ബ്ലോഗ്.. ചെടി.. മനസ്സമാധാനം..  

Posted by Askarali

ആത്മ ഒന്നു തീരുമാനിച്ചുറച്ചു! എന്തുവന്നാലും ബ്ലോഗ് എഴുതിക്കൊണ്ടേ ഇരിക്കും എന്ന്..കമന്റ് കിട്ടുമോ ഇല്ലയോ എന്ന ടെൻഷൻ പാടെ ഉപേക്ഷിക്കാൻ പോകുന്നു.. (കമന്റ് കിട്ടുന്നത് ഒക്കെ ഒരു ഭാഗ്യക്കുറി കിട്ടുന്നപോലെ എന്നു കരുതി വല്ലപ്പോഴും ഒക്കെ സന്തോഷിക്കുകയും ചെയ്യാമല്ലൊ!)
ബ്ലോഗ് എന്നും എഴുതും എന്നു തീരുമാനിക്കാൻ കാരണം, ഇപ്പോൾ എല്ലാവരും ട്വിറ്റർ, എന്നൊക്കെ പറഞ്ഞ് കൊച്ചു കൊച്ച് കാര്യങ്ങൾ എഴുതി കൂട്ടുകാരോടൊക്കെ ഷെയർ ചെയ്യുന്നില്ലേ.. അതുപോലെ ആത്മയ്ക്ക് പ്രത്യേകിച്ച് കൂട്ടുകാരില്ലെങ്കിലും അജ്ഞാതരായ ആരെങ്കിലുമൊക്കെ അറിയാനും വായിക്കാനും എന്നപോലെ എഴുതാൻ ഒരു രസം.. ട്വിറ്ററിൽ കുറച്ചല്ലേ എഴുതാൻ പറ്റൂ.. തൽക്കാലം ഈ ബ്ലോഗ് ഒരു വലിയ ട്വിറ്റർ ആയി കണക്കാക്കിയാലും മതി..
ഇന്നലെ തീരെ മനസ്സമാധാനമില്ലായിരുന്നു ബ്ലോഗേ.. കാരണം സ്ഥിരമായി പോയി വായിക്കുന്ന ഒരു പേജ് ഇന്നലെ ശൂന്യമായി കിടക്കുന്നു! എന്തുപറ്റീ എന്നും കരുതി ഇമാജിനേഷനോട് ഇമാജിനേഷൻ.. ഈ ഇമാജിനേഷൻ നടത്താൻ നികുതിയോ ലൈസൻസോ പ്രായപരിധിയോ ഒന്നും ഒന്നും വേണ്ടാത്തതാണ് ഒരു കഷ്ടം! അങ്ങിനെ ആലോചിച്ചാലോചിച്ച് തല പുണ്ണായപ്പോൾ പിന്നെ പോയി കിടന്ന് ഉറങ്ങി..
ഇന്ന് രാവിലെ നല്ല തലവേദന! പക്ഷെ, ബ്ലോഗെഴുതാതെ ജീവിക്കാൻ പറ്റുമോ?! സാധാരണ മനുഷ്യരെ ഒരുദിവസം കണ്ടില്ലെങ്കിലും സഹിക്കാം.. ഒരുദിവസം കുളിച്ചില്ലെങ്കിലും ഉറങ്ങിയില്ലെങ്കിലും സഹിക്കാം.. ബ്ലോഗിൽ സ്ഥിരമായി സംഭവിക്കുന്നതൊന്നും സംഭവിച്ചില്ലെങ്കിൽ മനസ്സിന് എന്തൊരാക്രാന്തമാണെന്നോ?!
ഇനി അല്പം കഴിഞ്ഞ് ഒരു ചെമ്പകം എടുത്ത് മാറ്റി നടണം. പണ്ട് വളരേ മോഹത്തോടെ പോയി വാങ്ങി നട്ടതാണ്.. ഇന്നാളിൽ ഒരാൾ വീട്ടിൽ വന്ന് പറയുകയാണ്, ചെമ്പകം വീട്ടിൽ നടുന്നത് വീട്ടമ്മയ്ക്ക് ദോഷമാണത്രെ! ഇത്രയും നാൾ, “എന്നു പൂക്കും? എന്നു പൂക്കും? എന്നും ചോദിച്ച് അടുത്ത് ചെന്നിരുന്ന് കിന്നാരം പറഞ്ഞിരുന്ന വീട്ടമ്മ തന്നെ അതിനെ ഇനി മാറ്റി നട്ടും പിഴുതും ഒക്കെ കഷ്ടപ്പെടുത്തണമല്ലൊ എന്ന ദുഃഖം..” പിന്നെ കുറെ സ്വപ്നങ്ങൾ തകർന്നതിന്റെ വിഷമം!
ഒരു ചെമ്പകം ഒരു വിധം മരമായി നിൽക്കയാണ് അത് പൂത്തു തുടങ്ങീട്ട് വേണം ‘ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടിൽ പണ്ടൊരിക്കലൊരു വീട്ടമ്മ..’ എന്നൊക്കെ പറഞ്ഞ് അതിന്റെ മൂട്ടിൽ ചെന്നിരുന്ന് സ്വപ്നം കണ്ട്.. അതിന്റെ പൂ‍മണത്താൽ ഉന്മത്തയായി സകലതും മറന്ന് ഇരിക്കാൻ, എന്നൊക്കെയുള്ള വ്യർത്ഥമോഹങ്ങൾ തകർന്നതിന്റെ ഒരു വിഷാദം.. അങ്ങിനെ ഒരുപാട് സ്വപ്നങ്ങൾ ഈ ചെമ്പകത്തെ പറ്റി നെയ്തതായിരുന്നു. ചെമ്പകത്തോടൊപ്പം എല്ലാം തകരും...
ഈ പറച്ചിലുകാരെ കൊണ്ട് തൊറ്റു..! ഇന്നാളിൽ ഒരാൾ പറഞ്ഞു, നാരകം നട്ടാൽ ഒരുപക്ഷെ നാരകം പട്ടുപോയാൽ നട്ടയാളും പട്ടുപോകുമത്രെ! പിറ്റേന്ന് തന്നെ നാരകം മൂടോടെ പൊക്കിയെടുത്ത് വെളിയിൽ കൊണ്ടു വച്ചു. സത്യത്തിൽ, ‘ആരും തൊടരുത്.. നടരുത്..’ എന്നൊക്കെ ഒരു പരസ്യം കൊടുക്കേണ്ടതായിരുന്നു. പക്ഷെ, എന്തോ മനസ്സ് കേൾക്കുന്നില്ല അന്ധവിശ്വാസമില്ലാത്തോരെങ്കിലും ജീവിച്ചോട്ടെ എന്നു കരുതിയാകും(?)
പിന്നെ കേട്ടു (ഫെൺഷൂയി), വാഴ നല്ലതല്ല, നെഗറ്റീവ് എനർജി തരും.. കടലാസ് ചെടി നല്ലതല്ല.. റോസ് തുടങ്ങി മുള്ളുചെടികൾ ഒക്കെ മനുഷ്യർക്ക് ദോഷം വരുത്തും അത്രെ! അതു പിന്നെ ശരിയായിരിക്കാം.. മുള്ളുകുത്തുമെന്ന് വീട്ടിലുള്ളവർക്കും പുറത്തുനിന്ന് വരുന്നവർക്കും ഭയക്കേണ്ടല്ലൊ.
പിന്നെ, ഒരു മുരിങ്ങ നടാമെന്നു വച്ചാൽ അതും ദോഷമാണത്രെ! ഇനീം ഉണ്ട്..
ദോഷം പറയുമ്പോൾ ഗുണങ്ങളും പറയണ്ടേ?.. ചെമ്പരത്തി, പിച്ചി, മുല്ല, തുടങ്ങി നിർദോഷമായ ചെടികൾ ധാരാളം ഉണ്ട്...
ഇപ്പോൾ മതിയാക്കുന്നു... പ്രത്യേകിച്ച് വിഷയങ്ങളൊന്നുമില്ലാതെ ബ്ലോഗെഴുതുമ്പോൾ വലയുന്നത് ഒടുവിലാണ്.. തലേക്കെട്ട് ആലോചിച്ച്.. ഇതിനെ തൽക്കാലം നമുക്ക് ബ്ലോഗ് ചെടി മനസ്സമാധാനം എന്നൊക്കെ വിളിക്കാം അല്ലെ,

This entry was posted on 11:23 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments