സ്വയം നഷ്ടപ്പെടുമ്പോൾ...  

Posted by Askarali

കുറച്ചു ദിവസങ്ങളായി ആത്മയ്ക്ക്‌ ആത്മയെ നഷ്ടപ്പെടുകയായിരുന്നു! ഒന്നാമത്തെ കാരണം മൊഴി പണിമുടക്കിലായതു തന്നെ.. പക്ഷെ അതുകൂടാതെ കഷ്ടകാലത്തിനു ആത്മ പോയി ഫേസ്‌ ബുക്കും ട്വിറ്ററും ഒക്കെ ഒന്നു പരീക്ഷിച്ചു നോക്കി! അതിൽ ആകെപ്പാടെ അറിയാവുന്ന കുറച്ചുപേരെയൊക്കെ ചേർത്ത്‌ അങ്ങിനെ ഫേസ്ബുക്ക്‌, ട്വിട്ടർ, പിന്നെ ബ്ലോഗുകൾ അതിലും പലപേരിലല്ലേ?!
എല്ലാം കൂടിയായപ്പോൽ ആത്മയ്ക്കു തന്നെ ഒരു കൺഫ്യ്യൂഷൻ! ഇതിൽ യധാർത്ഥ വ്യക്തി ആരാണെന്ന്!
പിന്നെ കമ്പ്യൂട്ടറിനു വെളിയിലത്തെ ബോറടിച്ച എന്നാൽ സ്നേഹമയിയായ അമ്മ, അനുസരണയു ഭാര്യ(?), എന്നിങ്ങനെ എത്ര റോളുകളാണു കാശിനു കൊള്ളാത്ത ആത്മയ്ക്കുപോലും ! അപ്പോൾ, അൽപം കൂടി വിവരവും വിദ്യാഭ്യാസവും സോഷ്യലും ഒക്കെയായിട്ടുള്ളവർ എങ്ങിനെ ഈ യുഗത്തിൽ സർവ്വൈവ്‌ ചെയ്യുമോ!

ഏതിനും ആത്മ ആത്മയെ വീണ്ടെടുക്കാൻ വന്നതല്യോ?!, അതുചെയ്യട്ടെ ആദ്യം..
പല റോളുകൾ ഉണ്ടെന്നും പല പേരുകൾ ഉണ്ടെന്നും ഒക്കെ പറഞ്ഞെങ്കിലും യഥാർത്ഥ വ്യക്തി ആത്മതന്നെയാണ്‌! നമ്മൾ ഭയമില്ലാതെ ജീവിക്കുമ്പോഴല്ലേ, നാമാകുന്നത്‌! മറ്റു പേരിലുള്ള ഞാൻ ആരെയൊക്കെയോ എന്തിനെയൊക്കെയോ ഭയന്നും ഒക്കെ ജീവിക്കുന്ന ഒരു വ്യക്തിയായി തോന്നി.

ഇപ്പോൾ ആത്മ വരമൊഴിയിൽ ആണ്‌ ടൈപ്പ്‌ ചെയ്യുന്നത്‌.. ഇത്‌ മൊഴിയിൽ നേരിട്ടു എഴുതുന്ന ഒരു സുഖം വരുന്നില്ല എങ്കിലും പരിചയപ്പെട്ടല്ലേ പറ്റൂ...

ഹാവൂ ആശ്വാസമായി! അവിടെ എഴുതിയത് ഇവിടെ എത്തി! ഇനിയിപ്പോൾ ആത്മ ഫോമിലാകും...
----
ദൈവമേ! ആത്മ ഇപ്പോൾ ശരിക്കും ബ്ളോഗിൽ തന്നെയാണു ടൈപ്പ് ചെയ്യുന്നത്! ഇങ്ങിനെ പോയാൽ ആത്മയ്ക്ക് ഇനീം വട്ടുപിടിച്ചേക്കും.. ഈയ്യിടെയായി ഒന്നിനും ഒരു സ്ഥിരതയില്ല. ഈ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങൾ ആത്മയുടെ സമനിലയൊക്കെ തെറ്റിക്കും!

വരമൊഴി എക്സ്പോർട്ട് ചെയ്ത് ഇവിടെകൊണ്ടുവന്ന് പേസ്റ്റൊക്കെ ചെയ്തശേഷം മലയാളം സിലക്റ്റ് ചെയ്ത അങ്ങ് ടൈപ്പ് തുടങ്ങി! എല്ലാം സ്മൂത്ത്!
എങ്കിപ്പിന്നെ ഈ സന്തോഷത്തിൽ, ഇന്ന് പെയ്യാതെ പോയ മഴയെ കുറിച്ച് എഴുതാം അല്ല്യോ,
'മഴ' എന്നു പറഞ്ഞാൽ എല്ലാവരുടെയും മനസ്സിൽ 'തണുപ്പ്' 'കുളിർ' ഒക്കെ തന്നെയാണല്ലൊ അല്ലെ,
അത്മേടെ മനസ്സിലും അതുതന്നെ.. മഴ നമ്മെ തണുപ്പിക്കും.. വെയിലിനെ കുറച്ചുനേരം മറയ്ക്കും.. തകർത്ത് പെയ്യും.. ഇരുളായെന്ന് തോന്നും..
നാം വെളിയിൽ തകർത്ത് പെയ്യുന്ന മഴയെ കൌതുകപൂരവ്വം നോക്കി നില്ക്കും..
ദേഹം നനയുമെന്ന് കരുതി ആരും മഴയത്ത് ഇറങ്ങില്ല. നാട്ടിലാണെങ്കിൽ മഴകൊണ്ട് നനഞ്ഞ കോഴികളും പൂച്ചകളും ഒക്കെ വന്ന് ശരീരം കുലുക്കി മഴവെള്ളമൊക്കെ കുടഞ്ഞു കളഞ്ഞ് അങ്ങിനെ മഴേം നോക്കും നമ്മളേം നോക്കും! ഈ മഴ ഇനി എത്ര നേരം..?!, എത്രനേരം ഇങ്ങിനെ കുളിർന്ന് വിറച്ച് ഇരിക്കണം ഇരതേടിയിറങ്ങാൻ..?, എന്നൊക്കെയോർത്ത്..
നാം മുറ്റത്തുകൂടി ഒഴുകിപ്പൊകുന്ന നീർക്കുമിളകളും ചെളിവെള്ളവും ഒക്കെ നോക്കി 'ഹായ് മുറ്റം ഒരു പുഴയായി മാറിയിരിക്കുന്നു.. ശരീരം അല്പം കൂടി ചെറുതായിരുന്നെൻകിൽ ഇറങ്ങി നീന്തിത്തുടിക്കാമായിരുന്നു..' എന്നൊക്കെ..
മഴയത്ത് ചിലപ്പോൽ കളിവള്ളം ഉണ്ടാക്കി ഒഴുക്കാൻ നോക്കും.. വള്ളം അങ്ങിനെ ചാഞ്ഞും ചരിഞ്ഞും ഒക്കെ പോകുമ്പോൾ അതിൽ തങ്ങൾക്കിരിക്കാനാവില്ലല്ലൊ എന്ന ദുഃഖം.. അതു തീർക്കാൻ അടുത്തുകൂടി പോകുന്ന ചോനനുറുമ്പിനെ പിടിച്ചിടും! ഉറുമ്പിനേയും കൊണ്ട് തോണി അല്പദൂരം പോകും പിന്നെ ചരിയും..ഉറുമ്പ് വെള്ളത്തിൽ കഷ്ടപ്പെട്ട് നീന്തും..! (കടപ്പാട് രാജിയുടെ കമന്റ് )
പിന്നെ ഒടുവിൽ മഴ തീർന്ന് വെളിയിലിറങ്ങിയാൽ മഴയിൽ എഞ്ജോയ് ചെയ്ത സർവ്വ ചരാചരങ്ങളേയും കാണാം..! പുതിയ താളവും ലയവുമൊക്കെയായി കുണുങ്ങിക്കുണുങ്ങിയൊഴുകുന്ന അരുവി..!, നനഞ്ഞു കുതിർന്ന പൂക്കളും മരങ്ങളും ഒക്കെ വെള്ളം ആവോളം ലഭിച്ച ആനന്ദത്തിൽ മതിമറന്ന് ആടുമ്പോൾ , മഴനനയാതെ നിന്ന നാമും, പിന്നെ നമ്മുടെ കോഴികളും പൂച്ചകളും ഒക്കെ മഴകൊണ്ട് നനഞ്ഞ പ്രകൃതിയിൽ പുത്തൻ അനുഭവങ്ങളും തേടി ഇറങ്ങും... മഴ ഭൂമിക്ക് എന്തൊക്കെ മാറ്റങ്ങൾ വരുത്തിയതെന്നറിയാൻ!

മഴയെപ്പറ്റി ഇന്നലെ കുറച്ചുകൂടി ഒർത്തായിരുന്നു... അതുകൂടി ചേർക്കാം..
മഴയെത്തും മുൻപെ കൂടണയാനോടുന്ന ഉറുമ്പിൻ കൂട്ടങ്ങൾ.. കട്ടുറുമ്പ് വരിവച്ച് പോകുമ്പോൾ അമ്മുമ്മ പറയും, " ഇന്ന് മഴ പെയ്യും.."
പിന്നെ മഴയോടടുപ്പിച്ച് വന്നണയുന്ന ഈയ്യാം പാറ്റകൾ.. മഴകൊണ്ടു നനഞ്ഞ് വന്ന് എരിതീയിൽ വീണൊടുങ്ങും.. കൂട്ടത്തോടെ..
മഴ പെയ്തുകഴിയുമ്പോൾ അപൂർവ്വമായി ചിലപ്പോൾ മാനത്തു മഴവില്ലിനെ കാണാം..! എത്ര നോക്കിയാലും മതിവരില്ല. മുഴുവനും കാണാനായി കുന്നിൻ മുകളിൽ കയറി നോക്കും! ദൈവത്തിന്റെ കരവിരുത് കൺകുളിരെ കാണും..!
മഴയത്തു നനഞ്ഞു നിന്ന് ഞാറു നടുന്ന ആൾക്കാർ മറ്റൊരു കൌതുകമാണ്‌.
മഴ പെയ്തു കഴിയുമ്പോൾ ചിലപ്പോൽ മാവിൻ ചുവട്ടിൽ നിറയെ പഴുത്ത മാങ്ങ ചിതറി കിടപ്പുണ്ടാകും..!
അമ്മുമ്മ ഒരോ മാങ്ങയായി എടുത്ത് പൂളി തരും.. തിന്നു കൊണ്ടിരിക്കുമ്പോൾ അടുത്ത മാങ്ങ വീഴും അപ്പോൾ ആമ്മുമ്മ പാടും.. "കിട്ട്യേതീനെ തിന്നീടുമ്പോൾ ഇന്നും ദൈവം തന്നീടും.."
ഒപ്പം ഒരു പിശുക്കൻ നമ്പൂതിരിയുടെ കഥ പറയും. പഴുത്ത വെറ്റിലകൾ മാത്രം കൂട്ടി മുറുക്കാൻ തിന്നേണ്ടിവരുന്ന നമ്പൂരി.
നമ്പൂരി ആദ്യം ഒരു പഴുത്ത വെറ്റില കാണുമ്പോൾ ഇതു പാഴിക്കളയണ്ട എന്നു കരുതി അതു കൂട്ടി മുറുക്കും. പിറ്റേന്ന് നല്ല പച്ച വെറ്റില തിന്നാമല്ലൊ എന്ന വിചാരത്തോടെ.. പിറ്റേന്ന് ചെല്ലുമ്പോൽ മറ്റൊരു വെറ്റില കൂടി പഴുത്തുപോയിട്ടുണ്ടാകും.. കളയാൻ മടിച്ച് അദ്ദേഹം അന്നും പഴുത്തതു തന്നെ തിന്നും. അങ്ങിനെ നല്ല ഒന്നാം തരം വെറ്റിലകൾ ഒന്നുപോലും അദ്ദേഹത്തിനു പച്ചയ്ക്ക് ഫ്രഷ് ആയി തിന്നാനാകാതെ ജീവിക്കുന്ന ഒരു കഥ...
മഴയിൽ തുടങ്ങി വെറ്റിലയിൽ ചെന്നു നിന്നു..
മഴവരുമ്പോൾ മറ്റൊരിഷ്ടം കൂടിയുണ്ട്..
മൂടിപ്പുതച്ചു കിടന്ന് ഉറങ്ങാൻ.. നട്ടുച്ചയാണെങ്കിൽപ്പോലും ഒടിപ്പോയി ഒരു പായും തലയിണയും എടുത്തുകൊണ്ട് വന്ന് ഇറയത്തിട്ട്, മൂടിപ്പുതച്ചു കിടന്ന് മഴയെ നോക്കി കിടക്കാൻ ഒരു സുഖം!
അപ്പോൾ അമ്മുമ്മ, ഒരു മഴകൂടി കാണാനായല്ലൊ എന്ന സംത്രിപ്തിയോടെ പറയും, 'അടുത്ത മഴക്കാലത്ത് ഞാനുണ്ടാവുമോ ആവോ..!'
അതുകേൾക്കുമ്പോൾ വിഷമം തോന്നും. 'അമ്മുമ്മ എന്നും ഉണ്ടാകും..' എന്നു പറഞ്ഞ് സമാധാനിപ്പിക്കും.
മഴയെപ്പറ്റി എഴുതിക്കൊണ്ടിരുന്നപ്പോൾ.. ദാ ഇവിടേം മഴയാണെന്നു തോന്നുന്നു ഇന്ന്!
പുറത്തൊക്കെ ആകെ ഇരുൾ മൂടിത്തുടങ്ങി.. വരുവാനുള്ള അനൌൺസ്മെൻ ഒക്കെ മുഴക്കുന്നുണ്ട്.. (ചെറുതായി ഇടി വെട്ടുന്നു..)
നാട്ടിലാണെങ്കിൽ പണ്ട് മഴവരുമ്പോൾ പുറത്ത് ഉണക്കാനിട്ടിരിക്കുന്ന ധാന്യങ്ങൾ, തുണികൾ, ഒക്കെ എടുക്കാൻ വീട്ടിൽ എല്ലാവരും ഒടും.. അമ്മുമ്മ മാത്രം 'മഴ വരുന്നൂ.. തുണിയൊക്കെ പറക്കിൻ' എന്ന് പറഞ്ഞ് ഇറയത്ത് വന്ന് നില്ക്കും.. ആദ്യം അമ്മുമ്മേടെ നേര്യത് കയ്യിൽ കിട്ടുന്നതുവരെ അങ്ങിനെ നിന്ന് നോക്കും..! മഴതുള്ളികൾ വീഴാതെ കിട്ടിയ നേര്യതും അടുക്കിപ്പിടിച്ച് ബാക്കി തുണികൾ എടുക്കുന്നതും നോക്കി അങ്ങിനെ നില്ക്കും
തുടരും..
[(ഇത്റേം എഴുതിയപ്പോൾ മകൾ മൂന്നു ബസ്റ്റോപ്പ് അപ്പുറത്തു നിന്നും വിളിക്കുന്നു.. മഴവരുത്.. മഴവരുത്.. കുടകൊണ്ടുവാ.. എന്ന്. പോയി വിളിച്ചോണ്ട് വന്നിട്ട് ബാക്കി എഴുതാം..)
ഈ മഴ ശരിയല്ലാ.. അത്മ ഒരു പാരഗ്രാഫോളം എഴുതിയത് മുഴുവൻ ഒറ്റയടിക്ക് ഡിലീറ്റ് ആയിപ്പോയി!..
അങ്ങിനെ അകത്ത് സുഖമായി കൂനിക്കൂടിയിരുന്ന് മഴയെപ്പറ്റി എഴുതിക്കൊണ്ടിരുന്ന ആത്മയെ മഴ പുറത്ത് വിളിച്ചിറക്കി നനയിച്ചു. പോരാത്തതിനു കൊണ്ടുപിടിച്ച് ഭീക്ഷണിയും..! ഇടിയായിട്ടും കൊള്ളിയാനായിട്ടും ഒക്കെ, ങ്ങ്ഹാ!' നീ എന്നെപ്പറ്റി തകർത്തു വച്ച് എഴുതുകയല്ലായിരുന്നോ. എങ്കിപ്പിന്നെ അനുഭവീ..' എന്നും പറഞ്ഞ്.
അത്മ ചുറ്റിനും നോക്കി. നാട്ടിലെ മഴയുടെ ആ താളവും ലയവും ഒന്നും ഇല്ല. ഒരു തരം രൂക്ഷമായ.. ബോറൻ മഴ! എങ്കിലും മഴയല്ലേ, ആസ്വദിക്കാം എന്നു കരുതിയപ്പോൾ ഇടക്ക് കൊള്ളിയാൻ വീശി പേടിപ്പിക്കലും! എന്നിട്ടും ആത്മ പേടിച്ചില്ല.. ആത്മ കൈയ്യും വീശി നടന്നു.. ഒരുവശത്ത് ചീറിപ്പായുന്ന വാഹനങ്ങൾ തെറിപ്പിക്കുന്ന വെള്ളം ആത്മയുടെ അടുത്ത് എത്തുന്നില്ലാ.. പിന്നെ ക്രോസ്സ് ചെയ്ത് സ്പീടിൽ നടന്നു.. 'കണ്ടോ ഒട്ടും മടിച്ചിയല്ലാത്ത ഒരു വീട്ടമ്മ മഴനനഞ്ഞ് നടക്കുന്നത്!'
അങ്ങിനെ പോയി മകാളെയും വിളിച്ച് തിരിച്ച് ഒരു കുടക്കീഴിൽ വർത്തമാനോം പറഞ്ഞോണ്ട് വരുമ്പോൾ അനുനയത്തിൽ പറഞ്ഞു, 'നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് നടക്കാം..?'
'‌അമ്മേ എനിക്ക് അടുത്ത ആഴ്ച നാഫാ ടെസ്റ്റ് ഉണ്ട്.. അമ്മ എന്നെക്കൂടി തടിവയ്പ്പിച്ചിട്ടേ അടങ്ങൂ അല്ലെ?'
കുറച്ചു നേരം ആത്മ മിണ്ടാതെ നടന്നു.. പിന്നേം തുടങ്ങി.. 'ഒരുനേരം കഴിച്ചെന്നു കരുതി തടിയൊന്നും വയ്ക്കില്ല.. നമുക്ക് മക്ഡൊണാൾഡിൽ കയറാം..അല്ലെങ്കിൽ കെന്റക്കി!' (അവളെ പ്രലോഭിപ്പിക്കാൻ നോക്കീട്ട് ഒരു രക്ഷയുമില്ല)
(അത്മയ്ക്കാണെങ്കിൽ ആത്മ എന്തെങ്കിലും എക്റ്റ്ട്റാ ജോലി ചെയ്താൽ ഉടൻ തന്നെ ട്രീറ്റ് കൊടുക്കണം.. ആത്മയ്ക്ക് ആരും ട്രീറ്റ് തരാനില്ല എന്ന് ഇത്ര നാളത്തെ ജീവിതത്തിനിടയിൽ മനസ്സിലായതിനാൽ ആത്മ തന്നെ ആത്മക്ക് ട്രീറ്റ് കൊടുക്കും)
'നോ അമ്മ നോ.. ' എന്നും പറഞ്ഞ് ഭയങ്കര ഡീസന്റ് ആയി മകൾ മുന്നോട്ട്..!
ഒടുവിൽ വീടെത്താറായപ്പോൾ ആത്മ ഉറപ്പിച്ച് പറഞ്ഞു, 'മോളു അങ്ങോട്ട് നടന്നോ, ഞാൻ പോയി ഒരു 'ലോന്തൊങ്ങ്'(മലായ് ആഹാരം) വാങ്ങി വരാം..'
'എങ്കിപ്പിന്നെ ഒരു 'ഐസ് മൈലോ'യും പിന്നെ ഒരു 'നാസിലാമാ'യും കൂടി വാങ്ങൂ..' (അവൾ അയഞ്ഞു!)
അങ്ങിനെ ആത്മ മഴയത്ത് നടന്നതിന്റെ ക്ഷീണം ഒക്കെ മാറ്റി വീണ്ടും വെള്ളപ്പൊക്കം കഥയിലേക്ക് വരട്ടെ,.]
മഴയെപ്പറ്റി ഒർത്തപ്പോൽ എനിക്ക് മറക്കാനാവാത്ത ഒരു മഴയുണ്ട്...അന്ന് കരമന എൻ. എസ്സ്. എസ്സ് വിമൺസ് ഹോസ്റ്റലിലായിരുന്നു..
പെരുമഴയാണെന്ന് നേരത്തെ റേഡിയോവിൽ അനൌൺസ്മെന്റ് വന്നതോടെ കോളേജ് നേരത്തെ വിട്ടു. വീട്ടിൽ പോകുന്നോരൊക്കെ പോയി.. കോളേജും ഹോസ്റ്റലും ഒരു കാമ്പൌണ്ടിൽ ആയിരുന്നു..
നേരം വൈകിതുടങ്ങിയപ്പോൾ പതിവില്ലാതെ മഴ വളരെ ശക്തമായി പെയ്തു തുടങ്ങി.. അല്പം കഴിഞ്ഞപ്പോൾ ആരോ പറഞ്ഞു കരമന ആറ് കരകവിഞ്ഞൊഴുകുന്നു.. വെള്ളം പൊങ്ങാൻ സാധ്യതയുണ്ട് എന്നൊക്കെ..
അല്പം കൂടി കഴിഞ്ഞപ്പോൾ അകലെ പുരയിടങ്ങളൊക്കെ വെള്ളം കയറിതുടങ്ങി! കൌതുകത്തോടെ നില്ക്കുമ്പോൾ മേട്രൺ വന്ന് പറഞ്ഞു എല്ലാവരും അത്യാവശ്യം സാധനങ്ങളൊക്കെ പാക്ക് ചെയ്ത് മുകളിൽ (കോളേജിന്റെ) പോകാൻ!
എന്നിട്ടും ഒരു തമാശപോലെ തോന്നി! ബുക്കും മറ്റ് സാധനങ്ങളുമൊക്കെയായി മുകളിൽ കയറി നില്പായി എല്ലാവരും. ഞങ്ങൾ സീനിയർ ചേച്ചിമാരുടെ മുഖത്തൊക്കെ നോക്കി.. ചിലർ മൂളിപ്പാട്ടു പാടുന്നു.. ചിലർ ആകെ ഉന്മത്തരായി അങ്ങിനെ നടക്കുന്നു. ചില ലീഡർ ചേച്ചിമാരുടെ മുഖത്ത് അല്പം പരിഭ്രമം ഇല്ലാതില്ല എങ്കിലും മറക്കാനൊക്കെ ഒരു വിഫലശ്രമം നടത്തി ഗൌരവത്തോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്..
അരും താഴെ ഇറങ്ങരുതെന്ന് കർശനമായി ഉത്തരവ് കിട്ടി. അപ്പോൾ ഒരു ഭീതി തുടങ്ങി..ഇനി ഇത് ശരിക്കും വെള്ളപ്പൊക്കമാണോ! പുറത്തേയ്ക്ക് നോക്കിയപ്പോൽ അകലെ ആറിലൂടെ വാഴയും ചെറിയ മരങ്ങളും കലങ്ങൾ.. കുട്ടകൾ ഒക്കെ ഒഴുകിപ്പോകുന്നു..!
അല്പം കഴിഞ്ഞപ്പോൾ ഒരു ആട്ടിൻ കുട്ടി! പിന്നെ പട്ടിക്കുട്ടി ഒക്കെ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നു.. ഇപ്പോൽ സംഭ്രമം കൂടി.. അതുപോലെ തങ്ങളും അല്പം കഴിഞ്ഞ് ഒഴുകിപ്പോകുമെന്ന ഒരു ഭയം.. ചേച്ചിമാരുടെ കളിയും പാട്ടും ഒക്കെ നിന്നു.. എല്ലാവരിലും ഒരു വിഷാദം പടർന്നു തുടങ്ങി ആർക്കും ഒന്നും ഉരിയാടാൻ വയ്യാതായപോലെ..
ഞാൻ ഗീതചേച്ചിയെ നോക്കി! ഗീതചേച്ചി എന്നെയും.. (ഗീതചേച്ചിയുടെ എക്സ് ആരാധികമാരും അകലെയല്ല്ലാതെ ശോകമൂകമായി നില്പ്പുണ്ടായിരുന്നു..) ഗീതചേച്ചിക്കും എനിക്കും രണ്ടു മുറികളാണ്‌. എനിക്ക് ഗീതചേച്ചിയുടെ മുറിയിൽ ഉറങ്ങിയാൽ ഭയം കുറയും എന്നൊക്കെ ഒരു തോന്നൽ..(അന്ത്യാഭിലാഷം!)-(ഇംഗ്ളീഷ് കാരുടെ മട്ടിലുള്ള സ്നേഹം അല്ല ട്ടൊ, വെറുതെ.. ഒരാരാധന!)
പക്ഷെ, ഒന്നും നടന്നില്ല. അല്പം കഴിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെ കൂട്ടിൽ കയറ്റും പോലെ എല്ലാറ്റിനേം ഒരോ മുറികളിൽ കയറ്റി വെളിയിൽ നിന്നും കുറ്റീം ഇട്ടു. ഇതിനകം അപ്പുറത്തുള്ള ഒരു കോൺവെന്റിലെ തീരെ കൊച്ചു കുട്ടികളെയും അവിടേക്ക് മാറ്റിയിരുന്നു. അവരെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി. ഞൻ 16 വയസ്സുവരെയെൻകിലും ലോകം കണ്ടു. ഒന്നും അറിയാത്ത അഞ്ചും ആറും ഒക്കെ വയസ്സുള്ള കൊച്ചു കുരുന്നുകൾ!
രാത്രി ഇരുണ്ട് തുടങ്ങി.. ഭയാനകമായ രാത്രി! 'കാള രാത്രി' എന്നൊക്കെ പറയാം.. ഈ രാത്രി എന്തും സംഭവിക്കാം.. ഉറക്കത്തിൽ വെള്ളം കയറി മരിക്കാനും സാധ്യതകളേറെ.. വെളിയിലേക്ക് നോക്കിയാൽ കട്ട ഇരുട്ട്.. വെള്ളം പെരുകുന്നുണ്ട്‌ കാരണം വെളിയിൽ വള്ളത്തിലൊക്കെ ആരോ പോകുന്ന വിളിയും ബഹളവും.. ഒടുവിൽ എപ്പോഴോ ഉറങ്ങിപ്പോയി..
രാവിലെ ഉണർന്നപ്പോൾ കെട്ടിടത്തിനു ചുറ്റും വെള്ളം! ഒന്നാം നില പകുതിയോളം മുങ്ങി.. മെസ്സ് ഹാളിലെ ജാനകിയമ്മയും മറ്റും അരീം മറ്റും ഒക്കെയായി ഒരു മൂലയിൽ കൂനിക്കൂടിയിരിക്കുന്നു. എന്തോ ബ്രഡൊ മറ്റോ കിട്ടി ഭക്ഷണം.. ഇതിനിടയിൽ ഒരു ബോട്ടു വരുന്നു.. എല്ലാവരെയും പെരുന്താന്നിയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ പോകുന്നു എന്നറിയിച്ചു.. അതിനിടയിലും ഒരു സന്തോഷം.. ഗീതചേച്ചിയോടൊപ്പം കുറച്ചു ദിവസം ഉല്ലസിച്ച് പെരുന്താന്നിയിൽ കഴിയാം എന്നൊക്കെ പ്ലാനിട്ട് അങ്ങിനെ ഇരിക്കുമ്പോൾ...,
അരോ വന്നറിയിച്ചു, 'ആത്മേ ആത്മേടെ അച്ഛൻ വന്നിരിക്കുന്നു കൊണ്ടുപോകാൻ!'
ങ്ങ്ഹേ! അച്ഛനു ഇത്റെം പിടിപാടോ! വലിയ വലിയ ആൾക്കാരുടെ മക്കളൊക്കെ പഠിക്കുന്ന ഹോസ്റ്റലിൽ ആത്മേടെ അച്ഛൻ ഇതാ സ്പെഷ്യൽ ബോട്ടിൽ രക്ഷിക്കാനെത്തിയിരിക്കുന്നു! ( അച്ഛനു അങ്ങിനെ ചില അല്ഭുതങ്ങളൊക്കെ ചെയ്യാനറിയാം!)
അങ്ങിനെ ആത്മേടെ നാട്ടിലെ നമ്പൂരിസാറിന്റെ മകളും, വർമ്മസാറിന്റെ മകളും, അത്മേം, ഒക്കെക്കൂടി ബോട്ടിൽ വലിയ വലിയ മരങ്ങളുടെയൊക്കെ തലപ്പത്തൂടെ അങ്ങിനെ പോകുമ്പോൾ.. ഗീതചേച്ചിയെ പിരിഞ്ഞ ഒരു വിരഹം ഒഴിച്ചാൽ, ഒരു ഉല്ലാസ സവാരിക്കുപോകുന്ന ത്രിൽ..!
ഇന്നലെ നടന്നു തൊഴിച്ച പൂഴിമണൽ ഒക്കെ അങ്ങ് വളരെ താഴെ വെള്ളത്തിനടിയിൽ മുങ്ങിക്കിടക്കുകയാണെന്നൊക്കെ ഒർത്തപ്പോൾ ഒരു ചങ്കിടിപ്പ്..! പിന്നെ ദൈവത്തെ പ്രാർത്ഥിച്ചു.. അപ്പോൾ ആ കൊച്ചു ബോട്ടിൽ മഴ നനഞ്ഞ് തണുത്തു വിറച്ച് കൺ കോണുകളിൽ കരയാൻ പാകത്തിൽ തുള്ളിക്കണ്ണീരും നിറച്ച് കുറച്ച് കൊച്ചു കുരുന്നുകളും ഉണ്ടായിരുന്നു.. അക്കരെ കാത്തു നില്ക്കുന്ന അവരുടെ മാതാപിതാക്കളുടെ അരികിലെത്താൻ..! അവരെ നോക്കുമ്പോൾ കരച്ചിൽ വന്നു ആത്മയ്ക്കും!
അങ്ങിനെ ഒരു വെള്ളപ്പൊക്കം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കോളേജിന്റെ അരികിൽ രക്ഷിക്കാനെത്തിത രക്ഷാപ്രവർത്തകൻ പോലീസടക്കം ഒന്നുരണ്ടുപേർ മരിച്ച വിവരവും അറിഞ്ഞു.. പിന്നെ കുറെ ദിവസമെടുത്തു എല്ലാം പൂർവ്വ സ്ഥിതിയിലാകാൻ..
*
പിന്നേം മഴ വന്നു.. !
ടിവിയിൽ.. കമ്പ്യൂട്ടറിൽ.. ഒക്കെ..
ഫ്ളാറ്റിൽ താമസിക്കുമ്പോൾ.. മഴ വരുമ്പോൾ തുറന്നുകിടക്കുന്ന ജനലുകളൊക്കെ അടയ്ക്കാൻ ഒടും.. മഴ അങ്ങ് താഴെ ഭൂമിയിൽ പതിക്കും. ഭൂമിയുമായി നമുക്ക് വലിയ സമ്പർക്കമൊന്നും ഇല്ലല്ലൊ, അന്തരീക്ഷത്തിലല്ലെ നാം ജീവിക്കുന്നത്. അതുകൊണ്ട് മഴയെയും നാം പൂർണ്ണമായി അനുഭവിക്കാനാവില്ല.
താഴെക്കു പോകുന്ന പോക്കിൽ മഴ, "എന്താ ആത്മേ നിൻക്ക് ഈ കോൺക്രീറ്റ് കൂട്ടിനുള്ളിൽ സുഖം തന്നെയോ? എന്നു ചോദിച്ചിട്ട് അങ്ങ് താഴെ പോയി പതിക്കും..'
'നീ എന്റെ നാട്ടിലും പെയ്യില്ലേ?'
'പിന്നേ.. അവിടെനിന്നല്ലെ ഇങ്ങോട്ടു വന്നത്.. അവിടെ പെയ്യുമ്പോൾ ഉണരുന്ന് പുതു മണ്ണിന്റെ ഗന്ധം..ഒന്നും ഇവിടെയില്ല ആത്മേ, വെള്ളമൊന്നും ഭൂമിയിൽ പതിക്കാനനുവദിക്കാതെ ഒടകളിൽക്കൂടി ഉടൻ തന്നെ ഓടിച്ച് കടലിൽ കൊണ്ടുപോകും..'
ഭൂമിയുടെ മുകളിൽ (കോണ്‍ക്രീറ്റിനു മുകളില്‍) വീണ് പൊട്ടിച്ചിതറുന്ന മഴതുള്ളികള്‍... ഭൂമിയെ ഉണർത്തി, എന്നാൽ, ഭൂമി നിറയെ പെയ്ത് നിറക്കാനാകാതെ മഴ തിരിച്ചുപോകും. ആകെ നനഞ്ഞ ഭൂമി സംതൃപ്തയായപോലെ ചിരിക്കും... പക്ഷെ, ഉള്ളിൽ ചൂടായിരിക്കും. മഴയ്ക്ക് തണുപ്പിക്കാനാവാത്ത ചൂട്! സൂര്യൻ ഉദിച്ചുയരുമ്പോൾ ഭൂമി വീണ്ടും പഴയപോലെയാകും. ഒരിക്കലും ദാഹം തീരാത്ത ഭൂമി.. കോൺക്രീറ്റാൽ ആവരണം ചെയ്ത ഭൂമി..
അങ്ങിനെ പോകുന്നു മഴ കഥകൾ..
ശരിക്കും ഉള്ള മഴ ടീവീലും കമ്പ്യൂട്ടറിലും ഒക്കെ കണ്ട് നമുക്ക് പഴയ കാലം അയവിറക്കാം...പിന്നെ മഴയെ കുറിച്ചുള്ള പാട്ടുകൾ കേൾക്കാം..
ഈയ്യിടെ ഒരു മഴപാട്ട് അങ്ങിനെ റിപ്പീറ്റിൽ ഇട്ട് കേൾക്കുമ്പോൾ ശരിക്കും മഴ കണ്ട പ്രതീതി.. അനുഭവിച്ച പ്രതീതി.. (മഴകൊണ്ടുമാത്രം മുളക്കുന്ന വിത്തുകൾ..' എന്ന പാട്ട്. അതിവിടെ പാടാൻ പറ്റില്ല! കോൺക്രീറ്റ് തറയല്ലേ..)
ഹും! സാരമില്ല മഴ സമയത്തിനു കിട്ടാതെ ചൂടിൽ വെന്തു മരിക്കുന്ന മനുഷ്യരും മരങ്ങളും ഒക്കെ അധികരിച്ചു വരുമ്പോൾ നൊസ്റ്റാൾജിക്‌ ആയി മഴയെപ്പറ്റി അങ്ങിനെ എഴുതി ആർമാദിക്കാനൊന്നും പാടില്ല. അത് അഹങ്കാരമാകും.. വല്ലപ്പോഴും കിട്ടുന്ന മഴയിൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശീലിക്കണം മരങ്ങളും മനുഷ്യരും ഭൂമിയും ഒക്കെ..
മരങ്ങൾ വെട്ടിനശിപ്പിച്ചും, കോൺക്രീറ്റുകൾ കെട്ടിപ്പൊക്കിയും ഒക്കെ മഴയെ ഇല്ലാതാക്കുന്നതും നാമല്ലെ, പിന്നെ എന്തിനുവേണ്ടി നാം വെറുതെ മഴപാട്ടുകൾ പാടുന്നു..!!
എങ്കിലും.. ഭൂമിയുടെ ചില വിള്ളലുകളിലൂടെ മഴ ഊര്‍ന്നിറങ്ങും.. ഉള്ളില്‍ മുളക്കാതെ കിടന്ന വിത്തുകള്‍ മുളപൊട്ടാന്‍ തുടങ്ങും.. ഒടുവില്‍ മുകളില്‍ കോണ്‍ക്രീറ്റില്‍ ചെന്ന് മുട്ടി കുഴഞ്ഞുവീഴും.. ഒരിക്കലും വെളിയില്‍ വരാനാകാതെ ഒടുവില്‍ മണ്ണായി മാറും..
മഴകള്‍ അത് ഭൂമിയില്‍ എന്തെല്ലാം വ്യതാസങ്ങള്‍ കൊണ്ടുവരുമെന്നോ? ഭൂമി ഒരു കോമാളിയായി പാട്ടുകള്‍ പാടി നടക്കും.. പിന്നെ സ്വയം നഷ്ടപ്പെട്ടവളെപ്പോലെ മൂ‍കയായി ഇരിക്കും..
പിന്നെ വെയില്‍ താങ്ങാനാകാതെ ഉരുകുമ്പോള്‍ വെറുതെ ഓര്‍ക്കും.. മുളപൊട്ടിയിട്ടും കിളിര്‍ക്കാന്‍ കഴിയാത്ത വിത്തുകളെയോര്‍ത്ത് നെടുവീര്‍പ്പിടും..
പിന്നെ സമാധാനിക്കും.. തന്റെ സ്ഥായിയായ ഭാവം കൈവരിക്കും.. നിസ്സംഗതയുടെ ആവരണവുമിട്ട് .. മഴവരുമ്പോള്‍ നനയാനും പിന്നീട് വരുന്ന വെയിലില്‍ ഉരുകാനും ഒക്കെ സ്വയം പര്യാപ്തയാക്കിക്കൊണ്ട്..നിസ്സഹായയായ ഭൂമി!
ഭൂമി അഹങ്കാരിയായതുകൊണ്ടാണൊ ഇങ്ങിനെയൊക്കെ?!
അതൊ അബലയായതുകൊണ്ടോ?!
അതോ അറിവില്ലാത്തവളായതുകൊണ്ടോ?!
ഭൂമിക്കു തന്നെ അറിയില്ല..ഒന്നും.. ഒന്നും..

This entry was posted on 11:25 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments