ആസ്വാദനം  

Posted by Askarali

രാവിലെ എഴുന്നേറ്റപ്പോഴേ എന്തോ ഒരു വാട്ടം.
പതിവില്ലാതെ ഭര്‍ത്താവ് വിളക്കു കൊളുത്താതെയാണ് പോയത്. സാധാരണ അദ്ദേഹം കൊളുത്താറുള്ള വിളക്ക് ഇന്ന് താന്‍ കൊളുത്തിയാല്‍ അത് ദൈവത്തിന് നീരസമാകുമോ?
ഇനി അദ്ദേഹം വരുന്നതുവരെ കാക്കാം എന്നുകരുതിയാല്‍ അതും ദൈവത്തോടുള്ള ഒരു തെറ്റായി
തോന്നി. വൈകുന്നതുവരെ ഇങ്ങിനെ.. ദൈവത്തിനു വിളക്കു വയ്ക്കാതെ.. വല്ലാത്ത വീര്‍പ്പുമുട്ടല്‍.
പിന്നെ സ്വന്തം മനസ്സാക്ഷി പറഞ്ഞതനുസരിച്ച് ,പോയി, വിളക്കു വൃത്തിയാക്കി, (വിളക്ക് കഴുകുമ്പോള്‍ ഒരു വലിയ കൊടുംകാറ്റ്! കൊടുങ്കാറ്റിന്റെ രൂപത്തില്‍ ദൈവം എന്നെ വഴക്കുപറയുകയാണോ?!)
പിന്നും കുറെ നേരം വെയിറ്റ് ചെയ്തു. കൊടുങ്കാറ്റടങ്ങി. ദൈവത്തിനു വഴക്കുപറ്ഞ്ഞ് മതിയായിക്കാണും,
എന്നാലും ദൈവമേ അങ്ങേയ്ക്ക് ഒരു തിരി കൊളുത്താതെ, അല്‍പ്പം പൂവും വെള്ളവും വയ്ക്കാതെ, ഈയുള്ളവള്‍ എങ്ങിനെ ആഹാരം കഴിക്കാന്‍. (കഴിക്കാതിരിക്കാനുമാവില്ല)
പിന്നെ എന്തും വരട്ടെ എന്നു കരുതി, തിരിയിട്ടു.. കൊളുത്തി.
പകുതി ആശ്വാസമായി
എങ്കിലും ഇപ്പോഴും ഒരു കുറ്റബോധം.
ദൈവം ക്ഷമിക്കും ക്ഷമിക്കാതിരിക്കില്ല...

അപ്പോള്‍ അടുത്ത പ്രശ്നം പൊന്തി വന്നു. ഇന്നലെ ബ്ലോഗില്‍ എഴുതിയ സിനിമാസ്വാദനം.
വേണ്ടിയിരുന്നില്ല.
വേറേ വല്ല സിനിമയെപറ്റിയും മതിയായിരുന്നു.
അതിപ്പോള്‍ ഈ സിനിമ കണ്ടപ്പോഴാണ് ബ്ലോഗ് കൈവശം കിട്ടിയത്, എഴുതാന്‍ തുടങ്ങിയത്.. തുടങ്ങിയ ന്യായീകരണങ്ങള്‍ മറുവശത്ത്..
തെറ്റായോ എഴുതിയത്?
ആളുകള്‍ ഉദ്ദേശശുദ്ധിയെ തെറ്റിധരിക്കുമോ?
അപ്പോള്‍ ‍വീണ്ടും തലതിരിഞ്ഞ മനസ്സാക്ഷി, ‘അങ്ങിനെയാണെങ്കില്‍ ഇത്തരം ഒരു സിനിമ ഡയറക്റ്റ് ചെയ്യാനും നന്നായി അഭിനയിച്ചു ഫലിപ്പിച്ചവരും ഒക്കെ ചീത്ത ആളുകളാകണമല്ലൊ’.
ഞാന്‍ ചെയ്ത തെറ്റ് സത്യസന്ധമായി സിനിമ കണ്ടപ്പോള്‍ ഒരു വീട്ടമ്മയായ എനിക്കു മനസ്സില്‍ തോന്നിയത് എഴുതിയെന്നല്ലെ ഉള്ളു,
അതിപ്പോള്‍ സഹിക്കാന്‍ വയ്യാത്ത തെറ്റാണോ?
എന്നാലും ആളുകള്‍ പലവിധമല്ലേ,
പലര്‍ക്കും പലതും തോന്നാം.

ഇനി സത്യത്തില്‍ നടന്നത് :
എന്റെ ടീനേജ് മക്കളോടൊപ്പമാണ് സിനിമാ കാണാനിരുന്നത്. ‘മക്കളേ വരൂ ഒരു നല്ല മലയാളം പടം കാണാം’ എന്നൊക്കെ പറഞ്ഞ് കാണിപ്പിച്ചു. ആദ്യം അവര്‍ പറഞ്ഞു ‘ഒരു ആര്‍ട്ട് ഫിലിമിന്റെ ശൈലി’. അവര്‍ മതിയാക്കി പോകും എന്നു കരുതി. പക്ഷെ അവര്‍ സാധാരണ മനുഷ്യരെപ്പോലെ സിനിമ നന്നായി ആസ്വദിച്ചു. അപ്പോള്‍ അവരോട് പല സീനിനേയും ന്യായീകരിക്കണമായിരുന്നു. അതാകാം ഈ ന്യായീകരണങ്ങളുമായി ഒരു സിനിമാസ്വാദനം പിറന്നുവീണത്. സാധാരണ ഇംഗ്ലീഷ് സിനിമയിലൊക്കെ ഇങ്ങിനെയൊക്കെ സര്‍വ്വസാധാരണമാണല്ലൊ. (ഇംഗ്ലീഷ് സിനിമ കാണുമ്പോല്‍ അവരോട് പറയും, ഇത് വെറുതെ ഒരു എന്റെര്‍ട്രയിന്മെന്റായി എടുത്താല്‍ മതി. നമ്മുടെ സംസ്ക്കാരം വേറേ. ) അപ്പോള്‍ മലയാള സിനിമയെ എങ്ങിനെ രക്ഷിക്കാന്‍?!
ശ്രമിച്ചു നോക്കാം...
ഞാന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു...
‘സംവിധായകന്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ രണ്ടു മനുഷ്യര്‍ക്ക് പറ്റാവുന്ന തെറ്റും അതിന് അവര്‍ അനുഭവിക്കേണ്ടിവരുന്ന ശിക്ഷകളുമാണ് ഇതില്‍ എടുത്തുകാട്ടുന്നത് ’.
‘പിന്നെ ഒരേ ഒരാശ്വാസം സാധാരണ മലയാളം സിനിമയുടെ എന്‍ഡിങ്ങ് പോലെയാകണമെങ്കില്‍
ഒന്നുകില്‍ നായിക നായകനെ കൊല്ലണം, അല്ലെങ്കില്‍ ഭര്‍ത്താവ് കണ്ടുകൊണ്ട് വന്ന് ആരെയെങ്കിലും കൊല്ലണം അതുമല്ലെങ്കില്‍ അറ്റ്ലീസ്റ്റ് ആ കുഞ്ഞു മകനെങ്കിലും അവസാനത്തെ സീന്‍ കണ്ട്
അലറിവിളിച്ച് എന്തെങ്കിലും ചെയ്യണം. ഇവിടെ എല്ലാം ശാന്തമായി പര്യവസാനിച്ചു എന്നത് ഒരു വലിയ ആശ്വാസം’.
‘എന്നുകരുതി ആര്‍ക്കും ഫോളോ ചെയ്യാന്‍ പറ്റിയതൊന്നും ഇല്ല ഈ ചിത്രത്തില്‍’.
‘ജോലിയില്ലെങ്കില്‍ സ്വയം കണ്ടുപിടിക്കണം.’
‘കള്ളുകുടിച്ചു ലക്കുകെട്ട ഒരാളുടെ മുറിയില്‍ യാതൊരു കാരണവശാലും പോകരുത്’.
‘ഒരു നല്ല ഭര്‍ത്താവും ഒരു മകനും ഉള്ളപ്പോല്‍ നശിച്ചുകൊണ്ടിരിക്കുന്ന തലതിരിഞ്ഞ ഒരാളെ സ്നേഹിച്ച് അയാളെ മനുഷ്യനാക്കാം എന്നു ഒരിക്കലും ഒരു ഭാരത സ്ത്രീയും സങ്കല്‍പ്പിച്ചുകൂട’.( ഈയിടെ Paulo Coelho യുടെ Brida വായിച്ചുകൊണ്ടിരിക്കയാണ്. അതില്‍, 'നമ്മുടെ ആത്മാവ് പലതായി പിരിഞ്ഞ് കിടക്കുകയാണത്രെ ഈ ഭൂമിയില്‍. നാം മരിക്കും മുന്‍പ് അതില്‍ ഒരു ചില പകുതികളെങ്കിലും കാണാനും തിരിച്ചറിയാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സാധ്യതയുണത്രെ!' ഇതിനി 'ദീപ്തിയുടെ മറ്റേ പകുതിയെ നാഥനില്‍ കണ്ടതുകൊണ്ടാകും' എന്നൊക്കെ സാഹിത്യത്തിന്റെ ഭാഷയില്‍ ചിന്തിക്കാം. സാഹിത്യം പോകട്ടെ, നമുക്ക് യധാര്‍ത്ഥ ലോകത്തില്‍ തിരിച്ചു വരാം. അവിടെയല്ലേ നമുക്ക് ജീവിക്കേണ്ടത്!)

അപ്പോള്‍ പറഞ്ഞു വന്നത്..
ആ, നാഥന്റെയും ദീപ്തിയുടെയും ബന്ധത്തെ നഖശിഖാന്തം എതിര്‍ക്കുക.
ഓ കെ.
എതിര്‍പ്പ് തുടരാം..
അവള്‍ തനിച്ച് ആ മുറിയില്‍ കയറിയതുകൊണ്ടല്ലെ തെറ്റു പറ്റിയത്?
അതിനു ശിക്ഷയായി അവള്‍ക്ക് മാനസിക നില നഷ്ടപ്പെട്ടില്ലേ?
പിന്നെ ദൈവം ക്ഷമിച്ച് ഒരവസരം കൂടി നല്കി രക്ഷിക്കയായിരുന്നു.
സാധാരണക്കാരുടെ ജീവിതത്തില്‍ ഇതൊന്നും ഉണ്ടാകില്ലാ..
കുടുംബം നാനാവിധമായിപ്പോകും..
നായിക ഭ്രാന്തിയായി കൊച്ചു കുഞ്ഞിനേയും കൊണ്ട് തെരുവിലിറങ്ങി തെണ്ടേണ്ടിവരും..
ഇന്നിത്രയും മതി.
ബാക്കി പിന്നെ..

ഇത്രയും റിസ്ക്കൊക്കെ എടുത്ത് ആസ്വാദനം എഴുതണമായിരുന്നോ ആത്മേ?
എന്തുചെയ്യാം.
ബ്ലോഗല്ലേ...
എഴുതിപ്പോയി.

This entry was posted on 9:30 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments