റിസ‌ള്‍ട്ട്!  

Posted by Askarali

ഇന്നും അമ്പലത്തില്‍ പോയി.. ഒരു ആത്മീയാചാര്യന്റെ പ്രഭാക്ഷണം കേള്‍ക്കാനാണ് പോയത്..
അവിടെ ഇരുന്ന അത്രയും സമയം മനസ്സ് ശാന്തമായിരുന്നെന്ന് തോന്നുന്നു. പക്ഷെ, തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കണ്ട്രോള്‍ കിട്ടുന്നില്ല. അദ്ദേഹത്തിന്റെ തന്നെ പ്രഭാക്ഷണം ടി.വി യില്‍ കണ്ടാല്‍ യാതൊരു കുഴപ്പവുമില്ല.. വെളിയിലത്തെ ആള്‍ക്കാരെ കാണുമ്പോള്‍ മനസ്സ് ചഞ്ചലമാകുന്നതാണെന്നു തോന്നുന്നു കുഴപ്പം. (ശരീരമില്ലാത്ത -നേരില്‍ കാണാത്ത-ആത്മാക്കളുമായല്ലെ ആത്മയ്ക്ക് അധികവും സമ്പര്‍ക്കം )

വീട്ടില്‍ വന്ന് ഹരിനാമകീത്തനം സി. ഡി ഇട്ട്, ബ്ലോഗ് ഒന്ന് ഓടിച്ചു നോക്കി, ഒരു ചായയിട്ടു കുടിച്ചു,
ആത്മ പഴയ ആത്മയായപ്പോള്‍ മനസ്സമാധാനം പുന‍ഃസ്ഥാപിക്കപ്പെട്ടു എന്നു തോന്നുന്നു...

രാവിലെ എഴുന്നേറ്റപ്പോള്‍, തലേദിവസത്തെ ഉറക്കം മതിയാകാതെ മാടിവിളിക്കുന്ന കണ്ണുകള്‍.. റിലാക്സ് ചെയ്ത് മതിയാകാത്ത ക്ഷീണിച്ച ശരീരം.. തലേന്ന് അമ്പലത്തില്‍ നിന്നും അഞ്ചാറു കിലോമീറ്റര്‍ നടന്ന് തിരിച്ചെത്തിയ ക്ഷീണം.. നടന്ന് തിരിച്ചു പോകാം എന്നത് മകളുടെ അഭിപ്രായമായിരുന്നു..
നടന്നപ്പോള്‍ ഒരു സുഖം ഒക്കെ തോന്നി ലീലയ്ക്കും, പക്ഷെ രാവിലെ എണീറ്റപ്പോള്‍ കാലുകളൊക്കെ വല്ലാത്ത വേദന! ‍ നല്ല ചെരുപ്പൊക്കെ ഇട്ടുകൊണ്ടായിരുന്നെങ്കിലും ഇത്ര വേദനിക്കില്ലായിരുന്നു..
അതിനിടയില്‍ വീട് ക് ളീന്‍ ചെയ്യുന്ന ലേഡി വന്നു.. ഉറക്കച്ചടവോടെ ഗേറ്റു തുറന്നുകൊടുത്തു.. അവര്‍ താമസിയാതെ അവരുടെ ജോലിയില്‍ വ്യാപൃതയായി..
വീട്ടുടമസ്ഥന്‍ വന്ന് ചായയിട്ടു കൊടുത്തു.. കുളിച്ച് വേഷം മാറി, വീണ്ടും പുറത്തുപോയി..
മകള്‍ വന്ന് ‘സെറിയല്‍ പ് ളസ് പഴം’ പിന്നെ അത് ‘ഓട്ട്സ് വിത് മില്‍ക്ക് ’ (ഡയറ്റിംഗിന്റെ ഭാഗമായി).. ലീല ഉറക്കച്ചടവിനിടയിലൂടെ എന്തൊക്കെയോ കാട്ടിക്കൂട്ടി.. മകള്‍ മുകളിലത്തെ മുറിയില്‍ പഠിക്കാന്‍ പോയി..
ലീല വീണ്ടും കിടക്കയില്‍ ചുരുണ്ടുകൂടി.. സിഗററ്റിന്റെ അവസാനത്തെ പുകപോലെ ഈ അവസാന നിമിഷങ്ങള്‍ ആസ്വദിച്ചില്ലെങ്കില്‍ പിന്നെ ആ ദിവസത്തിനു ഒരു ഉണര്‍വ്വും കാണുകയില്ല.

ജോലിക്കാരി സ്ത്രീ കരുതുമോ ലീല കുഴിമടിച്ചിയാണെന്ന്.. ആദ്യമൊക്കെ അവരോട് എക്സ്പ് ളയി ചെയ്തിരുന്നു..‘ഉറങ്ങുന്നത് 2ഉം 3 ഉം മണിയൊക്കെയാകും അതാണു രാവിലത്തെ ഈ ക്ഷീണം..’ എന്നൊക്കെ. എങ്കിലും അവര്‍ ജോലി പകുതിയാക്കുമ്പോള്‍ ഒരു ലഘുബ്രേക് ഫാസ്റ്റ് പിന്നെ പോകുമ്പോള്‍ ലഞ്ച് ഒക്കെ കൊടുക്കും..(ഫ്രിഡ്ജില്‍ എല്ലാം കരുതിവച്ചിട്ടാണ് രാവിലത്തെ ഈ കിടപ്പ്..) പോരാത്തതിനു ആഴ്ചയില്‍ ഒരുദിവസം അവര്‍ വന്നു എന്നുകരുതി തീരുന്നതാണോ ഒരു വീട്ടിലെ ജോലികള്‍..! ആ പോകാന്‍ പറ..

ഒടുവില്‍ ഒന്നു മയങ്ങിയെണീറ്റ്, ആലസ്യം വിട്ട് ലീല പതിയെ വീട്ടുജോലികള്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍.. അതാ ഒരു ഫോണ്‍ കാള്‍.. !
ആരായിരിക്കാം ഇത്ര രവിലെ..?
നാട്ടില്‍ നിന്നായിരിക്കുമോ!
കൂട്ടുകാര്‍..
ബന്ധുക്കള്‍
വേറെയാരു വിളിക്കാന്‍?!
അതൊരു ചൈനീസ് ലേഡിയായിരുന്ന.
‘ഈസ് ഇറ്റ് ലീല?’
‘യെസ് യെസ് ലീല ഹിയര്‍’
‘ക് ളിനിക്കില്‍ നിന്നും വിളിക്കുകയാണ്.. നിങ്ങളുടെ ചെക്കപ്പിന്റെ റിസള്‍ട്ട് വന്നു, കളക്റ്റുചെയ്യാന്‍ വരാം.. രാവിലെ 1 മണിവരെ ഡോക്ടര്‍ കാണും . വൈകിട്ട് 6-9 ഉം’ -ഒരു സഹതാപം കലര്‍ന്ന സ്വരം!
(നീ കൂടുതല്‍ സഹതപിക്കണ്ട..) ‘ഞാന്‍ വൈകിട്ട് വരാം..’ ലീല കൂളായി പറഞ്ഞു.
ഒ.കെ.
ഒ.കെ. ബൈ
ഫോണ്‍ വച്ചു കഴിഞ്ഞപ്പോള്‍ ഒരു വിറയല്‍.
റിസള്‍ട്ട് എന്തായിരിക്കാം. എന്തെങ്കിലും കുഴപ്പമുള്ളതുകൊണ്ടായിരിക്കുമല്ലൊ ചെല്ലാന്‍ പറഞ്ഞത് ?!
ദൈവമേ! തന്റെ ഇഹലോകവാസം തീരാറായോ ?! അല്ലെങ്കിലും തനിക്ക് അഹങ്കാരം അല്പം കൂടി ഇരിക്കയായിരുന്നു. എല്ലാറ്റിനും ഒരു അവസാനം വേണമല്ലൊ. എങ്കിലും ഞാന്‍ പോകാന്‍ റഡി.. പക്ഷെ, മക്കളെ ഒരല്പം കൂടി വലുതാക്കിയിട്ട് പോരായിരുന്നോ ദൈവമേ ഈ വിളി! അല്ല, അവര്‍ ഇനി ലീലയില്ലെങ്കിലും ജീവിച്ചോളും . അതല്ലെ കുക്കിംഗും ഒക്കെ പഠിക്കുന്നത്.. ദൈവം തോന്നിപ്പിക്കുന്നതാവും. ലീലേടെ കാര്യത്തില്‍ എല്ലാം വളരെ ശാന്തമായും സ്ലോ ആയുമായാണ് ദൈവം ചെയ്യുന്നത് . ഇപ്പോള്‍ മക്കള്‍ക്ക് അവധി.. ഒരു വലിയ ട്രീറ്റുമെന്റ് വേണമെങ്കിലും അവര്‍ തനിയെ അഡ്ജസ്റ്റ് ചെയ്തോളും. ആ സമയം നോക്കി ദൈവം അസുഖം തന്ന് അനുഗ്രഹിച്ചതാകും!
അതോ നാട്ടില്‍ പോണോ?! ഇവിടത്തെ ഡോക്ടര്‍മാര്‍ വെറുതെ കാശ് അടിച്ചുമാറ്റാനായും പറയും ഇലലാത്ത ഓരോ അസുഖങ്ങള്‍.. നാട്ടില്‍ പോകാം.. അല്ലെങ്കില്‍ വേണ്ട അത് മക്കളുടെ പഠിത്തവും മറ്റും ബാധിക്കും.. അതീ കുറച്ചു മതി. എന്നായാലും ഒരിക്കല്‍ പോകേണ്ട ശരീരമല്ലെ അല്പം നേരത്തെയാ‍യാല്‍ എന്ത് , അസുഖവും ധൈര്യത്തോടെ നേരിടണം.. മിക്ക അസുഖങ്ങളും ട്രീറ്റ് ചെയ്ത് ഇല്ലാതാക്കാന്‍ പറ്റുമല്ലൊ ഇക്കാലത്ത് . ദൈവമേ! എന്നാലും!

തനിക്ക് അസുഖമൊന്നും ഇല്ല എന്നു പറയുകയാണെങ്കില്‍ .. ‘ഇനി ആരേയും കുറ്റം പറയരുത്
ഓരോ ദിവസവും ദൈവം തരുന്ന ഗിഫ്റ്റ് ആയി കണക്കാക്കി ജീവിക്കണം... അങ്ങിനെ കുറെ തീരുമാനങ്ങള്‍ എടുത്തു ലീല. എന്നാലും ലീല ജീവിക്കാന്‍ ഒരുവിധം പഠിച്ചു തുടങ്ങിയപ്പോഴേ ഇങ്ങിനെ തിരിച്ചു വിളിക്കാന്‍ നോക്കുന്നത് ശരിയാണോ ദൈമമേ?!

മഹാഭാഗവതം കഥ ഫോണില്‍ ആക്കി കേട്ടുകൊണ്ടായിരുന്നു വീട്ടുജോലികള്‍ ചെയ്തുകൊണ്ടിരുന്നത്.
‘എല്ലാറ്റിനും കൃഷ്ണന്‍ തുണ’ എന്ന മട്ടില്‍. ഇനി അത് തെറ്റായതുകൊണ്ടാണൊ തനിക്ക് അസുഖം പിടിപെട്ടത്! അത് ഊരി താഴെവച്ചു.
അല്ലെങ്കിലും ദൈവത്തിന്റെ കഥകളൊക്കെ ഇനി ലൈവ് ആയി പോയി കാണാമല്ലൊ,
മനുഷ്യരുടെ ലോകമല്ലെ ഇല്ലാതാകാന്‍ പോകുന്നത്! പോയി ‘പ്രഥമപ്രതിശ്രുതി’ വായിക്കാം..
മനുഷ്യരെപ്പറ്റി പഠിച്ചു തുടങ്ങിയതേ ഉള്ളൂ.. ശ്ശ്യൊ എന്നാലും ഇത്ര നേര്‍ത്തെ.. വേണ്ടായിരുന്നു ദൈവമേ വേണ്ടായിരുന്നു..

ഹോസ്പിറ്റലില്‍ പോകാനിറങ്ങുമ്പോഴും വീട്ടുജോലികള്‍ ഒക്കെ ഒരുവിധം ഒതുക്കി. ബേസിനില്‍ കിടന്ന അവസാനത്തെ പ് ളേറ്റും കഴുകുമ്പോള്‍ സമാധാനിച്ചു, ‘ഒരുപക്ഷെ അസുഖവിവരം തന്നെ തളര്‍ത്തിയാല്‍ പിന്നെ ഈ ജോലികളൊക്കെ ചെയ്യാന്‍ വലിയ പ്രയാസമായി തോന്നും!’

ഇതിനിടെ ഭര്‍ത്താവ് വന്നു! തന്റെ അസുഖത്തിന്റെ കാര്യം ഭര്‍ത്താവിനോട് പറയണോ?!
വേണ്ട.. അദ്ദേഹത്ത്തിന് അത് രഹ്സ്യമായി വയ്ക്കാനൊന്നും അറിയില്ല. ‘ആരോടും പറയരുതെ’ എന്ന് അപേക്ഷിച്ചാല്‍ക്കൂടി രഹസ്യമായി ഒരു പത്തുപേരോടെങ്കിലും ആ വിവരം പറഞ്ഞ് അതുവച്ച്, അവരുടെ കൂട്ടുകെട്ട് സുദൃഢം ആക്കും എന്നതില്‍ സംശയമില്ല.
‘ലീലയ്ക്ക് നല്ല സുഖമില്ല. അവള്‍ക്ക് ആരോടും പറയുന്നതിഷ്ടമല്ല്. അറിഞ്ഞ ഭാവം കാട്ടണ്ട ട്ടൊ,
രഹസ്യമായി വച്ചേക്കൂ..’ അങ്ങിനെ കുറഞ്ഞത് 10 പേരുടെയെങ്കിലും വിശ്വാസം പിടിച്ചുപറ്റും..അത് മറ്റൊരു മനുഷ്യ ബിസിനസ്സിനുള്ള മൂലധനമാകും.. വേണ്ട, വിശ്വാസവഞ്ചന അത് വലുതായാലും ചെറുതായാലും തീരെ തീരെ ചെറുതായാലും അത് ലീല സഹിക്കയില്ല.. അതിനെക്കാളിലും ഓപ്പണായിട്ട് ദ്രോഹിക്കുന്നതാണ് സഹിക്കബിള്‍..
എങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഒരു ബലം..
എന്തുബലം?!
ബലം കിട്ടും എന്നു കരുതി പറയും.. ആ പറച്ചില്‍ തന്നെ അബലയാക്കും..
പക്ഷെ, തരാനറിയില്ലാ താനും..
ഒടുവില്‍ ഇരട്ടി വിഷമമാകും..
തനിച്ചു മതി..എല്ലാം തനിച്ചു നേരിടാം..

മകളേയും കൂട്ടി ഹോസ്പിറ്റലില്‍ എത്തി. പോകും വഴിയ്ക്ക് കാണുന്നവരൊക്കെ മാറാരോഗങ്ങള്‍ രഹസ്യമായി ‍ഉള്ളിലൊതുക്കി മനോവിഷമത്തൊടെ നടക്കുന്നവരായി തോന്നി.. ഇതാ ധൈര്യവതിയായ ലീല സ്വന്തം അസുഖം അറിയാന്‍ വന്നിരിക്കുന്നു.

കൌണ്ടറില്‍ ഇരിക്കുന്ന പെണ്ണിന്റെ മുഖത്ത് സഹതാപമുണ്ടോ?! മൂക്കും വായും ഒക്കെ തുന്നിക്കെട്ടിവച്ചമാതിരി ഒരു മാസ്ക് ഇട്ടിരിക്കുന്നു.. ശേഷം കാണുന്ന ഇച്ചിരിപ്പൂലം ഉള്ള കണ്ണില്‍ നോക്കിയാല്‍ എന്തറിയാന്‍?! ലീല തന്റെ ഊഴം കാത്തിരുന്നു. ഒടുവില്‍ തനെ ഊഴമായി ചന്ദ്രനില്‍ പോകാന്‍ തയ്യാറായി ഇരിക്കുന്ന കൌണ്ടര്‍ യുവതി അറിയിച്ചപ്പോള്‍ ലീല മകളോട് തമാശപോലെ പറഞ്ഞു, ‘മോളേ അസുഖക്കാരിയല്ലാത്ത അമ്മയുടെ ദിവ്സം തീരാറായി.. ഓരോ കാലടി വയ്ക്കുമ്പോഴും ലീല എണ്ണി.. 10.9, 8,.....1
കതകു തുറന്ന് അകത്തുകയറി! ഡോക്ടറുടെ മുന്നിലെത്തി.
മുഖം എങ്ങിനെ?! (അവിടെയും മാസ്കുണ്ട്)
ചിരിയുമില്ല വിഷമവുമില്ല നോര്‍മ്മല്‍ ! (പരിചയമുള്ള മുഖമായതുകൊണ്ട് ഊഹിച്ചു)
പഠിച്ച ഡോക്ടറല്ലെ അതങ്ങിനെയല്ലെ ഇരിക്കൂ.. ഹും!
‘ഹായ്! ഇരിക്കൂ.. നിങ്ങളുടെ റിസള്‍ട്ട് ഇതാ..വന്നിരിക്കുന്നു..’
അല്പം മുരടനക്കി ഡോക്ടര്‍ വീണ്ടും തുടര്‍ന്നു.. ‘നെഗറ്റീവ്-1 എന്നാല്‍ എല്ലാം നോര്‍മ്മല്‍ എന്നാണ്..
കാന്‍സറില്ല, - ഇല്ല, - ഇല്ല, - ഇല്ല... ചുരുക്കം പറഞ്ഞാല്‍ ഒന്നും ഇല്ല! യു ആര്‍ പെര്‍ഫക്റ്റിലി ആള്‍ റൈറ്റ്!’
‘ദൈവമേ! ഇതങ്ങ് ആദ്യമേ പറഞ്ഞുകൂടായിരുന്നോ പഠിച്ച ഡോക്ടറേ!’
ലീല കൈകള്‍ കൂപ്പി ദൈവത്തിനു നന്ദി രേഖപ്പെടുത്തി. ഒരു പുതിയ ജന്മ കിട്ടിയപോലെ!
ഡോക്ടറും ചിരിച്ചു.. ( കണ്ണുകള്‍ അല്പം കൂടി വലുതാണ് ചിരിക്കുമ്പോള്‍ ചുരുങ്ങും!)

ഈ ഡോക്ടറും ലീലയുടെ ഭര്‍ത്താവും കൂടി മുമ്പൊരിക്കലും ലീലയെ രോഗിയാക്കാന്‍ നോക്കിയായിരുന്നു.. പ്രഷറിന്റെ മരുന്ന് കഴിക്കണമെന്നും പറഞ്ഞ്.. ലീല വഴങ്ങിയില്ല.. പുത്തകങ്ങളൊക്കെ നോക്കിയപ്പോള്‍ അപകട മേഖലയില്‍ എത്തിയിട്ടില്ലാ താ‍നും. സംശയം തീര്‍ക്കാന്‍ ഒരു ഹോമിയോ ഡോക്ടറോട് ചോദിച്ചപ്പോല്‍ അദ്ദേഹവും അതുതന്നെ പറഞ്ഞു,. ‘ഇപ്പോഴൊന്നും മരുന്ന് കഴിക്കണ്ട ഡയറ്റ് കണ്ട്രോള്‍ ചെയ്താല്‍ മതി..’ അതീപ്പിന്നെ ഡോക്ടര്‍ ലീലയോട് മരുന്നിന്റെ കാര്യം പറയില്ല. പ്രഷര്‍ എടുത്തിട്ട് ഒന്നു പുഞ്ചിരിക്കും.. അത്രമാത്രം.. ലീലേം പുഞ്ചിരിക്കും..
തീര്‍ന്നു.. നോ മെഡിസിന്‍.. ലീലേടെ ഭര്‍ത്താവ് നിസ്സഹായതയോടെ നോക്കും! ലീലക്ക് പ്രഷര്‍ ഉണ്ടെങ്കില്‍ ആ വിവരം, ഇന്‍ ലാസിനോടൊക്കെ പറയുമ്പോള്‍ അത് സിമ്പതി കിട്ടാന്‍ ഒരു പ് ളസ് പോയിന്റുകൂടിയാകുന്‍ എന്നതുകൊണ്ടാകുമോ ഈ നിരാശ! അറിയില്ല! മനുഷ്യ മനസ്സ് ദുരൂഹമല്ലേ!!

ലീല റിസള്‍ട്ടും കയ്യില്‍ വച്ച് ഡോക്ടര്‍ മാഡത്തിനു ഒരായിരം നന്ദി പറഞ്ഞ് വെളിയിലിറങ്ങുമ്പോള്‍
വിശ്വസിക്കാനായില്ല.. ഒരിക്കല്‍ക്കൂടി ചോദിച്ചു, ‘ഡോക്ടര്‍ ഇനി ഈ ടെസ്റ്റ് എന്നെടുക്കണം.., ഇങ്ങിനെ അസുഖം ഉണ്ടെന്നു കരുതി ഇല്ലെന്നറിയുന്ന ഈ ടെസ്റ്റ്?!’
ഡോക്ടര്‍ ചിരിച്ചു..!
‘ശരിക്കും വര്‍ഷത്തില്‍ ഒന്നെടുത്താല്‍ കൊള്ളാം പക്ഷെ രണ്ടോ മൂന്നോ വര്‍ക്ഷം കൂടുമ്പോഴായാലും മതി..’
‘ഓകെ ഓകെ.. താങ്ക്സ്..!’
‘ബൈ’
'ബൈ'

അപ്പോള്‍ ഭയം വെറുതെയായിരുന്നു..! ലീലയ്ക്ക് പെട്ടെന്ന് തുള്ളിച്ചാടണമെന്ന് തോന്നി! വേണ്ട തുള്ളിച്ചാടണ്ട, ദൈവത്തിനു നന്ദി പറയാം.. അതുമതി.. ലീല മകളോടൊപ്പം നേരെ അമ്പലത്തിലേക്ക് വച്ചുപിടിച്ചു..!

***
[ഈയ്യിടെ ആത്മ എഴുതുന്നത് പോസ്റ്റ് ചെയ്യാന്‍ ഒരു മടി..! പക്ഷെ എഴുതാതിരുന്നാല്‍ പിന്നെ അതും ഒരു ശീലമായിപ്പോവില്ലേ, അതുകൊണ്ട് എഴുതാം.. ഇന്നലെ എഴുതിയ ഒരു ചെറു കഥ..]

This entry was posted on 4:13 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments