ഞാൻ ഞാൻ മാത്രം!
undefined
ഇന്നലെ ഈ കമ്പ്യൂട്ടർ പണിമുടക്കിലായിരുന്നു! അത് എന്റെ ജീവിതത്തെ ഒട്ടൊന്നുമല്ല സ്വാധീനിച്ചത്!
പെട്ടെന്ന് നാം ഒരു രാജ്യത്തിൽ നിന്നും നാടുകടത്തപ്പെട്ടവനെപ്പോലെ ഒരു അനുഭവം.
എനിക്കുണ്ടെന്നു ഞാൻ കരുതിയ ഒരു മായാലോകം പെട്ടെന്ന് അപ്രത്യക്ഷമായപോലെ.. ആ മായാ ലോകത്തിൽ എനിക്കാരൊക്കെയോ പ്രിയപ്പെട്ടവർ ഉണ്ടായിരുന്നു.. ഞാൻ ആർക്കൊക്കെയോ ആരോ ഒക്കെ ആയിരുന്നു... ഇന്ന് ആ ലോകം എനിക്ക് അപ്രാപ്യമായിരിക്കുന്നു. ലോകത്തിൽ ഞാൻ ഒറ്റപ്പെട്ടപോലെയൊക്കെ ഒരു തോന്നൽ.
ഇന്നലെ വെറുതെ ഒരു ഷോപ്പിംഗ് നടത്തി. വെറുതെ എന്നു പറയാനാവില്ല. പല നാളായി മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നു.. പലയിടത്തായി, കിടക്കുന്നു സി. ഡികളെല്ലാം ഒന്നു തിരഞ്ഞെടുത്ത് വേർതിരിച്ച് പ്രത്യേകം പ്രത്യേകം ഫയലിൽ വയ്ക്കുക. പോയി മൂന്നു നാലു തടിച്ച് ഫയലുകൾ വാങ്ങി.. വീട്ടിൽ വന്ന് ജോലിക്കിടയിലും സി. ഡികൾ അടുക്കുന്ന ജോലിയിൽ വ്യാപൃതയുമായിരുന്നു. ഇടയ്ക്കിടെ ബ്ലോഗ് ലോകത്തിൽ പോയി എല്ലാവരും സുഖമായിരിക്കുന്നോ എന്ന് നോക്കി തിരിച്ചു വരും. പരലോകത്തിൽ നിന്നും എത്തി നോക്കുന്ന ഒരു പ്രതീതി. അല്ല ഞാൻ ജീവിച്ചിരിപ്പുണ്ട്. പക്ഷെ, എന്റെ കമ്പ്യൂട്ടർ (മൊഴി കീമാൻ ഉള്ള) പ്രവർത്തനക്ഷമമായാലേ എനിക്ക് ബ്ലോഗുലോകത്തിൽ പ്രവേശിക്കാനാകൂ..
ഇന്ന് അപ്രതീക്ഷിതമായി കമ്പ്യൂട്ടർ പ്രവർത്തനക്ഷമമായി! ഇനി എനിക്ക് തനിച്ച് കിട്ടുന്നത് ആകെ രണ്ട് മണിക്കൂർ കൂടി.. അതുകഴിഞ്ഞാൽ പിന്നെ ഗൃഗനാഥൻ വരും.. പിന്നെ മക്കൾ വരും.. പിന്നെ ഒരു ജോലിക്കാരി വരും. ഈ ജോലിക്കാരി എനിക്കിഷ്ടമുള്ള ആളല്ല. ഞാൻ കണ്ടുപിടിച്ച് ഡീസന്റ് ജോലിക്കാരിയെ ഓടിച്ചിട്ട് ഹൃഹനാഥന്റെ ഒത്താശയോടെ വരുന്ന ഒരു തമിഴത്തിയാണ്. അതെന്നെ വല്ലാതെ നിരാശപ്പെടുത്തുണ്ട്..
ഉച്ച കഴിഞ്ഞ്, അവരുടെയൊക്കെ ആഗ്രഹപ്രകാരം എന്റെ ചിന്തകളും പ്രവർത്തികളും ഒക്കെ മാറ്റിയും മറിച്ചും ഒക്കെ ജീവിക്കണം.. അതിനിടയിൽ ബ്ലോഗിൽ വല്ലതും എഴുതാം എന്നാലോചിക്കുന്നത് വളരെ മന:പ്രയാസം ഉണ്ടാക്കും.. അതുകൊണ്ട് ഇപ്പോൾ തന്നെ ആഗ്രഹങ്ങൾ നിറവേറ്റിയേക്കാം..
ഇടക്ക് ഫോണിൽ വിളിച്ച് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു കൂട്ടുകാരിയെ വിളിച്ച് അല്പം സംസാരിച്ചലോ എന്നൊരു ആലോചനയുണ്ടായി. ‘എനിക്ക് ഈ വരുന്ന പുതിയ ജോലിക്കാരിയെ ഇഷ്ടമല്ലാത്തതിനെപ്പറ്റിയും..ആരോ ചേർന്ന് എന്നെ ട്രാപ്പിലാക്കാൻ ചെയ്യുന്ന പ്രവർത്തിയാകുമോ എന്ന ഭയം ഉണ്ടെന്നും.. നാളെ നടക്കുന്ന ഫിലിം ഷോ കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും പക്ഷെ, കുട്ടികളെ എന്റെ അഭാവം പ്രതികൂലമായി ബാധിക്കുകയാണെന്നു തോന്നുന്നെങ്കിൽ മിക്കവാറും ഷോ വേണ്ടെന്നു വയ്ക്കേണ്ടിവരും..’ എന്നുമൊക്കെ പറഞ്ഞ് അല്പം വിലപിക്കാം എന്നുമൊക്കെ കരുതി. പിന്നീട് ആ കുട്ടിയുടെ വീട്ടുജോലിക്കു വിഘാതമുണ്ടാക്കുമോ എന്റെ കമ്പ്ലൈന്റുകൾ എന്നു ഭയന്ന് വേണ്ടെന്ന് വച്ചു..
അങ്ങിനെ അനർഘമായ ഈ ഏകാന്തതയെ എങ്ങിനെ ഒരു നുള്ള് എടുത്ത് ഓമനിക്കാം എന്ന് ഓർത്ത് ഒടുവിൽ Paulo Coelho യുടെ 'Like the flowing River' എന്ന ചെറുകഥാ സമാഹാരത്തിൽ ഒരു കൊച്ച് കഥ വായിച്ചു. ഒന്ന് ഇന്നലെ വായിച്ചായിരുന്നു..
ഇന്നലത്തെ കഥയിൽ അദ്ദേഹം തനിക്ക് മൂന്നു ലോകങ്ങളുണ്ടെന്നും.. ധാരാളം ആളുകളുടെ ലോകം(ബുക്ക് ഫെയർ തുടങ്ങിയവയിൽ പങ്കെടുക്കുമ്പോൾ), കുറച്ച് ആൾക്കാരുടെ ലോകം(പ്രിയപ്പെട്ട കൂട്ടുകാരുടെ കണ്ടുമുട്ടലുകൾ), തികച്ചും ഏകാന്തമായ ലോകം (ഗ്രാമത്തിൽ വീട്ടിൽ). അദ്ദേഹം തികച്ചും ഏകാന്തമായ ലോകത്തിൽ പ്രകൃതിയോടിണങ്ങി അങ്ങിനെ ഉലാത്തുമ്പോൾ പെട്ടെന്ന് കമ്പ്യൂട്ടറിന്റെ മുന്നിൽ എത്തപ്പെടുന്നു. അത് ഓൺ ചെയ്യണോ വേണ്ടേ എന്നൊരുനിമിഷം ആലോചിച്ചു നിൽക്കുന്നു. പിന്നെ തടുക്കാനാവാത്ത ഒരു പ്രേരണയോടെ ഓൺ ചെയ്യുന്നു.. ധാരാളം ആളുകളുള്ള ലോകത്തിലെ കാര്യങ്ങൾ ചെയ്തു തീർക്കുന്നു.. എല്ലാം കഴിഞ്ഞ് കമ്പൂട്ടർ ഓഫ് ആക്കുമ്പോൾ വീണ്ടും തനിമ! ഈ രണ്ടു ലോകങ്ങളുമായി ഇത്ര പെട്ടെന്ന് തനിക്ക് പൊരുത്തപ്പെടാനാവുന്നതിന്റെ ഒരു ആശ്ചര്യം..
ഇന്ന് വായിച്ച കഥ.. (കഥ എന്നു പറയാനാവില്ല അദ്ദേഹത്തിന്റെ ജീവിതത്തിലെ കൊച്ച് കൊച്ച് സംഭവങ്ങൾ ആണ്) അദ്ദേഹം പൂന്തോട്ടത്തിൽ പുല്ലുകളുടെ ഇടയിൽ നിന്നും കള പിഴുതുകളയുന്ന പ്രവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിൽ ഉദിക്കുന്ന ചിന്തകളാണ്.. ‘ശരിക്കും മനുഷ്യർക്ക് ഈ കളയെ പിഴുതു നശിപ്പിക്കുന്നത് ശരിയാണോ..? പുല്ലുകളെപ്പോലെ കളകളും സർവൈവലിനായി പലതും ചെയ്താണ് ജീവൻ നിലനിർത്തുന്നത്. അതിനിടയിൽ പ്രകൃതി വിരുദ്ധമായി പ്രവർത്തിക്കുന്നത് മനുഷ്യൻ മാത്രമാണ്..’ എന്നിങ്ങനെ ഓർത്ത് മടിച്ചു നിൽക്കുന്നു..
പിന്നെ, ഭഗവത് ഗീതയിലെ കൃഷ്ണന്റെ വാക്കുകൾ ഓർമ്മവരുന്നു. “നീ ചെയ്യുന്നു എന്നു തോന്നുന്ന പ്രവർത്തി ശരിക്കും എന്റെ തന്നെ പ്രവർത്തിയാണ്. നീ ആരെയും കൊല്ലുന്നില്ല. നീ ചെയ്യാനുള്ള കർമ്മങ്ങൾ മാത്രം ചെയ്യുകയാണ്...” അതോർത്ത് അദ്ദേഹം വീണ്ടും കളകൾ പിഴുത്, എല്ലാം ദൈവം തന്നെക്കൊണ്ട് ചെയ്യിക്കുന്ന പ്രവർത്തിയാകും എന്ന് സമാധാനിക്കുന്നു.. ഒപ്പം തന്റെ മനസ്സിൽ ഉണ്ടാകുന്ന പാഴ്ചിന്തകൾ കൂടി ഈ വിധം തനിക്ക് പിഴുത് നശിപ്പിക്കാനാകണേ എന്ന് പ്രാർത്ഥിക്കയും ചെയ്യുന്നു..
ഒരു ബുക്ക് വായിച്ചു കഴിയുമ്പോൾ വല്ലാത്ത ചാരിതാർത്ഥ്യമാണ്. എന്തോ നേടിയ പ്രതീതി. ഏതോ പ്രിയപ്പെട്ടവരെ കണ്ട് സംസാരിച്ച്, അവരുടെ ചിന്തകൾ പങ്കുവച്ച പ്രതീതി! ഇന്നത്തെ പ്രതീകൂലവും അനുകൂലവും ആയ പലതും നേരിടാൻ ഈ ഒരു ചില നിമിഷങ്ങൾ മാത്രം മതി! എനിക്ക് ഞാനായി ജീവിക്കാൻ കഴിഞ്ഞ ഈ നിമിഷങ്ങൾ..
-----behind the scene----
ഞാൻ ഞാനായി ജീവിച്ച നിമിഷങ്ങൾ കഴിഞ്ഞൂ...!-
ജോലിക്കാരി പറഞ്ഞപോലെ വന്നു! പക്ഷെ, ആദ്യത്തെ ദിവസം തന്നെ ലേറ്റായി വന്നെങ്കിലും ബോസ്സിനോട് കിളിമൊഴിയിൽ എല്ലാം പറഞ്ഞുറപ്പിച്ച് നടന്നകന്നു..
കഥ വിശദമായി എഴുതണമെന്നുണ്ട്.. പക്ഷെ സന്ദർഭം അനുകൂലമല്ലാത്തതിനാൽ മാറ്റിവയ്ക്കുന്നു...
0 comments