ബ്ലോഗും സന്യാസവും  

Posted by Askarali

മി. കോറോത്ത് പറഞ്ഞു നല്ല കിടിലന്‍ (ആ വാക്ക് തൃശ്ശൂരുകാരുടേതാണോ?!) പോസ്റ്റിടാന്‍. ഞാനിപ്പം എവിടെപ്പോകാന്‍ കിടിലന്‍ പോസ്റ്റിനായി? പോസ്റ്റിട്ടില്ലെങ്കില്‍ കമന്റ് കിട്ടില്ല, കമന്റ് കിട്ടിയില്ലെങ്കില്‍ ഒരു ദിവസം വേസ്റ്റാവും, ( കോറോത്തും അപ്രത്യക്ഷനാകും) ബോറാകും.
ഇപ്പൊ എന്താ വഴി?!
പോസ്റ്റിട്ടാലും ടെന്‍ഷന്‍, ഇട്ടില്ലെങ്കിലും ടെന്‍ഷന്‍!
കമന്റ് കിട്ടിയാലും ടെന്‍ഷന്‍! (ഓ, ഇനി എന്തു മറുപടി എഴുതണം എന്ന ടെന്‍ഷന്‍)
കമന്റ് കിട്ടിയില്ലെങ്കിലും ടെന്‍ഷന്‍!
ജീവിതമേ ഒരു ടെന്‍ഷന്‍ തന്നെ അല്ലെ?
ബ്ലോഗെഴുതിയാലും എഴുതിയില്ലേലും കമന്റ് കിട്ടിയാലും കിട്ടിയില്ലേലും ടെന്‍ഷന്‍ തന്നെ.
ബ്ലോഗെഴുതിയാലും എഴുതിയില്ലെങ്കിലും തീര്‍ന്നുകൊണ്ടിരിക്കുന്ന ജീവിതം.
എങ്കിപ്പിന്നെ എഴുതി എഴുതി ടെന്‍ഷനടിച്ച് ടെന്‍ഷനടിച്ച് അങ്ങു തീര്‍ക്കാം ഈ ജീവിതം അല്ലെ.
[കമന്റ് കിട്ടുമ്പോഴുള്ള സന്തോഷം പോലെ തന്നെ സമമാണ് കിട്ടാതിരിക്കുമ്പോഴുള്ള വിഷമം. രണ്ടിനും ലൌകീക(യധാര്‍ത്ഥ) ജീവിതത്തില്‍ നിന്നും നമ്മുടെ ശ്രദ്ധയെ ഡൈവര്‍ട്ട് ചെയ്യാന്‍ സാധിക്കും. - ( രണ്ട് എക്ട്രീമിറ്റികളും ഒന്നില്‍ തന്നെ ചെന്നെത്തുന്നു!)]

ഇനിയിപ്പൊ ഇതു പോസ്റ്റ് ചെയ്താല്‍ പിന്നെ മിനിട്ടിനു മിനിട്ടിന് ‘കമന്റുണ്ടോ’ ‘കമന്റുണ്ടോ’ എന്നും നോക്കി സമയം പോണതറിയില്ല, ജോലികള്‍ തീരുന്നതറിയില്ല,
കാലം മാറുന്നതറിയില്ല,
ഋതുക്കല്‍ വന്നു പോകുന്നതറിയില്ല,
തടി വയ്ക്കുന്നതറിയില്ല,
വയസ്സാകുന്നതും അറിയില്ല,
ഒന്നുമറിയാതെ അങ്ങു ജീവിച്ചു മരിക്കാം...


ബ്ലൊഗെഴുത്തിനെ വേണമെങ്കില്‍ നമുക്ക് ഒരു സന്യാസത്തോട് ഉപമിക്കാം.
സന്യാസിമാര്‍ എന്തിനാണ് സന്യസിക്കുന്നത്?
ലൌകീകജീവിതത്തില്‍ നിന്നും രക്ഷപ്പെടാന്‍.
ബ്ലൊഗെഴുത്തുകാര്‍ എന്തിനാണ് ബ്ലൊഗെഴുതുന്നത്?
അതും ലൌകീകെ ജീവിതത്തില്‍ നിന്നുള്ള താല്‍ക്കാലിക ആശ്വാസം/ ചെയിഞ്ച് നല്ലെ?
(അല്ലെന്നൊക്കെ ചിലര്‍ വീമ്പടിക്കും) പക്ഷെ ആണെന്നുള്ളതാണ് സത്യം

എനിക്കുതോന്നുന്നത്, പണ്ട് പണ്ട് കഥയും കവിതയുമൊക്കെ എഴുതി മരിച്ച സാഹിത്യകാരന്മാരുടെ
പുനര്‍ജന്മമായിരിക്കും ഈ ബ്ലോഗേഴ്സ് എന്നാണ്. കാരണം അവര്‍ അന്ന് സാഹിത്യം ചമയ്ക്കുന്നതെങ്ങിനെയാണ്? ഇരുണ്ട മുറികളില്‍, പുറത്താരോടും അധികം സമ്പര്‍ക്കമില്ലാതെ അങ്ങിനെ ഡീപ് ആയി ചിന്തിച്ച്, ഉള്ളിന്റെ ഉള്ളിലെത്തും. പിന്നീട് ഒരെഴുത്താണ്...
ഇതിനിടയില്‍ ആരെയും കാണാന്‍ കൂട്ടാക്കാറുമില്ല (അതിന്റെ ശിക്ഷയാണ് ഇപ്പോള്‍ കമ്പ്യൂട്ടറിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്ന് കണ്ണുതള്ളുന്നത്). എഴുതിക്കഴിഞ്ഞാലും, പബ്ലിഷ് ചെയ്തുകഴിഞ്ഞാലുമൊന്നും അവര്‍ക്ക് തങ്ങളുടെ വായനക്കാരെ കാണണ്ട, അവരുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കണ്ട (കേട്ടാലും കേട്ടില്ലെന്നു നടിക്കാം, കണ്ടാലും കണ്ടില്ലെന്നു നടിക്കാം)

ആ, അങ്ങിനെയൊക്കെ ജീവിച്ചതിനുള്ള ശിക്ഷയാണ് ഈ ബ്ലൊഗ് . ഇപ്പോള്‍ അവര്‍ (പുനര്‍ജനിച്ച് ബ്ലൊഗരായ അവര്‍) എഴുതിയിട്ട് മിനിട്ടിനു മിനിട്ടിന് ഇഞ്ചിഞ്ചായി വധിക്കപ്പെടുകയാണ്.
വായിക്കാന്‍ ആളില്ലെങ്കില്‍ വിഷമം,
വിമര്‍ശിക്കാന്‍ ആളില്ലെങ്കില്‍ വിഷമം,
ഉണ്ടായാല്‍ വിഷമം,
ഒരുകണക്കിന്, എരിതീയില്‍ വീണപോലെ...
പിന്നെ ചിലരൊക്കെ അഭിനയിക്കും ഞാനിതൊക്കെ കൂളായെടുക്കുന്നു, എനിക്ക് എഴുത്ത് ഒന്ന് മാത്രമാണ് ലക്ഷ്യം. കമന്റും വേണ്ട, വിമര്‍ശനവും വേണ്ട. എനിക്കു തോന്നിയതൊക്കെ എഴുതാന്‍ ഒരിടം. പക്ഷെ അവരും ഒളിഞ്ഞൊളിഞ്ഞ് ഇടക്കിടെ വന്ന് കമന്റ് കോളത്തില്‍ നോക്കും. ഇല്ല എന്നു കാണുമ്പോള്‍ നീട്ടി ഒരു നെടുവീര്‍പ്പിടും. പിന്നീട് അതിലും വാശിയോടെ അടുത്ത പോസ്റ്റ് എഴുതാന്‍ തുടങ്ങും. ഏകാന്തതയിലൊന്നുമല്ല, കമ്പ്യൂട്ടറിനു മുന്നില്‍, ആയിരം ജോലികള്‍ പുറത്ത് വെയിറ്റ് ചെയ്യുമ്പോള്‍. ചിലര്‍ക്ക് ഓഫീസറും സഹപ്രവര്‍ത്തകരും നാലുചുറ്റിനും കാണും, ചിലര്‍ക്ക് പിള്ളകുട്ടികള്‍ ‍ചുറ്റിനും കാണും, ചിലര്‍ക്ക് നല്ല പാതി...ഇതൊന്നും കാര്യമാക്കാതെ, ‘നില്ല് ദാ വരുന്നു, ഇതുംകൂടെ എഴുതിയിട്ട്... എന്നും പറഞ്ഞ് എഴുത്ത് തുടരുന്നു...

പോസ്റ്റിട്ടാല്‍ പിന്നെ വൈകരുത്, അന്തംവിട്ട്, ഓരോ ബ്ലോഗുതോറും കയറിയിറങ്ങി അഭിപ്രായം രേഖപ്പെടുത്തുക. കവിതയാണെങ്കില്‍, നല്ല വരികള്‍. കഥയാണെങ്കില്‍, എന്തൊരൊഴുക്ക്, എന്നിങ്ങനെ കുറെ വരികള്‍ കരുതി വയ്ക്കുക. മുന്നും പിന്നും നോക്കാതെ നിരത്തി കമന്റിടുക. കൊടുക്കുംതോറും വര്‍ദ്ധിക്കും എന്ന ചൊല്ലില്‍ പൂര്‍ണ്ണമായി വിശ്വസിക്കുക - (ഞാന്‍ ഇങ്ങിനെയൊക്കെ എഴുതുന്നത് അഹങ്കാരമായെടുക്കില്ലല്ലൊ? എനിക്ക് ഇതുവരെ മനസ്സിലായവ മാത്രം - വെറുതെ തമാശയായെഴുതുന്നതാണേ. ഇത് ആത്മപ്രകാശനത്തിന്റെ ബ്ലോഗായതുകൊണ്ട് മാത്രം വെളിപ്പെടുത്തുന്ന കാര്യങ്ങളാണ്‌)


എഴുത്തിനും എഴുതാതിരിക്കലിനും(അയ്യോ ഒന്നും കിട്ടിയില്ലേ എഴുതാന്‍ എന്നു വിഷമിച്ചുള്ള നടപ്പ്)ഇടയിലുള്ള ആ ശൂന്യതയില്ലെ?
അതാണ് യധാര്‍ത്ഥ ജീവിതം!!!
അവിടെ നിങ്ങള്‍ ആരാണ് ?
അതാണ് ശരിയായ നിങ്ങള്‍.
നല്ല ഒരച്ഛന്‍/അമ്മ, ഭര്‍ത്താവ്/ഭാര്യ ,ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ...
എന്നെ പൂര്‍ണ്ണമായും വിശ്വസിക്കൂ...
കുറച്ചുസമയം ബ്ലോഗിൽ നിങ്ങൾ മറ്റൊരാളായി ജീവിക്കാനാകുമായിരിക്കും.
പക്ഷെ, ബ്ലോഗ് വിട്ട് പുറത്തു വരുമ്പോൾ നിങ്ങളെ എതിരേൽക്കുന്നത്, നിങ്ങൾ പൂർത്തിയാക്കാതെ
വച്ചിരിക്കുന്ന് ജോലികൾ, കടമകൾ, കർത്തവ്യങ്ങൾ മാത്രം.
എല്ലാവര്‍ക്കും നല്ലതുവരട്ടെ,

This entry was posted on 11:04 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments