ഒരു സ്വപ്നം പോലെ...  

Posted by Askarali

“അമ്മാ..”
“അമ്മാ...”
കുറച്ചുകൂടി ഉച്ചത്തിൽ, “അമ്മാ....”
ഇനിയും വളരെ ശബ്ദം ഉയർത്തി, “അമ്മാ.....”
സമയം രാവിലെ ഒൻപത് മണി!
ആരാണ് ഈ സമയം ഇത്ര ദയനീയമായി ഓരിയിടുന്നപോലെ നിലവിളിക്കുന്നത്?!
ആ പച്ച അഴികളുള്ള വീട്ടിലെ സ്ത്രീയാണ്! വളരെ ശാന്തസ്വഭാവ, വീടും കുട്ടികളും മാത്രം ഉള്ള ഒരു ലോകത്തൊതുങ്ങിക്കഴിയുന്ന ഒരു പാവം സ്ത്രീ..
രണ്ട് ദിവസമായി രാവിലെ ആ സ്ത്രീ വളരെ സന്തോഷപൂർവ്വം ഒരു അമ്മയെയും കുഞ്ഞിനെയും ടാക്സിയിൽ കയറ്റി “റ്റാ റ്റാ..” പറഞ്ഞ് തിരിച്ച് വീട്ടിനകത്ത് കയറുന്നത് കാണുന്നുണ്ട്.. പിന്നെ പോയി കമ്പ്യൂട്ടറിനു മുന്നിലിരുന്ന് കാര്യമായി എന്തൊക്കെയോ എഴുതുന്നുണ്ട്.. അവരുടെ മുഖത്ത് പ്രത്യേക ഒരു ആനന്ദം തിരിച്ചറിയാനും ഉണ്ട്.
എന്തിനായിരിക്കാം അവർ ഇപ്പോൾ നിലവിളിച്ചത്!
നമുക്ക് ക്യാമറ കുറച്ചുകൂടി ക്ലോസപ്പിൽ കൊണ്ടുപോകാം..
***
അതെ നിലവിളിച്ചത് ഞാൻ തന്നെയാണ്..!! ( ഇനി സ്വപ്നത്തിലെ നായികയാണ് കഥ പറയുന്നത്..)ഞാൻ ഏതോ വലിയ, എനിക്ക് അപരിചിതമായ, ഒരു ബംഗ്ലാവിന്റെ മൂന്നാം നിലയിലായിരുന്നു.. ചുറ്റും ഇരുൾ പടർന്നിരുന്നു. പഴയ കുടെ ചെടിച്ചട്ടികളും സാധനങ്ങളും ഒക്കെ കൊണ്ട് നിറഞ്ഞ ഒരിടം. ഞാനവിടെ കയറിയത് എന്റെ വീട്ടിലേയ്ക്ക് എളുപ്പവഴിയിൽ ഇറങ്ങിച്ചെല്ലാനായിരുന്നു.. പക്ഷെ അവിടെ നിന്നപ്പോൾ പെട്ടെന്ന് എനിക്ക് താഴേക്കിറങ്ങാനുള്ള കോണിപ്പടികൾ കാണാനാവുന്നില്ല.! ഞാൻ മക്കളെ വിളിക്കുമ്പോൾ അവർ താഴെ നിന്നും “ഇറങ്ങി വരൂ അമ്മേ..” എന്നു പറയുന്നുണ്ട്.പക്ഷെ ഇതിനകം പ്രകൃതി ആകെ മാറി.. ആകെ ഒരു ഭയാനകത വന്നു മൂടി..
ആ ബംഗ്ലാവിൽ വളരെ പണ്ട് ഒരു മരണം നടന്നിട്ടുണ്ട്. ഒരു കന്യക സ്വയം വെടിവച്ച് മരിച്ചിരുന്നു. ഞാൻ അറിയാതെ അവളുടെ പ്രേതത്തെ ഉണർത്തിരിക്കുന്നു. അവൾ എന്നെ ട്രാപ്പിലാക്കിയിരിക്കയാണ്. വാസ്തവത്തിൽ അവൾ ദുരൂഹമായ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തപ്പോൾ ഞാനാണ് ആദ്യമായി അവളെ കണ്ടതും എന്റെ കൈകളിൽ കിടന്നാണ് അന്ത്യശ്വാസം വലിച്ചതും! പക്ഷെ ഉടൻ തന്നെ അവളുടേ മാതാവും മറ്റും ഓടിവന്ന് അവളെ ഏറ്റുവാങ്ങിയിരുന്നു. അവൾ എന്തോ വാശിയിൽ ആത്മഹത്യ ചെയ്തതാണ്.. എനിക്ക് അവളുടെ മരണവുമായി ഒരു ബന്ധവുമില്ലെന്ന് പട്ടാപ്പകൽ പോലെ സത്യമായ ഒരു കാര്യവുമാണ്..
പെട്ടെന്ന് കോണിപ്പടികൾ കയറി രണ്ട് ഡിക്റ്ററ്റീവുകൾ! അവർ വർഷങ്ങളായി ആ ദുർമ്മരണത്തെപ്പറ്റി അന്വേക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതുവരെയും ഒരു തുമ്പും കിട്ടിയിട്ടില്ല. മരണകാരണം ദുരൂഹമായി തന്നെ തുടരുന്നു..
പെട്ടെന്ന് ഞാൻ ആ പോലീസിനോട് അങ്ങോട്ട് കയറി സംസാരിച്ചു തുടങ്ങുന്നു..
“സാർ എനിക്ക് പെട്ടെന്ന് കോണിപ്പടികൾ ഇറങ്ങാൻ പറ്റിയില്ല. എന്തോ അജ്ഞാത ശക്തി എന്നെ തടുത്തുനിർത്തിയതാണ്. അത് മരിച്ചുപോയ ആ പെൺകുട്ടിയുടെ പ്രേതമായിരിക്കുമെന്ന് കരുതുന്നു..”
“അത്.. നിങ്ങൾക്കവളെ അറിയാമോ?!”
“അറിയാം.. വാസ്തവത്തിൽ അവൾ മരിച്ചുവീഴുന്നത് ഞാനാണ് ആദ്യം കണ്ടത്..!”
“പക്ഷെ.. സാർ മരിക്കേണ്ടത് അവളായിരുന്നില്ല.. ഞാനായിരുന്നു വളരെ വിഷമിച്ച് ജീവിച്ചിരുന്നത്. ഈ ബംഗ്ലാവിൽ ഒറ്റപ്പെട്ട്.. എനിക്ക് വെളിയിൽ ആരെയും പരിചയമില്ലായിരുന്നു.. എന്റെ ആൾക്കാരൊക്കെ നാട്ടിൽ.. എന്നെ ഈ ബംഗ്ലാവിൽ കൊണ്ടാക്കിയിട്ട്, എന്റെ ഭർത്താവ് ആ പെൺകുട്ടിയിൽ അനുരക്തയാണെന്ന് ഞാനറിയുന്നു. ആ അനുരാഗം ഞാൻ വരുന്നതിനു മുൻപുണ്ടായിരുന്നോ എന്നറിയില്ല. ഒരുപക്ഷെ, മനസ്സിൽ ഒരു കൊച്ചു പൂമൊട്ടായി ഉണ്ടായിരുന്ന അനുരാഗം ഒറ്റപ്പെട്ട, ബോറടിപ്പിക്കുന്ന, ബാധ്യതകൾ മാത്രം ഉള്ള, എന്റെ കടന്നുവരവിൽ കൂടുതൽ ദൃഢപ്പെട്ടതും ആകാം. ഏതിനും അവർ പരസ്പരം വളരെ വളരെ ആകൃഷ്ടരായിരുന്നു.”
“സാർ ഒന്നോർത്തുനോക്കൂ.. സ്വന്തം ജീവിതവും യൌവ്വനവും പ്രേമവും ഒക്കെ ഒരാൾക്കുവേണ്ടി ത്വജിച്ച ഒരു സ്ത്രീയുടെ മുന്നിൽ, അവൾ ജീവനോടെ നോക്കിയിരിക്കുമ്പോൾ, ശവം കണക്കെ കണക്കാക്കി എങ്ങിനെയാണ് മനുഷ്യരിൽ പ്രണയം വിരിയുന്നത്?! ”
“പക്ഷെ, സാർ ഞാ‍ൻ കണ്ടു! അവരുടെ പ്രേമം അനുഭവിച്ചു!.. അതിന്റെ തീക്ഷ്ണത അറിഞ്ഞു!.
കത്തുന്ന രണ്ടു ഗോളങ്ങൾ പരസ്പരം എരിഞ്ഞ് ഒന്നാകാനായി അടുക്കുമ്പോൾ ആ ഒന്നാകലിന് വിഘാതമായി എന്നെ വിധി(?) തിരഞ്ഞെടുക്കുമ്പോലെ. ഇരുഗോളങ്ങളുടെയും കത്തുന്ന ചൂടിൽ ഞാൻ സ്വയം ഉരുകി.. ഉരുകി.. ഒടുവിൽ പല മനുഷ്യ ബലികൾക്കുശേഷം, എല്ലാം ഒടുങ്ങും വരെ..
എന്റെ ഭർത്താവിന്റെ കാലൊച്ച കേൾക്കുമ്പോൾ അവളിൽ അറിയാതെ ഉണ്ടാകുന്ന പരവേശം. അവളെ കാണുമ്പോൾ സ്വതവേ സീരിയസ്സ് ആയ അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന രക്തപ്രസാദം..ആ ശക്തി അത് മനുഷ്യർക്ക് അതീതമായ ഒരു വികാരമായിരുന്നു. ഞാൻ ആ പ്രണയത്തിന്റെ നടുവിൽ അകപ്പെട്ടുപോയ ഒരു പാവം ഇരയായിപ്പോയി. പ്രണയത്തെ അവഗണിച്ചതുകൊണ്ട ദൈവം തന്നെ തന്ന ശിക്ഷയാകുമോ ഇനി?..”
ഡിക്റ്ററ്റീവ്, അബോധാവസ്ഥയിലെന്നപോലെ ഞാൻ ഉഴറുന്ന കഥകളുടെ പോയിന്റുകളെല്ലാം അതീവ ജാഗ്രതയോടെ തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു. കേസന്വേക്ഷണത്തിന് പുതിയ ഒരു വഴിത്തിരിവ് കിട്ടിയ മാതിരി. അയാളുടെ മുഖത്ത് ഇപ്പോഴും എന്നോട് സഹതാപം കലർന്ന നോട്ടമാണെങ്കിലും അയാൾ എന്നിൽ തിരയുന്നത് ഒരു ക്രിമിനലിനെ; കേസിന്റെ കണ്ണിയെയാണെന്ന്, എനിക്ക് മനസ്സിലാകാ‍ൻ തുടങ്ങുന്നു..
പെട്ടെന്ന് തൊട്ടടുത്ത ടെറസ്സിൽ നിന്നും ഡിക്റ്റടീവിന്റെ കൂടെ വന്ന ഫോട്ടോഗ്രാഫർ ഞാൻ ഡിക്റ്റടീവുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഫോട്ടോ എടുക്കുന്നു. ഫോട്ടോ എന്നെ കൂടുതൽ ഫോക്കസ്സ് ചെയ്യുന്നു. പത്രത്തിൽ ‘ഇനിയും തെളിയിക്കപ്പെടാത്ത കേസിന്റെ ഒരു പ്രധാന കണ്ണി ’ എന്നും പറഞ്ഞ് വാർത്ത വരുമായിരിക്കും! എന്റെ മുടി ചുരുണ്ടതായിരിക്കുമോ, നീണ്ടതായിരിക്കുമോ അതിൽ?! (സ്വപ്നത്തിൽ?)
ദൈവമേ..! ഞാനെന്തൊരു വലിയ ആപത്തിലാണകപ്പെട്ടിരിക്കുന്നത്..?!‘ഇത് തീർച്ചയായും മരിച്ചുപോയ ആ പെൺകുട്ടിയുടെ പ്രേതം വരുത്തിവച്ച വിന തന്നെയായിരിക്കും..! ജീവിച്ചിരുന്നപ്പോൾ അവളുടെ പ്രേമത്തിന് താൻ വിഘാതമായെന്ന ഒറ്റക്കാരണം കോണ്ട്. പക്ഷെ താനൊന്നും ചെയ്തില്ലല്ലോ, അനുഭവിച്ചതെല്ലാം ഞാനല്ലെ, ഞാ‍നല്ലെ ഒറ്റപ്പെട്ടത്?! ഭർത്താവും കുടുംബവും എന്നെയല്ലെ ഒറ്റപ്പെടുത്തിയത്?! എന്റെ സ്ഥാനമെല്ലാം അവളല്ലെ നേടിയത്?! എന്റെ ജോലി, എന്റെ മുന്നോട്ടുള്ള ഉയർച്ച, എന്റെ ഭർത്തൃ വീട്ടുകാർ, എന്റെ ഭർത്താവിന്റെ ഹൃദയം, എനിക്കുള്ളതെല്ലാം... എന്നിട്ടും അവളെന്തിനായിരുന്നു വാശിക്ക് ആത്മഹത്യ ചെയ്തത്?
ഇത്രയുമൊക്കെ നേടിയിട്ടും പൂർണ്ണമായും തകരാത്ത താൻ ഇപ്പോൾ ഒരു ജീവിതം കെട്ടിപ്പടുത്തതിൽ വാശി തോന്നി, സ്വതവേ വാശിക്കാരിയായ അവൾ പ്രേതമായിട്ടു വീണ്ടും തന്നെ പിടികൂടി, തന്നെ കുടുക്കിലാക്കാൻ നോക്കുകയായിരിക്കുമോ?!
പെട്ടെന്ന് എനിക്ക് തോന്നി.. ആ ഡിക്റ്ററ്റീവും കൂടെ വന്നുവെന്ന് ഞാൻ കരുതുന്ന ആൾക്കാരും ഒക്കെ പ്രേതങ്ങളുടെ ആൾക്കാരാണെന്ന്.. എനിക്ക് താഴേക്കിറങ്ങി ഓടണം. വഴി കാണുന്നില്ല! വിളക്കിന്റെ സ്വിച്ചും എവിടെയെന്നറിയില്ല.
ഞാൻ വീണ്ടും മക്കളെ വിളിക്കുന്നു.. അവർ താഴെനിന്നും ആശ്വസിപ്പിച്ചുകൊണ്ട് തിരിച്ചു വിളിച്ച് സമാധാനം തരുന്നുണ്ട്.. പക്ഷെ എനിക്ക് താഴേക്കു പോകാനാവുന്നില്ല. അവിടെ കോണിപ്പടിയിൽ ഒരു ബുക്ക്ഷെൽഫ് ഇരിക്കുന്നുണ്ട്..
ഞാൻ ‘അമ്മാ.. അമ്മാ..’ എന്നു ആദ്യം രണ്ടുപ്രാവശ്യം വിളിച്ചത് എന്റെ ചുറ്റും ഉള്ള പ്രേതങ്ങളെപ്പറ്റി ബോധ്യം വന്ന് ഭയന്ന് വിളിച്ചുപോയതാണ്..
പെട്ടെന്ന് ബുക്കുകളുടെ കൂട്ടത്തിൽ അമൃതാനന്ദമയീ ദേവിയുടെ ഒരു പുസ്തകം കണ്ടമാതിരി! പിന്നീട്, എന്റെ വിളി ആ അമ്മയെയായി.. അങ്ങിനെ ആത്മീയശക്തി പ്രേതാത്മാക്കളെ പായ്ക്കാനാകുമെന്നു കരുതി ഞാൻ നിലവിളിക്കുകയായിരുന്നു.. എന്റെ നിലവിളി കേട്ട് പ്രേതങ്ങൾ പിന്തിരിയാൻ!
***
അവളുടെ നിലവിളി അവളെ തന്നെ ഒടുവിൽ വിളിച്ചുണർത്തി!
അതെ താൻ ഒരു സ്വപ്നം കാണുകയായിരുന്നു..! അവൾക്ക് സ്ഥലകാല ബോധം വീണ്ടു കിട്ടി! താൻ മരിച്ചുവെന്നു കരുതിയ ആ പെൺകുട്ടി (ഇപ്പോൾ സ്ത്രീ ) ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്! പക്ഷെ, അജ്ഞാതമാണ് അവളുടെ നീക്കുപോക്കുകൾ തനിക്കിപ്പോഴും .. എങ്കിലും അവൾ താൻ വിചാരിക്കുന്നപോലെ അപകടകാരി ആയിരിക്കില്ല! അവളെ ഒരുപക്ഷെ ഈ സംഭവങ്ങൾ തന്റെ മനസ്സിൽ, ജീവിതത്തിൽ, പതിഞ്ഞപോലെ സ്വാ‍ധീനിച്ചിരിക്കില്ല. അവൾക്ക് ആ പ്രായത്തിൽ തോന്നിയ വെറും ഒരു ടൈം പാസ്സ് മാത്രം ആയിരുന്നിരിക്കണം.. അല്ലെങ്കിൽ എനിക്കു തോന്നിയ ഒരു വെറും സംശയമായിരുന്നിരിക്കാം.. ഏതിനും അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ഞാൻ കാരണം ആത്മഹത്യ ചെയ്തിട്ടില്ല! ആശ്വാസം!
ഹൃദയത്തിനുള്ളിൽ നടക്കുന്ന കൊലപാതകങ്ങൾക്കും ആത്മഹത്യകൾക്കും ഒന്നും ഒരു ഡിക്റ്ററ്റീവിനും തെളിവുകണ്ടെത്താനാവില്ലല്ലൊ! അതെ, എല്ലാം തന്റെമാത്രം മനസ്സിന്റെ തോന്നലായിരുന്നു.. വെറും ഒരു സ്വപ്നം മാത്രമായിരുന്നു..എന്നുകരുതി ജീവിക്കാനായി ഇനിയും ജീവിതം മുന്നിലുണ്ട് എനിക്ക്... കുറച്ചുകൂടി നിർഭയമായ ഒരു ജീവിതം.. തന്റെ മക്കൾ പഠിക്കാൻ പോയിരിക്കുകയാണ്.. ഒരു കുട്ടിക്ക് അഭിമാനിക്കാവുന്നതരത്തിൽ റിസൾട്ട് കിട്ടിയിട്ടുണ്ട്.. തന്നെ മനസ്സിലാക്കുന്ന വളരെ കുറച്ചുപേരെങ്കിലും ഉണ്ട് ഇന്ന് ഈ നാട്ടിൽ.
ഒരു പക്ഷെ..ഒരുപക്ഷെ താൻ ഭയത്തോടെ കൊട്ടിയടക്കപ്പെട്ട തന്റെ ഹൃദയ കവാടം അറിയാതെ തുറന്നപ്പോൾ, അവിടെ അപ്പോൾ ഉണ്ടായിരുന്ന അതിഭയാനകമായ ഒരു രംഗമായിരിക്കുമോ ഈ ദുഃസ്വപ്നം?!
ഹൃദയത്തിൽ സ്നേഹം ഇല്ലാതാകുമ്പോൾ അവിടെ സാത്താൻ വാഴുന്നു എന്നതിനുദാഹരമോ, താൻ ആ ദുഃസ്വപ്നത്തിലേക്ക് വീണ്ടും അറിയാതെ വഴുതിവീണുപോകാൻ കാരണം?! പക്ഷെ, തന്റെ ഹൃദയത്തിൽ നിറച്ച് സ്നേഹം ഉണ്ടല്ലോ?! എന്നിട്ടും എന്തേ?! ഹൃദയത്തിനു സ്നേഹം നിറയെ കിട്ടുമ്പോൾ അത് അറിയാതെ തളർന്ന് ചായാൻ ആശിക്കുന്നതൊ?!
***
ഏതിനും ‘ഇങ്ങിനെയൊന്നും ആരുടെ ജീവിതത്തിലും സംഭവിക്കാതിരിക്കട്ടെ!’.. അവൾ നെറ്റിയിൽ കുരിശു വരച്ചിട്ട്...നേരെ കമ്പ്യൂട്ടറിനടുത്തേയ്ക്ക് നടന്നു.. പ്രേതകഥ ഒരു തീർത്തും ഒരു കഥയാക്കി മാറ്റാൻ.. തന്റെ ഹൃദയത്തിനെ വീണ്ടെടുക്കാൻ..ശക്തി പകരാൻ..
[ഇത്, ഒരു സ്വപ്നത്തിൽ നിന്നും മെനഞ്ഞെടുത്ത കഥ/ സ്നേഹം ആത്മയുടെ ഹൃദയത്തെ കനൽക്കട്ടപോലെ നീറ്റിയെരിയിപ്പിച്ച അനുഭവത്തിൽ നിന്നും ഉരുത്തിരിഞ്ഞ ഒരു സ്വപ്നകഥ]

This entry was posted on 11:20 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments