ഒരമ്മയും മൂന്നു മക്കളും  

Posted by Askarali

ഇന്ന് ഭര്‍ത്താവിനോടൊപ്പം കാന്റീനില്‍ ഇരുന്ന് ചൈനീസ് ഫുഡ് കഴിക്കുമ്പോള്‍ എതിരിലെ
മേശയില്‍ ഒരു ചെറുപ്പക്കാരി അമ്മയും മൂന്നു പെണ്‍കുട്ടികളുമായി ഇരിക്കുന്നതു കണ്ടു
മൂത്ത കുട്ടികള്‍ക്ക് മൂന്നും അഞ്ചും വയസ്സു പ്രായം. ഇളയ കുട്ടി നടന്നു തുടങ്ങിയിട്ടേ ഉള്ളു. എന്നിട്ടും ആ കുട്ടിയെ എതിരിലെ കസേരയില്‍ നിര്‍ത്തിയിരിക്കുന്നു. ആ കുട്ടി വീണുപോകുമോ എന്ന പരിഭ്രമം എനിക്ക്. ആ അമ്മയില്‍ ഒരു ഉല്‍ക്കണ്ഠയും കണ്ടില്ല. അവള്‍ ഈ ലോകത്തൊന്നുമല്ലാത്തപോലെ. കുട്ടികള്‍ക്ക് ഭക്ഷണം വരുത്തിക്കൊടുത്തിട്ട് തളര്‍ന്നിരിക്കുന്ന അമ്മ. അവര്‍ക്ക് എന്തോ കടുത്ത മാനസിക തളര്‍ച്ചപോലെ.

മൂന്നു പെണ്‍കുട്ടികള്‍!
ഇനി ഈ ജന്മം ആണ്‍കുട്ടിയുടെ അമ്മയാകാനാവില്ലെന്ന തളര്‍ച്ച;
ഈ ജന്മം തന്റെ സ്ത്രീത്വം അപൂര്‍ണ്ണമായി തന്നെ അവശേഷിക്കും എന്ന മര‍വിപ്പ്;
ഭര്‍ത്താവ് ഇക്കാരണത്താല്‍ തന്നെ ഉപേക്ഷിക്കുമോ എന്ന ഭയമാകാം;
അവഹേളീക്കുന്ന സമൂഹത്തിന്റെ മുന്നില്‍ തളര്‍ന്നിരിക്കുന്നതാകാം;
അതിനിടയില്‍ ഈ കൊച്ചുകുട്ടികളെ വളര്‍ത്തിയെടുക്കുകയും വേണം.

എനിക്ക് അടുത്ത് ചെന്ന് ആശ്വസിപ്പിക്കണമെന്നുണ്ട്. ‘വിഷമിക്കണ്ട , ഈ പെണ്‍കുട്ടികള്‍ പഠിച്ച് മിടുക്കരായി വളരുമ്പോള്‍ ആണ്‍കുട്ടികള്‍ തരുന്ന സന്തോഷം തന്നെ അവരും തരും. ഈ വിഷമമൊക്കെ താല്‍ക്കാലികമാണ്’.
എന്റെ ആത്മാവ് ഒരു നിമിഷം എന്നില്‍ നിന്നു പറന്ന് അവളുടെയരികില്‍ ചെന്നു.
അവള്‍ എന്നെ നോക്കി,
ആത്മാവില്ലാത്ത എന്റെ ശരീരം തിരിച്ച് അവളെയും.
അവളില്‍ എന്തോ ഒരു തരി ഉല്‍സാഹം നുരയിടുന്നതായി കണ്ടു.
എന്റെ ആത്മാവ് അവളുടെ ആത്മാവുമായി സംവേദിച്ചതറിയാതെ ഞങ്ങള്‍ അന്യോന്യം ഒരു നിമിഷം നോക്കി. അവളുടെ ചുണ്ടില്‍ ഒരു ചെറു ചിരി വിടര്‍ന്നു. തോന്നിയതാണോ?
പിന്നീട് അവള്‍ പതിയെ ചെറിയ കുട്ടിയുടെ അടുത്ത് ചെന്നിരുന്ന് വാത്സല്യത്തോടെ ഭക്ഷണം ഊട്ടിക്കൊടുത്തു.
അതു കണ്ട് എന്റെ ഉള്ളം നിറഞ്ഞു
ആ കൊച്ചു കുട്ടി ഞാനാണെന്നപോലെ...
അവള്‍ എന്റെ അമ്മയായപോലെ... ഒരു നിര്‍വൃതി

This entry was posted on 11:09 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments