ഞാന്‍ പാതി.. നീ പാതി...  

Posted by Askarali

ലോകം മുഴുവനും ബോറഡിയിലും ടെന്‍ഷനിലും പെട്ട് ഉഴലുമ്പോള്‍ തനിക്കു മാത്രമായി ഒരു ബോറഡിയും ടെന്‍ഷനും ഒക്കെ തിരഞ്ഞുപിടിക്കാനും ഒരു ബുദ്ധിമുട്ട്! മീര ബോറഡി മാറ്റാനായി പോയി ഒന്നുരണ്ട് കറികള്‍ വച്ചു.. അപ്പോള്‍ തിരക്കായി.. ശരീരം അനങ്ങി ജോലിയൊക്കെ ചെയ്തപ്പോള്‍ ബോറഡി കുറഞ്ഞെന്നു തോന്നുന്നു..

‘നമുക്ക് നമ്മുടെ ബോറഡി മാറ്റുന്നതെങ്ങിനെ എന്ന് തല്‍ക്കാലം ആലോചിക്കാം.. നമ്മള്‍ രക്ഷപ്പെട്ടശേഷമല്ലെ ലോകത്തെ ആകമാനം വിഴുങ്ങുന്ന ബോറഡിയും ടെന്‍ഷനും ഒക്കെ മാറ്റുന്നതെങ്ങിനെ എന്ന് ആലോചിക്കാന്‍ കൂടി പറ്റൂ.. സ്വയം രക്ഷിക്കുന്നവനെയേ ദൈവ്ം തമ്പുരാന്‍ പോലും രക്ഷിക്കുകയുള്ളൂ എന്നാണ്‌ പ്രമാണം..’ മീര ആത്മഗതം ചെയ്തു..

ടെന്‍ഷനും ബോറഡിയും ജോലികളും എല്ലാം കൂടി മീരയ്ക്ക് ശ്വാസം മുട്ടുമ്പോലെ... കുളിച്ചൊരുങ്ങി അമ്പലത്തില്‍ പോകാനും, വീട്ടില്‍ ഇരുന്ന് സമാധാനമായി പ്രാര്‍ത്ഥിക്കാനും ഒക്കെ വല്ലാത്ത മോഹം ഇടയ്ക്കൊക്കെ തോന്നും.. മീര ദൈവത്തോട് തീര്‍ത്ത് പറഞ്ഞു, ‘എനിക്ക് എന്നുമൊന്നും പ്രാര്‍ത്ഥിക്കാനൊന്നും പറ്റിയെന്നു വരില്ല, ദയവുചെയ്ത്, ഞാന്‍ ഈ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനങ്ങള്‍ (വീട്ടുജോലികള്‍..) മുഴുവനും അങ്ങേക്കു വേണ്ടിയാണെന്ന് കരുതിക്കോളൂ.. എന്റെ കടമകള്‍ ഒക്കെ തീര്‍ന്ന് ഞാന്‍ ഫ്രീയാകുമ്പോള്‍ പിന്നെ കിട്ടുന്ന സമയം മുഴുവനും അങ്ങയുടെ അടുത്ത് ചിലവഴിക്കാം..’ (അപ്പോള്‍ കുറച്ചുകൂടി പ്രായമാവുകയും ചെയ്യും, പിന്നെ ബ്ലോഗെഴുതാനും തോന്നില്ലല്ലൊ, അപ്പോള്‍ കമ്പ് ളീറ്റ് സമയം അങ്ങയും ഞാനും! സുഖം സ്വസ്ഥം!..)

അതിനിടയില്‍ ‘മകന്‍’ വന്ന്, കുളിച്ച്, ആഹാരം കഴിച്ച്, വീണ്ടും വെളിയില്‍ പോയി..! വളരെ ബോറഡി തോന്നുമ്പോള്‍ ഭര്‍ത്താവിനെ മകനായി കരുതും.. അല്ലെങ്കില്‍ വഴക്കാവും.. ഒരു മകനെ അമ്മ നോക്കുന്നത് തിരിച്ചൊന്നും പ്രതീക്ഷിച്ചല്ലല്ലൊ, അതുപോലെ കരുതിയാല്‍ പിന്നെ പരിഭവമൊന്നും തോന്നില്ല. അല്ലെങ്കില്‍ വീക്കെന്റ് ആകുമ്പോള്‍ മറ്റ് ഭര്‍ത്താക്കന്മാരെപ്പോലെ ഭാര്യയെ ഷോപ്പിംഗിനു കൊണ്ടുപോകാനോ, മക്കളോടൊപ്പം വല്ല പിക്നിക്കിനോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കാനോ ഒക്കെ പോകണം എന്ന ഒരു ആഗ്രഹം എത്ര അടിച്ചമര്‍ത്തിയാലും വീണ്ടും ഉയിര്‍ത്തെണീല്‍ക്കും.. തന്റെ ജീവിതത്തില്‍ അതൊന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് മീര അംഗീകരിക്കാന്‍ പഠിച്ചുകഴിഞ്ഞു..

അതിനു സഹായകമാം വിധം ഒരു സംഭവവും ആയിടയ്ക്കുണ്ടായി..
തനിക്ക് ബോറഡി കോണ്ട് പൊറുതി മുട്ടുമ്പോഴോ ഭര്‍ത്താവിനോട് കടുത്ത പരിഭവം തോന്നുമ്പോഴോ, ഉറ്റസുഹൃത്തുക്കളോടോ നാട്ടില്‍ അമ്മയോടോ വിളിച്ച് പരിഭവം പറയുന്ന സ്വഭാവം മീരയ്ക്കുണ്ടായിരുന്നു..
മീര ഒരിക്കല്‍ തകര്‍ത്തുവച്ച് പരിഭവം പറഞ്ഞ് , ‘താന്‍ നായികയും മറ്റുള്ളവരെയൊക്കെ വില്ലന്മാരും വില്ലത്തികളുമാക്കി’ അല്പം സമാധാനത്തോടെ ഫോണ്‍ താഴെ വച്ച് നല്ല അമ്മയായി ചിരിച്ചും കൊണ്ട് മകാളുടെ അടുത്ത് എന്തോ കാര്യത്തിന് ചെല്ലുമ്പോള്‍.. മകള്‍ (രേവതിക്കുട്ടി) ചോദിച്ചു..
“ അമ്മേ നമ്മുടെ വീട്ടുകാര്യങ്ങള്‍ മറ്റുള്ളവരോട് പറഞ്ഞു കഴിഞ്ഞപ്പോള്‍ അമ്മയ്ക്ക് സമാധാനം കിട്ടിയോ?!”
‘അതുപിന്നെ, തീരെ നിവര്‍ത്തിയില്ലാതെ വരുമ്പോള്‍ വിശ്വസ്ഥരായ ആരോടെങ്കിലും പറയുന്നത് ഒരാശ്വാസമല്ലെ?’ മീര അല്പം ശങ്കയോടെ ചോദിച്ചു..
രേവതി: വിശ്വസ്ഥര്‍ അല്ലെ? അമ്മയ്ക്കെങ്ങിനെ അറിയാം അവര്‍ എല്ലാം രഹസ്യമായി വയ്ക്കും എന്ന്?
മീര: അവര്‍ നല്ലവരായതുകൊണ്ടാണ് പറയുന്നത്.. നിങ്ങള്‍ നിങ്ങളുടെ കൂട്ടുകാരോട് ഓരോ വിഷമങ്ങള്‍ പറയില്ലേ, അതുപോലെ..
രേവതി: അമ്മേ, ഇങ്ങിനെ വീട്ടുകാര്യങ്ങള്‍ മുഴുവന്‍ പറയുന്നത് നന്നല്ല. ഞാന്‍ അമ്മയെ വെറുക്കുന്നു..
മീര: എങ്കിപ്പിന്നെ അമ്മ എന്തുചെയ്യണം? മോളു തന്നെ പറയൂ.. (മീരയ്ക്കും അല്പം പശ്ചാത്താപം തോന്നിയിരുന്നു.. പരിഭവം തീരുമ്പോള്‍ മീര എല്ലാം മറക്കും പക്ഷെ, കേട്ടവര്‍ മറക്കില്ലല്ലൊ, അത് മക്കളുടെയും ഫാമിലിയല്ലെ..)
മീര: മോളോട് പറയട്ടെ അമ്മയുടെ വിഷമങ്ങള്‍?!
രേവതി: അമ്മേ ആദ്യം അമ്മ ആരോടും പറയാതിരിക്കാന്‍ ശീലിക്കൂ.. പിന്നെ ദൈവത്തോട് മാത്രം പരിഭവങ്ങള്‍ പറയാന്‍ ശീലിക്കൂ..അതും കഴിഞ്ഞ് അടുത്ത സ്റ്റെപ്പ് ആയി അമ്മ എന്നോട് പറഞ്ഞോളൂ ഞാന്‍ ശ്രദ്ധിക്കാം..(അത്രയുമായപ്പോഴേക്കും മകളുടെ ചുണ്ടില്‍ ചെറിയ പുഞ്ചിരി വിടരുന്നുണ്ടായിരുന്നു..! അതു കണ്ട് മീരയുടെയും ഹൃദയം കുളിര്‍ത്തു..)
മീര അതിശയത്തോടെ മകളെ നോക്കി! കൊച്ചു കുട്ടി എന്നു കരുതിയിരുന്ന മകള്‍ വലുതായിരിക്കുന്നു.. വിവേകത്തോടെ സംസാരിക്കുന്നു!
മീരയുടെ കണ്ണുകള്‍ നിറഞ്ഞു, “ ഇല്ല അമ്മ ഇനി ആരോടും ഒന്നും പറയില്ല..”
അപ്പോള്‍ മകള്‍ വീണ്ടും, “ അമ്മേ അച്ഛനു അമ്മയെ വെളിയില്‍ കൊണ്ട് പോകാനും സന്തോഷിപ്പിക്കാനും പറ്റുന്നില്ല എന്നല്ലെയുള്ളൂ, അതില്‍ കൂടുതല്‍ സുരക്ഷിതത്വം മര്യാദ ഒക്കെ അച്ഛന്റെ ഭാര്യ എന്ന നിലയില്‍ കിട്ടുന്നില്ലേ?!”
മീര തലകുലുക്കി സമ്മതിച്ചു.
താന്‍ തന്റെ ഒറ്റപ്പെടല്‍, അവഗണന, അന്യായങ്ങള്‍ എല്ലാം സഹിച്ചത് മക്കളെ വളര്‍ത്താനായിരുന്നല്ലൊ, എന്നിട്ട് ദൈവം അവരില്‍ക്കൂടി സംസാരിക്കുമ്പോള്‍ താന്‍ അത് ശ്രദ്ധിക്കാതെ വീണ്ടും പരിഭവങ്ങളുമായി നടക്കുന്നത് കഷ്ടം തന്നെ..! മീര ശരിക്കും പശ്ചാത്തപിച്ചു.. അതില്‍‌പിന്നെ മറ്റുള്ളവരോട് പരാതി പറച്ചില്‍ വളരെ കുറച്ചു.

[ കഥയായിട്ടെഴുതാമെന്നു വച്ചാലും ബോറാകുന്നു.. ആത്മഗതമായിട്ടെഴുതിയാലും ബോറാകുന്നു..
എല്ലാം ബോറായി തീരുന്ന ഈ ലോകത്ത് ആത്മയുടെ എഴുത്തുമാത്രം എങ്ങിനെ ബോറല്ലാതാകും?! അല്ലാ പിന്നെ!- അതിനെടേല്‍ മൊബൈല്‍ ഫൊണിലെ ഇന്റര്‍നറ്റ് കണക്ഷനും പോയീ! ഭയങ്കര ചാര്‍ജ്ജാകുന്നത്രെ!-ആത്മയും അറിഞ്ഞില്ല ഇത്രേം ആകുമെന്നു! ഇനി വിശേഷങ്ങളൊക്കെ അറിയാന്‍ ലാപ്ടോപ്പിനെ അഭയം പ്രാപിച്ചാലേ രക്ഷയുള്ളൂ..ഹും!]

തുടരും..

This entry was posted on 4:12 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments