Showing posts with label നിര്‍വ്വചനമില്ല. Show all posts

ഒരു മധുര സംഗീതമേ ജീവിതം...  

Posted by Askarali

കഴിഞ്ഞ പോസ്റ്റിൽ നിന്നും തുടർച്ച

ആത്മ വീണ്ടും കടന്നുവരുന്നു..
അല്ലേ! ഞാനിപ്പോൾ ടെൻഷൻ പിടിക്കുന്നതെന്തിന്?!
ഒന്നാമതായി മി. ആത്മ ഏതുനിമിഷവും കടന്നുവരാം.. അതോടെ ബ്ലോഗെഴുത്ത് പൂർത്തിയാകാനാകാതെ വരുമോ എന്ന ടെൻഷൻ.
രണ്ടാമത്..
മനുഷ്യന്റെ സ്ഥായിയായ ഭാവം മൌനം/ദുഃഖം ഒക്കെയാണല്ലൊ, (അല്ലെ? എങ്കിൽ ആത്മയുടെ സ്ഥായിയായ ഭാവം അതാണ്)
അതിൽ നിന്നും വ്യതിചലിച്ച്, നർമ്മം കലർത്തി ആത്മേടെ ജീവിതം അല്ലെങ്കിൽ പൊതുവേ ജീവിതത്തെപ്പറ്റി എഴുതണം എന്ന വാശിയല്ലെ ഈ ടെൻഷൻ തരുന്നത്?
അതെ.
ഒരു കാര്യം ചെയ്ക, ‘അക്സപ്റ്റ് ലൈഫ് ആസ് ഇറ്റ് ഈസ്സ്’. പ്രശ്നം സോൾവ്ഡ്!
ഇപ്പോൾ ടെൻഷൻ കൂടുതലുള്ള സമയമാണ്,
ഒന്നാമതായി നാട്ടിൽ പോക്ക്, പിന്നെ മാറിവരുന്ന ദിനചര്യകൾ, പിന്നെ, വെള്ളം വെള്ളം എവിടെ നോക്കിയാലും ഒരുതുള്ളി കുടിക്കാനില്ലാത്ത ഒരു വൈക്ലബ്യം (അത് അങ്ങിനെയാണ് നല്ലതും) എങ്കിലും അഭിനയമാണെങ്കിലും ചിലപ്പോൽ നമ്മൾ കഥാപാത്രവുമായി അങ്ങ് ഇഴുകിച്ചേർന്ന് പോകില്ലേ.. കാണികൾക്ക് ആസ്വദിക്കാം.. പിന്നെ.. വിമർശിക്കാം.. പിന്നെ നായികയെപ്പറ്റി അപവാദങ്ങൾ പറയാം.. എങ്കിലും ഒക്കെ ഒരു അഭിനയമായിരുന്നേ..

അഭിനയം അല്ലെന്നോ?! കൊള്ളാം.. ശ്രീ ഉദിത് ചൈതന്യ യതി പറയുന്നത്, നമ്മുടെ യധാർത്ഥജീവിതം പോലും ഒരു അഭിനയമായി കാണണമെന്നാണ്. കഥാപാത്രവുമായി എത്രമാത്രം ഇഴുകിച്ചേർന്ന് അഭിനയിച്ചാലും, ഇത് വെറും ഒരു അഭിനയം മാത്രമാണ്. ആരോഗ്യവും ആയുസ്സും കൊഴിയുമ്പോൾ അഴിച്ചു വയ്ക്കേണ്ട വെറും വേഷങ്ങൾ എന്ന ബോധത്തോടെ ജീവിതം അഭിനയിച്ചു തീർക്കാൻ പറ്റുന്നവരുക്ക് സമാധാനത്തോടെ മരിക്കാമത്രെ! അല്ലാത്തവർ ഒടുവിൽ അയ്യോ, എന്നെ അവൻ ചതിച്ചേ, ഇവൻ പറ്റിച്ചേ എന്നൊക്കെപ്പറഞ്ഞ് നീറി നീറി ചാകും അത്ര തന്നെ.
ഇതൊക്കെയാണ് ശരിക്കും ഉള്ള ജീവിതം. അക്സപ്റ്റ് ഇറ്റ് ആത്മേ..
പുറകിൽ സന്തോഷത്തോടെ കുസൃതിച്ചിരിയുമായി കൈവീശി നിന്ന് റ്റാ റ്റാ കാണിക്കുന്ന യൌവ്വനം!
മുന്നിൽ വശീകരണവുമായി കൈനീട്ടി മാടി വിളിക്കുന്ന വാർദ്ധക്ക്യം!
നടുവിൽ ഒരിത്തിരി നേരം.. അതാണ് ഇപ്പോഴത്തെ സിറ്റ്വേഷൻ
രണ്ടു കൂട്ടരേയും പിണക്കണ്ട.. സമനിലയിൽ പോകാം..അല്ലെ,

ഒരു കൊച്ചു ചിന്തകൂടി എഴുതി നിർത്താം.

അഗ്നിയിൽ പെട്ട് അവളുടെ സ്വപ്നങ്ങളെല്ലാം വെന്തു മരിച്ചുപോകുമെന്നു ഭയന്നാണ്
അവൾ അഗ്നിയെ സ്നേഹിക്കാഞ്ഞത്.
മഴയെ സ്നേഹിക്കാഞ്ഞത്
മഴയ്ത്ത് നനഞ്ഞ് കുതിർന്ന് പോകുമെന്നുകരുതിയാണ്.
ചെടികളെ സ്നേഹിക്കാഞ്ഞത്
പൂക്കളെ ഇറുത്തെടുത്ത് വേദനിപ്പിക്കണ്ടെന്നു കരുതി മാത്രം.
കാറ്റിനെ സ്നേഹിക്കാതിരിക്കാനായി അവൾ
ഓളങ്ങളെ സ്നേഹിച്ചു.
അരുവിയോട് കൂടുതൽ അടുക്കാതിരിക്കാനായി
അവൾ പുഴയെ സ്നേഹിച്ചു.

ഒടുവിൽ അവൾ ചന്ദ്രനെ സ്നേഹിച്ചു.
സൂര്യന്റെ പ്രകാശവും വഹിച്ച്
അവളെ വെറുതെ മോഹിപ്പിക്കുന്ന ചന്ദ്രനെ.
കാരണം, ചന്ദ്രൻ കയ്യെത്താത്ത ദൂരെയാണല്ലോ,
ഒരിക്കലും എത്താനാകാത്ത അകലത്തിൽ,
ഒളിഞ്ഞുനോക്കി ചിരിക്കുന്ന ചന്ദ്രനെ,
അവൾ ഭയപ്പാടൊന്നുമില്ലാതെ സ്നേഹിച്ചു.
ഒടുവിൽ.. ഒരിക്കൽ..
സൂര്യന്റെ ചൂടിൽ വെന്തു മരിക്കും വരെ.
(പൂർണ്ണമല്ല)

(ശരിക്കും പറഞ്ഞാൽ ആത്മയ്ക്കുപോലും ആത്മേടെ പോക്ക് മനസ്സിലാവുന്നില്ല- എഴുതി എഴുതി തെളിയട്ടെ..ബ്ലോഗല്ലെ കിടക്കുന്നത്..)

പൊട്ടിയ കളിപ്പാട്ടങ്ങളുടെ സൂക്ഷിപ്പുകാരി  

Posted by Askarali

മറ്റുള്ളവരാണ് എന്നോട് നീതികേടു കാട്ടിയത്

അവരാണ് എന്നെ അപമാനിക്കാൻ ശ്രമിച്ചത്

അവർ വേണ്ടെന്നു കരുതുന്ന; ഉപേക്ഷിക്കുന്ന

കളിപ്പാട്ടങ്ങളാണ് എന്നും എന്റെ കളിപ്പാട്ടങ്ങൾ

ആ പൊട്ടിനുറുങ്ങിയ കളിപ്പാട്ടങ്ങൾ ഒട്ടിച്ചെടുത്ത്,

ചായം പുരട്ടി, ഞാൻ വിനോദിക്കുമ്പോൾ

അവർ വളരെ നികൃഷ്ടമായി അവയെ എന്റെ കയ്യിൽ നിന്നും

തട്ടിപ്പറിക്കുന്നു, വീണ്ടും പൊട്ടിച്ചെറിയാനായി

എന്നിട്ടും ഞാൻ കാത്തിരിക്കുന്നു

എന്റെ പൊട്ടിയ ആ കളിപ്പാട്ടത്തിനായി മാത്രം

സത്യാന്വേഷി  

Posted by Askarali

അവള്‍ സ്നേഹങ്ങളിലൊക്കെ സത്യം തിരയുകയായിരുന്നു
മുലപ്പാലൂട്ടിയ അമ്മയുടെ സ്നേഹത്തില്‍
ജന്മം കൊടുത്ത പിതാവിന്റെ സ്നേഹത്തില്‍
താലികെട്ടി ജീവിതം കൊടുത്ത പുരുഷന്റെ സ്നേഹത്തില്‍
തനിക്കു സ്നേഹം തോന്നിയവരോടും‍
തന്നെ സ്നേഹിക്കുന്നു എന്നു തോന്നിയവരോടും‍
സ്നേഹത്തിൽ പ്രേമഛായ പടർന്നപ്പോഴും,
അതിന്റെ മാസ്മരികതയില്‍ മുങ്ങാന്‍ കഴിയാതെ,
അവളുടെ ഹൃദയം എന്നും സത്യത്തെ തിരഞ്ഞുകൊണ്ടിരുന്നു.
ക്ഷമകെട്ട സ്നേഹങ്ങള്‍ ഒന്നൊന്നായി അവളെ കയ്യൊഴിഞ്ഞു
ഒടുവില്‍ അവള്‍ തനിച്ചായപ്പോള്‍
അവള്‍ സത്യത്തെ കണ്ടെത്തി
ഈ തനിമയാണ് സത്യം എന്നും
സ്നേഹവും പ്രേമവും ഒക്കെ മിഥ്യയായിരുന്നു എന്നും
പ്രേമം നിശ്ചിത ആയുസ്സുള്ള പുഷ്പങ്ങള്‍ മാത്രമായിരുന്നു എന്നും
നിശ്ചിത സമയത്തിനുള്ളില്‍ നുള്ളിയെടുത്തില്ലെങ്കില്‍
അടര്‍ന്നുവീഴുന്ന പുഷ്പങ്ങള്‍ ആയിരുന്നു എന്നും
പ്രേമം വളരാനും പുഷ്പിക്കാനും പൂവിടാനുമൊക്കെ
ചില പ്രത്യേക വ്യവസ്ഥകൾ വേണമെന്നും
അതു പാലിക്കുന്നവർക്കു മാത്രമേ അതിനർഹതയുള്ളൂ എന്നും
അവൾ കണ്ടെത്തി!
അവളുടെ സത്യാന്വേക്ഷണ ത്വരയില്‍ അവള്‍
പ്രേമത്തിന്റെ ആയുസ്സ് കൊഴിയുന്നത് കണ്ടില്ല
അവള്‍ അന്നും ഇന്നും ഇന്നും പ്രേമത്തില്‍/സ്നേഹത്തിൽ, സത്യത്തെ ചികയുന്ന
ഒരു വെറും ഭ്രാന്തത്തി/ സത്യാന്വേഷി മാത്രം

കൃഷ്ണനോട്  

Posted by Askarali

നീ എന്നോടൊപ്പമുണ്ടെന്ന് എനിക്ക് നന്നായറിയാം
എന്റെ കൃഷ്ണാ
എങ്കിലും ഞാനെങ്ങിനെ വാളും പരിചയും എടുക്കാൻ?
ആയുധം എടുക്കാതെ യുദ്ധക്കളത്തിൽ തളർന്നു നിൽക്കുന്ന
എന്നോടെതിർക്കാൻ
അവർ അണിയിച്ചൊരുക്കുന്നത്
എന്റെ തന്നെ പ്രിയജനങ്ങളെയല്ലേ,
എന്റെ ഓരോ കാൽ‌വയ്പ്പുകളും നോക്കിനിന്നവർ
എന്റെ ഓരോ വിജയവും സ്വന്തം വിജയമായി കരുതി
ആഘോഷിച്ചവർ
അവരോടെതിർക്കാനാണോ കൃഷ്ണാ ഞാൻ യുദ്ധമുറകൾ
അഭ്യസിച്ചത്
ഞാനെങ്ങിനെയാണ് കൃഷ്ണാ ഇവിടെ എത്തിപ്പെട്ടത്
ഞാൻ ഈ ജന്മമോ കഴിഞ്ഞജന്മമോ ആ‍ാഗ്രഹിച്ചുകാണില്ല
ഇത്തരത്തിൽ ഒരു യുദ്ധം
എന്നിട്ടും എന്തിനേ നീതന്നെ എന്റെ തേരാളിയായി വന്ന്
എന്നെ പ്രോത്സാഹിപ്പിക്കുന്നു?

മാറ്റക്കളിക്കാരൻ  

Posted by Askarali

ഞാൻ, അറിയാതെ കളിക്കളത്തിൽ വന്നുപെട്ടുപോയ;
കളി തീരെയറിയാത്ത ഒരു വെറും യാത്രക്കാരൻ.
എന്നിട്ടും,
അവരുടെ കളിക്കളത്തിൽ വന്നുപെട്ടു എന്ന ഒറ്റക്കാരണത്താൽ
അവർ എന്നെ കളിക്കളത്തിൽ നിർത്തി.
എനിക്ക് കളിതീരെയറിയില്ല എന്നറിഞ്ഞിട്ടും,
അവർ എനിക്ക് അവരുടെ യൂണീഫോം ഇടീച്ചു.
കളിയിൽ ആഗ്രഹം തോന്നിത്തുടങ്ങിയപ്പോൾ;
അറിയാതെ എന്റെ കൈതട്ടി അവർക്ക് വിജയം കിട്ടിയപ്പോൾ;
അഭിനന്ദിക്കുന്നതിനുപകരം അവർക്ക് അതൊരു ക്ഷീണമായിതോന്നി,
അവർ എന്നെ വെറും ഒരു മാറ്റക്കളിക്കാരനായിട്ട്
മാറ്റിനിർത്തി.
എന്റെപോലും കഴിവില്ലാത്തവരെ പരിശീലിപ്പിച്ച്
അവരുടെ കളിക്കാരാക്കി.
മാറ്റക്കളിക്കാരനായി നിന്ന എന്നെ പിന്നെ എപ്പോഴോ
എതിർ പക്ഷത്ത് നിർത്തി
കളിയറിയാത്ത ഒരാൾ എതിർപക്ഷത്തുള്ള ഗർവ്വുമായി
അവർ തകർത്തു കളിക്കുന്നു
അവരുടെ വിജയത്തിനു സാക്ഷിയാകാനായി
എതിർപക്ഷത്തിന്റെ യൂണിഫോമുമിട്ട്
ഞാൻ നിൽക്കുന്നു
അവരുടെ വിജയം നോക്കിനിൽക്കാൻ
ഒരു പരാജയക്കാരൻ അവർക്ക് വേണമായിരുന്നു
ശക്തിതീരിയില്ലാത്ത ഒരു എതിരാളി
കളിയറിഞ്ഞുകൂടാത്ത;
കളിക്കാനാഗ്രഹമില്ലാത്ത ഒരു കളിക്കാരൻ

കളിക്കളം  

Posted by Askarali

അവർ നടക്കുന്ന പാതയിൽ എന്റെ നിഴൽ വീഴാതിരിക്കാൻ
ഞാൻ ശ്രദ്ധിച്ചു
അവർ പറയുന്നതൊന്നും കേൾക്കാതിരിക്കാൻ
ഞാൻ ചെവി പൊത്തിയടച്ചു
അവരുടെ സന്തോഷങ്ങൾ എനിക്കർഹതപ്പെട്ടതല്ലെന്നു പറഞ്ഞ്
എന്നെ വിലക്കി മാറ്റിനിർത്തി
അവരുടെ ഊഴം കഴിഞ്ഞ് മാറുമ്പോൾ മാത്രം
കാണികളാരുമില്ലാത്ത കളിക്കളത്തിലിറങ്ങി
ഒറ്റയാൾ മാത്രമുള്ള കളികൾ കളിച്ച്,
എന്റെ ഭാഗം പൂർത്തിയാക്കുന്നു
എന്നിട്ടും,
ഒരിക്കലും അവരോട് നേരിട്ട് എതിരിടില്ലെന്നറിഞ്ഞിട്ടും,
അറിയാതെ എന്നെ കണ്ടുമുട്ടുന്ന മാത്രയിൽ
അവർ ശത്രുവിന്റെ മാത്സര്യത്തോടെ ചീറുന്നു
എന്റെ കളിക്കളം അലങ്കോലപ്പെടുത്തുന്നു
എന്നെ ആ കളിക്കളത്തിനു നടുവിൽ
കോലംകുത്തി നടന്നുപോകുന്നു...
ആരെ കാണിക്കാനായിരിക്കാം ഇവർ
ഇത്രയും മത്സരബുദ്ധി കാട്ടുന്നത്
ആകാശത്തിരിക്കുന്ന ദൈവത്തിനെയോ?!
അതോ ഭൂമിയിൽ വസിക്കുന്ന
ഏതോ സ്വാർത്ഥ രാജാവിനെ സന്തോഷിപ്പിക്കാനോ
അതോ വെറുതെ അവരുടേ ആത്മസംതൃപ്തിക്കോ?!

ഹൃദയം.. ഹൃദയത്തോട്...  

Posted by Askarali

എനിക്കറിയാമായിരുന്നു നീ ഒരിക്കല്‍ വരുമെന്ന്!
വൈകിയ വേളയിലെങ്കിലും നീ എന്റെ നഷ്ടപ്പെട്ട ഹൃദയത്തെ
തിരിച്ചറിയുമെന്ന്.
ഞാന്‍ എന്റെ നഷ്ടങ്ങളില്‍ എവിടെയോ എന്റെ ഹൃദയത്തെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു.
അതി വിദഗ്ദ്ധമായി നീ അത് കണ്ടുപിടിച്ചിരിക്കുന്നു!
അഭിനന്ദനങ്ങള്‍!
പക്ഷെ, ഞാന്‍ പ്രതീക്ഷിച്ചപ്പോഴൊന്നും നീ വന്നില്ല.
ഞാന്‍ കരുതി, നീയും മറ്റുള്ളവരെയൊക്കെപ്പോലെ വെറും ഒരു നിഴല്‍ മാത്രമാണെന്ന്.
പക്ഷെ, എന്റെ കണ്ണില്‍ നിന്നുതിരുന്ന കണ്ണീര്‍ പറയുന്നു,
നീ എനിക്കന്യനല്ല എന്ന്.
ഏതോ ജന്മത്തില്‍ നിന്നും നീ എന്നെ തേടിയെത്തിയപോലെ!
എന്റെ ദുഃഖങ്ങള്‍ക്ക് ഏകാന്തതകള്‍ക്ക് ഒക്കെ ദൃക്‌സാക്ഷിയാകാനോ
നീ ഇത്ര ദൂരം താണ്ടി വന്നത്?!
ദാ നോക്കൂ! നീ കരുതും പോലെ എനിക്കൊരു പ്രത്യേകതയുമില്ല.
പോരാത്തതിന്, എന്റെ ഹൃദയം വളരെ കാഠിന്യമായിരിക്കുകയാണ്.
വെറുതെ തമാശയ്ക്കായാണെങ്കില്‍, അതിനെ വെറുതെ വിടുന്നതാണ് അഭികാമ്യം.
വെറുതെ, ഒരന്യനെപ്പോലെ, നിസ്സംഗനായി ദൂരെ നിന്ന് വീക്ഷിക്കുക.
അല്ലെങ്കില്‍,
നിന്റെ മൃദുലത, എന്റെ ഉണങ്ങിയ മുറിവുകള്‍ വീണ്ടും തുറപ്പിക്കും,
വേദന താങ്ങാനാവാതെ ഞാന്‍ പിടയും,
എന്റെ കണ്ണീര്‍ കാണുമ്പോള്‍ എന്റെ രക്ഷകര്‍‍ ആര്‍ത്തട്ടഹസിക്കും..
‘ഈ പാഴ്കണ്‍നീര്‍, അത് എല്ലാവരെയും നശിപ്പിക്കും
ഇവിടെ ജീവിക്കാന്‍ വേണ്ടത് നിന്റെ കാഠിന്യമത്രെ’, എന്നാക്രോശിക്കും.
എന്റെ പാവം ഹൃദയം അതു കേട്ട്, വീണ്ടും കൊട്ടിയടക്കപ്പെടും.
എല്ലാറ്റിനും നീ ദൃക്‌സാക്ഷിയാകേണ്ടി വരും.
സ്നേഹിക്കുന്നവരുടെ മുന്നില്‍ വച്ച് അപമാനിക്കപ്പെടുന്നതില്‍പ്പരം
ദുഃഖം മറ്റൊന്നിനുമില്ല എന്നു നീ മനസ്സിലാക്കുക..

[ഒരു സിനിമ കണ്ടപ്പോള്‍ തോന്നിയത്]

പാറയും സൂര്യനും തൂണും പറഞ്ഞത്...  

Posted by Askarali

പാറ
എന്റെ കണ്ണീര്‍ ഉലയ്ക്കുന്നത്
നിന്റെ വീടിന്റെ അടിത്തറയായിരിക്കും.

ഞാനൊരു പാറയാണ്
ഇളകാതെ,ഉലയാതെ, നില്‍ക്കേണ്ട ഒരു പാറ.
എന്റെ ഉലച്ചില്‍ തകര്‍ക്കുക കെട്ടിടങ്ങളുടെ ഭദ്രതയായിരിക്കും,
അവിടെ വാഴുന്ന അനേകം പേരുടെ സ്വപ്നങ്ങളായിരിക്കും..

മഴയേ,
എന്നെ വെറുതെ തഴുകിയിറങ്ങൂ
വേനലില്‍ കരുവാളിച്ചു നില്‍ക്കുന്ന എന്റെ ചൂട് അല്പമൊന്ന്
ശമിച്ചോട്ടെ.

എന്നില്‍ ആര്‍ദ്രത തീരെയില്ല നിനക്ക് ആഴ്ന്നിറങ്ങാന്‍
എന്റെ ആര്‍ദ്രത ആപത്തു വരുത്തി വയ്ക്കും..
ഒരു പക്ഷെ,അത് തകര്‍ക്കുക മറ്റനേകം പേരുടെ ഭദ്രതയാകും..
എന്റെ അചഞ്ചലതയില്‍ മറ്റുള്ളവര്‍ സ്വപ്നങ്ങള്‍ പണിതോട്ടെ.

സൂര്യന്‍

ദാ നോക്കൂ ഞാന്‍ ഒന്നു മയങ്ങിയിട്ട് എത്ര നാളായെന്നോ!
ഒന്നു മയങ്ങിയാല്‍ എന്നെ പൊതിയുന്ന സ്വപ്നങ്ങളില്‍ പെട്ട്
എന്റെ കര്‍മ്മങ്ങള്‍ മറന്നുപോകുമോ എന്നു ഭയക്കുന്നു ഞാന്‍!

എന്റെ ഓരോ കണ്‍ ചിമ്മലില്‍ക്കൂടി ഞാന്‍ ജീവികള്‍ക്ക്
പകലും രാത്രിയും ഒരുക്കുന്നു..
കണ്ണടയ്ക്കുമ്പോള്‍ പകുതിപ്പേര്‍‍ ഉറങ്ങുന്നു..
അനേകം സ്വപ്നങ്ങള്‍ കണ്ട് കണ്ട്..
അപ്പോഴും ഞാന്‍ എരിയുന്നു
മറ്റു പകുതിപ്പേര്‍ക്ക് വെളിച്ചവുമായി..

എന്റെ ഉറക്കമില്ലായ്മയിലാണ് ജീവികളത്രയും ഉറങ്ങിയുണരുക
എന്റെ എരിഞ്ഞടങ്ങലില്‍ ആണ് അവരുടെ ജീവന്റെ നിലനില്പേ..

തൂണ്‍

ഒരു നിമിഷം.. ഒരു നിമിഷം, എന്റെ കയ്യൊന്ന് തളര്‍ന്നാല്‍,
ഞാന്‍ തളര്‍ന്നാല്‍,
നിന്നെ താങ്ങി നിര്‍ത്താനാവാതെ വന്നാല്‍,
നീയാകെ തകര്‍ന്ന് തരിപ്പിണമാകും.
എന്റെ മുകളില്‍ തകര്‍ന്നു തരിപ്പിണമായി
വീഴുന്ന നിന്റെ ആയിരം സ്വപ്നങ്ങളുടെ ചിതയാകും.
ആ ചിതയില്‍ കിടന്നുകൊണ്ട് ഞാനെങ്ങിനെ
എനിക്കായി മാത്രം ഒരു സ്വപ്നം നെയ്തെടുക്കാന്‍!
വേണ്ട! എനിക്കായി ഒരു സ്വപ്നം വേണ്ട
സ്വപ്നങ്ങള്‍ എന്നെ തളര്‍ത്തിയാലോ!
നിന്റെ സ്വപ്നങ്ങള്‍ എന്റെയും സ്വപ്നങ്ങളാകട്ടെ..


[ആക്ച്വലി, റിയലി, ഞാനിപ്പോള്‍ Khaled Hossein- ന്റെ A thousand splendid Suns വായിച്ചുകൊണ്ടിരിക്കയാണ്. അതില്‍ സ്വപ്നം കണ്ടുകൊണ്ടു നടന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ താന്‍ ജനിച്ചു വളര്‍ന്ന ഗ്രാമത്തില്‍ നിന്നും ദൂരെ,അപരിചിതമായ ഒരിടത്ത്,അപരിചിതനായ ഒരാള്‍ക്ക് വിവാഹം ചെയ്തുകൊടുക്കുന്നു. അവിടെ അവള്‍ ജീവിക്കാന്‍
ശ്രമിക്കുന്നു.. ഭയപ്പാടോടെയെങ്കിലും..ഇഴുകിച്ചേരാന്‍ ശ്രമിക്കുന്നു.. (കുറച്ചേ വായിച്ചുള്ളൂ)
ഇനി ഈ ബുക്ക് വായിക്കുന്നതുകൊണ്ടാകുമോ ഇത്തരം ചിന്തകള്‍ ഉരുത്തിരിയുന്നത് എന്നും അറിയില്ലാ..]

ആലംബം  

Posted by Askarali

എന്റെ നല്ല പ്രായത്തിലൊക്കെ
ഞാന്‍ നിന്നെ കണ്ടില്ലെന്നു നടിച്ചു
നീ ചപലനായ കാമുകനാണെന്ന് പറഞ്ഞ്
കളിയാക്കി
അനേകം കാമുകിമാരുള്ള നിന്നെ ഭജിക്കുന്നവര്‍
വിഡ്ഡികളായെണ്ണി
രാധ ഏറ്റവും വലിയ വിഡ്ഡിയായി തോന്നി

പക്ഷെ, ഇപ്പോള്‍ കണ്ണാ..

ഈ വൈകിയ വേളയില്‍
എനിക്ക് കാലിടറുന്നു..
ജീവിതയാത്രയില്‍ ഞാന്‍ തോറ്റുപോകുമോ
എന്നു ഭയക്കുന്നു..
എന്റെ പാദങ്ങള്‍
കല്ലിലും മുള്ളിലും തട്ടി ചോര കിനിയുന്നു..
എന്റെ മനസ്സിന്റെ കാഠിന്യമാകെ നഷ്ടമായിരിക്കുന്നു
എനിക്ക് ആലംബമായി നീയേ ഉള്ളൂ എന്ന് ഞാനറിയുന്നു

[ഇത് കുറൂരമമ്മയെപ്പോലെ, പ്രായമുള്ള മറ്റൊരു സ്ത്രീ വിലപിക്കുന്നതാകാം..]

അഹല്യ  

Posted by Askarali

വൈകിയ വേളയിലീപ്പൂപെറുക്കാന്‍
എത്തുമോ ദേവന്‍ അറിയില്ല തെല്ലും
കൊടിയ വേനലില്‍ കരിഞ്ഞുപോയ് പൂക്കള്‍
മണമേറെയില്ലിനി മധുവൊട്ടുമില്ല

വാടിയ പൂവുമായ് നില്‍ക്കുന്നു ഞാനീ
ആളൊട്ടുമില്ലാത്തൊരീ പൂവാടിയില്‍
ആട്ടം കഴിഞ്ഞു അരങ്ങുമൊഴിഞ്ഞു
തന്‍ കഥാനായകനെങ്ങോ മറഞ്ഞു

എത്തുമോ വീണ്ടും ഒരുദിനമവനീയരങ്ങില്‍
വിധുരയാം രാധപോല്‍ വിരഹം വിതുമ്പി
മുകരുമോ ദേവനീ വാടിയ പൂക്കള്‍
നിവേദിക്കാനെനിക്കുമില്ലര്‍ഹത തെല്ലും

പാടിയുണര്‍ത്തുന്നു മറന്ന ഗാനങ്ങള്‍
പണ്ടെങ്ങോ കളഞ്ഞുപോയൊരാ
പുല്ലാംഗുഴലിനെ തേടുകയാണിന്നും
പാതിനിദ്രയിലറിയാതെ എന്മനം

നാളെ പുലര്‍കാലെ പൂത്തുവിടരുമാ
പുതുപുഷ്പങ്ങളുമായ് കാത്തുനില്‍ക്കും
രാഗാര്‍ദ്രനായ് വരുമെന്റെ ദേവന്റെ
കല്‍കളില്‍ കാണിക്കയായര്‍പ്പിച്ചീടും

അല്ലാതെ വേറെന്ത് ആശിക്കുവാനിനി
ശാപമോക്ഷം തേടും മറ്റൊരഹല്യ ഞാന്‍
കണ്ടില്ലൊരിക്കലും ശാപമോക്ഷം തേടും
അഹല്യതന്‍ ഹൃത്തടം രാമന്‍

[എന്റെ കൂട്ടുകാരി അഹല്യയെപ്പറ്റി എഴുതിയ ഒരു കവിതയാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായം തോന്നുന്നെങ്കില്‍ എഴുതൂ.. വലിയ അനുഭവസമ്പത്തൊന്നുമില്ലാതെ തട്ടിക്കൂട്ടുന്ന കവിതയായതുകൊണ്ട് കുറ്റങ്ങളും കുറവുകളുമൊക്കെ ധാരാളം കാണും.
കഥ എങ്ങിനെയെന്നാല്‍..
ഗൌതമ മുനിയുടെ പതിവ്രതയായ ഭാര്യ അഹല്യ ഭര്‍ത്താവിനെ ശുശ്രൂക്ഷിച്ച് കഴിയവെ, ഇന്ദ്രന് അഹല്യയില്‍ മോഹമുദിക്കുകയും , ഗൌതമമുനിയുടെ രൂപത്തില്‍ വന്ന് അവളോട് ഇഷ്ടംകൂടുകയും ചെയ്തു(പക്ഷെ, അഹല്യ തെറ്റുകാരിയായിരുന്നോ?). മുനി കാര്യങ്ങള്‍ ഗ്രഹിച്ചപ്പോള്‍ ഇന്ദ്രനെയും അഹല്യയെയും
ശപിച്ചു.
അഹല്യയെ ശപിച്ച് കല്ലാക്കി അനേകവര്‍ഷം നിര്‍ത്തി. ഒടുവില്‍ ശ്രീരാമന്റെ പാദസ്പര്‍ശന മേല്‍ക്കുമ്പോഴാണ് അഹല്യക്ക് ശാപമോക്ഷം കിട്ടുന്നത്. സ്വാഭാവികമായും അഹല്യക്ക് തന്നെ ശപിച്ച് കല്ലാക്കിക്കളഞ്ഞ ഭര്‍ത്താവിനെ ഇഷ്ടപ്പെടാന്‍ കഴിയുമോ? അല്‍പ്പം കൂടി ഉയര്‍ന്ന ഒരു ഹൃദയത്തില്‍ ഇടം തേടാനായി ശ്രീരാമന്‍/ശ്രീകൃഷ്ണന്‍ ( മനസ്സില്‍ മാത്രം) അവള്‍ നിന്നതാകും. വര്‍ഷങ്ങളോളം കല്ലായി നിന്ന അഹല്യയില്‍ മണവും മധുവും ഒന്നും കാണില്ല. മോക്ഷം(കൂടെ ഒരിച്ചിരി സ്നേഹവും) നേടാനുള്ള ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. ആരും അഹല്യയെ അറിഞ്ഞില്ല എന്നൊക്കെ കരുതി എഴുതി നോക്കിയതാണ് എന്റെ കൂട്ടുകാരി . ഒന്നും ശരിയായില്ല അല്ലെ, സാരമില്ല.]

വിധി  

Posted by Askarali

ഞാന്‍ എഴുതാനായി കയ്യിലെടുത്ത പേപ്പര്‍
കാറ്റടിച്ച് പറത്തി
അടുത്ത മേശമേല്‍ ഇട്ടു,
എന്റെ മഷിക്കുപ്പി തട്ടിമറിഞ്ഞ്
എന്റെ എഴുത്തുപുരയാകെ
അലങ്കോലമായി,
എന്റെ പേപ്പറില്‍ അവര്‍
കവിതകളെഴുതുന്നത് ഞാന്‍ കണ്ടു.
ഞാന്‍ പാടാന്‍ വന്ന രാഗം അവര്‍ മൂളുന്നതും..

ചിലര്‍ അങ്ങിനെയാണ്
മറ്റുള്ളവരുടെ സ്വപ്നങ്ങള്‍
സ്വന്തമാക്കുമ്പോള്‍ മാത്രം
സന്തോഷിക്കുന്നവര്‍
സ്വന്തമായി സ്വപ്നങ്ങള്‍ കാണാന്‍
ഇഷ്ടമില്ലാത്തോര്‍

അന്തര്‍മുഖര്‍  

Posted by Askarali

ഓര്‍ക്കുക,
ഒരു എഴുത്തുകാരന്‍/എഴുത്തുകാരി
സ്നേഹത്തെപ്പറ്റിയോ പ്രേമത്തെപ്പറ്റിയോ
എഴുതുന്നത്
അത് ലൌകീക സ്നേഹത്തിനുവേണ്ടിയുള്ള്
പിടച്ചിലല്ല
അതിനു എഴുത്തല്ല നിവര്‍ത്തി
ലൌകീകര്‍ക്ക് സാദ്ധ്യമാകുന്ന മറ്റ് അനേക വഴികളുണ്ട്
അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി ഒരു എഴുത്തുകാരന്‍
സ്നേഹത്തെപ്പറ്റി അന്തര്‍മുഖമായിരുന്ന് എഴുതുന്നത്
അവന്റെ ആത്മാവില്‍ ഒളിഞ്ഞിരിക്കുന്ന
സ്നേഹത്തിനുവേണ്ട്, ആത്മാര്‍ത്ഥതയ്ക്കുവേണ്ടി
സത്യത്തിനുവേണ്ടി ഒക്കെയുള്ള പിടച്ചിലാകാം.
അതുമല്ലെങ്കില്‍ ആത്മസംതൃപ്തിക്കുവേണ്ടി എഴുതുന്നതുമാകം..
അവരെ വെറുതെ കുരിശിലേറ്റണ്ട..
[എഴുത്തുകാരന്‍/എഴുത്തുകാരി എന്നൊക്കെ എഴുതിയത് വലിയ സാഹിത്യകാരന്മാരെ ഉദ്ദേശിച്ചൊന്നുമല്ല, എഴുതുന്നവര്‍ എന്നു മാത്രം അര്‍ത്ഥം)

മോഹപ്പക്ഷികള്‍  

Posted by Askarali

എന്റെ ഉള്ളില്‍ സ്വസ്ഥമായി വസിക്കുന്ന മോഹപ്പക്ഷികള്‍
അവ ദൈവസ്നേഹത്താല്‍ സംതൃപ്തരായി വസിക്കുമ്പോള്‍
പൊടുന്നനെ വശീകരണ മന്ത്രവുമായി സ്നേഹദൂതര്‍ വരും
അചഞ്ചലരായിരിക്കുന്ന എന്റെ കിളികളെ
അവര്‍ പലതും പറഞ്ഞ് ചഞ്ചലചിത്തരാക്കും
ഒടുവില്‍ തങ്ങളുടെ നിസ്സംഗത കൈമോശം വന്ന കിളികള്‍‍
വെളിയിലേയ്ക്ക് പറക്കാന്‍ തുടങ്ങും..
ഇടയിലെ കണ്ണാടി ഭിത്തിയെപ്പറ്റി അബോധവാന്മാരായ അവര്‍
അതില്‍ ചെന്നിടിച്ച് നിലത്തുവീണ് പിടയും
പിന്നെ, എന്റെ തോളില്‍ തന്നെ തല തല്ലിക്കരയും

എങ്കിലും അവ ഇടയ്ക്കിടെ പമ്പര വിഡ്ഡികളെപ്പോലെ
സ്നേഹിക്കപ്പെടാനായി സ്നേഹിക്കാന്‍ തുടങ്ങും
ഒടുവില്‍ തോറ്റ് വന്ന എന്റെ തോളില്‍ തന്നെ തല തല്ലിക്കരയും

ആഗ്രഹങ്ങള്‍  

Posted by Askarali

അവള്‍, കമന്റ് കിട്ടാത്തതലുപരി
ഒന്നും എഴുതാനില്ലാതാവുമ്പോള്‍ വിഷമിക്കുന്നു
പണമില്ലാത്തതിലുപരി
അതു സ്വാതന്ത്ര്യമായി ചിലവാക്കാനാവാത്തതില്‍ വിഷമിക്കുന്നു
ആഹാരമില്ലാത്തതിലുപരി
അത് ഉണ്ടായിട്ടും കഴിക്കാനാവാത്തതില്‍ വിഷമിക്കുന്നു

മുകിലോളം അഴല്‍ മനസ്സിലുണ്ടെങ്കിലും
മതിയാവോളം കരയാനാവാത്തതില്‍
ചിരിക്കാനാശയുണ്ടെങ്കിലും കൊതിതീരുംവരെ
ചിരിക്കാനാവാത്തതില്‍;

നിന്നെ കാണാന്‍ കടലോളം ആഗ്രഹമുണ്ടെങ്കിലും
കാണാനാവാത്തതില്‍
നിന്റെ സ്വരം കേള്‍ക്കാന്‍ കൊതിയുണ്ടെങ്കിലും
കേള്‍ക്കാനാവാത്തതില്‍
നീ ആരെന്നറിയാന്‍ ആശയുണ്ടെങ്കിലും
സഫലമാകില്ലാത്തതില്‍;

കടലോളം വെള്ളമുണ്ടെങ്കിലും
ദാഹം തീര്‍ക്കാനാവാത്തതില്‍
കുന്നോളം സ്നേഹമുണ്ടെങ്കിലും
ചൊരിയാനാവാത്തതില്‍
വാനോളം സ്വപ്നമുണ്ടെങ്കിലും
സാഷാത്ക്കരിക്കാനാവാത്തതില്‍

മയിലോളം കൊതി മനസ്സിലുണ്ടെങ്കിലും
ചടുല നടനമൊന്നാടാനാവാത്തതില്‍
കുയിലോളം നാദം മനസ്സിലുണ്ടെങ്കിലും
മധുരമായൊന്ന് പാടാനാവാത്തതില്‍

[തല്‍ക്കാലം മതിയാക്കാം അല്ലെ, ഇനിയും ചിലപ്പോള്‍ തുടര്‍ന്നേക്കും...
പക്ഷെ, ഇതൊന്നും ആത്മയുടെ ആഗ്രഹങ്ങളല്ലേ, ചുറ്റും കാണുന്ന മനുഷ്യരുടേതാണ്. പറഞ്ഞില്ലെന്നു വേണ്ട. വേണമെങ്കില്‍ ഒരു ചെറുപ്പക്കാരിയുടെ/ചെറുപ്പക്കാരന്റെ ചിന്തകളായി കണക്കാക്കാം...]

പാസ്സ് വേഡ്  

Posted by Askarali

ഏകാന്തതയും മാറാരോഗവും
ബാധിച്ച
സുന്ദരിയായ
തൊണ്ണൂറുവയസ്സുകാരി
വിറക്കുന്ന കരങ്ങളോടെ
പാസ്സ് വേഡ് അടിച്ചു;
ബ്ലോഗ് ലോകത്തില്‍ കയറി;
മധുരപ്പതിനേഴുകാരിയായി.
അവള്‍ക്ക് നിറയെ സ്വപനങ്ങളുണ്ടായി;
അത് വാങ്ങാന്‍ ആള്‍ക്കാരും,
അവഹേളിക്കാന്‍ ആള്‍ക്കാരും,
ഉണ്ടായി.

അവള്‍ക്ക് യധാര്‍ത്ഥ ലോകത്തില്‍
തിരിച്ചുപോകാനുള്ള പാസ്സ് വേഡ്
മറന്നുപോയി!
മനസ്സില്‍ തപ്പി
കണ്ടില്ല;
ഹൃദയത്തില്‍ തപ്പി
കണ്ടില്ല;
പാസ്സ് വേഡ് മറന്ന തൊണ്ണൂറുകാരി
പതിനേഴുകാരിയായി
നിത്യ യൌവ്വനം കൈവരിച്ച്
ഉടലുനഷ്ടപ്പെട്ട ആത്മാവുമായി
ബ്ലോഗുലോകത്ത് സ്ഥിരതാമസമാക്കി!

പാഞ്ചാലി  

Posted by Askarali

അര്‍ജ്ജുനനെ സ്നേഹിച്ച കന്യക പാഞ്ചാലി
ധര്‍മ്മപുത്രരുടെ മണിയറയില്‍ പ്രവേശിക്കുമ്പോള്‍
കാലുകള്‍ വിറച്ചു!
ജ്യേഷ്ഠന്‍; പിതൃ തുല്യ സ്ഥാനമര്‍ഹിക്കുന്ന
ജ്യേഷ്ഠന്‍!
ഭീമന്റെ ഊഴവും കഴിഞ്ഞ്
അര്‍ജ്ജുനന്റെ മുന്നിലെത്തുമ്പോള്‍
പാഞ്ചാലിയിലെ കാമുകി മരിച്ചിരുന്നു
പിന്നീട് നകുല സഹദേവന്മാരുടെ
കിടക്കറകൂടി പങ്കിടുമ്പോള്‍ അവളിലെ
പാവനമായ മാതൃ സ്നേഹവും അവള്‍ക്ക്
കള‍ങ്കപ്പെട്ടിരുന്നു
എന്നിട്ടും അവള്‍ ആശ്വസിച്ചു;
‘അവര്‍ വിജയിച്ചോട്ടെ,
അഞ്ച് ആണ്മക്കളെ പ്രസവിച്ച് വളര്‍ത്തിയ
കുന്തീദേവി’!

പിന്നീടൊരിക്കല്‍,
അര്‍ജ്ജുനനോടൊപ്പം
സര്‍വ്വാഭരണഭൂക്ഷിതയായി
തേരിലേറി വന്ന
സുഭദ്രയില്‍ തെളിഞ്ഞു കണ്ട
കാമുകിയുടെ പരിവേഷം കണ്ട്
പാഞ്ചാലിയുടെ കണ്ണില്‍
ഊറിയ കണ്ണീര്‍
പുറത്തുവരാനാകാതെ
ഹൃദയത്തിലേയ്ക്കു തന്നെ തിരിച്ചൊഴുകി.

[ ഇതു വായിച്ചിട്ട് എഴുതിയ ആള്‍ പണ്ടത്തെ ജന്മത്തില്‍ പാഞ്ചാലിയായിരുന്നെന്നോ, ഈ ജന്മത്തില്‍ ആയിരിക്കാമെന്നോ അല്ലെങ്കില്‍ അടുത്ത ജന്മം ആകാന്‍ ആഗ്രഹിക്കുന്നോ എന്നൊന്നും ആരും ഇമാജിന്‍ ചെയ്യില്ലെന്ന് വിശ്വസിച്ചോട്ടെ, ]

 

Posted by Askarali

മകന്‍ ചോദിക്കുന്നു, ‘അമ്മേ എന്തിനാ നാമൊക്കെ ജനിച്ചത്?’ദൈവത്തിനോട് ഞാന്‍ പറഞ്ഞായിരുന്നോ ജനിക്കണമെന്ന്ദൈവത്തിന് ആരേയും ഒന്നിനേയും ജനിപ്പിക്കാതിരുന്നുകൂടെ?ഒന്നും വേണ്ടായിരുന്നു, ശൂന്യതമാത്രം മതിയായിരുന്നു.ഞാനെന്തു പറയാനാണ് ഞാന്‍ ജനിച്ചതേ എന്തിനാണെന്നറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ്ബാല്യത്തിലേ ജീവിതത്തിനെപ്പറ്റി ഇത്ര ആശങ്കയോടെ നോക്കുന്ന ഇളം തലമുറ!എന്തിനായിരിക്കാം ജനിച്ചത്?വെറുതെ ഈ ലോകം ഒന്നു വിസിറ്റ് ചെയ്തിട്ട് പോകാനായിരിക്കാം.എന്തായാലും എനിക്കറിയില്ല തന്നെ

ഉത്തരം തേടി  

Posted by Askarali

മുത്ത് ചിപ്പിക്കുള്ളില്‍
ഒളിഞ്ഞിരിക്കുന്നതെന്തിനാണ്?
നിറയെ മുള്ളുകളാല്‍
എന്തിനാണ് റോസാച്ചെടി ചുറ്റപ്പെട്ടിരിക്കുന്നത്?
തീരെ മൃദുവായ പഴങ്ങള്‍
പരുക്കനും കട്ടിയുള്ളതുമായ പുറം തോടാല്‍
ചുറ്റപ്പെട്ടിരിക്കുന്നതെത്തിനാണ്?
നിന്നെ പരുക്കരായ മനുഷ്യരുടെ ഇടയില്‍
ജീവിക്കാന്‍ വിട്ടതെന്തിനാണ് ചില പാവങ്ങളെ?
ഹൃദയം, വാരിയെല്ലാല്‍ ആവരണം ചെയ്തിരിക്കുന്നതെന്തിനാണ്‌?
ആത്മാവ്, അതിലും പരുക്കനായ മനസ്സിനാല്‍‍
ആവരണം ചെയ്തിരിക്കുന്നതെന്തിനാണ്?

സ്വപ്നസഞ്ചാരി  

Posted by Askarali

അവളുടെ സഞ്ചി നിറയെ
സ്വപ്നങ്ങളായിരുന്നു;
വിലപിടിപ്പുള്ള അമൂല്യ സ്വപ്നങ്ങള്‍!
ഭാരമുള്ള സ്വപ്നസഞ്ചിയുമായി
നീങ്ങുമ്പോഴും,
വഴിവക്കില്‍;
സ്വപ്നം വാങ്ങാന്‍ വന്നവരെയൊക്കെ
നിരാശരാക്കി,
അവള്‍ നടന്നകന്നു

ഒടുവില്‍,
അവളുടെ സ്വപ്നങ്ങള്‍
മൊത്തമായി വാങ്ങാ‍ന്‍ വന്നയാളിനേയും
നിരാശയാക്കി അവള്‍ നടന്നു,
എന്തിനെന്നറിയാതെ,
സ്വപ്നങ്ങളും നെഞ്ചോടടുക്കി വച്ച്

ഒടുവില്‍,സ്വപ്നങ്ങള്‍ക്ക് മൂല്യത്തകര്‍ച്ച
വന്നു തുടങ്ങി.
വിലതീരെയില്ലാത്ത സ്വപ്നങ്ങളുടെ ഭാരം
അവളെ തളര്‍ത്തി.
ഗത്യന്തരമില്ലാതെ അവള്‍
തന്റെ സ്വപ്നങ്ങളെ
വഴിയോരത്താകെ വാരിവിതറി തീര്‍ത്തു

ആര്‍ക്കും വേണ്ടാത്ത സ്വപ്നങ്ങള്‍
അവളെ ദയനീയമായി നോക്കി.
സ്വപ്ന വ്യാപാരികള്‍ അവളെ
പരിഹസിച്ചു ചിരിച്ചു,
‘അന്ന്, ഇരട്ടി വിലയ്ക്ക് തന്നില്ല
തന്നെങ്കില്‍ പൊന്നുപോലെ
സൂക്ഷിച്ചേനെ;
ഇപ്പോള്‍ പാഴ് മണ്ണില്‍
ആര്‍ക്കും വേണ്ടാതെ’
അവര്‍ ആര്‍ത്തുചിരിച്ചു.

മണ്ണില്‍ പുതഞ്ഞു മറയുന്ന
സ്വപ്നങ്ങളെ അവള്‍
ആശീര്‍വ്വദിച്ചു
‘പോകൂ ധൈര്യമുള്ള
യുവഹൃദയം നോക്കി
പോയി ചേക്കേറൂ’

[ഭാവന ഭാവന ഭാവനമാത്രം]

പുണ്യവതി  

Posted by Askarali

ഓരോ പ്രാവശ്യം പ്രസവിക്കുമ്പോഴും
വേദനയോടെ കുഞ്ഞുങ്ങളെ നദിയിലെറിയുമ്പോള്‍
തലതല്ലിക്കരയാന്‍ തോന്നും ഗംഗയ്ക്ക്
എങ്കിലും നിയന്ത്രിയ്ക്കും
താന്‍ തിരഞ്ഞെടുക്കപ്പെട്ട അമ്മയായിരുന്നല്ലൊ
അഷ്ടവസുക്കളാല്‍;
അവര്‍ക്ക് മോക്ഷപ്രാപ്തിക്കായി.
അവരുടെ മോക്ഷമാണ് തനിക്കു വലുത്
തന്റെ മാതൃത്വം അല്ല.
അത്
അവഹേളിക്കപ്പെട്ടോട്ടെ.
എങ്കിലും,
നുരഞ്ഞുപൊങ്ങുന്ന
ഈ വേദന
അതെങ്കിനെ തടുക്കാന്‍?!
ഏതു പുണ്യനദിതേടിയാണ്
ഇനി പുണ്യവതി ഗംഗ
ഒഴുകേണ്ടത്?!
വരദാനം പോലെ
ഒടുവില്‍ കിട്ടിയ
എട്ടാമന്‍
ഭീഷ്മരെയും
നെഞ്ചോടമര്‍ത്തി
ഗംഗ കേണു...
*

കാരാഗ്രഹത്തില്‍ വച്ച്
വേദനയോടെ ഒരൊ കുഞ്ഞിനും
ജന്മം നല്‍കുമ്പോള്‍
നേരിയ ഒരു പ്രതീക്ഷ!
ഈ കുഞ്ഞിനെയെങ്കിലും സഹോദരന്‍
തനിക്കു വളര്‍ത്താന്‍ തരുമായിരിക്കും.
ഓരോ തവണ ഗര്‍ഭം ധരിക്കുന്നതും
ആ പ്രതീക്ഷയോടെയാണ്.
‘തന്നെ അമ്മയാക്കാന്‍
ഈ ജീവനെങ്കിലും കഴിയുമാറാകണേ’
ദേവകി മനം നൊന്ത് പ്രാര്‍ത്ഥിച്ചു.
എങ്കിലും, പ്രസവിച്ച് കുഞ്ഞിനെ
ഒരുനോക്കു കാണാന്‍ കൂടി അനുവദിക്കാതെ
വസുദേവര്‍ കുഞ്ഞിനേയുമെടുത്ത്
കംസന്റെ അരികിലേയ്ക്ക് പോകുമ്പോള്‍
ഇടനെഞ്ചു പൊട്ടിക്കരഞ്ഞു ആ അമ്മ

ഈ ജന്മം തനിക്ക് പുത്രഭാഗ്യമില്ലെന്നുറച്ച്
വിരക്തിപൂണ്ടപ്പോള്‍
വീണ്ടും ദിവ്യ ഗര്‍ഭം!
ദൈവം തന്നതല്ലെ,
തിരിച്ചെടുക്കില്ല
ദേവകി ആശ്വസിച്ചു.

ഒടുവില്‍...
അവന്‍; അമ്പാടിയില്‍;
യശോദയുടെ അരികില്‍;
സുരക്ഷിതനെന്നറിയുമ്പോള്‍,
ഇവിടെ; ഈ അമ്മ;
സന്തോഷിച്ചു.

ഈ ജന്മം തനിക്കിങ്ങനെ.
അനുഭവിച്ചോട്ടെ എല്ലാവരും;
സന്തോഷിച്ചോട്ടെ സകലരും.
പക്ഷെ, താനും അമ്മയാണ്;
സ്വന്തം കുഞ്ഞിനെ ലാളിക്കാനനുവാദമില്ലാത്ത;
കൊഞ്ചിക്കാനനുവാദമില്ലാത്ത;
എന്തിനേറെ,
ഒന്നു കാണാന്‍പോലും ആകാത്ത
അമ്മ!

കംസന്‍ കല്ലിലടിച്ചു കൊല്ലാഞ്ഞ
ഒരു പുത്രനെങ്കിലും
ജീ‍വിച്ചിരുപ്പുണ്ടല്ലോ
തനിക്കതുമതി,
അവള്‍ ആശ്വസിച്ചു.