ആത്മാവിന്റെ പ്രണയം  

Posted by Askarali

ദിവസം മുഴുവന്‍ ഓടിനടന്ന്
ബന്ധങ്ങള്‍ പുതുക്കുമ്പോള്‍
ആത്മാവിനു പ്രിയപ്പെട്ടതു മാത്രം
ഒടുവില്‍ അത്
രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ
കണ്ടുപിടിക്കുന്നു.
പിന്നെ നെഞ്ചോടു ചേര്‍ത്ത്
പുല്‍കുന്നു.
ബന്ധങ്ങളില്‍ പുതിയ പുതിയ
അര്‍ത്ഥങ്ങള്‍ തേടുന്നു.
കാണാത്ത പല വഴികളിലൂടെ
ആത്മാവ്
സഞ്ചരിക്കാന്‍ തുടങ്ങുന്നു.
അപരിചിതമെന്ന് കരുതിയതൊക്കെ
ചിരപരിചിതമയിരുന്നു എന്നറിയുന്നു.
ഒടുവില്‍,
നിന്റെയും എന്റെയും വഴികള്‍
ഒന്നായും,
സ്വപ്നങ്ങള്‍ പരസ്പരം ഇടകലര്‍ന്നും
കാണപ്പെടുന്നു.
നാം ജന്മജന്മാന്തരങ്ങളായ്
പരസ്പരം അറിഞ്ഞവരായിരുന്നെന്നും,
സ്നേഹിച്ചവരായിരുന്നെന്നും,
ആത്മാവ് തിരിച്ചറിയുന്നു.

ആത്മാവിന്റെ സ്നേഹം..
അത്,
മറ്റെല്ലാ ബന്ധങ്ങളേയും
തുളച്ചു കടന്ന്,
പ്രിയപ്പെട്ടവയെ മാത്രം കാട്ടുന്നു.

ആത്മാക്കള്‍ മാത്രമുള്ള ലോകത്ത്
നാം
നമ്മുടെ സ്നേഹം കൂടുതല്‍ ദൃഢപ്പെടുത്തുന്നു.

പഴയ;
ചിതലരിച്ചു തുടങ്ങിയ,
ആത്മബന്ധങ്ങള്‍
അതു കണ്ട്,
നിര്‍വൃതിയോടെ
ആശീര്‍വ്വദിക്കുന്നു.

ഇടയില്‍ അപ്രതീക്ഷിതമായ
തെറ്റിധാരണകള്‍
നമ്മുടെ ആത്മാക്കളെ
വേര്‍പിരിക്കുമ്പോള്‍,
നാം
അറിയാതെ
നെടുവീര്‍പ്പിടുന്നു...

അത്,
വെറും
ആത്മാക്കളുടെ
പ്രണയമായിരുന്നെന്ന് കരുതി
സമാധാനിക്കാന്‍
പണിപ്പെടുന്നു..


[സൂവിനെ സന്തോഷിപ്പിക്കാനായി ഇതെങ്കിലും ഒപ്റ്റിമിസ്റ്റിക്കായി എഴുതി തീര്‍ക്കാമെന്നു കരുതിയാണ്
എഴുതി തുടങ്ങിയത്. എന്തു ചെയ്യാന്‍...ഇതു ശരിയാവില്ല. മതിയാക്കി. ആത്മീയം തന്നെ നന്ന്]

This entry was posted on 9:28 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments