ഇത്തിരി വെട്ടം!  

Posted by Askarali

നമ്മള്‍ തമ്മില്‍ കണ്ടിട്ട് ഒത്തിരി ദിവസങ്ങള്‍ ആയി അല്ല്യോ ബ്ലോഗേ! സാരമില്ല.. ഓരോ ദിവസത്തെയും ഹൈലൈറ്റ് ചിന്തകള്‍ എല്ലാം ഡ്രാഫ്റ്റില്‍ ശേഖരിച്ചു വച്ചിട്ടുണ്ട്.. തപ്പിത്തിരഞ്ഞ് നല്ലതുനോക്കി ഞാന്‍ എടുത്തുകൊണ്ടു വരാം..മ്ഏ..?
ഓ. കെ?

ആദ്യം കിട്ടിയത് ബ്ലോഗേ നിന്നെക്കുറിച്ചുള്ള ഒരു ചിന്തയായിരുന്നു.. അത് പോസ്റ്റട്ടെ ആദ്യം...

ദിയയുടെ കമന്റു കണ്ട്, ബ്ലോഗെഴുതാന്‍ രണ്ടുമൂന്നു പ്രാവശ്യം വന്നു.. പക്ഷെ എന്തോ, ഒരു ബലം കിട്ടുന്നില്ല! ബ്ലോഗെഴുതാനും കരുത്ത് വേണോ എന്നു ചോദിച്ചാല്‍, ഈ ഭൂമിയില്‍ എന്തുചെയ്യണമെങ്കിലും വേണം കരുത്ത്! ചപ്പാത്തി ഉണ്ടാക്കണമെങ്കില്‍പ്പോലും!.. മാവ്, അളവിനു വെള്ളം, പിന്നെ അത് കുഴക്കുന്ന രീതി, പിന്നെ അതിന്റെ ഷേപ്പ്, ഒടുവില്‍ അത് പാകത്തിനു ചുട്ടെടുക്കല്‍, അതും കഴിഞ്ഞ് ഒരു തൊട്ടുകൂട്ടാന്‍ കറി, എല്ലാം കഴിഞ്ഞ് ആരെങ്കിലും അത് കഴിച്ച് ‘ഉം തരക്കേടില്ല..’ എന്നുകൂടി കേട്ടാലേ ചപ്പാത്തി ഉണ്ടാക്കിയെന്ന് നമുക്ക് സമാധാനിക്കാന്‍ പറ്റൂ !

ഒരു പ്രാസംഗികനായാലും നടനായാലും ഒക്കെ വേണം കരുത്ത്. പ്രാസംഗികനു വേദിയില്‍ കയറാനുള്ള ചങ്കൂറ്റം, കയ്യടിയാണേലും കല്ലേറായാലും സമചിത്തതയോടെ ഏല്‍ക്കാനുള്ള കരുത്ത്.
നടനായാല്‍ മുഖത്ത് എക്സ്പ്രഷന്‍ വരുത്തണം.. പിന്നെ അത് ക്യാമറയില്‍ പകര്‍ത്താനായോ എന്ന് ഉറപ്പു വരുത്തണം.. ആകെമൊത്തം ഒടുവില്‍ കാണികള്‍ അത് അക്സപ്റ്റ് ചെയ്യും വരെ പിടിച്ചു നില്‍ക്കാന്‍ ഒരു മാനസിക ബലം വേണം.

ഈ ബ്ലോഗെഴുത്തും അതുപോലെയൊക്കെയാണ്. ഐഡിയ തോന്നണം.. അത് ഏതു വിധത്തില്‍ എഴുതണം, വായിക്കുന്നവര്‍ക്ക് അത് ഇഷ്ടപ്പെടുമോ!, അവര്‍ കമന്റിട്ട് പ്രോത്സാഹിപ്പിക്കുമോ!,
കമന്റേ ഇടാതെ ഓടിപ്പൊയ്ക്കളയുമോ!, എന്നിങ്ങനെ നിരവധി പ്രശ്നങ്ങള്‍ നേരിടാനുള്ള കരളുറപ്പുണ്ടെങ്കിലേ ബ്ലോഗെഴുതാന്‍ തുടങ്ങാവൂ..

പറഞ്ഞു വന്നത്.. പനിയൊക്കെ ഒരു വിധം വിട്ടുമാറിയെങ്കിലും ആ കരളുറപ്പ് വരുന്നില്ലാ..
അതുകൊണ്ട് വെയിറ്റ് ചെയ്യാമെന്നു കരുതി..

ഇനി ഒരു ചെറു കഥ

എത്ര പെട്ടെന്നാണ് സുഖദുഃഖങ്ങള്‍ മാറി മാറി വരുന്നത്! അല്പം മുന്‍പ് വരെ വല്ലാത്ത ബോറഡിയായിരുന്നു.. ഇപ്പോള്‍ പ്രതീക്ഷയുടെ ഒരു പൊന്‍‌കിരണം കിട്ടിയിരിക്കുന്നു! ഒരു തുളസിത്തൈ കോണ്‍ക്രീറ്റിനിടയിലൂടെ വളരാന്‍ നോക്കുന്നു! പാവം അതിനെ വൈകിട്ട്, സാവധാനം..വേരൊന്നും പൊട്ടാതെ പിഴുതെടുത്ത്, നല്ല മണ്ണില്‍ കുഴിച്ചുവയ്ക്കണം.. പിന്നെ മറ്റൊരു തുളസി ചായ്ഞ്ഞ് കിടക്കുന്നു.. അതിനെ നേരേ നിര്‍ത്തണം.. ഇപ്പോള്‍ സമയം നന്നല്ല, മാറ്റിനട്ടാല്‍ ഉടന്‍ അവയ്ക്ക് വെയിലിനെ ചെറുത്തുനില്‍ക്കാനാവില്ല.. വാടിപ്പോയേക്കും.. അതുകൊണ്ട് സന്ധ്യയാകട്ടെ.. അതുവരെ കാക്കാം.. ഇത്രയൊക്കെ പോരേ സന്തോഷിക്കാന്‍!! വേറെ സന്തോഷിക്കാന്‍ ഒരു വഴിയും കാണുന്നില്ല.. ‘നിസ്സംഗത്വേ സത്സംഗത്വം..’ എന്നൊക്കെപ്പറഞ്ഞ് ഒതുങ്ങിക്കൂടാന്‍ തുടങ്ങി മീര.

ദൈവത്തിനെ പ്രാര്‍ത്ഥിച്ചു. ഒരു ചായയിട്ടു കുടിക്കും മുന്നേ ഒരിക്കല്‍ക്കൂടി പൂജാമുറിയെ നോക്കി.. അടുത്തു ചെല്ലാന്‍ പറയും പോലെ! ‘എപ്പോഴും അങ്ങനെ അടുത്തു വരുന്നതെന്തിന്?! അവിടെയിരുന്നും കാണാമല്ലൊ!.. അല്ലെങ്കില്‍ വന്നേക്കാം.. എന്റെ ആപത്തുകാലത്തെല്ലാം ധൈര്യം തന്നത് അങ്ങല്ലേ.’എന്നൊക്കെ പറഞ്ഞ് മീര ഒരിക്കല്‍ക്കൂടി പോയി നമസ്കരിച്ച് വന്ന് ചായകുടിയൊക്കെ നടത്തിയിരിക്കുമ്പോള്‍..‍

അപ്രതീക്ഷിതമായി ഒരു ഫോണ്‍ കാള്‍!
‘അമ്മേ ഞാന്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായി!’
(ങ്ഹേ! കേള്‍ക്കുന്നത് സത്യമോ?! മനസ്സില്‍ അനുവാദം ചോദിക്കാതെ വീണ്ടും സന്തോഷം നുരയിടുന്നു!) ‘എടാ നീ എന്നാലും പറയാതെ പോയി പറ്റിച്ചു കളഞ്ഞല്ലോ’-മീര
‘പറഞ്ഞാല്‍ എനിക്കു ടെന്‍ഷന്‍ വരുമെന്ന് ഭയന്നാ പറയാതിരുന്നത്’- മകന്‍
‘ഏതിനും പാസ്സായല്ലൊ, മിടുക്കന്‍..ഇതുപോലെ ആത്മവിശ്വാ‍സത്തോടെ ഓരോന്ന് ചെയ്യുക..’
സന്തോഷം വീണ്ടും കുമിയുന്നു! ഇത് തനിക്ക് അര്‍ഹതപ്പെട്ട സന്തോഷം തന്നെയല്ലേ ദൈവമേ!
എങ്കിപ്പിന്നെ ഞാന്‍ സന്തോഷിച്ചോട്ടേ? ശാന്തമാകൂ മനസ്സേ.. ശാന്തമാകൂ..

അല്പം മുന്‍പ് വരെ നിരാശയുടെ പടുകുഴിയില്‍ ആയിരുന്നു.. ഇപ്പോള്‍ തന്റെ കൊച്ചു കളിയോടത്തിനെ നയിക്കാന്‍ ഒരു കൈകൂടി! ആ കൈയെ ബലമാക്കിയതിനും നന്ദി! നന്ദി! നന്ദി!..
നല്ല കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുമ്പോഴാണോ നമ്മള്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത്?
അതോ, നല്ല കാര്യങ്ങള്‍ ചെയ്യുമ്പോഴാണോ നല്ല കാര്യങ്ങള്‍ സംഭവിക്കുന്നത്?! മീര ദിവസത്തെ ഒന്ന് റീവൈന്റ് ചെയ്തുനോക്കി... ഇന്നലെ അമ്മയോടും അച്ഛനോടും മര്യാദയോടെയും സ്നേഹത്തോടെയും സംസാരിച്ചു, ഭര്‍ത്താവിനെ മാനിച്ചു സംസാരിച്ചു, ഇന്ന് മകള്‍ പോകുമ്പോള്‍ ആദ്യം അകത്തുള്ള ദൈവത്തെ വന്ദിച്ചു. പിന്നെ വെളിയില്‍ തറയില്‍ തൊട്ടു തൊഴുതു. അവള്‍ ടെസ്റ്റിനാണു പോകുന്നതെന്ന് പറഞ്ഞില്ലായിരുന്നു. എന്നിട്ടും പതിവായി ചെയ്യുന്നപോലെ തൊഴുതു. ആകെപ്പാടെ താന്‍ നല്ല കര്‍മ്മങ്ങളായിരുന്നു ചെയ്തിരുന്നത്!

മീരക്ക് വീണ്ടും ദൈവത്തിനോട് ഒരു പ്രത്യേക സ്നേഹവും നന്ദിയും വന്ന് നിറഞ്ഞു! മീര ദൈവത്തിന്റെ മുന്നില്‍ ചെന്നു നിന്നു.. ഇപ്രാവശ്യം കുറെ പുഷ്പങ്ങളും കൂടി പറിച്ച് മുന്നില്‍ വച്ച് അദ്ദേഹത്തിനു കുറേക്കൂടി പ്രീതിപ്പെടുത്തി.

അപ്പോള്‍ വീണ്ടും ഫോണ്‍!
‘അമ്മേ എനിക്ക് ഫീസ് അടയ്ക്കണം.. ഇന്നു വേണോ നാളെ മതിയോ?’
‘ഇന്നു തന്നെ കൊടുക്കാം..അമ്മ ഒരു ടാ‍ക്സി എടുത്ത് ഉടന്‍ വരാം‍’.
മീര വീടൊക്കെ ഒരുവിധം ഒതുക്കി, ടാക്സി വിളിച്ച് , ‘ഡ്രൈവിങ്ങ് സെന്ററില്‍ പോകണം..’ എന്നും പറഞ്ഞ് കയറിയിരുന്നു..

ഹൃദയത്തില്‍ നുരയിടുന്ന സന്തോഷത്തില്‍ ഉന്മത്തയായി ഇരിക്കുമ്പോള്‍ ഡ്രൈവര്‍ ‍ ചോദിച്ചു,
‘ഈ വഴി പോയാല്‍ മതിയോ, അതോ മറ്റേ വഴി എടുക്കണമൊ?’
‘ഏതുവഴി എടുത്താലും മതി.. ശരിക്കും പറഞ്ഞാല്‍ എനിക്ക് വഴി നന്നായറിയില്ല.. ഞാന്‍ ഒരിക്കലേ ഇവിടെ വന്നിട്ടുള്ളൂ.. എന്റെ മകന്‍ അവിടെ വെയിറ്റ് ചെയ്യുന്നു..’
‘ഓ! മകന്‍ ടെസ്റ്റില്‍ പാസ്സായി കാണും. കാശടക്കണം അല്ലെ?’
(ഇയ്യാള്‍ക്ക് മനുഷ്യരുടെ മനസ്സും ലോകകാര്യങ്ങളും ഒക്കെ എങ്ങിനെ അറിയാം? പക്ഷെ, ജ്ഞാനദൃഷ്ട്യാ അയാള്‍ കണ്ടുപിടിച്ച കാര്യങ്ങള്‍ ശരിയല്ല എന്നു പറയാനും ഒരു മടി)
‘അതെ!’
‘അപ്പോള്‍ ഇനി അടുത്തപ്രാവശ്യം ടാക്സി ഒന്നും വിളിക്കണ്ടല്ലൊ മകനോടൊപ്പം പോകാമല്ലൊ’
പെട്ടെന്ന് മീരയ്ക്ക് ‍ ലജ്ജവന്നു നിറഞ്ഞു. തന്റെ ലഞ്ജ! മുന്നില്‍ ഇരിക്കുന്ന ചീനന്‍ സായ്‌വ് എങ്ങിനെ കാണും?! പ്രകടമാക്കിയാലല്ലെ പറ്റൂ ..! അതുകൊണ്ട് പറഞ്ഞു,
‘ഓ! കിട്ടിയാലും ഉടന്‍ ഓടിക്കുകയൊന്നും ഇല്ല, ഹി.. ഹി..’
‘എന്നാലും താമസിയാതെ..’ അയാള്‍ വിടുന്ന മട്ടില്ല!
മോനു കണ്ണുകിട്ടാതെ അയാളുടെ ശ്രദ്ധ ഡൈവേര്‍ട്ട് ചെയ്യാനും കൂടിയായി പറഞ്ഞു,
‘പക്ഷെ, എനിക്കും ലൈസന്‍സുണ്ട്. 20 വര്‍ഷം മുന്‍പേ കിട്ടി.. പക്ഷെ, സ്വന്തമായി വണ്ടിയില്ലാതെ..(എങ്ങും പോകാനില്ലാതെ..)..അല്ല, എനിക്ക് ഈ രാജ്യത്തെ റൂള്‍സ് ആന്റ് റഗുലേഷന്‍സ് ഒന്നും അറിയില്ലാതാനും.. അന്യ രാജ്യമല്ലെ?’
‘ശരിയാണ്.. നിങ്ങളും കൂടി ഓടിക്കണ്ട.. എങ്കില്‍ പിന്നെ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ജോലിയൊന്നും കിട്ടില്ല’ (‘നിങ്ങളുടെ മുടിഞ്ഞ ടാക്സി ഫെയര്‍ കൊടുത്ത് ഒരു നിവര്‍ത്തിയുണ്ടെങ്കില്‍ ഇതില്‍ കയറില്ല’ എന്ന് പറയാന്‍ തോന്നി. പിന്നെ മാന്യത കൈവരിച്ചു. നല്ല ഒരു കാര്യത്തിനു പോവുകയല്ലെ)
തന്റെ ഭര്‍ത്താവു തനിക്ക് വണ്ടിയോടിക്കണം എന്നു പറയുമ്പോള്‍ ഒരുദാഹരണ കഥ പറ്ഞ്ഞ് തനിക്ക് ആത്മവിശ്വാ‍സം തരുന്നപോലെയായല്ലൊ ദൈവമെ ഇങ്ങേരും.. മീര ഓര്‍ത്തു..

ഭര്‍ത്താവ് പറയും, ‘നിനക്ക് വണ്ടി കിട്ടിയാല്‍ നീ തുളസി അങ്കിളിനെപ്പോലെയായിരിക്കും ഓടിക്കുക.
തുളസി അങ്കിള്‍ ലൈസന്‍സ് എടുക്കാന്‍ പോയപ്പോള്‍ ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ഡ്രൈവിങ് ഇന്‍സ്റ്റ്രക്റ്റര്‍ പറഞ്ഞപ്പോള്‍ അതു അനുസരിച്ചില്ല. കാര്യം തിരക്കിയപ്പോള്‍ ‘അത് ഒരു സ്ത്രീയല്ലെ, അവരെ ഓവര്‍ടേക്ക് ചെയ്യുന്നത് മര്യാദകേടല്ലെ?’ എന്ന് വിനയപൂര്‍വ്വം പറഞ്ഞു.
അതോടെ അദ്ദേഹത്തിനെ ലൈസന്‍സ് മോഹം മണ്ണടിഞ്ഞു.
(ഈ കഥ പല ഈണത്തിലും താളത്തിലും റിപ്പീറ്റ് ചെയ്ത് കേള്‍പ്പിച്ചാണ് മീരയെ ഒതുക്കിയിരിക്കുന്നത്.)

ആദ്യമാദ്യം മറ്റൊരു കഥയായിരുന്നു.. ‘നിനക്ക് ഹനീഫ അങ്കിളിനെ അറിയാമോ?, ങ്ഹാ! , ഒരുകാലത്തെ ഇവിടത്തെ മുന്തിയ പണക്കാരനായിരുന്നു. എന്തൊരു പത്രാസായിരുന്നു.. പാര്‍ട്ടിയും ഒക്കെയായി.. ഭാര്യയും വണ്ടിയൊക്കെ ഓടിക്കുമായിരുന്നു.. ഇപ്പോള്‍ എല്ലാം പോയി. ഇന്നാളില്‍ അവര്‍ ബസ്റ്റോപ്പില്‍ നില്‍ക്കുന്നു, ബസ്സില്‍ പോകാന്‍..പാവം മകന്‍ പഠിച്ചതുകൊണ്ട് രക്ഷപ്പെട്ടു..’
കുറച്ചുകൂടി നന്നായി അടിച്ചമര്‍ത്തണമെങ്കില്‍ കഥയുടെ എന്റില്‍ ഒരു ആത്മഗതവും നടത്തും..“പാവം ഭാര്യയുടെ ചൊല്‍പ്പടിക്കു നിന്നതുകൊണ്ടാണ്/ധാരാളിത്തം കൊണ്ടാണ് നശിച്ചുപോയത്.”

മീരയുടെ മനസ്സാ‍ക്ഷി അത് കേട്ട് കരയും.. ‘ഞാന്‍ തുളസി അങ്കിളല്ല..ഞാന്‍ ഹനീഫ അങ്കിളിന്റെ ഭാര്യയും അല്ല. ഞാന്‍ വെറും മീരയാണ്. എനിക്ക് ധാരാളം കഴിവുകളുണ്ട്.. മറ്റുള്ളവരെ നശിപ്പിക്കാതിരിക്കാനുള്ള വകതിരിവുണ്ട്.. എല്ലാം ഇങ്ങിനെ അടിച്ചമര്‍ത്തുന്നതെന്തിന് ?’ (ആത്മരോദനം..)
ഹും! വിവാഹം വരെ അച്ഛനമ്മമാര്‍ കഷ്ടപ്പെട്ട് വളര്‍ത്തിയെടുക്കുന്ന പെണ്മക്കളുടെ ആത്മവിശ്വാസവും കഴിവും ഒക്കെ വിവാഹശേഷം ഇങ്ങിനെ നിഷ്ടൂരമായി തകര്‍ക്കാന്‍ ആവുന്നു മനുഷ്യര്‍ക്ക്! (ആത്മരോക്ഷം!)
ഭാര്യമാരാണ് ഒരാളുടെ നാശത്തിനു കാരണമെങ്കില്‍ ഭാര്യമാരായിരിക്കണമല്ലൊ വിജയത്തിനും കാരണം?! - ഭാര്യമാരുടെ അടിമത്തമാണോ വിജയത്തിനാധാരം?! ഹും! മാതാപിതാക്കളുടേ ഉപദേശം ശിരസ്സാ വഹിക്കുന്ന മകന്‍..! ഇങ്ങിനെ പല പ്രധിഷേധശബ്ദങ്ങളും മീരയുടെ തലച്ചോറില്‍ ഉദിച്ചസ്തമിക്കും..

മീര ആത്മഗതത്തില്‍ നിന്നുണര്‍ന്നു..ട്രൈവിംഗ് സെന്ററില്‍ എത്തി. മകന്‍ കാത്തു നില്‍പ്പുണ്ട്.. !സന്തോഷം കൊണ്ട് വിടര്‍ന്ന മുഖം. മീരയുടെ സന്തോഷം ഇരട്ടിപ്പിച്ചു. തിരിഞ്ഞു നോക്കി, പഹയന്‍ ഡ്രൈവര്‍ കാണുന്നില്ലെന്ന് ഉറപ്പുവരുത്തി മകനെ നോക്കി ചിരിച്ചു.

ക്യൂവില്‍ വളരെ നേരം ഇരുന്ന്.. (ഇപ്പോള്‍ മിക്കയിടത്തും നില്‍ക്കണ്ടല്ലൊ, ഡീസന്റ് ആയി ഇരുന്നാല്‍ മതി) ഒടുവില്‍ നമ്പര്‍ കത്തിയപ്പോള്‍ വയറും കത്തിയെരിഞ്ഞ മണം വരുന്നുണ്ടായിരുന്നു.. അതു കുറയ്ക്കാന്‍ വേണ്ടി കൂട്ടുകാരെപ്പോലെ ഓരോന്നും പറഞ്ഞിരിക്കുമ്പോള്‍ ഓര്‍ത്തു..
അവന്‍ സംസാരിക്കുന്ന ഭാക്ഷ ഇംഗ്ലീഷ്, താന്‍ തിരിച്ച് മലയാളം പറയുന്നു! (ഏതു ഭാക്ഷയാണ് ഉപയോഗിക്കുന്നത് എന്നുപോലും വിസ്മരിച്ച്! ഒരുപക്ഷെ, അതിലേറേ പറയുന്ന കാര്യത്തില്‍ ശ്രദ്ധിക്കുന്നതുകൊണ്ടാകും); അവന്‍ തീരെ ചെറുപ്പം, തനിക്ക് മധ്യവയസ്സ്! അവന്‍ ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നു, താന്‍‍ തനി കേരളത്തില്‍.. ഇങ്ങിനെ പല വൈരുധൈങ്ങളും ഉണ്ടെങ്കിലും തങ്ങള്‍ക്കെങ്ങിനെ ഒരുപോലെ പല ദൃശ്യങ്ങളും വിലയിരുത്താനാകുന്നു!!
‘ഇന്ന് എന്റെ കൂടെ വന്നവര്‍ എല്ലാരും പാസ്സായി അമ്മെ?!’
‘എന്റെ കൂട്ടുകാരനും വീട്ടില്‍ പറയാതെയാണു വന്നത്.. കഴിഞ്ഞ പ്രാവശ്യം പറഞ്ഞിട്ടു വന്നപ്പോള്‍ തോറ്റുപോയത്രെ!’, അങ്ങിനെ ഓരോ കാര്യങ്ങള്‍..

ഒടുവില്‍ കാശ് ഇടാന്‍ മെഷീന്റെ അടുത്തുപോയപ്പോള്‍ ഇടുന്നതിനു പകരം ഉള്ളതും കൂടി വെളിയില്‍ എടുത്തു! ഒരു ചെറിയ സ്വിച്ചിന്റെ വ്യത്യാസത്തില്‍ എന്തെല്ലാം അല്‍ഭുതങ്ങള്‍ ഈ ലോകത്തില്‍ സംഭവിക്കാനിരിക്കുന്നു എന്റെ ദൈവമേ!

കത്തിക്കരിയുന്ന വയറിന്റെ എരിച്ചിലിനിടയിലും, ഹൃദയം വല്ലാതെ ആര്‍മാദിക്കുന്നുണ്ടായിരുന്നു.. വാസ്തവത്തില്‍ മകനാണോ ലൈസന്‍സ് കിട്ടിയത് തനിക്കാണോ? ഒരു കണ്‍ഫ്യൂഷന്‍!

തനിക്കു കിട്ടാതെ പോയ ഭാഗ്യങ്ങള്‍ മക്കളെങ്കിലും അനുഭവിക്കുന്നത് കാണാനും ഒരു ത്രില്‍..
മീര മകനോടൊപ്പം നേരേ ഫുഡ്സ്റ്റോളിലേക്ക് നടന്നു...

[ശരിക്കും പറഞ്ഞാല്‍ ഈ കഥയല്ലായിരുന്നു പബ് ളീഷ് ചെയ്യാന്‍ വന്നത്.. മറ്റൊരു കഥ..
പക്ഷെ ധൈര്യം അല്പം കുറവ്.. അതുകൊണ്ട് മാറ്റിവച്ചു..]

This entry was posted on 4:12 AM and is filed under , . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments