ആത്മഗതം  

Posted by Askarali

ഇന്ന് അല്പം ആത്മഗതമാകാം...

ആത്മയ്ക്ക് പണ്ട് ഡയറി എഴുതുന്ന ശീലമുണ്ടായിരുന്നു. അത് ഒടുവില്‍ വലിയ വിപത്തുകള്‍ ഉണ്ടാക്കിയതുകാരണം നിര്‍ത്തേണ്ടി വന്നു. (ഒടുവില്‍ പത്തു പന്ത്രണ്ട് വര്‍ഷത്തെ ഡയറി നിഷ്ക്കരുണം തീയിലിട്ട് നശിപ്പിക്കേണ്ടി വന്നു) ഇപ്പോള്‍ ഏതാണ്ട് അതുപോലെയാണ് ബ്ലോഗെഴുത്തും.
പക്ഷെ, രണ്ടും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. ഡയറി എഴുതിയത് സ്വന്തം സംതൃപ്തിക്കു വേണ്ടിയായിരുന്നെങ്കിലും മരിക്കുന്നതിനു മുന്‍പ് നമ്മെ മനസ്സിലാക്കുന്ന ഒരു ആത്മാവ് അത് വായിക്കുകയും നമ്മള്‍ അനുഭവിച്ച കഷ്ടപ്പാടുകളും ഒക്കെ അതേപടി മനസ്സിലാക്കി, നമ്മോട് സഹതപിക്കുമെന്നോ മറ്റോ ഉള്ള ഒരു നേരിയ പ്രതീക്ഷ. അല്ലെങ്കില്‍ ഒരുപക്ഷെ (അല്ല മിക്കവാറും) നമ്മോടൊപ്പം മണ്ണടിയുകയും ചെയ്യും. ബ്ലോഗും ഏകദേശം അങ്ങിനെയൊക്കെ തന്നെ. കടന്നുപോകുന്ന ജീവിതം കുറിച്ചുവയ്ക്കുമ്പോള്‍ ഒരു സംതൃപ്തി, ഒപ്പം ഇവിടെ നമ്മെ മനസ്സിലാക്കുന്ന ആരെങ്കിലും ഒരു പക്ഷെ വായിച്ചേക്കാവും എന്ന പ്രതീക്ഷ അല്പം കൂടി ഉറയ്ക്കുന്നു. (മനസ്സിലാക്കാത്തവരും വായിച്ചേക്കാം. അതുകൊണ്ട് കുറച്ചുകൂടി ശ്രദ്ധിച്ച് എഴുതണം.-ബ്ലോഗ് പബ്ലിഷ് ചെയ്ത് തുടങ്ങും മുന്‍പും ആത്മ സ്ഥിരമായി ബ്ലോഗ് എഴുതിയിരുന്നു. കുറച്ചുകൂടി പെര്‍സണല്‍ ആയി നിത്യജീവിതം. അതൊക്കെ പൂട്ടി വച്ചിട്ടുണ്ട്.- ഡയറിക്ക് പ്രൈവസി നശിച്ചതില്‍ പിന്നെ കണ്ടുപിടിച്ച അടവാണ് ബ്ലോഗില്‍ എഴുതി സൂക്ഷിച്ചു വയ്ക്കുക എന്നത്. എന്നും കരുതി വലിയ രഹസ്യങ്ങളൊന്നും ഇല്ല. നിത്യജീവിതത്തിലെ സൌന്ദര്യപ്പിണക്കങ്ങള്‍, സുഖ ദുഃഖങ്ങള്‍ ഒക്കെ.) പിന്നെ, സാഹിത്യവാസന ഉണ്ടെങ്കില്‍ അതും എഴുതി ഫലിപ്പിക്കന്‍ ശ്രമിക്കാം. (അതു ഡയറിക്കും ഉണ്ടല്ലൊ)

ജീവിതം തീര്‍ന്നുകൊണ്ടിരിക്കുന്നതിന് ഒരു ദൃക്‌സാക്ഷി വേണ്ടേ, ആത്മയുടെ ആത്മ മിത്രം ആത്മയുടെ ബ്ലോഗാണ്. അതുകൊണ്ടു മാത്രമാണ് ബ്ലോഗെഴുതുന്നത്. അതില്‍ക്കൂടുതല്‍ ഒന്നുമില്ല. അതില്‍ക്കൂടുതല്‍ ഒന്നും അറിയില്ലാതാനും.

പിന്നെ ഇടയ്ക്കിടെ വന്ന് കമന്റ് പറയുന്നവരോടൊക്കെ നന്ദിയും സ്നേഹവും ഒക്കെ ഉണ്ട്, ചിലരുടെയൊക്കെ ബ്ലോഗെഴുത്ത് ആത്മയ്ക്ക് വളരെ ഇഷ്ടവുമാണ്,

അപ്പോള്‍ പറയാന്‍ വന്നത് എന്തെന്നാല്‍... ഇന്ന് എന്റെ ബ്ലോഗിനോട് ഒന്നും പറയാനില്ല എന്നതാണ്. (നല്ല ജോലിയും ക്ഷീണവുമൊക്കെയുള്ളതുകൊണ്ട്.) സമയം കിട്ടുമ്പോല്‍ ധാരാളം കാര്യങ്ങള്‍ പറയാനിരിക്കുന്നു. ഇന്ന് വിടചൊല്ലിക്കോട്ടെ,

[ബ്ലോഗിനോട് മാത്രമായി എടുക്കണമെന്നില്ല. അഥവാ വലിയ തിരക്കുപിടിച്ച ബ്ലോഗ് ജീവിതത്തിനിടയ്ക്ക് ആത്മയെപ്പറ്റി 'ഈ ആത്മയ്ക്കെന്തുപറ്റി! ഭയന്നോടി മറഞ്ഞോ, പരിഭവിച്ചോ,
വിഷമിച്ചോ' എന്നൊക്കെ ആരെങ്കിലും അബദ്ധവശാല്‍ തോന്നിയാലോ എന്നും കരുതി(തോന്നിക്കൂടായ്കയില്ലല്ലൊ).]

ബ്ലോഗിലെ എല്ലാ ആത്മാക്കളുടെയും സുഖത്തിനും സന്തോഷത്തിനും വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്,
ആത്മ

This entry was posted on 9:43 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments