ഒരു മഴക്കാലം...  

Posted by Askarali

തലേ ദിവസം രാത്രി മുതല്‍ തകര്‍ത്തുപെയ്ത മഴ! രാവിലേം തുടരുന്നു.. പ്രകൃതിയാകെ മഴയില്‍ കുളിച്ച് തണുത്തു വിറച്ചു നില്‍ക്കുന്നു..! മീരയും തണുത്തു വിറച്ച് കൂനിക്കൂടി കിടന്നു..തണുപ്പ് അധികമായാല്‍ പിന്നെ മീരയുടെ കയ്യും ഓടല, കാലും ഓടല.. എന്തുചെയ്യാന്‍!

ഇന്നലെ ബ് ളോഗില്‍ എഴുതാന്‍ നിറയെ വിശേഷങ്ങള്‍ ഉണ്ടായിരുന്നു.. മകളെ സ്കൂള്‍ ടൂറിനു കൊണ്ടാക്കി തിരിച്ചു വരുമ്പോള്‍ ടാക്സിക്കാരനുമായി നടത്തിയ സംഭാഷണം മുഴുവന്‍ അപ്പടി പകര്‍ത്തണം എന്നൊക്കെ പറഞ്ഞായിരുന്നു പകലൊക്കെ നടന്നത്.. തലതിരിഞ്ഞ സ്വഭാവം കാരണം ഒന്നും നടന്നില്ലാ.. നിറയെ ജോലികിടക്കുമ്പോള്‍ പോയി തകൃതിയായി ബ് ളോഗെഴുതും.. നിറയെ ചിന്തകള്‍ കിട്ടുമ്പോള്‍ പോയി തകൃതിയായി വീട്ടുജോലികള്‍ ചെയ്യും.. വീട്ടിനുവേണ്ടി ഇനി ഇതില്‍ ക്കൂടുതല്‍ ഒന്നും ചെയ്യാ‍നാവാത്തവിധം തളര്‍ന്നപ്പോള്‍ മീര ബ് ളോഗിനടുത്തെത്തി.. (കുളി ഉപേക്ഷിച്ചു! ഉപേക്ഷിക്കാന്‍ പറ്റുന്നത് അതൊന്നേ ഉള്ളൂ! ഇന്നല്ലെങ്കില്‍ നാളെ മണ്ണായി മാറുന്ന ശരീരം..)

എന്തുചെയ്യാന്‍?! കോരിച്ചൊരിയുന്ന മഴ! ആദ്യമൊക്കെ ധൈര്യമായി ഇരുന്നു.. ഒടുവില്‍ പിന്നെ ബ് ളോഗൊക്കെ പൂട്ടിവച്ച് തകര്‍ത്ത് പെയ്യുന്ന മഴയെ സാകൂതം നോക്കിയിരുന്നു.. പിന്നെ എപ്പോഴോ ഉറങ്ങിപ്പോയീ.. ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച ശരീരം അല്പം മഴക്കാറ്റേറ്റ് അല്പം ആശ്വസിച്ചൊട്ടെ എന്നു മീരയും കരുതി..

മഴകൊണ്ട് തണുത്താറിയ മനസ്സുമായി മീര വീട്ടുജോലികള്‍ ഓരോന്നായി ഒതുക്കി.. ഇടയ്ക്ക് എഴുതാന്‍ സമയം കിട്ടുന്നില്ല. എഴുതാനായി വരുമ്പോള്‍ മക്കള്‍ ടി.വി യില്‍ ഏതെങ്കിലും ചാനല്‍ വച്ച് കാണുകയാവും.. അതിനിടയില്‍ കോണ്‍സ്ണ്ട്രേഷനോടെ എഴുതാനും പറ്റില്ലല്ലൊ,

വൈകുന്നേരം എഴുതാന്‍ ചെന്നപ്പോള്‍ പെട്ടെന്ന് തോന്നി പുറത്ത് പുല്‍ത്തകിടി ഒന്ന് വൃത്തിയാക്കാം എന്ന്. മഴപെയത് ഇളക്കം വന്ന മണ്ണില്‍ നിന്നും കളകള്‍ പിഴുതു മാറ്റാന്‍ എളുപ്പമാണ്.. തകൃതിയായി കളകള്‍ പിഴുതെടുക്കുമ്പോള്‍ , “മഴകൊണ്ട് മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..” എന്ന പാട്ട് ഓര്‍മ്മ വന്നു.. ഈ കളകളും സ്വപ്നങ്ങളും പേറി മണ്ണിനടിയില്‍ വേനല്‍ക്കാലം മുഴുവന്‍ ക്ഷമയോടെ കാത്തു കിടന്നിരിക്കണം മഴവരുമ്പോള്‍ മുളയ്ക്കാമെന്ന പ്രതീക്ഷയുമായി...

--- ബിഹൈന്റ് ദി സ്റ്റോറി--
‘ഹോ! ഇത്രേം എഴുതിയപ്പോള്‍ ഒരു മൂഡൊക്കെ വരുന്നു.. !’ ഒരു ചായയും ഉണ്ട് അടുത്ത് കൂട്ടിനായി..
അടുക്കളേല്‍ കിടക്കുന്ന അല്പസ്വല്പം ജോലി തല്‍ക്കാലം നീട്ടിവച്ച് എന്റ് ബ് ളോഗിനെ ഒന്ന് പൊലിപ്പിച്ചിട്ടു തന്നെ കാര്യം! മീര എഴുതി തുടങ്ങി...

[ദാ എഴുതി തുടങ്ങിയപ്പോള്‍ മകാളു വന്നു പറയുന്നു, “ അമ്മാ, ‘പേരന്റ് ഹുഡ്’ (പുതിയ സീരിയല്‍) തുടങ്ങാന്‍ പോകുന്നു..” എന്ന്! എങ്കിപ്പിന്നെ പോയിട്ട് വരാം..
ജോലിയൊക്കെ ഒതുക്കീട്ട് കുറച്ചുകൂടി നന്നായി എഴുതാം... ]
---
‘പേരന്റ്റ് ഹുഡ്’ കണ്ടെന്നു വരുത്തിയതേ ഉള്ളൂ ട്ടൊ, നിറയെ ജോലികള്‍ അടുക്കളേല്‍..
ബ് ളോഗെഴുതാത്ത വെപ്രാളം.. ഇതിനെടേല്‍ എങ്ങിനെ കാണാന്‍..! പിന്നെ മക്കളോട്, “എടേ, പേരന്റ് ഹുഡ് വരുമ്പോള്‍ എന്നെക്കൂടി വിളിക്കണേ..” എന്നു പറഞ്ഞിട്ട്, ചെല്ലാതിരുന്നാല്‍ നാളെതൊട്ട് വിളിക്കില്ല.

ആത്മ ‘പേരന്റ് ഹുഡും’ പിന്നെ ‘Desperate housewives’ മാത്രമേ കണിശമായി കാണുകയുള്ളൂ..
‘Desperate housewives’ തുടങ്ങുമ്പോള്‍ മകള്‍ വിളിക്കും, “ അമ്മേ ചീത്ത പെണ്ണുങ്ങളുടെ കഥ തുടങ്ങാന്‍ പോകുന്നു.. വേണമെങ്കില്‍ ഓടി വാ” എന്ന്! ചീത്തപ്പെണ്ണുങ്ങള്‍ എന്ന് അവര്‍ക്ക് പേരിട്ടത് ആത്മ തന്നെയാണ് ട്ടൊ. "മക്കളേ, ഇത് മുതിര്‍ന്നവര്‍ കാണുന്ന സീരിയല്‍ അല്ലെ, ചീത്ത പെണ്ണുങ്ങളുടെ സീരിയല്‍..നിങ്ങള്‍ ഇതൊന്നും പാര്‍ക്കക്കൂടാത് ".. എന്നു പറഞ്ഞിട്ടും വീണ്ടും കാണുന്നു..! എങ്കിപ്പിന്നെ ആത്മേം കൂടി കണ്ടുകളയാം എന്നു കരുതി.. അത്രയേ ഉള്ളൂ..
ഇനി കഥ തുടരട്ടെ,
----
പിറ്റേന്നും മഴ തുടര്‍ന്നു.. മഴയില്‍ തണുത്തു മരവിച്ചു നില്‍ക്കുന്ന പ്രകൃതി! മീരയ്ക്കിഷ്ടമാണ് ഈ പ്രകൃതി! തോരാതെ പെയ്യുന്ന ഈ മഴ! ഈ മഴയിലൂടെ ആത്മ ഒരു ഷോപ്പിംഗ്.. പക്ഷെ, പോകുന്നത് എത്ര മഴയ്ത്തും ലാവയുടെ ചൂടും പേറി നടക്കുന്ന ഒരാത്മാവിനോടൊപ്പമാണ് . ഏതു കൊടും മഴയുടെ തണുപ്പിനെയും ബാഷ്പീകരിച്ച് ഭസ്മമാക്കാന്‍ കഴിവുള്ള ഒരു സൂര്യന്‍! എങ്കിലും പോയി വരട്ടെ, സൂര്യന്‍ പാതി വഴിയില്‍ ഇറക്കിവിടും.. പിന്നെ തനിച്ച്... മഴ തന്ന തണുപ്പും പേറി, മഴയിലൂടെ, മഴയുടെ താളവും ഈണവും പേറി, മഴയെ ആത്മാവിനുള്ളില്‍ വഹിച്ച് ഒരുന്മാദിനിയെപ്പോലെ..

ഷോപ്പിംഗ് കോപ് ളക്സിനകത്തും മഴയുടെ തണുപ്പ് അരിച്ചിറങ്ങി വരുമ്പോലെ.. മീരയ്ക്ക് മഴയെ ഇഷ്ടമാണ്.. മഴ വേനലിന്റെ താപത്തിനെ മറപ്പിക്കുന്നു.. മഴ ആത്മാവില്‍ പുതു രാഗം ഉണര്‍ത്തുന്നു.. തന്നെ ഇറക്കിവിട്ട് അധിവേഗം ഓടി മറയുന്ന വണ്ടി നോക്കി മീര ഒരു നിമിഷം നിന്നു.. പിന്നെ, മനസ്സില്‍ ഒരു മഴപ്പാട്ടും മൂളിക്കൊണ്ട് മീര ഷോപ്പിംഗ് കോമ്പ് ളക്സിനകത്ത് കയറി..

ആള്‍ക്കാരൊക്കെ അപരിചിതരാണെങ്കിലും ഇന്ത്യാക്കാരല്ലെ! ഇന്ത്യയില്‍ എത്തിയ ഒരു ഫീലിംഗ്
തോന്നും ഉള്ളില്‍ വിഹരിക്കുമ്പോള്‍.. ഇടയ്ക്കിടെ മലയാളവും കേള്‍‌ക്കാം..! പിന്നെ ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി ഇന്ത്യയില്‍ എല്ലാ ഭാക്ഷക്കാരെയും വേഷക്കാരെയും കാണാം.. സെയില്‍‌സ് ഗേള്‍സും ബോയ്‌സും ഒക്കെ പരിചിത മുഖമാണ് പിന്നെ ഷോപ്പിന്റെ മിക്കയിടങ്ങളും ചിരപരിചിതമാണ്.. അപ്പോള്‍ വന്നുപോകുന്ന ഈ വിസിറ്റേര്‍സ് ആ‍യ ഇന്ത്യാക്കാരെ കാണുമ്പോള്‍ തന്റെ കുടുംബത്തില്‍ വിരുന്നിനു വന്ന് ആഘോഷിക്കുന്ന ബന്ധുക്കളെപ്പോലെയൊക്കെ ഒരു തോന്നല്‍ വരും.. “ഇന്ത്യ എന്റെ രാജ്യമാണ് എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ”എന്നൊക്കെ തോന്നണമെങ്കില്‍ അന്യനാട്ടില്‍ നാടുകടത്തപ്പെടണം..എനീട്ട് ഇതുപോലെ ഒരു ഇന്ത്യന്‍ ഷോപ്പിംഗ് മാളില്‍ എത്തിപ്പെടണം..!

സി. ഡി സെക്ഷനിലാണ് ആദ്യം കാലുകള്‍ നയിച്ചത്.. നീലത്താമരയും പഴശ്ശിരാജയും ചിരിച്ചുകൊണ്ട് വരവേറ്റു! ‘ഉം! നിങ്ങളെന്താ ഇവിടെ? ഇത്ര പെട്ടെന്നെത്തിയോ?, ആക്ച്വലി എനിക്ക് നിങ്ങളെ രണ്ടുപേരെയും ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ടായിരുന്നു.. പക്ഷെ ഇന്ന് വന്നത് ‘ബിഫോര്‍ സണ്‍ റൈസ് ’ഉം ‘ബിഫോര്‍ സണ്‍ സെറ്റും’ വാങ്ങാനാണു’. അല്ലെങ്കിലും മറ്റു ഭാക്ഷക്കാരെ കാണുമ്പോള്‍ മലയാളത്തെ ഒന്നു കൊച്ചാക്കാന്‍ ഉള്ളിലെ മലയാളി വിതുമ്പി. അങ്ങിനെ അങ്ങ് പെട്ടെന്ന് മലയാളം പടം എടുക്കാന്‍ ഒരു മടി! സെയിത്സ് മാന്‍ എന്തു കരുതും! ഒരു കൂതറ മലയാളി വന്ന് മറ്റൊന്നും വാങ്ങനില്ലാത്തപോലെ മലയാളം പടം എടുക്കുന്നതു കണ്ടോ! എന്നു വിചാരിക്കില്ലേ?!ഇന്‍ഫീരിയോരിറ്റി കോമ്പ് ളക്സ്!. ഈ ഇന്‍ഫീരിയോരിറ്റി കോമ്പ്ളക്സാകണം മലയാളികളെ മലയാളം മറക്കാനും അന്യഭാക്ഷകളെ ആശ്രയിക്കാനും പ്രേരിപ്പിക്കുന്നത്.

‘വാങ്ങണോ വാങ്ങണ്ടേ എന്ന് ഒരിക്കല്‍ക്കൂടി ആലോചിച്ചിട്ടു വരാം നീലത്താമരേ..’ എന്നും മനസ്സില്‍ പറഞ്ഞ്, സി. ഡി കട മുഴുവന്‍ കറങ്ങി, സണ്‍ സെറ്റും സണ്‍ റൈസും ഒക്കെ എടുത്ത് നല്ല ഡീസന്റ് ആയി മടങ്ങി വീണ്ടും നീലത്താമരയുടെ അടുത്തെത്തി , ‘ഇനി നിന്നെ പരിഭവപ്പെടുത്തണ്ട, എടുത്തേക്കാം..’ എന്നു കരുതി കൈ നീട്ടുമ്പോള്‍..! ങ്ഹേ! എവിടെ നീലത്താമര?! അവളെ ഇതിനകം ആരോ ആണുങ്ങള്‍ അടിച്ചോണ്ട് പോയിരുന്നു...! വിശ്വാസം വരുന്നില്ല.. പത്തുമിനിട്ടിനു മുന്‍പ് എന്നെ നോക്കി ചിരിച്ച നീലത്താമര! കഷ്ടമായിപ്പോയി അപ്പോഴേ എടുക്കാനുള്ളതായിരുന്നു..

സി. ഡി സെക്ഷന്‍ ബോയിയോട് പോയി ചോദിച്ചു “നീലത്താമരയുണ്ടോ..?, ഞാന്‍ 10 മിനിട്ട് മുന്‍പും കണ്ടതായിരുന്നു..” അയാള്‍ വന്ന് തന്നാലാവും വിധം പരതി.. കിട്ടിയില്ല. അവള്‍ പറന്നേ പോയിരുന്നു.. ഇനി എവിടെ തിരയാന്‍! എങ്കിലും വെറുതെ അവിടെ ചുറ്റിപ്പറ്റി അല്പനേരം കൂടി നടന്നു.. നീലത്താമരയുടെ ആത്മാവ് അവിടെയൊക്കെ അലയുന്നപോലെ! ഒടുവില്‍ പഴശ്ശിരാജയും എടുത്ത് മനസ്സില്ലാ മനസ്സോടെ നടന്നകലുമ്പോഴും കയ്യെത്തും ദൂരത്തു നിന്നും പറന്നുപോയ നീലത്താമരയായിരുന്നു മനസ്സില്‍ നിറയെ..

ഷോപ്പിംഗ് മാളികത്ത് വേണ്ടതിലധികം സമയം കിട്ടി ചുറ്റിത്തിരിയാന്‍.. തനിയേ നടക്കുന്നതാണ് നന്ന്.. അപരിചിതരുടെ ഇടയില്‍ അപരിചിതത്വവും പേറി നടക്കാന്‍ മീരയ്ക്ക് വലിയ ഇഷ്ടമാണ്.. ഓരോ വസ്തുക്കളും കൌതുകത്തോടെ നോക്കി നടന്നു.. വളരെ നേരം നോക്കി നിന്ന് തനിക്ക് ഇഷ്ടമായെങ്കില്‍ മാത്രം ചിലത് വാങ്ങി.. മനസ്സില്‍ വലിയ സംതൃപ്തി തോന്നിയെങ്കിലും നീലത്താമരയുടെ വിതുമ്പല്‍ ബാക്കി നിന്നു.

ഒടുവില്‍ മടങ്ങിയെത്തിയ ഭര്‍ത്താവിനൊടൊപ്പം വൈകി ലഞ്ച് കഴിക്കുമ്പോള്‍ നാവിന്റെ തുമ്പില്‍
നീലത്താമരയുടെ വിശേഷം പറയാന്‍ വിതുമ്പി.. പക്ഷെ, ഭയം! “ഓ! അപ്പോള്‍ നീ സി. ഡി വാങ്ങാനാണു പോയത് അല്ലെ?! കുട്ടികളുടെ കാര്യമൊന്നും നോക്കാതെ സിനിമയും കണ്ട്..” എന്നൊക്കെ എന്തെങ്കിലും പറഞ്ഞ് പിന്നെ പറയാന്‍ വന്നത് മറന്ന് മറ്റൊരു ലോകത്തെത്തിക്കും.
സാരമില്ല.. എല്ലാം പറയാന്‍ ഇപ്പോള്‍ ഒരു ബ് ളോഗുണ്ടല്ലൊ, പിന്നെ എന്തിനു വെറുതെ..

മടങ്ങി വീട്ടിലേക്ക് പോകാന്‍ നേരം കാര്‍പാര്‍ക്കില്‍ വച്ച് ആ വലിയ ഷോപ്പിംഗ് കോപ് ളക്സിന്റെ ഉടമ
മറ്റാരോടോ സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന കണ്ട് ഭര്‍ത്താവ് തല തിരിക്കാനാവും വരെ തിരിച്ച് നോക്കി നോക്കി.. പറഞ്ഞു, “ഹോ! ഇയ്യാളുടെ ഒരു ഭാഗ്യം! എനിക്ക് ഇയ്യാളോട് അസൂയയാണ്..!”
പതിവായി അദ്ദേഹത്തെ കാണുമ്പോള്‍ പറയാറുള്ള പല്ലവിയാണ്.. ആ മുതലാളിയുടെ ഫാന്‍ ആണ് താന്‍ എന്ന് ആവര്‍ത്തിച്ച് പറയാന്‍ ഒരു ത്രില്‍! പക്ഷെ, ആത്മയ്ക്ക് അയാളെ കാണുമ്പോള്‍ ഒരു പ്രത്യേകതരം സഹതാപം വന്നു നിറയും..ചിലപ്പോള്‍ മീര പറയും, “അയാള്‍ക്കറിയാം അയാള്‍ അനുഭവിക്കുന്ന ടെന്‍ഷന്‍.. ഇത്രയുമില്ലെങ്കിലും സ്വന്തമായി ബിസിനസ്സ് നടത്തുന്ന നിങ്ങള്‍ക്കുപോലും ശരിക്ക് റെസ്റ്റും ഉറക്കവും ഒന്നും കിട്ടുന്നില്ല, അപ്പോള്‍ അയാളുടെ സ്ഥിതി എന്തായിരിക്കും?!”
ഇപ്രാവശ്യവും സമാധാനിപ്പിക്കാന്‍ വാക്കുകള്‍ തെകിട്ടി വന്നു..
‘ഓ! നിങ്ങളെപ്പോലെ ഒരാളാകാന്‍ ആഗ്രഹിക്കുന്ന എത്രയോ പേര്‍ കാണും! നിങ്ങളും നിങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ വിജയിച്ചു നില്‍ക്കുന്ന ആളല്ലെ?!’ എന്നൊക്കെ പറയാന്‍ തോന്നി..
പിന്നെ സഡണ്‍ ബ്രേക്കിട്ടു... തന്റെ ‘നീലത്താമര’ കിട്ടാത്ത വിഷമം പങ്കുവയ്ക്കാന്‍‍ ക്ഷമയില്ലാത്ത ഒരു സ്വഭാവത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ഒരു മടി.. തന്റെ പ്രോത്സാഹനം ഒട്ട് ആവശ്യമില്ലാതാനും..

വീടെത്താറായപ്പോള്‍ ചോദിച്ചു, “നീ ഫുട്ട്ബോള്‍ കളി കാണാന്‍ വരുന്നോ?!’
‘ങ്ഹേ! എവിടെ?!’
‘കമ്യൂണിറ്റി സെന്ററില്‍’
‘കണ്ടാല്‍ കൊള്ളാമെന്നുണ്ട്.. പക്ഷെ.. പക്ഷെ.. സമയമില്ല.. വീട്ടില്‍ ചാനല്‍ എടുത്തുകൂടെ?’
‘ഓ, പിന്നെ ഉറങ്ങാനൊന്നും പറ്റില്ല.. ഇതു പിന്നെ പോകാതെ പറ്റില്ല.. ഞാനാണ് ഓര്‍ഗനൈസ് ചെയ്യുന്നത്..’ (കളിയിലും കാര്യം!)

അല്പം കഴിഞ്ഞ് കളി മുഴുവനും കാണാതെ മറ്റൊരു മീറ്റിംഗിനും പിന്നെ മറ്റൊന്നിനും ഒക്കെ പോയി ക്ഷീണിച്ച് വന്ന്, അഹാരം കഴിച്ച് ഉറങ്ങും.. അതിരാവിലെ വീണ്ടും കര്‍മ്മരഗത്തിറങ്ങാന്‍! ജീവിക്കാനറിയാത്ത സ്ത്രീയും ജീവിതം കൊണ്ട് വേണ്ടതിലധികം കളിക്കുന്ന പുരുഷനും..!

മഴ അവശേഷിപ്പിച്ചുപോയ തണുപ്പും തേടി മീര ഷോപ്പിംഗ് സാധനങ്ങളുമായി വീട്ടിനകത്തു കയറി..

This entry was posted on 4:12 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments