കുറച്ചു ദിവസങ്ങള്‍ സത്യവതിയോടും സുവര്‍ണ്ണലതയോടും ബകുളിനോടും കൂടെയായിരുന്നു..(ആശപൂര്‍ണ്ണാദേവിയുടെ നായികമാരോടൊപ്പം). വായിച്ചു തീര്‍ന്നപ്പോള്‍ ഒരു ശൂന്യതാബാധം! അതു നികത്താനായി ഒരു ദേശത്തിന്റെ കഥ വായിച്ചു തുടങ്ങി.. അതിരാണിപ്പാടത്ത് എത്തി നില്‍ക്കുന്നു.. ഇനി കുറച്ചു ദിവസങ്ങള്‍ അവരൊടെപ്പം ജീവിക്കാം...!
എഴുതാന്‍ സമ്മതിക്കാതെ ഒരു കൊതുക് ചുറ്റിനും വലം വയ്ക്കുന്നു.. എങ്കിപ്പിന്നെ അതിനെപ്പറ്റിയാകാം ഇന്നത്തെ കഥ!
ഒന്നു രണ്ട് വരി എഴുതുമ്പോഴേക്കും പതുങ്ങി വന്ന് കാലില്‍ ഒരു കടി, എന്നിട്ട് ഒറ്റ പറക്കല്‍. എന്റെ ‘ബാറ്റുമായി’ ഞാന്‍ കാത്തിരിക്കുന്നു!. കൊതുകിനെ പിടിക്കാന്‍ ഒരു ബാറ്റുണ്ട്, കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അതായിരുന്നു ഒരു വലിയ സന്തോഷം/ അല്‍ഭുതം!
നാട്ടിലെത്തി ആദ്യരാത്രി ഞാനും മകളും കൂടി ഞങ്ങളുടെ മുറിയിലും അച്ഛനും അമ്മയും അവരുടെ മുറിയിലും കയറി അല്പം കഴിഞ്ഞപ്പോള്‍ അമ്മയുടെ മുറിയില്‍ നിന്നും പട്ടാസു പൊട്ടുന്നപോലെ പട പടാ ശബ്ദം! അമ്മയിനി കൊച്ചു മക്കളെയൊക്കെ കണ്ട സന്തോഷത്തില്‍ മതിമറന്ന് പട്ടാസ് പൊട്ടിക്കുകയാണോ?!വട്ടായോ?! ഓടിച്ചെന്നു നോക്കിയപ്പോള്‍ അമ്മ ഒരു ബാറ്റുമായി കട്ടിലില്‍ എഴുന്നേറ്റിരുന്ന് കളിയോട് കളി! ഇതെന്തു മറിമായം! ഇങ്ങനേ ഒരു കളിയുണ്ടോ?! ഇനി കേരളം വികസിച്ചു വികസിച്ചു വയോജനങ്ങളുടെ ബോറഡി മാറാനോ, മാനസിക ഉല്ലാസത്തിനോ വേണ്ടി കണ്ടുപിടിച്ചതായിരിക്കുമോ ഈ കളി! ഇപ്പോള്‍ എല്ലാം ഇമാജിനേഷന്‍ അല്ലെ, കൂടെ കളിക്കാന്‍ ആരുമില്ല. അച്ഛന്‍ സ്വസ്ഥമായി കിടക്കുന്നു..
“അമ്മേ എന്തുപറ്റി?! ബാറ്റു കളിക്കുന്നോ?” ( പക്ഷെ അമ്മ ശരിക്കും ബാഡ്മിന്റന്‍ ഒക്കെ കളിക്കും ട്ടൊ! അതു വേറൊരു കഥ)
“അല്ല, നശിച്ച കൊതുകാരണം ഉറങ്ങാന്‍ പറ്റുന്നില്ല. അതിനിടയില്‍ അമ്മ ബാറ്റ് വീണ്ടും ശൂന്യതയില്‍ വീശി. അപ്പോള്‍ പട പടാ ശബ്ദം വീണ്ടും കേട്ടു!
ഞാനും മോളും അല്‍ഭുതത്തോടെ ‘മലയാളീസിന്റെ ആ കണ്ടുപിടിത്തം’ നോക്കി വണ്ടറടിച്ചു നില്‍ക്കുമ്പോള്‍, ‘ഇന്നാ വേണമെങ്കില്‍ ഇതെടുത്തോ എനിക്ക് ഇനി ഒന്നുകൂടിയുണ്ട്’ എന്നും പറഞ്ഞ് വച്ച് നീട്ടി!
കേള്‍ക്കാത്ത താമസം ഞാന്‍ ഓടി ചെന്ന് ഭക്തിപുരസ്സരം ബാറ്റ് വാങ്ങി. എന്റെ കയ്യില്‍ നിന്നും അധികം ഭക്തിയൊന്നും ഇല്ലാതെ തന്നെ അത് മകള്‍ കയ്ക്കലാക്കി..അവള്‍ ഓടി മുറിക്കകത്തു കയറി കട്ടിലിനു ചുറ്റിനും തലങ്ങും വിലങ്ങും വീശിയപ്പോള്‍ കേട്ട പട പടാ ശബ്ദത്തില്‍ അവള്‍ അവളുടെ നാടു വിട്ട അങ്കലാപ്പൊക്കെ മാറി സുസ്മേരവദനയായി. ഞാന്‍ ആശ്വസിച്ചു.. ഇത്തവണത്തെ വരവ് വെറും ബോറായിരിക്കില്ല. അറ്റ് ലീസ്റ്റ് മകളെങ്കിലും എന്‍ജോയ് ചെയ്തോളും . ഞങ്ങള്‍ പോകുന്നതുവരെ കൊല്ലാന്‍ ഇഷ്ടം പോലെ കൊതുക്കള്‍ വന്നോളും. കൊതുകിനാണോ ദാരിദ്യം!
തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ ബോറഡി മാറ്റിയ ആ അല്‍ഭുത വസ്തുവിനെ ഭദ്രമായി പൊതിഞ്ഞു കെട്ടി ഇവിടെ എത്തിച്ചു. ഇവിടെ ഒരു പ്രശ്നം എന്തെന്നാല്‍ കൊതു ചില ദിവസങ്ങളിലേ ഉണ്ടാവൂ.. അതെന്നാണെന്ന് കൃത്യമായി ഇനിയും കണ്ടുപിടിച്ചിട്ടില്ലാ താനും! അങ്ങിനെ ഞങ്ങള്‍ ആയുധം വച്ച് കാത്തിരുന്നു.. കേരളത്തിലെ അല്‍ഭുതം ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍..
ഒടുവില്‍ ആ സുദിനം വന്നെത്തി. ഒരു ഞായറാഴ്ച്ച സന്ധ്യക്ക് കൊതുകള്‍ ഒന്നൊന്നായി വരവായി.. കൊതുകുവരാതായപ്പോള്‍ ആയുധത്തിന്റെ കാര്യം മറന്നുപോയ മകള്‍ പെട്ടെന്ന് ഓര്‍ത്തു..
‘അമ്മേ നമ്മള്‍ ഇന്ത്യയില്‍ നിന്നും കൊണ്ടു വന്ന ബാറ്റ്..?’
‘ഏതു ബാറ്റ്?’
‘കൊതുകിനെ പിടിക്കുന്ന ബാറ്റ്!’
ഇതു കേട്ട് അവളുടെ അച്ഛന്‍ മിഴിച്ചു നോക്കി. അതുകണ്ടപ്പോള്‍ എനിക്കും ഉത്സാഹമായി!
സകലകലാവല്ലഭനെ കാട്ടാന്‍ ഒരു അല്‍ഭുതം ഞങ്ങള്‍ക്കും ഉണ്ടല്ലൊ എന്ന ഒരു ത്രില്ലില്‍ ഓടിപ്പോയി ബാറ്റെടുത്ത് മകളെ ഏല്പിച്ചു. അവള്‍ ചുറ്റിനും കൂടിയ കൊതുകുകളെ അങ്ങിനെ ടപ്, ടപ് എന്നും പറഞ്ഞ് പൊട്ടിച്ചു രസിക്കാന്‍ തുടങ്ങിയപ്പോള്‍, സകലകലാ വല്ലഭന്‍ ചോദിച്ചു,
‘അതു കൊള്ളാമല്ലൊ! അത് കൊതുവായിരിക്കില്ല!!’ ( ഇതൊക്കെ ഒരു നമ്പര്‍ ആണ്, ആദ്യം ഇന്നസന്റ് ആയി അഭിനയിക്കും നമ്മുടെ പ്രത്യേകത എന്തെന്നു മനസ്സിലാക്കി അത് സ്വന്തം നിയന്ത്രണത്തിലാകും വരെ തുടരും ഈ ഇന്നസന്‍സ്)
‘അത് കൊതുക് തന്നെയാണ് ’ മകള്‍ പറഞ്ഞു
ഞാനും ഏറ്റു പറഞ്ഞു, ‘അതെ കൊതുകാണ്.’
‘അല്ല! എങ്കില്‍ ഞാന്‍ നോക്കട്ടെ?’
ഞങ്ങള്‍ അപ്പ്രൂവലിനുവേണ്ടി ബാറ്റ് കയ്യില്‍ കൊടുത്തു.. പിന്നെ ഒരു മേളമായിരുന്നു..!! യജമാനന്‍ ആ ബാറ്റും കൊണ്ട് സാക്ഷാല്‍ യുദ്ധം ആരംഭിച്ചു. വീടുമുഴുവന്‍ ഓടിനടന്ന് അടിയോടടി.. ആകപ്പാടെ ഒരു പടപടാ ശബ്ദം ..അകത്തും മുഴുവന്‍ തീര്‍ത്തശേഷം പോരാഞ്ഞ് വെളിയിലിറങ്ങി അടിതുടങ്ങി
ചായയിടാന്‍ പോയ ഞാനും, ഇതിനകം കളി അച്ഛനു കൈമാറിയ ശൂന്യതയില്‍ മകള്‍ ഹോംവര്‍ക്കും ചെയ്തു തുടങ്ങിയിരുന്നു. വെളിയില്‍ പടാ പടാ എന്നൊക്കെ കേള്‍ക്കുന്നു. അദ്ദേഹം ഉള്ള ചെടികളും മരങ്ങളും ഒക്കെ ഇളക്കി അങ്ങിനെ ആര്‍മാദിച്ച് തകര്‍ക്കുകയാണ്. ഒടുവില്‍ ക്ഷീണിച്ച് അവശനായി ബാറ്റുമായി തിരിച്ചെത്തി.
‘ഈ രാജ്യത്തെ കൊതുകിനെ മുഴുവന്‍ നശിപ്പിച്ചൊ?!!’ - ഞാന്‍
‘ബാറ്റെവിടെ?’ എന്റെ ഉള്ളൊന്ന് ആളി! ദൈവമേ അത് നശിപ്പിച്ചോ!
‘ഓ! ഇതിനെന്തോ കുഴപ്പമുണ്ട്’ -അദ്ദേഹം
‘അതുപിന്നെ ഇത്രേം പാടുണ്ടോ?! അതു പാഴിക്കളഞ്ഞു !!’(ഞാന്‍ പരിതപിച്ചു)
‘ഞാനൊന്നും ചെയ്തില്ല.’ (നിസ്സഹായത!)
അങ്ങിനെ അതോടെ ബാറ്റ് കളി അവസാനിച്ചു.
പിന്നെ ആരെങ്കിലും നാട്ടില്‍ നിന്നു വരാന്‍ കാത്തിരുന്നു. ഒടുവില്‍ ഒരു ബന്ധു ബാറ്റു കൊണ്ടു തന്നപ്പോള്‍ ഗൃഹനാഥനെ നോക്കി പറഞ്ഞു.., ‘പാടില്ല പാടില്ല നമ്മെ നമ്മെ , പാടെ മറന്നൊന്നും ചെയ്തു കൂടാ..’
യജമാനന്റെ മുഖത്ത്, എന്തുകൊണ്ടോ, ഒരല്പം ജാള്യത മിന്നി മറയുന്നത് കണ്ടപ്പോള്‍ ആശ്വാസമായി
അപ്പോള്‍ ഈ ബാറ്റ് രക്ഷപ്പെട്ടൂ..
അങ്ങിനെ ഒടുവില്‍ കിട്ടിയ രണ്ടു ബാറ്റുകളുമായാണ് ബ്ളോഗെഴുത്തും വായനയും ഒക്കെ. ബാറ്റ് വീശാന്‍ ഒരല്പം മറന്നാല്‍ കൊതുക് ഏതെങ്കിലും വശത്തൂടെ വന്ന് കടിക്കും! ‘കൊതുവേ നീയും നാട്ടിലെ ഐറ്റിയും ഐ ഐ റ്റിയും ഒക്കെയാണോ?! എന്തൊരപാര ബുദ്ധി!! സമ്മതിച്ചു തരാതെ നിര്‍വ്വാഹമില്ലാ..’
അങ്ങിനെ ഞാന്‍ ബാറ്റുമായി കാത്തിരിക്കുന്നു.. കൊതുകു പാത്തും പതുങ്ങിയും കടിച്ചേച്ച് കൂളായി അങ്ങ് പറന്നുയരുന്നു..
ഈ കൊതുകുബാറ്റിന്റെ കാര്യം എഴുതിയപ്പോള്‍ ആത്മയ്ക്ക് പണ്ട് നടന്ന മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു..ഒരു ഈരുകൊല്ലിയുടെ കഥ!( ഈര് എന്നു പറയുന്നത് പേനിന്റെ മുട്ടയാണ് ട്ടൊ)അത് അടുത്ത പോസ്റ്റില്‍...
താന്‍ എഴുതി വരുമ്പോള്‍ പലപ്പോഴും തന്റെ ജീവിതം ഈ വിധമായതില്‍ മറ്റുള്ളവരുടെ മേല്‍ കുറ്റം ആരോപിക്കുന്നുണ്ട്.. പക്ഷെ ശരിക്കും അവര്‍ കുറ്റക്കാരാണോ? മീര ഒന്നു സ്വയം വിശകലനം ചെയ്തു നോക്കി...
‘അല്ലേ അല്ല’. ഉത്തരം പെട്ടെന്നു തന്നെ കിട്ടി!
തന്റെ സ്ഥാനത്ത് മറ്റൊരു യുവതി ആയിരുന്നെങ്കില്‍ താന്‍ നെഗറ്റീവ് ആയി ചിന്തിച്ചു തള്ളി പ്രവര്‍ത്തിക്കാതിരുന്ന പല കാര്യങ്ങളും പ്രായോഗികമാക്കി വിജയിപ്പിച്ചേനെ. താന്‍ സ്വയം ഉള്ളിലേക്കൊതുങ്ങുകയായിരുന്നു. വെളിയിലത്തെ ലോകത്തെ സ്നേഹിക്കാതെ എന്തിന് അതിനെ കുറ്റപ്പെടുത്തുന്നു!
ഇന്നുതന്നെ ഒരു പാര്‍ട്ടിയുണ്ട്. വേണമെങ്കില്‍ തനിക്കും പോകാം...പക്ഷെ, പോകാന്‍ മനസ്സു വരുന്നില്ല. ആദ്യത്തെ എസ്ക്യൂസ്, മകള്‍ക്ക് തിങ്കളാഴ്ച്ച മുതല്‍ പരീക്ഷ തുടങ്ങുന്നു. ഇപ്പോള്‍ സ്വച്ഛമായിരിക്കുന്ന മനസ്സിനെ ആ പാര്‍ട്ടിയിലും ബഹളത്തിലും പെട്ട് ഉലച്ചിട്ട് തിരിച്ചു വരുമ്പോള്‍ അത് കുട്ടിയുടെ പഠിത്തത്തിനെ ബാധിക്കുമോ എന്നൊരു ഉല്‍ക്കണ്ഠ ഇല്ലാതില്ല..
എന്നാല്‍ അതല്ല യധാര്‍ത്ഥ എസ്ക്യൂസ്! മറ്റുള്ളവര്‍ പാര്‍ട്ടിയിലും പൊള്ളത്തരത്തിലും ചെന്നു പെട്ട് ആര്‍മാദിക്കുമ്പോള്‍ തനിക്ക് തനിക്കായി അല്പസമയം കിട്ടും. മറ്റുള്ളവര്‍ വിട്ടുപേക്ഷിച്ച് പോയ ലോകത്തില്‍ താന്‍ മാത്രം! താനും തന്റെ ചിന്തകളും മാത്രം.. ആ ഒരു ദിവസം അല്ലെങ്കില്‍ ഏതാനം മണിക്കൂര്‍ ഞാന്‍ സര്‍വ്വ സ്വതന്ത്രയാണ്.. താന്‍ ആ സമയം എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യം ഇല്ല, ആരെയും ഭയക്കാതെ ആരുടെയും നിയന്ത്രണത്തിലല്ലാതെ കുറേ സമയം ഈ ഭൂമിയില്‍ എനിക്കായി കിട്ടുക എന്നാല്‍ അത് ഒരു വല്ലാതെ ഉന്മാദം ഉണ്ടാക്കും.. അതിന്റെ ആ മാധുര്യം എന്തെന്ന് മനസ്സിലാക്കിപ്പോയി. അത് പാര്‍ട്ടികളില്‍ ഉടുത്തൊരുങ്ങിപ്പോകുന്നതുകൊണ്ടോ, ഇഷ്ടപ്പെട്ടവരെ കാണാനായെന്നതുകൊണ്ടോ ഒക്കെ കിട്ടുന്ന മനസ്സന്തോഷത്തില്‍ നിന്നും പതിന്മടങ്ങാണ്.
മീര ഓര്‍ത്തു. ആദ്യത്തേത് മനസ്സിനെ ഇളക്കുകയും ചഞ്ചലപ്പെടുത്തുകയും ആണ് ചെയ്യുന്നതെങ്കില്‍ രണ്ടാമത്തെ സന്തോഷം മനസ്സിന്റെ മാത്രമാണ്.
തന്റെ ഈ വെടക്കു സ്വഭാവം കൊണ്ട് വന്ന നഷ്ടങ്ങള്‍ (മറ്റുള്ളവരുടെ കണ്ണില്‍ നഷ്ടങ്ങള്‍) എത്രയാണെന്ന് ഒരു ഏകദേശ കണക്കെടുക്കാന്‍ ഒരാഗ്രഹം തോന്നി മീരയ്ക്ക്..
ആദ്യം മുതല്‍ തുടങ്ങട്ടെ..
തനിക്ക് അമ്മയുടെ നല്ല നല്ല സാരികള്‍ പോലും വെട്ടി പാവാടതയ്ച്ചു തന്നിട്ടും, ഒരിക്കല്‍ തന്റെ ഒരേ ക് ളാ സ്സില്‍ പഠിക്കുന്ന അപ്പച്ചിയുടെ മകള്‍ പാവാട തയ്ക്കാന്‍ മടിച്ച് മടിച്ച് ഒരു സാരി ചോദിച്ചപ്പോള്‍ നിര്‍ദ്ദയം ‘ഇല്ല’ എന്നു പറഞ്ഞ അമ്മയോട് തോന്നിയ പ്രതിക്ഷേധം.. കുമാരിച്ചേച്ചിയില്‍ വന്നു നിറയുന്ന അഭിമാന ക്ഷതം! അതെങ്ങിനെ കണ്ടില്ലെന്നു നടിക്കാന്‍! അമ്മയോടെതിര്‍പ്പ് തോന്നിത്തുടങ്ങി...
തനിക്ക് നല്ല ഒരു വിവാഹ ബന്ധം ഏര്‍പ്പെടുത്തി തന്നെങ്കിലും അതില്‍ ഒളിഞ്ഞിരുന്നത് അച്ഛനമ്മമാരുടെ സ്വാര്‍ത്ഥമോഹങ്ങള്‍ ആയിരുന്നെന്നും അതില്‍ താന്‍ സ്വയം ബലിയാടാകുകയായിരുന്നെന്നുമുള്ള സത്യം അംഗീകരിച്ച് തനിക്ക് കിട്ടിയ സൌഭാഗ്യം ആസ്വദിക്കാമായിരുന്നു. പക്ഷെ ഇതില്‍ തന്റെ സ്വപ്നങ്ങളും മോഹങ്ങള്‍ക്കും പകരം മാതാപിതാക്കളുടെതാണ് നിക്ഷേപിച്ചതറിഞ്ഞപ്പോള്‍ തോന്നിയ വെടക്ക് സ്വഭാവം..
സ്വയം വെറുപ്പ്, നിന്ദ.. എല്ലാവരോടും എല്ലാറ്റിനോടും എതിര്‍പ്പ്..അങ്ങിനെ എന്തൊക്കെയോ..
അന്യ വീട്ടില്‍ ചെന്നു കയറിയപ്പോള്‍ അവിടത്തെ ജോലിക്കാരിയെ മൃഗത്തിനെപ്പോലെ ഗണിച്ചിട്ട് തനിക്ക് മനുഷ്യജീവിയുടെ സ്ഥാനവും തന്നപ്പോള്‍ സ്വയം മറ്റൊരു മൃഗത്തെപ്പോലെ തോന്നി മനസ്സ് മടുത്തത് മറ്റൊരു വെടക്ക് സ്വഭാവം..
വിവാഹം കഴിഞ്ഞയുടന്‍ ഭര്‍ത്തൃവീട്ടുകാര്‍, ‘പെണ്ണു കൊള്ളാം പക്ഷെ വീട്ടുകാര്‍ ഒരു പൊറുപ്പുമില്ലാത്തവര്‍..’ തുടങ്ങി അന്യായമായി മാതാപിതാക്കളെയും കുടുംബത്തേയും കുറ്റപ്പെടുത്തുമ്പോള്‍.. അവരുടെ ഭാഗം ചേര്‍ന്ന് നല്ല പിള്ളയായി ചമഞ്ഞ് നടന്നിരുന്നെങ്കില്‍.. നല്ല മരുമകളായി വിലസാമായിരുന്നു.. അപ്പോള്‍ വെടക്ക് സ്വഭാവം തല്പൊക്കി! ‘ങ്ങ് ഹാ! എത്ര നല്ലവരാണെങ്കിലും മാന്യന്മാരാണെങ്കിലും പണക്കാരാണെങ്കിലും തന്നെ ഇതുവരെ വളര്‍ത്തില്‍ വലുതാക്കിയവരെ അധിക്ഷേപിക്കുന്നത് വകവച്ചുകൊടുക്കുന്നതില്‍ ഒരു ആത്മവഞ്ചന..!’ വെറുതെ രോക്ഷം മുഴുവന്‍ ഡയറിയുടെ താളുകളില്‍ നിക്ഷേപിച്ചു.. അന്നു തുടങ്ങി ഉയര്‍ച്ചയില്‍ നിന്നുള്ള വീഴ്ച്ച..
ജോലിക്കു പോയി.. അവിടെ ഒരു കുട്ടി! തന്റെ പ്രായം! അവള്‍ ജോലിചെയ്യുകയാണെങ്കിലും അവിടത്തെ സര്‍വ്വാധികാരിയാകാനോ അതിലപ്പുറമോ ഒക്കെയുള്ള അവളുടെ സ്വപ്നങ്ങള്‍.. അതു കണ്ടില്ലെന്നു നടിക്കാമായിരുന്നു.. പക്ഷെ, സ്വയം വില്ലത്തിയായി ഒഴിഞ്ഞു.. എന്തോ! സത്യത്തിനു നേരേ കണ്ണടക്കാന്‍ മടി. എന്നെ വച്ച് അവളെ ഒഴിക്കാന്‍ നിന്നിരുന്നവര്‍ക്ക് ഒടുവില്‍ അവളെ ആശ്രയിക്കേണ്ടിവന്നു. ആത്മ വേദന കടിച്ചിറക്കി സത്യത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചു.
എഴുതിത്തുടങ്ങിയപ്പോള്‍.., എന്തോ, ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച ഒരു അഹംഭാവം തോന്നി. എത്തേണ്ടിടത്തെത്തിയ സംതൃപ്തി! പക്ഷെ തന്റെ ബുക്കും കൊണ്ട് പബ് ളിഷറിനടുത്തെത്തിയപ്പോള്‍ അവിടെ ഇരുന്ന ഒരു മാന്യദേഹം ‘നമുക്ക് ഈ മീരയെ നല്ല ഒരു എഴുത്തുകാരിയാക്കിയിട്ടു തന്നെ കാര്യം’ എന്നു തമാശപറഞ്ഞപ്പോള്‍ തീരെ കൊച്ചായപോലെ തോന്നാന്‍ കാരണമെന്ത്! അവരുടെ കഴിവുകൊണ്ട് കിട്ടുന്ന അംഗീകാരത്തിനെക്കാള്‍ തന്റെ എഴുത്തിന്റെ യധാര്‍ത്ഥ മൂല്യം സത്യസന്ധമായി അറിയാനുള്ള ഒരു തീവ്ര വൈരാഗ്യം അദ്ദേഹത്തോട് വെറുപ്പ് തോന്നിപ്പിച്ചു. (തന്റെ എഴുത്തിന്റെ ന്യൂനതകള്‍.. എങ്ങിനെ ഇമ്പ്രൂവ് ചെയ്യാം എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് ആരും പ്രാധാന്യം നല്‍കിയുമില്ല.. മീരയ്ക്ക് അങ്ങിനെ ഒരാളെ കണ്ടെത്തി തനിക്ക് ശരിക്കും എഴുതാനുള്ള കഴിവുണ്ടോ, എഴുതുന്നതിനെ പറ്റി നൂറു നൂറു സംശയങ്ങളുണ്ടായിരുന്നു..)
പിന്നീട് ഭര്‍ത്താവ് ഒരു വലിയ തുക പബ് ളിഷറെ ഏല്‍പ്പിച്ച് പിന്നീട് വിളിച്ചു ചോദിക്കയോ ഒന്നും ചെയ്യാതെ കടമ തീര്‍ന്ന മട്ടില്‍ എല്ലാ ബന്ധങ്ങളും വേര്‍പെടുത്തി പോന്നപ്പോള്‍.. തന്റെ ബുക്ക് കുറെ കാശിന്റെ പേരില്‍ അവഹേളിക്കപ്പെടുന്നപോലെ.. അടുത്തപ്രാവശ്യം ചെന്നപ്പോള്‍, ‘വേണ്ട എനിക്ക് ആത്മവിശ്വാസമില്ല. എന്നെങ്കിലും തനിയെ തോന്നുന്നെങ്കില്‍ വരാം..’ എന്നുപറഞ്ഞ് ഏല്പിച്ച കാശ് പോലും തിരിച്ച് ചോദിക്കാതെ പിന്മാറിയത് മറ്റൊരു വെടക്ക് സ്വഭാവം..(പാവപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കല്ല്യാണചിലവിനുള്ള കാശ് തിരിച്ച് ചോദിക്കാതെ പോയതില്‍ മാത്രം ഒരല്പം കുണ്ഠിതം)
ഇനിയും ഉണ്ട് എണ്ണിയാലൊടുങ്ങാത്തത്രയും വെടക്ക് സ്വഭാവങ്ങള്‍.. ആരെങ്കിലും തന്നെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ (തനിക്ക് ആരോടെങ്കിലും സ്നേഹം തോന്നിയാല്‍) അവിടെയും വെടക്ക് സ്വഭാവം തല്പൊക്കും.. ലോകത്തിലുള്ള എല്ലാപേരുടെയും ആശീര്‍വ്വാദത്തോടെയും അംഗീകാരത്തോടെയും.. (അങ്ങിനെ ആരു സ്നേഹിച്ചിട്ടുണ്ട്?) എന്നിങ്ങനെ എത്രത്തോളം വെടക്കുകള്‍ അതില്‍ കുത്തിനിറക്കാമോ അതൊക്കെ ചേര്‍ത്തുവച്ച് ചേര്‍ത്തുവച്ച് ഇരിക്കും.. ആ സ്നേഹം പൂവിട്ട് കായിട്ട് പൊഴിയും വരെ നോക്കി നില്‍ക്കും.. തനിക്കര്‍ഹതയില്ല, അവകാശമില്ല എന്നൊക്കെ പറഞ്ഞ്...
ഇങ്ങിനെ കുറെ വെടക്കു സ്വഭാവങ്ങളാണ് തന്നെ മറ്റുള്ളവരില്‍ നിന്നും വേറ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ഒക്കെ ചെയ്യുന്നത്.. മീര ഓര്‍ത്തു...
പക്ഷെ, ഈ വെടക്ക് സ്വഭാവങ്ങള്‍ കൊണ്ടുണ്ടാകുന്ന ദുഃഖങ്ങള്‍ ചില്ലറയൊന്നുമല്ല..
ഉദാഹരണമായി, ഓ വെളിയിലൊക്കെ പോയി ഫുട്ബാളും പാര്‍ട്ടിയും ഒക്കെയായി ആര്‍മാദിക്കുന്നവരൊക്കെ പോകാന്‍ പറ, മീരയ്ക്ക് മീരയുടെ എഴുത്തിന്റെ ലോകവും
അക്ഷരങ്ങളിലൂടെ കിട്ടിയ ബന്ധവും ഒക്കെ മതി എന്നും പറഞ്ഞ് സംതൃപ്തിയോടെ ഉറങ്ങി എണീക്കുന്ന മീര ഒരുദിവസം അറിയാതെ നേരത്തെ ഉറങ്ങിപ്പോയി (പരീക്ഷയുള്ളപ്പോഴല്ല്യോ മീരയും ഉറക്കമിളക്കുന്നത്.)
പിറ്റേന്ന് എണീക്കുമ്പോള്‍ ലോകത്തില്‍ താന്‍ തീര്‍ത്തും ഒറ്റപ്പെട്ടപോലെ! ഇതെന്തുപറ്റി പെട്ടെന്ന് ഇങ്ങിനെ തോന്നാന്‍!! വിരക്തിക്കും വേണ്ടേ ഒരു അതിരൊക്കെ. ആകെപ്പാടെ ഗതിമുട്ടിയപോലെ!.. മുഴുഭ്രാന്താകുമോ എന്നൊരു ഭയവും!. മീര പരിഭ്രാന്തയായി നടന്നു. ശീലങ്ങള്‍..ശീലങ്ങള്‍.. ശീലങ്ങള്‍ പെട്ടെന്ന് മാറുമ്പോള്‍ മനസ്സ് വല്ലാതെ പതറിപ്പോകുന്നു...
ഒടുവില്‍ ഈ വെടക്ക് സ്വഭാവങ്ങള്‍ക്ക് മീര ഒരു പരിഹാരം കണ്ടെത്തി!, പ്രത്യേകിച്ചും ദിവസത്തിന്റെ ആരംഭത്തില്‍ തന്നെ വന്നു പൊതിയുന്ന അധമ ചിന്തകള്‍ക്ക്.. 'Don't judge people, you cannot love them' എന്നൊരു ചൊല്ലില്ലേ, അതുതന്നെ മറ്റൊരു രീതിയില്‍, 'Don't judge life, you cannot love it'എന്നാക്കിയപ്പോള്‍ ആശ്വാസമായി. താനാര് ജീവിതത്തെ ചോദ്യം ചെയ്യാന്‍! ദൈവം തന്ന ജീവിതത്തെ ചോദ്യം ചെയ്യുക എന്നാല്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുക, കുറ്റപ്പെടുത്തുക, എന്നൊക്കെയല്ലെ, അതൊരു തരം ശെയ്ത്താന്റെ പണിയല്ലേ, രാവിലെ ഈ ശെയ്ത്താന്റെ പണിക്കു പോകുന്നതുകൊണ്ടാണ് ഡിപ്രഷന്‍ വന്നു പിടിക്കുന്നത് ! ‘ഇനിമുതല്‍ ദൈവം തന്ന ജീവിതത്തെ ചോദ്യം ചെയ്യാതിരിക്കും, അംഗീകരിക്കാന്‍ പഠിച്ച്, സ്നേഹിക്കാന്‍ ശ്രമിക്കും... അദ്ദേഹം ചെയ്യുന്നതെല്ലാം നല്ലതിനുവേണ്ടിയാകും, അദ്ദേഹം നമ്മെ തുണയ്ക്കും’ എന്ന് കണ്ണുമടച്ച് അങ്ങ് വിശ്വസിക്കുക. എത്ര വലിയ ഒഴുക്കിലും വെള്ളച്ചാട്ടത്തിലും ദൈവം ഒരു കൈ തരും.. സൂക്ഷിച്ചു നോക്കിയാല്‍ എല്ലാവരുടെ ജീവിതത്തിലും കാണാം ഈ അദൃശ്യമായ കൈ!
നന്ദനും നന്ദിനിയും എന്നാല്‍ ബോബനും മോളിയും പോലെ ഒരു സംഭവമാണ്!
(ഒറിജിനല്‍ ബോബനും മോളിയും ആത്മയുടെ സഹോദരനും ആത്മയുമാണേ.. ഇവര്‍ ഒരു സോഫ്റ്റര്‍ വേര്‍ഷന്‍.) നന്ദന്‍ കരഞ്ഞാല്‍ നന്ദിനീം കരയും നന്ദന്‍ ചിരിച്ചാല്‍ നന്ദിനിയും.. അങ്ങിനെ ഇരട്ടപെട്ട രണ്ടു സോഫ്റ്റ് ബൊമ്മകള്‍ ആണ് ബാലകൃഷ്ണന്‍ സാറിന്റെ മക്കള്‍.. സംസാരവും പെരുമാറ്റവും ഒക്കെ ഒരുപോലെ. വളരെ കെയറിം ആന്റ് ഷെയറിംഗ് ആയൊരു ബന്ധം. നന്ദിനിയുടെ മകനാണ് നന്ദന്‍ എന്നപോലെ നന്ദിനിയും, തന്റെ മകളാണ് നന്ദിനി എന്നപോലെ നന്ദനും. എന്തിനധികം, ആത്മയും ആത്മയുടെ സഹോദരനും അതിന്റെ ഒരു ഹാര്‍ഡ് വേര്‍ഷന്‍ എന്നൊക്കെ പറയാം.. ഞങ്ങള്‍ അത്യാവശ്യത്തിനു വേണ്ട ഇടിയും തൊഴിയും ഒക്കെയായി കഴിയുമ്പോള്‍ ഇവര്‍ വലിയ ഡീസന്റ്!
അനിയന്‍ അങ്ങിനെ അങ്ങ് വകവച്ചുകൊടുത്തൊന്നും ഇല്ല ട്ടൊ, തക്കം കിട്ടുമ്പോള്‍ നന്ദനെ നല്ല ദേഹോദ്രപം ഒക്കെ കൊടുത്ത് അല്പം ഹാര്‍ഡാക്കാന്‍ ഇടക്കിടെ ശ്രമിക്കുകയും അപ്പോള്‍ നന്ദിനി സഹതാപത്തോടെ അടുത്തുപോയി തടവി സുഖിപ്പിക്കുന്നതും ഒക്കെ കണ്ട് ആത്മ മിഴിച്ചു നില്‍ക്കും.. (ആത്മ അപരിചിതരുടെ ഇടയിലകപ്പെട്ടാല്‍ പിന്നെ എക്സ്ട്രാ ഡീസന്റ് ആയതുകൊണ്ട് ‘മൌനം വിദ്വാനു (വിഡ്ഡിക്കും!) ഭൂക്ഷണം..’ എന്നും പറഞ്ഞ് നില്‍ക്കും.. പോരാത്തതിനു ആ ബൊമ്മ പിള്ളേരോട് അസൂയ തോന്നുന്നതിനു പകരം ഒരുതരം ആരാധന പൊന്തി വന്നിരുന്നു താനും!) അവര്‍ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ അവരറിയാതെ വാച്ച് ചെയ്യലായിരുന്നു ആത്മയുടെ മുഖ്യ വിനോദം. പിന്നെ അവര്‍ വകവച്ച് തരുമ്പോള്‍ ഓടിച്ചെന്ന് അവരുടെ ചേച്ചിയായി അഭിനയിച്ചും ഒക്കെ അങ്ങിനെ നെഗളിക്കും. അനിയനെ ‘നീ പോടാ പന്ന ചെറുക്കാ, കണ്ടോ ഇതാണ് ഡീസന്റ് പിള്ളേര്‍’ എന്നൊക്കെ കാണിച്ച് അങ്ങിനെ നില്‍ക്കും. അനിയന്‍ ഈ തക്കത്തിന് നന്ദനെ എങ്ങിനെ തനിക്കു ചേരും പടി ഹാര്‍ഡ് ആക്കാം എന്ന കുരുട്ടു വിദ്യകള്‍ ഒപ്പിക്കുകയാവും!
ഞങ്ങളുടെ ഏരിയായിലെ വളരെ നല്ല പിള്ളേര്‍ ഞാനും സഹോദരനും ആണെന്നായിരുന്നു അതുവരെ എന്റെ വിശ്വാസം.. കുന്നു കയറി മുകളിലെത്തിയപ്പോഴല്ലെ മനസ്സിലായത്, ഞങ്ങളെക്കാളും സ്ഥിതിയും നിലയും വിലയും ഒക്കെയുള്ള പിള്ളാര്‍ വേറേയും ഉണ്ടെന്നു മനസ്സിലായത്! ഞങ്ങള്‍ വയലേലയിലൂടെ കണ്ട നീര്‍ക്കോലിയേം തവളേം മീനിനേം ഒക്കെ എറിഞ്ഞും കുത്തിയും ഒക്കെ രസിച്ചും മടകളൊക്കെ ചാടിക്കടന്നും, കുന്നു വലിഞ്ഞുകയറി മുകളിലെത്തുമ്പോള്‍, തട (ടാറിടാത്ത റോഡിലൂടെ) ത്തിലൂടെ ഡീസന്റ് ആയി മന്ദം മന്ദം ഗമിക്കുന്ന സോഫ്റ്റ് ബോബനേം മോളിയേം കണ്ട് അനിയന്‍ മറ്റൊരിരയെ കണ്ട ചുറുചുറുക്കില്‍ നെഞ്ചുവിരിച്ച് നടന്നടുക്കുകയും ആത്മ ലോകത്തിലേക്കും വച്ച് ഡീസന്റ് ഒരു ചിരി പാസ്സാക്കി കൂളാവുകയും ചെയ്യും.
അങ്ങിനെ ഒരിക്കല്‍ അനിയന്‍ സാറിന്റെ അടുത്ത് അകപ്പെടുകയും ഞങ്ങള്‍ മൂന്നുപേരും ഫ്രീയായി വെളിയില്‍ ഉലാത്തുകയും ചെയ്യവേ, ആത്മ വലിയ ചേച്ചിയല്ല്യോ! (2 വയസ്സുകൂടി കാണും മൂപ്പ്! എങ്കിലും അന്ന് അതൊക്കെ ഒരു വലിയ മൂപ്പായിരുന്നു..ആത്മയ്ക്ക്) അവരെ വെളിയിലത്തെ നാരങ്ങയും ചെടികളും പൂക്കളും വണ്ടുകളും ശലഭങ്ങളും ഒക്കെ പരിചയപ്പെടുത്തിക്കൊടുക്കവേ.. നന്ദന്റെ ശ്രദ്ധ നാരങ്ങ ചെടിയിലായി. അതിലെ ഒരു ചെറിയ കായ് പറിക്കാന്‍ നീട്ടിയ കൈ പുറകോട്ടു വലിച്ച് നില്‍ക്കുമ്പോള്‍ ആത്മ സധൈര്യം ചെന്ന് ‘ഓ പിന്നേ ഇത് നമ്മുടെ സ്വന്തം നാരങ്ങാ തോട്ടം അല്ല്യോ’ എന്നമട്ടില്‍, അതിലെ ഒരു വളരെ പിഞ്ചു നാരങ്ങ പറിച്ച് നന്ദനു സമ്മാനിച്ചു. നന്ദന്‍ തന്റെ പൂപോലെ പരിശുദ്ധമായ കൈകള്‍ നീട്ടി അതു വാങ്ങുമ്പോള്‍ ആത്മക്ക് എന്തോ വലിയ ചാരിതാര്‍ത്ഥ്യം തോന്നി.
ഇതിനകം അനിയന്റെ പഠിത്തം കഴിഞ്ഞ് ആത്മയും അനിയനും വീട്ടില്‍ പോയി. അതില്‍ പിന്നീടായിരുന്നു സംഭവിച്ചുകൂടാത്തതൊക്കെ സംഭവിച്ചത് ! നന്ദന്‍ ആത്മ പോയതിനു ശേഷം ആ നാരങ്ങാ പിഞ്ച് മണത്തു മണത്ത് ഇരിക്കയും അറിയാതെ ഒരുനിമിഷം അത് ആ വലിയ മൂക്കില്‍ കയറിയങ്ങ് പോവുകയും ചെയ്തു. നന്ദിനി ഓടി ചെന്ന് ‘ടീച്ചറേ, ടീച്ചറേ, നന്ദന്റെ മൂക്കില്‍ നാരങ്ങ!, നന്ദന്റെ മൂക്കില്‍ നാരങ്ങ!’ എന്നുപറഞ്ഞ് കരയാന്‍ തുടങ്ങി.
ഒടുവില്‍ കാര്യം മനസ്സിലായ ഉമ്മ നന്ദന്‍റ്റെ ഒരു മൂക്കിന്റെ ഏറ്റവും മുകളില്‍ നന്നായി പൊത്തിപ്പിടിച്ച് ശക്തിയായി വെളിയിലേക്ക് തുമിക്കാന്‍ പറഞ്ഞപ്പോള്‍ അനുസരണയുള്ള നന്ദന്‍ അതിന്‍ പ്രകാരം തുമിക്കുകയും ജീവാപഹാരിയായ നാരങ്ങ വെളിയില്‍ തെറിച്ചുപോവുകയും അതുകണ്ട് നന്ദിനി ഉറക്കെ ഉറക്കെ ചിരിച്ചു എന്നുമൊക്കെ പിറ്റേന്ന് വലിയ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഉമ്മ വിവരിക്കുമ്പോള്‍ ആത്മ മിണ്ടാതെ നിന്നു കേട്ടു..‘വെളിയിലേക്കു തുമിക്കുന്നതിനു പകരം അകത്തോട്ടായിരുന്നു തുമിച്ചിരുന്നെങ്കില്‍ നാരങ്ങ ശ്വാസനാളത്തില്‍ കുരുങ്ങി ശാസം മുട്ടി..അള്ളാ,, പടച്ചോന്‍ രക്ഷിച്ചു!!’എന്നൊക്കെ ഉമ്മ പറഞ്ഞപ്പോള്‍ ആത്മയ്ക്ക് താന്‍ ഒരു കൊലയാളിയായൊക്കെ ഒരു തോന്നല്‍.. പക്ഷെ, താനാണ് അതിന്റ് പിന്നില്‍ എന്ന് ആത്മയും, നന്ദനും, നന്ദിനിയും വെളിപ്പെടുത്തിയില്ല.. !!! അല്ലെങ്കില്‍ രണ്ടു തെറ്റുകള്‍ക്ക് ആത്മ ശിക്ഷിക്കപ്പെട്ടേനെ. ഒന്ന് അനുവാദമില്ലാതെ നാരങ്ങാ പറിച്ചതിന് അമ്മ ശിക്ഷിച്ചേനെ. രണ്ട്, അത് കൊച്ചു പിള്ളാര്‍ക്ക് കൊടുത്തതിന് അമ്മയോ ടീച്ചറോ ശിക്ഷിച്ചേക്കാം.. അതിനുമപ്പുറം അതു കൊലപാതകകുറ്റമായി തെളിഞ്ഞാല്‍ പിന്നെ പോലീസു പിടിച്ചാലും ആയി.. അങ്ങിനെ പരിഭ്രാന്തയായി നടന്നു ആത്മ കുറേ നാള്‍..
അതില്‍ പിന്നെ, ആത്മയ്ക്ക് നന്ദനേം നന്ദിനിയേയും കാണുമ്പോള്‍ താന്‍ ഒരു അവിവേകിയായ ക്രിമിനലായും. അവര്‍ നിരപരാധികളായ കുഞ്ഞാടുകളായും തോന്നുമായിരുന്നു. ഇനി എന്നാണൊ ഈ സോഫ്റ്റ് ബൊമ്മകള്‍ വാ തുറന്ന് സത്യം വെളിപ്പെടുത്തുക! താന്‍ ശിക്ഷിക്കപ്പെടുക! എന്നൊക്കെ ഓരോ ചിന്തകള്‍ കടന്നുപോകുമ്പോള്‍ ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്നൊക്കെ പറയില്ല്യോ! ആ അതുപോലെ, ആത്മയുടെ ശരീരമാസകലം ഒരു വിറയല്‍ കടന്നുപോകുമായിരുന്നു കുറേനാള്‍.
[ഈ പോസ്റ്റിന്റെ കമന്റ് ഇവിടെ യുണ്ട്. പിന്നീട് മൂന്നു പോസ്റ്റാക്കി മാറ്റിയതാണ്]
രാവണ്‍ സിനിമ കണ്ടു. സിനിമ കണ്ടതുകൊണ്ടോ എന്നറിയില്ല മനസ്സിനും ഹൃദയത്തിനും ഒക്കെ ഒരു വല്ലാത്ത ചാഞ്ചല്യം! അതിലെ നായികാ നായകന്മാരുടെ അഭിനയം ഹൃദയത്തില്‍ എവിടെയൊക്കെയോ തട്ടിക്കാണും! ഇനി അതു കണ്ടുപിടിച്ചാലല്ലെ, ഓരോന്നായി എടുത്തുമാറ്റാനാവൂ.. ആത്മേ.. അതൊക്കെ വെറും സിനിമ..ജീവിതം റേ.. സിനിമ റേ എന്നൊക്കെ പറഞ്ഞ് ആത്മയെ പഴയ ഇരുമ്പു മനുഷിയാക്കിയാലേ ഈ ഭൂമിയില്‍ ആത്മയ്ക്ക് ജീവിക്കാനാവൂ.
വിക്രമിന്റെ അഭിനയം അഭിനയം എന്നൊക്കെ പറഞ്ഞ് ആളുകള്‍ പാരാട്ടുമ്പോള്‍ പണ്ടൊക്കെ ഈ തമിഴര്‍ എന്തൊരു വിഡ്ഡികള്‍ എന്നൊക്കെ തോന്നിയിരുന്നു. ആത്മ വിക്രമിന്റെ അഭിനയം ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ് അത്തരത്തില്‍ ഒരു തെറ്റായ വിചാരം കടന്നു കൂടിയത് എന്ന് ഇന്ന് മനസ്സിലായി. വിക്രം ശരിക്കും രാവണന്‍ ആയി ജീവിക്കുകതന്നെയായിരുന്നു..!
രാമായണ കഥയിലെ, സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി കെട്ടിയിടുന്ന രംഗത്തില്‍ നിന്നും സിനിമ ആരംഭിക്കുന്നു. ആലംബമില്ലാതെ അലമുറയിട്ട് കരയുന്ന കോപാകുലയായ സീത. പ്രതികാരദാഹിയായ രാവണ്‍ പകപോക്കലിന്റെ സുഖത്തോടെ സീതയെ നോക്കുമ്പോള്‍ ആപ്രതീക്ഷിതമായി പൊടുന്നനവെ സീത താഴെ അഗാധമായ കൊക്കയിലേക്ക് ചാടുന്നു. ആ സാഹസികത രാവണനെ സ്തബ്ദനാക്കുന്നു.. പിന്നെ ചഞ്ചലചിത്തനാക്കുന്നു. പ്രതികാരചിന്തയില്‍ നിന്നും ഒരല്പം മാറി, നിരപരാധിയായ ഒരു സ്ത്രീ മരിക്കുന്നു എന്ന ഒരു ചിന്ത വരുന്നു. നോക്കുമ്പോള്‍ സീത മരക്കൊമ്പില്‍ തങ്ങി മരിക്കാതെ താഴെ വെള്ളത്തില്‍ വീഴുന്നു; ആ നിമിഷവും സീതയില്‍ കത്തിക്കാളുന്ന ദേഷ്യം/ധീരത/പാതിവ്രത്യം.. അത് രാവണനെ സീതയുടെ മേല്‍ ഇഷ്ടം തോന്നിപ്പിക്കുന്നു. പിന്നീട് അവളുടെ ഓരോ എതിര്‍പ്പും രാവണനു ഹരമാകുന്നു.പരസപരം കുറ്റപ്പെടുത്തി കഴിയുന്ന അവരില്‍ പതിയെ മതിപ്പ്/സ്നേഹം നാമ്പിടുന്നു..
ഒന്നു രണ്ടിടങ്ങളില്‍ രാവണനില്‍ ഉള്ള ഏകാന്തതയും അയാളുടെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ ആഗ്രഹവും ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ വിക്രം നമ്മുടെ മുന്നില്‍ അഭിനയിച്ച് കാട്ടുന്നു!! അവിടെ ഡയലോഗോ പാട്ടുസീനോ ഒന്നും ഇല്ലായിരുന്നു. വെറും പ്രകൃതിയും/വിജനതയും, ഒരു പുരുഷനും, അവന് ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയും മാത്രം!
അത് ഡയറക്റ്ററുടെയും വിക്രമിന്റെയും ഒരു മാനസിക പൊരുത്തമായി അതിശയിപ്പിച്ചു.
രാവണന്റെ സഹോദരിയെപ്പോലൊരു പെണ്‍കുട്ടിയെ പോലീസുകാര്‍ നശിപ്പിച്ച പ്രതികാരമാണ് രാവണനെ സീതയെ തട്ടിക്കൊണ്ട് വന്ന് പകരം വീട്ടാന്‍ പ്രേരിപ്പിക്കുന്നത്. രാമായണത്തില്‍ ശൂര്‍പ്പണഘ രാമനാലും ലക്ഷ്മണനാലും അപമാനിപ്പിക്കപ്പെട്ടും മുറിവേറ്റും വന്നതാണല്ലൊ രാവണന് രാമനോട് പകയുണ്ടാവാന്‍ കാരണമാകുന്നത്!
ഇവിടെ ഹനുമാനു പകരം കാര്‍ത്തിക് ദൂതിനു പോകുന്നു. ആ രംഗം കാര്‍ത്തിക് മികവുറ്റതാക്കി. ഒരു സമയം കാര്‍ത്തികിനും പ്രഭുവിനും ഒക്കെ അപ്രധാനമായ റോള്‍ കൊടുത്തതില്‍ വിഷമം തോന്നുകയും ചെയ്തു. അതിനുമാത്രം തന്റെ റോള്‍ നല്ലതാക്കാനാവില്ല നമ്മുടെ പൃഥ്വിരാജിന് എന്ന് തോന്നി ഭയന്നു... പക്ഷെ, പൃഥ്വിരാജ് സാമാന്യം തരക്കേടില്ലാതെ തന്റെ റോള്‍ വിജയിപ്പിച്ചു. പോരാത്തതിനു സിനിമയുടെ പേരു തന്നെ രാവണ്‍ എന്നല്ലെ, അപ്പോള്‍ ഡയറക്റ്റര്‍ ഫുള്‍ അറ്റന്‍ഷനും രാവണന്റെ മികവിനായി പരിശ്രമിച്ചതുകൊണ്ട് രാമന്‍ ശ്രദ്ധിക്കപ്പെടാന്‍ വളരെ പ്രയാസമാകും. പ്രഥ്വിരാജ് തന്നാലാവും വിധം രാമനെ പരാജയപ്പെടുത്തിയില്ല എന്നുവേണം കരുതാന്‍..
യുദ്ധംകഴിഞ്ഞ് രാമന്‍ സീതയെയും കൊണ്ട് തിരികെപ്പോകുമ്പോള്‍ രാവണനെ കൊല്ലാതെ വിജയം യധാര്‍ത്ഥവിജയം ആകുന്നില്ലെന്ന തോന്നല്‍ രാമനെ സീതയില്‍ സംശയാലുവായി അഭിനയിപ്പിക്കുന്നു.. പലതിനും ഉത്തരം തേടി ഒടുവില്‍ സീത രാവണന്റെ അരികില്‍ എത്തുമ്പോള്‍, രാമനും സംഘവും രഹസ്യമായി പിന്തുടര്‍ന്ന് രാവണനെ വധിക്കുന്നു
ഇതിനകം പരസ്പരം അനുരക്തരായ രാവണനും സീതയും മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്ന് പരസ്പരം യാത്രപറയുന്നു. ആ രംഗമാണോ മനസ്സിനെ ഇത്രയേറെ സ്പര്‍ശ്ശിച്ചത്! അറിയില്ല! അതോ രാവണന്റെ സ്നേഹിക്കപ്പെടാനുള്ള അദമ്യമായ ആഗ്രഹമോ! എന്തോ ഒന്നുണ്ട് ഹൃദയത്തെ സ്പര്‍ശ്സിക്കുന്ന തരത്തില്‍ ഈ സിനിമയില്‍..
രാമന്‍ രജ്യ ധര്‍മ്മം പുന്‍ഃസ്ഥാപിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളൊക്കെ ചതിയുടെതായിരുന്നു. രാവണന്റെ സഹോദരിയെ പീഡിപ്പിക്കല്‍,പിന്നെ, ദൂതനെ വധിക്കല്‍, ഭാര്യയെ സംശയിക്കല്‍, ഒടുവില്‍ ചതിയാല്‍ മറഞ്ഞുനിന്ന് രാവണനെ വധിക്കയും! പക്ഷെ, രാമന് അതിനു തക്കതായ പ്രതിഫലം എന്നപോലെ പതിവ്രതയായ സീതയുടെ സ്നേഹം നഷ്ടമാകുന്നു..
യധാര്‍ത്ഥരാമനും ഇതൊക്കെ തന്നെ ചെയ്തിരുന്നു.. ധര്‍മ്മത്തിനെ വിജയത്തിനായി..
ഒളിഞ്ഞു നിന്ന് ബാലിയെ കൊന്നു.. ശൂര്‍പ്പണഘയെ അധിക്ഷേപിച്ചു, ഭാര്യയെ സംശയിച്ചു
യുദ്ധത്തിലും പല മായാജാലങ്ങളും കാട്ടി ഒടുവില്‍ രാവണനെ വധിക്കുന്നു. രാവണന്റെ ഭാഗം ആരും കാണാനില്ലായിരുന്നു. ഇവിടെ മണിരത്നം രാവണന്റെ ഭാഗം ചേര്‍ന്ന് രാവണനെ മനുഷ്യനാക്കിയപ്പോള്‍ രാമന്‍ വല്ലാതെ കൊച്ചായിപ്പോയി..
പിന്നെ, ഈ സിനിമയുടെ വിജയം വിക്രമിന്റെയും പൃഥ്വിരാജിന്റെയും ഐശ്വര്യാറായിയുടെയും സുഹാസിനിയുടെയും ഒന്നും മിടുക്കല്ല എന്ന് മനസ്സ് പറയുന്നു. അതിനു പിന്നിലെ മണിരത്നത്തിന്റെ വ്യൂവില്‍ കൂടി ഒരു സിനിമ ഉണ്ടായി. മണിരത്നം ഭാവനയില്‍ കണ്ട രാവണനെ വിക്രം തന്മയത്വമായി അഭിനയിപ്പിച്ചു കാട്ടി. ഐശ്വര്യാറായിയും രാവണനു ചേര്‍ന്ന സീതയായി മാറി. രാമന്‍ സ്വന്തം മനുഷ്യപ്രകൃതി വിട്ട് ഒരല്പം കൂടി താഴേക്കും പതിച്ചു സഹായിച്ചു..
ഇനിയും എഴുതണോ!!
തല്‍ക്കാലം മതിയാക്കി
ഇതില്‍ ഒരുഗ്രന്‍ പാട്ട് സീന്‍ ഉണ്ട് ട്ടൊ, അത് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടുപോയി..
എന്റെ മകന് ഭയങ്കര ഇഷ്ടം ഈ പാട്ടാണ് ട്ടൊ,
രാവിലെ എഴുന്നേറ്റു. എല്ലാവരും എണീക്കില്ലെ! അതിപ്പം എഴുതാനെന്തിരിക്കുന്നു..! എങ്കിലും എഴുതാം.. ഏതിനും ഒരു തുടക്കം വേണമല്ലൊ,
ദൈവത്തെ തൊഴുതു.. ഭക്തിഗാനം ഓണ്‍ ചെയ്തു.. നേരെ ബ്ലോഗ് ലോകത്തിലെത്തി.. അധികമൊന്നും ഇരിക്കില്ല. എന്തുണ്ട് വിശേഷങ്ങള്‍ എന്ന് ആകെപ്പാടെ ഒന്നു നോക്കിയാല്‍ മതി..അല്ലെങ്കില്‍ തന്നെ രാവിലെ എന്തിരിക്കുന്നു എഴുതാന്‍! മീനേ, ബി പ്രാക്റ്റിക്കല്‍.. മീനേ ബി പ്രാക്റ്റിക്കല്‍.. ഒന്നാമത് നിനക്ക് അനുഭവങ്ങളൊന്നും ഇല്ല അറ്റ്ലീസ്റ്റ് രാത്രിയാകും വരെയെങ്കിലും കാക്കൂ.., അപ്പോള്‍ അറ്റ്ലീസ്റ്റ് ഒരു ഷോപ്പിങ്ങ് അനുഭവം അല്ലെങ്കില്‍ ഒരു കുക്കിംഗ് അനുഭവം അല്ലെങ്കില്‍ ഫൈറ്റിംഗ് അനുഭവം എന്തെങ്കിലും ഒന്നു കിട്ടാതിരിക്കില്ല.. കൂള്‍ ഡൌണ്‍ മദ്ധ്യവയസ്ക്കേ.. കൂള്‍ ഡൌണ്‍..
*
പുറത്തിറങ്ങി തുണികള്‍ വിരിക്കുന്നതിനിടയ്ക്ക് ഓര്‍ത്തു.. ‘ഇവിടെ അടുത്ത് ഒരു ഫെയര്‍ നടക്കുന്നു.. നല്ല ഒന്നാംതരം ബാഗുകള്‍ ഈ മഹാരാജ്യത്തിന്റെ ഒട്ടുമിക്ക കടകളിലെയും കളക്ഷന്‍ കാണും.. അതൊക്കെ ഒന്ന് നന്നായി നോക്കി നടക്കണം. പറ്റുമെങ്കില്‍ കുറഞ്ഞവിലയ്ക്ക് രണ്ടുമൂന്നെണ്ണം വാങ്ങി വയ്ക്കാം.. പിന്നെ ബാഗ് ബാഗ് എന്നും പറഞ്ഞ് കടകള്‍ തോറും അലയണ്ടല്ലൊ’,
മീനയ്ക്ക് എപ്പോഴും ആത്മഗതമാണ്..!
വെളിയില്‍ നിന്ന തുളസിയെ നോക്കി പറഞ്ഞു,
‘ഹായ് നീ നിന്നു മഴനനയുകയാണല്ലെ! നനഞ്ഞോളൂ നനഞ്ഞോളൂ.. ഇന്ന് മീനയും ഷോപ്പിംഗിനൊക്കെ പോകുന്നുണ്ട്..!’
തുണികള്‍ വിരിക്കുമ്പോള്‍ കമ്പില്‍ (തുണിവിരിക്കാന്‍ ഉപയോഗിക്കുന്ന) തൂക്കാന്‍ ഒരേ ഒരു ടൌവ്വല്‍ ബാക്കി! പാവം ഒരു ടൌവ്വലായി വിരിച്ചാല്‍ അത് ഒറ്റപ്പെട്ടുപോവില്ലേ! അതും ഭര്‍ത്താവിന്റെ ടൌവ്വല്‍!
വേണ്ട പാപം കിട്ടും.. ടൌവ്വലിനെക്കൂടി മറ്റു തുണികലുടെ ഇടയില്‍ വിരിച്ചു..
അപ്പോള്‍ ശൂന്യമായ കമ്പ് !
‘നിന്നെ നിരാശപ്പെടുത്തിയോ കമ്പേ?!, സാരമില്ല ഇന്നലെ മുഴുവന്‍ തുണികളും തൂക്കിയുണക്കി വളരെ കഷ്ടപ്പെട്ടതല്ലേ.. ഇന്ന് റെസ്റ്റ് എടുത്തോളൂ ട്ടൊ’,
മീനയ്ക്ക് പരിസരബോധമുണ്ടായി!
താന്‍ എന്നുമുതലായിരിക്കണം ഈ ജീവനില്ലാത്ത വസ്തുക്കളെ കൂട്ടുകാരാക്കിയതും സംസാരിച്ചു തുടങ്ങിയതും?! 20 വര്‍ഷത്തെ ഏകാന്ത ജീവിതത്തിനിടയില്‍ താന്‍ നഷ്ടപ്പെട്ട ബന്ധങ്ങളെയൊക്കെ ഈ വിധത്തില്‍ പരിഹരിച്ചുകാണും! എല്ലാം ഒന്നല്ലെ! എല്ലാം മനസ്സിന്റെ തോന്നലുകള്‍ മാത്രം. ജീവിതം മൊത്തമായി ഒരു ഭാവനയാണ്‍് അപ്പോള്‍ പിന്നെ ഇതൊക്കെ മൈനര്‍ ഭാവനകള്‍.. മീന ആശ്വസിച്ചു..
*
അപ്പോള്‍ സാക്ഷാല്‍ ‘കര്‍മ്മയോഗി’ മീനയുടെ ഭര്‍ത്താവ് (ഗോപി) രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് വരുന്നു.. വിജയശ്രീലാളിതനായി. ഉറക്കച്ചടവുള്ള മീനയുടെ മുന്നില്‍, ‘ഐ ആം പെര്‍ഫക്റ്റിലി ആള്‍ റൈറ്റ്, ലേസീ ലേഡീ’ എന്നും പറഞ്ഞ് വരാന്‍ ഭയങ്കര ത്രില്ലാണ് ഗോപിക്ക് (നേരത്തെ ഉറങ്ങിയാല്‍ പിന്നെ എണീറ്റൂടേ!).
വന്നയുടന്‍ ആവനാഴിയില്‍ നിന്നും അമ്പുകള്‍ ഓരോന്നായി വലിച്ചെടുത്തു തുടങ്ങും! ആദ്യം തീരെ ചെറുത്.. മൂര്‍ച്ച കുറഞ്ഞത്.. പിന്നെ അല്പം കൂടി വലുത്.. ഒടുവില്‍ ഏറ്റവും വലിയ അമ്പും പ്രയോഗിച്ച് രക്തം അല്പമെങ്കിലും പൊടിഞ്ഞെന്നു ബോധ്യപ്പെട്ടിട്ടേ അടുത്ത കര്‍മ്മം ചെയ്യാന്‍ ഗമിക്കൂ..! എങ്ങിനെയും ചെറുക്കണം...
ഗോപി: “ഇന്നലെ ആത്മീയ പ്രഭാക്ഷണമൊക്കെ എങ്ങിനെയുണ്ടായിരുന്നു?,
കേട്ടിട്ട് നീ നന്നായോ?,
ശരിക്കും നീ അത് കേള്‍ക്കേണ്ടതാണ്..”
മീന: “ശരിക്കും ഭാര്യയും ഭര്‍ത്താവും കൂടി കേള്‍ക്കേണ്ട ഒരുപാട് കാര്യങ്ങള്‍ സ്വാമി പറഞ്ഞു.,
ദേഷ്യം നിയന്ത്രിക്കുന്നതിനെപ്പറ്റി, അന്യോന്യം ഇന്‍സള്‍ട്ട് ചെയ്യാതെ വര്‍ത്തമാനം പറയാന്‍...ഒക്കെ..” (ശരിക്കും പറഞ്ഞാല്‍ ഭര്‍ത്താവിനെ കണ്ടാല്‍ പിന്നെ മീനയുടെ മെമ്മറി കമ്പ് ളീറ്റ് ബ് ളാങ്കാവും-അതുകൊണ്ട് സ്വാമി പറഞ്ഞൊതൊക്കെ ഓര്‍മ്മയില്‍ ചികഞ്ഞു നോക്കിയെങ്കിലും വിജയിക്കുന്നില്ല-അതിനിടയ്ക്ക് അടുത്ത അമ്പുകള്‍ ശരവര്‍ഷം പോലെ പാഞ്ഞു വരുന്നു.. ചെറുത്തില്ലെങ്കില്‍ അപത്താണ്!)
മീന: “ഒരാള്‍ ദേഷ്യം വന്ന് എന്തെങ്കിലും പറഞ്ഞാലും മറ്റേയാള്‍ മിണ്ടാതിരുന്നാല്‍ കുറെ കഴിയുമ്പോള്‍ എല്ലാം ശരിയാകും”എന്നദ്ദേഹം പറ്ഞ്ഞു.. ഉദാഹരണത്തിന്.. (എന്തുദാഹരണം??!!-മെമ്മറി ലോസ്റ്റ്!)
മീന തല്‍ക്കാലം സ്വാമിജിയെ ഉപേക്ഷിച്ച് തന്റെ സ്വന്തം ആയുധം എടുത്തു..
“ഉദാഹരണമായിട്ട്, നമ്മള്‍ സിമ്പിളായിട്ട് രണ്ട് കാര്യങ്ങള്‍ ഒര്‍ത്താല്‍ മതി.. ഭാര്യ ഭര്‍ത്താവിനെ കാണുമ്പോള്‍ ‘ഇദ്ദേഹം തനിക്ക് ചിലവിനു തരുന്ന/പ്രൊട്ടക്ഷന്‍ തരുന്ന ആള്‍’ എന്നു കരുതി ഒരു മാന്യത നല്‍കണം.., തിരിച്ച് ഭര്‍ത്താവ്, ‘ഇവള്‍ എനിക്ക് ആഹാരം ഉണ്ടാക്കി തരുന്ന; എന്റെ മക്കളെ നോക്കുന്ന (യന്ത്രം!) ഒരു പാവം സ്ത്രീ’ എന്നു കരുതി ഒരു മതിപ്പ്.. ഇത്രമാത്രം മതി. അപ്പോള്‍ എല്ലാം ശരിയാവും..!”
ഗോപി ഒന്നു തണുത്തു.. അടുത്ത ആയുധം എടുക്കാനുള്ള മൂഡ് നഷ്ടമായപോലെ..! ആ തക്കം നോക്കി മീന രംഗത്തു നിന്നും നിഷ്‌ക്രമിക്കുന്നു...
മീനക്ക് താന്‍ ഭര്‍ത്താവിനോട് ഒപ്പം നിന്നു പറ്റുന്ന രംഗം ഓര്‍ക്കുമ്പോള്‍ പണ്ടെങ്ങോ ഒരാള്‍ സിംഹത്തിനെ ജയിച്ച കഥയാണ് ഓര്‍മ്മ വരുന്നത്..!
‘ഒരാള്‍ നായാട്ടിനു പോയി.. പെട്ടെന്ന് ഒരു സിംഹത്തിന്റെ മുന്നില്‍ ചെന്നുപെടുന്നു..സിംഹം രൂക്ഷമായി നോക്കുമ്പോള്‍, ആയുധമൊന്നും കയ്യിലില്ലാത്ത ആ ധൈര്യവാന്‍ സിംഹം തന്റെ നേര്‍ക്ക് തൊടുക്കുന്ന അതേ ആയുധം, ‘രൂക്ഷത’ അതേ അളവില്‍ തന്റെ കണ്ണില്‍ വരുത്തി സിംഹത്തിനെയും ഇമവെട്ടാതെ നോക്കി നില്‍ക്കുന്നു...ഭയന്ന് ഇമവെട്ടിപ്പോയാല്‍ സിംഹം തന്റെ മേല്‍ ചാടിവീഴും..! ഒരു ജീവന്മരണ നോട്ടം! ഒടുവില്‍ സിംഹം തന്റെ സ്റ്റെയറിംഗ് മതിയാക്കി തിരിച്ച് കാട്ടിനുള്ളിലേക്ക് തന്നെ മറയുന്നു..!!!’
ഇവിടെ നോട്ടം ഒന്നും ഇല്ല. ഒണ്‍ലി ഡയലോഗ്സ്.. നമ്മള്‍ ബുദ്ധിപൂര്‍വ്വം സംസാരിക്കാന്‍ അശക്തമായാല്‍ തീര്‍ന്നു എല്ലാം..! കണ്ണില്‍ നിന്നും കണ്ണീരു വന്നാല്‍ അത് അവരെ ക്രൂരരാക്കിയതാവും. ദേഷ്യപ്പെട്ടാല്‍ അത് അഹങ്കാരമാവും.. അതുകൊണ്ട് ഇതൊന്നുമില്ലാതെ തുല്യമായി നില്‍ക്കാന്‍ ഒരുറച്ച മനസ്സ്, അതാണ് വേണ്ടത്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ഒരിച്ചിരി നല്ല ഭര്‍ത്താവായി വിലസാന്‍ ഒരാഗ്രഹം കാണും, അപ്പോള്‍ നമ്മള്‍ അതറിഞ്ഞ് ഒരിച്ചിരി സ്വാതന്ത്ര്യം കൂട്ടി സംസാരിക്കാം..( എന്തൊരു ക്ഷമാശീലന്‍!), പക്ഷെ അതും അവര്‍ തന്നെ അറിയാതെ നയിക്കുന്ന ഒരു വഴിയാകും.. അവിടെയും ജാഗ്രത. അതിരുകടന്നാല്‍ ആപത്ത്. സിംഹത്തിന്റെ തോല്‍പ്പിക്കാനാവില്ല, പക്ഷെ സമമായി നില്‍ക്കയും വേണം, അല്ലെങ്കില്‍ പരാജയം ഉറപ്പ്! ‘ബി കെയര്‍ ഫുള്‍ മീനാ ബി കെയര്‍ഫുള്‍..!’
*
[ഇന്നലെ പോസ്റ്റ് ചെയ്യാനിരുന്ന പോസ്റ്റാണ് അവിചാരിതമായ ചില കാരണങ്ങളാല്‍ പോസ്റ്റ് ചെയ്യാന്‍ പറ്റിയില്ല.. ദയവായി ക്ഷമിക്കുക..തുടര്‍ന്നും പ്രോല്‍സാഹിപ്പിക്കുക.. ]
ഇന്നും അമ്പലത്തില്‍ പോയി.. ഒരു ആത്മീയാചാര്യന്റെ പ്രഭാക്ഷണം കേള്‍ക്കാനാണ് പോയത്..
അവിടെ ഇരുന്ന അത്രയും സമയം മനസ്സ് ശാന്തമായിരുന്നെന്ന് തോന്നുന്നു. പക്ഷെ, തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കണ്ട്രോള്‍ കിട്ടുന്നില്ല. അദ്ദേഹത്തിന്റെ തന്നെ പ്രഭാക്ഷണം ടി.വി യില്‍ കണ്ടാല്‍ യാതൊരു കുഴപ്പവുമില്ല.. വെളിയിലത്തെ ആള്‍ക്കാരെ കാണുമ്പോള്‍ മനസ്സ് ചഞ്ചലമാകുന്നതാണെന്നു തോന്നുന്നു കുഴപ്പം. (ശരീരമില്ലാത്ത -നേരില്‍ കാണാത്ത-ആത്മാക്കളുമായല്ലെ ആത്മയ്ക്ക് അധികവും സമ്പര്‍ക്കം )
വീട്ടില്‍ വന്ന് ഹരിനാമകീത്തനം സി. ഡി ഇട്ട്, ബ്ലോഗ് ഒന്ന് ഓടിച്ചു നോക്കി, ഒരു ചായയിട്ടു കുടിച്ചു,
ആത്മ പഴയ ആത്മയായപ്പോള്‍ മനസ്സമാധാനം പുനഃസ്ഥാപിക്കപ്പെട്ടു എന്നു തോന്നുന്നു...
രാവിലെ എഴുന്നേറ്റപ്പോള്‍, തലേദിവസത്തെ ഉറക്കം മതിയാകാതെ മാടിവിളിക്കുന്ന കണ്ണുകള്‍.. റിലാക്സ് ചെയ്ത് മതിയാകാത്ത ക്ഷീണിച്ച ശരീരം.. തലേന്ന് അമ്പലത്തില്‍ നിന്നും അഞ്ചാറു കിലോമീറ്റര്‍ നടന്ന് തിരിച്ചെത്തിയ ക്ഷീണം.. നടന്ന് തിരിച്ചു പോകാം എന്നത് മകളുടെ അഭിപ്രായമായിരുന്നു..
നടന്നപ്പോള്‍ ഒരു സുഖം ഒക്കെ തോന്നി ലീലയ്ക്കും, പക്ഷെ രാവിലെ എണീറ്റപ്പോള്‍ കാലുകളൊക്കെ വല്ലാത്ത വേദന! നല്ല ചെരുപ്പൊക്കെ ഇട്ടുകൊണ്ടായിരുന്നെങ്കിലും ഇത്ര വേദനിക്കില്ലായിരുന്നു..
അതിനിടയില്‍ വീട് ക് ളീന്‍ ചെയ്യുന്ന ലേഡി വന്നു.. ഉറക്കച്ചടവോടെ ഗേറ്റു തുറന്നുകൊടുത്തു.. അവര്‍ താമസിയാതെ അവരുടെ ജോലിയില്‍ വ്യാപൃതയായി..
വീട്ടുടമസ്ഥന്‍ വന്ന് ചായയിട്ടു കൊടുത്തു.. കുളിച്ച് വേഷം മാറി, വീണ്ടും പുറത്തുപോയി..
മകള്‍ വന്ന് ‘സെറിയല്‍ പ് ളസ് പഴം’ പിന്നെ അത് ‘ഓട്ട്സ് വിത് മില്‍ക്ക് ’ (ഡയറ്റിംഗിന്റെ ഭാഗമായി).. ലീല ഉറക്കച്ചടവിനിടയിലൂടെ എന്തൊക്കെയോ കാട്ടിക്കൂട്ടി.. മകള്‍ മുകളിലത്തെ മുറിയില്‍ പഠിക്കാന്‍ പോയി..
ലീല വീണ്ടും കിടക്കയില്‍ ചുരുണ്ടുകൂടി.. സിഗററ്റിന്റെ അവസാനത്തെ പുകപോലെ ഈ അവസാന നിമിഷങ്ങള്‍ ആസ്വദിച്ചില്ലെങ്കില്‍ പിന്നെ ആ ദിവസത്തിനു ഒരു ഉണര്‍വ്വും കാണുകയില്ല.
ജോലിക്കാരി സ്ത്രീ കരുതുമോ ലീല കുഴിമടിച്ചിയാണെന്ന്.. ആദ്യമൊക്കെ അവരോട് എക്സ്പ് ളയി ചെയ്തിരുന്നു..‘ഉറങ്ങുന്നത് 2ഉം 3 ഉം മണിയൊക്കെയാകും അതാണു രാവിലത്തെ ഈ ക്ഷീണം..’ എന്നൊക്കെ. എങ്കിലും അവര്‍ ജോലി പകുതിയാക്കുമ്പോള്‍ ഒരു ലഘുബ്രേക് ഫാസ്റ്റ് പിന്നെ പോകുമ്പോള്‍ ലഞ്ച് ഒക്കെ കൊടുക്കും..(ഫ്രിഡ്ജില്‍ എല്ലാം കരുതിവച്ചിട്ടാണ് രാവിലത്തെ ഈ കിടപ്പ്..) പോരാത്തതിനു ആഴ്ചയില്‍ ഒരുദിവസം അവര്‍ വന്നു എന്നുകരുതി തീരുന്നതാണോ ഒരു വീട്ടിലെ ജോലികള്‍..! ആ പോകാന്‍ പറ..
ഒടുവില്‍ ഒന്നു മയങ്ങിയെണീറ്റ്, ആലസ്യം വിട്ട് ലീല പതിയെ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍.. അതാ ഒരു ഫോണ്‍ കാള്‍.. !
ആരായിരിക്കാം ഇത്ര രവിലെ..?
നാട്ടില്‍ നിന്നായിരിക്കുമോ!
കൂട്ടുകാര്‍..
ബന്ധുക്കള്‍
വേറെയാരു വിളിക്കാന്‍?!
അതൊരു ചൈനീസ് ലേഡിയായിരുന്ന.
‘ഈസ് ഇറ്റ് ലീല?’
‘യെസ് യെസ് ലീല ഹിയര്‍’
‘ക് ളിനിക്കില്‍ നിന്നും വിളിക്കുകയാണ്.. നിങ്ങളുടെ ചെക്കപ്പിന്റെ റിസള്‍ട്ട് വന്നു, കളക്റ്റുചെയ്യാന്‍ വരാം.. രാവിലെ 1 മണിവരെ ഡോക്ടര്‍ കാണും . വൈകിട്ട് 6-9 ഉം’ -ഒരു സഹതാപം കലര്‍ന്ന സ്വരം!
(നീ കൂടുതല്‍ സഹതപിക്കണ്ട..) ‘ഞാന്‍ വൈകിട്ട് വരാം..’ ലീല കൂളായി പറഞ്ഞു.
ഒ.കെ.
ഒ.കെ. ബൈ
ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ ഒരു വിറയല്‍.
റിസള്‍ട്ട് എന്തായിരിക്കാം. എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടായിരിക്കുമല്ലൊ ചെല്ലാന്‍ പറഞ്ഞത് ?!
ദൈവമേ! തന്റെ ഇഹലോകവാസം തീരാറായോ ?! അല്ലെങ്കിലും തനിക്ക് അഹങ്കാരം അല്പം കൂടി ഇരിക്കയായിരുന്നു. എല്ലാറ്റിനും ഒരു അവസാനം വേണമല്ലൊ. എങ്കിലും ഞാന്‍ പോകാന്‍ റഡി.. പക്ഷെ, മക്കളെ ഒരല്പം കൂടി വലുതാക്കിയിട്ട് പോരായിരുന്നോ ദൈവമേ ഈ വിളി! അല്ല, അവര്‍ ഇനി ലീലയില്ലെങ്കിലും ജീവിച്ചോളും . അതല്ലെ കുക്കിംഗും ഒക്കെ പഠിക്കുന്നത്.. ദൈവം തോന്നിപ്പിക്കുന്നതാവും. ലീലേടെ കാര്യത്തില്‍ എല്ലാം വളരെ ശാന്തമായും സ്ലോ ആയുമായാണ് ദൈവം ചെയ്യുന്നത് . ഇപ്പോള്‍ മക്കള്‍ക്ക് അവധി.. ഒരു വലിയ ട്രീറ്റുമെന്റ് വേണമെങ്കിലും അവര്‍ തനിയെ അഡ്ജസ്റ്റ് ചെയ്തോളും. ആ സമയം നോക്കി ദൈവം അസുഖം തന്ന് അനുഗ്രഹിച്ചതാകും!
അതോ നാട്ടില്‍ പോണോ?! ഇവിടത്തെ ഡോക്ടര്‍മാര്‍ വെറുതെ കാശ് അടിച്ചുമാറ്റാനായും പറയും ഇലലാത്ത ഓരോ അസുഖങ്ങള്‍.. നാട്ടില്‍ പോകാം.. അല്ലെങ്കില്‍ വേണ്ട അത് മക്കളുടെ പഠിത്തവും മറ്റും ബാധിക്കും.. അതീ കുറച്ചു മതി. എന്നായാലും ഒരിക്കല്‍ പോകേണ്ട ശരീരമല്ലെ അല്പം നേരത്തെയായാല്‍ എന്ത് , അസുഖവും ധൈര്യത്തോടെ നേരിടണം.. മിക്ക അസുഖങ്ങളും ട്രീറ്റ് ചെയ്ത് ഇല്ലാതാക്കാന്‍ പറ്റുമല്ലൊ ഇക്കാലത്ത് . ദൈവമേ! എന്നാലും!
തനിക്ക് അസുഖമൊന്നും ഇല്ല എന്നു പറയുകയാണെങ്കില്‍ .. ‘ഇനി ആരേയും കുറ്റം പറയരുത്
ഓരോ ദിവസവും ദൈവം തരുന്ന ഗിഫ്റ്റ് ആയി കണക്കാക്കി ജീവിക്കണം... അങ്ങിനെ കുറെ തീരുമാനങ്ങള്‍ എടുത്തു ലീല. എന്നാലും ലീല ജീവിക്കാന്‍ ഒരുവിധം പഠിച്ചു തുടങ്ങിയപ്പോഴേ ഇങ്ങിനെ തിരിച്ചു വിളിക്കാന്‍ നോക്കുന്നത് ശരിയാണോ ദൈമമേ?!
മഹാഭാഗവതം കഥ ഫോണില്‍ ആക്കി കേട്ടുകൊണ്ടായിരുന്നു വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരുന്നത്.
‘എല്ലാറ്റിനും കൃഷ്ണന്‍ തുണ’ എന്ന മട്ടില്‍. ഇനി അത് തെറ്റായതുകൊണ്ടാണൊ തനിക്ക് അസുഖം പിടിപെട്ടത്! അത് ഊരി താഴെവച്ചു.
അല്ലെങ്കിലും ദൈവത്തിന്റെ കഥകളൊക്കെ ഇനി ലൈവ് ആയി പോയി കാണാമല്ലൊ,
മനുഷ്യരുടെ ലോകമല്ലെ ഇല്ലാതാകാന്‍ പോകുന്നത്! പോയി ‘പ്രഥമപ്രതിശ്രുതി’ വായിക്കാം..
മനുഷ്യരെപ്പറ്റി പഠിച്ചു തുടങ്ങിയതേ ഉള്ളൂ.. ശ്ശ്യൊ എന്നാലും ഇത്ര നേര്‍ത്തെ.. വേണ്ടായിരുന്നു ദൈവമേ വേണ്ടായിരുന്നു..
ഹോസ്പിറ്റലില്‍ പോകാനിറങ്ങുമ്പോഴും വീട്ടുജോലികള്‍ ഒക്കെ ഒരുവിധം ഒതുക്കി. ബേസിനില്‍ കിടന്ന അവസാനത്തെ പ് ളേറ്റും കഴുകുമ്പോള്‍ സമാധാനിച്ചു, ‘ഒരുപക്ഷെ അസുഖവിവരം തന്നെ തളര്‍ത്തിയാല്‍ പിന്നെ ഈ ജോലികളൊക്കെ ചെയ്യാന്‍ വലിയ പ്രയാസമായി തോന്നും!’
ഇതിനിടെ ഭര്‍ത്താവ് വന്നു! തന്റെ അസുഖത്തിന്റെ കാര്യം ഭര്‍ത്താവിനോട് പറയണോ?!
വേണ്ട.. അദ്ദേഹത്ത്തിന് അത് രഹ്സ്യമായി വയ്ക്കാനൊന്നും അറിയില്ല. ‘ആരോടും പറയരുതെ’ എന്ന് അപേക്ഷിച്ചാല്‍ക്കൂടി രഹസ്യമായി ഒരു പത്തുപേരോടെങ്കിലും ആ വിവരം പറഞ്ഞ് അതുവച്ച്, അവരുടെ കൂട്ടുകെട്ട് സുദൃഢം ആക്കും എന്നതില്‍ സംശയമില്ല.
‘ലീലയ്ക്ക് നല്ല സുഖമില്ല. അവള്‍ക്ക് ആരോടും പറയുന്നതിഷ്ടമല്ല്. അറിഞ്ഞ ഭാവം കാട്ടണ്ട ട്ടൊ,
രഹസ്യമായി വച്ചേക്കൂ..’ അങ്ങിനെ കുറഞ്ഞത് 10 പേരുടെയെങ്കിലും വിശ്വാസം പിടിച്ചുപറ്റും..അത് മറ്റൊരു മനുഷ്യ ബിസിനസ്സിനുള്ള മൂലധനമാകും.. വേണ്ട, വിശ്വാസവഞ്ചന അത് വലുതായാലും ചെറുതായാലും തീരെ തീരെ ചെറുതായാലും അത് ലീല സഹിക്കയില്ല.. അതിനെക്കാളിലും ഓപ്പണായിട്ട് ദ്രോഹിക്കുന്നതാണ് സഹിക്കബിള്‍..
എങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഒരു ബലം..
എന്തുബലം?!
ബലം കിട്ടും എന്നു കരുതി പറയും.. ആ പറച്ചില്‍ തന്നെ അബലയാക്കും..
പക്ഷെ, തരാനറിയില്ലാ താനും..
ഒടുവില്‍ ഇരട്ടി വിഷമമാകും..
തനിച്ചു മതി..എല്ലാം തനിച്ചു നേരിടാം..
മകളേയും കൂട്ടി ഹോസ്പിറ്റലില്‍ എത്തി. പോകും വഴിയ്ക്ക് കാണുന്നവരൊക്കെ മാറാരോഗങ്ങള്‍ രഹസ്യമായി ഉള്ളിലൊതുക്കി മനോവിഷമത്തൊടെ നടക്കുന്നവരായി തോന്നി.. ഇതാ ധൈര്യവതിയായ ലീല സ്വന്തം അസുഖം അറിയാന്‍ വന്നിരിക്കുന്നു.
കൌണ്ടറില്‍ ഇരിക്കുന്ന പെണ്ണിന്റെ മുഖത്ത് സഹതാപമുണ്ടോ?! മൂക്കും വായും ഒക്കെ തുന്നിക്കെട്ടിവച്ചമാതിരി ഒരു മാസ്ക് ഇട്ടിരിക്കുന്നു.. ശേഷം കാണുന്ന ഇച്ചിരിപ്പൂലം ഉള്ള കണ്ണില്‍ നോക്കിയാല്‍ എന്തറിയാന്‍?! ലീല തന്റെ ഊഴം കാത്തിരുന്നു. ഒടുവില്‍ തനെ ഊഴമായി ചന്ദ്രനില്‍ പോകാന്‍ തയ്യാറായി ഇരിക്കുന്ന കൌണ്ടര്‍ യുവതി അറിയിച്ചപ്പോള്‍ ലീല മകളോട് തമാശപോലെ പറഞ്ഞു, ‘മോളേ അസുഖക്കാരിയല്ലാത്ത അമ്മയുടെ ദിവ്സം തീരാറായി.. ഓരോ കാലടി വയ്ക്കുമ്പോഴും ലീല എണ്ണി.. 10.9, 8,.....1
കതകു തുറന്ന് അകത്തുകയറി! ഡോക്ടറുടെ മുന്നിലെത്തി.
മുഖം എങ്ങിനെ?! (അവിടെയും മാസ്കുണ്ട്)
ചിരിയുമില്ല വിഷമവുമില്ല നോര്‍മ്മല്‍ ! (പരിചയമുള്ള മുഖമായതുകൊണ്ട് ഊഹിച്ചു)
പഠിച്ച ഡോക്ടറല്ലെ അതങ്ങിനെയല്ലെ ഇരിക്കൂ.. ഹും!
‘ഹായ്! ഇരിക്കൂ.. നിങ്ങളുടെ റിസള്‍ട്ട് ഇതാ..വന്നിരിക്കുന്നു..’
അല്പം മുരടനക്കി ഡോക്ടര്‍ വീണ്ടും തുടര്‍ന്നു.. ‘നെഗറ്റീവ്-1 എന്നാല്‍ എല്ലാം നോര്‍മ്മല്‍ എന്നാണ്..
കാന്‍സറില്ല, - ഇല്ല, - ഇല്ല, - ഇല്ല... ചുരുക്കം പറഞ്ഞാല്‍ ഒന്നും ഇല്ല! യു ആര്‍ പെര്‍ഫക്റ്റിലി ആള്‍ റൈറ്റ്!’
‘ദൈവമേ! ഇതങ്ങ് ആദ്യമേ പറഞ്ഞുകൂടായിരുന്നോ പഠിച്ച ഡോക്ടറേ!’
ലീല കൈകള്‍ കൂപ്പി ദൈവത്തിനു നന്ദി രേഖപ്പെടുത്തി. ഒരു പുതിയ ജന്മ കിട്ടിയപോലെ!
ഡോക്ടറും ചിരിച്ചു.. ( കണ്ണുകള്‍ അല്പം കൂടി വലുതാണ് ചിരിക്കുമ്പോള്‍ ചുരുങ്ങും!)
ഈ ഡോക്ടറും ലീലയുടെ ഭര്‍ത്താവും കൂടി മുമ്പൊരിക്കലും ലീലയെ രോഗിയാക്കാന്‍ നോക്കിയായിരുന്നു.. പ്രഷറിന്റെ മരുന്ന് കഴിക്കണമെന്നും പറഞ്ഞ്.. ലീല വഴങ്ങിയില്ല.. പുത്തകങ്ങളൊക്കെ നോക്കിയപ്പോള്‍ അപകട മേഖലയില്‍ എത്തിയിട്ടില്ലാ താനും. സംശയം തീര്‍ക്കാന്‍ ഒരു ഹോമിയോ ഡോക്ടറോട് ചോദിച്ചപ്പോല്‍ അദ്ദേഹവും അതുതന്നെ പറഞ്ഞു,. ‘ഇപ്പോഴൊന്നും മരുന്ന് കഴിക്കണ്ട ഡയറ്റ് കണ്ട്രോള്‍ ചെയ്താല്‍ മതി..’ അതീപ്പിന്നെ ഡോക്ടര്‍ ലീലയോട് മരുന്നിന്റെ കാര്യം പറയില്ല. പ്രഷര്‍ എടുത്തിട്ട് ഒന്നു പുഞ്ചിരിക്കും.. അത്രമാത്രം.. ലീലേം പുഞ്ചിരിക്കും..
തീര്‍ന്നു.. നോ മെഡിസിന്‍.. ലീലേടെ ഭര്‍ത്താവ് നിസ്സഹായതയോടെ നോക്കും! ലീലക്ക് പ്രഷര്‍ ഉണ്ടെങ്കില്‍ ആ വിവരം, ഇന്‍ ലാസിനോടൊക്കെ പറയുമ്പോള്‍ അത് സിമ്പതി കിട്ടാന്‍ ഒരു പ് ളസ് പോയിന്റുകൂടിയാകുന്‍ എന്നതുകൊണ്ടാകുമോ ഈ നിരാശ! അറിയില്ല! മനുഷ്യ മനസ്സ് ദുരൂഹമല്ലേ!!
ലീല റിസള്‍ട്ടും കയ്യില്‍ വച്ച് ഡോക്ടര്‍ മാഡത്തിനു ഒരായിരം നന്ദി പറഞ്ഞ് വെളിയിലിറങ്ങുമ്പോള്‍
വിശ്വസിക്കാനായില്ല.. ഒരിക്കല്‍ക്കൂടി ചോദിച്ചു, ‘ഡോക്ടര്‍ ഇനി ഈ ടെസ്റ്റ് എന്നെടുക്കണം.., ഇങ്ങിനെ അസുഖം ഉണ്ടെന്നു കരുതി ഇല്ലെന്നറിയുന്ന ഈ ടെസ്റ്റ്?!’
ഡോക്ടര്‍ ചിരിച്ചു..!
‘ശരിക്കും വര്‍ഷത്തില്‍ ഒന്നെടുത്താല്‍ കൊള്ളാം പക്ഷെ രണ്ടോ മൂന്നോ വര്‍ക്ഷം കൂടുമ്പോഴായാലും മതി..’
‘ഓകെ ഓകെ.. താങ്ക്സ്..!’
‘ബൈ’
'ബൈ'
അപ്പോള്‍ ഭയം വെറുതെയായിരുന്നു..! ലീലയ്ക്ക് പെട്ടെന്ന് തുള്ളിച്ചാടണമെന്ന് തോന്നി! വേണ്ട തുള്ളിച്ചാടണ്ട, ദൈവത്തിനു നന്ദി പറയാം.. അതുമതി.. ലീല മകളോടൊപ്പം നേരെ അമ്പലത്തിലേക്ക് വച്ചുപിടിച്ചു..!
***
[ഈയ്യിടെ ആത്മ എഴുതുന്നത് പോസ്റ്റ് ചെയ്യാന്‍ ഒരു മടി..! പക്ഷെ എഴുതാതിരുന്നാല്‍ പിന്നെ അതും ഒരു ശീലമായിപ്പോവില്ലേ, അതുകൊണ്ട് എഴുതാം.. ഇന്നലെ എഴുതിയ ഒരു ചെറു കഥ..]
നമ്മള്‍ തമ്മില്‍ കണ്ടിട്ട് ഒത്തിരി ദിവസങ്ങള്‍ ആയി അല്ല്യോ ബ്ലോഗേ! സാരമില്ല.. ഓരോ ദിവസത്തെയും ഹൈലൈറ്റ് ചിന്തകള്‍ എല്ലാം ഡ്രാഫ്റ്റില്‍ ശേഖരിച്ചു വച്ചിട്ടുണ്ട്.. തപ്പിത്തിരഞ്ഞ് നല്ലതുനോക്കി ഞാന്‍ എടുത്തുകൊണ്ടു വരാം..മ്ഏ..?
ഓ. കെ?
ആദ്യം കിട്ടിയത് ബ്ലോഗേ നിന്നെക്കുറിച്ചുള്ള ഒരു ചിന്തയായിരുന്നു.. അത് പോസ്റ്റട്ടെ ആദ്യം...
ദിയയുടെ കമന്റു കണ്ട്, ബ്ലോഗെഴുതാന്‍ രണ്ടുമൂന്നു പ്രാവശ്യം വന്നു.. പക്ഷെ എന്തോ, ഒരു ബലം കിട്ടുന്നില്ല! ബ്ലോഗെഴുതാനും കരുത്ത് വേണോ എന്നു ചോദിച്ചാല്‍, ഈ ഭൂമിയില്‍ എന്തുചെയ്യണമെങ്കിലും വേണം കരുത്ത്! ചപ്പാത്തി ഉണ്ടാക്കണമെങ്കില്‍പ്പോലും!.. മാവ്, അളവിനു വെള്ളം, പിന്നെ അത് കുഴക്കുന്ന രീതി, പിന്നെ അതിന്റെ ഷേപ്പ്, ഒടുവില്‍ അത് പാകത്തിനു ചുട്ടെടുക്കല്‍, അതും കഴിഞ്ഞ് ഒരു തൊട്ടുകൂട്ടാന്‍ കറി, എല്ലാം കഴിഞ്ഞ് ആരെങ്കിലും അത് കഴിച്ച് ‘ഉം തരക്കേടില്ല..’ എന്നുകൂടി കേട്ടാലേ ചപ്പാത്തി ഉണ്ടാക്കിയെന്ന് നമുക്ക് സമാധാനിക്കാന്‍ പറ്റൂ !
ഒരു പ്രാസംഗികനായാലും നടനായാലും ഒക്കെ വേണം കരുത്ത്. പ്രാസംഗികനു വേദിയില്‍ കയറാനുള്ള ചങ്കൂറ്റം, കയ്യടിയാണേലും കല്ലേറായാലും സമചിത്തതയോടെ ഏല്‍ക്കാനുള്ള കരുത്ത്.
നടനായാല്‍ മുഖത്ത് എക്സ്പ്രഷന്‍ വരുത്തണം.. പിന്നെ അത് ക്യാമറയില്‍ പകര്‍ത്താനായോ എന്ന് ഉറപ്പു വരുത്തണം.. ആകെമൊത്തം ഒടുവില്‍ കാണികള്‍ അത് അക്സപ്റ്റ് ചെയ്യും വരെ പിടിച്ചു നില്‍ക്കാന്‍ ഒരു മാനസിക ബലം വേണം.
ഈ ബ്ലോഗെഴുത്തും അതുപോലെയൊക്കെയാണ്. ഐഡിയ തോന്നണം.. അത് ഏതു വിധത്തില്‍ എഴുതണം, വായിക്കുന്നവര്‍ക്ക് അത് ഇഷ്ടപ്പെടുമോ!, അവര്‍ കമന്റിട്ട് പ്രോത്സാഹിപ്പിക്കുമോ!,
കമന്റേ ഇടാതെ ഓടിപ്പൊയ്ക്കളയുമോ!, എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ നേരിടാനുള്ള കരളുറപ്പുണ്ടെങ്കിലേ ബ്ലോഗെഴുതാന്‍ തുടങ്ങാവൂ..
പറഞ്ഞു വന്നത്.. പനിയൊക്കെ ഒരു വിധം വിട്ടുമാറിയെങ്കിലും ആ കരളുറപ്പ് വരുന്നില്ലാ..
അതുകൊണ്ട് വെയിറ്റ് ചെയ്യാമെന്നു കരുതി..
ഇനി ഒരു ചെറു കഥ
എത്ര പെട്ടെന്നാണ് സുഖദുഃഖങ്ങള്‍ മാറി മാറി വരുന്നത്! അല്പം മുന്‍പ് വരെ വല്ലാത്ത ബോറഡിയായിരുന്നു.. ഇപ്പോള്‍ പ്രതീക്ഷയുടെ ഒരു പൊന്‍കിരണം കിട്ടിയിരിക്കുന്നു! ഒരു തുളസിത്തൈ കോണ്‍ക്രീറ്റിനിടയിലൂടെ വളരാന്‍ നോക്കുന്നു! പാവം അതിനെ വൈകിട്ട്, സാവധാനം..വേരൊന്നും പൊട്ടാതെ പിഴുതെടുത്ത്, നല്ല മണ്ണില്‍ കുഴിച്ചുവയ്ക്കണം.. പിന്നെ മറ്റൊരു തുളസി ചായ്ഞ്ഞ് കിടക്കുന്നു.. അതിനെ നേരേ നിര്‍ത്തണം.. ഇപ്പോള്‍ സമയം നന്നല്ല, മാറ്റിനട്ടാല്‍ ഉടന്‍ അവയ്ക്ക് വെയിലിനെ ചെറുത്തുനില്‍ക്കാനാവില്ല.. വാടിപ്പോയേക്കും.. അതുകൊണ്ട് സന്ധ്യയാകട്ടെ.. അതുവരെ കാക്കാം.. ഇത്രയൊക്കെ പോരേ സന്തോഷിക്കാന്‍!! വേറെ സന്തോഷിക്കാന്‍ ഒരു വഴിയും കാണുന്നില്ല.. ‘നിസ്സംഗത്വേ സത്സംഗത്വം..’ എന്നൊക്കെപ്പറഞ്ഞ് ഒതുങ്ങിക്കൂടാന്‍ തുടങ്ങി മീര.
ദൈവത്തിനെ പ്രാര്‍ത്ഥിച്ചു. ഒരു ചായയിട്ടു കുടിക്കും മുന്നേ ഒരിക്കല്‍ക്കൂടി പൂജാമുറിയെ നോക്കി.. അടുത്തു ചെല്ലാന്‍ പറയും പോലെ! ‘എപ്പോഴും അങ്ങനെ അടുത്തു വരുന്നതെന്തിന്?! അവിടെയിരുന്നും കാണാമല്ലൊ!.. അല്ലെങ്കില്‍ വന്നേക്കാം.. എന്റെ ആപത്തുകാലത്തെല്ലാം ധൈര്യം തന്നത് അങ്ങല്ലേ.’എന്നൊക്കെ പറഞ്ഞ് മീര ഒരിക്കല്‍ക്കൂടി പോയി നമസ്കരിച്ച് വന്ന് ചായകുടിയൊക്കെ നടത്തിയിരിക്കുമ്പോള്‍..
അപ്രതീക്ഷിതമായി ഒരു ഫോണ്‍ കാള്‍!
‘അമ്മേ ഞാന്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി!’
(ങ്ഹേ! കേള്‍ക്കുന്നത് സത്യമോ?! മനസ്സില്‍ അനുവാദം ചോദിക്കാതെ വീണ്ടും സന്തോഷം നുരയിടുന്നു!) ‘എടാ നീ എന്നാലും പറയാതെ പോയി പറ്റിച്ചു കളഞ്ഞല്ലോ’-മീര
‘പറഞ്ഞാല്‍ എനിക്കു ടെന്‍ഷന്‍ വരുമെന്ന് ഭയന്നാ പറയാതിരുന്നത്’- മകന്‍
‘ഏതിനും പാസ്സായല്ലൊ, മിടുക്കന്‍..ഇതുപോലെ ആത്മവിശ്വാസത്തോടെ ഓരോന്ന് ചെയ്യുക..’
സന്തോഷം വീണ്ടും കുമിയുന്നു! ഇത് തനിക്ക് അര്‍ഹതപ്പെട്ട സന്തോഷം തന്നെയല്ലേ ദൈവമേ!
എങ്കിപ്പിന്നെ ഞാന്‍ സന്തോഷിച്ചോട്ടേ? ശാന്തമാകൂ മനസ്സേ.. ശാന്തമാകൂ..
അല്പം മുന്‍പ് വരെ നിരാശയുടെ പടുകുഴിയില്‍ ആയിരുന്നു.. ഇപ്പോള്‍ തന്റെ കൊച്ചു കളിയോടത്തിനെ നയിക്കാന്‍ ഒരു കൈകൂടി! ആ കൈയെ ബലമാക്കിയതിനും നന്ദി! നന്ദി! നന്ദി!..
നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുമ്പോഴാണോ നമ്മള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത്?
അതോ, നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴാണോ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്?! മീര ദിവസത്തെ ഒന്ന് റീവൈന്റ് ചെയ്തുനോക്കി... ഇന്നലെ അമ്മയോടും അച്ഛനോടും മര്യാദയോടെയും സ്നേഹത്തോടെയും സംസാരിച്ചു, ഭര്‍ത്താവിനെ മാനിച്ചു സംസാരിച്ചു, ഇന്ന് മകള്‍ പോകുമ്പോള്‍ ആദ്യം അകത്തുള്ള ദൈവത്തെ വന്ദിച്ചു. പിന്നെ വെളിയില്‍ തറയില്‍ തൊട്ടു തൊഴുതു. അവള്‍ ടെസ്റ്റിനാണു പോകുന്നതെന്ന് പറഞ്ഞില്ലായിരുന്നു. എന്നിട്ടും പതിവായി ചെയ്യുന്നപോലെ തൊഴുതു. ആകെപ്പാടെ താന്‍ നല്ല കര്‍മ്മങ്ങളായിരുന്നു ചെയ്തിരുന്നത്!
മീരക്ക് വീണ്ടും ദൈവത്തിനോട് ഒരു പ്രത്യേക സ്നേഹവും നന്ദിയും വന്ന് നിറഞ്ഞു! മീര ദൈവത്തിന്റെ മുന്നില്‍ ചെന്നു നിന്നു.. ഇപ്രാവശ്യം കുറെ പുഷ്പങ്ങളും കൂടി പറിച്ച് മുന്നില്‍ വച്ച് അദ്ദേഹത്തിനു കുറേക്കൂടി പ്രീതിപ്പെടുത്തി.
അപ്പോള്‍ വീണ്ടും ഫോണ്‍!
‘അമ്മേ എനിക്ക് ഫീസ് അടയ്ക്കണം.. ഇന്നു വേണോ നാളെ മതിയോ?’
‘ഇന്നു തന്നെ കൊടുക്കാം..അമ്മ ഒരു ടാക്സി എടുത്ത് ഉടന്‍ വരാം’.
മീര വീടൊക്കെ ഒരുവിധം ഒതുക്കി, ടാക്സി വിളിച്ച് , ‘ഡ്രൈവിങ്ങ് സെന്ററില്‍ പോകണം..’ എന്നും പറഞ്ഞ് കയറിയിരുന്നു..
ഹൃദയത്തില്‍ നുരയിടുന്ന സന്തോഷത്തില്‍ ഉന്മത്തയായി ഇരിക്കുമ്പോള്‍ ഡ്രൈവര്‍ ചോദിച്ചു,
‘ഈ വഴി പോയാല്‍ മതിയോ, അതോ മറ്റേ വഴി എടുക്കണമൊ?’
‘ഏതുവഴി എടുത്താലും മതി.. ശരിക്കും പറഞ്ഞാല്‍ എനിക്ക് വഴി നന്നായറിയില്ല.. ഞാന്‍ ഒരിക്കലേ ഇവിടെ വന്നിട്ടുള്ളൂ.. എന്റെ മകന്‍ അവിടെ വെയിറ്റ് ചെയ്യുന്നു..’
‘ഓ! മകന്‍ ടെസ്റ്റില്‍ പാസ്സായി കാണും. കാശടക്കണം അല്ലെ?’
(ഇയ്യാള്‍ക്ക് മനുഷ്യരുടെ മനസ്സും ലോകകാര്യങ്ങളും ഒക്കെ എങ്ങിനെ അറിയാം? പക്ഷെ, ജ്ഞാനദൃഷ്ട്യാ അയാള്‍ കണ്ടുപിടിച്ച കാര്യങ്ങള്‍ ശരിയല്ല എന്നു പറയാനും ഒരു മടി)
‘അതെ!’
‘അപ്പോള്‍ ഇനി അടുത്തപ്രാവശ്യം ടാക്സി ഒന്നും വിളിക്കണ്ടല്ലൊ മകനോടൊപ്പം പോകാമല്ലൊ’
പെട്ടെന്ന് മീരയ്ക്ക് ലജ്ജവന്നു നിറഞ്ഞു. തന്റെ ലഞ്ജ! മുന്നില്‍ ഇരിക്കുന്ന ചീനന്‍ സായ്‌വ് എങ്ങിനെ കാണും?! പ്രകടമാക്കിയാലല്ലെ പറ്റൂ ..! അതുകൊണ്ട് പറഞ്ഞു,
‘ഓ! കിട്ടിയാലും ഉടന്‍ ഓടിക്കുകയൊന്നും ഇല്ല, ഹി.. ഹി..’
‘എന്നാലും താമസിയാതെ..’ അയാള്‍ വിടുന്ന മട്ടില്ല!
മോനു കണ്ണുകിട്ടാതെ അയാളുടെ ശ്രദ്ധ ഡൈവേര്‍ട്ട് ചെയ്യാനും കൂടിയായി പറഞ്ഞു,
‘പക്ഷെ, എനിക്കും ലൈസന്‍സുണ്ട്. 20 വര്‍ഷം മുന്‍പേ കിട്ടി.. പക്ഷെ, സ്വന്തമായി വണ്ടിയില്ലാതെ..(എങ്ങും പോകാനില്ലാതെ..)..അല്ല, എനിക്ക് ഈ രാജ്യത്തെ റൂള്‍സ് ആന്റ് റഗുലേഷന്‍സ് ഒന്നും അറിയില്ലാതാനും.. അന്യ രാജ്യമല്ലെ?’
‘ശരിയാണ്.. നിങ്ങളും കൂടി ഓടിക്കണ്ട.. എങ്കില്‍ പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ജോലിയൊന്നും കിട്ടില്ല’ (‘നിങ്ങളുടെ മുടിഞ്ഞ ടാക്സി ഫെയര്‍ കൊടുത്ത് ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ ഇതില്‍ കയറില്ല’ എന്ന് പറയാന്‍ തോന്നി. പിന്നെ മാന്യത കൈവരിച്ചു. നല്ല ഒരു കാര്യത്തിനു പോവുകയല്ലെ)
തന്റെ ഭര്‍ത്താവു തനിക്ക് വണ്ടിയോടിക്കണം എന്നു പറയുമ്പോള്‍ ഒരുദാഹരണ കഥ പറ്ഞ്ഞ് തനിക്ക് ആത്മവിശ്വാസം തരുന്നപോലെയായല്ലൊ ദൈവമെ ഇങ്ങേരും.. മീര ഓര്‍ത്തു..
ഭര്‍ത്താവ് പറയും, ‘നിനക്ക് വണ്ടി കിട്ടിയാല്‍ നീ തുളസി അങ്കിളിനെപ്പോലെയായിരിക്കും ഓടിക്കുക.
തുളസി അങ്കിള്‍ ലൈസന്‍സ് എടുക്കാന്‍ പോയപ്പോള്‍ ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ഡ്രൈവിങ് ഇന്‍സ്റ്റ്രക്റ്റര്‍ പറഞ്ഞപ്പോള്‍ അതു അനുസരിച്ചില്ല. കാര്യം തിരക്കിയപ്പോള്‍ ‘അത് ഒരു സ്ത്രീയല്ലെ, അവരെ ഓവര്‍ടേക്ക് ചെയ്യുന്നത് മര്യാദകേടല്ലെ?’ എന്ന് വിനയപൂര്‍വ്വം പറഞ്ഞു.
അതോടെ അദ്ദേഹത്തിനെ ലൈസന്‍സ് മോഹം മണ്ണടിഞ്ഞു.
(ഈ കഥ പല ഈണത്തിലും താളത്തിലും റിപ്പീറ്റ് ചെയ്ത് കേള്‍പ്പിച്ചാണ് മീരയെ ഒതുക്കിയിരിക്കുന്നത്.)
ആദ്യമാദ്യം മറ്റൊരു കഥയായിരുന്നു.. ‘നിനക്ക് ഹനീഫ അങ്കിളിനെ അറിയാമോ?, ങ്ഹാ! , ഒരുകാലത്തെ ഇവിടത്തെ മുന്തിയ പണക്കാരനായിരുന്നു. എന്തൊരു പത്രാസായിരുന്നു.. പാര്‍ട്ടിയും ഒക്കെയായി.. ഭാര്യയും വണ്ടിയൊക്കെ ഓടിക്കുമായിരുന്നു.. ഇപ്പോള്‍ എല്ലാം പോയി. ഇന്നാളില്‍ അവര്‍ ബസ്റ്റോപ്പില്‍ നില്‍ക്കുന്നു, ബസ്സില്‍ പോകാന്‍..പാവം മകന്‍ പഠിച്ചതുകൊണ്ട് രക്ഷപ്പെട്ടു..’
കുറച്ചുകൂടി നന്നായി അടിച്ചമര്‍ത്തണമെങ്കില്‍ കഥയുടെ എന്റില്‍ ഒരു ആത്മഗതവും നടത്തും..“പാവം ഭാര്യയുടെ ചൊല്‍പ്പടിക്കു നിന്നതുകൊണ്ടാണ്/ധാരാളിത്തം കൊണ്ടാണ് നശിച്ചുപോയത്.”
മീരയുടെ മനസ്സാക്ഷി അത് കേട്ട് കരയും.. ‘ഞാന്‍ തുളസി അങ്കിളല്ല..ഞാന്‍ ഹനീഫ അങ്കിളിന്റെ ഭാര്യയും അല്ല. ഞാന്‍ വെറും മീരയാണ്. എനിക്ക് ധാരാളം കഴിവുകളുണ്ട്.. മറ്റുള്ളവരെ നശിപ്പിക്കാതിരിക്കാനുള്ള വകതിരിവുണ്ട്.. എല്ലാം ഇങ്ങിനെ അടിച്ചമര്‍ത്തുന്നതെന്തിന് ?’ (ആത്മരോദനം..)
ഹും! വിവാഹം വരെ അച്ഛനമ്മമാര്‍ കഷ്ടപ്പെട്ട് വളര്‍ത്തിയെടുക്കുന്ന പെണ്മക്കളുടെ ആത്മവിശ്വാസവും കഴിവും ഒക്കെ വിവാഹശേഷം ഇങ്ങിനെ നിഷ്ടൂരമായി തകര്‍ക്കാന്‍ ആവുന്നു മനുഷ്യര്‍ക്ക്! (ആത്മരോക്ഷം!)
ഭാര്യമാരാണ് ഒരാളുടെ നാശത്തിനു കാരണമെങ്കില്‍ ഭാര്യമാരായിരിക്കണമല്ലൊ വിജയത്തിനും കാരണം?! - ഭാര്യമാരുടെ അടിമത്തമാണോ വിജയത്തിനാധാരം?! ഹും! മാതാപിതാക്കളുടേ ഉപദേശം ശിരസ്സാ വഹിക്കുന്ന മകന്‍..! ഇങ്ങിനെ പല പ്രധിഷേധശബ്ദങ്ങളും മീരയുടെ തലച്ചോറില്‍ ഉദിച്ചസ്തമിക്കും..
മീര ആത്മഗതത്തില്‍ നിന്നുണര്‍ന്നു..ട്രൈവിംഗ് സെന്ററില്‍ എത്തി. മകന്‍ കാത്തു നില്‍പ്പുണ്ട്.. !സന്തോഷം കൊണ്ട് വിടര്‍ന്ന മുഖം. മീരയുടെ സന്തോഷം ഇരട്ടിപ്പിച്ചു. തിരിഞ്ഞു നോക്കി, പഹയന്‍ ഡ്രൈവര്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തി മകനെ നോക്കി ചിരിച്ചു.
ക്യൂവില്‍ വളരെ നേരം ഇരുന്ന്.. (ഇപ്പോള്‍ മിക്കയിടത്തും നില്‍ക്കണ്ടല്ലൊ, ഡീസന്റ് ആയി ഇരുന്നാല്‍ മതി) ഒടുവില്‍ നമ്പര്‍ കത്തിയപ്പോള്‍ വയറും കത്തിയെരിഞ്ഞ മണം വരുന്നുണ്ടായിരുന്നു.. അതു കുറയ്ക്കാന്‍ വേണ്ടി കൂട്ടുകാരെപ്പോലെ ഓരോന്നും പറഞ്ഞിരിക്കുമ്പോള്‍ ഓര്‍ത്തു..
അവന്‍ സംസാരിക്കുന്ന ഭാക്ഷ ഇംഗ്ലീഷ്, താന്‍ തിരിച്ച് മലയാളം പറയുന്നു! (ഏതു ഭാക്ഷയാണ് ഉപയോഗിക്കുന്നത് എന്നുപോലും വിസ്മരിച്ച്! ഒരുപക്ഷെ, അതിലേറേ പറയുന്ന കാര്യത്തില്‍ ശ്രദ്ധിക്കുന്നതുകൊണ്ടാകും); അവന്‍ തീരെ ചെറുപ്പം, തനിക്ക് മധ്യവയസ്സ്! അവന്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നു, താന്‍ തനി കേരളത്തില്‍.. ഇങ്ങിനെ പല വൈരുധൈങ്ങളും ഉണ്ടെങ്കിലും തങ്ങള്‍ക്കെങ്ങിനെ ഒരുപോലെ പല ദൃശ്യങ്ങളും വിലയിരുത്താനാകുന്നു!!
‘ഇന്ന് എന്റെ കൂടെ വന്നവര്‍ എല്ലാരും പാസ്സായി അമ്മെ?!’
‘എന്റെ കൂട്ടുകാരനും വീട്ടില്‍ പറയാതെയാണു വന്നത്.. കഴിഞ്ഞ പ്രാവശ്യം പറഞ്ഞിട്ടു വന്നപ്പോള്‍ തോറ്റുപോയത്രെ!’, അങ്ങിനെ ഓരോ കാര്യങ്ങള്‍..
ഒടുവില്‍ കാശ് ഇടാന്‍ മെഷീന്റെ അടുത്തുപോയപ്പോള്‍ ഇടുന്നതിനു പകരം ഉള്ളതും കൂടി വെളിയില്‍ എടുത്തു! ഒരു ചെറിയ സ്വിച്ചിന്റെ വ്യത്യാസത്തില്‍ എന്തെല്ലാം അല്‍ഭുതങ്ങള്‍ ഈ ലോകത്തില്‍ സംഭവിക്കാനിരിക്കുന്നു എന്റെ ദൈവമേ!
കത്തിക്കരിയുന്ന വയറിന്റെ എരിച്ചിലിനിടയിലും, ഹൃദയം വല്ലാതെ ആര്‍മാദിക്കുന്നുണ്ടായിരുന്നു.. വാസ്തവത്തില്‍ മകനാണോ ലൈസന്‍സ് കിട്ടിയത് തനിക്കാണോ? ഒരു കണ്‍ഫ്യൂഷന്‍!
തനിക്കു കിട്ടാതെ പോയ ഭാഗ്യങ്ങള്‍ മക്കളെങ്കിലും അനുഭവിക്കുന്നത് കാണാനും ഒരു ത്രില്‍..
മീര മകനോടൊപ്പം നേരേ ഫുഡ്സ്റ്റോളിലേക്ക് നടന്നു...
[ശരിക്കും പറഞ്ഞാല്‍ ഈ കഥയല്ലായിരുന്നു പബ് ളീഷ് ചെയ്യാന്‍ വന്നത്.. മറ്റൊരു കഥ..
പക്ഷെ ധൈര്യം അല്പം കുറവ്.. അതുകൊണ്ട് മാറ്റിവച്ചു..]
ലോകം മുഴുവനും ബോറഡിയിലും ടെന്‍ഷനിലും പെട്ട് ഉഴലുമ്പോള്‍ തനിക്കു മാത്രമായി ഒരു ബോറഡിയും ടെന്‍ഷനും ഒക്കെ തിരഞ്ഞുപിടിക്കാനും ഒരു ബുദ്ധിമുട്ട്! മീര ബോറഡി മാറ്റാനായി പോയി ഒന്നുരണ്ട് കറികള്‍ വച്ചു.. അപ്പോള്‍ തിരക്കായി.. ശരീരം അനങ്ങി ജോലിയൊക്കെ ചെയ്തപ്പോള്‍ ബോറഡി കുറഞ്ഞെന്നു തോന്നുന്നു..
‘നമുക്ക് നമ്മുടെ ബോറഡി മാറ്റുന്നതെങ്ങിനെ എന്ന് തല്‍ക്കാലം ആലോചിക്കാം.. നമ്മള്‍ രക്ഷപ്പെട്ടശേഷമല്ലെ ലോകത്തെ ആകമാനം വിഴുങ്ങുന്ന ബോറഡിയും ടെന്‍ഷനും ഒക്കെ മാറ്റുന്നതെങ്ങിനെ എന്ന് ആലോചിക്കാന്‍ കൂടി പറ്റൂ.. സ്വയം രക്ഷിക്കുന്നവനെയേ ദൈവ്ം തമ്പുരാന്‍ പോലും രക്ഷിക്കുകയുള്ളൂ എന്നാണ് പ്രമാണം..’ മീര ആത്മഗതം ചെയ്തു..
ടെന്‍ഷനും ബോറഡിയും ജോലികളും എല്ലാം കൂടി മീരയ്ക്ക് ശ്വാസം മുട്ടുമ്പോലെ... കുളിച്ചൊരുങ്ങി അമ്പലത്തില്‍ പോകാനും, വീട്ടില്‍ ഇരുന്ന് സമാധാനമായി പ്രാര്‍ത്ഥിക്കാനും ഒക്കെ വല്ലാത്ത മോഹം ഇടയ്ക്കൊക്കെ തോന്നും.. മീര ദൈവത്തോട് തീര്‍ത്ത് പറഞ്ഞു, ‘എനിക്ക് എന്നുമൊന്നും പ്രാര്‍ത്ഥിക്കാനൊന്നും പറ്റിയെന്നു വരില്ല, ദയവുചെയ്ത്, ഞാന്‍ ഈ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ (വീട്ടുജോലികള്‍..) മുഴുവനും അങ്ങേക്കു വേണ്ടിയാണെന്ന് കരുതിക്കോളൂ.. എന്റെ കടമകള്‍ ഒക്കെ തീര്‍ന്ന് ഞാന്‍ ഫ്രീയാകുമ്പോള്‍ പിന്നെ കിട്ടുന്ന സമയം മുഴുവനും അങ്ങയുടെ അടുത്ത് ചിലവഴിക്കാം..’ (അപ്പോള്‍ കുറച്ചുകൂടി പ്രായമാവുകയും ചെയ്യും, പിന്നെ ബ്ലോഗെഴുതാനും തോന്നില്ലല്ലൊ, അപ്പോള്‍ കമ്പ് ളീറ്റ് സമയം അങ്ങയും ഞാനും! സുഖം സ്വസ്ഥം!..)
അതിനിടയില്‍ ‘മകന്‍’ വന്ന്, കുളിച്ച്, ആഹാരം കഴിച്ച്, വീണ്ടും വെളിയില്‍ പോയി..! വളരെ ബോറഡി തോന്നുമ്പോള്‍ ഭര്‍ത്താവിനെ മകനായി കരുതും.. അല്ലെങ്കില്‍ വഴക്കാവും.. ഒരു മകനെ അമ്മ നോക്കുന്നത് തിരിച്ചൊന്നും പ്രതീക്ഷിച്ചല്ലല്ലൊ, അതുപോലെ കരുതിയാല്‍ പിന്നെ പരിഭവമൊന്നും തോന്നില്ല. അല്ലെങ്കില്‍ വീക്കെന്റ് ആകുമ്പോള്‍ മറ്റ് ഭര്‍ത്താക്കന്മാരെപ്പോലെ ഭാര്യയെ ഷോപ്പിംഗിനു കൊണ്ടുപോകാനോ, മക്കളോടൊപ്പം വല്ല പിക്നിക്കിനോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനോ ഒക്കെ പോകണം എന്ന ഒരു ആഗ്രഹം എത്ര അടിച്ചമര്‍ത്തിയാലും വീണ്ടും ഉയിര്‍ത്തെണീല്‍ക്കും.. തന്റെ ജീവിതത്തില്‍ അതൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് മീര അംഗീകരിക്കാന്‍ പഠിച്ചുകഴിഞ്ഞു..
അതിനു സഹായകമാം വിധം ഒരു സംഭവവും ആയിടയ്ക്കുണ്ടായി..
തനിക്ക് ബോറഡി കോണ്ട് പൊറുതി മുട്ടുമ്പോഴോ ഭര്‍ത്താവിനോട് കടുത്ത പരിഭവം തോന്നുമ്പോഴോ, ഉറ്റസുഹൃത്തുക്കളോടോ നാട്ടില്‍ അമ്മയോടോ വിളിച്ച് പരിഭവം പറയുന്ന സ്വഭാവം മീരയ്ക്കുണ്ടായിരുന്നു..
മീര ഒരിക്കല്‍ തകര്‍ത്തുവച്ച് പരിഭവം പറഞ്ഞ് , ‘താന്‍ നായികയും മറ്റുള്ളവരെയൊക്കെ വില്ലന്മാരും വില്ലത്തികളുമാക്കി’ അല്പം സമാധാനത്തോടെ ഫോണ്‍ താഴെ വച്ച് നല്ല അമ്മയായി ചിരിച്ചും കൊണ്ട് മകാളുടെ അടുത്ത് എന്തോ കാര്യത്തിന് ചെല്ലുമ്പോള്‍.. മകള്‍ (രേവതിക്കുട്ടി) ചോദിച്ചു..
“ അമ്മേ നമ്മുടെ വീട്ടുകാര്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് സമാധാനം കിട്ടിയോ?!”
‘അതുപിന്നെ, തീരെ നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ വിശ്വസ്ഥരായ ആരോടെങ്കിലും പറയുന്നത് ഒരാശ്വാസമല്ലെ?’ മീര അല്പം ശങ്കയോടെ ചോദിച്ചു..
രേവതി: വിശ്വസ്ഥര്‍ അല്ലെ? അമ്മയ്ക്കെങ്ങിനെ അറിയാം അവര്‍ എല്ലാം രഹസ്യമായി വയ്ക്കും എന്ന്?
മീര: അവര്‍ നല്ലവരായതുകൊണ്ടാണ് പറയുന്നത്.. നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരോട് ഓരോ വിഷമങ്ങള്‍ പറയില്ലേ, അതുപോലെ..
രേവതി: അമ്മേ, ഇങ്ങിനെ വീട്ടുകാര്യങ്ങള്‍ മുഴുവന്‍ പറയുന്നത് നന്നല്ല. ഞാന്‍ അമ്മയെ വെറുക്കുന്നു..
മീര: എങ്കിപ്പിന്നെ അമ്മ എന്തുചെയ്യണം? മോളു തന്നെ പറയൂ.. (മീരയ്ക്കും അല്പം പശ്ചാത്താപം തോന്നിയിരുന്നു.. പരിഭവം തീരുമ്പോള്‍ മീര എല്ലാം മറക്കും പക്ഷെ, കേട്ടവര്‍ മറക്കില്ലല്ലൊ, അത് മക്കളുടെയും ഫാമിലിയല്ലെ..)
മീര: മോളോട് പറയട്ടെ അമ്മയുടെ വിഷമങ്ങള്‍?!
രേവതി: അമ്മേ ആദ്യം അമ്മ ആരോടും പറയാതിരിക്കാന്‍ ശീലിക്കൂ.. പിന്നെ ദൈവത്തോട് മാത്രം പരിഭവങ്ങള്‍ പറയാന്‍ ശീലിക്കൂ..അതും കഴിഞ്ഞ് അടുത്ത സ്റ്റെപ്പ് ആയി അമ്മ എന്നോട് പറഞ്ഞോളൂ ഞാന്‍ ശ്രദ്ധിക്കാം..(അത്രയുമായപ്പോഴേക്കും മകളുടെ ചുണ്ടില്‍ ചെറിയ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു..! അതു കണ്ട് മീരയുടെയും ഹൃദയം കുളിര്‍ത്തു..)
മീര അതിശയത്തോടെ മകളെ നോക്കി! കൊച്ചു കുട്ടി എന്നു കരുതിയിരുന്ന മകള്‍ വലുതായിരിക്കുന്നു.. വിവേകത്തോടെ സംസാരിക്കുന്നു!
മീരയുടെ കണ്ണുകള്‍ നിറഞ്ഞു, “ ഇല്ല അമ്മ ഇനി ആരോടും ഒന്നും പറയില്ല..”
അപ്പോള്‍ മകള്‍ വീണ്ടും, “ അമ്മേ അച്ഛനു അമ്മയെ വെളിയില്‍ കൊണ്ട് പോകാനും സന്തോഷിപ്പിക്കാനും പറ്റുന്നില്ല എന്നല്ലെയുള്ളൂ, അതില്‍ കൂടുതല്‍ സുരക്ഷിതത്വം മര്യാദ ഒക്കെ അച്ഛന്റെ ഭാര്യ എന്ന നിലയില്‍ കിട്ടുന്നില്ലേ?!”
മീര തലകുലുക്കി സമ്മതിച്ചു.
താന്‍ തന്റെ ഒറ്റപ്പെടല്‍, അവഗണന, അന്യായങ്ങള്‍ എല്ലാം സഹിച്ചത് മക്കളെ വളര്‍ത്താനായിരുന്നല്ലൊ, എന്നിട്ട് ദൈവം അവരില്‍ക്കൂടി സംസാരിക്കുമ്പോള്‍ താന്‍ അത് ശ്രദ്ധിക്കാതെ വീണ്ടും പരിഭവങ്ങളുമായി നടക്കുന്നത് കഷ്ടം തന്നെ..! മീര ശരിക്കും പശ്ചാത്തപിച്ചു.. അതില്‍പിന്നെ മറ്റുള്ളവരോട് പരാതി പറച്ചില്‍ വളരെ കുറച്ചു.
[ കഥയായിട്ടെഴുതാമെന്നു വച്ചാലും ബോറാകുന്നു.. ആത്മഗതമായിട്ടെഴുതിയാലും ബോറാകുന്നു..
എല്ലാം ബോറായി തീരുന്ന ഈ ലോകത്ത് ആത്മയുടെ എഴുത്തുമാത്രം എങ്ങിനെ ബോറല്ലാതാകും?! അല്ലാ പിന്നെ!- അതിനെടേല്‍ മൊബൈല്‍ ഫൊണിലെ ഇന്റര്‍നറ്റ് കണക്ഷനും പോയീ! ഭയങ്കര ചാര്‍ജ്ജാകുന്നത്രെ!-ആത്മയും അറിഞ്ഞില്ല ഇത്രേം ആകുമെന്നു! ഇനി വിശേഷങ്ങളൊക്കെ അറിയാന്‍ ലാപ്ടോപ്പിനെ അഭയം പ്രാപിച്ചാലേ രക്ഷയുള്ളൂ..ഹും!]
തുടരും..
തലേ ദിവസം രാത്രി മുതല്‍ തകര്‍ത്തുപെയ്ത മഴ! രാവിലേം തുടരുന്നു.. പ്രകൃതിയാകെ മഴയില്‍ കുളിച്ച് തണുത്തു വിറച്ചു നില്‍ക്കുന്നു..! മീരയും തണുത്തു വിറച്ച് കൂനിക്കൂടി കിടന്നു..തണുപ്പ് അധികമായാല്‍ പിന്നെ മീരയുടെ കയ്യും ഓടല, കാലും ഓടല.. എന്തുചെയ്യാന്‍!
ഇന്നലെ ബ് ളോഗില്‍ എഴുതാന്‍ നിറയെ വിശേഷങ്ങള്‍ ഉണ്ടായിരുന്നു.. മകളെ സ്കൂള്‍ ടൂറിനു കൊണ്ടാക്കി തിരിച്ചു വരുമ്പോള്‍ ടാക്സിക്കാരനുമായി നടത്തിയ സംഭാഷണം മുഴുവന്‍ അപ്പടി പകര്‍ത്തണം എന്നൊക്കെ പറഞ്ഞായിരുന്നു പകലൊക്കെ നടന്നത്.. തലതിരിഞ്ഞ സ്വഭാവം കാരണം ഒന്നും നടന്നില്ലാ.. നിറയെ ജോലികിടക്കുമ്പോള്‍ പോയി തകൃതിയായി ബ് ളോഗെഴുതും.. നിറയെ ചിന്തകള്‍ കിട്ടുമ്പോള്‍ പോയി തകൃതിയായി വീട്ടുജോലികള്‍ ചെയ്യും.. വീട്ടിനുവേണ്ടി ഇനി ഇതില്‍ ക്കൂടുതല്‍ ഒന്നും ചെയ്യാനാവാത്തവിധം തളര്‍ന്നപ്പോള്‍ മീര ബ് ളോഗിനടുത്തെത്തി.. (കുളി ഉപേക്ഷിച്ചു! ഉപേക്ഷിക്കാന്‍ പറ്റുന്നത് അതൊന്നേ ഉള്ളൂ! ഇന്നല്ലെങ്കില്‍ നാളെ മണ്ണായി മാറുന്ന ശരീരം..)
എന്തുചെയ്യാന്‍?! കോരിച്ചൊരിയുന്ന മഴ! ആദ്യമൊക്കെ ധൈര്യമായി ഇരുന്നു.. ഒടുവില്‍ പിന്നെ ബ് ളോഗൊക്കെ പൂട്ടിവച്ച് തകര്‍ത്ത് പെയ്യുന്ന മഴയെ സാകൂതം നോക്കിയിരുന്നു.. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയീ.. ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച ശരീരം അല്പം മഴക്കാറ്റേറ്റ് അല്പം ആശ്വസിച്ചൊട്ടെ എന്നു മീരയും കരുതി..
മഴകൊണ്ട് തണുത്താറിയ മനസ്സുമായി മീര വീട്ടുജോലികള്‍ ഓരോന്നായി ഒതുക്കി.. ഇടയ്ക്ക് എഴുതാന്‍ സമയം കിട്ടുന്നില്ല. എഴുതാനായി വരുമ്പോള്‍ മക്കള്‍ ടി.വി യില്‍ ഏതെങ്കിലും ചാനല്‍ വച്ച് കാണുകയാവും.. അതിനിടയില്‍ കോണ്‍സ്ണ്ട്രേഷനോടെ എഴുതാനും പറ്റില്ലല്ലൊ,
വൈകുന്നേരം എഴുതാന്‍ ചെന്നപ്പോള്‍ പെട്ടെന്ന് തോന്നി പുറത്ത് പുല്‍ത്തകിടി ഒന്ന് വൃത്തിയാക്കാം എന്ന്. മഴപെയത് ഇളക്കം വന്ന മണ്ണില്‍ നിന്നും കളകള്‍ പിഴുതു മാറ്റാന്‍ എളുപ്പമാണ്.. തകൃതിയായി കളകള്‍ പിഴുതെടുക്കുമ്പോള്‍ , “മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..” എന്ന പാട്ട് ഓര്‍മ്മ വന്നു.. ഈ കളകളും സ്വപ്നങ്ങളും പേറി മണ്ണിനടിയില്‍ വേനല്‍ക്കാലം മുഴുവന്‍ ക്ഷമയോടെ കാത്തു കിടന്നിരിക്കണം മഴവരുമ്പോള്‍ മുളയ്ക്കാമെന്ന പ്രതീക്ഷയുമായി...
--- ബിഹൈന്റ് ദി സ്റ്റോറി--
‘ഹോ! ഇത്രേം എഴുതിയപ്പോള്‍ ഒരു മൂഡൊക്കെ വരുന്നു.. !’ ഒരു ചായയും ഉണ്ട് അടുത്ത് കൂട്ടിനായി..
അടുക്കളേല്‍ കിടക്കുന്ന അല്പസ്വല്പം ജോലി തല്‍ക്കാലം നീട്ടിവച്ച് എന്റ് ബ് ളോഗിനെ ഒന്ന് പൊലിപ്പിച്ചിട്ടു തന്നെ കാര്യം! മീര എഴുതി തുടങ്ങി...
[ദാ എഴുതി തുടങ്ങിയപ്പോള്‍ മകാളു വന്നു പറയുന്നു, “ അമ്മാ, ‘പേരന്റ് ഹുഡ്’ (പുതിയ സീരിയല്‍) തുടങ്ങാന്‍ പോകുന്നു..” എന്ന്! എങ്കിപ്പിന്നെ പോയിട്ട് വരാം..
ജോലിയൊക്കെ ഒതുക്കീട്ട് കുറച്ചുകൂടി നന്നായി എഴുതാം... ]
---
‘പേരന്റ്റ് ഹുഡ്’ കണ്ടെന്നു വരുത്തിയതേ ഉള്ളൂ ട്ടൊ, നിറയെ ജോലികള്‍ അടുക്കളേല്‍..
ബ് ളോഗെഴുതാത്ത വെപ്രാളം.. ഇതിനെടേല്‍ എങ്ങിനെ കാണാന്‍..! പിന്നെ മക്കളോട്, “എടേ, പേരന്റ് ഹുഡ് വരുമ്പോള്‍ എന്നെക്കൂടി വിളിക്കണേ..” എന്നു പറഞ്ഞിട്ട്, ചെല്ലാതിരുന്നാല്‍ നാളെതൊട്ട് വിളിക്കില്ല.
ആത്മ ‘പേരന്റ് ഹുഡും’ പിന്നെ ‘Desperate housewives’ മാത്രമേ കണിശമായി കാണുകയുള്ളൂ..
‘Desperate housewives’ തുടങ്ങുമ്പോള്‍ മകള്‍ വിളിക്കും, “ അമ്മേ ചീത്ത പെണ്ണുങ്ങളുടെ കഥ തുടങ്ങാന്‍ പോകുന്നു.. വേണമെങ്കില്‍ ഓടി വാ” എന്ന്! ചീത്തപ്പെണ്ണുങ്ങള്‍ എന്ന് അവര്‍ക്ക് പേരിട്ടത് ആത്മ തന്നെയാണ് ട്ടൊ. "മക്കളേ, ഇത് മുതിര്‍ന്നവര്‍ കാണുന്ന സീരിയല്‍ അല്ലെ, ചീത്ത പെണ്ണുങ്ങളുടെ സീരിയല്‍..നിങ്ങള്‍ ഇതൊന്നും പാര്‍ക്കക്കൂടാത് ".. എന്നു പറഞ്ഞിട്ടും വീണ്ടും കാണുന്നു..! എങ്കിപ്പിന്നെ ആത്മേം കൂടി കണ്ടുകളയാം എന്നു കരുതി.. അത്രയേ ഉള്ളൂ..
ഇനി കഥ തുടരട്ടെ,
----
പിറ്റേന്നും മഴ തുടര്‍ന്നു.. മഴയില്‍ തണുത്തു മരവിച്ചു നില്‍ക്കുന്ന പ്രകൃതി! മീരയ്ക്കിഷ്ടമാണ് ഈ പ്രകൃതി! തോരാതെ പെയ്യുന്ന ഈ മഴ! ഈ മഴയിലൂടെ ആത്മ ഒരു ഷോപ്പിംഗ്.. പക്ഷെ, പോകുന്നത് എത്ര മഴയ്ത്തും ലാവയുടെ ചൂടും പേറി നടക്കുന്ന ഒരാത്മാവിനോടൊപ്പമാണ് . ഏതു കൊടും മഴയുടെ തണുപ്പിനെയും ബാഷ്പീകരിച്ച് ഭസ്മമാക്കാന്‍ കഴിവുള്ള ഒരു സൂര്യന്‍! എങ്കിലും പോയി വരട്ടെ, സൂര്യന്‍ പാതി വഴിയില്‍ ഇറക്കിവിടും.. പിന്നെ തനിച്ച്... മഴ തന്ന തണുപ്പും പേറി, മഴയിലൂടെ, മഴയുടെ താളവും ഈണവും പേറി, മഴയെ ആത്മാവിനുള്ളില്‍ വഹിച്ച് ഒരുന്മാദിനിയെപ്പോലെ..
ഷോപ്പിംഗ് കോപ് ളക്സിനകത്തും മഴയുടെ തണുപ്പ് അരിച്ചിറങ്ങി വരുമ്പോലെ.. മീരയ്ക്ക് മഴയെ ഇഷ്ടമാണ്.. മഴ വേനലിന്റെ താപത്തിനെ മറപ്പിക്കുന്നു.. മഴ ആത്മാവില്‍ പുതു രാഗം ഉണര്‍ത്തുന്നു.. തന്നെ ഇറക്കിവിട്ട് അധിവേഗം ഓടി മറയുന്ന വണ്ടി നോക്കി മീര ഒരു നിമിഷം നിന്നു.. പിന്നെ, മനസ്സില്‍ ഒരു മഴപ്പാട്ടും മൂളിക്കൊണ്ട് മീര ഷോപ്പിംഗ് കോമ്പ് ളക്സിനകത്ത് കയറി..
ആള്‍ക്കാരൊക്കെ അപരിചിതരാണെങ്കിലും ഇന്ത്യാക്കാരല്ലെ! ഇന്ത്യയില്‍ എത്തിയ ഒരു ഫീലിംഗ്
തോന്നും ഉള്ളില്‍ വിഹരിക്കുമ്പോള്‍.. ഇടയ്ക്കിടെ മലയാളവും കേള്‍ക്കാം..! പിന്നെ ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി ഇന്ത്യയില്‍ എല്ലാ ഭാക്ഷക്കാരെയും വേഷക്കാരെയും കാണാം.. സെയില്‍സ് ഗേള്‍സും ബോയ്‌സും ഒക്കെ പരിചിത മുഖമാണ് പിന്നെ ഷോപ്പിന്റെ മിക്കയിടങ്ങളും ചിരപരിചിതമാണ്.. അപ്പോള്‍ വന്നുപോകുന്ന ഈ വിസിറ്റേര്‍സ് ആയ ഇന്ത്യാക്കാരെ കാണുമ്പോള്‍ തന്റെ കുടുംബത്തില്‍ വിരുന്നിനു വന്ന് ആഘോഷിക്കുന്ന ബന്ധുക്കളെപ്പോലെയൊക്കെ ഒരു തോന്നല്‍ വരും.. “ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ”എന്നൊക്കെ തോന്നണമെങ്കില്‍ അന്യനാട്ടില്‍ നാടുകടത്തപ്പെടണം..എനീട്ട് ഇതുപോലെ ഒരു ഇന്ത്യന്‍ ഷോപ്പിംഗ് മാളില്‍ എത്തിപ്പെടണം..!
സി. ഡി സെക്ഷനിലാണ് ആദ്യം കാലുകള്‍ നയിച്ചത്.. നീലത്താമരയും പഴശ്ശിരാജയും ചിരിച്ചുകൊണ്ട് വരവേറ്റു! ‘ഉം! നിങ്ങളെന്താ ഇവിടെ? ഇത്ര പെട്ടെന്നെത്തിയോ?, ആക്ച്വലി എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.. പക്ഷെ ഇന്ന് വന്നത് ‘ബിഫോര്‍ സണ്‍ റൈസ് ’ഉം ‘ബിഫോര്‍ സണ്‍ സെറ്റും’ വാങ്ങാനാണു’. അല്ലെങ്കിലും മറ്റു ഭാക്ഷക്കാരെ കാണുമ്പോള്‍ മലയാളത്തെ ഒന്നു കൊച്ചാക്കാന്‍ ഉള്ളിലെ മലയാളി വിതുമ്പി. അങ്ങിനെ അങ്ങ് പെട്ടെന്ന് മലയാളം പടം എടുക്കാന്‍ ഒരു മടി! സെയിത്സ് മാന്‍ എന്തു കരുതും! ഒരു കൂതറ മലയാളി വന്ന് മറ്റൊന്നും വാങ്ങനില്ലാത്തപോലെ മലയാളം പടം എടുക്കുന്നതു കണ്ടോ! എന്നു വിചാരിക്കില്ലേ?!ഇന്‍ഫീരിയോരിറ്റി കോമ്പ് ളക്സ്!. ഈ ഇന്‍ഫീരിയോരിറ്റി കോമ്പ്ളക്സാകണം മലയാളികളെ മലയാളം മറക്കാനും അന്യഭാക്ഷകളെ ആശ്രയിക്കാനും പ്രേരിപ്പിക്കുന്നത്.
‘വാങ്ങണോ വാങ്ങണ്ടേ എന്ന് ഒരിക്കല്‍ക്കൂടി ആലോചിച്ചിട്ടു വരാം നീലത്താമരേ..’ എന്നും മനസ്സില്‍ പറഞ്ഞ്, സി. ഡി കട മുഴുവന്‍ കറങ്ങി, സണ്‍ സെറ്റും സണ്‍ റൈസും ഒക്കെ എടുത്ത് നല്ല ഡീസന്റ് ആയി മടങ്ങി വീണ്ടും നീലത്താമരയുടെ അടുത്തെത്തി , ‘ഇനി നിന്നെ പരിഭവപ്പെടുത്തണ്ട, എടുത്തേക്കാം..’ എന്നു കരുതി കൈ നീട്ടുമ്പോള്‍..! ങ്ഹേ! എവിടെ നീലത്താമര?! അവളെ ഇതിനകം ആരോ ആണുങ്ങള്‍ അടിച്ചോണ്ട് പോയിരുന്നു...! വിശ്വാസം വരുന്നില്ല.. പത്തുമിനിട്ടിനു മുന്‍പ് എന്നെ നോക്കി ചിരിച്ച നീലത്താമര! കഷ്ടമായിപ്പോയി അപ്പോഴേ എടുക്കാനുള്ളതായിരുന്നു..
സി. ഡി സെക്ഷന്‍ ബോയിയോട് പോയി ചോദിച്ചു “നീലത്താമരയുണ്ടോ..?, ഞാന്‍ 10 മിനിട്ട് മുന്‍പും കണ്ടതായിരുന്നു..” അയാള്‍ വന്ന് തന്നാലാവും വിധം പരതി.. കിട്ടിയില്ല. അവള്‍ പറന്നേ പോയിരുന്നു.. ഇനി എവിടെ തിരയാന്‍! എങ്കിലും വെറുതെ അവിടെ ചുറ്റിപ്പറ്റി അല്പനേരം കൂടി നടന്നു.. നീലത്താമരയുടെ ആത്മാവ് അവിടെയൊക്കെ അലയുന്നപോലെ! ഒടുവില്‍ പഴശ്ശിരാജയും എടുത്ത് മനസ്സില്ലാ മനസ്സോടെ നടന്നകലുമ്പോഴും കയ്യെത്തും ദൂരത്തു നിന്നും പറന്നുപോയ നീലത്താമരയായിരുന്നു മനസ്സില്‍ നിറയെ..
ഷോപ്പിംഗ് മാളികത്ത് വേണ്ടതിലധികം സമയം കിട്ടി ചുറ്റിത്തിരിയാന്‍.. തനിയേ നടക്കുന്നതാണ് നന്ന്.. അപരിചിതരുടെ ഇടയില്‍ അപരിചിതത്വവും പേറി നടക്കാന്‍ മീരയ്ക്ക് വലിയ ഇഷ്ടമാണ്.. ഓരോ വസ്തുക്കളും കൌതുകത്തോടെ നോക്കി നടന്നു.. വളരെ നേരം നോക്കി നിന്ന് തനിക്ക് ഇഷ്ടമായെങ്കില്‍ മാത്രം ചിലത് വാങ്ങി.. മനസ്സില്‍ വലിയ സംതൃപ്തി തോന്നിയെങ്കിലും നീലത്താമരയുടെ വിതുമ്പല്‍ ബാക്കി നിന്നു.
ഒടുവില്‍ മടങ്ങിയെത്തിയ ഭര്‍ത്താവിനൊടൊപ്പം വൈകി ലഞ്ച് കഴിക്കുമ്പോള്‍ നാവിന്റെ തുമ്പില്‍
നീലത്താമരയുടെ വിശേഷം പറയാന്‍ വിതുമ്പി.. പക്ഷെ, ഭയം! “ഓ! അപ്പോള്‍ നീ സി. ഡി വാങ്ങാനാണു പോയത് അല്ലെ?! കുട്ടികളുടെ കാര്യമൊന്നും നോക്കാതെ സിനിമയും കണ്ട്..” എന്നൊക്കെ എന്തെങ്കിലും പറഞ്ഞ് പിന്നെ പറയാന്‍ വന്നത് മറന്ന് മറ്റൊരു ലോകത്തെത്തിക്കും.
സാരമില്ല.. എല്ലാം പറയാന്‍ ഇപ്പോള്‍ ഒരു ബ് ളോഗുണ്ടല്ലൊ, പിന്നെ എന്തിനു വെറുതെ..
മടങ്ങി വീട്ടിലേക്ക് പോകാന്‍ നേരം കാര്‍പാര്‍ക്കില്‍ വച്ച് ആ വലിയ ഷോപ്പിംഗ് കോപ് ളക്സിന്റെ ഉടമ
മറ്റാരോടോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന കണ്ട് ഭര്‍ത്താവ് തല തിരിക്കാനാവും വരെ തിരിച്ച് നോക്കി നോക്കി.. പറഞ്ഞു, “ഹോ! ഇയ്യാളുടെ ഒരു ഭാഗ്യം! എനിക്ക് ഇയ്യാളോട് അസൂയയാണ്..!”
പതിവായി അദ്ദേഹത്തെ കാണുമ്പോള്‍ പറയാറുള്ള പല്ലവിയാണ്.. ആ മുതലാളിയുടെ ഫാന്‍ ആണ് താന്‍ എന്ന് ആവര്‍ത്തിച്ച് പറയാന്‍ ഒരു ത്രില്‍! പക്ഷെ, ആത്മയ്ക്ക് അയാളെ കാണുമ്പോള്‍ ഒരു പ്രത്യേകതരം സഹതാപം വന്നു നിറയും..ചിലപ്പോള്‍ മീര പറയും, “അയാള്‍ക്കറിയാം അയാള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍.. ഇത്രയുമില്ലെങ്കിലും സ്വന്തമായി ബിസിനസ്സ് നടത്തുന്ന നിങ്ങള്‍ക്കുപോലും ശരിക്ക് റെസ്റ്റും ഉറക്കവും ഒന്നും കിട്ടുന്നില്ല, അപ്പോള്‍ അയാളുടെ സ്ഥിതി എന്തായിരിക്കും?!”
ഇപ്രാവശ്യവും സമാധാനിപ്പിക്കാന്‍ വാക്കുകള്‍ തെകിട്ടി വന്നു..
‘ഓ! നിങ്ങളെപ്പോലെ ഒരാളാകാന്‍ ആഗ്രഹിക്കുന്ന എത്രയോ പേര്‍ കാണും! നിങ്ങളും നിങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വിജയിച്ചു നില്‍ക്കുന്ന ആളല്ലെ?!’ എന്നൊക്കെ പറയാന്‍ തോന്നി..
പിന്നെ സഡണ്‍ ബ്രേക്കിട്ടു... തന്റെ ‘നീലത്താമര’ കിട്ടാത്ത വിഷമം പങ്കുവയ്ക്കാന്‍ ക്ഷമയില്ലാത്ത ഒരു സ്വഭാവത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു മടി.. തന്റെ പ്രോത്സാഹനം ഒട്ട് ആവശ്യമില്ലാതാനും..
വീടെത്താറായപ്പോള്‍ ചോദിച്ചു, “നീ ഫുട്ട്ബോള്‍ കളി കാണാന്‍ വരുന്നോ?!’
‘ങ്ഹേ! എവിടെ?!’
‘കമ്യൂണിറ്റി സെന്ററില്‍’
‘കണ്ടാല്‍ കൊള്ളാമെന്നുണ്ട്.. പക്ഷെ.. പക്ഷെ.. സമയമില്ല.. വീട്ടില്‍ ചാനല്‍ എടുത്തുകൂടെ?’
‘ഓ, പിന്നെ ഉറങ്ങാനൊന്നും പറ്റില്ല.. ഇതു പിന്നെ പോകാതെ പറ്റില്ല.. ഞാനാണ് ഓര്‍ഗനൈസ് ചെയ്യുന്നത്..’ (കളിയിലും കാര്യം!)
അല്പം കഴിഞ്ഞ് കളി മുഴുവനും കാണാതെ മറ്റൊരു മീറ്റിംഗിനും പിന്നെ മറ്റൊന്നിനും ഒക്കെ പോയി ക്ഷീണിച്ച് വന്ന്, അഹാരം കഴിച്ച് ഉറങ്ങും.. അതിരാവിലെ വീണ്ടും കര്‍മ്മരഗത്തിറങ്ങാന്‍! ജീവിക്കാനറിയാത്ത സ്ത്രീയും ജീവിതം കൊണ്ട് വേണ്ടതിലധികം കളിക്കുന്ന പുരുഷനും..!
മഴ അവശേഷിപ്പിച്ചുപോയ തണുപ്പും തേടി മീര ഷോപ്പിംഗ് സാധനങ്ങളുമായി വീട്ടിനകത്തു കയറി..
അവൾ തനിയെ തുഴയുകയായിരുന്നു.. അപരിചിതമായ സ്ഥലത്തുകൂടി.. ആദ്യം എല്ലാവരുമുണ്ടായിരുന്നു.. അച്ഛനും അമ്മയും സഹോദരനും സഹോദരിമാരും ഒക്കെ.. പരസ്പരം ഒരോന്നു പറഞ്ഞും പങ്കുവച്ചും വരവെ പെട്ടെന്ന് ഒരൊഴുക്കില്പെട്ട് അവളുടെ വള്ളം ഒറ്റയ്ക്കായിപ്പോയി.. ഗതിമാറിയൊഴുകുന്ന ആ വള്ളത്തിലിരുന്ന് അവൾ നിലവിളിച്ചു.. നോക്കെത്തും ദൂരത്തൊക്കെ ആഴിമാത്രം! പരിചയമുള്ള ആരുമില്ല..
അവളുടെ ഗതിവേഗം വളരെ മെല്ലെയായി.. പരിഭ്രാന്തയായി അവള്‍ അലറിവിളിച്ചു.. അവളുടെ കരച്ചിലിന്റെ മാറ്റൊലി മാത്രം ശേഷിച്ചു.. ഒടുവില്‍ ഒടുവില്‍ അവള്‍ യാധാര്‍ത്ഥ്യവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചു.. സാവധാനം തന്നെ തഴുകി വരുന്ന കാറ്റിനോടും ഒഴുകിമറയുന്ന വെള്ളത്തോടും കഥകൾ പറയാൻ തുടങ്ങി.. ഉദിച്ചുയരുന്ന സൂര്യനെ നോക്കി അച്ഛൻ എന്നും അകലെ കാണുന്ന ഭൂമിയെ നോക്കി അമ്മ എന്നും വിളിച്ചു..
തീർത്തും എകാകിയായിരുന്ന അവളുടെ അരികിൽ, മറയ്ക്കപ്പുറം ഒരു കൂട്ടുകാരന്‍ വന്ന് ഇരുന്നത് എപ്പോള്‍ എന്ന് അവൾ അറിഞ്ഞതേയില്ല! മറ്റെവിടെയോ പോകാനുള്ള ഒരു യാത്രക്കാരന്‍ എന്നോര്‍ത്ത് അദ്യമൊക്കെ അവൾ അകല്‍ച്ച പാലിച്ചു. പക്ഷെ, തങ്ങള്‍ ഒരേപോലെ ആസ്വദിക്കുന്ന ദൃശ്യങ്ങള്‍ തങ്ങളുടെ യാത്ര സുഖകരമാക്കി. എതോജന്മത്തിൽ തങ്ങൾ ഒന്നിച്ച് തുഴഞ്ഞ ഒർമ്മ..
അവൾ താൻ അറിയാതെ തന്റെ കഴിഞ്ഞകാലം മുഴുവന്‍ അണുവിട നിര്‍ത്താതെ പറയാന്‍ തുടങ്ങി.. എതോ പൂരിപ്പിക്കപ്പെടാനുള്ള കഥയുടെ ബാക്കിപോലെ.. എന്തിനുവേണ്ടിയാണ് പറയുന്നതെന്നറിയില്ലായിരുന്നു. ഒരുപക്ഷെ, തനിക്ക് ആ യാത്രക്കാരനോട് തോന്നിയ തന്മയീഭാവത്തില്‍ നിന്നുമുള്ള മോചനത്തിനാവണം.. അദ്ദേഹം മൂളിക്കേൾക്കയും ഇടയ്ക്ക് ആശ്വസിപ്പിക്കയും ചെയ്തു .
യാത്ര ആസ്വദിച്ചിരുന്നെങ്കിലും ഒരിക്കലും ലക്ഷ്യം ഒന്നാകില്ലെന്നറിയാവുന്നതുകൊണ്ടോ, തന്നില്‍ അദ്ദേഹം ഏതു നല്ല സ്വഭാവമാണൊ കണ്ടെത്തിയത് എന്നറിയാതെ അവള്‍ പരിഭ്രാന്തയായി അവള്‍ പറഞ്ഞു, ‘നിങ്ങള്‍ കാണുന്ന ഞാനല്ല ശരിക്കുമുള്ള ഞാന്‍. തനിക്ക് മറ്റുള്ളവര്‍ നിര്‍ബന്ധിപ്പിച്ച് അണിയിച്ച വേഷങ്ങള്‍ ഒന്നൊന്നായി അവള്‍ എടുത്തുകാട്ടി. തനിക്ക് പ്രത്യേകമായി ഒരു നിലനില്‍പ്പില്ലെന്നും പലവുരു ആവര്‍ത്തിച്ചു. തനിക്കുണ്ടായിരുന്ന സ്വപ്നങ്ങളൊക്കെ എന്നോ മണ്ണില്‍ ഊര്‍ന്നുപോയി മറഞ്ഞുപോയി എന്നും അത് തിരഞ്ഞുപിടിക്കേണ്ടയാവശ്യം വരുന്നില്ല എന്നും അദ്ദേഹത്തെ ബോധിപ്പിച്ചു.
കാലം കടന്നുപോയത് അവരറിഞ്ഞില്ല.. അവള്‍ തന്റെ കഥ പറഞ്ഞുകൊണ്ടേ ഇരുന്നു.
അദ്ദേഹം ശ്രദ്ധിക്കുന്നതായി ഭാവിച്ചു..
ആദ്യം ആദ്യം ചില മറു ചോദ്യങ്ങള്‍ വല്ലപ്പോഴും ചോദിക്കുമായിരുന്നു.
പിന്നീട് അതും നിന്നു. വെറും മൂളല്‍ മാത്രമായി.
എങ്കിലും അവള്‍ തുടര്‍ന്നുകൊണ്ടിരുന്നു.. വാശിയോടെ.. അദ്ദേഹത്തിന് തന്നോട് തോന്നുന്ന പ്രത്യേകത അത് എന്തായാലും എന്റെ കഥപറച്ചിലില്‍ ഇല്ലാതായിത്തീരും വരെ..
ഒടുവില്‍ അദ്ദേഹത്തിന്റെ മൂളലും കുറഞ്ഞുവന്നു.
അവൾ ചോദിച്ചു , കേള്‍ക്കുന്നുണ്ടോ?
ഉവ്വ്! പറഞ്ഞോളൂ.പറയുന്നതെല്ലാം ഹൃദയ്ത്തില്‍ ശേഖരിച്ചു വച്ചിട്ടുണ്ട്.
എങ്കിലും കഥ പറയുന്ന അവൾക്ക് ഒരു വിരക്തി..
പിന്നെ എന്താ ഒന്നും തീരിച്ചു പറയാത്തത്?
അതിനു സാവകാശം തരാതെ എങ്ങിനെ?
താൻ പറയുന്നതുതന്നെ വീണ്ടും പറയുകയാണെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി.
നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്നറിയാമോ?
ഇല്ലല്ലൊ..
എത്ര ദൂരം ഉണ്ടെന്നറിയാമോ?
അതും അറിയില്ല.
പെട്ടെന്ന് അവൾക്ക് ഭയം തോന്നി, താൻ കഥപറച്ചിൽ നിർത്തുമ്പോൾ, തനിക്ക് പുതു കഥകള്‍ ഒന്നും പറയാനില്ലാതാകുമ്പോള്‍ മൌനിയായിരിക്കുന്ന ഈ കൂട്ടുകാരൻ മറഞ്ഞുകളയുമോ?
ലക്ഷ്യമില്ലാതെ നാം എങ്ങോട്ടാണ് പോകുന്നത്? (ചോദിച്ചുകൂടാത്ത ഒരു ചോദ്യം അവള്‍ ഒടുവില്‍ ചോദിച്ചു- ഗംഗാദേവിയോട് ശന്തനു ചോദിച്ചപോലെ..പക്ഷെ, ആ ചോദ്യം ചോദിക്കുന്നതായിരുന്നു ആ യാത്രയുടെ അവസാനം എന്നവള്‍ അറിഞ്ഞില്ല! )
അദ്ദേഹം മടിച്ചു മടിച്ച് ഉത്തരം പറഞ്ഞു..
എന്തിനായിരുന്നു നാം ഒന്നിച്ചു യാത്രചെയ്തത്?
അതുകൊണ്ട്, യാത്രാക്ഷീണമറിയാതെ ഇത്രദൂരം എത്താനായില്ലേ?
പിന്നെ ഈ സ്നേഹത്തിന്റെ അവസാനം?
അത് എനിക്കും അറിയില്ല.
ഇത്തരത്തില്‍ ഒരു സ്നേഹത്തെപ്പറ്റിയും അറിയില്ല.
(സ്നേഹത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അതിനു ഗതിമുട്ടിയത്..സ്വാഭാവിക നഷ്ടപ്പെട്ട സ്നേഹം വഴിമുട്ടി നിന്നു..)
നിങ്ങളുടെ ശരിക്കുള്ള ലോകവും എന്റെ ലോകവും തമ്മില്‍ അജഗജാന്തരം വ്യത്യാസമുണ്ട്.. നിങ്ങള്‍ ആളുകളുടെ ലോകത്തില്‍ വിഹരിക്കുമ്പോള്‍ എന്റെ ദിവസങ്ങള്‍ തീര്‍ത്തും ഏകാന്തവും വിരസവും ആണ്.. മറഞ്ഞിരുന്നുള്ള ഈ സംസാരം.. ഭാവവിഹ്വാദികളില്ലാതെ.. വെറും സ്വരങ്ങളിലൂടെ രൂപത്തെ തേടിപ്പിടിച്ച് ഞാൻ തളർന്നിരിക്കുന്നു.. എനിക്ക് മനുഷ്യരെ നേരിൽ കാണണം.. സ്നേഹം എന്തെന്നറിയണം.. സ്നേഹത്തിന്റെ രൂപവും ഭാവവും അറിയണം.. എന്നൊക്കെ വിളിച്ച് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ, ഇത്തരത്തിലെ സ്നേഹത്തിന്റെ അന്ത്യം ഇങ്ങിനെ ആവാനേ വിധിയുള്ളൂ.. ഇങ്ങിനെ ആകാനേ പാടുള്ളൂ എന്ന് ഉള്ളിലിരുന്ന് ആരോ അവളെ വിലക്കി.
പക്ഷെ, നിശ്ചലമായ ഈ വള്ളത്തില്‍ എത്രനേരം.. വെറുതെ പറഞ്ഞ കഥകൾ തന്നെ വീണ്ടും വീണ്ടും ആവർത്തിച്ചുകൊണ്ട്.. കണ്ടു പഴകിയ ദൃശ്യങ്ങൾ തന്നെ നോക്കി.. എത്രനാൾ... കൂട്ടുകാരന് ബോറായി തുടങ്ങിക്കാണു... വെറുതെ ലക്ഷ്യമൊന്നും ഇല്ലാതെ ആരെങ്കിലും യാത്രചെയ്യാനിഷ്ടപ്പെടുമോ? എങ്ങിലും വെറുതെ തനിക്ക് സുരക്ഷിതത്വം നല്കാനായി കൂടെ വന്നതാകും! മതി! ഇനി തനിയേ തുഴഞ്ഞുനോക്കാം.. ആർത്തുവരുന്ന തിരമാലകളും വൻ ശ്രാവുകളും കൊടും മഞ്ഞും പേമാരിയും ഒക്കെ സുപരിചിതമായല്ലൊ,.. ഇനി തനിയെ തുഴയാം..
അവര്‍ സഹോദരീ സഹോദരന്മാരായിരുന്നോ, അച്ഛനും മകളുമായിരുന്നോ, അമ്മയും മകനുമായിരുന്നോ, ഭാര്യാഭര്‍ത്താക്കന്മാരായിരുന്നോ ആരായിരുന്നു എന്നോര്‍മ്മയില്ല.. എന്തോ ഒരു ബന്ധമുണ്ടയിരുന്നു ഓരോ ജന്മത്തിലും..
അവിടെ ഒരു വള്ളം ഇപ്പോഴും കാത്തുകിടപ്പുണ്ട്.. ഒന്നിനുമല്ലാതെ വളരെ നാള്‍ ഒന്നിച്ചു തുഴഞ്ഞവരുടെ ഓര്‍മ്മയ്ക്കായി...
[കഥ സാങ്കല്പിക്കമാണെന്നു പറഞ്ഞാലും വിശ്വസിക്കാന്‍ പ്രയാസമാകുമെന്നറിയാം.. ജീവിതാനുവങ്ങള്‍ എഴുതി എഴുതി ഇതും അതുപോലെയാണെന്ന് കരുതിപ്പോകും.. അതുകൊണ്ട് കുറച്ചുകൂടി ഭേദഗതി ചെയ്തു.. ഇനി കഥയായി കാണുമെന്ന് വിശ്വസിക്കുന്നു..]
അവനെപ്പറ്റി ഞാൻ പലപ്രാവശ്യം എഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്. വീണ്ടും ഒരു ശ്രമം കൂടി നടത്തിനോക്കട്ടെ.. ചിട്ടയില്ലാത്ത അവന്റെ ജീവിതം പോലെ ചിട്ടയില്ലാത്ത ഒരു കഥയാകും ഒരുപക്ഷെ, പറയാൻ പോകുന്നത്. ക്ഷമയും സമയവുമുള്ളവർക്ക് വായിക്കാം..
അവൻ.. പ്രതീപൻ.. ഏതോ പഴയ വീര രാജാവിന്റെ പേരായിരുന്നു അവന്. ഇന്ന് ആറടി ഉയരവും ഹിന്ദി നടന്മാരുടെ ശരീരഘടനയും ഒക്കെയായി.. എങ്കിലും ഒരു പരാജയമായി.. ഒരു ചോദ്യാചിഹ്നം പോലെ അലയുന്ന പ്രതീപൻ.. പണ്ടത്തെ ചക്രവർത്തി..
ഒരിക്കൽ പ്രതീപൻ ഈ നാട്ടിൽ ഉണ്ടായിരുന്നു. മറ്റ്, പഠിപ്പില്ലാത്ത മറുനാടൻ മലയാളികളെപ്പോലെ, ഫാക്റ്ററിയിൽ ജോലി ചെയ്ത്, വലിയ വാനൊക്കെ ഓടിച്ച്.. ഈ നാട്ടിലെ ഒട്ടുമിക്ക റോഡുകളും സ്ഥലങ്ങളും ഒക്കെ പ്രതീപനു പരിചിതമായിരുന്നു.. ഏതു കഠിനജോലിയും ചെയ്യാൻ സദാ സന്നദ്ധൻ..എന്നിട്ടും അവൻ മാത്രം ഇപ്പോൾ ഇവിടെയില്ല. അവനുശേഷം പലരും ഈ രാജ്യത്ത് വന്ന് പണക്കാരായി.. കുടുംബത്തെ മുഴുവൻ രക്ഷപ്പെടുത്തി, നാട്ടിലെ കുട്ടിപ്പണക്കാരായി, അവന്റെ മുന്നിലൂടെ നടക്കുമ്പോൾ എന്റെ പ്രതാപൻ ഇന്നും ഒന്നുമില്ലാത്തവനെപ്പോലെ അലയുന്നു...
പ്രതീപന്റെ കഥ പറയട്ടെ..
എവിടെ നിന്നു തുടങ്ങാൻ?! അടുക്കുതെറ്റിയ അവന്റെ ജീവിതത്തിന്റെ ഓരോ ഏടുകളായി ക്രമപ്രകാരമല്ലാതെ കണ്ടെത്തുന്നു.. അത് ഇവിടെ പകർത്തിക്കോട്ടെ,
അവനെ ആദ്യം കണ്ട ഏട് തന്നെ ആദ്യം പകർത്താൻ ശ്രമിക്കാം..
***
കൈക്കുഞ്ഞായിരിക്കുമ്പോഴാണ് അവനെ ഞാൻ ആദ്യം കാണുന്നത്. അവന് രണ്ടോ മൂന്നോ മാസം പ്രായം.. എനിക്ക് ഏഴോ എട്ടോ വയസ്സും കാണും. അവന്റെ അമ്മയുടെത് പ്രേമവിവാഹമായിരുന്നതുകൊണ്ട് എന്റെ മാതാപിതാക്കൾ സഹകരിച്ചില്ല, എങ്കിലും വളരെ സ്വന്തക്കാരായതുകൊണ്ട്, അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ ചിലപ്പോഴൊക്കെ പ്രതീപന്റെ അമ്മ, മാലതിചേച്ചി അവനെയും ഒക്കത്തെടുത്തുകൊണ്ട് വരുമായിരുന്നു. തന്റെ പ്രിയപ്പെട്ട മാലതിചേച്ചി.. തന്നെയും സഹോദരനേയും ഒക്കെ എടുത്തുവളർത്തിയ ചേച്ചിയാണ്!
ആ ചേച്ചി സ്വന്തം മകനെയും കൊണ്ട് ഒരിക്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആ ജീവനുള്ള ബൊമ്മച്ചെറുക്കനെ കണ്ട് വിസ്മയിച്ച് ഏറെ നേരം നിന്നുപോയി! കൊച്ചുകുട്ടികളെ എടുത്ത് ശീലമില്ലാത്ത തനിക്ക് അവനെ ഒന്നെടുക്കാൻ, ആഗ്രഹം തോന്നി. ‘മാലതിചേച്ചി സ്വന്തത്തിൽ പെട്ട ചേച്ചിയല്ലെ, വിവാഹത്ത്ന് എതിർത്തെങ്കിലും, ചേച്ചിയുടെ കുഞ്ഞിനെ എടുക്കുന്നതിൽ അമ്മയ്ക്ക് വിരോധം ഒന്നും കാണില്ല’ എന്നൊക്കെ മനസ്സിനു ധൈര്യം കൊടുത്ത് നിൽക്കുമ്പോൾ.. താഴെ പൂഴിയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പെട്ടെന്ന് കരയാൻ തുടങ്ങി. ഇതുതന്നെ തക്കം എന്നു കരുതി, ധൈര്യ സമേതം അവനെ എടുത്തു. വിചാരിച്ചതിലും അധികം ഭാരമുണ്ട്. തന്നെക്കൊണ്ട് കഴിയുമോ?! അല്പമകലെ നിൽക്കുന്ന മാലതിചേച്ചിയുടെ അടുക്കലേക്ക് അടിവച്ചടിവച്ച് നീങ്ങുകയായിരുന്നു.. ഇനിയും കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത മാലതി ചേച്ചി തകൃതിയായി ചാഞ്ഞു കിടക്കുന്ന മാവിൽ നിന്നും പഴുത്ത മാങ്ങ നോക്കി തട്ടിയിടുന്ന പ്രവർത്തിയിൽ മുഴുകിയും.. എങ്കിലും താൻ കുഞ്ഞിനെയും കൊണ്ട് വേയ്ച്ച് വേയ്ച്ച് നടന്ന് മുകളിലേക്ക് ചെല്ലുന്നത് ഒരുനിമിഷം നോക്കി.. പൊടുന്നനെ തന്റെ കാല് ചറുക്കി.. കുഞ്ഞിനെയും കൊണ്ട് താൻ കൂടിക്കിടക്കുന്ന കരിയിലകൾക്കിടയിലേക്ക് ചാഞ്ഞുവീണു.
മാലതിചേച്ചി, “അയ്യോ, എന്റെ കുഞ്ഞ്..” എന്ന് നിലവിളിച്ച് ഓടിവന്ന് കുഞ്ഞിനെ എടുക്കുമ്പോൾ, ഭയന്ന് വിളറി വെളുത്ത മുഖവുമായി താൻ ഓടി മുറുക്കുള്ളിലെങ്ങോ പോയി ഒളിച്ചു. ഇതിനകം അമ്മ വരാറായ സമയമായതുകൊണ്ട് മാലതിചേച്ചി കുഞ്ഞിനെയും കൊണ്ട് തിരിച്ചുപോയിക്കഴിഞ്ഞിരുന്നു. കുഞ്ഞിനെന്തെങ്കിലും സംഭവിച്ചു കാണുമോ?! ജോലിക്കാരിയോ അമ്മുമ്മയോ മറ്റോ തന്റെ കുറ്റകൃത്യം അമ്മയോട് പറഞ്ഞ് കൊടുക്കുമോ?! ആകെ ഭയമായിരുന്നു..
പക്ഷെ, ഒന്നും സംഭവിച്ചില്ല. പിന്നെ കാണുമ്പോൾ മാലതിചേച്ചി പഴയപോലെ തന്നെ നോക്കി ചിരിച്ചപ്പോഴാണ് തന്റെ ഭയം നിശ്ശേഷം മാറിയത്. താൻ കുറ്റക്കാരിയായില്ല എന്ന ആശ്വാസവും ഒപ്പം കുഞ്ഞിന് ഒന്നും സംഭവിച്ചില്ലല്ലൊ എന്ന ആശ്വാസവും..
പക്ഷെ.. ഇന്ന് താൻ കാരണം ആ കുഞ്ഞിന് ഒന്നും സംഭവിച്ചില്ല എന്ന് ആശ്വസിക്കാനാവാതായിരിക്കുന്നു...
***
കഴിഞ്ഞ വർഷം നാട്ടിൽ ചെല്ലുമ്പോൾ... മൂത്തയമ്മയുടെ വീട്ടിൽ പോകുന്ന വഴിയിൽ പ്രതീപനെ കണ്ടു! പുറം തിരിഞ്ഞിരുന്ന്, താഴെ, സ്വന്തം പുരയിടം കിളച്ചുകൊണ്ടു നിൽക്കുന്ന ശശിയണ്ണനോട് എന്തോ പറഞ്ഞുകൊണ്ട് അലസമായി ഇരിക്കുകയാണ്. വിദേശത്ത് ഒരിക്കൽ തിരിച്ചുപോകാം എന്ന പ്രതീക്ഷ അവനിൽ തീരെ കെട്ടപോലെ.. ‘അതിന്റെ ഈർഷ്യ തന്നോടാകരുതേ..’ എന്ന് അറിയാതെ പ്രാർത്ഥിച്ചു. ഈ നാട്ടിൽ നിന്നും ആരെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് അവനും പിന്നെ മറ്റൊരു മാലാഖകുട്ടിയും (ആ കഥ പിന്നീട്) മാത്രമെ ഉള്ളൂ..
പ്രതീപൻ തന്നെകണ്ട്, നേരത്തെ താൻ വരുന്നുവെന്നറിഞ്ഞ മട്ടിൽ വലിയ പ്രത്യേകതയൊന്നും ഇല്ലാതെ നിസ്സംഗമായി തിരിഞ്ഞുനോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു, പരാജയപ്പെട്ടു.. പിന്നെ ആ ചിരി ഒരു പുശ്ചരസത്തിൽ ഇല്ലാതായി മറയുന്നത് ഞാനും അവനും വേദനയോടെ അംഗീകരിച്ചു. ‘ഞാനല്ല നിന്റെ അധഃപ്പതനത്തിനുത്തരവാദി.. ദയവായി എന്നോട് പൊറുക്കൂ..’ എന്ന് പറഞ്ഞ് മാപ്പു ചോദിക്കാനാണ് ആദ്യം തോന്നിയത്. പക്ഷെ, അത് ഒരു പക്ഷെ തന്നോടു തോന്നാൻ തുടങ്ങുന്ന വെറുപ്പിന്റെ വേഗത കൂട്ടും എന്ന ഭയം അതിൽ നിന്നും പിന്തിരിപ്പിച്ചു. തന്റെ പരാജയത്തിനു കാരണം അന്വേക്ഷിച്ചു നടക്കുന്ന അവന് ഒരു പഴുത് കിട്ടിയപോലെ അവന്റെ വെറുപ്പു മുഴുവനും തന്നോടായിപ്പോകുമോ എന്ന ഭയം മറച്ചുകൊണ്ട് പതിയെ ചോദിച്ചു, “പ്രതീപാ, എന്റെ നാട്ടിൽ ഇപ്പോൾ നിയമങ്ങൾ ഒക്കെ വളരെ സ്ട്രിക്റ്റ് ആണ്. നല്ല പഠിപ്പുള്ളവർക്ക് മാത്രമേ അവർ പെർമിറ്റ് കൊടുക്കുന്നുള്ളൂ.. പ്രതീപൻ വേറെ ഗൾഫ് രാജ്യങ്ങളിലെങ്ങാനും പോകാൻ ശ്രമിച്ചുകൂടെ, ചേട്ടനോട് പറഞ്ഞ് ഞാൻ എന്തു സഹായം വേണമെങ്കിലും ചെയ്യാം.. അല്ലെങ്കിൽ ഇവിടെ ഒരു ആട്ടോയോ ടാക്സിയോ എടുത്ത് ഓടിക്കാമല്ലൊ?”
അവൻ എന്തോ നാണക്കേട് കേട്ടമാതിരി, “ഉം..” എന്ന് ചെറുതായി ഒന്നു മൂളി. പിന്നെ പറഞ്ഞു, “അതൊന്നും നടക്കില്ല..” വലിയ ഏതോ രാജസിംഹാസനത്തിലിരുന്ന് ഇറങ്ങാൻ മടിക്കുന്നപോലത്തെ രാജാവിന്റെ പഴയ സ്വഭാവം..
തനിക്ക് കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല. നന്നായി പഠിച്ചുമില്ല, ജീവിക്കാനുമറിയാഞ്ഞാൽ തനിക്കെന്തുചെയ്യാൻ കഴിയും.. അവൻ നശിക്കുന്നത് നോക്കി വേദനിക്കാനല്ലാതെ..പണ്ടും അവൻ ഇങ്ങിനെയായിരുന്നു.. തന്റെ തോൽവി സമ്മതിക്കാൻ കൂട്ടാക്കാത്ത പ്രകൃതം.. ചരിഞ്ഞ തലയും ഉയർത്തിപ്പിടിച്ച് ഏതു വേദനയുടെയും പരാജയത്തിന്റെയും മുന്നിൽ താൻ തലകുനിക്കില്ല എന്ന ഗർവ്വോടെ നടക്കും.
***
പ്രതീപന് ഏകദേശം നാലോ അഞ്ചോ വയസ്സുള്ളപ്പോൾ അവന്റെ അമ്മയും അച്ഛനും പിരിഞ്ഞു.
പ്രതീപനെ അച്ഛാമ്മയുടെ അരികിൽ വിട്ടിട്ട്, മറ്റ് രണ്ട് കുട്ടികളെയും കൊണ്ട് മാലതി ചേച്ചി
തിരിച്ചുപോയി! സിനിമയിലെ ഷീലയെയും നസീറിനെയും പോലെയൊക്കെ വലിയ വീരസാഹസികത കാട്ടി വിവാഹം കഴിച്ചവർ അതേ വീരത പിരിയുന്നതിലും കാട്ടി. പ്രതീപന്റെ അച്ഛന്റെ മദ്യപാനമായിരുന്നു പ്രധാന കാരണം. ചെറിയ ഒരു ഗവണ്മെന്റ് ജോലി ഉണ്ടായിരുന്ന പ്രതീപന്റെ അച്ഛൻ മദ്യപിച്ച് വന്ന് മാലതിചേച്ചിയേയും കുഞ്ഞുങ്ങളെയും ഒക്കെ ഉപദ്രവിക്കാൻ കൂടി തുടങ്ങിയപ്പോൾ ഗത്യന്തരമിലാതെ മാലതിചേച്ചി തോൽവി സമ്മതിച്ചു മടങ്ങിപ്പോയി.. - അത് പ്രേമവിവാഹങ്ങളെയൊക്കെ എതിർക്കാൻ രണ്ടാമതൊരു കാരണം കൂടി തനിക്ക് നൽകി. താൻ തീർച്ചപ്പെടുത്തി, ‘പ്രേമം, വിവാഹം കഴിക്കുന്നതുവരെയേ ഉള്ളൂ.. എന്ന്. കാരണം സിനിമകളിലൊക്കെ കൊണ്ടുപിടിച്ച് പ്രേമിച്ചും മരം ചുറ്റി പാട്ടും ഒക്കെയായി നടക്കുന്ന നായികാ നായകന്മാർക്ക് വിവാഹം കഴിഞ്ഞാൽ പിന്നെ പ്രേമിക്കാനേ സമയമില്ല. പിന്നെ നായകനും വില്ലനും കൂടി അടികൂടുകയോ മറ്റോ ആയിരിക്കും പ്രധാന പരിപാടി.. അതല്ലെങ്കിൽ സിനിമയുടെ അവസാനം വരെ പ്രേമം നീട്ടിക്കൊണ്ടുപോയി ഒടുവിൽ വിവാഹം കഴിക്കുന്നതോടെ “ ദി എൻഡ്” എന്നെഴുതി വരും.. എല്ലാറ്റിന്റെയും അവസാനമായി എന്നപോലെ. താൻ നിരാശയോടെ സ്ക്രീനിൽ നോക്കും, “എന്നാലും ഒരു പ്രേമം കൂടി തകർന്നുപോയല്ലൊ എന്ന ഖേദവുമായി” തിരിച്ചുപോകുമ്പോൾ ഓർക്കും. ഇനി അവർ പാട്ടും പാടി മരംചുറ്റി ഓടില്ല.. ഇനി അവർക്ക് കഷ്ടപ്പാടോട് കഷ്ടപ്പാടായിരിക്കും.. പാവം!
പ്രതീപന്റെ കഥയിലേക്ക് വരട്ടെ,
അങ്ങിനെ മാലതി ചേച്ചി പ്രതീപനെ അച്ഛന്റെ വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയും, പ്രതീപന്റെ അച്ഛൻ അവനെ ഉപേക്ഷിച്ച് ചാരയഷോപ്പിലേയ്ക്കും കടന്നപ്പോൾ, പ്രതീപൻ തീർത്തും അനാധനായി എന്നുപറയാം.. പക്ഷെ അവന് ഇതൊന്നും ഒരു പ്രശ്നമല്ല എന്ന രീതിയിലായിരുന്നു അവന്റെ ഭാവം.. അപ്പുപ്പനും അമ്മുമ്മയും പ്രതീപന് കാണപ്പെട്ട ദൈവങ്ങളെപ്പോലെയായിരുന്നു. അവരുടെ ചെല്ലക്കുട്ടിയായതുകൊണ്ട് അച്ഛനമ്മമാരുടെ വേർപിരിവ് ഒരുപക്ഷെ അവന് അനുഭവപ്പെട്ടില്ലായിരിക്കാം..
***
ഒഴിവു ദിവസങ്ങളിൽ താനും സഹോദരനും കൂടി എന്തെങ്കിലും കളിയിൽ മുഴുകി ഇരിക്കുമ്പോഴായിരിക്കും പ്രതീപന്റെ വരവ്! അത് എന്റെ ഏട്ടനെ ഒട്ടൊന്ന് ഉത്സാഹ ഭരിതനാക്കും. വെറും പീറപെണ്ണിന്റെ മുന്നിൽ വീണു തകരേണ്ടതല്ല തന്റെ വീരസാഹസികതകൾ.. ഇതാ ഒത്ത ഒരിര വന്നു ചാടിയിരിക്കുന്നു എന്നമട്ടിൽ. പിന്നെ, കൂടുതൽ ഉശിരോടെ ചേട്ടൻ അഭ്യാസങ്ങൾ തുടരും. പ്രതീപന് സ്വന്തം സാഹസികതയിൽ വെല്ലാൻ കഴിയാത്തത് തന്റെ ചേട്ടനെ മാത്രമാണെന്ന ഭാവത്തിൽ അവൻ നിശബ്ദനായി ഇരിക്കും. പക്ഷെ തനിക്ക് ഉള്ളിൽ തോന്നും അവൻ വെറുതെ അഭിനയിക്കുകയാണെന്ന്.. വെറുതെ ചേട്ടനെ നായകനായി കാണാനുള്ള ഒരു ഔത്സുക്യം മാത്രം..
ഇടയ്ക്ക് പ്രതീപന് ഇഷ്ടമുള്ള എന്തെങ്കിലും ഒരു സാധനം ചേട്ടന്റെ കയ്യിൽ ഇരിക്കയാണെങ്കിൽ പ്രതീപൻ അനുനയത്തിൽ ചോദിക്കും
‘മധുവണ്ണാ അതെനിക്കു തരുമോ?’
ചേട്ടൻ വളരെ ഗൌരവത്തിൽ പറയും, ‘ഇല്ല തരില്ല’.
പ്രതീപൻ വീണ്ടും ചോദിക്കും “തരുമോ ഇല്ലയോ?”
ചേട്ടൻ വീണ്ടും അതേ ഗൌരവത്തിൽ പറയും “തരില്ലെന്നല്ലെ പറഞ്ഞത്”
ചേട്ടന്റെ കയ്യിലുള്ള വസ്തു പ്രതീപന്റെ കയ്യിൽ കിട്ടിയാൽ ഒരുപക്ഷെ അവൻ അതിലും വലിയ മാജിക്കുകൾ കാട്ടുമോ എന്ന ഭയമാകുമോ ചേട്ടനെ ഇത്രയും ക്രൂരനാക്കുന്നത്! എന്നോർത്ത് താനിരിക്കും.
പ്രതീപൻ ക്ഷീണിക്കാതെ തുടരും, ‘മണിയണ്ണൻ, തരില്ല അല്ലെ?’
‘ഇല്ല’
തരൂല്ല്ലല്ല്..?! (തരികയില്ല അല്ലെ?) പ്രതാപൻ വീണ്ടും ചോദിക്കും. (ഇനിയും കൊടുത്തില്ലെങ്കിൽ താനിപ്പോൾ അനിഷ്ടകരമായി എന്തെങ്കിലും പ്രവർത്തിക്കും എന്ന മുന്നറിയിപ്പുപോലെ. )
തന്റെ മനസ്സിൽ നേരിയ ഒരു ഭയം ഉടലെടുക്കും, കൊടുത്തില്ലെങ്കിൽ പ്രതീപൻ ഇനി ഒരുപക്ഷെ ചേട്ടനെ തല്ലുകയെങ്ങാനും ചെയ്യാൻ ഉരുമ്പെടുമോ?! എങ്കിൽ പ്രതീപനെ ചേട്ടൻ പപ്പടമാക്കിയിട്ടെ വിടൂ താനും!
ചേട്ടന്റെ ഒട്ടും കൂസാത്ത ഇരിപ്പു കാണുമ്പോൾ ഒടുവിൽ പ്രതാപൻ സ്വയം പറയും,
“തരൂല്ലല്ല് അല്ലെ?”, (അൽപ്പം കൂടി താണ സ്വരത്തിൽ)
“എങ്കിപ്പിന്നെ.. വേണ്ട”(ശരിക്കും കീഴടങ്ങലിന്റെ സ്വരം).
താൻ കണ്ണും മിഴിച്ച് ഒരൽഭുത ജീവിയെ നോക്കുമ്പോലെ ഇരിക്കും, “ഇതു പറയാനായിരുന്നോ ഇത്രയും വീറോടെ വാദിച്ചത്?!”
എന്നാൽ ചേട്ടൻ മാറുമ്പോൾ ഉടൻ പ്രതീപൻ തന്റെ നേർക്ക് തിരിയും, “കുഞ്ഞമ്മയ്ക്ക് രക്തം കാണണോ?!”
ഏഴോ എട്ടോ വയസ്സുള്ള കുഞ്ഞമ്മ (ഞാൻ) ഭയത്തോടെ പറയും, “വേണ്ട വേണ്ട എനിക്ക് രക്തമൊന്നും കാണണ്ട.”
പക്ഷെ, അവൻ കാണിച്ചേ അടങ്ങൂ. “ദാ നോക്കിക്കൊളൂ ഞാനിപ്പൊ ഈ വിരലിൽ നിന്നും രക്തം വരുത്തി കാട്ടാം!”
താൻ ഭയത്തോടെ നോക്കിനിൽക്കുമ്പോൾ അവൻ ഒരു മുറി ബ്ലയിഡോ മറ്റോ ഉപയോഗിച്ച്, വിരലിൽ നേരിയ മുറിവുണ്ടാക്കി രക്തം ഒഴുക്കി കാണിക്കും.
താൻ, കണ്ണുകൾ ഇറുകെ അടച്ച്, “പ്രതീപാ, മതി, മതി നിർത്ത്..” എന്നുപറഞ്ഞ് വിളിക്കുമ്പോൾ അവൻ ചിരിച്ചുകൊണ്ട് മതിയാക്കും. അപ്പോൾ അവന്റെ കണ്ണുകളിൽ ഒരു തിളക്കം കാണാം. വിജയിയുടെ തിളക്കം! തനിക്കതുകാണുമ്പോൾ ഒരു സംതൃപ്തി തോന്നും. ‘മധുവണ്ണന്റെ മുന്നിൽ തോറ്റുപോകുന്ന അവൻ വിജയിച്ചുവല്ലൊ’ എന്ന സംതൃപ്തി, അവന് തന്റെ കണ്ണിലെ ആശ്വാസമായിരുന്നിരിക്കണം ആവശ്യവും. അവനിലുള്ള തന്റെ പ്രതീക്ഷ നിലനിർത്തി എന്ന ആശ്വാസം. ഇതായിരുന്നു പ്രതീപൻ.. ധീരനായ പ്രതീപൻ.
***
“മീരക്കുഞ്ഞമ്മാ, ജയന്റെ പടം കിട്ടുകയാണെങ്കിൽ എനിക്കു തരണേ..” എന്നതുമാത്രമാണ് അവന്റെ അപേക്ഷ. വെറുതെയല്ല, എനിക്ക് പ്രതീപൻ കമലാഹാസന്റെ നല്ല നല്ല പോസ്റ്ററുകൾ കൊണ്ടു വന്നു തരും.
വളരെ ചെറുതിലേ തന്നെ, ജയന്റെ പടങ്ങൾ ഒളിച്ചും പാത്തും തീയറ്ററിൽ പോയി കണ്ട് താനും അതുപോലെ വലിയ വീരനാണെന്ന ഒരു സ്റ്റൈലിൽ നടക്കും പ്രതീപൻ. തനിക്ക് അതിലെ കഥകളും വിവരിച്ചു തരാൻ പ്രതീപന് വല്ലാത്ത ഉത്സാഹമായിരുന്നു. മിക്ക കഥകളും പാവപ്പെടുന്നവർക്കുവേണ്ടി, അധർമ്മത്തിനും അനീതിയ്ക്കും എതിരെയുള്ള നായകന്റെ വീരാശൂരമായ പോരാട്ടങ്ങളായിരിക്കും. തനിക്ക് ജയനെ ഒരിഞ്ചുപോലും ഇഷ്ടമല്ലാ താനും..എങ്കിലും വെറുതെ അവന്റെ ആരാധന നശിപ്പിക്കണ്ട എന്നുകരുതി കേൾക്കും. ‘പാവം അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയല്ലെ, ആരെയെങ്കിലും റോൾ മോഡലായി കണ്ടോട്ടെ.. ഇഷ്ടപ്പെട്ടോട്ടെ..’
***
അവൻ, തന്റെ ഭ്രാന്തുകളും വിലവച്ചു തരുമായിരുന്നു, ഒന്നൊഴിച്ച്, അവനെ അക്ഷരം പഠിപ്പിക്കാനുള്ള എന്റെ ശ്രമം മാത്രം.. ഒടുവിൽ, ആ ശ്രമം പാതിയിലുപേക്ഷിച്ച്, ഞാൻ പറയും “പ്രതീപാ, അഭ്രം കാണുന്നയിടത്ത് നിധിയുണ്ടാകും എന്ന ആരൊ പറഞ്ഞു, ഇവിടെ ഒരിടത്ത് അഭ്രം/മൈക്ക(?) ഉണ്ട്. വാ നമുക്ക് പോയി നോക്കാം..!”.
ഞങ്ങൾ ആ അഭ്ര പാളികൾ പൊളിച്ച് നോക്കിയിരിക്കും. വിവിധ വർണ്ണങ്ങളിൽ തിളങ്ങി അടർന്ന് ധാരാളം വരും!
ഒരിക്കൽ താൻ പറഞ്ഞു, “നമുക്ക് ആരുമറിയാതെ ഈ ഭൂമി കുഴിച്ചു നോക്കാം?! നിധി കിട്ടുകയാണെങ്കിൽ നമുക്ക് രണ്ടുപേർക്കും പകുത്തെടുക്കാം. നിനക്ക് പെട്ടെന്ന് പണക്കാരനാകാം..”
തനിക്ക് പ്രതീപനെ പണക്കാരനാക്കാനായിരുന്നു കൂടുതൽ തിടുക്കം. സിനിമയിൽ കാണുന്നതുപോലെ വലിയ ബംഗ്ലാവും കാറും ഒക്കെ വാങ്ങുന്ന തന്റെ സ്വപ്നവും പിറകെയും.. തനിക്ക് നിധി കിട്ടുകയാണെങ്കിൽ ആദ്യം തന്റെ ഗ്രാമത്തിലെ പട്ടിണിക്കാരെയൊക്കെ സമ്പന്നരാക്കണം..!പിന്നെ.. കുന്നിന്റെ ഒത്ത മുകളിൽ ഒരു വലിയ ബംഗ്ലാവ് പണിയണം..! പിന്നെ അവിടെ വച്ച് ഒരുപാട് പടങ്ങളൊക്കെ ഷൂട്ട് ചെയ്യാൻ നസീറും ഷീലയും ഒക്കെ വരണം! തങ്ങളുടെ വയലേലയുടെ അരികിലായി ഒരു ചെറിയ റോഡും ഉണ്ടാക്കണം സിനിമാക്കാർക്കൊക്കെ വന്നുപറ്റാൻ. ഷീല ചരിഞ്ഞു കിടക്കുന്ന കുന്നിലൂടെ ഓടിയിറങ്ങുന്നതും, വയലേലയിലൂടെ ഓടുന്നതും ഒക്കെ സ്വപ്നം കാണാൻ തുടങ്ങും.. ഭ്രാന്തു മൂത്തു വരുമ്പോൾ, കൈക്കോട്ടുമായി പ്രതീപനും താനും കൂടി രംഗത്തിറങ്ങും.. അഭ്രം കാണുന്നിടം കുഴിക്കാൻ തുടങ്ങും.. ഒന്ന്ന്, രണ്ട്..അല്ല, നാലഞ്ച് വെട്ടൊക്കെ ഒരു വിധം നന്നായി കുഴിക്കും.. പിന്നീടങ്ങോട്ട് മണ്ണ് കുഴിയില്ല, നല്ല കട്ടി! കയ്യിനു നല്ല വേദന! കൊട്ടൻ തറ!
പ്രതീപൻ അപ്പോഴും ജാഗ്രതയോടെ വെട്ടൽ തുടരും..
ഇനി ഒരുപക്ഷെ അവൻ കുഴിക്കുന്നിടത്ത് നിധി കിട്ടിയേക്കുമോ?!
പാവം! അവന് കിട്ടിയാൽ അവൻ തനിക്കുകൂടി തരാതിരിക്കില്ല എന്നുകരുതി വിയർത്തൊലിച്ച് ഒരിടത്തിരിപ്പുറപ്പിക്കും.. നിധിയും സ്വപ്നം കണ്ട്.. കൊട്ടൻ തറ വെട്ടിക്കിളക്കുന്ന പാവം പ്രതാപനെയും നോക്കി..
***
പിന്നീട് വളരെ വർഷങ്ങൾ കഴിഞ്ഞു, വിധി തങ്ങളെക്കൊണ്ട് വീണ്ടും നിധി വെട്ടിപ്പിച്ചു. നിധി വെട്ടിത്തളർന്നിരിക്കുന്ന തന്റെയടുത്ത് അവനും എത്തിച്ചേർന്നു. ഒടുവിൽ അവൻ എത്തിയല്ലൊ, കഷ്ടപ്പെട്ടെങ്കിലും എന്തെങ്കിലും നേടട്ടെ എന്നുകരുതി ആശ്വസിച്ചു.
നിധി കിട്ടിത്തുടങ്ങിയപ്പോൾ, പ്രതീപൻ സഹോദരിയുടെ വിവാഹം ഒട്ടൊരാർഭാടത്തോടെ നടത്തുമ്പോൾ, താൻ ചെറുതായി സൂചിപ്പിച്ചു, “പ്രതീപാ, ഇത്രയുമൊക്കെ വേണോ?! കുറച്ച് നിനക്കുകൂടി കരുതി വയ്ച്ചുകൂടെ?” എന്ന്. (ഇനി അജ്ഞാതമായ ഭാവിയിൽ ഭയം ഒളിഞ്ഞിരിക്കുന്നത് മുൻകൂട്ടി താൻ കണ്ടിരുന്നോ?! അറിയില്ല.)
അവൻ അനിഷ്ടകരമായ എന്തോ ഒന്ന് തന്റെ വായിൽ നിന്നും കേട്ടമാതിരി പറഞ്ഞു, “ഇല്ല, എല്ലാം ഇതു കഴിഞ്ഞ് മതി”
“എങ്കിൽ പിന്നെ നിന്റെ ഇഷ്ടം”. എന്നുപറഞ്ഞ് താൻ ഒഴിഞ്ഞുമാറി. അവരവർ സമ്പാദിക്കുന്ന കാശ് ചിലവാക്കുന്നതിൽ മറ്റുള്ളവരുടെ ഉപദേശം എന്തിന്! താൻ വിഡ്ഡി എന്നോർത്ത് പിൻ തിരിഞ്ഞു. ‘കാശൊക്കെ കിട്ടിത്തുടങ്ങിയപ്പോൾ പ്രതീപനിലും അഹംഭാവം തലപൊക്കിത്തുടങ്ങിയോ?!’ എന്ന അത്ഭുതവും..
താൻ കരുതിയതുപോലെ തന്നെ സംഭവിച്ചു. പ്രതീപന് നിധി എടുപ്പ് തുടരാനായില്ല. വിവാഹത്തിന്റെ മാസ്മരികതയിൽ മറന്ന് വിസ പുതുക്കാൻപോലും മറന്ന് അർമാദിച്ചതിന്റെ ശിഷയാകും. പ്രതീപന് തിരിച്ചു വരാനായില്ല.. (പകരം മറ്റൊരു മാലാഖകുട്ടിയുടെ ഭർത്താവ് നിധി കുഴിക്കാനെത്തി-ആ കഥ പിന്നീടൊരിക്കൽ...)
വിധി നഷ്ടമാക്കിയ; തട്ടിത്തെറിപ്പിച്ച; തന്റെ നിധികുംഭത്തെയോർത്ത് ഇഞ്ചിഞ്ചായി നീറി നശിക്കുന്ന ഒരു പ്രതീപനെയാണ് പിന്നീടുള്ള വർഷങ്ങളിൽ തനിക്ക് കാണാനായത്! അവന്റെ നന്മകൾ ഓരോന്നായി അവനെ കൈവിട്ട് പോകുന്നതറിഞ്ഞു.. ഒടുവിൽ അവൻ അവന്റെ അച്ഛന്റെ വിഷപാത്രത്തിൽ അഭയം പ്രാപിച്ചു. വിധിക്കുമുന്നിൽ പൂർണ്ണമായും കീശടങ്ങിയ പാവം പാവമൊരു രാജകുമാരൻ..
പ്രതീപന് ഇവിടെ ജോലിചെയ്യാനാകുമായിരുന്നെങ്കിൽ!.. അവനുശേഷം എത്രയോ ഏഴകളായ ചെറുപ്പക്കാർ ഇവിടെ വന്ന് ജോലി ചെയ്ത് കാശുണ്ടാക്കി.. കുട്ടിപ്പണക്കാരായി! പുത്തൻ വീടും, പുത്തൻ പെണ്ണും, പുത്തൻ കാറുമൊക്കെയായി ജീവിക്കുന്നു!.
തന്റെകൂടി തെറ്റുണ്ടോ അവന്റെ വിസ പുതുക്കാൻ ഓർമ്മിപ്പിക്കാഞ്ഞതിൽ.. തനിക്കെന്തെങ്കിലും ചെയ്യാനാകുമായിരുന്നോ പ്രതീപനെ രക്ഷിക്കാൻ?! പ്രതീപനെ കാണുമ്പോൾ നൂറു നൂറു ചോദ്യങ്ങൾ എന്നെ വന്ന് പൊതിയുന്നു. അറിയാതെ കണ്ണുകൾ ഈറനായിപ്പോകുന്നു...
ഇന്ന് കുന്നിൻ മുകളിൽ മിടുക്കുള്ള പലരും ബഗ്ലാവുകൾ കെട്ടി വാഴുന്നു!, വയലേലയിലൂടെ റോഡു വന്നു!, വീടുകൾക്കുള്ളിലിരുന്ന് പ്രേംനസ്സീറിനെയും ഷീലയേയും, ജയനേയും കമലാഹാസനേയും ഒക്കെ കാണുന്നുമ്പോൾ, ഒരടിമണ്ണുപോലും പിതൃസ്വത്തായി കിട്ടാത്ത ഒന്നിമില്ലാത്തവനായി നിഷ്കാസിതനായ പ്രതാപനും.. എല്ലാമുണ്ടായി നിഷ്കാസിതയായി താനും ഗതികിട്ടാത്ത ആത്മാക്കളെപ്പോലെ അലയുകയും! നിധി തേടിപ്പോയോർ!
[‘അവൻ’; ‘അവൾ’ എന്ന് ഞാൻ എനിക്ക് വളരെ വേണ്ടപ്പെട്ട ചിലരെ മാത്രമേ സംബോധന ചെയ്തിട്ടുള്ളൂ.. എന്റെ മക്കളെ, പിന്നെ സഹോദരനെ പിന്നെ വിരലിലെണ്ണാവുന്ന രണ്ടുമൂന്നു പേരെ.. അതിൽ ഒരാളാണ് പ്രതീപൻ. ഒരു സാധാരണ കഥയാണ് ഇത്. എന്റെ മനസ്സിൽ പതിഞ്ഞ ഒരു ജീവിതം പകർത്താൻ ശ്രമിക്കുന്നു.. തൽക്കാലം, എന്തെങ്കിലുമൊക്കെ എഴുതാതെ ജീവിക്കാനാവില്ല എന്നപോലായിപ്പോയി ജീവിതം. .]
പച്ച നിറം എന്നും അവൾക്കിഷ്ടമായിരുന്നു. പണ്ട് മലേഷ്യയിലെ വലിയമ്മ കൊടുത്ത ഒരു വയല്പച്ച നിറത്തിലുള്ള സാരികൊണ്ട് പാവാട തയ്പ്പിച്ച്, അതുമിട്ടുകൊണ്ട് പാടവരമ്പിലൂടെ ട്യൂഷനു പോയിവരുമ്പോൾ പാടവും താനും ഒന്നായപോലെ തോന്നും..
പച്ചപുതച്ച ഭൂമിയും, പച്ച വേഷം ധരിച്ച താനും ഒന്നായപോലെ തോന്നും..
വയലേലകളെയും തന്നെയും ഒന്നായി തഴുകി കടന്നുപോകുന്ന തണുത്ത കാറ്റിൽ അവൾ എല്ലാം മറന്ന് വല്ലാത്ത ഒരു മാസ്മരികതയിൽ നടന്നു..
അന്നു തുടങ്ങിയതാകണം പച്ചയോടിഷ്ടം
പിന്നീടിഷ്ടം തോന്നിയത് നല്ല പച്ച നിറത്തിലുള്ള പുളിമരത്തിന്റെ പൂക്കളോടായിരുന്നു..
വല്ലാത്തൊരിഷ്ടം.. ചുറ്റും കൊഴിഞ്ഞു കൂമ്പാരമായിക്കിടക്കുന്ന പച്ച തളിരിലയും അതിനിടയിലെ ഇളം പച്ചയും മഞ്ഞയും ചുവപ്പും ഇടകലർന്ന നിറത്തിൽ അതിമനോഹരമായ ആ കൊച്ചുപൂക്കൾ വീണുകിടക്കുന്നത് നോക്കി വളരെനേരം ഇരുന്നിട്ടുണ്ട്.. കയ്യിലെടുത്താൽ പെട്ടെന്ന് ഇറുന്നുപോകുന്ന പൂക്കൾ.. പക്ഷെ വളരെ മനോഹരം അതിന്റെ സൌന്ദര്യം!
അതുകഴിഞ്ഞ് നല്ല കടും പച്ച ഇലകൾക്കിടയിൽ വിടരുന്ന തൂവെള്ള മുല്ലമൊട്ടുകളോടായി ഇഷ്ടം..
തീർത്താൽ തീരാത്ത ഒരിഷ്ടം.. ഒരിക്കൽ ഒരു സന്ധ്യസമയത്ത് ഏകാകിയായി, ഓണത്തിന് ഊഞ്ഞാലിടാറുള്ള തേന്മാവിൻ ചുവട്ടിൽ, അപ്പുപ്പന്റെ അസ്തിത്തറയുടെ അരികിലായി എന്തോ ചിന്തയിൽ മുഴുകി, അല്ലെങ്കിൽ വെറുതെ പ്രകൃതിയെ നോക്കി ഇരിക്കുമ്പോഴാണ് പതിവില്ലാതെ അങ്ങോട്ട് ശ്രദ്ധിക്കാൻ തോന്നിയത്. വളരെ വർഷങ്ങളായി ആ കുടമുല്ലവള്ളി ഒരു കൊച്ചു ചെടിമരത്തിൽ പടർന്നുകയറി കിടക്കുന്നുണ്ടായിരുന്നു..
അവൾ നോക്കിയപ്പോൾ വെളിച്ചം മങ്ങിത്തുടങ്ങിയ ആ വേളയിൽ ആ ഇലകൾക്കിടയിൽ ചെറിയ കൊച്ച് തൂവെള്ള നിറത്തിൽ എന്തോ കണ്ടപോലെ.. കുറച്ചുകൂടി അടുത്തു ചെന്നു നോക്കി.
വിടരാൻ തുടിക്കുന്ന മുല്ലമൊട്ടുകൾ..!
ഒന്നും രണ്ടുമല്ല.. ചെടി നിറയെ..
ഇലകൾക്കിടയിലെല്ലാം.
അവൾ താഴെ നോക്കി.
മുല്ല പൂത്തുതുടങ്ങിയിട്ട് രണ്ടുമൂന്നു ദിവസമായിക്കാണും
ചുറ്റിനും തലേന്നത്തെ പൂക്കളും അഭിഷേകം നടത്തിയിരിക്കുന്നു.
അവൾ എന്തുചെയ്യണമെന്നറിയാതെ കുറേ നേരം നിന്നു.
പിന്നെ പതിയെ ഓരോ മൊട്ടുകളായി നുള്ളിത്തുടങ്ങി.
എത്ര നുള്ളിയിട്ടും തീരാത്തത്ര മൊട്ടുകൾ.
ചെടിയിൽ തന്നെ നിർത്തിയാൽ നാളെ താഴെവീണു തകരുന്ന പൂക്കൾ..
എല്ലാറ്റിനേയും തനിക്ക് സ്വന്തമാക്കണമെന്ന വെറിയിൽ
അവൾ ഒരുവിധം എല്ലാം ഇറുത്തെടുത്തു.
ഇനി എന്തുചെയ്യാൻ!
തലയിൽ ചൂടുന്ന ശീലം ഇല്ല.
ആർക്കും കൊടുക്കാനും ഇല്ല.
അവൾ കൂട്ടിയിട്ടിരിക്കുന്ന മുല്ലമൊട്ടുകളെ ഓരോന്നായെടുത്ത് ഒരു ഹാരമുണ്ടാക്കി.
ഒരു വലിയ ഹാരം തന്നെ ഉണ്ടായി.
പൂവിന്റെ മത്തുപിടിപ്പിക്കുന്ന മണം..
പൂമാല പൂജാമുറിയിൽ ചാർത്താനും സ്വാർത്ഥത അനുവദിച്ചില്ല.
അവിടെ പതിവായി വയ്ക്കാറുള്ള പൂക്കൾ അച്ഛൻ വച്ചിട്ടുണ്ട്.
അവിടെ ഇത് അധികപ്പറ്റാകും പോലെ..
അല്ലെങ്കിലും അതിനകത്തായാൽ തനിക്കീ സൌരഭ്യം നഷ്ടമാകില്ലേ?!
അവൾ ഒടുവിൽ മാല തന്റെ തന്നെ കഴുത്തിലണിഞ്ഞു നടന്നു..
പണ്ടത്തെ കഥയിലെ ഏതോ നായികമാരെപ്പോലെ..
പന്ത്രണ്ടുവയസ്സുകാരിയായ നായിക..
പച്ച അവളെ ഒരുപാട് വിഷമിപ്പിച്ചിട്ടുമുണ്ട്..
തനിക്കിഷ്ടപ്പെട്ട ഒരാൾ പച്ച നിറമണിഞ്ഞ്, മറ്റൊരാളുടെ ഹൃദയത്തിൽ സന്തോഷം വിരിയിക്കുന്നത് കണ്ട് കുറെ വർഷങ്ങൾ അസൂയ പിടിച്ചു നടക്കേണ്ടി വന്നു. പച്ച അവളുടെ നിറമായതിനാലാണ് അവൾക്ക് കൂടുതൽ വിഷമം വന്നത്..
പക്ഷെ, തന്റെ ഏറ്റവും പ്രിയ സുഹൃത്ത് ആദ്യമായും ഒരു പക്ഷെ അവസാനമായും തന്നെ കണ്ടതും
പച്ച നിറത്തിലുള്ള വേഷവുമിട്ടാണ്..
പിന്നെയാണ് അവൾക്ക് വട്ടുപിടച്ചത്..
കൊച്ചു പച്ച പൊട്ടുകളിൽ നോക്കി അവൾ ഏറെ നേരം ഇരിക്കും..
ആ ലൈറ്റുകൾക്ക് തന്നോട് എന്തോ പറയാനുണ്ട് എന്ന ഒരു തോന്നലിൽ..
തുടരും..
[വെറുതെ എഴുതിയതാണ്.. പനിയൊക്കെ തീർന്നു വരുന്നതെയുള്ളൂ.. നാളെ പൂർത്തിയാക്കാം..]
“അമ്മാ..”
“അമ്മാ...”
കുറച്ചുകൂടി ഉച്ചത്തിൽ, “അമ്മാ....”
ഇനിയും വളരെ ശബ്ദം ഉയർത്തി, “അമ്മാ.....”
സമയം രാവിലെ ഒൻപത് മണി!
ആരാണ് ഈ സമയം ഇത്ര ദയനീയമായി ഓരിയിടുന്നപോലെ നിലവിളിക്കുന്നത്?!
ആ പച്ച അഴികളുള്ള വീട്ടിലെ സ്ത്രീയാണ്! വളരെ ശാന്തസ്വഭാവ, വീടും കുട്ടികളും മാത്രം ഉള്ള ഒരു ലോകത്തൊതുങ്ങിക്കഴിയുന്ന ഒരു പാവം സ്ത്രീ..
രണ്ട് ദിവസമായി രാവിലെ ആ സ്ത്രീ വളരെ സന്തോഷപൂർവ്വം ഒരു അമ്മയെയും കുഞ്ഞിനെയും ടാക്സിയിൽ കയറ്റി “റ്റാ റ്റാ..” പറഞ്ഞ് തിരിച്ച് വീട്ടിനകത്ത് കയറുന്നത് കാണുന്നുണ്ട്.. പിന്നെ പോയി കമ്പ്യൂട്ടറിനു മുന്നിലിരുന്ന് കാര്യമായി എന്തൊക്കെയോ എഴുതുന്നുണ്ട്.. അവരുടെ മുഖത്ത് പ്രത്യേക ഒരു ആനന്ദം തിരിച്ചറിയാനും ഉണ്ട്.
എന്തിനായിരിക്കാം അവർ ഇപ്പോൾ നിലവിളിച്ചത്!
നമുക്ക് ക്യാമറ കുറച്ചുകൂടി ക്ലോസപ്പിൽ കൊണ്ടുപോകാം..
***
അതെ നിലവിളിച്ചത് ഞാൻ തന്നെയാണ്..!! ( ഇനി സ്വപ്നത്തിലെ നായികയാണ് കഥ പറയുന്നത്..)ഞാൻ ഏതോ വലിയ, എനിക്ക് അപരിചിതമായ, ഒരു ബംഗ്ലാവിന്റെ മൂന്നാം നിലയിലായിരുന്നു.. ചുറ്റും ഇരുൾ പടർന്നിരുന്നു. പഴയ കുടെ ചെടിച്ചട്ടികളും സാധനങ്ങളും ഒക്കെ കൊണ്ട് നിറഞ്ഞ ഒരിടം. ഞാനവിടെ കയറിയത് എന്റെ വീട്ടിലേയ്ക്ക് എളുപ്പവഴിയിൽ ഇറങ്ങിച്ചെല്ലാനായിരുന്നു.. പക്ഷെ അവിടെ നിന്നപ്പോൾ പെട്ടെന്ന് എനിക്ക് താഴേക്കിറങ്ങാനുള്ള കോണിപ്പടികൾ കാണാനാവുന്നില്ല.! ഞാൻ മക്കളെ വിളിക്കുമ്പോൾ അവർ താഴെ നിന്നും “ഇറങ്ങി വരൂ അമ്മേ..” എന്നു പറയുന്നുണ്ട്.പക്ഷെ ഇതിനകം പ്രകൃതി ആകെ മാറി.. ആകെ ഒരു ഭയാനകത വന്നു മൂടി..
ആ ബംഗ്ലാവിൽ വളരെ പണ്ട് ഒരു മരണം നടന്നിട്ടുണ്ട്. ഒരു കന്യക സ്വയം വെടിവച്ച് മരിച്ചിരുന്നു. ഞാൻ അറിയാതെ അവളുടെ പ്രേതത്തെ ഉണർത്തിരിക്കുന്നു. അവൾ എന്നെ ട്രാപ്പിലാക്കിയിരിക്കയാണ്. വാസ്തവത്തിൽ അവൾ ദുരൂഹമായ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തപ്പോൾ ഞാനാണ് ആദ്യമായി അവളെ കണ്ടതും എന്റെ കൈകളിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചതും! പക്ഷെ ഉടൻ തന്നെ അവളുടേ മാതാവും മറ്റും ഓടിവന്ന് അവളെ ഏറ്റുവാങ്ങിയിരുന്നു. അവൾ എന്തോ വാശിയിൽ ആത്മഹത്യ ചെയ്തതാണ്.. എനിക്ക് അവളുടെ മരണവുമായി ഒരു ബന്ധവുമില്ലെന്ന് പട്ടാപ്പകൽ പോലെ സത്യമായ ഒരു കാര്യവുമാണ്..
പെട്ടെന്ന് കോണിപ്പടികൾ കയറി രണ്ട് ഡിക്റ്ററ്റീവുകൾ! അവർ വർഷങ്ങളായി ആ ദുർമ്മരണത്തെപ്പറ്റി അന്വേക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതുവരെയും ഒരു തുമ്പും കിട്ടിയിട്ടില്ല. മരണകാരണം ദുരൂഹമായി തന്നെ തുടരുന്നു..
പെട്ടെന്ന് ഞാൻ ആ പോലീസിനോട് അങ്ങോട്ട് കയറി സംസാരിച്ചു തുടങ്ങുന്നു..
“സാർ എനിക്ക് പെട്ടെന്ന് കോണിപ്പടികൾ ഇറങ്ങാൻ പറ്റിയില്ല. എന്തോ അജ്ഞാത ശക്തി എന്നെ തടുത്തുനിർത്തിയതാണ്. അത് മരിച്ചുപോയ ആ പെൺകുട്ടിയുടെ പ്രേതമായിരിക്കുമെന്ന് കരുതുന്നു..”
“അത്.. നിങ്ങൾക്കവളെ അറിയാമോ?!”
“അറിയാം.. വാസ്തവത്തിൽ അവൾ മരിച്ചുവീഴുന്നത് ഞാനാണ് ആദ്യം കണ്ടത്..!”
“പക്ഷെ.. സാർ മരിക്കേണ്ടത് അവളായിരുന്നില്ല.. ഞാനായിരുന്നു വളരെ വിഷമിച്ച് ജീവിച്ചിരുന്നത്. ഈ ബംഗ്ലാവിൽ ഒറ്റപ്പെട്ട്.. എനിക്ക് വെളിയിൽ ആരെയും പരിചയമില്ലായിരുന്നു.. എന്റെ ആൾക്കാരൊക്കെ നാട്ടിൽ.. എന്നെ ഈ ബംഗ്ലാവിൽ കൊണ്ടാക്കിയിട്ട്, എന്റെ ഭർത്താവ് ആ പെൺകുട്ടിയിൽ അനുരക്തയാണെന്ന് ഞാനറിയുന്നു. ആ അനുരാഗം ഞാൻ വരുന്നതിനു മുൻപുണ്ടായിരുന്നോ എന്നറിയില്ല. ഒരുപക്ഷെ, മനസ്സിൽ ഒരു കൊച്ചു പൂമൊട്ടായി ഉണ്ടായിരുന്ന അനുരാഗം ഒറ്റപ്പെട്ട, ബോറടിപ്പിക്കുന്ന, ബാധ്യതകൾ മാത്രം ഉള്ള, എന്റെ കടന്നുവരവിൽ കൂടുതൽ ദൃഢപ്പെട്ടതും ആകാം. ഏതിനും അവർ പരസ്പരം വളരെ വളരെ ആകൃഷ്ടരായിരുന്നു.”
“സാർ ഒന്നോർത്തുനോക്കൂ.. സ്വന്തം ജീവിതവും യൌവ്വനവും പ്രേമവും ഒക്കെ ഒരാൾക്കുവേണ്ടി ത്വജിച്ച ഒരു സ്ത്രീയുടെ മുന്നിൽ, അവൾ ജീവനോടെ നോക്കിയിരിക്കുമ്പോൾ, ശവം കണക്കെ കണക്കാക്കി എങ്ങിനെയാണ് മനുഷ്യരിൽ പ്രണയം വിരിയുന്നത്?! ”
“പക്ഷെ, സാർ ഞാൻ കണ്ടു! അവരുടെ പ്രേമം അനുഭവിച്ചു!.. അതിന്റെ തീക്ഷ്ണത അറിഞ്ഞു!.
കത്തുന്ന രണ്ടു ഗോളങ്ങൾ പരസ്പരം എരിഞ്ഞ് ഒന്നാകാനായി അടുക്കുമ്പോൾ ആ ഒന്നാകലിന് വിഘാതമായി എന്നെ വിധി(?) തിരഞ്ഞെടുക്കുമ്പോലെ. ഇരുഗോളങ്ങളുടെയും കത്തുന്ന ചൂടിൽ ഞാൻ സ്വയം ഉരുകി.. ഉരുകി.. ഒടുവിൽ പല മനുഷ്യ ബലികൾക്കുശേഷം, എല്ലാം ഒടുങ്ങും വരെ..
എന്റെ ഭർത്താവിന്റെ കാലൊച്ച കേൾക്കുമ്പോൾ അവളിൽ അറിയാതെ ഉണ്ടാകുന്ന പരവേശം. അവളെ കാണുമ്പോൾ സ്വതവേ സീരിയസ്സ് ആയ അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന രക്തപ്രസാദം..ആ ശക്തി അത് മനുഷ്യർക്ക് അതീതമായ ഒരു വികാരമായിരുന്നു. ഞാൻ ആ പ്രണയത്തിന്റെ നടുവിൽ അകപ്പെട്ടുപോയ ഒരു പാവം ഇരയായിപ്പോയി. പ്രണയത്തെ അവഗണിച്ചതുകൊണ്ട ദൈവം തന്നെ തന്ന ശിക്ഷയാകുമോ ഇനി?..”
ഡിക്റ്ററ്റീവ്, അബോധാവസ്ഥയിലെന്നപോലെ ഞാൻ ഉഴറുന്ന കഥകളുടെ പോയിന്റുകളെല്ലാം അതീവ ജാഗ്രതയോടെ തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു. കേസന്വേക്ഷണത്തിന് പുതിയ ഒരു വഴിത്തിരിവ് കിട്ടിയ മാതിരി. അയാളുടെ മുഖത്ത് ഇപ്പോഴും എന്നോട് സഹതാപം കലർന്ന നോട്ടമാണെങ്കിലും അയാൾ എന്നിൽ തിരയുന്നത് ഒരു ക്രിമിനലിനെ; കേസിന്റെ കണ്ണിയെയാണെന്ന്, എനിക്ക് മനസ്സിലാകാൻ തുടങ്ങുന്നു..
പെട്ടെന്ന് തൊട്ടടുത്ത ടെറസ്സിൽ നിന്നും ഡിക്റ്റടീവിന്റെ കൂടെ വന്ന ഫോട്ടോഗ്രാഫർ ഞാൻ ഡിക്റ്റടീവുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ എടുക്കുന്നു. ഫോട്ടോ എന്നെ കൂടുതൽ ഫോക്കസ്സ് ചെയ്യുന്നു. പത്രത്തിൽ ‘ഇനിയും തെളിയിക്കപ്പെടാത്ത കേസിന്റെ ഒരു പ്രധാന കണ്ണി ’ എന്നും പറഞ്ഞ് വാർത്ത വരുമായിരിക്കും! എന്റെ മുടി ചുരുണ്ടതായിരിക്കുമോ, നീണ്ടതായിരിക്കുമോ അതിൽ?! (സ്വപ്നത്തിൽ?)
ദൈവമേ..! ഞാനെന്തൊരു വലിയ ആപത്തിലാണകപ്പെട്ടിരിക്കുന്നത്..?!‘ഇത് തീർച്ചയായും മരിച്ചുപോയ ആ പെൺകുട്ടിയുടെ പ്രേതം വരുത്തിവച്ച വിന തന്നെയായിരിക്കും..! ജീവിച്ചിരുന്നപ്പോൾ അവളുടെ പ്രേമത്തിന് താൻ വിഘാതമായെന്ന ഒറ്റക്കാരണം കോണ്ട്. പക്ഷെ താനൊന്നും ചെയ്തില്ലല്ലോ, അനുഭവിച്ചതെല്ലാം ഞാനല്ലെ, ഞാനല്ലെ ഒറ്റപ്പെട്ടത്?! ഭർത്താവും കുടുംബവും എന്നെയല്ലെ ഒറ്റപ്പെടുത്തിയത്?! എന്റെ സ്ഥാനമെല്ലാം അവളല്ലെ നേടിയത്?! എന്റെ ജോലി, എന്റെ മുന്നോട്ടുള്ള ഉയർച്ച, എന്റെ ഭർത്തൃ വീട്ടുകാർ, എന്റെ ഭർത്താവിന്റെ ഹൃദയം, എനിക്കുള്ളതെല്ലാം... എന്നിട്ടും അവളെന്തിനായിരുന്നു വാശിക്ക് ആത്മഹത്യ ചെയ്തത്?
ഇത്രയുമൊക്കെ നേടിയിട്ടും പൂർണ്ണമായും തകരാത്ത താൻ ഇപ്പോൾ ഒരു ജീവിതം കെട്ടിപ്പടുത്തതിൽ വാശി തോന്നി, സ്വതവേ വാശിക്കാരിയായ അവൾ പ്രേതമായിട്ടു വീണ്ടും തന്നെ പിടികൂടി, തന്നെ കുടുക്കിലാക്കാൻ നോക്കുകയായിരിക്കുമോ?!
പെട്ടെന്ന് എനിക്ക് തോന്നി.. ആ ഡിക്റ്ററ്റീവും കൂടെ വന്നുവെന്ന് ഞാൻ കരുതുന്ന ആൾക്കാരും ഒക്കെ പ്രേതങ്ങളുടെ ആൾക്കാരാണെന്ന്.. എനിക്ക് താഴേക്കിറങ്ങി ഓടണം. വഴി കാണുന്നില്ല! വിളക്കിന്റെ സ്വിച്ചും എവിടെയെന്നറിയില്ല.
ഞാൻ വീണ്ടും മക്കളെ വിളിക്കുന്നു.. അവർ താഴെനിന്നും ആശ്വസിപ്പിച്ചുകൊണ്ട് തിരിച്ചു വിളിച്ച് സമാധാനം തരുന്നുണ്ട്.. പക്ഷെ എനിക്ക് താഴേക്കു പോകാനാവുന്നില്ല. അവിടെ കോണിപ്പടിയിൽ ഒരു ബുക്ക്ഷെൽഫ് ഇരിക്കുന്നുണ്ട്..
ഞാൻ ‘അമ്മാ.. അമ്മാ..’ എന്നു ആദ്യം രണ്ടുപ്രാവശ്യം വിളിച്ചത് എന്റെ ചുറ്റും ഉള്ള പ്രേതങ്ങളെപ്പറ്റി ബോധ്യം വന്ന് ഭയന്ന് വിളിച്ചുപോയതാണ്..
പെട്ടെന്ന് ബുക്കുകളുടെ കൂട്ടത്തിൽ അമൃതാനന്ദമയീ ദേവിയുടെ ഒരു പുസ്തകം കണ്ടമാതിരി! പിന്നീട്, എന്റെ വിളി ആ അമ്മയെയായി.. അങ്ങിനെ ആത്മീയശക്തി പ്രേതാത്മാക്കളെ പായ്ക്കാനാകുമെന്നു കരുതി ഞാൻ നിലവിളിക്കുകയായിരുന്നു.. എന്റെ നിലവിളി കേട്ട് പ്രേതങ്ങൾ പിന്തിരിയാൻ!
***
അവളുടെ നിലവിളി അവളെ തന്നെ ഒടുവിൽ വിളിച്ചുണർത്തി!
അതെ താൻ ഒരു സ്വപ്നം കാണുകയായിരുന്നു..! അവൾക്ക് സ്ഥലകാല ബോധം വീണ്ടു കിട്ടി! താൻ മരിച്ചുവെന്നു കരുതിയ ആ പെൺകുട്ടി (ഇപ്പോൾ സ്ത്രീ ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്! പക്ഷെ, അജ്ഞാതമാണ് അവളുടെ നീക്കുപോക്കുകൾ തനിക്കിപ്പോഴും .. എങ്കിലും അവൾ താൻ വിചാരിക്കുന്നപോലെ അപകടകാരി ആയിരിക്കില്ല! അവളെ ഒരുപക്ഷെ ഈ സംഭവങ്ങൾ തന്റെ മനസ്സിൽ, ജീവിതത്തിൽ, പതിഞ്ഞപോലെ സ്വാധീനിച്ചിരിക്കില്ല. അവൾക്ക് ആ പ്രായത്തിൽ തോന്നിയ വെറും ഒരു ടൈം പാസ്സ് മാത്രം ആയിരുന്നിരിക്കണം.. അല്ലെങ്കിൽ എനിക്കു തോന്നിയ ഒരു വെറും സംശയമായിരുന്നിരിക്കാം.. ഏതിനും അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഞാൻ കാരണം ആത്മഹത്യ ചെയ്തിട്ടില്ല! ആശ്വാസം!
ഹൃദയത്തിനുള്ളിൽ നടക്കുന്ന കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും ഒന്നും ഒരു ഡിക്റ്ററ്റീവിനും തെളിവുകണ്ടെത്താനാവില്ലല്ലൊ! അതെ, എല്ലാം തന്റെമാത്രം മനസ്സിന്റെ തോന്നലായിരുന്നു.. വെറും ഒരു സ്വപ്നം മാത്രമായിരുന്നു..എന്നുകരുതി ജീവിക്കാനായി ഇനിയും ജീവിതം മുന്നിലുണ്ട് എനിക്ക്... കുറച്ചുകൂടി നിർഭയമായ ഒരു ജീവിതം.. തന്റെ മക്കൾ പഠിക്കാൻ പോയിരിക്കുകയാണ്.. ഒരു കുട്ടിക്ക് അഭിമാനിക്കാവുന്നതരത്തിൽ റിസൾട്ട് കിട്ടിയിട്ടുണ്ട്.. തന്നെ മനസ്സിലാക്കുന്ന വളരെ കുറച്ചുപേരെങ്കിലും ഉണ്ട് ഇന്ന് ഈ നാട്ടിൽ.
ഒരു പക്ഷെ..ഒരുപക്ഷെ താൻ ഭയത്തോടെ കൊട്ടിയടക്കപ്പെട്ട തന്റെ ഹൃദയ കവാടം അറിയാതെ തുറന്നപ്പോൾ, അവിടെ അപ്പോൾ ഉണ്ടായിരുന്ന അതിഭയാനകമായ ഒരു രംഗമായിരിക്കുമോ ഈ ദുഃസ്വപ്നം?!
ഹൃദയത്തിൽ സ്നേഹം ഇല്ലാതാകുമ്പോൾ അവിടെ സാത്താൻ വാഴുന്നു എന്നതിനുദാഹരമോ, താൻ ആ ദുഃസ്വപ്നത്തിലേക്ക് വീണ്ടും അറിയാതെ വഴുതിവീണുപോകാൻ കാരണം?! പക്ഷെ, തന്റെ ഹൃദയത്തിൽ നിറച്ച് സ്നേഹം ഉണ്ടല്ലോ?! എന്നിട്ടും എന്തേ?! ഹൃദയത്തിനു സ്നേഹം നിറയെ കിട്ടുമ്പോൾ അത് അറിയാതെ തളർന്ന് ചായാൻ ആശിക്കുന്നതൊ?!
***
ഏതിനും ‘ഇങ്ങിനെയൊന്നും ആരുടെ ജീവിതത്തിലും സംഭവിക്കാതിരിക്കട്ടെ!’.. അവൾ നെറ്റിയിൽ കുരിശു വരച്ചിട്ട്...നേരെ കമ്പ്യൂട്ടറിനടുത്തേയ്ക്ക് നടന്നു.. പ്രേതകഥ ഒരു തീർത്തും ഒരു കഥയാക്കി മാറ്റാൻ.. തന്റെ ഹൃദയത്തിനെ വീണ്ടെടുക്കാൻ..ശക്തി പകരാൻ..
[ഇത്, ഒരു സ്വപ്നത്തിൽ നിന്നും മെനഞ്ഞെടുത്ത കഥ/ സ്നേഹം ആത്മയുടെ ഹൃദയത്തെ കനൽക്കട്ടപോലെ നീറ്റിയെരിയിപ്പിച്ച അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു സ്വപ്നകഥ]
കൊല്ലത്തുള്ള കൂട്ടുകാരിയുടെ വീടിന്റെ അഡ്രസ്സ് വളരെ വർഷങ്ങൾക്കു ശേഷം അമ്മയാണ് ഒടുവിൽ കണ്ടുപിടിച്ച് തന്നത്!
അവൾ പഠിച്ചുവളർന്നയിടത്ത് തന്നെ സ്ഥിരതാമസമാക്കിയിരിക്കുന്നു. ഇരട്ടപെറ്റവരെപ്പോലെയായിരുന്നു ഹോസ്റ്റലിൽ താമസിച്ചത്. സിസ്റ്റേർസ് ആയാണ് പലരും കണ്ടിരുന്നതും. ഒരു നാട്ടുകാരെന്നും ഏകദേശം ഒരേ സ്വഭാവവും രൂപവും ഒക്കെയാണ് ഞങ്ങളിൽ ആ സാഹോദര്യം വളർത്തിയത്. ഡ്രസ്സുകളും ഒക്കെ ഞങ്ങൾ മാറ്റിയിടുമായിരുന്നു. മുടിയും മുഖവും ഒക്കെ ഏകദേശം ഒരുപോലെ കളർ മാത്രം അല്പം വ്യത്യാസം. സ്ക്കൂളിൽ വച്ചും കാണുമായിരുന്നെങ്കിലും അകലെ ഹോസ്റ്റലിൽ ആയപ്പോഴാണ് സ്വന്തം നാട്ടുകാർ സ്വന്തക്കാരായി തോന്നാൻ തുടങ്ങിയത്!
അവളുടെ വീട് കണ്ടുപിടിക്കാൻ സഹോദരൻ സന്മനസ്സ് കാട്ടി. അമ്മയ്ക്ക് കൌതുകമായിരുന്നു. അമ്മയെപ്പോഴും തന്നെക്കണ്ടാൽപ്പിന്നെ തന്റെ റോൾ അങ്ങ് ഏറ്റെടുത്തോളും.. തന്റെ മക്കൾ അമ്മയുടെ മക്കൾ, തന്റെ ജീവിതം അമ്മയുടെ ജീവിതം. അത് അധികമാകുമ്പോൾ സ്വന്തം ഐഡന്റിറ്റി നഷ്ടപ്പെടുമെന്ന ഭയം ഉടലെടുക്കുമ്പോൾ മാത്രം ഗത്യന്തരമില്ലാത താൻ ഒന്ന് നുഴഞ്ഞു കയറും. ‘അമ്മേ, അമ്മയുടെ മകൾ ഞാനാണ്, എന്നെ സ്നേഹിക്കൂ.. എനിക്ക് ആത്മവിശ്വാസം തരൂ.. എന്റെ ജീവിതം ഞാൻ സ്വയം നേരിടാനുള്ള ആത്മവിശ്വാസം..’ അതൊന്നും പറഞ്ഞാൽ അമ്മ്യ്ക്ക് മനസ്സിലാവില്ല. അമ്മയുടെ കൂട്ടുകാരിയെയാണ് മീറ്റ് ചെയ്യാൻ പോകുന്നതെന്ന ഉത്സാഹം സംസാരത്തിലും ഭാവത്തിലും! പാവം കുറച്ചുദിവസം സന്തോഷിച്ചോട്ടെ..
വഴിവക്കിൽ ഒരു യുവതി നരച്ച തലമുടിയുമായി നിൽക്കുന്നു. ‘ഒരു പക്ഷെ, ഇതാകുമോ അനിത!’ ഞാനല്ല പറഞ്ഞത് കൂടെയുള്ള അമ്മ. എന്റെ സംസാരം ഇനി അമ്മ സംസാരിച്ചുകൊള്ളൂം!
‘അതല്ല കേട്ടോ’
അടുത്ത വീട്ടിനു മുന്നിൽ കാർ നിർത്തി. മുറ്റത്ത് പഴയ അനിത അതേ രൂപത്തിൽ അതേ പ്രായത്തിൽ!കണ്ണുകളെ വിശ്വസിക്കാനായില്ല! ഇനി ഇത് അനിതയുടെ മകളെങ്ങാനുമാകുമോ? അതേ ചുരുണ്ട മുടി!
അതേ ചിരി!
കാറിൻ നിന്നിറങ്ങുമ്പോൾ അബദ്ധം പറ്റാതിരിക്കാനായി വിളിച്ചു, ‘അനിത?!’
‘അതെ നീനേ! നീന കുറച്ചുകൂടി തടിച്ചിരിക്കുന്നു! മുഖമൊന്നും വലിയ വ്യതാസം ഇല്ല!’
അനിതയ്ക്ക് ഒട്ടും മാറ്റം വന്നിട്ടില്ല. അനിതയുടെ ഭർത്താവ് ചിരിച്ചു! അദ്ദേഹത്തിന് പ്രായം തോന്നിപ്പിക്കുന്നുണ്ട്. ശാന്തപ്രകൃതമാണെന്നു തോന്നുന്നു.
ഫോൺ ചെയ്തപ്പോൾ അനിത പറഞ്ഞതോർക്കുന്നു, ‘ഇപ്പോൾ വരികയാണോ?! ഇപ്പോൾ വന്നാൽ അച്ഛനും ഇവിടെയുണ്ട്. കാണാം..’ കാറിലിരുന്ന് ഞങ്ങൾ പറയുകയും ചെയ്തു, ‘അനിതയുടെ അച്ഛൻ മരിച്ചുപോയതായാണോർമ്മ. ഇനി ഭർത്താവിന്റെ അച്ഛനായിരിക്കുമോ?’ താൻ കൂട്ടിച്ചേർത്തു, ‘ഒരു പക്ഷെ, അദ്ദേഹം വലിയ ആരെങ്കിലും ആയിരിക്കാം. നമ്മൾക്ക് പരിചയപ്പെടുത്തിതാരാനാകും അങ്ങിനെ പറഞ്ഞത്...’
അപ്പോൾ അച്ഛനെന്നു വിളിക്കുന്നത് ഇദ്ദേഹത്തെയായിരിന്നു!!
നഗരത്തിൽ രണ്ടുമക്കൾക്കും നല്ല രണ്ടു വീടും കാറും ആധുനികമായ എല്ലാ സുഖസുകര്യങ്ങളും ഉള്ള കൂട്ടുകാരിയെ കണ്ടപ്പോൾ കരുതി ഇവൾ ജീവിതത്തിൽ വിജയിച്ചിരിക്കുന്നു! അവൾ കൂടെ പഠിച്ചിരുന്ന ചുരുക്കം ചിലരെ കണ്ട വിവരവും അവർ ഒരുമിച്ച് അമ്പലത്തിലും മറ്റും പോകും എന്നുമൊക്കെ പറഞ്ഞപ്പോൾ വീണ്ടും നഷ്ടബോധം തലപൊക്കി.
നാടിനെപ്പറ്റി നോസ്റ്റാൾജിയയുമായി നിന്ന തന്നോട് കൂട്ടുകാരി പതിയെ പറഞ്ഞു: "അന്യനാട്ടിൽ പോയെന്നു കരുതി വിഷമിക്കുകയൊന്നും വേണ്ട ട്ടൊ, ഇവിടെ ഡോക്ടേർസും എൻജിനീയേർസും പോലും നല്ല ജോലിയും പദവിയും ഒക്കെയുണ്ടായിട്ടും എവിടെയെങ്കിലും അന്യനാട്ടിൽ പോയി കുറച്ചുനാളെങ്കിലും ജീവിക്കാനായി ആഗ്രഹിക്കുന്നവരാണധികവും”
കേട്ടപ്പോൾ മനസ്സ് അല്പം കുളിർത്തു. കൂട്ടുകാരിയുടെ രണ്ടു മക്കളും നഗരത്തിലെ എൻജിനീയറിംഗ് കോളേജിൽ ബി.ടെക്കിനു പഠിക്കുന്നു. അവരും ജോലിയൊക്കെ അന്വേക്ഷിക്കുന്നത് അന്യനാടുകളിലാവില്ലേ?
[പണ്ട് മലയാളികൾ അന്യനാട്ടിൽ ചേക്കാറാൻ പോയപ്പോൾ കൊണ്ടുപോയ ഗ്രാമീണത്തം കേരളത്തനിമ ഒക്കെ അന്യനാട്ടിൽ ചിലയിടത്തെങ്കിലും ഇപ്പോഴും ഉണ്ടല്ലൊ എന്നു സമാധാനിപ്പിച്ചു.
കേരളീയർ ആധുനികതയിലേക്ക് എത്തിപ്പിടിക്കാൻ വെമ്പുമ്പോൾ അന്യനാട്ടിലെ മലയാളികൾ ശേഷിക്കുന്ന മലയാളിത്തമെങ്കിലും നഷ്ടപ്പെടാതിരിക്കാൻ മുറുകെപ്പിടിക്കുന്നതായും ഓർത്തു..]
‘നീനേ, ഞങ്ങൾക്കിപ്പോൾ സ്വന്തക്കാരായി ഒരു മദാമ്മയും കുഞ്ഞും ഉണ്ട്! അമേരിക്കയിൽ പോയ അപ്പച്ചീടെ മകൻ വിവാഹം കഴിച്ചിരിക്കുന്നത് ഒരു മദാമ്മയെയാണ്. കഴിഞ്ഞ അവധിക്ക് അവർ ഇവിടെ വന്നിരുന്നു. നല്ല ഒരു കുട്ടി. ഇംഗ്ലീഷുകാരുടെ നിറവും ഇന്ത്യാക്കാരുടെ ഫീച്ചേർസും ഒക്കെയായി..’ അവൾ അധികം ചിരിക്കാതെയാണ് ഇത്രയും പറഞ്ഞത്, തമാശയായല്ല സീരിയസ്സ് ആയെന്നപോലെ!
പിന്നീട് ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൾ അന്വേക്ഷിച്ചു. ‘അയ്യോ നീനേ മുടിയൊക്കെ മുറിച്ചുകളഞ്ഞോ?! ഓർമ്മയുണ്ടോ നമ്മൾ പണ്ട് മുടിവളരാൻ കല്ലൊക്കെ കെട്ടിത്തൂക്കി ഹോസ്റ്റലിൽ നടന്നത്?!’
‘ഓർക്കുന്നു. മുടി നന്നായി വളർന്നിരുന്നു. 6 മാസമായേ ഉള്ളൂ വെട്ടിക്കളഞ്ഞിട്ട്. അന്ന് ഓർത്തില്ല അനിതയെ കണ്ടുമുട്ടുമെന്ന്! കാണിക്കാൻ പറ്റിയില്ലല്ലൊ!’
കൂട്ടുകാരിയുടെ അഡ്രസ്സ് തേടിപ്പിടിച്ചു തന്ന അമ്മ അടുത്തു ഒരു വലിയ കാര്യം സാധിച്ചു തന്നപോലെ പുഞ്ചിരിച്ചു..
അടുക്കളയിൽ വച്ച് കൂട്ടുകാരി സ്വരം താഴ്ത്തി പറഞ്ഞു, “ഒരുപാട് പ്രോബ്ലംസ് ഉണ്ടായിരുന്നു നീനേ,
ഒരിക്കൽ എല്ലാം പറയാം. നീന എനിക്ക് ഫോൺ ചെയ്യുന്നതിനു പകരം കത്തുകൾ എഴുതുമോ?എനിക്ക് പണ്ടത്തെപ്പോലെ നീനയുടെ കത്തുകൾ കാണണം”
തന്റെ ഭൂതകാലവും തന്റെ കത്തുകളും ഒക്കെ ഓർക്കുന്ന അനിത. അനിതയെ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ അത് ജീവിതത്തിലെ ഒരു വലിയ നഷ്ടമാകുമായിരുന്നു എന്നു തോന്നി.. പക്ഷെ, താൻ അവൾക്ക് കത്തുകളയക്കാൻ തുടങ്ങിയാൽ അത് കോളേജ് പ്രോഫസറായ അവളുടെ ഭർത്താവ് കാണില്ലെ തന്റെ കത്തുകൾ?! നീനയ്ക്ക് പെട്ടെന്ന് ഭയം തോന്നി. തന്റെ മനസ്സിൽ കത്തുകളെ ചുറ്റിപ്പറ്റിയുള്ള ഒരു കഥ മിന്നി മറഞ്ഞു! കത്തുകൾ എഴുതാതായതിനെപ്പറ്റിയുള്ളതും. അതൊക്കെ പറയാൻ തുടങ്ങിയാൽ നീനയ്ക്കും ഒരുപാടുണ്ട് അനിതേ കഥകൾ.. പണ്ടത്തെ നിഷ്ക്കളങ്കരായ കുട്ടികളല്ല നാമിപ്പോൾ ജീവിതം നമ്മെ ഒരുപാട് പരുക്കൻ യാധാർത്ഥ്യങ്ങൾ പരിചയപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും നാം ഇപ്പോഴും നമ്മുടെ പഴമയിൽ ജീവിക്കാനാകുന്നു. അന്നത്തെ നമ്മെ നഷ്ടപ്പെടുത്താൻ മടിക്കുന്നു..
എന്തോ ഓർത്തു നിന്ന അനിത ചോദിച്ചു, ‘നീനയ്ക്കോർമ്മയുണ്ടോ, നമ്മുടെ ഗീതയെ?! എപ്പോഴും ചിരിച്ചു ബഹളമുണ്ടാക്കിക്കൊണ്ടു നടന്നിരുന്ന ഗീത?!’ - ചെറിയ ഓർമ്മയേ വരുന്നുണ്ടായിരുന്നുള്ളൂ. താൻ ഇടയ്ക്ക് മറ്റൊരു കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അനിതയ്ക്കുണ്ടായിരുന്ന സുഹൃത്തായിരുന്നു. എങ്കിലും കണ്ട നേരിയ ഓർമ്മ.- അനിത തുടർന്നു.. ‘അവൾ ഇവിടെ അടുത്തായിരുന്നു താമസിച്ചിരുന്നത്. അവൾ ഇവിടെ വരികയും ഞാൻ അവളുടെ വീട്ടിൽ പോവുകയും ഒക്കെ ചെയ്യുമായിരുന്നു. അവൾ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു! എന്തോ ഫാമിലി പ്രോബ്ലം ആയിരുന്നു. എനിക്കു കുറെ ദിവസം രാത്രി ഒറ്റയ്ക്ക് വെളിയിലിറങ്ങാനും മുറികലിലൊക്കെ കയറാനും ഒക്കെ ഭയമായിരുന്നു നീനേ..’ നീന വിശേഷങ്ങൾ എല്ലാം കേട്ട് നിശ്ചലയായി നിന്നു.
ഒരുപാട് വിശേഷങ്ങളുണ്ട്.. അനിതയ്ക്ക് തന്നോട് പങ്കുവയ്ക്കാൻ അതിന് ഈ കുറച്ചു സമയം പോരാതാനും..
‘തിരിച്ചു ചെന്ന് ഇടയ്ക്കിടെ ഫോൺ ചെയ്യാം.. അല്ല, കത്തുകൾ എഴുതാം..’ എന്നു പറഞ്ഞ് പിരിയുമ്പോൾ വലിയ ഒരു നഷ്ടം നികത്തിയ പ്രതീതി! കൂറെ നാളായി കാണണം എന്നു കരുതിയ ഒരു കൂട്ടുകാരിയായിരുന്നു.. പക്ഷെ, തനിക്കിനി പഴയപോലെ കത്തുകൾ എഴുതാനാകുമോ?!
പഴയ നീനയല്ല ഇത്.. ഒരുപാട് മാറിയിരിക്കുന്നു.. എങ്കിലും വിളിക്കണം.. പറ്റുമെങ്കിൽ കത്തുകളും എഴുതി നോക്കണം..
(അടുത്ത ലക്കത്തിൽ മറ്റൊരു കഥയുമായി..തുടരും...)
‘അച്ഛാ.. ഞങ്ങൾ മാമനോടൊത്ത് പോയി 2012 സിനിമ കണ്ടു!’
‘എങ്ങിനെയുണ്ടായിരുന്നു?’
ലോകം അവസാനിക്കുന്നതിനെപ്പറ്റിയുള്ള ഒരു സിനിമ. അധികവും ഗ്രാഫിക്സ് (വാക്ക് ശരിയായോ) ചേർത്ത്, അതിഭാവുകത്വത്തിൽ..
ഇളയ കുട്ടി: ശരിക്കും 2012 വിൽ ലോകം അവസാനിക്കുമെന്ന് കരുതുന്നുണ്ടോ?
പെട്ടെന്ന് അച്ഛൻ : ഇല്ല. അമ്മയെപ്പോലെ 1000 ആളുകൾ കൂടി ഉണ്ടായ ശേഷമേ ലോകം അവസാനിക്കൂ... (ചിരിക്കുന്നു)
അമ്മ: (ചിരിച്ചുകൊണ്ട്) ലോകം ഒരിക്കൽ അവസാനിക്കുമായിരിക്കും. പക്ഷെ 2012 വിൽ ഒന്നും അവസാനിക്കില്ല. അവസാനിക്കുന്നെങ്കിൽ വളരെ സാവധാനം ആയിരിക്കും.. ഭൂമിയുടെ ടെമ്പറേച്ചർ ഒക്കെ വ്യത്യാസപ്പെട്ട്, വ്യത്യാസപ്പെട്ട്, പണ്ട് ഡൈനോസർ ഒക്കെ എസ്റ്റിങ്ഗ്യൂഷ് ചെയ്തില്ലേ, അതുപോലെ ഓരോ ജീവികളായി ഇല്ലാതായി ഇല്ലാതായി, മനുഷ്യരുടെ എണ്ണവും കുറഞ്ഞ് കുറഞ്ഞ് ഒടുവിൽ മരുഭൂമിപോലെയായി മാറും.
അച്ഛൻ: ഹാ.. ഹാ..അമ്മയുടെ ബുദ്ധി കണ്ടോ! ഞാൻ പറഞ്ഞില്ലേ, അമ്മയെപ്പോലെ ഇനി ഒരു 1000 പേർ കൂടി ഉണ്ടായ ശേഷമേ ലോകം അവസാനിക്കൂന്ന്!
ടി. വിയിൽ ഐഡിയ സ്റ്റാർ സിങ്ങർ തകർത്തുവച്ച് നടക്കുന്നു. രഞ്ജിനി ഹരിദാസ് പഴയതിലും വലിയ പ്രൌഢിയോടേ..
അമ്മ: “രജ്ഞിനി ഇതിനായി ജനിച്ച ഒരു അവതാരം തന്നെ സംശയമില്ല!. ആരെന്തുപറഞ്ഞാലും ഒരു കൂസലുമില്ല!”
ഇതിനിടെ ലക്ഷ്മി ഗോപാലസ്വാമിയുടെ ബ്രോക്കൺ മലയാളത്തിൽ ആകൃഷ്ടരായ കുട്ടികൾ ചിരിക്കുന്നു.
‘നിങ്കളുടെ പാട്ട് കേട്ടാൽ എനിക്ക് ഒരു ‘പത്തി’ കൊടുക്കാൻ തോന്നും’. (എന്നിട്ട് ഭാഗ്യത്തിന് ചിരിക്കുന്നു! അല്ലെങ്കിൽ കരുതിയേനെ പാട്ടുകേട്ടപ്പോൾ ഒരു അടികൊടുക്കാൻ തോന്നി എന്ന്!) ഇതൊന്നും അറിയാതെ, ലക്ഷ്മി ഗോപാലസ്വാമി തുടരുന്നു.. ‘പക്ഷെ ഞാൻ ഒരു ‘എട്ടി’ കൊടുക്കും..’
മക്കൾ ചിരി തടുത്തു നിർത്താനാകാതെ പൊട്ടിച്ചിരിക്കുന്നു. (ഞങ്ങളുടെ മലയാളം എത്രയോ ബെറ്റർ എന്ന ആശ്വാസമാകും)
ശാലിനി (അമ്മ) തിരുത്തി, “ലക്ഷ്മി ശരിക്കും മലയാളിയല്ല, ‘കന്നട’യോ മറ്റോ ആണ്. അതാ മലയാളം ഇങ്ങിനെയാകുന്നത്. പക്ഷെ, നല്ല ഭംഗി അല്ലെ കാണാൻ?!”
അപ്പോൾ നന്ദൻ (അച്ഛൻ) ഒരു പഴയ കഥ പറയുന്നു,
തന്റെ ഒരു മലയാളി കൂട്ടുകാരന്റെ ഭാര്യ തമിഴ് നാട്ടിൽ ജീവിച്ചപ്പോൾ ഉണ്ടായ അനുഭവം വിവരിക്കുന്നു..
കൂട്ടുകാരന്റെ ഭാര്യ രാവിലെ തനിച്ച് തൊട്ടടുത്ത മാർക്കറ്റിൽ പോകുന്നു. തിരക്കുള്ള വഴിയേ നടക്കുമ്പോൾ പുറകേ വരുന്ന തമിഴർ തമിഴർ ‘വ-വിട്, കൊഞ്ചം വ-വിട്.. (വഴി വിട്) അമ്മാ.. എന്നും പറഞ്ഞ് കൂടെ..
കുറെയായപ്പോൾ മലയാളി വീട്ടമ്മ ആകെ നാണം കെട്ട്, ഒന്നും വാങ്ങാതെ, തീരിച്ച് വീട്ടിലെത്തി ഭർത്താവിനോട് വിവരം പറയുമ്പോഴാണ് അവരുടെ വഴിയും നമ്മുടെ വഴിയും തമ്മിലുള്ള വ്യതാസം മനസ്സിലായത്.
എല്ലാവരും ചിരിക്കുന്നു.
പെട്ടെന്ന് ശാലിനി: “തമിഴർക്ക് ഇനിയും ചില വാക്കുകളുണ്ട്, ‘ ചാറ്റൽ നിന്നുപോയി’ എന്ന് തമിഴിൽ എങ്ങിനെയാണ് പറയുന്നതെന്നറിയാമോ?!
നന്ദൻ ഉടൻ: ഞാൻ പറഞ്ഞില്ലേ, അമ്മയെപ്പോലെ ഇനിയും 1000 പേർ കൂടി ജനിച്ചാലേ ഭൂമി അവസാനിക്കൂന്ന്..!
മക്കൾ ചിരിക്കുന്നു..
എം ജി ശ്രീകുമാറിന്റെ കണ്ണുകൾ കണ്ടോ.. ഒരു പ്രത്യേകതയില്ലേ?
അച്ഛൻ: മക്കളേ നിങ്ങൾക്ക് അച്ഛനെയാണോ മാമനെയാണോ ഇഷ്ടം?
മക്കൾ: അച്ഛനു പകരം അച്ഛനേ ഉള്ളൂ, മാമനു പകരം മാമനും.
അമ്മ: അതുപിന്നെ മാമന്റെ സ്നേഹം അച്ഛന്റെ സ്നേഹത്തിനു പകരം ആവുമോ? സ്വന്തം മക്കളെയും ഭാര്യയെയും ഒക്കെ സ്നേഹിക്കുന്നതിനിടയിൽ പാവം ഞങ്ങളെക്കൂടി സന്തോഷിപ്പിക്കാൻ ശ്രമിച്ചു.
അച്ഛൻ: അപ്പോൾ പിന്നെ അവിടെ അങ്ങ് നിന്നോളാഞ്ഞതെന്തേ?!
മക്കളും അമ്മയും തമ്മിൽ തമ്മിൽ നോക്കുന്നു, ‘ഒരു അച്ഛന്റെ; ഭർത്താവിന്റെ; അഭാവം തങ്ങളുടെ യാത്രയിലും ജീവിതത്തിലും ഉൾക്കൊള്ളുന്നത്’ നിശബ്ദരായി അംഗീകരിച്ച് പരസ്പരം നോക്കുന്നു.. ഈ നഷ്ടങ്ങൾ അറിയാൻ അച്ഛൻ മിനക്കെടുന്നും ഇല്ലല്ലൊ!
ഇതിനിടയിൽ അച്ഛൻ അടുത്ത ദിവസം എന്തൊക്കെ ചെയ്യണമെന്ന കാൽക്കുലേഷൻസിൽ പെട്ടു പോയീ..
ഈ കൂടിച്ചേരലിനിടയിൽ എപ്പോഴോ ഉടലെടുത്ത അസൂയയും(?) (താനില്ലാതെയും ഇവർ സന്തോഷിച്ചു എന്ന തോന്നലോ?! മനുഷ്യ മനസ്സ് ദുരൂഹം!) പിന്നെ പിറ്റേന്നു രാവിലെ കാണിച്ച ഡിപ്രഷനിൽ വെറുപ്പും ഉണർന്നപ്പോൾ കഥ മാറിപ്പോയീ...
[ഇന്നലത്തെ കഥവായിച്ച് ആർക്കെങ്കിലും ബോധക്ഷയം ഉണ്ടായെങ്കിൽ അതിൽ നിന്നുണരാനായി അല്പം കൂടി ബെറ്റർ ആയ ഒരു കഥ..]
Categories
- ഓട്ടോഗ്രാഫ് (40)
- ചെറുകഥ (54)
- ജീവിതം (62)
- നിര്‍വ്വചനമില്ല (42)
- പാചകം (3)
- ഫോട്ടങ്ങള് (12)
- ബ്ലോഗും ജീവിതവും (69)
- വേറെ കുറെ (16)