കടിഞ്ഞൂല്‍ പ്രണയം  

Posted by Askarali

മീന അദ്യം സ്നേഹിച്ചത് ഒരു പൂച്ചയെയായിരുന്നു. അവനും തിരിച്ച് സ്നേഹിച്ചു. പക്ഷെ, സത്യത്തില്‍ അവന്‍ ഒരു പാപ്പിപൂച്ചയാണെന്നും കരുതിയാണ് അവള്‍ സ്നേഹിച്ചു തുടങ്ങിയത്. അവള്‍ അവന് ‘യച്ചുമി’ എന്ന ഓമന പേരും നല്‍കി വളര്‍ത്തി. ആണ്‍പൂച്ചയായിരുന്നെങ്കില്‍ ഒരുപക്ഷെ അത്രയ്ക്കും സ്നേഹിക്കില്ലായിരുന്നു. കാരണം അവള്‍ക്ക് അവളുടെ അമ്മയുടെ ‘വാണിംഗ്’ ഉണ്ടായിരുന്നു ‘ആണ്‍ വര്‍ഗ്ഗത്തിനോടെ അടുത്ത് പോകരുത്. അടുത്താല്‍ ഗര്‍ഭമുണ്ടാകും, ഗര്‍ഭമുണ്ടായാല്‍ പ്രസവിക്കണം. പ്രസവം എന്നാല്‍ വളരെ വേദനാജനകമാണ് മരണം കൂടി സംഭവിക്കാം’. (ആണുങ്ങളെ നോക്കിയാലാണോ, സംസാരിച്ചാലാണോ, സ്പര്‍ശ്ശിച്ചാലാണോ, അതല്ല, എത്ര ദൂരത്തുനിന്നു സംസാരിച്ചാല്‍ ഈ ദുര്‍ഘടത്തില്‍ നിന്നൊക്കെ രക്ഷപ്പെടാനാകും എന്നൊന്നും എക് സ്പ്ലൈന്‍ ചെയ്യാന്‍ അമ്മയ്ക്ക് സമയമുണ്ടായിരുന്നില്ലാ താനും. ആകെ കണ്‍ഫ്യൂഷന്‍) എന്തായാലും ഇത്രയും കേട്ടതോടെ അവള്‍ക്ക് ആണുങ്ങളെ അകറ്റി നിര്‍ത്താന്‍ മതിയായ കാരണങ്ങള്‍ കിട്ടിയായിരുന്നു. പോരാത്തതിനു വളര്‍ന്നു വരും തോറും അനിയനോടുള്ള അടിപിടി മത്സരങ്ങളിലൊക്കെ താന്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്ന സമയം. എങ്കിപ്പിന്നെ ആണുങ്ങളെ ഒക്കെ അങ്ങു വെറുത്തേക്കാം എന്നു വിചാരിച്ചു നടക്കുന്ന കാലം. ..

അങ്ങിനെ ഒറ്റപ്പെട്ടു തുടങ്ങുമ്പോഴാണ് യച്ചുമിയെ കിട്ടിയത്. ഒരു ത്രിസന്ധ്യ സമയത്ത് വിളക്കൊരുക്കിക്കൊണ്ട് നില്‍ക്കയായിരുന്ന അവള്‍ ഒരു നേരിയ കരച്ചില്‍ കേട്ട് മാവിന്‍ ചോട്ടില്‍ പോയി നോക്കിയപ്പോള്‍ വളരെ അവശനായ നിലയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ള ഒരു പൂച്ചക്കുട്ടി! അവള്‍ ഓടിപ്പോയി അടുക്കളയില്‍ ചെന്ന് ഒരു ചെറിയ കിണ്ണത്തില്‍ നിറയെ പാലുമായി യച്ചുമിയുടെ അരികിലെത്തി. യച്ചുമി വളരെ പ്രയാസപ്പെട്ട് പാലു നക്കി നക്കി കുടിക്കുന്നതു കണ്ട് അവളുടെ ഹൃദയം കുളിര്‍ത്തു.

അതു കണ്ട് ഹൃദയം കുളിര്‍ക്കാന്‍ മറ്റൊരാള്‍ കൂടി മാവിന്‍ ചോട്ടില്‍ ഉണ്ടായിരുന്നു. ചേച്ചിയുടെ മകന്‍ ഉദാര മനസ്ക്കന്‍‍, വിനോദ് . വിനോദ് വിജയശ്രീലാളിതനെപ്പൊലെ വരുന്നുണ്ടായിരുന്നു. അവന്റെ ഒരു ദൌര്‍ബല്യമായിരുന്നു വഴിയോരത്ത് അനാധരായി ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ സംരക്ഷിക്കുക എന്നത്. വീട്ടില്‍ നിറയെ പൂച്ചപട്ടികളെകൊണ്ട് നിറഞ്ഞപ്പോള്‍ സഹിക്കാനാവാതെ വലിയമ്മ ഒരു അടവെടുത്തു, ‘ഇനി ഒന്നിനെക്കൂടി കൊണ്ടുവന്നാല്‍ എല്ലാറ്റിനെയും ഒപ്പം വിനോദിനേയും വീട്ടില്‍ നിന്നിറക്കിവിടും’ എന്ന് . അത് ഒരുപക്ഷെ ശരിയാവാന്‍ സാധ്യതയുണ്ടെന്നു തോന്നിയതിനാല്‍ (കാരണം വിനോദും അച്ഛനും അമ്മയും വേര്‍പിരിഞ്ഞതില്‍ പിന്നെ അച്ഛാമ്മയുടെ ദാക്ഷിണ്യത്തില്‍ കഴിയുന്ന ഒരു പകുതി അനാധനായിരുന്നു) ഭീക്ഷണിയെതുടര്‍ന്ന് അടുത്ത് വിനോദ് കണ്ട അത്താണി സ്വപ്നജീവിയായ മീനയാരുന്നു. അങ്ങിനെ സൂത്രത്തില്‍ മീനയുടെ ശ്രദ്ധയില്‍ പെടും വിധം പൂച്ചക്കുട്ടിയെ കൊണ്ടാക്കിയിട്ട് അകലെയെവിടെയോ നിന്ന് ഈ രംഗം വീക്ഷിക്കുകയായിരുന്നു വിനോദ്.

ഏതിനും രക്ഷകന്‍ സമാധാനമായി സ്ഥലം വിട്ടു, പൂച്ചക്കുട്ടി വയറു നിറഞ്ഞ് സമാധാനമായി ഉറങ്ങി, മീനയും ആദ്യമായി ഒരു തുണ കിട്ടിയപോലെ പൂച്ചക്കുട്ടിയെ കട്ടിലിന്റെ അരികില്‍ ഒരു കൊച്ചു തുണിക്കഷണത്തില്‍ കിടത്തി ഉറക്കമായി.

പിന്നീടൊരിക്കല്‍ ജോലിക്കാരി സരസമ്മയാണ് ഒരിക്കല്‍ വാലില്‍ തൂക്കി എടുത്ത് നോക്കിയിട്ട് ചിരിച്ചും കൊണ്ട് പറഞ്ഞത് ‘ഇതൊരു കുന്നന്‍ ‍പൂച്ചയാണ് മീനേ പാപ്പിയല്ല’.


‘ആണ്‍പൂച്ചയല്ല, ഇവള്‍ പെണ്ണു തന്നെയാണ് ’കോപം വരുത്തി മീന പറഞ്ഞു. കൂടുതല്‍ വാദിച്ചാല്‍ മീന ഒരുപക്ഷെ കരയുമെന്ന് ഭയന്ന് സരസമ്മ അവരുടെ പാട്ടിനു പോയി.
മീന വിളിച്ചു, ‘എന്റെ യച്ചുമീ’
യച്ചുമി കണ്ണും പൂട്ടി വിളികേട്ടു, ‘മ്യാവൂ’
‘നീ ഒരുപക്ഷെ ആണാണെങ്കിലും എനിക്കു നീ പെണ്ണാണു ട്ടൊ’, മീന യച്ചുമിയെ തലോടി ആശ്വസിപ്പിച്ചു. അവന്‍ ശരിവച്ചുകൊണ്ട് മൂളി, ‘മ്യാവൂ’
പിന്നെ അവന്‍ സുഖമായി മീനയുടെ മടിയില്‍ കിടന്നുറങ്ങി. കുര്‍...കുര്‍....എന്ന അവന്റെ മര്‍മ്മരം കേട്ടുകൊണ്ട് മീന അടുത്തു കിടന്ന മാഗസീനെടുത്ത് വായന തുടര്‍ന്നു.

മീനയും യച്ചുമിയും തമ്മില്‍ ഇണപിരിയാനാവാത്തവിധം ഒരു ആത്മബന്ധം ഉടലെടുത്തു. മീനയുടെ ശബ്ദം കേട്ടാലുടന്‍ യച്ചുമി ‍ എവിടെനിന്നെങ്കിലും ‘മ്യാവൂ’ എന്നും പറഞ്ഞ് ഓടി വരും. അവള്‍ വെളിയിലെവിടെപ്പോയാലും ‘യച്ചുമീ’ എന്നു നീട്ടിവിളിച്ചുകൊണ്ടാണ് വീട്ടില്‍ കയറാറ്.

പൂച്ച തടിച്ചുകൊഴുത്ത് വന്നു. മീന സന്തോഷിച്ചു. പക്ഷെ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. ഒരു ദിവസം അവന്‍ ഒരു പാപ്പിപ്പൂച്ചയോടൊപ്പം തൊടിയിലൂടെ പാത്തു നടക്കുന്നത് കണ്ട മീന നടുങ്ങി! വല്ലാത്ത ഒരു അപമാനം പോലെ. എന്നാലും താന്‍ ‘കയ്യ് വളരുന്നോ കാല് വളരുന്നോ’ എന്നും പറഞ്ഞ് വളര്‍ത്തി വലുതാക്കിയ പൂച്ച! അവന് എങ്ങിനെ തോന്നി ഒരു വെറും അലവലാതി പാപ്പിയുടെ പിറകേ അലയാന്‍! മീനയ്ക്ക് കലികയറി. ‘ഗര്‍ഭം! പ്രസവം! പാപ്പിപൂച്ച!... ‘വൃത്തികെട്ട ദുഷ്ടന്‍’ യച്ചുമി.

യച്ചുമി, ചുറ്റി നടപ്പൊക്കെ കഴിഞ്ഞ് (പൂച്ച പാലു കുടിക്കുമ്പോലെ) നല്ല ഉത്സാഹത്തോടെ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്നമട്ടില്‍ വരാന്തയില്‍ ഒരു മാഗസീനും വായിച്ചുകൊണ്ടിരുന്ന മീനയുടെ മടിയില്‍ ചാടിക്കയറി. ക്ഷീണം തീര്‍ക്കാന്‍! ഉറങ്ങാനുള്ള പുറപ്പാടാണ്. പക്ഷെ, അടുത്ത നിമിഷം എന്താണു സംഭവിച്ചതെന്നറിയാതെ പൂഴിമണിലില്‍ നിന്നും വളരെ ദയനീയമായി പിടഞ്ഞെണീറ്റ് യച്ചുമി വിശ്വാസം വരാതെ അവളെ ഒന്നുകൂടി നോക്കി.

താന്‍ ചെയ്ത തെറ്റ് എന്താണെന്ന് അവന് മനസ്സിലായേ ഇല്ല. (കാരണം അവന്റെ അമ്മ ‘പെണ്ണുങ്ങളൊക്കെ ദുഷ്ടത്തികളാണ്, അടുക്കരുത്’ എന്നൊന്നും പറഞ്ഞുകൊടുത്തില്ലായിരുന്നു.)

അവന്‍ ഒരിക്കല്‍ക്കൂടി മടിയില്‍ കയറാന്‍ ഒരു ശ്രമം നടത്തിനോക്കി. ഒരുപക്ഷെ, മീന അറിയാതെ ചെയ്തകാമല്ലൊ.

അവള്‍ വെറുപ്പോടെ പൂച്ചയെ വീണ്ടും തട്ടി ദൂരെയെറിഞ്ഞു പറഞ്ഞു, ‘പൊയ്ക്കോണം എന്റെ കണ്ണും വെട്ടത്തൂന്ന്. ഇനി കണ്ടുപോകരുത്’.

അവന്‍ പോയി. അവന്റെ പാപ്പിയുടെ അടുത്തേയ്ക്കാകാം...

അതോടേ ആവസാനിച്ചു അവളുടെ ആദ്യപ്രേമം.

പിന്നീട് അവള്‍ ഹോസ്റ്റലിലേക്ക് താമസം മാറ്റിയപ്പോള്‍ യച്ചുമിയോട് ഒന്ന് പറഞ്ഞേക്കാമെന്ന് കരുതി വിളിച്ചു നോക്കി. അവനെവിടെ സമയം!. അവന്‍ നിറയെ ഗേള്‍ഫ്രണ്ടുമായി നടക്കുന്ന കാലം.
ഇടയ്ക്ക് വീട്ടില്‍ വന്ന് നില്‍ക്കുമ്പോഴും യച്ചുമി ബിസിയായിരുന്നു പാപ്പിപ്പൂച്ചകളുടെ ലോകത്തില്‍.
മീനയും ബിസിയായിരുന്നു പുതുതായി കിട്ടിയ ഗേള്‍ഫ്രണ്ടുമാരുടെ ലോകത്തില്‍. അവര്‍ക്ക് കത്തെഴുതാനും മറ്റും. അവളും ഒരു പുതു ലോകത്തിലായിരുന്നു.

എങ്കിലും ഒരിക്കല്‍ അവള്‍ ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ ‘തട്ടിന്‍ മുകളിലെവിടെയോ ആരും ശ്രദ്ധിക്കപ്പെടാതെ മരിച്ച നിലയില്‍ യച്ചുമിയെ കണ്ടു’ എന്ന് അമ്മ പറഞ്ഞപ്പോള്‍ ഉള്ളില്‍ നിന്നും അറിയാതെ ഒരു തേങ്ങല്‍ ഉയര്‍ന്നു.

അവസാന നിമിഷം അവന്‍ തന്നെ അന്വേക്ഷിച്ചിട്ടുണ്ടാകുമോ? അവന് ദാഹിച്ചിരിക്കുമോ? താന്‍ വീട്ടില്‍ ഉണ്ടായിരുന്നെകില്‍ അവന്‍ തന്നെ അന്വേക്ഷിക്കുമായിരുന്നോ? അവന് തന്നെ ഓര്‍മ്മയുണ്ടായിരുന്നോ? ഒരു തുള്ളി വെള്ളം പോലും കൊടുക്കാനായില്ലല്ലൊ. നൂറു നൂറു ചോദ്യങ്ങള്‍, കുറ്റപ്പെടുത്തലുകള്‍ മീനയെ അലട്ടിക്കൊണ്ടിരുന്നു.

‘ദുഷ്ട പാപ്പി, അവനെയും ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോയിക്കാണും. ആരും നോക്കാനില്ലാതെ
തന്റെ യച്ചുമി...’

മീന തനിക്കു കാണാനാവാത്ത ഒരു ലോകത്തില്‍ മറഞ്ഞിരിക്കുന്ന യച്ചുമിയുടെ ആത്മാവിന്റെ ശാന്തിക്കായി പ്രാര്‍ത്ഥിച്ചു. ‘ഒരു പക്ഷെ, തന്റെ യച്ചുമി തനിക്ക് പ്രിയപ്പെട്ട ആരെങ്കിലുമായി/എന്തെങ്കിലുമായി ഇനിയും പുനര്‍ജ്ജനിച്ചേക്കും’ അവള്‍ സമാധാനിച്ചു.

[സിനിമയെപ്പറ്റി എഴുതി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പെട്ടെന്ന് ഒരു പൂച്ചക്കഥ ഓര്‍മ്മ വന്നു. എഴുതിപ്പോയി. സമയം കിട്ടുമ്പോള്‍ വായിക്കൂ... എഴുത്ത് അതിരുകടന്ന് പോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക. പ്രായം ഒക്കെ ആയില്ലെ, ഇനിയിപ്പോള്‍ എല്ലാം തുറന്നെഴുതുന്നതില്‍ വലിയ തെറ്റൊന്നും കാണില്ലായിരിക്കും എന്നു കരുതി പ്രായം ആകാന്‍ കാത്തിരിക്കയായിരുന്നു കുറെ വര്‍ഷങ്ങളായി.]
സസ്നേഹം
ആത്മ

This entry was posted on 9:42 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments