അടുക്കളക്കാരി (ഫോറിന്‍ മെയിഡ്)  

Posted by Askarali

അവള്‍ വന്നത് വലയിലകപ്പെട്ട, മുറിവേറ്റ ഒരു മാടപ്രാവിനെപ്പോലെ.അടുക്കളക്കാരിയാകാന്‍ മടിക്കുന്ന അവളിലെ ടീനേജുകാരി; അന്യഥപ്പെടാന്‍ മടിക്കുന്ന അവളിലെ മകള്‍. അന്യനാട്ടില്‍ ഒറ്റപ്പെട്ട് മൂന്നു വര്‍ഷം ഒരടുക്കലയിലടിഞ്ഞ് തുശ്ചമായ വരുമാനം പറ്റി വീട്ടിലയച്ച് വീട്ടിലെ പട്ടിണി മാറ്റാന്‍ ആവുന്നില്ലല്ലൊ എന്നോര്‍ത്ത് പരാജയപ്പെട്ട അവളുടെ മനോബലം.. തളര്‍ന്ന ഒരു മാടപ്രാവിനെപ്പോലെ അവള്‍ മീനയെ നോക്കി.

മീനയുടെ നെഞ്ചില്‍ എവിടെയോ കൊണ്ടു ആ നോട്ടം. തന്റെ മകളും ഈ പ്രായം എത്തും. അവള്‍ക്കായിരുന്നു ഈ ഗതി എങ്കിലോ! സുരക്ഷിതത്വം അന്വേക്ഷിക്കുന്ന കണ്ണുകള്‍. അടിമപ്പെടാന്‍ മടിക്കുന്ന മനസ്സാക്ഷി. ഇന്നത്തെ തലമുറയുടെ പ്രതിനിധി. ഇവള്‍ക്ക് പണ്ടെങ്ങോ തന്റെ ച്ഛായയില്ലായിരുന്നോ? ഇവളുടെ ധൈര്യം തനിക്കുണ്ടായിരുന്നെങ്കില്‍.. ഒരംശമെങ്കിലും.. ഉണ്ടായിരുന്നെങ്കില്‍.. ഇന്ന് വിജയമെന്ന് കരുതി കൊണ്ടാടുന്ന ജീവിതത്തില്‍ എന്നും ഒരു കറുത്ത ഏട് എഴുതി ചേര്‍ക്കപ്പെടുമായിരുന്നേനെ.

ഒറ്റനോട്ടത്തില്‍ മനസ്സിലായി അവളുടെ നിസ്സഹായത. അതേ നിരാശ്രയബോധം. ക്ഷതപ്പെട്ട ആത്മാഭിമാനം. എതിര്‍ക്കാനാവാതെ വിലപിക്കുന്ന മനസ്സാക്ഷി. കുറ്റപ്പെടുത്തലുകള്‍ തളര്‍ത്തിയ ഹൃദയം. പെറ്റമ്മയേയും പെറ്റനാടിനെയും പിരിഞ്ഞ നൊമ്പരം. എങ്ങും ആശ്രയമില്ലാതെ...

ഭര്‍ത്താവിനൊടൊപ്പം അവളെ കണ്ടപ്പോള്‍ മീന ഓടി അടുത്തു ചെന്നു പറഞ്ഞു,
“ഭയക്കണ്ട. ഞാനും നിന്നെപ്പോലെ നാട്ടില്‍ നിന്നു വന്നവളാണ്.”
എന്റെ മുഷിഞ്ഞ വേഷവും ചീകിയൊതുക്കാത്തെ മുടിയും ഒക്കെ കണ്ട് അവളില്‍ ഒരു നിമിഷം ഒരു സംശയം നുരപൊക്കിയപോലെ. ‘ഈ വലിയ വീട്ടിലെ അടുക്കളക്കാരിയാകുമൊ?!’
മീന‍ അവളുടെ ചിന്ത വായിച്ചെടുത്തു, “അതെ. അടുക്കളക്കാരിയല്ല, എങ്കിലും നീ കരുതുന്ന സാന്ത്വനം എന്നില്‍ ഉണ്ട്. നിന്നെ എനിക്ക് മനസ്സിലാക്കാനുമാകും കുഞ്ഞേ.. പ്രതീക്ഷകള്‍ പൊലിഞ്ഞുപോയ നിന്റെ ഹൃദയം.. ഒക്കെ എനിക്ക് പരിചിതമാണ്.” ഞാന്‍ എന്നാലാവും വിധം നിന്നെ കാക്കാം..

മീന അവളെ എനിക്കായി പ്രത്യേകമുള്ള ഒരു മുറിയിലാക്കി, കതകു ചാരിക്കൊണ്ട് പറഞ്ഞു,
“ഇവിടെ ആരും വരില്ല. ഇത് എന്റെ മാത്രം മുറിയാണ്.”
അവളുടെ തളര്‍ച്ച കണ്ട് ഒന്നും ചോദിക്കാന്‍ തോന്നിയില്ല.
“കിടന്ന് വിശ്രമിക്കൂ.. ഇവിടെ നീ സുരക്ഷിതയാണ്. ആരും നിന്നെ ഒന്നും പറയില്ല. വീട്ടുവേല ചെയ്യാന്‍ ഇഷ്ടമല്ലെങ്കില്‍ നിന്നെ അടുത്ത ഫ്ലൈറ്റില്‍ കയറി നാട്ടില്‍ അയക്കാം. അതുവരെ ഇവിടെ വിശ്രമിച്ചോളൂ”.

പിന്നീട് പുറത്തുവന്നപ്പോള്‍ മീന ഭര്‍ത്താവിനോട് വിവരം വിശദമായി ചോദിച്ചു മനസ്സിലാക്കി.
“ഒരു കൂട്ടുകാരന്റെ വീട്ടില്‍ ജോലിക്കു വന്ന പെണ്‍കുട്ടിയാണ്. പക്ഷെ, അവരുടെ സമീപനം
ആ കുട്ടിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായതിനാല്‍. തളര്‍ന്നുപോയി. ആഹാരമൊന്നും കഴിക്കുന്നില്ല.
ഇങ്ങിനെയായാല്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്യണം. പക്ഷെ, പിന്നെ പോലീസ് അന്വേക്ഷണമൊക്കെ വരും.. അതുകൊണ്ട്, നീ ഒന്ന് സമാധാനിപ്പിച്ച് നോക്കൂ..”

മീന‍ വിശ്വസിക്കാനാകാതെ തരിച്ചു നിന്നു!. എങ്കിലും മനുഷ്യര്‍ക്ക് ഇത്ര മനുഷ്യത്വമില്ലാതായി പ്പോയല്ലോ! നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടിയാണ്.
അവളില്‍ ജോലിക്കാരിയുടെ ഇന്‍ഫീരിയോരിറ്റി കുത്തിച്ചെലുത്താന്‍ ശ്രമിച്ച് പരാജയമടഞ്ഞവരെ
ഓര്‍ത്തപ്പോള്‍..

ഭാഗം-2 (12.6.09)

എല്ലാം ഭദ്രമായി(?) ഏല്‍പ്പിച്ചിട്ട് ഭര്‍ത്താവ് വെളിയില്‍ പോയിരുന്നു. ആര്‍ക്കും വേണ്ടാത്ത കാര്യങ്ങള്‍/ആളുകളുടെ പ്രശംസ കിട്ടാത്തവ/ഒരിക്കലും ആരും അറിയാനിടയില്ലാത്തവ -തന്നെക്കൊണ്ടു മാത്രം സാധ്യമാകുന്ന കാര്യങ്ങള്‍-ഒക്കെ ചെയ്യാനൊരാള്‍. എല്ലാവരും തോല്‍ക്കുമ്പോഴും പിന്തള്ളപ്പെടുമ്പോഴും മാത്രം ഓര്‍മ്മിക്കുന്ന ഒരാളായി താന്‍ ഇതിനകം എന്നേ മാറിക്കഴിഞ്ഞിരുന്നു..

അവള്‍ പെട്ടെന്ന് ചിന്തയില്‍ നിന്ന് പെട്ടെന്നുണര്‍ന്നു. ഭര്‍ത്താവിന്റെ വാചകം ഓര്‍മ്മവന്നു, 'രണ്ടു ദിവസമായി ഒന്നും കഴിക്കുന്നില്ല. എന്തെങ്കിലും കഴിപ്പിക്കാന്‍ ശ്രമിക്കണേ. അല്ലെങ്കില്‍ എന്തെങ്കിലും സംഭവിക്കും.'
ദൈവമേ എല്ലാരുംകൂടി തന്നെക്കൂടി കുരുക്കിയതാകുമോ?!

മീന‍‍ അല്പം കഞ്ഞിവെള്ളത്തില്‍ അല്‍പ്പം ഉപ്പുമിട്ട് കൊണ്ടു പെണ്‍കുട്ടി കിടക്കുന്ന റൂമില്‍ ചെന്നു, അവളെ ബെഡില്‍ താങ്ങിയിരുത്തി, നിര്‍ബന്ധിച്ച് കുടിപ്പിക്കുമ്പോള്‍ അറിയാതെ മനുഷ്യസ്നേഹം ഉണര്‍ന്നു. ഒരു വെറും മനുഷ്യജീവി. മറ്റുള്ളവരുടെ കണ്ണില്‍ തീരെവിലയില്ലാത്ത മനുഷ്യജീവി. അവളുടെ മജ്ജയും മാംസവും മാത്രം മതി അവര്‍ക്ക്, മൂന്നുവര്‍ഷം വീട്ടുജോലി ചെയ്യിപ്പിക്കാന്‍. ഈ മനുഷ്യശരീരത്തിനുള്ളിലും ഒരാത്മാവ് കുടികൊള്ളുന്നു, അവളും തങ്ങളും തമ്മിലുള്ള അന്തരം കുറെ നാണയത്തുട്ടുകളുടെ കനം മാത്രമാണ് (മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത നാണയത്തുട്ടുകളില്‍) എന്ന് അവര്‍ക്കൊരുനിമിഷം ചിന്തിക്കാനായിരുന്നെങ്കില്‍..

കഞ്ഞിവെള്ളം രണ്ടു കവിള്‍ എങ്ങിനെയെങ്കിലും ഇറക്കി. എന്നിട്ട് അവള്‍ മീനയുടെ കണ്ണു‍കളില്‍ ഒരിക്കല്‍ക്കൂടി നോക്കി ഉറപ്പു വരുത്തി; ‘എന്നെ കുരുതിക്കു കൊടുക്കല്ലേ എന്ന അപേക്ഷിക്കുമ്പോലെ.’
മീന അവളുടെ മുതുകു തടവിക്കൊണ്ട് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, “വിശ്വസിച്ചോളൂ. ഇവിടത്തെ ജോലിക്കാരിയും വീട്ടുകാരിയും ഒക്കെ ഈ ഞാന്‍ തന്നെ. ആരും ഭരിക്കാനൊന്നും വരില്ല. ഉറങ്ങാന്‍ നോക്കൂ..”

അവളുടെ ചുണ്ടില്‍ ചെറിയ പുഞ്ചിരി വിടരുന്നതുകണ്ടപ്പോള്‍ വീട്ടമ്മയുടെ മനസ്സില്‍ കുളിരുകോരി! ജീവന്റെ തിരിച്ചു വരവുപോലെ! ഒരിക്കല്‍ക്കൂടി ഉറപ്പു വരുത്തി. “ഈ മുറിയില്‍ മറ്റാരും കടന്നു വരില്ല. ഞാന്‍ കതകു ചാരിയേക്കാം. ഉറങ്ങിക്കോളൂ..” അവള്‍ തലകുലുക്കി.

കതകുചാരി പുറത്തു വരുമ്പോള്‍ അന്തോ ഒരു സംതൃപ്തി; ഒരു വാശി. ഇവളെ താന്‍ എന്നെക്കൊണ്ട് കഴിയാം വണ്ണം രക്ഷിക്കും..

ഒരു ദിവസം കൊണ്ട് പതിയെ പതിയെ അവള്‍ ആഹാരം കഴിച്ചു തുടങ്ങി.
[
ഭാഗം-3 (12.6.09)

മീന‍ അവളോട് പേര് ചോദിച്ചു. പേര് ഇന്ദിര എന്നവള്‍ മറുപടി പറഞ്ഞു.
മീന നിസ്സംഗയെപ്പോലെ വീണ്ടും ചോദിച്ചു, “എന്താ തിരിച്ചു പോകുന്നത് ?” . കുറച്ചുകൂടി സഹിച്ചു നോക്കിക്കൂടെ?
(ഭര്‍ത്താവ് പറഞ്ഞിരുന്നു പെര്‍സ്വേഡ് ചെയ്ത് നോക്കാന്‍) ഒരുപക്ഷെ, നിനക്കിവിടെ നിന്നു പറ്റാന്‍ സാധിച്ചാല്‍ നാട്ടില്‍ കാശയക്കാം.. ഒരു വരുമാനവുമായി തിരിച്ചുപോയി പഠിത്തം തുടരാം”.

അവള്‍ അല്പം വെറുപ്പോടെ മീനയെ നോക്കി (മറുപക്ഷം നിന്നതുകൊണ്ടാകാം..)
“വേണ്ട. എന്നാലും ശാരദ ചേച്ചി രണ്ടുവര്‍ഷം എങ്ങിനെ ഇവിടെ നിന്നു!” (ശാരദ അവളുടെ ബന്ധത്തില്‍പ്പെട്ട ഒരു കുട്ടിയാണ്. പണ്ട് ജോലിക്കു നിന്നവള്‍). ശാരദ കരഞ്ഞുകൊണ്ട് ഇടക്കിടെ ഫോണ്‍ ചെയ്തിരുന്ന കാര്യം ഓര്‍മ്മ വന്നു. രണ്ട് കാര്‍ കഴുകാന്‍ 10 നിലയിലെ ഫ്ലാറ്റില്‍ നിന്നും ബക്കറ്റുകണക്കിന് വെള്ളം ചുമക്കേണ്ടി വരുമ്പോള്‍; ആഴ്ച്ചയില്‍ രണ്ടു ദിവസം തുടച്ചാല്‍ മതിയെന്ന ചിട്ട, അവളുടെ ആരോഗ്യവും ചുറുചുറുക്കും കണ്ടപ്പോള്‍ ദിവസവും തുടക്കണമെന്നാക്കിയതിന്; എല്ലാവരും മൂടിപ്പുതച്ചു കിടന്നുറങ്ങുമ്പോള്‍ അഞ്ചുമണിക്കെഴുന്നേറ്റ് ഫാമിലിയിലെ ഓരോരുത്തര്‍ക്കും വെവ്വേറേ പലഹാരങ്ങള്‍ ഉണ്ടാക്കി വയ്ക്കുമ്പോല്‍ ഒരാള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ വീണ്ടും ഉണ്ടാക്കിക്കുന്നത്; (ഇങ്ങിനെ ഫോണ്‍ ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി അവളെ പറഞ്ഞു മനസ്സിലാക്കി , വളരെ നിര്‍ബന്ധിച്ചിട്ടാണ് ഒടുവില്‍ അവള്‍‍ ഫോണ്‍ വിളി നിര്‍ത്തിയത്).

പക്ഷെ, അവള്‍ അതെല്ലാം ഓവര്‍കം ചെയ്തല്ലൊ. വേണമെങ്കില്‍ ഇവള്‍ക്കും ആകും..
ഒന്നുമറിയാത്തപോലെ ചോദിച്ചു, “അപ്പോള്‍ ശാരദചേച്ചി നിന്നില്ലെ?, നിനക്കും വേണമെങ്കില്‍ നില്‍ക്കാം. ഇപ്പോള്‍ തോന്നുന്ന പ്രയാസമൊക്കെ പിന്നെ പരിചയമായിക്കോളും.”

അവള്‍ ഉറച്ച തീരുമാനത്തോടെ വിസമ്മതത്തോടെ തലകുലുക്കി പറഞ്ഞു,
“വേണ്ട. എന്റെ പ്ലയിന്‍ റ്റിക്കറ്റിന്റെ കാശ് എങ്ങിനെയും തിരിച്ചു കൊടുക്കണം. സാരമില്ല നാട്ടില്‍ ചെന്നിട്ട് എന്തെങ്കിലും ചെയ്യാം. ഉടനെ കൊടുക്കാന്‍ പറ്റുമോ ആവോ”, അല്പം തളര്‍ച്ചയോടെ അവള്‍ മുഴുമിപ്പിച്ചു. അവള്‍ കൂടുതലൊന്നും പറഞ്ഞില്ല. മീന‍ ചോദിച്ചതുമില്ല.

പക്ഷെ, ഭര്‍ത്താവ് പിന്നീട്, ചുരുക്കിപ്പറഞ്ഞു, (അദ്ദേഹം ആരുടെ പക്ഷം ആണെന്നു വ്യക്തമാകാത്ത ടോണില്‍) ‘അവള്‍ നാട്ടില്‍ വന്ന് വന്നതിന്റെ പിറ്റേന്ന് ഇവിടെ കിട്ടുന്ന ഒരു നല്ല പൌഡര്‍ ഉണ്ടോന്ന് ചോദിച്ചു, മുഖത്തിടാന്‍. അന്യനാടല്ലെ, അവള്‍ക്കും പ്രതീക്ഷകള്‍ കാണില്ലേ! വീട്ടു ജോലി ചെയ്യാന്‍ വന്നവള്‍ക്ക് പൌഡര്‍! പിന്നീട് ഒരു പുകിലായിരുന്നു.

“നീ വന്നതെന്തിനാണ് ? ജോലി ചെയ്യാന്‍ ആല്ല്ലെ, അവിടെ പട്ടിണി ആയതുകൊണ്ടല്ലെ?”

“പട്ടിണിയൊന്നുമില്ല. ഞങ്ങള്‍ക്ക് അഞ്ചാറു മൂട് തെങ്ങും ഒക്കെ ഉണ്ട് ”. അവള്‍ നേരെ നില്‍ക്കാന്‍ ശ്രമിച്ചു.

യജമാനത്തിയുടെ ചോര തിളച്ചു, അടിമയ്ക്കും ആത്മാഭിമാനമൊ ?! ഇപ്പോള്‍ തീര്‍ത്തുതരാം.
“എനിക്കറിയാമല്ലൊ, നിന്റെ അമ്മ ചകിരിപിരിച്ചല്ലെ, നിങ്ങള്‍ ജീവിക്കുന്നത്?” (ആത്മാഭിമാനത്തില്‍ കുത്തി തളര്‍ത്തുന്ന വിദ്യ)

അവള്‍ എതിരുത്തു. “ഇല്ല എന്റെ അമ്മ കൃഷി ചെയ്താണ് ഞങ്ങളെ വളര്‍ത്തിയത്”

ആഹാ, ഒരു പീറ പെണ്ണ് തന്നെ എതിര്‍ക്കുന്നോ?! യജമാനത്തിക്ക് ഹാലിളകി.

“ഒരുപാട് തെങ്ങും പ്ലാവും ഒക്കെ ഉണ്ടെങ്കില്‍ പിന്നെ എന്തിനിങ്ങോട്ടു വന്നു വിസിറ്റിനൊ!”

അവള്‍ കണ്ണും തുറിച്ചു നിന്നു... (വെളിയില്‍ ആത്മീയവും പത്രോസുമായി ജീവിക്കുന്നവരുടെ ഉള്ള് കണ്ട്
അവള്‍ നടുങ്ങി!)

താന്‍ വന്നുപെട്ട ഇടം അവള്‍ക്ക് മനസ്സിലായി. നാലു ചുവരുകള്‍. രാവിലെ 5 മണിമുതല്‍ രാത്രി 10 മണിവരെ നിര്‍ത്താതെ ജോലികള്‍, നാലു കൊച്ചുകുട്ടികളെ നോക്കല്‍.. മുഴുവന്‍ ചുമതലകളും..
വെളിയില്‍ പോകാന്‍പറ്റില്ല, ആര്‍ക്കും ഫോണ്‍ ചെയ്യാന്‍ പാടില്ല. ഷോപ്പിംഗ് നാട്ടില്‍ പോകുമ്പോള്‍ മാത്രം. അതുവരെ കൂട്ടിലടച്ചതുപോലെ.. എല്ലാം സഹിക്കാം.. പക്ഷെ, ആത്മാഭിമാനത്തെ ക്ഷതപ്പെടുത്തി തളര്‍ത്തുന്ന ഈ കുത്തുവാക്കുകള്‍... വയ്യ! മൂന്നു വര്‍ഷം പോയിട്ട് മൂന്നു ദിവസം പോലും തനിക്കാവില്ലെന്ന് അവള്‍ക്കു മനസ്സിലായി.

അന്യനാട്ടില്‍ പോയി വീട് നന്നാക്കാന്‍ വന്ന അവളുടെ സ്വപ്നങ്ങാള്‍ ഒന്നായി തകരുകയായിരുന്നു. ഒപ്പം ഭീതിയും, തനിക്ക് തിരിച്ചുപോകാനാവാതെ വന്നാലോ! ഒരു ജയില്‍ പോലെയുള്ള ജീവിതം. അവള്‍ രാത്രി ഭീതിയോടെ ഉറക്കം വരാത്ത കണ്ണുകളുമായി മച്ചില്‍ നോക്കി കിടന്നു.
‘ഇല്ല തനിക്കാവില്ല. രക്ഷപ്പെടണം. കൊണ്ടുവരാന്‍ ചിലവാക്കിയ പ്ലയിന്‍ ടിക്കറ്റിന്റെ കാശ് കൊടുക്കണമെന്ന് ഭീക്ഷണി സാരമില്ല. കൂലിവേല ചെയ്തെങ്കിലും കൊടുക്കും’. അവള്‍ ഒടുവില്‍ തീര്‍ച്ചപ്പെടുത്തി.

തന്റെ തീരുമാനം വീട്ടുകാരെ അറിയിച്ചപ്പോള്‍ കിട്ടിയ പ്രതികരണത്തിലാണ് അവള്‍ തളര്‍ന്ന് പോയത്. പിന്നെ ആകെയുള്ള ശരണം നിരാഹാരമായിരുന്നു. ആ നിലയില്‍ അവശയായാണ് അവള്‍
കൊണ്ടുവരപ്പെട്ടത്!

ഇതിനിടയില്‍ മീന അവളില്‍ വീട്ടുജോലിക്കാരി എന്ന ഇമേജ് മാറ്റി, പ്രീഡിഗ്രീക്ക് പഠിക്കുന്ന നാടന്‍ പെണ്‍കുട്ടിയുടെ ഇമേജ് വീണ്ടെടൂത്തുകൊടുത്തിരുന്നു. നല്ല ശാലീനത തോന്നിക്കുന്ന; മാനിറത്തിലുള്ള ഒരു കൊച്ചു സുന്ദരി. (പാവങ്ങളില്‍ സൌന്ദര്യവും ശാപമാണ്) ആഹാരം കഴിക്കൂന്നതിനിടയില്‍ മീന ചോദിച്ചു.

“വീട്ടില്‍ ആരൊക്കെയുണ്ട്?”

“ഞങ്ങള്‍ നാലു പെണ്‍കുട്ടികളാണ്. അച്ഛന് ഒരു കമ്പനിയില്‍ ജോലിയുണ്ടായിരുന്നു. ഇപ്പോള്‍ തളര്‍വാതം പിടിപെട്ടു കിടക്കുന്നു. മൂത്ത സഹോദരി വികലാഗയാണ്. ഇളയ കുട്ടികള്‍ പഠിക്കുന്നു..”
ഒരു തളര്‍ച്ചയോടെ അവള്‍ വീണ്ടും പറഞ്ഞു..(അവരുടെ ഒക്കെ പ്രതീക്ഷ തകര്‍ത്ത കുറ്റബോധം)

മീന ഒരിക്കല്‍ക്കൂടി ചോദിച്ചു, “നിനക്ക് ഒരിക്കല്‍ക്കൂടി ശ്രമിച്ചുകൂടെ, അവര്‍ ഒരുപക്ഷെ, പാവമായിരിക്കാം. പതിയെ എല്ലാം ശീലമായിക്കോളും..”

ഇല്ല, പറ്റില്ല ചേച്ചീ.. ഞാന്‍ പോകുന്നു..

മീനയ്ക്ക് അവളെ എങ്ങിനെയും രക്ഷിക്കണമെന്നൊരു തോന്നല്‍ വീണ്ടും. അവള്‍ക്ക് നഷ്ടം വരാതിരിക്കാന്‍; തന്റെ നഷ്ടങ്ങള്‍ മറക്കാന്‍; തനിക്ക് ഏകാന്തതയ്ക്കും ഡീഗ്രേഡേഷനും പ്രതിഫലമായി, പലപ്പോഴായി കിട്ടുന്ന ജ്യൂവലറി ബോക്സില്‍ പരതി, എത്രയെന്നു നോക്കാതെ കൊടുക്കുമ്പോള്‍ മീന പറഞ്ഞു , “വെളിയില്‍ ഒറ്റ കുഞ്ഞറിയരുത്. അറിഞ്ഞാല്‍ എനിക്കാണ് ദോഷം വരുന്നത്”.

[ആ പെണ്‍കുട്ടിയുടെ യജമാനത്തിയെ സങ്കല്‍പ്പിച്ചുനോക്കിയപ്പോള്‍‍ മീനയില്‍ അകാരണമായ ഒരു ഭയം നാമ്പിട്ടു. പണ്ടു പണ്ടേ വിദേശവാസം സ്വീകരിച്ച്, നാട്ടുകാരെയൊക്കെ പുശ്ചമായി കാണുന്നവര്‍. അവര്‍ നാട്ടില്‍ നിന്നു വന്നവര്‍ എല്ലാം കൊണ്ടും താഴ്ന്നവരാണെന്ന് വരുത്തിത്തീര്‍ക്കാന്‍‍ കാട്ടുന്ന കോപ്രായങ്ങള്‍ ഓര്‍ത്തു... അന്യനാട്ടില്‍ കാശിന്റെ ഹുങ്ക് ആരോടും കാട്ടാനില്ലാതെ ബോറടിച്ചിരുന്ന കുറെ ആള്‍ക്കാര്‍.. അവരുടെ പുതിയ ഇരകള്‍.. ഫോറിന്‍ മെയ്ഡ്സ്..(എല്ലാവരും അങ്ങിനെയാവണമെന്നില്ല. വിശാലഹൃദയരും, അഭ്യസ്ഥവിദ്യരും ആയവരും ഉണ്ട്.) ]

കയ്യിലും കഴുത്തിലുമൊന്നും ആഭരണം അണിയാതെ അണിഞ്ഞൊരുങ്ങാതെ നടക്കുന്ന ഈ വീട്ടമ്മയ്ക്കെങ്ങ്നെ?! അവള്‍ ആശ്ചര്യത്തോടെ മീനയെ നോക്കി.

മീന കയ്യിലുണ്ടായിരുന്ന ഇന്ത്യന്‍ രൂപ (അവള്‍ക്കത് വലിയൊരു തുകയാണ്. തനിക്കോ? നാട്ടില്‍ പോകുമ്പോള്‍‍ വെറുതെ ആഡംബര‍ം കാണിക്കാം. ആരെ കാട്ടാന്‍! ആര്‍ക്കുവേണ്ടി അണിഞ്ഞൊരുങ്ങാന്‍?! ഒരു നല്ല അമ്മയും ഭാര്യയുമായി വീട്ടിനുള്ളില്‍ ഒതുങ്ങിക്കൂടാന്‍ ഇതൊന്നും വേണ്ടല്ലൊ. തന്റെ കുഞ്ഞു മക്കള്‍ വളരാന്‍ ഇനിയും സമയം ധാരാളം..) എല്ലാം അവളെ ഏല്‍പ്പിക്കുമ്പൊള്‍ വലിയ ഒരു ഭാരം ഒഴിഞ്ഞപോലെ.

ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തി , “ ആരും ഒരിക്കലും അറിയല്ലെ.”

അവള്‍ക്ക് അത് വെറുതെ സ്വീകരിക്കുന്നതിലും എന്തൊ നാണക്കേട്.

‘നാണിക്കേണ്ട. എന്റെ ഒരു നേര്‍ച്ചയാണെന്നു കരുതിയാല്‍ മതി. പണത്തിനു ഒരിക്കലും നികത്താനും നീതീകരിക്കാനും പറ്റാത്ത ഒരു നഷ്ടമുണ്ടായപ്പോള്‍‍ ദൈവത്തിനു നേര്‍ന്നതാണ്. വാങ്ങിക്കോളൂ. എനിക്ക് തിരിച്ചൊന്നും വേണ്ട. ആരൊടും പറയാതിരുന്നാല്‍ മാത്രം മതി”.

അലമാരയില്‍ നിന്നും ഉപയോഗിച്ചിട്ടില്ലാത്തതും പുതുമ മങ്ങാത്തതുമായ കുറെ തുണികള്‍
അവളുടെ കൊച്ചു പെട്ടി നിറയെ (തിരിച്ചു നാട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ മോശക്കാരിയാകണ്ട. അമ്പേ തോറ്റവളാകാന്‍ പാടില്ല) വച്ചുകൊടുത്തു. എന്നിട്ടവളെ ഉപദേശിച്ചു. “തുടര്‍ന്ന് പഠിക്കുക. എന്തെങ്കിലും ഒരു ജോലി കിട്ടാന്‍ നിന്നെ പര്യാപ്തയാക്കുക. പണമൊക്കെ പതുക്കെ ഉണ്ടാകും. പെട്ടെന്നൊന്നും ആര്‍ക്കും പണക്കാരാകാന്‍ പറ്റില്ല.”

അവളും അതുതന്നെയാണെന്നു തോന്നുന്നു ഓര്‍ത്തിരുന്നത്.

അവള്‍ തലകുലുക്കി.

*


അവള്‍ ഒടുവില്‍ സമാധാനത്തോടെ പ്ലയിനില്‍ കയറി നാട്ടിലെത്തിയെന്നറിഞ്ഞപ്പോള്‍ വെറുതെ നിശ്വസിച്ചു. താന്‍ എന്തിനിവളെ രക്ഷിക്കുന്നു. പ്രൊട്ടക്റ്റ് ചെയ്യുന്നു.. ആ പണം കൊണ്ട് അവള്‍ രക്ഷപ്പെടുന്നതും കഷ്ടനഷ്ടങ്ങള്‍ മറക്കുന്നതും എല്ലറ്റിലുമുപരി ഒരു മനസ്സിനെ/ഹൃദയത്തിനെയെങ്കിലും ആവശ്യമില്ലാത്ത അടിമത്വത്തില്‍ നിന്നു രക്ഷിക്കാനായതിന്റെ നിശ്വാസം . അവള്‍ തുടര്‍ന്ന് പഠിച്ച് ഡിഗ്രി എടുത്ത് ഒരിക്കല്‍ ഗവണ്മെന്റ് ജോലി വാങ്ങും.. അന്തസ്സോടെ ജീവിക്കും.. മീന നിശ്വസിച്ചു. ആതെ ഒരടിമ, മറ്റൊരടിമയെ അടിമത്ത്വത്തില്‍ നിന്നും രക്ഷിച്ച സംതൃപ്തി.
*

[ഇതിലെ കഥാപാത്രങ്ങള്‍ വെറും സാങ്കല്പികം ]

This entry was posted on 10:31 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments