സ്വപ്നങ്ങള്‍.. സ്വപ്നങ്ങള്‍..  

Posted by Askarali

ഹോ! ഒടുവില്‍ ബ്ലോഗില്‍ എത്തിപ്പെട്ടു! എന്തൊരാശ്വാസം! പറയാനാണെങ്കില്‍ ഒരുപാടുണ്ട്. പക്ഷെ എന്തുചെയ്യാന്‍ ഇപ്പോഴും കമ്പ്യൂട്ടര്‍ വളരെ സ്ലോ..
ഇതിനിടെ, ഇടയ്ക്കിടെ കരച്ചില്‍ വന്നു..കരഞ്ഞു..
മകന്‍ ചോദിച്ചു, ‘എന്തു പറ്റി അമ്മേ കരയുന്നു’!
എന്തുപറയാന്‍!
'എന്റെ ബ്ലോഗില്‍ എത്തിപ്പെടാന്‍ നിവൃത്തിയില്ലാത്തതുകൊണ്ടാണു കരയുന്നതെന്ന്' ഒരു ‘ടീനേജ് കാര’നോട് ഒരു ‘ഓവര്‍ ഏജ്’ ആയ സ്ത്രീ-അതും അമ്മ- പറയാന്‍ പാടുണ്ടോ? പാടുണ്ട്. എങ്കിലും പറഞ്ഞു. അല്ലെങ്കില്‍ തെറ്റിധരിക്കും.അപ്പോള്‍ മകന്‍‍, ഇന്നലെ അവന്‍ എന്നെ പറ്റി കണ്ട സ്വപ്നത്തെപ്പറ്റി പറഞ്ഞു.

സ്വപ്നം ഇങ്ങിനെ

ആത്മയും കുടുംബവും മി. ആത്മയുടെ സഹോദരനും ഒക്കെയായി ലോകത്തിലെ ഏതോ ഒരു കോണില്‍ ഒരു ഹോട്ടലില്‍ താമസിക്കുന്നു. മി. ആത്മയും സഹോദരനും മുകളിലത്തെ നിലയിലെ ഒരു മുറിയിലാണ് ഉറങ്ങുന്നത്. ആത്മയും മക്കളും താഴത്തെ നിലയിലും. അത്ര സുരക്ഷിതത്വമൊന്നുമില്ല ഹോട്ടലിന്.
പെട്ടെന്ന് ആ ഹോട്ടലിനെ തീവ്രവാദികള്‍ വളയുന്നു.. ബോംബിടുന്നു.. ആളുകളൊക്കെ മിക്കവാറും ഓടി രക്ഷപ്പെട്ടു കഴിഞ്ഞു. ആത്മയുടെ മക്കള്‍ മുകളില്‍ ഉറങ്ങിക്കിടക്കുന്ന അച്ഛനോട് വിവരം ധരിപ്പിച്ച്, എല്ലാവരും രക്ഷപ്പെടാനായി മുകളിലത്തെ നിലയിലേക്ക് ഓടുന്നു...
ഇനിയാണ് സ്വപ്നത്തിന്റെ മര്‍മ്മം...
ആത്മ ഇതൊന്നും കാര്യമാക്കാതെ എവിടെനിന്നോ ഒരു കവര്‍ ചിപ്സും ഒക്കെ ഒപ്പിച്ച് അത് ആസ്വദിച്ച് കഴിച്ചുകൊണ്ട് സാവധാനം പടികയറുകയാണ്... -'പയ്യെത്തിന്നാല്‍..' എന്നും പറഞ്ഞ്- ‘നില്ല് മക്കളേ നല്ല ചിപ്സ് ’എന്നൊക്കെ പറഞ്ഞു കൊണ്ട് അവരുടെ പിറകെ സാവധാനം...!

സ്വപ്നം വിവരിച്ചിട്ട് മകന്‍, ‘ഈ അമ്മയുടെ ഒരു കാര്യം! സ്വപ്നത്തിലും അമ്മ മാറില്ല അല്ലെ’?!

[അല്ല, അതുതന്നെയാണ് ആത്മയ്ക്കും ചോദിക്കാനുള്ളത്, ‘എന്നാലും ഈ സ്വപ്നത്തിനെങ്കിലും ആത്മയെ ഒരു ധീരവനിതയായിട്ട് അവതരിപ്പിച്ചുകൂടെ! സാരമില്ലാ... സ്വപ്നങ്ങള്‍ക്കൊക്കെ ആത്മയോട് അസൂയയാകും...]

ഇനി ബ്ലോഗില്‍ വരാന്‍ പറ്റാഞ്ഞതെന്തുകൊണ്ടെന്ന് എഴുതാം...

ഇന്നലെ മുതല്‍ കമ്പ്യൂട്ടര്‍ ഓരോന്നായി കേടാകാന്‍ തുടങ്ങി(ഹും! ഈ ബ്ലോഗ് ജീവിതമെന്നൊക്കെ പറയുന്നത് ഇത്ര്യൊക്കെയേ ഉള്ളൂ), ഉള്ളതോ, സ്ലോ എന്നു പറഞ്ഞാല്‍, ഈ ബ്ലോഗില്‍ കയറിപ്പറ്റാന്‍ ഏകദേശം അര മണിക്കൂറില്‍ കൂടുതല്‍ എടുത്തുകാണും! ആത്മയ്ക്കല്ലാതെ മറ്റാര്‍ക്കും ഇത്ര ക്ഷമ കാണില്ല. ‘ഓ! ഇത്രയും പാടുപെട്ടിപ്പം ബ്ലോഗില്‍ എഴുതിയിട്ട് എന്തുകിട്ടാന്‍’ എന്നാകും ബുദ്ധിയുള്ളവരൊക്കെ ചിന്തിക്കുന്നത്. ആത്മ ചിന്തിക്കുന്നത്, ‘ഓ! ഇത്രയും പാടുപെട്ട് ബ്ലോഗില്‍ കയറാതെ പിന്നെ വേറേ എന്തു മല മറിക്കാന്‍’ എന്നാണ്. മനസ്സിന്റെ സന്തോഷമല്ലെ വലുത്. കാല്‍ കാശുണ്ടാക്കാന്‍ പറ്റുന്ന വല്ല തൊഴിലും അറിയാമായിരുന്നെങ്കില്‍ ഒരു പക്ഷെ വരില്ലായിരുന്നിരിക്കാം..[മി. ആത്മയോട് പറഞ്ഞാല്‍ വേറെ വല്ലതുമൊക്കെയാവും പറയുക. ]

മി. ആത്മയെപ്പറ്റി പറഞ്ഞപ്പോള്‍ അദ്ദേഹം ഇന്നലെ ആത്മയെ ഒന്നു പൊക്കിയ കഥ പറയാം..

മി. ആത്മ: (ചായ കുടിച്ചുകൊണ്ടിക്കുമ്പോള്‍), ‘എന്നാലും ആത്മേ, നിനക്കെങ്ങിനെ ഇത്ര ആക്റ്റീവ് ആകാന്‍ പറ്റുന്നു?!’
ആത്മ: (വേല വയ്ക്കുകയാണെന്ന് നന്നായി മനസ്സിലായെങ്കിലും), 'അത് വളരെ സിമ്പിള്‍ ആണ്. അധികം ആക്രാന്തം പിടിക്കാതെ, നമ്മുടെ ആഗ്രഹങ്ങള്‍ക്ക് അല്പം മിതത്വം നല്‍കി ജീവിക്കുക. അപ്പോള്‍ സാവധാനം ഒരു ശാന്തത കൈവരും.
മി. ആത്മ: ‘എന്നാലും നീ എത്ര കാര്യങ്ങളാണ് ഒരുമിച്ചു ചെയ്യുന്നത്! [ഒന്നുകില്‍ ആത്മയെ താഴ്ത്തുന്നു, അല്ലെങ്കില്‍ സ്വയം പൊങ്ങുന്നു. രണ്ടായാലും നന്നല്ലല്ലൊ, നുള്ളിക്കളയണ്ടേ!] ഇതിന്റെ രഹസ്യം എനിക്കുകൂടി ഒന്നു പറഞ്ഞു തരാമോ? എനിക്കുകൂടി ഒന്നു നന്നാകാനാണ് .’
ആത്മ: ‘അതിനു വലിയ പ്രയാസമൊന്നും ഇല്ല. നിങ്ങള്‍ക്ക് ശാന്തിയും മുക്തിയും ഒക്കെ കിട്ടിയ ഒരു ആത്മാവിനെയാണ് ജീവിതപങ്കാളിയായി കിട്ടിയിരിക്കുന്ന്ത്. ചെയ്യേണ്ടത് ആ ആത്മാവിനെ നന്നായി പരിപാലിക്കുക മാത്രം. അപ്പോള്‍ ചിലപ്പോള്‍ അടുത്ത ജന്മം ചിലപ്പോള്‍ ഇതുപോലെ ശാന്തമായ ഒരു ജന്മം കൈവരും...’
‘എന്നാലും എന്റെ ആത്മേ നീ ഇങ്ങിനെ ആക്റ്റീവ് ആവല്ലേ..’ എന്നും പറഞ്ഞ് ചായയും കുടിച്ച് അടുത്ത ആക്റ്റിവിറ്റിക്കായി സ്ഥലം വിട്ടു...

[മനസ്സില്‍ പറഞ്ഞു, ആക്റ്റീവ് ആകാം. പക്ഷെ, ഇത്രയും പാടില്ലാ... അല്ലെങ്കിലും ഒരാള്‍ ഓവര്‍ ആക്റ്റീവ് ആവുമ്പോള്‍ മറ്റേ ആള്‍ ഇനാക്റ്റീവ് ആയാലല്ലെ, ബാലന്‍സ് ഡ് ആകൂ.. ആര്‍ക്കും ഒന്നും മനസ്സിലാവില്ലെന്നേ!. ആത്മ ആക്റ്റീവ് ആവാനൊക്കെ പല പ്രാവശ്യം നോക്കീട്ടുള്ളതാണ്. പക്ഷെ എന്തു ചെയ്യാന്‍, ഈ ഓവര്‍ ആക്റ്റീവു കാര്‍ നിഷ്പ്രയാസം ആത്മയെ പിടിച്ച് താഴെയിട്ടിട്ട് അര്‍മാദിച്ച് അങ്ങിനെ കയറിപ്പോകും! എവിടേയ്ക്കോ! ആ.. ആര്‍ക്കറിയാം!]

ഒരു കമന്റെങ്കിലും കിട്ടിയാലും (കിട്ടിയില്ലെങ്കിലും)
ചിലപ്പോള്‍ തുടരും..
തുടരാതെയും ഇരിക്കും.
മനുഷ്യന്റെ കാര്യമല്ലെ, ഒന്നും പ്രവചിക്കാന്‍ പറ്റില്ല

നുണയില്‍ അല്പം കാര്യം 18/4/09

നുണ പറയാത്ത മനുഷ്യരില്ലല്ലൊ! ആത്മയും പറയും. പ്രത്യേകിച്ച് തോല്‍പ്പിക്കപ്പെടുമ്പോള്‍ ജയിച്ചയാളെപറ്റി പറയാന്‍ വല്ലാത്തൊരുത്സാഹമാണ്. ഈ നുണ മുകളിലത്തെ പോസ്റ്റില്‍ പറഞ്ഞ
“പയ്യെ തിന്നാല്‍ പനയും തിന്നാം” എന്ന പഴം ചൊല്ലിനെ ആസ്പദമാക്കിയാണ്.

ആ‍ത്മ നാട്ടില്‍ നിന്ന് വന്നയിടയ്ക്ക്... വേണമെങ്കില്‍ ‘എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍’...
എന്നൊക്കെ പറയാം. കാരണം ഹോസ്റ്റല്‍ വാസം കഴിഞ്ഞ് നേരേ വരുന്നത് അന്യഗൃഹവാസത്തിനാണ്. അതുകൊണ്ട് സ്വാഭാവികമായും ഗ്രാമത്തില്‍ നിന്ന് കിട്ടിയേക്കാനിടയുണ്ടായിരുന്ന പ്രാക്റ്റിക്കല്‍ ബുദ്ധി (ഇപ്പോഴത്തെ സീരിയല്‍ കണ്ടായിരുന്നെങ്കിലും മതിയായിരുന്നു- സിനിമകളും അധികം കണ്ടിട്ടില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കളും മാമാട്ടി കുട്ടിയമ്മയും പോലെ വിരലിലെണ്ണാവുന്ന ചിത്രങ്ങളിലൂടെയുള്ള ലോകപരിചയമേ ഉള്ളൂ) ഒന്നും ഇല്ലാതെ ഒരു സ്വപ്നത്തിലെന്നപോലെ ഇങ്ങ് എത്തിപ്പെട്ട കാലം..

ഇവിടെയുള്ള മനുഷ്യരൊക്കെ വളരെ പ്രാക്റ്റിക്കലിലും പ്രാക്റ്റിക്കലായ മനുഷ്യര്‍. ഇവിടെ ആത്മ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ കണ്ട് നായികയെ ഓര്‍ത്ത് കരയാന്‍ തുടങ്ങിയാല്‍ ഉടന്‍ കമന്റ് വരും ‘ഓ ആ നായിക കാശു കൂടുതല്‍ കിട്ടുന്ന മറ്റേതെങ്കിലും ചിത്രത്തിന്റെ സെറ്റില്‍ തകര്‍ത്തഭിനയിക്കുകയായിരിക്കും ഇപ്പോള്‍’. അങ്ങിനെ സ്വപ്നം കാണാന്‍ കൂടി ബുദ്ധിമുട്ടുന്ന കാലം...

ആകെയുള്ള ആശ്വാസം നാട്ടില്‍ അമ്മയ്ക്ക് കത്തെഴുതലാണ്. അമ്മ ആത്മയെക്കാളും വലിയ സ്വപ്നജീവിയാണെന്ന് വേണമെങ്കില്‍ പറയാം. കാരണം അമ്മയെ ഉപദേശിക്കലും നേരേയാക്കലും ഒക്കെയായിരുന്നു നാട്ടില്‍ വച്ച് ആത്മയ്ക്ക് ജോലി. ഇപ്പോള്‍ കഥ തിരിച്ചായി. ആത്മ പരിദേവനവുമായി അമ്മക്ക് കത്തെഴുതാന്‍ തുടങ്ങി. ‘ ങ്ഹാ, എന്നെ ഭരിച്ചു നന്നാക്കാന്‍ തുടങ്ങിയവള്‍ ഇപ്പോള്‍ എന്റെ മുന്നില്‍ നിസ്സഹായയായി...’, ഇതുതന്നെ തക്കം എന്നു കരുതി അമ്മ അമ്മയുടെ വിജ്ഞാനമെല്ലാം
വിവരിക്കാന്‍ തുടങ്ങി. ഒരുപക്ഷെ, അന്യവീട്ടിലെ ആള്‍‍ക്കാര്‍ വായിച്ച് തന്നെക്കുറിച്ച് മതിപ്പുകൂടുമെങ്കില്‍ അതിനും ഉതകും എന്നു കരുതി എന്തൊക്കെയോ എഴുതി. കൂട്ടത്തില്‍ ഒരുപദേശവും. ‘മോളേ, അവരൊക്കെ ഒരോന്നു കാണിക്കുന്നെന്നു കരുതി മോളു വിഷമിക്കണ്ട. അവരൊക്കെ മത്സരിച്ചോട്ടെ, മോളൊന്നിനും പോകണ്ട, “പയ്യെ തിന്നാല്‍ പനയും തിന്നാം” എന്നൊരു പഴം ചൊല്ലില്ലേ, മോളു വിഷമിക്കാതെ സമാധാനമായി മുന്നോട്ടു നീങ്ങൂ. ദൈവം കൂടെയുണ്ടാവും’(പെറ്റവയറിന്റെ നൊമ്പരം).

തന്റെ കത്തുകളൊക്കെ തന്നെക്കാളും ഔത്സുക്ക്യത്തോടെ വായിക്കുന്ന മറ്റ് നാലു കണ്ണുകള്‍ ആ വീട്ടിലുണ്ടെന്ന് പമ്പര വിഡ്ഡി ആത്മ അറിഞ്ഞില്ല. ആത്മ എഴുത്തൊക്കെ വായിച്ചു, വായിച്ചില്ല, എന്നമട്ടില്‍ ഒരുവിധം തീര്‍ത്ത് വെളിയില്‍ പോകുന്ന തക്കത്തിന് നാലു കണ്ണുകളും നാലു കൈകളും സൂക്ഷ്മദര്‍ശ്ശിനിയെപ്പോലെ അതി വിദഗ്ദ്ധമായി എഴുത്ത് വായിക്കുകയും, എഴുത്തില്‍ പഴം ചൊല്ലല്ലാതെ, അമ്മയും മകളും തമ്മില്‍ വല്ല കോഡ് ഭാഷയിലും സംസാരിക്കുന്നോ എന്നൊക്കെ ഓരോ വാക്കും അതിസൂക്ഷമം വിശകലനം ചെയ്യാനും തുടങ്ങിയ കാര്യമൊന്നും ആത്മ അറിയുന്നില്ലാ..

ഇതിനിടയില്‍ നാലു കണ്ണുകളും നാലു കൈകളും രണ്ടു ഹൃദയവും ‘പയ്യെ തിന്നാല്‍ ..’എന്ന പഴം ചൊല്ലില്‍ ആകൃഷ്ടരായെന്നും, അയ്യോ ‘ഇവള്‍ പയ്യെ തിന്നു തിന്ന് എന്റെ പനകളെല്ലാം കൂടി തിന്നു തീര്‍ത്തു കളയുമോ’ എന്നു പേടിച്ച് പനകളോരോന്നായി വെട്ടി നശിപ്പിക്കുകയോ, ആര്‍ക്കെങ്കിലും ഇഷ്ടദാനം കൊടുക്കുകയോ, തീയിട്ടു നശിപ്പിക്കുകയോ ഒക്കെ ചെയ്യാന്‍ തുടങ്ങി.. യെന്നും അറിയാന്‍ തുടങ്ങിയത്, ഓരോ പനകളായി വെട്ടിമാറ്റിയിട്ട്, വെട്ടിമാറ്റിയ കയ്യും കണ്ണും കരളും അങ്ങിനെ നിര്‍വൃതിയോടേ, ‘പയ്യെ തിന്നാല്‍ ..’ എന്ന് മൊഴിയുന്നത് (മറ്റൊരു പെറ്റവയര്‍!) പലേ പ്രാവശ്യം ചെവിയില്‍ വീണപ്പോള്‍ മാത്രം. അതും വളരെ നാളുകള്‍ കഴിഞ്ഞ്...

ഇന്നും പനകള്‍ നശിപ്പിക്കല്‍ തുടരുന്നു... പിന്നെ ഒരാശ്വാസം മാത്രം. ഇത് രണ്ടു തുല്യ ശക്തികള്‍‍ തമ്മിലുള്ള സംഘട്ടനമായി എടുത്ത്, തനിക്കിതില്‍ യാതൊരു പങ്കുമില്ലേ രാമനാരായണാ എന്നും, പനയല്ല തന്റെ ലക്ഷ്യം, ഇളം പുല്ലുകളോ തളിരിലകളോ ഒക്കെ ആയിരുന്നു, ഇരുകൂട്ടരും(നാട്ടിലുള്ളവരും ഇവിടെയുള്ളവരും) എന്നെ അമ്പേ തെറ്റിധരിച്ചിരിക്കുന്നു എന്നൊന്നും പറയാന്‍ പോകാതെ, കറങ്ങിത്തിരിഞ്ഞ് അധവാ പനയുടെ അടുത്തെങ്ങാനും എത്തിയാല്‍, ഉടന്‍ വഴിമാറി തിരിഞ്ഞ് അങ്ങിനെ പോകുന്നൂ ആത്മ...

[‘പയ്യെ തിന്നാല്‍ പനയും തിന്നാം’; ഓ. കെ. സമ്മതിച്ചു! പക്ഷെ,ഈ പയ്യെതിന്നുന്നവരൊക്കെ പന തിന്നാനാകണമെന്നുണ്ടോ?! സ്വതസിദ്ധമായി സ്ലോ ആയി ഭക്ഷിക്കുന്നവര്‍ ഇനി എന്തു ചെയ്യാന്‍?! പഴം ചൊല്ലിനെ ഭയന്ന് എല്ലാംകൂടി വാരിവലിച്ച് ഭക്ഷിക്കാന്‍ പറ്റുമോ?! അല്ല, അറിയാമ്മേലാത്തോണ്ട് ചേദിച്ചു പോയതാണേ]

സ്തീകളുടെ കദന കഥകളും അസൂയകളുമൊന്നും വായിക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല എന്നു കരുതി ധൈര്യമായി എഴുതുന്നു..

ഇനി അസൂയ മാത്രമല്ല, നല്ല ചിന്തകളും ഉരുത്തിരിയും എന്നു തെളിയിക്കാനായി ഇനിയും കഥ തുടരും...

വിഷാദം

ഇന്നലെ നുണ പോസ്റ്റ് എഴുതിയതുകൊണ്ടോ ഒരു വിഷാദം. ഒരു തെറ്റു ചെയ്താല്‍ അതിനെ മൂടി മറക്കാന്‍ മറ്റൊരു തെറ്റ് ചെയ്യേണ്ടി വരും. പിന്നെ ആ തെറ്റിനെ മൂടാന്‍ പുതുതായി മറ്റൊരു തെറ്റ്. അങ്ങിനെ തെറ്റിന്റെ ശ്രംഖല നീണ്ടു നീണ്ടു പോകും..
മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ എളുപ്പമാണ്. സ്വയം കുറ്റപ്പെടുത്താന്‍ വലിയ പ്രയാസവും.

അറിവുള്ളവര്‍ പറയുന്നു സ്വന്തം കുറ്റങ്ങള്‍ മനസ്സിലാക്കി തിരുത്തി മുന്നേറുന്നവരാണ് ജീവിതത്തില്‍ വിജയിക്കുന്നത്... ദാ ഒടുവില്‍ വീണ്ടും വിജയത്തില്‍ ചെന്നെത്തി!എല്ലാം ഒടുവില്‍ ഒരു ബിന്ദുവില്‍ തന്നെ. അവനാത്മസുഖം തന്നെ എല്ലാവരുടെയും ലക്ഷ്യം. അവനാത്മസുഖത്തിനാചരിക്കുന്നവയ-പരന്നുകൂടി സുഖമുണ്ടാക്കിയാല്‍ നല്ല കര്‍മ്മമായെന്ന് ശ്രീനാരായണഗുരു.

ഒരു കോമ്പറ്റീഷന്‍ തന്നെ എടുത്താല്‍; ഒരാള്‍ ജയിക്കുന്നത്, മറ്റൊരാളെ; അല്ലെങ്കില്‍ മറ്റു പലരെ, തോല്‍പ്പിച്ചിട്ടാണ്. ഒരാളുടേ വിജയം മറ്റ് പലരുടെ പരാജയത്തിനു കാരണമായേക്കാം. എന്നാല്‍ ആരുമാരും തോല്‍ക്കാതെ നേടാവുന്ന ഒരു വിജയമുണ്ടത്രെ! അതത്രെ ആത്മവിജയം. നമ്മെ ജയിക്കുന്നവന്‍; സ്വന്തം അഹത്തിനെ ജയിക്കുന്നവന്‍ ആണ് യഥാര്‍ത്ഥ വിജയി എന്ന് കര്‍മ്മയോഗം...

This entry was posted on 10:09 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments