മറുപടികള്‍.  

Posted by Askarali

തറവാടിജി എഴുതിയില്ലേ
“ദുഃഖത്തില്‍ പങ്ക് ചേരുന്നവനല്ല
യഥാര്‍ത്ഥ സുഹൃത്ത്,
സന്തോഷത്തില്‍
പങ്ക് ചേരുന്നവനാകുന്നു. ” എന്ന് ,
അത് ആത്മയ്ക്കും തോന്നിയിട്ടുണ്ട്..
അതെ, ഒരാള്‍ നമ്മുടെ യഥാര്‍ത്ഥസുഹൃത്താണെങ്കില്‍ മാത്രമേ അവരുടെ സന്തോഷത്തില്‍ പങ്കുചേരാനാവുകയുള്ളൂ.. നമ്മോടു ശത്രുത അല്ലെങ്കില്‍ മാത്സര്യം വച്ചുപുലര്‍ത്തുന്നവരുടെ വിജയത്തിലോ സന്തോഷത്തിലോ പങ്കുചേരാന്‍ ചെന്നാല്‍ അവര്‍ (വിശാലഹൃദയരല്ല എങ്കില്‍) നമ്മെ ഒരുതരം പുശ്ചഭാവത്തില്‍ നോക്കും, “കണ്ടോടാ, ഞാനങ്ങനെ വിജയിച്ച്.. ആര്‍മാദിക്കുന്നത്! ഈ സന്ദര്‍ഭത്തില്‍ നീ വേണമെങ്കില്‍.. അല്ല.. തീര്‍ച്ചയായും..അസൂയപ്പെടേണ്ടവനാണ്..” ഒരുപക്ഷെ, നമ്മുടെ അസൂയയായിരിക്കും അയാള്‍ക്ക് സ്വന്തം വിജയത്തെക്കാളും സന്തോഷമേകുന്നതും! അങ്ങിനെയുള്ള ചില നിസ്സഹായ സന്ദര്‍ഭങ്ങളില്‍ ഒരിച്ചിരി അസൂയയൊക്കെ കാട്ടി രംഗത്തുനിന്നും നിഷ്ക്രമിക്കുക.. പിന്നെ കയറ്റത്തീന്ന് ഇറങ്ങുമ്പോള്‍ നമുക്ക് വീണ്ടും കാണാം.. എന്ന സമാധാനത്തോടെ..

പിന്നെ വേറൊരു വ്യൂവിലോടെ പറഞ്ഞാല്‍, സന്തോഷിക്കാന്‍ ഇഷ്ടമ്പോലെ കൂട്ടുകാരെ കിട്ടും..
പക്ഷെ, നമുക്കൊരു ആപത്തുവരുമ്പോള്‍ അല്ലെങ്കില്‍ അപഖ്യാതി, കഷ്ടനഷ്ടങ്ങള്‍ ഒക്കെ വരുമ്പോള്‍ കൂടെ നില്‍ക്കാന്‍‍ വളരെ ചുരുക്കം പേരേ ഉണ്ടാവൂ..! അങ്ങിനെ ഒരു സുഹൃത്ത് ഉണ്ടെങ്കില്‍ അതായിരിക്കും യഥാര്‍ത്ഥ സുഹൃത്ത്.. നമ്മുടെ വേദനയില്‍ ഒപ്പം വിഷമിക്കുന്ന ആ
സുഹൃത്ത് നമുക്ക് നല്ലതുവരുമ്പോള്‍ സന്തോഷിക്കയും ചെയ്യുമല്ലൊ. അപ്പോള്‍, ‘എപ്പോഴും ഒപ്പം ഉള്ള സുഹൃത്തായിരിക്കും യധാര്‍ത്ഥ സുഹൃത്ത് ’എന്ന് ആത്മയ്ക്ക് തോന്നുന്നു... സന്തോഷത്തിലും ദുഃഖത്തിലും ഒക്കെ.. അത് കൂട്ടുകാരെക്കാളും മാതാപിതാക്കളോ, മക്കളോ, ഭാര്യയോ ആകാനാണ് എളുപ്പം! പെണ്ണുങ്ങളുടെ കാര്യത്തില്‍ ഒരു ചൊല്ലുണ്ട് ‘വിവാഹം കഴിയുന്നതുവരെ പിതാവിന്റെ സംരക്ഷണ പിന്നീട് ഭര്‍ത്താവ് പിന്നീട് മകന്‍..’ എന്നിങ്ങനെ..
അതു ആണുങ്ങള്‍ക്കും ബാധകമാണ്. സ്നേഹം, ആത്മാര്‍ത്ഥത, സുഖത്തിലും ദുഃഖത്തിലും കൂടെ നില്‍ക്കുന്നവര്‍.., വിവാഹം കഴിയുന്നതുവരെ മാതാപിതാക്കള്‍.. പിന്നെ, ഭാര്യയോ മക്കളൊ ഒക്കെതന്നെയായിരിക്കും ഒപ്പം എല്ലാറ്റിലും കൂടെയുണ്ടാവുക.. ( ഇപ്പോള്‍ സൌഹൃദങ്ങളൊക്കെ കാത്തുസൂക്ഷിക്കാനൊക്കെ വലിയ പ്രയാസമാണ്.. അങ്ങിനെയുള്ള ഒരു യുഗമാണെന്നു തോന്നുന്നു. പക്ഷെ അങ്ങിനെ ഒരു സുഹൃത്ത് ഉള്ളത് ഒരു മുതല്‍ക്കൂട്ടു തന്നെയാണ്. അവര്‍ക്കും ഒരു പരിധിവരെ നമ്മുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളാകാന്‍ കഴിയും)
-------------------------
ഇനി തറവാടിജിയുടെ അടുത്ത പോസ്റ്റിനെ പറ്റി ആത്മയുടെ അഭിപ്രായം എഴുതാം..
“പാവനമായ ബന്ധം
മാതൃത്വമെന്നത്
തെറ്റായ ചിന്തയാണ്
സുഹൃത്ത് ബന്ധമാണ്
ഏറ്റവും പാവനമായത്.”

ദിസ് ഈസ് ടൂ മച്ച് തറവാടിജീ! ദിസ് ഈസ് ടൂ മച്ച്! (ടൂ റ്റൂ ഏതുവേണമെങ്കിലും എടുക്കാം..)

ഒരു കുഞ്ഞും അമ്മയും തമ്മിലുള്ള സ്നേഹത്തെ വെല്ലാന്‍ ഈ ലോകത്തില്‍ മറ്റൊരു സ്നേഹത്തിനുമാകില്ല!
കാരണം കുഞ്ഞ് അമ്മയില്‍ നിന്നും സ്നേഹമല്ലാതെ യാതൊന്നും പ്രതീക്ഷിക്കുന്നില്ല;
അമ്മ കുഞ്ഞില്‍ നിന്നും സ്നേഹമല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല;
സ്നേഹം സ്നേഹം സര്‍വ്വത്ര സ്നേഹം.
അത് കണ്ടീഷണല്‍ ലവ് ഒന്നും അല്ല. .
(നീ എന്റെ വയറ്റില്‍ പിറന്നതുകൊണ്ടുമാത്രമാണ് ഞാന്‍ നിന്നെ ഇത്രയധികം സ്നേഹിക്കുന്നത് എന്നോ, നിങ്ങള്‍ എന്നെ നൊന്തു പ്രസവിച്ചതുകൊണ്ടാണ് നിങ്ങളെ ഞാന്‍ ഇത്രയധികം സ്നേഹിക്കുന്നതോ എന്നുപോലും അവര്‍ക്കറിയില്ല. അതൊക്കെ കുഞ്ഞു വലുതായി സ്വാതന്ത്രം പ്രഖ്യാപിച്ചു തുടങ്ങുമ്പോള്‍ ഉദിക്കുന്ന ചോദ്യങ്ങളാണ്. പ്രകൃതി തന്നെ കുഞ്ഞിനു നല്‍കിയതുമാകണം- അല്ലെങ്കില്‍ എന്നും അമ്മയുടെ സുരക്ഷിതത്വത്തില്‍ കഴിയാനാവില്ലല്ലൊ..)

(കുഞ്ഞിനെ ശുശ്രൂക്ഷിക്കുമ്പോള്‍ അമ്മയ്ക്ക് യാതൊരു ശാരീരിക സുഖവും കിട്ടുന്നില്ല. അമ്മയുടെ ശരീരം വളരെ വേദനകളെയൊക്കെ തരണം ചെയ്താണ് കുഞ്ഞിനെ നേടുന്നതും.. പിന്നീടും ഉറക്കമില്ലാതെ സ്വന്തം ശരീരത്തിന്റെ കഷ്ടനഷ്ടങ്ങള്‍ മറന്ന് കുഞ്ഞിനെ പരിപാലിക്കുന്ന അമ്മമാരില്‍ എന്തു സ്വാര്ത്ഥത! അവര്‍ക്ക് എന്തുസുഖമാണ് കിട്ടുന്നത്?! )

-------------
തറവാടിജിയുടെ കമന്റിനു മറുപടി:

1. ഒരു വിമര്‍ശനമുണ്ട്: >>ഒരമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹം, പിതാവിന് കുഞ്ഞിനോട് തോന്നാവുന്ന സ്നേഹം<< ഈ വരികളില്‍ ചിലതെല്ലാം മറഞ്ഞിരിക്കുന്നല്ലോ!

ഒരു കുഞ്ഞ് സ്ത്രീയെ അമ്മയാക്കുന്നതുപോലെ പുരുഷനെ അച്ഛനാക്കുന്നുമുണ്ട്. കുഞ്ഞിനോടുള്ള സ്നേഹവും രണ്ടുപേര്‍ക്കും ഒരുപോലെയുണ്ട്.. എങ്കിലും.. ഒരുതരം ബോഡിലി അറ്റാച്ച്മെന്റ് അമ്മയ്ക്ക് കൂടും എന്ന് തോന്നുന്നു... ചില പിതാക്കന്മാര്‍ക്ക് മക്കളോട് അമ്മയ്ക്കുള്ളതിനെക്കാളും മാനസികമായി അടുപ്പവും ഉണ്ട്.. പക്ഷെ തീരെ കൈക്കുഞ്ഞായിരിക്കുമ്പോള്‍ ഒരു കുഞ്ഞും അമ്മയുമായുള്ള ബന്ധം അതിലൊരു ദിവ്യതയില്ലേ?

2. ബന്ധത്തെപറ്റി: (തറവാടിജി എഴുതിയത്)
ഏറ്റവും പാവനമായ ബന്ധം സുഹൃത്‌ബന്ധമാണെന്നാണെന്റെ പക്ഷം, ഹായ്! പൂയ് 'സുഹൃത്' ബന്ധമല്ല വിവക്ഷിച്ചത്. ഈശ്വരനോടുള്ള സ്നേഹം പോലും കണ്ടീഷണലണ്, അപ്പോ പിന്നെ അമ്മ / അച്ഛന്‍ ബന്ധത്തെപറ്റി പറയാനുണ്ടോ!
ഇതിനു മറുപടി അമ്മായി തന്നെ തന്നുകഴിഞ്ഞു!

“ഈശ്വരാ എനിക്ക് നല്ലത് മാത്രം വരുത്തണെ എന്നോ എന്റെ ആഗ്രഹം (പണം/ജോലി etc) കിട്ടിയാല്‍ ഞാന്‍ ഈ കാണിക്ക ഇടാം/ഈ ദാനം /ബലി ചെയ്യാം എന്നോ പ്രാര്‍ത്ഥിക്കുന്നിടത്തേ ഈശ്വരനോടുള്ള സ്നേഹം ക്ണ്ടീഷണല്‍ ആകുന്നുള്ളൂ.”

പിന്നെ തറവാടിജി ബാക്കിയും എഴുതി..

സൂചിപ്പിച്ച ഈശ്വര സ്നേഹം ഏറ്റവും അടിത്തട്ടിലുള്ളതാണ്, ഒരു പരിചയക്കാരന്റെ ബന്ധം പോലും അതിലെത്രയോ ഉന്നതിയിലിരിക്കുന്നു.
കണ്ടീ‍ഷണല്‍ അല്ലാത്ത ദൈവ സ്നേഹം അഹം എന്ന അര്‍ത്ഥ/തലത്തിലുള്ളതാവുമ്പോള്‍ മാത്രമുള്ളതാണ്. (വിശദീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്, ഒരു പക്ഷെ ശ്രേയസ്സിന് പറ്റിയേക്കാം), അത് സുഹൃത്ത് ബന്ധത്തേക്കാള്‍ പാവനമാണ്, എന്നാല്‍ ഓര്‍ക്കുക, ഒരു വ്യക്തിയുടെ ഏറ്റവും അടുത്ത സുഹൃത്ത് അയാള്‍ തന്നെയാണ്!
(നിങ്ങള്‍ രണ്ടുപേരും പരസ്പരപൂരകങ്ങളാണു തറവാടിജീ! ‘മേഡ് ഫോര്‍ ഈച്ച് അദര്‍!’)

രണ്ടുപേരുടേയും അഭിപ്രായങ്ങള്‍ കൂടിചേര്‍ന്ന ഒരു തത്വം ഇന്നലെ ആത്മ കേട്ടു! പ്രഹ്ലാദന്റെ കഥയില്‍!

ഭക്തിയുടെ പാരമ്യതയില്‍ എത്തിയ പ്രഹ്ലാദനോട് ഭഗവാന്‍ പ്രത്യക്ഷപ്പെട്ട് എന്ത് വരം വേണമെന്ന് ചോദിക്കുന്നു..
അപ്പോള്‍ മറുപടിയായി പ്രഹ്ലാദന്‍ പറയുന്നു..
“വരങ്ങള്‍ ചോദിക്കുന്ന ഭക്തന്‍ ഭക്തനുമല്ല
വരങ്ങള്‍ നല്‍കുന്ന ഈശ്വരന്‍ ഈശ്വരനും അല്ല” ! ( ആ കഥ വിശദമായി പിന്നീട് ഒരിക്കല്‍ എഴുതാം..)
ഒടുവില്‍ എന്തെങ്കില്‍ ഒന്ന് സ്വീകരിക്കൂ എന്നു പറയുമ്പോള്‍,
“എങ്കില്‍ എപ്പോഴും അങ്ങയെ സ്മരിക്കാന്‍ സാധ്യമാകാനുള്ള ഭക്തി തന്നനുഗ്രഹിക്കൂ..” എന്നു പറയുന്നു. പ്രഹ്ലാദന്റെ ഭക്തിയാണ് യഥാര്‍ത്ഥ ഭക്തി..

ആത്മാസ് കണ്‍ക്ലൂഷന്‍:

“സ്നേഹം എന്നാല്‍ ഒരു ഫീലിംഗ് മാത്രമാണ്..”
അത് ആര്‍ക്ക് ആരോട് തോന്നണം എന്നൊന്നും ഇല്ല.
ആര്‍ക്കും ആരോടും തോന്നാം..!
എപ്പോള്‍ വേണമെങ്കിലും തോന്നാം!
അതിനു യാതൊരു നിബന്ധനകളും ഇല്ല!
അത് ഒരു സംഭവമാണ്!
കൂട്ടുകാര്‍ക്കിടയില്‍ ആകാം..,
അത് ചില നക്ഷത്രങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയാകാം..
ഒരുപക്ഷെ, ആത്മാക്കള്‍ തമ്മിലുള്ള കണ്ടുമുട്ടലുകളാകാം..
ഡോള്‍ഫിനെ വിവാഹം കഴിച്ച സുന്ദരി..!,
പിന്നെ ചില ആണുങ്ങള്‍ ആണുങ്ങളെ വിവാഹം കഴിക്കുന്നു!,
അങ്ങിനെ എത്രയോ വിചിത്രമായ സ്നേഹങ്ങള്‍!
ചില അമ്മമാരും മക്കളുമായി വല്ലാത്ത അറ്റാച്ചുമെന്റ് ആണ്.. മറ്റു ചിലയിടങ്ങളില്‍ കീരിയും പാമ്പും പോലെ..! , ഓരോരുത്തര്‍ക്കും ഓരോ അനുഭവങ്ങളായിരിക്കും സ്നേഹത്തെപ്പറ്റി പറയാനുള്ളത്..
സ്നേഹം എല്ലാവരിലും ഉണ്ട്.. അത് പ്രകാശിപ്പിക്കാന്‍/പ്രതിഫലിപ്പിക്കാന്‍ പറ്റിയ ഒരു കണ്ണാടിയാണ് നമ്മുടെ സ്നേഹിതന്‍. നമ്മുടെ ആത്മാവിനെ, നമ്മെ, സ്നേഹിക്കാന്‍ കഴിയുന്ന മറ്റൊരാത്മാവിനെ കണ്ടുമുട്ടുക എന്നത് ഒരു ഭാഗ്യമാണ് (നിമിത്തം എന്നൊക്കെ പറയാം). സുഹൃത്തായാലും ഭാര്യയായാലും മക്കളായാലും ആരെയെങ്കിലും എന്തിനെയെങ്കിലും സ്നേഹിക്കാനാകുന്ന മനുഷ്യനേ മനുഷ്യനാകാന്‍ സാധിക്കൂ... ഒന്നുമില്ലെങ്കില്‍ മാണിക്ക്യവും ആത്മയുമൊക്കെ ചെയ്യുമ്പോലെ ബ്ലോഗിനെ കണ്ണുമടച്ച് അങ്ങ് സ്നേഹിക്കണം..!

ഏറ്റവും ഒടുവില്‍ അമ്മായിയുടെ തന്നെ വാക്കുകള്‍ ചേര്‍ത്ത് ഞാന്‍ തല്‍ക്കാലം ഉപസംഹരിക്കുന്നു..

“എല്ലാ ബന്ധങ്ങളും സ്നേഹത്താലധിഷ്ഠിതവും മാനസികമായി ചില കൊടുക്കല്‍ വാങ്ങലുകളുള്ളതുമാണ്, പവിത്രവും. സ്നേഹമുള്ളിടത്ത് വെറുപ്പുള്ള പോലെ പവിത്രതയും പരിശുദ്ധിയുമുള്ളിടത്ത് തന്നെ മറുവശമായ കപടതയുമുണ്ട്. അത് എല്ലാ ബന്ധങ്ങളും ഒരു പോലെയാണെന്നും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കും സാഹചര്യങ്ങള്‍ക്കുമനുസരിച്ചാണ് പവിത്രമാകുന്നതും കപാമാകുന്നതും. സുഹൃത്ത് ബന്ധത്തിനു മാത്രമായി അതില്‍ ഒരു പ്രത്യേകതയുമില്ല.”

----------

ഒരല്പം കൂടി.. സ്നേഹത്തിലാണ് ഈ കൊടുക്കല്‍ വാങ്ങലും മറ്റും പ്രശ്നം ഉദിക്കുന്നത്.
പ്രഹ്ലാദനെപ്പോലെ പ്രേമം ഉദിക്കണം.. ഈശ്വരനോട്.. (മനുഷ്യരോടാണെങ്കില്‍ പിന്നെ ചിലപ്പോള്‍ ഇടക്കിടെ റീഫില്‍ ചെയ്യേണ്ടി വരും.. ഇംഗ്ലീഷുകാരെപ്പോലെ -കളിയാക്കിയതല്ല! ആത്മയ്ക്ക് തോന്നുന്നു, ചില ആത്മാക്കള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പ്രേമം തോന്നും പക്ഷെ അതു ഈശ്വരപ്രേമത്തിന്റെ അത്ര സ്റ്റ്രോങ്ങ് ആവില്ലല്ലൊ, അതുകൊണ്ടാകും പിന്നീട് മങ്ങുന്നത്..) അപ്പോള്‍ ബാക്കിയെല്ലാം മായയായി മറയും. പ്രേമം മാത്രം.. അതില്‍ അങ്ങ് മുഴുകി ജീവിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍!

മനസ്സില്‍ പ്രേമം തോന്നിയാല്‍ പിന്നെ മറ്റു എല്ലാ ദുഷ്ചിന്തകളും ഈഗോ എക്സറ്റ്രാസ് ഒക്കെ നിഷ്‌പ്രഭമാകും.. ഒണ്‍ലി പ്രേമം.. മീര ശ്രീകൃഷ്ണനെ സ്നേഹിച്ചപോലെ / പ്രഹ്ലാ‍ദന്‍ മഹാവിഷ്ണുവിനെ സ്നേഹിച്ചപോലെ..എല്ലാം മറന്ന് ഭക്തിയില്‍ മുഴുകി.. അല്ലെങ്കില്‍ പ്രേമത്തില്‍ മുഴുകി അങ്ങ് ജീവിക്കണം..

ബാക്കി നാളെ...
--------
ഇത്രയുമൊക്കെ ‘മനുഷ്യബന്ധങ്ങളെപ്പറ്റി’ എഴുതിയപ്പോള്‍ ആത്മ ചെന്നെത്തിയത് ആദ്യത്തെ പോയിന്റില്‍ തന്നെ.
എല്ലാ ബന്ധങ്ങളും വേണം
സുഹൃത്തിനു സുഹൃത്ത്
ഭാര്യക്ക് ഭാര്യ
മക്കള്‍ക്ക് മക്കള്‍
മാതാപിതാക്കള്‍
എല്ലാവരുടേയും സ്നേഹം അനുഭവിക്കണമെങ്കില്‍ നാം അവരില്‍ നിന്നും കൂടുതല്‍ ഒന്നും എക്സ്പെക്റ്റ് ചെയ്യാതിരിക്കുക.. നമ്മുടെ സ്നേഹം കണ്ടീഷണല്‍ ആകുന്നതുകൊണ്ടാണ് സ്നേഹബന്ധങ്ങള്‍ തകര്‍ന്നുപോകുന്നതെന്ന് പറഞ്ഞുവല്ലൊ, കഴിയുന്നതും മറ്റുള്ളവരോട് അണ്‍കണ്ടീഷണല്‍ ലവ് വച്ചുപുലര്‍ത്തുക.

ഒരുകണക്കിന് നമുക്ക് ദൈവത്തെ ആശ്രയിക്കാന്‍/സ്നേഹിക്കാന്‍ തോന്നുന്നതെന്താണ്?!
അവിടെയും അണ്‍കണ്ടീഷണല്‍ ലവ് ഉണ്ടെങ്കിലേ പൂര്‍ണ്ണ സമര്‍പ്പണം ഉണ്ടാകുന്നുള്ളൂ
ദുഃഖങ്ങള്‍ ഉണ്ടായാലും നാം ദൈവത്തെ പഴിക്കില്ല..അതു നമ്മുടെ വിധി..അല്ലെങ്കില്‍ പൂര്‍വ്വജന്മ പാപത്തിന്റെ ഫലം.. എന്നിങ്ങനെ സമാധാനിച്ച്, വീണ്ടും ദൈവത്തെ സ്നേഹിക്കും.. വെറുതെ..
കാരണം ദൈവത്തെ സ്നേഹിക്കുന്നു എന്നാല്‍ നതിംഗ്‌നസ്സിനെ സ്നേഹിക്കയാണ്.. ആ ഒന്നുമില്ലായ്മയില്‍ നാം നമ്മുടെ ആത്മാവിനെ അറിയുന്നു..
ഈ മനോഭാവം തന്നെ മനുഷ്യരെ സ്നേഹിക്കുമ്പോഴും സ്വീകരിച്ചാല്‍ പല സ്നേഹബന്ധങ്ങളും
നിഷ്കളങ്കമാണെന്ന് കാണാം! (പക്ഷെ ഒരുവശത്തുനിന്നുമാത്രം ഇങ്ങിനെ ചിന്തിച്ചാല്‍ പോരല്ലൊ,
മറുവശത്ത് നില്‍ക്കുന്നവരും ചിന്തിക്കണ്ടെ!- ദൈവത്തെ സ്നേഹിക്കുമ്പോള്‍ ഈ മറുവശം മൌനിയാണ് അതാണ് നാമും ദൈവവും ഒന്നാകുന്നത്.. നമ്മിലെ നമ്മെ പ്രതിധ്വനിപ്പിക്കുന്നു നല്ല പ്രാര്‍ത്ഥനകള്‍..)- ശ്ശ്യോ എഴുതിയെഴുതി വന്നപ്പോള്‍ ആത്മക്ക് എന്തെല്ലാം അറിവുകളാണ് കൈവരുന്നത്!! ഈ ബുജികളെല്ലാംകൂടി ആത്മേ നന്നാക്കിയ മട്ടുണ്ട്!

കൂട്ടുകാരോടായാലും, പ്രേമിക്കുന്നവരോടായാലും, അച്ഛനമ്മമാരോടായാലും, മക്കളോടായാലും ഒക്കെ വെറുതെ സ്നേഹിച്ചു നോക്കുക, ഒന്നും തിരിച്ച് ആഗ്രഹിക്കാതെ.. അവര്‍ തെറ്റുചെയ്യുന്നെങ്കില്‍ അത് അവരുടെ അറിവില്ലായ്മ കൊണ്ട്; നമുക്ക് അത് ദുഃഖം വരുത്തി വയ്ക്കുന്നെങ്കില്‍ അത് നമ്മുടെ പൂര്‍വ്വജന്മ പാപങ്ങളുടെ ഫലം.. എന്നിങ്ങനെ ആശ്വസിച്ചാല്‍ നമുക്ക് ഒരു പരിധിവരെ പല ബന്ധങ്ങളിലെയും സൌകുമാര്യം ആസ്വദിക്കാനാവും!

റെയര്‍‌ റോസ് എഴുതിയില്ലേ, വൃദ്ധാലയങ്ങളില്‍ മക്കളാല്‍ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കള്‍ മക്കളെ സ്നേഹത്തോടെ സ്മരിച്ച് ജീവിക്കുന്നുവെന്ന്, അവര്‍ ഇത്തരത്തില്‍ ചിന്തിക്കുന്നതുകൊണ്ടാകാം.. ഒരു തരം ആത്മീയത കലര്‍ന്ന സ്നേഹം! അതെ, ആ സ്നേഹമാണ് എല്ലാവരിലും ഉണ്ടാകേണ്ടത്! ആത്മീയതയും ലൌകീകതയും കൂടി ബാലന്‍സ്ഡ് ആകുമ്പോള്‍ നമുക്ക് എല്ലാവരെയും സ്നേഹിക്കാനാകും..(hAnLLaLaThഎഴുതിയില്ലേ, രണ്ടും രണ്ടല്ല, ഒന്നാണെന്ന്! അത് ഇതുദ്ദേശിച്ചാകും!) നമുക്ക് പലരില്‍ നിന്നും സ്നേഹം കിട്ടും.. സുഹൃത്ത് സുഹൃത്ത് മാത്രമല്ല ദൈവീകമായി നമുക്ക് കിട്ടിയ കൂട്ട്..
ഭാര്യ ഭാര്യ മാത്രമല്ല, ദൈവത്തിന്റെ മറ്റൊരു സൃഷ്ടികൂടിയാണ്.. അവര്‍ വിവരക്കേടു കാണിക്കുന്നെങ്കില്‍ അതും ദൈവഹിതം.. അല്ലെങ്കില്‍ നമ്മുടെ തന്നെ ഏതോ പ്രവര്‍ത്തിയുടെ ഫലം..
മക്കളും മാതാപിതാക്കളും ഒക്കെ ഇങ്ങിനെ തന്നെ.. എല്ലാ ബന്ധങ്ങളും ഈശ്വരനില്‍ അര്‍പ്പിച്ച്.. ഈശ്വരനാണ് എല്ലാറ്റിലും വലുത് എന്ന് വിശ്വസിച്ച് ജീവിക്കുന്നവര്‍ക്ക് എല്ലാവരെയും സ്നേഹിക്കാം.. പ്രേമിക്കാം .. പശുവിനെ കുറ്റിയില്‍ കെട്ടിയിരിക്കുന്നപോലെ നമ്മെ ഈശരനില്‍ കെട്ടിയിട്ടിട്ട് മറ്റുള്ളവരെ സ്നേഹിക്കുക..

(ഇതൊക്കെ വീട്ടിന്റെ മൂലയില്‍ ഇരുന്ന് എഴുതാന്‍ എന്ത് സുഖം അല്ലെ?!
എത്രത്തോളം പ്രാക്റ്റിക്കലാക്കാന്‍ കഴിയുന്നോ അവര്‍ക്ക് ജീവിതത്തില്‍ സമാധാനം..)


“ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം!!!”

[ഇതിലെ പോയിന്റുകള്‍ക്ക് തറവാടിജി, വലിയമ്മായി, ശ്രീ. ശ്രീയസ്സ്, മാണിക്ക്യം,
ശ്രീ, റെയര്‍ റോസ്, വേണുജി, hAnLLaLaTh, സ്വാമി ഉദിതചൈതന്യയതി,എന്നിവരോട് കടപ്പാടും നന്ദിയും]

This entry was posted on 11:11 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments