ഒരു സാദാ വീട്ടുപകരണത്തിന്റെ ആകുലതകൾ..  

Posted by Askarali

രണ്ടുദിവസമായി പനിയും പിന്നെ കൂടെ ഒരു മൌനവും വന്ന് മൂടി ആകെ മൂഡൌട്ട് ആയി നടക്കുകയായിരുന്നു.. ആണ്..
എന്നെ അലട്ടുന്ന പ്രശ്നം എന്തെന്നാൽ.. പ്രശ്നങ്ങളൊന്നും ഇല്ല എന്നതാണ് എന്റെ പ്രശ്നം! വല്ലാത്ത ഒരു ബോറഡി.. (പ്രായം കൂടുമ്പോൾ ബോറഡി കൂടുന്നതാണെന്നോ?! ഏയ് എന്നെക്കാൾ ഇരട്ടി -അല്പം കുറക്കാം-പ്രായമുള്ളവർ പോലും കൊച്ചുകുട്ടികളെപ്പോലെ ആർമാദിച്ച് ജീവിക്കുമ്പോഴോ?!)
ഒരു സേഫ് സോണിൽ ജീവിച്ച് ജീവിച്ച് ചിലപ്പോൾ ബോറഡിച്ച് ശ്വാസം മുട്ടും.. ആത്മക്കായി പ്രത്യേകം ഒരു സ്വപ്നമില്ല, ഒന്നും നേടാനില്ല, ആരെയും കാണാനില്ല, ഒരുതരം ബോറഡിപ്പിക്കുന്ന ജീവിതം. മക്കളെ നോക്കുന്ന, വീട് നോക്കുന്ന ഒരു യന്ത്രം! മറ്റുള്ളവർ ബാക്കിവയ്ക്കുന്ന അല്ലെങ്കിൽ ചെയ്യാൻ സൌകര്യപ്പെടാത്ത (കഴിഞ്ഞ പോസ്റ്റിലെപ്പോലെ) ചില കർത്തവ്യങ്ങൾ ചെയ്യുക എന്നതിൽ കവിഞ്ഞ് ആത്മയ്ക്കായി മാത്രം കാത്തിരിക്കുന്ന ഒന്നും തന്നെ ഇല്ല
എന്നാൽ ഈ ബോറഡിയിൽ നിന്നും രക്ഷപ്പെടാൻ വല്ല ഷോപ്പിംഗിനോ മറ്റോ പോകാമെന്നു വച്ചാൽ ശരീരക്ഷീണം.. പിന്നെ കൂട്ടിന് ആരെ വിളിക്കും എന്ന പ്രശ്നം?! വല്ല യോഗ ക്ലാസ്സിനോ മറ്റൊ പോയി ആഴ്ചയിലൊരിക്കലെങ്കിലും മറ്റു സ്ത്രീജനങ്ങളുമായി മിക്സ് ചെയ്യണം എന്ന് പ്ലാനിടുമെങ്കിലും.. പിന്നീട് എല്ലാവരും ചേർന്ന്, അവരുടെ പ്രത്യേക ലോകത്തിൽ (മദ മാത്സര്യങ്ങളിൽ) ആത്മയെ പിടിച്ചിട്ട് പൂട്ടിക്കളയും എന്ന ഒരു ഭയംകാരണം കുറച്ചുകൂടി തള്ളിവയ്ക്കും!
പക്ഷെ, ഇതൊക്കെയാണ് ആത്മേ ജീവിതം.. ഒന്നുകിൽ അതിൽ മുഴുകുക. അല്ലെങ്കിൽ വേണ്ടെന്നുവച്ച് മാറി നിൽക്കുക. ഇത് രണ്ടിനുമിടയിൽ കിടന്ന് വീർപ്പുമുട്ടുന്ന ഈ അവസ്ഥ നന്നല്ല ട്ടൊ,
ഹൊ! എന്നാലും ആത്മയ്ക്ക് വന്നുപിടിച്ച അവസ്ഥ നോക്കണേ! മക്കളുടെ കാര്യവും നോക്കി വീടും നോക്കി ജീവിച്ചതായിരുന്നു.. അതിൽ നിന്നു സന്തോഷവും കിട്ടിയിരുന്നു.. പെട്ടെന്നെന്താ ഇങ്ങിനെ ഒരതൃപ്തി! പ്രായം കൂടി വരുന്നതുകൊണ്ടു തോന്നുന്ന നിരർത്ഥകതയാണോ?!
ഒരു പുതിയ ചെടി വാങ്ങി നട്ട് ആനന്ദിക്കാനോ, എല്ലാം മറന്ന് ഒരു പുസ്തകം വായിച്ചീരിക്കാനോ ഒന്നും ആകുന്നില്ല. എന്തുപറ്റി ആത്മേ നിനക്ക്?!
ഭർത്താവ് ദിവസവും മൂന്നും നാലും പ്രാവശ്യം വന്ന് ഉടുത്തൊരുങ്ങി പുറത്തുപോകുമ്പോൾ അസൂയ! ദിവസത്തിൽ ഒരു നാലുമണിക്കൂർ കൂടിയുണ്ടായിരുന്നെങ്കിൽ എന്നും പറഞ്ഞ് പുറത്ത് നെട്ടോട്ടമോടുമ്പോൾ, ‘കഷ്ടം! ഇതിൽ ഒരു മണിക്കൂർ പോലും ആത്മയ്ക്കായി മാറ്റിവയ്ക്കാനായിരിക്കില്ലല്ലോ ഈ അഡിഷണൽ നാലുമണിക്കൂറിനായി പ്രാർത്ഥിക്കുന്നത്’ എന്ന ധാർമ്മിക രോക്ഷം!
ചുരുക്കത്തിൽ ഈ ബോറഡിയിൽ നിന്നും രക്ഷപ്പെടാൻ ഒരേ ഒരു മാർഗ്ഗമേ തൽക്കാലം മുന്നിൽ തുറന്നു കിടപ്പുള്ളൂ... മി. ആത്മയുമായി വഴക്കുണ്ടാക്കുക! വഴക്കുണ്ടാക്കൽ രണ്ടുപേർക്കും രസമുള്ള കാര്യമാണ്. മി. ആത്മയ്ക്കും വായിൽ തോന്നിയത് മുഴുവൻ പറഞ്ഞു കഴിയുമ്പോൾ ഒരു റിലാക്സേഷനും പിന്നെ ആത്മയ്ക്ക് പറയുന്നതിലിരട്ടി തിരിച്ച് കിട്ടിയതിന്റെ കൂടി ഒരു ത്രില്ലും!
അങ്ങിനെ രാവിലെ യുദ്ധത്തിനായി ഒരുങ്ങി നോക്കി.. എന്നാൽ അതും അലസിപ്പോയീ...കാരണം മി. ആത്മ അതിൽ വലിയ എന്തൊക്കെയോ കാര്യങ്ങളിൽ മുഴികി നടക്കുകയായിരുന്നു..ഹും! (ഇനീം വരും വരാതിരിക്കില്ല..)
എന്നാൽ അതല്ലല്ലൊ ജീവിതം?! നാം സ്വയം ഒരു വഴി കണ്ടെത്തണ്ടേ?! ഏതുവഴി?! ഇത്രേം നാളു കണ്ടെത്താത്ത വഴിയാണു നീയിപ്പോൾ ഒരു ദിവസം കൊണ്ട് കണ്ടുപിടിക്കാൻ പോകുന്നത്! ആത്മ ഓടിപ്പോയി ഒറ്റ കിടപ്പ്. ആത്മയ്ക്ക് ചെയ്യാവുന്ന ഒരേ ഒരു നല്ലകാര്യമാണ് ഈ സർവ്വപരിത്യാഗിയായ ‘ശയനം’!
അങ്ങിനെ കിടക്കുമ്പോൾ മുറിയുടെ മൂലയിൽ ഇരിക്കുന്നു നമ്മുടെ നായകൻ, ‘കമ്പ്യൂട്ടർ മഹാരാജൻ’! ഇയ്യാളാണോ ആത്മയുടെ ജീവിതം ഇത്രേം ബോറാക്കിയത് എന്ന ഒരരിശവും എന്നാൽ പിന്നെ ഇദ്ദേഹത്തോട് തന്നെ ഒരിച്ചിരി വർത്തമാനം പറയാം എന്നും കരുതി തുടങ്ങിയ ഒരു പോസ്റ്റ് ആണ്..
ഇനീ വല്ലതും പറയാൻ തോന്നുന്നെങ്കിൽ വരും ട്ടൊ, ആത്മയുടെ ജീവിതവും ഏകാന്തതയും നിരാശയും ഒക്കെ ഏറ്റുവാങ്ങിയെന്നും പറഞ്ഞ് അങ്ങിനെ നല്ല ഗറ്റപ്പോടെ ഇരിക്കുകയല്ലേ.. എത്ര വർഷമായി തുടങ്ങീട്ട്?! എഴുത്തെങ്കിലും, ബ്ലോഗെങ്കിലും, കവിതയെങ്കിലും, പിന്നെ ഇപ്പോൾ ദാ ഫേസ് ബുക്ക്, ട്വിറ്റർ എന്നൊക്കെ പറഞ്ഞ് എന്തെല്ലാം സൂത്രങ്ങളാണ് ഈ കമ്പ്യൂട്ടർ മഹാരാജന്റെ ലിസ്റ്റിൽ!പാവം ആത്മയെപ്പോലെ എത്രയോ പേർ നിങ്ങളെ മാത്രം വിശ്വസിച്ച് ജീവിക്കുന്നുണ്ടെന്നെങ്കിലും അറിയാമോ ?!
ഒന്നു ഷോപ്പിംഗിനു പോയി വന്നു നോക്കട്ടെ.. മൂഡ് മാറുമെങ്കിൽ പോസ്റ്റ് വേണമെങ്കിൽ ഡിലീറ്റ് ചെയ്യാം..
(എങ്ങിനെ ഒടുവിൽ ആത്മ സന്തോഷം കണ്ടെത്തി എന്നതുവരെ തുടരും ഈ സീരിയൽ..സഹിക്കാനാവുന്നവർ സഹിക്കുക.. സദയം ക്ഷമിക്കുക..എന്തായാലും ആത്മയുടെ ബ്ലോഗായിപ്പോയില്ലേ.. ആത്മക്ക് തൽക്കാലം ആത്മയുടെ ഭാരമിറക്കിവയ്ക്കാൻ മറ്റൊരിടവുമില്ല. സുഖ-ദുഃഖങ്ങൾ ഒരുപോലെ പങ്കുവയ്ക്കാനല്ലെ ബ്ലോഗുകൾ! അല്ലേ?! )
...അങ്ങിനെ ചിത്രകാരൻ സാറിന്റെ കമന്റും വാങ്ങി അങ്ങിനെ ആലോചനയിൽ മുഴുകി ആത്മ സർവ്വപരിത്യാഗം ചെയ്യുന്ന സമയം..
ഇവിടെ ആട്ടുകല്ലില്ല, അരിയാട്ടാൻ..!
നെല്ലുകുത്താൻ ഉരലും ഇല്ല!
പഞ്ചായത്തു കിണറില്ല വെള്ളം കോരാൻ..
ക്യൂ നിൽക്കാനായൊരു മാവേലി സ്റ്റോറും ഇല്ല!!!
തുണിയലക്കാനാണെങ്കിൽ നല്ല ഒന്നാന്തരം ഒരു മെഷീൻ ഉണ്ടു താനും. അതില്ലാതെ ഒരു ദിവസം പോലും തള്ളി നീക്കുന്നത് ആത്മയുടെ അമ്മായിയല്ലാതെ ആത്മ ചിന്തിക്കകൂടി അസാധ്യമായിരിക്കെ... ചെയ്യാവുന്ന ഒരു ഐഡിയ വന്നു!
തലേ ദിവസം മകനെ ഏണിയിൽ കയറ്റി ഒരു അഞ്ചാറ് ചക്ക അറുത്തിട്ടായിരുന്നു. എല്ലാം അടുക്കളയ്ക്ക് പുറത്തിരിപ്പുണ്ട്..
നാട്ടിലെ പെണ്ണുങ്ങളുടെ(പണ്ടത്തെ) പ്രധാന വിനോദം ഈ ചക്കവെട്ടലും അരിയലും ഒക്കെയല്ലെ, എങ്കിപ്പിന്നെ ഇതുതന്നെ അവസരം.. ആത്മ ഓടിപ്പോയി ഒരു വലിയ കത്തി വലിച്ചെടുത്തു.. ആദ്യത്തെ ചക്കയിൽ ഒറ്റവെട്ട്! അത് പഴുത്തു തുടങ്ങിയിരിക്കുന്നു.. പാവം.. എല്ലാം ഇങ്ങിനെയായിരിക്കും. പഴുക്കുമ്പോൾ വെട്ടി ഓരോരുത്തർക്കായി സപ്ലൈ ചെയ്ത് അവരെ സന്തോഷിപ്പിക്കാം..
വീണ്ടും ചിത്രകാരൻസാറിന്റെ ഉപദേശം..
പാടില്ലാ. കൊടുത്തു അടുത്ത ചക്കയ്ക്കിട്ട് ഒരു വെട്ട്! ഇന്ന് തനി നാട്ടിൻ പുറത്തുകാരിയായിട്ടു തന്നെ കാര്യം! ഇത്രേം ചക്ക ഈ ചക്ക കിട്ടാത്ത രാജ്യത്ത് സ്വന്തമായിരിക്കുമ്പോഴായിരുന്നോ ആത്മേ നിനക്കീ വിഷാദവും ഒക്കെ?!
ഭാഗ്യം അടുത്ത ചക്ക കറിവയക്കാൻ പാകത്തിനുതന്നെ! സന്തോഷം ആരെയെങ്കിലും അറിയിക്കണ്ടേ! നാട്ടിൽ വിളിച്ചു. അമ്മേ ഞാൻ ചക്ക വയ്ക്കാൻ പോകുന്നു.. എക്സട്രാ.. എക്സട്രാ.. അങ്ങിനെ 4 മണിക്ക് തുടങ്ങിയ പണി ദാ ഇപ്പോൾ സമയം 10 മണിവരെ ആത്മ അടുക്കളേലായിരുന്നു. ചക്ക വയ്ച്ചാൽ പിന്നെ ചക്കയ്ക്ക് ഒരു മീൻ കറി വയ്ക്കണ്ടേ! അതും വച്ചു..
അപ്പോൾ എങ്ങുനിന്നില്ലാതെ ഒരു പൂച്ചയും വന്നു! (പിന്നെ പോയ പനി തിരിച്ചും വരുന്നു!)
അതിനിടെ മി. ആത്മ കുറെ മറ്റേ ചക്ക (ചൈനീസ്ചക്ക! - ഡുറിയാൻ) കൊണ്ടുവന്ന് ആഘോഷിച്ചിട്ട് വീണ്ടും പോയി..! ഒടുവിൽ ഏറ്റവും ഒടുവിലത്തെ ട്രിപ്പടിച്ചിട്ട് വന്ന് സന്തോഷമായി ആത്മ വച്ച ചക്കേം മീനും ഒക്കെ കഴിച്ച് പോയിക്കിടന്ന് ഉറക്കവുമായീ..
ഇതിനിടെ സന്തോഷം എപ്പോൾ കിട്ടി?! എന്നു ചോദിച്ചാൽ സന്തോഷമല്ല.. ഒരു തരം സമാധാനം!ആത്മ എന്തൊ നല്ല.. വലിയ കാര്യങ്ങൾ ചെയ്യുന്നു തോന്നൽ.. അതേ ഉണ്ടായിരുന്നുള്ളൂ.. ഇതിനിടെ മക്കൾ അടുക്കളയിൽ വന്നിരുന്ന് പഠിച്ചു..അവരുടെ അടുത്തിരുന്നു.. ആകെ ഒരു പ്രത്യേക മൂഡായിരുന്നു..
പക്ഷെ സന്തോഷം?! അതെപ്പോൾ വന്നു..! അത് ഹൃദയത്തീന്നല്ലേ വരേണ്ടത്?! ശരീരാധ്വാനത്തിൽ നിന്നാണോ വരേണ്ടത്?!
ഇങ്ങിനെ അവസാനിപ്പിക്കാം..
ആത്മയ്ക്ക് സന്തോഷമായിരുന്നില്ല വേണ്ടത്.. സംയമനം ആയിരുന്നു. യാധാർത്ഥ്യങ്ങളുമായി പൊരുത്തപ്പെടാനുള്ള സംയമനം.
ആദ്യത്തെ പടിയായി ആത്മ രണ്ടാഴ്ചയായി മുടങ്ങിപ്പോയ വെജിറ്റേറിയനിസം വീണ്ടും തുടങ്ങി. ഇനീം ഉണ്ട് ഒരുപാട് ത്യാഗങ്ങൾ.. ത്യാഗങ്ങൾ ചെയ്യുമ്പോഴേ ആത്മയ്ക്ക് പണ്ടും സന്തോഷം കിട്ടിയിട്ടുള്ളൂ.. പണ്ടത്തെ മഹർഷിവര്യന്മാരുടെ ത്യാഗങ്ങളല്ല.. കൊച്ചു കൊച്ച് ത്യാഗങ്ങൾ.. ആർക്കും ദോഷം വരുത്താത്തവ...
ബാക്കി നാളെ..

This entry was posted on 11:24 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments