കുടുംബത്തില്‍
മീരയുടേ ആങ്ങളയാണെന്ന ബന്ധുത്വവും പറഞ്ഞ് ഒരിക്കല്‍ ചെന്നെന്നും ബന്ധുക്കള്‍ വീട്ടില്‍ സ്വീകരിച്ചില്ല എന്നും.
വിനുവണ്ണന്‍ വലിയ വക്കീലൊക്കെ ആയി ഡീസന്റായി നടന്നിരുന്നെങ്കില്‍ അവര്‍ അങ്ങിനെ ചെയ്യുമായിരുന്നോ!
ബോധം നന്നായിട്ടില്ലായിരുന്നെങ്കിലും വിനുവണ്ണന്‍ അപമാനിക്കപ്പെട്ടു എന്നറിഞ്ഞപ്പോള്‍ മീരയ്ക്ക് പുറം പൂച്ചുമായി നടക്കുന്ന അവരോടൊക്കെ വെറുപ്പുതോന്നി.
അവരുടെ സഹോദരനെങ്ങാനുമായിരുന്നു ഇങ്ങിനെ നശിച്ചുകൊണ്ടിരുന്നതെങ്കിലോ??!!
*

പിന്നീട് മൂന്നുനാല് വര്‍ഷം കഴിഞ്ഞ് ഒരിക്കല്‍ നാട്ടില്‍ നിന്ന് അനിയന്‍ വിളിച്ചു പറഞ്ഞു,
“ഒരു വിഷമം ഉള്ള ന്യൂസ് ഉണ്ട്. നമ്മുടെ വിനുവണ്ണനില്ലെ?, ”
“അതെ, വിനുവണ്ണനെന്തു പറ്റി? “
“വിനുവണ്ണന്‍ ഒരു ബൈക്കാക്സിഡന്റില്‍..”
താന്‍ ഭയന്നിരുന്നു... ഒരിക്കല്‍.. വിനുവണ്ണന്‍ ബോധമില്ലാതെ...
അതുതന്നെ സംഭവിച്ചു!
അനിതചേച്ചിയുടെ ശാപമാകുമോ?!
അതോ സ്വയം മനസ്സാക്ഷിക്കുത്തോ?!
ഏതിനും ഇന്ന് വളരെ ഉയരങ്ങള്‍ കീഴടക്കാമായിരുന്ന ആ വലിയ അണ്ണന്‍ ഈ ഭൂമിയില്‍ ഇല്ല.എവിടെയോ മറഞ്ഞിരിപ്പുണ്ട്. തനിക്ക് പ്രിയപ്പെട്ട ഒത്തിരിപ്പേരോടൊപ്പം.. എവിടെയോ...

[ഇതിലും അവസാനം മരണമായിപ്പോയി. മരിച്ചവരുടെ കഥകളാണ് മനസ്സില്‍ അധികവും പതിഞ്ഞിരിക്കുന്നത്. അവരായിരുന്നു സ്നേഹം അധികം ഉള്ളവരും]

This entry was posted on 10:29 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments