ഒരു ഹോസ്പിറ്റല്‍ യാത്ര  

Posted by Askarali

അന്ന് ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മന്റ്‌ ഉള്ള ദിവസമാണ്. അവള്‍ വെപ്രാളപ്പെട്ട് ഒരുങ്ങുന്നു. രാവിലെ ജോലിയുടെ ഇടയില്‍ നിന്നും ഓടിപ്പിടച്ചെത്തിയ ഭര്‍ത്താവ്‌. ഒരു മിനിട്ട്‌ താന്‍ കാരണം ലേറ്റ്‌ ആയാല്‍ ലോകം ഇടിഞ്ഞു വീഴുന്നതാണ്‌ അതിലും ഭേദം. അതുകൊണ്ട്‌ അവള്‍ എത്രയും വേഗം റെഡിയായി വെളിയില്‍ കാത്തു നിന്നു.

ഹോസ്റ്റ്പിറ്റലില്‍ പോകാന്‍ അവള്‍ക്കു ഭയങ്കര മടിയാണ്. എങ്കിലും ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതു കൊണ്ട് പോകാതിരിക്കാനും പറ്റില്ല.

അവള്‍ കാറ് വന്നയുടന്‍ നാട്ടിലെ ട്രാന്‍സ്പോര്‍ട്ട് ബസ്സ് വന്ന് നില്‍ക്കുമ്പോള്‍ കയറാന്‍ നില്‍ക്കുന്നപോലെ കയറിപ്പറ്റുന്നു. ആശ്വാസത്തോടെ നെടുവീര്‍പ്പിടുന്നു.

കാറില്‍ കയറിയ ഉടന്‍ അദ്ദേഹം ചോദിച്ചു, ‘‍അപ്പോയിന്റ്‌മന്റ്‌ കാര്‍ഡ്‌ എടുത്തോ’?
അവള്‍ അനുസരണയുള്ള കുട്ടിയെപ്പോലെ പറഞ്ഞു, ‘എടുത്തു’.
(തിരക്കിനിടയില്‍ വരുമ്പോല്‍ ദേഷ്യപ്പെടുത്തിക്കൂട)
ആടുത്ത ചോദ്യം ഉടന്‍ വന്നു, ‘എല്ലാ ബില്ലുകളും കൂടി എടുത്തു ഫയല്‍ ചെയ്തു വച്ചുകൂടെ’?
‘അതെ ഫയല്‍ ചെയ്തു വച്ചിട്ടുണ്ട്‌; എന്താ അതെടുക്കണമായിരുന്നോ? ’
(തന്നെ ഒരു കൊച്ചുകുട്ടികളെപ്പോലെ കാണുന്നതില്‍ അവളുടെ ഉള്ളം പ്രധിഷേധിക്കുന്നു)
‘വേണ്ട വച്ചിട്ടുണ്ടോന്നറിയാനാണ്‌.’ അയാള്‍.
അവളെ വഴക്കു പറയാന്‍ കാര്യമായി ഒന്നും കിട്ടാത്തതില്‍ ഒട്ടൊരു നിരാശയോടെ റോഡില്‍ ദൃഷ്ടി പായിച്ച് അയാള്‍ വണ്ടിഓടിക്കുന്നു.
സമാധാനമായി. ഫയല്‍ എടുക്കാത്ത കുറ്റമില്ലല്ലൊ! ലേറ്റായതും ഇല്ല. താന്‍ ഇന്ന് ഒരു കുറ്റവും ഇല്ലാത്തവളായല്ലൊ എന്ന് സമാധാനിച്ച് അവള്‍ അല്പം ഗമയില്‍ ഇരിക്കുന്നു.
അവള്‍ ഭാവിപരിപാടി ആസൂത്രണം ചെയ്യാന്‍ നോക്കുന്നു. ‘എങ്ങിനെ ചൂടുപിടിച്ചിരിക്കുന്ന എഞ്ചിന്‍ ഒന്ന് റിലാക്സ്‌ ചെയ്തെടുക്കാന്‍!’ വിഷയം മാറ്റിനോക്കാം.

‘ഇപ്പോള്‍ ബസ്സുകള്‍ക്കൊക്കെ കഷ്ടകാലമാണെന്നു തോന്നുന്നു അല്ലെ ?, ദാ ഒരു ബസ്‌ കിടക്കുന്നു’. വഴിയരികില്‍ പഞ്ചറായി കിടക്കുന്ന ഒരു ബസ്സിനെ ചൂണ്ടിക്കാട്ടി വിഷയം മാറ്റാന്‍ ശ്രമിക്കുന്നു.
അത്‌ കൂടുതല്‍ അബദ്ധമാവുന്നു.

‘ബസ്സുകള്‍ക്കല്ല എനിക്കാണ്‌ കഷ്ടകാലം ഒന്നും നേരെയാകുന്നില്ല. എല്ലാം നഷ്ടത്തിലാകുമോ എന്ന ഭയം.’
(റിലാക്സാക്കാന്‍ നോക്കി കൂടുതല്‍ കുരുക്കിലായോ?!)

അവള്‍, - ‘കഷ്ടപ്പെടുന്നവര്‍ല്ലേ ജീവിതത്തില്‍ വിജയിക്കുന്നത്‌. ഇന്നത്തെ കഷ്ടപ്പാട്‌ നാളത്തെ വിജയമാവും’. അത് അല്‍പ്പം ഏശിയെന്നു തോന്നുന്നു.

ഇല്ലാ..

‘നീ ശരിയായിരുന്നെങ്കില്‍ എനിക്ക്‌ ഇത്ര വിഷമം ഉണ്ടാകില്ലായിരുന്നു. നീ ഈ ബ്ലൊഗെഴുത്തും മറ്റുമായി സദാസമയം കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കുന്നതുകൊണ്ടാണ്‌.’
‘അതിന്‌ മക്കളുടെ പരീക്ഷ കഴിഞ്ഞാലുടന്‍ ഞാനും കൂടി ജോലിക്കു വരുന്നുണ്ട്‌.’
നടക്കാത്ത കാര്യമാണെങ്കിലും അവള്‍ പതിവായി പറയാറുള്ള പല്ലവി ആവര്‍ത്തിച്ചു.
(ജോലിക്കു പോകാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടാണോ? ജോലികഴിഞ്ഞു വരുമ്പോള്‍ നാധയില്ലാതെ അനാധയായിക്കിടക്കുന്ന വീട്, അരക്ഷിതരായി വളരുന്ന മക്കള്‍, അമ്മയുടെ ജോലിക്കുപോക്ക് തനിക്കു നല്‍കിയ സുരക്ഷിതമില്ലായ്മ അവള്‍ ഓര്‍ത്ത് മൌനം പൂണ്ടിരിക്കുന്നു.)

രണ്ടുപേരും അല്‍പ്പനേരം മൌനത്തില്‍.

ഹോസ്പിറ്റലില്‍ എത്തുന്നു.

സ്റ്റെപ്പ് കയരുമ്പോള്‍ ഏറ്റവും മുകളിലത്തെ സ്റ്റെപ്പില്‍ “ യു ഹാവ് ജസ്റ്റ് ബേണ് ഡ് - കലോറീസ്. അതും നോക്കി, പടികള്‍ കയറുന്നു.
കസേരയില്‍ ഇരിക്കുമ്പോള്‍ അവള്‍‍ ഭയപ്പാടോടെ നോക്കുന്നു, “ നൌ യു ആര്‍ നോട്ട് ബേണിംഗ് എനി കലോറീസ് ’ എന്നൊന്നുമില്ലല്ലൊ. സമാധാനത്തോടെ നെടുവീര്‍പ്പിടുന്നു. അവള്‍ ഭാവനാലോകത്തു പോകുന്നു. ഇവിടെ കാന്റീനില്‍ ചായ കുടിക്കാന്‍ പോകുമ്പോള്‍ ഗ്ലാസ്സില്‍ ‘യു ആര്‍ ജസ്റ്റ് ആഡിങ്ങ് - കലോറീസ്’, മുന്നില്‍ കൊണ്ടുവയ്ക്കുന്ന ബ്രഡില്‍ അതിന്റെ കലോറിവിവരം ഒക്കെ എഴുതി ആളുകളെ ഭയപ്പെടുത്തുന്നത് ഭാവനയില്‍ കണ്ട് അവള്‍ അസ്വസ്ഥയാകുന്നു.

അപ്പോള്‍ ക്യൂവില്‍ അക്ഷമയോടെ ഇരിക്കുന്ന മി., ‘നീ ഇവിടെ ഇരിക്ക്‌ ഞാന്‍ ഒന്നോടിയിട്ട്‌ വരട്ടെ?’ (ഓ! തമാശ! രക്ഷപ്പെട്ടു.)

‘ശരി. ഹോസ്പിറ്റലിനു ചുറ്റും ഓടിയിട്ടു വരൂ. ഞാനിവിടെ ഇരിക്കാം’. (അവളും തമാശിക്കുന്നു).

ഓ! സമാധാനം അവസാനം റിലാക്സ്ഡ് ആയല്ലൊ. അതുമതി.

അപ്പോള്‍ നമ്പര്‍ തെളിഞ്ഞു .1121

മി. ന്റെ നമ്പര്‍ 1112

‘ഞാന്‍ കരുതി നമ്മുടെ നമ്പര്‍ ആയിരിക്കുമെന്ന്’. - അവള്‍ ആത്മഗതം പോലെ പറയുന്നു‍

‘അത് അവര്‍ക്ക് തെറ്റിയതായിരിക്കും ഇപ്പം നോക്കിക്കൊ’.- മി.

അവള്‍ നോക്കുന്നു. നമ്പര്‍ മാറുന്നില്ല.

'ഓ , കമ്പ്യൂട്ടറിനു തെറ്റുപറ്റുമോ?'
പറ്റും ഇപ്പം നോക്കിക്കോ.
കുറച്ചുകൂടി കാത്തു.
അതാ നമ്പര്‍ 1112!
മി. പെര്‍ഫക്റ്റ് കമ്പ്യൂട്ടറിനെയും തോല്‍പ്പിച്ചോ!
അതില്‍ ഖേദിക്കണോ അഭിമാനിക്കണോ എന്നറിയാതെ അവള്‍ കുഴങ്ങുന്നു.

ധൃതിപിടിച്ചെണീറ്റ മി. പ്രാക്റ്റിക്കലിനെ വീണ്ടും അവിടെ ഇരുത്താനായി അതാ ഒരു തമിഴ് അമ്മുമ്മ(അമ്മ) പാഞ്ഞു വരുന്നു, ‘അവിടെ നില്ല്ങ്കെ, ഇരിങ്കെ’, എന്നൊക്കെ പറഞ്ഞ് ശീഘ്രം വാതില്‍ തുറന്ന് ഉള്ളെ പോയിട്ടാര്.

യാതൊന്നും സംഭവിക്കാത്ത മട്ടില്‍ പ്രാക്റ്റിക്കല്‍ വീണ്ടും സീറ്റില്‍ അമരുന്നു. അവള്‍‍ ഇനിയും എണീറ്റില്ലാത്തതുകൊണ്ട് വലിയ നഷ്ടമൊന്നും വന്നില്ലല്ലൊ എന്നു കരുതി സീറ്റില്‍ ഒന്നുകൂടി അമര്‍ന്നിരിക്കുന്നു.

എങ്കിലും പ്രാക്റ്റിക്കലിനെ കടത്തിവെട്ടിയ ആ പ്രാ‍യമായ സ്ത്രീ മഹാ കേമി തന്നെ എന്നു മാനസ്സില്‍ കരുതുന്നു. ഇവിടെ എല്ലാം റൂളും ചിട്ടയുമൊക്കെ അനുസരിച്ചല്ലെ. അവരെ നര്‍സ് ഇപ്പോള്‍ വെളിയിലാക്കും എന്നു പ്രതീക്ഷിക്കുന്നു. ഒന്നും സംഭവിക്കുന്നില്ല. ഇല്ല അവര്‍ സുഖമായി അകത്തിരിക്കുന്നു. ചെക്കപ്പ് നടത്തുന്നു.

ബോഡിലെ നമ്പര്‍ വീണ്ടും മാറുന്നു.
ഇപ്രാവശ്യം 1121.
അപ്പോല്‍ കമ്പ്യൂട്ടറിനു തെറ്റുപറ്റിയില്ലല്ലൊ, എന്നു ഞാന്‍ സമാധാനിക്കുന്നു.
മി. നു വലിയ വിഷമമൊന്നുമില്ലെന്നു കണ്ടു കുറച്ചുകൂടി സമാധാനിക്കുന്നു.

അപ്പോള്‍ അകത്തുപോയ അമ്മുമ്മ വാതില്‍ തള്ളിത്തുറന്ന് വെളിയില്‍ വരുന്നു. മി. ന്റെ അടുത്ത്
ചെന്ന്, ‘അമ്മ നല്ലാരുക്കാ?, തമ്പി നല്ലാരുക്കാ?
( അവളെപ്പറ്റി ചോദിക്കുകയോ നോക്കുകയോ ചെയ്യാത്തതില്‍ അവള്‍‍ വരുത്തപ്പെടുന്നില്ല. കാരണം
തമിഴരക്ക് മരുമകള്‍ എന്നാല്‍ ‘എന്നായാലും പോകേണ്ടവള്‍’ ( മലയാളികള്‍ കുറച്ചുകൂടി സംസ്ക്കാരമുണ്ട്- ‘വന്നുകയറിയവള്‍’ എന്നെങ്കിലും സമ്മതിക്കും) എന്ന ഒരേ ചിന്തയേ ഉള്ളൂ. മകനെ പ്രസവിച്ചില്ലെങ്കില്‍, സ്ത്രീധനം കുറഞ്ഞാല്‍, കുടുമ്പത്തില്‍ കഷ്ടതകള്‍ വന്നാല്‍ ഒക്കെ
മാറ്റി പ്രതിഷ്ഠിക്കാനുള്ള ഒരു വസ്തു മാത്രം അവര്‍ക്ക് മരുമകള്‍. ഇല്ല താന്‍‍ അവരെയും കണ്ടില്ല. തീര്‍ന്നല്ലൊ പ്രശ്നം)

എങ്കിലും മി. നോട് ചോദിച്ചു, “ നിങ്ങള്‍ക്ക് ആ അമ്മയെ അറിയാമോ”
മി.- ‘ആ, എനിക്കറിയില്ല’ എന്നു പറയുന്നു.
അവള്‍ അല്‍ഭുത പരതന്ത്രയാകുന്നു.
വയസ്സായെങ്കിലും അവരുടെ പെണ്‍ബുദ്ധി അപാരം തന്നെ!. ഇങ്ങിനെ വേണം പെണ്ണായാല്‍. മി. പെര്‍ഫക്റ്റിനെ പറ്റിച്ച്, മന്ദം മന്ദം നടന്നു മറയുന്ന ആ അല്‍ഭുതത്തെ അവള്‍‍ സാകൂതം നോക്കി നില്‍ക്കുന്നു. അവരുടെ ഒരു പകുതി പ്രാക്റ്റിക്കലാലിറ്റി തനിക്കു കിട്ടിയിരുന്നെങ്കില്‍ എന്നു കൊതിച്ച്
പോകുന്നു.

ഒടുവില്‍ തങ്ങളുടെ നമ്പര്‍ വരുന്നു. അവര്‍ അകത്തുപോകുന്നു. പറയത്തക്ക അസുഖമൊന്നും ഇല്ലാത്തതിനാല്‍ മി. പെര്‍ഫക്റ്റ് അല്‍പ്പം പരിഭ്രാന്തനാകുന്നു. (വെറുതെ സമയം നഷ്ടമായ വിഷമം)
അവള്‍ സമാധാനിപ്പിക്കുന്നു.‘ സാരമില്ല. കുറച്ചുകൂടി പ്രായമാകുമ്പോള്‍ അസുഖമൊക്കെ തനിയേ വന്നോളും’.

( താനാദ്യമേ പറഞ്ഞതാണ് ഈ സമയമില്ലാത്ത സമയത്ത് പോകണ്ടാ പോകണ്ടാന്ന് എന്തു ചെയ്യാം.)

എത്ര വലിയ മാരക രോഗങ്ങളുമായാണ് ആളുകള്‍ ഹോസ്പ്പിറ്റലില്‍ കയറി ഇറങ്ങുന്നത്. അപ്പോള്‍‍ നമ്മള്‍ പ്രഷര്‍ ഉണ്ടോ ഡയബറ്റീസ് ഉണ്ടോ എന്നൊക്കെ പറഞ്ഞ് ക്യൂ നില്‍ക്കുന്നതില്‍ അവള്‍ക്കെന്തോ ഒരു പൊരുത്തക്കേട്തോന്നിയിരുന്നു. പണ്ടൊക്കെ ആളുകള്‍ അസുഖം വരുമ്പോള്‍ ചികിത്സിക്കാന്‍ പോകുമ്പോള്‍, ഇപ്പോള്‍ അസുഖം വാങ്ങാന്‍ പോകുന്നു എന്നപോലെ ഒരു തോന്നല്‍. എന്തിനു ഇല്ലാത്ത അസുഖം വരുത്തി വയ്ക്കുന്നു.)

പ്രാക്റ്റിക്കലായി ചിന്തിച്ചാല്‍ തന്റെ ചിന്തകള്‍ പഴഞ്ചന്‍ തന്നെ. നേരത്തെ അസുഖമുണ്ടെന്ന് കണ്ടുപിടിച്ചാല്‍ നേരത്തെ ചികിത്സിക്കാം. നേരത്തെ ചികിത്സിച്ചാല്‍ അസുഖം ഇല്ലാതാക്കാം. ഇതൊക്കെയാണു ജീവിതം. അകസപ്റ്റ് ചെയ്തെ മതിയാകൂ...
അവള്‍ എല്ലാം അക്സപ്റ്റ് ചെയ്യാന്‍ സന്നദ്ധയാകുന്നു. കലോറികള്‍ ‘ബേണ്‍’ ചെയ്തുകൊണ്ട് പടികളിലൂടെ താഴെയിടങ്ങുന്നു, കലോറികള്‍ ‘ബേണ്‍’ ചെയ്തുകൊണ്ട് ഭര്‍ത്താവിനോടൊപ്പം എത്താന്‍ ഓടുന്നു...

കഥയുടെ അവസാനം എന്തെങ്കിലും ഒരു സന്തോഷം വേണ്ടേ?

അവര്‍ വീണ്ടും ധാരാളം കലോറികള്‍ വീണ്ടും കൂട്ടി, (വെളിയില്‍ നിന്ന് ഭക്ഷണം കഴിച്ച് )വീട്ടിലേക്ക് തിരിക്കുന്നു

പോകും വഴി മകളെ സ്ക്കൂളില്‍ നിന്നും പിക്ക് അപ്പ് ചെയ്യുന്നു.

മകള്‍ ഒരു വലിയ കെട്ട് അവളുടെ കയ്യില്‍ ഏല്‍പ്പിച്ച് പറയുന്നു, ‘ദാ അമ്മയ്ക്ക് അവിടത്തെ ഓഫീസിലെ ഒരു ആന്റി തന്നതാണ്. അവര്‍ വയസ്സായി വരുന്നതുകൊണ്ട് ആ ആന്റിയുടെ വിലപ്പെട്ട കുറെ ശേഖരങ്ങള്‍ എന്റെ അമ്മ്യ്ക്ക് കൊടുക്കാനായി തന്നു’.
‘ഓ അപ്പോള്‍ അവര്‍ എന്നെ അവരുടെ പിന്‍ഗാമിയായി തിരഞ്ഞെടുത്തോ’ എന്നു ചോദിച്ച് അഭിമാനത്തോടെ മകളെ നോക്കുന്നു.
അവള്‍ പൊതി തുറന്നു നോക്കുന്നു. അകത്ത് നിറയെ അമൃതാനന്ദമയീ ദേവിയുടെ കാസറ്റുകളും
പുസ്തകങ്ങളും!!!
വിലപ്പെട്ടതെന്തോ കിട്ടിയപോലെ അവള്‍ ആ കെട്ട് ചേര്‍ത്ത് പിടിക്കുന്നു. അഭിമാനവും കൃതാര്‍ത്ഥതയും കൊണ്ട് അവളുടെ കണ്ണുകള്‍ നിറയുന്നു. കാരണം അവള്‍‍ മറ്റുള്ളവരെ പ്പോലെ അമ്മയുടെ പുറകെ അലയുന്നില്ല്. അമ്മയുടെ സ്നേഹത്തിനുവേണ്ടി മത്സരിക്കുന്നില്ല. അടുത്ത് പോകാന്‍ കൂടി അധൈര്യപ്പെടുന്നു. പക്ഷെ, ദൂരെ നിന്ന് അമ്മയുടെ ഫോട്ടോ കാണുമ്പോള്‍ ‘അമ്മാ, അമ്മാ’ എന്നു വിളിച്ച് സ്നേഹിക്കുന്നു. അമ്മ അതെങ്ങിനെയോ അറിഞ്ഞു കാണും എന്ന തോന്നല്‍ ഉള്ളിലെവിടെയോ ഒരു വെളിച്ചം തരുന്നു...

പോരാത്തതിന് അന്ന് അമ്മയുടെ ജന്മദിനം കൂടി ആയിരുന്നത്രെ!
സ്ക്കൂളിലെ മറ്റുകുട്ടികള്‍ക്കൊന്നും കൊടുക്കാതെ തന്റെ മകളെ അതേല്‍പ്പിച്ച് , തനിക്കു തരാന്‍ തോന്നിയല്ലൊ, അപ്പോള്‍ തങ്ങള്‍ ദൈവത്തിന്റെ മുന്നില്‍ നല്ലവരായിരിക്കാം. എന്നെങ്കിലുമൊരിക്കല്‍ താന്‍‍ നന്നാകാന്‍ ചാന്‍സുണ്ട്, ഉണ്ടാവാതിരിക്കില്ല എന്നു സമാധാനിക്കുന്നു.

മി. ഇതെല്ലാം അറിഞ്ഞും എന്നാല്‍ അറിയാതെയും അഭംഗുരമായനുസ്യൂതമായ് തുടരുന്നു ആലാപനം..
ഫോണ്‍.. ആലാപനം..( റിയലി!, യു ആര്‍ ഗ്രേറ്റ് മാന്‍!...എക്സറ്റ്ര, എക്സറ്റ്ര...)
ശുഭം.

This entry was posted on 9:13 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments