രാവണനും സീതയും പിന്നെ രാമനും!  

Posted by Askarali

രാവണ്‍ സിനിമ കണ്ടു. സിനിമ കണ്ടതുകൊണ്ടോ എന്നറിയില്ല മനസ്സിനും ഹൃദയത്തിനും ഒക്കെ ഒരു വല്ലാത്ത ചാഞ്ചല്യം! അതിലെ നായികാ നായകന്മാരുടെ അഭിനയം ഹൃദയത്തില്‍ എവിടെയൊക്കെയോ തട്ടിക്കാണും! ഇനി അതു കണ്ടുപിടിച്ചാലല്ലെ, ഓരോന്നായി എടുത്തുമാറ്റാനാവൂ.. ആത്മേ.. അതൊക്കെ വെറും സിനിമ..ജീവിതം റേ.. സിനിമ റേ എന്നൊക്കെ പറഞ്ഞ് ആത്മയെ പഴയ ഇരുമ്പു മനുഷിയാക്കിയാലേ ഈ ഭൂമിയില്‍ ആത്മയ്ക്ക് ജീവിക്കാനാവൂ.

വിക്രമിന്റെ അഭിനയം അഭിനയം എന്നൊക്കെ പറഞ്ഞ് ആളുകള്‍ പാരാട്ടുമ്പോള്‍ പണ്ടൊക്കെ ഈ തമിഴര്‍ എന്തൊരു വിഡ്ഡികള്‍ എന്നൊക്കെ തോന്നിയിരുന്നു. ആത്മ വിക്രമിന്റെ അഭിനയം ശ്രദ്ധിക്കാതിരുന്നതുകൊണ്ടാണ് അത്തരത്തില്‍ ഒരു തെറ്റായ വിചാരം കടന്നു കൂടിയത് എന്ന് ഇന്ന് മനസ്സിലായി. വിക്രം ശരിക്കും രാവണന്‍ ആയി ജീവിക്കുകതന്നെയായിരുന്നു..!

രാമായണ കഥയിലെ, സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയി കെട്ടിയിടുന്ന രംഗത്തില്‍ നിന്നും സിനിമ ആരംഭിക്കുന്നു. ആലംബമില്ലാതെ അലമുറയിട്ട് കരയുന്ന കോപാകുലയായ സീത. പ്രതികാരദാഹിയായ രാവണ്‍ പകപോക്കലിന്റെ സുഖത്തോടെ സീതയെ നോക്കുമ്പോള്‍ ആപ്രതീക്ഷിതമായി പൊടുന്നനവെ സീത താഴെ അഗാധമായ കൊക്കയിലേക്ക് ചാടുന്നു. ആ സാഹസികത രാ‍വണനെ സ്തബ്ദനാക്കുന്നു.. പിന്നെ ചഞ്ചലചിത്തനാക്കുന്നു. പ്രതികാരചിന്തയില്‍ നിന്നും ഒരല്പം മാറി, നിരപരാധിയായ ഒരു സ്ത്രീ മരിക്കുന്നു എന്ന ഒരു ചിന്ത വരുന്നു. നോക്കുമ്പോള്‍ സീത മരക്കൊമ്പില്‍ തങ്ങി മരിക്കാതെ താഴെ വെള്ളത്തില്‍ വീഴുന്നു; ആ നിമിഷവും സീതയില്‍ കത്തിക്കാളുന്ന ദേഷ്യം/ധീരത/പാതിവ്രത്യം.. അത് രാവണനെ സീതയുടെ മേല്‍ ഇഷ്ടം തോന്നിപ്പിക്കുന്നു. പിന്നീട് അവളുടെ ഓരോ എതിര്‍പ്പും രാവണനു ഹരമാകുന്നു.പരസപരം കുറ്റപ്പെടുത്തി കഴിയുന്ന അവരില്‍ പതിയെ മതിപ്പ്/സ്നേഹം നാമ്പിടുന്നു..

ഒന്നു രണ്ടിടങ്ങളില്‍ രാവണനില്‍ ഉള്ള ഏകാന്തതയും അയാളുടെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ ആഗ്രഹവും ഡയലോഗ് ഒന്നും ഇല്ലാതെ തന്നെ വിക്രം നമ്മുടെ മുന്നില്‍ അഭിനയിച്ച് കാട്ടുന്നു!! അവിടെ ഡയലോഗോ പാട്ടുസീനോ ഒന്നും ഇല്ലായിരുന്നു. വെറും പ്രകൃതിയും/വിജനതയും, ഒരു പുരുഷനും, അവന് ഇഷ്ടപ്പെടുന്ന ഒരു സ്ത്രീയും മാത്രം!
അത് ഡയറക്റ്ററുടെയും വിക്രമിന്റെയും ഒരു മാനസിക പൊരുത്തമായി അതിശയിപ്പിച്ചു.

രാവണന്റെ സഹോദരിയെപ്പോലൊരു പെണ്‍കുട്ടിയെ പോലീസുകാര്‍ നശിപ്പിച്ച പ്രതികാരമാണ് രാവണനെ‍ സീതയെ തട്ടിക്കൊണ്ട് വന്ന് പകരം വീട്ടാന്‍ പ്രേരിപ്പിക്കുന്നത്. രാമായണത്തില്‍ ശൂര്‍പ്പണഘ രാമനാലും ലക്ഷ്മണനാലും അപമാനിപ്പിക്കപ്പെട്ടും മുറിവേറ്റും വന്നതാണല്ലൊ രാവണന് രാമനോട് പകയുണ്ടാവാന്‍ കാരണമാകുന്നത്!

ഇവിടെ ഹനുമാനു പകരം കാര്‍ത്തിക് ദൂതിനു പോകുന്നു. ആ രംഗം കാര്‍ത്തിക് മികവുറ്റതാക്കി. ഒരു സമയം കാര്‍ത്തികിനും പ്രഭുവിനും ഒക്കെ അപ്രധാനമായ റോള്‍ കൊടുത്തതില്‍ വിഷമം തോന്നുകയും ചെയ്തു. അതിനുമാത്രം തന്റെ റോള്‍ നല്ലതാക്കാനാവില്ല നമ്മുടെ പൃഥ്വിരാജിന്‌ എന്ന് തോന്നി ഭയന്നു... പക്ഷെ, പൃഥ്വിരാജ് സാമാന്യം തരക്കേടില്ലാതെ തന്റെ റോള്‍ വിജയിപ്പിച്ചു. പോരാത്തതിനു സിനിമയുടെ പേരു തന്നെ രാവണ്‍ എന്നല്ലെ, അപ്പോള്‍ ഡയറക്റ്റര്‍ ഫുള്‍ അറ്റന്‍ഷനും രാവണന്റെ മികവിനായി പരിശ്രമിച്ചതുകൊണ്ട് രാമന്‍ ശ്രദ്ധിക്കപ്പെടാന്‍ വളരെ പ്രയാസമാകും. പ്രഥ്വിരാജ് തന്നാലാവും വിധം രാമനെ പരാജയപ്പെടുത്തിയില്ല എന്നുവേണം കരുതാന്‍..

യുദ്ധംകഴിഞ്ഞ് രാമന്‍ സീതയെയും കൊണ്ട് തിരികെപ്പോകുമ്പോള്‍ രാവണനെ കൊല്ലാതെ വിജയം യധാര്‍ത്ഥവിജയം ആകുന്നില്ലെന്ന തോന്നല്‍ രാമനെ സീതയില്‍ സംശയാലുവായി അഭിനയിപ്പിക്കുന്നു.. പലതിനും ഉത്തരം തേടി ഒടുവില്‍ സീത രാവണന്റെ അരികില്‍ എത്തുമ്പോള്‍, രാമനും സംഘവും രഹസ്യമായി പിന്തുടര്‍ന്ന് രാവണനെ വധിക്കുന്നു

ഇതിനകം പരസ്പരം അനുരക്തരായ രാവണനും സീതയും മരണത്തിനും ജീവിതത്തിനും ഇടയില്‍ നിന്ന് പരസ്പരം യാത്രപറയുന്നു. ആ രംഗമാണോ മനസ്സിനെ ഇത്രയേറെ സ്പര്‍ശ്ശിച്ചത്‌! അറിയില്ല! അതോ രാവണന്റെ സ്നേഹിക്കപ്പെടാനുള്ള അദമ്യമായ ആഗ്രഹമോ! എന്തോ ഒന്നുണ്ട് ഹൃദയത്തെ സ്പര്‍ശ്സിക്കുന്ന തരത്തില്‍ ഈ സിനിമയില്‍..

രാമന്‍ രജ്യ ധര്‍മ്മം പുന്‍ഃസ്ഥാപിക്കാന്‍ സ്വീകരിച്ച മാര്‍ഗ്ഗങ്ങളൊക്കെ ചതിയുടെതായിരുന്നു. രാവണന്റെ സഹോദരിയെ പീഡിപ്പിക്കല്‍,പിന്നെ, ദൂതനെ വധിക്കല്‍, ഭാര്യയെ സംശയിക്കല്‍, ഒടുവില്‍ ചതിയാല്‍ മറഞ്ഞുനിന്ന് രാവണനെ വധിക്കയും! പക്ഷെ, രാമന്‌ അതിനു തക്കതായ പ്രതിഫലം എന്നപോലെ പതിവ്രതയായ സീതയുടെ സ്നേഹം നഷ്ടമാകുന്നു..

യധാര്‍ത്ഥരാമനും ഇതൊക്കെ തന്നെ ചെയ്തിരുന്നു.. ധര്‍മ്മത്തിനെ വിജയത്തിനായി..
ഒളിഞ്ഞു നിന്ന് ബാലിയെ കൊന്നു.. ശൂര്‍പ്പണഘയെ അധിക്ഷേപിച്ചു, ഭാര്യയെ സംശയിച്ചു
യുദ്ധത്തിലും പല മായാജാലങ്ങളും കാട്ടി ഒടുവില്‍ രാവണനെ വധിക്കുന്നു. രാവണന്റെ ഭാഗം ആരും കാണാനില്ലായിരുന്നു. ഇവിടെ മണിരത്നം രാവണന്റെ ഭാഗം ചേര്‍ന്ന് രാവണനെ മനുഷ്യനാക്കിയപ്പോള്‍ രാമന്‍ വല്ലാതെ കൊച്ചായിപ്പോയി..

പിന്നെ, ഈ സിനിമയുടെ വിജയം വിക്രമിന്റെയും പൃഥ്വിരാജിന്റെയും ഐശ്വര്യാറായിയുടെയും സുഹാസിനിയുടെയും ഒന്നും മിടുക്കല്ല എന്ന് മനസ്സ് പറയുന്നു. അതിനു പിന്നിലെ മണിരത്നത്തിന്റെ വ്യൂവില്‍ കൂടി ഒരു സിനിമ ഉണ്ടായി. മണിരത്നം ഭാവനയില്‍ കണ്ട രാവണനെ വിക്രം തന്മയത്വമായി അഭിനയിപ്പിച്ചു കാട്ടി. ഐശ്വര്യാറായിയും രാവണനു ചേര്‍ന്ന സീതയായി മാറി. രാമന്‍ സ്വന്തം മനുഷ്യപ്രകൃതി വിട്ട് ഒരല്പം കൂടി താഴേക്കും പതിച്ചു സഹായിച്ചു..

ഇനിയും എഴുതണോ!!
തല്‍ക്കാലം മതിയാക്കി

ഇതില്‍ ഒരുഗ്രന്‍ പാട്ട് സീന്‍ ഉണ്ട് ട്ടൊ, അത് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടുപോയി..



എന്റെ മകന്‌ ഭയങ്കര ‍‌ ഇഷ്ടം ഈ പാട്ടാണ്‌ ട്ടൊ,

This entry was posted on 4:23 AM and is filed under , , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments