രാവണ്‍ സിനിമ കണ്ടു. സിനിമ കണ്ടതുകൊണ്ടോ എന്നറിയില്ല മനസ്സിനും ഹൃദയത്തിനും ഒക്കെ ഒരു വല്ലാത്ത ചാഞ്ചല്യം! അതിലെ നായികാ നായകന്മാരുടെ അഭിനയം ഹൃദയത്തില്‍ എവിടെയൊക്കെയോ തട്ടിക്കാണും! ഇനി അതു കണ്ടുപിടിച്ചാലല്ലെ, ഓരോന്നായി എടുത്തുമാറ്റാനാവൂ.. ആത്മേ.. അതൊക്കെ വെറും സിനിമ..ജീവിതം റേ.. സിനിമ റേ എന്നൊക്കെ പറഞ്ഞ് ആത്മയെ പഴയ ഇരുമ്പു മനുഷിയാക്കിയാലേ ഈ ഭൂമിയില്‍ ആത്മയ്ക്ക് ജീവിക്കാനാവൂ.
വിക്രമിന്റെ അഭിനയം അഭിനയം എന്നൊക്കെ പറഞ്ഞ് ആളുകള്‍ പാരാട്ടുമ്പോള്‍ പണ്ടൊക്കെ ഈ തമിഴര്‍ എന്തൊരു വിഡ്ഡികള്‍ എന്നൊക്കെ തോന്നിയിരുന്നു. ആത്മ വിക്രമിന്റെ അഭിനയം ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ് അത്തരത്തില്‍ ഒരു തെറ്റായ വിചാരം കടന്നു കൂടിയത് എന്ന് ഇന്ന് മനസ്സിലായി. വിക്രം ശരിക്കും രാവണന്‍ ആയി ജീവിക്കുകതന്നെയായിരുന്നു..!
രാമായണ കഥയിലെ, സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി കെട്ടിയിടുന്ന രംഗത്തില്‍ നിന്നും സിനിമ ആരംഭിക്കുന്നു. ആലംബമില്ലാതെ അലമുറയിട്ട് കരയുന്ന കോപാകുലയായ സീത. പ്രതികാരദാഹിയായ രാവണ്‍ പകപോക്കലിന്റെ സുഖത്തോടെ സീതയെ നോക്കുമ്പോള്‍ ആപ്രതീക്ഷിതമായി പൊടുന്നനവെ സീത താഴെ അഗാധമായ കൊക്കയിലേക്ക് ചാടുന്നു. ആ സാഹസികത രാവണനെ സ്തബ്ദനാക്കുന്നു.. പിന്നെ ചഞ്ചലചിത്തനാക്കുന്നു. പ്രതികാരചിന്തയില്‍ നിന്നും ഒരല്പം മാറി, നിരപരാധിയായ ഒരു സ്ത്രീ മരിക്കുന്നു എന്ന ഒരു ചിന്ത വരുന്നു. നോക്കുമ്പോള്‍ സീത മരക്കൊമ്പില്‍ തങ്ങി മരിക്കാതെ താഴെ വെള്ളത്തില്‍ വീഴുന്നു; ആ നിമിഷവും സീതയില്‍ കത്തിക്കാളുന്ന ദേഷ്യം/ധീരത/പാതിവ്രത്യം.. അത് രാവണനെ സീതയുടെ മേല്‍ ഇഷ്ടം തോന്നിപ്പിക്കുന്നു. പിന്നീട് അവളുടെ ഓരോ എതിര്‍പ്പും രാവണനു ഹരമാകുന്നു.പരസപരം കുറ്റപ്പെടുത്തി കഴിയുന്ന അവരില്‍ പതിയെ മതിപ്പ്/സ്നേഹം നാമ്പിടുന്നു..
ഒന്നു രണ്ടിടങ്ങളില്‍ രാവണനില്‍ ഉള്ള ഏകാന്തതയും അയാളുടെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ ആഗ്രഹവും ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ വിക്രം നമ്മുടെ മുന്നില്‍ അഭിനയിച്ച് കാട്ടുന്നു!! അവിടെ ഡയലോഗോ പാട്ടുസീനോ ഒന്നും ഇല്ലായിരുന്നു. വെറും പ്രകൃതിയും/വിജനതയും, ഒരു പുരുഷനും, അവന് ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയും മാത്രം!
അത് ഡയറക്റ്ററുടെയും വിക്രമിന്റെയും ഒരു മാനസിക പൊരുത്തമായി അതിശയിപ്പിച്ചു.
രാവണന്റെ സഹോദരിയെപ്പോലൊരു പെണ്‍കുട്ടിയെ പോലീസുകാര്‍ നശിപ്പിച്ച പ്രതികാരമാണ് രാവണനെ സീതയെ തട്ടിക്കൊണ്ട് വന്ന് പകരം വീട്ടാന്‍ പ്രേരിപ്പിക്കുന്നത്. രാമായണത്തില്‍ ശൂര്‍പ്പണഘ രാമനാലും ലക്ഷ്മണനാലും അപമാനിപ്പിക്കപ്പെട്ടും മുറിവേറ്റും വന്നതാണല്ലൊ രാവണന് രാമനോട് പകയുണ്ടാവാന്‍ കാരണമാകുന്നത്!
ഇവിടെ ഹനുമാനു പകരം കാര്‍ത്തിക് ദൂതിനു പോകുന്നു. ആ രംഗം കാര്‍ത്തിക് മികവുറ്റതാക്കി. ഒരു സമയം കാര്‍ത്തികിനും പ്രഭുവിനും ഒക്കെ അപ്രധാനമായ റോള്‍ കൊടുത്തതില്‍ വിഷമം തോന്നുകയും ചെയ്തു. അതിനുമാത്രം തന്റെ റോള്‍ നല്ലതാക്കാനാവില്ല നമ്മുടെ പൃഥ്വിരാജിന് എന്ന് തോന്നി ഭയന്നു... പക്ഷെ, പൃഥ്വിരാജ് സാമാന്യം തരക്കേടില്ലാതെ തന്റെ റോള്‍ വിജയിപ്പിച്ചു. പോരാത്തതിനു സിനിമയുടെ പേരു തന്നെ രാവണ്‍ എന്നല്ലെ, അപ്പോള്‍ ഡയറക്റ്റര്‍ ഫുള്‍ അറ്റന്‍ഷനും രാവണന്റെ മികവിനായി പരിശ്രമിച്ചതുകൊണ്ട് രാമന്‍ ശ്രദ്ധിക്കപ്പെടാന്‍ വളരെ പ്രയാസമാകും. പ്രഥ്വിരാജ് തന്നാലാവും വിധം രാമനെ പരാജയപ്പെടുത്തിയില്ല എന്നുവേണം കരുതാന്‍..
യുദ്ധംകഴിഞ്ഞ് രാമന്‍ സീതയെയും കൊണ്ട് തിരികെപ്പോകുമ്പോള്‍ രാവണനെ കൊല്ലാതെ വിജയം യധാര്‍ത്ഥവിജയം ആകുന്നില്ലെന്ന തോന്നല്‍ രാമനെ സീതയില്‍ സംശയാലുവായി അഭിനയിപ്പിക്കുന്നു.. പലതിനും ഉത്തരം തേടി ഒടുവില്‍ സീത രാവണന്റെ അരികില്‍ എത്തുമ്പോള്‍, രാമനും സംഘവും രഹസ്യമായി പിന്തുടര്‍ന്ന് രാവണനെ വധിക്കുന്നു
ഇതിനകം പരസ്പരം അനുരക്തരായ രാവണനും സീതയും മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്ന് പരസ്പരം യാത്രപറയുന്നു. ആ രംഗമാണോ മനസ്സിനെ ഇത്രയേറെ സ്പര്‍ശ്ശിച്ചത്! അറിയില്ല! അതോ രാവണന്റെ സ്നേഹിക്കപ്പെടാനുള്ള അദമ്യമായ ആഗ്രഹമോ! എന്തോ ഒന്നുണ്ട് ഹൃദയത്തെ സ്പര്‍ശ്സിക്കുന്ന തരത്തില്‍ ഈ സിനിമയില്‍..
രാമന്‍ രജ്യ ധര്‍മ്മം പുന്‍ഃസ്ഥാപിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളൊക്കെ ചതിയുടെതായിരുന്നു. രാവണന്റെ സഹോദരിയെ പീഡിപ്പിക്കല്‍,പിന്നെ, ദൂതനെ വധിക്കല്‍, ഭാര്യയെ സംശയിക്കല്‍, ഒടുവില്‍ ചതിയാല്‍ മറഞ്ഞുനിന്ന് രാവണനെ വധിക്കയും! പക്ഷെ, രാമന് അതിനു തക്കതായ പ്രതിഫലം എന്നപോലെ പതിവ്രതയായ സീതയുടെ സ്നേഹം നഷ്ടമാകുന്നു..
യധാര്‍ത്ഥരാമനും ഇതൊക്കെ തന്നെ ചെയ്തിരുന്നു.. ധര്‍മ്മത്തിനെ വിജയത്തിനായി..
ഒളിഞ്ഞു നിന്ന് ബാലിയെ കൊന്നു.. ശൂര്‍പ്പണഘയെ അധിക്ഷേപിച്ചു, ഭാര്യയെ സംശയിച്ചു
യുദ്ധത്തിലും പല മായാജാലങ്ങളും കാട്ടി ഒടുവില്‍ രാവണനെ വധിക്കുന്നു. രാവണന്റെ ഭാഗം ആരും കാണാനില്ലായിരുന്നു. ഇവിടെ മണിരത്നം രാവണന്റെ ഭാഗം ചേര്‍ന്ന് രാവണനെ മനുഷ്യനാക്കിയപ്പോള്‍ രാമന്‍ വല്ലാതെ കൊച്ചായിപ്പോയി..
പിന്നെ, ഈ സിനിമയുടെ വിജയം വിക്രമിന്റെയും പൃഥ്വിരാജിന്റെയും ഐശ്വര്യാറായിയുടെയും സുഹാസിനിയുടെയും ഒന്നും മിടുക്കല്ല എന്ന് മനസ്സ് പറയുന്നു. അതിനു പിന്നിലെ മണിരത്നത്തിന്റെ വ്യൂവില്‍ കൂടി ഒരു സിനിമ ഉണ്ടായി. മണിരത്നം ഭാവനയില്‍ കണ്ട രാവണനെ വിക്രം തന്മയത്വമായി അഭിനയിപ്പിച്ചു കാട്ടി. ഐശ്വര്യാറായിയും രാവണനു ചേര്‍ന്ന സീതയായി മാറി. രാമന്‍ സ്വന്തം മനുഷ്യപ്രകൃതി വിട്ട് ഒരല്പം കൂടി താഴേക്കും പതിച്ചു സഹായിച്ചു..
ഇനിയും എഴുതണോ!!
തല്‍ക്കാലം മതിയാക്കി
ഇതില്‍ ഒരുഗ്രന്‍ പാട്ട് സീന്‍ ഉണ്ട് ട്ടൊ, അത് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടുപോയി..
എന്റെ മകന് ഭയങ്കര ഇഷ്ടം ഈ പാട്ടാണ് ട്ടൊ,
തെറ്റുകള്‍ പെരുകുമ്പോള്‍..,
പിന്നെ അവ ജയിക്കുമ്പോള്‍..,
ശരികള്‍ കരയുന്നു...
കാത്തിരിക്കുന്നു..
തെറ്റിന്റെ തോല്‍വിക്കായി..
ദിവസങ്ങള്‍ മാസങ്ങളാകുന്നു..
മാസങ്ങള്‍ വര്‍ഷങ്ങളാകുന്നു
വര്‍ഷങ്ങള്‍ ചിലപ്പോള്‍ ജന്മങ്ങളാകുന്നു..
എങ്കിലും മൂടിക്കെട്ടിയ മനസ്സുമായി
ശരി , തന്റെ കാത്തിരിപ്പു തുടരുന്നു..
എന്തിനാണിത്രയും എഴുതിയതെന്ന് ആത്മയ്ക്കും അറിയില്ല.. ഒരുപക്ഷെ, ആത്മയുടെ ആത്മാവും ഏതെങ്കിലും തെറ്റിന്റെ പരാജയത്തിനായും ശരിയുടെ വിജയത്തിനായും കാത്തിരുന്നിട്ടുണ്ടാകും..
ആ തെറ്റു തോല്‍ക്കാന്‍ തുടങ്ങുന്നതു കണ്ടാകും വാല്‍മീകം വിട്ട് ശരി പുറത്തുവരാന്‍ തയ്യാറാകുന്നത്..
ആര്‍ക്കറിയാം ആത്മാവിന്റെ ഭാക്ഷകള്‍..?!
---
പല കാര്യങ്ങളും വിചിത്രങ്ങളാണ്.. ആത്മാവില്ലെന്നു കരുതുന്ന പലതിനും ആത്മാവുണ്ടെന്ന് കണ്ടെത്തും ചിലപ്പോള്‍..!
വീടിനു ആത്മാവ്!
ബ്ലോഗിനു ആത്മാവ്!
തെറ്റിനു ആത്മാവ്!
ശരിക്ക് ആത്മാവ്!
സഹനതയ്ക്ക് ആത്മാവ്!
ചെടികള്‍ക്കും കിളികള്‍ക്കും ഒക്കെ ആത്മാവുണ്ടെന്ന് തോന്നും ചിലപ്പോള്‍..
ഉദാഹരണത്തിനു ബ് ളോഗിനെ ശ്രദ്ധിക്കാതെ ഉപേക്ഷിച്ചിട്ട് വെളിയില്‍ ആനന്ദം തേടിപ്പോയാല്‍
തിരിച്ചുവരുമ്പോള്‍ നമ്മെ കാത്ത് നിരാശയായി ഒടുവില്‍ നിസ്സംഗതയോടെ കിടക്കുന്ന ബ് ളോഗായിരിക്കും.. പിന്നീട് അതിനെ ആദ്യം മുതല്‍ ഉണര്‍ത്തിയെടുക്കേണ്ടതായി വരും..
അതുപോലെ തന്നെയാണ് വീടിന്റെ കാര്യവും. വീട് ആത്മയ്ക്ക് സുരക്ഷിതത്വം തന്നിരുന്നു.. ഇതിന്റെ ഏകാന്തതില്‍ ആണ്ടിരുന്നു ആത്മ ബ് ളോഗെഴുതി, സ്വപ്നങ്ങള്‍ കണ്ടു.. ബുക്കുകള്‍ വായിച്ചു..
എന്നിട്ട് നന്ദിയില്ലാതെ അവസരം വന്നപ്പോള്‍ വീടിനെ ഉപേക്ഷിച്ച് ഊരു ചുറ്റാന്‍ പോയി സന്തോഷം ഉണ്ടാക്കാന്‍ നോക്കി..
വെളിയില്‍ എവിടെ സന്തോഷം?!
എങ്ങുമില്ല.. വര്‍ണ്ണങ്ങളിലും ശബ്ദങ്ങളിലും ഒക്കെ സന്തോഷം ഒളിഞ്ഞിരിക്കുന്നതിലും കൂടുതല്‍ നിരാശയും പ്രതീക്ഷയും അശാന്തിയും ഒക്കെയാണെന്നറിഞ്ഞ് ഒടുവില്‍ തിരിച്ച് വീടണയുമ്പോള്‍
തണുപ്പന്‍ മട്ടിലാവും വീടിന്റെ സ്വീകരണം.. തന്നെ ഉപേക്ഷിച്ചു പോയ, തന്റെ സംരക്ഷണം പൊട്ടിച്ച് പുറത്ത് ചുറ്റിത്തിരിയാന്‍ പോയ മുടിയനായ പുത്രന്റെ തിരിച്ചു വരവുപോലെ..
ഒരല്പം നിസ്സംഗതയോടെ നില്‍ക്കും..പിന്നെ മാപ്പിരന്ന്.. വീടിനെ പഴയപോലെ സ്നേഹിക്കാന്‍ പഠിക്കണം.. അപ്പോള്‍ എല്ലാം മറന്ന് വീട് നമ്മെ വീണ്ടും സ്വീകരിക്കും.. ഏകാന്തതകൊണ്ട് സമ്പന്ന്മാക്കും!.. സുരക്ഷിതയാക്കും! നല്ല ചിന്തകള്‍ തന്ന് അനുഗ്രഹിക്കും..
----
നമ്മുടെ ആത്മാവ് പല കണ്ണികള്‍ കൊണ്ട് ചേര്‍ക്കപ്പെട്ടതാണ് .
ഭര്‍ത്താവ്, അമ്മ, അമ്മായി, സഹോദരങ്ങള്‍.. മക്കള്‍.. വേണ്ടപ്പെട്ടര്‍...
ചിലര്‍ സംരക്ഷണംനല്‍കുന്നു, ചിലര്‍ വിശ്വാസം, ചിലര്‍ ശക്തി, ചിലര്‍ സൌഹൃദം ചിലര്‍ വാത്സല്യം ചിലര്‍ സ്നേഹം.. സ്നേഹം തന്നെ പലവിധത്തില്‍ ഉണ്ട്..
നമ്മുടെ ആത്മാവിനെ സംതുലനം ചെയ്യാന്‍ പാകത്തില്‍ നാം ഓരോന്നും സ്വീകരിക്കുന്നു..
ഇതിനിടയില്‍ ഒന്നിന്റെ അഭാവം പോലും നമ്മെ സ്തബ്ദരാക്കും ചിലപ്പോള്‍. നാം അറിഞ്ഞുകൊണ്ടല്ലല്ലൊ ഈ തിരഞ്ഞെടുക്കല്‍ നടത്തുന്നത്.. അത് നമ്മുടെ ആത്മാവിന്റെ തന്നെ തിരഞ്ഞെടുക്കലല്ലെ, അതുകൊണ്ട് ഈ കണ്ണിയില്‍ ഒന്നു പൊട്ടിപ്പോയാലും ആത്മാവ് സ്തബ്ദമാകും.. നിശ്ശബ്ദമായി കണ്ണീരൊഴുക്കും.. മുന്നോട്ടു പോകാനറച്ച് ഒരു മൂലയില്‍ കുത്തിയിരിക്കും..
പ്രതീക്ഷ കെടാതെ.. അല്ലെങ്കില്‍ പ്രതീക്ഷ തീര്‍ത്തും കെടുന്നതുവരെ.. ഇതിനു രണ്ടിനുമിടയില്‍ പെട്ടുഴലുന്ന ആത്മാവിന്റെ നിസ്സഹായത; ദൈന്യം നമ്മെ മൂകരാക്കുന്നു..
മേല്‍ എഴുതിയതൊക്കെ എഴുതി.. വെറുതെ.. ഒരു പക്ഷെ, ആത്മാവിന്റെ ഭാക്ഷയാകാം..
--
ഇനി ശരിക്കുമുള്ള ഭാക്ഷയില്‍ ഒരപ്ലം..
പനിവന്നിട്ട് പോയപ്പോള്‍ ആത്മയില്‍ ഒരാക്രാന്തം വന്നു പിടിച്ചില്ല്യോ!,
അത് എവിടെ ചെന്നു നിന്നു എന്നു ചുരുക്കിപ്പറഞ്ഞാല്‍..
ഷോപ്പിംഗ്, ഗാര്‍ഡണിംഗ്, കുക്കിംഗ് , ഒക്കെ മാറി മാറി പയറ്റിയെങ്കിലും ഒടുവില്‍ ആക്രാന്തം ചെന്നു നിന്നത് വായനയില്‍ ആണ്.. ദി പാലസ് ഓഫ് ഇല്ല്യൂഷന്‍ ഏകദേശം തീരാറായി..
ഇപ്പോള്‍.. പ്രഥമ പ്രതിശ്രുതി, ഒന്നു രണ്ടു ചാപ്റ്റര്‍ ആയി, അപ്പോല്‍ ഒരു ദേശത്തിന്റെ കഥയും രണ്ടാമൂഴവും എടുത്തു.. അങ്ങിനെ നാലു പുസ്തകങ്ങള്‍ വായിക്കാന്‍ പ് ളാനിട്ടിരിക്കയാണ്.. ഇതിനിടേ ബ്ളോഗും എഴുതും.. എങ്ങിനെ?! ഇനി ആത്മയ്ക്ക് ബോറഡിക്കുമോ?! ഇല്ലല്ലൊ അല്ലെ,
പുസ്തകങ്ങള്‍ ഓരോന്നായി വായിച്ചാലും എല്ലാം കൂടി വായിച്ചാലും നഷ്ടമൊന്നും വരാനില്ലല്ലൊ,
ആത്മയ്ക്ക് മാത്രമായി എഴുതപ്പെട്ട പുസ്തകങ്ങളല്ല, വേണമെങ്കില്‍ ആത്മയ്ക്കും വായിച്ച് ആസ്വദിക്കാം എന്നു മാത്രം. വായിച്ചാലും ആത്മയുടെ തലമണ്ടയില്‍ കൊള്ളുന്നതേ മനസ്സിലാവത്തുള്ളൂ... കഥാകൃത്ത് ഉദ്ദേശിച്ചപോലെ ഒന്നും ആയിരിക്കില്ല ആത്മ പലതും മനസ്സിലാക്കുന്നത്.. ആത്മയ്ക്ക് യോഗമു ള്ള ചിലതൊക്കെ മനസ്സിലാവും.. ഈ ബുക്കുകള്‍ തന്നെ ഈ ലോകത്തിലുള്ള പല മലയാളികളും ഇപ്പോള്‍ വായിക്കുന്നുണ്ടാകും.. ഓരോരുത്തരെയും അത് ഒരോ രീതിയിലാവും സ്വാധീനിക്കുക..
ഇതെല്ലാം കൂടി വായിച്ചു കഴിയുമ്പോള്‍ ആത്മ എന്താകുമെന്ന് ബ് ളോഗേ നിനക്കു കാണാം..
കാത്തിരിക്കുക..
തറവാടിജി എഴുതിയില്ലേ
“ദുഃഖത്തില്‍ പങ്ക് ചേരുന്നവനല്ല
യഥാര്‍ത്ഥ സുഹൃത്ത്,
സന്തോഷത്തില്‍
പങ്ക് ചേരുന്നവനാകുന്നു. ” എന്ന് ,
അത് ആത്മയ്ക്കും തോന്നിയിട്ടുണ്ട്..
അതെ, ഒരാള്‍ നമ്മുടെ യഥാര്‍ത്ഥസുഹൃത്താണെങ്കില്‍ മാത്രമേ അവരുടെ സന്തോഷത്തില്‍ പങ്കുചേരാനാവുകയുള്ളൂ.. നമ്മോടു ശത്രുത അല്ലെങ്കില്‍ മാത്സര്യം വച്ചുപുലര്‍ത്തുന്നവരുടെ വിജയത്തിലോ സന്തോഷത്തിലോ പങ്കുചേരാന്‍ ചെന്നാല്‍ അവര്‍ (വിശാലഹൃദയരല്ല എങ്കില്‍) നമ്മെ ഒരുതരം പുശ്ചഭാവത്തില്‍ നോക്കും, “കണ്ടോടാ, ഞാനങ്ങനെ വിജയിച്ച്.. ആര്‍മാദിക്കുന്നത്! ഈ സന്ദര്‍ഭത്തില്‍ നീ വേണമെങ്കില്‍.. അല്ല.. തീര്‍ച്ചയായും..അസൂയപ്പെടേണ്ടവനാണ്..” ഒരുപക്ഷെ, നമ്മുടെ അസൂയയായിരിക്കും അയാള്‍ക്ക് സ്വന്തം വിജയത്തെക്കാളും സന്തോഷമേകുന്നതും! അങ്ങിനെയുള്ള ചില നിസ്സഹായ സന്ദര്‍ഭങ്ങളില്‍ ഒരിച്ചിരി അസൂയയൊക്കെ കാട്ടി രംഗത്തുനിന്നും നിഷ്ക്രമിക്കുക.. പിന്നെ കയറ്റത്തീന്ന് ഇറങ്ങുമ്പോള്‍ നമുക്ക് വീണ്ടും കാണാം.. എന്ന സമാധാനത്തോടെ..
പിന്നെ വേറൊരു വ്യൂവിലോടെ പറഞ്ഞാല്‍, സന്തോഷിക്കാന്‍ ഇഷ്ടമ്പോലെ കൂട്ടുകാരെ കിട്ടും..
പക്ഷെ, നമുക്കൊരു ആപത്തുവരുമ്പോള്‍ അല്ലെങ്കില്‍ അപഖ്യാതി, കഷ്ടനഷ്ടങ്ങള്‍ ഒക്കെ വരുമ്പോള്‍ കൂടെ നില്‍ക്കാന്‍ വളരെ ചുരുക്കം പേരേ ഉണ്ടാവൂ..! അങ്ങിനെ ഒരു സുഹൃത്ത് ഉണ്ടെങ്കില്‍ അതായിരിക്കും യഥാര്‍ത്ഥ സുഹൃത്ത്.. നമ്മുടെ വേദനയില്‍ ഒപ്പം വിഷമിക്കുന്ന ആ
സുഹൃത്ത് നമുക്ക് നല്ലതുവരുമ്പോള്‍ സന്തോഷിക്കയും ചെയ്യുമല്ലൊ. അപ്പോള്‍, ‘എപ്പോഴും ഒപ്പം ഉള്ള സുഹൃത്തായിരിക്കും യധാര്‍ത്ഥ സുഹൃത്ത് ’എന്ന് ആത്മയ്ക്ക് തോന്നുന്നു... സന്തോഷത്തിലും ദുഃഖത്തിലും ഒക്കെ.. അത് കൂട്ടുകാരെക്കാളും മാതാപിതാക്കളോ, മക്കളോ, ഭാര്യയോ ആകാനാണ് എളുപ്പം! പെണ്ണുങ്ങളുടെ കാര്യത്തില്‍ ഒരു ചൊല്ലുണ്ട് ‘വിവാഹം കഴിയുന്നതുവരെ പിതാവിന്റെ സംരക്ഷണ പിന്നീട് ഭര്‍ത്താവ് പിന്നീട് മകന്‍..’ എന്നിങ്ങനെ..
അതു ആണുങ്ങള്‍ക്കും ബാധകമാണ്. സ്നേഹം, ആത്മാര്‍ത്ഥത, സുഖത്തിലും ദുഃഖത്തിലും കൂടെ നില്‍ക്കുന്നവര്‍.., വിവാഹം കഴിയുന്നതുവരെ മാതാപിതാക്കള്‍.. പിന്നെ, ഭാര്യയോ മക്കളൊ ഒക്കെതന്നെയായിരിക്കും ഒപ്പം എല്ലാറ്റിലും കൂടെയുണ്ടാവുക.. ( ഇപ്പോള്‍ സൌഹൃദങ്ങളൊക്കെ കാത്തുസൂക്ഷിക്കാനൊക്കെ വലിയ പ്രയാസമാണ്.. അങ്ങിനെയുള്ള ഒരു യുഗമാണെന്നു തോന്നുന്നു. പക്ഷെ അങ്ങിനെ ഒരു സുഹൃത്ത് ഉള്ളത് ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. അവര്‍ക്കും ഒരു പരിധിവരെ നമ്മുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളാകാന്‍ കഴിയും)
-------------------------
ഇനി തറവാടിജിയുടെ അടുത്ത പോസ്റ്റിനെ പറ്റി ആത്മയുടെ അഭിപ്രായം എഴുതാം..
“പാവനമായ ബന്ധം
മാതൃത്വമെന്നത്
തെറ്റായ ചിന്തയാണ്
സുഹൃത്ത് ബന്ധമാണ്
ഏറ്റവും പാവനമായത്.”
ദിസ് ഈസ് ടൂ മച്ച് തറവാടിജീ! ദിസ് ഈസ് ടൂ മച്ച്! (ടൂ റ്റൂ ഏതുവേണമെങ്കിലും എടുക്കാം..)
ഒരു കുഞ്ഞും അമ്മയും തമ്മിലുള്ള സ്നേഹത്തെ വെല്ലാന്‍ ഈ ലോകത്തില്‍ മറ്റൊരു സ്നേഹത്തിനുമാകില്ല!
കാരണം കുഞ്ഞ് അമ്മയില്‍ നിന്നും സ്നേഹമല്ലാതെ യാതൊന്നും പ്രതീക്ഷിക്കുന്നില്ല;
അമ്മ കുഞ്ഞില്‍ നിന്നും സ്നേഹമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല;
സ്നേഹം സ്നേഹം സര്‍വ്വത്ര സ്നേഹം.
അത് കണ്ടീഷണല്‍ ലവ് ഒന്നും അല്ല. .
(നീ എന്റെ വയറ്റില്‍ പിറന്നതുകൊണ്ടുമാത്രമാണ് ഞാന്‍ നിന്നെ ഇത്രയധികം സ്നേഹിക്കുന്നത് എന്നോ, നിങ്ങള്‍ എന്നെ നൊന്തു പ്രസവിച്ചതുകൊണ്ടാണ് നിങ്ങളെ ഞാന്‍ ഇത്രയധികം സ്നേഹിക്കുന്നതോ എന്നുപോലും അവര്‍ക്കറിയില്ല. അതൊക്കെ കുഞ്ഞു വലുതായി സ്വാതന്ത്രം പ്രഖ്യാപിച്ചു തുടങ്ങുമ്പോള്‍ ഉദിക്കുന്ന ചോദ്യങ്ങളാണ്. പ്രകൃതി തന്നെ കുഞ്ഞിനു നല്‍കിയതുമാകണം- അല്ലെങ്കില്‍ എന്നും അമ്മയുടെ സുരക്ഷിതത്വത്തില്‍ കഴിയാനാവില്ലല്ലൊ..)
(കുഞ്ഞിനെ ശുശ്രൂക്ഷിക്കുമ്പോള്‍ അമ്മയ്ക്ക് യാതൊരു ശാരീരിക സുഖവും കിട്ടുന്നില്ല. അമ്മയുടെ ശരീരം വളരെ വേദനകളെയൊക്കെ തരണം ചെയ്താണ് കുഞ്ഞിനെ നേടുന്നതും.. പിന്നീടും ഉറക്കമില്ലാതെ സ്വന്തം ശരീരത്തിന്റെ കഷ്ടനഷ്ടങ്ങള്‍ മറന്ന് കുഞ്ഞിനെ പരിപാലിക്കുന്ന അമ്മമാരില്‍ എന്തു സ്വാര്ത്ഥത! അവര്‍ക്ക് എന്തുസുഖമാണ് കിട്ടുന്നത്?! )
-------------
തറവാടിജിയുടെ കമന്റിനു മറുപടി:
1. ഒരു വിമര്‍ശനമുണ്ട്: >>ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം, പിതാവിന് കുഞ്ഞിനോട് തോന്നാവുന്ന സ്നേഹം<< ഈ വരികളില്‍ ചിലതെല്ലാം മറഞ്ഞിരിക്കുന്നല്ലോ!
ഒരു കുഞ്ഞ് സ്ത്രീയെ അമ്മയാക്കുന്നതുപോലെ പുരുഷനെ അച്ഛനാക്കുന്നുമുണ്ട്. കുഞ്ഞിനോടുള്ള സ്നേഹവും രണ്ടുപേര്‍ക്കും ഒരുപോലെയുണ്ട്.. എങ്കിലും.. ഒരുതരം ബോഡിലി അറ്റാച്ച്മെന്റ് അമ്മയ്ക്ക് കൂടും എന്ന് തോന്നുന്നു... ചില പിതാക്കന്മാര്‍ക്ക് മക്കളോട് അമ്മയ്ക്കുള്ളതിനെക്കാളും മാനസികമായി അടുപ്പവും ഉണ്ട്.. പക്ഷെ തീരെ കൈക്കുഞ്ഞായിരിക്കുമ്പോള്‍ ഒരു കുഞ്ഞും അമ്മയുമായുള്ള ബന്ധം അതിലൊരു ദിവ്യതയില്ലേ?
2. ബന്ധത്തെപറ്റി: (തറവാടിജി എഴുതിയത്)
ഏറ്റവും പാവനമായ ബന്ധം സുഹൃത്‌ബന്ധമാണെന്നാണെന്റെ പക്ഷം, ഹായ്! പൂയ് 'സുഹൃത്' ബന്ധമല്ല വിവക്ഷിച്ചത്. ഈശ്വരനോടുള്ള സ്നേഹം പോലും കണ്ടീഷണലണ്, അപ്പോ പിന്നെ അമ്മ / അച്ഛന്‍ ബന്ധത്തെപറ്റി പറയാനുണ്ടോ!
ഇതിനു മറുപടി അമ്മായി തന്നെ തന്നുകഴിഞ്ഞു!
“ഈശ്വരാ എനിക്ക് നല്ലത് മാത്രം വരുത്തണെ എന്നോ എന്റെ ആഗ്രഹം (പണം/ജോലി etc) കിട്ടിയാല്‍ ഞാന്‍ ഈ കാണിക്ക ഇടാം/ഈ ദാനം /ബലി ചെയ്യാം എന്നോ പ്രാര്‍ത്ഥിക്കുന്നിടത്തേ ഈശ്വരനോടുള്ള സ്നേഹം ക്ണ്ടീഷണല്‍ ആകുന്നുള്ളൂ.”
പിന്നെ തറവാടിജി ബാക്കിയും എഴുതി..
സൂചിപ്പിച്ച ഈശ്വര സ്നേഹം ഏറ്റവും അടിത്തട്ടിലുള്ളതാണ്, ഒരു പരിചയക്കാരന്റെ ബന്ധം പോലും അതിലെത്രയോ ഉന്നതിയിലിരിക്കുന്നു.
കണ്ടീഷണല്‍ അല്ലാത്ത ദൈവ സ്നേഹം അഹം എന്ന അര്‍ത്ഥ/തലത്തിലുള്ളതാവുമ്പോള്‍ മാത്രമുള്ളതാണ്. (വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്, ഒരു പക്ഷെ ശ്രേയസ്സിന് പറ്റിയേക്കാം), അത് സുഹൃത്ത് ബന്ധത്തേക്കാള്‍ പാവനമാണ്, എന്നാല്‍ ഓര്‍ക്കുക, ഒരു വ്യക്തിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അയാള്‍ തന്നെയാണ്!
(നിങ്ങള്‍ രണ്ടുപേരും പരസ്പരപൂരകങ്ങളാണു തറവാടിജീ! ‘മേഡ് ഫോര്‍ ഈച്ച് അദര്‍!’)
രണ്ടുപേരുടേയും അഭിപ്രായങ്ങള്‍ കൂടിചേര്‍ന്ന ഒരു തത്വം ഇന്നലെ ആത്മ കേട്ടു! പ്രഹ്ലാദന്റെ കഥയില്‍!
ഭക്തിയുടെ പാരമ്യതയില്‍ എത്തിയ പ്രഹ്ലാദനോട് ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് എന്ത് വരം വേണമെന്ന് ചോദിക്കുന്നു..
അപ്പോള്‍ മറുപടിയായി പ്രഹ്ലാദന്‍ പറയുന്നു..
“വരങ്ങള്‍ ചോദിക്കുന്ന ഭക്തന്‍ ഭക്തനുമല്ല
വരങ്ങള്‍ നല്‍കുന്ന ഈശ്വരന്‍ ഈശ്വരനും അല്ല” ! ( ആ കഥ വിശദമായി പിന്നീട് ഒരിക്കല്‍ എഴുതാം..)
ഒടുവില്‍ എന്തെങ്കില്‍ ഒന്ന് സ്വീകരിക്കൂ എന്നു പറയുമ്പോള്‍,
“എങ്കില്‍ എപ്പോഴും അങ്ങയെ സ്മരിക്കാന്‍ സാധ്യമാകാനുള്ള ഭക്തി തന്നനുഗ്രഹിക്കൂ..” എന്നു പറയുന്നു. പ്രഹ്ലാദന്റെ ഭക്തിയാണ് യഥാര്‍ത്ഥ ഭക്തി..
ആത്മാസ് കണ്‍ക്ലൂഷന്‍:
“സ്നേഹം എന്നാല്‍ ഒരു ഫീലിംഗ് മാത്രമാണ്..”
അത് ആര്‍ക്ക് ആരോട് തോന്നണം എന്നൊന്നും ഇല്ല.
ആര്‍ക്കും ആരോടും തോന്നാം..!
എപ്പോള്‍ വേണമെങ്കിലും തോന്നാം!
അതിനു യാതൊരു നിബന്ധനകളും ഇല്ല!
അത് ഒരു സംഭവമാണ്!
കൂട്ടുകാര്‍ക്കിടയില്‍ ആകാം..,
അത് ചില നക്ഷത്രങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയാകാം..
ഒരുപക്ഷെ, ആത്മാക്കള്‍ തമ്മിലുള്ള കണ്ടുമുട്ടലുകളാകാം..
ഡോള്‍ഫിനെ വിവാഹം കഴിച്ച സുന്ദരി..!,
പിന്നെ ചില ആണുങ്ങള്‍ ആണുങ്ങളെ വിവാഹം കഴിക്കുന്നു!,
അങ്ങിനെ എത്രയോ വിചിത്രമായ സ്നേഹങ്ങള്‍!
ചില അമ്മമാരും മക്കളുമായി വല്ലാത്ത അറ്റാച്ചുമെന്റ് ആണ്.. മറ്റു ചിലയിടങ്ങളില്‍ കീരിയും പാമ്പും പോലെ..! , ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളായിരിക്കും സ്നേഹത്തെപ്പറ്റി പറയാനുള്ളത്..
സ്നേഹം എല്ലാവരിലും ഉണ്ട്.. അത് പ്രകാശിപ്പിക്കാന്‍/പ്രതിഫലിപ്പിക്കാന്‍ പറ്റിയ ഒരു കണ്ണാടിയാണ് നമ്മുടെ സ്നേഹിതന്‍. നമ്മുടെ ആത്മാവിനെ, നമ്മെ, സ്നേഹിക്കാന്‍ കഴിയുന്ന മറ്റൊരാത്മാവിനെ കണ്ടുമുട്ടുക എന്നത് ഒരു ഭാഗ്യമാണ് (നിമിത്തം എന്നൊക്കെ പറയാം). സുഹൃത്തായാലും ഭാര്യയായാലും മക്കളായാലും ആരെയെങ്കിലും എന്തിനെയെങ്കിലും സ്നേഹിക്കാനാകുന്ന മനുഷ്യനേ മനുഷ്യനാകാന്‍ സാധിക്കൂ... ഒന്നുമില്ലെങ്കില്‍ മാണിക്ക്യവും ആത്മയുമൊക്കെ ചെയ്യുമ്പോലെ ബ്ലോഗിനെ കണ്ണുമടച്ച് അങ്ങ് സ്നേഹിക്കണം..!
ഏറ്റവും ഒടുവില്‍ അമ്മായിയുടെ തന്നെ വാക്കുകള്‍ ചേര്‍ത്ത് ഞാന്‍ തല്‍ക്കാലം ഉപസംഹരിക്കുന്നു..
“എല്ലാ ബന്ധങ്ങളും സ്നേഹത്താലധിഷ്ഠിതവും മാനസികമായി ചില കൊടുക്കല്‍ വാങ്ങലുകളുള്ളതുമാണ്, പവിത്രവും. സ്നേഹമുള്ളിടത്ത് വെറുപ്പുള്ള പോലെ പവിത്രതയും പരിശുദ്ധിയുമുള്ളിടത്ത് തന്നെ മറുവശമായ കപടതയുമുണ്ട്. അത് എല്ലാ ബന്ധങ്ങളും ഒരു പോലെയാണെന്നും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ചാണ് പവിത്രമാകുന്നതും കപാമാകുന്നതും. സുഹൃത്ത് ബന്ധത്തിനു മാത്രമായി അതില്‍ ഒരു പ്രത്യേകതയുമില്ല.”
----------
ഒരല്പം കൂടി.. സ്നേഹത്തിലാണ് ഈ കൊടുക്കല്‍ വാങ്ങലും മറ്റും പ്രശ്നം ഉദിക്കുന്നത്.
പ്രഹ്ലാദനെപ്പോലെ പ്രേമം ഉദിക്കണം.. ഈശ്വരനോട്.. (മനുഷ്യരോടാണെങ്കില്‍ പിന്നെ ചിലപ്പോള്‍ ഇടക്കിടെ റീഫില്‍ ചെയ്യേണ്ടി വരും.. ഇംഗ്ലീഷുകാരെപ്പോലെ -കളിയാക്കിയതല്ല! ആത്മയ്ക്ക് തോന്നുന്നു, ചില ആത്മാക്കള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പ്രേമം തോന്നും പക്ഷെ അതു ഈശ്വരപ്രേമത്തിന്റെ അത്ര സ്റ്റ്രോങ്ങ് ആവില്ലല്ലൊ, അതുകൊണ്ടാകും പിന്നീട് മങ്ങുന്നത്..) അപ്പോള്‍ ബാക്കിയെല്ലാം മായയായി മറയും. പ്രേമം മാത്രം.. അതില്‍ അങ്ങ് മുഴുകി ജീവിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍!
മനസ്സില്‍ പ്രേമം തോന്നിയാല്‍ പിന്നെ മറ്റു എല്ലാ ദുഷ്ചിന്തകളും ഈഗോ എക്സറ്റ്രാസ് ഒക്കെ നിഷ്‌പ്രഭമാകും.. ഒണ്‍ലി പ്രേമം.. മീര ശ്രീകൃഷ്ണനെ സ്നേഹിച്ചപോലെ / പ്രഹ്ലാദന്‍ മഹാവിഷ്ണുവിനെ സ്നേഹിച്ചപോലെ..എല്ലാം മറന്ന് ഭക്തിയില്‍ മുഴുകി.. അല്ലെങ്കില്‍ പ്രേമത്തില്‍ മുഴുകി അങ്ങ് ജീവിക്കണം..
ബാക്കി നാളെ...
--------
ഇത്രയുമൊക്കെ ‘മനുഷ്യബന്ധങ്ങളെപ്പറ്റി’ എഴുതിയപ്പോള്‍ ആത്മ ചെന്നെത്തിയത് ആദ്യത്തെ പോയിന്റില്‍ തന്നെ.
എല്ലാ ബന്ധങ്ങളും വേണം
സുഹൃത്തിനു സുഹൃത്ത്
ഭാര്യക്ക് ഭാര്യ
മക്കള്‍ക്ക് മക്കള്‍
മാതാപിതാക്കള്‍
എല്ലാവരുടേയും സ്നേഹം അനുഭവിക്കണമെങ്കില്‍ നാം അവരില്‍ നിന്നും കൂടുതല്‍ ഒന്നും എക്സ്പെക്റ്റ് ചെയ്യാതിരിക്കുക.. നമ്മുടെ സ്നേഹം കണ്ടീഷണല്‍ ആകുന്നതുകൊണ്ടാണ് സ്നേഹബന്ധങ്ങള്‍ തകര്‍ന്നുപോകുന്നതെന്ന് പറഞ്ഞുവല്ലൊ, കഴിയുന്നതും മറ്റുള്ളവരോട് അണ്‍കണ്ടീഷണല്‍ ലവ് വച്ചുപുലര്‍ത്തുക.
ഒരുകണക്കിന് നമുക്ക് ദൈവത്തെ ആശ്രയിക്കാന്‍/സ്നേഹിക്കാന്‍ തോന്നുന്നതെന്താണ്?!
അവിടെയും അണ്‍കണ്ടീഷണല്‍ ലവ് ഉണ്ടെങ്കിലേ പൂര്‍ണ്ണ സമര്‍പ്പണം ഉണ്ടാകുന്നുള്ളൂ
ദുഃഖങ്ങള്‍ ഉണ്ടായാലും നാം ദൈവത്തെ പഴിക്കില്ല..അതു നമ്മുടെ വിധി..അല്ലെങ്കില്‍ പൂര്‍വ്വജന്മ പാപത്തിന്റെ ഫലം.. എന്നിങ്ങനെ സമാധാനിച്ച്, വീണ്ടും ദൈവത്തെ സ്നേഹിക്കും.. വെറുതെ..
കാരണം ദൈവത്തെ സ്നേഹിക്കുന്നു എന്നാല്‍ നതിംഗ്‌നസ്സിനെ സ്നേഹിക്കയാണ്.. ആ ഒന്നുമില്ലായ്മയില്‍ നാം നമ്മുടെ ആത്മാവിനെ അറിയുന്നു..
ഈ മനോഭാവം തന്നെ മനുഷ്യരെ സ്നേഹിക്കുമ്പോഴും സ്വീകരിച്ചാല്‍ പല സ്നേഹബന്ധങ്ങളും
നിഷ്കളങ്കമാണെന്ന് കാണാം! (പക്ഷെ ഒരുവശത്തുനിന്നുമാത്രം ഇങ്ങിനെ ചിന്തിച്ചാല്‍ പോരല്ലൊ,
മറുവശത്ത് നില്‍ക്കുന്നവരും ചിന്തിക്കണ്ടെ!- ദൈവത്തെ സ്നേഹിക്കുമ്പോള്‍ ഈ മറുവശം മൌനിയാണ് അതാണ് നാമും ദൈവവും ഒന്നാകുന്നത്.. നമ്മിലെ നമ്മെ പ്രതിധ്വനിപ്പിക്കുന്നു നല്ല പ്രാര്‍ത്ഥനകള്‍..)- ശ്ശ്യോ എഴുതിയെഴുതി വന്നപ്പോള്‍ ആത്മക്ക് എന്തെല്ലാം അറിവുകളാണ് കൈവരുന്നത്!! ഈ ബുജികളെല്ലാംകൂടി ആത്മേ നന്നാക്കിയ മട്ടുണ്ട്!
കൂട്ടുകാരോടായാലും, പ്രേമിക്കുന്നവരോടായാലും, അച്ഛനമ്മമാരോടായാലും, മക്കളോടായാലും ഒക്കെ വെറുതെ സ്നേഹിച്ചു നോക്കുക, ഒന്നും തിരിച്ച് ആഗ്രഹിക്കാതെ.. അവര്‍ തെറ്റുചെയ്യുന്നെങ്കില്‍ അത് അവരുടെ അറിവില്ലായ്മ കൊണ്ട്; നമുക്ക് അത് ദുഃഖം വരുത്തി വയ്ക്കുന്നെങ്കില്‍ അത് നമ്മുടെ പൂര്‍വ്വജന്മ പാപങ്ങളുടെ ഫലം.. എന്നിങ്ങനെ ആശ്വസിച്ചാല്‍ നമുക്ക് ഒരു പരിധിവരെ പല ബന്ധങ്ങളിലെയും സൌകുമാര്യം ആസ്വദിക്കാനാവും!
റെയര്‍ റോസ് എഴുതിയില്ലേ, വൃദ്ധാലയങ്ങളില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ മക്കളെ സ്നേഹത്തോടെ സ്മരിച്ച് ജീവിക്കുന്നുവെന്ന്, അവര്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതുകൊണ്ടാകാം.. ഒരു തരം ആത്മീയത കലര്‍ന്ന സ്നേഹം! അതെ, ആ സ്നേഹമാണ് എല്ലാവരിലും ഉണ്ടാകേണ്ടത്! ആത്മീയതയും ലൌകീകതയും കൂടി ബാലന്‍സ്ഡ് ആകുമ്പോള്‍ നമുക്ക് എല്ലാവരെയും സ്നേഹിക്കാനാകും..(hAnLLaLaThഎഴുതിയില്ലേ, രണ്ടും രണ്ടല്ല, ഒന്നാണെന്ന്! അത് ഇതുദ്ദേശിച്ചാകും!) നമുക്ക് പലരില്‍ നിന്നും സ്നേഹം കിട്ടും.. സുഹൃത്ത് സുഹൃത്ത് മാത്രമല്ല ദൈവീകമായി നമുക്ക് കിട്ടിയ കൂട്ട്..
ഭാര്യ ഭാര്യ മാത്രമല്ല, ദൈവത്തിന്റെ മറ്റൊരു സൃഷ്ടികൂടിയാണ്.. അവര്‍ വിവരക്കേടു കാണിക്കുന്നെങ്കില്‍ അതും ദൈവഹിതം.. അല്ലെങ്കില്‍ നമ്മുടെ തന്നെ ഏതോ പ്രവര്‍ത്തിയുടെ ഫലം..
മക്കളും മാതാപിതാക്കളും ഒക്കെ ഇങ്ങിനെ തന്നെ.. എല്ലാ ബന്ധങ്ങളും ഈശ്വരനില്‍ അര്‍പ്പിച്ച്.. ഈശ്വരനാണ് എല്ലാറ്റിലും വലുത് എന്ന് വിശ്വസിച്ച് ജീവിക്കുന്നവര്‍ക്ക് എല്ലാവരെയും സ്നേഹിക്കാം.. പ്രേമിക്കാം .. പശുവിനെ കുറ്റിയില്‍ കെട്ടിയിരിക്കുന്നപോലെ നമ്മെ ഈശരനില്‍ കെട്ടിയിട്ടിട്ട് മറ്റുള്ളവരെ സ്നേഹിക്കുക..
(ഇതൊക്കെ വീട്ടിന്റെ മൂലയില്‍ ഇരുന്ന് എഴുതാന്‍ എന്ത് സുഖം അല്ലെ?!
എത്രത്തോളം പ്രാക്റ്റിക്കലാക്കാന്‍ കഴിയുന്നോ അവര്‍ക്ക് ജീവിതത്തില്‍ സമാധാനം..)
“ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!!!”
[ഇതിലെ പോയിന്റുകള്‍ക്ക് തറവാടിജി, വലിയമ്മായി, ശ്രീ. ശ്രീയസ്സ്, മാണിക്ക്യം,
ശ്രീ, റെയര്‍ റോസ്, വേണുജി, hAnLLaLaTh, സ്വാമി ഉദിതചൈതന്യയതി,എന്നിവരോട് കടപ്പാടും നന്ദിയും]
കഴിഞ്ഞ പോസ്റ്റില്‍ ആത്മീയം പറഞ്ഞ് ഓവര്‍ ആയിപ്പോയോന്നൊരു സംശയം അതുകൊണ്ട്
അല്പം കൊച്ചുകൊച്ചു വിശേഷങ്ങള്‍ എഴുതി എന്റെ ബ്ലോഗിനെ ബാലന്‍സ് ചെയ്യാനൊരാഗ്രഹം.. എന്നാല്‍ വിശേഷങ്ങള്‍ ഒന്നും തന്നെയില്ലാതാനും!
എന്തെങ്കിലും വിശേഷങ്ങള്‍ തോന്നുന്നെങ്കില്‍ എഴുതാം..
തല്‍ക്കാലം Ancient Promises വായിക്കുന്നു..
ഈയ്യിടെ ആത്മയ്ക്ക് ഒരസുഖം.. ഏതുബുക്ക് വായിച്ചാലും പകുതിയെത്തുമ്പോല്‍ മതിയാക്കും!
അവസാനം അറിയണമെന്ന് യാതൊരാഗ്രഹവും ഇല്ല. ഇനി ഇതും അതുപോലാകുമോ ആവോ!
വിശേഷം വല്ലതും ഉണ്ടാവുകയാണെങ്കില്‍ തുടരും..
---
‘ഏന്‍ഷ്യന്റ് പ്രോമിസസ്’ വായിച്ചു തീര്‍ത്തു..
ഡിപ്രഷന്‍.. ദേഷ്യം.. അസൂയ.. ആരോടൊക്കെയോ...
നായിക ചെയ്തത് ന്യായീകരിക്കാനും പറ്റുന്നില്ല എതിര്‍ക്കാനും പറ്റുന്നില്ല!
ന്യായീകരിച്ചാല്‍ ഒരു ജന്മം പാഴായിപ്പോയെന്ന ഒരുകൂട്ടം സ്ത്രീജനങ്ങളുടെ ആത്മാക്കള്‍ കേഴും..(മരിച്ചുപോയവരടക്കം..)
എതിര്‍ത്താല്‍ സ്ത്രീകളോടു തന്നെ മൊത്തത്തില്‍ അനീതി കാട്ടുന്ന ഒരു നൊമ്പരം..
ഇതെന്തൊരു കഥ ദൈവമേ!
കുറ്റം പറയാമെന്നു വച്ചാല്‍..,
ഭാരതീയ സ്ത്രീകളുടെ പ്രത്യേകതകളായ സഹിഷ്ണുത, ക്ഷമ, അങ്ങിനെ പല ഗുണങ്ങളിലൂടെ പടുത്തുയര്‍ത്തിയ ഒരു പാരമ്പര്യത്തിന്റെ തകര്‍ച്ചയ്ക്ക് ഒരു കൊച്ച് കണ്ണികൂടിയായി.
ഇതിലെ നായികയെക്കാളും വലിയ അവഗണനകള്‍ സ്നേഹശൂന്യത ഒറ്റപ്പെടല്‍ ഒക്കെ അനുഭവിച്ച ഒരുപാടുപേരെ ആത്മയ്ക്കറിയാം..
അവരൊക്കെ ഇന്ന് മക്കളെ വളര്‍ത്തി നല്ല നിലയിലാക്കി ഒപ്പം ഭര്‍ത്താവും ഒരുവിധം സഹിക്കബിള്‍ ആയി ജീവിക്കുന്നു.. ചാരിതാര്‍ത്ഥ്യത്തോടെ..
എല്ലാം എടുത്തെറിഞ്ഞ് പോയിരുന്നെങ്കില്‍ ഇന്ന് ഒരുപക്ഷെ, ഒന്നും കാണില്ലായിരുന്നു..ഒറ്റപ്പെടല്‍ ഒഴിച്ച്..കാരണം അവര്‍ക്കാക്കും അവരെ കാത്തിരിക്കുന്ന ഒരു ബോയ്ഫ്രണ്ടോ വിദേശവാസമോ ഒന്നും ഉണ്ടാവില്ലല്ലൊ
---
ഇപ്പോള്‍ V.V. Ganeshananthan എഴുതിയ 'Love marriage ' വായിക്കുന്നു.
എന്തിന് ഇത്തരം പുസ്തകങ്ങള്‍ വായിക്കുന്നു എന്നാലോചിച്ചപ്പോള്‍..
ഇവിടത്തെ ലൈബ്രറിയില്‍ മക്കളോടൊപ്പം വല്ലപ്പോഴും പോകുമ്പോള്‍ ഇന്ത്യന്‍ ബുക്ക് സെക്ഷനില്‍ ചെല്ലുമ്പോള്‍ മലയാളം ബുക്കുകള്‍ ഇല്ലാത്ത നിരാശയില്‍ അങ്ങിനെ നടക്കുമ്പോള്‍ ഇന്ത്യാക്കാര്‍ ഇംഗ്ലീഷില്‍ എഴുതിയ ബുക്കുകള്‍ കാണുമ്പോള്‍ ഒരാനന്ദം!
നമ്മുടെ നാടിനെ, നാട്ടാരെയൊക്കെ ചുറ്റിപ്പറ്റിയുള്ള കഥകള്‍..മറ്റൊരു ഭാഷയിലൂടെ വായിക്കുമ്പോള്‍ അതൊരു സുഖം..
നാട്ടില്‍ നിന്ന് വാങ്ങിക്കൊണ്ടു വന്ന മലയാളം പുസ്തകങ്ങള്‍ ഒരുപാടുണ്ട്.. പക്ഷെ എന്തോ എടുക്കാനും വായിക്കാനും ഒക്കെ മടി..
ഇത് ഇവിടെ ഫ്രഷ് ആയി.. ലൈവ് ആയി കിട്ടുന്നതുകൊണ്ട് അതിനെ ഇഷ്ടപ്പെടാന്‍ ഒരു തോന്നല്‍..
അത്രയേ ഉള്ളൂ..
പിന്നെ ഇവരൊക്കെ വിദേശവാസവും, വിവാഹവും, രണ്ടു സംസ്ക്കാരവും തമ്മിലുള്ള പൊരുത്തക്കേടുകളും പൊരുത്തങ്ങളും അങ്ങിനെ പലതും നേരിട്ടതും അതിജീവിച്ചതും ഒക്കെ അറിയാന്‍ ഒരാഗ്രഹം..
എല്ലാം അറിഞ്ഞിട്ടുവേണം.. ആത്മയ്ക്ക് ആത്മയുടെ ജീവിതം ശരിക്കും എന്തായിരുന്നു എന്ന് വിശകലനം ചെയ്ത് നോക്കാന്‍...
( ഇന്ന് എഴുതാന്‍ ഒരു മൂഡില്ല.. എങ്കിലും വെറുതെ എഴുതിയതാണ്)
എപ്പോഴാണെന്നോ നമുക്ക് വിഷമവും വിഷാദവും ഒക്കെ നിയന്ത്രണാതീതമാകുന്നത്? നാം ദൈവത്തെ മറക്കുമ്പോൾ..!
നാം എവിടെ നിന്നോ ഇവിടെ എത്തിപ്പെട്ടു. ഇവിടെ വൗന്നതിനുമുൻപും ഇവിടം വിട്ടുപോയശേഷവും നമുക്ക് ഒരു മറുലോകം ഉണ്ട്..
നാം അനാഥരാണെന്നുതോന്നുമ്പോൾ, അരക്ഷിതരാണെന്നു തോന്നുമ്പോൾ വെറുതെ ആ മറു ലോകത്തെ ഓർക്കുക. അവിടെ നമ്മെ സൃഷ്ടിച്ച, നമ്മുടെ സൃഷ്ടിക്ക് കാരണഭൂതമായ എന്തോ ഒരു ശക്തിയുണ്ട്.. ആ ശക്തിയെ ഓർക്കുമ്പോൾ നാം അനാഥരാണെന്ന ചിന്ത പതിയെ മാഞ്ഞുപോകും
നമ്മെ ആരെങ്കിലും സ്നേഹിച്ചില്ലെന്നോ, സ്നേഹിച്ചെന്നോ, വിശ്വസിച്ചില്ലെന്നോ ഒക്കെയുള്ള വേവലാതികൾ കുറയും.. ആ ശക്തിയെ ഓർക്കാൻ പറ്റിയ മാർഗ്ഗം പ്രാർത്ഥന മാത്രം..
മനസ്സ് വല്ലാതെ വിഷമിക്കുമ്പോൾ നാം വിശ്വസിക്കുന്ന ആ ശക്തിക്കുമുന്നിൽ പോയി വെറുതെ കുറച്ചു നേരം പ്രാർദ്ധിക്കുക. അപ്പോൾ നമ്മെ സ്നേഹിക്കാൻ ശാശ്വതമായി ആരോ ഉണ്ടെന്നും.. നാം അനാഥരല്ലെന്നും ഒക്കെയുള്ള ഒരു ബോധം വരും..
ശുഭം!
-----
ആത്മയ്ക്ക് വീണ്ടും ബ്ളോഗ് എഴുതാമെന്ന ഒരു സ്ഥിതിയൊക്കെ കൈവരുന്നു..!
പക്ഷെ, ബ്ളോഗെഴുതാതെ കുറച്ചു ദിവസം കഴിച്ചുകൂട്ടിയില്ലേ.. അതിന്റെ ക്ഷീണമാകാം ഒരല്പം ആത്മീയത കൈവന്നു! എങ്കിപ്പിന്നെ ഇനിയത്തെ എഴുത്ത് ആത്മീയതയിൽ നിന്നാകട്ടെ
എന്നു കരുതി..
ഇന്നലെ ആകെ നിരാശപ്പെട്ട് കുറെ നേരം നടന്നു.. പെട്ടെന്നുതോന്നി, ഒന്ന് പോയി കുളിച്ച് പ്രാർത്ഥിച്ചു നോക്കിയാലോ എന്ന്! അങ്ങിനെ, പ്രാർത്ഥിച്ച പ്പോള്‍ ഉണ്ടായ വെളിപാടാണ് മുകളിൽ ..
ഇനീം തുടരുമായിരിക്കും...
പുലര്‍കാലേ പൂത്തു വിടര്‍ന്ന പൂക്കളുടെ
കാതില്‍ രഹസ്യമായി ചോദിച്ചു,
നിങ്ങള്‍ എനിക്കായല്ലെ വിടര്‍ന്നത്?
അവ തലകുലുക്കി സമ്മതിച്ചു,
അതെ
പക്ഷെ, വൈകിട്ട് കൊഴിഞ്ഞുവീണു!
ദുഃഖത്തൊടെ നോക്കുമ്പോള്‍
കരഞ്ഞു തളര്‍ന്ന മിഴികളുമായി ഒരു ചിത്രശലഭം പറഞ്ഞു,
ആ പൂവ് തനിക്കുവേണ്ടികൂടിയായിരുന്നു വിടര്‍ന്നത് എന്ന്
രാവിലെ വാനില്‍ കണ്ട സൂര്യനോട് ചോദിച്ചു,
അങ്ങ് എനിക്ക് മാത്രം വെളിച്ചവുമായല്ലെ
എത്തിയത്?
അദ്ദേഹം മനോഹരമായി പുഞ്ചിരിച്ചു നിന്നു
ഒടുവില്‍ വൈകിട്ട് വിടചൊല്ലി പിരിഞ്ഞു
അപ്പോള്‍ വാനത്തുകണ്ട ചന്ദ്രന്‍ പറഞ്ഞു,
സൂര്യന്‍ തനിക്കുവേണ്ടിയാണ് ഉദിക്കുന്നത് എന്ന്!
ഒഴുകുന്ന പുഴയോട് ചോദിച്ചു,
നിങ്ങള്‍ കലപിലയായി ഒഴുകുന്നത്
എന്നെ സന്തൊഷിപ്പിക്കാനല്ലെ എന്ന്
പക്ഷെ ഒടുവില്‍ നദി പറഞ്ഞു,
പുഴ ഒഴുകിയത് തന്നിലേക്കണയാനായിരുന്നു എന്ന്!
വീശുന്ന കുളിര്‍ കാറ്റിനോടും ചോദിച്ചു,
നീ വീശുന്നത് എനിക്കും മാത്രം വേണ്ടിയല്ലെ എന്ന്
കാറ്റു പറഞ്ഞു, തീര്‍ച്ചയായും
പക്ഷെ പിന്നീട് പൂക്കള്‍ പറഞ്ഞു,
കാറ്റു വീശിയത് അവര്‍ക്കു വേണ്ടിയായിരുന്നുവത്രെ!
ണ്ടൊക്കെ ബ്ലോഗെഴുതാൻ, ആദ്യം വീട്ടുജോലി ഒരുവിധം ഒതുങ്ങണം.. പിന്നെ ഗൃഹനാഥന്റെ പോക്ക് വരവ് ഉറക്കം ഒക്കെ നോക്കണം.. ഇപ്പോൾ ഈ കമ്പ്യൂട്ടറിന്റെയും മൂഡനുസരിച്ചേ എഴുതാൻ പറ്റൂ. ഇതെല്ലാം ഒത്തുവരുമ്പോഴേയ്ക്കും ആത്മയ്ക്ക് എഴുതാനുള്ള മൂഡ് ബാക്കിയുണ്ടാകുമോ എന്നതിനെ ആശ്രയിച്ചാണ് ഇപ്പൊഴത്തെ എഴുത്ത്..
പൌലൊ അണ്ണനെ പറ്റിയല്ല്യോ കഴിഞ്ഞ പോസ്റ്റിൽ എഴുതിക്കൊണ്ടിരുന്നത്, അതുതന്നെ തുടരാം...
ആദ്യമേ തന്നെ പറയട്ടെ, ഈ പൌലോ അണ്ണനും ആത്മേം തമ്മിൽ വലിയ ഒരു ചേർച്ചയുണ്ട് (ചിന്തകളിൽ).. ചിറി കോട്ടാൻ വരട്ടെ... ഒരു നിമിഷം..
‘മൈ നെയിം ഈസ് ഖാൻ’ കണ്ടപ്പോൾ ആദ്യം തോന്നിയത് അതിലെ ഷാരൂഖാന്റെ ക്യാരക്റ്ററുമായി ആത്മയ്ക്ക് വലിയ സാദൃശ്യം ഉണ്ടെന്നായിരുന്നു.. (ശ്യൊ! എന്നാലും ആത്മയുടെ ഈ മെന്റൽ റിറ്റാർഡേഷൻ തക്കസമയം കണ്ടുപിടിച്ച് പ്രതിവിധി കൽപ്പിച്ചില്ലല്ലൊ, എങ്കിൽ ഒരുപക്ഷെ ഷാരൂഖാനെപ്പോലെ നല്ല ഒരു സെറ്റപ്പും പിന്നെ നല്ല ഒരു ഗോളും ഒക്കെ കണ്ടുപിടിച്ചേനെ.. എന്നായിരുന്നു..)
ഇനി വീണ്ടും പൌലോ ചേട്ടനിലേക്ക് വരാം..
പൌലോ ചേട്ടനോട് അദ്ദേഹത്തിന്റെ അമ്മ ആരാകണം എന്നു ചോദിച്ചപ്പോൾ ‘ഒരെഴുത്തുകാരനാകണം’ എന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ മറുപടി!
‘എഴുത്തുകാരൻ’ എന്നാൽ ആരാണ് എന്ന് കണ്ടുപിടിച്ചു വരാൻ അമ്മ പറഞ്ഞപ്പോൾ, അദ്ദേഹം എഴുത്തുകാരന്റെ ലക്ഷണങ്ങൾ കണ്ടുപിടിച്ചു
1) എഴുത്തുകാരൻ കണ്ണാടിവച്ചവനായിരിക്കും, അയാൾ മുടി നന്നായി ചീകിയൊതുക്കില്ല, പകുതിസമയവും അയാൾക്ക് ലോകത്തോടാകമാനം ദേഷ്യമായിരിക്കും ബാക്കി പകുതി നിരാശയും.. അയാൾ ജീവിതത്തിന്റെ അധികസമയവും വല്ല ബാറുകലിലും ഇരുന്ന് അയാളെപ്പോലുള്ളവരോട് വാദപ്രതിവാദങ്ങൾ ചെയ്യുകയാവും.. അയാൾ വളരെ ഉൾക്കാഴ്ച്ചയോടെ സംസാരിക്കുന്നു.. അയാളുടെ മനസ്സ് താൻ പ്രസിദ്ധീകരിച്ചു കഴിഞ്ഞ ബുക്കിനോട് വെറുപ്പും എന്നാൽ ഇനി എഴുതാൻ പോകുന്ന നോവലിനെക്കുറിച്ച് നിറയെ ഐഡിയകളും കൊണ്ടു നിറഞ്ഞിരിക്കും..
2) അയാളെ തന്റെ സമാന തലമുറ ഒരിക്കലും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യില്ല, തന്നെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്താൽ അത് തന്റെ ഇനിയുള്ള പുരോഗമനത്തിന് തടസ്സമാകുമെന്ന് അയാളും കരുതും..
3) മറ്റ് എഴുത്തുകാർക്ക് മാത്രമേ ഒരു എഴുത്തുകാരൻ എന്തുദ്ദേശിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമാകൂ.. എന്നാൽ അയാൾ അവരെയൊക്കെ ഉള്ളിൽ ഇഷ്ടപ്പെടുകയുമില്ല കാരണം അവരെല്ലാവരും ഒരേ സ്ഥാനത്തെത്താനായി മത്സരിക്കുന്നവരാണെന്ന അറിവ്..
4) പെണ്ണുങ്ങളെ വശീകരിക്കാനായി എഴുത്തുകാരൻ .. ഞാൻ ഒരെഴുത്തുകാരനാണ് എന്ന വാക്ക് ഉപയോഗപ്പെടുത്തുന്നു എന്നിട്ട് ഒരു കൊച്ചു കവിതയും കൂടി കുറിച്ചാൽ എല്ലാമായി..
5) അദ്ദേഹത്തിന് എഴുത്തുകാരെ വിമർശിക്കാനും കഴിയും തന്റെ വിശാലമായ അറിവും പിന്നെ മറ്റുള്ളവരുടെ കൊട്ടേഷനും ഒക്കെ കൊണ്ട് വളരെ കട്ടിയുള്ള വാക്കുകൾ ചേർത്ത് അയാൾ എഴുതും.. പക്ഷെ അയാൾക്കുപോലും ആ വാക്കുകൾ കാണുമ്പോൾ അയാൾ എഴുതിയത് വായിക്കാൻ തോന്നില്ല..
6) എന്താണ് വായിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ആരും കേട്ടിട്ടില്ലാത്ത ഒരു ബുക്കിന്റെ പേര് പറയാൻ ശ്രമിക്കും
7) എല്ലാ എഴുത്തുകാരും ഐക്യകണ്ഠേന,' വായിച്ചിരിക്കേണ്ട ബുക്ക് ഏതെന്നു' ചോദിച്ചാൽ എതിരഭിപ്രായമില്ല, ഉല്ലിസീസ് എന്നാവും ഉത്തരം paRayuka .. എന്നാൽ അതിൽ എന്തിനെക്കുറിച്ചാണ് പതിപാദിച്ചിരിക്കുന്നത് എന്നു ചോദിച്ചാൽ ഉത്തരം പറയാൻ അറിയുകയുമില്ല കാരണം മിക്കവരും അത് വായിച്ചുകാണില്ല!
ഇത്രയുമാണ് ഒരു എഴുത്തുകാരന്റെ ഗുണങ്ങളായി പൌലോ കണ്ടുപിടിച്ചത്!
(ഇതിൽ ആദ്യം പറഞ്ഞ ഒട്ടു മിക്ക ലക്ഷണങ്ങളും ആത്മയ്ക്ക് ജന്മനാ ഉണ്ടായിരുന്നു എന്നാതാണ് അതിശയം!!!)
പീന്നെ, പൌലോ ചേട്ടൻ കളയെപ്പറ്റി ചിന്തിച്ചതും പിന്നെ മലകയറ്റത്തെ പറ്റിചിന്തിച്ചതും ഒക്കെ ആത്മയും അതേപോലെ ചിന്തിച്ചിരുന്നു. ആത്മയുടെ ചിന്ത ഇനി അദ്ദേഹം അപഹരിച്ചതാകുമോ?! (തമ്പുരാനും ചോതി.. അടിയനും..)
‘കള’യെപ്പറ്റി ഈ ചിന്ത തന്നെ (കഴിഞ്ഞ പോസ്റ്റിലെ) പല ഡൈമൻഷനിൽ ആത്മ പലപ്രാവശ്യം(കള പിഴുതുകൊണ്ടിരിക്കുമ്പോൾ..) ചിന്തിച്ചിട്ടുണ്ട്.. (വാസ്തവത്തിൽ ആത്മയാണ് ആദ്യം ചിന്തിച്ചത്! മിക്കവാറും പൌലോ ആത്മയുടെ ചിന്ത കോപ്പിയടിച്ചതാകാനും സാധ്യതയുണ്ട്!)
ഹും! ആത്മയുടെ ചിന്തകൾ ചിന്തകളായി തന്നെ തുടരുകയും.. പൌലോയുടെ ചിന്തകൾ നല്ല നല്ല പുസ്തകങ്ങളായി കോടികണക്കിന് കാശുവാരുകയും..!
പൌലോ ചേട്ടന്റെ ‘മലകയറ്റം’ ഒരല്പം വ്യത്യാസത്തോടെയെങ്കിലുംആത്മയും മെനിങ്ങാന്ന് ചിന്തിച്ചെ ഉള്ളൂ (അത് ഒരല്പം പിന്നിലായിപ്പോയി)
ആത്മ മലകയറ്റം ജീവിതത്തിലെ സ്നേഹബബന്ധങ്ങളുമായാണ് സാദൃശ്യപ്പെടുത്തിയത്. പൌളോ ജീവിതം ആകെമൊത്തം ഒരു മലകയറ്റമായി ഉപമിച്ചിരിക്കയാണ്. ഒന്നല്ല പല മലകയറ്റങ്ങൾ..!
ആത്മ ചിന്തിച്ചു.. നാം ഓരോ സ്നേഹബന്ധങ്ങൾ വെട്ടിപ്പിടിക്കാനായി എവറസ്റ്റിൽ കയറുമ്പോലെ കയറുന്നു.. ഏറ്റവും ഒടുവിൽ മുകളിൽ ചെന്നെത്തുമ്പോൾ അനുഭവപ്പെടുന്നത് ഒരുതരം ശൂന്യത.. നിരർത്ഥകത.. പിന്നെ ഇറക്കത്തെപ്പറ്റി ഓർത്ത് ഒരു വല്ലായ്കയും.. ചിലർ പരിഭ്രാന്തപ്പെടുകയും ചെയ്യും.. താഴെയെത്തുമ്പോൾ ഗത്യന്തരമില്ലാതെ അടുത്ത മല കയറാൻ തുടങ്ങുന്നു.. മുകളിൽ ശൂന്യതയാണെന്നറിയാമെങ്കിലും ആ മലകയറ്റത്തിന്റെ ത്രില്ലിൽ മയങ്ങാൻ..
അതുതന്നെ അദ്ദേഹവും പറയുന്നു.. അല്പം വ്യത്യസ്തമായി! ഓടിച്ചാടി ഓരോ മലകളിലും കയറിയിറങ്ങണംത്രെ! അതിനു അദ്ദേഹം കുറെ നിയമങ്ങളും എഴുതിയിട്ടുണ്ട്..
1) ആദ്യമായി നാം ഏതുമലയാണ് കയറുന്നതെന്ന് തിരയണം.. ( പൌലോ ജീവിതത്തെയും ആത്മ സ്നേഹത്തെയുമാണേ എയിം ചെയ്യുന്നത്..)
മറ്റാരെങ്കിലും പറഞ്ഞെന്നു കരുതി അങ്ങ് കയറിയേക്കരുത്..നാം മാത്രമേ ഉള്ളൂ ഈ കയറ്റത്തിൽ എന്നും, നമ്മൾ നമ്മുടെ ജീവിതത്തിലെ ഒരുപാട് എനർജി ഈ മലകയറ്റത്തിനായി വേണം എന്നുള്ളതുകൊണ്ട് നന്നായി ചിന്തിച്ച് ഉറച്ച് കയറുക..
2.എങ്ങിനെ മലയിൽ കയറാമെന്നുള്ള ശരിക്കുള്ള പാത്
ദൂരെനിന്നും നോക്കുമ്പോൾ മല മനോഹരമായിരിക്കും എന്നാൽ അടുക്കുന്തോറും ഒരുപാട് തടസ്സങ്ങൾ കാണും നിറയെ റോഡും കാടും ഒക്കെയായി. ഏതുവഴിയിലൂടെ നടന്നാൽ മലയിൽ എത്താം എന്നു തിരഞ്ഞ് കണ്ടെത്തുക..
3. മുൻപ് കയറിയിട്ടുള്ളവരിൽ നിന്നുമുള്ള അനുഭവങ്ങൾ ഷെയർ ചെയ്യുക് ( മുൻപ് ജീവിച്ചവരുടെ/സ്നേഹിച്ചവരുടെ അനുഭവങ്ങൾ)
4. സൂക്ഷിച്ച് കാൽ വയ്ക്കുക.. അപകടങ്ങൾ അടുത്താകുമ്പോൾ നമുക്ക് തരണം ചെയ്യാൻ കുറച്ചുകൂടി എളുപ്പമാൺ.. കൂർത്തുമൂർത്ത കല്ലുകളോ, വിള്ളലുകളോ ഒക്കെ ഉണ്ടോന്ന് നോക്കി കാൽ വയ്ക്കുക..
5. ദൂരം താണ്ടും തോറും കാണുന്ന പ്രകൃതി ദൃശ്യങ്ങൾക്കും മാറ്റം വരും അത് ആസ്വദിക്കാൻ ശ്രമിക്കുക
6. നമ്മുടെ ശരീരത്തെ സൂക്ഷിക്കുക.
അധികം ആക്രാന്തവും പാടില്ല അധികം മെല്ലെയുമാകരുത്.. ഇടക്ക് നല്ല തെളിനീരൊക്കെ കുടിച്ച്, നല്ല പഴവർഗ്ഗങ്ങളോക്കെ ശാപ്പിട്ട്.. എൻജോയ് യുവർ ട്രിപ്പ്..
7. നമ്മുടെ ആത്മാവിനെ സംരക്ഷിക്കുക..
നടക്കുന്നത് ഒരു വലിയ പാടായി കരുതാതെ റിലാക്സ് ചെയ്ത് നടക്കുക..അത് ആത്മാവിന് സന്തോഷം നൽകും..
8. എപ്പോഴും ഒരടികൂടി അധികം വയ്ക്കാൻ തയ്യാറായി നടക്കുക..
9. മുകളിലെത്തുമ്പോൾ സന്തോഷിക്കുക!
10. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കഴിവിൽ അഭിമാനിക്കാം. ഇത് ദിവസം മുഴുവൻ ഈ ആത്മവിശ്വാസം നിലനിർത്തുമെന്നും അത് അടുത്ത മല കയറ്റത്തിനു പ്രേരകമാകും എന്നും പ്രതിജ്ഞ ചെയ്യുക..
11. നിങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുക ( ജീവിതവിജയത്തെപ്പറ്റി)..
ഇനി അദ്ദേഹം നമ്മുടെ ജീവിതത്തെ ഒരു പെൻസിലുമായി ഉപപിച്ചിരിക്കുന്നത് നോക്കുക!
പെൻസിലിനെ നാമായി കരുതുക..
1) പെൻസിലിനു ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനാകും പക്ഷെ എപ്പോഴും ഓർക്കുക പെൻസിലിനെ പിടിക്കാൻ ഒരു കൈവേണം.. ആ കൈ ദൈവമായി കരുതുക
2) വേദന സഹിച്ചെങ്കിലും ഇടയ്ക്കിടെ പെൻസിൽ മൂർച്ച കൂട്ടിയാലേ എഴുതാനാകൂ (പരുക്കൻ യാധാർഥ്യങ്ങൾ നമ്മെ കൂടുതൽ മികച്ചവരാക്കും)
3) തെറ്റുകൾ തിരുത്താനുള്ള സന്ന്ദ്ധത. (പെന്‍സിലിന്റെ തെറ്റുകള്‍ ഇറേസര്‍ കൊണ്ട്ട് മായ്ക്കാനാകും അതുപോലെ
4) ഉള്ളിലെ കാമ്പാണ് പ്രധാനം! അതുകൊണ്ട് ഓരോ പ്രവർത്തിയും നമ്മുടെ ആത്മാവിനെ എങ്ങിനെ ബാധിക്കുന്നു എന്ന് ശ്രദ്ധവത്താകുക..
5) പെൻസിൽ ഒരു മാർക്ക് ശേഷിപ്പിക്കും .. അത്പോലെ നമ്മുടെ ഓരോ പ്രവർത്തിയും എവിടെയെങ്കിലും ഒരു പാടുണ്ടാക്കും.. അതറിഞ്ഞ് ആ പാടുകൾ നാല്ലവയാക്കാൻ ശ്രദ്ധിച്ച് ജീവിക്കുക...
എത്ര നല്ല സന്ദേശം അല്ലെ?!
ഇനി ബാക്കി കഥ വായിച്ചിട്ട് എഴുതാം...
ഒടുവിൽ എത്തിപ്പെട്ടു! ആശ്വാസമായി!
‘എന്തുകൊണ്ട് വരാൻ കഴിഞ്ഞില്ല ആത്മേ?’ എന്നു സ്വാഭാവികമായും ബോഗിനു ചോദിക്കാൻ തോന്നും അല്ലെ,
വരാൻ കഴിയാഞ്ഞതെന്തെന്നാൽ.. ആലോചിച്ചാലോചിച്ച്.. അല്ലെങ്കിൽ.. ഈ സാങ്കല്പികലോകത്ത് ജീവിച്ച് ജീവിച്ച് ആത്മ പെട്ടെന്നൊരുദിവസം അങ്ങ് തളർന്ന് പോയി.. അത്രതന്നെ.
എന്നുവച്ചാൽ.. ബ്രയിൻകൊണ്ടല്ലെ ഈ സാങ്കല്പിക ലോകം ഒക്കെ പടുത്തുയർത്തുന്നത്..?!, (ഹൊ! എത്രവർഷങ്ങളായി ഈ സാങ്കൽപ്പിക ലോകത്ത് ജീവിക്കാൻ തുടങ്ങീട്ടെന്നറിയാമോ!)
പെട്ടെന്നൊരു ദിവസം ബ്രയിനിനു ഒരു തളർച്ച!
യധാർത്ഥലോകത്ത് പോയി അങ്ങിനെ ചിന്താവിഷ്ടയായി ഇരിക്കാൻ തുടങ്ങി
എന്തുപറഞ്ഞ മനസ്സിനെ ആശ്വസിപ്പിക്കാൻ..?!
യധാർത്ഥലോകത്ത് തീർത്താൽ തീരാത്ത ജോലികൾ മാത്രം.
അതൊക്കെ ഒരുവിധം തീരുമ്പോൾ മനസ്സ് ശാഠ്യം പിടിക്കും.. ഇവിടെ നിനക്ക വേതനമില്ലാജോലികൾ മാത്രമേ ഉള്ളൂ ആത്മേ..,പോയി വല്ലതുമൊക്കെ എഴുതൂ ആത്മേ.. എന്ന് !
എന്തെഴുതാൻ?!
ആത്മയുടെ മനസ്സ് ശൂന്യം!!!
കഥകളൊക്കെ എഴുതാമെന്നു വച്ചാൽ അതിനുള്ള അനുഭവങ്ങളോ, ഇമാജിനേഷനോ ഒന്നും ഇല്ലാതാനും..
പക്ഷെ ഒന്നു മനസ്സിലായി.. ഈ ബ്ലോഗെഴുതുന്ന ഇമാജിനേഷനല്ല കഥകളൊക്കെ എഴുതാൻ വേണ്ടത് എന്നുമാത്രം തൽക്കാലം മനസ്സിലായി..
വേണ്ടത്ര ഇമാജിനേഷൻ ഒന്നും ഇല്ലാതെ വല്ലതുമൊക്കെ എഴുതിക്കൂട്ടിയാൽ അത് കഥയൊന്നും അകില്ല എന്നും മനസ്സിലായീ.. അത്, വെറുതെ വിഢ്ഢിവേഷം കെട്ടൽ മാത്രം ആകും..
ആത്മയ്ക്ക് തൽക്കാലം ഇത്രയൊക്കെ മനസ്സിലായി..
എന്റെ ബ്ലോഗും തൽക്കാലം ഇത്രേം മനസ്സിലാക്കിയാൽ മതി കേട്ടൊ...
ബാക്കി ഇനി ബ്രയിൻ വർക്ക് ചെയ്യാൻ തുടങ്ങുമ്പോൾ തുടരാം..
ആകെ സമനില തെറ്റിയ മട്ടിലാണ് മീന തോട്ടത്തിൽ ഉലാത്തിയത്..
ഒന്നും ശരിയാകുന്നില്ല.. ചെയ്യുന്നതൊക്കെ അപൂർണ്ണം..
വേണ്ടെന്നുവച്ചാൽ തകർന്നുപോകുന്നവ
താൻ തന്നെ പടുത്തുയർത്തിയ കൊച്ചു കൊച്ചു ലോകങ്ങൾ
വീട്, കുട്ടികൾ, എഴുത്ത്...
ഒരു നിമിഷം കൈവിട്ടാൽ തകർന്നുടഞ്ഞേക്കാവുന്ന
വിലപ്പെട്ട കളിപ്പാട്ടങ്ങൾ പോലെ..
അവൾക്ക് വല്ലാത്ത ഭയം തോന്നി..
അപ്പോഴാണ് തേന്മാവിൽ ഒരു പൂങ്കുയിൽ വന്നിരുന്നത്
അവൾ മാധുര്യത്തോടെ അങ്ങകലെയെങ്ങോ ഇരിക്കുന്ന പ്രിയതമനെ വിളിച്ചു
മീനക്ക് പെട്ടെന്നവളോട് ഈർഷ്യ തോന്നി “ചീത്ത കിളി”
കിളി പെട്ടെന്ന് ചോദിച്ചു,
പ്രേമം പാപമാണെങ്കിൽ
പ്രേമിക്കുന്നവരൊക്കെ പാപികളല്ലേ?!
അപ്പോൾ പിന്നെ എല്ലാരുക്കും പാപികളെയല്ലെ
പ്രേമിക്കാൻ കിട്ടൂ..?!
അപ്പോൾ അരികിൽ ഇരുന്ന ഒരു കൊച്ചു റോസാപ്പൂവിനും സംശയം..
ഒരു പ്രശ്നത്തിന് രണ്ടു ഉത്തരം ഉണ്ടാകുമോ?!
ഒന്നുമാത്രം എഴുതിയാൽ തെറ്റിപ്പോകുന്ന ഒരു പ്രശ്നത്തിന്റെ പ്രശ്നം?
അപ്പോൾ മുല്ലമൊട്ടിനു കരച്ചിൽ വന്നു..
എന്തേ എന്റെ മൊട്ടുകൾ വിടരാനനുവദിക്കാതെ
ചിലർ തലയിൽ ചൂടാൻ പറിക്കുന്നു?!
അരും കാണാതെ എന്നിൽ വിടരുന്ന പൂക്കളൊക്കെ
എനിക്ക് തല്ലിക്കൊഴിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്?!
ചുറ്റും സംശയങ്ങൾ കൊണ്ട് പൊറുതി മുട്ടിയ മീന ഓടി അകത്തു കയറി..
ആയ്ക്കുന്നുണ്ടായിരുന്നു. വല്ലാത്ത ഒരു തരം ഭയം..
പണ്ടെങ്ങോ ഈ സംശയങ്ങളൊക്കെ തനിക്കും ഉണ്ടായിരുന്നു.
നേരിടാനാകാതെ തോറ്റോടി ഒളിച്ചിരിക്കുന്ന തന്നോടു തന്നെ ഈ ചോദ്യങ്ങൾ വേണമായിരുന്നോ?!
എന്റെ കിളിയേ, എന്റെ റോസാപ്പൂവേ, എന്റെ മുല്ലമൊട്ടേ... ?!
വെറുതെ ബ്ലോഗുകളൊക്കെ വായിച്ചിട്ട് പോകാമെന്നു കരുതി. പിന്നെ മനസ്സു കേൾക്കുന്നില്ല.അതിനു വല്ലതും എഴുതണം പോലും! എങ്കിപ്പിന്നെ എഴുതിക്കോട്ടെ, പാവമല്ലെ.
രണ്ടു ദിവസമായി രണ്ടുമൂന്ന് സിനിമകൾ കണ്ടു.
ആദ്യം കണ്ടത് ‘കയ്യൊപ്പ്’ എന്ന പടമായിരുന്നു. മമ്മൂട്ടിയും കുശ്ബുവും കൂടി അഭിനയിച്ച പടം. മമ്മൂട്ടി എന്തു തികവോടെ അഭിനയിച്ചിരിക്കുന്നു! നല്ല ഒരു പടം.
രണ്ടാമത് ‘ടൈം’ കണ്ടത് മറ്റാരോ കണ്ടതിന്റെ അനുഭവം എഴുതിയതിൽ വാസ്തവം വല്ലതും ഉണ്ടോന്നൊക്കെ അറിയാനുംകൂടിയായിരുന്നു. ഏതിനും ആദ്യാവസാനം കണ്ടു. (ആത്മ എത്ര നോക്കിയിട്ടും ക്യാമറയുടെ ആംഗിളും സുരേഷ് ഗോപിയുടെ തലയും ക്ലോസപ്പും.. ഒന്നും മനസ്സിലായില്ലേ..! അതിനിനി ഒരു ജന്മം കൂടി ജനിക്കണമായിരിക്കും). ഏതിനും സുരേഷ് ഗോപി തകർത്തഭിനയിച്ചിരിക്കുന്നു! (സുരേഷ് ഗോപിയുടെ പടം ആദ്യമായാണ് ക്ഷമയോടെ ഇരുന്ന് കാണുന്നത്) അല്പം കൂടി മിതത്വം പാലിച്ചിരുന്നെങ്കിൽ ഒരുപക്ഷെ സഹിക്കബിൾ ആകുമായിരുന്ന ഒരു പടമെന്നു തോന്നി.
ഇന്ന് ദിലീപിന്റെ ‘ചെസ്സ്’ എന്ന പടം കണ്ടു. കണ്ടെന്നു വച്ച് നഷ്ടമൊന്നും തോന്നില്ല. എനിക്കിഷ്ടമായി ദിലീപിന്റെ അഭിനയം.
ഒടുവിൽ കണ്ടത് മോഹൻലാലിലെ ‘ബാബാ കല്യാൺ’। മോഹൻലാൽ തന്റെ പ്രായത്തിന്റെ പക്വതയോടെ അഭിനയിക്കുന്നതായി തോന്നി। നടിക്ക് പ്രായം കുറവാണെന്നൊന്നും തോന്നിച്ചില്ല। കാരണം അല്പം പക്വതയുള്ള നായകനും നായികയും ആയിരുന്നു।
എല്ലാ പടങ്ങളും ടി।വി. യിൽ വന്നപ്പോൾ കണ്ടതാണേ॥
വെറുതെ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരുന്നപ്പോൾ എഴുതിയെന്നേ ഉള്ളൂ..
ബാക്കി നാളെ..
നാളെ വന്നു,
ഞാനും വന്നു
എനിക്ക് ബ്ലോഗെഴുതാതിരിക്കാനാവുന്നില്ല. വലിയ വിശേഷങ്ങളില്ലെങ്കിലും എന്തുചെയ്യാന്‍!
ദൈവം ഒരുപക്ഷെ, ആത്മയെപ്പോലുള്ളവര്‍ക്കുവേണ്ടിയായിരിക്കാം ബ്ലോഗ് കണ്ടുപിടിച്ചതും!
എഴുതി കൊതിയൊക്കെ തീര്‍ത്തോട്ടെ എന്നു കരുതിക്കാണും..
ഇന്ന് ‘നരൻ’ സിനിമ കണ്ടു.
മോഹന്‍ലാലിനു തടികൂടിയിരുന്നെങ്കിലും (ഇപ്പോള്‍ കുറച്ചെന്നു തോന്നുന്നു), എന്തൊരു അഭിനയമാണെന്റെ ഭഗവാനേ! അഭിന്നയിക്കുന്നെങ്കില്‍ ഇങ്ങനെ അഭിനയിക്കണം (ഇതൊരു സാദാ വീട്ടമ്മയുടെ വീക്ഷണമാണേ..).
ആത്മ വീണ്ടും മോഹന്‍ലാല്‍ ഫാന്‍ ആയി. മെനിങ്ങാന്ന് ‘കയ്യൊപ്പ്’ സിനിമ കണ്ടപ്പോള്‍ അലപ്പസ്വല്പം ചാഞ്ചല്യം തോന്നിയതായിരുന്നു. ഇപ്പോള്‍ അതൊക്കെ പോയി. ഇനി ഈ ജന്മം അഭിപ്രായം മാറുമെന്നു തോന്നുന്നില്ല (അതിനു തക്ക വയസ്സും ഇനി ഇല്ലല്ലൊ).
പൃഥ്വിരാജൊക്കെ വന്നപ്പോള്‍ ഒരു നിമിഷം ശങ്കിച്ചിരുന്നു മോഹന്‍ലാല്ന്റെ പദവി പോകുമെന്ന്.
ഒന്നും ഉണ്ടായില്ല. പൃഥ്വിരാജ് മൂത്തവരെ ബഹുമാനിച്ച്, സ്വയം ഒതുങ്ങി നില്‍ക്കുന്നതൊ അറിയില്ല.
ഏതിനും ഒന്നുമായില്ല. മോഹന്‍ലാല്‍ ഇപ്പോള്‍ പഴയ പ്രൌഡിയില്‍ തന്നെ തിരിച്ചു വന്നിരിക്കുന്നു.
അല്ല, ഇപ്പം മോഹന്‍ലാലിന്റെ അഭിനയം കൊള്ളില്ല, അല്ലെങ്കില്‍, ഓവര്‍ ഏജ് ആകാന്‍ പോകുന്നു, എന്നൊക്കെ വയ്ക്കുക, പക്ഷെ, അതുപോലെ കാണികളെ പിടിച്ചിരുത്തുന്ന അഭിനയം മറ്റാര്‍ക്ക് കാഴ്ച്ചവയ്ക്കാനാകും?! ഒരുപാട് പേരുണ്ട് മോഹന്‍ലാലിനെപ്പോലെയോ അതിലധികമോ അഭിനയിക്കുന്നത്. പക്ഷെ, നല്ല ഒരു സിനിമ കണ്ടു എന്ന സംതൃപ്തിയോടെ എഴുന്നേറ്റുപോകാന്‍ ആത്മ ആരേം കണ്ടില്ല.
ജനം എപ്പോഴും ജയിക്കുന്നവരുടെ കൂടെ നില്‍ക്കും. ശ്രീശാന്ത് പോക്കാണെന്നും പറഞ്ഞ് ബ്ലോഗിലും എവിടെയും ശ്രീശാന്തിനു കോട്ടം വന്നപ്പോള്‍ പലരും പറഞ്ഞു (സ്പോര്‍ട്ട്സുമായി ഒരു ബന്ധവും പാവം വീട്ടമ്മയ്ക്കില്ലേ..കേരളരക്തസ്നേഹം മാത്രം). ഇനിയിപ്പോള്‍ വീണ്ടും ശ്രീശാന്തിനെ പൊക്കി എടുത്ത് നടക്കും. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ എന്നതിനു ഉത്തമോദാഹരണം.
അതുപോലെ തന്നെ എല്ലായിടത്തും കാര്യങ്ങള്‍. സ്വയം രക്ഷിക്കാത്തവരെ ദൈവത്തിനുപോലും രക്ഷിക്കാനാവില്ലെന്നാണ് ചൊല്ല്. അതുകൊണ്ട് നാം തന്നെ നമ്മെ ഉയര്‍ത്തുക.. ബാക്കി ദൈവവും (ദൈവവും നാം ഉം ഒന്നല്ലെ!), പിന്നെ ബാക്കി സമൂഹവും. എല്ലാ കാര്യങ്ങളും ഇങ്ങിനെ തന്നെ.
തളര്‍ന്നുപോയാല്‍ പോയീ..
[ആത്മയ്ക്ക് തോന്നുന്നത് ആത്മ എഴുതി. (ആത്മയുടെ ലോകപരിചയത്തിനകത്തില്‍ (അടുക്കള) നിന്നു കിട്ടിയ അറിവ്). പാടുപെട്ട്.. അല്ല.. പാടുപെട്ടല്ല.. ആത്മസംതൃപ്തിക്കായി എഴുതുന്നു.. എങ്കിപ്പിന്നെ കമന്റ് കിട്ടിയില്ലെങ്കിലും സാരമില്ല നാലുപേര് വായിക്കുന്നെങ്കില്‍ വായിച്ചോട്ടെ എന്നുകരുതി ഇത് കട്ട് ചെയ്ത് പുതിയ പോസ്റ്റാക്കാന്‍ പോകുന്നു. എഴുതിയത് മഹത്തരമായതുകൊണ്ടൊന്നുമല്ല.
ബ്ലോഗില്‍ അങ്ങിനെയൊക്കെ ഓപ്ഷന്‍സ് ഉള്ളതുകൊണ്ടു മാത്രം.. ]
റെസ്റ്റ് ഇന്‍ നെക്സ്റ്റ് (ഇനി അടുത്തതില്‍ റെസ്റ്റെടുക്കാം..)
പി. എസ്സ്.
കട്ട് ആന്റ് പേസ്റ്റ് ചെയ്യാന്‍ ധൈര്യം വന്നില്ല. ചിലപ്പോൾ അല്പം കൂടി ചേര്‍ക്കാന്‍ പറ്റുമെങ്കില്‍ ചേര്‍ത്തിട്ടാകാം.
സന്തോഷവും മദ്യവും ഒരുപോലെയാണ്. രണ്ടും നമ്മൾ അനുഭവിക്കും തോറും കൂടുതൽ കൂടുതൽ ആസക്തി വന്നുകൊണ്ടിരിക്കും.. കാരണം, അതിന്റെ അളവ് കൂടിക്കൂടി എടുക്കേണ്ടി വരും ഫലം കിട്ടാൻ ആദ്യം ഒരു പെഗ്ഗടിച്ചാൽ കിട്ടുന്ന സുഖം കുറച്ച് കഴിയുമ്പോൾ ഒന്നര പെഗ്ഗ് അടിച്ചാലേ കിട്ടൂ
അതുപോലെതന്നെയാണ് ഈ സന്തോഷത്തിന്റെ കാര്യവും ആദ്യം ഒരു കൊച്ചു പൂവ് മതി സന്തോഷം വരാൻ പിന്നെ പിന്നെ ഒരു പൂന്തോട്ടം മുഴുവനും വേണം സന്തോഷിക്കാൻ എന്നാകും
പ്രേമത്തിന്റെ കാര്യവും ഇതുപോലെതന്നെ. ആദ്യം ഒരാൾക്ക് തന്നെ ഇഷ്ടമാണെന്ന് മറ്റൊരാൾ വഴി അറിഞ്ഞാൽ പോലും വർഷങ്ങളോളം പാട്ടും പാടി നടന്നേക്കാം. പിന്നീട് അയാൾ നേരിട്ടു പറഞ്ഞാലേ സന്തോഷപ്പെടൂ എന്നാകും. അതും കഴിയുമ്പോൾ (വിവാഹം കഴിഞ്ഞാൽ?) പിന്നെ അയാൾ എത്ര പറഞ്ഞാലും സന്തോഷമേ വരില്ല. “ഓ! ഇതു ഞാൻ എത്ര പ്രാവശ്യം കേട്ടതാണ്, പ്രാക്റ്റിക്കലാകാൻ നോക്കൂ മനുഷ്യാ” ‘ദാ അപ്പുറത്തെ ചങ്കരൻ കണ്ടോ കിണ്ണാരവും പറഞ്ഞോണ്ടിരിക്കാതെ നാലു കാശും പവ്വറും ഒക്കെ ഉണ്ടാക്കി വലിയവനായത്!’ എന്നുപോലും പറഞ്ഞേക്കും. ഒരു വാക്കിൽ ഒരു നോക്കിൽ എല്ലാം ആയി എന്നും പറഞ്ഞ് നടന്നവർ.
അൽഭുതമെന്നു പറയട്ടെ, ദുഃഖങ്ങളുടെ കാര്യവും! ഇതുപോലൊക്കെ തന്നെ! ഒരു കുഞ്ഞു പെൻസിൽ കളഞ്ഞുപോയതിന് ഒരു ദിവസം മുഴുവൻ കരഞ്ഞു നടക്കുന്ന കുട്ടി, പോകെ പോകെ, വലിയ വലിയ നഷ്ടങ്ങൾ ഒക്കെ നിസ്സാരമായി കാണാൻ പഠിക്കുന്നു. കുറേക്കൂടി കാഠിന്യമേറിയ നഷ്ടങ്ങൾക്കേ പിന്നെ വിഷമിപ്പിക്കാനാകൂ എന്നാകും.
മറ്റൊരു വിചിത്രമായ കാര്യം എന്തെന്നാൽ, ദുഃഖവും സന്തോഷവും/ വേദനയും ഒക്കെ അത് അനുഭവിക്കുന്നവരുടെ മനോഭാവം അനുസരിച്ചിരിക്കും എന്നതാണ്.
പണ്ട് പുരാണത്തിലോ മറ്റോ ഒരു രാജപത്നി പ്രസവം അടുക്കുന്തോറും ഭയം പൂണ്ട് നടക്കുമ്പോൾ ഒരിക്കൽ ആരോ കൃക്ഷിസ്ഥലത്ത് കൂട്ടിക്കൊണ്ട് പോയി അവിടെ പാടത്ത് വേലചെയ്തുകൊണ്ട് നിന്നിരുന്ന ഒരു ചെറുമിയ്ക്ക് പ്രസവ വേദന വരുന്നതും, അവൾ അല്പം അകലെ ഒരു കുറ്റിക്കാട്ടിൽ പോയി പ്രസവിച്ച്, കുറച്ച് കഴിഞ്ഞ് കുഞ്ഞിനെ ഒരിടത്ത് കിടത്തിയിട്ട് വന്ന് തന്റെ ബാക്കി ജോലി മുഴുമിപ്പിക്കുന്നത് കണ്ടുവത്രെ! അത് ആ രാജ്ഞിയുടെ ഭയം തെല്ലൊന്നു കുറയ്ക്കയും ചെയ്തുവത്രെ!
പ്രസവം രണ്ടു സ്ത്രീകൾക്കും തുല്യമായ അനുഭവമാകണമല്ലോ, രാജകൊട്ടാരത്തിൽ സുഖിച്ചു കഴിയുന്ന രാജ്ഞിയ്ക്ക്, ദുഃഖം എന്തെന്നറിയാതെയും വേദനയെന്തെന്നറിയാതെയും ഒക്കെ വളരെ സെൻസിറ്റീവ് ആയി ജീവിച്ചതുകൊണ്ട്, പ്രസവം ഒരു കഠിനമായ; വേദനിപ്പിക്കുന്ന; ഭയപ്പെടുത്തുന്ന അനുഭവമാകുന്നു. എന്നാൽ പാടത്തും മറ്റും പണിയെടുത്തും ഒക്കെ പരുക്കൻ ജീവിതം നയിക്കുന്ന ചെറുമിയ്ക്ക് ഒരു സാധാരണ സംഭവം മാത്രം.
ദുഃഖത്തിന്റെ കാര്യവും ഇതുപോലെയാണ്. കൂടുതൽ സുഖമായി, സെൻസിറ്റീവ് ആയി ജീവിക്കുന്നവരാണ് തീരെ ചെറിയ കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ദുഃഖവും ഒക്കെ കണ്ടുപിടിക്കുന്നത്.
പ്രാവാസികൾ എന്നൊക്കെ പറഞ്ഞ് ആധിപിടിച്ച് പലരും നടക്കുമ്പോൾ, നാട്ടിൽ ഒരു നേരം ആഹാരമില്ലാതെ കലഹിച്ചും മറ്റും നടക്കുന്ന ഒരു പട്ടിണിക്കാരന് അന്യനാട് അത്ര നോസ്റ്റാൾജിയ കൊടുത്തെന്നു വരില്ല. അങ്ങിനെ എത്രയോ ഉദാഹരണങ്ങൾ..
തോറ്റു തോറ്റു കിടക്കുന്നവന് തോൽവി ഒരു പുത്തരിയേ അല്ലായിരിക്കാം എന്നാൽ എല്ലായിടത്തും ജയം മാത്രം അനുഭവിച്ച് പരിചയമുള്ളവന് ഒരു ചെറിയ തോൽവി പോലും അപമാനമായോ, ആത്മഹത്യാപരമായോ ഒക്കെ തോന്നിയേക്കാം..
തുടരും..
എന്റെ കാര്യവും അതുപോലെ തന്നെ. കുറെ ദിവസമായി സന്തോഷിക്കാനേ പറ്റാതെ നടന്നു.
ഇന്ന് ഒരു കാരണവുമില്ലാതെ ഇതാ സന്തോഷം പടിവാതിലിൽ!
എവിടുന്നു വന്നു? എങ്ങിനെ വന്നു (ബസ്സിലോ, ട്രയിനിലോ) എന്നൊന്നും എനിക്കറിയില്ല!
ഏതിനും എന്റെ കൂടെ ഇപ്പോൾ സന്തോഷം ഉണ്ട്. അടുത്ത നിമിഷം അപ്രത്യക്ഷമായേക്കാനും മതി!
ഇത്രയും ചപലനായ ഒരു സുഹൃത്ത് വേറേ കാണില്ല. എങ്കിലും എല്ലാർക്കും വേണം, സുഖം, സന്തോഷം..അതിനായി അലയുകയാണ് മനുഷ്യരെല്ലാം
തുടരും..
[എന്റെ കമന്റ് ഓപ്ഷൻ കാണാനില്ലായിരുന്നു. ഇപ്പോൾ ശരിയാക്കി നോക്കി. (അത് new posts have no comments എന്നും new posts have new backlinks എന്നുമൊക്കെ കണ്ടു. അതായിരുന്നു അതിന്റെ പ്രശ്നം!) ശരിയായോന്നറിയാൻ ഇട്ട പോസ്റ്റാണ്. മുൻപ് എഴുതിയതുവല്ലതുമാണെങ്കിൽ ക്ഷമിക്കുക]
കഴിഞ്ഞ ജീവിതത്തിന്റെ ബാക്കി എങ്ങിനെയെന്നാൽ..
ഞാന്‍ ബ്ലോഗെഴുതുന്നതെന്തിനാണെന്ന് കഴിഞ്ഞ പോസ്റ്റില്‍ സൂചിപ്പിച്ചുവല്ലൊ,
ബോറടി മാറ്റാനും, പിന്നെ ജീവിച്ചിരിക്കുന്നു എന്നു തോന്നാനും, ഇതിനെല്ലാറ്റിനുമുപരി എന്റെ ഹോബിയും..
എഴുതാന്‍ വന്നതെന്തെന്നു വച്ചാല്‍..,
കഴിഞ്ഞ പോസ്റ്റില്‍ എഴുതി ‘നാം പെട്ടെന്നെങ്ങന്ന് മരിച്ചുപോകുന്നു എന്നു കരുതുക, അതുവരെയേ കാണുള്ളൂ ഈ എഴുത്ത്’ എന്ന് എഴുതിയല്ലൊ, എത് തന്നെ രണ്ടര്‍ത്ഥത്തിലും എടുക്കാം.
പെട്ടെന്നങ്ങ് മരിച്ചുപോകും എന്നു കരുതി മനസ്സില്‍ തോന്നുന്നതെന്തും വലിച്ചുവാരിയെഴുതി മറ്റുള്ളവരുടെ വെറുപ്പും നിന്ദയും കൂട്ടിവച്ചും പോകാം..,
മറിച്ചും ആകാം.., നമ്മുടെ മനസ്സിലെ നല്ല വിചാരങ്ങളും പ്രവൃത്തികളും എഴുതുകയും ആകാം.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ, നാം ഇന്നങ്ങ് മരിച്ചുപോവുകയാണ്, ഇഹലോകത്തില്‍ ബ്ലോഗെഴുതാന്‍ പറ്റില്ല; നാം പോസ്റ്റിയത് ഡിലീറ്റ് ചെയ്യാനും മാറ്റിയെഴുതാനും ഒന്നും പറ്റാത്ത സ്ഥലത്തായിപ്പോകുന്നു എന്നു കരുതുക;
അവിടെനിന്നും(പരലോകത്ത് നിന്നും) നോക്കുമ്പോള്‍ നാം എഴുതിയതൊക്കെ ആത്മാര്‍ത്ഥമായും നമ്മുടെ മനസ്സാക്ഷിക്കനുസൃതമായിരുന്നു എന്നും കരുതി സമാധാനിക്കാന്‍ തക്കവണ്ണം ആയിരിക്കണം നമ്മുടെ എഴുത്ത് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.
(പെണ്ണുങ്ങൾ എഴുതുന്നത് ആണുങ്ങൾ എഴുതുന്ന അതേ ഒരു കാഴ്ചപ്പാടോടെ കാണാനപേക്ഷ. തുടരട്ടെ..,)
ഇന്ന് വിശേഷങ്ങള്‍ എന്തൊക്കെ എന്നു ചോദിച്ചാല്‍,
കമ്പ്ലീറ്റ് ബോറടി തന്നെയായിരുന്നു. എന്നാല്‍പിന്നെ ബോറടി മാറ്റാനായിട്ട് ടി.വി കാണാമെന്നു കരുതി.
ടി.വി യില്‍ ‘പാര്‍ത്ഥന്‍ കണ്ട പരലോകം‘ തകര്‍ത്തുവച്ച് നടക്കുന്നു!
ജയറാമിന്റെ തകര്‍പ്പന്‍ അഭിനയം! ജയറാം വളരെ സ്മാര്‍ട്ടും, സുന്ദരനും ഒക്കെയാണെന്നറിയാമായിരുന്നെങ്കിലും, ‘തലയിരിക്കമ്പം വാലാടാരുതെന്ന’ പഴമൊഴിയില്‍ കണ്ണടച്ചു വിശ്വസിച്ച്, മമ്മൂക്കയും മോഹന്‍ലാല്‍ സാറും ഒക്കെയുള്ളപ്പോള്‍ പിന്നെ മറ്റുള്ളവരൊക്കെ എത്ര തകര്‍പ്പന്‍ അഭിനയങ്ങള്‍ കാഴ്ച്ചവച്ചാലും അക്സപ്റ്റ് ചെയ്യാന്‍ ഒരു മടി.
അങ്ങിനെ അക്സപ്റ്റ് ചെയ്യാന്‍ കൂട്ടാക്കാതെ പോയവരില്‍ ഒരുപാട് നല്ല നടന്മാര്‍ ഉള്‍പ്പെടുന്നു മുകേഷ്, സിദ്ദിക്ക്, സായ്കുമാർ, ജഗദീഷ്, ലാലുഅലക്സ്, .... പിന്നെ ദിലീപ് (ദിലീപിന്റെ നിലനില്‍പ്പ് രഹസ്യം ഇപ്പോഴും ഒരല്‍ഭുതമാണ്. വിവാഹക്കാര്യത്തിലായാലും അഭിനയത്തിലായാലും). ശരീര സൌന്ദര്യമല്ല, അഭിനയത്തികവും ആത്മവിശ്വാസവും, കഠിനാധ്വാനവും ആണ് ഒരു നടനാവശ്യമെന്ന് കാട്ടിത്തരികയാണൊ ദിലീപ് ?!
ബിജുമേനോനും പൃഥ്വിരാജിനും ഒക്കെ മേല്‍പ്പോട്ടുവരാനാകാത്തതും നമ്മുടെ (പൂരിഭാഗത്തിന്റെ) ഈ ഏകനടാരാധനാ വ്രതമാണെന്നു തോന്നുന്നു..
അപ്പോള്‍ പറയാന്‍ വന്നതെന്തെന്നു വച്ചാല്‍.., ഈ ഏകാരാധനാവ്രതവുമായി നടന്ന ഞാന്‍ മോഹന്‍ലാലിന്റെ ആരാധികയായിരുന്നു. അതുകൊണ്ട്, (അതുകൊണ്ട് മമ്മൂമ്മക്കൊന്നും സഭവിച്ചില്ല എന്നത് വേറേ കാര്യം!) മമ്മൂക്കയുടെ എത്രയോ നല്ല പടങ്ങള്‍ ആസ്വദിക്കാനാകാതെ വന്നു. പിന്നെ സുഹാസിനിയും മറ്റും കൂടെ അഭിനയിക്കുന്നതുകൊണ്ടും കഥയും അഭിനയവും മറ്റും അത്ര മികച്ചതായതിനാലും ശ്രദ്ധിക്കാതിരിക്കാനാവാഞ്ഞതുകൊണ്ട് കണ്ടിട്ടുണ്ടെങ്കിലും മമ്മൂക്കയുടെ സ്ഥാനത്ത് മോഹന്‍ലാലായിരുന്നെങ്കില്‍.. എന്ന് പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്.
പിന്നീട് നല്ല പ്രായമൊക്കെ കഴിഞ്ഞ് അല്പം കൂടി മച്യൂരിറ്റി ഒക്കെ വന്ന ശേഷമാണ് മമ്മൂക്കയുടെ പല പടങ്ങളും കണ്ട് ആസ്വദിക്കയും ആ നല്ല നടനെ തിരിച്ചറിയുകയും ചെയ്തു തുടങ്ങിയത് (എന്നു പറഞ്ഞ് മോഹന്‍ലാലിന്റെ സ്ഥാനം അവിടെതന്നെയുണ്ട്‍ താനും)
പിന്നീടൊന്നും മനസ്സിലായി, നല്ല സിനിമകള്‍ ആസ്വദിക്കണമെങ്കില്‍ ഈ ‘ഏകഫാന്‍ വ്രതം’ മറ്റിവച്ച് (നമ്മുടെ നായികമാരോട് കാട്ടും പോലെ- കേരളത്തിലെ പോരാഞ്ഞിട്ട് അന്യഭാഷയിലെ താരസുന്ദരിമാരെ പോലും ഹൊ എന്തൊരാരാധന!), അഭിനയത്തില്‍ മാത്രം ശ്രദ്ധിക്കണം എന്നും തോന്നി.
(അതൊക്കെ ഒരുതരം ഇഷ്ടം എന്നതില്‍ കവിഞ്ഞ് മാന്യതയ്ക്ക് കുറച്ചിലല്ല എന്നും മനസ്സിലായി. സ്ത്രീകൾ ഇത്രയൊക്കെ എഴുതിയത് അതിരുകടന്നോ ആവോ! ആർക്കറിയാം..!)
അങ്ങിനെ പറഞ്ഞു വന്നത് ‘പാര്‍ത്ഥന്‍ കണ്ട പരലോകം’ ആസ്വദിച്ച് കണ്ടുകൊണ്ടിരിക്കെ, പാര്‍ത്ഥന് ശ്രീകൃഷ്ണന്റെ ദര്‍ശനം കിട്ടിത്തുടങ്ങുന്നതുവരെ ഓ.കെ.
പിന്നീടെന്തുപറ്റി?! പെട്ടെന്ന് കഥയുടെ ഒഴുക്ക് നഷ്ടമായപോലെ.. ആകെ ബോറ്!
ജയറാമിനാണോ? സംവിധായകനാണോ? അതോ കഥയാണോ പണി പറ്റിച്ചത്?! (അതോ കാണിയായ ആത്മയ്ക്കാണോ കുഴപ്പം!)
ആത്മ ഇടയ്ക്കു വച്ച് ഒന്ന് അടുക്കളേല്‍ പോയിട്ടു വന്നപ്പോഴുണ്ട്, ദാ
നന്ദനം സിനിമേടെ എന്‍ഡിംഗ് പോലെ ജയറാം അങ്ങിനെ ഗുരുവായുരമ്പല നടയില്‍ നിന്ന് കൃഷ്ണ്ണന് റ്റാ റ്റാ പറയുന്നു..
എന്തേ മോഹന്‍ലാലിന്റെയും മമ്മൂക്കയുടെയും പടങ്ങളൊഴികെ ബാക്കിക്കൊക്കെ ഒരു പെര്‍ഫെക്ഷന്‍ വരാത്തത്. മനപൂര്‍വ്വമാകുമോ! ആ അറിയില്ല!
*
പിന്നീട് ടി. വി യില്‍ മുടങ്ങാതെ കാണുന്നത് സ്വാമി ഉദിത് ചൈതന്യജിയുടെ സംഭാഷണമാണ്. അതില്‍ മായയും മന്ത്രവും എന്തിനു മതവും (മഹാഭാഗവത കഥയാണു പറയുന്നതെങ്കില്‍ പോലും) അല്ല പ്രാധാന്യം. ജീവിതം എന്താണ്, എങ്ങിനെയാണ്, എന്നൊക്കെ ഒരു സാമാന്യ ബോധം കൈവരും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടാല്‍, തീര്‍ച്ച.
(ബ്ലോഗെഴുത്ത് അല്പം കൂടിപ്പോയ സമയമാകയാല്‍, കുറച്ചെ കേള്‍ക്കാന്‍ പറ്റിയുള്ളൂ, ഒരിക്കൽ സി.ഡി വാങ്ങി മുഴുവനും കേള്‍ക്കണം...)
*
രണ്ടുമൂന്നു ഗദ്യകവിത പോലെ എന്തൊക്കെയോ എഴുതി
പോസ്റ്റ് ചെയ്യാന്‍ മടി. അബോധമനസ്സില്‍ ഒരു നിമിഷം വന്നുപോകുന്ന ചിന്തകളും വികാരങ്ങളും (വലിയ വിമര്‍ശ്ശനബുദ്ധ്യാ അല്ലാതെ എഴുതിപ്പോകുന്ന, അല്ലെങ്കിൽ, ‘ഹൃദയത്തിന്റെ മാത്രം ഒരു ഭാക്ഷ’ യല്ലെ അത്?) അതൊക്കെ ആത്മയുടെ സ്ഥായിയായ ഭാവങ്ങളാണെന്ന് കരുതി തെറ്റിധരിക്കപ്പെടുമോ എന്ന ഒരു ഭീതികൊണ്ട്, കഴിവതും പബ്ലിഷ് ചെയ്യില്ല, എങ്കിലും ചിലപ്പോള്‍... ചില ദുര്‍ബല നിമിഷത്തില്‍..,-ഹൃദയം ബുദ്ധിയെ തോല്‍പ്പിക്കുമ്പോള്‍- അത് പബ്ലിഷ് ആയിപ്പോകും..-
നിര്‍ത്തട്ടെ,
[കുറച്ചുനാള്‍ മുന്‍പ് എന്റെ കൂട്ടുകാരി അവളുടെ മകനെ വെളിനാട്ടിലൊക്കെ അയച്ച് എന്തെങ്കിലും പ്രൊഫഷണല്‍ കോര്‍സിനു ചേര്‍ക്കണന്നു കരുതി നടന്നതിനെ ആസ്പദമാക്കി ഒരു കൊച്ചു കഥപോലെ എന്തോ ഒന്നെഴുതി. സമയം കിട്ടുമ്പോള്‍ തെറ്റുതിരുത്തി അത് പോസ്റ്റ് ചെയ്യണം..
ഒരുപാട് ആഗ്രഹങ്ങൾ ബാക്കികിടക്കുന്നു..! ]
ഈ സ്ത്രീയെഴുത്ത് സ്ത്രീയെഴുത്ത് എന്നൊക്കെ വാദിച്ച് എഴുതാൻ മാത്രം സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയൊന്നും ഉള്ള അറിവ് ആത്മയ്ക്ക് ഇല്ല. ആത്മ സ്ത്രീ എഴുത്ത് എന്നുദ്ദേശിക്കുന്നത്, മനസ്സിൽ തോന്നുന്നതൊക്കെ എഴുതുവാനുള്ള സ്വാതന്ത്രം മാത്രം. ചിലപ്പോൾ അതൊരു പൂവിനെപ്പറ്റിയാകും, ചിലപ്പോൾ ഒരു ചെറു ഉറുമ്പിനെപ്പറ്റിയാകും മറ്റുചിലപ്പോൾ ഞാൻ പരിചയപ്പെട്ടിട്ടുള്ള അപൂർവ്വം ചില മനുഷ്യരെപ്പറ്റിയും ആയിപ്പോകും..അല്ലാതെ പുറം ലോകത്ത് നടക്കുന്ന വിപ്ലവങ്ങളും ഒന്നും ആത്മയ്ക്കറിയില്ല.
ആത്മയെ തെറ്റിധരിക്കുന്നവരും ദുർവ്യാഖ്യാനം ചെയ്യുന്നവരും (അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കിൽ) ഒക്കെ ഒരിക്കൽ സ്വയം തിരുന്തിക്കൊള്ളും എന്ന് പ്രാർത്ഥിച്ചുകൊണ്ട് എഴുത്ത് തുടരട്ടെ..
ഇന്ന് യാത്രയെപ്പറ്റിയാകാം..
ആത്മക്ക് യാത്ര ചെയ്യുന്നത് വലിയ ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു. പ്രത്യേകിച്ച് ട്രയിനിൽ, പിന്നെ ട്രാൻസ്പോർട്ട് ബസ്സിൽ..പിന്നെ, കാറിൽ.. പിന്നോട്ട് ഓടിമറയുന്ന ഭൂപ്രകൃതികൾ എത്രകണ്ടാലും മതിവരില്ല. താൻ എന്തിനോ എങ്ങോട്ടൊ പോകുന്നു എന്ന തോന്നൽ.. തന്റെ ജീവിത യാത്ര കുറെ നേരം ഇനി ഈ വാഹനങ്ങൾ ചെയ്തോളും എന്ന ഒരു റിലാക്സേഷൻ..
പക്ഷെ, പൊടുന്നനവേ ആത്മയിൽ യാത്രയോടുള്ള ഭയം കുടിയേറി, പിന്നെ ഒടുവിൽ ആത്മയെ ആകെമൊത്തം അങ്ങ് വിഴുങ്ങിക്കളഞ്ഞു!!!
ഒരുപക്ഷെ, അപ്രതീക്ഷിതമായി ജീവിതത്തിലെ ഒരു പ്ലയിൻ യാത്ര ആത്മയെ ആത്മയുടെതെന്ന് കരുതിയ എല്ലാറ്റിൽ നിന്നും മൂടോടെ പറിച്ച് മാറ്റി മറ്റാരുടെയോ ലോകത്തിൽ.. ജീവിതത്തിൽ.. ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ ശിഷ്ടകാലം തള്ളിയതുകൊണ്ടാകാം...
ആദ്യം ഭയം തുടങ്ങിയത് പ്ലയിൻ യാത്രയോടായിരുന്നു.
കയറിക്കഴിഞ്ഞാൽ പൊങ്ങി ഒരു ബാലൻസ് എത്തുന്നതുവരെ സർവ്വ പരദൈവങ്ങളെയും വിളിച്ചോണ്ടിരിക്കും. പൊങ്ങി ഒരുവിധം ലവലായാൽ പിന്നെ ഒരു ബുക്ക് വായിക്കാമെന്നോ, ഒന്നു കണ്ണടച്ചു മയങ്ങാമെന്നോ കരുതിയാൽ ആകെ ഒരു ഭയം വന്ന് വിഴുങ്ങും. അടുത്തിരിക്കുന്നവരെയൊക്കെ സഹതാപത്തോടെ നോക്കും. ഒരുമിച്ച് ഒരു മരണയാത്രയ്ക്കൊരുങ്ങിയിരിക്കുന്ന മുഖങ്ങൾ പോലെ.. കൊച്ചുകുട്ടികളുടെ കളികൾ കാണുമ്പോൾ ആശ്വസിക്കും ‘കളിച്ചോളൂ കളിച്ചോളൂ, അപ്പോൾ പ്ലയിൻ താഴെപ്പോകുന്നതെപ്പോഴെന്നറിയാതെ അവസാനംവരെ കളിക്കാമല്ലൊ’, എന്നിങ്ങിനെ അധമ ചിന്തകൾ വന്ന് മൂടും.. ഒടുവിൽ പ്ലയിൻ താഴെയിറങ്ങുമ്പോൾ കാൽക്കീഴിൽ കിട്ടുന്ന മണ്ണിനെ കുനിഞ്ഞ് മുത്തം വയ്ക്കാൻ തോന്നും.. പക്ഷെ, ഇരുവശവും സ്റ്റടിവഡിയായി നിൽക്കുന്ന ഉദ്യോഗസ്ഥന്മാരെ മാനിച്ച്, കൂളായി നടന്ന് നേരേ അങ്ങ് പോകും..
തിരിച്ച് അന്യനാട്ടിൽ വന്നിറങ്ങുമ്പോഴും ഭൂമിയിൽ തൊടുന്നത് ആശ്വാസമാണ്. പക്ഷെ, എന്തോ, ചന്ദ്രനിലോ മറ്റോ ഇറങ്ങിയ ഒരു പ്രതീതിയാണ്. മണ്ണിനെ കുനിഞ്ഞ് മുത്തമിടാനൊന്നും തോന്നില്ല. മറ്റാരുടേയോ മണ്ണ്.. ഹും! ഇനി ഇവ്ടെ ശിഷ്ടകാലം.. എന്നിങ്ങ്നേ ജൽപ്പിച്ചോണ്ട് നടക്കും.. ഏതിനും പ്ലയിയിനിൽ നിന്നിറങ്ങിയല്ലൊ, അത്രയും ആശ്വാസം ..
(ഈ ഭയത്തിന് റാണിചന്ദ്ര കുടുബം , സൌന്ദര്യ ഒക്കെ ഒരു ഹേതുവാണെന്നും വേണമെങ്കിൽ പറയാം..)
പറഞ്ഞു വന്നത് ട്രാവൽ ഫോബിയയെപ്പറ്റി അല്ല്യോ.. തുടരട്ടെ,
ട്രയിന്‍ ഫോബിയ
ട്രയിൻ യാത്ര ആത്മയുടെ ഒരു സ്വപ്നമായിരുന്നു. എന്നെങ്കിലും ഒരിക്കൽ ഇന്ത്യ മുഴുവനും ട്രയിനിൽ ചുറ്റി സഞ്ചരിക്കണമെന്ന് ഒക്കെ സ്വപ്നം കണ്ടിരുന്നു കുറേനാൾ.. പക്ഷെ, സംഭവിച്ചതെന്തെന്നാൽ, പ്ലയിൻ യാത്ര ഭയന്നു ഭയന്ന് ആ ഭയം പിന്നെ ഒടുവിൽ ട്രയിൻ യാത്രയെയും പിടികൂടി. രാത്രി അപ്പർ ബർത്തിൽ കുലുങ്ങിക്കുലുങ്ങിക്കിടക്കുമ്പോൾ ഒരു പോള കണ്ണടയ്ക്കാൻ വയ്യാതായി. ദൈവമേ! ഏതുനിമിഷമാകുമോ പാളം തെറ്റുന്നത്, വല്ല വികൃതിപിള്ളാരോ മറ്റൊ പാളത്തിൽ വല്ല കമ്പോ കല്ലോ ഒക്കെ ഇട്ടിരുന്നാലും മതിയല്ലൊ, ട്രയിനിൻ ഉടൻ സ്റ്റോപ്പ് ചെയ്യാൻ പറ്റുമോ?! ഇല്ലല്ലൊ അല്ലെ! , ഇപ്പോൾ കിടക്കുന്ന ഈ ബർത്തോടെ വല്ല കുളത്തിലോ മറ്റോ ആയിരിക്കും അടുത്ത നിമിഷം! എങ്ങിനെ ഉറങ്ങാൻ.. വേണ്ടാ ഉറങ്ങണ്ടാ.. (ഈ ഭയത്തിന് എന്റെ ഒരു ബന്ധുകുട്ടി, യാത്രചെയ്തിരുന്ന ബോഗിയുടെ അടുത്ത ബോഗിവരെ കായലിൽ വീണു മുങ്ങി, കുട്ടി അൽഭുതകരമായി രക്ഷപ്പെട്ട സംഭവവുമായി ചെറിയ ബന്ധം കാണുമായിരിക്കാം ചിലപ്പോൾ)
കാർ ഫോബിയ
നാട്ടിൽ കാറിലൂടെ യാത്ര ചെയ്യുന്നത് ഒരു രോമാഞ്ചമായിരുന്നു. അങ്ങിനെ സൈഡ് സീറ്റിലിരുന്നും.. കേരളം അങ്ങെയറ്റം ഇങ്ങെയറ്റം സ്വന്തമായി ഓടിച്ചു പോയി കാണണം എന്നും വരെ സ്വപ്നം കണ്ടിട്ടുണ്ട് (സ്വപ്നം കാണാൻ ആരുടെയും പെർമിഷൻ വേണ്ടല്ലോ, ലാവിഷ് ആയി ചെയ്യാൻ പറ്റുന്ന കാര്യം അതൊന്നുമാത്രമല്ലേ..)
പക്ഷെ ഈയ്യിടെയായി അതും ഒരു ഭയമായി മാറുകയാണ്.. നമ്മുടെ കാറ് ശ്രദ്ധിച്ച് നീങ്ങിയാലും എതിർ വശത്തുകൂടിവരുന്നവർ ലക്കുകെട്ട് വന്നാലും മതിയല്ലൊ, ഡ്രൈവറിന്റെ ഒരു ചെറിയ അശ്രദ്ധ മതി എല്ലാം ഒരു നിമിഷത്തിൽ ഠോ! (ഈ ഭയത്തിന് അച്ഛനു പറ്റിയ ഒരു ആക്സിഡന്റിനും പങ്കു കാണും!) അപ്പോൾ കാറും കാൻസൽഡ്.
ഇനി എന്തിനു ട്രാൻസ്പോർട്ട് ബസ്സിനെ ഭയക്കുന്നു എന്ന കാര്യം!
പണ്ട് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ട്രാൻസ്പോർട്ട് ബസ്സിന്റെ ഏറ്റവും ബാക്കിലെ മൂലയിൽ എത്ര ദിവസം ഇരുന്നാലും കൊതി തീരില്ലായിരുന്നു. ഞങ്ങളുടെ വീടെത്താൻ 2 മണിക്കൂറേ ഉള്ളുവല്ലൊ എന്ന വിഷമത്തോടെയാണ് കയറുന്നത് തന്നെ. അത്രയ്ക്ക് സ്വർഗ്ഗീയസുഖമായിരുന്നു ആ യാത്ര. അങ്ങിനെ ഇമാജിനേഷനിൽ എത്ര നേരം ഇരിക്കാം.. മിക്കവരും മുന്നോട്ടായിരിക്കുമല്ലൊ നോക്കിയിരിക്കുന്നത്.. അതുകൊണ്ട് നോ സ്റ്റയറിംഗ്.
പക്ഷെ ഈയ്യിടെ നാട്ടിൽ പോയി പഴയ ഓർമ്മ പുതുക്കാൻ ഒരു ട്രാൻസ്പോർട്ട് ബസ്സിൽ കയറി.ബസ്സിന് പഴയ നീളവും ചൊടിയും ഒന്നുമില്ല. (വിദേശ വാസം നൽകിയ ശിക്ഷ!) എങ്കിലും ഇരുന്നു.. ഓർമ്മകൾ അയവിറക്കാൻ.. പക്ഷെ, സീറ്റ് കിട്ടിയത് ഡ്രൈവറുടെ സീറ്റിന്റെ അടുത്ത്. ഡ്രൈവർ വണ്ടിയോടിക്കുകയാണോ കസർത്ത് കാട്ടുകയാണോ എന്നറിയാനാവാതെ ആത്മ അങ്ങിനെ ഡ്രൈവറുടെ കയ്യ്-മെയ്-കൺ വഴക്കം മാത്രം ശ്രദ്ധിച്ച് തിരുവനന്തപുരം വരെ കണ്മിഴിച്ച് ഇരിക്കേണ്ടി വന്നു. ആത്മയുടെ കണ്ണെങ്ങാനും തെറ്റിയാൽ വണ്ടി വല്ല വയലിലോ, കാട്ടിലോ, മറ്റുവല്ല വണ്ടികളിലോ കയറും എന്ന ഭീതിയോടെ.. ഡ്രൈവറെ ശ്രദ്ധിച്ചാലാണോ, ഇനി ശ്രദ്ധിക്കാതിരുന്നാലാണോ അയാളുടെ ആക്രാന്തം കുറയുക എന്നറിയാതെ (അന്യനാട്ടിൽ പോയി ചീനന്റെ ‘ചന്ദ്രനിൽ പോകുന്നവരുടേ ബോഡിലാഗ്വേജി’ൽ പെട്ട് സ്വന്തം നാട്ടിന്റെ ലാംഗ്വേജ് മറന്നപോലെ!) ഒടുവിൽ, ‘ഡ്രൈവർക്ക് നല്ല ബുദ്ധി തോന്നണേ ദൈവമേ’ എന്ന ഒറ്റപ്രാർത്ഥനയോടെ അങ്ങെയറ്റം വരെ ഇരുന്നു..
ഇനി നമ്മുടെ ആട്ടോ റിക്ഷ!
ഓട്ടോ!, അയ്യോ അതിനെ ഭയങ്കര ഇഷ്ടമായിരുന്നതായിരുന്നു.. അങ്ങിനെ ഒരുകൂട്ടം ആളുകള് പോകുമ്പോൾ അവരെയൊക്കെ തള്ളിമാറ്റി ഇടയ്ക്കൂടെ ഓട്ടോ ഡ്രൈവറും ഞാനും എന്റെ അമ്മയും മക്കളും കൂടി അങ്ങിനെ.. പട്ടം, കേശവദാസപുരം, തമ്പാന്നൂർ ഒക്കെ പോകുമ്പോൾ.. എല്ലാം ആസ്വദിച്ചിരുന്നു.. റോഡിലെ ഓടകൾ.., കൊച്ചുകൊച്ച് കുളത്തിന്റെ അരികുപറ്റി ഡ്രൈവർ ഓട്ടോയുടെ വീലു വിദഗ്ധമായി വെട്ടിച്ചു മാറ്റി ഡൈവ് ചെയ്ത് മാറുന്നത്.., വലിയ വലിയ ബസ്സും കാറുമൊക്കെ ട്രാഫിക്കിൽ കുറുങ്ങിക്കിടക്കുമ്പോൾ നമ്മുടെ ആട്ടോ മാത്രം നുഴഞ്ഞ് നീങ്ങി നമ്മെ ലക്ഷ്യ സ്ഥാനത്ത് (അമ്പലനടയിലോ, ഷോപ്പിംഗ് സെന്ററിലോ) കൊണ്ടെത്തിച്ചിട്ട് മിന്നിമറയുന്നത് ഒക്കെ. ഒരു ആട്ടൊ വാങ്ങി ഓടിച്ച് പഠിക്കാൻ പോലും തോന്നിയ ആരാധന; അതും ഭയമായിപ്പോയീ.. കാരണം അജ്ഞാതം! (ഒന്നുകിൽ റോഡിൽ കൂടിക്കൂടിവരുന്ന കൊക്കകൾ, കുളങ്ങൾ; അല്ലെങ്കിൽ പിന്നെ വെറും ഭയം.. ആട്ടോയുടെ മൂന്നുവീലും മാനത്തോട്ട് നോക്കി കിളർന്ന് കിടക്കുന്നതും അതിനകത്ത് നല്ല സ്റ്റൈലിൽ ഉടുത്തൊരുങ്ങിയിരിക്കുന്ന ആത്മയും പരിവാരങ്ങളും കിടന്ന് പിടയ്ക്കുന്നതും മാത്രമേ ഈയ്യിടെയായി ഓട്ടോയിലും ഡ്രീം ചെയ്യാൻ പറ്റുന്നുള്ളൂ,,)
എങ്കിൽപ്പിന്നെ കാൽനടതന്നെയാകാമെന്നു കരുതിയാൽ..,
റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ!!
(പണ്ട് ആത്മ കണ്ടു കണ്ടില്ല എന്ന മട്ടിൽ നടന്ന ഒരു ദാരുണ സംഭവം ഇതിനുത്തരവാദി. ഒരു അച്ഛൻ സ്ക്കൂൾ കഴിഞ്ഞ് മകളെയും കയ്യിൽ പിടിച്ച് കഥകളും പറഞ്ഞ് ഫൂട്ട്പാത്തിലൂടെ നടക്കുമ്പോൾ പെട്ടെന്ന് ഒരു കാറ് കണ്ട്രോൾ വിട്ട് അവരെ ഇടിക്കുകയും, കുട്ടി അൽഭുതകരമായി രക്ഷപ്പെടുകയും അച്ഛൻ തത്സമയം മരിക്കയും ചെയ്തു!! ആത്മ ചെല്ലുമ്പോൾ നല്ല ആരോഗ്യത്തോടെ ഉള്ള ആ മനുഷ്യൻ പുൽത്തകിടിയിൽ മൃതമായിക്കിടക്കുന്നതും അല്പമകലെ രക്ഷപ്പെട്ട കുട്ടി വിറയലോടെ വിതുമ്മുന്നതും ആണ് കാണുന്നത്! ആ രംഗം മനസ്സിൽ നിന്ന് മായാൻ ഒരുപാട് ദിവസം എടുത്തു)
അന്നുമുതൽ പാതയോരത്തുകൂടി അങ്ങിനെ റിലാക്സ് ആയി നടക്കാൻ പറ്റില്ല. ഏതുനിമിഷവും ബാക്കിൽ നിന്നും ഇടിയും പ്രതീക്ഷിച്ചാണ് നടപ്പ്...
കടൽ യാത്രയെപ്പറ്റി പറയാൻ വിട്ടുപോയി
കപ്പൽ യാത്രയും ബോട്ടുയാത്രയും പ്ലയിൻ യാത്രപോലെ തന്നെ ഭയപ്പെടുത്തുന്നതായിരുന്നു.. (നീന്തലറിയാത്ത ഒരുകാരണവും അതിൽ പെടും.) കപ്പലിൽ നിന്നൊക്കെ താഴേക്ക് നോക്കുമ്പോൾ കടലിന്റെ ആഴം കാണുമ്പോൾ വല്ലാത്ത ഒരു ഞടുക്കം തോന്നും..
പക്ഷെ, കടൽത്തീരങ്ങളെ വല്ലാതെ സ്നേഹിച്ചിരുന്നു. മണിക്കൂറുകളോളം തിരകളെണ്ണിക്കൊണ്ടിരുന്നാലും മടുക്കില്ല എന്ന ഒരു തോന്നൽ.. പക്ഷെ തിരയെണ്ണാൻ കൂട്ടുകിട്ടാത്തതുകൊണ്ട് ചെറിയ ചെറിയ വിസിറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു! എങ്കിലും കടൽത്തീരം എന്നും അത്മേടെ ഒരു വീക്ക്നസ്സ് ആയിരുന്നു.
കടൽത്തീരത്തൊരു വീടൊക്കെ വാങ്ങി, വൈകുന്നേരങ്ങളിൽ പോയി തിരകളൊക്കെ എണ്ണി, ചിപ്പിയും പെറുക്കി അസ്തമനവും ഒക്കെ കണ്ട് ജീവിക്കാൻ ഒരിക്കൽ സ്വപ്നംകണ്ടിരുന്നു ആത്മ.. ആ സ്വപ്നമൊക്കെ ഒരു സുനാമിയും പിന്നെ മി. ആത്മയും കൂടി തകർത്തുകളഞ്ഞു.
ഒരിക്കൽ സമയമില്ലാ സമയത്ത് (മി. ആത്മയ്ക്ക് എന്നും അങ്ങിനെ തന്നെ ആത്മയ്ക്ക് മറിച്ചും) മി. ആത്മേം പിടിച്ചോണ്ട്, ‘എങ്കിപ്പിന്നെ, ഈ മി. അത്മേ ഒന്നു തിരകളെണ്ണിച്ചിട്ടു തന്നെ കാര്യം’ എന്നും പറഞ്ഞ് പോയി. അവിടെ ചെന്നതും തണലുകണ്ടയുടൻ മി. ആത്മ ഒരു വലിയ ടൌവ്വൽ വിരിച്ചു കിടന്ന് സുഖമായി ഉറക്കമായി. പിന്നെ ആത്മേം മക്കളും കൂടെ കക്കേം ചിപ്പീം ഒക്കെ പെറുക്കി തിരകളോടൊക്കെ അല്പം കളിച്ച് ഉഷാറായി വന്നപ്പോഴേക്കും ദാ ഒരു ചാറ്റൽ മഴ! അതോടെ തീർന്നു മി. ആത്മയോടൊപ്പമുള്ള തിരയെണ്ണൽ!
ആത്മയുടെ സ്വപ്നം കമ്പ്ലീറ്റായി തകർത്തു കളഞ്ഞത് ഭീകരൻ സുനാമി തന്നെയാണ്. എന്നാലും ഇത്രേം അഹങ്കാരം പാടുണ്ടോ തിരകൾക്ക്!!! തീരത്തിരുന്ന് എത്ര സന്തോഷത്തോടെ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട് അവറ്റകളുടെ കളികൾ! അരാധനയുടെ സ്ഥാനത്ത് ഒരുതരം ഭീതികലർന്ന വെറുപ്പായി മാറി കുറച്ചുനാൾ കടൽത്തീരത്തോട്... പിന്നെ, ഈയ്യിടെയായി ‘അയ്യോ പാവം ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്നമട്ടിൽ മാടിവിളിക്കുമ്പോൾ പഴയതൊക്കെ മറക്കാനൊരു ടെന്റൻസി. (മറവിയാണല്ലൊ, ജീവിതം)
ഇനി ആകെയുള്ള യാത്ര തറയിലൂടെ..
കാട്ടിലൂടെ.. ഗ്രാമത്തിലൂടെ.. വയലേലകളിലൂടെ.. (ചെറുതായി സർപ്പഭയം ഉണ്ടെന്നതൊഴിച്ചാൽ) പുഴയോരത്തൂടെ.. അങ്ങിനെ ആത്മ യാത്ര ചെയ്യും.. പിന്നെ ആത്മയുടെ വീട്ടിന്റെ നിശ്ശബ്ദതയിൽ.. വെളിയിലെ സ്വച്ഛമായ പ്രഭാതത്തിലും.. പ്രദോഷങ്ങളിലും.. കാലെത്തുന്നയിടത്തൊക്കെ നടക്കാമല്ലോ, ഒരു വാഹനത്തെയും ഭയക്കാതെ..
ആശ്വസിക്കാൻ വരട്ടെ,
ഇന്ന് രാവിലെ എണീറ്റുവന്നപ്പോൾ മി. ആത്മ ചോദിക്കുന്നു,
“നീയറിഞ്ഞോ, ഇന്നലെ ഇവിടെ ഒരു ഭൂമികുലുക്കം ഉണ്ടായത്ര!”
“നമ്മുടെ രാജ്യത്തോ?” (ങ്ങ്ഹേ! ഇതെന്ന് 'നമ്മുടെ' അല്ല തിരുത്തി, 'ഈ' രാജ്യത്തോ!)
മി. ആത്മ “ഉം. ഇന്നലെ വൈകിട്ട് 6 മണിക്ക്”
ആത്മ പിറകിലേക്ക് റീവൈൻഡ് ചെയ്തുനോക്കി..
...ഇന്നലെ വൈകിട്ട് 6 മണിക്ക് ആത്മ വെളിയിൽ പുല്ലുപറിച്ചുകൊണ്ടിരിക്കയായിരുന്നു, മകൾ അടുത്തൊക്കെ ചുറ്റിപ്പറ്റി ബുക്കും വായിച്ചുകൊണ്ട്, മി. ആത്മ താഴെ പേപ്പർ വായീച്ചും പിന്നെ കുളിച്ച് വെളിയിൽ പോകാൻ ഒരുങ്ങിയു, മകനും താഴെ തന്നെ ഇരുന്ന് ഹോംവർക്ക് ചെയ്യുകയായിരുന്നു..
ചുരുക്കത്തിൽ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ആരും അറിഞ്ഞില്ല ഭൂമി കുലുങ്ങുന്നത്.. പക്ഷെ കുലുങ്ങിപോലും! ഈ രാജ്യത്തിന്റെ മറ്റേ അറ്റത്ത്!!. അവിടെ കുറച്ച് പേർ ഓഫീസുകളിൽ നിന്നൊക്കെ വെളിയിൽ ഇറങ്ങിയോടി, .. ഒരു മിതമായ ഭയം.. എങ്കിലും.. എപ്പോഴും ഏതുനിമിഷവും ആ ഭയം ഇനിയും ഉണ്ടാകാം..
ആത്മ പ്രസന്റ് ടെൻസിൽ എത്തി. സ്ക്കൂളിലേയ്ക്കിടങ്ങുന്ന മകളോട് പറഞ്ഞു, ‘മോളേ ഭൂമി കുലുങ്ങുന്നെങ്കിൽ സ്ക്കൂളിലെ മേശയുടെ അടിയിൽ കയറിക്കോണം ട്ടൊ,’ (സാധാരണ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ മാത്രമേ ആത്മയ്ക്ക് താക്കീത് നൽകാനുള്ളൂ.. ‘ട്രാഫിക്ക് ലൈറ്റ് മാറിയാലും ഡ്രൈവർ സ്ലോഡൌൺ ചെയ്തോന്ന് നോക്കിയിട്ടേ ക്രോസ്സ് ചെയ്യാവൂ ട്ടൊ’.)
അവൾ ഉറക്കഭ്രാന്തിലെന്നപോലെ തലകുലുക്കി, ‘ ഉം..’
രണ്ടുപേരും ഇറങ്ങിയപ്പോൾ മുകളിൽ ഉറങ്ങുന്ന മകനെ വിളിച്ചു, ‘മോനേ താഴെ വന്നു കിടന്നുറങ്ങുമോ?’
ഉം?
അതേ, ഇന്നലെ ഭൂമി കുലുങ്ങിയെന്ന്, ഇന്നും ചിലപ്പോൾ കുലുങ്ങിയേക്കുമത്രെ. താഴെയാണെങ്കിൽ നമുക്ക് ഓടി രക്ഷപ്പെടാമല്ലൊ! (എവിടേയ്ക്ക്?!)
ഏതിനും അവൻ താഴെ വന്നു കിടന്നു. ആത്മയ്ക്കും ഉറക്കം ബാക്കി കിടക്കുന്നു.. ഭൂമി കുലുങ്ങിയാലും കുലുങ്ങിയില്ലെങ്കിലും ഉറക്കം ഉറക്കമല്ലെ! ഒരൽപ്പം വെള്ളം കുടിക്കാൻ അടുക്കളേലോട്ട് കയറുമ്പോഴും ഒക്കെ ഓർമ്മ വന്നത് മുകളിൽ, പ്ലയിനിൽ യാത്ര ചെയുമ്പോലത്തെ ഒരനുഭവം! വീട് കുലുങ്ങുന്നുണ്ടോ, ഇപ്പോൾ കുലുങ്ങുമോ.. ഭൂമി കുലുങ്ങിയാൽ മേശക്കടിയിൽ കയറാം അല്ലെ? അവിടെ കല്ലിനും മണ്ണിനും കമ്പിക്കും ഒക്കെ ഇടയിൽ ഇരുന്ന്... ഇല്ല ഒന്നും ഓർക്കണ്ട.
ഇപ്പോൾ ഈ ഭൂമിയിൽ ഓരോ നിമിഷവും ജീവിച്ചു കിട്ടുന്നത് തന്നെ ഒരൽഭുതമായി എടുക്കാം എന്നായി!നമ്മൾ ഭൂമി എന്ന ചലിക്കുന്ന പേടകത്തിൽ സഞ്ചരിക്കുയാണ്.. ജീവിതമെന്ന യാത്ര ഫിനിഷ് ചെയ്യാൻ. ഈ പേടകം ഇടയ്ക്ക് കുലുങ്ങാം, ബ്രേക്ക്ഡൌൺ ആകാം, ആകെമൊത്തം കീപ്പോട്ടേയ്ക്ക് പോയെന്നും വരാം..
എങ്കിലും നമുക്ക് ഇടക്ക് കിട്ടുന്ന സമയങ്ങളിൽ പരസ്പരം മത്സരിക്കാം, ബോംബുവയ്ക്കാം.. കരിവാരിതേയ്ക്കാം..പഴിപറയാം... മറിച്ചും ആകാം..
ഒരു കൺക്ലൂഷൻ എഴുതി നിർത്തിക്കോട്ടെ,
അങ്ങിനെ നാം ഒരു വലിയ യാത്ര ചെയ്യുന്നു.. ഏതുനിമിഷവും തകർന്നു വീഴാവുന്ന പ്ലയിനിൽ, അല്ലെങ്കിൽ ഏതുനിമിഷവും പാളം തെറ്റാവുന്ന ട്രയിനിൽ, അല്ലെങ്കിൽ കാറിൽ, ഓട്ടോയിൽ, അല്ലെങ്കിൽ വെറും നിലത്തൂടെ നടന്ന്, അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോഴും (ഇതെഴുതുമ്പോഴും യാത്രചെയ്യുകയാണ് ജീവിതയാത്ര. വാഹനം ഭൂമി!)
അങ്ങിനെയുള്ള യാത്രകളിൽ നാം ധാരാളം യാത്രക്കാരെ കാണും. പലരും അവരവരുടെ പ്രാർബ്ധങ്ങളിൽ വ്യാപൃതരായിരിക്കും. നമ്മെ ശ്രദ്ധിക്കുന്നവർ വളരെ ചുരുക്കം.
അങ്ങിനെ ബോറടിച്ച് ഭയന്നിരിക്കുമ്പോൾ ഒരാൾ നമ്മളെ തിരിച്ചറിയുന്നു എന്നു കരുതുക
‘നീ എന്റെ നാട്ടുകാരനല്ലെ!, അല്ലെങ്കിൽ നമ്മളൊന്നിച്ച് അവിടെ പഠിച്ചിട്ടില്ലേ!’ എന്നൊക്കെ പറഞ്ഞ് നമ്മെ അറിയാവുന്ന ഒരാൾ പെട്ടെന്ന് കടന്നു വരുന്നു എന്നു കരുതുക, അതുവരെ ഭയന്ന് ബോറടിച്ചിരുന്ന യാത്ര അയാളെ കാണുന്നതോടെ എഞ്ജോയബിൾ ആകുന്നു..
നമ്മെ അറിയുന്ന ഒരാൾ കൂടെയുണ്ടെന്ന ആ ആശ്വാസം.. ഒരു യാത്രയിൽ അത് ചില്ലറയൊന്നുമല്ല ആശ്വാസമരുളുന്നത്.
അതുപോലെയാണ് ജീവിതയാത്രയിലും..
നമ്മെ മനസ്സിലാക്കാത്ത ഒരുപറ്റം യാത്രക്കാരുടെ ഇടയിൽ നാം ഇരിക്കുകയാണ്. ‘ആ.. ഏതോ ഒരു സ്ത്രീ, രണ്ട് മക്കൾ.. എങ്ങോട്ടു പോകുന്നു.. ആർക്കറിയാം എന്തു പ്രകൃതമാണെന്ന്! എന്നും പറഞ്ഞ് സിസ്സംഗരായിരിക്കുന്ന മറ്റു യാത്രക്കാർ. ‘പ്ലയിൻ ഒന്ന് കുലുങ്ങിയാലും ട്രയിൻ മറിഞ്ഞാലും ‘ആയ്യോ!’ എന്ന് പറഞ്ഞ് ഓടിവരാൻ ആരുമില്ലാതെ യാത്രചെയ്യുന്നു എന്നു കരുതുക; അപ്പോൾ യാദൃശ്ചികമായി നമ്മെ അറിയുന്ന ഒരാൾ, ഒരുവാക്കുപോലും ഉച്ചരിക്കാതെതന്നെ നമ്മുടെ മനസ്സ് വായിക്കാനറിയാവുന്ന ഒരാൾ, നമ്മെ ശ്രദ്ധിക്കുന്ന ഒരാളെ, പെട്ടെന്ന് യാത്രക്കാരുടെ ഇടയിൽ കണ്ടുമുട്ടുക എന്നത് എത്ര ആശ്വാസകരമായിരിക്കും!
ആ കണ്ടുമുട്ടൽ, തിരിച്ചറിയൽ അതിനെയാണ് നാം സ്നേഹം വിളിക്കുന്നത്. അതിൽക്കൂടുതൽ ഒന്നുമില്ല.
ഒരു ആത്മസംതൃപ്തിക്കായി ബ്ലോഗെഴുതുന്നു എന്ന് പലരും പറയും എങ്കിലും, നമ്മെ മനസ്സിലാക്കുന്നവർ ഇത് വായിക്കും, നമ്മെ തിരിച്ചറിയും, അംഗീകരിക്കും.. എന്നൊക്കെയുള്ള നേരിയ പ്രതീക്ഷകൂടി കാണില്ലെ എത്ര ഭയങ്കര ബ്ലോഗർ ആയാലും അവരുടെ ഉള്ളിലും?!
ഇന്ന് ഒരു ആൾമാറാട്ട കഥ പറയാം..
എന്റെ മകളുടെ ഡാന്‍സ് മാഷ് ഈയ്യിടെ കുണുങ്ങി, കുഴഞ്ഞു കൊണ്ട് പറഞ്ഞു, ‘ഇനി മുതൽ എന്നെ സ്മിതേ എന്നു വിളിക്കൂ..’
ഞാന്‍ മൂക്കത്ത് വിരല്‍ വച്ച് നിന്നുപോയി.. നല്ല ഒത്ത ഒരാണ് നിന്ന് പെണ്ണുങ്ങളെപ്പോലെ കുഴഞ്ഞു കൊണ്ട് പറയുകയാണ് സ്മിതേന്ന് വിളിക്കാൻ!
എന്നെ കൂടുതൽ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം/അദ്ദേഹി, വാചകം കമ്പ്ലീറ്റ് ചെയ്തു.
‘ഞാന്‍ പെണ്ണാകാന്‍ പോകുന്നു!’
ഒരു ആണു പെണ്ണാകുന്നത് ഡാൻസിനു മേക്കപ്പിടുന്നപോലെ അത്ര എളുപ്പമുള്ള കാര്യമാണെന്നാണോ ഈ മാഷ് കരുതുന്നത്?! ചോദിച്ചില്ല, മനസ്സില്‍ തോന്നി.
സത്യം പറഞ്ഞാല്‍, അദ്ദേഹത്തിന്റെ അധികമായ മേക്കപ്പാസക്തി കാരണമാണ് ഞാന്‍ എന്റെ മകളെ അവിടെ നിന്നും പായിച്ച് വെളിയിലാക്കിയത്. സ്വതവേ മേക്കപ്പിടാന്‍ മടിച്ചിയും, അത് മറ്റുള്ളവര്‍ക്കിട്ടുകൊടുക്കാന്‍ അതിലും മടിച്ചിയും, അമിതമായി മേക്കപ്പിട്ട് നടക്കുന്നവരെ കാണുമ്പോള്‍ ഒരലര്‍ജ്ജിയും മാത്രം തോന്നുന്ന ഞാനെങ്ങിനെ ഒന്നിനുപിറകെ മൂന്നും നാലും കോട്ട് പെയിന്റൊക്കെ അടിച്ച് മക്കള്‍ അങ്ങിനെ മന്ദം മന്ദം താറാവിനെ പായിച്ചുകൊണ്ടൂപോകുന്നപോലെ പോയി ഈ മാഷിനോടൊപ്പം സ്റ്റേജില്‍ നടനം ചെയ്യുന്നത് കണ്ടു നില്‍ക്കാന്‍! എന്റെ മകളെവിടെ എന്നു കണ്ടുപിടിച്ചെടുക്കാന്‍ തന്നെ മൂന്നു മിനിട്ടെങ്കിലും പിടിക്കും. അതിനിടയില്‍ കഴിയും അവരുടെ പെര്‍ഫോര്‍മനസും! ആകെ അഞ്ചുമിനിട്ട് നൃത്തത്തിനായിരുന്നു, രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണിവരെ ഒരുക്കം! എല്ലാം കഴിയുമ്പോൾ മണി 11 ഉം. ഇതിലും ഭേദം വല്ല കഥകളിയെങ്ങാനും അഭ്യസിക്കുകയായിരുന്നു എന്നു തോന്നി.. അല്ല പിന്നെ!
അങ്ങിനെ, പറഞ്ഞു വന്നത്.., ഡാൻസ് മാഷിന്റെ ആള്‍മാറാട്ടത്തെപ്പറ്റി അല്യോ, തുടരട്ടെ...
മാഷിനെപ്പറ്റി പറയുകയാണെങ്കിൽ, മാഷ്, ദിലീപ് ചാന്തുപൊട്ടിൽ (ഇതുവരെ നന്നായി കണ്ടില്ല) കെട്ടിയ വേഷത്തിന്റെ ശരിക്കുമുള്ള രൂപം ഇങ്ങ് ഈ നാട്ടിലുണ്ട് എന്ന് ദിലീപിനോട് വിളിച്ച് പറയണം പറയണം എന്ന് പലവുരു കരുതിയിട്ടുണ്ട്. അത്രയ്ക്ക് സാമ്യമുണ്ട് സാറിന്റെ യധാര്‍ത്ഥ റോളും ദിലീപിന്റെ ഫിലിം റോളും തമ്മില്‍! സാറ് ദിലീപിനെ അനുകരിച്ചതാണോ?
ഏയ് ആവില്ല, ആ സിനിമ ഇറങ്ങുന്നതിനു മുന്‍പേ തന്നെ ഞാന്‍ മാഷിൻനെ കണ്ടിട്ടുണ്ട്.. അന്നും ഇങ്ങിനെ തന്നെ.
ദിലീപ് ഇനി ഇവിടെയെങ്ങാനും വന്ന് മാഷിനെ കണ്ട് അതുപോലെ അനുകരിച്ചതാകുമോ?!
എങ്ങിനെയായാലും.. നല്ല ഒത്ത തടിയും പൊക്കവും മസിലും ഒക്കെയുള്ള
ആരോഗ്യദൃഢഗാത്രനായ നമ്മുടെ ഡാന്‍സ് മാസ്റ്റര്‍ പെണ്ണാകാനുള്ള ഹോര്‍മോണ്‍ ചികിത്സയിലാണിപ്പോള്‍..
ഹും! എത്രയോ അമ്മമാര്‍ ഒരു ആണ്‍കുഞ്ഞുണ്ടാകാത്തതില്‍ മനംനൊന്ത്, അവഹേളിക്കപ്പെട്ട്, അപമാനിപ്പിക്കപ്പെട്ട്, ആത്മഹത്യചെയ്യപ്പെട്ട് ഇരിക്കെ, ഇതാ ഒരു അപൂര്‍വ്വ ജന്മം തനിക്ക് വരദാനമായി കിട്ടിയ പുരുഷ ജന്മം ത്വജിക്കാന്‍ പോകുന്നു!
കമ്പ്ലീറ്റായിട്ട് പെണ്ണായി മാറും മുന്‍പ് തന്നെ മാഷ്, തനിക്ക് അങ്ങ് കൊച്ചിയില്‍ ഒരു ബോയ്ഫ്രണ്ട് ഉണ്ടെന്നും വളരെ അഭിമാനകരമായി പ്രഖ്യാപിച്ചും കഴിഞ്ഞു. അങ്ങിനെ ആ കഥ അവിടെ അവസാനിക്കുന്നു.
ഇനി ആത്മയുടെ കഥ പറയട്ടെ,
ആത്മ ഈ ബ്ലോഗില്‍ ഒരു സ്ത്രീയായിട്ടല്യോ എഴുത്ത് തുടങ്ങിയത്?
ഈയ്യിടെയായി ഒരു തോന്നല്‍, എന്തുകൊണ്ട് ഒരു ആണായി മാറിക്കൂടാ എന്ന് . ആത്മ എന്ന പേര് ആണിനും ചേരുമല്ലൊ അല്ലെ? യധാര്‍ത്ഥജീവിതത്തില്‍ മനുഷ്യര്‍ക്ക് ആള്‍മാറാട്ടം നടത്താമെങ്കില്‍ പിന്നെ വെറും ഒരു ബ്ലോഗ് എഴുത്തുകാരിക്ക് എന്തുകൊണ്ട് ഒരു എഴുത്തുകാരനായിക്കൂടാ? കാരണം എന്തെന്നു വച്ചാല്‍, ആത്മയ്ക്ക് ഇനീം ചിലപ്പോള്‍ ഫ്രീയായിട്ട് സമയം കിട്ടും, ആത്മ വല്ലതുമൊക്കെ എഴുതിക്കൊണ്ടിരിക്കും, എന്നാലും ഒരു സ്ത്രീയ്ക്ക് ഇത്രയും പാടില്ല, എന്ന് ആരെങ്കിലും കരുതും.. പിന്നെ ആത്മ ഇടയ്ക്കിടെ അപവാദങ്ങള്‍ കേള്‍ക്കേണ്ടി വരും. അത് സ്ത്രീയായ ആത്മയെ തകര്‍ക്കും. എന്നാല്‍ പുരുഷനായ ആത്മയെ തകര്‍ക്കില്ലായിരിക്കാം എന്ന ഒരു തോന്നല്‍...
പുരുഷനായാലും അല്പം സോഫ്റ്റ് പ്രകൃതമായിരിക്കും കേട്ടൊ,
അധികം ഒന്നും ഹോര്‍മ്മോണ്‍ കുത്തിവയ്ക്കുന്നില്ല.
പുരുഷനാകുന്നതിനെപ്പറ്റി എഴുതിയപ്പോൾ പണ്ടത്തെ ഒരോർമ്മ വരുന്നു..,എന്റെ ഒരു കൂട്ടുകാരി നളിനിയുടെ കഥ..
നളിനി എന്റെ ഹോസ്റ്റലിലെ കൂട്ടുകാരിയായിരുന്നു. നളിനിയ്ക്ക് ഒരു ചേച്ചിയോട് ഭയങ്കര സ്നേഹം. നളിനിക്ക് ഓണത്തിന് “to see your eyes only" എന്നൊക്കെ പറഞ്ഞ് കാർഡയച്ച (ചേച്ചിയുടെ മറ്റ് ആരാധികമാർ കാണരുത്, കുശുമ്പ് വരും, എന്നുകരുതി എഴുതിയതായിരുന്നു) ചേച്ചി.
ആ ചേച്ചി ഹോസ്റ്റലിൽ നിന്നും പിരിയുന്നു.. ചേച്ചി പിരിഞ്ഞുപോയപ്പോൾ നളിനി അമ്പേ തകർന്നു തരിപ്പിണമായിപ്പോയി. തകർച്ച മാറ്റാനായിട്ട് ഒരു നല്ല ഡയറിയെടുത്ത് അതിൽ നിറയെ വയലാറിന്റെ എന്നല്ല, റേഡിയോവിൽ കേൾക്കുന്ന പ്രേമഗാനങ്ങളൊക്കെ വള്ളിപുള്ളിവിടാതെ എഴുതി നിറക്കുകയായിരുന്നു നളിനെ ആ അവധിക്കാലം മുഴുവനും..
ഡയറിയുടെ പകുതിയോളം ഗാനങ്ങൾ നിറഞ്ഞപ്പോൾ, നൊമ്പരം കുറേശ്ശേ കുറേശ്ശേ കുറഞ്ഞു വന്നു..
എങ്കിലും നളിനി വീണ്ടും എഴുത്തു തുടർന്നു. ഡയറിയുടെ ഒരു മുക്കാലൊക്കെ ആയപ്പോഴാണ് നളിനിക്ക് ബോധം ഉദിച്ചത്! അയ്യേ! ഇതൊക്കെ ആണുങ്ങൾ പെണ്ണുങ്ങളെപ്പറ്റി എഴുതിയ പാട്ടുകളല്ലെ?
അപ്പോൾ താനെന്താ ആണാണോ?
പോരാത്തതിന് അപ്പുറത്തെ മുറിയിൽ നല്ല ഒത്ത ഒരാണെന്നും പറഞ്ഞ് ഒരു പുരുഷസഹോദരൻ തയ്യാറെടുപ്പു നടത്തുന്നു.. അവൻ ഉള്ളപ്പോൾ താൻ കൂടി എങ്ങിനെ ആണാകാൻ! ഒരിക്കലും നടക്കുന്ന കാര്യമല്ല. പെണ്ണായാലേ രക്ഷയുള്ളൂ. ഇനിയിപ്പം എന്തുചെയ്യാൻ! പാട്ടുകൾ എല്ലാം എഴുതീം പോയി.. നളിനിക്ക് ആകെ ഒരു ലജ്ജ! അതും പോട്ട്, ഈ എഴുതിയതൊക്കെ വേസ്റ്റായോ? അതിലും വലിയ നഷ്ടം തന്റെ മനസ്സിൽ രണ്ടു വർഷം കൊണ്ടുനടന്ന പ്രേമം അതും കമ്പ്ലീറ്റ് വേസ്റ്റായിരുന്നോ എന്നുള്ള ചിന്തയായിരുന്നു.. അങ്ങിനെ വളരെ വിഡ്ഡിത്തമായിരുന്നു എന്റെ കൂട്ടുകാരി നളിനീടെ ടീനേജ് കാലം..
ആണുങ്ങളുടെ ബോഡി ലാഗ്വേജ് ഇഗ്നോർ ചെയ്ത് ചെയ്ത്, ഒടുവിൽ മനസ്സിലാക്കാനൊട്ട് ആകുന്നുമില്ലായിരുന്നു പാവത്തിന്.
തുടരും..
ഇന്ന് മാതൃഭൂമി ഓൺലൈനിൽ പതിവില്ലാതെ പോയി വായിച്ചപ്പോൾ, കെ. ആർ. മീര പെണ്ണുങ്ങളുടെ എഴുതുവാനുള്ള സ്വാതന്ത്രത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് കണ്ടു. ഒരു മാധവിക്കുട്ടിയും ഒരു ലളിതാംബികാ അന്തർജ്ജനവും ഒക്കെ ഉണ്ടായത് അവരുടെ എഴുത്ത് അംഗീകരിക്കുന്ന ഒരു ഭർത്താവിനെ കിട്ടിയതുകൊണ്ടാണ് എന്ന് പലരും പറയുന്നുണ്ട് എന്നത് ശരിതന്നെ - എന്നാൽ, ‘ആണെഴുത്തുകാർക്ക് തിരിച്ച് അത് ബാധകമല്ല’ എന്നത് മീരയെ ചൊടിപ്പിക്കുന്നു..
എന്റെ ചിന്തയിൽ പറയുകയാണെങ്കിൽ.. മീര അത്രയ്ക്ക് സ്വാതന്ത്ര്യം അനുഭവിക്കുന്ന ചുരുക്കം ചില സ്ത്രീകളിൽ പെടുന്നു. അതുകൊണ്ടല്ലെ മീരയ്ക്ക് ഇങ്ങിനെയൊക്കെ ചിന്തിക്കാൻ കഴിയുന്നത്! ആത്മ
വിവാഹം കഴിയുന്നതിനു മുൻപായിരുന്നെങ്കിൽ മീര ചിന്തിച്ച അതേപോലെ തന്നെ ചിന്തിക്കുമായിരുന്നു.
പക്ഷെ ഇപ്പോൾ ആ വരയിട്ട സ്ഥലത്ത് തീർന്നുപോകും ആരാധനയോടെ ആത്മയുടെ ചിന്ത.
ആത്മയുടെ കണ്ണിൽ സ്ത്രീ വിവാഹം കഴിയുന്നതുവരെ അച്ഛനമ്മമാരുടെ കീഴിൽ ആണിനോടൊപ്പം സ്വാതന്ത്യമൊക്കെ നൽകി വളർത്തിയാലും വിവാഹം കഴിയുമ്പോൾ അവരുടെ സ്വാതന്ത്രത്തിൽ ചങ്ങല വീണുപോകുന്നു. ഇത് ഭർത്താവിനാലെയാകണമെന്നില്ല. ചുറ്റുമുള്ള സമൂഹത്തിനാലെയാണ്.
സമൂഹത്തെ ഭയക്കുന്ന ഒരു ഭർത്താവ്, താൻ ഉൾപ്പെടുന്ന സമൂഹം സ്ത്രീയ്ക്കു നൽകുന്ന സ്ഥാനം;
കൽപ്പിക്കുന്ന സ്ഥാനം തന്നെ കൊടുക്കാൻ നിർബ്ബന്ധിതനാകുന്നു അയാൾ. ചിലർ നിസ്സഹായരായി കീഴടങ്ങുമ്പോൾ ചിലർ പരിഹാസത്തൊടെയും.. ഒരു അടിമയെ വാർത്തെടുക്കാൻ സഹായിച്ച സമൂഹത്തിന്റെ മാന്യതയാകും അയാൾക്ക് വലുത്. ഇതൊക്കെ മാറണമെങ്കിൽ പുരുഷന്റെ ഹൃദയം; ചിന്തകൾ ഒക്കെ വിശാലമായേ പറ്റൂ. വെറുതെ ചുറ്റുമുള്ള സമൂഹത്തെ പഴിപറയേണ്ട കാര്യമില്ല.
വിദ്യാഭ്യാസമോ സമ്പത്തോ അല്ല പുരുഷന്റെ ഈ സമീപനത്തിനു പിന്നിൽ എന്നതാണ് മറ്റൊരു സത്യം. അവരിൽ കുത്തിനിറച്ചിരിക്കുന്ന ഈഗോ, അത് വളർത്തിയെടുത്ത് അവരെ വളർത്തിയവർ.
സ്ത്രീ തന്റെ പാതിയാണെന്നും (തന്നെപ്പോലെ മറ്റൊരു മഷ്യജീവിയാണെന്നും) താനനുഭവിക്കുന്നപോലെയുള്ള സ്വാതന്ത്ര്യത്തോടെ സമൂഹത്തിൽ ജീവിക്കാനവൾക്കും സ്വാതന്ത്യമുണ്ടെന്നും ആരെതിർത്താലും സത്യം സംരക്ഷിക്കും എന്നുമുള്ള മനോഭാവമുള്ള ഉറച്ച വ്യക്തിത്വമുള്ള ആണുങ്ങളുടെ വീട്ടിലെ പെണ്ണുങ്ങൾ ഭാഗ്യവതികൾ..
ഇനി ആദ്യത്തെ സ്ത്രീ സ്വാതന്ത്രത്തിന് ഒരു ഉദാഹരണം വേണമെങ്കിൽ പറയാം..
ഇന്നലെ എന്റെ ഒരു കൂട്ടുകാരിയും മകളും കൂടി വായിക്കുകയായിരുന്നു. കൂട്ടുകാരി മകൾക്ക് പഠിക്കാൻ കൂട്ടിരിക്കയാണ്.. കൂട്ടുകാരിയുടെ ഭർത്താവ് വരുമ്പോൾ കൂട്ടുകാരി അറിയാതെ ബുക്ക് മറച്ചു വയ്ക്കാനും മകൾ ബുക്ക് കൂടുതൽ നിവർത്തി വയ്ക്കാനും വെമ്പുന്നു.
രണ്ടുപേരും ചെയ്തുകൊണ്ടിരിക്കുന്നത് ഒരേ പ്രവർത്തിയാണെങ്കിലും (അറിവുണ്ടാക്കാനായി വായിക്കുന്നു) ഒരാൾ മറച്ചു വയ്ക്കാനും ഒരാൾ തെളിച്ചുവയ്ക്കാനും ശ്രമിക്കുന്നത് കണ്ടോ! ഒരാൾക്ക് അത് അവഹേളനവും മറ്റൊരാൾക്ക് അനുമോദനവും കിട്ടും എന്നതുകൊണ്ടല്ലെ!
ഇതാണ് അന്യനാട്ടിൽ സ്ത്രീ കുറച്ചുകൂടി സ്വതന്ത്രയാണെന്നു കരുതി എത്തിപ്പെട്ട സ്ഥലത്ത് ആത്മ കണ്ടത്! ഇതും വെറുതെ എഴുതിയതാണ്. വർഷങ്ങളായി ഇഞ്ചിഞ്ചായി പഴകിയ ശീലങ്ങൾ..
ഇതെഴുതിയതും സ്ത്രീ സമത്വത്തിനായൊന്നുമല്ല. അതൊക്കെ സ്വപ്നം കാണാൻ കൂടി അപ്രാപ്യമായ ഒരു തലത്തിൽ ആയിക്കഴിഞ്ഞു ആത്മ. എങ്കിലും വെറുതെ മനസ്സിൽ തോന്നുന്നത് കോറിയിടുന്നതിൽ തെറ്റില്ലല്ലൊ,
ഇനി ഒരു വ്യത്യസ്ഥമായ ചിന്ത തരാം ട്ടൊ,
നമ്മൾ ഈ കിഴക്ക് പടിഞ്ഞാറ് എന്നൊക്കെ പറഞ്ഞ് ഓരോന്ന് കൊണ്ടു വയ്ക്കില്ലേ, ഫെങ്ഷ്യൂയ്, വാസ്തു പ്രകാരം ഒക്കെ, ‘ഈ സാധനം കിഴക്കിരുന്നാൽ നല്ലതാണ് അല്ലെങ്കിൽ ഈ മരം പടിഞ്ഞാറ് നട്ടാൽ നല്ലതാണ്’ എന്നൊക്കെ പറഞ്ഞ്, എന്നാൽ ഇന്നലെ ആത്മയുടെ തല തിരിഞ്ഞുപോയീ..! ആത്മ നോക്കിയപ്പോൾ, ആത്മേടെ കിഴക്ക് അയൽക്കാരന്റെ പടിഞ്ഞാറാകുന്നു! ആത്മേടെ തെക്ക് അയൽക്കാരന്റെ വടക്കാകുന്നു. അതെങ്ങിനെ ശരിയാവും! അപ്പോൾ ഒരേ ‘വാസ്തു’ വസ്തുക്കൾ തന്നെ ഗുണവും ദോഷവും ചെയ്യുന്നു! ഇവിടെ വീടുകളൊക്കെ വളരെ അടുത്തടുത്തല്ലേ, അതുകൊണ്ടാകും ഒരുപക്ഷെ ഇങ്ങിനെയൊക്കെ തോന്നുന്നത്. ഇനി വിഡ്ഡിചിന്തയായിരുന്നോ അന്നും അറിയില്ല എങ്കിലും ചിന്തിച്ചുപോയീ..
അതുപോലെ തന്നെയാണ് ഈ ലോകത്തിലെ മഹാത്ഭുതം എന്നൊക്കെ പറഞ്ഞ് മഹാകവികൾ വാഴത്തുന്ന പ്രേമത്തിന്റെ കാര്യവും.. (അത്മേടെ അനുഭവമല്ലേ.. അതിനുള്ള നട്ടെല്ലൊന്നും ആത്മയ്ക്കില്ല. വെറുതെ ഒരു ചിന്ത ഉരുത്തിരിഞ്ഞത് പാഴാക്കണ്ടെന്നു കരുതിയതാണ്.)
സ്നേഹത്തിനും അതിനും ഓരോ കാലവും ദേശവും പ്രായവും ഒക്കെയുണ്ട് . ഒരേവികാരം തന്നെ മഹത്താകും, ദിവ്യമാകും, മ്ലേച്ഛമാകും, നികൃഷ്ടമാവും.. മറ്റെന്തോക്കെയോ ആവും.. പലപ്പോഴും. അത്ഭുതം എന്തെന്നാൽ, സ്നേഹം എന്നാൽ രണ്ട് ആത്മാക്കളുടെ കണ്ടുമുട്ടൽ എന്നതല്ലെ പ്രധാനം? അത് ജീവിതയാത്രയിൽ എപ്പോഴായിരിക്കും എന്നത് പ്രവചിക്കാനാവില്ലല്ലൊ, എപ്പോൾ കണ്ടുമുട്ടിയാലും ഒരേ വികാരമായിരിക്കില്ലേ പ്രേമിക്കുന്നവരിൽ അങ്കുരിക്കുക!’
അല്ല ഇതും വെറുതെ എഴുതിയെന്നേ ഉള്ളൂ, ആത്മ ആ സ്റ്റേജും പോറലൊന്നും ഏൽപ്പിക്കാതെ ഒരുവിധം പൂർത്തിയാക്കിക്കഴിഞ്ഞു. [എഴുതുവാനും വായിക്കുവാനും കൂടി സമത്വമില്ലാത്തിടത്താണ് സ്നേഹം! ശ്ശൊ! വാ മൂട് ആത്മെ! ചിന്തിച്ച് ചിന്തിച്ച് എന്തൊക്കെയാണ് ചിന്തിച്ചുകൂട്ടുന്നത്! ]
മുകളിൽ എഴുതിയ ചിന്ത ഞാൻ ചിന്തിച്ചിട്ടേ ഇല്ല ട്ടൊ, ഏതു നിമിഷവും ഡിലീറ്റ് ചെയ്യുമേ.. വെറുതെ ഒന്ന് തലതിരിഞ്ഞു എഴുതി നോക്കിയതാണ്! അല്ലെങ്കിൽ പിന്നെ ചിന്തിച്ചു. (ഇന്നസെന്റ് പറയുമ്പോലെ) ഉം?! സ്നേഹം എല്ലാം പ്രേമമാകണമെന്നില്ലല്ലൊ അല്ലെ, ശരീരങ്ങൾക്കല്ലെ, വ്യവസ്ഥകൾ, മനസ്സിനും ഹൃദയത്തിനും ഒന്നും അത് ബാധകമല്ലല്ലൊ (എല്ലാം കൂടി കൂട്ടിക്കലർത്തിയാൽ എല്ലാറ്റിന്റെയും പവിത്രത നഷ്ടാമായേക്കാം..) സ്നേഹം ദിവ്യമാണ് എന്നായാലും എപ്പോഴായാലും.. മരിക്കാൻ കിടക്കുമ്പോഴായാലും ഒരാൾ തന്നെ സ്നേഹിക്കുന്നു എന്നു അറിയുന്നത് ആത്മാവിനു ശാന്തിദായകമാണ്. സ്നേഹം സത്യമാണ്, ദൈവമാണ്, ജീവചൈതന്യമാണ്... തൽക്കാലം മതിയാക്കാം അല്ലെ,?!
ഇനി ഹൃദയത്തിന്റെ ഭാക്ഷ എന്താണെന്നു നോക്കാം.. (അതെനിക്കും ശരിക്കറിയില്ല)
ഞാൻ അകലെയുള്ള നക്ഷത്രങ്ങളെ
ആരാധിച്ചു ശീലിച്ചവൾ
സ്വപ്നങ്ങളെ ദൂരെനിന്നു കണ്ടുശീലിച്ചവൾ
ദൂരം കൂടുന്തോറും സ്വപ്നങ്ങളുടെ തീവ്രതയും കൂടും
അതാണ് ഞാൻ ദ്വാപരയുഗത്തിലെ കണ്ണനെ പ്രണയിക്കുന്നത്
ദ്വാപരയുഗവും കലിയുഗവും തമ്മിൽ ഏറെ ദൂരമുണ്ടല്ലൊ
എന്ന സമാധാനത്തിൽ
സ്വപ്നങ്ങളുടെ ദൂരം കുറയുമ്പോൾ
ഞാൻ പരിഭ്രാന്തയാകുന്നു
സ്വപ്നങ്ങൾ യാധാർത്ഥ്യങ്ങളായിപ്പോകുമെന്ന്
ഭയക്കുന്നവൾ
അവിടെ എനിക്ക് വേറേ വേഷമല്ലെ,
സ്വപ്നം കാണുന്ന ഞാൻ യധാർത്ഥജീവിതത്തിൽ
എനിക്കു തന്നെ അപരിചിതയാണ്.
സ്ത്രീകളെപ്പറ്റി ശ്രീഹരിയുടെ പോസ്റ്റ് വായിച്ചു സന്തോഷം കൊണ്ട് അവിടെ ഒരു കമന്റിടാമെന്നു കരുതിയപ്പോൾ
അതിനും പറ്റുന്നില്ല
എഴുതാൻ ചെന്ന കമന്റ് താഴെ
‘സ്ത്രീക്ക് ഒരു നല്ല സുഹൃത്താവാൻ കഴിയുമെന്ന് എന്നാണ് നാം തിരിച്ചറിയുക?’
സ്ത്രീകൾക്ക് ഒരു നല്ല സുഹൃത്താകാൻ കഴിയുമെന്നറിയുന്നത്
എന്നാണെന്നോ?!
സ്ത്രീകൾ മുഴുവനും ഈ ഭൂമിയിൽ നിന്നും ഉന്മൂലനാശനം ചെയ്യപ്പെട്ടതിനുശേഷം!
അധികം ആലോചിക്കാതെ എഴുതിപ്പോയതാണേ..
പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ ആദ്യം തോന്നിയ അഭിപ്രായം അതേപോലെ എഴുതിയതാണ്!
Categories
- ഓട്ടോഗ്രാഫ് (40)
- ചെറുകഥ (54)
- ജീവിതം (62)
- നിര്‍വ്വചനമില്ല (42)
- പാചകം (3)
- ഫോട്ടങ്ങള് (12)
- ബ്ലോഗും ജീവിതവും (69)
- വേറെ കുറെ (16)