കുറവനപ്പുപ്പന്‍  

Posted by Askarali

പണ്ട്‌ മായയുടെ വീട്ടില്‍ ഒരു പ്രായം ചെന്ന കുറവന്‍ അപ്പുപ്പന്‍ വരുമായിരുന്നു. 90 ലധികം പ്രായം വരും. കുട്ടികള്‍വരെ പേരായിരുന്നു വിളിച്ചിരുന്നത്‌ എന്നോര്‍മ്മയുണ്ട്‌. പേര്‌ ഓര്‍മ്മ വരുന്നില്ല. മായയുടെ അപ്പുപ്പന്റെ കൃഷിക്കാരനായിരുന്നു. മായയുടെ പ്രായം ചെന്ന അമ്മുമ്മയെ കാണാനും, തനിക്ക് പതിവായി കിട്ടാ‍റുള്ള വിഹിതം വാങ്ങാനുമാണ് കുന്നും മലയും ഒക്കെ താണ്ടി വരുന്നത്. അദ്ദേഹം തന്റെ വിറയാര്‍ന്ന സ്വരത്തില്‍ അമ്മ കൊടുക്കുന്ന ആഹാരം കഴിച്ച്‌ [മുറ്റത്ത് ഒരു കുഴിപോലെ ഉണ്ടാക്കി, അതില്‍ ഇലയിട്ടേ ആ അപ്പുപ്പന്‍ കഴിക്കുള്ളു. കാലം മാറിയെന്നും ഇപ്പോള്‍ പ്രത്യേകം പാത്രമൊക്കെ ഉണ്ടെന്നറിയാമെങ്കിലും, പണ്ടുമുതലേ ഉള്ള രീതി തുടരാനായിരുന്നു ആ അപ്പുപ്പന് ഇഷ്ടം], വിശ്രമിക്കുന്നതിനിടയ്ക്ക്‌ മായയുടെ അപ്പുപ്പന്റെ വീരകൃത്യങ്ങള്‍ വിവരിക്കുമായിരുന്നു. അവ്യക്‌തമായിരുന്നു മായക്കത് ‌ പലതും. എങ്കിലും മായ ഓര്‍ക്കുന്നു. അപ്പുപ്പനോട്‌ ആരോ വഴക്കിനു ചെന്നെന്നും, കുറേ നാളുകള്‍ കഴിഞ്ഞ്‌ അതില്‍ ഒരാളുടെ അസ്തിമാത്രമായ ശവശരീരം കാട്ടു പൊന്തകള്‍ക്കിടയില്‍ കണ്ടുകിട്ടിയെന്നും ഒക്കെ വളരെ വികാരഭരിതനായി, കണ്ണൊക്കെ തുറിച്ച്‌, വിറയാരന്ന കൈകളുടെ ചലനങ്ങളും വിറക്കുന്ന താടിയും തലയും കുലുക്കി അദ്ദേഹം പറഞ്ഞൊപ്പിച്ചു. അവസാനം സ്വന്തം നിഗമനമെന്നോണം ഒരു വരി കൂടി എടുത്തു പറഞ്ഞു. തലയില്‍ നോക്കിയപ്പോള്‍ രണ്ടു വരി എഴുതിയിരിക്കുന്നത്‌ കണ്ടുവത്രെ. അതാണ്‌ "തലയിലെഴുത്ത്‌". എന്നു പറഞ്ഞ്‌ നിര്‍ത്തി നെടുവീര്‍പ്പിടും കുറവനപ്പുപ്പന്‍‍. പിന്നെ കുറേനേരം മിണ്ടാട്ടമില്ല്‌. എനിക്കുമില്ല മിണ്ടാട്ടം. തിരിച്ചു പറയാനോ ചോദിക്കനോ അറിയാത്ത പ്രകൃതം. എങ്കിലും അദ്ദേഹം കണ്ടത് തലയിലെഴുത്തായിരി ക്കാന്‍ വഴിയില്ല എന്ന് നന്നായറിയാമായിരുന്നു. എങ്കിലും അദ്ദേഹത്തെ വിഷമിപ്പിക്കാതിരിക്കാനായി, വിശ്വസിക്കുന്ന ഭാവം കാട്ടി മായ അദ്ദേഹത്തിനരികില്‍ കുറച്ചുനേരം കൂടി ചുറ്റിപ്പറ്റി നില്‍ക്കും. തന്റെ വിറയാര്‍ന്ന കാലുകലുമായി കുട്ടികളെപ്പോലെ പിച്ചവച്ചു, അമ്മ കൊടുക്കുന്ന നാഴിയോ ഉരിയയോ അരിയുമായി നടന്നു മറയുന്നതോര്‍മ്മയുണ്ട്‌. അപ്പോള്‍ മായയില്‍ അറിയാതെ ഒരു ഭയം ഉയരും. കുന്നിന്‍ ചരിവിലെങ്ങാനും കുറവനപ്പുപ്പന്‍ ഇങ്ങിനെയുള്ള ഒരു യാത്രയില്‍ ഉരുണ്ടുവീണു മരിച്ചുപോകുമോ എന്ന ഭയം.

This entry was posted on 10:52 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments