കുറച്ചു ദിവസങ്ങള്‍ സത്യവതിയോടും സുവര്‍ണ്ണലതയോടും ബകുളിനോടും കൂടെയായിരുന്നു..(ആശപൂര്‍ണ്ണാദേവിയുടെ നായികമാരോടൊപ്പം). വായിച്ചു തീര്‍ന്നപ്പോള്‍ ഒരു ശൂന്യതാബാധം! അതു നികത്താനായി ഒരു ദേശത്തിന്റെ കഥ വായിച്ചു തുടങ്ങി.. അതിരാണിപ്പാടത്ത് എത്തി നില്‍ക്കുന്നു.. ഇനി കുറച്ചു ദിവസങ്ങള്‍ അവരൊടെപ്പം ജീവിക്കാം...!
എഴുതാന്‍ സമ്മതിക്കാതെ ഒരു കൊതുക് ചുറ്റിനും വലം വയ്ക്കുന്നു.. എങ്കിപ്പിന്നെ അതിനെപ്പറ്റിയാകാം ഇന്നത്തെ കഥ!
ഒന്നു രണ്ട് വരി എഴുതുമ്പോഴേക്കും പതുങ്ങി വന്ന് കാലില്‍ ഒരു കടി, എന്നിട്ട് ഒറ്റ പറക്കല്‍. എന്റെ ‘ബാറ്റുമായി’ ഞാന്‍ കാത്തിരിക്കുന്നു!. കൊതുകിനെ പിടിക്കാന്‍ ഒരു ബാറ്റുണ്ട്, കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ അതായിരുന്നു ഒരു വലിയ സന്തോഷം/ അല്‍ഭുതം!
നാട്ടിലെത്തി ആദ്യരാത്രി ഞാനും മകളും കൂടി ഞങ്ങളുടെ മുറിയിലും അച്ഛനും അമ്മയും അവരുടെ മുറിയിലും കയറി അല്പം കഴിഞ്ഞപ്പോള്‍ അമ്മയുടെ മുറിയില്‍ നിന്നും പട്ടാസു പൊട്ടുന്നപോലെ പട പടാ ശബ്ദം! അമ്മയിനി കൊച്ചു മക്കളെയൊക്കെ കണ്ട സന്തോഷത്തില്‍ മതിമറന്ന് പട്ടാസ് പൊട്ടിക്കുകയാണോ?!വട്ടായോ?! ഓടിച്ചെന്നു നോക്കിയപ്പോള്‍ അമ്മ ഒരു ബാറ്റുമായി കട്ടിലില്‍ എഴുന്നേറ്റിരുന്ന് കളിയോട് കളി! ഇതെന്തു മറിമായം! ഇങ്ങനേ ഒരു കളിയുണ്ടോ?! ഇനി കേരളം വികസിച്ചു വികസിച്ചു വയോജനങ്ങളുടെ ബോറഡി മാറാനോ, മാനസിക ഉല്ലാസത്തിനോ വേണ്ടി കണ്ടുപിടിച്ചതായിരിക്കുമോ ഈ കളി! ഇപ്പോള്‍ എല്ലാം ഇമാജിനേഷന്‍ അല്ലെ, കൂടെ കളിക്കാന്‍ ആരുമില്ല. അച്ഛന്‍ സ്വസ്ഥമായി കിടക്കുന്നു..
“അമ്മേ എന്തുപറ്റി?! ബാറ്റു കളിക്കുന്നോ?” ( പക്ഷെ അമ്മ ശരിക്കും ബാഡ്മിന്റന്‍ ഒക്കെ കളിക്കും ട്ടൊ! അതു വേറൊരു കഥ)
“അല്ല, നശിച്ച കൊതുകാരണം ഉറങ്ങാന്‍ പറ്റുന്നില്ല. അതിനിടയില്‍ അമ്മ ബാറ്റ് വീണ്ടും ശൂന്യതയില്‍ വീശി. അപ്പോള്‍ പട പടാ ശബ്ദം വീണ്ടും കേട്ടു!
ഞാനും മോളും അല്‍ഭുതത്തോടെ ‘മലയാളീസിന്റെ ആ കണ്ടുപിടിത്തം’ നോക്കി വണ്ടറടിച്ചു നില്‍ക്കുമ്പോള്‍, ‘ഇന്നാ വേണമെങ്കില്‍ ഇതെടുത്തോ എനിക്ക് ഇനി ഒന്നുകൂടിയുണ്ട്’ എന്നും പറഞ്ഞ് വച്ച് നീട്ടി!
കേള്‍ക്കാത്ത താമസം ഞാന്‍ ഓടി ചെന്ന് ഭക്തിപുരസ്സരം ബാറ്റ് വാങ്ങി. എന്റെ കയ്യില്‍ നിന്നും അധികം ഭക്തിയൊന്നും ഇല്ലാതെ തന്നെ അത് മകള്‍ കയ്ക്കലാക്കി..അവള്‍ ഓടി മുറിക്കകത്തു കയറി കട്ടിലിനു ചുറ്റിനും തലങ്ങും വിലങ്ങും വീശിയപ്പോള്‍ കേട്ട പട പടാ ശബ്ദത്തില്‍ അവള്‍ അവളുടെ നാടു വിട്ട അങ്കലാപ്പൊക്കെ മാറി സുസ്മേരവദനയായി. ഞാന്‍ ആശ്വസിച്ചു.. ഇത്തവണത്തെ വരവ് വെറും ബോറായിരിക്കില്ല. അറ്റ് ലീസ്റ്റ് മകളെങ്കിലും എന്‍ജോയ് ചെയ്തോളും . ഞങ്ങള്‍ പോകുന്നതുവരെ കൊല്ലാന്‍ ഇഷ്ടം പോലെ കൊതുക്കള്‍ വന്നോളും. കൊതുകിനാണോ ദാരിദ്യം!
തിരിച്ചു വരുമ്പോള്‍ ഞങ്ങളുടെ ബോറഡി മാറ്റിയ ആ അല്‍ഭുത വസ്തുവിനെ ഭദ്രമായി പൊതിഞ്ഞു കെട്ടി ഇവിടെ എത്തിച്ചു. ഇവിടെ ഒരു പ്രശ്നം എന്തെന്നാല്‍ കൊതു ചില ദിവസങ്ങളിലേ ഉണ്ടാവൂ.. അതെന്നാണെന്ന് കൃത്യമായി ഇനിയും കണ്ടുപിടിച്ചിട്ടില്ലാ താനും! അങ്ങിനെ ഞങ്ങള്‍ ആയുധം വച്ച് കാത്തിരുന്നു.. കേരളത്തിലെ അല്‍ഭുതം ഇവിടെയും പ്രാവര്‍ത്തികമാക്കാന്‍..
ഒടുവില്‍ ആ സുദിനം വന്നെത്തി. ഒരു ഞായറാഴ്ച്ച സന്ധ്യക്ക് കൊതുകള്‍ ഒന്നൊന്നായി വരവായി.. കൊതുകുവരാതായപ്പോള്‍ ആയുധത്തിന്റെ കാര്യം മറന്നുപോയ മകള്‍ പെട്ടെന്ന് ഓര്‍ത്തു..
‘അമ്മേ നമ്മള്‍ ഇന്ത്യയില്‍ നിന്നും കൊണ്ടു വന്ന ബാറ്റ്..?’
‘ഏതു ബാറ്റ്?’
‘കൊതുകിനെ പിടിക്കുന്ന ബാറ്റ്!’
ഇതു കേട്ട് അവളുടെ അച്ഛന്‍ മിഴിച്ചു നോക്കി. അതുകണ്ടപ്പോള്‍ എനിക്കും ഉത്സാഹമായി!
സകലകലാവല്ലഭനെ കാട്ടാന്‍ ഒരു അല്‍ഭുതം ഞങ്ങള്‍ക്കും ഉണ്ടല്ലൊ എന്ന ഒരു ത്രില്ലില്‍ ഓടിപ്പോയി ബാറ്റെടുത്ത് മകളെ ഏല്പിച്ചു. അവള്‍ ചുറ്റിനും കൂടിയ കൊതുകുകളെ അങ്ങിനെ ടപ്, ടപ് എന്നും പറഞ്ഞ് പൊട്ടിച്ചു രസിക്കാന്‍ തുടങ്ങിയപ്പോള്‍, സകലകലാ വല്ലഭന്‍ ചോദിച്ചു,
‘അതു കൊള്ളാമല്ലൊ! അത് കൊതുവായിരിക്കില്ല!!’ ( ഇതൊക്കെ ഒരു നമ്പര്‍ ആണ്, ആദ്യം ഇന്നസന്റ് ആയി അഭിനയിക്കും നമ്മുടെ പ്രത്യേകത എന്തെന്നു മനസ്സിലാക്കി അത് സ്വന്തം നിയന്ത്രണത്തിലാകും വരെ തുടരും ഈ ഇന്നസന്‍സ്)
‘അത് കൊതുക് തന്നെയാണ് ’ മകള്‍ പറഞ്ഞു
ഞാനും ഏറ്റു പറഞ്ഞു, ‘അതെ കൊതുകാണ്.’
‘അല്ല! എങ്കില്‍ ഞാന്‍ നോക്കട്ടെ?’
ഞങ്ങള്‍ അപ്പ്രൂവലിനുവേണ്ടി ബാറ്റ് കയ്യില്‍ കൊടുത്തു.. പിന്നെ ഒരു മേളമായിരുന്നു..!! യജമാനന്‍ ആ ബാറ്റും കൊണ്ട് സാക്ഷാല്‍ യുദ്ധം ആരംഭിച്ചു. വീടുമുഴുവന്‍ ഓടിനടന്ന് അടിയോടടി.. ആകപ്പാടെ ഒരു പടപടാ ശബ്ദം ..അകത്തും മുഴുവന്‍ തീര്‍ത്തശേഷം പോരാഞ്ഞ് വെളിയിലിറങ്ങി അടിതുടങ്ങി
ചായയിടാന്‍ പോയ ഞാനും, ഇതിനകം കളി അച്ഛനു കൈമാറിയ ശൂന്യതയില്‍ മകള്‍ ഹോംവര്‍ക്കും ചെയ്തു തുടങ്ങിയിരുന്നു. വെളിയില്‍ പടാ പടാ എന്നൊക്കെ കേള്‍ക്കുന്നു. അദ്ദേഹം ഉള്ള ചെടികളും മരങ്ങളും ഒക്കെ ഇളക്കി അങ്ങിനെ ആര്‍മാദിച്ച് തകര്‍ക്കുകയാണ്. ഒടുവില്‍ ക്ഷീണിച്ച് അവശനായി ബാറ്റുമായി തിരിച്ചെത്തി.
‘ഈ രാജ്യത്തെ കൊതുകിനെ മുഴുവന്‍ നശിപ്പിച്ചൊ?!!’ - ഞാന്‍
‘ബാറ്റെവിടെ?’ എന്റെ ഉള്ളൊന്ന് ആളി! ദൈവമേ അത് നശിപ്പിച്ചോ!
‘ഓ! ഇതിനെന്തോ കുഴപ്പമുണ്ട്’ -അദ്ദേഹം
‘അതുപിന്നെ ഇത്രേം പാടുണ്ടോ?! അതു പാഴിക്കളഞ്ഞു !!’(ഞാന്‍ പരിതപിച്ചു)
‘ഞാനൊന്നും ചെയ്തില്ല.’ (നിസ്സഹായത!)
അങ്ങിനെ അതോടെ ബാറ്റ് കളി അവസാനിച്ചു.
പിന്നെ ആരെങ്കിലും നാട്ടില്‍ നിന്നു വരാന്‍ കാത്തിരുന്നു. ഒടുവില്‍ ഒരു ബന്ധു ബാറ്റു കൊണ്ടു തന്നപ്പോള്‍ ഗൃഹനാഥനെ നോക്കി പറഞ്ഞു.., ‘പാടില്ല പാടില്ല നമ്മെ നമ്മെ , പാടെ മറന്നൊന്നും ചെയ്തു കൂടാ..’
യജമാനന്റെ മുഖത്ത്, എന്തുകൊണ്ടോ, ഒരല്പം ജാള്യത മിന്നി മറയുന്നത് കണ്ടപ്പോള്‍ ആശ്വാസമായി
അപ്പോള്‍ ഈ ബാറ്റ് രക്ഷപ്പെട്ടൂ..
അങ്ങിനെ ഒടുവില്‍ കിട്ടിയ രണ്ടു ബാറ്റുകളുമായാണ് ബ്ളോഗെഴുത്തും വായനയും ഒക്കെ. ബാറ്റ് വീശാന്‍ ഒരല്പം മറന്നാല്‍ കൊതുക് ഏതെങ്കിലും വശത്തൂടെ വന്ന് കടിക്കും! ‘കൊതുവേ നീയും നാട്ടിലെ ഐറ്റിയും ഐ ഐ റ്റിയും ഒക്കെയാണോ?! എന്തൊരപാര ബുദ്ധി!! സമ്മതിച്ചു തരാതെ നിര്‍വ്വാഹമില്ലാ..’
അങ്ങിനെ ഞാന്‍ ബാറ്റുമായി കാത്തിരിക്കുന്നു.. കൊതുകു പാത്തും പതുങ്ങിയും കടിച്ചേച്ച് കൂളായി അങ്ങ് പറന്നുയരുന്നു..
ഈ കൊതുകുബാറ്റിന്റെ കാര്യം എഴുതിയപ്പോള്‍ ആത്മയ്ക്ക് പണ്ട് നടന്ന മറ്റൊരു സംഭവം ഓര്‍മ്മ വരുന്നു..ഒരു ഈരുകൊല്ലിയുടെ കഥ!( ഈര് എന്നു പറയുന്നത് പേനിന്റെ മുട്ടയാണ് ട്ടൊ)അത് അടുത്ത പോസ്റ്റില്‍...
എന്റെ തീരെ ചെറുതിലേ.. ഒരു 7, 8 വയസ്സൊക്കെ വരും.. ഞങ്ങള്‍ ഒരു മുസ്ലീം വീട്ടില്‍ ട്യൂഷനു പോകുമായിരുന്നു. 8 പെണ്മക്കളുള്ള ഒരു കുടുബം. പക്ഷെ, ഇത്രയും സ്നേഹത്തോടെയും ഒത്തൊരുമയോടെയും ജീവിക്കുന്ന ഒരു വീട് വേറേ കാണില്ല. ഓരോ പെണ്മക്കളും അച്ചടക്കം, വിനയം, വിദ്യാഭ്യാസം എന്നീ ഗുണങ്ങളുടെ വിളനിലമായിരുന്നു. അവരുടെ ബാപ്പ സ്വന്തം പുരയിടവും വയലും ഒക്കെ കൃഷിചെയ്താണ് മക്കളെയൊക്കെ പഠിപ്പിച്ചു വലുതാക്കിയത്. എല്ലാ മക്കള്‍ക്കും ജോലിയുമായി.. അന്ന് മക്കളൊക്കെ പഠിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു..
ശനിയാഴ്ചയും ഞായറാഴ്ചയും ദിവസങ്ങളില്‍ ആത്മയും സഹോദരനും കൂടി സ്ലേറ്റും പുസ്തകങ്ങളുമൊക്കെയായി, മലകയറി, ആരുഭാ സാറിന്റെ വീട്ടില്‍ ചെല്ലും.. പഠിക്കും..കഥകളൊക്കെ കേള്‍ക്കും.. അവരുടെ ഒത്തൊരുമകളൊക്കെ കാണും.. അവരുടെ തൊടിയിലൊക്കെ ചുറ്റിനടന്ന് പുതിയ മരങ്ങളും പൂക്കളും തുമ്പികളും കാണും, കുഴിയാനയെയും തുമ്പിയെയും ഒക്കെ പിടിച്ചു രസിക്കും..
അങ്ങിനെ ഇരിക്കെ, ഒരു ദിവസം ആരുഭാ സാറ് പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ സാറിന്റെ ഉമ്മ
ഇളയ മകളെ അടുത്തു പിടിച്ചിരുത്തി പേന്‍കൊല്ലല്‍ തുടങ്ങി. അന്നത്തെ പഠിത്തം അവസാനിച്ചിരിക്കുകയായിരുന്ന ആത്മ കൌതുകത്തോടെ അതും നോക്കിയിരുന്നു.. (ആത്മയ്ക്ക് അന്നും വലിയ മിണ്ടാട്ടമൊന്നും ഇല്ല, പ്രത്യേകിച്ചും ടീച്ചേര്‍സ്, അപരിചിതര്‍, നഗരവാസികളെയൊക്കെ കണ്ടാല്‍ പിന്നെ വാതുറന്നു വല്ലതും പറഞ്ഞാല്‍ അത് ഗ്രാമര്‍ മിസ്റ്റേക്ക് വരുത്തുമോ, എന്നൊരു ഭയം വന്ന് മൂടും! അതുകൊണ്ട് അളന്നു മുറിച്ചേ വല്ലതും പറയൂ.. ആത്മക്ക് അന്നേ പ്രത്യേകതയുള്ള/മസിലുപിടിച്ചു നടക്കുന്ന മനുഷ്യരെ ഭയങ്കര ഭയമായിരുന്നു. പക്ഷെ ഈ മനുഷ്യര്‍ ഭയക്കേണ്ടവരല്ലെന്നൊരു തോന്നല്‍.. സ്നേഹം മാത്രം നിറഞ്ഞു നില്‍ക്കുന്ന അന്തരീക്ഷം! )
ഉമ്മ തകര്‍ത്ത് പിടിച്ച് ഈരു കൊന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത് വണ്ടറടിച്ച് ഉണ്ടക്കണ്ണുമായി ആത്മ കുറേ നേരം ഇരുന്നു.. ആത്മ ശ്രദ്ധിക്കുന്നുണ്ടെന്നു കണ്ട് ഉമ്മ കുറേക്കൂറി ഉശിരോടെ ഈരിനെ കൊല്ലാന്‍ തുടങ്ങി.. ആത്മ നോക്കിയപ്പോള്‍ തടികൊണ്ടുള്ള ഒരു കൊച്ചു ഈരുകൊല്ലി, അത് ഒന്നല്ല, രണ്ടല്ല നൂറുകണക്കിനു ഈരുകളെയാണ് ഞെരുഞെരാ തകര്‍ക്കുന്നത്! അതും ആരും കാണാനാകാതെ മുടികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഈരുകളെ! ആത്മയ്ക്ക് അത് ഒരു മഹാസംഭവം ആയി തന്നെ തോന്നി. ഈരുകൊല്ലിയെ അഭിനന്ദിക്കാതെ നിര്‍വ്വാഹമില്ല. പക്ഷെ അകലത്തല്ലാതെ ടീച്ചര്‍ അനിയനെയും മറ്റും പഠിപ്പിച്ചു കൊണ്ട് ഇരിക്കുകയും ആണ്. ഒടുവില്‍ ധൈര്യം സംഭരിച്ച്, ഒരു വാചകം തിരിച്ചും മറിച്ചും ഒക്കെ മനനം ചെയ്ത ശേഷം, വെളിയില്‍ നിക്ഷേപിക്കാനുള്ള ഒരു തയ്യാറെടുപ്പൊക്കെ തടത്തിയശേഷം ധൈര്യ സമേധം തട്ടിവിട്ടു!
“എന്നാലും ഈ ഈരോല്ലി ഒരു മിടുക്കന്‍ തന്നെ!”
അവരെല്ലാം കൂടി ആര്‍ത്തു ചിരിക്കാന്‍ തുടങ്ങി! പിന്നെ പഠിപ്പിച്ചുകൊണ്ടിരുന്ന ഗൌരവക്കാരിയായ ആരുഭാസാറും ചിരിച്ചുതുടങ്ങി..
രണ്ടു സെന്റന്‍സ് ചേര്‍ത്ത് ആത്മവിശ്വാസത്തോടെ പറയാന്‍ പ്രയാസപ്പെട്ടിരുന്ന ആത്മ അങ്ങിനെ ആദ്യമായി തനിക്ക് ഫലിതം പറഞ്ഞ് ചിരിപ്പിക്കാനുള്ള കഴിവുണ്ടെന്നറിഞ്ഞ പുളകിതയായി അഭിമാനപൂര്‍വ്വം തലകുനിച്ചു! പിന്നീട് ആ ഉമ്മ ആത്മയെ കാണുമ്പോഴൊക്കെ സ്നേഹപൂര്‍വ്വം ചിരിച്ചോണ്ട് പറയും, “എന്നാലും ഈ ഈരോല്ലി ഒരു മിടുക്കന്‍ തന്നെ”.
ബാലകൃഷ്ണക്കുറുപ്പുസാറിന്റെ മകന്‍ നന്ദന്‍, ആത്മ ആരുഭാ സാറിന്റെ തോട്ടത്തില്‍ നിന്നും പറിച്ച് സ്നേഹപൂര്‍വ്വം സമ്മാനിച്ച കുഞ്ഞ് നാരങ്ങ, സ്വന്തം മൂക്കില്‍ വലിച്ചു കയറ്റി വലിയ സംഭവം ആക്കിയതും ഇവിടെ വച്ചായിരുന്നു..
അത് പിന്നീട്‍...
[ഈ പോസ്റ്റിന്റെ കമന്റ് ഇവിടെ യുണ്ട്. പിന്നീട് മൂന്നു പോസ്റ്റാക്കി മാറ്റിയതാണ്]
ഈ ബ് ളോഗ് കേരള കൌമുദി വാരികയില്‍ വന്നു ട്ടൊ, ലിങ്ക് ഇവിടെ. ഇതിന്റെ പിന്നണിയില്‍ പരിശ്രമിച്ച മൈത്രേയിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി ഈ പോസ്റ്റിലൂടെ അറിയിച്ചോട്ടെ.
മൈത്രേയിയുടെ ബ്ലോഗുലകം എന്ന് ബ്ലോഗു വഴിയാണ് ഈ വാര്‍ത്ത ഞാന്‍ അറിഞ്ഞത്! ഇനിയും ധാരാളം നല്ല നല്ല ബ് ളോഗുകള്‍ ബ് ളോഗുലകം കണ്ടുപിടിച്ച് പ്രസിദ്ധീകരിക്കട്ടെ എന്ന്
ആശിക്കുന്നു...
സന്തോഷമായാലും ദുഃഖമായാലും അതുമായി പൊരുത്തപ്പെടാന്‍ അല്പം സമയം വേണം. പൊരുത്തപ്പെട്ടു വരുമ്പോഴേക്കും സംഭവങ്ങളൊക്കെ ആത്മയെ കടന്ന് ബഹുദൂരം പോയിട്ടുണ്ടാകും.. കൂട്ടത്തില്‍ ഒരു പനിയും വന്നു പിടിച്ചു അതുകൊണ്ട് നന്ദി എഴുതാനും വൈകിപ്പോയി, ക്ഷമിക്കുമല്ലൊ,
[അഭിനന്ദന കമന്റുകളൊക്കെ ഈ പോസ്റ്റില്‍ ഉണ്ട് ട്ടൊ,]
രാവണ്‍ സിനിമ കണ്ടു. സിനിമ കണ്ടതുകൊണ്ടോ എന്നറിയില്ല മനസ്സിനും ഹൃദയത്തിനും ഒക്കെ ഒരു വല്ലാത്ത ചാഞ്ചല്യം! അതിലെ നായികാ നായകന്മാരുടെ അഭിനയം ഹൃദയത്തില്‍ എവിടെയൊക്കെയോ തട്ടിക്കാണും! ഇനി അതു കണ്ടുപിടിച്ചാലല്ലെ, ഓരോന്നായി എടുത്തുമാറ്റാനാവൂ.. ആത്മേ.. അതൊക്കെ വെറും സിനിമ..ജീവിതം റേ.. സിനിമ റേ എന്നൊക്കെ പറഞ്ഞ് ആത്മയെ പഴയ ഇരുമ്പു മനുഷിയാക്കിയാലേ ഈ ഭൂമിയില്‍ ആത്മയ്ക്ക് ജീവിക്കാനാവൂ.
വിക്രമിന്റെ അഭിനയം അഭിനയം എന്നൊക്കെ പറഞ്ഞ് ആളുകള്‍ പാരാട്ടുമ്പോള്‍ പണ്ടൊക്കെ ഈ തമിഴര്‍ എന്തൊരു വിഡ്ഡികള്‍ എന്നൊക്കെ തോന്നിയിരുന്നു. ആത്മ വിക്രമിന്റെ അഭിനയം ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ് അത്തരത്തില്‍ ഒരു തെറ്റായ വിചാരം കടന്നു കൂടിയത് എന്ന് ഇന്ന് മനസ്സിലായി. വിക്രം ശരിക്കും രാവണന്‍ ആയി ജീവിക്കുകതന്നെയായിരുന്നു..!
രാമായണ കഥയിലെ, സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി കെട്ടിയിടുന്ന രംഗത്തില്‍ നിന്നും സിനിമ ആരംഭിക്കുന്നു. ആലംബമില്ലാതെ അലമുറയിട്ട് കരയുന്ന കോപാകുലയായ സീത. പ്രതികാരദാഹിയായ രാവണ്‍ പകപോക്കലിന്റെ സുഖത്തോടെ സീതയെ നോക്കുമ്പോള്‍ ആപ്രതീക്ഷിതമായി പൊടുന്നനവെ സീത താഴെ അഗാധമായ കൊക്കയിലേക്ക് ചാടുന്നു. ആ സാഹസികത രാവണനെ സ്തബ്ദനാക്കുന്നു.. പിന്നെ ചഞ്ചലചിത്തനാക്കുന്നു. പ്രതികാരചിന്തയില്‍ നിന്നും ഒരല്പം മാറി, നിരപരാധിയായ ഒരു സ്ത്രീ മരിക്കുന്നു എന്ന ഒരു ചിന്ത വരുന്നു. നോക്കുമ്പോള്‍ സീത മരക്കൊമ്പില്‍ തങ്ങി മരിക്കാതെ താഴെ വെള്ളത്തില്‍ വീഴുന്നു; ആ നിമിഷവും സീതയില്‍ കത്തിക്കാളുന്ന ദേഷ്യം/ധീരത/പാതിവ്രത്യം.. അത് രാവണനെ സീതയുടെ മേല്‍ ഇഷ്ടം തോന്നിപ്പിക്കുന്നു. പിന്നീട് അവളുടെ ഓരോ എതിര്‍പ്പും രാവണനു ഹരമാകുന്നു.പരസപരം കുറ്റപ്പെടുത്തി കഴിയുന്ന അവരില്‍ പതിയെ മതിപ്പ്/സ്നേഹം നാമ്പിടുന്നു..
ഒന്നു രണ്ടിടങ്ങളില്‍ രാവണനില്‍ ഉള്ള ഏകാന്തതയും അയാളുടെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ ആഗ്രഹവും ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ വിക്രം നമ്മുടെ മുന്നില്‍ അഭിനയിച്ച് കാട്ടുന്നു!! അവിടെ ഡയലോഗോ പാട്ടുസീനോ ഒന്നും ഇല്ലായിരുന്നു. വെറും പ്രകൃതിയും/വിജനതയും, ഒരു പുരുഷനും, അവന് ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയും മാത്രം!
അത് ഡയറക്റ്ററുടെയും വിക്രമിന്റെയും ഒരു മാനസിക പൊരുത്തമായി അതിശയിപ്പിച്ചു.
രാവണന്റെ സഹോദരിയെപ്പോലൊരു പെണ്‍കുട്ടിയെ പോലീസുകാര്‍ നശിപ്പിച്ച പ്രതികാരമാണ് രാവണനെ സീതയെ തട്ടിക്കൊണ്ട് വന്ന് പകരം വീട്ടാന്‍ പ്രേരിപ്പിക്കുന്നത്. രാമായണത്തില്‍ ശൂര്‍പ്പണഘ രാമനാലും ലക്ഷ്മണനാലും അപമാനിപ്പിക്കപ്പെട്ടും മുറിവേറ്റും വന്നതാണല്ലൊ രാവണന് രാമനോട് പകയുണ്ടാവാന്‍ കാരണമാകുന്നത്!
ഇവിടെ ഹനുമാനു പകരം കാര്‍ത്തിക് ദൂതിനു പോകുന്നു. ആ രംഗം കാര്‍ത്തിക് മികവുറ്റതാക്കി. ഒരു സമയം കാര്‍ത്തികിനും പ്രഭുവിനും ഒക്കെ അപ്രധാനമായ റോള്‍ കൊടുത്തതില്‍ വിഷമം തോന്നുകയും ചെയ്തു. അതിനുമാത്രം തന്റെ റോള്‍ നല്ലതാക്കാനാവില്ല നമ്മുടെ പൃഥ്വിരാജിന് എന്ന് തോന്നി ഭയന്നു... പക്ഷെ, പൃഥ്വിരാജ് സാമാന്യം തരക്കേടില്ലാതെ തന്റെ റോള്‍ വിജയിപ്പിച്ചു. പോരാത്തതിനു സിനിമയുടെ പേരു തന്നെ രാവണ്‍ എന്നല്ലെ, അപ്പോള്‍ ഡയറക്റ്റര്‍ ഫുള്‍ അറ്റന്‍ഷനും രാവണന്റെ മികവിനായി പരിശ്രമിച്ചതുകൊണ്ട് രാമന്‍ ശ്രദ്ധിക്കപ്പെടാന്‍ വളരെ പ്രയാസമാകും. പ്രഥ്വിരാജ് തന്നാലാവും വിധം രാമനെ പരാജയപ്പെടുത്തിയില്ല എന്നുവേണം കരുതാന്‍..
യുദ്ധംകഴിഞ്ഞ് രാമന്‍ സീതയെയും കൊണ്ട് തിരികെപ്പോകുമ്പോള്‍ രാവണനെ കൊല്ലാതെ വിജയം യധാര്‍ത്ഥവിജയം ആകുന്നില്ലെന്ന തോന്നല്‍ രാമനെ സീതയില്‍ സംശയാലുവായി അഭിനയിപ്പിക്കുന്നു.. പലതിനും ഉത്തരം തേടി ഒടുവില്‍ സീത രാവണന്റെ അരികില്‍ എത്തുമ്പോള്‍, രാമനും സംഘവും രഹസ്യമായി പിന്തുടര്‍ന്ന് രാവണനെ വധിക്കുന്നു
ഇതിനകം പരസ്പരം അനുരക്തരായ രാവണനും സീതയും മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്ന് പരസ്പരം യാത്രപറയുന്നു. ആ രംഗമാണോ മനസ്സിനെ ഇത്രയേറെ സ്പര്‍ശ്ശിച്ചത്! അറിയില്ല! അതോ രാവണന്റെ സ്നേഹിക്കപ്പെടാനുള്ള അദമ്യമായ ആഗ്രഹമോ! എന്തോ ഒന്നുണ്ട് ഹൃദയത്തെ സ്പര്‍ശ്സിക്കുന്ന തരത്തില്‍ ഈ സിനിമയില്‍..
രാമന്‍ രജ്യ ധര്‍മ്മം പുന്‍ഃസ്ഥാപിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളൊക്കെ ചതിയുടെതായിരുന്നു. രാവണന്റെ സഹോദരിയെ പീഡിപ്പിക്കല്‍,പിന്നെ, ദൂതനെ വധിക്കല്‍, ഭാര്യയെ സംശയിക്കല്‍, ഒടുവില്‍ ചതിയാല്‍ മറഞ്ഞുനിന്ന് രാവണനെ വധിക്കയും! പക്ഷെ, രാമന് അതിനു തക്കതായ പ്രതിഫലം എന്നപോലെ പതിവ്രതയായ സീതയുടെ സ്നേഹം നഷ്ടമാകുന്നു..
യധാര്‍ത്ഥരാമനും ഇതൊക്കെ തന്നെ ചെയ്തിരുന്നു.. ധര്‍മ്മത്തിനെ വിജയത്തിനായി..
ഒളിഞ്ഞു നിന്ന് ബാലിയെ കൊന്നു.. ശൂര്‍പ്പണഘയെ അധിക്ഷേപിച്ചു, ഭാര്യയെ സംശയിച്ചു
യുദ്ധത്തിലും പല മായാജാലങ്ങളും കാട്ടി ഒടുവില്‍ രാവണനെ വധിക്കുന്നു. രാവണന്റെ ഭാഗം ആരും കാണാനില്ലായിരുന്നു. ഇവിടെ മണിരത്നം രാവണന്റെ ഭാഗം ചേര്‍ന്ന് രാവണനെ മനുഷ്യനാക്കിയപ്പോള്‍ രാമന്‍ വല്ലാതെ കൊച്ചായിപ്പോയി..
പിന്നെ, ഈ സിനിമയുടെ വിജയം വിക്രമിന്റെയും പൃഥ്വിരാജിന്റെയും ഐശ്വര്യാറായിയുടെയും സുഹാസിനിയുടെയും ഒന്നും മിടുക്കല്ല എന്ന് മനസ്സ് പറയുന്നു. അതിനു പിന്നിലെ മണിരത്നത്തിന്റെ വ്യൂവില്‍ കൂടി ഒരു സിനിമ ഉണ്ടായി. മണിരത്നം ഭാവനയില്‍ കണ്ട രാവണനെ വിക്രം തന്മയത്വമായി അഭിനയിപ്പിച്ചു കാട്ടി. ഐശ്വര്യാറായിയും രാവണനു ചേര്‍ന്ന സീതയായി മാറി. രാമന്‍ സ്വന്തം മനുഷ്യപ്രകൃതി വിട്ട് ഒരല്പം കൂടി താഴേക്കും പതിച്ചു സഹായിച്ചു..
ഇനിയും എഴുതണോ!!
തല്‍ക്കാലം മതിയാക്കി
ഇതില്‍ ഒരുഗ്രന്‍ പാട്ട് സീന്‍ ഉണ്ട് ട്ടൊ, അത് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടുപോയി..
എന്റെ മകന് ഭയങ്കര ഇഷ്ടം ഈ പാട്ടാണ് ട്ടൊ,
ബ്ലോഗ് കേരളാ കൌമുദിയിലൊക്കെ ഇട്ടില്ലേ, ഇനിയെങ്കിലും അല്പം കൂടി ഡീസന്റ് ആയും ചിന്തിച്ചും ഒക്കെ എഴുതാം എന്നു കരുതി വെയിറ്റ് ചെയ്യുകയായിരുന്നു. അങ്ങിനെ ആയപ്പോല്‍ ആത്മയ്ക്ക് എഴുതാന്‍ ഒന്നും തന്നെ ഈ ലോകത്തില്‍ ഇല്ല എന്നു മനസ്സിലായി. എല്ലാം ഇതിനകം വളരെ പേര്‍ പല രൂപത്തിലും ഭാവത്തിലും ഒക്കെ ഗദ്യമായും പദ്യമായും എഴുതിയ കാര്യങ്ങള്‍ ഇനി ഇപ്പം അതിലും നന്നായി ആത്മ എഴുതാം എന്നു കരുതി ഇരുന്നാല്‍ അവിടെ ഇരിക്കാനേ പറ്റൂ...
അതുകൊണ്ട് ആത്മയുടെ സ്വതസിദ്ധമായ ശൈലി തന്നെ എടുക്കാം...
എങ്കിപ്പിന്നെ തുടങ്ങട്ടെ,
ഒന്നാമത് കഴിഞ്ഞ ഒരാഴ്ചയായി സാമാന്യം തരക്കേടില്ലാത്ത ഒരു പനിയുമായി മല്ലടിച്ചുകൊണ്ടാണ് ജീവിച്ചത്! സ്വയം ചികിത്സയായതിനാല്‍ അല്പം കാലതാമസം വന്നു എന്നു തോന്നുന്നു. പോരാത്തതിനു ഒരു ചുമയും.. ഇതിനിടയില്‍ കുന്നുകൂടിയ വീട്ടുജോലികള്‍.. പിന്നെ ഒരുപാട് ആഗ്രഹങ്ങള്‍ പെന്‍ഡിംഗിലായിപ്പോയി. ഒന്നു ഷോപ്പിംഗിനു പോകാനാവുന്നില്ല, ഒരു ചെടി മാറ്റി നടാനാവുന്നില്ല അങ്ങിനെ അല്ലറ ചില്ലറ അസ്വസ്ഥതകള്‍ അത് വളര്‍ന്ന് വളര്‍ന്ന് ആത്മയെ വിഴുങ്ങുന്ന പരുവമായപ്പോള്‍, ‘ടേക്ക് ആക്ഷന്‍ ആത്മേ ടേക്ക് ആക്ഷന്‍..’ എന്ന് ആത്മേടെ മനസ്സാക്ഷി പറഞ്ഞു..
അങ്ങിനെ വിരലിലെണ്ണാവുന്ന കൂട്ടുകാരെയൊക്കെ വിളിച്ചു.. എല്ലാവരും ബോറഡിയാല്‍ ശ്വാസം മുട്ടി.. ജീവിക്കുന്നു.. എന്നേയുള്ളൂ. കഴിഞ്ഞയാഴ്ച നല്ല സ്ഥിതിയില്‍ സംസാരിച്ചവരും ഈ ആഴ്ച ഡിപ്രസ്ഡ്! അപ്പോള്‍ ആ പ്രോബ് ളം സോള്‍വ്ഡ്! ലോകത്തില്‍ മിക്ക വീട്ടമ്മാമാരും ബോറഡി താങ്ങാനാവാതെ ഇഞ്ചിഞ്ചായി വയസ്സായിക്കൊണ്ട് ജീവിക്കുന്നു..! പല സത്യങ്ങളും നമ്മെ മൂടിയിരിക്കുന്ന അന്ധകാരത്തില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കും!!
ബോറഡി മാറ്റാന്‍ ആത്മ ഒന്നും തന്നെ ചെയ്തില്ല എന്നല്ല ട്ടൊ,
പനി ഒരല്പം വിട്ടുമാറിയ ഉടന്‍ പെന്‍ഡിംഗിലുണ്ടായിരുന്ന ആഗ്രഹങ്ങള്‍ ആക്രാന്തത്തോടെ ചെയ്തു തീര്‍ത്തു.
വെളിയില്‍ രണ്ടുമൂന്ന് ചെടികല്‍ പൊക്കിയെടുത്ത് മാറ്റി നട്ടു! ഷോപ്പിംഗിനു പോയി, ഏഷ്യാനെറ്റ് ചാനല്‍ വാച്ച് ചെയ്ത് ബ് ളോഗൊന്നും എഴുതാതെ ആര്‍മാദിച്ച് ജീവിക്കുന്നവെരെപ്പോലെ അലസമായി ഇരുന്നു..
ഇന്ന് കഥകളി കാണാന്‍ പോകാന്‍ ആഗ്രഹമുണ്ടായിരുന്നു.. പക്ഷെ, വേണ്ടെന്നു വച്ചു.. ചുമ നന്നായി വിട്ടുമാറിയിട്ടില്ലാ താനും.. പിന്നെ, പോകാന്‍ തുടങ്ങിയപ്പോള്‍ പെട്ടെന്ന് വീടിനോട് ഒരു സ്നേഹം! ‘അല്ലയോ ചായപാത്രമേ നിന്നെ ഞാന്‍ എന്തുമാത്രം സ്നേഹിക്കുന്നുണ്ടെന്നറിയാമോ?! അല്ലയോ ചുറ്റും നില്‍ക്കുന്ന ചെടികളേ, മരങ്ങളേ, കൊതുകുകളേ.. നിങ്ങളെയൊക്കെ നിരാശരാക്കി ഞാന്‍ എങ്ങിനെ കെയറ് ഫ്രീയായിരുന്ന് കഥകളി വാച്ച് ചെയ്യാന്‍.. സാരമില്ല, അതിനൊക്കെ ഒരു കാലം വരും.. അന്ന് കാണാം.. പിന്നെ എന്റെ ബ് ളോഗേ നീയും എന്നെ വളരെ കംഫര്‍ട്ടബിള്‍ ആക്കുന്നുണ്ട് ട്ടൊ..’,
തുടരും..
ഒന്നുകില്‍ പനി അല്ലെങ്കില്‍ ബോറഡി അതുമല്ലെങ്കില്‍ പണി തിരക്ക്.. ഇതൊന്നുമല്ലാതെ സമാധാനമായ ഒരു ജീവിതം ഈ ലോകത്തില്‍ ആര്‍ക്കും ഇല്ലേ എന്റെ ദൈവമേ..?!
രാവിലെ ഉള്ളിതൊലിച്ചും മീന്‍ കറിവച്ചും മറ്റും തിരക്കോടു തിരക്കായ ആത്മയോട് ഗൃഹനാഥന്‍ വന്ന് അനൌണ്‍സ് ചെയ്തു.. ‘ഇന്നും കഥകളിയുണ്ട്.. വേണമെങ്കിലും അല്ലെങ്കിലും വന്നോളൂ എന്ന്’
എത്രമണിക്കാ..?
2 മണിക്ക്..
ആത്മയുടെ മക്കള്‍ക്കും ചെറിയ ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ട് ജോലിയൊക്കെ പരവേശത്തോടെ തീര്‍ത്ത് കുളിച്ച് റഡിയായപ്പോള്‍ പോത്തുപോലെ ഉറങ്ങുന്ന ഗൃഹനാഥന്‍!
സമയം 2 ആയി 2.30 ആയി 3 ആയി. വിളിക്കണോ?!
ഉറങ്ങാത്ത ആള്‍ ഉറങ്ങുമ്പോള്‍ വിളിക്കുന്നത് ശരിയല്ലല്ലൊ, അതുകൊണ്ട് കുറച്ചൂടെ കാത്തു..
പിന്നെ സഹിക്കവയ്യാതെ മകനോട് പരാതി പറഞ്ഞു,
‘കണ്ടോ മക്കളേ.. അമ്മ വിളിച്ചാലും എങ്ങും പോകില്ല എന്ന് പരാതി! ഇപ്പോള്‍ കണ്ടോ വിളിച്ചിട്ട് കിടന്ന് ഉറങ്ങുന്നത്! അവരുടെ പരിപാടി വല്ലതും ആയിരുന്നെങ്കില്‍ ഇങ്ങിനെ ഉറങ്ങുമായിരുന്നോ?!’
അച്ഛനെ രക്ഷിക്കാനായി അപ്രതീക്ഷിതമായി മകന്‍ ഉറക്കെ വിളിച്ചു,
അച്ഛാ, അച്ഛന്‍ ഇന്ന് കഥകളിക്ക് പോകുന്നുണ്ടോ?
അയ്യോ! നിങ്ങള്‍ എന്നെ വിളിക്കാഞ്ഞതെന്തേ? കഥകളി ശരിക്കും 6.30 യ്ക്കാണ്.. അതിനുമുന്‍പ് മറ്റെന്തൊക്കെയോ ആണ്..
‘ഹും! 6മണിയെങ്ങിനെ 2 മണിയാകും മനുഷ്യരെ പറ്റിക്കാനായിട്ട്..’ എന്നൊക്കെ പറഞ്ഞ് ഡയലോഗുമായി ഫൈറ്റിനു ഒരു ചാന്‍സ്..! പിന്നെ പാവം അല്ലെ (ആത്മ) എന്നു കരുതി
വേണ്ടെന്നു വച്ചു..
അങ്ങിനെ 2 മണിമുതല്‍ ഉടുത്ത് ഒരുങ്ങി (വലിയ ഒരുക്കം ഒന്നും ഇല്ല നഷ്ടം വരാന്‍! ഒന്ന് പല്ലുതേച്ച്, കുളിച്ചെന്നേ ഉള്ളൂ..) കഥകളി കാണാന്‍ ഇരിക്കയാണ്..
ഇതിനിടയില്‍ ഏഷ്യാനെറ്റിലെ ‘മഴ’ പരിപാടി ആസ്വദിച്ചു..(ഹൊ! എന്തൊരു മഴ!);
റോസൂട്ടി പനിക്കിടയിലും ആത്മയ്ക്ക് കമന്റൊക്കെ എഴുതിയതോര്‍ത്ത് ചാഞ്ചല്യപ്പെട്ടു!;
ചായയിട്ട് കുടിച്ചു... അങ്ങിനെ ഇരിക്കുന്നു..
ഇനിയിപ്പോള്‍ ഒരിക്കല്‍ക്കൂടി വേഷം മാറണോ?
മക്കളോട് ചോദിച്ചു, ‘മക്കളെ ഇനീം മാറണോ?!’
‘ഓ! എന്തിന്?! ഇത്രേം വൃത്തി തന്നെ അമ്മയ്ക്ക് ഇച്ചിരി കൂടുതലാ..’
ഇനി ഏതു നിമിഷവും പുറത്തേക്കുള്ള ലോകത്തിലേക്ക് ഒന്ന് കാലുകുത്താന്‍ തയ്യാറായി
ഇരിക്കുന്നു ആത്മ.. ഇനിയിപ്പം എന്തായാലും പോയല്ലേ പറ്റൂ...
ബാക്കി പിന്നീട്...
സ്നേഹപൂര്‍വ്വം
ആത്മ
കഴിഞ്ഞ പോസ്റ്റിനു എന്തോ പറ്റി..! ഇനി സിനിമാക്കാരെ കുറ്റം പറഞ്ഞത് ശരിയായില്ലേ
അതോ ആത്മയുടെ എഴുത്ത് ബോറായി തുറങ്ങിയോ, ആ..
ഇന്നിപ്പോള്‍ എന്തെഴുതാന്‍?!
അവധിക്കാലം.. കുക്കിംഗ്, ഗാര്‍ഡണിംഗ്,(വെളിയില്‍ ഒക്കെ വൃത്തിയാക്കല്‍..) ഷോപ്പിംഗ്,
വായന..(പ്രഥമപ്രതിശ്രുതി തന്നെ മുന്നേറുന്നു- ആക്ച്വലി, ഒരുദേശത്തിന്റെ കഥയും രണ്ടാമൂഴവും കൂടി അടുത്തു വച്ചിട്ടുണ്ടെന്നേയുള്ളൂ..വായിച്ചുതുടങ്ങിയിട്ടില്ല)
പ്രഥമ പ്രതിശ്രുതിയിലെ കഥാപാത്രങ്ങളുടെ കഷ്ടപ്പാടുകളും ജോലികളും ഒക്കെ കാണുമ്പോള്‍ ആത്മയും അതുപോലെ ഒരു സമൂഹത്തില്‍ ജീവിക്കുകയാണ്.. പെണ്ണുങ്ങളൊക്കെ സദാസമയവും ജോലിചെയ്യുകയോ, നുണപറയുകയോ(ബ്ലോഗ് എഴുതുകയോ) ഒക്കെ ചെയ്തുകൊണ്ട് ധൃതിപിടിച്ച് ജീവിക്കണം എന്നുമൊക്കെ ഒരു ഉത്സാഹം വന്ന് പൊതിയുന്നു..
ശ്ശ്യൊ! പെണ്ണുങ്ങളൊക്കെ ഇതൊക്കെ പണ്ടേ അനുഭവിച്ച് തരണം ചെയ്ത പല കാര്യങ്ങളും ആണു ആത്മ ഊതിപ്പെരുക്കി, തരണം ചെയ്യാനാവാതെ ഇരുന്നത്..!
ദി പാലസ് ഓഫ് ഇല്ല്യൂഷനില്‍ പാഞ്ചാലി കര്‍ണ്ണന്‍ ശരശയ്യയില്‍ കിടക്കുന്ന ഭീക്ഷമരോട് രാത്രിയില്‍ രഹസ്യമായി പോയി സംസാരിക്കുന്നത് ഒളിഞ്ഞുകേട്ട്, രഹസ്യങ്ങളുടെ കലവറയായ മനുഷ്യഹൃദയങ്ങളുടെ നിസ്സഹായവസ്ഥയില്‍ സ്വയം ഉരുകി നില്‍ക്കുന്നു..
ആത്മ ബ്ലോഗിനോട് വാഗ്ദാനം ഒന്നും ചെയ്തിട്ടില്ല, എന്നും നല്ല കാര്യങ്ങള്‍ മാത്രമേ എഴുതൂ എന്ന്, ആത്മയുടെ ചിന്തകളും ജീവിതത്തിലെ ഏടുകളും മാത്രമേ ഇവിടെ കാണൂ കേട്ടോ ബ്ലോഗേ, ബോറടിക്കുന്നെങ്കില്‍ ക്ഷമിക്കുക..
ഇന്ന് അമ്പലത്തില്‍ പോയി, തിരിച്ച് നടന്നു തന്നെ വന്നു.. മകളോടൊപ്പം..
നാളേം പറ്റുമെങ്കില്‍ പോണം..
ജീവിതം മെച്ചപ്പെടുമ്പോള്‍ ബ്ലോഗ് വീക്ക് ആകുന്നോ?!
അതോ പണ്ടേ വീക്ക് ആയിരുന്നോ,?!!
ആര്‍ക്കറിയാം..
നമ്മള്‍ തമ്മില്‍ കണ്ടിട്ട് ഒത്തിരി ദിവസങ്ങള്‍ ആയി അല്ല്യോ ബ്ലോഗേ! സാരമില്ല.. ഓരോ ദിവസത്തെയും ഹൈലൈറ്റ് ചിന്തകള്‍ എല്ലാം ഡ്രാഫ്റ്റില്‍ ശേഖരിച്ചു വച്ചിട്ടുണ്ട്.. തപ്പിത്തിരഞ്ഞ് നല്ലതുനോക്കി ഞാന്‍ എടുത്തുകൊണ്ടു വരാം..മ്ഏ..?
ഓ. കെ?
ആദ്യം കിട്ടിയത് ബ്ലോഗേ നിന്നെക്കുറിച്ചുള്ള ഒരു ചിന്തയായിരുന്നു.. അത് പോസ്റ്റട്ടെ ആദ്യം...
ദിയയുടെ കമന്റു കണ്ട്, ബ്ലോഗെഴുതാന്‍ രണ്ടുമൂന്നു പ്രാവശ്യം വന്നു.. പക്ഷെ എന്തോ, ഒരു ബലം കിട്ടുന്നില്ല! ബ്ലോഗെഴുതാനും കരുത്ത് വേണോ എന്നു ചോദിച്ചാല്‍, ഈ ഭൂമിയില്‍ എന്തുചെയ്യണമെങ്കിലും വേണം കരുത്ത്! ചപ്പാത്തി ഉണ്ടാക്കണമെങ്കില്‍പ്പോലും!.. മാവ്, അളവിനു വെള്ളം, പിന്നെ അത് കുഴക്കുന്ന രീതി, പിന്നെ അതിന്റെ ഷേപ്പ്, ഒടുവില്‍ അത് പാകത്തിനു ചുട്ടെടുക്കല്‍, അതും കഴിഞ്ഞ് ഒരു തൊട്ടുകൂട്ടാന്‍ കറി, എല്ലാം കഴിഞ്ഞ് ആരെങ്കിലും അത് കഴിച്ച് ‘ഉം തരക്കേടില്ല..’ എന്നുകൂടി കേട്ടാലേ ചപ്പാത്തി ഉണ്ടാക്കിയെന്ന് നമുക്ക് സമാധാനിക്കാന്‍ പറ്റൂ !
ഒരു പ്രാസംഗികനായാലും നടനായാലും ഒക്കെ വേണം കരുത്ത്. പ്രാസംഗികനു വേദിയില്‍ കയറാനുള്ള ചങ്കൂറ്റം, കയ്യടിയാണേലും കല്ലേറായാലും സമചിത്തതയോടെ ഏല്‍ക്കാനുള്ള കരുത്ത്.
നടനായാല്‍ മുഖത്ത് എക്സ്പ്രഷന്‍ വരുത്തണം.. പിന്നെ അത് ക്യാമറയില്‍ പകര്‍ത്താനായോ എന്ന് ഉറപ്പു വരുത്തണം.. ആകെമൊത്തം ഒടുവില്‍ കാണികള്‍ അത് അക്സപ്റ്റ് ചെയ്യും വരെ പിടിച്ചു നില്‍ക്കാന്‍ ഒരു മാനസിക ബലം വേണം.
ഈ ബ്ലോഗെഴുത്തും അതുപോലെയൊക്കെയാണ്. ഐഡിയ തോന്നണം.. അത് ഏതു വിധത്തില്‍ എഴുതണം, വായിക്കുന്നവര്‍ക്ക് അത് ഇഷ്ടപ്പെടുമോ!, അവര്‍ കമന്റിട്ട് പ്രോത്സാഹിപ്പിക്കുമോ!,
കമന്റേ ഇടാതെ ഓടിപ്പൊയ്ക്കളയുമോ!, എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ നേരിടാനുള്ള കരളുറപ്പുണ്ടെങ്കിലേ ബ്ലോഗെഴുതാന്‍ തുടങ്ങാവൂ..
പറഞ്ഞു വന്നത്.. പനിയൊക്കെ ഒരു വിധം വിട്ടുമാറിയെങ്കിലും ആ കരളുറപ്പ് വരുന്നില്ലാ..
അതുകൊണ്ട് വെയിറ്റ് ചെയ്യാമെന്നു കരുതി..
ഇനി ഒരു ചെറു കഥ
എത്ര പെട്ടെന്നാണ് സുഖദുഃഖങ്ങള്‍ മാറി മാറി വരുന്നത്! അല്പം മുന്‍പ് വരെ വല്ലാത്ത ബോറഡിയായിരുന്നു.. ഇപ്പോള്‍ പ്രതീക്ഷയുടെ ഒരു പൊന്‍കിരണം കിട്ടിയിരിക്കുന്നു! ഒരു തുളസിത്തൈ കോണ്‍ക്രീറ്റിനിടയിലൂടെ വളരാന്‍ നോക്കുന്നു! പാവം അതിനെ വൈകിട്ട്, സാവധാനം..വേരൊന്നും പൊട്ടാതെ പിഴുതെടുത്ത്, നല്ല മണ്ണില്‍ കുഴിച്ചുവയ്ക്കണം.. പിന്നെ മറ്റൊരു തുളസി ചായ്ഞ്ഞ് കിടക്കുന്നു.. അതിനെ നേരേ നിര്‍ത്തണം.. ഇപ്പോള്‍ സമയം നന്നല്ല, മാറ്റിനട്ടാല്‍ ഉടന്‍ അവയ്ക്ക് വെയിലിനെ ചെറുത്തുനില്‍ക്കാനാവില്ല.. വാടിപ്പോയേക്കും.. അതുകൊണ്ട് സന്ധ്യയാകട്ടെ.. അതുവരെ കാക്കാം.. ഇത്രയൊക്കെ പോരേ സന്തോഷിക്കാന്‍!! വേറെ സന്തോഷിക്കാന്‍ ഒരു വഴിയും കാണുന്നില്ല.. ‘നിസ്സംഗത്വേ സത്സംഗത്വം..’ എന്നൊക്കെപ്പറഞ്ഞ് ഒതുങ്ങിക്കൂടാന്‍ തുടങ്ങി മീര.
ദൈവത്തിനെ പ്രാര്‍ത്ഥിച്ചു. ഒരു ചായയിട്ടു കുടിക്കും മുന്നേ ഒരിക്കല്‍ക്കൂടി പൂജാമുറിയെ നോക്കി.. അടുത്തു ചെല്ലാന്‍ പറയും പോലെ! ‘എപ്പോഴും അങ്ങനെ അടുത്തു വരുന്നതെന്തിന്?! അവിടെയിരുന്നും കാണാമല്ലൊ!.. അല്ലെങ്കില്‍ വന്നേക്കാം.. എന്റെ ആപത്തുകാലത്തെല്ലാം ധൈര്യം തന്നത് അങ്ങല്ലേ.’എന്നൊക്കെ പറഞ്ഞ് മീര ഒരിക്കല്‍ക്കൂടി പോയി നമസ്കരിച്ച് വന്ന് ചായകുടിയൊക്കെ നടത്തിയിരിക്കുമ്പോള്‍..
അപ്രതീക്ഷിതമായി ഒരു ഫോണ്‍ കാള്‍!
‘അമ്മേ ഞാന്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി!’
(ങ്ഹേ! കേള്‍ക്കുന്നത് സത്യമോ?! മനസ്സില്‍ അനുവാദം ചോദിക്കാതെ വീണ്ടും സന്തോഷം നുരയിടുന്നു!) ‘എടാ നീ എന്നാലും പറയാതെ പോയി പറ്റിച്ചു കളഞ്ഞല്ലോ’-മീര
‘പറഞ്ഞാല്‍ എനിക്കു ടെന്‍ഷന്‍ വരുമെന്ന് ഭയന്നാ പറയാതിരുന്നത്’- മകന്‍
‘ഏതിനും പാസ്സായല്ലൊ, മിടുക്കന്‍..ഇതുപോലെ ആത്മവിശ്വാസത്തോടെ ഓരോന്ന് ചെയ്യുക..’
സന്തോഷം വീണ്ടും കുമിയുന്നു! ഇത് തനിക്ക് അര്‍ഹതപ്പെട്ട സന്തോഷം തന്നെയല്ലേ ദൈവമേ!
എങ്കിപ്പിന്നെ ഞാന്‍ സന്തോഷിച്ചോട്ടേ? ശാന്തമാകൂ മനസ്സേ.. ശാന്തമാകൂ..
അല്പം മുന്‍പ് വരെ നിരാശയുടെ പടുകുഴിയില്‍ ആയിരുന്നു.. ഇപ്പോള്‍ തന്റെ കൊച്ചു കളിയോടത്തിനെ നയിക്കാന്‍ ഒരു കൈകൂടി! ആ കൈയെ ബലമാക്കിയതിനും നന്ദി! നന്ദി! നന്ദി!..
നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുമ്പോഴാണോ നമ്മള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത്?
അതോ, നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴാണോ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്?! മീര ദിവസത്തെ ഒന്ന് റീവൈന്റ് ചെയ്തുനോക്കി... ഇന്നലെ അമ്മയോടും അച്ഛനോടും മര്യാദയോടെയും സ്നേഹത്തോടെയും സംസാരിച്ചു, ഭര്‍ത്താവിനെ മാനിച്ചു സംസാരിച്ചു, ഇന്ന് മകള്‍ പോകുമ്പോള്‍ ആദ്യം അകത്തുള്ള ദൈവത്തെ വന്ദിച്ചു. പിന്നെ വെളിയില്‍ തറയില്‍ തൊട്ടു തൊഴുതു. അവള്‍ ടെസ്റ്റിനാണു പോകുന്നതെന്ന് പറഞ്ഞില്ലായിരുന്നു. എന്നിട്ടും പതിവായി ചെയ്യുന്നപോലെ തൊഴുതു. ആകെപ്പാടെ താന്‍ നല്ല കര്‍മ്മങ്ങളായിരുന്നു ചെയ്തിരുന്നത്!
മീരക്ക് വീണ്ടും ദൈവത്തിനോട് ഒരു പ്രത്യേക സ്നേഹവും നന്ദിയും വന്ന് നിറഞ്ഞു! മീര ദൈവത്തിന്റെ മുന്നില്‍ ചെന്നു നിന്നു.. ഇപ്രാവശ്യം കുറെ പുഷ്പങ്ങളും കൂടി പറിച്ച് മുന്നില്‍ വച്ച് അദ്ദേഹത്തിനു കുറേക്കൂടി പ്രീതിപ്പെടുത്തി.
അപ്പോള്‍ വീണ്ടും ഫോണ്‍!
‘അമ്മേ എനിക്ക് ഫീസ് അടയ്ക്കണം.. ഇന്നു വേണോ നാളെ മതിയോ?’
‘ഇന്നു തന്നെ കൊടുക്കാം..അമ്മ ഒരു ടാക്സി എടുത്ത് ഉടന്‍ വരാം’.
മീര വീടൊക്കെ ഒരുവിധം ഒതുക്കി, ടാക്സി വിളിച്ച് , ‘ഡ്രൈവിങ്ങ് സെന്ററില്‍ പോകണം..’ എന്നും പറഞ്ഞ് കയറിയിരുന്നു..
ഹൃദയത്തില്‍ നുരയിടുന്ന സന്തോഷത്തില്‍ ഉന്മത്തയായി ഇരിക്കുമ്പോള്‍ ഡ്രൈവര്‍ ചോദിച്ചു,
‘ഈ വഴി പോയാല്‍ മതിയോ, അതോ മറ്റേ വഴി എടുക്കണമൊ?’
‘ഏതുവഴി എടുത്താലും മതി.. ശരിക്കും പറഞ്ഞാല്‍ എനിക്ക് വഴി നന്നായറിയില്ല.. ഞാന്‍ ഒരിക്കലേ ഇവിടെ വന്നിട്ടുള്ളൂ.. എന്റെ മകന്‍ അവിടെ വെയിറ്റ് ചെയ്യുന്നു..’
‘ഓ! മകന്‍ ടെസ്റ്റില്‍ പാസ്സായി കാണും. കാശടക്കണം അല്ലെ?’
(ഇയ്യാള്‍ക്ക് മനുഷ്യരുടെ മനസ്സും ലോകകാര്യങ്ങളും ഒക്കെ എങ്ങിനെ അറിയാം? പക്ഷെ, ജ്ഞാനദൃഷ്ട്യാ അയാള്‍ കണ്ടുപിടിച്ച കാര്യങ്ങള്‍ ശരിയല്ല എന്നു പറയാനും ഒരു മടി)
‘അതെ!’
‘അപ്പോള്‍ ഇനി അടുത്തപ്രാവശ്യം ടാക്സി ഒന്നും വിളിക്കണ്ടല്ലൊ മകനോടൊപ്പം പോകാമല്ലൊ’
പെട്ടെന്ന് മീരയ്ക്ക് ലജ്ജവന്നു നിറഞ്ഞു. തന്റെ ലഞ്ജ! മുന്നില്‍ ഇരിക്കുന്ന ചീനന്‍ സായ്‌വ് എങ്ങിനെ കാണും?! പ്രകടമാക്കിയാലല്ലെ പറ്റൂ ..! അതുകൊണ്ട് പറഞ്ഞു,
‘ഓ! കിട്ടിയാലും ഉടന്‍ ഓടിക്കുകയൊന്നും ഇല്ല, ഹി.. ഹി..’
‘എന്നാലും താമസിയാതെ..’ അയാള്‍ വിടുന്ന മട്ടില്ല!
മോനു കണ്ണുകിട്ടാതെ അയാളുടെ ശ്രദ്ധ ഡൈവേര്‍ട്ട് ചെയ്യാനും കൂടിയായി പറഞ്ഞു,
‘പക്ഷെ, എനിക്കും ലൈസന്‍സുണ്ട്. 20 വര്‍ഷം മുന്‍പേ കിട്ടി.. പക്ഷെ, സ്വന്തമായി വണ്ടിയില്ലാതെ..(എങ്ങും പോകാനില്ലാതെ..)..അല്ല, എനിക്ക് ഈ രാജ്യത്തെ റൂള്‍സ് ആന്റ് റഗുലേഷന്‍സ് ഒന്നും അറിയില്ലാതാനും.. അന്യ രാജ്യമല്ലെ?’
‘ശരിയാണ്.. നിങ്ങളും കൂടി ഓടിക്കണ്ട.. എങ്കില്‍ പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ജോലിയൊന്നും കിട്ടില്ല’ (‘നിങ്ങളുടെ മുടിഞ്ഞ ടാക്സി ഫെയര്‍ കൊടുത്ത് ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ ഇതില്‍ കയറില്ല’ എന്ന് പറയാന്‍ തോന്നി. പിന്നെ മാന്യത കൈവരിച്ചു. നല്ല ഒരു കാര്യത്തിനു പോവുകയല്ലെ)
തന്റെ ഭര്‍ത്താവു തനിക്ക് വണ്ടിയോടിക്കണം എന്നു പറയുമ്പോള്‍ ഒരുദാഹരണ കഥ പറ്ഞ്ഞ് തനിക്ക് ആത്മവിശ്വാസം തരുന്നപോലെയായല്ലൊ ദൈവമെ ഇങ്ങേരും.. മീര ഓര്‍ത്തു..
ഭര്‍ത്താവ് പറയും, ‘നിനക്ക് വണ്ടി കിട്ടിയാല്‍ നീ തുളസി അങ്കിളിനെപ്പോലെയായിരിക്കും ഓടിക്കുക.
തുളസി അങ്കിള്‍ ലൈസന്‍സ് എടുക്കാന്‍ പോയപ്പോള്‍ ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ഡ്രൈവിങ് ഇന്‍സ്റ്റ്രക്റ്റര്‍ പറഞ്ഞപ്പോള്‍ അതു അനുസരിച്ചില്ല. കാര്യം തിരക്കിയപ്പോള്‍ ‘അത് ഒരു സ്ത്രീയല്ലെ, അവരെ ഓവര്‍ടേക്ക് ചെയ്യുന്നത് മര്യാദകേടല്ലെ?’ എന്ന് വിനയപൂര്‍വ്വം പറഞ്ഞു.
അതോടെ അദ്ദേഹത്തിനെ ലൈസന്‍സ് മോഹം മണ്ണടിഞ്ഞു.
(ഈ കഥ പല ഈണത്തിലും താളത്തിലും റിപ്പീറ്റ് ചെയ്ത് കേള്‍പ്പിച്ചാണ് മീരയെ ഒതുക്കിയിരിക്കുന്നത്.)
ആദ്യമാദ്യം മറ്റൊരു കഥയായിരുന്നു.. ‘നിനക്ക് ഹനീഫ അങ്കിളിനെ അറിയാമോ?, ങ്ഹാ! , ഒരുകാലത്തെ ഇവിടത്തെ മുന്തിയ പണക്കാരനായിരുന്നു. എന്തൊരു പത്രാസായിരുന്നു.. പാര്‍ട്ടിയും ഒക്കെയായി.. ഭാര്യയും വണ്ടിയൊക്കെ ഓടിക്കുമായിരുന്നു.. ഇപ്പോള്‍ എല്ലാം പോയി. ഇന്നാളില്‍ അവര്‍ ബസ്റ്റോപ്പില്‍ നില്‍ക്കുന്നു, ബസ്സില്‍ പോകാന്‍..പാവം മകന്‍ പഠിച്ചതുകൊണ്ട് രക്ഷപ്പെട്ടു..’
കുറച്ചുകൂടി നന്നായി അടിച്ചമര്‍ത്തണമെങ്കില്‍ കഥയുടെ എന്റില്‍ ഒരു ആത്മഗതവും നടത്തും..“പാവം ഭാര്യയുടെ ചൊല്‍പ്പടിക്കു നിന്നതുകൊണ്ടാണ്/ധാരാളിത്തം കൊണ്ടാണ് നശിച്ചുപോയത്.”
മീരയുടെ മനസ്സാക്ഷി അത് കേട്ട് കരയും.. ‘ഞാന്‍ തുളസി അങ്കിളല്ല..ഞാന്‍ ഹനീഫ അങ്കിളിന്റെ ഭാര്യയും അല്ല. ഞാന്‍ വെറും മീരയാണ്. എനിക്ക് ധാരാളം കഴിവുകളുണ്ട്.. മറ്റുള്ളവരെ നശിപ്പിക്കാതിരിക്കാനുള്ള വകതിരിവുണ്ട്.. എല്ലാം ഇങ്ങിനെ അടിച്ചമര്‍ത്തുന്നതെന്തിന് ?’ (ആത്മരോദനം..)
ഹും! വിവാഹം വരെ അച്ഛനമ്മമാര്‍ കഷ്ടപ്പെട്ട് വളര്‍ത്തിയെടുക്കുന്ന പെണ്മക്കളുടെ ആത്മവിശ്വാസവും കഴിവും ഒക്കെ വിവാഹശേഷം ഇങ്ങിനെ നിഷ്ടൂരമായി തകര്‍ക്കാന്‍ ആവുന്നു മനുഷ്യര്‍ക്ക്! (ആത്മരോക്ഷം!)
ഭാര്യമാരാണ് ഒരാളുടെ നാശത്തിനു കാരണമെങ്കില്‍ ഭാര്യമാരായിരിക്കണമല്ലൊ വിജയത്തിനും കാരണം?! - ഭാര്യമാരുടെ അടിമത്തമാണോ വിജയത്തിനാധാരം?! ഹും! മാതാപിതാക്കളുടേ ഉപദേശം ശിരസ്സാ വഹിക്കുന്ന മകന്‍..! ഇങ്ങിനെ പല പ്രധിഷേധശബ്ദങ്ങളും മീരയുടെ തലച്ചോറില്‍ ഉദിച്ചസ്തമിക്കും..
മീര ആത്മഗതത്തില്‍ നിന്നുണര്‍ന്നു..ട്രൈവിംഗ് സെന്ററില്‍ എത്തി. മകന്‍ കാത്തു നില്‍പ്പുണ്ട്.. !സന്തോഷം കൊണ്ട് വിടര്‍ന്ന മുഖം. മീരയുടെ സന്തോഷം ഇരട്ടിപ്പിച്ചു. തിരിഞ്ഞു നോക്കി, പഹയന്‍ ഡ്രൈവര്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തി മകനെ നോക്കി ചിരിച്ചു.
ക്യൂവില്‍ വളരെ നേരം ഇരുന്ന്.. (ഇപ്പോള്‍ മിക്കയിടത്തും നില്‍ക്കണ്ടല്ലൊ, ഡീസന്റ് ആയി ഇരുന്നാല്‍ മതി) ഒടുവില്‍ നമ്പര്‍ കത്തിയപ്പോള്‍ വയറും കത്തിയെരിഞ്ഞ മണം വരുന്നുണ്ടായിരുന്നു.. അതു കുറയ്ക്കാന്‍ വേണ്ടി കൂട്ടുകാരെപ്പോലെ ഓരോന്നും പറഞ്ഞിരിക്കുമ്പോള്‍ ഓര്‍ത്തു..
അവന്‍ സംസാരിക്കുന്ന ഭാക്ഷ ഇംഗ്ലീഷ്, താന്‍ തിരിച്ച് മലയാളം പറയുന്നു! (ഏതു ഭാക്ഷയാണ് ഉപയോഗിക്കുന്നത് എന്നുപോലും വിസ്മരിച്ച്! ഒരുപക്ഷെ, അതിലേറേ പറയുന്ന കാര്യത്തില്‍ ശ്രദ്ധിക്കുന്നതുകൊണ്ടാകും); അവന്‍ തീരെ ചെറുപ്പം, തനിക്ക് മധ്യവയസ്സ്! അവന്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നു, താന്‍ തനി കേരളത്തില്‍.. ഇങ്ങിനെ പല വൈരുധൈങ്ങളും ഉണ്ടെങ്കിലും തങ്ങള്‍ക്കെങ്ങിനെ ഒരുപോലെ പല ദൃശ്യങ്ങളും വിലയിരുത്താനാകുന്നു!!
‘ഇന്ന് എന്റെ കൂടെ വന്നവര്‍ എല്ലാരും പാസ്സായി അമ്മെ?!’
‘എന്റെ കൂട്ടുകാരനും വീട്ടില്‍ പറയാതെയാണു വന്നത്.. കഴിഞ്ഞ പ്രാവശ്യം പറഞ്ഞിട്ടു വന്നപ്പോള്‍ തോറ്റുപോയത്രെ!’, അങ്ങിനെ ഓരോ കാര്യങ്ങള്‍..
ഒടുവില്‍ കാശ് ഇടാന്‍ മെഷീന്റെ അടുത്തുപോയപ്പോള്‍ ഇടുന്നതിനു പകരം ഉള്ളതും കൂടി വെളിയില്‍ എടുത്തു! ഒരു ചെറിയ സ്വിച്ചിന്റെ വ്യത്യാസത്തില്‍ എന്തെല്ലാം അല്‍ഭുതങ്ങള്‍ ഈ ലോകത്തില്‍ സംഭവിക്കാനിരിക്കുന്നു എന്റെ ദൈവമേ!
കത്തിക്കരിയുന്ന വയറിന്റെ എരിച്ചിലിനിടയിലും, ഹൃദയം വല്ലാതെ ആര്‍മാദിക്കുന്നുണ്ടായിരുന്നു.. വാസ്തവത്തില്‍ മകനാണോ ലൈസന്‍സ് കിട്ടിയത് തനിക്കാണോ? ഒരു കണ്‍ഫ്യൂഷന്‍!
തനിക്കു കിട്ടാതെ പോയ ഭാഗ്യങ്ങള്‍ മക്കളെങ്കിലും അനുഭവിക്കുന്നത് കാണാനും ഒരു ത്രില്‍..
മീര മകനോടൊപ്പം നേരേ ഫുഡ്സ്റ്റോളിലേക്ക് നടന്നു...
[ശരിക്കും പറഞ്ഞാല്‍ ഈ കഥയല്ലായിരുന്നു പബ് ളീഷ് ചെയ്യാന്‍ വന്നത്.. മറ്റൊരു കഥ..
പക്ഷെ ധൈര്യം അല്പം കുറവ്.. അതുകൊണ്ട് മാറ്റിവച്ചു..]
മാനസികമായി ക്ഷീണിച്ചിരിക്കുമ്പോൾ ബ്ളോഗെഴുതിയാൽ എങ്ങിനെ ഇരിക്കും എന്ന് പരീക്ഷിച്ചു നോക്കട്ടെ..
ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ പതിവുപോലെ, യാതൊരു ഉന്മേഷവും തോന്നിയില്ല.
ആത്മക്ക് അല്ലെങ്കിലും ഒരു ദിവസത്തെ വരവേല്ക്കുന്നതിനെക്കാളും ഉൽസാഹം വിടപറയാറാകുമ്പോഴാണ് ..
'ഇന്ന് എനിക്ക് ആരും പ്രത്യേക പ്രോബ്ളംസ് ഒന്നും തന്നില്ലല്ലൊ ഇനി ഉറങ്ങാൻ വട്ടം കൂടാമല്ലൊ'. എന്ന ആശ്വാസമാകും.. അതുകൊണ്ട് ഈ ഉറക്കം കഴിവതും ദീർഘിച്ച് അങ്ങ് പോകും..
പകലൊക്കെ ആക്രാന്തത്തോടെ ഭരണചക്രം തിരിച്ച് നടക്കുന്ന പ്രാക്റ്റിക്കൽ മനുഷ്യരൊക്കെ തളർന്നുറങ്ങുന്ന സമയം.. സ്വപ്നം കാണാനും നിർഭയത്തോടെ ജീവിക്കാനും ഒക്കെ വല്ലാത്ത ഒരു ത്രില്ലാണ് .
വിട്ടുകൊടുക്കേണ്ടതൊക്കെ വിട്ടുകൊടുത്തു.. ഇനി തനിക്കായി മാത്രമുള്ള.. ഭരണചക്രം തിരിക്കുന്നവരുടെ കൈകൾ എത്താത്ത ലോകത്തിലേക്ക് ഊളിയിടും..കണ്ടിട്ടില്ലാത്ത മനുഷ്യരുടെ ബ്ളോഗുകൾ സന്ദർശിക്കുകയും, അവർ പറയുന്നത് വായിക്കുകയും, അവർ എഴുതിവിടുന്നതൊക്കെ ഒരക്ഷരം തെറ്റാതെ ആത്മനിർവൃതിയോടെ വായിക്കും. അവരുടെ കുടുംബവിശേഷങ്ങൾ തന്റേതാണെന്ന ഒരു തോന്നൽ, അവർ പറയുന്ന തമാശകൾ തനിക്കും കൂടിയാണെന്ന തോന്നൽ.. അവരുടെ വിഷമങ്ങൾ തന്റെ വിഷമങ്ങളാകുന്നു.. അവർ സന്തോഷിക്കുംബോൾ അറിയാതെ സന്തോഷിച്ചു പോകുന്നു.. അവർക്ക് റ്റെൻഷൻ വരുമ്പോൾ ആത്മയ്ക്കും റ്റെൻഷൻ വരുന്നു.. ഒടുവിൽ ചുറ്റിക്കറങ്ങി സ്വന്തം ബ്ളോഗിൽ വരുമ്പോൾ സ്വന്തം വീട്ടിൽ തിരിച്ചെത്തിയ സന്തോഷം.. അറിയപ്പെടാത്ത ആത്മാക്കളെ ആവാഹിക്കാനായി എന്തെങ്കിലുമൊക്കെ എഴുതി നിറയ്ക്കാനൊരാഗ്രഹം.. ഇത് ബ്ളോഗ് മനുഷ്യരുടെ ലോകം!..! ആത്മാക്കളുടെ ലോകം അല്ലെങ്കിൽ പിന്നെ എന്തുലോകം ആണ് ? ആത്മയുടെ അനുഭവത്തിൽ ഇത് തികച്ചും ആത്മാക്കളുടെ ലോകം മാത്രമാണു.. ആത്മാവിനു രൂപമില്ല, സ്വരമില്ല, പ്രായമില്ല..മനസ്സും ഹൃദയവും പിന്നെ ചിന്തകൾ പകർത്താനായി ഒരു കമ്പ്യൂട്ടറും..
മനസ്സ് വിഷമിച്ച്ചിരിക്കുമ്പോള്‍ ബ്ലോഗ് എഴുതുന്നത് അത്ര നന്നല്ലാ..
നല്ല ഉറക്കം വരുന്നു.. എങ്കിലും ബ്ലോഗിനു എന്തെങ്കിലും സംഭാവന ചെയ്യാതെ ഉറങ്ങാന്‍ ഒരു മടി.. ആളുകള്‍ വായിക്കുന്നോ ഇല്ലേ എന്നൊക്കെ വറി പിന്നെയല്ലെ, ആദ്യം നമ്മള്‍ ചെയ്യാനുള്ളത് ചെയ്യണം.. പിന്നേം നമ്മള്‍ ചെയ്യാനുള്ളത് ചെയ്യണം..വീണ്ടും അതു തന്നെ തുടരുക.. കാരണം.., മറ്റുള്ളവര്‍ ചെയ്യാനുള്ളത് നമുക്ക് ചെയ്യാന്‍ പറ്റില്ലല്ലൊ!
മക്കള്‍ക്ക് അവധിയാണെങ്കില്‍ പിന്നെ ആത്മ ബിസിയാണ്. അവരോടൊപ്പം അകത്തും പുറത്തും ഉള്ള ലോകത്ത് ജീവിക്കുക എന്നതില്‍ക്കവിഞ്ഞ് ആത്മേടെ ജീവിതത്തില്‍ വലിയ സന്തോഷം ഒന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഒരാള്‍ തകര്‍ത്തു വച്ച് കുക്കിംഗ് പരീക്ഷണം.. മറ്റേയാള്‍ ബാഡ്മിന്റന്‍ കളി ഒക്കെയാണു.. ആത്മ ചെറുതിലേ അവരുടെ ഫ്രണ്ട് ആയിരുന്നതുകൊണ്ട് അവര്‍ ആത്മേം കൂട്ടും!
അങ്ങിനെ ആത്മ വലിയവരുടെ(മിഡില്‍ ഏജസിന്റെയും ഓള്‍ഡിന്റെയും) യൊക്കെ ലോകത്തു നിന്നുമൊക്കെ അകന്ന് ഒരു കൊച്ചു സ്വര്‍ഗ്ഗം ഉണ്ടാക്കി ജീവിക്കുന്നു!)
ഇന്ന് കോള്‍ഡ് സ്റ്റോറേജില്‍ പോയി വെജിറ്റബിള്‍സ് ചിക്കണ്‍ ഒക്കെ വാങ്ങി. അവളുടെ കയ്യില്‍ വാങ്ങാനുള്ളതിന്റെ ഒരു ലിസ്റ്റ് ഉണ്ട് അത് തേടിപ്പിടിച്ചെടുക്കാന്‍ തന്നെ വളരെ നേരം എടുത്തു.
ഒടുവില്‍ വീട്ടില്‍ വന്ന് ‘തായ് സപൈസി നൂഡിത്സ്’ ഉണ്ടാക്കി.. പിന്നെ കഴിച്ചു..
‘പെപ്പര്‍ ചിക്കണ്‍’ ഇന്നലെ.. (ആത്മ വിജിറ്റേറിയനാണെങ്കിലും അവരുടെ കയ്യുകൊണ്ട് ആദ്യമായുണ്ടാക്കുന്ന കറികള്‍ കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ എന്തു ജീവിതം! )
അന്യനാട്ടില്‍ വന്നിട്ട് ആത്മയ്ക്ക് മിത്രങ്ങളായതും, സഹായികളായതും ഒക്കെ ആത്മയുടെ മക്കള്‍ മാത്രം! (ബാക്കിയുള്ളവരൊക്കെ ഉണ്ടെങ്കിലും.. അതൊക്കെ ഒരു കഥ.. പതുക്കെ.. പതുക്കെ.. നമുക്ക് അതൊക്കെ അങ്ങ് മറക്കാം..)
അനൂരത(ഇത് സെല്‍ഫ് പിറ്റിക്ക് എന്റെ ഗ്രാമത്തില്‍ പറയുന്ന ഒരു ഒരു വാക്കാണ്‍)
മതിയാക്കട്ടെ, ഇനി ഇന്നലെ ആത്മ കണ്ട സിനിമയെപ്പറ്റി ആത്മയ്ക്ക് തോന്നിയതുകൂടി എഴുതിയിട്ട് (കട്ട് ആന്ഡ് പേസ്റ്റ് ആന്‍ഡ് എഡിറ്റിംഗ്) ഉറങ്ങാന്‍ പോകുന്നു..
----
ബനാറസ്
ആദ്യമായാണ് ഒരു സിനിമ കണ്ടിട്ട് കുറവുകള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞത്!
ചിത്രസംയോജനം ശരിയായില്ലാ
ശരിക്കും പറഞ്ഞാല്‍ ജഗതി വിനീതിന്റെ ആരാണെന്നുപോലും വളരെ കഴിഞ്ഞാണു ആത്മയ്ക്ക് മനസ്സിലായത്. മനസ്സിലായത്..വീടുകള്‍ തമ്മിലുള്ള കിടപ്പുവശവും പടിഞ്ഞാറു വശവും ഒന്നും മനസ്സിലായില്ല, എല്ലാം ഒരു കാമ്പൌണ്ടിലോ, വേറേ വേറെയോ എന്നൊന്നും അറിയില്ലാ(ഇനി ആത്മ ധൃതിപിടിച്ചു കണ്ടതിന്റെ കുഴപ്പമോ, അറിയില്ലാ) കുറെ വര്‍ണ്ണങ്ങള്‍ വാരിവിതറി മനോഹരമാക്കിയ സീനുകള്‍.. അതുമാത്രം.. പിന്നെ സുന്ദരനായ നായകനും സുന്ദരിമാരായ നായികമാരും.. ഒക്കെയുണ്ടെങ്കിലും സിനിമയാകുന്നില്ലാ.. ആത്മാവില്ലാത്ത സിനിമ പോലെ
കാവ്യയുംനവ്യാനായരും ഒക്കെ അവരെക്കൊണ്ടാകാവുന്നവിധം പൊലിപ്പിച്ചു ആ സിനിമയെ
അല്ലാതെ ബാക്കി നടന്മാര്‍ക്കൊന്നും തന്നെ അഭിനയിക്കാനേ ഒന്നും ഇല്ല ഇതില്‍..
സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ, ഒക്കെ വെറും കോമാളികളായി അധപ്പതിക്കുന്നതുപോലെ ഒരു തോന്നല്‍.. നെടുമുടിവേണുവിന്റെ അഭിനയം കണ്ടിട്ടുപോലും വിഷമം തോന്നി..
ജീവിതവുമല്ല അഭിനയവുമല്ല,ആരോ സിനിമാ എടുക്കാന്‍ പഠിക്കുന്ന മട്ടില്‍ ഒരു സിനിമ!കളിക്കാനറിയാത്ത കുട്ടിയുടെ കയ്യില്‍ കളിപ്പാട്ടം കിട്ടിയമാതിരി.. (ഇനി ആത്മേടെ അറിവില്ലായ്മയാണൊ എന്നും അറിയില്ല).
ബിജുമേനോന്‍, സായ്‌കുമാര്‍,..., ഒക്കെ നല്ല റോളുകള്‍ കിട്ടിയിരുന്നെങ്കില്‍ ഉയരുമായിരുന്നു എന്നു തോന്നിയിട്ടുള്ളപോലെ ചിലപ്പോള്‍ വിനീതിനെയും അങ്ങിനെ പ്രതീക്ഷിച്ചതില്‍ ഇപ്പോള്‍ ഒരു വരുത്തം.. കലാതിലകം ആയിരുന്ന വിനീതിനെ സിനിമാലോകം വഴിതെറ്റിപ്പിച്ചൊ?!
അറിയാവുന്ന കലകളും പിന്നെ നല്ല ഒരു ഉദ്ദ്യോഗവും (പിന്നെ ട്വിറ്ററും) ഒക്കെയായി ജീവിച്ചിരുന്നെങ്കില്‍ ഇതിലും എത്ര നന്നായേനെ എന്നു പലപ്പോഴും തോന്നിപ്പോയി
ഇത്ര വലിയ ഒരു കഥയും മറ്റും കിട്ടിയിട്ടും ഒരു അന്യനെപ്പോലെ നിര്‍വ്വികാരനായി നായികമാരുടെ ഇടയില്‍ അങ്ങിനെ വിലസുകയാണ്! ശരീരം അനങ്ങാത്തതോ പോട്ടെ, മുഖത്തെ പേശികളെങ്കിലും ഒരു അല്പസ്വല്പം ചലിപ്പിച്ചുകൂടെ?! (വിനീത് കരയേണ്ടുന്ന സന്ദര്‍ഭങ്ങളില്‍ ആത്മ കരഞ്ഞു വിനീതിനു കരയാനാവാത്ത കാര്യമോര്‍ത്ത്..) വിനീത് ചിരിക്കാതെ നിന്നപ്പോള്‍ ആത്മ ചിരിച്ചു (സഹായിച്ചു) എന്നിട്ടും ഒന്നും ഒന്നുമായില്ല. അവസാനം സ്വന്തം മകനെ കണ്ടപ്പോള്‍ കാവ്യയോടുള്ള ആലുവാമണപ്പുറസ്വഭാവം ഒന്ന് അയഞ്ഞപോലെ! (ഒരല്പം ആശ്വാസം തോന്നി) പിന്നെ ബൊമ്മയെപ്പോലെ നിര്‍വ്വികാരനായി കാവ്യയെയും മോനേയും കെട്ടിപ്പിടിച്ച് ദേഹന്‍ അനങ്ങാതെ നില്‍ക്കും ഒരുപക്ഷെ ദേഹത്തിലെ കുത്തിക്കെട്ടുകളൊന്നും നന്നായി പൊറുത്തുകാണില്ലായിരിക്കും അല്ല്യോ!
അല്ലെങ്കില്‍ പിന്നെ മറുലോകത്തില്‍ ഇരിക്കുന്ന നവ്യാനായര്‍ക്ക് വിഷമം തോന്നും എന്നുകരുതിയായിരിക്കും എക്സ്പ്രഷന്‍ ഒന്നും കാട്ടാതിരുന്നത്..
എന്നാലും വിനീതേ.., ഞാന്‍ താങ്ങളില്‍ നിന്നും ഇതിലും ഒരല്പം കൂടി പ്രതീക്ഷിച്ചായിരുന്നു
സുന്ദരമായ ഒരു മുഖം.. അതിസുന്ദരമായ കണ്ണുകള്‍.. മറ്റു ഫീച്ചേര്‍സ്.. നൃത്തപാടവും.. ഇതൊക്കെയുണ്ടായിട്ടും എന്തിനേ നല്ല റോളുകള്‍ എടുത്തിട്ട് അതിനോട് ആത്മാര്‍ത്ഥത പുലര്‍ത്താന്‍ ശ്രമിക്കാത്തേ?! (ശരീരം അനക്കാന്‍ മടിയും നാണവും ഒക്കെയാണെങ്കില്‍ പിന്നെ ആത്മയെപ്പോലെ വീട്ടിന്റെ മൂലയില്‍ കുത്തിയിരുന്ന് ബ്ലോഗെഴുതിക്കൂടെ! ഹല്ല പിന്നെ!) ഒന്നുകില്‍ വിനീതിനെ ആരോ മനപൂര്‍വ്വം അഭിനയിക്കാന്‍ സമ്മതിച്ചില്ല, അല്ലെങ്കില്‍ ഡയറക്റ്റര്‍ക്ക് അറിയാന്‍ വയ്യാഞ്ഞിട്ട് വന്ന വീഴ്ചയാകാം...
ബനാറസ് എന്ന പേരു കണ്ടാണ് സിനിമാ കാണാന്‍ തുടങ്ങിയതു തന്നെ. ഓസിനു ബനാറസൊക്കെ ഒന്നു കണ്ടുകളയാം എന്നുകരുതി.. ബനാറസ് കണ്ടു എന്നു തൃപ്തിപ്പെടാനാവുന്നില്ല..!
എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്..
ഇനിയെങ്കിലും സിനിമ എന്തെന്ന് നന്നായി അറിഞ്ഞിട്ട് നിരൂപണം എഴുതണം...
ആത്മയ്ക്കുപോലും നിരൂപണം ചെയ്യാന്‍ പാകത്തിലാണെന്നു തോന്നുന്നു ഇപ്പോഴത്തെ മലയാള സിനിമേടെ ഒരു പോക്ക്!
എന്തെങ്കിലും ഒക്കെ എഴുതി ജീവിക്കാമെന്നു വച്ചാൽ ഫോണ്ടില്ലാതെ എങ്ങിനെ മലയാളം എഴുതാൻ!
ഹൊ! സമാധാനം! വരമൊഴി രക്ഷിക്കുന്നുണ്ട്..
ഫോണ്ട് പോയതു മാത്രമല്ല പ്രശ്നം
ഈ ലോകത്ത് ഒന്നും തന്നെ ന്യായമായിട്ട് നടക്കുന്നില്ല എന്ന് തോന്നൽ..
എങ്ങും അന്യായങ്ങൾ..
ഇതിനെടേൽ എന്തെഴുതാൻ!
ഒന്നിനേം സ്നേഹിക്കാൻ പറ്റുന്നില്ല! കുന്നുകയറാൻ തുടങ്ങുമ്പോഴേ അപ്പുറത്തെ കുഴി ഓർമ്മവരും..
പിന്നെ കയറാതെ ഇപ്പുറത്തെ കുഴിയിൽ തന്നെ കിടക്കുന്നതുതന്നെയല്ലെ നന്നെന്ന് കരുതി..
പക്ഷെ ബോറടിച്ചു ചത്തുപോകുമെന്ന അവസ്ഥവരുമ്പോൾ ആരും കയറിപ്പോകും..
ഞാനും കയറി.. പ്രായം ഒക്കെ കൂടിക്കൂടി വരുന്നു എങ്കിലും പോകുന്നിടം വരെ പോട്ടെ എന്നു കരുതി..
പ്രായത്തെപ്പറ്റി ഒരല്പം..
മോഹൻലാൽ അമ്പതു വയസ്സ് ആഘോഷിച്ചത്രെ!
അമ്പതു വയസ്സൊക്കെ ഒരു വയസ്സാണോ ഇക്കാലത്ത്!
പത്തുവയസ്സിൽ കൂടുതൽ പ്രായമുള്ള മമ്മൂക്ക അതിലും ചെറുപ്പമായി ഇരിക്കുന്നു..
അപ്പോൾ .. പ്രായമല്ല വയസ്സാക്കുന്നത്.. ഫിറ്റ്നസ്സ്.. ഫിറ്റ്നസ്സ്
അല്ലെങ്കില്‍ തന്നെ , ഒരു മനുഷ്യൻ എപ്പോഴാണ് പ്രായം ആയെന്ന് സമ്മതിക്കുന്നത്!
മോഹൻലാലിന്റെ കാര്യം തന്നെ ഉദാഹരണമായെടുക്കാം..
മമ്മൂട്ടിയെവച്ച് നോക്കുമ്പോൾ മോഹൻലാൽ വളരെ ചെറുപ്പമാണെന്ന് പറയാം..
എന്നാൽ പൃഥ്വിരാജിനെ വച്ച് നോക്കിയാൽ പ്രായം അല്പം അധികമായിപ്പോയെന്നും തോന്നും..
ഇനിയും തീരെ ചെറുപ്പക്കാർ നായകന്മാർ അങ്ങ് ഫേമസ് ആയാൽ പൃീഥ്വിരാജും ഓൾഡ് ആയിപ്പോയി എന്ന് നമുക്ക് തോന്നിക്കൂടായ്കയില്ല..
ആണുങ്ങൾ മമ്മൂട്ടിയെപ്പോലെ ഫിറ്റ് ഒക്കെയായി പ്രായത്തെ വെല്ലാമെന്നിരിക്കെ,
പെണ്ണുങ്ങളുടെ കാര്യം അതിലും കഷ്ടമാണ്.. !
ഒന്നു കെട്ടിക്കഴിഞ്ഞാൽ ഇമേജെല്ലാം പോയിക്കിട്ടും! ഒരു 21, 22 ഉം ഒക്കെ വയസ്സിൽ പടുകിളവിമാരെപ്പോലെ കുഞ്ഞുങ്ങളെയും ഒക്കത്തു വച്ച് പെണ്ണുങ്ങളു നടക്കുമ്പോൾ ,
ആണുങ്ങളു 'ഹായ് ഇതെന്തു പ്രായം.. ഒരു 30 എങ്കിലും ആയിട്ടുവേണം പൈങ്കിളിയെപ്പോലൊരു പെണ്ണിനേം കെട്ടി അങ്ങ് ചെറുപ്പമാകാൻ..' എന്നു പറഞ്ഞു നടക്കുന്ന കാലം!
എന്തിനധികം! നമ്മുടെ ഷാരൂഖാനും ആത്മേടെ ഒരു കൂട്ടുകാരിയും സമപ്രായക്കാർ..( ഒന്നോ രണ്ടോ വ്യത്യാസം വരും.. ) കൂട്ടുകാരി അമ്മുമ്മയാകാൻ പോകുന്നു.. ഷാരുവോ, നല്ല ടീനേജ് കാരിയുടെ തോളേൽ കയ്യുമിട്ട് 'ആഷ് പീഷ് കൂഷ് ..'( ഇംഗ്ളീഷ്! ഇംഗ്ളീഷ്!) ഒക്കെ പറഞ്ഞ് 'ഓ അത് സൗത്ത് ഇന്ത്യൻസ് വി ആർ നോർത്ത് ഇന്ത്യൻസ്' എന്നൊക്കെ കാച്ചി വിലസുകയും!
എന്റെ 16 വയസ്സുള്ള മകാളും ഷാരൂഖിന്റെ ആരാധിക! ഹല്ല പിന്നെ!
ആത്മ നോക്കീട്ട് ഷാരുവും ആത്മേടെ നാട്ടിലെ വീട്ടിൽ പണ്ട് കൃഷി നോക്കി നടത്തിയിരുന്ന ഒരു (മാധവ അണ്ണൻ) ഉം ഒരേ പോലെ ഇരിക്കും..!
‘മക്കളേ, നമ്മുടെ മോളീടെ അച്ഛൻ മാധോണ്ണനു കുറച്ച് ഏത്തപ്പഴോം മുട്ടേം ഒക്കെ വാങ്ങിക്കൊടുത്ത് നന്നാക്കിയെടുത്താൽ ഷാരൂഖാനെക്കാളും നന്നായിരിക്കും’ എന്നു പറഞ്ഞു നോക്കി..
'മോളീടെ അച്ഛൻ എവിടെ കിടക്കുന്നു.. ഷാരൂഖാൻ എവിടെ കിടക്കുന്നു , അമ്മയുടെ വേലയൊക്കെ കയ്യിലിരിക്കട്ടെ' എന്നമട്ടിൽ അവൾ എന്നെ കളിയായി നോക്കും!
അപ്പോൾ മൂത്തയാൾ സപ്പോർട്ട് ചെയ്യും, ‘ഇല്ല, അമ്മ ശരിക്കും പറയുകയാണ് മാധവ അണ്ണനെ ഞാൻ കണ്ടിട്ടുണ്ട്.. ഷാരൂഖാനെ പോലെ ഇരിക്കും..’
(ഒരു രക്ഷയുമില്ലാ.. ഒരിക്കൽ മനസ്സിൽ പതിഞ്ഞുപോയാൽ പിന്നെ മാറ്റാൻ പ്രയാസമാണ്..!)
അവസാനത്തെ അടവായിട്ട്, ‘മോളേ ഷാരുവും ഞാനുമൊക്കെ ഏകദേശം ഒരു പ്രായക്കാരാണ്..’
‘അല്ല, അല്ല, അമ്മ ഒരിച്ചിരിക്കൂടി മൂത്തതാണ്..’
തീർന്നു.. അതും അവൾക്കറിയാം..!
ഇനി എന്തു പറയാൻ..?! ഷാരൂഖാൻ നീണാൾ വാഴട്ടെ..!
എന്നാലും ദീപികാ പഡുകോണിനോടൊപ്പം ഒക്കെ അങ്ങിനെ വിലസി നൃത്തമാടുമ്പോൾ.. ‘എന്തുപറ്റി നമ്മുടെ മോഹൻലാലിനു..?’ എന്നു തോന്നിപ്പോകും..!
തടിയൊക്കെ ഒന്നു കുറച്ച് മമ്മൂട്ടിയെപ്പോലെ ഫിറ്റ് ആയിരുന്നെങ്കിൽ ഒരുപക്ഷെ..
പ്രായത്തെപ്പറ്റിയല്ല മുഖ്യമായി എഴുതാൻ വന്നത്, ബോറടിയെപ്പറ്റിയാണു എഴുതാൻ വന്നത്..പക്ഷെ എഴുതി എഴുതി ഇത്രയും ആയിപ്പോയീ..
ആരെയും കമ്പ്ലീറ്റായിട്ട് സ്നേഹിക്കാൻ പറ്റുന്നില്ലാ..
ഒരു സ്വപ്നവും പെർഫക്റ്റായിട്ട് കണ്ടുതീർക്കാനാവുന്നില്ല..
ഷോപ്പിംഗിനു പോയാൽ ഒരു സാധനവും സന്തോഷം തരുമെന്ന് വരുന്നില്ല
എല്ലാം ക്ഷണികം.. ശാശ്വതമായി ഒന്നും ഇല്ല എന്ന മനസ്സിന്റെ ഭീക്ഷണി..
ഒടുവിൽ ഗത്യന്തരമില്ലാതെ വീണ്ടും വെജിറ്റേറിയൻ ആയി നോക്കി.
ഒരല്പം മനസ്സമാധാനം കിട്ടി!
അപ്പോൾ സന്തോഷം കിട്ടാൻ ആക്രാന്തമല്ല വേണ്ടത്, ത്വജിക്കലാണു വേണ്ടത് എന്ന് മനസ്സിലാവുന്നു. എന്തൊക്കെ ത്വജിക്കണം എന്നതിലാണു മനസ്സിന്റെ സമാധാനം നിലനില്ക്കുന്നതെന്നു തോന്നുന്നു..
(തുടരും..- അമ്മായി എഴുതിയപോലെ, 'പയറിനെപ്പോലെ കിടന്ന് തിളയ്ക്കുമ്പോൾ' എഴുതാതിരിക്കുന്നതെങ്ങിനെ..?!)
ഇനീം ഉണ്ട് വിശേഷങ്ങൾ..
നമ്മുടെ 'ഏൻഷ്യന്റ് പ്രോമിസസ് ' വായിച്ച് 'ആത്മയോട് ഇവിടുള്ളവർ ഒക്കെ അതിലും വലിയ അനീതി കാട്ടീട്ടും ആത്മ ഒക്കെ സഹിച്ച് ഒരു പരുവമായല്ലോ..' എന്നുള്ള സെല്‍ഫ് പിറ്റി യുമായി നടന്നതുകാരണം.., കുടുംബത്തിൽ ഉള്ള സമാധാനവും പോയിക്കിട്ടി!
ഇതാണ് പറയുന്നത്, ചില ബുക്കുകൾ ഒക്കെ വായിക്കാൻ പോലും മലയാളി സ്ത്രീകൾ യോഗ്യരല്ല, പിന്നെയാണു അതുപോലൊക്കെ ജീവിക്കുന്നത്! ഒന്നു ചീഞ്ഞാലും മറ്റേതെങ്കിലും തഴച്ച് വളർന്നോട്ടെ എന്ന ഒരു തത്വമാണ് മലയാളി വീട്ടമ്മമാർക്കൊക്കെ നന്നെന്ന് തോന്നുന്നു.
തുടരും..
ഈ കമ്പ്യൂട്ടറിൽ ആണ് ആത്മയ്ക്ക് എഴുത്ത് വരുന്നത്. ഈയ്യിടെയായി ഇത് ചിലപ്പോഴൊക്കെ ഓൺ ആകാൻ കൂട്ടാക്കുന്നില്ല. അതുകൊണ്ട് എഴുത്തും ചുരുങ്ങി വരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഓൺ ആയ കമ്പ്യൂട്ടറിനെ അതുകൊണ്ട് ഓഫ് ആക്കാൻ മടിച്ച് അങ്ങിനെ തന്നെ വച്ചിരുന്നു.. പാവം..
ഇനി എഴുതാൻ മനസ്സിൽ ഉണ്ടായിരുന്ന കാര്യങ്ങളൊക്കെ തപ്പിയെടുത്തു നോക്കട്ടെ, ഇന്നലെ ട്വിറ്ററിൽ എഴുതീലേ, അതിനെപ്പറ്റി തന്നെ തുടങ്ങാം..
ഒരപകടം.. അത് അല്പം സീരിയസ്സ് ആയിരുന്നു.. ആത്മ നേരിൽ കണ്ടില്ലെങ്കിലും അത്മ കണ്ണടയ്ക്കുമ്പോഴൊക്കെ ആ സീൻ തന്നെ തെളിയുന്നുണ്ടായിരുന്നു. ഭയപ്പെട്ട് കണ്ണുതുറക്കും.. മറ്റുള്ളവരുടെ സന്തോഷങ്ങൾ അവർക്ക് വിട്ടുകൊടുത്ത് മനസ്സിനെ നിയന്ത്രിച്ചെടുക്കാനാകുമെങ്കിലും ചിലപ്പോഴൊക്കെ അവർക്ക് വിഷമങ്ങളുണ്ടാകുമ്പോൾ അത് തന്റേതാണെന്ന് കരുതി ഞടുങ്ങിപ്പോകുന്നു..! കൂടുതൽ എഴുതാൻ സാധിക്കുന്നില്ല.. അറിയില്ല.. എഴുതുന്നില്ല.. (അത്രക്ക് എന്റേതായിപ്പോയി..)
അടുത്ത വിഷയം..
ആത്മ ആത്മയുടെ ഒരു ഫോട്ടോ ഫേസ് ബുക്കിൽ ഇടാൻ നോക്കി. വർക്കത്തുള്ള ഒറ്റഒരെണ്ണം ഇല്ല! വെളിയിലത്തെ ജീവിതത്തിൽ ഒരുക്കത്തിനൊന്നും പ്രാധാന്യം നൽകാതെ നടക്കുന്ന ആത്മ (പക്ഷെ, നമ്മുടെ പൌലോച്ചായൻ പറഞ്ഞ ലക്ഷണമാണെന്ന് ആത്മ അങ്ങ് തീരുമാനിച്ചു) ഇനി കമ്പ്യൂട്ടറിനെ കാണിക്കാനായി ബ്യൂട്ടിപാർലറിൽ പോണോ?, അതും ഈ വയസ്സിൽ?!
എങ്കിലും..
ആത്മ മനസ്സിൽ കരുതി..
അല്പം തടിയെങ്കിലും കുറയ്ക്കണം അല്ലെങ്കിൽ മഹാ വൃത്തികേട്!
പിന്നെ ഇനി അല്പം കൂടിയൊക്കെ ഒരുങ്ങി നടക്കണം..
വേഷവും അല്പം കൂടി മോഡേൺ ഒക്കെ ആക്കാം..
അങ്ങിനെ ആഗ്രഹങ്ങളുടെ പട്ടിക നീളുമ്പോൾ.. അതാ ‘അത്യാഗ്രഹം’ തലപൊക്കുന്നു..!
എങ്കിപ്പിന്നെ ഒരല്പം പൊക്കം കൂടി..
പിന്നെ കുറച്ച് പ്രായം കൂടി കുറച്ചാലോ..?!, എന്നിങ്ങനെ നീണ്ട് നീണ്ട് പോകുന്നു..
‘ആത്മേ ഇത് യധാർത്ഥജീവിതത്തിലെ കാര്യമണേ! അത് കമ്പ്യൂട്ടറിലെ പോലെ എഡിറ്റിംഗ് പിന്നെ റീഎഡിറ്റിംഗ് ഒന്നും സാധ്യമല്ല.. ദൈവം അതിനൊട്ട് തയ്യാറുമല്ല..’
എങ്കിലും അദ്ദേഹം സ്വപ്നങ്ങളിൽ വന്ന് നല്ല ഡീസന്റ് രീതിയിൽ ഈ എഡിറ്റിംഗും ഒക്കെ ചെയ്യുന്നുണ്ട്.. അല്പം മുൻപ് ആത്മ ബ്ലോഗെഴുതാൻ സാധിക്കാത്തതിന്റെ വിഷമവും, വീട്ടുജോലിയും റെസ്റ്റില്ലായ്മയും എല്ലാം കൂടി തളർത്തി, ചത്തപോലെ കിടക്കുകയായിരുന്നു.. അപ്പോൾ ഒരു സ്വപ്നം കണ്ടു.! ദൈവത്തിന്റെ വീഡിയോ/സ്വപ്ന എഡിറ്റിംഗ് നോക്കൂ..!
ദൈവത്തിനെ വികൃതികൾ..!
സ്വപ്നത്തിലൂടെ ദൈവം ആത്മേം ആത്മേടെ അമ്മയിയും പരിവാരങ്ങളും ഒക്കെയുള്ള ഒരു സീൻ കട്ട് ചെയ്ത് ഒരു ഭാഗം അങ്ങ് ദൂരെ ആത്മ പണ്ട് പഠിച്ച് ഒരു സ്കൂളിന്റെ മുൻപിൽ കൊണ്ട് ചേർത്ത് വച്ചു.! മറ്റേ പകുതിയിൽ ആത്മയുടെ ഒരു പണ്ടത്തെ ടീച്ചറും പിന്നെ ആത്മ മതിക്കുന്ന നല്ല ഒരു പെൺകുട്ടി നല്ല പക്വതയുള്ള ടീച്ചർ ആയി അങ്ങിനെ ഗമയിൽ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ഈ പകുതി പടത്തിലേക്ക് നോക്കി ആത്മയെ തിരിച്ചറിയുന്നു! അവളിലും ഒരു മര്യാദകലർന്ന തിരിച്ചറിവ് ഉണ്ടാകുന്നു.. ആത്മ ആശ്വസിക്കുന്നു.. അപ്പോൾ ആത്മ തീരെ തറയല്ലാ...തീർന്നു! ശുഭം!
ഇനി ദൈവത്തിന്റെ അടുത്ത എഡിറ്റിംഗ്!
ഇപ്രാവശ്യം അദ്ദേഹം വളരെ വിദഗ്ധമായാണ് ആത്മയുടെ സ്വപ്നങ്ങളും യാധാർത്ഥ്യങ്ങളും പാസ്റ്റ് ടെൻസും പ്രസന്റ് ടെൻസും ഒക്കെ കൊണ്ട് ഫോട്ടോ/വീഡിയോ എഡിറ്റിം നടത്തിയത്..!
ആത്മ ഏതോ നല്ല ഒരു സ്ക്കൂളിൽ ജോലി ചെയ്യുകയായിരുന്നു.. അവിടെ നല്ല വിവരമുള്ളവരും ഏഷണിക്കാരും ഒക്കെയുള്ള ടീച്ചേർസ് ഉണ്ട്.. ആത്മയുടെ മകളും അവിടെയാണ് പഠിക്കുന്നത്. മകൾ നന്നായി പഠിക്കുന്നുണ്ട്.. ഒരു ഭയങ്കര ഏഷണിക്കാരി ടീച്ചർ ആത്മയെ കടന്നു പോകുമ്പോൾ പെട്ടെന്ന് വെട്ടി തിരിഞ്ഞ് പറയുന്നു, “ഇത്തവണ മാഗസീനിൽ വന്ന കവിത/കഥ നന്നായിരുന്നു.. (എന്തോ ഫിലോസഫി പോലെ ഒന്നായിരുന്നു. ‘ഇന്നലെയോളമെന്തെന്നറിഞ്ഞീലാ..’ എന്നും.. ‘മാളികമുകളേറിയ മന്നന്റെ എന്നുമൊക്കെയുള്ള..’ ഏതിനും അത് അവർക്ക് നന്നായി ഇഷ്ടമായി!) എന്ന് പറയുന്നു.
ആത്മയ്ക്ക് അവരെ സന്തോഷിപ്പിക്കാനും ശ്രദ്ധിപ്പിക്കാനും കഴിഞ്ഞ സംതൃപ്തി! അപ്പോൾ എഴുത്തുകൊണ്ട് ഗുണമുണ്ട്! എന്നും പറഞ്ഞ് തിരിച്ച് മകളുടെ ഹോസ്റ്റലിൽ കയറാൻ നോക്കുമ്പോൾ വഴികാണുന്നില്ല.! ഏതൊക്കെയോ വഴികളിലൂടെ കയറി അകത്തു കടന്ന് നോക്കുമ്പോൾ അതൊരു മെൻസ് ഹോസ്റ്റലായിരുന്നു! പുറത്ത് ആൺകുട്ടികളുമായി സല്ലപിച്ചുകൊണ്ട് നിന്നിരുന്ന ഗാർഡ് ആത്മേ കണ്ട് അന്തം വിടുന്നതിനിടയിൽ ‘ന്യൂകമർ’ എന്ന വിഡ്ഢിവേഷം അഭിനയിച്ച് “ അയ്യോ ഇത് ആണുകുട്ടികളുടെ ഹോസ്റ്റലായിരുന്നോ?! എനിക്കെന്റെ മകളുടെ ഹോസ്റ്റലിൽ പോകണമായിരുന്നു..” എന്നൊക്കെയുള്ള ആത്മയുടെ പരിഭ്രാന്ത പ്രകടനത്തിൽ മനം അലിഞ്ഞ അയാൾ ആത്മയെ വേലിചാടി (ചാടാൻ പറ്റുന്ന ഒന്ന്!) പുറത്തുപോകാൻ അനുവദിക്കുന്നു..
പിന്നീടും വഴിതെറ്റലുകളായിരുന്നു സ്വപ്നം നിറയെ..!
ഏതോ ഒരു അമേരിക്കൻ നടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒരു ടവറിനു മുകളിൽ തനിച്ച് കയറിപ്പോകുന്ന ഒരു രംഗം സിനിമയിലാക്കാൻവേണ്ടി കഷ്ടപ്പെടുകയായിരുന്നു. സ്വാഭാവികതയ്ക്ക് വേണ്ടി ചുറ്റും സുരക്ഷിതത്വം ഒന്നും ഏർപ്പെടുത്താതെ അവരുടെ ലോലമായ വിരലുകളാൽ അവർ അള്ളിപ്പിടിച്ച് ഏറ്റവും മണ്ടയിൽ എത്തുന്നു. (ഒപ്പം ആത്മേം അവിടേ എത്തി! ആത്മയും അവരുടെ ടെൻഷൻ/ഭയം അനുഭവിക്കുന്നു..! ആത്മ എന്തിനവിടെ എത്തിയതെന്നോ, ഈ എഡിറ്റിം എന്തിനു ചെയ്തതെന്നോ ദൈവം തമ്പുരാനേ അറിയൂ..!) അതോടെ പിന്നെ ലൈറ്റ്.. ക്യാമറ.. ആക്ഷൻ.. എല്ലാം തീർന്ന്, അവർ എല്ലാവരും ചേർന്ന് അർമാദിക്കുന്നതാണ് അടുത്ത സീൻ!
ആത്മേ പിന്നെ അവിടെനിന്നും വഴിതെറ്റിച്ച് ദൈവം മറ്റെവിടെയോ കൊണ്ടാക്കി..!
ഒരപരിചിതമായ സ്ഥലം..! അവിടെയങ്ങിനെ പെട്ടുകിടക്കുമ്പോൾ പെട്ടെന്നതാ മുകളിലത്തെ വീട്ടിലെ തീരെ വയ്യാതെ കിടന്ന ഒരു വയസ്സൻ അങ്കിൾ അദ്ദേഹത്തിന്റെ ‘കരോക്കെ’യുടെ വാദ്യോപകരണങ്ങൾ നിരത്തി എന്റെ മകളെ പാടാൻ വിളിക്കുന്നു. ഒപ്പം അദ്ദേഹവും പാടുന്നു.. അപ്പോൾ അകത്തു നിന്നും തീരെ തളർന്ന് കിടക്കുന്ന വലിയമ്മ/ആന്റി അവരുടെ സഹായ യന്ത്രങ്ങളുമായി (നിവർന്ന് നിൽക്കാനും മറ്റും ഉള്ള) വന്ന് കരോക്കെ ആഘോഷത്തിൽ പങ്കുചേരുന്നു..
ആത്മയ്ക്കും പോയി പാടിയാൽ കൊള്ളാമെന്നുണ്ട്. ( ഈ വലിയമ്മയ്ക്കും വലിയപ്പനും പാടാമെങ്കിൽ പിന്നെ ആത്മയ്ക്കും..) പക്ഷെ, ഈ ചാൻസ്, ഒരു വിധം നന്നായി പാടാൻ കഴിയുന്ന, മകൾക്ക് ഒരു പക്ഷെ ഗുണകരമായേക്കും.. തന്റെ നുഴഞ്ഞുകയറ്റം അവൾക്ക് ദോഷം വരുത്തിയാലോ, എന്നു കരുതി ആത്മയുടെ കരൊക്കെ മോഹം ഉപേക്ഷിക്കുന്നു. (അല്ലെങ്കിലും ഇതിനകം അവിടെ ധാരാളം ആൽക്കാർ കൂടിക്കഴിഞ്ഞിരുന്നു!)
ഇനി അടുത്ത സീൻ..
അടുത്ത സീൻ റിയാലിറ്റിയാണ്! ആത്മ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുന്നു..
മി. ആത്മയോട് ചായയിടട്ടെ..? എന്നൊക്കെ ചോദിച്ച് അടുക്കളേലോട്ട് ഓടുന്നു.. തന്റെ സ്വപ്നത്തിന്റെ കാര്യം ഒന്നു വിവരിക്കാമെന്ന് കരുതിയെങ്കിലും ശ്രമം ഉപേക്ഷിക്കുന്നു.. (ചിലപ്പോൾ എല്ലാം ഒരുമിച്ച് തകർത്തുകളയും!) ഈ സമയത്ത് അല്പം ഉറങ്ങാൻ സമ്മതിച്ചതു തന്നെ മഹാഭാഗ്യം! എന്നുകരുതി മാക്സിമം നല്ല വീട്ടമ്മയായി ചായയും പുട്ടും ഒക്കെ കൊടുത്ത് ഗൃഹനാഥൻ പുറത്തു കടന്നതും..‘ദൈവത്തിന്റെ വികൃതികൾ എങ്കിപ്പിന്നെ ഒരു പോസ്റ്റാക്കീട്ട് തന്നെ കാര്യം’ എന്നുകരുതി ആത്മ ദാ ഇവിടെ..
ഇനി തുടരണോ?!
ഇവിടെ ഒരു വെള്ളമടിക്കാത്ത; നമശ്ശിവായ എന്നു പറയുന്ന സായ്‌വ് ഉണ്ട്.. വെള്ളമടിക്കുന്നവരെല്ലാം നല്ലവരല്ലെന്നോ, നമശ്ശിവായ എന്നു പറഞ്ഞുനടക്കുന്നവരെല്ലാം പെർഫക്റ്റ് ആണെന്നോ പറയാനല്ല ഇത് എഴുതിയത്.. പക്ഷെ, ഇദ്ദേഹം നല്ലയാളാണെന്നു തോന്നുന്നു.. ഉദ്ദേശ്യം ഒരു 70,75 നടുത്ത് പ്രായം വരും..
[ചിലപ്പോൾ തുടരും.. (ട്വിറ്ററിൽ എഴുതാൻ നോക്കീട്ട് ഒരുപാട് സമയമെടുക്കുന്നു അതുകൊണ്ട് ഇവിടെ എഴുതിയതാണ്..)
എന്തെങ്കിലും ഒക്കെ എഴുതാൻ തോന്നുന്നെങ്കിൽ വരാം..]
ജോലികള്‍ കൊണ്ട്ട് പൊറുതി മുട്ടുമ്പോള്‍ താല്‍ക്കാലിക ആശ്വാസത്തിനും കൂടിയാണ് ബ്ലോഗ് എഴുതുന്നത്.. പിന്നെ ഒരു നൂറു വയസ്സിനടുത്ത മുത്തശ്ശന്മാരും മുത്തശ്ശിമാരും ചില തീരെ കൊച്ചു കൊച്ചുകുട്ടികളെ അത്ഭുതത്തോടെ നോക്കിയിരിക്കുന്ന കണ്ടിട്ടില്ലേ.., വിടപറയാന്‍ കാത്തുനില്‍ക്കുന്ന ജീവന് പുതു ജീവനോടു തോന്നുന്ന ഒരു ആരാധനയാണ് പലരും കളിതമാശകള്‍ പറയുമ്പോഴും നന്നായി ജീവിക്കുന്നു
എന്നൊക്കെയുള്ള വിശേഷങ്ങള്‍ കേള്‍ക്കുമ്പോഴും ഒക്കെ തോന്നാറ് . ആത്മയ്ക്ക് കിട്ടാതെപോയ കിട്ടാനിടയില്ലാത്ത്ത പലതും കാണുമ്പോള്‍ ഒരു സന്തോഷം..
(ബാക്കി മറ്റേ കമ്പ്യൂട്ടര്‍ ഓണ്‍ ആകുമ്പോള്‍..)
അല്ലെങ്കില്‍ ഒരു ഫോട്ടോ കൂടി ചേര്‍ക്കാം.. അല്പം മുന്പ് കടയില്‍ പോയപ്പോള്‍ എടുത്തതാണ് . ഈ പടത്തിനു നമുക്ക് പല പേരുകള്‍ ഇടാം...
അസ്തമന സൂര്യന്റെ ദുഖം;
ഇലകൊഴിഞ്ഞ മരം
ഒറ്റപ്പെട്ട മരം..
ഫ്ലാറ്റുകളുടെ ഇടയില്‍ മരം തനിച്ച് ...
വിടപറയും സൂര്യനെ നോക്കി വിഷാദത്തോടെ 'ഇനി എത്ര നേരം..?!' എന്ന കേഴുന്ന മരം..
'നാളെ വീണ്ടും കാണാം' എന്ന് പറയുന്ന ഇലകൊഴിഞ്ഞ മരം...
തല്‍ക്കാലം മതിയാക്കുന്നു...
ചിലപ്പോള്‍ തുടരും.. (സമയം കിട്ടുമെങ്കില്‍..)
***
റെയര്‍ റോസ്!, വലിയമ്മായി!, രാജി!, തറവാടിജി! ആരൊക്കെയാണ് വന്നത്!
സന്തോഷായി!
ഇന്ന് സമയം ഒരുപാടായി.. നാളെ കമന്റിനു മറുപടി എഴുതാം.., ഇന്ന്
അല്പം ജോലി കൂടുതല്‍ ആയിരുന്നു.. ഇന്ന് എഴുതിയാല്‍ നന്നാവില്ല..
ഒരു വിശേഷം കൂടിയുണ്ട്!
ആത്മ ഈ സൈറ്റില്‍ http://www.tavultesoft.com/keyman/downloads/keyboards/details.php?KeyboardID=613&FromKeyman=0 പോയി കീമാന്‍ ഡൌണ്‍ലോഡ് ചെയ്തു!
ഇപ്പോള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നുണ്ട്!..
ബാക്കി നാളെ...
‘ആശകളും ആഗ്രഹങ്ങളും ഒക്കെ ഒടുവിൽ ഗത്യന്തരമില്ലാതെ കുഴിച്ചുമൂടി പിന്തിരിയുമ്പോൾ..
അതാ എവിടെനിന്നോ ഒരു മഴ..
അത് മണ്ണിനെയാകെ കുളിർപ്പിക്കുന്നു..
ഞാൻ കുഴിച്ചിട്ട വിത്തുകളെ മുളപ്പിക്കുന്നു..
പിന്നെ ഞാനറിയാതെ അത് കുരുത്ത് തളിർത്ത് പൂക്കുന്നത് നോക്കി ആർമാദിക്കുന്നുന്നു..
മറ്റൊരു വലിയ വേനലിൽ എല്ലാം വീണ്ടും കരിഞ്ഞു വീഴും വരെ..’
ഏതെങ്കിലും പ്രേമബന്ധം തകർന്നനൊമ്പരത്താൽ എഴുതിയ വരികളാണെന്നു തോന്നും വായിക്കുന്നവർക്ക് അല്ലെ, എന്നാൽ ഇത് മനുഷ്യരോടുള്ള പ്രേമമല്ല, കമ്പ്യൂട്ടറിനോടുള്ള, മലയാളം ബ്ലോഗിനോടുള്ള പ്രേമവുമായി ജീവിക്കുന്ന ഒരു പാവം വീട്ടമ്മയുടെ ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞ വരികളാണ്.. കമ്പ്യൂട്ടർ കേടായ നൊമ്പരത്താത്താൽ.. മറ്റൊരു കമ്പ്യൂട്ടറിൽ വിൻഡോസ് 7 ഇൽ മൊഴി ടൈപ്പ് ചെയ്യാൻ പറ്റാത്ത നൊമ്പരത്താൽ..ദിവസം മുഴുവൻ ഇരുട്ടിലാണ്ടുപോയപോലെ കഴിയുന്ന ഒരു വീട്ടമ്മ.
വീട്ടമ്മ കൂട്ടുകാരിയെ ഫോൺ ചെയ്തുനോക്കി, അമ്മയെ ഫോൺ ചെയ്ത് ദീർഘനേരം സംസാരിച്ചു നോക്കി.. എല്ലാം കഴിഞ്ഞ് വീണ്ടും തനിച്ചാകുമ്പോൾ ഓൺ ആകാൻ മടിച്ച് മൂലയിൽ ഇരിക്കുന്ന കമ്പ്യൂട്ടർ വീണ്ടും വല്ലാത്ത ഒരു നഷ്ടബോധം വരുത്തുന്നു!
കമ്പ്യൂട്ടറിനു ജീവനുണ്ടോ.., അതിനി ദൈവം ആഞ്ജാനുവർത്തിയാണോ എന്നൊന്നും അറിയില്ല. ഇന്നലെ അലസമായി കമ്പ്യൂട്ടർ ഓൺ ആകുന്നതും പ്രതീക്ഷിച്ചിരുന്നപ്പോൾ മനപൂർവ്വമെന്നപോലെ അത് ഓൺ ആകാൻ കൂട്ടാക്കിയില്ല..
ഇന്ന് നിറയെ ജോലികളൊക്കെ ചെയ്ത് എന്നാൽ ഒന്നുകൂടി ഒന്ന് നോക്കിക്കളയാം എന്നുകരുതി വന്നപ്പോൾ ദാ പൂപോലെ ഓൺ ആയി, എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ!
ഇനി ഇത് ഇന്ന് ഓഫ് ആക്കുന്നില്ല. ഓഫ് ആക്കിയാൽ പിന്നെ ഓൺ ആകില്ല..
അതുകൊണ്ട് ഇടയ്ക്കിടെ മനസ്സിൽ തോന്നുന്നതൊക്കെ എഴുതും..
---
അങ്ങിനെ കമ്പ്യൂട്ടറിനെ സാക്ഷി നിർത്തി ആത്മ ആത്മേടെ ജോലികളൊക്കെ ഒരുവിധം ഒതുക്കി! ആത്മയുടെ ഹാർഡ് വർക്ക് ആരും കാണുന്നില്ല എന്ന പരാതി വേണ്ടല്ലൊ, ഇനിയിപ്പോൾ അല്ലറചില്ലറ കാര്യങ്ങളൊക്കെയേ ഉള്ളൂ തീർക്കാൻ..
അപ്പോൾ എന്താണു പറഞ്ഞു വന്നത്?! ഇന്ന് മുഴുവനും കമ്പ്യൂട്ടർ ഓൺ ചെയ്തു വച്ചിട്ട് മനസ്സിൽ തോന്നുന്നതൊക്കെ എഴുതും എന്നല്ലേ.., മനസ്സിൽ തോന്നുന്നതൊക്കെ എഴുതിയാൽ എല്ലാവരും കൂടെ ആത്മയെ ഓടിച്ചിട്ട് അടിക്കും. അതുകൊണ്ട് നല്ല ഡീസന്റായി എന്തെങ്കിലും ഒക്കെ എഴുതാൻ ഓർമ്മിച്ചെടുക്കട്ടെ...,
തിരിച്ചു വരും..
തിരിച്ചു വന്നു.. പക്ഷെ എഴുതാൻ ഒരു മൂഡില്ല.. കമ്പ്യൂട്ടറിനു ഒരു വിരഹ മൂഡ്! എന്തുചെയ്യാൻ!
(അതിനിപ്പം നിന്നോടാരെങ്കിലും പറഞ്ഞോ കമ്പ്യൂട്ടറും ഓൺ ചെയ്ത് ആർമാദിക്കാൻ..?! കമ്പ്യൂട്ടറിനും കാണില്ലേ ഒരു ആത്മാവ്?! ആത്മേ എല്ലാറ്റിനും ഒരു ലിമിറ്റ് വേണം.. ലിമിറ്റ്! പോയി നാമനാമം ജപിച്ച് കിടന്നുറങ്ങാൻ നോക്ക്)
അല്പം വിശേഷം കൂടി!
ഇന്നത്തെ വിശേഷം എന്തെന്നാൽ എന്റെ ഒരു ഫേസ്ബുക്കിൽ എനിക്ക് ഒരു പ്രിയസുഹൃത്തിനെ കിട്ടി!
പക്ഷെ അതിലും വലിയ വിശേഷം എന്തെന്നാൽ എന്റെ ഒരു ട്വിറ്റർ പേജിൽ ഒരാൾ ചേർന്നിരിക്കുന്നു!!
വിശ്വസിക്കാൻ പറ്റുന്നില്ല. ദൈവമേ! കൃഷ്ണാ..! ഗുരുവായൂരപ്പാ..! നീ തന്നെ തുണ.
എങ്കിപ്പിന്നെ കമ്പ്യൂട്ടറേ നിന്നെ ഓഫ് ആക്കട്ടെ?!
നാളെ നല്ല കുട്ടിയായിട്ട് ഒരു തവണ ഓൺ ചെയ്യുമ്പോഴേ വരണം ട്ടൊ,
കുറച്ചു ദിവസങ്ങളായി ആത്മയ്ക്ക് ആത്മയെ നഷ്ടപ്പെടുകയായിരുന്നു! ഒന്നാമത്തെ കാരണം മൊഴി പണിമുടക്കിലായതു തന്നെ.. പക്ഷെ അതുകൂടാതെ കഷ്ടകാലത്തിനു ആത്മ പോയി ഫേസ് ബുക്കും ട്വിറ്ററും ഒക്കെ ഒന്നു പരീക്ഷിച്ചു നോക്കി! അതിൽ ആകെപ്പാടെ അറിയാവുന്ന കുറച്ചുപേരെയൊക്കെ ചേർത്ത് അങ്ങിനെ ഫേസ്ബുക്ക്, ട്വിട്ടർ, പിന്നെ ബ്ലോഗുകൾ അതിലും പലപേരിലല്ലേ?!
എല്ലാം കൂടിയായപ്പോൽ ആത്മയ്ക്കു തന്നെ ഒരു കൺഫ്യ്യൂഷൻ! ഇതിൽ യധാർത്ഥ വ്യക്തി ആരാണെന്ന്!
പിന്നെ കമ്പ്യൂട്ടറിനു വെളിയിലത്തെ ബോറടിച്ച എന്നാൽ സ്നേഹമയിയായ അമ്മ, അനുസരണയു ഭാര്യ(?), എന്നിങ്ങനെ എത്ര റോളുകളാണു കാശിനു കൊള്ളാത്ത ആത്മയ്ക്കുപോലും ! അപ്പോൾ, അൽപം കൂടി വിവരവും വിദ്യാഭ്യാസവും സോഷ്യലും ഒക്കെയായിട്ടുള്ളവർ എങ്ങിനെ ഈ യുഗത്തിൽ സർവ്വൈവ് ചെയ്യുമോ!
ഏതിനും ആത്മ ആത്മയെ വീണ്ടെടുക്കാൻ വന്നതല്യോ?!, അതുചെയ്യട്ടെ ആദ്യം..
പല റോളുകൾ ഉണ്ടെന്നും പല പേരുകൾ ഉണ്ടെന്നും ഒക്കെ പറഞ്ഞെങ്കിലും യഥാർത്ഥ വ്യക്തി ആത്മതന്നെയാണ്! നമ്മൾ ഭയമില്ലാതെ ജീവിക്കുമ്പോഴല്ലേ, നാമാകുന്നത്! മറ്റു പേരിലുള്ള ഞാൻ ആരെയൊക്കെയോ എന്തിനെയൊക്കെയോ ഭയന്നും ഒക്കെ ജീവിക്കുന്ന ഒരു വ്യക്തിയായി തോന്നി.
ഇപ്പോൾ ആത്മ വരമൊഴിയിൽ ആണ് ടൈപ്പ് ചെയ്യുന്നത്.. ഇത് മൊഴിയിൽ നേരിട്ടു എഴുതുന്ന ഒരു സുഖം വരുന്നില്ല എങ്കിലും പരിചയപ്പെട്ടല്ലേ പറ്റൂ...
ഹാവൂ ആശ്വാസമായി! അവിടെ എഴുതിയത് ഇവിടെ എത്തി! ഇനിയിപ്പോൾ ആത്മ ഫോമിലാകും...
----
ദൈവമേ! ആത്മ ഇപ്പോൾ ശരിക്കും ബ്ളോഗിൽ തന്നെയാണു ടൈപ്പ് ചെയ്യുന്നത്! ഇങ്ങിനെ പോയാൽ ആത്മയ്ക്ക് ഇനീം വട്ടുപിടിച്ചേക്കും.. ഈയ്യിടെയായി ഒന്നിനും ഒരു സ്ഥിരതയില്ല. ഈ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ ആത്മയുടെ സമനിലയൊക്കെ തെറ്റിക്കും!
വരമൊഴി എക്സ്പോർട്ട് ചെയ്ത് ഇവിടെകൊണ്ടുവന്ന് പേസ്റ്റൊക്കെ ചെയ്തശേഷം മലയാളം സിലക്റ്റ് ചെയ്ത അങ്ങ് ടൈപ്പ് തുടങ്ങി! എല്ലാം സ്മൂത്ത്!
എങ്കിപ്പിന്നെ ഈ സന്തോഷത്തിൽ, ഇന്ന് പെയ്യാതെ പോയ മഴയെ കുറിച്ച് എഴുതാം അല്ല്യോ,
'മഴ' എന്നു പറഞ്ഞാൽ എല്ലാവരുടെയും മനസ്സിൽ 'തണുപ്പ്' 'കുളിർ' ഒക്കെ തന്നെയാണല്ലൊ അല്ലെ,
അത്മേടെ മനസ്സിലും അതുതന്നെ.. മഴ നമ്മെ തണുപ്പിക്കും.. വെയിലിനെ കുറച്ചുനേരം മറയ്ക്കും.. തകർത്ത് പെയ്യും.. ഇരുളായെന്ന് തോന്നും..
നാം വെളിയിൽ തകർത്ത് പെയ്യുന്ന മഴയെ കൌതുകപൂരവ്വം നോക്കി നില്ക്കും..
ദേഹം നനയുമെന്ന് കരുതി ആരും മഴയത്ത് ഇറങ്ങില്ല. നാട്ടിലാണെങ്കിൽ മഴകൊണ്ട് നനഞ്ഞ കോഴികളും പൂച്ചകളും ഒക്കെ വന്ന് ശരീരം കുലുക്കി മഴവെള്ളമൊക്കെ കുടഞ്ഞു കളഞ്ഞ് അങ്ങിനെ മഴേം നോക്കും നമ്മളേം നോക്കും! ഈ മഴ ഇനി എത്ര നേരം..?!, എത്രനേരം ഇങ്ങിനെ കുളിർന്ന് വിറച്ച് ഇരിക്കണം ഇരതേടിയിറങ്ങാൻ..?, എന്നൊക്കെയോർത്ത്..
നാം മുറ്റത്തുകൂടി ഒഴുകിപ്പൊകുന്ന നീർക്കുമിളകളും ചെളിവെള്ളവും ഒക്കെ നോക്കി 'ഹായ് മുറ്റം ഒരു പുഴയായി മാറിയിരിക്കുന്നു.. ശരീരം അല്പം കൂടി ചെറുതായിരുന്നെൻകിൽ ഇറങ്ങി നീന്തിത്തുടിക്കാമായിരുന്നു..' എന്നൊക്കെ..
മഴയത്ത് ചിലപ്പോൽ കളിവള്ളം ഉണ്ടാക്കി ഒഴുക്കാൻ നോക്കും.. വള്ളം അങ്ങിനെ ചാഞ്ഞും ചരിഞ്ഞും ഒക്കെ പോകുമ്പോൾ അതിൽ തങ്ങൾക്കിരിക്കാനാവില്ലല്ലൊ എന്ന ദുഃഖം.. അതു തീർക്കാൻ അടുത്തുകൂടി പോകുന്ന ചോനനുറുമ്പിനെ പിടിച്ചിടും! ഉറുമ്പിനേയും കൊണ്ട് തോണി അല്പദൂരം പോകും പിന്നെ ചരിയും..ഉറുമ്പ് വെള്ളത്തിൽ കഷ്ടപ്പെട്ട് നീന്തും..! (കടപ്പാട് രാജിയുടെ കമന്റ് )
പിന്നെ ഒടുവിൽ മഴ തീർന്ന് വെളിയിലിറങ്ങിയാൽ മഴയിൽ എഞ്ജോയ് ചെയ്ത സർവ്വ ചരാചരങ്ങളേയും കാണാം..! പുതിയ താളവും ലയവുമൊക്കെയായി കുണുങ്ങിക്കുണുങ്ങിയൊഴുകുന്ന അരുവി..!, നനഞ്ഞു കുതിർന്ന പൂക്കളും മരങ്ങളും ഒക്കെ വെള്ളം ആവോളം ലഭിച്ച ആനന്ദത്തിൽ മതിമറന്ന് ആടുമ്പോൾ , മഴനനയാതെ നിന്ന നാമും, പിന്നെ നമ്മുടെ കോഴികളും പൂച്ചകളും ഒക്കെ മഴകൊണ്ട് നനഞ്ഞ പ്രകൃതിയിൽ പുത്തൻ അനുഭവങ്ങളും തേടി ഇറങ്ങും... മഴ ഭൂമിക്ക് എന്തൊക്കെ മാറ്റങ്ങൾ വരുത്തിയതെന്നറിയാൻ!
മഴയെപ്പറ്റി ഇന്നലെ കുറച്ചുകൂടി ഒർത്തായിരുന്നു... അതുകൂടി ചേർക്കാം..
മഴയെത്തും മുൻപെ കൂടണയാനോടുന്ന ഉറുമ്പിൻ കൂട്ടങ്ങൾ.. കട്ടുറുമ്പ് വരിവച്ച് പോകുമ്പോൾ അമ്മുമ്മ പറയും, " ഇന്ന് മഴ പെയ്യും.."
പിന്നെ മഴയോടടുപ്പിച്ച് വന്നണയുന്ന ഈയ്യാം പാറ്റകൾ.. മഴകൊണ്ടു നനഞ്ഞ് വന്ന് എരിതീയിൽ വീണൊടുങ്ങും.. കൂട്ടത്തോടെ..
മഴ പെയ്തുകഴിയുമ്പോൾ അപൂർവ്വമായി ചിലപ്പോൾ മാനത്തു മഴവില്ലിനെ കാണാം..! എത്ര നോക്കിയാലും മതിവരില്ല. മുഴുവനും കാണാനായി കുന്നിൻ മുകളിൽ കയറി നോക്കും! ദൈവത്തിന്റെ കരവിരുത് കൺകുളിരെ കാണും..!
മഴയത്തു നനഞ്ഞു നിന്ന് ഞാറു നടുന്ന ആൾക്കാർ മറ്റൊരു കൌതുകമാണ്.
മഴ പെയ്തു കഴിയുമ്പോൾ ചിലപ്പോൽ മാവിൻ ചുവട്ടിൽ നിറയെ പഴുത്ത മാങ്ങ ചിതറി കിടപ്പുണ്ടാകും..!
അമ്മുമ്മ ഒരോ മാങ്ങയായി എടുത്ത് പൂളി തരും.. തിന്നു കൊണ്ടിരിക്കുമ്പോൾ അടുത്ത മാങ്ങ വീഴും അപ്പോൾ ആമ്മുമ്മ പാടും.. "കിട്ട്യേതീനെ തിന്നീടുമ്പോൾ ഇന്നും ദൈവം തന്നീടും.."
ഒപ്പം ഒരു പിശുക്കൻ നമ്പൂതിരിയുടെ കഥ പറയും. പഴുത്ത വെറ്റിലകൾ മാത്രം കൂട്ടി മുറുക്കാൻ തിന്നേണ്ടിവരുന്ന നമ്പൂരി.
നമ്പൂരി ആദ്യം ഒരു പഴുത്ത വെറ്റില കാണുമ്പോൾ ഇതു പാഴിക്കളയണ്ട എന്നു കരുതി അതു കൂട്ടി മുറുക്കും. പിറ്റേന്ന് നല്ല പച്ച വെറ്റില തിന്നാമല്ലൊ എന്ന വിചാരത്തോടെ.. പിറ്റേന്ന് ചെല്ലുമ്പോൽ മറ്റൊരു വെറ്റില കൂടി പഴുത്തുപോയിട്ടുണ്ടാകും.. കളയാൻ മടിച്ച് അദ്ദേഹം അന്നും പഴുത്തതു തന്നെ തിന്നും. അങ്ങിനെ നല്ല ഒന്നാം തരം വെറ്റിലകൾ ഒന്നുപോലും അദ്ദേഹത്തിനു പച്ചയ്ക്ക് ഫ്രഷ് ആയി തിന്നാനാകാതെ ജീവിക്കുന്ന ഒരു കഥ...
മഴയിൽ തുടങ്ങി വെറ്റിലയിൽ ചെന്നു നിന്നു..
മഴവരുമ്പോൾ മറ്റൊരിഷ്ടം കൂടിയുണ്ട്..
മൂടിപ്പുതച്ചു കിടന്ന് ഉറങ്ങാൻ.. നട്ടുച്ചയാണെങ്കിൽപ്പോലും ഒടിപ്പോയി ഒരു പായും തലയിണയും എടുത്തുകൊണ്ട് വന്ന് ഇറയത്തിട്ട്, മൂടിപ്പുതച്ചു കിടന്ന് മഴയെ നോക്കി കിടക്കാൻ ഒരു സുഖം!
അപ്പോൾ അമ്മുമ്മ, ഒരു മഴകൂടി കാണാനായല്ലൊ എന്ന സംത്രിപ്തിയോടെ പറയും, 'അടുത്ത മഴക്കാലത്ത് ഞാനുണ്ടാവുമോ ആവോ..!'
അതുകേൾക്കുമ്പോൾ വിഷമം തോന്നും. 'അമ്മുമ്മ എന്നും ഉണ്ടാകും..' എന്നു പറഞ്ഞ് സമാധാനിപ്പിക്കും.
മഴയെപ്പറ്റി എഴുതിക്കൊണ്ടിരുന്നപ്പോൾ.. ദാ ഇവിടേം മഴയാണെന്നു തോന്നുന്നു ഇന്ന്!
പുറത്തൊക്കെ ആകെ ഇരുൾ മൂടിത്തുടങ്ങി.. വരുവാനുള്ള അനൌൺസ്മെൻ ഒക്കെ മുഴക്കുന്നുണ്ട്.. (ചെറുതായി ഇടി വെട്ടുന്നു..)
നാട്ടിലാണെങ്കിൽ പണ്ട് മഴവരുമ്പോൾ പുറത്ത് ഉണക്കാനിട്ടിരിക്കുന്ന ധാന്യങ്ങൾ, തുണികൾ, ഒക്കെ എടുക്കാൻ വീട്ടിൽ എല്ലാവരും ഒടും.. അമ്മുമ്മ മാത്രം 'മഴ വരുന്നൂ.. തുണിയൊക്കെ പറക്കിൻ' എന്ന് പറഞ്ഞ് ഇറയത്ത് വന്ന് നില്ക്കും.. ആദ്യം അമ്മുമ്മേടെ നേര്യത് കയ്യിൽ കിട്ടുന്നതുവരെ അങ്ങിനെ നിന്ന് നോക്കും..! മഴതുള്ളികൾ വീഴാതെ കിട്ടിയ നേര്യതും അടുക്കിപ്പിടിച്ച് ബാക്കി തുണികൾ എടുക്കുന്നതും നോക്കി അങ്ങിനെ നില്ക്കും
തുടരും..
[(ഇത്റേം എഴുതിയപ്പോൾ മകൾ മൂന്നു ബസ്റ്റോപ്പ് അപ്പുറത്തു നിന്നും വിളിക്കുന്നു.. മഴവരുത്.. മഴവരുത്.. കുടകൊണ്ടുവാ.. എന്ന്. പോയി വിളിച്ചോണ്ട് വന്നിട്ട് ബാക്കി എഴുതാം..)
ഈ മഴ ശരിയല്ലാ.. അത്മ ഒരു പാരഗ്രാഫോളം എഴുതിയത് മുഴുവൻ ഒറ്റയടിക്ക് ഡിലീറ്റ് ആയിപ്പോയി!..
അങ്ങിനെ അകത്ത് സുഖമായി കൂനിക്കൂടിയിരുന്ന് മഴയെപ്പറ്റി എഴുതിക്കൊണ്ടിരുന്ന ആത്മയെ മഴ പുറത്ത് വിളിച്ചിറക്കി നനയിച്ചു. പോരാത്തതിനു കൊണ്ടുപിടിച്ച് ഭീക്ഷണിയും..! ഇടിയായിട്ടും കൊള്ളിയാനായിട്ടും ഒക്കെ, ങ്ങ്ഹാ!' നീ എന്നെപ്പറ്റി തകർത്തു വച്ച് എഴുതുകയല്ലായിരുന്നോ. എങ്കിപ്പിന്നെ അനുഭവീ..' എന്നും പറഞ്ഞ്.
അത്മ ചുറ്റിനും നോക്കി. നാട്ടിലെ മഴയുടെ ആ താളവും ലയവും ഒന്നും ഇല്ല. ഒരു തരം രൂക്ഷമായ.. ബോറൻ മഴ! എങ്കിലും മഴയല്ലേ, ആസ്വദിക്കാം എന്നു കരുതിയപ്പോൾ ഇടക്ക് കൊള്ളിയാൻ വീശി പേടിപ്പിക്കലും! എന്നിട്ടും ആത്മ പേടിച്ചില്ല.. ആത്മ കൈയ്യും വീശി നടന്നു.. ഒരുവശത്ത് ചീറിപ്പായുന്ന വാഹനങ്ങൾ തെറിപ്പിക്കുന്ന വെള്ളം ആത്മയുടെ അടുത്ത് എത്തുന്നില്ലാ.. പിന്നെ ക്രോസ്സ് ചെയ്ത് സ്പീടിൽ നടന്നു.. 'കണ്ടോ ഒട്ടും മടിച്ചിയല്ലാത്ത ഒരു വീട്ടമ്മ മഴനനഞ്ഞ് നടക്കുന്നത്!'
അങ്ങിനെ പോയി മകാളെയും വിളിച്ച് തിരിച്ച് ഒരു കുടക്കീഴിൽ വർത്തമാനോം പറഞ്ഞോണ്ട് വരുമ്പോൾ അനുനയത്തിൽ പറഞ്ഞു, 'നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് നടക്കാം..?'
'അമ്മേ എനിക്ക് അടുത്ത ആഴ്ച നാഫാ ടെസ്റ്റ് ഉണ്ട്.. അമ്മ എന്നെക്കൂടി തടിവയ്പ്പിച്ചിട്ടേ അടങ്ങൂ അല്ലെ?'
കുറച്ചു നേരം ആത്മ മിണ്ടാതെ നടന്നു.. പിന്നേം തുടങ്ങി.. 'ഒരുനേരം കഴിച്ചെന്നു കരുതി തടിയൊന്നും വയ്ക്കില്ല.. നമുക്ക് മക്ഡൊണാൾഡിൽ കയറാം..അല്ലെങ്കിൽ കെന്റക്കി!' (അവളെ പ്രലോഭിപ്പിക്കാൻ നോക്കീട്ട് ഒരു രക്ഷയുമില്ല)
(അത്മയ്ക്കാണെങ്കിൽ ആത്മ എന്തെങ്കിലും എക്റ്റ്ട്റാ ജോലി ചെയ്താൽ ഉടൻ തന്നെ ട്രീറ്റ് കൊടുക്കണം.. ആത്മയ്ക്ക് ആരും ട്രീറ്റ് തരാനില്ല എന്ന് ഇത്ര നാളത്തെ ജീവിതത്തിനിടയിൽ മനസ്സിലായതിനാൽ ആത്മ തന്നെ ആത്മക്ക് ട്രീറ്റ് കൊടുക്കും)
'നോ അമ്മ നോ.. ' എന്നും പറഞ്ഞ് ഭയങ്കര ഡീസന്റ് ആയി മകൾ മുന്നോട്ട്..!
ഒടുവിൽ വീടെത്താറായപ്പോൾ ആത്മ ഉറപ്പിച്ച് പറഞ്ഞു, 'മോളു അങ്ങോട്ട് നടന്നോ, ഞാൻ പോയി ഒരു 'ലോന്തൊങ്ങ്'(മലായ് ആഹാരം) വാങ്ങി വരാം..'
'എങ്കിപ്പിന്നെ ഒരു 'ഐസ് മൈലോ'യും പിന്നെ ഒരു 'നാസിലാമാ'യും കൂടി വാങ്ങൂ..' (അവൾ അയഞ്ഞു!)
അങ്ങിനെ ആത്മ മഴയത്ത് നടന്നതിന്റെ ക്ഷീണം ഒക്കെ മാറ്റി വീണ്ടും വെള്ളപ്പൊക്കം കഥയിലേക്ക് വരട്ടെ,.]
മഴയെപ്പറ്റി ഒർത്തപ്പോൽ എനിക്ക് മറക്കാനാവാത്ത ഒരു മഴയുണ്ട്...അന്ന് കരമന എൻ. എസ്സ്. എസ്സ് വിമൺസ് ഹോസ്റ്റലിലായിരുന്നു..
പെരുമഴയാണെന്ന് നേരത്തെ റേഡിയോവിൽ അനൌൺസ്മെന്റ് വന്നതോടെ കോളേജ് നേരത്തെ വിട്ടു. വീട്ടിൽ പോകുന്നോരൊക്കെ പോയി.. കോളേജും ഹോസ്റ്റലും ഒരു കാമ്പൌണ്ടിൽ ആയിരുന്നു..
നേരം വൈകിതുടങ്ങിയപ്പോൾ പതിവില്ലാതെ മഴ വളരെ ശക്തമായി പെയ്തു തുടങ്ങി.. അല്പം കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു കരമന ആറ് കരകവിഞ്ഞൊഴുകുന്നു.. വെള്ളം പൊങ്ങാൻ സാധ്യതയുണ്ട് എന്നൊക്കെ..
അല്പം കൂടി കഴിഞ്ഞപ്പോൾ അകലെ പുരയിടങ്ങളൊക്കെ വെള്ളം കയറിതുടങ്ങി! കൌതുകത്തോടെ നില്ക്കുമ്പോൾ മേട്രൺ വന്ന് പറഞ്ഞു എല്ലാവരും അത്യാവശ്യം സാധനങ്ങളൊക്കെ പാക്ക് ചെയ്ത് മുകളിൽ (കോളേജിന്റെ) പോകാൻ!
എന്നിട്ടും ഒരു തമാശപോലെ തോന്നി! ബുക്കും മറ്റ് സാധനങ്ങളുമൊക്കെയായി മുകളിൽ കയറി നില്പായി എല്ലാവരും. ഞങ്ങൾ സീനിയർ ചേച്ചിമാരുടെ മുഖത്തൊക്കെ നോക്കി.. ചിലർ മൂളിപ്പാട്ടു പാടുന്നു.. ചിലർ ആകെ ഉന്മത്തരായി അങ്ങിനെ നടക്കുന്നു. ചില ലീഡർ ചേച്ചിമാരുടെ മുഖത്ത് അല്പം പരിഭ്രമം ഇല്ലാതില്ല എങ്കിലും മറക്കാനൊക്കെ ഒരു വിഫലശ്രമം നടത്തി ഗൌരവത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്..
അരും താഴെ ഇറങ്ങരുതെന്ന് കർശനമായി ഉത്തരവ് കിട്ടി. അപ്പോൾ ഒരു ഭീതി തുടങ്ങി..ഇനി ഇത് ശരിക്കും വെള്ളപ്പൊക്കമാണോ! പുറത്തേയ്ക്ക് നോക്കിയപ്പോൽ അകലെ ആറിലൂടെ വാഴയും ചെറിയ മരങ്ങളും കലങ്ങൾ.. കുട്ടകൾ ഒക്കെ ഒഴുകിപ്പോകുന്നു..!
അല്പം കഴിഞ്ഞപ്പോൾ ഒരു ആട്ടിൻ കുട്ടി! പിന്നെ പട്ടിക്കുട്ടി ഒക്കെ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നു.. ഇപ്പോൽ സംഭ്രമം കൂടി.. അതുപോലെ തങ്ങളും അല്പം കഴിഞ്ഞ് ഒഴുകിപ്പോകുമെന്ന ഒരു ഭയം.. ചേച്ചിമാരുടെ കളിയും പാട്ടും ഒക്കെ നിന്നു.. എല്ലാവരിലും ഒരു വിഷാദം പടർന്നു തുടങ്ങി ആർക്കും ഒന്നും ഉരിയാടാൻ വയ്യാതായപോലെ..
ഞാൻ ഗീതചേച്ചിയെ നോക്കി! ഗീതചേച്ചി എന്നെയും.. (ഗീതചേച്ചിയുടെ എക്സ് ആരാധികമാരും അകലെയല്ല്ലാതെ ശോകമൂകമായി നില്പ്പുണ്ടായിരുന്നു..) ഗീതചേച്ചിക്കും എനിക്കും രണ്ടു മുറികളാണ്. എനിക്ക് ഗീതചേച്ചിയുടെ മുറിയിൽ ഉറങ്ങിയാൽ ഭയം കുറയും എന്നൊക്കെ ഒരു തോന്നൽ..(അന്ത്യാഭിലാഷം!)-(ഇംഗ്ളീഷ് കാരുടെ മട്ടിലുള്ള സ്നേഹം അല്ല ട്ടൊ, വെറുതെ.. ഒരാരാധന!)
പക്ഷെ, ഒന്നും നടന്നില്ല. അല്പം കഴിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ കൂട്ടിൽ കയറ്റും പോലെ എല്ലാറ്റിനേം ഒരോ മുറികളിൽ കയറ്റി വെളിയിൽ നിന്നും കുറ്റീം ഇട്ടു. ഇതിനകം അപ്പുറത്തുള്ള ഒരു കോൺവെന്റിലെ തീരെ കൊച്ചു കുട്ടികളെയും അവിടേക്ക് മാറ്റിയിരുന്നു. അവരെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി. ഞൻ 16 വയസ്സുവരെയെൻകിലും ലോകം കണ്ടു. ഒന്നും അറിയാത്ത അഞ്ചും ആറും ഒക്കെ വയസ്സുള്ള കൊച്ചു കുരുന്നുകൾ!
രാത്രി ഇരുണ്ട് തുടങ്ങി.. ഭയാനകമായ രാത്രി! 'കാള രാത്രി' എന്നൊക്കെ പറയാം.. ഈ രാത്രി എന്തും സംഭവിക്കാം.. ഉറക്കത്തിൽ വെള്ളം കയറി മരിക്കാനും സാധ്യതകളേറെ.. വെളിയിലേക്ക് നോക്കിയാൽ കട്ട ഇരുട്ട്.. വെള്ളം പെരുകുന്നുണ്ട് കാരണം വെളിയിൽ വള്ളത്തിലൊക്കെ ആരോ പോകുന്ന വിളിയും ബഹളവും.. ഒടുവിൽ എപ്പോഴോ ഉറങ്ങിപ്പോയി..
രാവിലെ ഉണർന്നപ്പോൾ കെട്ടിടത്തിനു ചുറ്റും വെള്ളം! ഒന്നാം നില പകുതിയോളം മുങ്ങി.. മെസ്സ് ഹാളിലെ ജാനകിയമ്മയും മറ്റും അരീം മറ്റും ഒക്കെയായി ഒരു മൂലയിൽ കൂനിക്കൂടിയിരിക്കുന്നു. എന്തോ ബ്രഡൊ മറ്റോ കിട്ടി ഭക്ഷണം.. ഇതിനിടയിൽ ഒരു ബോട്ടു വരുന്നു.. എല്ലാവരെയും പെരുന്താന്നിയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പോകുന്നു എന്നറിയിച്ചു.. അതിനിടയിലും ഒരു സന്തോഷം.. ഗീതചേച്ചിയോടൊപ്പം കുറച്ചു ദിവസം ഉല്ലസിച്ച് പെരുന്താന്നിയിൽ കഴിയാം എന്നൊക്കെ പ്ലാനിട്ട് അങ്ങിനെ ഇരിക്കുമ്പോൾ...,
അരോ വന്നറിയിച്ചു, 'ആത്മേ ആത്മേടെ അച്ഛൻ വന്നിരിക്കുന്നു കൊണ്ടുപോകാൻ!'
ങ്ങ്ഹേ! അച്ഛനു ഇത്റെം പിടിപാടോ! വലിയ വലിയ ആൾക്കാരുടെ മക്കളൊക്കെ പഠിക്കുന്ന ഹോസ്റ്റലിൽ ആത്മേടെ അച്ഛൻ ഇതാ സ്പെഷ്യൽ ബോട്ടിൽ രക്ഷിക്കാനെത്തിയിരിക്കുന്നു! ( അച്ഛനു അങ്ങിനെ ചില അല്ഭുതങ്ങളൊക്കെ ചെയ്യാനറിയാം!)
അങ്ങിനെ ആത്മേടെ നാട്ടിലെ നമ്പൂരിസാറിന്റെ മകളും, വർമ്മസാറിന്റെ മകളും, അത്മേം, ഒക്കെക്കൂടി ബോട്ടിൽ വലിയ വലിയ മരങ്ങളുടെയൊക്കെ തലപ്പത്തൂടെ അങ്ങിനെ പോകുമ്പോൾ.. ഗീതചേച്ചിയെ പിരിഞ്ഞ ഒരു വിരഹം ഒഴിച്ചാൽ, ഒരു ഉല്ലാസ സവാരിക്കുപോകുന്ന ത്രിൽ..!
ഇന്നലെ നടന്നു തൊഴിച്ച പൂഴിമണൽ ഒക്കെ അങ്ങ് വളരെ താഴെ വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുകയാണെന്നൊക്കെ ഒർത്തപ്പോൾ ഒരു ചങ്കിടിപ്പ്..! പിന്നെ ദൈവത്തെ പ്രാർത്ഥിച്ചു.. അപ്പോൾ ആ കൊച്ചു ബോട്ടിൽ മഴ നനഞ്ഞ് തണുത്തു വിറച്ച് കൺ കോണുകളിൽ കരയാൻ പാകത്തിൽ തുള്ളിക്കണ്ണീരും നിറച്ച് കുറച്ച് കൊച്ചു കുരുന്നുകളും ഉണ്ടായിരുന്നു.. അക്കരെ കാത്തു നില്ക്കുന്ന അവരുടെ മാതാപിതാക്കളുടെ അരികിലെത്താൻ..! അവരെ നോക്കുമ്പോൾ കരച്ചിൽ വന്നു ആത്മയ്ക്കും!
അങ്ങിനെ ഒരു വെള്ളപ്പൊക്കം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കോളേജിന്റെ അരികിൽ രക്ഷിക്കാനെത്തിത രക്ഷാപ്രവർത്തകൻ പോലീസടക്കം ഒന്നുരണ്ടുപേർ മരിച്ച വിവരവും അറിഞ്ഞു.. പിന്നെ കുറെ ദിവസമെടുത്തു എല്ലാം പൂർവ്വ സ്ഥിതിയിലാകാൻ..
*
പിന്നേം മഴ വന്നു.. !
ടിവിയിൽ.. കമ്പ്യൂട്ടറിൽ.. ഒക്കെ..
ഫ്ളാറ്റിൽ താമസിക്കുമ്പോൾ.. മഴ വരുമ്പോൾ തുറന്നുകിടക്കുന്ന ജനലുകളൊക്കെ അടയ്ക്കാൻ ഒടും.. മഴ അങ്ങ് താഴെ ഭൂമിയിൽ പതിക്കും. ഭൂമിയുമായി നമുക്ക് വലിയ സമ്പർക്കമൊന്നും ഇല്ലല്ലൊ, അന്തരീക്ഷത്തിലല്ലെ നാം ജീവിക്കുന്നത്. അതുകൊണ്ട് മഴയെയും നാം പൂർണ്ണമായി അനുഭവിക്കാനാവില്ല.
താഴെക്കു പോകുന്ന പോക്കിൽ മഴ, "എന്താ ആത്മേ നിൻക്ക് ഈ കോൺക്രീറ്റ് കൂട്ടിനുള്ളിൽ സുഖം തന്നെയോ? എന്നു ചോദിച്ചിട്ട് അങ്ങ് താഴെ പോയി പതിക്കും..'
'നീ എന്റെ നാട്ടിലും പെയ്യില്ലേ?'
'പിന്നേ.. അവിടെനിന്നല്ലെ ഇങ്ങോട്ടു വന്നത്.. അവിടെ പെയ്യുമ്പോൾ ഉണരുന്ന് പുതു മണ്ണിന്റെ ഗന്ധം..ഒന്നും ഇവിടെയില്ല ആത്മേ, വെള്ളമൊന്നും ഭൂമിയിൽ പതിക്കാനനുവദിക്കാതെ ഒടകളിൽക്കൂടി ഉടൻ തന്നെ ഓടിച്ച് കടലിൽ കൊണ്ടുപോകും..'
ഭൂമിയുടെ മുകളിൽ (കോണ്‍ക്രീറ്റിനു മുകളില്‍) വീണ് പൊട്ടിച്ചിതറുന്ന മഴതുള്ളികള്‍... ഭൂമിയെ ഉണർത്തി, എന്നാൽ, ഭൂമി നിറയെ പെയ്ത് നിറക്കാനാകാതെ മഴ തിരിച്ചുപോകും. ആകെ നനഞ്ഞ ഭൂമി സംതൃപ്തയായപോലെ ചിരിക്കും... പക്ഷെ, ഉള്ളിൽ ചൂടായിരിക്കും. മഴയ്ക്ക് തണുപ്പിക്കാനാവാത്ത ചൂട്! സൂര്യൻ ഉദിച്ചുയരുമ്പോൾ ഭൂമി വീണ്ടും പഴയപോലെയാകും. ഒരിക്കലും ദാഹം തീരാത്ത ഭൂമി.. കോൺക്രീറ്റാൽ ആവരണം ചെയ്ത ഭൂമി..
അങ്ങിനെ പോകുന്നു മഴ കഥകൾ..
ശരിക്കും ഉള്ള മഴ ടീവീലും കമ്പ്യൂട്ടറിലും ഒക്കെ കണ്ട് നമുക്ക് പഴയ കാലം അയവിറക്കാം...പിന്നെ മഴയെ കുറിച്ചുള്ള പാട്ടുകൾ കേൾക്കാം..
ഈയ്യിടെ ഒരു മഴപാട്ട് അങ്ങിനെ റിപ്പീറ്റിൽ ഇട്ട് കേൾക്കുമ്പോൾ ശരിക്കും മഴ കണ്ട പ്രതീതി.. അനുഭവിച്ച പ്രതീതി.. (മഴകൊണ്ടുമാത്രം മുളക്കുന്ന വിത്തുകൾ..' എന്ന പാട്ട്. അതിവിടെ പാടാൻ പറ്റില്ല! കോൺക്രീറ്റ് തറയല്ലേ..)
ഹും! സാരമില്ല മഴ സമയത്തിനു കിട്ടാതെ ചൂടിൽ വെന്തു മരിക്കുന്ന മനുഷ്യരും മരങ്ങളും ഒക്കെ അധികരിച്ചു വരുമ്പോൾ നൊസ്റ്റാൾജിക് ആയി മഴയെപ്പറ്റി അങ്ങിനെ എഴുതി ആർമാദിക്കാനൊന്നും പാടില്ല. അത് അഹങ്കാരമാകും.. വല്ലപ്പോഴും കിട്ടുന്ന മഴയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശീലിക്കണം മരങ്ങളും മനുഷ്യരും ഭൂമിയും ഒക്കെ..
മരങ്ങൾ വെട്ടിനശിപ്പിച്ചും, കോൺക്രീറ്റുകൾ കെട്ടിപ്പൊക്കിയും ഒക്കെ മഴയെ ഇല്ലാതാക്കുന്നതും നാമല്ലെ, പിന്നെ എന്തിനുവേണ്ടി നാം വെറുതെ മഴപാട്ടുകൾ പാടുന്നു..!!
എങ്കിലും.. ഭൂമിയുടെ ചില വിള്ളലുകളിലൂടെ മഴ ഊര്‍ന്നിറങ്ങും.. ഉള്ളില്‍ മുളക്കാതെ കിടന്ന വിത്തുകള്‍ മുളപൊട്ടാന്‍ തുടങ്ങും.. ഒടുവില്‍ മുകളില്‍ കോണ്‍ക്രീറ്റില്‍ ചെന്ന് മുട്ടി കുഴഞ്ഞുവീഴും.. ഒരിക്കലും വെളിയില്‍ വരാനാകാതെ ഒടുവില്‍ മണ്ണായി മാറും..
മഴകള്‍ അത് ഭൂമിയില്‍ എന്തെല്ലാം വ്യതാസങ്ങള്‍ കൊണ്ടുവരുമെന്നോ? ഭൂമി ഒരു കോമാളിയായി പാട്ടുകള്‍ പാടി നടക്കും.. പിന്നെ സ്വയം നഷ്ടപ്പെട്ടവളെപ്പോലെ മൂകയായി ഇരിക്കും..
പിന്നെ വെയില്‍ താങ്ങാനാകാതെ ഉരുകുമ്പോള്‍ വെറുതെ ഓര്‍ക്കും.. മുളപൊട്ടിയിട്ടും കിളിര്‍ക്കാന്‍ കഴിയാത്ത വിത്തുകളെയോര്‍ത്ത് നെടുവീര്‍പ്പിടും..
പിന്നെ സമാധാനിക്കും.. തന്റെ സ്ഥായിയായ ഭാവം കൈവരിക്കും.. നിസ്സംഗതയുടെ ആവരണവുമിട്ട് .. മഴവരുമ്പോള്‍ നനയാനും പിന്നീട് വരുന്ന വെയിലില്‍ ഉരുകാനും ഒക്കെ സ്വയം പര്യാപ്തയാക്കിക്കൊണ്ട്..നിസ്സഹായയായ ഭൂമി!
ഭൂമി അഹങ്കാരിയായതുകൊണ്ടാണൊ ഇങ്ങിനെയൊക്കെ?!
അതൊ അബലയായതുകൊണ്ടോ?!
അതോ അറിവില്ലാത്തവളായതുകൊണ്ടോ?!
ഭൂമിക്കു തന്നെ അറിയില്ല..ഒന്നും.. ഒന്നും..
രണ്ടുദിവസമായി പനിയും പിന്നെ കൂടെ ഒരു മൌനവും വന്ന് മൂടി ആകെ മൂഡൌട്ട് ആയി നടക്കുകയായിരുന്നു.. ആണ്..
എന്നെ അലട്ടുന്ന പ്രശ്നം എന്തെന്നാൽ.. പ്രശ്നങ്ങളൊന്നും ഇല്ല എന്നതാണ് എന്റെ പ്രശ്നം! വല്ലാത്ത ഒരു ബോറഡി.. (പ്രായം കൂടുമ്പോൾ ബോറഡി കൂടുന്നതാണെന്നോ?! ഏയ് എന്നെക്കാൾ ഇരട്ടി -അല്പം കുറക്കാം-പ്രായമുള്ളവർ പോലും കൊച്ചുകുട്ടികളെപ്പോലെ ആർമാദിച്ച് ജീവിക്കുമ്പോഴോ?!)
ഒരു സേഫ് സോണിൽ ജീവിച്ച് ജീവിച്ച് ചിലപ്പോൾ ബോറഡിച്ച് ശ്വാസം മുട്ടും.. ആത്മക്കായി പ്രത്യേകം ഒരു സ്വപ്നമില്ല, ഒന്നും നേടാനില്ല, ആരെയും കാണാനില്ല, ഒരുതരം ബോറഡിപ്പിക്കുന്ന ജീവിതം. മക്കളെ നോക്കുന്ന, വീട് നോക്കുന്ന ഒരു യന്ത്രം! മറ്റുള്ളവർ ബാക്കിവയ്ക്കുന്ന അല്ലെങ്കിൽ ചെയ്യാൻ സൌകര്യപ്പെടാത്ത (കഴിഞ്ഞ പോസ്റ്റിലെപ്പോലെ) ചില കർത്തവ്യങ്ങൾ ചെയ്യുക എന്നതിൽ കവിഞ്ഞ് ആത്മയ്ക്കായി മാത്രം കാത്തിരിക്കുന്ന ഒന്നും തന്നെ ഇല്ല
എന്നാൽ ഈ ബോറഡിയിൽ നിന്നും രക്ഷപ്പെടാൻ വല്ല ഷോപ്പിംഗിനോ മറ്റോ പോകാമെന്നു വച്ചാൽ ശരീരക്ഷീണം.. പിന്നെ കൂട്ടിന് ആരെ വിളിക്കും എന്ന പ്രശ്നം?! വല്ല യോഗ ക്ലാസ്സിനോ മറ്റൊ പോയി ആഴ്ചയിലൊരിക്കലെങ്കിലും മറ്റു സ്ത്രീജനങ്ങളുമായി മിക്സ് ചെയ്യണം എന്ന് പ്ലാനിടുമെങ്കിലും.. പിന്നീട് എല്ലാവരും ചേർന്ന്, അവരുടെ പ്രത്യേക ലോകത്തിൽ (മദ മാത്സര്യങ്ങളിൽ) ആത്മയെ പിടിച്ചിട്ട് പൂട്ടിക്കളയും എന്ന ഒരു ഭയംകാരണം കുറച്ചുകൂടി തള്ളിവയ്ക്കും!
പക്ഷെ, ഇതൊക്കെയാണ് ആത്മേ ജീവിതം.. ഒന്നുകിൽ അതിൽ മുഴുകുക. അല്ലെങ്കിൽ വേണ്ടെന്നുവച്ച് മാറി നിൽക്കുക. ഇത് രണ്ടിനുമിടയിൽ കിടന്ന് വീർപ്പുമുട്ടുന്ന ഈ അവസ്ഥ നന്നല്ല ട്ടൊ,
ഹൊ! എന്നാലും ആത്മയ്ക്ക് വന്നുപിടിച്ച അവസ്ഥ നോക്കണേ! മക്കളുടെ കാര്യവും നോക്കി വീടും നോക്കി ജീവിച്ചതായിരുന്നു.. അതിൽ നിന്നു സന്തോഷവും കിട്ടിയിരുന്നു.. പെട്ടെന്നെന്താ ഇങ്ങിനെ ഒരതൃപ്തി! പ്രായം കൂടി വരുന്നതുകൊണ്ടു തോന്നുന്ന നിരർത്ഥകതയാണോ?!
ഒരു പുതിയ ചെടി വാങ്ങി നട്ട് ആനന്ദിക്കാനോ, എല്ലാം മറന്ന് ഒരു പുസ്തകം വായിച്ചീരിക്കാനോ ഒന്നും ആകുന്നില്ല. എന്തുപറ്റി ആത്മേ നിനക്ക്?!
ഭർത്താവ് ദിവസവും മൂന്നും നാലും പ്രാവശ്യം വന്ന് ഉടുത്തൊരുങ്ങി പുറത്തുപോകുമ്പോൾ അസൂയ! ദിവസത്തിൽ ഒരു നാലുമണിക്കൂർ കൂടിയുണ്ടായിരുന്നെങ്കിൽ എന്നും പറഞ്ഞ് പുറത്ത് നെട്ടോട്ടമോടുമ്പോൾ, ‘കഷ്ടം! ഇതിൽ ഒരു മണിക്കൂർ പോലും ആത്മയ്ക്കായി മാറ്റിവയ്ക്കാനായിരിക്കില്ലല്ലോ ഈ അഡിഷണൽ നാലുമണിക്കൂറിനായി പ്രാർത്ഥിക്കുന്നത്’ എന്ന ധാർമ്മിക രോക്ഷം!
ചുരുക്കത്തിൽ ഈ ബോറഡിയിൽ നിന്നും രക്ഷപ്പെടാൻ ഒരേ ഒരു മാർഗ്ഗമേ തൽക്കാലം മുന്നിൽ തുറന്നു കിടപ്പുള്ളൂ... മി. ആത്മയുമായി വഴക്കുണ്ടാക്കുക! വഴക്കുണ്ടാക്കൽ രണ്ടുപേർക്കും രസമുള്ള കാര്യമാണ്. മി. ആത്മയ്ക്കും വായിൽ തോന്നിയത് മുഴുവൻ പറഞ്ഞു കഴിയുമ്പോൾ ഒരു റിലാക്സേഷനും പിന്നെ ആത്മയ്ക്ക് പറയുന്നതിലിരട്ടി തിരിച്ച് കിട്ടിയതിന്റെ കൂടി ഒരു ത്രില്ലും!
അങ്ങിനെ രാവിലെ യുദ്ധത്തിനായി ഒരുങ്ങി നോക്കി.. എന്നാൽ അതും അലസിപ്പോയീ...കാരണം മി. ആത്മ അതിൽ വലിയ എന്തൊക്കെയോ കാര്യങ്ങളിൽ മുഴികി നടക്കുകയായിരുന്നു..ഹും! (ഇനീം വരും വരാതിരിക്കില്ല..)
എന്നാൽ അതല്ലല്ലൊ ജീവിതം?! നാം സ്വയം ഒരു വഴി കണ്ടെത്തണ്ടേ?! ഏതുവഴി?! ഇത്രേം നാളു കണ്ടെത്താത്ത വഴിയാണു നീയിപ്പോൾ ഒരു ദിവസം കൊണ്ട് കണ്ടുപിടിക്കാൻ പോകുന്നത്! ആത്മ ഓടിപ്പോയി ഒറ്റ കിടപ്പ്. ആത്മയ്ക്ക് ചെയ്യാവുന്ന ഒരേ ഒരു നല്ലകാര്യമാണ് ഈ സർവ്വപരിത്യാഗിയായ ‘ശയനം’!
അങ്ങിനെ കിടക്കുമ്പോൾ മുറിയുടെ മൂലയിൽ ഇരിക്കുന്നു നമ്മുടെ നായകൻ, ‘കമ്പ്യൂട്ടർ മഹാരാജൻ’! ഇയ്യാളാണോ ആത്മയുടെ ജീവിതം ഇത്രേം ബോറാക്കിയത് എന്ന ഒരരിശവും എന്നാൽ പിന്നെ ഇദ്ദേഹത്തോട് തന്നെ ഒരിച്ചിരി വർത്തമാനം പറയാം എന്നും കരുതി തുടങ്ങിയ ഒരു പോസ്റ്റ് ആണ്..
ഇനീ വല്ലതും പറയാൻ തോന്നുന്നെങ്കിൽ വരും ട്ടൊ, ആത്മയുടെ ജീവിതവും ഏകാന്തതയും നിരാശയും ഒക്കെ ഏറ്റുവാങ്ങിയെന്നും പറഞ്ഞ് അങ്ങിനെ നല്ല ഗറ്റപ്പോടെ ഇരിക്കുകയല്ലേ.. എത്ര വർഷമായി തുടങ്ങീട്ട്?! എഴുത്തെങ്കിലും, ബ്ലോഗെങ്കിലും, കവിതയെങ്കിലും, പിന്നെ ഇപ്പോൾ ദാ ഫേസ് ബുക്ക്, ട്വിറ്റർ എന്നൊക്കെ പറഞ്ഞ് എന്തെല്ലാം സൂത്രങ്ങളാണ് ഈ കമ്പ്യൂട്ടർ മഹാരാജന്റെ ലിസ്റ്റിൽ!പാവം ആത്മയെപ്പോലെ എത്രയോ പേർ നിങ്ങളെ മാത്രം വിശ്വസിച്ച് ജീവിക്കുന്നുണ്ടെന്നെങ്കിലും അറിയാമോ ?!
ഒന്നു ഷോപ്പിംഗിനു പോയി വന്നു നോക്കട്ടെ.. മൂഡ് മാറുമെങ്കിൽ പോസ്റ്റ് വേണമെങ്കിൽ ഡിലീറ്റ് ചെയ്യാം..
(എങ്ങിനെ ഒടുവിൽ ആത്മ സന്തോഷം കണ്ടെത്തി എന്നതുവരെ തുടരും ഈ സീരിയൽ..സഹിക്കാനാവുന്നവർ സഹിക്കുക.. സദയം ക്ഷമിക്കുക..എന്തായാലും ആത്മയുടെ ബ്ലോഗായിപ്പോയില്ലേ.. ആത്മക്ക് തൽക്കാലം ആത്മയുടെ ഭാരമിറക്കിവയ്ക്കാൻ മറ്റൊരിടവുമില്ല. സുഖ-ദുഃഖങ്ങൾ ഒരുപോലെ പങ്കുവയ്ക്കാനല്ലെ ബ്ലോഗുകൾ! അല്ലേ?! )
...അങ്ങിനെ ചിത്രകാരൻ സാറിന്റെ കമന്റും വാങ്ങി അങ്ങിനെ ആലോചനയിൽ മുഴുകി ആത്മ സർവ്വപരിത്യാഗം ചെയ്യുന്ന സമയം..
ഇവിടെ ആട്ടുകല്ലില്ല, അരിയാട്ടാൻ..!
നെല്ലുകുത്താൻ ഉരലും ഇല്ല!
പഞ്ചായത്തു കിണറില്ല വെള്ളം കോരാൻ..
ക്യൂ നിൽക്കാനായൊരു മാവേലി സ്റ്റോറും ഇല്ല!!!
തുണിയലക്കാനാണെങ്കിൽ നല്ല ഒന്നാന്തരം ഒരു മെഷീൻ ഉണ്ടു താനും. അതില്ലാതെ ഒരു ദിവസം പോലും തള്ളി നീക്കുന്നത് ആത്മയുടെ അമ്മായിയല്ലാതെ ആത്മ ചിന്തിക്കകൂടി അസാധ്യമായിരിക്കെ... ചെയ്യാവുന്ന ഒരു ഐഡിയ വന്നു!
തലേ ദിവസം മകനെ ഏണിയിൽ കയറ്റി ഒരു അഞ്ചാറ് ചക്ക അറുത്തിട്ടായിരുന്നു. എല്ലാം അടുക്കളയ്ക്ക് പുറത്തിരിപ്പുണ്ട്..
നാട്ടിലെ പെണ്ണുങ്ങളുടെ(പണ്ടത്തെ) പ്രധാന വിനോദം ഈ ചക്കവെട്ടലും അരിയലും ഒക്കെയല്ലെ, എങ്കിപ്പിന്നെ ഇതുതന്നെ അവസരം.. ആത്മ ഓടിപ്പോയി ഒരു വലിയ കത്തി വലിച്ചെടുത്തു.. ആദ്യത്തെ ചക്കയിൽ ഒറ്റവെട്ട്! അത് പഴുത്തു തുടങ്ങിയിരിക്കുന്നു.. പാവം.. എല്ലാം ഇങ്ങിനെയായിരിക്കും. പഴുക്കുമ്പോൾ വെട്ടി ഓരോരുത്തർക്കായി സപ്ലൈ ചെയ്ത് അവരെ സന്തോഷിപ്പിക്കാം..
വീണ്ടും ചിത്രകാരൻസാറിന്റെ ഉപദേശം..
പാടില്ലാ. കൊടുത്തു അടുത്ത ചക്കയ്ക്കിട്ട് ഒരു വെട്ട്! ഇന്ന് തനി നാട്ടിൻ പുറത്തുകാരിയായിട്ടു തന്നെ കാര്യം! ഇത്രേം ചക്ക ഈ ചക്ക കിട്ടാത്ത രാജ്യത്ത് സ്വന്തമായിരിക്കുമ്പോഴായിരുന്നോ ആത്മേ നിനക്കീ വിഷാദവും ഒക്കെ?!
ഭാഗ്യം അടുത്ത ചക്ക കറിവയക്കാൻ പാകത്തിനുതന്നെ! സന്തോഷം ആരെയെങ്കിലും അറിയിക്കണ്ടേ! നാട്ടിൽ വിളിച്ചു. അമ്മേ ഞാൻ ചക്ക വയ്ക്കാൻ പോകുന്നു.. എക്സട്രാ.. എക്സട്രാ.. അങ്ങിനെ 4 മണിക്ക് തുടങ്ങിയ പണി ദാ ഇപ്പോൾ സമയം 10 മണിവരെ ആത്മ അടുക്കളേലായിരുന്നു. ചക്ക വയ്ച്ചാൽ പിന്നെ ചക്കയ്ക്ക് ഒരു മീൻ കറി വയ്ക്കണ്ടേ! അതും വച്ചു..
അപ്പോൾ എങ്ങുനിന്നില്ലാതെ ഒരു പൂച്ചയും വന്നു! (പിന്നെ പോയ പനി തിരിച്ചും വരുന്നു!)
അതിനിടെ മി. ആത്മ കുറെ മറ്റേ ചക്ക (ചൈനീസ്ചക്ക! - ഡുറിയാൻ) കൊണ്ടുവന്ന് ആഘോഷിച്ചിട്ട് വീണ്ടും പോയി..! ഒടുവിൽ ഏറ്റവും ഒടുവിലത്തെ ട്രിപ്പടിച്ചിട്ട് വന്ന് സന്തോഷമായി ആത്മ വച്ച ചക്കേം മീനും ഒക്കെ കഴിച്ച് പോയിക്കിടന്ന് ഉറക്കവുമായീ..
ഇതിനിടെ സന്തോഷം എപ്പോൾ കിട്ടി?! എന്നു ചോദിച്ചാൽ സന്തോഷമല്ല.. ഒരു തരം സമാധാനം!ആത്മ എന്തൊ നല്ല.. വലിയ കാര്യങ്ങൾ ചെയ്യുന്നു തോന്നൽ.. അതേ ഉണ്ടായിരുന്നുള്ളൂ.. ഇതിനിടെ മക്കൾ അടുക്കളയിൽ വന്നിരുന്ന് പഠിച്ചു..അവരുടെ അടുത്തിരുന്നു.. ആകെ ഒരു പ്രത്യേക മൂഡായിരുന്നു..
പക്ഷെ സന്തോഷം?! അതെപ്പോൾ വന്നു..! അത് ഹൃദയത്തീന്നല്ലേ വരേണ്ടത്?! ശരീരാധ്വാനത്തിൽ നിന്നാണോ വരേണ്ടത്?!
ഇങ്ങിനെ അവസാനിപ്പിക്കാം..
ആത്മയ്ക്ക് സന്തോഷമായിരുന്നില്ല വേണ്ടത്.. സംയമനം ആയിരുന്നു. യാധാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനുള്ള സംയമനം.
ആദ്യത്തെ പടിയായി ആത്മ രണ്ടാഴ്ചയായി മുടങ്ങിപ്പോയ വെജിറ്റേറിയനിസം വീണ്ടും തുടങ്ങി. ഇനീം ഉണ്ട് ഒരുപാട് ത്യാഗങ്ങൾ.. ത്യാഗങ്ങൾ ചെയ്യുമ്പോഴേ ആത്മയ്ക്ക് പണ്ടും സന്തോഷം കിട്ടിയിട്ടുള്ളൂ.. പണ്ടത്തെ മഹർഷിവര്യന്മാരുടെ ത്യാഗങ്ങളല്ല.. കൊച്ചു കൊച്ച് ത്യാഗങ്ങൾ.. ആർക്കും ദോഷം വരുത്താത്തവ...
ബാക്കി നാളെ..
കുറേ ദിവസമായി നമ്മളു തമ്മില്‍ വിശേഷങ്ങളൊക്കെ പറഞ്ഞിട്ട് അല്ല്യോ ബ്ലോഗേ?!
എങ്കിപ്പിന്നെ തുടങ്ങാം?
ഒ.കെ.
രണ്ടുമൂന്നു ദിവസമായി ആത്മ ഭയങ്കര ബിസിയായിരുന്നു ട്ടൊ,
പിന്നേ ബ്ലോഗേ, ആത്മയ്ക്ക് ഒന്നുകില്‍ കടുത്ത ഏകാന്തത, അല്ലെങ്കില്‍ കൊണ്ടുപിടിച്ച തിരക്കും..
ഇതിന്റെ രണ്ടിനും ഇടേല്‍ ബാലന്‍സ്ഡ് ആയിട്ട് ഒരു ജീവിതം ഇല്ല.
കഴിഞ്ഞയാഴ്ച്ച ആത്മയ്ക്കായി ഒരിച്ചിരി സമയം എടുക്കാനേ ഇല്ലായിരുന്നു..
കാരണം എല്ലാ വര്‍ഷത്തെയും പോലെ അമേരിക്കന്‍ ജര്‍മ്മന്‍ ഇന്ത്യന്‍ ഒക്കെ ആള്‍ക്കാരുമായി “ഹായ്
ഹൌ ആര്‍ യു?”
“വെന്‍ ഐ ഹാവ് ഇനഫ് മനി,( കാശ്) ഐ കം.. വെന്‍ മനി ഫിനിഷ് ഐ ഗോ ബാക്ക് ആാന്‍ ഏണ്‍ സം ആന്റ് അഗൈന്‍ കം..” എന്നൊക്കെ പറഞ്ഞ് അങ്ങിനെ ഭക്തിയില്‍ ഉന്മത്തരായി നടക്കുന്ന ചിലര്‍..
പിന്നെ അമേരിക്കേലേം ഇന്ത്യേലേം ഒക്കെ വീടൊക്കെ വിറ്റ് ഇന്ററസ്റ്റുമായി ആത്മീയം തേടി അലയുന്ന ചിലര്‍.. ( അവരെ കണ്ടപ്പോള്‍ ആത്മേടെ മനസ്സിലും മോഹങ്ങള്‍ പൂവണിയണോ എന്നൊക്കെ ചോദിച്ചു തുടങ്ങീട്ടുണ്ട്.. ആത്മ പറഞ്ഞു, വെയിറ്റ്, വെയിറ്റ്, നമുക്ക് ഈ ജീവിതം എവിടെപ്പോയി നില്‍ക്കും എന്ന് കുറച്ചുകൂടി വാച്ച് ചെയ്യാം എന്നിട്ടാകാം.. മോഹങ്ങളൊക്കെ പൂവണിയിക്കാന്‍..എന്ന് ശാസിച്ചു അടക്കി)
പിന്നെ മക്കളെ ഡോക്ടേര്‍സും എന്‍ജിനീയേര്‍സും ഒക്കെ ആക്കീട്ട് അവര്‍ ഭയങ്കര ഇന്‍ഡിപ്പെന്റന്റ് ആയപ്പോ “എന്നാപിന്നെ ആമ്മേം അങ്ങ് ഇന്റിപ്പെന്റന്റ് ആയിക്കോ” എന്നും പറഞ്ഞ് വിട്ടവര്‍..
(ഇത്രേം എഴുതിയപ്പോള്‍ അറിയാതെ കൈ എവിടെയോ തട്ടി എല്ലാം കൂടി അങ്ങ് പബ്ലിഷ് ആയിപ്പോയി! ഇതാണ് ഈ ബ്ലോഗിന്റെ ഒരു കാര്യം! കമ്പ്ലീറ്റ് അങ്ങട് വിശ്വസിക്കാന്‍ പറ്റില്ലാ..).
അല്‍പ്പം മുന്‍പ് ഇളയ മകള്‍ മൂത്തയാളോട് പറയുകയാണ്, “ ഈ അമ്മ ഏതൊ കുളിര്‍..സംതിങിനെ പിന്തുടരുകയാണു!”.., അവര്‍ കുളിര്‍ സംതിങിനു ഒരു മെസ്സേജ് അയക്കാന്‍ പോവുകയാണത്രെ!
ആത്മേടെ സര്‍വ്വ നാടികളും തളര്‍ന്നു..!
പിന്നെ അവരുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടി ഹിന്ദി പാട്ടിന്റെ മലയാളം തര്‍ജ്ജമയും പിന്നെ ഫേസ്ബുക്കിനെ കളിയാക്കിക്കൊണ്ടുള്ള കാര്‍ട്ടൂണും ഒക്കെ കാണിച്ചു ഒരുവിധം രക്ഷപ്പെട്ടു.
പക്ഷെ, ശരിക്കും പറഞ്ഞാല്‍ ആത്മ എഴുതുന്നത് മറ്റുള്ളവര്‍ക്ക് ബോറായി തുടങ്ങിയോ എന്നൊരു സംശയവും ഇല്ലാതില്ല ( ഈ സംശയം ആത്മേടെ കൂടപ്പിറപ്പാണു അതുകൊണ്ട് കാര്യമാക്കണ്ട ട്ടൊ,)
ഇനി ബാക്കി..ആര്‍ക്കെങ്കിലും വായിക്കാന്‍ ഇഷ്ടമുണ്ടെന്നെങ്ങാനും അറിഞ്ഞാല്‍ പിന്നെ ആത്മ വീണ്ടും എഴുത്ത് കണ്ടിന്യൂ ചെയ്യുമായിരിക്കും!!
---
കമന്റൊക്കെ കിട്ടി അങ്ങിനെ സന്തോഷമായി സുഭിഷമായി ഇരിക്കുമ്പോള്‍ ഭയങ്കര മടി എഴുതാനൊന്നും തോന്നൂന്നില്ല!
എങ്കിലും എന്തെങ്കിലും പോയിന്റുകള്‍ കിട്ടാതിരിക്കില്ല..
മഴ, തടികുറയ്ക്കല്‍, ഫേസ്ബുക്ക്, ആത്മീയം എത്രയെത്ര വിഷയങ്ങള്‍!
മഴയെപ്പറ്റി കഴിഞ്ഞപോസ്റ്റില്‍ ആവോളം എഴുതിയില്ല്യോ,
ഇനിയിപ്പം തടികുറയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ കഥ എഴുതാം..
രാവിലേം വൈകിട്ടും ഒരു അരമണിക്കൂര്‍ കൈയ്യും വീശി നടക്കാന്‍ തുടങ്ങി ആത്മ!
വെളിയിലൊന്നുമല്ല അടുക്കളേടെ പിന്നാമ്പുറത്ത്! എത്ര വര്‍ഷമെടുക്കുമോ ആവോ ഇനി ശേലൊക്കെ വരാന്‍
പിന്നെ ഈ കൈവീശി നടക്കുന്നതിന്റെ ഇടേല് പോയി ഒരു ചായ ഒക്കെ കുടിക്കുന്നതൊഴിച്ചാല്‍ വലിയ ടെമ്പ്റ്റേഷനൊന്നും ഇല്ല..
ഇനി ഫേസ് ബുക്ക്
എല്ലാരും ഫേസ് ബുക്ക് ഉണ്ടാക്കുന്നു.. എങ്കിപ്പിന്നെ ആത്മയ്ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്നു കരുതി
പോയി ഫേസ് ബുക്ക് തുടങ്ങി.
അടുക്കളേടെ മൂലേല്‍ കിടക്കുന്ന ആത്മയെങ്ങിനെ ഫേസ്ബുക്കില്‍ ആളെ നിറക്കാന്‍..?!
പിന്നെ കാണുമ്പോള്‍ ലോഹ്യം പറയുന്നവരെ ഓരോരുത്തരെയായി തിരഞ്ഞു കണ്ടുപിടിക്കാന്‍ തുടങ്ങി..
അടുത്തു പരിചയമുള്ളവരെ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഫേസ് ബുക്ക് ഉണ്ടോ ഇല്ലെങ്കില്‍ ഒന്നു തുടങ്ങൂ എന്ന്
നിര്‍ബ്ബന്ധിക്കാനൊക്കെ ഒരാഗ്രഹം.
ഫേസ് ബുക്കില്‍ ആളെ കൂട്ടാനായെങ്കിലും വെളിയിലൊക്കെ ഇറങ്ങണം എന്നൊരാഗ്രഹവും ഇല്ലാതില്ല.
ഫേസ്ബുക്കില്‍ കയറിയാല്‍ പിന്നെ പീപ്പിള്‍ ഫൈന്റില്‍ ല്‍ പോയി പണ്ടത്തെ കൂട്ടുകാരുടെയൊക്കെ പേര് ടൈപ്പ് ചെയ്ത് നോക്കും.. ഓവര്‍ 500 എന്റീസില്‍ തിരുവല്ലായിലെ സുഷ്മയെ എങ്ങിനെ കണ്ടുപിടിക്കാന്‍?! കൊട്ടാരക്കരയില്‍ ഗീതചേച്ചിയെ എവിടെ തിരയാന്‍?! അവരുടെ മക്കള്‍ക്കൊക്കെ ഒരുപക്ഷെ ഫേസ് ബുക്ക് കാണും..
ജീവിച്ചിരിക്കുന്ന ആളുകളെ തിരഞ്ഞ് അങ്ങിനെ ഇരിക്കുമ്പോള്‍ ചിലപ്പോല്‍ അല്പം വരുത്തത്തോടെ അറിയാതെ ഓര്‍ക്കും ശ്യോ! അവന്‍ മരിച്ചുപോയല്ലൊ, അല്ലെങ്കില്‍ ആ പേര് ഇതില്‍ ടൈപ്പുചെയ്താല്‍ ഒരുപക്ഷെ കണ്ടുപിടിക്കാമായിരുന്നു.. ഫേസ് ബുക്ക് കണ്ടുപിടിക്കുന്നതിനു മുന്‍പ് മണ്മറഞ്ഞു പോയോരെക്കുറിച്ച് വിഷാദിച്ച് കുറച്ചു നേരം ഇരിക്കും.
അപ്പോല്‍ ആദ്യം കൈയ്യും വീശി നടക്കല്‍ പിന്നെ ഫേസ് ബുക്ക് വഴി ആളെ തിരയല്‍..( ഇത് രണ്ടും എക്സ്റ്റ്രാ ജോലിയാണേ!)
എല്ലാം കഴിയുമ്പോള്‍ ആത്മ കമ്പ്ലീറ്റിലി ടയേഡ്.. പിന്നെ ആത്മക്ക് ട്രീറ്റ് കൊടുക്കണം.. റെസ്റ്റ് കൊടുക്കണം..
പുറത്ത് തകര്‍ത്തു വച്ച് മഴ! ഈ മഴയത്തൊക്കെ കൂനിക്കൂടിയിരുന്ന് എങ്ങിനെ ബ്ലോഗെഴുതാന്‍!
പോയി അല്പം മഴയൊക്കെ ആസ്വദിച്ചിട്ട് വരാം..
തുടരും...
ആത്മ ഒന്നു തീരുമാനിച്ചുറച്ചു! എന്തുവന്നാലും ബ്ലോഗ് എഴുതിക്കൊണ്ടേ ഇരിക്കും എന്ന്..കമന്റ് കിട്ടുമോ ഇല്ലയോ എന്ന ടെൻഷൻ പാടെ ഉപേക്ഷിക്കാൻ പോകുന്നു.. (കമന്റ് കിട്ടുന്നത് ഒക്കെ ഒരു ഭാഗ്യക്കുറി കിട്ടുന്നപോലെ എന്നു കരുതി വല്ലപ്പോഴും ഒക്കെ സന്തോഷിക്കുകയും ചെയ്യാമല്ലൊ!)
ബ്ലോഗ് എന്നും എഴുതും എന്നു തീരുമാനിക്കാൻ കാരണം, ഇപ്പോൾ എല്ലാവരും ട്വിറ്റർ, എന്നൊക്കെ പറഞ്ഞ് കൊച്ചു കൊച്ച് കാര്യങ്ങൾ എഴുതി കൂട്ടുകാരോടൊക്കെ ഷെയർ ചെയ്യുന്നില്ലേ.. അതുപോലെ ആത്മയ്ക്ക് പ്രത്യേകിച്ച് കൂട്ടുകാരില്ലെങ്കിലും അജ്ഞാതരായ ആരെങ്കിലുമൊക്കെ അറിയാനും വായിക്കാനും എന്നപോലെ എഴുതാൻ ഒരു രസം.. ട്വിറ്ററിൽ കുറച്ചല്ലേ എഴുതാൻ പറ്റൂ.. തൽക്കാലം ഈ ബ്ലോഗ് ഒരു വലിയ ട്വിറ്റർ ആയി കണക്കാക്കിയാലും മതി..
ഇന്നലെ തീരെ മനസ്സമാധാനമില്ലായിരുന്നു ബ്ലോഗേ.. കാരണം സ്ഥിരമായി പോയി വായിക്കുന്ന ഒരു പേജ് ഇന്നലെ ശൂന്യമായി കിടക്കുന്നു! എന്തുപറ്റീ എന്നും കരുതി ഇമാജിനേഷനോട് ഇമാജിനേഷൻ.. ഈ ഇമാജിനേഷൻ നടത്താൻ നികുതിയോ ലൈസൻസോ പ്രായപരിധിയോ ഒന്നും ഒന്നും വേണ്ടാത്തതാണ് ഒരു കഷ്ടം! അങ്ങിനെ ആലോചിച്ചാലോചിച്ച് തല പുണ്ണായപ്പോൾ പിന്നെ പോയി കിടന്ന് ഉറങ്ങി..
ഇന്ന് രാവിലെ നല്ല തലവേദന! പക്ഷെ, ബ്ലോഗെഴുതാതെ ജീവിക്കാൻ പറ്റുമോ?! സാധാരണ മനുഷ്യരെ ഒരുദിവസം കണ്ടില്ലെങ്കിലും സഹിക്കാം.. ഒരുദിവസം കുളിച്ചില്ലെങ്കിലും ഉറങ്ങിയില്ലെങ്കിലും സഹിക്കാം.. ബ്ലോഗിൽ സ്ഥിരമായി സംഭവിക്കുന്നതൊന്നും സംഭവിച്ചില്ലെങ്കിൽ മനസ്സിന് എന്തൊരാക്രാന്തമാണെന്നോ?!
ഇനി അല്പം കഴിഞ്ഞ് ഒരു ചെമ്പകം എടുത്ത് മാറ്റി നടണം. പണ്ട് വളരേ മോഹത്തോടെ പോയി വാങ്ങി നട്ടതാണ്.. ഇന്നാളിൽ ഒരാൾ വീട്ടിൽ വന്ന് പറയുകയാണ്, ചെമ്പകം വീട്ടിൽ നടുന്നത് വീട്ടമ്മയ്ക്ക് ദോഷമാണത്രെ! ഇത്രയും നാൾ, “എന്നു പൂക്കും? എന്നു പൂക്കും? എന്നും ചോദിച്ച് അടുത്ത് ചെന്നിരുന്ന് കിന്നാരം പറഞ്ഞിരുന്ന വീട്ടമ്മ തന്നെ അതിനെ ഇനി മാറ്റി നട്ടും പിഴുതും ഒക്കെ കഷ്ടപ്പെടുത്തണമല്ലൊ എന്ന ദുഃഖം..” പിന്നെ കുറെ സ്വപ്നങ്ങൾ തകർന്നതിന്റെ വിഷമം!
ഒരു ചെമ്പകം ഒരു വിധം മരമായി നിൽക്കയാണ് അത് പൂത്തു തുടങ്ങീട്ട് വേണം ‘ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ പണ്ടൊരിക്കലൊരു വീട്ടമ്മ..’ എന്നൊക്കെ പറഞ്ഞ് അതിന്റെ മൂട്ടിൽ ചെന്നിരുന്ന് സ്വപ്നം കണ്ട്.. അതിന്റെ പൂമണത്താൽ ഉന്മത്തയായി സകലതും മറന്ന് ഇരിക്കാൻ, എന്നൊക്കെയുള്ള വ്യർത്ഥമോഹങ്ങൾ തകർന്നതിന്റെ ഒരു വിഷാദം.. അങ്ങിനെ ഒരുപാട് സ്വപ്നങ്ങൾ ഈ ചെമ്പകത്തെ പറ്റി നെയ്തതായിരുന്നു. ചെമ്പകത്തോടൊപ്പം എല്ലാം തകരും...
ഈ പറച്ചിലുകാരെ കൊണ്ട് തൊറ്റു..! ഇന്നാളിൽ ഒരാൾ പറഞ്ഞു, നാരകം നട്ടാൽ ഒരുപക്ഷെ നാരകം പട്ടുപോയാൽ നട്ടയാളും പട്ടുപോകുമത്രെ! പിറ്റേന്ന് തന്നെ നാരകം മൂടോടെ പൊക്കിയെടുത്ത് വെളിയിൽ കൊണ്ടു വച്ചു. സത്യത്തിൽ, ‘ആരും തൊടരുത്.. നടരുത്..’ എന്നൊക്കെ ഒരു പരസ്യം കൊടുക്കേണ്ടതായിരുന്നു. പക്ഷെ, എന്തോ മനസ്സ് കേൾക്കുന്നില്ല അന്ധവിശ്വാസമില്ലാത്തോരെങ്കിലും ജീവിച്ചോട്ടെ എന്നു കരുതിയാകും(?)
പിന്നെ കേട്ടു (ഫെൺഷൂയി), വാഴ നല്ലതല്ല, നെഗറ്റീവ് എനർജി തരും.. കടലാസ് ചെടി നല്ലതല്ല.. റോസ് തുടങ്ങി മുള്ളുചെടികൾ ഒക്കെ മനുഷ്യർക്ക് ദോഷം വരുത്തും അത്രെ! അതു പിന്നെ ശരിയായിരിക്കാം.. മുള്ളുകുത്തുമെന്ന് വീട്ടിലുള്ളവർക്കും പുറത്തുനിന്ന് വരുന്നവർക്കും ഭയക്കേണ്ടല്ലൊ.
പിന്നെ, ഒരു മുരിങ്ങ നടാമെന്നു വച്ചാൽ അതും ദോഷമാണത്രെ! ഇനീം ഉണ്ട്..
ദോഷം പറയുമ്പോൾ ഗുണങ്ങളും പറയണ്ടേ?.. ചെമ്പരത്തി, പിച്ചി, മുല്ല, തുടങ്ങി നിർദോഷമായ ചെടികൾ ധാരാളം ഉണ്ട്...
ഇപ്പോൾ മതിയാക്കുന്നു... പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ലാതെ ബ്ലോഗെഴുതുമ്പോൾ വലയുന്നത് ഒടുവിലാണ്.. തലേക്കെട്ട് ആലോചിച്ച്.. ഇതിനെ തൽക്കാലം നമുക്ക് ബ്ലോഗ് ചെടി മനസ്സമാധാനം എന്നൊക്കെ വിളിക്കാം അല്ലെ,
ബ്ലോഗിനോട് കൊച്ചു വർത്തമാനം പറഞ്ഞ് ശീലിച്ചുപോയതുകൊണ്ട് പെട്ടെന്ന് വേണ്ടെന്നു വയ്ക്കുമ്പോൾ അത് മറ്റൊരു ഡിപ്രഷൻ... അതുകൊണ്ട് എന്തെങ്കിലുമൊക്കെ എഴുതി ജീവിച്ചോട്ടെ.. ഇന്നത്തെ വിശേഷങ്ങൾ എന്തൊക്കെ എന്ന് ഓർത്ത് നോക്കട്ടെ...
പനിവിട്ടുകഴിഞ്ഞപ്പോൾ ശരീരത്തിന് ആകെ ഒരുന്മേഷം! വീടിനകവും പുറവും ഒക്കെ വൃത്തിയാക്കലും കറിവയ്ക്കലും.. ആകെ ബിസിയായിരുന്നു..
എങ്കിലും ഒരു മ്ലാനത.. ആത്മ ബ്ലോഗിനോട് എന്തോ നീതികേട് കാട്ടിയപോലെ.. തോന്നലാണോ?! ഇനിയിപ്പം എന്തു നീതികേടുകാട്ടാൻ.. പ്രായം കുറെ ആയില്ലേ.. എല്ലാവരും സന്തോഷത്തോടെ ഇരിക്കണം.. സ്നേഹത്തോടെ ഇരിക്കണം.. എന്നൊക്കെയുള്ള കൊച്ച് കൊച്ച് ആഗ്രഹങ്ങളേ ഉള്ളൂ.. ( എന്റെ മക്കൾ എങ്ങിനെ നന്നായിരിക്കണമെന്നാഗ്രഹിക്കുന്നോ, ഏതാണ്ടതുപോലെയൊക്കെ.. ഒരമ്മ മനസ്സ് എന്നൊക്കെ പറയാം..)
ഇത്രയും എഴുതിയപ്പോൾ ഓർമ്മ വരുന്നു.. ഒരല്പം പണികൂടി ബാക്കിയുണ്ട്.. പിന്നെ പറ്റുമെങ്കിൽ 24 hour ഷോപ്പിൽ ഒന്നു പോകണം..
(എഴുതുന്നത് വെറുതെ ആത്മയെ പുനർജ്ജീവിപ്പിക്കാൻ മാത്രമാണേ..പ്രത്യേകിച്ച് നല്ലപോയിന്റുകൾ ഒന്നും തന്നെ ഇല്ല.. ഒരു ജീവിതത്തിന്റെ ഏടുകൾ..അത്രമാത്രം )
വിശേഷങ്ങൾ ഒന്നും ഇല്ല എന്നെഴുതിയും പോയി, ദാ ഇപ്പോൾ നിറയെ വിശേഷങ്ങൾ തോന്നുന്നു താനും!
ആത്മ കുറെ നാളായി ഈ ബ്ലോഗും തുറന്നു വച്ച് ഇരിക്കുകയല്ലിയോ?!, പുറത്തു നടക്കുന്നതറിയുന്നതും ബ്ലോഗു വഴി മാത്രം.. അങ്ങിനെ ഇന്നു കരുതി എന്നാൽ പിന്നെ പേപ്പറൊക്കെ വായിച്ച് വിവരം വരുത്തി തുടങ്ങാം എന്ന് (സത്യമായും പറയുകയാണ് ആത്മ പേപ്പറോ ന്യൂസോ ഒന്നും വായിക്കുകയോ കേൾക്കുക്കയോ ചെയ്യുന്നില്ല.. എന്തു ഇടുങ്ങിയ ലോകമാണ് ആത്മയുടെത് അല്ലെ?!)
അങ്ങിനെ ഇന്ന് ഇവിടത്തെ പേപ്പർ വായിച്ചു.. അപ്പോൾ ഒരു ‘സാമ്പാർ മാൻ’ കാട്ടിൽ നിന്നും റോഡിൽ ചാടിയെന്നും ഒരു കാറിടിച്ചു മരിച്ചുപോയി എന്നുംകണ്ടു.. അപ്പോൾ ഈ രാജ്യത്തും ആവശ്യത്തിനു കാടും ഒരു മൃഗമെങ്കിൽ ഒന്ന് എങ്കിലും ഉണ്ടല്ലോ എന്നു സമാധാനിക്കയും പക്ഷെ, പാവം അത് ചത്തുപോയല്ലോ എന്നും ഓർത്ത് വരുത്തപ്പെടുകയും ചെയ്തു...
പിന്നെ ബ്ലോഗുകൾ വായിച്ചു..
മമ്മൂട്ടിയേയും മോഹൻലാലിനെയും സിനിമാക്കാരെഒന്നടങ്കം തരം താഴ്ത്തി ഒരു ബ്ലോഗിൽ എഴുതിയിരിക്കുന്നത് കണ്ടു. സിനിമാക്കാർ അങ്ങിനെയാണെങ്കിൽ നാം ഓരോരുത്തരും അങ്ങിനെയല്ലെ?! നാമും ഉടുത്തൊരുങ്ങി നടക്കുന്നത് നമ്മുടെ മേനിയഴക് പ്രദർശിപ്പിക്കും വിധമല്ലെ, അല്ലെങ്കിൽ പിന്നെ ഒരു ലോഹയും ഇട്ട് നടക്കണ്ടേ?! (വായിച്ച് വിവരം വയ്ക്കും മുന്നേ ആത്മ വിമർശനവും തുടങ്ങീ!)
അടുത്തത്?!.. ഓർത്തു നോക്കട്ടെ,..കിട്ടി! ‘വെറുതെ ഒരു ഭാര്യ’യെപ്പറ്റിയൊക്കെ ആരോ എഴുതിയിരിക്കുന്നത് കണ്ടു.. ഓ! എന്തൊക്കെ പറഞ്ഞാലും പെണ്ണിന്റെ സ്ഥാനം ഒന്നുകിൽ അടുക്കളയിൽ അല്ലെങ്കിൽ വല്ല തെരുവിലും.. പെണ്ണിന്റെ മാത്രമല്ല, ബലഹീനരായ എല്ലാ മനുഷ്യരും ബലവാന്മാരെ അനുസരിച്ചേ ജീവിക്കാനാവൂ..
ഇനി?! ഒരു വലിയ ചിത്രകാരൻ ഹിന്ദു ദൈവങ്ങളെ നഗ്നയായി ചിത്രീകരിച്ചതുകൊണ്ട് നാടുകടത്തപ്പെട്ടുവത്രെ! അതുപിന്നെ ശരിയാണോ? ചിത്രമൊക്കെ വരക്കാം.. പക്ഷെ അത് സാധാരണ മനുഷ്യരുടെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ടുവേണോ?! സരസ്വതീദേവിയെയും ലക്ഷ്മീദേവിയെയും ഒക്കെ അങ്ങിനെ അശ്ലീലമായി വരയ്ച്ചാൽ ഏതൊരു ഹിന്ദുവിന്റെയും മനസ്സെരിയും.. സ്വന്തം മതഗ്രന്ഥങ്ങൾക്ക് പവിത്രത നൽകും പോലെ മറ്റു മതക്കാരുടെ മതത്തേയും മാനിക്കണ്ടെ?
അല്ലേ.. അമ്പലത്തിലും മറ്റും നഗ്ന ശില്പങ്ങളുണ്ടെന്നുകരുതിയോ, ശിവലിംഗത്തെയാണ് ആരാധിക്കുന്നതെന്നോ കരുതിയോ, ഒരു ഹിന്ദു കുളിച്ച് അമ്പലത്തിൽ പോകുന്നത് അതിലും അപ്പുറത്തെ വലിയ ഈശ്വരനെ കാണാൻ തന്നെയാണ്... ഈശ്വരനു പിന്നെ മനുഷ്യർക്കുള്ളതുപോലെ ശരീരവും ഭാഗങ്ങളും ഒക്കെ കാണില്ലേ.. അത് ദൈവീക ശരീരമായി ആരാധിക്കപ്പെടുന്നതുകൊണ്ടല്ലേ ഹിന്ദു വ്രതങ്ങളും നോമ്പുകലും ഒക്കെ നോറ്റ് കഷ്ടപ്പെട്ട് പലേ ക്ഷേത്രങ്ങളിലും പോകുന്നത്?!
(ഇനീം പറയണോ?! ഇച്ചിരിക്കൂടി അറിവുണ്ടാക്കീട്ട് ബാക്കി എഴുതാം..)
അറിവുണ്ടാക്കുന്ന കാര്യം നടക്കില്ലാ..
ഇന്നുമുഴുവനും ബ്ലോഗെഴുതിക്കൊണ്ടിരുന്നാലോ?, ആർക്കു നഷ്ടം..? ആർക്കും നഷ്ടമില്ല..! കമന്റിനെ ഭയക്കാതിരുന്നാൽ (കിട്ടുമോ ഇല്ലയോ എന്ന ഉത്ക്കണ്ഠ) നമുക്ക് ഇഷ്ടമുള്ളതൊക്കെ എഴുതാമല്ലൊ..
പക്ഷെ എഴുതാൻ ഒരു വിഷയം വേണ്ടേ?! വിഷയദാരിദ്ര്യം ഒരു വലിയ പ്രശ്നമാണ്. പക്ഷെ വിഷയത്തിനായി അലയേണ്ടിവരിക അതിലും കഷ്ടം. അതുകൊണ്ട് മുന്നിൽ കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങൾ എഴുതാം..
ഈ മുറിയിൽ ഞാനിപ്പോൾ തനിച്ചല്ല. എന്റെ മകൻ പഠിത്തത്തിനിടയിൽ അല്പസമയം വന്ന് ഐഡിയ സ്റ്റാർ സിംഗറും പിന്നെ നാന്നി എന്ന സീരിയലും പിന്നെ അമേരിക്കൻ ഐഡൽ പിന്നെ മാസ്റ്റേർസ് ഓഫ് ഇല്ലൂഷൻ.. ഇങ്ങനെ മാറി മാറിക്കൊണ്ടിരിക്കും, ഈ റൂമിലിരിക്കുന്ന കൊച്ചു ടി.വിയിലെ പരിപാടികൾ. ഈ ടി.വി അല്ലെങ്കിൽ ആത്മ ഓൺ ചെയ്യാറേ ഇല്ല! കാരണം ടി. വി. കാണലും വളരെ ചുരുക്കമായതുകൊണ്ടുതന്നെ.. പക്ഷെ, ആരെങ്കിലും ഓൺ ചെയ്യുമ്പോൾ നോക്കിക്കൊണ്ടിരിക്കും.. കാരണം ആത്മാവെല്ലാം ബ്ലോഗിൽ കിടക്കുകയല്ലേ.. അതിനെയിനി സ്വതന്ത്രമാക്കിക്കിട്ടണ്ടെ, എന്നിട്ടുവേണം ലോകപരിജ്ഞാനം ഉണ്ടാക്കിയെടുക്കാൻ..
അവതാർ സിനിമ കാണണമെന്ന് വലിയ ആഗ്രഹം! എന്തുചയ്യാം മക്കളെല്ലാം വളരെ ബിസിയാണ്. ഹോം വർക്ക്.. ഹോം വർക്ക്.. ഇതിനിടെ ഷാരൂഖാന്റെ മൈ നെയിം ഈസ് ഖാൻ കണ്ട കാര്യം എഴുതിയില്ലല്ലൊ അല്ലെ, ഡ്രാഫിറ്റിൽ നോക്കട്ടെ വല്ലതും ഉണ്ടോന്ന്.. ഇല്ല.
ബാക്കി പിന്നെ
ണ്ടൊക്കെ ബ്ലോഗെഴുതാൻ, ആദ്യം വീട്ടുജോലി ഒരുവിധം ഒതുങ്ങണം.. പിന്നെ ഗൃഹനാഥന്റെ പോക്ക് വരവ് ഉറക്കം ഒക്കെ നോക്കണം.. ഇപ്പോൾ ഈ കമ്പ്യൂട്ടറിന്റെയും മൂഡനുസരിച്ചേ എഴുതാൻ പറ്റൂ. ഇതെല്ലാം ഒത്തുവരുമ്പോഴേയ്ക്കും ആത്മയ്ക്ക് എഴുതാനുള്ള മൂഡ് ബാക്കിയുണ്ടാകുമോ എന്നതിനെ ആശ്രയിച്ചാണ് ഇപ്പൊഴത്തെ എഴുത്ത്..
പൌലൊ അണ്ണനെ പറ്റിയല്ല്യോ കഴിഞ്ഞ പോസ്റ്റിൽ എഴുതിക്കൊണ്ടിരുന്നത്, അതുതന്നെ തുടരാം...
ആദ്യമേ തന്നെ പറയട്ടെ, ഈ പൌലോ അണ്ണനും ആത്മേം തമ്മിൽ വലിയ ഒരു ചേർച്ചയുണ്ട് (ചിന്തകളിൽ).. ചിറി കോട്ടാൻ വരട്ടെ... ഒരു നിമിഷം..
‘മൈ നെയിം ഈസ് ഖാൻ’ കണ്ടപ്പോൾ ആദ്യം തോന്നിയത് അതിലെ ഷാരൂഖാന്റെ ക്യാരക്റ്ററുമായി ആത്മയ്ക്ക് വലിയ സാദൃശ്യം ഉണ്ടെന്നായിരുന്നു.. (ശ്യൊ! എന്നാലും ആത്മയുടെ ഈ മെന്റൽ റിറ്റാർഡേഷൻ തക്കസമയം കണ്ടുപിടിച്ച് പ്രതിവിധി കൽപ്പിച്ചില്ലല്ലൊ, എങ്കിൽ ഒരുപക്ഷെ ഷാരൂഖാനെപ്പോലെ നല്ല ഒരു സെറ്റപ്പും പിന്നെ നല്ല ഒരു ഗോളും ഒക്കെ കണ്ടുപിടിച്ചേനെ.. എന്നായിരുന്നു..)
ഇനി വീണ്ടും പൌലോ ചേട്ടനിലേക്ക് വരാം..
പൌലോ ചേട്ടനോട് അദ്ദേഹത്തിന്റെ അമ്മ ആരാകണം എന്നു ചോദിച്ചപ്പോൾ ‘ഒരെഴുത്തുകാരനാകണം’ എന്നായിരുന്നുവത്രെ അദ്ദേഹത്തിന്റെ മറുപടി!
‘എഴുത്തുകാരൻ’ എന്നാൽ ആരാണ് എന്ന് കണ്ടുപിടിച്ചു വരാൻ അമ്മ പറഞ്ഞപ്പോൾ, അദ്ദേഹം എഴുത്തുകാരന്റെ ലക്ഷണങ്ങൾ കണ്ടുപിടിച്ചു
1) എഴുത്തുകാരൻ കണ്ണാടിവച്ചവനായിരിക്കും, അയാൾ മുടി നന്നായി ചീകിയൊതുക്കില്ല, പകുതിസമയവും അയാൾക്ക് ലോകത്തോടാകമാനം ദേഷ്യമായിരിക്കും ബാക്കി പകുതി നിരാശയും.. അയാൾ ജീവിതത്തിന്റെ അധികസമയവും വല്ല ബാറുകലിലും ഇരുന്ന് അയാളെപ്പോലുള്ളവരോട് വാദപ്രതിവാദങ്ങൾ ചെയ്യുകയാവും.. അയാൾ വളരെ ഉൾക്കാഴ്ച്ചയോടെ സംസാരിക്കുന്നു.. അയാളുടെ മനസ്സ് താൻ പ്രസിദ്ധീകരിച്ചു കഴിഞ്ഞ ബുക്കിനോട് വെറുപ്പും എന്നാൽ ഇനി എഴുതാൻ പോകുന്ന നോവലിനെക്കുറിച്ച് നിറയെ ഐഡിയകളും കൊണ്ടു നിറഞ്ഞിരിക്കും..
2) അയാളെ തന്റെ സമാന തലമുറ ഒരിക്കലും അംഗീകരിക്കുകയോ ആദരിക്കുകയോ ചെയ്യില്ല, തന്നെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്താൽ അത് തന്റെ ഇനിയുള്ള പുരോഗമനത്തിന് തടസ്സമാകുമെന്ന് അയാളും കരുതും..
3) മറ്റ് എഴുത്തുകാർക്ക് മാത്രമേ ഒരു എഴുത്തുകാരൻ എന്തുദ്ദേശിച്ചാണ് സംസാരിക്കുന്നതെന്ന് വ്യക്തമാകൂ.. എന്നാൽ അയാൾ അവരെയൊക്കെ ഉള്ളിൽ ഇഷ്ടപ്പെടുകയുമില്ല കാരണം അവരെല്ലാവരും ഒരേ സ്ഥാനത്തെത്താനായി മത്സരിക്കുന്നവരാണെന്ന അറിവ്..
4) പെണ്ണുങ്ങളെ വശീകരിക്കാനായി എഴുത്തുകാരൻ .. ഞാൻ ഒരെഴുത്തുകാരനാണ് എന്ന വാക്ക് ഉപയോഗപ്പെടുത്തുന്നു എന്നിട്ട് ഒരു കൊച്ചു കവിതയും കൂടി കുറിച്ചാൽ എല്ലാമായി..
5) അദ്ദേഹത്തിന് എഴുത്തുകാരെ വിമർശിക്കാനും കഴിയും തന്റെ വിശാലമായ അറിവും പിന്നെ മറ്റുള്ളവരുടെ കൊട്ടേഷനും ഒക്കെ കൊണ്ട് വളരെ കട്ടിയുള്ള വാക്കുകൾ ചേർത്ത് അയാൾ എഴുതും.. പക്ഷെ അയാൾക്കുപോലും ആ വാക്കുകൾ കാണുമ്പോൾ അയാൾ എഴുതിയത് വായിക്കാൻ തോന്നില്ല..
6) എന്താണ് വായിക്കുന്നതെന്ന് ആരെങ്കിലും ചോദിച്ചാൽ ആരും കേട്ടിട്ടില്ലാത്ത ഒരു ബുക്കിന്റെ പേര് പറയാൻ ശ്രമിക്കും
7) എല്ലാ എഴുത്തുകാരും ഐക്യകണ്ഠേന,' വായിച്ചിരിക്കേണ്ട ബുക്ക് ഏതെന്നു' ചോദിച്ചാൽ എതിരഭിപ്രായമില്ല, ഉല്ലിസീസ് എന്നാവും ഉത്തരം paRayuka .. എന്നാൽ അതിൽ എന്തിനെക്കുറിച്ചാണ് പതിപാദിച്ചിരിക്കുന്നത് എന്നു ചോദിച്ചാൽ ഉത്തരം പറയാൻ അറിയുകയുമില്ല കാരണം മിക്കവരും അത് വായിച്ചുകാണില്ല!
ഇത്രയുമാണ് ഒരു എഴുത്തുകാരന്റെ ഗുണങ്ങളായി പൌലോ കണ്ടുപിടിച്ചത്!
(ഇതിൽ ആദ്യം പറഞ്ഞ ഒട്ടു മിക്ക ലക്ഷണങ്ങളും ആത്മയ്ക്ക് ജന്മനാ ഉണ്ടായിരുന്നു എന്നാതാണ് അതിശയം!!!)
പീന്നെ, പൌലോ ചേട്ടൻ കളയെപ്പറ്റി ചിന്തിച്ചതും പിന്നെ മലകയറ്റത്തെ പറ്റിചിന്തിച്ചതും ഒക്കെ ആത്മയും അതേപോലെ ചിന്തിച്ചിരുന്നു. ആത്മയുടെ ചിന്ത ഇനി അദ്ദേഹം അപഹരിച്ചതാകുമോ?! (തമ്പുരാനും ചോതി.. അടിയനും..)
‘കള’യെപ്പറ്റി ഈ ചിന്ത തന്നെ (കഴിഞ്ഞ പോസ്റ്റിലെ) പല ഡൈമൻഷനിൽ ആത്മ പലപ്രാവശ്യം(കള പിഴുതുകൊണ്ടിരിക്കുമ്പോൾ..) ചിന്തിച്ചിട്ടുണ്ട്.. (വാസ്തവത്തിൽ ആത്മയാണ് ആദ്യം ചിന്തിച്ചത്! മിക്കവാറും പൌലോ ആത്മയുടെ ചിന്ത കോപ്പിയടിച്ചതാകാനും സാധ്യതയുണ്ട്!)
ഹും! ആത്മയുടെ ചിന്തകൾ ചിന്തകളായി തന്നെ തുടരുകയും.. പൌലോയുടെ ചിന്തകൾ നല്ല നല്ല പുസ്തകങ്ങളായി കോടികണക്കിന് കാശുവാരുകയും..!
പൌലോ ചേട്ടന്റെ ‘മലകയറ്റം’ ഒരല്പം വ്യത്യാസത്തോടെയെങ്കിലുംആത്മയും മെനിങ്ങാന്ന് ചിന്തിച്ചെ ഉള്ളൂ (അത് ഒരല്പം പിന്നിലായിപ്പോയി)
ആത്മ മലകയറ്റം ജീവിതത്തിലെ സ്നേഹബബന്ധങ്ങളുമായാണ് സാദൃശ്യപ്പെടുത്തിയത്. പൌളോ ജീവിതം ആകെമൊത്തം ഒരു മലകയറ്റമായി ഉപമിച്ചിരിക്കയാണ്. ഒന്നല്ല പല മലകയറ്റങ്ങൾ..!
ആത്മ ചിന്തിച്ചു.. നാം ഓരോ സ്നേഹബന്ധങ്ങൾ വെട്ടിപ്പിടിക്കാനായി എവറസ്റ്റിൽ കയറുമ്പോലെ കയറുന്നു.. ഏറ്റവും ഒടുവിൽ മുകളിൽ ചെന്നെത്തുമ്പോൾ അനുഭവപ്പെടുന്നത് ഒരുതരം ശൂന്യത.. നിരർത്ഥകത.. പിന്നെ ഇറക്കത്തെപ്പറ്റി ഓർത്ത് ഒരു വല്ലായ്കയും.. ചിലർ പരിഭ്രാന്തപ്പെടുകയും ചെയ്യും.. താഴെയെത്തുമ്പോൾ ഗത്യന്തരമില്ലാതെ അടുത്ത മല കയറാൻ തുടങ്ങുന്നു.. മുകളിൽ ശൂന്യതയാണെന്നറിയാമെങ്കിലും ആ മലകയറ്റത്തിന്റെ ത്രില്ലിൽ മയങ്ങാൻ..
അതുതന്നെ അദ്ദേഹവും പറയുന്നു.. അല്പം വ്യത്യസ്തമായി! ഓടിച്ചാടി ഓരോ മലകളിലും കയറിയിറങ്ങണംത്രെ! അതിനു അദ്ദേഹം കുറെ നിയമങ്ങളും എഴുതിയിട്ടുണ്ട്..
1) ആദ്യമായി നാം ഏതുമലയാണ് കയറുന്നതെന്ന് തിരയണം.. ( പൌലോ ജീവിതത്തെയും ആത്മ സ്നേഹത്തെയുമാണേ എയിം ചെയ്യുന്നത്..)
മറ്റാരെങ്കിലും പറഞ്ഞെന്നു കരുതി അങ്ങ് കയറിയേക്കരുത്..നാം മാത്രമേ ഉള്ളൂ ഈ കയറ്റത്തിൽ എന്നും, നമ്മൾ നമ്മുടെ ജീവിതത്തിലെ ഒരുപാട് എനർജി ഈ മലകയറ്റത്തിനായി വേണം എന്നുള്ളതുകൊണ്ട് നന്നായി ചിന്തിച്ച് ഉറച്ച് കയറുക..
2.എങ്ങിനെ മലയിൽ കയറാമെന്നുള്ള ശരിക്കുള്ള പാത്
ദൂരെനിന്നും നോക്കുമ്പോൾ മല മനോഹരമായിരിക്കും എന്നാൽ അടുക്കുന്തോറും ഒരുപാട് തടസ്സങ്ങൾ കാണും നിറയെ റോഡും കാടും ഒക്കെയായി. ഏതുവഴിയിലൂടെ നടന്നാൽ മലയിൽ എത്താം എന്നു തിരഞ്ഞ് കണ്ടെത്തുക..
3. മുൻപ് കയറിയിട്ടുള്ളവരിൽ നിന്നുമുള്ള അനുഭവങ്ങൾ ഷെയർ ചെയ്യുക് ( മുൻപ് ജീവിച്ചവരുടെ/സ്നേഹിച്ചവരുടെ അനുഭവങ്ങൾ)
4. സൂക്ഷിച്ച് കാൽ വയ്ക്കുക.. അപകടങ്ങൾ അടുത്താകുമ്പോൾ നമുക്ക് തരണം ചെയ്യാൻ കുറച്ചുകൂടി എളുപ്പമാൺ.. കൂർത്തുമൂർത്ത കല്ലുകളോ, വിള്ളലുകളോ ഒക്കെ ഉണ്ടോന്ന് നോക്കി കാൽ വയ്ക്കുക..
5. ദൂരം താണ്ടും തോറും കാണുന്ന പ്രകൃതി ദൃശ്യങ്ങൾക്കും മാറ്റം വരും അത് ആസ്വദിക്കാൻ ശ്രമിക്കുക
6. നമ്മുടെ ശരീരത്തെ സൂക്ഷിക്കുക.
അധികം ആക്രാന്തവും പാടില്ല അധികം മെല്ലെയുമാകരുത്.. ഇടക്ക് നല്ല തെളിനീരൊക്കെ കുടിച്ച്, നല്ല പഴവർഗ്ഗങ്ങളോക്കെ ശാപ്പിട്ട്.. എൻജോയ് യുവർ ട്രിപ്പ്..
7. നമ്മുടെ ആത്മാവിനെ സംരക്ഷിക്കുക..
നടക്കുന്നത് ഒരു വലിയ പാടായി കരുതാതെ റിലാക്സ് ചെയ്ത് നടക്കുക..അത് ആത്മാവിന് സന്തോഷം നൽകും..
8. എപ്പോഴും ഒരടികൂടി അധികം വയ്ക്കാൻ തയ്യാറായി നടക്കുക..
9. മുകളിലെത്തുമ്പോൾ സന്തോഷിക്കുക!
10. ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ കഴിവിൽ അഭിമാനിക്കാം. ഇത് ദിവസം മുഴുവൻ ഈ ആത്മവിശ്വാസം നിലനിർത്തുമെന്നും അത് അടുത്ത മല കയറ്റത്തിനു പ്രേരകമാകും എന്നും പ്രതിജ്ഞ ചെയ്യുക..
11. നിങ്ങളുടെ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുക ( ജീവിതവിജയത്തെപ്പറ്റി)..
ഇനി അദ്ദേഹം നമ്മുടെ ജീവിതത്തെ ഒരു പെൻസിലുമായി ഉപപിച്ചിരിക്കുന്നത് നോക്കുക!
പെൻസിലിനെ നാമായി കരുതുക..
1) പെൻസിലിനു ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാനാകും പക്ഷെ എപ്പോഴും ഓർക്കുക പെൻസിലിനെ പിടിക്കാൻ ഒരു കൈവേണം.. ആ കൈ ദൈവമായി കരുതുക
2) വേദന സഹിച്ചെങ്കിലും ഇടയ്ക്കിടെ പെൻസിൽ മൂർച്ച കൂട്ടിയാലേ എഴുതാനാകൂ (പരുക്കൻ യാധാർഥ്യങ്ങൾ നമ്മെ കൂടുതൽ മികച്ചവരാക്കും)
3) തെറ്റുകൾ തിരുത്താനുള്ള സന്ന്ദ്ധത. (പെന്‍സിലിന്റെ തെറ്റുകള്‍ ഇറേസര്‍ കൊണ്ട്ട് മായ്ക്കാനാകും അതുപോലെ
4) ഉള്ളിലെ കാമ്പാണ് പ്രധാനം! അതുകൊണ്ട് ഓരോ പ്രവർത്തിയും നമ്മുടെ ആത്മാവിനെ എങ്ങിനെ ബാധിക്കുന്നു എന്ന് ശ്രദ്ധവത്താകുക..
5) പെൻസിൽ ഒരു മാർക്ക് ശേഷിപ്പിക്കും .. അത്പോലെ നമ്മുടെ ഓരോ പ്രവർത്തിയും എവിടെയെങ്കിലും ഒരു പാടുണ്ടാക്കും.. അതറിഞ്ഞ് ആ പാടുകൾ നാല്ലവയാക്കാൻ ശ്രദ്ധിച്ച് ജീവിക്കുക...
എത്ര നല്ല സന്ദേശം അല്ലെ?!
ഇനി ബാക്കി കഥ വായിച്ചിട്ട് എഴുതാം...
കഴിഞ്ഞ പോസ്റ്റ് കുറച്ചുപേരൊക്കെ വായിച്ചിരിക്കുന്നു! എന്നാൽ ഒരു കമന്റുപോലും ഇല്ല. അല്ല, കമന്റർഹിക്കുന്ന രീതിയിൽ ഞാനൊന്നും എഴുതിയും ഇല്ല എന്നത് തർക്കമറ്റവിഷയം!
എങ്കിലും, പാവം ഒരു സ്ത്രീ ഒരു ബ്ലോഗും ഉണ്ടാക്കി എന്തൊക്കെയോ എഴുതുന്നു.. എന്നാൽ ഒരു ഭംഗിവാക്കു പറഞ്ഞിട്ടു പോയേക്കാം എന്ന് ങ്ഹേ! ആരുടെ ബുദ്ധീലും തോന്നുന്നില്ലാ..എല്ലാവരും കമന്റോ? ഞാൻ തരികയേ ഇല്ല (മോഹൻലാൽ കിലുക്കം..) പിന്നെ വേണമെങ്കിൽ ഞാൻ കുറച്ചു കഴിഞ്ഞ് വല്ലതും ശ്രമിക്കാം.. കുറ്ച്ചു കഴിഞ്ഞ്.. ശ്രമിക്കാം..( സിംഗപ്പൂർ ഡോളേർസ് മണിയോഡറായി അയക്കാം എന്നപോലെ മോഹൻലാലിന്റെ സ്റ്റൈലിൽ) എന്നും പറഞ്ഞ് പാട്ടും പാടി അങ്ങ് പൊയ്ക്കളയും.. എന്തുചെയ്യാം കഷ്ടകാലം എന്നു പറഞ്ഞാൽ മതിയല്ലൊ
ഞാൻ ഇപ്പോൾ വീണ്ടും എഴുതുന്നതിന്റെ ഉദ്ദേശ്യങ്ങൾ പലതാണ്..ഒന്ന് ഈയ്യിടെതന്നെ ഒരാപത്തു വരാനിരിക്കുന്നു! സാധാരണ ബ്ലോഗെഴുത്ത് തകൃതിയായി നടത്തുന്നത്.യധാർത്ഥ ജീവിതത്തിലെ ചില ടെൻഷനുകളിൽ നിന്നും ഒരു രക്ഷപ്പെടലിനും കൂടിയാണ്.. മനസ്സിന്റെ ഡൈവർട്ട് ചെയ്യാനായി ഒരു സൂത്രം! അത്രയേ ഉള്ളൂ ട്ടൊ.. സാരമില്ല.. കമന്റെഴുതാൻ സമയമൊന്നും ഇല്ലെങ്കിൽ ഇടണ്ട.. ആത്മ വെറുതെ പറഞ്ഞതല്ലെ, ഏയ്.. ആത്മ കമന്റുദ്ദേശിച്ചൊന്നും അല്ല എഴുതുന്നത്.. പിന്നെ കമന്റ് കിട്ടിയാലേ എഴുതാൻ പറ്റൂ എന്നു കരുതി തളരുന്നവർക്ക് ആത്മ ഒരുപദേശം തരാം.. ‘നമ്മൾ ഒരു പോസ്റ്റ് എഴുതി എന്നു കരുതുക.. ആരും കമന്റ് എഴുതിയില്ല. രണ്ടാമതൊന്നും കൂടി എഴുതീട്ടും കമന്റ് കിട്ടുന്നില്ല എന്നു കരുതുക.. വീണ്ടും എഴുതുക.. അങ്ങിനെ എഴുതിക്കൊണ്ടേ ഇരിക്കുക..അപ്പോൾ പിന്നെ.. പിന്നെ, പിന്നെ പതിയെ അതൊരു ശീലമായിക്കൊള്ളും..’ (ഇതും ഏതോ ഒരു സിനിമയിൽ കേട്ട ഡയലോഗ് ആണ്)
ഒരു നല്ല ആശയവുമില്ലാതെ എഴുതിയ ഈ പോസ്റ്റിനും കമന്റൊന്നും കിട്ടിലെന്നും പറഞ്ഞ് ആത്മ വിഷമിക്കില്ല ട്ടൊ, ബി ഹാപ്പി.. നല്ല എന്തെങ്കിലും ചിന്തകൾ തോന്നുന്നെങ്കിൽ പിന്നീട് വന്ന് എഴുതിക്കൊള്ളാം..
Categories
- ഓട്ടോഗ്രാഫ് (40)
- ചെറുകഥ (54)
- ജീവിതം (62)
- നിര്‍വ്വചനമില്ല (42)
- പാചകം (3)
- ഫോട്ടങ്ങള് (12)
- ബ്ലോഗും ജീവിതവും (69)
- വേറെ കുറെ (16)