Showing posts with label പാചകം. Show all posts

ബിരിയാണി റൈസ്  

Posted by Askarali

ആത്മ ബിരിയാണിചിക്കന്‍ എങ്ങിനെ വയ്ക്കും എന്ന് നേരത്തെ എഴുതിയല്ലൊ,
ഇന്ന് ബിരിയാണി റൈസ് എങ്ങിനെ വയ്ക്കും എന്നെഴുതാം.

ആദ്യം റൈസ് കുക്കറില്‍ ഒരു നാഴിക്ക് ഒന്നര നാഴി എന്ന അളവില്‍ വെള്ളം വച്ച് തിളപ്പിക്കാന്‍ വയ്ക്കുക
ഒപ്പം അല്പം കുങ്കുമപ്പൂവും ഇടുക (നിറത്തിന്)

എന്നിട്ട് അടുത്ത പടി,
1. ആദ്യം 3 നാഴി ബിരിയാണി അരി നന്നായി കഴുകി ഒരു പത്തു മിനിട്ട് വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കും
2. അരി ഊറ്റി വെള്ളം തോര്‍ത്തി എടുക്കും
3. പാത്രത്തില്‍ നെയ്യൊഴിക്കുക
4. ചൂടാകുമ്പോള്‍, പട്ട, ഏലക്ക, ഗ്രാമ്പൂ ഇവ ഇട്ട് വഴറ്റുക
5. മൂത്ത മണം വരുമ്പോള്‍ തോര്‍ന്ന് വരുന്ന അരി ഇതിലിട്ട് നന്നായി തോര്‍ത്തി എടുക്കുക
6. റൈസ്കുക്കറില്‍ തിളക്കാന്‍ തുടങ്ങിയ വെള്ളത്തില്‍ ഈ അരിയും ആവശ്യത്തിനു ഉപ്പും ഇട്ട് അടച്ചു വയ്ക്കുക.
7. നെയ്യില്‍ കിസ്മിസ്സ്, കാഷ്നട്ട്,(പിന്നെ വേണമെങ്കില്‍ സവാള) ഒക്കെ വറുത്തു കോരി വെന്ത ചോറില്‍ ഇട്ട് ഇളക്കുക.
ബിരിയാണി ചോറ് റഡി!
----
കുക്കിംഗ് വായിച്ച് തളര്‍ന്നതല്ലെ, ഇനി ഒരു സിനിമ കഥ പറയാം..

‘ചാന്ദിനി ചുക്ക് ടു ചൈന’ എന്ന പടം കണ്ടു (ഒന്നുരണ്ടാഴ്ച മുന്‍പ്). എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികയും (ദീപിക പടുകോണ്‍) നായകന്‍ അക്ഷയ് കുമാറും (അക്ഷയിനെ അത്ര പിടുത്തം ഇല്ലായിരുന്നു).

സിനിമ എന്നാല്‍ ഇങ്ങിനെ ഇരിക്കണം! ആദ്യാവസാനം ഒറ്റയിരുപ്പില്‍ കണ്ടു തീര്‍ക്കാന്‍ തോന്നിയ ഒരു പടം. അക്ഷയ് കുമാറിന്റെ (സിദ്ദു) അഭിനയം കണ്ട് കണ്മിഴിച്ച് ഇരുന്നുപോയി. വളരെ നാളുകള്‍ക്കുശേഷം, കണ്ടുതീര്‍ന്നതിനു ശേഷവും മനസ്സില്‍ ഒരു ആനന്ദമായി തങ്ങി നില്‍ക്കുന്ന
ഒരു ചിത്രം; ഒരിക്കല്‍ക്കൂടി കാണാന്‍ തോന്നിയ ചിത്രം; യഥാര്‍ത്ഥ ചീനര്‍ ( ഇവിടെയുള്ള ഡൂപ്ലിക്കേറ്റ് റോബോട്ട് ചീനരെപ്പോലല്ലാതെ) നല്ല‍ വിവരവും വിവേകവും പ്രതികരണ ശേഷിയും ഒക്കെ ഉള്ളവരാണെന്നു ബോധ്യമാക്കി തന്ന പടം.

സിദ്ദു ഒരു അനാധനായിരുന്നു. മിഥുന്‍ ചക്രവര്‍ത്തി എടുത്തു വളര്‍ത്തുന്നു. രാവിലെ മുതല്‍ മലക്കറി വെട്ടലാണ് അവന്റെ മുഖ്യ പണി. അതിനിടയില്‍ അവന്‍ മിഥുന്റെ ശിക്ഷണം കിട്ടുമ്പോള്‍ ഓരോന്നോര്‍ക്കുന്നത് വളരെ രസകരമായി തോന്നി. ഓരോ തൊഴി കിട്ടുമ്പോഴും അതിഭാവുകത്വത്തോടെ പറന്ന് കെട്ടിടങ്ങളുടെ മുകളിലൂടെ മുകളിലേയ്ക്കുയര്‍ന്ന് താ‍ഴെയെത്തുന്നു;
അന്തരീക്ഷത്തിലൂടെ പറക്കുന്നു; ഒരോ‍രോ ഇടങ്ങളില്‍ ചെന്ന് വീഴുന്നു (ഒരുപക്ഷെ, തൊഴികിട്ടുമ്പോള്‍
പിണങ്ങി അവന്‍ മറ്റിടങ്ങള്‍ കാണാന്‍ പോകുന്നതും ആകാം).

ഒരിക്കല്‍ തൊഴികിട്ടി പൊങ്ങിയുയര്‍ന്ന് വീണത് ചീനരുടെ ഒരു കെട്ടിടത്തിലാണ് . അവര്‍ അവന്‍ തങ്ങളുടെ മരിച്ചുപോയ ലീഡര്‍, ലീ ഷോങ്ങിന്റെ പുനര്‍ജനനം ആണെന്നും കരുതി ചീനയിലേക്ക് ലീഷോങ് എന്ന അവരുടെ ലീഡറെ കൊന്ന പ്രധാന വില്ലനെ നശിപ്പിക്കാനായി ക്ഷണിക്കുന്നു.
ബാക്കി ഇനിയൊരിക്കല്‍..

ഇന്നത്തെ സ്പെഷ്യല്‍,ചിക്കണ്‍ കറി,ചിക്കണ്‍ ബിരിയാണി  

Posted by Askarali

ഇന്നത്തെ കറിഇന്ന് ഒരു ചിക്കണ്‍ കറി വച്ചു. വേണമെങ്കില്‍ ബിരിയാണി ചിക്കണ്‍ എന്നൊക്കെ പറയാം (വച്ച കയ്യിന്റെ കഴപ്പ് തീര്‍ന്നില്ല.. എന്നിട്ടും.. വന്നിരിക്കുന്നു ബ്ലോഗെഴുതാന്‍.. എന്നെവേണം പറയാന്‍)

വേണ്ട സാധനങ്ങള്‍ (അല്ലെങ്കില്‍ അത് അവസാനം പറയാം. ആദ്യം പറഞ്ഞാല്‍ സസ്പെന്‍സ് നഷ്ടപ്പെടും)
1ആദ്യം ചീനച്ചട്ടിയില്‍ ഒരു രണ്ട് ടേബിള്‍ സ്പൂണ്‍ നെയ്യ് ഒഴിക്കുക
2. നെയ്യ് ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാള ഇട്ട് വഴറ്റുക
3. സവാള ഒരു ഗോള്‍ഡണും കഴിഞ്ഞ് മൂക്കാന്‍ ആരംഭിക്കുമ്പോള്‍..
4. ഉടന്‍, ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് ഇളക്കുക
5. നന്നായി മണം പിടിച്ച് നോക്കുക(ലന്തന്‍ ബത്തേരിയില്‍ പറയുമ്പോലെ)
6 ഒരു മിനിട്ടിനകം ഒരു പ്രത്യേക മണം വരും..ഉടന്‍
7. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇട്ട് നന്നായി വഴറ്റുക.(അല്പം ഉപ്പ് ചേര്‍ത്താന്‍ പെട്ടെന്ന് വഴന്നു കിട്ടും)
8. നന്നായി വഴറ്റി, കുഴമ്പ് പരുവമാക്കുക, നെയ്യ് തക്കാളിക്കുഴമ്പില്‍‍ നിന്ന് പതിയെ വെളിയില്‍ വന്നു തുടങ്ങുമ്പോള്‍..
9. ബിരിയാണി പൌഡര്‍ ഒരു 4 ടീസ്പൂണ്‍ ഇട്ട് മൂക്കും വരെ മിക്സ് ചെയ്യുക.
10. തീ കുറയ്ക്കുക,
11. മിക്സിയില്‍ അടിച്ചു വച്ചിരിക്കുന്ന കാഷ്നട്ട്+ ചെറിയ ഉള്ളി+ ചുവന്ന മുളക് മിശ്രിതം
ഇതിലേയ്ക്കൊഴിക്കുക
12. രണ്ട് സ്പ്പൂണ്‍ തൈര് ചേര്‍ത്ത് ഇളക്കുക
13. കോഴിയിറച്ചിക്കഷണങ്ങള്‍ കഴുകി, ഇതില്‍ പെറുക്കി ഇടുക.
14. നന്നായി മിക്സ് ചെയ്ത്, അടച്ചു വയ്ക്കുക
15.വളരെചെറിയ തീയില്‍ അരപ്പും ചിക്കണും കൂടി മരിനേറ്റ് (ഇതാണ് ആത്മ സ്പെഷ്യല്‍) വയ്ക്കാന്‍ ഇടുക. (വെളിയില്‍ വച്ച് മാരിനേറ്റ് ചെയ്യുന്ന കാര്യം ആത്മയ്ക്ക് അലോചിക്കാന്‍ പോലും പറ്റുന്നില്ല)
16. മാരിനേറ്റ് ചെയ്യുന്ന ചിക്കണ്‍ വല്ലപ്പോഴും ഒക്കെ ഒന്ന് ഇളക്കിക്കൊടുക്കുക.
17. തീ പതിയെ കൂട്ടി, ചിക്കണ്‍ വേവിച്ചെടുക്കുക.
18. വെന്തു വരുമ്പോള്‍ റ്റൊമാറ്റോ സോസ് ഒഴിക്കുക ( ആവശ്യത്തിന്)
19. ടേസ്റ്റ് നോക്കുക, വിചാരിക്കുന്ന ടേസ്റ്റ് എത്തിയില്ലെങ്കില്‍ ഉപ്പും ടൊമാറ്റോ സോസും ഒക്കെ ഒഴിച്ച് ടേസ്റ്റ് ക്രമീകരിക്കുക
20. വെള്ളം വറ്റി വരുമ്പോള്‍ തീ അണയ്ക്കുക

ബിരിയാണി ചിക്കണ്‍ റടി.

ഇനി ഇത് ബിരിയാണി ചോറിനോട് കൂടി ചേര്‍ക്കേണ്ടത് അവനവന്റെ മനോധര്‍മ്മം അനുസരിച്ച്. ഞാന്‍ ചെയ്യുന്നതെങ്ങിനെ എന്നാല്‍:

നമ്മള്‍ റൈസ് കുക്കറില്‍ ബിരിയാണി ചോറ് വച്ച് വച്ചിരിക്കുന്നെന്നു കരുതുക, (എന്റെ ബിരിയാണി ചോറിനെപ്പറ്റി ഇനിയൊരു ദിവസം എഴുതാം) അതിലെ ചോറ് കുറെ ഇങ്ങ് വെളിയില്‍ എടുത്തിട്ട് ഈ ഇറച്ചിക്കറി അതില്‍ ലയര്‍ ലയറായി ( ഇറച്ചി, ചോറ്, ഇറച്ചി...) റൈസ്കുക്കറില്‍ ആക്കുക.
ഇത്, ചെറിയ ചൂടില്‍ (warm ഇല്‍) റൈസ് കുക്കറില്‍ തന്നെ വച്ചിരുന്നാല്‍ വിളമ്പാറാകുമ്പോള്‍ ചിലപ്പോള്‍ നല്ല ചിക്കണ്‍ ബിരിയാണി കിട്ടും!

(വേണമെന്നുള്ളവര്‍ക്ക് വാനില എസ്സന്‍സ്.. ഒക്കെ ചേര്‍ക്കാം. ആത്മ മിക്കവാറും അതൊന്നും ഇല്ലാതെ ചെയ്യും )

ഇതില്‍ (ബിരിയാണി ചിക്കണ്‍ കറിയില്‍) അഭിനയിച്ചവര്‍

ചിക്കണ്‍-1
സവാള-2
തക്കാളി-3
സവാള-2
വെളുത്തുള്ളി- 2 അല്ലി (ചെറുതാണെങ്കില്‍ 3,4)
ഇഞ്ചി- വെളുത്തുള്ളിയുടെ അത്രയും
ചെറിയ ഉള്ളി-10
കാഷ്നട്ട്-15
പച്ചമുളക് -3 ( ആവശ്യത്തിന്)
തൈര്- 2 ടേബിള്‍ സ്പൂണ്‍
ബിരിയാണി മസാല-4 ടേബില്‍ സ്പൂണ്‍
ടൊമാറ്റോ സോസ്-3 ടേബിള്‍ സ്പൂണ്‍
നെയ്യ്- 2 ടേബിള്‍ സ്പൂണ്‍
ആരെയെങ്കിലും പറയാന്‍ മറന്നിട്ടുണ്ടെങ്കില്‍ പിന്നീട് ചേര്‍ക്കാം.
(മേല്‍പ്പറഞ്ഞ അളവ് വേണമെങ്കില്‍ കൂട്ടിയും കുറച്ചും ഒക്കെ പരീക്ഷിച്ചുനോക്കാം)

വച്ച് കഴിഞ്ഞപ്പോഴല്ലെ പൂരം!വെളിയില്‍ നാടുകണ്ട് വലിയ ഹോട്ടലിലൊക്കെ കയറി ,എന്തോ കഴിക്കാന്‍ നോക്കി, ആകെ ഗുലുമാലായി, വയറുകാലിയായി, അയ്യോ ആത്മേ. ആത്മയുടെ നാടന്‍ ചോറും കറിയുമൊക്കെ മതി എന്നും പറഞ്ഞ് വരുന്നു.. അങ്ങിനെ ആത്മയുടെ ചിക്കണ്‍ കറിയും ഒക്കെ കൂട്ടി അവര്‍ ഊണ് കഴിച്ച്, പാട്ടും പാടി (അല്ല പാട്ടുപാടാന്‍) അങ്ങു പോയി!!!

[ഇനി ആവശ്യമില്ലാതെ എഴുതില്ല എഴുതില്ല എന്നു കരുതി ബലം പിടിച്ചിരുന്നതാണ്. പക്ഷെ,
ഞാന്‍ ചോദിക്കുകയാണ്! ഒന്നുകില്‍‍ നമുക്ക് നമ്മളെപ്പറ്റി എഴുതാം; അല്ലെങ്കില്‍ മറ്റുള്ളവരെപ്പറ്റി എഴുതാന്‍ പറ്റും; ഇത് രണ്ടുമല്ലാതെ എന്തിനെപ്പറ്റി എഴുതാന്‍?! ആകെ കണ്‍ഫ്യൂഷന്‍ തന്നെ!
ചുമ്മാതല്ല, പണ്ട് പണ്ടേ വലിയ സാഹിത്യകാരന്മാരൊക്കെ അങ്ങിനെ മുഖം മൂടി വച്ച് വച്ച്
മനുഷ്യനു നേരാം വണ്ണം മനസ്സിലാകാത്ത ഭാഷയില്‍ എഴുതുന്നത്.. ഞാനൊന്നും പറഞ്ഞില്ലേ രാമനാരായണാ...]

അതല്ല; ഇപ്പം ആത്മ എഴുതുന്നില്ല എന്നു കരുതി ഇരിക്കുന്നു എന്നു കരുതുക.
വേറേ ആരെങ്കിലും വരും ഇതിലും കൂളായി (ബോറായി) എഴുതാന്‍! നമ്മള്‍ ഒരാള്‍ ഇല്ലെന്നു കരുതി ഈ ലോകത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അതല്ലെ കഷ്ടം! ശ്ശെ! എന്തെല്ലാം പ്രതീക്ഷകളായിരുന്നു.. എല്ലാം പോയി..

ലോങ്ങ് ബീന്‍സും കാരറ്റും പിന്നെ ഞാനും  

Posted by Askarali

എഴുതണ്ട എന്നു കരുതി ബലം പിടിച്ചിരിക്കയായിരുന്നു. പക്ഷെ എന്തുചെയ്യാം എഴുതിപ്പോകുന്നു.
ഇത് വല്ല കഥയോ അനുഭവമോ ഒന്നുമല്ല കുറെ വെജിറ്റബിള്‍സിന്റെ കാര്യം ആണ് എന്ന അദ്യമേ
പറഞ്ഞുകൊള്ളട്ടെ,

ഇന്ന് രണ്ട് കറികള്‍ വച്ചു

ആദ്യം വച്ചത് ലോങ്ങ് ബീന്‍സും കാ‍രറ്റും ചെറുതായി അരിഞ്ഞ് ഒരു മെഴുക്കുപിരട്ടി.
അത് എങ്ങിനെയെന്നു വച്ചാ‍ല്‍, ആദ്യം ലോങ്ങ് ബീന്‍സ് നന്നായി കഴുകി മാറ്റി വയ്ക്കുക
പിന്നെ, കാരറ്റ് നന്നായി കഴുകി, പുറം തൊലി ചീകി വയ്ക്കുക
പിന്നെ, ഒരു വലിയ സവാള തൊലി കളഞ്ഞ്, കഴുകി, വയ്ക്കുക

പിന്നെ ലോങ്ങ് ബീന്‍സിന്റെ രണ്ടറ്റവും മുറിച്ചു കളഞ്ഞ് കട്ടിംഗ് ബോഡില്‍ നാലഞ്ചെണ്ണം ഒരുമിച്ച്
തുരു തുരെ അരിയുക ( ഒരേ വലിപ്പത്തില്‍ ആകാന്‍ ശ്രദ്ധിക്കുക- തീരെ ചെറുതാകണ്ട ഒരു ---- നീളം മതി)
പിന്നെ കാരറ്റും അതേ വലുപ്പത്തില്‍ അരിഞ്ഞു വയ്ക്കുക.
സവാളയും അരിഞ്ഞ് മാറ്റി വയ്ക്കുക.
പിന്നെ, അല്പം മഞ്ഞള്‍പ്പൊടി, അല്‍പ്പം ജീരകപ്പൊടി, അല്പം മുളകുപൊടി.
എണ്ണ, കടുക്, ഉപ്പ് എന്നിവയും വേണം.

ഇനി പാചകം തുടങ്ങാം..

1. ആദ്യം ചീനച്ചട്ടിയില്‍ എണ്ണ ഒഴിക്കുക (ഞാന്‍ ഒലിവ് ഓയിലും കനോള ഓയിലും ചേര്‍ത്ത ഒരു മിശ്രിതമാണ് ഒഴിക്കാറ്.- കഴിവതും അളവ് കുറച്ച് ഒഴിക്കുക. കടുക് പൊട്ടാനും പിന്നീട് സവാള വഴറ്റാനും ആവശ്യം ഉള്ള അത്രയും മതി).

2. കടുക് നന്നായി പൊട്ടുമ്പോള്‍, അരിഞ്ഞു വച്ചിരിക്കുന്ന സവാള‍ ഇട്ട് പൊന്‍‍ നിറമാകും വരെ വഴറ്റിക്കൊണ്ടിരിക്കുക.

3. നിറം മാറി വരുമ്പോള്‍, മഞ്ഞള്‍പ്പൊടി, ജീരകപ്പൊടി, മുളകുപൊടി ഇവ ഇട്ട് നന്നായി വീണ്ടും വഴറ്റുക.

4. തീ നന്നായി കുറയ്ക്കുക

5. അരിഞ്ഞു വച്ചിരിക്കുന്ന ലോങ്ങ് ബീന്‍സും കാരറ്റും ഇട്ട് നന്നായി ഇളക്കി, അല്പം ഉപ്പും ചേര്‍ത്ത്, ഒരു മൂടി കൊണ്ട് അടച്ച് വച്ച് ചെറുതീയില്‍ വേവിക്കാന്‍ വച്ചിട്ട് മറ്റെന്തെങ്കിലും ജോലി ചെയ്യാന്‍ പോവുക.

6. 5 മിനിട്ട് കഴിഞ്ഞ് വരുമ്പോള്‍ വെള്ളം ചെറുതായി ഊറി വരും. ഒന്നുകൂടി ഇളക്കിയിട്ട് തീ അല്‍പ്പം കൂടി കൂട്ടി വയ്ക്കുക.

7. അങ്ങിനെ ചെറുതീയില്‍ വെജിറ്റബിള്‍സില്‍ നിന്ന് ഊറിവരുന്ന വെള്ളത്തില്‍ തന്നെ വേവിച്ചെടുത്താല്‍ നല്ല സ്വാദിഷ്ടമായ ഒരു കറി കിട്ടും.

ഇത്രയും എഴുതിയപ്പോള്‍ സമയം തീര്‍ന്നു. അടുത്ത കറി പിന്നീട് സമയം കിട്ടുമ്പോള്‍ തുടരാം..
(പെര്‍സണല്‍ കാര്യങ്ങള്‍ കുറയ്ക്കാന്‍ വേണ്ടി കണ്ടുപിടിച്ച് മാര്‍ഗ്ഗമാണ്. ആദ്യമൊക്കെ ബോറായി തോന്നുമെങ്കിലും ചിലപ്പോല്‍ പിന്നീട് നന്നാകുമായിരിക്കും..)

ഇന്ന് ഒരു ചിക്കണ്‍ കറി വച്ചു
വേണ്ട സാധനങ്ങള്‍:
ചിക്കണ്‍-1 (വെട്ടി വച്ചത് മാര്‍ക്കറ്റില്‍ നിന്നു വാങ്ങുക. ഫ്രീസറില്‍ ഇരിക്കുകയാണെങ്കില്‍ ഡീഫ്രോസ്റ്റ് ചെയ്ത് വയ്ക്കുക)
സവാള - 2 (അരിഞ്ഞു വയ്ക്കുക)
ചെറിയ ഉള്ളി-7 (തൊലികളഞ്ഞ് തലയും മൂടും ഒക്കെ വെട്ടിമാറ്റി വയ്ക്കുക)
തക്കാളി- 3 (നന്നായി കഴുകി രണ്ടായി പിളര്‍ന്ന്,തലപ്പ് ചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക)
വെളുത്തുള്ളി- 3 അല്ലി, (തൊലി കളഞ്ഞ്, കഴുകി, നുറുക്കി വയ്ക്കുക)
ഇഞ്ചി- വെളുത്തുള്ളിയുടെ സമം.(തൊലി കളഞ്ഞ്, കഴുകി, നുറുക്കി വയ്ക്കുക)
ചിക്കണ്‍ കറിപൌഡര്‍- 5 ടേബിള്‍ സ്പൂണ്‍

ഇനി നമുക്ക് എളുപ്പത്തില്‍ ചിക്കണ്‍ കറി വയ്ക്കുന്നതെങ്ങിനെ എന്ന് നോക്കാം.
1. ആദ്യം പാത്രത്തില്‍ ഒരു രണ്ട് ടീസ്പൂണ്‍ എണ്ണ ഒഴിക്കുക

2. എണ്ണ ചൂടായി വരുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുള്ളിയും ഇട്ട് അല്പം കളര്‍ മാറും വരെ വഴറ്റുക

3. അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേര്‍ത്ത് വഴറ്റുക ( അല്പം ഉപ്പ് ചേര്‍ത്ത് വഴറ്റിയാല്‍ പെട്ടെന്ന് വഴന്ന് കിട്ടും എന്ന പണ്ടാരാണ്ട് പറഞ്ഞ് കേട്ടിട്ടുണ്ട്)

4. സവാള നിറമൊക്കെ മാറി മൂക്കാന്‍ തുടങ്ങുമ്പോള്‍, കറിപൌഡര്‍ ചേര്‍ക്കുക,

5. തീ കുറയ്ക്കുക

6.. ചെറിയ ഉള്ളി ഇട്ട് ഇളക്കുക

7. ചെറിയ തീയില്‍ കറിപൌഡറും ചെറിയ ഉള്ളിയും കൂടി മൂത്ത മണം വരും വരെ ഈ പ്രവൃത്തി (മൂപ്പിക്കല്‍) തുടരുക.

8. ഇറച്ചി ഒന്നുകൂടി കഴുകുക.

9. കഴുകിയ ഇറച്ചി മൂത്ത കറിപൌഡറിനു മുകളില്‍ ഇടുക

10. കറിപൌഡര്‍ ഇറച്ചിക്കഷണങ്ങളില്‍ നന്നായി പിടിക്കും വിധം ഇളക്കുക

11. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയുമിട്ട് രണ്ട് ഇളക്കുകൂടി ഇളക്കുക

12. അടപ്പുകൊണ്ട് മൂടി, ചെറുതീയില്‍ വേകാന്‍ വയ്ക്കുക

13. ഇനി പോയി വേറേ എന്തെങ്കിലുമൊക്കെ ചെയ്യാം. (വേണമെങ്കില്‍ ബ്ലോഗെഴുതാം. പക്ഷെ, സൂക്ഷിച്ച്.. വേറേ ആരെപ്പറ്റിയും എഴുതരുത്. )

14. നേരത്തെ ‘കാരറ്റ്-ലോങ്ങ് ബീന്‍സി’ല്‍ നമ്മള്‍ ചെയ്തതുപോലെ, ഇറച്ചിയില്‍ നിന്ന് ഊറിവരുന്ന
വെള്ളത്തില്‍ ഇറച്ചി വേവിച്ചെടുത്താല്‍ നല്ല സ്വാദാണ്. വെള്ളം കൂടും തോറും തീ കൂട്ടി ഇടാം. വെള്ളം വേണമെങ്കില്‍ അല്‍പ്പം ഒഴിച്ചും വേവിക്കാം. [പിന്നെ ഗ്രേവി കൂടുതല്‍ വേണമെങ്കില്‍ അല്പം വെള്ളം കൂടി ഒഴിച്ച് തീ കുറച്ചുകൂടി കൂട്ടി വേവിച്ചെടുക്കണം. (ഞാനിങ്ങനെയാണ് ചെയ്യുന്നത്)]

15 പാകത്തിന് ഉപ്പുണ്ടോന്ന് നോക്കുക.

16. ഇല്ലെങ്കില്‍ ചേര്‍ക്കുക.

17. ചിക്കണ്‍ കറി റെഡി.

ബോറായി തോന്നുന്നില്ലെങ്കില്‍ നാളെ വേറൊരു കറിയുമായി വീണ്ടും ചിലപ്പോള്‍ വരും...

നേരത്തെ എഴുതിയ ചിക്കണ്‍ കറി ഉണ്ടല്ലൊ, അത് അതുപോലെ തന്നെ വയ്ക്കണമെന്നൊന്നുമില്ല
ഉദാഹരനത്തിന്.
ആദ്യത്തെ സ്റ്റെപ്പ് (ഇച്ചി വെളുത്തുള്ളി വഴറ്റല്‍) വേണമെങ്കില്‍ രണ്ടാമതാക്കാം.. സവാള വഴന്നു വരുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും കൂടി ഇട്ട ഒരു ചെറിയ മണം വരുന്നവരെ വഴറ്റിയാല്‍ മതി
പിന്നെ തക്കാളിയും മറ്റ് അളവുകളും ഒക്കെ കൂട്ടിയും കുറച്ചും ഒക്കെ നോക്കാം
ഇറച്ചി അല്‍പ്പം തിളച്ച വെള്ളം ഒഴിച്ചു തന്നെ വേവിച്ചെടുക്കുക
ഇനി എന്തോ ഒന്നുകൂടി പറയാന്‍ വന്നു..മറന്നു പോയി.
ങ്..ഹാ.. ഓര്‍മ്മ വന്നു,

നമ്മള്‍ ബ്ലോഗെഴുതാന്‍ വരുമ്പോലെ വേണമെന്നും പറഞ്ഞ് നല്ല കോണ്‍സന്റ് റേഷനോടെ ചിക്കണ്‍ വച്ചാല്‍ അത് നന്നാവില്ല. വെറുതെ ഓടിപ്പോയി വച്ചാല്‍ ചിലപ്പോള്‍ വളരെ നല്ല ടേസ്റ്റും ആയിരിക്കും
(നോട്ട് ദി പോയിന്റ്)
പിന്നെ, കേരളത്തില്‍, അല്ല, ലോകത്തില്‍ എത്രത്തോളം ചിക്കണ്‍ കറി വയ്പ്പുകാരുണ്ടോ അത്രയും
വെറൈറ്റി ചിക്കണ്‍ കറികളും കാണുമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലൊ, ...
തല്‍ക്കാലം നിര്‍ത്തട്ടെ,

മഴക്കാറൊക്കെ കുറേശ്ശെ നീങ്ങി വരുന്നു..

അങ്ങേലെ നീലിയ്ക്ക് ഭയങ്കര ബ്ലോഗെഴുത്തായിരുന്നു. (ഇപ്പോള്‍ തേഡ് പെര്‍സണ്‍ ആയേ)
ഇനി കുറച്ചു ദിവസം അല്‍പ്പം ബിസിയായതുകൊണ്ട് ചിലപ്പോള്‍ ബോഗെഴുത്ത് അല്‍പ്പം കുറയുമായിരിക്കും. നീലി വീണ്ടും ഒറ്റയ്ക്കാകുമ്പോള്‍ ബ്ലോഗെഴുതും.. എഴുതാതിരിക്കില്ല..
ബാക്കി സമയം കിട്ടുമ്പോള്‍..