പുണ്യവതി  

Posted by Askarali

ഓരോ പ്രാവശ്യം പ്രസവിക്കുമ്പോഴും
വേദനയോടെ കുഞ്ഞുങ്ങളെ നദിയിലെറിയുമ്പോള്‍
തലതല്ലിക്കരയാന്‍ തോന്നും ഗംഗയ്ക്ക്
എങ്കിലും നിയന്ത്രിയ്ക്കും
താന്‍ തിരഞ്ഞെടുക്കപ്പെട്ട അമ്മയായിരുന്നല്ലൊ
അഷ്ടവസുക്കളാല്‍;
അവര്‍ക്ക് മോക്ഷപ്രാപ്തിക്കായി.
അവരുടെ മോക്ഷമാണ് തനിക്കു വലുത്
തന്റെ മാതൃത്വം അല്ല.
അത്
അവഹേളിക്കപ്പെട്ടോട്ടെ.
എങ്കിലും,
നുരഞ്ഞുപൊങ്ങുന്ന
ഈ വേദന
അതെങ്കിനെ തടുക്കാന്‍?!
ഏതു പുണ്യനദിതേടിയാണ്
ഇനി പുണ്യവതി ഗംഗ
ഒഴുകേണ്ടത്?!
വരദാനം പോലെ
ഒടുവില്‍ കിട്ടിയ
എട്ടാമന്‍
ഭീഷ്മരെയും
നെഞ്ചോടമര്‍ത്തി
ഗംഗ കേണു...
*

കാരാഗ്രഹത്തില്‍ വച്ച്
വേദനയോടെ ഒരൊ കുഞ്ഞിനും
ജന്മം നല്‍കുമ്പോള്‍
നേരിയ ഒരു പ്രതീക്ഷ!
ഈ കുഞ്ഞിനെയെങ്കിലും സഹോദരന്‍
തനിക്കു വളര്‍ത്താന്‍ തരുമായിരിക്കും.
ഓരോ തവണ ഗര്‍ഭം ധരിക്കുന്നതും
ആ പ്രതീക്ഷയോടെയാണ്.
‘തന്നെ അമ്മയാക്കാന്‍
ഈ ജീവനെങ്കിലും കഴിയുമാറാകണേ’
ദേവകി മനം നൊന്ത് പ്രാര്‍ത്ഥിച്ചു.
എങ്കിലും, പ്രസവിച്ച് കുഞ്ഞിനെ
ഒരുനോക്കു കാണാന്‍ കൂടി അനുവദിക്കാതെ
വസുദേവര്‍ കുഞ്ഞിനേയുമെടുത്ത്
കംസന്റെ അരികിലേയ്ക്ക് പോകുമ്പോള്‍
ഇടനെഞ്ചു പൊട്ടിക്കരഞ്ഞു ആ അമ്മ

ഈ ജന്മം തനിക്ക് പുത്രഭാഗ്യമില്ലെന്നുറച്ച്
വിരക്തിപൂണ്ടപ്പോള്‍
വീണ്ടും ദിവ്യ ഗര്‍ഭം!
ദൈവം തന്നതല്ലെ,
തിരിച്ചെടുക്കില്ല
ദേവകി ആശ്വസിച്ചു.

ഒടുവില്‍...
അവന്‍; അമ്പാടിയില്‍;
യശോദയുടെ അരികില്‍;
സുരക്ഷിതനെന്നറിയുമ്പോള്‍,
ഇവിടെ; ഈ അമ്മ;
സന്തോഷിച്ചു.

ഈ ജന്മം തനിക്കിങ്ങനെ.
അനുഭവിച്ചോട്ടെ എല്ലാവരും;
സന്തോഷിച്ചോട്ടെ സകലരും.
പക്ഷെ, താനും അമ്മയാണ്;
സ്വന്തം കുഞ്ഞിനെ ലാളിക്കാനനുവാദമില്ലാത്ത;
കൊഞ്ചിക്കാനനുവാദമില്ലാത്ത;
എന്തിനേറെ,
ഒന്നു കാണാന്‍പോലും ആകാത്ത
അമ്മ!

കംസന്‍ കല്ലിലടിച്ചു കൊല്ലാഞ്ഞ
ഒരു പുത്രനെങ്കിലും
ജീ‍വിച്ചിരുപ്പുണ്ടല്ലോ
തനിക്കതുമതി,
അവള്‍ ആശ്വസിച്ചു.

This entry was posted on 9:40 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments