യാത്രാ ഭയം!  

Posted by Askarali

ഈ സ്ത്രീയെഴുത്ത് സ്ത്രീയെഴുത്ത് എന്നൊക്കെ വാദിച്ച് എഴുതാൻ മാത്രം സ്ത്രീകളുടെ അവകാശങ്ങളെപ്പറ്റിയൊന്നും ഉള്ള അറിവ് ആത്മയ്ക്ക് ഇല്ല. ആത്മ സ്ത്രീ എഴുത്ത് എന്നുദ്ദേശിക്കുന്നത്, മനസ്സിൽ തോന്നുന്നതൊക്കെ എഴുതുവാനുള്ള സ്വാതന്ത്രം മാത്രം. ചിലപ്പോൾ അതൊരു പൂവിനെപ്പറ്റിയാകും, ചിലപ്പോൾ ഒരു ചെറു ഉറുമ്പിനെപ്പറ്റിയാകും മറ്റുചിലപ്പോൾ ഞാൻ പരിചയപ്പെട്ടിട്ടുള്ള അപൂർവ്വം ചില മനുഷ്യരെപ്പറ്റിയും ആയിപ്പോകും..അല്ലാതെ പുറം ലോകത്ത് നടക്കുന്ന വിപ്ലവങ്ങളും ഒന്നും ആത്മയ്ക്കറിയില്ല.
ആത്മയെ തെറ്റിധരിക്കുന്നവരും ദുർവ്യാഖ്യാനം ചെയ്യുന്നവരും (അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കിൽ) ഒക്കെ ഒരിക്കൽ സ്വയം തിരുന്തിക്കൊള്ളും എന്ന് പ്രാർത്ഥിച്ചുകൊണ്ട് എഴുത്ത് തുടരട്ടെ..
ഇന്ന് യാത്രയെപ്പറ്റിയാകാം..
ആത്മക്ക് യാത്ര ചെയ്യുന്നത് വലിയ ഇഷ്ടമുള്ള കൂട്ടത്തിലായിരുന്നു. പ്രത്യേകിച്ച് ട്രയിനിൽ, പിന്നെ ട്രാൻസ്പോർട്ട് ബസ്സിൽ..പിന്നെ, കാറിൽ.. പിന്നോട്ട് ഓടിമറയുന്ന ഭൂപ്രകൃതികൾ എത്രകണ്ടാലും മതിവരില്ല. താൻ എന്തിനോ എങ്ങോട്ടൊ പോകുന്നു എന്ന തോന്നൽ.. തന്റെ ജീവിത യാത്ര കുറെ നേരം ഇനി ഈ വാഹനങ്ങൾ ചെയ്തോളും എന്ന ഒരു റിലാക്സേഷൻ..
പക്ഷെ, പൊടുന്നനവേ ആത്മയിൽ യാത്രയോടുള്ള ഭയം കുടിയേറി, പിന്നെ ഒടുവിൽ ആത്മയെ ആകെമൊത്തം അങ്ങ് വിഴുങ്ങിക്കളഞ്ഞു!!!
ഒരുപക്ഷെ, അപ്രതീക്ഷിതമായി ജീവിതത്തിലെ ഒരു പ്ലയിൻ യാത്ര ആത്മയെ ആത്മയുടെതെന്ന് കരുതിയ എല്ലാറ്റിൽ നിന്നും മൂടോടെ പറിച്ച് മാറ്റി മറ്റാരുടെയോ ലോകത്തിൽ.. ജീവിതത്തിൽ.. ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ ശിഷ്ടകാലം തള്ളിയതുകൊണ്ടാകാം...
ആദ്യം ഭയം തുടങ്ങിയത് പ്ലയിൻ യാത്രയോടായിരുന്നു.
കയറിക്കഴിഞ്ഞാൽ പൊങ്ങി ഒരു ബാലൻസ് എത്തുന്നതുവരെ സർവ്വ പരദൈവങ്ങളെയും വിളിച്ചോണ്ടിരിക്കും. പൊങ്ങി ഒരുവിധം ലവലായാൽ പിന്നെ ഒരു ബുക്ക് വായിക്കാമെന്നോ, ഒന്നു കണ്ണടച്ചു മയങ്ങാ‍മെന്നോ കരുതിയാൽ ആകെ ഒരു ഭയം വന്ന് വിഴുങ്ങും. അടുത്തിരിക്കുന്നവരെയൊക്കെ സഹതാപത്തോടെ നോക്കും. ഒരുമിച്ച് ഒരു മരണയാത്രയ്ക്കൊരുങ്ങിയിരിക്കുന്ന മുഖങ്ങൾ പോലെ.. കൊച്ചുകുട്ടികളുടെ കളികൾ കാണുമ്പോൾ ആശ്വസിക്കും ‘കളിച്ചോളൂ കളിച്ചോളൂ, അപ്പോൾ പ്ലയിൻ താഴെപ്പോകുന്നതെപ്പോഴെന്നറിയാതെ അവസാനംവരെ കളിക്കാമല്ലൊ’, എന്നിങ്ങിനെ അധമ ചിന്തകൾ വന്ന് മൂടും.. ഒടുവിൽ പ്ലയിൻ താഴെയിറങ്ങുമ്പോൾ കാൽക്കീഴിൽ കിട്ടുന്ന മണ്ണിനെ കുനിഞ്ഞ് മുത്തം വയ്ക്കാൻ തോന്നും.. പക്ഷെ, ഇരുവശവും സ്റ്റടിവഡിയായി നിൽക്കുന്ന ഉദ്യോഗസ്ഥന്മാരെ മാനിച്ച്, കൂളായി നടന്ന് നേരേ അങ്ങ് പോകും..
തിരിച്ച് അന്യനാട്ടിൽ വന്നിറങ്ങുമ്പോഴും ഭൂമിയിൽ തൊടുന്നത് ആശ്വാസമാണ്. പക്ഷെ, എന്തോ, ചന്ദ്രനിലോ മറ്റോ ഇറങ്ങിയ ഒരു പ്രതീതിയാണ്. മണ്ണിനെ കുനിഞ്ഞ് മുത്തമിടാനൊന്നും തോന്നില്ല. മറ്റാരുടേയോ മണ്ണ്.. ഹും! ഇനി ഇവ്ടെ ശിഷ്ടകാലം.. എന്നിങ്ങ്നേ ജൽ‌പ്പിച്ചോണ്ട് നടക്കും.. ഏതിനും പ്ലയിയിനിൽ നിന്നിറങ്ങിയല്ലൊ, അത്രയും ആശ്വാസം ..
(ഈ ഭയത്തിന് റാണിചന്ദ്ര കുടുബം , സൌന്ദര്യ ഒക്കെ ഒരു ഹേതുവാണെന്നും വേണമെങ്കിൽ പറയാം..)
പറഞ്ഞു വന്നത് ട്രാവൽ ഫോബിയയെപ്പറ്റി അല്ല്യോ.. തുടരട്ടെ,
ട്രയിന്‍ ഫോബിയ

ട്രയിൻ യാത്ര ആത്മയുടെ ഒരു സ്വപ്നമായിരുന്നു. എന്നെങ്കിലും ഒരിക്കൽ ഇന്ത്യ മുഴുവനും ട്രയിനിൽ ചുറ്റി സഞ്ചരിക്കണമെന്ന് ഒക്കെ സ്വപ്നം കണ്ടിരുന്നു കുറേനാൾ.. പക്ഷെ, സംഭവിച്ചതെന്തെന്നാൽ, പ്ലയിൻ യാത്ര ഭയന്നു ഭയന്ന് ആ ഭയം പിന്നെ ഒടുവിൽ ട്രയിൻ യാത്രയെയും പിടികൂടി. രാത്രി അപ്പർ ബർത്തിൽ കുലുങ്ങിക്കുലുങ്ങിക്കിടക്കുമ്പോൾ ഒരു പോള കണ്ണടയ്ക്കാൻ വയ്യാതായി. ദൈവമേ! ഏതുനിമിഷമാകുമോ പാളം തെറ്റുന്നത്, വല്ല വികൃതിപിള്ളാരോ മറ്റൊ പാളത്തിൽ വല്ല കമ്പോ കല്ലോ ഒക്കെ ഇട്ടിരുന്നാലും മതിയല്ലൊ, ട്രയിനിൻ ഉടൻ സ്റ്റോപ്പ് ചെയ്യാൻ പറ്റുമോ?! ഇല്ലല്ലൊ അല്ലെ! , ഇപ്പോൾ കിടക്കുന്ന ഈ ബർത്തോടെ വല്ല കുളത്തിലോ മറ്റോ ആയിരിക്കും അടുത്ത നിമിഷം! എങ്ങിനെ ഉറങ്ങാൻ.. വേണ്ടാ ഉറങ്ങണ്ടാ.. (ഈ ഭയത്തിന് എന്റെ ഒരു ബന്ധുകുട്ടി, യാത്രചെയ്തിരുന്ന ബോഗിയുടെ അടുത്ത ബോഗിവരെ കായലിൽ വീണു മുങ്ങി, കുട്ടി അൽഭുതകരമായി രക്ഷപ്പെട്ട സംഭവവുമായി ചെറിയ ബന്ധം കാണുമായിരിക്കാം ചിലപ്പോൾ)
കാർ ഫോബിയ
നാട്ടിൽ കാറിലൂടെ യാത്ര ചെയ്യുന്നത് ഒരു രോമാഞ്ചമായിരുന്നു. അങ്ങിനെ സൈഡ് സീറ്റിലിരുന്നും.. കേരളം അങ്ങെയറ്റം ഇങ്ങെയറ്റം സ്വന്തമായി ഓടിച്ചു പോയി കാണണം എന്നും വരെ സ്വപ്നം കണ്ടിട്ടുണ്ട് (സ്വപ്നം കാണാൻ ആരുടെയും പെർമിഷൻ വേണ്ടല്ലോ, ലാവിഷ് ആയി ചെയ്യാൻ പറ്റുന്ന കാര്യം അതൊന്നുമാത്രമല്ലേ..)
പക്ഷെ ഈയ്യിടെയായി അതും ഒരു ഭയമായി മാറുകയാണ്.. നമ്മുടെ കാറ് ശ്രദ്ധിച്ച് നീങ്ങിയാലും എതിർ വശത്തുകൂടിവരുന്നവർ ലക്കുകെട്ട് വന്നാലും മതിയല്ലൊ, ഡ്രൈവറിന്റെ ഒരു ചെറിയ അശ്രദ്ധ മതി എല്ലാം ഒരു നിമിഷത്തിൽ ഠോ! (ഈ ഭയത്തിന് അച്ഛനു പറ്റിയ ഒരു ആക്സിഡന്റിനും പങ്കു കാണും!) അപ്പോൾ കാറും കാൻസൽഡ്.
ഇനി എന്തിനു ട്രാൻസ്പോർട്ട് ബസ്സിനെ ഭയക്കുന്നു എന്ന കാര്യം!
പണ്ട് പഠിച്ചുകൊണ്ടിരിക്കുമ്പോൾ ട്രാൻസ്പോർട്ട് ബസ്സിന്റെ ഏറ്റവും ബാക്കിലെ മൂലയിൽ എത്ര ദിവസം ഇരുന്നാലും കൊതി തീരില്ലായിരുന്നു. ഞങ്ങളുടെ വീടെത്താൻ 2 മണിക്കൂറേ ഉള്ളുവല്ലൊ എന്ന വിഷമത്തോടെയാണ് കയറുന്നത് തന്നെ. അത്രയ്ക്ക് സ്വർഗ്ഗീയസുഖമായിരുന്നു ആ യാത്ര. അങ്ങിനെ ഇമാജിനേഷനിൽ എത്ര നേരം ഇരിക്കാം.. മിക്കവരും മുന്നോട്ടായിരിക്കുമല്ലൊ നോക്കിയിരിക്കുന്നത്.. അതുകൊണ്ട് നോ സ്റ്റയറിംഗ്.
പക്ഷെ ഈയ്യിടെ നാട്ടിൽ പോയി പഴയ ഓർമ്മ പുതുക്കാൻ ഒരു ട്രാൻസ്പോർട്ട് ബസ്സിൽ കയറി.ബസ്സിന് പഴയ നീളവും ചൊടിയും ഒന്നുമില്ല. (വിദേശ വാസം നൽകിയ ശിക്ഷ!) എങ്കിലും ഇരുന്നു.. ഓർമ്മകൾ അയവിറക്കാൻ.. പക്ഷെ, സീറ്റ് കിട്ടിയത് ഡ്രൈവറുടെ സീറ്റിന്റെ അടുത്ത്. ഡ്രൈവർ വണ്ടിയോടിക്കുകയാണോ കസർത്ത് കാട്ടുകയാണോ എന്നറിയാനാവാതെ ആത്മ അങ്ങിനെ ഡ്രൈവറുടെ കയ്യ്-മെയ്-കൺ വഴക്കം മാത്രം ശ്രദ്ധിച്ച് തിരുവനന്തപുരം വരെ കണ്മിഴിച്ച് ഇരിക്കേണ്ടി വന്നു. ആത്മയുടെ കണ്ണെങ്ങാനും തെറ്റിയാൽ വണ്ടി വല്ല വയലിലോ, കാട്ടിലോ, മറ്റുവല്ല വണ്ടികളിലോ കയറും എന്ന ഭീതിയോടെ.. ഡ്രൈവറെ ശ്രദ്ധിച്ചാലാണോ, ഇനി ശ്രദ്ധിക്കാതിരുന്നാലാണോ അയാളുടെ ആക്രാന്തം കുറയുക എന്നറിയാതെ (അന്യനാട്ടിൽ പോയി ചീനന്റെ ‘ചന്ദ്രനിൽ പോകുന്നവരുടേ ബോഡിലാഗ്വേജി’ൽ പെട്ട് സ്വന്തം നാട്ടിന്റെ ലാംഗ്വേജ് മറന്നപോലെ!) ഒടുവിൽ, ‘ഡ്രൈവർക്ക് നല്ല ബുദ്ധി തോന്നണേ ദൈവമേ’ എന്ന ഒറ്റപ്രാർത്ഥനയോടെ അങ്ങെയറ്റം വരെ ഇരുന്നു..
ഇനി നമ്മുടെ ആട്ടോ റിക്ഷ!
ഓട്ടോ!, അയ്യോ അതിനെ ഭയങ്കര ഇഷ്ടമായിരുന്നതായിരുന്നു.. അങ്ങിനെ ഒരുകൂട്ടം ആളുകള് പോകുമ്പോൾ അവരെയൊക്കെ തള്ളിമാറ്റി ഇടയ്ക്കൂടെ ഓട്ടോ ഡ്രൈവറും ഞാനും എന്റെ അമ്മയും മക്കളും കൂടി അങ്ങിനെ.. പട്ടം, കേശവദാസപുരം, തമ്പാന്നൂർ ഒക്കെ പോകുമ്പോൾ.. എല്ലാം ആസ്വദിച്ചിരുന്നു.. റോഡിലെ ഓടകൾ.., കൊച്ചുകൊച്ച് കുളത്തിന്റെ അരികുപറ്റി ഡ്രൈവർ ഓട്ടോയുടെ വീലു വിദഗ്ധമായി വെട്ടിച്ചു മാറ്റി ഡൈവ് ചെയ്ത് മാറുന്നത്.., വലിയ വലിയ ബസ്സും കാറുമൊക്കെ ട്രാഫിക്കിൽ കുറുങ്ങിക്കിടക്കുമ്പോൾ നമ്മുടെ ആട്ടോ മാത്രം നുഴഞ്ഞ് നീങ്ങി നമ്മെ ലക്ഷ്യ സ്ഥാനത്ത് (അമ്പലനടയിലോ, ഷോപ്പിംഗ് സെന്ററിലോ) കൊണ്ടെത്തിച്ചിട്ട് മിന്നിമറയുന്നത് ഒക്കെ. ഒരു ആട്ടൊ വാങ്ങി ഓടിച്ച് പഠിക്കാൻ പോലും തോന്നിയ ആരാധന; അതും ഭയമായിപ്പോയീ.. കാരണം അജ്ഞാതം! (ഒന്നുകിൽ റോഡിൽ കൂടിക്കൂടിവരുന്ന കൊക്കകൾ, കുളങ്ങൾ; അല്ലെങ്കിൽ പിന്നെ വെറും ഭയം.. ആട്ടോയുടെ മൂന്നുവീലും മാനത്തോട്ട് നോക്കി കിളർന്ന് കിടക്കുന്നതും അതിനകത്ത് നല്ല സ്റ്റൈലിൽ ഉടുത്തൊരുങ്ങിയിരിക്കുന്ന ആത്മയും പരിവാരങ്ങളും കിടന്ന് പിടയ്ക്കുന്നതും മാത്രമേ ഈയ്യിടെയായി ഓട്ടോയിലും ഡ്രീം ചെയ്യാൻ പറ്റുന്നുള്ളൂ,,)
എങ്കിൽ‌പ്പിന്നെ കാൽനടതന്നെയാകാമെന്നു കരുതിയാൽ..,
റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾ!!
(പണ്ട് ആത്മ കണ്ടു കണ്ടില്ല എന്ന മട്ടിൽ നടന്ന ഒരു ദാരുണ സംഭവം ഇതിനുത്തരവാദി. ഒരു അച്ഛൻ സ്ക്കൂൾ കഴിഞ്ഞ് മകളെയും കയ്യിൽ പിടിച്ച് കഥകളും പറഞ്ഞ് ഫൂട്ട്പാത്തിലൂടെ നടക്കുമ്പോൾ പെട്ടെന്ന് ഒരു കാറ് കണ്ട്രോൾ വിട്ട് അവരെ ഇടിക്കുകയും, കുട്ടി അൽഭുതകരമായി രക്ഷപ്പെടുകയും അച്ഛൻ തത്സമയം മരിക്കയും ചെയ്തു!! ആത്മ ചെല്ലുമ്പോൾ നല്ല ആരോഗ്യത്തോടെ ഉള്ള ആ മനുഷ്യൻ പുൽത്തകിടിയിൽ മൃതമായിക്കിടക്കുന്നതും അല്പമകലെ രക്ഷപ്പെട്ട കുട്ടി വിറയലോടെ വിതുമ്മുന്നതും ആണ് കാണുന്നത്! ആ രംഗം മനസ്സിൽ നിന്ന് മായാൻ ഒരുപാട് ദിവസം എടുത്തു)
അന്നുമുതൽ പാതയോരത്തുകൂടി അങ്ങിനെ റിലാക്സ് ആയി നടക്കാൻ പറ്റില്ല. ഏതുനിമിഷവും ബാക്കിൽ നിന്നും ഇടിയും പ്രതീക്ഷിച്ചാണ് നടപ്പ്...
കടൽ യാത്രയെപ്പറ്റി പറയാൻ വിട്ടുപോയി
കപ്പൽ യാത്രയും ബോട്ടുയാത്രയും പ്ലയിൻ യാത്രപോലെ തന്നെ ഭയപ്പെടുത്തുന്നതായിരുന്നു.. (നീന്തലറിയാത്ത ഒരുകാരണവും അതിൽ പെടും.) കപ്പലിൽ നിന്നൊക്കെ താഴേക്ക് നോക്കുമ്പോൾ കടലിന്റെ ആഴം കാണുമ്പോൾ വല്ലാത്ത ഒരു ഞടുക്കം തോന്നും..
പക്ഷെ, കടൽത്തീരങ്ങളെ വല്ലാതെ സ്നേഹിച്ചിരുന്നു. മണിക്കൂറുകളോളം തിരകളെണ്ണിക്കൊണ്ടിരുന്നാലും മടുക്കില്ല എന്ന ഒരു തോന്നൽ.. പക്ഷെ തിരയെണ്ണാൻ കൂട്ടുകിട്ടാത്തതുകൊണ്ട് ചെറിയ ചെറിയ വിസിറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു! എങ്കിലും കടൽത്തീരം എന്നും അത്മേടെ ഒരു വീക്ക്നസ്സ് ആയിരുന്നു.
കടൽത്തീരത്തൊരു വീടൊക്കെ വാങ്ങി, വൈകുന്നേരങ്ങളിൽ പോയി തിരകളൊക്കെ എണ്ണി, ചിപ്പിയും പെറുക്കി അസ്തമനവും ഒക്കെ കണ്ട് ജീവിക്കാൻ ഒരിക്കൽ സ്വപ്നംകണ്ടിരുന്നു ആത്മ.. ആ സ്വപ്നമൊക്കെ ഒരു സുനാമിയും പിന്നെ മി. ആത്മയും കൂടി തകർത്തുകളഞ്ഞു.
ഒരിക്കൽ സമയമില്ലാ സമയത്ത് (മി. ആത്മയ്ക്ക് എന്നും അങ്ങിനെ തന്നെ ആത്മയ്ക്ക് മറിച്ചും) മി. ആത്മേം പിടിച്ചോണ്ട്, ‘എങ്കിപ്പിന്നെ, ഈ മി. അത്മേ ഒന്നു തിരകളെണ്ണിച്ചിട്ടു തന്നെ കാര്യം’ എന്നും പറഞ്ഞ് പോയി. അവിടെ ചെന്നതും തണലുകണ്ടയുടൻ മി. ആത്മ ഒരു വലിയ ടൌവ്വൽ വിരിച്ചു കിടന്ന് സുഖമായി ഉറക്കമായി. പിന്നെ ആത്മേം മക്കളും കൂടെ കക്കേം ചിപ്പീം ഒക്കെ പെറുക്കി തിരകളോടൊക്കെ അല്പം കളിച്ച് ഉഷാറായി വന്നപ്പോഴേക്കും ദാ ഒരു ചാറ്റൽ മഴ! അതോടെ തീർന്നു മി. ആത്മയോടൊപ്പമുള്ള തിരയെണ്ണൽ!
ആത്മയുടെ സ്വപ്നം കമ്പ്ലീറ്റായി തകർത്തു കളഞ്ഞത് ഭീകരൻ സുനാമി തന്നെയാണ്. എന്നാലും ഇത്രേം അഹങ്കാരം പാടുണ്ടോ തിരകൾക്ക്!!! തീരത്തിരുന്ന് എത്ര സന്തോഷത്തോടെ ആരാധനയോടെ നോക്കിനിന്നിട്ടുണ്ട് അവറ്റകളുടെ കളികൾ! അരാധനയുടെ സ്ഥാനത്ത് ഒരുതരം ഭീതികലർന്ന വെറുപ്പായി മാറി കുറച്ചുനാൾ കടൽത്തീരത്തോട്... പിന്നെ, ഈയ്യിടെയായി ‘അയ്യോ പാവം ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ’ എന്നമട്ടിൽ മാടിവിളിക്കുമ്പോൾ പഴയതൊക്കെ മറക്കാനൊരു ടെന്റൻസി. (മറവിയാണല്ലൊ, ജീവിതം)
ഇനി ആകെയുള്ള യാത്ര തറയിലൂടെ..
കാട്ടിലൂടെ.. ഗ്രാമത്തിലൂടെ.. വയലേലകളിലൂടെ.. (ചെറുതായി സർപ്പഭയം ഉണ്ടെന്നതൊഴിച്ചാൽ) പുഴയോരത്തൂടെ.. അങ്ങിനെ ആത്മ യാത്ര ചെയ്യും.. പിന്നെ ആ‍ത്മയുടെ വീട്ടിന്റെ നിശ്ശബ്ദതയിൽ.. വെളിയിലെ സ്വച്ഛമായ പ്രഭാതത്തിലും.. പ്രദോഷങ്ങളിലും.. കാലെത്തുന്നയിടത്തൊക്കെ നടക്കാമല്ലോ, ഒരു വാഹനത്തെയും ഭയക്കാതെ..
ആശ്വസിക്കാൻ വരട്ടെ,
ഇന്ന് രാവിലെ എണീറ്റുവന്നപ്പോൾ മി. ആത്മ ചോദിക്കുന്നു,
“നീയറിഞ്ഞോ, ഇന്നലെ ഇവിടെ ഒരു ഭൂമികുലുക്കം ഉണ്ടായത്ര!”
“നമ്മുടെ രാജ്യത്തോ?” (ങ്ങ്ഹേ! ഇതെന്ന് 'നമ്മുടെ' അല്ല തിരുത്തി, 'ഈ' രാജ്യത്തോ!)
മി. ആത്മ “ഉം. ഇന്നലെ വൈകിട്ട് 6 മണിക്ക്”
ആത്മ പിറകിലേക്ക് റീവൈൻഡ് ചെയ്തുനോക്കി..
...ഇന്നലെ വൈകിട്ട് 6 മണിക്ക് ആത്മ വെളിയിൽ പുല്ലുപറിച്ചുകൊണ്ടിരിക്കയായിരുന്നു, മകൾ അടുത്തൊക്കെ ചുറ്റിപ്പറ്റി ബുക്കും വായിച്ചുകൊണ്ട്, മി. ആത്മ താഴെ പേപ്പർ വായീച്ചും പിന്നെ കുളിച്ച് വെളിയിൽ പോകാൻ ഒരുങ്ങിയു, മകനും താഴെ തന്നെ ഇരുന്ന് ഹോംവർക്ക് ചെയ്യുകയായിരുന്നു..
ചുരുക്കത്തിൽ എല്ലാവരും വീട്ടിലുണ്ടായിരുന്നു. ആരും അറിഞ്ഞില്ല ഭൂമി കുലുങ്ങുന്നത്.. പക്ഷെ കുലുങ്ങിപോലും! ഈ രാജ്യത്തിന്റെ മറ്റേ അറ്റത്ത്!!. അവിടെ കുറച്ച് പേർ ഓഫീസുകളിൽ നിന്നൊക്കെ വെളിയിൽ ഇറങ്ങിയോടി, .. ഒരു മിതമായ ഭയം.. എങ്കിലും.. എപ്പോഴും ഏതുനിമിഷവും ആ ഭയം ഇനിയും ഉണ്ടാകാം..

ആത്മ പ്രസന്റ് ടെൻസിൽ എത്തി. സ്ക്കൂളിലേയ്ക്കിടങ്ങുന്ന മകളോട് പറഞ്ഞു, ‘മോളേ ഭൂമി കുലുങ്ങുന്നെങ്കിൽ സ്ക്കൂ‍ളിലെ മേശയുടെ അടിയിൽ കയറിക്കോണം ട്ടൊ,’ (സാധാരണ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ മാത്രമേ ആത്മയ്ക്ക് താക്കീത് നൽകാനുള്ളൂ.. ‘ട്രാഫിക്ക് ലൈറ്റ് മാറിയാലും ഡ്രൈവർ സ്ലോഡൌൺ ചെയ്തോന്ന് നോക്കിയിട്ടേ ക്രോസ്സ് ചെയ്യാവൂ ട്ടൊ’.)

അവൾ ഉറക്കഭ്രാന്തിലെന്നപോലെ തലകുലുക്കി, ‘ ഉം..’
രണ്ടുപേരും ഇറങ്ങിയപ്പോൾ മുകളിൽ ഉറങ്ങുന്ന മകനെ വിളിച്ചു, ‘മോനേ താഴെ വന്നു കിടന്നുറങ്ങുമോ?’
ഉം?
അതേ, ഇന്നലെ ഭൂമി കുലുങ്ങിയെന്ന്, ഇന്നും ചിലപ്പോൾ കുലുങ്ങിയേക്കുമത്രെ. താഴെയാണെങ്കിൽ നമുക്ക് ഓടി രക്ഷപ്പെടാമല്ലൊ! (എവിടേയ്ക്ക്?!)
ഏതിനും അവൻ താഴെ വന്നു കിടന്നു. ആത്മയ്ക്കും ഉറക്കം ബാക്കി കിടക്കുന്നു.. ഭൂമി കുലുങ്ങിയാലും കുലുങ്ങിയില്ലെങ്കിലും ഉറക്കം ഉറക്കമല്ലെ! ഒരൽ‌പ്പം വെള്ളം കുടിക്കാൻ അടുക്കളേലോട്ട് കയറുമ്പോഴും ഒക്കെ ഓർമ്മ വന്നത് മുകളിൽ, പ്ലയിനിൽ യാത്ര ചെയുമ്പോലത്തെ ഒരനുഭവം! വീട് കുലുങ്ങുന്നുണ്ടോ, ഇപ്പോൾ കുലുങ്ങുമോ.. ഭൂമി കുലുങ്ങിയാൽ മേശക്കടിയിൽ കയറാം അല്ലെ? അവിടെ കല്ലിനും മണ്ണിനും കമ്പിക്കും ഒക്കെ ഇടയിൽ ഇരുന്ന്... ഇല്ല ഒന്നും ഓർക്കണ്ട.

ഇപ്പോൾ ഈ ഭൂമിയിൽ ഓരോ നിമിഷവും ജീവിച്ചു കിട്ടുന്നത് തന്നെ ഒരൽഭുതമായി എടുക്കാം എന്നായി!നമ്മൾ ഭൂമി എന്ന ചലിക്കുന്ന പേടകത്തിൽ സഞ്ചരിക്കുയാണ്.. ജീവിതമെന്ന യാത്ര ഫിനിഷ് ചെയ്യാൻ. ഈ പേടകം ഇടയ്ക്ക് കുലുങ്ങാം, ബ്രേക്ക്ഡൌൺ ആകാം, ആകെമൊത്തം കീപ്പോട്ടേയ്ക്ക് പോയെന്നും വരാം..

എങ്കിലും നമുക്ക് ഇടക്ക് കിട്ടുന്ന സമയങ്ങളിൽ പരസ്പരം മത്സരിക്കാം, ബോംബുവയ്ക്കാം.. കരിവാരിതേയ്ക്കാം..പഴിപറയാം... മറിച്ചും ആകാം..
ഒരു കൺക്ലൂഷൻ എഴുതി നിർത്തിക്കോട്ടെ,
അങ്ങിനെ നാം ഒരു വലിയ യാത്ര ചെയ്യുന്നു.. ഏതുനിമിഷവും തകർന്നു വീഴാവുന്ന പ്ലയിനിൽ, അല്ലെങ്കിൽ ഏതുനിമിഷവും പാളം തെറ്റാവുന്ന ട്രയിനിൽ, അല്ലെങ്കിൽ കാറിൽ, ഓട്ടോയിൽ, അല്ലെങ്കിൽ വെറും നിലത്തൂടെ നടന്ന്, അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോഴും (ഇതെഴുതുമ്പോഴും യാത്രചെയ്യുകയാണ് ജീവിതയാത്ര. വാഹനം ഭൂമി!)
അങ്ങിനെയുള്ള യാത്രകളിൽ നാം ധാരാളം യാത്രക്കാരെ കാണും. പലരും അവരവരുടെ പ്രാർബ്ധങ്ങളിൽ വ്യാപൃതരായിരിക്കും. നമ്മെ ശ്രദ്ധിക്കുന്നവർ വളരെ ചുരുക്കം.
അങ്ങിനെ ബോറടിച്ച് ഭയന്നിരിക്കുമ്പോൾ ഒരാൾ നമ്മളെ തിരിച്ചറിയുന്നു എന്നു കരുതുക
‘നീ എന്റെ നാട്ടുകാരനല്ലെ!, അല്ലെങ്കിൽ നമ്മളൊന്നിച്ച് അവിടെ പഠിച്ചിട്ടില്ലേ!’ എന്നൊക്കെ പറഞ്ഞ് നമ്മെ അറിയാവുന്ന ഒരാൾ പെട്ടെന്ന് കടന്നു വരുന്നു എന്നു കരുതുക, അതുവരെ ഭയന്ന് ബോറടിച്ചിരുന്ന യാത്ര അയാളെ കാണുന്നതോടെ എഞ്ജോയബിൾ ആകുന്നു..
നമ്മെ അറിയുന്ന ഒരാൾ കൂടെയുണ്ടെന്ന ആ ആശ്വാസം.. ഒരു യാത്രയിൽ അത് ചില്ലറയൊന്നുമല്ല ആശ്വാസമരുളുന്നത്.
അതുപോലെയാണ് ജീവിതയാത്രയിലും..
നമ്മെ മനസ്സിലാക്കാത്ത ഒരുപറ്റം യാത്രക്കാരുടെ ഇടയിൽ നാം ഇരിക്കുകയാണ്. ‘ആ.. ഏതോ ഒരു സ്ത്രീ, രണ്ട് മക്കൾ.. എങ്ങോട്ടു പോകുന്നു.. ആർക്കറിയാം എന്തു പ്രകൃതമാണെന്ന്! എന്നും പറഞ്ഞ് സിസ്സംഗരായിരിക്കുന്ന മറ്റു യാത്രക്കാർ. ‘പ്ലയിൻ ഒന്ന് കുലുങ്ങിയാലും ട്രയിൻ മറിഞ്ഞാലും ‘ആയ്യോ!’ എന്ന് പറഞ്ഞ് ഓടിവരാൻ ആരുമില്ലാതെ യാത്രചെയ്യുന്നു എന്നു കരുതുക; അപ്പോൾ യാദൃശ്ചികമായി നമ്മെ അറിയുന്ന ഒരാൾ, ഒരുവാക്കുപോലും ഉച്ചരിക്കാതെതന്നെ നമ്മുടെ മനസ്സ് വായിക്കാനറിയാവുന്ന ഒരാൾ, നമ്മെ ശ്രദ്ധിക്കുന്ന ഒരാളെ, പെട്ടെന്ന് യാത്രക്കാരുടെ ഇടയിൽ കണ്ടുമുട്ടുക എന്നത് എത്ര ആശ്വാസകരമായിരിക്കും!
ആ കണ്ടുമുട്ടൽ, തിരിച്ചറിയൽ അതിനെയാണ് നാം സ്നേഹം വിളിക്കുന്നത്. അതിൽക്കൂടുതൽ ഒന്നുമില്ല.
ഒരു ആത്മസംതൃപ്തിക്കായി ബ്ലോഗെഴുതുന്നു എന്ന് പലരും പറയും എങ്കിലും, നമ്മെ മനസ്സിലാക്കുന്നവർ ഇത് വായിക്കും, നമ്മെ തിരിച്ചറിയും, അംഗീകരിക്കും.. എന്നൊക്കെയുള്ള നേരിയ പ്രതീക്ഷകൂടി കാണില്ലെ എത്ര ഭയങ്കര ബ്ലോഗർ ആയാലും അവരുടെ ഉള്ളിലും?!

This entry was posted on 11:05 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments