എല്ലാവരും വെളിയിലൊക്കെ പോകുന്നു.. പാർട്ടിക്കു പോകുന്നു നല്ല നല്ല ഷോ കാണാൻ പോകുന്നു..ആത്മയ്ക്കാണെങ്കിൽ വീട്ടുജോലിയും ഒതുക്കി, മക്കളുടെ സൗകര്യവും ഒക്കെക്കൂടി നോക്കിക്കഴിയുമ്പോൾ ഒന്നിനും നേരാം വണ്ണം പോകാൻ തരപ്പെടില്ല.. അങ്ങിനെ പലപ്പോഴും ഒഴിഞ്ഞുമാറും
എങ്കിലും വെളിയിൽ ആഘോഷിച്ചിട്ടു വരുന്ന ആളുകളെ (പ്രത്യേകിച്ച് മി. ആത്മയെ) കാണുമ്പോൾ കലികയറും.. പിന്നെ വായില്‍ തോന്നിയ കുറച്ചു നല്ല ഡയലോഗുകൾ കാച്ചിയിട്ട്, തിരിച്ചും കണക്കിനു കിട്ടിയാലേ അടങ്ങൂ.. ഷോയും പാർട്ടിയും ഒക്കെ സഹിക്കാം, ഓണച്ചാപ്പാടിനും വിഷു സദ്യക്കും ഒക്കെ ആത്മയ്ക്ക് പോകാൻ പറ്റാതെ മി. ആത്മ പോയി കഴിച്ചിട്ട് വരുമ്പോഴാണ് ഉഗ്രൻ വഴക്ക് . 'എങ്കിലും രാവിലെ ആത്മ ഉണ്ടാക്കിയ ചായയും ഇന്നലെ നല്ല മൃഷ്ടാന്നം ആഹാരവും ഒക്കെ ആത്മേടെ കയ്യുകൊണ്ട് വച്ചതു കഴിച്ചിട്ട് ദാ നല്ലൊരു സദ്യ വന്നപ്പോൾ ആത്മയില്ലാതെ പോയി കഴിച്ചിരിക്കുന്നു!' പിന്നെ ആത്മയുടെ സംസാരത്തിലെ സംസ്ക്കാരം എല്ലാം മൈനസ് സംതിംഗിലേക്ക് ഇറങ്ങും..
ഈ കൊച്ചു കൊച്ചു സൗന്ദര്യ പിണക്കങ്ങൾ ആണു പിന്നീട് വലിയ പിണക്കങ്ങൾ ആകുന്നത് എന്ന് അറിയാമെങ്കിലും ഇതൊക്കെ തന്നെ ആവർത്തിക്കും..
ഇത്രേം ആത്മ മനസ്സിലാക്കിയത് ഈ വർഷം ആണ്! ഈ വർഷത്തിനു പ്രത്യേകം പ്രത്യേകതകളൊന്നും ഇല്ല.. എങ്കിലും ബോറടി കൂടിക്കൂടി വരുന്നു.. വയസ്സ് കൂടിക്കൂടി വരുന്നു(പണ്ടൊക്കെ കൂടുന്നത് അറിയില്ലായിരുന്നു.. ഇപ്പോൾ അതും ഒരു സംഭവമായിരിക്കുന്നു!) ഇതിനെടേൽ ആകെ കിടന്ന് നട്ടം തിരിഞ്ഞപ്പോൾ എങ്ങിനെ ആത്മയുടെ ജീവിതം ഒരൽപം ഇം പൂവ് ചെയ്യാൻ പറ്റുമോ എന്നൊന്നു ഗവേഷിച്ചു നോക്കിയപ്പോൾ കിട്ടിയ ചില കാരണങ്ങൾ.. നാം തന്നെ നമ്മെ ഒറ്റപ്പെടുത്തരുത്, ഇടിച്ചു താഴ്തരുത്, (അങ്ങിനെ കുറേ ഉണ്ട്..എല്ലാം ഒന്നും വെളിപ്പെടുത്തിക്കൂടാ.. 20 സംതിംഗുകാർ ഒരു 20 വർഷം കഷ്ടപ്പെട്ട് കണ്ടുപിടിക്കാനും 30 സംതിംഗുകാർ 10 വർഷം കൂടി കഷ്ടപ്പെട്ടും കണ്ടുപിടിച്ചാൽ മതി. കുറുക്കുവഴി നന്നല്ല..)
അങ്ങിനെ കിട്ടിയ ഒന്നാണ് വല്ലപ്പോഴും എങ്കിലും നാലുക്കൊപ്പം മി. ആത്മേടെ കൂടെ വല്ല പാർട്ടിക്കോ ഷോകൾ കാണാനോ ഒക്കെ പോകണം. മക്കളേം നിർബന്ധിച്ച് കൊണ്ടുപോകണം..
അങ്ങിനെ ഒടുവിൽ സൂര്യയുടെ ഷോ കാണാൻ കുടുംബസമേധം ഇറങ്ങി..
പതിവുപോലെ മി. ആത്മ സീറ്റ് നമ്പർ തന്ന് മുങ്ങി.. പിന്നെ പൊങ്ങിയത് ഷോ കഴിഞ്ഞാണ്.. കുറ്റം പറയരുതല്ലോ, മി. ആത്മയുടെ ബന്ധുക്കള്‍ ഒക്കെ അനങ്ങാന്‍ നിവർത്തിയില്ലാത്തവണ്ണം അരുകിൽ ഉണ്ടായിരുന്നു. വാതുറന്ന് വല്ലതും പറയണമെങ്കിൽ ചിരിക്കണമെങ്കിൽ ഒക്കെ ഭരണ പക്ഷത്തിനെ മിത്രമാക്കിയാലേ രക്ഷയുള്ളൂ എന്നു ബോധം വന്നതിനാൽ പരസ്പരം എല്ലാ തെറ്റുകുറ്റങ്ങളും മറന്ന് ഒരു രണ്ടുമണിക്കൂറത്തെക്ക് ആത്മമിത്രങ്ങളായി ഞങ്ങൾ.. മാതൃകാ കുടുംബ പെണ്ണുങ്ങൾ..
തകർത്തുവച്ച സംഗീതമഴ!, നൃത്ത മഴ..! സംഗീതം കൊണ്ട്ട് ഒരു മായാ പ്രപഞ്ചം തന്നെ ഒരുക്കി സൂര്യക്കാര്‍!..ആത്മ വായും പൊളിച്ചിരുന്നു കണ്ടു..!
എല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ കരയാൻ മുട്ടി നിൽക്കുന്ന ഹൃദയം!
ഇതെന്തുപറ്റി ഹൃദയമേ! നിനക്ക് വെളിയിൽ പോയി ആർമാദിച്ചാലേ സന്തോഷം പൂർണ്ണമാകൂ എന്നു പറഞ്ഞിട്ട് ഇപ്പോൾ ഇതെന്തു കഥ?!
എല്ലാവരും ഇങ്ങിനെയായിരിക്കുമോ?! സന്തോഷിക്കാനായി പോയിട്ട് തിരിച്ച് വരുമ്പോൾ ഒരു കൊട്ട നഷ്ടബോധവുമായിട്ടായിരിക്കുമോ?! ആത്മയ്ക്കറിയില്ല ഈ ആത്മയെ!
(ബാക്കി നാളെ ..)
രാവിലെ ഡിപ്രഷൻ മൂഡാണ് പലപ്പോഴും.. എങ്കിലും ഒരിച്ചിരി എഴുതിയ്ട്ട് വെളിയിൽ പോകാൻ ഒരാഗ്രഹം.. ഇന്ന് മകാളു പറഞ്ഞു, 'കൈറ്റ്സ്' സിനിമാ കാണാൻ കൊണ്ടു പോകാമെന്ന്!
എങ്കിപ്പിന്നെ പോയേച്ച് വരാം അല്ല്യോ!
ഡിപ്രഷന്‍ കഥ ഇങ്ങിനെ..
ഇന്നലെ ഡിപ്രഷൻ തീരനായി, വാങ്ങിയ ഒരു ബാഗ്, '7 ദിവസത്തിനകം കുഴപ്പം വല്ലതും ഉണ്ടെങ്കിൽ മാറ്റിത്തരുന്നതായിരിക്കും..' എന്ന് തരുണീമണി പറഞ്ഞ ഓർമ്മയിൽ.., 'എങ്കിപ്പിന്നെ അതൊന്ന് മാറ്റിനോക്കാം.. ചിലപ്പോൾ സന്തോഷം വരുന്നത് ആ വഴിയാണെങ്കിലോ!' എന്ന ഒരു പ്രതീക്ഷ -വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു.. കാരണം ഞാൻ എന്റെ സാധനങ്ങളൊക്കെ അതിൽ കുത്തി നിറച്ച് ഒന്നോ രണ്ടോ ദിവസം തേരാ പാരാ നടന്നു കഴിഞ്ഞിരുന്നു ഇതിനകം!- എങ്കിലും ട്രൈ ചെയ്യുന്നതിനു കുഴപ്പമില്ലല്ലൊ.. സമ്മതിക്കുകയാണെങ്കിൽ അല്പം കൂടി വലിയ ഒരു ബാഗ് വാങ്ങണം..
കടയുടെ അടുത്തെത്തി. ഒരു ജാപ്പനീസ് തരുണീമണി സന്തോഷമായി സ്വീകരിച്ചു. 'ഞാൻ എന്റെ ബാഗ് മാറ്റി വാങ്ങാൻ വന്നതാണ് അധികം സന്തോഷിക്കണ്ട കുട്ടീ..' ( വയസ്സ്-ഏര്‍ലി 20 സ് ) എന്നു പറഞ്ഞ് അതിനെ സമാധാനിപ്പിച്ചിട്ട് , അകത്തു കയറി..
'ഓ ശരി പെർസൺ ഇൻ ചാർജ് ടൊയിലറ്റിൽ പോയിരിക്കുന്നു.. വന്നയുടൻ ശരിയാക്കിതരാം..'
അവളുടെ ഒപ്റ്റിമിസം കണ്ടപ്പോൾ എനിക്കും അല്പം വന്നു തുടങ്ങിയിരുന്നു..
എന്നാപ്പിന്നെ ആ വലിയ ലേഡി വരുന്നവരെ ബാഗുകളുടെ ചന്തം നൊക്കി നില്കാം എന്നു കരുതി നോക്കി ..
ഉടൻ നമ്മുടെ 20 സംതിംഗ് ഓടി വന്ന്, 'ഇതു നോക്കിയേ.. ഇതു തുറന്നു നോക്കണോ?..'
'ഏയ് തുറന്നൊന്നും നോക്കണ്ട.. ഞാൻ വെറുതെ നോക്കുന്നതാണ്.. ഒരുപക്ഷെ എന്റെ ബാഗ് മാറ്റിത്തരാം എന്നു പറയുകയാണെങ്കിൽ ഏതെടുക്കണം എന്നു നോക്കാൻ.. കിട്ടിയില്ലെങ്കിലും നെവർ മൈന്റ്' (എന്റെ ഇംഗ്ളീഷ് അവൾക്ക് മനസ്സിലായോ എന്നെനിക്കറിയില്ല! പക്ഷെ, എനിക്കു മനസ്സിലായി..)
ഞാൻ ഒരുവിധം നന്നായി പറഞ്ഞെന്ന സമാധാനത്തോടെ ഒരു ബാഗ് എടുത്തു. . അപ്പോൾ അവൾ.. 'അത് നിങ്ങളുടേ ബാഗിന്റെ അത്രേം കാശ് വരില്ല. അത് ഒൻലി 30 നിങ്ങളുടേത് 35 ആണു.'
-സാരമില്ല, മാറ്റിത്തരുന്നതല്ലേ.. അല്പം നഷ്ടം വന്നാലും വേണ്ടില്ല.. ഇഷ്ടമുള്ള ഒരു ബാഗുമായി നടക്കാമല്ലൊ- 'സാരമില്ല മാറ്റിത്തരുന്നെങ്കിൽ ഇതുമതി'.
ഇതിനകം അവളുടേ മേലധികാരി വന്നു. അവളുടേ അത്ര പത്രോസ് പോലും ഇല്ല.. തനി ഒരു തറ സിംഗപ്പൂർ കാരി ചീനത്തി.. മദ്ധ്യവയസ്ക.. (ഇവിടെ മാന്യതയൊന്നും അധികമില്ല...)
അവൾ എന്റെ ബാഗ് ആകപ്പാടെ ഒന്നു നോക്കി..പിന്നെ ഒരേ ഒരു ചോദ്യം!. “നിങ്ങൾ ഇത് ഒരു ദിവസം എങ്കിലും ഉപയോഗിച്ചൊ?”
സത്യസന്ധത എന്നും വിജയിച്ചിട്ടല്ലെ ഉള്ളൂ.. 'ശരിക്കും പറഞ്ഞാൽ ഞാൻ ഒരുദിവ്സം..ഉപയോഗിച്ചു.. ഉപയോഗിച്ചു എന്നു പറഞ്ഞാൽ ഞാൻ എന്റെ സാധനങ്ങൾ എല്ലാം ഇതിൽ വച്ചു നോക്കിയപ്പോൾ എല്ലാം ഫിറ്റ് ആകുന്നില്ല. അത്രയേ ഉള്ളൂ.. '
ഇതിനകം അവർ അവരുടെ ഫൈനൽ വാക്ക് ഉച്ചരിച്ചു കഴിഞ്ഞു!
'സോറി.. ഞങ്ങളുടെ കമ്പനി ഒരിക്കൽ ഉപയോഗിച്ച സാധനങ്ങൾ വാങ്ങി മാറ്റിത്തരാറില്ല.. '
'അല്ലേ.. ഇതൊരു ബാഗ് മാത്രമല്ലെ? നിങ്ങൾക്ക് വേണമെങ്കിൽ പറയാമല്ലൊ, ഞാൻ അത് ഉപയോഗിച്ചിട്ടില്ല എന്ന്! ഞാൻ വെറുതെ അതിൽ സാധനങ്ങൾ വച്ചതേ ഉള്ളൂ ..'
അപ്പോൾ എന്നെ പരിഹസിക്കനെന്നോണം '24 ഔവറിൽ' സാധനം വാങ്ങിയ ഒരു റെസീപ്റ്റ് അതിൽ നിന്നും നോക്കി ചിരിക്കുന്നു!
'ഇല്ല നിങ്ങൾ ഇതു ഉപയോഗിച്ചു കഴിഞ്ഞു.. ഇനി മാറ്റാൻ പറ്റില്ല.. ' (ലാസ്റ്റ് ആന്‍ഡ് ഫൈനല്‍.)
ഞാൻ മറ്റേ ഇന്നസന്റ് ഫേസിനെ ഒരിക്കൽക്കൂടി നോക്കി.. അവളുടെ ഇന്നസൻസിനു ഒരു കളങ്കവും വന്നിട്ടില്ല! ഇപ്പോഴും അതേ ഇന്നസന്റ് ചിരിയുമായി എന്നെ നോക്കുന്നു!
ഒരുനിമിഷം..അവളുടെ ഇന്നസന്‍റ് ചിരി മാറി സഹതാപം വിരുയുമോ എന്ന് ഞാന്‍ തെല്ലൊന്നു ഭയന്നു.. ഇല്ല..! അതെ ചിരി.. അതെന്നെ സമാധാനിപ്പിച്ചു.. (ആശകള്‍ നടന്നില്ലെങ്കിലും, സത്യം ജയിക്കുന്നത് കാണാന്‍ ഒരു സുഖം ഉണ്ട്ട്..!)
'ശരി എങ്കിപ്പിന്നെ അങ്ങിനെയാകട്ടെ.. ഞാൻ വെറുതെ ഒന്നു ട്രൈ ചെയ്തു നോക്കിയതല്ലേ..
എനിക്കറിയില്ലേ.. ഒരിക്കൽ ഉപയോഗിച്ച സാധനം അല്ലെങ്കിലും തിരിച്ചു വാങ്ങില്ലെന്ന്
പകരം വാങ്ങാനും ആവില്ലെന്ന്!.. ' എന്നും പറഞ്ഞ വെളിയിലിറങ്ങി..
നേരെ പോപ്പുലറിൽ പോയി. നല്ല നല്ല ബുക്കുകൾ ഒക്കെ നോക്കി..കുറെ നേരം നിന്നു..
പിന്നെ ഒരു ജപ്പാനീസ് ഷോപ്പിൽ പോയി കുറഞ്ഞ വിലയ്ക്ക് കിട്ടാവുന്ന സാധനങ്ങളൊക്കെ വാങ്ങി കൂട്ടി നോക്കി. ഇപ്പോൾ ഒരുവിധം ഡിപ്രഷൻ ഒക്കെ തീരുന്നുണ്ട്..!
പിന്നെ ആഹാര കടയിൽ പോയി രണ്ട് പാക്കറ്റ് ചോറും വാങ്ങുമ്പോൾ കമ്പ്ലീറ്റ് ഡിപ്രഷനും നീങ്ങിയിരുന്നു...!
( അപൂര്‍ണ്ണം..)
ഈ ബ്‌ളോഗ് ഞാൻ എഴുതുന്നതു തന്നെ എന്നിലെ എന്നെ കണ്ടുപിടിക്കാൻ കൂടിയാണ്..
എന്റെ അനുഭവങ്ങൾ അത് പുറം ലോകത്ത് അവതരിപ്പിക്കാവുന്നതാണോ.. എങ്കിൽ എത്രമാത്രം അവതരിപ്പിക്കാം.. ഏതുരീതിയിൽ അവതരിപ്പിക്കാം എന്നൊക്കെ ഒരു പരീക്ഷണം.. പിന്നെ, നാം ജീവിച്ചിരുന്നു എന്നതിനു ഒരു തെളിവും വേണമല്ലോ,
‘പ്രഥമ പ്രതിശ്രുതി‘ വായിച്ചു തുടങ്ങി. അന്നത്തെ കാലത്ത് പെണ്ണുങ്ങൾ അനുഭവിച്ചിരുന്ന വിഷമതകൾ!
എഴുത്തുകാരിക്ക് ആ അനുഭവങ്ങളെയും യധാർത്ഥ ശരി അല്ലെങ്കിൽ തെറ്റുകളെക്കുറിച്ചും ഒക്കെ നല്ല ബോധമുണ്ടായിരുന്നതുകൊണ്ടാണ് ആ അനുഭവങ്ങൾ എടുത്തുകാട്ടാൻ ആയത് .
ആ ബുദ്ധി ഒരു സാധാരണ ആത്മയ്ക്ക് ഇല്ലല്ലോ, ആത്മ അനുഭവിക്കുന്ന തെറ്റും ശരിയും വിശകലനം ചെയ്യാനോ, ചുറ്റും നടക്കുന്ന ശരിയും തെറ്റുകളും ആയി കമ്പയർ ചെയ്യാനോ ഉള്ള വിവേകം/ബുദ്ധി ഇല്ലാതായിപ്പോയി..
എന്നാൽ എല്ലാറ്റിനേയും അനുസരിക്കുമെങ്കിലും ഉള്ളിൽ, എതിർക്കുന്ന ഒരു മനസ്സാക്ഷി..
അതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്..
പോട്ടെ, ഇത്രയും എഴുതിയത് ഒരുപക്ഷെ, ആ നോവൽ വായനയിൽ നിന്നു കിട്ടിയ ഒരു മൂഡ് ആയിരിക്കാം..
ഇപ്പോൾ ആത്മ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ പഠിച്ചിരിക്കുന്നു. ആത്മയെ മനസ്സിലാക്കാൻ ആത്മ മാത്രമേ ഉള്ളൂ എന്നും... ആത്മയ്ക്ക് തണലായും തുണയായും ഒക്കെ ആത്മ തന്നെ എപ്പോഴും വേണം എന്നും..(ബ്‌ളോഗിൽ അല്ല യധാർത്ഥ ജീവിതത്തിൽ) കൂടാതെ രണ്ടു മക്കളുടെ ജീവിതത്തിന്റെ ഉത്തരവാദിത്വവും ആത്മയ്ക്കുണ്ടെന്നും ആത്മ മനസ്സിലാക്കുന്നു.. ഭർത്താവ് ചെയ്യുന്നതൊക്കെ ശരിയായാലും തെറ്റായാലും അനുസരിച്ച് പോകാതെ ഇതിനൊന്നും സാധ്യമല്ലെന്നും ഒക്കെ അംഗീകരിക്കേണ്ടിയിരിക്കുന്നു..
എന്നാല്‍ ഈ അനുസരണയുടെ ഇടയിലും ഞാന്‍ തീര്‍ത്തും അടിമയല്ല, വിഡ്ഡിയുമല്ല, എല്ലാം അറിയുന്ന ഒരാത്മാവ് എന്റെ ഉള്ളീലും ഉണ്ട് എന്ന ഒരു മുറവിളി.. അത് നിയത്രിക്കാന്‍ പലപ്പോഴും ആകുന്നില്ല..
എന്നാല്‍ ആത്മ ഒരിക്കലും ഒന്നും അല്ലായിരുന്നു എന്നാതാണ് ശരി.. ആരുടെയോ ഒക്കെ ശരിയില്‍ കരുവാകാനായി ഉണ്ടായ ഒരു ജന്മം.. തന്റേടം നഷ്ടപ്പെട്ടുതുടങ്ങിയത് താന്‍ പെണ്ണാണെന്ന ബോധം ഉണ്ടായി തുടങ്ങിയശേഷവും.. പെണ്ണിന്റെ ലോകം ആണിനെ അപേക്ഷിച്ച് വളരെ ഇടുങ്ങിയതാണെന്നും ഉണ്ടായ തിരിച്ചറിവിനു ശേഷമാകണം..
----
അതൊക്കെ പോകട്ടെ, നമുക്ക് ശരിക്കുമുള്ള ലോകത്തിലേക്ക് വരാം..
ആത്മ ഇന്നും ഇന്നലെയുമായി രണ്ടുമൂന്ന് നല്ല കാര്യങ്ങള്‍ ചെയ്തു..
മക്കള്‍ക്ക് കണ്ണാടി വാങ്ങാന്‍ പോയി..
സിനിമാ കാണാന്‍ പോയി..
ആത്മ സ്വയം ഒരു ചെക്കപ്പിനു പോയി..-ഇവിടെ മി. ആത്മയെകിട്ടില്ല.. നാട്ടില്‍ ചെന്നാലും ആരെയും കിട്ടില്ല-
ഒരുകണക്കിനു എല്ലാം തനിയെ ചെയ്യുന്നതിലും ഒരു സുഖമുണ്ട്..!
നമുക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് ഡോക്ടര്‍ പറയുന്നെങ്കില്‍ അത് ആത്മാര്‍ത്ഥതയില്ലാത്ത ലോകത്തെ അറിയിക്കുന്നതിലും ഭേദം നാം മാത്രം അറിയുന്നത്.. അതല്ല ആരോഗ്യമുള്ള ശരീരമാണെന്നറിയുന്നെങ്കില്‍ അത് നമ്മുടെ മാത്രം ഒരു ഗൂഢാനന്ദമായി
മനസ്സില്‍ സൂക്ഷിക്കാം..
അങ്ങിനെ ക് ളിനിക്കില്‍ പോകുമ്പോള്‍ കിട്ടിയ ചിന്തകള്‍ കുറിക്കട്ടെ..,
ആത്മയ്ക്ക് ചുറ്റും കാണുന്ന മനുഷ്യര്‍ പലരും ക് ളിനിക്കില്‍ പോകുന്നവരായി ഒരു തോന്നല്‍..
സിനിമാ കാണാന്‍ പോയപ്പോള്‍ ചുറ്റും കാണുന്ന മനുഷ്യരൊക്കെ ഉല്ലസിക്കാന്‍ പോകുന്നവരാണെന്ന ഒരു തോന്നല്‍..
മി. ആത്മയുടെ പരുഷ സ്വരം കേട്ടിട്ട് വെളിയില്‍ പോകുമ്പോള്‍ കാണുന്ന സ്ത്രീകളെല്ലാം ഭര്‍ത്താവിനാല്‍ ഇല്‍ട്രീറ്റ് ചെയ്യുന്നവരായി തോന്നും..
മക്കളുടെ റിസള്‍ട്ടറിയുന്ന ആയിടയ്ക്ക് വെളിയില്‍ കാണുന്ന മനുഷ്യരൊക്കെ മക്കളുടെ നല്ല റിസള്‍ട്ടില്‍ ത്രില്ലടിച്ചു നടക്കുന്നവരോ, മോശം റിസള്‍ട്ടില്‍ ഡെസ്പ് ആയി നടക്കുന്നവരോ
ഒക്കെയായി തോന്നും..!
മി. ആത്മയുമായി യോജിച്ചു പോകാന്‍ കഴിയുന്ന ദിവസങ്ങളില്‍ വെളിയില്‍ കാണുന്ന സ്ത്രീകളോടൊക്കെ പറയണം എന്നു തോന്നും.. എല്ലാം ടേക്ക് ഇറ്റ് ഈസി.. എല്ലാം മറക്കുക.. പൊറുക്കുക അപ്പോള്‍ ഒന്നും വലിയ പ്രശ്നമായി തോന്നില്ല..
പിന്നെ ബോറഡി മൂഡാണെങ്കില്‍ പുറത്തെ മനുഷ്യരെല്ലാം (കുഞ്ഞുകുട്ടി സഹിതം) ബോറഡിയാല്‍ പൊറുതിമുട്ടുന്നവരായി തോന്നും ..
ഡിപ്രഷന്‍ മൂഡാണെങ്കില്‍ മിക്ക പെണ്ണുങ്ങളും ഡിപ്രസ്സ്ഡ് ആയി തോന്നും..
അതല്ല, പ്രായത്തെ പറ്റിയുള്ള ‘വറി’ വരികയാണെങ്കില്‍ പിന്നെ ചുറ്റുമുള്ള മനുഷ്യരെയൊക്കെ പ്രായത്തിന്റെ ഒരു അളവുകോലില്‍ അളക്കാന്‍ തോന്നും.
ടീനേജേഴ്സൊക്കെ ‘എങ്ങിനെയെങ്കിലും ഒന്നു വലുതായാല്‍ മതി‘ എന്ന ചിന്തയുമായി നടക്കുന്നവരായും..
പ്രായമായവര്‍ ‘ദൈവമേ നല്ല പ്രായമൊക്കെ കഴിഞ്ഞുപൊയല്ലൊ‘ എന്നു വിലപിച്ചു നടക്കുന്നവരായും..
20-40 വയസ്സുകാര്‍ - ശരിക്കും യവ്വനയുക്തര്‍- അവരുടെ പ്രായം എന്താണെന്ന് അവര്‍ പോലും അറിയാതെ കുട്ടികളെ വലര്‍ത്തലും മറ്റുമായി പ്രായം കടന്നുപോകുന്നതറിയാതെ ജീവിക്കുന്നവരായുമൊക്കെ തോന്നും..
അപ്പോള്‍ തോന്നും ശരിക്കും പ്രായത്തിനെയല്ല മനുഷ്യര്‍ മതിക്കുന്നത് യവ്വനത്തിനെയാണ് എന്ന്!
യവ്വനത്തിലെത്താന്‍ തിടുക്കം കൂട്ടുന്ന കൌമാരക്കാര്‍.. യവ്വനം വിടപറയാറാകുമ്പോള്‍ അസ്വസ്ഥരാകാന്‍ തുടങ്ങുന്ന മദ്ധ്യവയസ്ക്കര്‍..
സ്വന്തം മകന്റെ കയ്യില്‍ നിന്നും യൌവ്വനം ഇരന്നു വാങ്ങിയ യയാതി(?) യുടെ പരമ്പരയല്ലെ ഭാരതീയര്‍.. പിന്നെ എങ്ങിനെ യൌവ്വനത്തെ അത്ര ഈസിയായി അങ്ങിനെ തരണം ചെയ്യാനാകും..??!!
എന്നാല്‍ ആത്മ യൌവ്വനത്തെ വരവേറ്റത് വെറുപ്പോടെയാണ്.. സ്ത്രീയായ ഞാന്‍ ശരിക്കും സ്ത്രീയായി മാറിയിരിക്കുന്നു! ഇനി അനിയന്റെ വേഷമിട്ടതുകൊണ്ടോ, മുടി നീളം കുറച്ചു വെട്ടിയിട്ടോ ഒന്നും കാര്യമില്ലാ.. അങ്ങിനെ കീഴടങ്ങുകയായിരുന്നു.. എന്നാല്‍ ഇപ്പോള്‍ വിടപറയാന്‍ തുടങ്ങുമ്പോള്‍ ഒരു വിഷമം.. ഇഷ്ടമില്ലാതെ കൊണ്ടുനടന്നെങ്കിലും, അവഗണനയേ നല്‍കിയുള്ളൂ എങ്കിലും.. എന്തോ പറയാന്‍; അറിയാന്‍, ബാക്കി നില്‍ക്കുന്ന ഒരു വിഷാദ ഭാവം!.. ആ.. അത്രയേ ഉള്ളൂ..
ഒരുപക്ഷെ, വാര്‍ദ്ധക്ക്യത്തിലായിരിക്കും ആത്മ ശരിക്കും സ്വതന്ത്രയായി ജീവിക്കുന്നത്!.. ആര്‍ക്കറിയാം..
ചിലപ്പോള്‍ തുടരും..
പനി ഒരുവിധം തീർന്നു..
ചുറ്റും ചെയ്യാൻ കിടക്കുന്ന അനേകായിരം കൊച്ചു കൊച്ചു ജോലികൾ..
വളരെയേറെ ഹോബികൾ..
പാട്ടുകേൾക്കാം.. (വയലാറിന്റെ കേൾക്കണോ, ഗസ്സൽ കേൾക്കണോ, ഹിന്ദി ഗാനങ്ങൾ കേൾക്കണോ, ആത്മീയ പ്രഭാക്ഷണം കേൾക്കണോ, ...)
ടി. വി കാണാം.. ( ചാനലുകൾ നിരവധി.. പോരാത്തതിനു വാങ്ങിവച്ചിരിക്കുന്ന സി. ഡി കൾ വേറേയും..)
ബുക്കുകൾ വായിക്കാം.. വായിച്ചുകൊണ്ടിരിക്കുന്നതുതന്നെ വായിക്കാം.., അല്ലെങ്കിൽ പുതിയ ഒന്ന് വായിച്ചു തുടങ്ങാം.. (അതും കളക്ഷൻ കുറെ ഉണ്ട്..)
ഇനി?
ബ്ളോഗെഴുതാം.. ( എന്തിനെപ്പറ്റി?? നിരവധി ചിന്തകൾ.. അതിൽ നിന്നും നല്ലത് തിരഞ്ഞെടുക്കണം..)
ഇതൊന്നുമില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു..
ടി.വി, ആവശ്യത്തിനു ബുക്കുകൾ.. കമ്പ്യൂട്ടർ, സി. ഡികൾ കാസറ്റുകൾ ഒന്നുമില്ലാതെ.. വെറുതെ പ്രകൃതിയുടെ താളത്തിനനുസരിച്ച് ജീവിച്ച ഒരു കാലം..
അന്ന് ബോറഡികൊണ്ടു പൊറുതി മുട്ടുമമ്പോൾ കണ്ടുപിടിച്ച് മാർഗ്ഗമാണു പ്രകൃതിയോടുതന്നെ ഇണങ്ങിച്ചേർന്നുകൊണ്ട് അതിനെ തന്റെ ഇഷ്ടത്തിനൊത്ത് രൂപകല്പന ചെയ്ത് അത് പ്രാവർത്തികമാക്കൽ.. ( ഗാർഡണിംഗ്..! അന്ന് നിറച്ചു പൂക്കളുണ്ടായിരുന്നു എന്റെ പൂന്തോട്ടത്തിൽ!.. ഇന്ന് അധികവും പച്ചിലകളാണു)
പിന്നെ വായിച്ച് ബുക്കു തന്നെ വീണ്ടും വായിക്കൽ..അതും ബോറഡിക്കുമ്പോൾ തോന്നും.. ഈ ശൂന്യതയിൽ നിന്ന് എന്തെങ്കിലും അല്ഭുതങ്ങൾ ഉണ്ടാക്കാൻ പറ്റുമോന്ന്
സ്വാഭാവികമായും പെണ്ണുങ്ങൾ അടുക്കളയിൽ പരീക്ഷണങ്ങൾ നടത്തും..(അവിടെ അടുക്കള ഒരു അലോരസം ആയിരുന്നു... ഒരു ജോലിക്കാരി പെണ്ണും അമ്മയും കൂടി കമ്പ്ളീറ്റ് ഭരണവും എറ്റെടുത്ത് നെഗളിക്കുന്നതുകാണുമ്പോൾ.. ഒ.. ഒരു അടുക്കള ജോലി! പോകാൻ പറ.. എന്നും പറഞ്ഞ് വെളിയിൽ വരും..)
പിന്നെയുള്ളത് എഴുത്ത്! എന്തിനെപ്പറ്റി എഴുതണം എന്നറിയില്ല. മനോരമ മംഗളം ഒക്കെ നിറയെ പ്രേമങ്ങൾ പ്രേമഭംഗങ്ങൾ..തനിക്കൊരു പ്രേമവും ഇല്ല. പെൺകുട്ടികളോറ്റുള്ള ആരാധന പ്രേമമാകുമോ?! എങ്കിലും എന്തെൻകിലുമൊക്കെ കോപ്രായങ്ങൾ എഴുതും.. പിന്നെ കീറിക്കളയും ഇതൊന്നുമല്ല സാഹിത്യം എന്ന് ശരിക്കറിയാം..
---
അങ്ങിനെ എഴുതാൻ വന്നത് പോയിക്കിട്ടിയ പനിയെപ്പറ്റി അല്ല്യോ!
പനി വീണ്ടും റ്റാ റ്റാ പറഞ്ഞ് പിരിഞ്ഞു..
ആ ഉൽസാഹത്തിൽ എന്തൊക്കെ ചെയ്യണം എന്നറിയാതെ ആത്മ അങ്ങോട്ടും ഇങ്ങോട്ടും ഒടുന്നു..
അടുക്കള ജോലി ചെയ്യണോ, വെളിയിലത്തെ ജോലി ചെയ്യണോ, അതൊ ബ്ളോഗെഴുതണോ.. ബുക്ക് വായിക്കണോ, പാട്ടുകേൾക്കണോ എന്നിങ്ങനെ ആക്രാന്തം പിടിച്ച ഒരു ദിവസം..!
അടുക്കളേൽ കയറി രണ്ട് കറികൾ വച്ചു..(ഒന്നും തീരുന്നില്ലാ..)
പിന്നെ ഒടി വെളിയിൽ പോയി കുറെ ചെടികൾ വെട്ടിമാറ്റി, പിഴുത് വേറേ നട്ടു.. (ഒന്നും തീരുന്നില്ലാ..)
പാട്ട് കേട്ടു.. (പിന്നെ ഒഫാക്കി..)
ബ്ളോഗും എഴുതി.. (പക്ഷെ, ഒന്നും ആയിട്ടില്ലാ..)
[ഒരു പനി തീര്‍ന്ന് ആരോഗ്യം വീണ്ടുകിട്ടുമ്പോള്‍ ഇത്രയും ആക്രാന്തമെങ്കില്‍ ഒരു ജന്മം കഴിഞ്ഞ് പുനര്‍ജ്ജനിക്കുന്ന ആത്മാക്കള്‍ക്ക് എന്തെല്ലാം ചെയ്യാനുണ്ടാവും!!!- ചുമ്മാതല്ല കൊച്ചു പിള്ളാരൊക്കെ ഇത്രമാത്രം കുസൃതികളും വികൃതികളും ഒക്കെ ആയി നടക്കുന്നത്!]
നല്ല ഉറക്കം വരുന്നു.. എങ്കിലും ബ്ലോഗിനു എന്തെങ്കിലും സംഭാവന ചെയ്യാതെ ഉറങ്ങാന്‍ ഒരു മടി.. ആളുകള്‍ വായിക്കുന്നോ ഇല്ലേ എന്നൊക്കെ വറി പിന്നെയല്ലെ, ആദ്യം നമ്മള്‍ ചെയ്യാനുള്ളത് ചെയ്യണം.. പിന്നേം നമ്മള്‍ ചെയ്യാനുള്ളത് ചെയ്യണം..വീണ്ടും അതു തന്നെ തുടരുക.. കാരണം.., മറ്റുള്ളവര്‍ ചെയ്യാനുള്ളത് നമുക്ക് ചെയ്യാന്‍ പറ്റില്ലല്ലൊ!
മക്കള്‍ക്ക് അവധിയാണെങ്കില്‍ പിന്നെ ആത്മ ബിസിയാണ്. അവരോടൊപ്പം അകത്തും പുറത്തും ഉള്ള ലോകത്ത് ജീവിക്കുക എന്നതില്‍ക്കവിഞ്ഞ് ആത്മേടെ ജീവിതത്തില്‍ വലിയ സന്തോഷം ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഒരാള്‍ തകര്‍ത്തു വച്ച് കുക്കിംഗ് പരീക്ഷണം.. മറ്റേയാള്‍ ബാഡ്മിന്റന്‍ കളി ഒക്കെയാണു.. ആത്മ ചെറുതിലേ അവരുടെ ഫ്രണ്ട് ആയിരുന്നതുകൊണ്ട് അവര്‍ ആത്മേം കൂട്ടും!
അങ്ങിനെ ആത്മ വലിയവരുടെ(മിഡില്‍ ഏജസിന്റെയും ഓള്‍ഡിന്റെയും) യൊക്കെ ലോകത്തു നിന്നുമൊക്കെ അകന്ന് ഒരു കൊച്ചു സ്വര്‍ഗ്ഗം ഉണ്ടാക്കി ജീവിക്കുന്നു!)
ഇന്ന് കോള്‍ഡ് സ്റ്റോറേജില്‍ പോയി വെജിറ്റബിള്‍സ് ചിക്കണ്‍ ഒക്കെ വാങ്ങി. അവളുടെ കയ്യില്‍ വാങ്ങാനുള്ളതിന്റെ ഒരു ലിസ്റ്റ് ഉണ്ട് അത് തേടിപ്പിടിച്ചെടുക്കാന്‍ തന്നെ വളരെ നേരം എടുത്തു.
ഒടുവില്‍ വീട്ടില്‍ വന്ന് ‘തായ് സപൈസി നൂഡിത്സ്’ ഉണ്ടാക്കി.. പിന്നെ കഴിച്ചു..
‘പെപ്പര്‍ ചിക്കണ്‍’ ഇന്നലെ.. (ആത്മ വിജിറ്റേറിയനാണെങ്കിലും അവരുടെ കയ്യുകൊണ്ട് ആദ്യമായുണ്ടാക്കുന്ന കറികള്‍ കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തു ജീവിതം! )
അന്യനാട്ടില്‍ വന്നിട്ട് ആത്മയ്ക്ക് മിത്രങ്ങളായതും, സഹായികളായതും ഒക്കെ ആത്മയുടെ മക്കള്‍ മാത്രം! (ബാക്കിയുള്ളവരൊക്കെ ഉണ്ടെങ്കിലും.. അതൊക്കെ ഒരു കഥ.. പതുക്കെ.. പതുക്കെ.. നമുക്ക് അതൊക്കെ അങ്ങ് മറക്കാം..)
അനൂരത(ഇത് സെല്‍ഫ് പിറ്റിക്ക് എന്റെ ഗ്രാമത്തില്‍ പറയുന്ന ഒരു ഒരു വാക്കാണ്‍)
മതിയാക്കട്ടെ, ഇനി ഇന്നലെ ആത്മ കണ്ട സിനിമയെപ്പറ്റി ആത്മയ്ക്ക് തോന്നിയതുകൂടി എഴുതിയിട്ട് (കട്ട് ആന്ഡ് പേസ്റ്റ് ആന്‍ഡ് എഡിറ്റിംഗ്) ഉറങ്ങാന്‍ പോകുന്നു..
----
ബനാറസ്
ആദ്യമായാണ് ഒരു സിനിമ കണ്ടിട്ട് കുറവുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്!
ചിത്രസംയോജനം ശരിയായില്ലാ
ശരിക്കും പറഞ്ഞാല്‍ ജഗതി വിനീതിന്റെ ആരാണെന്നുപോലും വളരെ കഴിഞ്ഞാണു ആത്മയ്ക്ക് മനസ്സിലായത്. മനസ്സിലായത്..വീടുകള്‍ തമ്മിലുള്ള കിടപ്പുവശവും പടിഞ്ഞാറു വശവും ഒന്നും മനസ്സിലായില്ല, എല്ലാം ഒരു കാമ്പൌണ്ടിലോ, വേറേ വേറെയോ എന്നൊന്നും അറിയില്ലാ(ഇനി ആത്മ ധൃതിപിടിച്ചു കണ്ടതിന്റെ കുഴപ്പമോ, അറിയില്ലാ) കുറെ വര്‍ണ്ണങ്ങള്‍ വാരിവിതറി മനോഹരമാക്കിയ സീനുകള്‍.. അതുമാത്രം.. പിന്നെ സുന്ദരനായ നായകനും സുന്ദരിമാരായ നായികമാരും.. ഒക്കെയുണ്ടെങ്കിലും സിനിമയാകുന്നില്ലാ.. ആത്മാവില്ലാത്ത സിനിമ പോലെ
കാവ്യയുംനവ്യാനായരും ഒക്കെ അവരെക്കൊണ്ടാകാവുന്നവിധം പൊലിപ്പിച്ചു ആ സിനിമയെ
അല്ലാതെ ബാക്കി നടന്മാര്‍ക്കൊന്നും തന്നെ അഭിനയിക്കാനേ ഒന്നും ഇല്ല ഇതില്‍..
സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ, ഒക്കെ വെറും കോമാളികളായി അധപ്പതിക്കുന്നതുപോലെ ഒരു തോന്നല്‍.. നെടുമുടിവേണുവിന്റെ അഭിനയം കണ്ടിട്ടുപോലും വിഷമം തോന്നി..
ജീവിതവുമല്ല അഭിനയവുമല്ല,ആരോ സിനിമാ എടുക്കാന്‍ പഠിക്കുന്ന മട്ടില്‍ ഒരു സിനിമ!കളിക്കാനറിയാത്ത കുട്ടിയുടെ കയ്യില്‍ കളിപ്പാട്ടം കിട്ടിയമാതിരി.. (ഇനി ആത്മേടെ അറിവില്ലായ്മയാണൊ എന്നും അറിയില്ല).
ബിജുമേനോന്‍, സായ്‌കുമാര്‍,..., ഒക്കെ നല്ല റോളുകള്‍ കിട്ടിയിരുന്നെങ്കില്‍ ഉയരുമായിരുന്നു എന്നു തോന്നിയിട്ടുള്ളപോലെ ചിലപ്പോള്‍ വിനീതിനെയും അങ്ങിനെ പ്രതീക്ഷിച്ചതില്‍ ഇപ്പോള്‍ ഒരു വരുത്തം.. കലാതിലകം ആയിരുന്ന വിനീതിനെ സിനിമാലോകം വഴിതെറ്റിപ്പിച്ചൊ?!
അറിയാവുന്ന കലകളും പിന്നെ നല്ല ഒരു ഉദ്ദ്യോഗവും (പിന്നെ ട്വിറ്ററും) ഒക്കെയായി ജീവിച്ചിരുന്നെങ്കില്‍ ഇതിലും എത്ര നന്നായേനെ എന്നു പലപ്പോഴും തോന്നിപ്പോയി
ഇത്ര വലിയ ഒരു കഥയും മറ്റും കിട്ടിയിട്ടും ഒരു അന്യനെപ്പോലെ നിര്‍വ്വികാരനായി നായികമാരുടെ ഇടയില്‍ അങ്ങിനെ വിലസുകയാണ്! ശരീരം അനങ്ങാത്തതോ പോട്ടെ, മുഖത്തെ പേശികളെങ്കിലും ഒരു അല്പസ്വല്പം ചലിപ്പിച്ചുകൂടെ?! (വിനീത് കരയേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ ആത്മ കരഞ്ഞു വിനീതിനു കരയാനാവാത്ത കാര്യമോര്‍ത്ത്..) വിനീത് ചിരിക്കാതെ നിന്നപ്പോള്‍ ആത്മ ചിരിച്ചു (സഹായിച്ചു) എന്നിട്ടും ഒന്നും ഒന്നുമായില്ല. അവസാനം സ്വന്തം മകനെ കണ്ടപ്പോള്‍ കാവ്യയോടുള്ള ആലുവാമണപ്പുറസ്വഭാവം ഒന്ന് അയഞ്ഞപോലെ! (ഒരല്പം ആശ്വാസം തോന്നി) പിന്നെ ബൊമ്മയെപ്പോലെ നിര്‍വ്വികാരനായി കാവ്യയെയും മോനേയും കെട്ടിപ്പിടിച്ച് ദേഹന്‍ അനങ്ങാതെ നില്‍ക്കും ഒരുപക്ഷെ ദേഹത്തിലെ കുത്തിക്കെട്ടുകളൊന്നും നന്നായി പൊറുത്തുകാണില്ലായിരിക്കും അല്ല്യോ!
അല്ലെങ്കില്‍ പിന്നെ മറുലോകത്തില്‍ ഇരിക്കുന്ന നവ്യാനായര്‍ക്ക് വിഷമം തോന്നും എന്നുകരുതിയായിരിക്കും എക്സ്പ്രഷന്‍ ഒന്നും കാട്ടാതിരുന്നത്..
എന്നാലും വിനീതേ.., ഞാന്‍ താങ്ങളില്‍ നിന്നും ഇതിലും ഒരല്പം കൂടി പ്രതീക്ഷിച്ചായിരുന്നു
സുന്ദരമായ ഒരു മുഖം.. അതിസുന്ദരമായ കണ്ണുകള്‍.. മറ്റു ഫീച്ചേര്‍സ്.. നൃത്തപാടവും.. ഇതൊക്കെയുണ്ടായിട്ടും എന്തിനേ നല്ല റോളുകള്‍ എടുത്തിട്ട് അതിനോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കാത്തേ?! (ശരീരം അനക്കാന്‍ മടിയും നാണവും ഒക്കെയാണെങ്കില്‍ പിന്നെ ആത്മയെപ്പോലെ വീട്ടിന്റെ മൂലയില്‍ കുത്തിയിരുന്ന് ബ്ലോഗെഴുതിക്കൂടെ! ഹല്ല പിന്നെ!) ഒന്നുകില്‍ വിനീതിനെ ആരോ മനപൂര്‍വ്വം അഭിനയിക്കാന്‍ സമ്മതിച്ചില്ല, അല്ലെങ്കില്‍ ഡയറക്റ്റര്‍ക്ക് അറിയാന്‍ വയ്യാഞ്ഞിട്ട് വന്ന വീഴ്ചയാകാം...
ബനാറസ് എന്ന പേരു കണ്ടാണ് സിനിമാ കാണാന്‍ തുടങ്ങിയതു തന്നെ. ഓസിനു ബനാറസൊക്കെ ഒന്നു കണ്ടുകളയാം എന്നുകരുതി.. ബനാറസ് കണ്ടു എന്നു തൃപ്തിപ്പെടാനാവുന്നില്ല..!
എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്..
ഇനിയെങ്കിലും സിനിമ എന്തെന്ന് നന്നായി അറിഞ്ഞിട്ട് നിരൂപണം എഴുതണം...
ആത്മയ്ക്കുപോലും നിരൂപണം ചെയ്യാന്‍ പാകത്തിലാണെന്നു തോന്നുന്നു ഇപ്പോഴത്തെ മലയാള സിനിമേടെ ഒരു പോക്ക്!
പണ്ടൊക്കെ സന്തോഷം വരാൻ എളുപ്പമായിരുന്നു!
ഈ സന്തോഷം എന്നു പറയുന്നത് മദ്യം, വേദനാസംഹാരികള്‍ ഒക്കെപ്പോലെ ശീലമാകുതോറും അളവു കൂട്ടിക്കൊണ്ടിരുന്നാലേ ഏക്കൂ എന്നു തോന്നുന്നു..
പണ്ടൊക്കെ സന്തോഷിപ്പിച്ച പല കാര്യങ്ങളും ഇന്ന് നിസ്സംഗതയോടെ സ്വീകരിക്കുന്നു എന്റെ മനസ്സ് !
ആദ്യം മാര്‍ക്കറ്റില്‍ പോയി കോവയ്ക്ക വാങ്ങിയപ്പോൾ എന്തോ മഹത് കാര്യം സാധിച്ച സന്തോഷമായിരുന്നു..! ഒരു സി. ഡി യോ പുത്തൻ ഡ്രസ്സോ വാങ്ങിയാലും വെറുതെ മക്കളോടൊപ്പം യാത്ര ചെയ്‌താല്‍ പോലും മനസ്സ് വല്ലാതെ സന്തോഷിച്ചിരുന്നു..!
ഇപ്പോൾ ഇതൊക്കെ ചെയ്യുമ്പോൾ ഒരു യാന്ത്രികത !
മനസ്സ് കൊടൂരമായി ചോദിക്കുന്നു, "ഹും! നീ ഇതൊക്കെ ചെയ്യുന്നത് എന്നെ സന്തോഷിപ്പിക്കാം എന്ന വ്യാമോഹത്താലാല്ലേ, എന്നാൽ ഞാനിതിലൊന്നും അലിയുമെന്ന് തോന്നുന്നില്ല ആത്മേ.."
"പിന്നെ മി. മനസ്സേ താങ്ങൾ എന്തു ചെയ്താലാണ് സന്തോഷിക്കുക?" എന്നു ചോദിച്ചാൽ മനസ്സിനും ഉത്തരമില്ല! നിര്‍വ്വികാരത!
ഇന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നപ്പോൾ ആത്മ മനസ്സിനോട് ചോദിച്ചു , "ഒരിക്കലും സന്തോഷിക്കാത്ത മനസ്സേ, നിന്നെയും കൊണ്ട് ഞാനെങ്ങിനെ ഈ ജന്മം ജീവിച്ചു തീർക്കാൻ?! ഒരിച്ചിരി സന്തോഷിച്ചുകൂടേ?"
"എല്ലാറ്റിനേയും ഒരു വിമർശ്ശനബുദ്ധ്യാ വീക്ഷിക്കുന്നതുകൊണ്ടല്ലേ എല്ലാം നശ്വരമെന്നും നിരർത്ഥകമെന്നുമൊക്കെ തോന്നുന്നത്?, റിലാക്സായി, ഓരോ കൊച്ച് കൊച്ച് സംഭവങ്ങള്‍ വിശകലനം ചെയ്യാൻ നിൽക്കാതെ, മറ്റുള്ളവരെപ്പോലെ വെറുതെ ആസ്വദിച്ചുനോക്കൂ.. അപ്പോള്‍ ഓരോ നിമിഷവും ആസ്വാദ്യമായി തോന്നും! മഴ പെയ്യുന്നത്, കാറ്റ് വീശുന്നത് , സൂര്യന്‍ ഉദിക്കുന്നത്, ഒക്കെ കാണുമ്പോള്‍ സന്തോഷം വരുന്നത് കാണാം!, ഒന്നും നമുക്കായി മാത്രമല്ലെങ്കില്‍ ക്കൂടി !"
മനസ്സ് തലകുലുക്കി സമ്മതിച്ചു. നാളെ എന്താകുമെന്നു നോക്കാം!
-----
പിറ്റേ ദിവസം വന്നു!
സൂര്യന്‍ ഉദിച്ചു, കാറ്റും മഴയും ഒന്നും തന്നെ ഇല്ല!.ഭയങ്കര ചൂട്! . ബ്ലോഗില്‍ വന്നു നോക്കി, ആരും വായിക്കാന്‍ വന്നിട്ടില്ല! ആശ്വസിക്കണോ, ഖേദിക്കണോ എന്നൊരു ആശയക്കുഴപ്പം പതിവുപോലെ മിന്നി മറഞ്ഞു.. പിന്നെ ‘ഞാന്‍ ഒന്നും തന്നെ എഴുതിയില്ലല്ലോ മറ്റുള്ളവര്‍ക്ക് വായിക്കാനായി..’ എന്ന് സമാധാനിച്ചു.
വായനയുടെ കാര്യം എഴുതിയിപ്പോള്‍ ഇപ്പോള്‍ വായിക്കുന്ന ബുക്ക് Chitra Banarjee Divakaruni യുടെ " The Palace of Illusions" ആണ്. കുറച്ചു നാള്‍ മുന്പ് വായിച്ചു തുടങ്ങിയതാണെങ്കിലും മറ്റേതോ നല്ല ബുക്ക് കിട്ടിയപ്പോള്‍ ഇത് മാറ്റിവയ്ച്ചു . എന്ന് കരുതി ഇത് നല്ല ഒരു ബുക്ക് ആണ് കേട്ടോ..പാഞ്ചാലി ഓര്‍മ്മകള്‍ അയവിറക്കുന്നതാണ് . Chitra Banerjee യുടെ മറ്റൊരു ബുക്ക് ആയ The Mistress of Spice എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ട ഒരു ബുക്ക് ആണ്.
ഇത്രേം എഴുതിയപ്പോള്‍ ലൈബ്രറിയില്‍ പോകാന്‍ ഒരു ചാനസ് കിട്ടി!
എങ്കിപ്പിന്നെ പോയിട്ട വരാം..
(അക്ഷരതെറ്റ്ഉണ്ടെങ്കില്‍ ദയവായി ക്ഷമിക്കുക! കാരണം മുപ്പതെ മുപ്പതു ദിവസം കഴിഞ്ഞപ്പോള്‍ കീമാന്‍ പറയുന്നു, ഇനി വേണമെങ്കില്‍ കാശു കൊടുത്ത് വാങ്ങണം പോലും!- ആത്മയ്ക്ക് ചില്ലറയൊന്നും അല്ല വിഷമം വന്നത്! കാശിന്റെ കഥകളൊക്കെ ആത്മ പോയിട്ട് വന്നു വിശദമായി എഴുതാം..ഈ ബ്ലോഗില്‍ കാണുന്ന ഫോണ്ട് വല്ല ഇംഗ്ലീഷുകാരും കണ്ടുപിടിച്ചതാകും അല്ലിയോ ?!)
------
കാശിന്റെ കാര്യം എഴുതാമെന്ന് പറഞ്ഞില്ലേ, അത് ചുരുക്കി ഇങ്ങിനെ എഴുതാം..
മറ്റുള്ളവരുടെ കീശയിലെ കാശ് സ്വന്തം കീശയില്‍ ആക്കാമെന്നാലോചിച്ച ജീവിക്കുന്ന കുറെ മനുഷ്യരെ പറ്റി എഴുതാം..
ഉദാഹരണത്തിന് ഇവിടെ ക്ളീനിങ്ങിനു വരുന്ന സ്ത്രീ എങ്ങിനെ ആത്മയുടെ കാശ് സ്വന്തം പോക്കടിലാക്കാം എന്ന് ആലോചിച്ച് ജോലി ചെയ്യും പോലെ!
പിന്നെ നീട്ടിയ മുടി വീണ്ടും ചുരുട്ടാന്‍ ഹെയര്‍ സലൂനില്‍ ചെന്നപ്പോള്‍ അവിടെയുള്ള ബാര്‍ബര്‍മാരും ബാര്‍ബിമാരും ഒക്കെ ആത്മെടെ കീശയിലെ കാശ് എങ്ങിനെ മൊത്തമായി അവരുടെ പണപ്പെട്ടിയില്‍ ആക്കാമെന്ന ആക്രാന്തത്തോടെ മുടി ബ്ളോ അപ്പ്, ലയറിംഗ്, തുടങ്ങി എന്തൊക്കെയോ അഭ്യാസങ്ങള്‍ കാട്ടുന്നപോലെ..
ഫോണ്‍ കടയില്‍ ചെന്നപ്പോള്‍ അവിടെ ഒരാള്‍ക്ക് ഭയങ്കര സ്നേഹം! പറയാതെ തന്നെ, എന്റെ ഫോണില്‍ സ്ക്രീന്‍ പ്രോട്ടക്ടര്‍ വച്ചു തരാന്‍ എന്തൊരുത്സാഹം! ഒടുവില്‍ ബില്ല് കൊടുക്കുമ്പോള്‍ അയാളും കാശടിച്ചു മാറ്റാന്‍ സമര്‍ത്ഥന്‍ എന്ന് സമ്മതിക്കാതെ നിവര്‍ത്തിയില്ലാതായിപ്പോയീ..!
ചുരുക്കം പറഞ്ഞാല്‍.. ആത്മയടക്കം എല്ലാരും ആ ഒരു ചിന്തയോടെയാണ് ജീവിക്കുന്നതെന്ന് തോന്നിപ്പോയി ഒരു നിമിഷം!
ആത്മ മി. ആത്മേടെ പോക്കറ്റിലെ കാശ് എങ്ങിനെ സ്വന്തം കീശയില്‍ ആക്കാം എന്നാലോചിക്കുമ്പോള്‍ (വെറുതെ! ന്യായമായത് മാത്രം!) മി. ആത്മ ഈ ലോകത്തിലെ മനുഷ്യരുടെ മുഴുവന്‍ കാശ് എങ്ങിനെ സ്വന്തം അക്കൌണ്ടില്‍ ആക്കാം (വെറുതെ.. കമ്പനീലെ മാത്രം!) എന്നാലോചിച്ചും നടക്കുന്നു എന്നൊരു തോന്നല്‍...
വെറും തോന്നലുകള്‍ ആണേ..! ഇതിനു വിപരീതമായും തോന്നും ഫ്ചിലപ്പോള്‍..
സന്തോഷവും സന്താപവും ഒക്കെ എത്ര പെട്ടെന്നാണ് മാറി മാറി വരുന്നത്! അല്‍പ്പം മുന്‍പാണെഴുതിയത്.. ഇന്ന് എഴുതാന്‍ മൂഡില്ല എന്നൊക്കെ.. പക്ഷെ, ഒന്നു കുളിച്ച് പ്രാര്‍ത്ഥിച്ച് വന്നപ്പോള്‍ എല്ലാം ഓ.കെ!
ചില ദിവസങ്ങള്‍ കടന്നുപോകുന്നതേ അറിയില്ല. ചില ദിവസങ്ങളെ ഉന്തി തള്ളി വിട്ടാലേ കടന്നുപോകുള്ളൂ! ഇന്നത്തെ ദിവസം കടന്നു വന്നതും പോയതും അറിഞ്ഞേ ഇല്ല! ഇന്നലത്തെതിന്റെ ബാക്കിപോലെയായിരുന്നു.. കുളിക്കുന്നതുവരെ.. കുളീം തേവാരവുമൊക്കെ കഴിഞ്ഞമാതിരി നടക്കുകയായിരുന്നു.. പെട്ടെന്നാണോര്‍മ്മ വന്നത് ദൈവമേ അതൊക്കെ ഇന്നലെയല്ലായിരുന്നോ?!
ഇന്നലെ ഒരു മാവിന്റെ ചായ്ഞ്ഞ് കിടക്കുന്ന ശിഖരം വെട്ടി മുറിച്ച് താഴത്തിട്ട് വീണ്ടും ചന്നം പിന്നം വെട്ടി. ആകെയുള്ള അല്പം പുല്‍ത്തകിടി നിറയെ മാവുകളുടെ ശിഖരങ്ങള്‍ കൊണ്ടു നിറഞ്ഞു കിടക്കുകയായിരുന്നു.. അപ്പോഴത്തെ ഒരാവേശത്തില്‍ മാവു വെട്ടിയെങ്കിലും ശരീരം എവിടെയൊക്കെയോ പണിമുടക്കും എന്നു മുന്നറിയിപ്പു തന്നതിനാല്‍ പിന്നെ നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇനി ഒന്നുരണ്ടു ശിഖരങ്ങള്‍ കൂടി വെട്ടിയാലേ ശരിയാവൂ..!
‘ഈ ആത്മ എന്താ ഒരിക്കല്‍ ഒന്നു പറയും പിന്നീട് മറ്റൊന്ന് പ്രവര്‍ത്തിക്കും!’ എന്ന് ഈ പോസ്റ്റ് വായിക്കാനിടയാകുന്നവര്‍ ചിന്തിക്കുമല്ലൊ, ആത്മയും ചിന്തിച്ചുനോക്കട്ടെ..,
ഒരിക്കല്‍ എഴുതി, ‘മരം മനുഷ്യരെപ്പോലെയാണ് വെട്ടരുത്.. വെട്ടാന്‍ വരുന്നവര്‍ ദ്രോഹികളാണ്’ എന്നൊക്കെ.. പക്ഷെ ആത്മ നിവര്‍ത്തിയില്ലാതെ മാവു വെട്ടിയത് എന്തെന്നാല്‍...
മാവിന്റെ മൂട്ടില്‍ ഒരു നെല്ലി അങ്ങിനെ തഴച്ചു വളരാന്‍ തുടങ്ങീട്ട് കുറേ നാളായി! അതും കാട്ടുനെല്ലി.. ഒരു പക്ഷെ കായ്ച്ചാല്‍ ഈ അന്യനാട്ടില്‍ ആത്മേടെ മുറ്റത്ത് വൈറ്റമിന്‍ സി ഡിഫിഷ്യന്‍സി ഉണ്ടാകില്ലാ, പിന്നെ കാണുന്നവര്‍ മൂക്കത്ത് വിരല്‍ വച്ച് ‘എങ്കിലും ആത്മേ പറ്റിച്ചുകളഞ്ഞല്ലൊ!, കേരളത്തീന്ന് ഒരു നെല്ലിമരം ഇവിടെ മൂടുപിടിപ്പിച്ചല്ലൊ’ എന്നൊക്കെ പറഞ്ഞ് അഭിനന്ദിക്കുന്ന രംഗം.. അങ്ങിനെ ഒരുപാട് കൊച്ചു കൊച്ചു സ്വപ്നങ്ങള്‍ ഈ നെല്ലി മരത്തിനെ ചുറ്റിപ്പറ്റി വിരിയാന്‍ തുടങ്ങുമ്പോഴാണ് ഈ മാവ് ഒരു പ്രതിബന്ധമായി തോന്നാന്‍ തുടങ്ങിയത്.. ഒരു തുള്ളി സൂര്യപ്രകാശം തട്ടാനാകാതെ നെല്ലിയുടെ മുകളിലൂടെ ചായ്ഞ്ഞ് ചരിഞ്ഞ്, പിന്നെ അടുത്തു നില്‍ക്കുന്ന പ്ലാവിന്റെ ഗതിയും തടസ്സപ്പെടുത്തി.., ഒരല്പം ആക്രാന്തം മാവിനു കൂടുന്നില്ലേ.. എന്നൊരു ശങ്ക!
പാവം നെല്ലിമരം പാത്തും പതുങ്ങിയും രണ്ടായി തിരിഞ്ഞ് ഒരു കവരം മതിലിനു വെളിയിലൂടെ ഞൂന്നിറങ്ങിയും മറ്റേത് താഴ്ന്ന് താഴ്ന്ന് തറയില്‍ മുട്ടും വിധം പുല്‍ത്തകിടിയിലേക്കും!
അങ്ങിനെ ഒടുവില്‍ ആത്മ കരുതി.. മാവിന്റെ ഒരു ശിഖരം വെട്ടിയെന്നു കരുതി ദോഷമൊന്നും ഇല്ല. ഒരു നെല്ലിയെ രക്ഷിക്കാനല്ലെ.. അപ്പോള്‍ അതു പാപമാകില്ല.. അങ്ങിനെ വെട്ടോട് വെട്ടല്‍ നടത്തി ക്ഷീണിച്ച് അവശയായി സംതൃപ്തിയോടെ കിടന്നുറങ്ങി ഇന്നലെ.. അപ്പോള്‍ ഒരു സ്വപ്നവും കണ്ടു , ‘സ്വന്തമായി കൃഷിയൊക്കെ ചെയ്ത് ഇതുപോലെ ദേഹം അനങ്ങി അധ്വാനിച്ച് കിടന്നുറങ്ങുന്ന ഭാഗ്യവാന്മാരെപ്പറ്റി..’ ഒപ്പം ആശ്വസിച്ചു, “ഒന്നു ചീഞ്ഞാലേ മറ്റതിനു വളമാകൂ”.. എല്ലായിടത്തും ഇതുതന്നെ ഗതി. പ്രകൃതി മുഴുവന്‍.. സെപ്പറേറ്റ് ആയി ചീഞ്ഞു വളമാകും ചിലര്‍.. ചിലര്‍ ഗ്രൂപ്പായി ചീഞ്ഞ് വളമാകും..
അങ്ങിനെ ആത്മയുടെ തലതിരിഞ്ഞ ചിന്തയും പ്രവര്‍ത്തിയൂം അല്ലായിരുന്നോ ഇന്നത്തെ ചിന്താവിഷയം.. അത് തുടരട്ടെ.. അടുത്ത ചിന്ത എഴുതട്ടെ..
ഇംഗ്ലീഷ് സംസാരിക്കുന്നവര്‍.. ഇംഗ്ലീഷിനെ അമിതമായി പൊക്കുന്നവര്‍.. അതിലുപരി മലയാളത്തെ കുറച്ചുകാട്ടുന്നവരെയൊക്കെ ആത്മ വേണ്ടാതീനം പറഞ്ഞല്ലൊ,
എന്നിട്ട് ആത്മ കൊച്ച് കൊച്ച് ഇംഗ്ലീഷ് നോവലും ഒക്കെ വായിച്ച്, തക്കം കിട്ടിയാല്‍ മക്കളോടും അല്പ സ്വല്പം ഇംഗ്ലീഷൊക്കെ കാച്ചി, ആരുമറിയാതെ ഒരല്പം ഇംഗ്ലീഷ് ബ്ലോഗിലും എഴുതി (വെറുതെ, ഇംഗ്ലീഷ് കുറേശ്ശേ.. കുറേശ്ശേ..ഇംമ്പ്രൂവ് ചെയ്യാനായി മാത്രം! ) സായൂജ്യമടയുന്ന ഒരു പരിപാടിയുണ്ട്! ഇതെങ്ങിനെ ഒന്നിച്ചുപോകും?!
ഉത്തരം പെട്ടെന്ന് കിട്ടി!
നിലനില്‍പ്പിന്റെ പ്രശ്നം!
ഈ മലയാളത്തിനെ എത്രകണ്ട് വിശ്വസിക്കാന്‍ പറ്റും?!
ഒപ്പം ഒരു പുതിയ പോയിന്റും കിട്ടി. മലയാളികള്‍ ഇംഗ്ലീഷ് മേല്‍ക്കോയ്മ സ്വീകരിക്കാനും ഒപ്പം ഇംഗ്ലീഷിനെ ആരാധിക്കാനും ഇംഗ്ലീഷുകാര്‍ സുപ്പീരിയര്‍ ആണെന്നുമൊക്കെ കരുതി വശായിരിക്കാനും കാരണം എന്തായിരിക്കാം!!
വെറും സാമ്പത്തിക പരാധീനത..
ഫോറിന്‍ മണിയും കോട്ടും സൂട്ടും തൊപ്പിയും ടൈയും ഒക്കെയിട്ട് കപ്പലില്‍ വന്നിറങ്ങിയ വിദേശികളെ കണ്ട്, ഉടുതുണിക്ക് മറുതുണിയില്ലാതെ ജീവിച്ചിരുന്ന; ഒരു നേരം വിശപ്പടക്കാന്‍ പോലും നിവര്‍ത്തിയില്ലാതിരുന്ന പാവങ്ങള്‍.., പൊള്ളയായ കുറെ ദുരാചാരങ്ങളും പേറി അവരെ ഭരിച്ചു സ്വയം നന്നായി ജീവിച്ചിരുന്ന ജന്മിമാര്‍.., ഇവരെക്കാളൊക്കെ ആഡംഭരത്തോടെയുള്ള ഇംഗ്ലീഷുകാരുടെ ജീവിതം കണ്ട് അതില്‍ അങ്ങ് ഭ്രമിച്ച് വശായിപ്പോയതാകും കാരണം.. അല്ലെങ്കില്‍ റഷ്യാക്കാരും ജര്‍മ്മന്‍ കാര്‍ക്കും ഒന്നും ഇല്ലല്ലൊ ഈ ഇംഗ്ലീഷ് ആരാധന!(കാരണം..അവരും ഈ ആഡംബരമൊക്കെ കുറെ കണ്ടിട്ടുള്ളതുകൊണ്ട് )
ബാക്കി തുടരും..
നല്ല മൂഡുവന്നപ്പോള്‍ കടമകള്‍ വിളിക്കുന്നു.. അടുക്കളേല്‍ നിന്നും...
അപ്പോള്‍ പറഞ്ഞു വന്നത് മലയാളികള്‍ ഇംഗ്ലീഷുകാരെ അനുകരിക്കാനും ഇംഗ്ലീഷ് പറയാനും ഒക്കെ ഈ കൊതിയും വെമ്പലും ഒക്കെ എന്താകാം എന്നതിനെക്കുറിച്ചല്ല്യോ?,
ഉത്തരം സിമ്പിള്‍..
ഒന്നാമത് നിലനില്‍പ്പിന്റെ പ്രശ്നം.
രണ്ടാമതും നിലനില്‍പ്പിന്റെ പ്രശ്നം.. മൂന്നാമതും അതു തന്നെ...
ഇക്കാലത്ത് ഇംഗ്ലീഷ് തെറ്റുകൂടാതെ പെര്‍ഫക്റ്റ് ആയി കൈകാര്യം ചെയ്യാന്‍ കഴിയുന്നത് വലിയ നേട്ടമാണേ..! ഇതിനെടേല്, ‘പാവം മലയാളത്തെ മറന്നുകളയരുതേ യുവജനങ്ങളേ..’ എന്നപേക്ഷിക്കാനേ തല്‍ക്കാലം നിവര്‍ത്തിയുള്ളൂ..
അങ്ങിനെ അങ്ങ് പറഞ്ഞ് പോയാല്‍ നമ്മുടെ മലയാള ഭാഷയെ രക്ഷിക്കണ്ടായോ?! നോക്കട്ടെ വല്ല പോയിന്റുകളും കിട്ടുമോന്ന്! കിട്ടുമ്പോള്‍ വരാം... ബോറായെങ്കില്‍ ദയവായി ക്ഷമിക്കുക..
ഇനി ഒരു വൈരുദ്ധ്യം കൂടിയുണ്ട് : ഇടയ്ക്കിടെ മാറിയും തിരിഞ്ഞും വന്ന് ആത്മയെ മോഹിപ്പിക്കയും മോഹഭംഗപ്പെടുത്തുകയും ചെയ്യുന്ന ചിന്തകള്‍..
ആത്മീയവും ഭൌതീകവും..
ഒരിക്കല്‍ കരുതും വെജിറ്റേറിയനൊക്കെയായി ഭാഗവതം ഒക്കെ മനസ്സിലാക്കി നല്ല ശുദ്ധമായി അങ്ങ് ദൈവത്തിന്റെ അടുക്കലേക്ക് പോകാമെന്ന്. പിന്നെ ചിലപ്പോള്‍ ടെമ്പ്റ്റേഷന്‍ വരുമ്പോള്‍ ഓര്‍ക്കും.. ദൈവം എന്നു പറഞ്ഞു വെജിറ്റേറിയന്‍കാരാണ് നല്ലവരെന്ന്? പറഞ്ഞിട്ടേ ഇല്ലല്ലൊ, അപ്പോള്‍ പിന്നെ നാം നമ്മുടെ ബേസിക്ക് ആഗ്രഹങ്ങള്‍ തടഞ്ഞുവയ്ക്കുന്നതാവില്ലെ ഒരുപക്ഷെ ദൈവത്തിന് ഇഷ്ടക്കേടുണ്ടാക്കുന്നത്?!
ഈ രണ്ടു ചിന്തകളും കൂടി ഇടയ്ക്കിടെ ഒരു ത്രാസില്‍ അങ്ങിനെ പൊങ്ങിയും താണും ആത്മയുടെ എഴുത്തും പ്രവര്‍ത്തിയും തമ്മില്‍ ഇടയ്ക്കിടെ വൈരുദ്ധ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ട്...
ഇനിയും ഉണ്ടാകും വൈരുദ്ധ്യങ്ങള്‍...
ഇനിയൊരു വൈരുദ്ധ്യം സ്നേഹത്തെപ്പറ്റി ആത്മയുടെ വിചാരങ്ങളാണ്
ആരില്‍ നിന്നും സ്നേഹം കിട്ടാതാകുമ്പോള്‍, വേഴാമ്പലിനെപ്പോലെ കാത്തിരിക്കും.. ‘ഹോ! ഒരിത്തിരി സ്നേഹം ഇല്ലാതെ ജീവിക്കാന്‍ പ്രയാസം തന്നെ..’ നിവൃത്തിയില്ലാതെ പഴയ കൂട്ടുകാരുടെയെങ്കിലും ഫോണ്‍ നമ്പര്‍ തേടിപ്പിടിച്ച്.. അവരോട് കൊച്ചു വര്‍ത്തമാനം ഒക്കെ നടത്തി അവരുടെ ഹൃദയത്തില്‍ കയറിപ്പറ്റാന്‍ ശ്രമിക്കും..
എന്നാല്‍ ആരെങ്കിലും നിറയെ സ്നേഹവുമായി ആത്മയുടെ അടുത്തെത്തിയാലോ?!
അപ്പോള്‍ പിന്നെ ചിന്ത നേരെ മറിച്ചാവും.. “ഓ! ഒരു സ്നേഹം! ഇതെത്ര കണ്ടതാ..! ആര്‍ക്കും ഒരാത്മാര്‍ത്ഥതയും കാണില്ലെന്നേ.. എല്ലാ സ്നേഹവും എന്തെങ്കിലും സ്വാര്‍ത്ഥതയില്‍ പൊതിഞ്ഞതാകും.. വിഡ്ഡി ആത്മേ അതിലൊന്നും ചെന്ന് വീണ് ഇനി ഇല്ലാത്ത ചീത്തപ്പേരുണ്ടാക്കണ്ട.. അല്പം ദൂരെ നിന്നോളൂ.. അല്ലെങ്കില്‍ നീ വിഡ്ഡിയാകും..” എന്തിനധികം! പെറ്റമ്മയുടെ സ്നേഹം കാണുമ്പോള്‍ പോലും കണ്ണുമടച്ച് വിശ്വസിക്കാന്‍ ഒരു മടി!
ഒടുവില്‍ ഈശ്വരന്റെ സന്നിധിയില്‍ ചെന്നിരിക്കും..“അങ്ങ് മാത്രമേ ഉള്ളൊ ട്ടൊ, നിസ്വാര്‍ദ്ധമായി സ്നേഹിക്കാന്‍.. അങ്ങയോടുള്ള സ്നേഹം ഒന്നുമാത്രമേ പരിശുദ്ധമായിട്ടുള്ളൂ” ബാക്കിയെല്ലാം വെറുതെ..
എവിടെയും ഈ കുരങ്ങുബുദ്ധി (വൈരുദ്ധ്യബുദ്ധി) തലപൊക്കും.. ഈ വൈരുദ്ധ്യചിന്തകള്‍ കൊണ്ട് തോറ്റു ആത്മ.
നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടുമ്പോഴാണ് ചില അകാരണമായെന്നോണം വലിയ വ്യഥ മനസ്സിനെ ശ്വാസം മുട്ടിക്കുന്നത്.
ഒന്നുകിൽ നമ്മെ മറക്കാൻ വണ്ണം ശക്തമായ ഒരു സ്നേഹം, അല്ലെങ്കിൽ വെറുപ്പ്
അതുമല്ലെങ്കിൽ പതിവായി കാണുന്ന ഒരു വ്യക്തിയുടെ അഭാവം
അല്ലെങ്കിൽ പതിവിനു വിപരീതമായി ചിലരുടെ സാന്നിദ്ധ്യം..
അങ്ങിനെ എന്തോ ഒന്ന് നമ്മെ നമ്മിൽ നിന്നും മറച്ചുവയ്ക്കുന്നു..
നാം നമ്മളാകണമെങ്കിൽ ചില ചേരുവകകളൊക്കെ ചേരും പടി ചേർക്കേണ്ടതുണ്ട്
പതിവായി കാണുന്ന ചില മനുഷ്യർ
പതിവായി ചെയ്യുന്ന ചില ജോലികൾ
പതിവായി കിട്ടുന്ന ചില വഴക്കുകൾ
പതിവായി കിട്ടുന്ന അവഗണന.. അത് സഹിക്കാനുള്ള ഒരു തന്റേടം
പതിവായുള്ള ഉറക്കമൊഴിയൽ..
പതിവായി വാങ്ങാറു വീട്ടു സാമാനങ്ങൾ
പതിവായി കഴുകാറുള്ള ചില പാത്രങ്ങൾ..
പതിവായി കഴിക്കാറുള്ള ചില ആഹാരങ്ങൾ
പതിവായി കാണുകയും ഉപയോഗിക്കയും അലഷ്യമായി വയ്ക്കുകയും പിന്നെ ഒതുക്കിവയ്ക്കുകയും ഒക്കെ ചെയ്യുന്ന നമ്മുടെ നിത്യോപയോഗ വസ്തുക്കൾ..
അവയ്ക്കും നമ്മുടെ ഹൃദയത്തിൽ മനസ്സിൽ ഇടമുണ്ട്.. നമ്മുടെ സന്തോഷത്തിൽ പങ്കുണ്ട്..
ചിലർക്കാണെങ്കിൽ അത് പതിവായി കാണുന്ന സീരിയലാകാം..
ആത്മക്കാണെങ്കിൽ സീരിയലിനു പകരം പതിവായി ബ്ലോഗിൽ എന്തെങ്കിലും കുത്തിക്കുറിക്കലാകാം..
ചിലർക്ക് ട്വിറ്ററിലോ ഗൂഗിള്‍ ബസ്സിലോ പോയി കൂട്ടംകൂടലാകും
മി. ആത്മയ്ക്കാണെങ്കിൽ.. പുറത്ത് കുറേ പ്രോബ്ലംസ് സോൾവ് ചെയ്യാൻ വേണം..
പിന്നെ അതിന് ഇമ്പോർട്ടൻസ് കൊടുത്ത് ധൃതിപിടിച്ച് പുറത്തേയ്ക്ക് പായണം..
അങ്ങിനെ നമ്മെ നാമാക്കുന്ന ചില ചേരുവകകൾ ഓരോരുത്തർക്കും കാണും..
അതില്ലാതാകുമ്പോൾ ശ്വാസം മുട്ടുമ്പോലെ..
അകാരണമെന്നോണം നാം ദുഃഖിക്കുന്നു...
ഓരോ ശീലങ്ങളാണ് ഒരു മനുഷ്യനെ വാര്‍ത്തെടുക്കുന്നത്.
ചില ശീലങ്ങള്‍ നമുക്ക് തിരഞ്ഞെടുക്കാമെന്നിരിക്കെ, ചിലവ വിധി നമ്മുടെ മേല്‍ അടിച്ചേൽപ്പിക്കുന്നവയാകാം.. അവയും ഒടുവില്‍ ശീലങ്ങലാകുന്നു..
സന്തോഷമായാലും സന്താപം ആയാലും അവയില്ലാതെ നമുക്ക് ജീവിക്കാനാവാതാകുന്നു..
ഒടുവിലൊടുവില്‍, നമ്മെ നാമാക്കുന്ന ദുഃഖങ്ങളെയും നാം ഇഷ്ടപ്പെട്ടു തുടങ്ങുന്നു..
(ഇത്രേം എഴുതിയപ്പോള്‍ അടുപ്പില്‍ വച്ചിരുന്ന ചിക്കന്‍ ഒരുവിധം നന്നായി അടിയില്‍ പിടിച്ചു!
പിന്നെ പോയി ഒരുവിധം കഴിക്കാവുന്ന പരുവമാക്കി.. ഇത് അപ്രതീക്ഷിതമായ വിഷമങ്ങള്‍
ആണെങ്കിലും ഇതൊക്കെ ആത്മയെ ആത്മയാക്കുന്നു!)
എന്തെങ്കിലും ഒക്കെ എഴുതി ജീവിക്കാമെന്നു വച്ചാൽ ഫോണ്ടില്ലാതെ എങ്ങിനെ മലയാളം എഴുതാൻ!
ഹൊ! സമാധാനം! വരമൊഴി രക്ഷിക്കുന്നുണ്ട്..
ഫോണ്ട് പോയതു മാത്രമല്ല പ്രശ്നം
ഈ ലോകത്ത് ഒന്നും തന്നെ ന്യായമായിട്ട് നടക്കുന്നില്ല എന്ന് തോന്നൽ..
എങ്ങും അന്യായങ്ങൾ..
ഇതിനെടേൽ എന്തെഴുതാൻ!
ഒന്നിനേം സ്നേഹിക്കാൻ പറ്റുന്നില്ല! കുന്നുകയറാൻ തുടങ്ങുമ്പോഴേ അപ്പുറത്തെ കുഴി ഓർമ്മവരും..
പിന്നെ കയറാതെ ഇപ്പുറത്തെ കുഴിയിൽ തന്നെ കിടക്കുന്നതുതന്നെയല്ലെ നന്നെന്ന് കരുതി..
പക്ഷെ ബോറടിച്ചു ചത്തുപോകുമെന്ന അവസ്ഥവരുമ്പോൾ ആരും കയറിപ്പോകും..
ഞാനും കയറി.. പ്രായം ഒക്കെ കൂടിക്കൂടി വരുന്നു എങ്കിലും പോകുന്നിടം വരെ പോട്ടെ എന്നു കരുതി..
പ്രായത്തെപ്പറ്റി ഒരല്പം..
മോഹൻലാൽ അമ്പതു വയസ്സ് ആഘോഷിച്ചത്രെ!
അമ്പതു വയസ്സൊക്കെ ഒരു വയസ്സാണോ ഇക്കാലത്ത്!
പത്തുവയസ്സിൽ കൂടുതൽ പ്രായമുള്ള മമ്മൂക്ക അതിലും ചെറുപ്പമായി ഇരിക്കുന്നു..
അപ്പോൾ .. പ്രായമല്ല വയസ്സാക്കുന്നത്.. ഫിറ്റ്നസ്സ്.. ഫിറ്റ്നസ്സ്
അല്ലെങ്കില്‍ തന്നെ , ഒരു മനുഷ്യൻ എപ്പോഴാണ് പ്രായം ആയെന്ന് സമ്മതിക്കുന്നത്!
മോഹൻലാലിന്റെ കാര്യം തന്നെ ഉദാഹരണമായെടുക്കാം..
മമ്മൂട്ടിയെവച്ച് നോക്കുമ്പോൾ മോഹൻലാൽ വളരെ ചെറുപ്പമാണെന്ന് പറയാം..
എന്നാൽ പൃഥ്വിരാജിനെ വച്ച് നോക്കിയാൽ പ്രായം അല്പം അധികമായിപ്പോയെന്നും തോന്നും..
ഇനിയും തീരെ ചെറുപ്പക്കാർ നായകന്മാർ അങ്ങ് ഫേമസ് ആയാൽ പൃീഥ്വിരാജും ഓൾഡ് ആയിപ്പോയി എന്ന് നമുക്ക് തോന്നിക്കൂടായ്കയില്ല..
ആണുങ്ങൾ മമ്മൂട്ടിയെപ്പോലെ ഫിറ്റ് ഒക്കെയായി പ്രായത്തെ വെല്ലാമെന്നിരിക്കെ,
പെണ്ണുങ്ങളുടെ കാര്യം അതിലും കഷ്ടമാണ്.. !
ഒന്നു കെട്ടിക്കഴിഞ്ഞാൽ ഇമേജെല്ലാം പോയിക്കിട്ടും! ഒരു 21, 22 ഉം ഒക്കെ വയസ്സിൽ പടുകിളവിമാരെപ്പോലെ കുഞ്ഞുങ്ങളെയും ഒക്കത്തു വച്ച് പെണ്ണുങ്ങളു നടക്കുമ്പോൾ ,
ആണുങ്ങളു 'ഹായ് ഇതെന്തു പ്രായം.. ഒരു 30 എങ്കിലും ആയിട്ടുവേണം പൈങ്കിളിയെപ്പോലൊരു പെണ്ണിനേം കെട്ടി അങ്ങ് ചെറുപ്പമാകാൻ..' എന്നു പറഞ്ഞു നടക്കുന്ന കാലം!
എന്തിനധികം! നമ്മുടെ ഷാരൂഖാനും ആത്മേടെ ഒരു കൂട്ടുകാരിയും സമപ്രായക്കാർ..( ഒന്നോ രണ്ടോ വ്യത്യാസം വരും.. ) കൂട്ടുകാരി അമ്മുമ്മയാകാൻ പോകുന്നു.. ഷാരുവോ, നല്ല ടീനേജ് കാരിയുടെ തോളേൽ കയ്യുമിട്ട് 'ആഷ് പീഷ് കൂഷ് ..'( ഇംഗ്ളീഷ്! ഇംഗ്ളീഷ്!) ഒക്കെ പറഞ്ഞ് 'ഓ അത് സൗത്ത് ഇന്ത്യൻസ് വി ആർ നോർത്ത് ഇന്ത്യൻസ്' എന്നൊക്കെ കാച്ചി വിലസുകയും!
എന്റെ 16 വയസ്സുള്ള മകാളും ഷാരൂഖിന്റെ ആരാധിക! ഹല്ല പിന്നെ!
ആത്മ നോക്കീട്ട് ഷാരുവും ആത്മേടെ നാട്ടിലെ വീട്ടിൽ പണ്ട് കൃഷി നോക്കി നടത്തിയിരുന്ന ഒരു (മാധവ അണ്ണൻ) ഉം ഒരേ പോലെ ഇരിക്കും..!
‘മക്കളേ, നമ്മുടെ മോളീടെ അച്ഛൻ മാധോണ്ണനു കുറച്ച് ഏത്തപ്പഴോം മുട്ടേം ഒക്കെ വാങ്ങിക്കൊടുത്ത് നന്നാക്കിയെടുത്താൽ ഷാരൂഖാനെക്കാളും നന്നായിരിക്കും’ എന്നു പറഞ്ഞു നോക്കി..
'മോളീടെ അച്ഛൻ എവിടെ കിടക്കുന്നു.. ഷാരൂഖാൻ എവിടെ കിടക്കുന്നു , അമ്മയുടെ വേലയൊക്കെ കയ്യിലിരിക്കട്ടെ' എന്നമട്ടിൽ അവൾ എന്നെ കളിയായി നോക്കും!
അപ്പോൾ മൂത്തയാൾ സപ്പോർട്ട് ചെയ്യും, ‘ഇല്ല, അമ്മ ശരിക്കും പറയുകയാണ് മാധവ അണ്ണനെ ഞാൻ കണ്ടിട്ടുണ്ട്.. ഷാരൂഖാനെ പോലെ ഇരിക്കും..’
(ഒരു രക്ഷയുമില്ലാ.. ഒരിക്കൽ മനസ്സിൽ പതിഞ്ഞുപോയാൽ പിന്നെ മാറ്റാൻ പ്രയാസമാണ്..!)
അവസാനത്തെ അടവായിട്ട്, ‘മോളേ ഷാരുവും ഞാനുമൊക്കെ ഏകദേശം ഒരു പ്രായക്കാരാണ്..’
‘അല്ല, അല്ല, അമ്മ ഒരിച്ചിരിക്കൂടി മൂത്തതാണ്..’
തീർന്നു.. അതും അവൾക്കറിയാം..!
ഇനി എന്തു പറയാൻ..?! ഷാരൂഖാൻ നീണാൾ വാഴട്ടെ..!
എന്നാലും ദീപികാ പഡുകോണിനോടൊപ്പം ഒക്കെ അങ്ങിനെ വിലസി നൃത്തമാടുമ്പോൾ.. ‘എന്തുപറ്റി നമ്മുടെ മോഹൻലാലിനു..?’ എന്നു തോന്നിപ്പോകും..!
തടിയൊക്കെ ഒന്നു കുറച്ച് മമ്മൂട്ടിയെപ്പോലെ ഫിറ്റ് ആയിരുന്നെങ്കിൽ ഒരുപക്ഷെ..
പ്രായത്തെപ്പറ്റിയല്ല മുഖ്യമായി എഴുതാൻ വന്നത്, ബോറടിയെപ്പറ്റിയാണു എഴുതാൻ വന്നത്..പക്ഷെ എഴുതി എഴുതി ഇത്രയും ആയിപ്പോയീ..
ആരെയും കമ്പ്ലീറ്റായിട്ട് സ്നേഹിക്കാൻ പറ്റുന്നില്ലാ..
ഒരു സ്വപ്നവും പെർഫക്റ്റായിട്ട് കണ്ടുതീർക്കാനാവുന്നില്ല..
ഷോപ്പിംഗിനു പോയാൽ ഒരു സാധനവും സന്തോഷം തരുമെന്ന് വരുന്നില്ല
എല്ലാം ക്ഷണികം.. ശാശ്വതമായി ഒന്നും ഇല്ല എന്ന മനസ്സിന്റെ ഭീക്ഷണി..
ഒടുവിൽ ഗത്യന്തരമില്ലാതെ വീണ്ടും വെജിറ്റേറിയൻ ആയി നോക്കി.
ഒരല്പം മനസ്സമാധാനം കിട്ടി!
അപ്പോൾ സന്തോഷം കിട്ടാൻ ആക്രാന്തമല്ല വേണ്ടത്, ത്വജിക്കലാണു വേണ്ടത് എന്ന് മനസ്സിലാവുന്നു. എന്തൊക്കെ ത്വജിക്കണം എന്നതിലാണു മനസ്സിന്റെ സമാധാനം നിലനില്ക്കുന്നതെന്നു തോന്നുന്നു..
(തുടരും..- അമ്മായി എഴുതിയപോലെ, 'പയറിനെപ്പോലെ കിടന്ന് തിളയ്ക്കുമ്പോൾ' എഴുതാതിരിക്കുന്നതെങ്ങിനെ..?!)
ഇനീം ഉണ്ട് വിശേഷങ്ങൾ..
നമ്മുടെ 'ഏൻഷ്യന്റ് പ്രോമിസസ് ' വായിച്ച് 'ആത്മയോട് ഇവിടുള്ളവർ ഒക്കെ അതിലും വലിയ അനീതി കാട്ടീട്ടും ആത്മ ഒക്കെ സഹിച്ച് ഒരു പരുവമായല്ലോ..' എന്നുള്ള സെല്‍ഫ് പിറ്റി യുമായി നടന്നതുകാരണം.., കുടുംബത്തിൽ ഉള്ള സമാധാനവും പോയിക്കിട്ടി!
ഇതാണ് പറയുന്നത്, ചില ബുക്കുകൾ ഒക്കെ വായിക്കാൻ പോലും മലയാളി സ്ത്രീകൾ യോഗ്യരല്ല, പിന്നെയാണു അതുപോലൊക്കെ ജീവിക്കുന്നത്! ഒന്നു ചീഞ്ഞാലും മറ്റേതെങ്കിലും തഴച്ച് വളർന്നോട്ടെ എന്ന ഒരു തത്വമാണ് മലയാളി വീട്ടമ്മമാർക്കൊക്കെ നന്നെന്ന് തോന്നുന്നു.
തുടരും..
ഈ കമ്പ്യൂട്ടറിൽ ആണ് ആത്മയ്ക്ക് എഴുത്ത് വരുന്നത്. ഈയ്യിടെയായി ഇത് ചിലപ്പോഴൊക്കെ ഓൺ ആകാൻ കൂട്ടാക്കുന്നില്ല. അതുകൊണ്ട് എഴുത്തും ചുരുങ്ങി വരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഓൺ ആയ കമ്പ്യൂട്ടറിനെ അതുകൊണ്ട് ഓഫ് ആക്കാൻ മടിച്ച് അങ്ങിനെ തന്നെ വച്ചിരുന്നു.. പാവം..
ഇനി എഴുതാൻ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങളൊക്കെ തപ്പിയെടുത്തു നോക്കട്ടെ, ഇന്നലെ ട്വിറ്ററിൽ എഴുതീലേ, അതിനെപ്പറ്റി തന്നെ തുടങ്ങാം..
ഒരപകടം.. അത് അല്പം സീരിയസ്സ് ആയിരുന്നു.. ആത്മ നേരിൽ കണ്ടില്ലെങ്കിലും അത്മ കണ്ണടയ്ക്കുമ്പോഴൊക്കെ ആ സീൻ തന്നെ തെളിയുന്നുണ്ടായിരുന്നു. ഭയപ്പെട്ട് കണ്ണുതുറക്കും.. മറ്റുള്ളവരുടെ സന്തോഷങ്ങൾ അവർക്ക് വിട്ടുകൊടുത്ത് മനസ്സിനെ നിയന്ത്രിച്ചെടുക്കാനാകുമെങ്കിലും ചിലപ്പോഴൊക്കെ അവർക്ക് വിഷമങ്ങളുണ്ടാകുമ്പോൾ അത് തന്റേതാണെന്ന് കരുതി ഞടുങ്ങിപ്പോകുന്നു..! കൂടുതൽ എഴുതാൻ സാധിക്കുന്നില്ല.. അറിയില്ല.. എഴുതുന്നില്ല.. (അത്രക്ക് എന്റേതായിപ്പോയി..)
അടുത്ത വിഷയം..
ആത്മ ആത്മയുടെ ഒരു ഫോട്ടോ ഫേസ് ബുക്കിൽ ഇടാൻ നോക്കി. വർക്കത്തുള്ള ഒറ്റഒരെണ്ണം ഇല്ല! വെളിയിലത്തെ ജീവിതത്തിൽ ഒരുക്കത്തിനൊന്നും പ്രാധാന്യം നൽകാതെ നടക്കുന്ന ആത്മ (പക്ഷെ, നമ്മുടെ പൌലോച്ചായൻ പറഞ്ഞ ലക്ഷണമാണെന്ന് ആത്മ അങ്ങ് തീരുമാനിച്ചു) ഇനി കമ്പ്യൂട്ടറിനെ കാണിക്കാനായി ബ്യൂട്ടിപാർലറിൽ പോണോ?, അതും ഈ വയസ്സിൽ?!
എങ്കിലും..
ആത്മ മനസ്സിൽ കരുതി..
അല്പം തടിയെങ്കിലും കുറയ്ക്കണം അല്ലെങ്കിൽ മഹാ വൃത്തികേട്!
പിന്നെ ഇനി അല്പം കൂടിയൊക്കെ ഒരുങ്ങി നടക്കണം..
വേഷവും അല്പം കൂടി മോഡേൺ ഒക്കെ ആക്കാം..
അങ്ങിനെ ആഗ്രഹങ്ങളുടെ പട്ടിക നീളുമ്പോൾ.. അതാ ‘അത്യാഗ്രഹം’ തലപൊക്കുന്നു..!
എങ്കിപ്പിന്നെ ഒരല്പം പൊക്കം കൂടി..
പിന്നെ കുറച്ച് പ്രായം കൂടി കുറച്ചാലോ..?!, എന്നിങ്ങനെ നീണ്ട് നീണ്ട് പോകുന്നു..
‘ആത്മേ ഇത് യധാർത്ഥജീവിതത്തിലെ കാര്യമണേ! അത് കമ്പ്യൂട്ടറിലെ പോലെ എഡിറ്റിംഗ് പിന്നെ റീഎഡിറ്റിംഗ് ഒന്നും സാധ്യമല്ല.. ദൈവം അതിനൊട്ട് തയ്യാറുമല്ല..’
എങ്കിലും അദ്ദേഹം സ്വപ്നങ്ങളിൽ വന്ന് നല്ല ഡീസന്റ് രീതിയിൽ ഈ എഡിറ്റിംഗും ഒക്കെ ചെയ്യുന്നുണ്ട്.. അല്പം മുൻപ് ആത്മ ബ്ലോഗെഴുതാൻ സാധിക്കാത്തതിന്റെ വിഷമവും, വീട്ടുജോലിയും റെസ്റ്റില്ലായ്മയും എല്ലാം കൂടി തളർത്തി, ചത്തപോലെ കിടക്കുകയായിരുന്നു.. അപ്പോൾ ഒരു സ്വപ്നം കണ്ടു.! ദൈവത്തിന്റെ വീഡിയോ/സ്വപ്ന എഡിറ്റിംഗ് നോക്കൂ..!
ദൈവത്തിനെ വികൃതികൾ..!
സ്വപ്നത്തിലൂടെ ദൈവം ആത്മേം ആത്മേടെ അമ്മയിയും പരിവാരങ്ങളും ഒക്കെയുള്ള ഒരു സീൻ കട്ട് ചെയ്ത് ഒരു ഭാഗം അങ്ങ് ദൂരെ ആത്മ പണ്ട് പഠിച്ച് ഒരു സ്കൂളിന്റെ മുൻപിൽ കൊണ്ട് ചേർത്ത് വച്ചു.! മറ്റേ പകുതിയിൽ ആത്മയുടെ ഒരു പണ്ടത്തെ ടീച്ചറും പിന്നെ ആത്മ മതിക്കുന്ന നല്ല ഒരു പെൺകുട്ടി നല്ല പക്വതയുള്ള ടീച്ചർ ആയി അങ്ങിനെ ഗമയിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ഈ പകുതി പടത്തിലേക്ക് നോക്കി ആത്മയെ തിരിച്ചറിയുന്നു! അവളിലും ഒരു മര്യാദകലർന്ന തിരിച്ചറിവ് ഉണ്ടാകുന്നു.. ആത്മ ആശ്വസിക്കുന്നു.. അപ്പോൾ ആത്മ തീരെ തറയല്ലാ...തീർന്നു! ശുഭം!
ഇനി ദൈവത്തിന്റെ അടുത്ത എഡിറ്റിംഗ്!
ഇപ്രാവശ്യം അദ്ദേഹം വളരെ വിദഗ്ധമായാണ് ആത്മയുടെ സ്വപ്നങ്ങളും യാധാർത്ഥ്യങ്ങളും പാസ്റ്റ് ടെൻസും പ്രസന്റ് ടെൻസും ഒക്കെ കൊണ്ട് ഫോട്ടോ/വീഡിയോ എഡിറ്റിം നടത്തിയത്..!
ആത്മ ഏതോ നല്ല ഒരു സ്ക്കൂളിൽ ജോലി ചെയ്യുകയായിരുന്നു.. അവിടെ നല്ല വിവരമുള്ളവരും ഏഷണിക്കാരും ഒക്കെയുള്ള ടീച്ചേർസ് ഉണ്ട്.. ആത്മയുടെ മകളും അവിടെയാണ് പഠിക്കുന്നത്. മകൾ നന്നായി പഠിക്കുന്നുണ്ട്.. ഒരു ഭയങ്കര ഏഷണിക്കാരി ടീച്ചർ ആത്മയെ കടന്നു പോകുമ്പോൾ പെട്ടെന്ന് വെട്ടി തിരിഞ്ഞ് പറയുന്നു, “ഇത്തവണ മാഗസീനിൽ വന്ന കവിത/കഥ നന്നായിരുന്നു.. (എന്തോ ഫിലോസഫി പോലെ ഒന്നായിരുന്നു. ‘ഇന്നലെയോളമെന്തെന്നറിഞ്ഞീലാ..’ എന്നും.. ‘മാളികമുകളേറിയ മന്നന്റെ എന്നുമൊക്കെയുള്ള..’ ഏതിനും അത് അവർക്ക് നന്നായി ഇഷ്ടമായി!) എന്ന് പറയുന്നു.
ആത്മയ്ക്ക് അവരെ സന്തോഷിപ്പിക്കാനും ശ്രദ്ധിപ്പിക്കാനും കഴിഞ്ഞ സംതൃപ്തി! അപ്പോൾ എഴുത്തുകൊണ്ട് ഗുണമുണ്ട്! എന്നും പറഞ്ഞ് തിരിച്ച് മകളുടെ ഹോസ്റ്റലിൽ കയറാൻ നോക്കുമ്പോൾ വഴികാണുന്നില്ല.! ഏതൊക്കെയോ വഴികളിലൂടെ കയറി അകത്തു കടന്ന് നോക്കുമ്പോൾ അതൊരു മെൻസ് ഹോസ്റ്റലായിരുന്നു! പുറത്ത് ആൺകുട്ടികളുമായി സല്ലപിച്ചുകൊണ്ട് നിന്നിരുന്ന ഗാർഡ് ആത്മേ കണ്ട് അന്തം വിടുന്നതിനിടയിൽ ‘ന്യൂകമർ’ എന്ന വിഡ്ഢിവേഷം അഭിനയിച്ച് “ അയ്യോ ഇത് ആണുകുട്ടികളുടെ ഹോസ്റ്റലായിരുന്നോ?! എനിക്കെന്റെ മകളുടെ ഹോസ്റ്റലിൽ പോകണമായിരുന്നു..” എന്നൊക്കെയുള്ള ആത്മയുടെ പരിഭ്രാന്ത പ്രകടനത്തിൽ മനം അലിഞ്ഞ അയാൾ ആത്മയെ വേലിചാടി (ചാടാൻ പറ്റുന്ന ഒന്ന്!) പുറത്തുപോകാൻ അനുവദിക്കുന്നു..
പിന്നീടും വഴിതെറ്റലുകളായിരുന്നു സ്വപ്നം നിറയെ..!
ഏതോ ഒരു അമേരിക്കൻ നടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു ടവറിനു മുകളിൽ തനിച്ച് കയറിപ്പോകുന്ന ഒരു രംഗം സിനിമയിലാക്കാൻവേണ്ടി കഷ്ടപ്പെടുകയായിരുന്നു. സ്വാഭാവികതയ്ക്ക് വേണ്ടി ചുറ്റും സുരക്ഷിതത്വം ഒന്നും ഏർപ്പെടുത്താതെ അവരുടെ ലോലമായ വിരലുകളാൽ അവർ അള്ളിപ്പിടിച്ച് ഏറ്റവും മണ്ടയിൽ എത്തുന്നു. (ഒപ്പം ആത്മേം അവിടേ എത്തി! ആത്മയും അവരുടെ ടെൻഷൻ/ഭയം അനുഭവിക്കുന്നു..! ആത്മ എന്തിനവിടെ എത്തിയതെന്നോ, ഈ എഡിറ്റിം എന്തിനു ചെയ്തതെന്നോ ദൈവം തമ്പുരാനേ അറിയൂ..!) അതോടെ പിന്നെ ലൈറ്റ്.. ക്യാമറ.. ആക്ഷൻ.. എല്ലാം തീർന്ന്, അവർ എല്ലാവരും ചേർന്ന് അർമാദിക്കുന്നതാണ് അടുത്ത സീൻ!
ആത്മേ പിന്നെ അവിടെനിന്നും വഴിതെറ്റിച്ച് ദൈവം മറ്റെവിടെയോ കൊണ്ടാക്കി..!
ഒരപരിചിതമായ സ്ഥലം..! അവിടെയങ്ങിനെ പെട്ടുകിടക്കുമ്പോൾ പെട്ടെന്നതാ മുകളിലത്തെ വീട്ടിലെ തീരെ വയ്യാതെ കിടന്ന ഒരു വയസ്സൻ അങ്കിൾ അദ്ദേഹത്തിന്റെ ‘കരോക്കെ’യുടെ വാദ്യോപകരണങ്ങൾ നിരത്തി എന്റെ മകളെ പാടാൻ വിളിക്കുന്നു. ഒപ്പം അദ്ദേഹവും പാടുന്നു.. അപ്പോൾ അകത്തു നിന്നും തീരെ തളർന്ന് കിടക്കുന്ന വലിയമ്മ/ആന്റി അവരുടെ സഹായ യന്ത്രങ്ങളുമായി (നിവർന്ന് നിൽക്കാനും മറ്റും ഉള്ള) വന്ന് കരോക്കെ ആഘോഷത്തിൽ പങ്കുചേരുന്നു..
ആത്മയ്ക്കും പോയി പാടിയാൽ കൊള്ളാമെന്നുണ്ട്. ( ഈ വലിയമ്മയ്ക്കും വലിയപ്പനും പാടാമെങ്കിൽ പിന്നെ ആത്മയ്ക്കും..) പക്ഷെ, ഈ ചാൻസ്, ഒരു വിധം നന്നായി പാടാൻ കഴിയുന്ന, മകൾക്ക് ഒരു പക്ഷെ ഗുണകരമായേക്കും.. തന്റെ നുഴഞ്ഞുകയറ്റം അവൾക്ക് ദോഷം വരുത്തിയാലോ, എന്നു കരുതി ആത്മയുടെ കരൊക്കെ മോഹം ഉപേക്ഷിക്കുന്നു. (അല്ലെങ്കിലും ഇതിനകം അവിടെ ധാരാളം ആൽക്കാർ കൂടിക്കഴിഞ്ഞിരുന്നു!)
ഇനി അടുത്ത സീൻ..
അടുത്ത സീൻ റിയാലിറ്റിയാണ്! ആത്മ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നു..
മി. ആത്മയോട് ചായയിടട്ടെ..? എന്നൊക്കെ ചോദിച്ച് അടുക്കളേലോട്ട് ഓടുന്നു.. തന്റെ സ്വപ്നത്തിന്റെ കാര്യം ഒന്നു വിവരിക്കാമെന്ന് കരുതിയെങ്കിലും ശ്രമം ഉപേക്ഷിക്കുന്നു.. (ചിലപ്പോൾ എല്ലാം ഒരുമിച്ച് തകർത്തുകളയും!) ഈ സമയത്ത് അല്പം ഉറങ്ങാൻ സമ്മതിച്ചതു തന്നെ മഹാഭാഗ്യം! എന്നുകരുതി മാക്സിമം നല്ല വീട്ടമ്മയായി ചായയും പുട്ടും ഒക്കെ കൊടുത്ത് ഗൃഹനാഥൻ പുറത്തു കടന്നതും..‘ദൈവത്തിന്റെ വികൃതികൾ എങ്കിപ്പിന്നെ ഒരു പോസ്റ്റാക്കീട്ട് തന്നെ കാര്യം’ എന്നുകരുതി ആത്മ ദാ ഇവിടെ..
ഇനി തുടരണോ?!
ഇന്നലെ മറ്റേ കമ്പ്യൂട്ടറിൽ പോയി മൊഴി ഇൻസ്റ്റാൾ ചെയ്ത് ടൈപ്പ് ചെയ്ത് നോക്കി. മലയാളം ഫോണ്ട് വന്നില്ല! നമ്മൾ ഇന്നനുഭവിക്കുന്ന പലേ സുഖ സൌഖര്യങ്ങളും മറ്റുള്ളവർ അതി വിദഗ്ദമായി
ബുദ്ധിയും പ്രയത്നവും ഉപയോഗിച്ച് ഉണ്ടാക്കിയെടുത്തവയാണെന്ന് ഇടയ്ക്കെങ്കിലും ഓർക്കാൻ ഇങ്ങിനെയുള്ള ചെറിയ അസൌകര്യങ്ങൾ സഹായിക്കും! ഒരു ചെറിയ തെറ്റു മതി/കുറവു മതി എല്ലാം താറുമാറാകാനും!
ജീവിതവും അതുപോയെയൊക്കെയാണ്. എല്ലാം വേണ്ടയളവിൽ വേണ്ടപ്പോൾ ഉപയോഗപ്പെടുത്തുന്ന ജീവിതങ്ങൾക്ക് നിലനിൽപ്പുണ്ട് വിജയമുണ്ട്.. ശരീരം തന്നെ നാം വേണ്ടവിധം പരിപാലിച്ചുപയോഗിച്ചാൽ ദീർഘനാൾ തകരാറിലാകാതെ സൂക്ഷിക്കാനാകും. ശരീരവും, കമ്പ്യൂട്ടറും മറ്റ് യന്ത്രങ്ങളും പോലെ ദൈവ നിർമ്മിതമായ ഒരു യന്ത്രമാണ്. അതിന്റെയും പ്രവർത്തനക്ഷമതയ്ക്ക് നാം ഇടയ്ക്കെങ്കിലും ഭഗവാനോട് നന്ദി രേഖപ്പെടുത്തേണ്ടതുണ്ട്..
ഭഗവാൻ
‘ഭഗവാൻ’ എന്നെഴുതിയപ്പോൾ അതിന്റെ അർത്ഥം പലയിടത്തും വ്യാഖ്യാനിച്ചിരിക്കുന്നത് കണ്ടൽഭുതപ്പെട്ടു. ആത്മ പലപ്പോഴും ഓർത്തിട്ടുണ്ട്. മനുഷ്യർ (ആത്മയുൾപ്പടെ) എത്ര അറപ്പോടും വെറുപ്പോടും ആണ് രതിയെയും രതിസംബന്ധമായ കാര്യങ്ങളും അതിലേർപ്പെടുന്നോരെയും അതിന്റെ ശരീരഭാഗങ്ങളുമൊക്കെ കണക്കാക്കപ്പെടുന്നത്! പക്ഷെ അത്രയും നികൃഷടമെന്നു കരുതുന്ന, തെറ്റെന്നു കരുതുന്ന, സ്വാർത്ഥമെന്ന് കരുതുന്ന, വൃത്തികേടെന്ന് പറയുന്ന ഒന്നിൽ നിന്നും ഒരിടത്തിൽ നിന്നുമാണ് നമ്മുടെ ഉത്ഭവം എന്നതോർക്കുമ്പോൾ നാം അതിലും വൃത്തികെട്ട ഒന്നായി മാറില്ലേ..??!! ജീവന്റെ ഉത്ഭവം തന്നെ പാപത്തിൽ നിന്നും, വൃത്തികേടിൽ നിന്നുമാണെന്ന് ധരിച്ചാൽ പിന്നെ നാമെല്ലാം വെറും വൃത്തികെട്ട മനുഷ്യരാവില്ലേ?! നമ്മുടെ അച്ഛനമ്മമാർ അതിലും വലിയ വൃത്തികെട്ടോർ ആയി തോന്നില്ലേ!
അപ്പോൾ പണ്ടത്തെ ആചാര്യന്മാർ അവിടെയും എത്രയോ മുന്നിലായിരുന്നു. അവർ അതൊക്കെ പവിത്രമായും ദിവ്യമായും തന്നെയാണ് കണ്ടത്! അല്ലെങ്കിൽ ഭഗവനെന്ന പേരും.. പിന്നെ ദേവിദേവന്മാരുടെ അവയവങ്ങൾ ഏറ്റവും പാവനമായ അവയവമായി പൂജിച്ച മതവും ഒക്കെ നമ്മെ മനസ്സിലാക്കിക്കുന്നതെന്ത്?! കാമത്തിനും പ്രേമത്തിനും ഒക്കെ ഒരു ദൈവീകത നൽകി ആദരിച്ചിരുന്നിരിക്കണം. കാരണം ദൈവത്തിന്റെ രതിലീലകൾക്ക് പ്രാധാന്യവും പവിത്രതയും നൽകിയെങ്കിൽ അന്നത്തെ മനുഷ്യർ തീർച്ചയായും മനുഷ്യന്റെ ബേസിക്ക് ഇൻസ്റ്റിക്റ്റുകൾക്കും പവിത്രത നൽകിക്കാണും തീർച്ച!
പിന്നെയുണ്ടായ ജന്മിത്തവും പുരുഷമേധാവിത്വവും ഒക്കെ കൊണ്ട് ശക്തിയും ബുദ്ധിയും കൂടുതലുള്ള മനുഷ്യർ എല്ലാം തങ്ങളുടെ കാര്യസാദ്ധ്യത്തിനുതകും വിധം രൂപകല്പന ചെയ്ത് ഉണ്ടാക്കിയെടുത്തതാണ് ഇന്നത്തെ സമൂഹത്തിന്റെ തെറ്റും ശരിയും.. സത്യത്തിൽ നിന്നും ദീർഘദൂരം സഞ്ചരിച്ച്.. നാം തന്നെ നമുക്ക് മനുഷ്യരായി ജീവിക്കാനാവാത്ത വിധം യന്ത്രങ്ങളായി തീർന്നിരിക്കുന്നു.
പറയാൻ ലജ്ജയുണ്ട്.. എങ്കിലും സമ്മതിക്കാതെ നിവർത്തിയില്ല.. ഇന്ന് നാം യംഗർ ജനറേഷനോട് തന്നെ എന്തെല്ലാം കള്ളങ്ങളും ഭയങ്ങളും കുത്തി നിറച്ചാണ് അവരെ പല ബേസിക് ഇൻസ്റ്റിങ്റ്റുകളിൽ നിന്നും പിന്തിരിപ്പിക്കുന്നതും മറ്റും.. ഒടുവിൽ ഒടുവിൽ ഒന്നുകിൽ അവർ സമൂഹവിരോധികളും അഹങ്കാരികളും സ്വാർത്ഥരെന്നുമൊക്കെ സ്വയം സമ്മതിച്ച് തോന്നിയ വഴിക്ക് പോയി ജീവിക്കുന്നു..മറ്റുചിലർ അച്ഛനമ്മമാരുടെയും വിലക്കുകളെയും ഭീക്ഷണികളെയും ഒക്കെ ഭയന്നും വിശ്വസിച്ചും ജീവിതം കൂരിരുളിലും അടിമത്വത്തിലും ആക്കുന്നു. സ്വന്തം ശരീരം പോലും അറപ്പോടെയും വെറുപ്പോടെയും സ്വന്തം ശരീരത്തിന്റെ വികാരങ്ങൾ കേവലം അധമങ്ങളാണെന്നും പാപമാണെന്നുമൊക്കെ വിശ്വസിച്ചു വശാകുന്ന അവർക്ക് തന്നെയും പിന്നെ മറ്റുള്ളവരെയും സ്നേഹിക്കാനോ സന്തോഷിപ്പിക്കാനോ ഒന്നുമാകാതാകുന്നു.
ആൺകുട്ടികളെ നോക്കുന്നത് തെറ്റ്, സംസരിക്കുന്നത് ചീത്തക്കുട്ടികൾ, സ്വന്തം ശരീരം പരിശോധിക്കുന്നത് വളരെ തെറ്റായ ഒരു കാര്യം.. മനസ്സിൽ പ്രേമം ഉദിക്കുന്നത് ഏറ്റവും നീചവും സംസ്ക്കാര ശൂന്യവുമായ ഒരു കാര്യം (എന്റെ കാലത്ത് മനസ്സിൽ പ്രേമം കൊണ്ടുനടക്കുന്ന യുവതീയുവാക്കളെ കാണുമ്പോൾ വഴിപിഴച്ചുപോയോർ എന്ന ഒറ്റ ചിന്തയേ ഉദിക്കുമായിരുന്നുള്ളൂ. അടുക്കാൻ കൊള്ളാത്തവർ.. കൊള്ളരുതാത്തവർ..). അവർ തന്നെ അമേരിക്കയിലോ മറ്റോ ജനിച്ചിരുന്നെങ്കിൽ മാന്യമായി സമൂഹത്തിലും പിന്നെ പഠിപ്പിലും ശ്രദ്ധിച്ച് നല്ല പൌരന്മാരായി തീർന്നേനെ..
ഇന്നും നാം സത്യത്തെ അംഗീകരിക്കുവാൻ വളരെ പിന്നിലാണ്. സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എത്ര തീവ്രമായി സ്വതന്ത്രത പ്രഖ്യാപിക്കുന്ന അമ്മമാർ പോലും പതിയെ ഉപദേശം തുടങ്ങും..
‘കഴിവതും പുരുഷന്മാരുമായി അടുക്കാതിരിക്കുക.. പ്രേമബന്ധത്തിൽ കുരുങ്ങാതിരിക്കുക.. സ്വന്തം ജാതിയിലും മതത്തിലും നിന്നൊരാളെ സ്വീകരിച്ചാൽ സമൂഹത്തിൽ അന്തസ്സ് കിട്ടൂ, പ്രേമമെന്നൊക്കെ തോന്നുന്നത് വെറും ഒരു ഇല്ല്യൂഷൻ മാത്രം. ജീവിതവിജയമാണ് പ്രാധാന്യം..!.’ എന്നിങ്ങനെ...
ഇതിനു സഹായമാകും വിധം നാം നമ്മുടെ മക്കളുടെ ചിന്തകളെ പ്രവർത്തികളെ തിരിച്ചുവിട്ട്, അമർത്തി വച്ച് അവരെ നാം ആഗ്രഹിക്കുന്ന വിധത്തിൽ ചേരും പടി ചേർത്തുവച്ച് ദീർഘശ്വാസം വിടുന്നു.
പിന്നീടങ്ങോട്ട് ഈ ചേരും പടി ചേർത്തോർ തമ്മിൽ അപരിചിതരെപ്പോലെ ഉറ്റുനോക്കുന്നു. മനുഷ്യർക്ക് തമ്മിൽ ഒന്നാകാൻ ദൈവം അനുഗ്രഹിച്ചു കൊടുത്ത ഒരു വികാരങ്ങളും അനുസ്വരിക്കാതെ, ഉപയോഗിക്കാതെ.. മനുഷ്യർ തിരഞ്ഞെടുത്ത യന്ത്രത്തെ നോക്കി യന്ത്രങ്ങളെപ്പോലെ ജീവിക്കുന്നു..
യന്ത്ര മനുഷ്യരെ ഉൽപ്പാദിപ്പിക്കുന്നു..
അടിമത്തം
ഇനി ഇന്നലെ ‘വെറുതെ ഒരു ഭാര്യ’യെപ്പറ്റി എഴുതിയില്ലേ.. ശക്തിയുള്ളവർ/ബുദ്ധിയുള്ളവർ ശക്തികുറഞ്ഞവരെ/ബുദ്ധികുറഞ്ഞവരെ എന്നും ഭരിച്ചിരുന്നു.. ഭരിക്കുന്നു.. ഭരിക്കും എന്നൊക്കെ..
പക്ഷെ, മറ്റൊരു ആങ്കിളിൽ നോക്കിയാൽ, നാം ഒരാളെ അടിമയാക്കുമ്പോൾ നാം അറിയാതെ ആ അടിമയുടെ അടിമയാവുകയല്ലേ?!
നാം അടിമയാക്കുന്നത് നമ്മെ തന്നെയാണ്. ഉദാഹരണത്തിന് ഒരു ജോലിക്കാരിയോ, ജോലിക്കരനെയോ, ഭാര്യയേയോ ഒക്കെ നമ്മുടെ നിയന്ത്രണത്തിൽ നിർത്തി അനുസരിപ്പിക്കൽ എന്നത് വളരെ ദുഷ്ക്കരം പിടിച്ച പണിയാണ്. നാം മുതലാളികൾ അല്ലെങ്കിൽ ലീഡർ എന്നൊക്കെ കരുതി അഹങ്കരിക്കുമ്പോൾ.. ഒരു മുള്ളുള്ള സിംഹാസനത്തിൽ അല്ലെങ്കിൽ ഏതുനിമിഷവും തകർന്നുവീഴാവുന്നവിധം ഇളകിയാടുന്ന ഒരു ഇരിപ്പിടത്തിൽ ഇരിക്കാൻ ശ്രമിക്കുന്നപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാം അടിമയെന്ന് /നമുക്ക് വിധേയനെന്ന് കരുതുന്ന മറ്റേ മനുഷ്യനെ ആശ്രയിച്ചിരിക്കും നമ്മുടെ ഇരിപ്പിന്റെ ഭദ്രത! ചുരുക്കത്തിൽ നമ്മുടെ ജീവിതം.. നമ്മുടെ ഓരോ നിമിഷവും നാം നമ്മൾ അടിമകളാക്കുന്ന മനുഷ്യരോട് കടപ്പെട്ടിരിക്കുന്നു. അവരുടെ അനുസരണയാണ് നമ്മുടെ നിലനിൽപ്പ്. അവർ നമ്മെ എതിർക്കാൻ തുടങ്ങുന്നതോടെ തകരാൻ തുടങ്ങുന്നു നാം പടുത്തുയർത്തുന്ന രത്നസൌധം.. അപ്പോൾ നാം ആരുടെ അടിമയാണ്? ‘ ദയവായി എന്നെ അനുസരിക്കൂ.. നീയില്ലാതെ എനിക്കു നിലനിൽപ്പില്ല’ എന്ന വിധമോ.. ഭീഷണിപ്പെടുത്തിയോ, വശീകരിച്ചോ, മറ്റൊരു മനുഷ്യനെ നമ്മുടെ സാധീനത്തിൽ നമ്മുടെ നിലനിൽപ്പിന് ഉപയോഗപ്പെടുത്തുപോൾ അവർ നമ്മുടെ അടിമകളായി എന്നു സമാധാനിക്കും മുൻപ് ഒന്നുകൂടി ചിന്തിച്ചു നോക്കുക, ‘ആരാണ് യധാർത്ഥ അടിമ?’!
സ്വന്തം കഴിവിൽ ബുദ്ധിയിൽ വിശ്വസിച്ച്, മറ്റൊരുവനെ അടിമയാക്കാതെ ജീവിക്കാനാകുന്നവർ ശക്തിമാൻ ബുദ്ധിമാൻ എന്നൊക്കെ ഞാൻ വിശേഷിപ്പിക്കും! (എനിക്ക് ലോകപരിചയം വളരെ കുറവാണ്. പണ്ട് കൌമാരം കടക്കുന്നതിനിടയിൽ ഒരു ജോലിക്കാരിപെണ്ണിനെ എന്നെ നിയന്ത്രണത്തിലാക്കാൻ പണിപ്പെട്ടപ്പോൾ -എന്തൊരു വൃത്തികെട്ട, സ്വാർത്ഥമായ, വിഡ്ഡിത്തമായിരുന്നു അത്!- ഉണ്ടായ അനുഭവത്തിൽ നിന്നാണ് മേൽ എഴുതിയ ചിന്തകൾ ഉരുത്തിരിഞ്ഞതും..) ഒരാളെ സ്വതന്ത്രരായി, മനുഷ്യരായി അംഗീകരിച്ച് തുല്യസ്ഥനം നൽകി അവരുടെ കടമ എന്തെന്നു മനസ്സിലാക്കി ജോലിചെയ്യിക്കുന്നതും, ഭീക്ഷണിപ്പെടുത്തിയും മറ്റും അവരുടേ ലീഡർ ആകാൻ തുനിയുന്നതും തമ്മിൽ വളരെ വ്യത്യാസം ഉണ്ട്..
അന്യനാട്ടിൽ വരുമ്പോൾ നമുക്കത് കൂടുതൽ മനസ്സിലാകും. തൊഴിലാളികളുടെ ഇടയിൽ മറ്റൊരു തൊഴിലാളിയെ പോലെ ജോലിചെയ്യുന്ന മുതലാളി! എന്നാൽ തൊഴിലാളികൾക്ക് മുതലാളിയെ ഭയവുമാണ് കാരണം അയാൾ ഭരിക്കാൻ ചെല്ലുന്നില്ല എന്നതുതന്നെ കാരണം.. അയാൾ മാതൃകയാണ്.. അയാൾക്കുവേണ്ടി (തനിക്കുവേണ്ടി) കഷ്ടപ്പെടാൻ അതുകൊണ്ട് ഒരു മടിയുമില്ലാതാനും..
എന്തൊക്കെയോ എഴുതി വിഷയത്തിൽ നിന്നും വഴുതി!
പക്ഷെ, ആക്ച്വലി എന്തായിരുന്നു ഇന്നത്തെ വിഷയം???!!!
സ്വാതന്ത്രം
ഇന്ന് ഞാൻ ഒറ്റപ്പെട്ടെന്നും ആരും എന്നെ അംഗീകരിക്കുന്നില്ല എന്നും സഹായിക്കുന്നില്ല എന്നുമൊക്കെ പരിദേവനം നടത്തുന്നില്ലേ?! എന്നാൽ ഒരിക്കൽ ഇതിനൊരപവാദമായി ആയിരുന്നു എന്റെ ജീവിതം. ആവശ്യത്തിൽ കൂടുതൽ അംഗീകാരം. ‘എന്റെ മകൾ ചെയ്യുന്നതെല്ലാം ശരി.. അവളെപ്പോലെ നല്ല സ്വഭാവവും ബുദ്ധിയും വിവേകവും സൌന്ദര്യവും ഒന്നും മറ്റാർക്കുമില്ല..’
എന്നൊക്കെ വീമ്പടിച്ച് നടക്കുന്ന മാതാപിതാക്കളെ സന്തോഷിപ്പിക്കാൻ എന്തൊരു പാടായിരുന്നു. (കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്!.. കിണറ്റിലെ തവള!) അവരുടേ ഓവർ കൺസേണും മറ്റും കാണുമ്പോൾ ഉള്ള ശക്തിയും ക്ഷയിച്ച് മിണ്ടുവാനും ആളുകളോട് ഇടപെടാനും കൂടി ആത്മവിശ്വാസമില്ലാതെ തള്ളിനീക്കിയ നാളുകൾ ഏറെ.. പുതിയ സാഹചര്യത്തെ നേരിടാൻ ഭയം ആൾക്കാരെ പരിചയപ്പെടാൻ ഭയം.. മാതാപിതാക്കൾ തനിക്കു നൽകിയ പൊയ് വേഷം അഴിഞ്ഞു വീണുപോകുമോ, അവരെ നിരാശപ്പെടുത്തേണ്ടിവ് അരുമോ എന്ന ഭയം!
എന്നാൽ അന്യനാട്ടിൽ എത്തി, അവിടെ നിന്നും തിക്താനുഭവങ്ങൾ ഉണ്ടായപ്പോൽ ശരിക്കും പറഞ്ഞാൽ, ഞാൻ ശരിക്കും ഒരു മനുഷ്യനാകുകയായിരുന്നു. ആദ്യമായി അറിഞ്ഞത് ശരികൾ ചെയ്യാനാവില്ലെങ്കിൽ അറ്റ് ലീസ്റ്റ് എനിക്ക് തെറ്റുകളെങ്കിലും ചെയ്യാനാകുമല്ലൊ എന്നതായിരുന്നു. പിന്നെ പതിയെ പതിയെ തെറ്റുകൾ ചെയ്യാൻ വിധം താൻ പ്രാപ്തയാണെങ്കിൽ തീർച്ചയായും എനിക്ക് അത് ശരികളാക്കാനും കഴിവ് കാണും എന്ന ഒരു ചിന്തയിൽ നിന്നും ആത്മവിശ്വാസം ഉരുത്തിരിയുകയായിരുന്നു..!!
ഏകാന്തതയായാലും, അവഗണനയായാലും, ക്രൂരതയായാലും അതിനെയൊക്കെ അതിജീവിക്കാൻ പഠിച്ചു.. കാരണം അതിനിടയിലൂടെ അതിനെ നേരിട്ടുകൊണ്ട് ജീവിക്കുന്ന ഒരു മനുഷ്യനെ എനിക്ക് കാണാൻ കഴിഞ്ഞ സംതൃപ്തി. നാട്ടിൽ വച്ച് സ്വന്തം വ്യക്തിത്വം എന്തെന്ന് തിരിച്ചറിയാനാകാതെ സുഖിച്ച് പൊള്ളയായി ജീവിച്ചപ്പോൾ കിട്ടാതിരുന്ന ഒരാത്മസംതൃപ്തി..
വേണ്ടെന്നു വച്ച പോസ്റ്റാണ് പക്ഷെ, എന്തോ പോസ്റ്റ് ചെയ്യാൻ തോന്നുന്നു.. കുറ്റങ്ങളുണ്ടെങ്കിൽ ദയവായി ക്ഷമിക്കുക.. തിരുത്താം...
ഇന്നലെ ഈ കമ്പ്യൂട്ടർ പണിമുടക്കിലായിരുന്നു! അത് എന്റെ ജീവിതത്തെ ഒട്ടൊന്നുമല്ല സ്വാധീനിച്ചത്!
പെട്ടെന്ന് നാം ഒരു രാജ്യത്തിൽ നിന്നും നാടുകടത്തപ്പെട്ടവനെപ്പോലെ ഒരു അനുഭവം.
എനിക്കുണ്ടെന്നു ഞാൻ കരുതിയ ഒരു മായാലോകം പെട്ടെന്ന് അപ്രത്യക്ഷമായപോലെ.. ആ മായാ ലോകത്തിൽ എനിക്കാരൊക്കെയോ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നു.. ഞാൻ ആർക്കൊക്കെയോ ആരോ ഒക്കെ ആയിരുന്നു... ഇന്ന് ആ ലോകം എനിക്ക് അപ്രാപ്യമായിരിക്കുന്നു. ലോകത്തിൽ ഞാൻ ഒറ്റപ്പെട്ടപോലെയൊക്കെ ഒരു തോന്നൽ.
ഇന്നലെ വെറുതെ ഒരു ഷോപ്പിംഗ് നടത്തി. വെറുതെ എന്നു പറയാനാവില്ല. പല നാളായി മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു.. പലയിടത്തായി, കിടക്കുന്നു സി. ഡികളെല്ലാം ഒന്നു തിരഞ്ഞെടുത്ത് വേർതിരിച്ച് പ്രത്യേകം പ്രത്യേകം ഫയലിൽ വയ്ക്കുക. പോയി മൂന്നു നാലു തടിച്ച് ഫയലുകൾ വാങ്ങി.. വീട്ടിൽ വന്ന് ജോലിക്കിടയിലും സി. ഡികൾ അടുക്കുന്ന ജോലിയിൽ വ്യാപൃതയുമായിരുന്നു. ഇടയ്ക്കിടെ ബ്ലോഗ് ലോകത്തിൽ പോയി എല്ലാവരും സുഖമായിരിക്കുന്നോ എന്ന് നോക്കി തിരിച്ചു വരും. പരലോകത്തിൽ നിന്നും എത്തി നോക്കുന്ന ഒരു പ്രതീതി. അല്ല ഞാൻ ജീവിച്ചിരിപ്പുണ്ട്. പക്ഷെ, എന്റെ കമ്പ്യൂട്ടർ (മൊഴി കീമാൻ ഉള്ള) പ്രവർത്തനക്ഷമമായാലേ എനിക്ക് ബ്ലോഗുലോകത്തിൽ പ്രവേശിക്കാനാകൂ..
ഇന്ന് അപ്രതീക്ഷിതമായി കമ്പ്യൂട്ടർ പ്രവർത്തനക്ഷമമായി! ഇനി എനിക്ക് തനിച്ച് കിട്ടുന്നത് ആകെ രണ്ട് മണിക്കൂർ കൂടി.. അതുകഴിഞ്ഞാൽ പിന്നെ ഗൃഗനാഥൻ വരും.. പിന്നെ മക്കൾ വരും.. പിന്നെ ഒരു ജോലിക്കാരി വരും. ഈ ജോലിക്കാരി എനിക്കിഷ്ടമുള്ള ആളല്ല. ഞാൻ കണ്ടുപിടിച്ച് ഡീസന്റ് ജോലിക്കാരിയെ ഓടിച്ചിട്ട് ഹൃഹനാഥന്റെ ഒത്താശയോടെ വരുന്ന ഒരു തമിഴത്തിയാണ്. അതെന്നെ വല്ലാതെ നിരാശപ്പെടുത്തുണ്ട്..
ഉച്ച കഴിഞ്ഞ്, അവരുടെയൊക്കെ ആഗ്രഹപ്രകാരം എന്റെ ചിന്തകളും പ്രവർത്തികളും ഒക്കെ മാറ്റിയും മറിച്ചും ഒക്കെ ജീവിക്കണം.. അതിനിടയിൽ ബ്ലോഗിൽ വല്ലതും എഴുതാം എന്നാലോചിക്കുന്നത് വളരെ മന:പ്രയാസം ഉണ്ടാക്കും.. അതുകൊണ്ട് ഇപ്പോൾ തന്നെ ആഗ്രഹങ്ങൾ നിറവേറ്റിയേക്കാം..
ഇടക്ക് ഫോണിൽ വിളിച്ച് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയെ വിളിച്ച് അല്പം സംസാരിച്ചലോ എന്നൊരു ആലോചനയുണ്ടായി. ‘എനിക്ക് ഈ വരുന്ന പുതിയ ജോലിക്കാരിയെ ഇഷ്ടമല്ലാത്തതിനെപ്പറ്റിയും..ആരോ ചേർന്ന് എന്നെ ട്രാപ്പിലാക്കാൻ ചെയ്യുന്ന പ്രവർത്തിയാകുമോ എന്ന ഭയം ഉണ്ടെന്നും.. നാളെ നടക്കുന്ന ഫിലിം ഷോ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും പക്ഷെ, കുട്ടികളെ എന്റെ അഭാവം പ്രതികൂലമായി ബാധിക്കുകയാണെന്നു തോന്നുന്നെങ്കിൽ മിക്കവാറും ഷോ വേണ്ടെന്നു വയ്ക്കേണ്ടിവരും..’ എന്നുമൊക്കെ പറഞ്ഞ് അല്പം വിലപിക്കാം എന്നുമൊക്കെ കരുതി. പിന്നീട് ആ കുട്ടിയുടെ വീട്ടുജോലിക്കു വിഘാതമുണ്ടാക്കുമോ എന്റെ കമ്പ്ലൈന്റുകൾ എന്നു ഭയന്ന് വേണ്ടെന്ന് വച്ചു..
അങ്ങിനെ അനർഘമായ ഈ ഏകാന്തതയെ എങ്ങിനെ ഒരു നുള്ള് എടുത്ത് ഓമനിക്കാം എന്ന് ഓർത്ത് ഒടുവിൽ Paulo Coelho യുടെ 'Like the flowing River' എന്ന ചെറുകഥാ സമാഹാരത്തിൽ ഒരു കൊച്ച് കഥ വായിച്ചു. ഒന്ന് ഇന്നലെ വായിച്ചായിരുന്നു..
ഇന്നലത്തെ കഥയിൽ അദ്ദേഹം തനിക്ക് മൂന്നു ലോകങ്ങളുണ്ടെന്നും.. ധാരാളം ആളുകളുടെ ലോകം(ബുക്ക് ഫെയർ തുടങ്ങിയവയിൽ പങ്കെടുക്കുമ്പോൾ), കുറച്ച് ആൾക്കാരുടെ ലോകം(പ്രിയപ്പെട്ട കൂട്ടുകാരുടെ കണ്ടുമുട്ടലുകൾ), തികച്ചും ഏകാന്തമായ ലോകം (ഗ്രാമത്തിൽ വീട്ടിൽ). അദ്ദേഹം തികച്ചും ഏകാന്തമായ ലോകത്തിൽ പ്രകൃതിയോടിണങ്ങി അങ്ങിനെ ഉലാത്തുമ്പോൾ പെട്ടെന്ന് കമ്പ്യൂട്ടറിന്റെ മുന്നിൽ എത്തപ്പെടുന്നു. അത് ഓൺ ചെയ്യണോ വേണ്ടേ എന്നൊരുനിമിഷം ആലോചിച്ചു നിൽക്കുന്നു. പിന്നെ തടുക്കാനാവാത്ത ഒരു പ്രേരണയോടെ ഓൺ ചെയ്യുന്നു.. ധാരാളം ആളുകളുള്ള ലോകത്തിലെ കാര്യങ്ങൾ ചെയ്തു തീർക്കുന്നു.. എല്ലാം കഴിഞ്ഞ് കമ്പൂട്ടർ ഓഫ് ആക്കുമ്പോൾ വീണ്ടും തനിമ! ഈ രണ്ടു ലോകങ്ങളുമായി ഇത്ര പെട്ടെന്ന് തനിക്ക് പൊരുത്തപ്പെടാനാവുന്നതിന്റെ ഒരു ആശ്ചര്യം..
ഇന്ന് വായിച്ച കഥ.. (കഥ എന്നു പറയാനാവില്ല അദ്ദേഹത്തിന്റെ ജീവിതത്തിലെ കൊച്ച് കൊച്ച് സംഭവങ്ങൾ ആണ്) അദ്ദേഹം പൂന്തോട്ടത്തിൽ പുല്ലുകളുടെ ഇടയിൽ നിന്നും കള പിഴുതുകളയുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിൽ ഉദിക്കുന്ന ചിന്തകളാണ്.. ‘ശരിക്കും മനുഷ്യർക്ക് ഈ കളയെ പിഴുതു നശിപ്പിക്കുന്നത് ശരിയാണോ..? പുല്ലുകളെപ്പോലെ കളകളും സർവൈവലിനായി പലതും ചെയ്താണ് ജീവൻ നിലനിർത്തുന്നത്. അതിനിടയിൽ പ്രകൃതി വിരുദ്ധമായി പ്രവർത്തിക്കുന്നത് മനുഷ്യൻ മാത്രമാണ്..’ എന്നിങ്ങനെ ഓർത്ത് മടിച്ചു നിൽക്കുന്നു..
പിന്നെ, ഭഗവത് ഗീതയിലെ കൃഷ്ണന്റെ വാക്കുകൾ ഓർമ്മവരുന്നു. “നീ ചെയ്യുന്നു എന്നു തോന്നുന്ന പ്രവർത്തി ശരിക്കും എന്റെ തന്നെ പ്രവർത്തിയാണ്. നീ ആരെയും കൊല്ലുന്നില്ല. നീ ചെയ്യാനുള്ള കർമ്മങ്ങൾ മാത്രം ചെയ്യുകയാണ്...” അതോർത്ത് അദ്ദേഹം വീണ്ടും കളകൾ പിഴുത്, എല്ലാം ദൈവം തന്നെക്കൊണ്ട് ചെയ്യിക്കുന്ന പ്രവർത്തിയാകും എന്ന് സമാധാനിക്കുന്നു.. ഒപ്പം തന്റെ മനസ്സിൽ ഉണ്ടാകുന്ന പാഴ്ചിന്തകൾ കൂടി ഈ വിധം തനിക്ക് പിഴുത് നശിപ്പിക്കാനാകണേ എന്ന് പ്രാർത്ഥിക്കയും ചെയ്യുന്നു..
ഒരു ബുക്ക് വായിച്ചു കഴിയുമ്പോൾ വല്ലാത്ത ചാരിതാർത്ഥ്യമാണ്. എന്തോ നേടിയ പ്രതീതി. ഏതോ പ്രിയപ്പെട്ടവരെ കണ്ട് സംസാരിച്ച്, അവരുടെ ചിന്തകൾ പങ്കുവച്ച പ്രതീതി! ഇന്നത്തെ പ്രതീകൂലവും അനുകൂലവും ആയ പലതും നേരിടാൻ ഈ ഒരു ചില നിമിഷങ്ങൾ മാത്രം മതി! എനിക്ക് ഞാനായി ജീവിക്കാൻ കഴിഞ്ഞ ഈ നിമിഷങ്ങൾ..
-----behind the scene----
ഞാൻ ഞാനായി ജീവിച്ച നിമിഷങ്ങൾ കഴിഞ്ഞൂ...!-
ജോലിക്കാരി പറഞ്ഞപോലെ വന്നു! പക്ഷെ, ആദ്യത്തെ ദിവസം തന്നെ ലേറ്റായി വന്നെങ്കിലും ബോസ്സിനോട് കിളിമൊഴിയിൽ എല്ലാം പറഞ്ഞുറപ്പിച്ച് നടന്നകന്നു..
കഥ വിശദമായി എഴുതണമെന്നുണ്ട്.. പക്ഷെ സന്ദർഭം അനുകൂലമല്ലാത്തതിനാൽ മാറ്റിവയ്ക്കുന്നു...
എത്ര നല്ല പോസ്റ്റായാലും ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ അത് വാടിയ മുല്ലപ്പൂ കാണുമ്പോലെ ഒരു അരോചകത്വം തോന്നും..!! അതുകൊണ്ട് വെറുതെ ഒരു പോസ്റ്റ്കൂടി.. ഇതും അല്പം സീരിയസ്സ് ചിന്തയാണ്.. സമയമില്ല/കൂടുതൽ അറിവുമില്ല കൂടുതൽ ചിന്തിക്കാൻ.. അതുകൊണ്ട് തൽക്കാലം ചുരുക്കത്തിൽ ആക്കി ചിന്ത...
രാവിലെ മുറ്റം തൂത്തുകൊണ്ടിരുന്നപ്പോൾ കഷ്ടം തോന്നി. പുറത്തെ ചെടികൾ മിക്കതും പട്ടുതുടങ്ങി! എങ്ങും ഉണങ്ങിയ കരിയിലകളും പൊടിപടലങ്ങളും.. മനുഷ്യർ ചൂട് സഹിക്കാനാകാതെ നെട്ടോട്ടമോടുന്നു.. മനസ്സിൽ ആരോടോ ഉള്ള പക പോലെ പിറുപിറുത്തു.. “വേണം .. ഇങ്ങിനെയൊക്കെ തന്നെ വേണം അനുഭവിക്കട്ടെ.. ഭൂമിയെ കഷടപ്പെടുത്തുന്നതിന്റെ, അവഗണിക്കുന്നതിന്റെ ശിക്ഷ അനുഭവിച്ചു തീരട്ടെ...”
ലോകം നശിച്ചുകൊണ്ടിരിക്കയാണ്..!! ‘ഗ്രീൻ സിറ്റി’ ഇപ്പോൾ ‘ബ്രൌൺ സിറ്റി’യായി മാറിക്കൊണ്ടിരിക്കുന്നു. പുറത്തെ പച്ചപ്പുകൾ ഓരോന്നായി മാറിമാറിവരുന്നു.. എന്നിട്ടും മുറ്റത്തുള്ള ഒരേ ഒരു മാവ് വെട്ടിക്കളയാൻ കൂട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും ഉപദേശം! അത് മതിലിനു കേടാണത്രെ! അയല്പക്കങ്ങലിലൊക്കെ എല്ലാം ഒന്നുകിൽ കുറ്റിച്ചെടികൾ അല്ലെങ്കിൽ ചെടിച്ചട്ടികളിൽ മാത്രമേ ഉള്ളൂ ചെടികൾ. മരങ്ങൾക്ക് നിൽക്കാൻ ഇപ്പോൾ സ്ഥലമില്ല.. എല്ലാം കോൺക്രീറ്റ് മയം. മരങ്ങൾ ഇപ്പോൾ കോൺക്രീറ്റിനു ദോഷമായി മാറിയിരിക്കുന്നു. ഇനി ഒരു കാലത്ത് മനുഷ്യരും ഇതുപോലാകുമായിരിക്കും അല്ലെ? ഒടുവിൽ ഒടുവിൽ കോൺക്രീറ്റ് സൌധങ്ങളും യന്ത്രമനുഷ്യരും മാത്രം ബാക്കിയായേക്കും!!!
ഇന്നലെ എത്രയോ മയിലുകൾ അണ്ടർ ഗ്രൌണ്ട് ടണലിലൂടെ സഞ്ചരിക്കുമ്പോൾ ഒരു ഭയം! ഇതെങ്ങാനും ഇടിഞ്ഞുവീണാൽ എങ്ങിനെ പുറത്തു കടക്കാൻ! പോരാത്തതിനു അതിനു മുകളിൽ കൂറ്റൻബഹുനില കെട്ടിടങ്ങൾ! മനുഷ്യന്റെ ബുദ്ധിയും ശക്തിയും ഒക്കെ ദൈവം ആഗ്രഹിച്ചതിലും അപ്പുറമായിരിക്കുന്നു..!!
ദൈവത്തിന്റെ നിയമങ്ങളെ ഇതിനകം തന്നെ മനുഷ്യൻ മറികടന്ന് ബഹുദൂരം താണ്ടിക്കഴിഞ്ഞുകാണും! എല്ലാം അറിയാമെങ്കിലും അറിയില്ലെന്നു നടിക്കുന്നു മനുഷ്യർ! നമുക്ക് ആരോ തോന്നിയപോലെ ഉപയോഗിക്കാൻ തന്ന ഭൂമി എന്ന ഭാവത്തിൽ.. എന്നാൽ മരങ്ങൾ വെട്ടിനശിപ്പിലും കാടു തെളിയിക്കലും ഒക്കെ ഓസോൺ ലയറിനു (കൂടുതൽ അറിയില്ല) ഒക്കെ ദോഷമാണെന്നൊക്കെ ബുദ്ധിജീവികൾക്കറിയാമെങ്കിലും അതിനെതിരായി ആരും ഒന്നും ചെയ്യാത്തതെന്തേ?! ഭൂമിയുടെ അടിയിൽ കിടക്കുന്നതൊക്കെ യന്ത്രങ്ങളുടെ സഹായത്തോടെ കുത്തിത്തുരന്നെടുത്തു മുകളിൽ നിക്ഷേപിക്കുക! മുകളിൽ സംരക്ഷണത്തിനായി ഉള്ള മരപ്പച്ചകൾ ഇല്ലാതാക്കുക...! മനുഷ്യർക്കെന്നു തുടങ്ങി ഈ കുരങ്ങു ബുദ്ധി?!
ഭൂമി എങ്ങിനെ നിലനിൽക്കാൻ! എണ്ണ വാതകങ്ങൾ സിമന്റ്, ഒക്കെയും ഒരുപക്ഷെ ഒരളവിൽ കൂടുതൽ ഭൂമിയിൽ നിന്നും ഊറ്റിയെടുക്കുന്നതും ഭൂമിയിലെ സംന്തുലിതാവസ്ഥ തകർക്കുന്നുണ്ടാകും.. ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂമികുലുക്കങ്ങളും വരൾച്ചയും സുനാമിയും ഒക്കെ മനുഷ്യൻ തന്നെ വരുത്തി വയ്ക്കുന്ന വിനാശങ്ങളുടെ ഭവിഷ്യത്തുകൾ എന്ന് എന്റെ മനസ്സ് പറയുന്നു..
നമ്മുടെ മുടിയൊക്കെ പറ്റവെട്ടി, നമ്മുടെ മജ്ജയും രക്തവും ഒക്കെകൊണ്ട് നല്ല കൌതുകകരമായ, പുതിയ ഉപയോഗമുള്ള ചില ശരീരഭാഗങ്ങൾ കൂടി നമ്മുടെ ശരീരത്തിൽ ഫിറ്റ് ചെയ്ത് നമ്മുടെ ജീവിതം സുഖകരമാക്കാൻ ശ്രമിക്കുമ്പോലെയാണ് ഭൂമിയെ അധികമായി ചൂഷണം ചെയ്ത് ഈ കോൺക്രീറ്റ് കെട്ടിടങ്ങളും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും വാഹനങ്ങളും ഒക്കെ നാം ഉപയോഗിക്കുന്നത്. ഭൂമിയുടെ ശക്തി ക്ഷയിച്ചുകൊണ്ട് വരുന്നു.. ഒടുവിൽ നാം തന്നെ നാം കുഴിച്ച കുഴിയിൽ വീണ് നശിക്കുന്നതുവരെ ഈ പുരോഗമനം തുടർന്നുകൊണ്ടിരിക്കട്ടെ...
ഒന്നു പുറകിലേക്ക് നോക്കിയാൽ, ഏറിപ്പോയാൽ ഒരു 50 വർഷം മുൻപ് വരെ ഭൂമിയിൽ സത്യം നിലനിന്നിരുന്നു.. ഇംഗ്ലീഷ് ഭാഷയും ഡിഗ്രിയും ഒക്കെ നേടിയിട്ടും കൃഷിയും കാര്യങ്ങളും ഉപേക്ഷിക്കാൻ കൂട്ടാക്കാത്ത നമ്മുടെ അമ്മാവന്മാർ.. കൃഷി ഉപേക്ഷിച്ച് ഗവണ്മെന്റ് ജോലിക്ക് പോകുന്നത് ആക്ഷേപമായി തോന്നിയവർ.. അവിടെ അവിടെയെങ്കിലും നമുക്ക് നമ്മുടെ പുരോഗമനം നിർത്താനായിരുന്നെങ്കിൽ ഒരുപക്ഷെ, ഇന്ന് ഇത്രയും നശിക്കില്ലായിരുന്നു ലോകം..
ഇന്ന് അരക്ഷിതാവസ്ഥരായ യുവജനങ്ങളും വൃദ്ധജനങ്ങളും.. നാടും വീടും വിട്ട് യന്ത്രങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു... ബുദ്ധിയിത്രയുണ്ടായിട്ടും മനുഷ്യന്റെ ബുദ്ധി നേർബുദ്ധിയാകുന്നില്ല!!!
ഇപ്പോഴുള്ള ചിലർ പറയും “എന്റെ അച്ഛനും അമ്മാവനും ഒക്കെ പഠിച്ചിട്ടെന്തു ഫലമുണ്ടായി..?!അന്നത്തെ ഡിഗ്രി എന്നൊക്കെ പറയുമ്പോൾ എന്തായിരുന്നു വില! നല്ല ഒന്നാന്തരം ഗവണ്മെന്റ് ജോലി കിട്ടുമായിരുന്നിട്ടു കൂടി അപ്പുപ്പൻ അച്ഛനെ ജോലിക്ക് വിട്ടില്ല.. അമ്മാവനെ കൃഷികാര്യങ്ങൾ ഏൽപ്പിച്ച് അവരുടെ ഭാവി തുലച്ചു.. അല്ലെങ്കിൽ ഇപ്പോൾ അവർ സമൂഹത്തിൽ എത്ര മാന്യസ്ഥാനം അലങ്കരിച്ചേനെ?!”
കേൾക്കുമ്പോൾ നമുക്കും തോന്നും.. ‘പാവം നല്ല ഗ്ലാമറോടെ ജീവിക്കേണ്ടിയിരുന്നോർ വിദ്യാഭ്യാസമില്ലാതെ നെല്ലും തേങ്ങയും കുരുമുളകും ഒക്കെയായി ജീവിതം വേസ്റ്റാക്കി..’ എന്ന്!
എന്നാൽ അവർ ജീവിതം വേസ്റ്റാക്കിയോ?! ഇല്ല അവർ ജീവിതത്തെ കുറച്ചുകൂടിയെങ്കിലും പിടിച്ചു നിർത്തുകയായിരുന്നു. ഒരു ജനറേഷൻ കൂടി. അവർ അന്ന് സാക്രിഫൈസ് ചെയ്തതുകൊണ്ട് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ നമുക്കും ഉണ്ട് ഒരു പാരമ്പര്യം എന്ന് പറഞ്ഞഭിമാനിക്കാൻ.. സ്വയം പര്യാപ്തരായി ജീവിച്ച ഒരു പാരമ്പര്യം!
പണ്ട്,, കുഞ്ഞിലേ, ‘അയൽ രാജ്യങ്ങളിൽ യുദ്ധം..’ എന്നൊക്കെ കേൾക്കുമ്പോൾ ഞാൻ ഓർക്കും.. എന്റെ ഗ്രാമത്തിലും യുദ്ധം വന്നാൽ പട്ടാളക്കാർ വരുന്നു എന്നറിയുമ്പോൾ അവർക്കറിയാൻ വയ്യാത്ത വല്ല കുന്നിൻ ചരുവിലോ മറ്റോ പോയി അഭയം പ്രാപിക്കാം. വെളിയിൽ നിന്നും ആഹാരസാധനങങൾ കിട്ടാതായാൽ ഒന്നുമില്ലെങ്കിൽ ഒരു മൂടു മരച്ചീനി പറിച്ച് പുഴുങ്ങിയായാലും ജീവൻ നിലനിർത്താം..(അരിയും മറ്റും അവർ ബലാൽക്കാരമായി കൊണ്ടുപോയേക്കും..!).. വെള്ളപ്പൊക്കം വന്നാൽ ഗ്രാമത്തിലുള്ള എല്ലാവരും ഏറ്റവും വലിയ കുന്നിൻ മുകളിലേക്ക് കയറി രക്ഷപ്പെടാം.. എന്നിങ്ങനെ ഒരുപാടു ‘ഭയ-പ്രതിവിധികൾ’ എന്റെ കുഞ്ഞു മനസ്സ് കരുതി വച്ചിരുന്നു..
ഇന്ന് ഒരു പ്രധിവിധിയും ഇല്ല ഒന്നിനും! ഒരു യുദ്ധം വന്നാൽ.. ആദ്യം ഇവിടെ കിട്ടാതാകുന്നത് കുടിവെള്ളമായിരിക്കും!!! കുടിവെള്ളമില്ലാതെ എത്രനാൾ കഴിച്ചുകൂടാനാകും. ആഹാരസാധങ്ങളുടെ കാര്യവും അതുപോലെ തന്നെ. കോൺക്രീറ്റ് പാളികൾ ഇളക്കി കഴിക്കാനോ, പുറത്തെ കുറ്റിച്ചെടികൾ പറിച്ച് കറിവച്ച് കഴിച്ചോ ഒന്നും ജീവിക്കാനാവില്ല. പട്ടാളക്കാരിൽ നിന്നും രക്ഷപ്പെടാൻ കുന്നുകളോ കാടുകളോ ഒന്നും തന്നെ ഇല്ല. ഉണ്ട്! ബോബ് ഷെൽറ്ററുകൾ! അണ്ടർഗ്രൌണ്ട് ടണലുകൾ.. അവിടെപോയി അടിഞ്ഞുകൂടി കോൺക്രീറ്റ് മനുഷ്യരാകാം..! പക്ഷെ, അവിടെ വരെ ചെന്നെത്തണ്ടേ!
കേരളീയർ! എല്ലാമുണ്ടായിരുന്ന കേരളീയർ!
ഇന്ന് നാം തന്നെ നമ്മുടെ സ്വാശ്രയത്വം അതിവേഗത്തിൽ തുടച്ചുമാറ്റിക്കൊണ്ടിരിക്കുന്നു. നിത്യോപയോഗ ഭക്ഷ്യ വസ്തുക്കളായ അരി, തേങ്ങ, മലക്കറികൾ.. തുടങ്ങി എല്ലാവരുടെയും പുരയിടങ്ങളിൽ ഉണ്ടായിരുന്ന അവശ്യ വസ്തുക്കൾക്കൊക്കെ വെട്ടിമാറ്റി ആക്രാന്തത്തോടെ കേരളീയർ മുഴുവനും റബ്ബർ മരങ്ങൾ വച്ചുപിടിപ്പിക്കുകയാണ്!
അവരുടെ ഈ അതിവേഗം കാണുമ്പോൾ എരിതീയിൽ വീഴാനോടുന്ന ഈയ്യാംപാറ്റകളെയാണ് ഓർമ്മവരിക.!
ഒപ്പം ഓർക്കും.. ‘ഇത് ഒരുപക്ഷെ, സായിപ്പിന്റെ തന്നെ ഒരു കപടബുദ്ധിയാകുമോ..?’ എന്നും. ഇപ്പോൾ ഉയർന്നു നിൽക്കുന്ന റാബ്ബർ വില ഒരിക്കൽ കുത്തനെ താഴ്ത്താനും സായിപ്പുബുദ്ധിക്ക് കഴിയും! അന്ന് നിരാശ്രയർ/പാപ്പർ ആകുന്നത് കേരളീയർ തന്നെയാകും. വീണ്ടും ഒരിക്കൽക്കൂടി സായിപ്പിന്റെ കൈകളിൽ കേരളം സുരക്ഷിതത്വം തേടേണ്ടി വരും. പിന്നെ ഒരു കൊച്ച് അമേരിക്കയായി കേരളം പതിയെ മാറും.. ഇനി രക്ഷപ്പെടലിന്റെ പ്രശ്നമേ ഉദിക്കുന്നില്ല. കാരണം സായിപ്പിന്റെ ‘ഇംഗ്ലീഷ്’ യുവജനങ്ങളിൽ നിറയെ അവരുടെ സ്വന്തം സംസ്ക്കാരത്തെ തുടച്ചുമാറ്റപ്പെട്ടിരിക്കുന്നു. (സ്വന്തം പുരയിടത്തിലെ തെങ്ങും, പ്ലാവും, മാവും അരിയും ഒക്കെ വെട്ടിമാറ്റി നശിപ്പിക്കുന്നതിലും ആക്രാന്തത്തോടെയാണ് ഇളം തലമുറ സ്വന്തം സംസ്ക്കാരം മൂടി മറ്യക്കാനായി വ്യഗ്രത കാട്ടുന്നത്!) ‘സായ്പ്പ് സംസ്ക്കാരം’ ഇരുകൈകളും നീട്ടി വരവേൽക്കുന്ന ഒരു തലമുറയായിരിക്കും ഇനി. അവിടെ ഒരു മഹാത്മാഗാന്ധിയോ..., ഒന്നും ഇനി കാണീല്ല ഇന്ത്യയെ വീണ്ടെടുക്കാൻ..
ഒരു യുദ്ധമോ മറ്റോ വന്നാലും സ്ഥിതി ഇതു തന്നെ! മനുഷ്യർക്ക് ഒരാഴ്ചപോലും ജീവൻ നിലനിർത്താനാകുമെന്ന് കരുതുന്നില്ല. റബ്ബർ കായ്കൾക്ക് വിശപ്പു മാറ്റാനാവില്ലല്ലൊ, കുടിവെള്ളവും തഥൈവ. എല്ലാമുണ്ടായിരുന്നിട്ടും നാം തന്നെ മനപൂർവ്വം ഇല്ലാതാക്കിയ ഭൂമിയിൽ നാം പട്ടിണികിടന്ന് മരിക്കേണ്ടിവരുന്ന ഒരു കാലം ഉണ്ടായിക്കൂടെന്നില്ല..! ‘ഇവിടെ എത്ര നല്ല തെങ്ങുകൾ ഉണ്ടായിരുന്നു.. അതിൽ നിന്ന് ഒരിളം കരിക്ക് ഇട്ടെങ്കിലും വെള്ളം കുടിക്കാമായിരുന്നു.. മുറ്റത്തെ കിണർ ഇന്നുണ്ടായിരുന്നെങ്കിൽ.. ആ വരിക്കപ്ലാവും, മാവും, മരച്ചീനികളും എങ്കിലും ധാരാളം മതിയായിരുന്നു യുദ്ധം അവസാനിക്കും വരെ ജീവൻ നിലനിർത്താൻ.. എന്നൊക്കെ പിറുപിറുത്ത് ജീവൻ ഒടുങ്ങും..‘
സായിപ്പ് അപ്പോൾ, മെഷീൻ വച്ച് ടൺ കണക്കിന് അരിയും ഗോതമ്പും വെജിറ്റബിൾസും ഒക്കെ ഉൽപ്പാദിപ്പിച്ച് സുഭിഷതയോടെ ജീവിക്കുന്നുണ്ടാകും. അതിൽ നിന്ന് ഔദാര്യമായി കേരളത്തിലും എത്തും അവർ ഉപയോഗിച്ച് ബാക്കി വരുന്നവ! നാം തെണ്ടികൾ.. യാചകർ.. എച്ചികളായി.. മാറുന്ന ഒരു കാലം അതിവിദൂരമല്ലാ..
ഐ. റ്റി. യുടെ ഡിമാന്റ് കുറഞ്ഞപ്പോൽ എന്തായി സ്ഥിതി?! അതുപോലെ ഈ റബ്ബർ വില കുറഞ്ഞാൽ എന്താകും കേരളം?! (എനിക്ക് കൂടുതൽ അറിവില്ല.. ഹോ! ദിവസവും പേപ്പറൊക്കെ വായിച്ചിരുന്നെങ്കിൽ ഇപ്പോൾ ഇതിലും നന്നായി കസറി നല്ല നല്ല പോയിന്റുകളൊക്കെ തിരുകികയറ്റി എഴുതാമായിരുന്നു.. ഹും!)
തൽക്കാലം മതിയാക്കട്ടെ..?
[സീരിയസ്സ് പോസ്റ്റ് ഇതും കൂടിയേ ഉള്ളൂ.. ഇത് രാവിലെ എഴുതിയതാണ്..നാളെമുതൽ മിക്കവാറും നേരെ(?) ചിന്തിക്കാൻ തുടങ്ങുമായിരിക്കും..]
കഴിഞ്ഞ പോസ്റ്റ് കുറച്ചുപേരൊക്കെ വായിച്ചിരിക്കുന്നു! എന്നാൽ ഒരു കമന്റുപോലും ഇല്ല. അല്ല, കമന്റർഹിക്കുന്ന രീതിയിൽ ഞാനൊന്നും എഴുതിയും ഇല്ല എന്നത് തർക്കമറ്റവിഷയം!
എങ്കിലും, പാവം ഒരു സ്ത്രീ ഒരു ബ്ലോഗും ഉണ്ടാക്കി എന്തൊക്കെയോ എഴുതുന്നു.. എന്നാൽ ഒരു ഭംഗിവാക്കു പറഞ്ഞിട്ടു പോയേക്കാം എന്ന് ങ്ഹേ! ആരുടെ ബുദ്ധീലും തോന്നുന്നില്ലാ..എല്ലാവരും കമന്റോ? ഞാൻ തരികയേ ഇല്ല (മോഹൻലാൽ കിലുക്കം..) പിന്നെ വേണമെങ്കിൽ ഞാൻ കുറച്ചു കഴിഞ്ഞ് വല്ലതും ശ്രമിക്കാം.. കുറ്ച്ചു കഴിഞ്ഞ്.. ശ്രമിക്കാം..( സിംഗപ്പൂർ ഡോളേർസ് മണിയോഡറായി അയക്കാം എന്നപോലെ മോഹൻലാലിന്റെ സ്റ്റൈലിൽ) എന്നും പറഞ്ഞ് പാട്ടും പാടി അങ്ങ് പൊയ്ക്കളയും.. എന്തുചെയ്യാം കഷ്ടകാലം എന്നു പറഞ്ഞാൽ മതിയല്ലൊ
ഞാൻ ഇപ്പോൾ വീണ്ടും എഴുതുന്നതിന്റെ ഉദ്ദേശ്യങ്ങൾ പലതാണ്..ഒന്ന് ഈയ്യിടെതന്നെ ഒരാപത്തു വരാനിരിക്കുന്നു! സാധാരണ ബ്ലോഗെഴുത്ത് തകൃതിയായി നടത്തുന്നത്.യധാർത്ഥ ജീവിതത്തിലെ ചില ടെൻഷനുകളിൽ നിന്നും ഒരു രക്ഷപ്പെടലിനും കൂടിയാണ്.. മനസ്സിന്റെ ഡൈവർട്ട് ചെയ്യാനായി ഒരു സൂത്രം! അത്രയേ ഉള്ളൂ ട്ടൊ.. സാരമില്ല.. കമന്റെഴുതാൻ സമയമൊന്നും ഇല്ലെങ്കിൽ ഇടണ്ട.. ആത്മ വെറുതെ പറഞ്ഞതല്ലെ, ഏയ്.. ആത്മ കമന്റുദ്ദേശിച്ചൊന്നും അല്ല എഴുതുന്നത്.. പിന്നെ കമന്റ് കിട്ടിയാലേ എഴുതാൻ പറ്റൂ എന്നു കരുതി തളരുന്നവർക്ക് ആത്മ ഒരുപദേശം തരാം.. ‘നമ്മൾ ഒരു പോസ്റ്റ് എഴുതി എന്നു കരുതുക.. ആരും കമന്റ് എഴുതിയില്ല. രണ്ടാമതൊന്നും കൂടി എഴുതീട്ടും കമന്റ് കിട്ടുന്നില്ല എന്നു കരുതുക.. വീണ്ടും എഴുതുക.. അങ്ങിനെ എഴുതിക്കൊണ്ടേ ഇരിക്കുക..അപ്പോൾ പിന്നെ.. പിന്നെ, പിന്നെ പതിയെ അതൊരു ശീലമായിക്കൊള്ളും..’ (ഇതും ഏതോ ഒരു സിനിമയിൽ കേട്ട ഡയലോഗ് ആണ്)
ഒരു നല്ല ആശയവുമില്ലാതെ എഴുതിയ ഈ പോസ്റ്റിനും കമന്റൊന്നും കിട്ടിലെന്നും പറഞ്ഞ് ആത്മ വിഷമിക്കില്ല ട്ടൊ, ബി ഹാപ്പി.. നല്ല എന്തെങ്കിലും ചിന്തകൾ തോന്നുന്നെങ്കിൽ പിന്നീട് വന്ന് എഴുതിക്കൊള്ളാം..
എന്തുകൊണ്ടാണ് ഞാൻ കുറച്ചുദിവസമായി ബ്ലോഗെഴുതാഞ്ഞത് എന്ന് ആലോചിച്ചപ്പോൾ പ്രത്യേകിച്ച് ഉത്തരമൊന്നും കിട്ടിയില്ല। ഒരു തരം നിസ്സംഗത, മന്ദത, അലസത... വന്നുമൂടി। അത്രതന്നെ. എങ്കിലും എന്തെങ്കിലുമൊക്കെ ന്യായീകരണങ്ങൾ വേണമല്ലോ, ജീവിതം തന്നെ ഒരു ന്യായീകരണമല്ലെ,
ഇന്നിപ്പോൾ എഴുതാൻ കാരണമെന്തെന്നു ചോദിച്ചാൽ, സത്യം പറഞ്ഞാൽ കൂറച്ചുകൂടി മനസ്സൊക്കെ ഒന്നു ഫ്രഷ് ആയിട്ട്, നാളെ എഴുതാമെന്നാണ് കരുതിയത്। പക്ഷെ ഇവിടെ എല്ലാം വിധിയല്ലെ എല്ലാം നിശ്ചയിക്കുന്നു॥ ഒരു സ്വപ്നത്തിലെന്നപോലെ ഞാൻ എഴുതുന്നു॥ പോകുന്നതുവരെ പോകട്ടെ എന്നു ഞാനും കരുതി॥
ഇന്ന് ഞാൻ ഒരു ഇൻകം ടാക്സ് ഡിപ്പാർട്ടുമെന്റിൽ ബിസി മാന്റെ കൂടെ കാര്യം ആദ്യം എഴുതാം॥
അദ്ദേഹം എന്നെ ആദ്യം ഒരു ഓഫീസിനു താഴെ നിർത്തിയിട്ട് ശടേന്ന് ലിഫ്റ്റിൽ കയറി അപ്രത്യക്ഷമായി। ഞാൻ വെറുതെ വെളിയിൽ വടിപോലെ നിന്നു॥ ബാക്കി പിന്നെ..
അല്ലെങ്കിൽ അല്പം കൂടി..
ഇത്രയും എഴുതിയപ്പോൾ ബിസി മാൻ വിളിക്കുന്നു, “നിനക്ക് 24 മണിക്കൂർ ഷോപ്പിൽ പോകണമെങ്കിൽ 10 മിനിട്ടിനകം റഡിയാക് ” എന്ന്.
അടുക്കളജോലിയൊക്കെ ചെയ്ത് തളർന്നിരിക്കയാണ്, എങ്കിലും പോയാലല്ലെ പറ്റൂ.. കുറച്ച് പോപ്പ്കോൺ വാങ്ങണം, ചോക്കലേറ്റ് എന്നിങ്ങനെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ടെമ്പ്റ്റേഷൻ ഉണ്ടാക്കുന്നു.
“എനിക്കു പോകണമായിരുന്നു.. പക്ഷെ, ഭയങ്കര ക്ഷീണം.”
‘പോണോ പോണ്ടേ, ഇപ്പം പറയണം.’ (അല്പം ചൊടിച്ചുകൊണ്ട്)
ആഹാ! എങ്കിപ്പിന്നെ അങ്ങിനെ തന്നെ!
‘പോണം.’ ( ആത്മയും ചൊടിച്ചുകൊണ്ട് പറയുന്നു)
ബിസിമാനു ചിരിവരുന്നു..
എങ്കിപ്പിന്നെ 24 മണിക്കൂർ ഷോപ്പിൽ പോയി വന്നിട്ട് കണ്ടിന്യൂ ചെയ്യാം ട്ടൊ ബ്ലോഗേ..
വയറിന്റെ പ്രശ്നമല്ലേ...
(നെടുവീർപ്പിട്ടുകൊണ്ട് ആത്മ പുറത്തേയ്ക്ക് പോകുന്നു...)
ഓ। കെ। തിരിച്ചെത്തി!
ബിസിമാനു ചോറു വിളമ്പി, അദ്ദേഹം ഏഷ്യാനെറ്റിനു മുന്നിൽ..
ഈയുള്ളവൾ ബാക്കി കർമ്മം തുടരാൻ പോകുന്നു। (ഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്യുന്നവരല്ലെ കർമ്മയോഗികൾ!) ഹും! ബാക്കികൂടി കേൾക്കാൻ തലൈ വിധി കിടക്കുമ്പോൾ എങ്ങിനെ എഴുതാതിരിക്കാൻ!
ആദ്യം പറയാൻ വന്നത് ഇൻകം ടാക്സ് ഓഫീസിൽ പോയതല്ലെ, അല്ലെങ്കിൽ, അതിനും മുൻപത്തെ ദിവസം മറ്റൊരു ഓഫീസിൽ പോയ കാര്യം എഴുതിയിട്ടാകാം ഇൻകംടാക്സ്॥
ആത്മ കാറിൽ ഇരുന്ന്, ‘എന്നാലും എന്റെ ബ്ലോഗേ എന്നോടീ ചതി വേണായിരുന്നോ
എന്നെ നേരിട്ടുകണ്ടാൽ എഴുതിയവർ ഒരുപക്ഷെ കരയേണ്ടിവരും അത്രയ്ക്ക് പഞ്ചപാവമാണേ!’
‘അതിനിപ്പം ആരെന്തു പറഞ്ഞു ആത്മേ?!’
‘ആരും ഒന്നും പറഞ്ഞില്ലേ?!’
‘എങ്കിപ്പിന്നെ തോന്നിയതാകും’
‘ആകും.’
‘കഥ..കഥ..‘
ഒരു നില, രണ്ടു നില, മൂന്ന്.. നാല്, അഞ്ച്.. അങ്ങിനെ ചുറ്റി ചുറ്റി മുകളിൽ ആകാശത്തേയ്ക്ക് കയറുകയാണ് കാറ് പാർക്ക് ചെയ്യാൻ! അതിനിടെ, മി. ആത്മ:
“ഇവിടെ കാർ പാർക്കിൽ എമ്പ്റ്റി സ്പേസ് ഉണ്ടെന്ന് എങ്ങിനെ അറിയാമെന്നറിയാമോ?”
ആത്മ ഒരു വലിയ കണ്ടുപിടിത്തം കണ്ടുപിടിക്കാൻ കിട്ടിയ ചാൻസ് പാഴാക്കണ്ടെന്നു കരുതി ചുറ്റും പകച്ചു നോക്കിയിട്ട്,
“അറിയാം ഈ ചുവന്ന ലൈറ്റുകളുടെ ഇടയിൽ പച്ച തെളിയുകയാണെങ്കിൽ അവിടെ എംപ്റ്റി ആകും!”
“അതെ”
“എവിടെയെങ്കിലും ഉണ്ടോന്ന് നോക്ക്”
“ദേ അവിടേ ഒരു പച്ച ലൈറ്റ് കത്തി!”
മി. ആത്മ കാറ് അവിടെ പാർക്ക് ചെയ്യുന്നു.
ഇറങ്ങി നടക്കുമ്പോൾ മറ്റൊരു പച്ച ലൈറ്റുകൂടി കത്തുന്നു!
ദാ ഒന്നുകൂടി കത്തുന്നു
ഇനിയിപ്പം എന്തുചെയ്യാൻ മി. ആത്മേ, നമ്മൾ പാർക്ക് ചെയ്ത് പോയില്ലേ?!
ഒരു കാര്യം ചെയ്യ് നീ കയറി കിടന്നു നോക്കിയേ, അറിയാമല്ലൊ അത് ചുമപ്പാകുമോന്ന്!
അപ്പോൾ മി. ആത്മയ്ക്ക് തമാശ പറയാൻ അറിയാം!
ഇതു പറയാനായിരുന്നു ഇത്രേം എഴുതിയത്
ഇനി ഇൻകം ടാക്സിന്റെ കാര്യം എഴുതാം
അങ്ങിനെ മി. ആത്മ ലിഫ്റ്റിൽ കയറി മറയുന്നത് കണ്ട് ഇതികർതവ്യാമൂഢയായി കുന്തം വിഴുങ്ങിയപോലെ എന്നാൽ സീരിയസ്സ് ആയി അങ്ങിനെ ലിഫ്റ്റിന്റെ മുന്നിൽ വടിപോലെ നിൽക്കുന്നത് കണ്ട് ഒരു ചീനൻ: “ ആർ യു കമിംഗ്?!”
അയാളുടെ നോട്ടം കണ്ടപ്പോൾ എവിടെയോ ധൃതിയിൽ പോകാനുണ്ടെന്നും ഞാൻകൂടി കയറിയില്ലെങ്കിൽ വലിയ നഷ്ടമാണെന്നും തോന്നിപ്പിച്ചു .
‘കമിംഗ്..’ ‘കമിംഗ്..’ എന്നും പറഞ്ഞ് അകത്തുകയറി.
മൂന്നാം ഫ്ലോറെങ്കിൽ മൂന്നം ഫ്ലോറ് അവിടെ ഇറങ്ങിയപ്പോൽ എന്തോ പറ്റിപ്പു പറ്റിച്ചപോലെ കഥാനായകൻ!
ഒരു പറ്റ് എല്ലാർക്കും... അല്ല, അനേകം പറ്റുകൾ പറ്റുന്നതല്ലേ ഈ ദാംബത്യജീവിതം എന്നൊക്കെ പറയുന്നത്..
ഞങ്ങൾ ഒരുമിച്ച് ലിഫ്റ്റിറങ്ങി തിരിച്ചു നടക്കുമ്പോൾ മി. ആത്മ: “നീ സമയത്തിനൊന്നും നോക്കാത്തതുകൊണ്ടല്ലെ ഇങ്ങിനെയൊക്കെ വരുന്നത്?!”
‘അതിനു അടുക്കളേടെ മൂലയിൽ കിടക്കുന്ന ഞാനെങ്ങിനെ ഇതിനെപ്പറ്റിയൊക്കെ അറിയാൻ!’
‘പിന്നെ നീ എം. എ. ഇക്കണോമിസ് എന്നൊക്കെ പറയുന്നതോ?! അതവർ വെറുതെ തന്നതായിരിക്കും അല്ലെ?’
‘അതെ, അത് കേരളാ യൂണിവേർസിറ്റിക്ക് തെറ്റ്പറ്റിയതാകും. അല്ലെങ്കിലും കേരളത്തിലുള്ളവരൊക്കെ മണ്ടന്മാരല്ലേ..’
ഇനീം തുടരണോ?
തൽക്കാലം നിർത്താം.. എനിക്കുതന്നെ ബോറായി തുടങ്ങി..
പറ്റുമെങ്കിൽ നാളെ കുറച്ചുകൂടി നന്നായി എഴുതാൻ ശ്രമിക്കാം...
[സത്യം പറഞ്ഞാൽ ഇൻകം ടാക്സ് ഓഫീസിൽ ഇനിയും എത്തിയിട്ടില്ല. അതിനിടെ ഒരു ചെറിയ ഓഫീസിൽ എന്തോ അന്വേക്ഷിക്കാനായിരുന്നു മി. ആത്മ ലിഫ്റ്റിൽ കയറിപ്പോയത്! ഇൻകം ടാക്സ് ഓഫീസിൽ കുറച്ചുകൂടി ബെറ്റർ ആയി ഞങ്ങൾ പോയി വന്നു]
കുറച്ചു ദിവസമായല്ലൊ ബ്ലോഗേ നമ്മൾ സല്ലപിച്ചിട്ട്!
ബ്ലോഗെഴുതാൻ വരുമ്പോൾ പാട്ടുപാടാൻ തോന്നുന്നു.
മൌനം സ്വരമായ് ഈ പൊൻവീണയിൽ..
അല്ലെങ്കിൽ വേറൊരു പാട്ടു പാടാം..
മൌനം പോലും മധുരം..
അതും വേണ്ട
മൌനമേ.. നിറയും മൌനമേ.. ഹാ ഹഹഹ.. എന്തൊരു ശേല്!
ഇപ്പോൾ എല്ലാം ശരിയായി.
അപ്പോൾ പറയാൻ വന്നതെന്തെന്നു വച്ചാൽ...,
‘വെള്ളം വെള്ളം എവിടെനോക്കിയാലും വെള്ളം എന്നാൽ കുടിക്കാനൊരുതുള്ളി കിട്ടാനുമില്ല’ എന്നു പണ്ടാരാണ്ടു പറഞ്ഞപോലെയാണ് ആത്മയുടെ ജീവിതം.
‘പരീഷ പരീഷ എവിടെനോക്കിയാലും പരീക്ഷ എന്നാൽ ആത്മയ്ക്കായൊരു പരീക്ഷ എങ്ങും ഇല്ലാതാനും’!. എങ്കിലും പരീക്ഷകളൊക്കെ തീർന്നപ്പോൾ ഒരാശ്വാസം.
പരീക്ഷകളുടെ ഇടയിൽ ജീവിച്ച് ജീവിച്ച്, എങ്ങിനെ റിലാക്സ് ചെയ്യാനെന്നതേ മറന്നുപോയിരുന്നു.
ആദ്യം ബ്ലോഗിൽ തന്നെ പോയി.. കുറേ പാട്ടുകൾ കേട്ടു...
പാട്ടുകൾക്ക് ഭയങ്കര ശക്തിയാണല്ലൊ..
ഇനി അല്പം നുണ..
നുണ എന്നുപറയാൻ കാരണം, ഇതിലെ കഥാപാത്രങ്ങൾ മി. ആത്മയും, ആത്മയും ആണെങ്കിലും
ശരിക്കും ഇത് മറ്റുള്ളവരുടെയൊക്കെ ജീവിതത്തിലെ ദൃശ്യങ്ങളാണേ..
ഇന്നലെ നടന്ന (ഇവിടെയല്ല.. മറ്റൊരു വീട്ടിൽ) ഒരു സംഭവം എഴുതാം..
മി. ആത്മേടെ പേര് വച്ച് തന്നെ പറഞ്ഞു തുടങ്ങാം അല്ലെ, .. ആർക്കു നഷ്ടം?! ആത്മയ്ക്കു മാത്രമേ ഉള്ളൂ നഷ്ടം.. സാരമില്ല. ദാറ്റ് ഈസ് ലൈഫ്. എല്ലാരും പെർഫക്റ്റ് ആയി അങ്ങ് ജീവിച്ചാൽ പിന്നെ ആകെ ബോറായിപ്പോവില്ലേ..
അങ്ങിനെ, പറയാൻ തുടങ്ങിയത് പറയട്ടെ,
മി. ആത്മ മിണ്ടാതാകുമ്പോഴാണ് ആത്മയുടെ ഈ സാങ്കല്പികലോകം ഒക്കെ താറുമാറാകുന്നത്. എങ്കിപ്പിന്നെ മി. ആത്മേ ഒന്നു മിണ്ടിപ്പിച്ചിട്ടു തന്നെ മേ കാര്യം എന്ന് ആത്മ വിചാരിച്ച് അടുത്തു ചെല്ലുന്നു..
‘മി. ആത്മേ, എന്നോട് മിണ്ടുമോ? ഞാനുംകൂടി വരട്ടെ വെളിയിൽ പോകാൻ?’
‘ഇല്ല. വരണ്ട.’
‘മി. ആത്മ എന്തിനാ ഇപ്പം ഇങ്ങിനെ ആവശ്യമില്ലാതെ പിണങ്ങി നടക്കുന്നത്?’
‘അത് നീ തന്നെ പറ.’
‘അത്.. എന്നെ ആവശ്യമില്ലാത്തതൊക്കെ പറഞ്ഞിട്ടല്ലെ ഞാൻ വിഷമിച്ചു നടക്കുന്നത്?’
‘ആവശ്യമില്ലാത്തതെന്താണ് പറഞ്ഞത്?’
‘അത്.. സംസാരിക്കുമ്പോൾ എപ്പോഴും എന്നെ കുറച്ചുകാട്ടിയും ഇൻസൾട്ട് ചെയ്തുമല്ലേ സംസാരിക്കൂ
അത് ചിലപ്പോൾ അങ്ങ് തലയ്ക്ക് പിടിക്കും പിന്നെ ഡിപ്രഷൻ വരും..’
മി. ആത്മ നിസ്സംഗമായി: ‘കുറച്ചു സംസാരിച്ചാലും നിനക്ക് കുറവൊന്നും ഇല്ല എന്നങ്ങ് വിശ്വസിക്കണം. നിനക്കറിയില്ലേ നിന്റെ വില?’
ആത്മ: (അല്പം ആശ്വാസത്തോടെ) എനിക്കറിയാം.. എന്നാലും കുറച്ചൊക്കെ ആത്മവിശ്വാസം ഇരിക്കുന്നത് മി. ആത്മയിലും കൂടിയാണ്.
മി. ആത്മ: ‘അങ്ങിനെ വേണ്ട. സ്വയം അങ്ങ് വിശ്വസിച്ചാൽ മതി.’
ആത്മ: ‘അതെങ്ങിനെ?! വേറെ വല്ല ജോലിയും പോലെയാണോ വീട്ടുജോലി? മി. ആത്മയും മക്കളും തരുന്ന വിലയല്ലേ ഉള്ളൂ എനിക്ക്? നിങ്ങൾ ഞാൻ ചെയ്യുന്നതിന് വില നൽകില്ലെങ്കിൽ പിന്നെ വേറെ ആരു തരാൻ? നിങ്ങളുടെ വിജയം ആണ് എന്റെയും വിജയം എന്നുകരുതി ജീവിക്കുമ്പോൾ എനിക്കായി മറ്റൊരു വിജയവും പരാജയവും എന്നൊക്കെ പറഞ്ഞ് എന്നെ ഇടിച്ചുതാഴ്ത്തുന്നതുകൊണ്ടല്ലെ?’
മി. ആത്മക്ക് ചെറുതായി ചിരി വരുന്നു, അതു മറച്ചുകൊണ്ട് മി. ആത്മ: ‘എങ്കിപ്പിന്നെ വരുന്നെങ്കിൽ വാ..’
വെളിയിലൊക്കെ പോകുന്നു.. വരുന്നു.. ചായയിടുന്നു കുടിക്കുന്നു..
പിണക്കം തീർന്നു! മലപോലെ വന്നത് പുഴപോലെ പോയി എന്നോ മറ്റോ ഒരു ചൊല്ലില്ലേ..
വായിച്ചിട്ട് വല്ലതും മനസ്സിലായോ?
എനിക്കും എഴുതിയത് ഒട്ടും തൃപ്തി വരുന്നില്ല.
ആത്മേ.. നിന്റെ എഴുത്തൊക്കെ പോയീ..
ഇനിയിപ്പോ പാട്ടും പാടി ഈ കടാപ്പുറത്തെങ്ങാനും നടക്കാനായിരിക്കും വിധി.
(ദീർഘനിശ്വാസംവിട്ട് ആത്മ ബ്ലോഗിൽ നിന്നും വെളിയിലേക്ക്...)
വീണ്ടും വരുന്നു വർഷാവസാനം. വിടചൊല്ലലുകൾ. വേരോടി തുടങ്ങിയവർ വേരും പിഴുതെടുത്ത് പഴയമണ്ണുതേടിപോകുന്നു.. (ഇത്ര ഈസിയായി പിഴുതെടുത്തുകൊണ്ടോടാൻ ഇത് ആർട്ടിഫിഷ്യൽ വേരായിരിക്കുമോ!). താനും തായ്യാറാകണം വേരുകൾ പിഴുത്, താൽക്കാലികമായി സ്വന്തമണ്ണിൽ ആഴ്ന്നിറങ്ങി, വീണ്ടും പിഴുതെടുത്ത്, തിരിച്ചുവരാൻ.
ഒരാളുടെ പരീഷ കഴിഞ്ഞു, ഇനിയുമുണ്ട് അടുത്തയാളിന്റെ പരീക്ഷ. ജീവിതവിജയത്തിനായുള്ള പരീക്ഷകൾ! അവർക്ക് കൂട്ടിരിക്കുക. പിന്നെ പരീക്ഷകൾ കഴിയുമ്പോൾ എന്തോ കടമ നിർവ്വഹിക്കാനുള്ളതുപോലെ ഒരു ഷോപ്പിംഗ്.. ഭയന്നു വിറച്ച ഒരു പ്ലയിൻ യാത്ര.. അവിടെ നാട്ടിൽ.. അച്ഛനമ്മമാരുടെ നാട്ടിൽ.. സഹോദരനോടൊത്ത് കാറിൽ.. പൊടിപടലങ്ങലും പരസ്യപ്പലകകളും.. പിന്നെ പിന്നെ നിറയെ മരങ്ങളുമായി കേരളത്തിന്റെ ഉൾനാടൻ ഗ്രാമത്തിലെ ഒരു വീട്ടിൽ എത്തുന്നു!
ഒരു പതിവു യാത്രക്കാരി ദൂരയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പോലെ. പൊടുന്നനവെ യാത്രക്കാരി താൻ ചെയ്ത യാത്രമുഴുവനും മറന്നേ പോകുന്നു !!!
അച്ഛൻ വന്ന് പുഞ്ചിരിക്കുന്നു. കൈയ്യിൽ തലോടി അകത്തു വിടുന്നു. അമ്മ മക്കളെ ചേർത്ത് പിടിച്ച് കരയുന്നു. അനിയൻ ഗൌരവത്തിലൂടെ എല്ലാം കാണുന്നു. അനിയന്റെ ഭാര്യ തന്നെയും അവരിലൊരാളായി നോക്കി ചിരിക്കുന്നു! പിന്നെ താനും അവരിലൊരാളാകുന്നു. എന്റെ പതിവു മുറിയിലേക്ക്..
നിൽക്ക് നിൽക്ക് ആത്മേ.. കണ്ട്രോൾ..കണ്ട്രോൾ..
നീയെന്താ നോവലെഴുതാൻ പോവുകയാണോ?!
ഇപ്പോൾ നീ നാട്ടിൽ പോയില്ലല്ലൊ?, കാണാൻ പോകുന്ന പൂരം ഇപ്പോഴേ പറഞ്ഞറിയിക്കണ്ടല്ലൊ, അല്ലെങ്കിലിപ്പോ എന്താ ഇത്ര പുതുമ പറയാനായിട്ട്?! എല്ലാവരും നാട്ടിൽ പോകുന്നു.. വരുന്നു..
അതിപ്പോ സാഹിത്യഭാഷയിലൊക്കെ എഴുതാൻ മാത്രം ഉള്ള സാഹിത്യമൊന്നും..- ഒരു ബ്ലോഗ് കൈവശമുണ്ടെന്നു കരുതി അങ്ങ് നെഗളിക്കരുതേ ആത്മേ-.. എല്ലാറ്റിനും ഒരു ലിമിറ്റുണ്ട് പറഞ്ഞേക്കാം..
എങ്കിപ്പിന്നെ ഇന്നല്പം സ്നേഹത്തെപ്പറ്റിയായാലൊ?!
ഒ. കെ. സ്നേഹം എന്നത് രണ്ടുതരമാണ്..
അല്ല മൂന്നു തരമാണ്..
അതുമല്ല കോടിതരങ്ങളുണ്ട്..!
ഞാനിപ്പൊ ഏതുതരം സ്നേഹത്തെപ്പറ്റി എഴുതാൻ?!
അല്ലേ, സ്നേഹിച്ചിട്ടുള്ളവർക്കല്ലെ സ്നേഹത്തെപ്പറ്റി എഴുതാൻ അവകാശമുള്ളൂ ആത്മേ?
ഈ സ്വപ്നത്തിലും സങ്കല്പത്തിലും ഒക്കെ സ്നേഹിച്ചാൽ അത് സ്നേഹമാവില്ല എന്റെ ആത്മേ!
ഉദിത് ചൈതന്യയതി പറയുമ്പോലെ, ‘ഞാൻ നല്ലവനാണ് ആരെയും ദ്രോഹിക്കില്ല’ എന്നൊക്കെ ഒറ്റയ്ക്കിരിക്കുമ്പോൾ പറയാൻ എളുപ്പമാണ്, പക്ഷെ ഒരു ഗ്രൂപ്പിൽ അകപ്പെട്ടുപോകുമ്പോൾ അവരോട്
ആത്മസംയമനത്തോടെ ഒത്തുപോകാനാകുമോ? അങ്ങിനെ ചെയ്തിട്ട് പറയൂ.., ‘ഞാൻ ആത്മസംയമനം നേടിയവനാണ്. എനിക്ക് അരോടും ദേഷ്യമില്ല. എല്ലാരേയും സ്നേഹമാണ്’ എന്നൊക്കെ. ങ്ഹാ അതാണ്!
ഇനി ഒരു കഥ പറയാം..
സ്വാമി ഉദിത് ചൈതന്യയതിയുടെ പ്രഭാഷണത്തിൽ നിന്നു കേട്ടതാണ് ട്ടൊ, എങ്കിലും നല്ല രസകരമായ കഥയാണ് കേൾക്കൂ.. നഷ്ടപ്പെടാനായൊന്നുമില്ല. നിങ്ങളുടെ വിലപ്പെട്ട അല്പസമയം മാത്രം!
എങ്കിൽ കഥ തുടങ്ങട്ടെ,
ഒരിക്കൽ. ഒരാൾ തന്റെ അച്ഛന്റെ ശ്രാദ്ധകർമ്മം ചെയ്യുകയായിരുന്നു. അച്ഛന്റെ ആത്മാവിനു ശാന്തി കിട്ടാനായി പ്രാർത്ഥനകളൊക്കെ ചെയ്തുകൊണ്ടിരിക്കെ. പൂജാരി ഒരു മന്ത്രം പറയുന്നു,
താൻ ഒരു മന്ത്രം പറയുമ്പോൾ അത് റിപ്പീറ്റ് ചെയ്യണം എന്ന് പറഞ്ഞ് പൂജാരി തുടങ്ങുന്നു..
“ലോകാഃ”
“ലോകാഃ”
“സമസ്താഃ”
“സമസ്താഃ”
“സുഖിനോഃ”
“സുഖിനോഃ”
“ഭവന്തുഃ.”
“ഭവന്തുഃ.”
അപ്പോൾ പെട്ടെന്ന് ഇടയ്ക്ക് അയാൾക്കൊരു സംശയം! അയാൾക്ക് ആ മന്ത്രത്തിന്റെ അർത്ഥം അറിയണം.
അയാൾ ചോദിക്കുന്നു, “എന്താ സാമീ ഈ മന്ത്രത്തിന്റെ അർത്ഥം?”
പൂജാരി പറയുന്നു, “ലോകാ സമസ്താ സുഖിനോ ഭവന്തു, എന്നാൽ ‘ലോകത്തിൽ ഉള്ള എല്ലാവരും സുഖമായിരിക്കട്ടെ’ എന്നാണ്.
അപ്പോൾ ഉടൻ അയാൾ, “അപ്പോൾ അതിൽ ഗോപാലൻ നായരും പെടുമോ സ്വാമീ?
“ഏതു ഗോപാലൻ നായർ?”
“ഞങ്ങടെ വീട്ടിന്റെ തെക്കേലെ ഗോപാലൻ നായർ.”
“പിന്നെ എല്ലാരും പെടും.”
“ഗോപാലൻ നായർ ഇതിൽ പെടുമെങ്കിൽ ‘ഈ’ മന്ത്രം ‘ഈ’ കേശവൻ കുട്ടി ചൊല്ലില്ലാ.”
“ങ്ങും! അതെന്താ?”
“അതേയ്, ഗോപാലൻ നായർ കൊടുക്കാനുള്ള കടം തിരിച്ചുചോദിച്ചപ്പോൾ, അയാൾ ചീത്തവിളിച്ചപ്പോഴുണ്ടായ മാനസിക വിക്ഷോഭത്തിലാണ് എന്റെ അച്ഛൻ മരിച്ചത്!”
“ഈ മന്ത്രം വേണ്ട സ്വാമീ.. വേറൊരു മന്ത്രം മതി ” എന്ന്!
ഇതുപോലെയാണ്.. ഏത്?
ബാക്കി പിന്നെ,
*
ഓ.കെ, വീണ്ടും വന്നു..! നിസ്വാര്‍ത്ഥമായ എഴുത്താണ് കമന്റൊന്നും പ്രതീക്ഷിക്കാതെ..ഇന്നലെ സ്നേഹത്തെപ്പറ്റി വന്നിട്ട് എഴുതാതെ പോയില്ലേ, അതുകൂടി ചേര്‍ത്തോട്ടെ,സ്നേഹത്തെപ്പറ്റി ഹൃദയത്തിനുള്ളിൽ ഗവേഷണം നടത്തിയപ്പോൾ ഒരു നുറുങ്ങ് ചിന്ത കിട്ടി!
സ്നേഹം എന്നാൽ മനുഷ്യന്റെ ബുദ്ധിയുടെ പരിധിക്കും അപ്പുറത്തുള്ള ഒരു വികാരമാണെന്ന് സമ്മതിക്കാതെ നിവർത്തിയില്ല. എന്നാല്‍ സ്നേഹം ചപലവുമാണ്. അല്ലെങ്കിൽ ഒരാൾ മറ്റൊരാളെ സ്നേഹിക്കുകയും വിശ്വസിക്കുകയും മതിക്കുകയും ഒക്കെ ചെയ്യുമെങ്കിലും ഇടയ്ക്കിടെ ഒരു ഭയം ഉടലെടുക്കുന്നതെന്തിന്?!. അയാൾ മറ്റൊരിണയിൽ ആകൃഷ്ടനായിപ്പോകുമോ എന്ന ഭയം!
അയാൾ വളരെ നല്ല ഒരു വ്യക്തിയാണെന്ന് നമുക്ക് നന്നായറിയാമെങ്കിലും സ്നേഹത്തിന്റെ കാര്യത്തിൽ ചപലനായിപ്പോകുമോ എന്ന ഭയം. നാം ഭയക്കുന്നത് സംശയിക്കുന്നത് ആ വ്യക്തിയെ അല്ല, ആ വ്യക്തിയുടെ സ്നേഹം/പ്രേമം എന്ന വികാരം അയാളെ ചഞ്ചലനാക്കുമെന്ന ഭയം..
ഇത് മക്കൾ തമ്മിലും സ്പർദ്ധയുണ്ടാക്കുന്നു. അച്ഛനമ്മമാർക്ക് തന്നെക്കാളിഷ്ടം സഹോദരനോടായിപ്പോകുമോ, എന്നൊക്കെ. കാരണം, കുട്ടിക്കും അറിയാം അച്ഛന്റെയും അമ്മയുടെയും സ്നേഹം ചപലമാണെന്ന്! കൂട്ടുകാർ തമ്മിലും ഉണ്ടാകാം ഈ അവിശ്വാസം. അവൾ കൂടുതൽ സുന്ദരിയായതുകൊണ്ട്, അല്ലെങ്കിൽ പാട്ടോ ഡാൻസോ ഒക്കെ ചെയ്യുന്നവളാകുന്നതുകൊണ്ട്, അയാളുടെ സ്നേഹം അവളിലേക്കായിപ്പോകുമോ, എന്നൊക്കെ..
(ഒരാളെ നമുക്ക് ഇഷ്ടമാണ്, വിശ്വാസമാണ്. പക്ഷെ, അയാളുടെ ഉള്ളിലെ പ്രേമം ചപലമാണെന്ന സത്യം നമ്മുടെ മനസ്സിനും അറിയാവുന്നതുകൊണ്ടല്ലെ ഈ ഭയം?!)
ഇനി സ്നേഹം സ്നേഹം എന്നൊക്കെ ആത്മയ്ക്ക് തോന്നിയിട്ടുള്ളത് എന്തെന്ന് പറഞ്ഞ് ഉപസംഹരിക്കാം..
‘നാം ഇഷ്ടപ്പെടുന്ന ഒരാളിൽ നിന്നുള്ള ഒരംഗീകാരം’. അത് കിട്ടാതാകുമ്പോൾ നാം സ്നേഹത്തിനുവേണ്ടി അലയുന്നു. നമ്മെ മനസ്സിലാക്കുന്ന ഒരു ഹൃദയം തേടി.. അല്ലാതെ അത് ശാരീരിക സുഖത്തിനുവേണ്ടിയുള്ള അലച്ചിലൊന്നുമല്ല.
അല്ലെങ്കില്‍ അല്പം കൂടി ചേര്‍ക്കാം..
സ്നേഹം എന്നാല്‍ നമ്മുടെ ആത്മാവിനെ മനസ്സിലാക്കിയ മറ്റൊരാത്മാവിനെ കാണുമ്പോഴുള്ള പിടച്ചില്‍. ആ ആത്മാവിന്റെ സാമിപ്യത്തില്‍ നമ്മുടെ ആത്മാവ് ചൈതന്യവത്താകുന്നു. അകലുമ്പോള്‍ ആത്മാവ് തളര്‍ന്ന് കരയുന്നു.
ഇത് ആത്മാക്കള്‍ തമ്മില്‍ മാത്രമുള്ള ഒരുതരം അദൃശ്യബന്ധം ആണെന്നാണ് ഇപ്പോള്‍ കിട്ടിയ ചിന്ത.
അബദ്ധമൊന്നും എഴുതിയിട്ടില്ലല്ലൊ അല്ലെ,
എങ്കിപ്പിന്നെ നിര്‍ത്തട്ടെ,
ദാ കുറച്ചുകൂടി കിട്ടി!
നമ്മുടെ ആത്മാവിന്റെ ഓരോ വശങ്ങളാണ് ഓരോ ആത്മാക്കളും മനസ്സിലാക്കുന്നത്.
നമ്മുടെ നല്ല വശങ്ങൾ മനസ്സിലാക്കുന്ന ആത്മാക്കളോട് നമുക്ക് ഇഷ്ടം തോന്നുന്നു.
നമ്മുടെ തിന്മവശങ്ങൾ മാത്രം കാണുന്ന ആത്മാക്കളോട് അകൽച്ചയും തോന്നുന്നു.
ഓരോരുത്തരും നമ്മെ അറിയുന്നത് പലതരത്തിൽ ആണല്ലൊ,
അപ്പോൾ നമ്മെ പൂർണ്ണമായി മനസ്സിലാക്കുന്ന ഒരാൾ ഭൂമിയിൽ ഉണ്ടാകുമോ?!
ഖേദകരമെന്നു പറയട്ടെ, ഇല്ല തന്നെ.
നമ്മെ/നമ്മുടെ ആത്മാവിനെ പൂർണ്ണമായി മനസ്സിലാക്കുന്നത് സർവ്വേശ്വരൻ മാത്രം!!!
എങ്കിലും സർവ്വേശ്വരൻ അദൃശ്യനായിരിക്കുന്നതുകൊണ്ട് നാം/നമ്മുടെ ആത്മാവ്, കാണപ്പെട്ട ദൈവങ്ങളിൽ/ആത്മാക്കളിൽ സ്നേഹം തേടിക്കൊണ്ടിരിക്കുന്നു.
ശുഭം.
ഇന്നലെ ഒരു ബ്ലോഗിൽ പോയി വായിച്ചപ്പോൾ അവരൊക്കെ വലിയ പത്രാസിൽ ഇപ്പോൾ ബ്ലോഗ് വായനയും എഴുത്തും ഒന്നും ഇല്ല; ട്വിറ്ററും, ഫേസ്ബുക്കും ഒക്കെയാണ് ഉപയോഗിക്കുതെന്ന് വായിച്ചു! അത് ആത്മയെ ചില്ലറയൊന്നും അല്ല തളർത്തിയത്.
ബ്ലോഗെഴുത്ത് എന്നെങ്കിലും ഒരു കാലത്ത് അക്സപ്റ്റ് ചെയ്യപ്പെടും, എന്നൊക്കെ എന്തൊക്കെയോ നിർവ്വചിക്കാനാകാത്ത കുറെ പ്രതീക്ഷകൾ ഒക്കെ ഞൊടിയിടയിൽ തകരുകയായിരുന്നു. ട്വിറ്ററും, ഫേസ് ബുക്കും ഒക്കെ ആളുകൾക്ക് ആശയവിനിമയം ചെയ്യാനും; ബ്ലോഗ്, സാഹിത്യം ചമയ്ക്കാനും, എന്നൊക്കെയായിരുന്നു ആത്മ കരുതിയത്.. ഒക്കെ തകർന്നു!
അരോട് പറയേണ്ടൂ ഞാനെൻ വ്യഥ!
‘ക്ഷണപ്രഭാചഞ്ചലം ബ്ലോഗുലോകം’ എന്നാണോ ദൈവമേ?!
(രാത്രിയും പകലും ഇടക്കു കിട്ടുന്ന സമയമൊക്കെ ഓടിയോടി വന്ന സാഹിത്യസൃഷ്ടി നടത്തി മുന്നേറാൻ ശ്രമിക്കുന്ന പാവം ഒരു വീട്ടമ്മയുടെ ആത്മരോദനം..!)
[സാരമില്ല. അപ്പോൾ അത്രയ്ക്കൊക്കെയേ ഉള്ളൂ ഈ ബ്ലോഗ്, ബ്ലോഗ് എന്നൊക്കെ പറയുന്നതെന്ന് മുൻപേ നടക്കുന്നവർ തന്നെ സ്ഥിതീകരിച്ച സ്തിതിക്ക് എനിക്ക് എന്റെ ബ്ലോഗിൽ എന്തും എഴുതി ജീവിക്കാമല്ലൊ (എന്നുവച്ചാൽ വലിയ വലിയ എഡിറ്റിംഗൊന്നും ഇല്ലാതെ )].
ഇന്നത്തെ വിശേഷം എന്തെന്നുവച്ചാൽ..,
ഒരാഴ്ചയായി ഒരു സ്പ്രിംഗ് ക്ലീനിംഗ് മൂഡ്.
പുറത്തെ ചെടികളൊക്കെ വെട്ടി നിരപ്പാക്കുക; ആവശ്യമില്ലാത്തതൊക്കെ മാറ്റുക;
എത്ര ചെടിച്ചട്ടികളാണെന്നോ (ഒരു 50 ലും അധികം വരും) എടുത്ത് സൂക്ഷിച്ച് വച്ചിരിക്കുന്നത്!
ഇനി എന്നാണോ എവിടെയാണൊ അതൊക്കെ ഉപയോഗിക്കാൻ പോകുന്നത്!
അതൊക്കെ കെട്ടുകെട്ടാക്കി കെട്ടിവച്ചു. ഇനി ഇതിലേ ഡസ്റ്റ്ബിൻ ക്ലിയർ ചെയ്യാനോ റീസൈക്കിൾ കാരൊ ഒക്കെ വരുമ്പോൾ കൊടുക്കണം..
പണ്ട് തല ക്ലിയർ അല്ലാതിരുന്നപ്പോൾ, അടുക്കളേൽ ഉപയോഗിക്കാൻ തക്ക വണ്ണമുള്ള എത്ര എത്ര നല്ല പാത്രങ്ങളായിരുന്നെന്നോ കെട്ടുകെട്ടുകളായി കൊണ്ടു കളയാൻ കെട്ടി വച്ചിരുന്നത്! സ്പ്രിംഗ് ക്ലീനിംഗ് മൂഡിൽ പോയി ഒന്നുകൂടി അഴിച്ചു നോക്കിയപ്പോൾ ശിവ! ശിവ ! നല്ല ഒന്നാം തരം പാത്രങ്ങൾ! എല്ലാം തിരിച്ചു പറക്കി വച്ചു, പിന്നല്ല! (ഇപ്രാവശ്യം നന്നായി അടുക്കി ഒതുക്കി വയ്ച്ചു).
കൂട്ടത്തിൽ ഒരു നല്ല കുക്കിംഗ് പാത്രത്തിന്റെ അടപ്പ് പൊട്ടിപ്പോയി, ടപ്പ്!
നാട്ടിൽ നിന്നും കൊണ്ടുവന്നതായിരുന്നു, നല്ലതായിരുന്നു.. അതിൽ ഒരുപാട് എന്തൊക്കെയോ ചെയ്യണമെന്നൊക്കെ സ്വപ്നം കണ്ടിരുന്നു..
സാരമില്ലാ.. അടപ്പു പൊട്ടിയെന്നും പറഞ്ഞ് കളയാനൊന്നും പോണില്ല. അടച്ചുമൂടി വേവിക്കണ്ടാത്തതൊക്കെ വേവിക്കാം കേട്ടോ പാത്രമേ.. അതിനെ സമാധാനിപ്പിച്ചു.
പിന്നെ പൊട്ടിയ അടപ്പിനെ കെട്ടി ഭദ്രമായി വച്ചു. (അതും ഇനി വണ്ടി വരുമ്പോൾ കയറ്റി വിടണം..)
ഇന്നലെ കിടന്നപ്പോൾ ഒരു പുതു ശിന്ത!
ആത്മ ബ്ലോഗിൽ പലപ്പോഴും വിഢ്ഢി വേഷം കെട്ടുകയായിരുന്നോ എന്നൊരു ശങ്ക! വയസ്സാം കാലത്ത് നിനക്ക് ഇത് വേണോ ആത്മേ എന്നായി പിന്നെ.. അത്മേടെ മനസ്സാക്ഷി സമാധാനപ്പെടുത്തി.. അതിനു നീ ഒരു സ്വാർദ്ധോദ്ദ്യേശ്യത്തോടേയും അല്ലല്ലൊ ബ്ലോഗെഴുതി തുടങ്ങിയത്.. നിന്റെ എഴുതാനുള്ള അദമ്യമായ മോഹമല്ലായിരുന്നോ.. നീ എഴുതുന്നതൊക്കെ നാലുപേർ വായിക്കണമെന്ന അത്യാഗ്രഹമല്ലായിരുന്നോ..? ഇറ്റ് ഇസ്സ് നാച്യുറൽ ആത്മേ.. ഇറ്റ് ഇസ്സ് നാച്യുറൽ.. പ്രത്യേകിച്ച് വീട്ടിൽ ജോലിയും പ്രത്യേകിച്ച് കൂലിയും ഒന്നുമില്ലാതെ മൂലയിൽ ഇരുന്ന് ആത്മേ നോക്കുന്ന ആ ചപ്പാത്തിപ്പലകയ്ക്കോ, പുട്ടുകുറ്റിക്കോ ഒക്കെ ഒരു ഷോകേസിൽ ഇരിക്കാൻ ഇടം കിട്ടിയാൽ എങ്ങനിരിക്കും അതുപോലെ..
ഇനി അല്പം സ്ത്രീ ചിന്തകൂടി ചേർത്ത് ഇന്നത്തെ ബ്ലോഗെഴുത്ത് അവസാനിപ്പിക്കാം.. (ഇത് ഏറെക്കുറേ ഇന്നലെ എഴുതി വച്ചിരുന്നതാണ് ട്ടൊ)
ഈയ്യിടെയായി സ്ത്രീ സമത്വത്തിനെപ്പറ്റിയല്ല്യോ പലയിടത്തും സംസാരം..
എങ്കിപ്പിന്നെ ആത്മ കുറച്ചുകൂട് ആത്മചിന്തകൾ എഴുതിക്കോട്ടെ,
ആദ്യം, ഇന്നലെ ആത്മ പോസ്റ്റിൽ എഴുതിയില്ല്യോ, ഒരു ചെറുമി കുറ്റിക്കാട്ടിൽ ഓടിപ്പോയി പ്രസവിച്ച് കുഞ്ഞിനെയും കൊണ്ട് വെളിയിൽ വന്നു എന്നും മറ്റും..
ഇന്നിതാ പത്രത്തിൽ അതിലും അപ്പുറം ഒരു വാർത്ത!. ചിത്രത്തിൽ കാണുന്ന സ്ത്രീ ട്രയിനിലെ ക്ലോസെറ്റിൽ പ്രസവിച്ചു എന്നും, കുഞ്ഞ് ക്ലോസറ്റിനകത്തൂടെ താഴെ പാളത്തിൽ വീണുപോയതുകണ്ട് സ്ത്രീയും കൂടെ ചാടിയെന്നും രണ്ടുപേരും വലിയ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടുവെന്നും ആയിരുന്നു വാർത്ത!!
ഇതിൽ നിന്നും എന്തു മനസ്സിലാക്കുന്നു??
പുരുഷൻ ഫിസിക്കലി സുപ്പീരിയർ ആണെങ്കിലും വിധേയത്വത്തിന്റെ/ക്ഷമയുടെ (ഇതിലും കൂടിയ ഒരു ഭാവമാണുദ്ദേശിച്ചത്) കാര്യത്തിൽ സ്ത്രീയോളം താഴാൻ(?) പുരുഷനും ആകില്ല എന്നതു സമ്മതിക്കേണ്ടതുണ്ട്. പുരുഷൻ കായികശക്തിയിൽ സിംഹത്തെവരെ ജയിക്കുമായിരിക്കാം. പക്ഷെ, സഹനശക്തിയിൽ സ്തീയോടൊപ്പം എത്താൻ കഴിയില്ല എന്നു തർക്കമില്ലാത്ത കാര്യം.
പുരുഷൻ തന്റെ കായികശക്തിയാൽ പല ദുർഘടങ്ങൾ തരണം ചെയ്യാനാകുമെങ്കിൽ
സ്ത്രീ ശരീരവും പലേ ദുർഘടങ്ങളിലൂടെ തരണം ചെയ്യേണ്ടതുണ്ട്.
ആദ്യം ഒരു പുരുഷനു അടിയറവക്കുന്നു സ്ത്രീ തന്റെ ശരീരം (75% സ്ത്രീകളും തങ്ങൾ പ്രേമിക്കുന്നവരെയോ ഇഷ്ടപ്പെടുന്നവരെയോ ആയിരിക്കില്ല വിവാഹം കഴിക്കുന്നത്.) ഒരു അപരിചിതന് തന്റെ ശരീരം കാഴ്ച്ചവയ്ക്കുക/വിധേയപ്പെടുകയാണ് അവർ ചെയ്യുന്നത്/.
അതുകഴിഞ്ഞുള്ള വിധേയത്വമാണ് സ്ത്രീയെ ജയിക്കാനാകില്ല എന്നു പറയാൻ മുഖ്യ കാരണമായി തോന്നിയത്!!
മുകളിലത്തെ പത്ര വാർത്ത തന്നെ അതിനൊരു ഉത്തമ ഉദാഹരണം. ഒരു ഗർഭിണിയായ സ്ത്രീയ്ക്കു മാത്രമേ ഈ ധീരത തോന്നൂ. ധീരതയല്ല, അവളുടെ കർത്തവ്യം ആണത്. അവൾപോലും അറിയാതെ പ്രകൃതി അവളിൽ നിഷിപ്തമാക്കിയിരിക്കുന്ന ഏറ്റവും പാവനമായ കർത്തവ്യം. അത് പൂർത്തീകരിക്കുന്നതാണ് ഈ ഭൂമിയിലെ ഒരു സ്ത്രീയുടെ ഏറ്റവും വലിയ കർത്തവ്യം! അതിനായി അവള്‍ സ്വന്തം ജീവന്‍ പോലും ത്വജിക്കാന്‍ സന്നദ്ധയാകുന്നു...
പുരുഷന്റെ കായികബലം തന്നെ ഒരുപക്ഷെ, സ്ത്രീയെയും കുഞ്ഞിനെയും രക്ഷിക്കാനായും പോറ്റാനായും ദൈവം കനിഞ്ഞരുളിയതാകുമെന്നും എന്നിലെ സ്ത്രീപക്ഷചിന്തകൾ പറയുന്നു..
‘ഞാൻ പാതി നീ പാതി കണ്ണെ
ഞാൻ പാതി നീ പാതെ കണ്ണാ..’
എന്നിങ്ങനെ പാടി നടക്കൂ.. ജീവിക്കൂ..
ആൺ സുപ്പീരിയോരിറ്റി, പെൺ ഇൻഫീരിയോരിറ്റി എന്നൊന്നും വേർതിരിക്കാൻ പോകാതെ,
(രണ്ടുപേരും ചേർന്നാലേ ഒരു പൂർണ്ണ മനുഷ്യനുണ്ടാകൂ എന്നതുതന്നെ ഒരു സത്യം അല്ലെ,
എന്തിനു കണ്ണടച്ചിരുട്ടാക്കുന്നു.?!) സ്ത്രീയുടെ സെൻസിറ്റിവിറ്റി, സോഫ്റ്റ്നസ്സ്, ഒക്കെ ഒരു വീക്ക്നസ്സ് അല്ലെന്നു മനസ്സിലാക്കി, അത് അവളിലെ സ്ത്രീത്വമാണെന്നും ആ സ്ത്രീത്വമാണ് പുരുഷന്റെ അഭയസ്ഥാനമെന്നും (ഭർത്താവായാലും മകനായാലും ഒക്കെ.. ഒരു സ്ത്രീവേണം.. പുരുഷനു പൂർണ്ണനാകാൻ; തന്റെ വംശം നിലനിർത്താൻ; തനിക്ക് പൂർണ്ണവളർച്ചയെത്താൻ.)
മാനം മര്യാദയുള്ള ഒരു സ്ത്രീയും അവകാശവാദവുമായി മുന്നിലെത്തില്ല, ‘ഞാനാണ് നിനക്ക് ശരീരം തന്നത്, അല്ലെങ്കിൽ ഞാനാണ് നിങ്ങൾക്ക് കുഞ്ഞിനെ പ്രസവിച്ചു തന്നത്’ എന്നൊന്നും പറഞ്ഞ്. അതും അവരിലെ സ്ത്രീത്വത്തിന്റെ മേന്മയാണ്. ഇതിനൊരപവാദമായി ചിലരൊക്കെ, ‘ഹും! അവനെ ഞാൻ 10 മാസം വയറ്റിലിട്ട് നൊന്തുപെറ്റതാണെന്നും , പെറ്റവയറിന്റെ നൊമ്പരം’ എന്നുമൊക്കെ അവകാശവാദവുമായി വരുന്നുണ്ടെങ്കിൽ അത് അവരുടെ ഗത്യന്തരമില്ലയ്മയോ വീക്ക്നസ്സോ ആകാം..
വൈചിത്ര്യമായി പറയാവുന്നതെന്തെന്നാൽ, ആൺകുഞ്ഞിനെ പ്രസവിച്ച ഉടൻ കൂടുന്ന സ്ത്രീയുടെ വിലയാണ്! ആൺകുഞ്ഞുണ്ടാകുമ്പോഴേ ഫുൾ ക്രടിറ്റും സ്ത്രീ തന്നെ അവനു നൽകുന്നു!
ആൺകുഞ്ഞിനെ പ്രാസവിച്ച അമ്മ! കുഞ്ഞും പതിയെ അംഗീകരിക്കുന്നു താനെന്ന സുപ്പീരിയർ ജീവിയെ പ്രസവിക്കാനായി ഉണ്ടാക്കിയ ഒരു യന്ത്രം! അല്ലെങ്കിൽ തനിക്കൊരു മകനെ തരാനായി ദൈവം എനിക്കു തന്ന യന്ത്രം ഒക്കെയായി മാറുന്നു സ്ത്രീയുടെ വില. അങ്ങിനെയാകുമ്പോൾ ആണുകുഞ്ഞുങ്ങളില്ലാത്തവർക്ക് എന്തു വില! അവർ നൊന്തുപെറ്റതിനും വിലയില്ല, പത്തുമാസം ചുമന്നതിനും വിലയില്ല. മനം നൊന്ത് അമ്മമാർ തന്നെ പിറന്നു വീഴുന്ന പെൺകുഞ്ഞുങ്ങളെ ഇല്ലാതാക്കുന്നതും ഒക്കെ ഈ പുരുഷ മേധാവിത്വത്തിൽ നിന്നും ഉണ്ടായതാണ്. (ഇവൾ നാളത്തെ ഒരു ഇന്ദിരാഗാന്ധിയോ, മദർ തെരേസയോ ഒക്കെ ആയിക്കൂടെന്നില്ല എന്നുചിന്തിച്ചില്ലെങ്കിലും, ഇവൾക്ക് ഭാവിയിൽ നാലോ അഞ്ചോ ആണ്മക്കളെ പ്രസവിച്ച് വളർത്താനായേക്കുമെന്നെങ്കിലും ഓർത്ത് ആ കുഞ്ഞുങ്ങളെക്കൂടെ അക്സപ്റ്റ് ചെയ്തുകൂടെ?!)
പുരുഷന്മാരേ ഒന്നോർക്കുക: നിങ്ങൾ സ്ത്രീക്ക് സമത്വം ഇല്ലാത്ത ഒരു ലോകമാണ് പടുത്തുയർത്തുന്നതെങ്കിൽ നാളെ നിങ്ങൾക്ക് പിറക്കാൻ പോകുന്ന പെൺകുഞ്ഞും ഈ ഭൂമിയിൽ സുരക്ഷിതയായിരിക്കില്ല.
ശുഭം
ഇവിടെ മി. ആത്മയ്ക്ക് എപ്പോഴും രാഷ്ട്രീയ വിശേഷങ്ങൾ തന്നെ. നാടുനന്നാക്കുന്നതിനെപ്പറ്റിയും നാട്ടാരെ നന്നാക്കുന്നതിനെയും..
ആത്മയ്ക്കാണെങ്കിൽ ഒട്ടും ദഹിക്കുന്ന വിഷയവുമല്ല.. എങ്കിലും വെറുതെ കേട്ടുകൊടുക്കും.. മറ്റുള്ളവർ ആർമാദിക്കുന്നതിനും സന്തോഷിക്കുന്നതിനും ഒന്നും നാമായിട്ട് വിഘ്നങ്ങൾ ഉണ്ടാക്കണ്ട എന്നു കരുതും..
എങ്കിലും ഇടയ്ക്കൊക്കെ ‘വാണിംഗ്’ കൊടുക്കും.. “മി. ആത്മേ, നല്ല ആരോഗ്യവും സാമ്പത്തികവും ഒക്കെ ഉള്ളതുകൊണ്ടാണേ, ഇങ്ങിനെ വെളിയിലൊക്കെ വിലസാൻ പറ്റുന്നത്. ഇതൊന്നും ഇല്ലാതാകുമ്പോൾ ആരും തിരിഞ്ഞു നോക്കില്ലേ.. അതുകൊണ്ട് കുടുംബജീവിതം കൂടി ബാലൻസ് ചെയ്യാൻ നോക്കണേ..,”, ‘പിന്നെ, മനുഷ്യരുടെ ഹൃദയങ്ങൾ വച്ചു കളിക്കമ്പം സൂക്ഷിക്കണേ.. ചിലരുടെ ഹൃദയം ഒക്കെ വളരെ സോഫ്റ്റ് ആണു. നിങ്ങൾ തരാതരത്തിനു കാലുമാറ്റവും ഒക്കെ ഒരു ശീലമാകുമ്പോൾ അതിൽപ്പെട്ട് ആരും തകർന്നു പോകാതിരിക്കാൻ ശ്രദ്ധിക്കണേ..-പ്രത്യേകിച്ച് സ്ത്രീഹൃദയം-അല്ലെങ്കിൽ ‘ഹൃദയപാപം’ എന്നൊരു പാപം ഉണ്ട്, അത് ഭയങ്കരമാണ്’ എന്നൊക്കെ ഒന്ന് പേടിപ്പിക്കാൻ ശ്രമിച്ചു.. കാരണം, പോകുന്ന പോക്ക് കണ്ടിട്ട് അത്ര ഒരു ശരി തോന്നണില്ല. ആത്മയെങ്ങാനും വഴീൽ കേറി നിന്നാലും തകർക്കും...
‘എങ്കിപ്പിന്നെ വാ നമുക്ക് മോളേ ട്യൂഷൻ ക്ലാസ്സിൽ കൊണ്ടാക്കീട്ട് വരാം..’
വീട്ടുചിലവിനു കാശുതരുന്നതൊഴിച്ചാൽ മി. ആത്മ ചെയ്യുന്ന ഒരേ ഒരു വീട്ടുകാര്യം ഈ കൊണ്ടാക്കലുകളും വിളിച്ചുകൊണ്ടുവരലുമാണ്. ആത്മയ്ക്കും ഇഷ്ടമാണ് ഈ യാത്രകൾ.. വെറുതെ വണ്ടിയുടെ ഒരറ്റത്ത് സ്വപ്നം കണ്ടുകൊണ്ടോ.. മി. ആത്മയുടെ ചെവിയിൽ ഫോൺ ഇല്ലെങ്കിൽ വഴക്കുകൂടിക്കൊണ്ടോ ഒക്കെ ഇരിക്കാം.. വലിയ നഷ്ടങ്ങളൊന്നും ഇല്ലാതെ കയറിയയിടത്ത് തന്നെ തിരിച്ചു വന്നിറങ്ങാം.. പിന്നെ മി. ആത്മേടെ കൂടെ വെളിയിലൊന്നും കറങ്ങുന്നില്ലെന്ന ആത്മേടെ പരാതിയും തീർന്നുകിട്ടുമല്ലൊ (എത്ര കിളികളാണ് ഒരു വെടിയ്ക്ക്!)
അങ്ങിനെ പറഞ്ഞുകൊണ്ടു വന്നത് രാഷ്ട്രീയസേവനത്തെക്കുറിച്ചല്ലായിരുന്നോ,
തുടരട്ടെ..,അങ്ങിനെ മി. ആത്മേടെ ആക്രാന്തം കണ്ട് മനസ്സു മടുത്തും, ആകപ്പാടെ, ‘ഈ ലോകം ഇത്രേം കോമ്പറ്റീഷൻ നിറഞ്ഞതായി മാറുന്നല്ലൊ ദൈവമേ..', മാനം മര്യാദയ്ക്ക് സമാധാനമായി ജീവിക്കാമെന്ന് വച്ചാൽ ഒരു രക്ഷയുമില്ല. ആണുങ്ങൾക്ക് ഗ്രൂപ്പ്കളി, അസോസിയേഷൻസ്, രാഷ്ട്രീയം, കുതികാൽ വെട്ട്.. എക്സട്രാസും, പെണ്ണുങ്ങൾ തമ്മിൽ പൊരിഞ്ഞ കോമ്പറ്റീഷനും.. മക്കളുടെ പഠിത്തവിഷയത്തിൽ.. അതിനി എത്രയൊക്കെ തരം താഴാമോ അത്രയൊക്കെ പോയിക്കഴിഞ്ഞു.
ഏതുരീതിയിലും മക്കളെ ഒരു ഡോക്ടറൊ എഞ്ജിനീയറോ ആക്കിയില്ലെങ്കിൽ പിന്നെ താനൊരു പെണ്ണല്ല എന്നതാണ് അധികം പേരുടെയും പോളിസി. ആത്മയ്ക്കെന്തേ ഈ ബുദ്ധി തോന്നീലാ?! (അതെങ്ങിനെ, നേരേ ചൊവ്വേ വല്ലതും ചിന്തിച്ചാലല്ലെ അതൊക്കെ തോന്നൂ!). ഏതിനും ഇപ്പം അനുഭവിക്കണുണ്ട്. ഇന്റിമേറ്റ് ‘ഫ്രണ്ടി’കളും സ്വന്തക്കാരികളും പോലും മക്കളെ ഡോക്ടറാക്കാനും വിട്ടേയ്ച്ച് അങ്ങിനെ ആർമാദിക്കുമ്പോൾ. ആത്മ രണ്ടാമത്തെയാളോടെങ്കിലും ‘എടീ ഒരു പ്രഫഷണൽ കോർസിനു ട്രൈ ചെയ്യാം’ എന്നു പറഞ്ഞപ്പോൾ അവൾ ഒരു വിരട്ട്.. “ഇപ്പോൾ ഇന്ത്യാക്കാർക്കൊക്കെ ഒരേ ഒരു ചിന്തയേ ഉള്ളൂ, ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ എഞ്ജിനീയർ. ങ്ങ്ഹാ.. ഞാൻ നേരത്തെ പറഞ്ഞേക്കാം.. എനിക്ക് നല്ല മാർക്കെങ്ങാനും കിട്ടിയാലും ഞാൻ ഇതു രണ്ടിനും പോവില്ലേ.. എന്നെ ഫോർസ് ചെയ്താൽ പിന്നെ പഠിക്കുകേം ഇല്ല..”
ഹല്ല പിന്നെ..!! ‘ഈ ലോകത്ത് മനുഷ്യനു ഇതു രണ്ടുമാകാതെ ജീവിക്കാനാവില്ലേ’ എന്നാണ് അവളുടെ വാദം (അവൾ എന്തറിയുന്നു ലോകത്തിന്റെ പോക്കിനെക്കുറിച്ച്! ങ്ങും.. സാരമില്ല).
അങ്ങിനെ ആത്മയ്ക്ക് ആർമാദിക്കാനുള്ള ചാൻസൊന്നും വലുതായിട്ട് കാണുന്നില്ല. ഇനിയിപ്പം മറ്റുള്ളവരുടെ ആർമാദം എങ്ങിനെ ഇലയ്ക്കും മുള്ളിനും വലിയ കേടുപാടൊന്നും ഇല്ലാതെ ഓവർക്കം ചെയ്യാം എന്നതിനെപ്പറ്റി മാത്രമെ ചിന്തിക്കേണ്ടതുള്ളൂ..
വീണ്ടും വിഷയത്തിൽ നിന്നു വഴുതി,
രാഷ്ട്രീയം! രാഷ്ട്രീയം!അങ്ങിനെ മി. ആത്മയുടെ രാഷ്ട്രീയവും, കുട്ടികളുടെ ഫീൽഡിലെ കോമ്പറ്റീഷനും, ആകെപ്പാടെ ഒരു കോമ്പറ്റീഷൻമയം ലോകം മുഴുവനും. ‘അവൻ ശരിയല്ല, അവനെ പദവീന്ന് ഇറക്കണം.. മറ്റവനെ കയറ്റണം.. അയാളെ വിശ്വസിക്കാൻ കൊള്ളില്ല.. മറ്റവൻ കൊള്ളാം..’ എത്ര നേരോന്നും പറഞ്ഞ് കേട്ടോണ്ടിരിക്കാൻ! ഈ ലോകത്തിൽ ആത്മാർത്ഥതയുള്ള മനുഷ്യരൊന്നും ഇല്ലേ ദൈവമേ! എന്നിങ്ങനെ വിലപിച്ചോണ്ട് കിടക്കുമ്പോൾ.. ദാ മൂന്നുമണി! ഇനീം ആത്മ ഉറങ്ങീട്ടില്ല!
ഇനിയിപ്പം ഈ ലോകത്തിന്റെ പ്രശ്നങ്ങളൊക്കെ ഒറ്റരാത്രികൊണ്ട് ചിന്തിച്ച് ഒരു പോംവഴി കണ്ടിട്ടേ
ഉറങ്ങുന്നുള്ളൂ എന്നും പറഞ്ഞ് കണ്ണുകൾ അങ്ങിനെ തുറിച്ചുംകൊണ്ട് വിടർന്നിരിക്കുന്നു! നിഷേധി!
ഇനിയിപ്പം എന്താ രക്ഷ?!
ബ്ലോഗിൽ എന്തെങ്കിലും ഒക്കെ എഴുതി വിഢ്ഢിവേഷം കെട്ടിയിട്ട് കിടന്നാലും ഇതിലും ഭേദമായിരുന്നു..
അവിടെ ഒന്നുമല്ലെങ്കിലും എഴുതാനും വായിക്കാനും ഒക്കെ ക്ഷമയുള്ള നല്ല മനുഷ്യരാണല്ലൊ ഉള്ളത്, എന്നൊക്കെ പറഞ്ഞ് പോയി ബ്ലോഗ് ലോകത്തിൽ എത്തി..
ചെന്നു പെട്ടതോ?!
പൊരിഞ്ഞ യുദ്ധം നടക്കുന്ന ഒരു ബ്ലോഗിൽ! ആദ്യമായാണ് ഈ ഒരനുഭവം. അപ്പോൾ എല്ലായിടത്തും തഥൈവ!!! ‘പടപേടിച്ച് പന്തളത്ത് ചെന്നപ്പോൾ..’ എന്ന നിലയായി.
എങ്കിലും എന്തോ ഒരാശ്വാസം! ഇവിടെ മനുഷ്യരല്ലല്ലൊ, അക്ഷരങ്ങൾ തമ്മിലല്ലേ യുദ്ധം!! നേരിൽ കാണാത്ത മനുഷ്യർ!
കുറച്ചൊക്കെ മനസ്സിലായി, മനസ്സിലായില്ല എന്ന മട്ടിൽ അവിടന്ന് മാറി.
ഒരു കണക്കിന് ലോകം ഇങ്ങിനെയൊക്കെയാകുന്നതാണ് നന്ന്. ആത്മയെപ്പോലെ എല്ലാവരും അടങ്ങിയൊതുങ്ങി ഒരു മൂലയ്ക്കിരുന്നാൽ പിന്നെ ലോകം തിന്മകളാൽ സമൃദ്ധമാകും..
തിന്മയെ എന്നും നന്മ എതിർക്കും.. എതിർക്കണം. നന്മ ജയിച്ചാലേ ജീവനു നിലനിൽപ്പുള്ളൂ.. അല്ലെങ്കിൽ, ലോകം.. ഏതു ലോകം ആയാലും, പതിയെ നശിക്കും..
മി. ആത്മേടെ ലോകം ആയാലും..ബ്ലോഗു ലോകം ആയാലും ഒക്കെ..
പാവം മി. ആത്മേയെ എതിർക്കണ്ടായിരുന്നു.. ഒരുപക്ഷെ, എല്ലാം നല്ലതിനായിരിക്കും... എല്ലാം.. നല്ലതിനായിരിക്കാം... ഉറങ്ങാൻ ശ്രമിച്ചു.. നാളെ ഇതിലും ഭേദമായിരിക്കും...
പോസ്റ്റ് വിചാരിച്ചതിലും നീണ്ടുപോയി.. വായിക്കാൻ ആർക്കെങ്കിലും സമയം കിട്ടുമോ.. കണ്ടറിയാം.. അല്പം ശ്രീകൃഷ്ണ ചിന്തകൂടി എഴുതി നിർത്താം..
ഇന്നലെ എഴുതി, മി. ആത്മ ശരിയല്ലെങ്കിൽ പിന്നെ ബ്ലോഗെഴുതാനും, ചെടിനടാനും സ്വപ്നം കാണാനും മക്കളെ നോക്കാനും ഒന്നും പറ്റില്ല എന്ന്. ഇതുതന്നെ മറിച്ചും പറയാം..രണ്ടാമത് എഴുതിയതൊക്കെ ചെയ്യാൻ പറ്റിയില്ലെങ്കിൽ മി. ആത്മേം സന്തോഷിപ്പിക്കാനാവില്ല. ചുരുക്കി പറഞ്ഞാൽ ജീവിതം ഒരു ബാലസിൽ ആണ്.. എല്ലാം ആവശ്യത്തിനില്ലെങ്കിൽ ശരിയാവില്ല.
ഒരു അവിയലോ സാമ്പാറോ ഒക്കെ വയ്ക്കുമ്പോൾ മഞ്ഞളും മുളകും പുളിയും ഉള്ളിയും വെജിറ്റബിൾസ്സും ഒക്കെ ഒരു പ്രത്യേക അളവിൽ ചേർത്താലല്ലെ അത് ആ കറിയാകൂ.. അതുപോലെ തന്നെയാണ് ജീവിതവും.. എല്ലാ ചെറിയ കാര്യങ്ങളും വലിയ കാര്യങ്ങളുക്കും ഒക്കെ ഒരേ ഇമ്പോർട്ടൻസ് ഉണ്ട് ജീവിതത്തെ ജീവിതം ആക്കുന്നതിൽ (ഒടുവിൽ ആത്മ കണ്ടുപിടിച്ചൂ!!)
ശ്രീകൃഷ്ണ ചിന്ത!
ആത്മ, ‘ഉണ്ണിക്കൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ്..’ എന്നൊക്കെ പറഞ്ഞ് വലിയ ഗമയിൽ പൂന്താനത്തിന്റെ കൂട്ട് അങ്ങിനെ ഭക്തി പ്രസരത്തിൽ ഓരോന്നെഴുതിയെങ്കിലും അനുഭവമൊന്നും ഇല്ലായിരുന്നു.. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായി.. ആദ്യമായി ശ്രീകൃഷ്ണനെ മകനായി കാണാൻ പറ്റി! സത്യം!
ഒരു ദിവസത്തേയ്ക്കെങ്കി ഒരു ദിവസത്തേയ്ക്ക് ആത്മയുടെ ഹൃദയത്തിൽ ഉണ്ണിക്കൃഷ്ണൻ മകനായി ഓടിക്കളിച്ചു!! ആത്മ സന്തോഷംകൊണ്ടു ആ ഒന്നൊന്നര ദിവസം ആനന്ദാശ്രുക്കൾ പൊഴിച്ചുംകൊണ്ട് നടന്നു...
ആത്മയ്ക്ക് ശ്രീകൃഷ്ണൻ ഒരു ദിവസം ശ്രീകൃഷ്ണൻ മകനായി തോന്നിയപ്പോൾ യശോദയും
ദേവകിയും ഒക്കെ എന്തുമാത്രം സായൂജ്യം അനുഭവിച്ചുകാണും എന്നോർത്ത് അൽഭുതപ്പെട്ടു!
ഈ ആണ്മക്കളെ പ്രസവിച്ച അമ്മമാരൊക്കെ എന്തു ഭാഗ്യവതികളാണെന്നും ഓർത്തു.. കഷ്ടം! എന്നിട്ടും പോരാഞ്ഞ് വീണ്ടും നടക്കുന്നു എന്തൊക്കെയോ ഒക്കെ പിടിച്ചടക്കാൻ!
ഏതിനും ഒരു കൺക്ലൂഷൻ വേണ്ടേ.., അതിങ്ങനെ..,
ആത്മയ്ക്ക് ആത്മയുടെ ജീവിതം ആകെമൊത്തം ഒരു നിലയില്ലാ കയമായി തോന്നും പലപ്പോഴും.
അതിൽ നീന്തൽ ശരിക്കറിയാതെ കിടന്ന് കൈകാലിട്ടടിക്കുന്ന ആത്മ.. ഇടയ്ക്ക് മുങ്ങുന്നു.. പിന്നേം പൊങ്ങുന്നു.. മുങ്ങിയിട്ട് പൊങ്ങിവരുമ്പോൾ ഒരാശ്വാസമുണ്ട്.. ഒരല്പം ജീവശ്വാസം കിട്ടിയതിന്റെ.
പിന്നെ ലോകത്തിനെ മറ്റൊരു കോണിലൂടെ വീക്ഷിക്കാനും തോന്നും. കഴിഞ്ഞുപോയ പ്രയാസങ്ങളുടെ തീവ്രത കുറഞ്ഞപൊലെ ഒരു ഫീലിംഗ് വരും. ആത്മയുടെ ഇപ്പോഴത്തെ അവസ്ഥ
ആ മുങ്ങിത്താഴ്ന്നിട്ട് തിരിച്ചുവന്നപ്പോഴുള്ള അവസ്ഥയാണെന്ന് വേണമെങ്കിൽ പറയാം.
അമ്മേ, ഞാൻ അമ്മയെ സ്നേഹിക്കുന്നു.
സ്നേഹിച്ചോളൂ, നോ പ്രോബ്ലം (നമ്മൾ നമ്മുടെ നിലവിട്ട് കളിക്കരുതല്ലൊ! അല്പം കഴിഞ്ഞ് വന്ന് ‘അമ്മേ, ഞാൻ അമ്മയെ വെറുക്കുന്നു’ എന്നും പറയും.. ആത്മേ... സംയമനം.. സംയമനം..)
അമ്മേ, അമ്മയ്ക്ക് എന്നോട് സ്നേഹമുണ്ടോ?
പിന്നില്ലേ, നിങ്ങൾ രണ്ടുപേരും കഴിഞ്ഞേ എനിക്ക് ലോകത്തിൽ മറ്റെന്തിനോടും സ്നേഹമുള്ളൂ.
അച്ഛനോട് അമ്മയ്ക്ക് സ്നേഹമില്ലേ?
അച്ഛനോട് സ്നേഹമല്ല,
ങ്ങ്ഹേ! സ്നേഹമില്ലേ?!
സ്നേഹമല്ല; അതിനുമപ്പുറം ഒരു ബന്ധമാണ് ഉള്ളത്. .(സ്നേഹിച്ചാൽ പിന്നെ പൊസ്സസ്സീവ് ആകും.. പിന്നെ വഴക്കാവും.. അതുകൊണ്ട് സ്നേഹത്തിനെ ഡൈവേർസിഫൈ ചെയ്തു.. എഴുത്ത്, പ്രകൃതി, ബ്ലോഗ്.. എന്നിങ്ങനെ!)
വേണമെങ്കിൽ അതിനെ ‘ജീവിതം’ എന്നു വിളിക്കാം..
അച്ഛൻ സന്തോഷമായിരുന്നാലേ അമ്മയ്ക്ക് ആ ദിവസം എന്തെങ്കിലും ചെയ്യാൻ പോലും തോന്നൂ..
നിങ്ങളെ നോക്കണമെങ്കിലും, ബ്ലോഗ് എഴുതണമെങ്കിലും, സ്വപ്നം കാണണമെങ്കിലും, ചെടി നടണമെങ്കിലും ഒക്കെ...
ഓക്കെ.. ഓക്കെ..
*
ഇനി, ദുഃഖിക്കാതിരിക്കാൻ ഒരു കുറുക്കുവഴി ...
ദുഃഖിക്കാതിരിക്കാൻ ഒരെളുപ്പവഴി!
‘സ്റ്റോപ്പ് തിങ്കിംഗ്’.. ‘ചിന്തകൾ നിർത്തുക’.
നമ്മൾ (ഞാനല്ല) വണ്ടിയൊക്കെ ഓടിച്ചുകൊണ്ടു പോകുമ്പോൾ പെട്ടെന്നു റോഡിനു നടുവിൽ സ്റ്റോപ്പ് സൈനും പിടിച്ചോണ്ട് ഒരു പോലീസ് നിൽക്കുന്നകാണുമ്പോൾ കാല് അറിയാതെ ബ്രേക്കിൽ ചവിട്ടിപ്പോകില്ലേ..? ആ.. അതുപോലെ.. ച്ഛടേന്ന് ചിന്തകളും സ്റ്റോപ്പ് ചെയ്യുക.
ഇനി ‘സ്റ്റോപ്പ് തിങ്കിങ്ങി’നു ഒരു ഉദാഹരണ കഥപറയാം ട്ടൊ,
ഇന്നലെ ഒരു ബ്ലോഗ് വായിച്ചപ്പോൾ കണ്ട ലിങ്കിലൂടെ പോയി വായിച്ച പത്രവാർത്ത (അല്ലെങ്കിൽ നോ പത്രം വായന) ഉദാഹരണമായി എടുക്കാം..
ഒരു അച്ഛൻ (ഒരു മാനസിക രോഗി) മൂന്ന് സുന്ദരി പെണ്മക്കളെയും അവരുടെ അമ്മയെയും കൊടുമപ്പെടുത്തി (പീഢിപ്പിച്ച്) ഒരു പരുവമാക്കിയ കഥയാണ്! ഒടുവിൽ അയൽപ്പക്കക്കാർക്കോ ദയതോന്നി രക്ഷപ്പെടുത്തിപോലും! ബി.ഏ ക്കോ മറ്റോ പഠിച്ചുകൊണ്ടിരുന്ന സുന്ദരി അച്ഛന്റെ വാക്കല്ലാത്ത അടി കൊണ്ട് കഴുത്തൊടിഞ്ഞ്, കോഴിയെപ്പോലെ തളർന്ന് ഇരിക്കുന്നു!! അമ്മ എല്ലും തോലുമായി.. ഇനിയൊരു സഹോദരി സംഭവിച്ചതൊന്നും അംഗീകരിക്കാൻ കൂട്ടാക്കാതെ സമനില തെറ്റിയ മനസ്സുമായി.. നാല് പെർഫക്റ്റിലി നോർമ്മൽ ലേഡീസിനെ ഒരു മനുഷ്യൻ വിചാരിച്ചപ്പോൾ ഇത്രയുമൊക്കെ ആക്കാൻ സാധിച്ച; അനുവദിച്ചുകൊടുക്കുന്ന; സമൂഹത്തിനെയാണോ, ആചാരങ്ങളെയാണോ, അതോ ആ മനുഷ്യനെയോ കുറ്റം പറയേണ്ടത്?
ആരെ വേണമെങ്കിലും കുറ്റം പറയാം.. വെളിയിൽ നിന്ന് കാണുന്നവർക്ക്.. (ഞാൻ പറയും, പെണ്ണുങ്ങളുടെ സുരക്ഷിതത്വത്തിന് പണ്ടത്തെ മരുമക്കത്തായമായിരുന്നു ഭേദം എന്ന്)
പക്ഷെ, ആ അമ്മയ്ക്കും മക്കൾക്കും ആരോടും പരാതിയില്ല..കാരണം..?! അവർ വളരെ നേരത്തെ തന്നെ തിങ്കിംഗ് സ്റ്റോപ്പ് ചെയ്തിരുന്നു.. അപ്പോൾ അവർ സത്യത്തെ കണ്ടു!
അച്ഛന്റെ നിലതെറ്റിയ മാനസികാവസ്ഥയാണ് തങ്ങൾക്ക് സഹിക്കേണ്ടുന്ന പീഢനങ്ങൾക്കൊക്കെ ഉത്തരവാദി എന്നു മനസ്സിലാക്കാൻ അവർക്ക് തിങ്കിംഗ് സ്റ്റോപ്പ് ചെയ്യേണ്ടി വന്നു. പിന്നെ ശരീരത്തിന്റെ വേദന മാത്രം സഹിച്ചാൽ മതി. മനസ്സിനു വേദനയിൽ നിന്നും മുക്തമാകാം..
അതുകൊണ്ടല്ലെ, രക്ഷപ്പെട്ടതിനുശേഷവും ‘അച്ഛനു ശിക്ഷയൊന്നും കൊടുക്കണ്ട, അസുഖം ചികിത്സിച്ചു ഭേദമാക്കിയാൽ മതി’ എന്ന് അവര്‍ പറയാൻ കാരണം...!
ഇനി, ചിന്തിച്ചാലൊരന്തവുമില്ലാതെ, ഒരു ന്യായവും കണ്ടെത്താനാവാതെ, നരകിച്ചു മരിച്ച; ജീവിക്കുന്ന; ജീവനുകളും ഭൂമിയിൽ ഉണ്ട്.. അവിടെയും ‘സ്റ്റോപ്പ് തിങ്കിങ്ങ്’ മാത്രമേ രക്ഷയുള്ളൂ...
മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കൊണ്ടോ, കളിച്ചുകൊണ്ടോ ഒക്കെ ഇരിക്കുമ്പോൾ പെട്ടെന്ന്, ഭൂകമ്പത്താലും, സുനാമിയാലും, യുദ്ധത്താലും, ഒക്കെ മേൽക്കൂര ഇടിഞ്ഞുവീണും, മണ്ണിനടിയിൽ പെട്ടും, വെള്ളത്തിൽ മുങ്ങിയും, തീയിൽ പെട്ടും ഒക്കെ.. ആർക്കും രക്ഷപ്പെടുത്താനാവാതെ പരസ്പരം നോക്കി മരിച്ചുകൊണ്ടിരിക്കുമ്പോൾ..?! (മുതിർന്നവർക്കറിയാം ഇതൊക്കെ പ്രകൃതിക്ഷോഭവും മറ്റും ആണെന്ന്. പിഞ്ചുകുട്ടികൾ പെട്ടെന്നു സംഭവിക്കുന്ന ആ ദുർഗതി, വേദന, വെപ്രാളം ഒക്കെ എന്താണെന്നു കരുതി സമാധാനിക്കും!!) അപ്പോഴും ‘സ്റ്റോപ്പ് തിങ്കിംഗ്’..‘ചിന്തിക്കാതിരിക്കുക.’ ആരോടും ന്യായത്തിനുവേണ്ടിയും നീതിക്കുവേണ്ടിയും യാചിക്കാതിരിക്കുക.. അനുഭവിക്കുന്ന സത്യത്തെ മാത്രം അംഗീകരിക്കുക.
ആത്മയുടെ വീടിന്റെ പിറകിലെ ചെടികൾ ഒന്നായി ഒരുദിവസം അപ്രത്യക്ഷമായപ്പോഴും ഈ ഫീലിംഗ് ആയിരുന്നു! ചിന്ത നിലച്ചപോലെ! ഒരു വഴിക്കും ചിന്തിക്കാനാകുന്നില്ല. ഇപ്പോഴും പിറകിലെ ശൂന്യത കാണുമ്പോൾ വേദനയോ ദേഷ്യമോ ഒന്നും അല്ല. ഒരു നിസ്സംഗത. സത്യത്തെ അംഗീകരിക്കൽ.. അതല്ല; ആരെങ്കിലും മനപൂർവ്വം ചെയ്തതാണെന്നോ മറ്റോ ഒക്കെ ചിന്തിക്കാൻ പോയാൽ പിന്നെ മനസ്സിനു ഒരു സ്വസ്ഥതയും കാണില്ല. ഒന്നോടെ അപ്രത്യക്ഷമായ പേരയുടെ ഒരു ശാഖ പണ്ട്, ആത്മയോട് ചോദിക്കാതെ പെയിന്റ് അടിക്കാൻ വന്നവർ വെട്ടിക്കളഞ്ഞതിനും ഒക്കെ എത്രനാൾ വിഷമിച്ചും പരിതപിച്ചും ഒക്കെ നടന്നിരുന്നു! ഇപ്പോൾ എല്ലാം ഒരുമിച്ചു പോയിട്ടും ഈ നിസ്സംഗത വരാൻ കാരണമെന്തേ..?! ആർക്കറിയാം...
(ആർക്കും വായിക്കാനും കമന്റെഴുതാനും ഒന്നും സമയവും സൌകര്യവുമില്ല എന്നറിയാം എങ്കിലും എഴുതാൻ തോന്നുമ്പോഴല്ലെ എഴുതാൻ പറ്റൂ.. ഒന്നു പറഞ്ഞോട്ടെ, ആത്മയ്ക്ക് ആരോടും സ്നേഹക്കുറവോ ഒന്നും ഇല്ല. സ്നേഹം കൂടിപ്പോകുന്നതുകൊണ്ടുള്ള കുഴപ്പങ്ങളേ ഉള്ളൂ.. സ്വയം ശ്വാസിച്ചു നേരെയാക്കാൻ നോക്കുമ്പോൾ അറിയാതെ ആർക്കെങ്കിലും ഫീൽ ചെയ്യുന്നെങ്കിൽ ദയവുചെയ്ത് ക്ഷമിക്കുക.)
Categories
- ഓട്ടോഗ്രാഫ് (40)
- ചെറുകഥ (54)
- ജീവിതം (62)
- നിര്‍വ്വചനമില്ല (42)
- പാചകം (3)
- ഫോട്ടങ്ങള് (12)
- ബ്ലോഗും ജീവിതവും (69)
- വേറെ കുറെ (16)

