ഒരു മൊബൈല്‍ ലോകം  

Posted by Askarali

അന്ന് ഞാന്‍ നടക്കാനിറങ്ങിയതായിരുന്നു. വിജനമായ ഒരു പാര്‍ക്ക്. ഇടക്കിടെ മോര്‍ണിങ്ങ് വാക്ക് കാരെ കാണാമെന്നതൊഴിച്ചാല്‍, ചുറ്റിനും വളര്‍ന്നു നില്‍ക്കുന്ന മരങ്ങളും പൊന്തക്കാടുകളും.
പ്രകൃതി, രമണീയം!.

അങ്ങിനെ എന്റെ ഗ്രാമത്തിലെ ഏതോ ഊടു വഴിയിലൂടെ നടക്കുകയാണെന്നൊക്കെ സങ്കല്‍പ്പിച്ച് നീങ്ങുമ്പോള്‍, അല്പം മുന്‍പിലായി മറ്റൊരു സ്ത്രീ. കാണാവുന്ന ദൂരത്തില്‍ ഒരാളുള്ളത് നല്ലതുതന്നെ. പാമ്പോ മറ്റോ വന്നാല്‍ അലറി വിളിച്ചാള്‍ ഓടിവന്നു രക്ഷിക്കാതിരിക്കില്ല. അങ്ങിനെ സമാധാ‍നമായി, എന്റെ സ്വപ്നം കണ്ടിന്യു ചെയ്തുകൊണ്ട്, എന്നാല്‍ അവരുടെ പിന്‍ പുറവും വീക്ഷിച്ചു കൊണ്ട് [ഇവിടെ ആരും നേരേ നോക്കിക്കൂട. പരിചയമില്ലാത്തവരെ കണ്ടാല്‍ ഒരു അരസെക്കന്റില്‍ക്കൂടുതല്‍ നോക്കിയാല്‍ തീര്‍ന്നു കാര്യം. ‘അവന്‍/അവള്‍ എന്നെ സ്റ്റെയര്‍ ചെയ്തു’ എന്നു പറഞ്ഞു കേസ് കൊടുക്കും, പിന്നെ പോലീസ് വരും, നല്ല നടത്തിപ്പിനായി ക്യാമ്പില്‍ കൊണ്ടിടും... നന്നാക്കി വിടും. പിന്നെ ജീവിതകാലം മുഴുവനും അവന്‍ ആരെയും നോക്കില്ല.]

പക്ഷെ, എന്റെ സ്വഭാവത്തിനു പറ്റിയ നിയമങ്ങളാണ് ഈ നാട്ടില്‍ എന്നെനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. വെളിയിലിറങ്ങിയാലും അധികം ആരോടും സംസാരിക്കണ്ട(ഭാഷ പ്രശ്നം), ആരെയെങ്കിലും കണ്ടാല്‍ കണ്ടഭാവം നടിക്കണ്ട (അഥവാ ‘അയ്യോ നീ എന്റെ ആരെയോപോലെ ഇരിക്കുന്നു’ എന്നു തോന്നി ഒരിക്കല്‍ക്കൂടി നോക്കിയാല്‍ തീര്‍ന്നു കഥ. അവര്‍ ഉടന്‍ കണ്ണുരുട്ടും. ഒരിക്കല്‍ ക്കൂടി നോക്കാന്‍ ധൈര്യം പോരാ.. ഞാനപ്പോള്‍ അപരാധിയുടെ മട്ടില്‍ ചിരി വരുത്താനൊരു വിഭല ശ്രമം നടത്തി, ഞാന്‍ ഇവിടെയുമില്ല, നിങ്ങള്‍ അവിടെയുമില്ല, ഈ ബസ്സ് മാത്രമേ ഉള്ളു/ഷോപ്പിങ്ങ് മാള്‍ മാത്രമേഉള്ളു, അതില്‍ ആളുകളേ ഇല്ല എന്നൊക്കെ ഭാവന ചെയ്ത് അങ്ങിനെ രക്ഷപ്പെടും- പക്ഷെ ഇവര്‍ മറ്റുള്ളവരെ നോക്കതെ എങ്ങിനെ ജീവിക്കുന്നു എന്നുകരുതി ഞാന്‍ വളരെ കരുതലോടെ നോക്കിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. നമ്മള്‍ അവരെ നോക്കാതിരിക്കുമ്പോള്‍
ആവരുടെ ആകെ വിനോദം നമ്മെ അടിമുടി നോക്കി വിശകലനം ചെയ്യലാണ്. അബദ്ധത്തില്‍ നമ്മള്‍ തിരിഞ്ഞുനോക്കിയാല്‍ ഒരു നിസ്സംഗഭാവത്തില്‍ മറ്റെവിടെയോ ആ കൊച്ചു കണ്ണുകളും നട്ട് അവരങ്ങിനെ ഇരിക്കും.)

അങ്ങിനെ ആ സ്ത്രീയുടെ പിന്നാമ്പുറവും വീക്ഷിച്ചുകൊണ്ട് അങ്ങിനെ ധൈര്യസമേതം നടക്കുമ്പോഴാണ്, പെട്ടെന്ന് അതു സംഭവിച്ചത്. അതുവരെ ഒരേ സ്പ്പീടില്‍ സറ്റടി വടിയായി നടന്ന അവര്‍ പെട്ടെന്ന് നടത്തത്തിന്റെ സ്പീടൊക്കെ ഒന്ന് കുറച്ച്, ആടി, കുഴ്ഞ്ഞ്, ഇടക്ക് കയ്യൊക്കെ ഇടത്തോട്ടും വലത്തോട്ടും ആകാശത്തോട്ടും ഒക്കെ വീശി, (ഏതോ ഡാന്‍സിന്റെ സ്റ്റെപ്പ് പോലെ) അങ്ങിനെ പോവുകയാണ്. ചീനര്‍ക്ക് പല വിചിത്രമായ എക്സര്‍സൈസുകളും ഉണ്ട്. എങ്കിലും ഇത്തരം ഒന്ന് ആദ്യമായാണ് കാണുന്നത്. ഇനി വട്ട് കേസാണോ! തുണയെന്നു കരുതി പുറകേ നടന്നത് വിനയായോ?! ധൈര്യം കുറഞ്ഞു വരുന്നപോലെ. സ്പീട് കൂട്ടി ഓവര്‍ടേക്ക് ചെയ്തു രക്ഷപ്പെടാമെന്നു കരുതി അവരെ കടന്നുപോകുമ്പോള്‍, കണ്ടു കണ്ടു കണ്ടില്ല, എന്നമട്ടില്‍ പാളിയൊന്നു നോക്കിയപ്പോള്‍ കണ്ടതോ, അവര്‍ കാതില്‍ എന്തോ ഘടിപ്പിച്ചിരിക്കുകയാണ്. അവര്‍ അവരുടെ ഹാന്‍ ഡ്ഫോണില്‍ വളരെ രസകരമായി പരിസരം മറന്ന് ആരോടോ സംസാരിച്ചുകൊണ്ട്, മോര്‍ണിംഗ് വാക്ക് നടത്തുകയായിരുന്നു. ഇതുണ്ടോ പാവം ഞാനറിയുന്നു...


അതിപ്പിന്നെ ആരെങ്കിലും സംസാരിക്കാന്‍ വരുമ്പോള്‍ നന്നായി ചെക്ക് ചെയ്യും കാതില്‍ വല്ല കുന്തറാണ്ടവും വച്ചിട്ടുണ്ടോ, എന്നോടു തന്നെയാണോ സംസാരിക്കുന്നത് എന്നൊക്കെ ഉറപ്പുവരുത്തിയിട്ടേ മറുപടി പറയൂ. വെളിയില്‍ പോയി വരുന്ന ഭര്‍ത്താവ് സംസാരിക്കുമ്പോഴും സൂക്ഷിക്കണം. മറുപടി പറയും മുമ്പ് എന്നോടാണോ കാതില്‍ വാച്ചിരിക്കുന്ന യന്ത്രത്തിനോടാണോ എന്നുറപ്പു വരുത്തിയ ശേഷമേ മറുപടി പറയൂ. അദ്ദേഹത്തിന്റെ കാതില്‍ എപ്പോഴും ഈ കുന്തറാ‍ണ്ടം ഉണ്ടാവും. അടുത്തു നില്‍ക്കുന്ന എന്നോട് സാസാരിക്കാന്‍ സമയം കിട്ടാറുമില്ല. ഒടുവില്‍ സഹികെട്ട്, ആ ഹാന്ഡ് ഫോണില്‍ തന്നെ വിളിക്കും, അപ്പോള്‍ ‘ജുസ്റ്റ് ഹോല്‍ഡ് ഓണ്‍ ഫോര്‍ അ മിനുട്ട് ’, എന്നു പറഞ്ഞ് സ്വിച്ച് അമര്‍ത്തി, എന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ തിരിഞ്ഞ് എന്റെ നേരെ ഒന്ന് നോക്കി കണ്ണുരുട്ടും, എന്നിട്ട്, ‘ഒരു റോങ്ങ് കാള്‍, യെസ് സാര്‍, അങ്ങിനെ ബാക്കി പറയൂ സാര്‍’ എന്നു പറഞ്ഞ് സുഖമായി കഥ തുടരും. ഇതിനിടയില്‍ ഭക്ഷണം, ചായകുടി, ഉറക്കം തുടങ്ങി സകലതും ആ യന്ത്രവും കാതില്‍ വച്ചോണ്ട് തന്നെ ചെയ്യുന്നതുകാണാം മിക്കപ്പോഴും.
ഓഫീസില്‍ വിളിച്ചാലും ഗതി ഇതുതന്നെ, ഞാന്‍ വിളിച്ച ഫോണ്‍ എടുത്ത് കയ്യില്‍ വച്ചിട്ട് മറ്റേ ഫോണില്‍ തകര്‍പ്പന്‍ സംസാരം തുടരും. ക്ഷമയോടെ കാത്തു നിന്നാല്‍ മണിക്കൂറുകളോളം കേള്‍ക്കാം തമിഴും, ഇംഗളീഷും മലയാളവും ഒക്കെ കൂട്ടിക്കലര്‍ന്ന സംസാരങ്ങള്‍. അത്രതന്നെ.
പിന്നെ ഗത്യന്തരമില്ലാതെ ഓഫീസില്‍ തന്നെ ജോലി ചെയ്യുന്ന പയ്യനെ വിളിക്കും ‘അര്‍ജന്റ് ആണ് ഒന്ന് വിളിക്കാന്‍ പറയണേ.’
ആ പയ്യനെ ഭയമാണെന്നു തോന്നുന്നു. അവന്‍ കേള്‍ക്കാനായെങ്കിലും എന്റെ പരാതികള്‍ കേട്ട്, ‘ഞാന്‍ ബുസിയായിരിക്കുകയാണ് മറ്റൊരവസരത്തില്‍ ട്രൈ ചെയ്യൂ’ എന്നുപറഞ്ഞ് വയ്ക്കും.
എനിക്ക് പറയാനുള്ളതും അതുതന്നെ, ‘ഞാന്‍ എന്നെയും ഒന്ന് ബിസിയാക്കാനായി ഷോപ്പിങ്ങിനു പോകാന്‍ പോകുന്നു. ഇപ്പോള്‍ വന്നാല്‍ എന്നെ കിട്ടുകയില്ല’ [ ഏത്, ‘ആരും വില തന്നില്ലെങ്കില്‍ നമ്മള്‍ നമുക്ക് വില കൊടുക്കണം’ എന്നല്ലെ?].

അതൊക്കെ പോട്ടെ ഇതും ചെവിയില്‍ വച്ച് സംസാരിച്ച് ഉറങ്ങുകകൂടി ചെയ്യുന്ന ഒരു കഥ കേള്‍ക്കൂ...

ഉച്ചയ്ക്ക് ഊണു കഴിഞ്ഞ് ചെവിയില്‍ ഫോണ്‍- ഉം വച്ച് ഉറങ്ങി തുടങ്ങിയപ്പോഴാണ് അണ്ണാച്ചിയുടെ കാള്‍. ഉടന്‍ സ്വിച്ച് ഞെക്കി,
‘ഓക്കെ ഒക്കെ ശൊല്ല് ങ്കെ ശൊല്ല് ങ്കെ’
സാധനം വ്ന്തില്ലയാ?
ഉം.. ഉം..
ഉം.. ഉം.. ഉം... ഹ്രും... ഹ്രും... ഹ്രൂം........[കൂര്‍ക്കം വലി]

ഞാന്‍ നോക്കിയപ്പോള്‍ മറുവശത്ത് രോക്ഷത്തോടെ പരാതി പറയുന്ന അണ്ണാച്ചി ഈ വശത്ത് തകര്‍ത്ത് കൂര്‍ക്കം വലിച്ചുറങ്ങുന്ന മുതലാളി. വിളിച്ചുണര്‍ത്തണോ? വേണ്ട. പെര്‍ഫക്റ്റ് ആളല്ലെ. ഇതെങ്ങിനെ തരണം ചെയ്യും എന്നറിയാമല്ലൊ. ഈ ‘ഉം.. ഹ്രൂം...’ അപകടമായ ദൂരം നീളുമോ?

അതാ മറുപടി പറയാറായപ്പോള്‍ വീണ്ടും ,
‘ഓക്കെ, അപ്പോള്‍ എല്ലാം ലോഡ് ചെയ്തില്ല അല്ലെ?’
‘അടുത്ത പ്രാവശ്യം വേറേ മാതിരി ബോക്സ് മതി. ലേബല്‍ ഒട്ടിച്ചത്...’
ഉം.. ഉം... ഹ്രും... ഹ്രൂം....[വീണ്ടും കൂര്‍ക്കം വലി]

അവസാനം ഫോണ്‍ സംസാരംകഴിഞ്ഞപ്പോള്‍ മയക്കവും കഴിഞ്ഞു. അടുത്ത് കണ്ണും മിഴിച്ച് കളിയാക്കാന്‍ നിന്ന എന്നെനോക്കി, ‘ഇതിലൊക്കെ എന്തിരിക്കുന്നു ഇതൊക്കെ സ്വാഭാവികം’ എന്നമട്ടില്‍ ഒരു ചിരിയും.
[ഇത് ഒരു മൊബൈല്‍ കഥമാത്രം. ഇതിലെ വ്യക്തികളും കഥാപാത്രങ്ങളും ഒക്കെ വെറും സാങ്കല്പികം.]

This entry was posted on 9:13 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments