ജീവിതത്തിന്റെ ഒരു പോക്കേ..!  

Posted by Askarali

ഇവിടെ മി. ആത്മയ്ക്ക് എപ്പോഴും രാഷ്ട്രീയ വിശേഷങ്ങൾ തന്നെ. നാടുനന്നാക്കുന്നതിനെപ്പറ്റിയും നാട്ടാരെ നന്നാക്കുന്നതിനെയും..
ആത്മയ്ക്കാണെങ്കിൽ ഒട്ടും ദഹിക്കുന്ന വിഷയവുമല്ല.. എങ്കിലും വെറുതെ കേട്ടുകൊടുക്കും.. മറ്റുള്ളവർ ആർമാദിക്കുന്നതിനും സന്തോഷിക്കുന്നതിനും ഒന്നും നാമായിട്ട് വിഘ്നങ്ങൾ ഉണ്ടാക്കണ്ട എന്നു കരുതും..
എങ്കിലും ഇടയ്ക്കൊക്കെ ‘വാണിംഗ്’ കൊടുക്കും.. “മി. ആത്മേ, നല്ല ആരോഗ്യവും സാമ്പത്തികവും ഒക്കെ ഉള്ളതുകൊണ്ടാണേ, ഇങ്ങിനെ വെളിയിലൊക്കെ വിലസാൻ പറ്റുന്നത്. ഇതൊന്നും ഇല്ലാതാകുമ്പോൾ ആരും തിരിഞ്ഞു നോക്കില്ലേ.. അതുകൊണ്ട് കുടുംബജീവിതം കൂടി ബാലൻസ് ചെയ്യാൻ നോക്കണേ..,”, ‘പിന്നെ, മനുഷ്യരുടെ ഹൃദയങ്ങൾ വച്ചു കളിക്കമ്പം സൂക്ഷിക്കണേ.. ചിലരുടെ ഹൃദയം ഒക്കെ വളരെ സോഫ്റ്റ് ആണു. നിങ്ങൾ തരാതരത്തിനു കാലുമാറ്റവും ഒക്കെ ഒരു ശീലമാകുമ്പോൾ അതിൽ‌പ്പെട്ട് ആരും തകർന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണേ..-പ്രത്യേകിച്ച് സ്ത്രീഹൃദയം-അല്ലെങ്കിൽ ‘ഹൃദയപാപം’ എന്നൊരു പാപം ഉണ്ട്, അത് ഭയങ്കരമാണ്’ എന്നൊക്കെ ഒന്ന് പേടിപ്പിക്കാൻ ശ്രമിച്ചു.. കാരണം, പോകുന്ന പോക്ക് കണ്ടിട്ട് അത്ര ഒരു ശരി തോന്നണില്ല. ആത്മയെങ്ങാനും വഴീൽ കേറി നിന്നാലും തകർക്കും...
‘എങ്കിപ്പിന്നെ വാ നമുക്ക് മോളേ ട്യൂഷൻ ക്ലാസ്സിൽ കൊണ്ടാക്കീട്ട് വരാം..’
വീട്ടുചിലവിനു കാശുതരുന്നതൊഴിച്ചാൽ മി. ആത്മ ചെയ്യുന്ന ഒരേ ഒരു വീട്ടുകാര്യം ഈ കൊണ്ടാക്കലുകളും വിളിച്ചുകൊണ്ടുവരലുമാണ്. ആത്മയ്ക്കും ഇഷ്ടമാണ് ഈ യാത്രകൾ.. വെറുതെ വണ്ടിയുടെ ഒരറ്റത്ത് സ്വപ്നം കണ്ടുകൊണ്ടോ.. മി. ആത്മയുടെ ചെവിയിൽ ഫോൺ ഇല്ലെങ്കിൽ വഴക്കുകൂടിക്കൊണ്ടോ ഒക്കെ ഇരിക്കാം.. വലിയ നഷ്ടങ്ങളൊന്നും ഇല്ലാതെ കയറിയയിടത്ത് തന്നെ തിരിച്ചു വന്നിറങ്ങാം.. പിന്നെ മി. ആത്മേടെ കൂടെ വെളിയിലൊന്നും കറങ്ങുന്നില്ലെന്ന ആത്മേടെ പരാതിയും തീർന്നുകിട്ടുമല്ലൊ (എത്ര കിളികളാണ് ഒരു വെടിയ്ക്ക്!)

അങ്ങിനെ പറഞ്ഞുകൊണ്ടു വന്നത് രാഷ്ട്രീയസേവനത്തെക്കുറിച്ചല്ലായിരുന്നോ,
തുടരട്ടെ..,
അങ്ങിനെ മി. ആത്മേടെ ആക്രാന്തം കണ്ട് മനസ്സു മടുത്തും, ആകപ്പാടെ, ‘ഈ ലോകം ഇത്രേം കോമ്പറ്റീഷൻ നിറഞ്ഞതായി മാറുന്നല്ലൊ ദൈവമേ..', മാനം മര്യാദയ്ക്ക് സമാധാനമായി ജീവിക്കാമെന്ന് വച്ചാൽ ഒരു രക്ഷയുമില്ല. ആണുങ്ങൾക്ക് ഗ്രൂപ്പ്കളി, അസോസിയേഷൻസ്, രാഷ്ട്രീയം, കുതികാൽ വെട്ട്.. എക്സട്രാസും, പെണ്ണുങ്ങൾ തമ്മിൽ പൊരിഞ്ഞ കോമ്പറ്റീഷനും.. മക്കളുടെ പഠിത്തവിഷയത്തിൽ.. അതിനി എത്രയൊക്കെ തരം താഴാമോ അത്രയൊക്കെ പോയിക്കഴിഞ്ഞു.
ഏതുരീതിയിലും മക്കളെ ഒരു ഡോക്ടറൊ എഞ്ജിനീയറോ ആക്കിയില്ലെങ്കിൽ പിന്നെ താനൊരു പെണ്ണല്ല എന്നതാണ് അധികം പേരുടെയും പോളിസി. ആത്മയ്ക്കെന്തേ ഈ ബുദ്ധി തോന്നീലാ?! (അതെങ്ങിനെ, നേരേ ചൊവ്വേ വല്ലതും ചിന്തിച്ചാലല്ലെ അതൊക്കെ തോന്നൂ!). ഏതിനും ഇപ്പം അനുഭവിക്കണുണ്ട്. ഇന്റിമേറ്റ് ‘ഫ്രണ്ടി’കളും സ്വന്തക്കാരികളും പോലും മക്കളെ ഡോക്ടറാക്കാനും വിട്ടേയ്ച്ച് അങ്ങിനെ ആർമാദിക്കുമ്പോൾ. ആത്മ രണ്ടാമത്തെയാളോടെങ്കിലും ‘എടീ ഒരു പ്രഫഷണൽ കോർസിനു ട്രൈ ചെയ്യാം’ എന്നു പറഞ്ഞപ്പോൾ അവൾ ഒരു വിരട്ട്.. “ഇപ്പോൾ ഇന്ത്യാക്കാർക്കൊക്കെ ഒരേ ഒരു ചിന്തയേ ഉള്ളൂ, ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ എഞ്ജിനീയർ. ങ്ങ്ഹാ.. ഞാൻ നേരത്തെ പറഞ്ഞേക്കാം.. എനിക്ക് നല്ല മാർക്കെങ്ങാനും കിട്ടിയാലും ഞാൻ ഇതു രണ്ടിനും പോവില്ലേ.. എന്നെ ഫോർസ് ചെയ്താൽ പിന്നെ പഠിക്കുകേം ഇല്ല..”
ഹല്ല പിന്നെ..!! ‘ഈ ലോകത്ത് മനുഷ്യനു ഇതു രണ്ടുമാകാതെ ജീവിക്കാനാവില്ലേ’ എന്നാണ് അവളുടെ വാദം (അവൾ എന്തറിയുന്നു ലോകത്തിന്റെ പോക്കിനെക്കുറിച്ച്! ങ്ങും.. സാരമില്ല).
അങ്ങിനെ ആത്മയ്ക്ക് ആർമാദിക്കാനുള്ള ചാൻസൊന്നും വലുതായിട്ട് കാണുന്നില്ല. ഇനിയിപ്പം മറ്റുള്ളവരുടെ ആർമാദം എങ്ങിനെ ഇലയ്ക്കും മുള്ളിനും വലിയ കേടുപാടൊന്നും ഇല്ലാതെ ഓവർക്കം ചെയ്യാം എന്നതിനെപ്പറ്റി മാത്രമെ ചിന്തിക്കേണ്ടതുള്ളൂ..

വീണ്ടും വിഷയത്തിൽ നിന്നു വഴുതി,
രാഷ്ട്രീയം! രാഷ്ട്രീയം!
അങ്ങിനെ മി. ആത്മയുടെ രാഷ്ട്രീയവും, കുട്ടികളുടെ ഫീൽഡിലെ കോമ്പറ്റീഷനും, ആകെപ്പാടെ ഒരു കോമ്പറ്റീഷൻമയം ലോകം മുഴുവനും. ‘അവൻ ശരിയല്ല, അവനെ പദവീന്ന് ഇറക്കണം.. മറ്റവനെ കയറ്റണം.. അയാളെ വിശ്വസിക്കാൻ കൊള്ളില്ല.. മറ്റവൻ കൊള്ളാം..’ എത്ര നേരോന്നും പറഞ്ഞ് കേട്ടോണ്ടിരിക്കാൻ! ഈ ലോകത്തിൽ ആത്മാർത്ഥതയുള്ള മനുഷ്യരൊന്നും ഇല്ലേ ദൈവമേ! എന്നിങ്ങനെ വിലപിച്ചോണ്ട് കിടക്കുമ്പോൾ.. ദാ മൂന്നുമണി! ഇനീം ആത്മ ഉറങ്ങീട്ടില്ല!
ഇനിയിപ്പം ഈ ലോകത്തിന്റെ പ്രശ്നങ്ങളൊക്കെ ഒറ്റരാത്രികൊണ്ട് ചിന്തിച്ച് ഒരു പോംവഴി കണ്ടിട്ടേ
ഉറങ്ങുന്നുള്ളൂ എന്നും പറഞ്ഞ് കണ്ണുകൾ അങ്ങിനെ തുറിച്ചുംകൊണ്ട് വിടർന്നിരിക്കുന്നു! നിഷേധി!
ഇനിയിപ്പം എന്താ രക്ഷ?!
ബ്ലോഗിൽ എന്തെങ്കിലും ഒക്കെ എഴുതി വിഢ്ഢിവേഷം കെട്ടിയിട്ട് കിടന്നാലും ഇതിലും ഭേദമായിരുന്നു..
അവിടെ ഒന്നുമല്ലെങ്കിലും എഴുതാനും വായിക്കാനും ഒക്കെ ക്ഷമയുള്ള നല്ല മനുഷ്യരാണല്ലൊ ഉള്ളത്, എന്നൊക്കെ പറഞ്ഞ് പോയി ബ്ലോഗ് ലോകത്തിൽ എത്തി..

ചെന്നു പെട്ടതോ?!
പൊരിഞ്ഞ യുദ്ധം നടക്കുന്ന ഒരു ബ്ലോഗിൽ! ആദ്യമായാണ് ഈ ഒരനുഭവം. അപ്പോൾ എല്ലായിടത്തും തഥൈവ!!! ‘പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ..’ എന്ന നിലയായി.
എങ്കിലും എന്തോ ഒരാശ്വാസം! ഇവിടെ മനുഷ്യരല്ലല്ലൊ, അക്ഷരങ്ങൾ തമ്മിലല്ലേ യുദ്ധം!! നേരിൽ കാണാത്ത മനുഷ്യർ!
കുറച്ചൊക്കെ മനസ്സിലായി, മനസ്സിലായില്ല എന്ന മട്ടിൽ അവിടന്ന് മാറി.

ഒരു കണക്കിന് ലോകം ഇങ്ങിനെയൊക്കെയാകുന്നതാണ് നന്ന്. ആത്മയെപ്പോലെ എല്ലാവരും അടങ്ങിയൊതുങ്ങി ഒരു മൂലയ്ക്കിരുന്നാൽ പിന്നെ ലോകം തിന്മകളാൽ സമൃദ്ധമാകും..
തിന്മയെ എന്നും നന്മ എതിർക്കും.. എതിർക്കണം. നന്മ ജയിച്ചാലേ ജീവനു നിലനിൽ‌പ്പുള്ളൂ.. അല്ലെങ്കിൽ, ലോകം.. ഏതു ലോകം ആയാലും, പതിയെ നശിക്കും..
മി. ആത്മേടെ ലോകം ആയാലും..ബ്ലോഗു ലോകം ആയാലും ഒക്കെ..
പാവം മി. ആത്മേയെ എതിർക്കണ്ടായിരുന്നു.. ഒരുപക്ഷെ, എല്ലാം നല്ലതിനായിരിക്കും... എല്ലാം.. നല്ലതിനായിരിക്കാം... ഉറങ്ങാൻ ശ്രമിച്ചു.. നാളെ ഇതിലും ഭേദമായിരിക്കും...

പോസ്റ്റ് വിചാരിച്ചതിലും നീണ്ടുപോയി.. വായിക്കാൻ ആർക്കെങ്കിലും സമയം കിട്ടുമോ.. കണ്ടറിയാം.. അല്പം ശ്രീകൃഷ്ണ ചിന്തകൂടി എഴുതി നിർത്താം..
ഇന്നലെ എഴുതി, മി. ആത്മ ശരിയല്ലെങ്കിൽ പിന്നെ ബ്ലോഗെഴുതാനും, ചെടിനടാനും സ്വപ്നം കാണാനും മക്കളെ നോക്കാനും ഒന്നും പറ്റില്ല എന്ന്. ഇതുതന്നെ മറിച്ചും പറയാം..രണ്ടാമത് എഴുതിയതൊക്കെ ചെയ്യാൻ പറ്റിയില്ലെങ്കിൽ മി. ആത്മേം സന്തോഷിപ്പിക്കാനാവില്ല. ചുരുക്കി പറഞ്ഞാൽ ജീവിതം ഒരു ബാലസിൽ ആണ്.. എല്ലാം ആവശ്യത്തിനില്ലെങ്കിൽ ശരിയാവില്ല.
ഒരു അവിയലോ സാമ്പാറോ ഒക്കെ വയ്ക്കുമ്പോൾ മഞ്ഞളും മുളകും പുളിയും ഉള്ളിയും വെജിറ്റബിൾസ്സും ഒക്കെ ഒരു പ്രത്യേക അളവിൽ ചേർത്താലല്ലെ അത് ആ കറിയാകൂ.. അതുപോലെ തന്നെയാണ് ജീവിതവും.. എല്ലാ ചെറിയ കാര്യങ്ങളും വലിയ കാര്യങ്ങളുക്കും ഒക്കെ ഒരേ ഇമ്പോർട്ടൻസ് ഉണ്ട് ജീവിതത്തെ ജീവിതം ആക്കുന്നതിൽ (ഒടുവിൽ ആത്മ കണ്ടുപിടിച്ചൂ!!)

ശ്രീകൃഷ്ണ ചിന്ത!
ആത്മ, ‘ഉണ്ണിക്കൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്..’ എന്നൊക്കെ പറഞ്ഞ് വലിയ ഗമയിൽ പൂന്താനത്തിന്റെ കൂട്ട് അങ്ങിനെ ഭക്തി പ്രസരത്തിൽ ഓരോന്നെഴുതിയെങ്കിലും അനുഭവമൊന്നും ഇല്ലായിരുന്നു.. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായി.. ആദ്യമായി ശ്രീകൃഷ്ണനെ മകനായി കാണാൻ പറ്റി! സത്യം!
ഒരു ദിവസത്തേയ്ക്കെങ്കി ഒരു ദിവസത്തേയ്ക്ക് ആത്മയുടെ ഹൃദയത്തിൽ ഉണ്ണിക്കൃഷ്ണൻ മകനായി ഓടിക്കളിച്ചു!! ആത്മ സന്തോഷംകൊണ്ടു ആ ഒന്നൊന്നര ദിവസം ആനന്ദാശ്രുക്കൾ പൊഴിച്ചുംകൊണ്ട് നടന്നു...
ആത്മയ്ക്ക് ശ്രീകൃഷ്ണൻ ഒരു ദിവസം ശ്രീകൃഷ്ണൻ മകനായി തോന്നിയപ്പോൾ യശോദയും
ദേവകിയും ഒക്കെ എന്തുമാത്രം സായൂജ്യം അനുഭവിച്ചുകാണും എന്നോർത്ത് അൽഭുതപ്പെട്ടു!
ഈ ആണ്മക്കളെ പ്രസവിച്ച അമ്മമാരൊക്കെ എന്തു ഭാഗ്യവതികളാണെന്നും ഓർത്തു.. കഷ്ടം! എന്നിട്ടും പോരാഞ്ഞ് വീണ്ടും നടക്കുന്നു എന്തൊക്കെയോ ഒക്കെ പിടിച്ചടക്കാൻ!

ഏതിനും ഒരു കൺക്ലൂഷൻ വേണ്ടേ.., അതിങ്ങനെ..,

ആത്മയ്ക്ക് ആത്മയുടെ ജീവിതം ആകെമൊത്തം ഒരു നിലയില്ലാ കയമായി തോന്നും പലപ്പോഴും.
അതിൽ നീന്തൽ ശരിക്കറിയാതെ കിടന്ന് കൈകാലിട്ടടിക്കുന്ന ആത്മ.. ഇടയ്ക്ക് മുങ്ങുന്നു.. പിന്നേം പൊങ്ങുന്നു.. മുങ്ങിയിട്ട് പൊങ്ങിവരുമ്പോൾ ഒരാശ്വാസമുണ്ട്.. ഒരല്പം ജീവശ്വാസം കിട്ടിയതിന്റെ.
പിന്നെ ലോകത്തിനെ മറ്റൊരു കോണിലൂടെ വീക്ഷിക്കാനും തോന്നും. കഴിഞ്ഞുപോയ പ്രയാസങ്ങളുടെ തീവ്രത കുറഞ്ഞപൊലെ ഒരു ഫീലിംഗ് വരും. ആത്മയുടെ ഇപ്പോഴത്തെ അവസ്ഥ
ആ മുങ്ങിത്താഴ്ന്നിട്ട് തിരിച്ചുവന്നപ്പോഴുള്ള അവസ്ഥയാണെന്ന് വേണമെങ്കിൽ പറയാം.

This entry was posted on 11:08 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments