ഏകാ‍ന്തതയെ സ്നേഹിച്ചവള്‍  

Posted by Askarali

അവളുടെ ജീവിതത്തില്‍ നിറയെ ഏകാന്തതകളായിരുന്നു
ചെറുതിലെ അച്ഛനും അമ്മയും ജോലിക്കുപോകുമ്പോള്‍;
അനിയന്‍ മറ്റ് ആണ്‍കുട്ടികളോടൊപ്പം കളിക്കാന്‍ പോകുമ്പോള്‍;
അവള്‍ മാത്രമാകും 90 വയസ്സായ് അമ്മുമ്മയോടൊപ്പം
നട്ടുച്ചകള്‍ പങ്കിടാന്‍.

ചുറ്റിനും മരങ്ങളാല്‍ ചുറ്റപ്പെട്ട വീടിന്റെ തണുത്ത അകത്തളങ്ങളില്‍
അവളും അമ്മുമ്മയും കാണും നിശ്ശബ്ദരായി
അമ്മുമ്മ പഴയ ഓര്‍മ്മകള്‍ അയവിറക്കി നിശ്ചലയായി കിടക്കും
അവള്‍ കണ്ണും മിഴിച്ച് വെറുതെ ഏകാന്തതയെ പരിചയപ്പെടുകയാവും അപ്പോള്‍

ഇന്ന് പ്രായമേറെയായിട്ടും അതേ അവസ്ഥ
വെളിയില്‍ ജോലിക്കുപോയ ഭര്‍ത്താവ്;
പഠിക്കാന്‍ പോയ മക്കള്‍;
അവള്‍ക്കു ചുറ്റും വെളില്‍ കാറ്റിലാടുന്ന പച്ചപ്പ്
അതിന്റെ ശീതളിമ ഉച്ചച്ചൂടിനെ നിര്‍വ്വീര്യമാക്കുന്നു
ഏകാന്തത തന്നോടൊപ്പം ഇണപിരിയാത്ത സുഹൃത്തിനെപ്പോലെ
പലതും പറയാനും കേള്‍ക്കാനും ക്ഷമയോടെ കൂടെ

എന്നാല്‍ ഈ കടലോളം കിടക്കുന്ന ഏകാന്തതയെ
അല്പമെടുത്ത് സൂക്ഷിച്ചു വയ്ക്കാനോ സ്വന്തമാക്കാനോ
തനിക്കാവുന്നില്ലല്ലൊ എന്നതായിരുന്നു അവളുടെ
പുതിയ വിഷമം

ഇല്ല ഏകാന്തതേ
എനിക്കൊന്നും നഷ്ടമായിട്ടില്ല
ഞാന്‍ അന്യനാട്ടിലുമല്ല
നീ എന്റെ കൂടെയുള്ളിടത്തോളം
ഞാന്‍ ഒറ്റപ്പെട്ടിട്ടില്ല
ആത്മാര്‍ത്ഥതയില്ലാത്തവരുടെ ഇടയിലാകുമ്പോഴാണ്
ഞാന്‍ ഒറ്റപ്പെട്ടുപോകുന്നത്
സ്നേഹശൂന്യമായ അവരുടെ പെരുമാറ്റമാണ്
എനിക്ക് വേദനകള്‍ സമ്മാനിക്കുന്നത്

എന്റെ ഏകാന്തതേ
നീ എനിക്കെന്നും എന്റെ ആത്മസഖിയായിരുന്നു
എന്നെ എന്നും സ്നേഹിച്ചിരുന്ന
എന്റെ ആത്മ മിത്രം.

എങ്കിലും ചിലപ്പോള്‍ അല്പം കുസൃതി/അഹങ്കാരം തോന്നി
അവള്‍ തന്റെ ഏകാന്തതയെ അകറ്റി നിര്‍ത്താന്‍ നോക്കും
ബ്ലോഗ് എഴുതിയോ, ഷോപ്പിംഗിനു പോയൊ ഒക്കെ
വെറുതെ സംതുലിതാവസ്ഥയ്ക്കായി

പക്ഷെ, അപ്രതീക്ഷിതമായി തന്റെ ഏകാന്തത ഭംഗപ്പെടുമ്പോഴാണ്
അവള്‍ വല്ലാതെ അസ്വസ്ഥയാകുന്നത്
അവള്‍ തന്റെ ഏകാന്തതയേയും ഹൃദയത്തിലേറ്റി
എവിടെയെങ്കിലും ഒളിക്കാന്‍ ശ്രമിക്കും
എത്ര വലിയ പ്രതിഫലം കിട്ടിയാല്‍ക്കൂടി
അവള്‍ അവളുടെ ഏകാന്തതയെ ബലികൊടുക്കില്ല
അത്രയ്ക്ക് അവള്‍ തന്റെ ഏകാന്തതയെ സ്നേഹിക്കുന്നു


[ ഇതൊന്നും സാഹിത്യ സൃഷ്ടികളൊന്നുമല്ല, വെറുതെ എഴുതുന്നു. ഇങ്ങിനെ എഴുതി എഴുതി ഒരിക്കല്‍ ഞാനൊരു സാഹിത്യകാരിയാകുമെന്ന പ്രതീക്ഷയില്‍... വെള്ളത്തിലിറങ്ങിയാലല്ലേ നീന്തി പഠിക്കാന്‍ പറ്റൂ, അതുപോലെ...)

This entry was posted on 9:38 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments