നിധിയും തേടി...(ഒരു ചെറു കഥ...)  

Posted by Askarali

അവനെപ്പറ്റി ഞാൻ പലപ്രാവശ്യം എഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്. വീണ്ടും ഒരു ശ്രമം കൂടി നടത്തിനോക്കട്ടെ.. ചിട്ടയില്ലാത്ത അവന്റെ ജീവിതം പോലെ ചിട്ടയില്ലാ‍ത്ത ഒരു കഥയാകും ഒരുപക്ഷെ, പറയാൻ പോകുന്നത്. ക്ഷമയും സമയവുമുള്ളവർക്ക് വായിക്കാം..
അവൻ.. പ്രതീപൻ.. ഏതോ പഴയ വീര രാജാവിന്റെ പേരായിരുന്നു അവന്. ഇന്ന് ആറടി ഉയരവും ഹിന്ദി നടന്മാരുടെ ശരീരഘടനയും ഒക്കെയായി.. എങ്കിലും ഒരു പരാജയമായി.. ഒരു ചോദ്യാചിഹ്നം പോലെ അലയുന്ന പ്രതീപൻ.. പണ്ടത്തെ ചക്രവർത്തി..
ഒരിക്കൽ പ്രതീപൻ ഈ നാട്ടിൽ ഉണ്ടായിരുന്നു. മറ്റ്, പഠിപ്പില്ലാത്ത മറുനാടൻ മലയാളികളെപ്പോലെ, ഫാക്റ്ററിയിൽ ജോലി ചെയ്ത്, വലിയ വാനൊക്കെ ഓടിച്ച്.. ഈ നാട്ടിലെ ഒട്ടുമിക്ക റോഡുകളും സ്ഥലങ്ങളും ഒക്കെ പ്രതീപനു പരിചിതമായിരുന്നു.. ഏതു കഠിനജോലിയും ചെയ്യാൻ സദാ സന്നദ്ധൻ..എന്നിട്ടും അവൻ മാത്രം ഇപ്പോൾ ഇവിടെയില്ല. അവനുശേഷം പലരും ഈ രാജ്യത്ത് വന്ന് പണക്കാരായി.. കുടുംബത്തെ മുഴുവൻ രക്ഷപ്പെടുത്തി, നാട്ടിലെ കുട്ടിപ്പണക്കാരായി, അവന്റെ മുന്നിലൂടെ നടക്കുമ്പോൾ എന്റെ പ്രതാപൻ ഇന്നും ഒന്നുമില്ലാത്തവനെപ്പോലെ അലയുന്നു...
പ്രതീപന്റെ കഥ പറയട്ടെ..
എവിടെ നിന്നു തുടങ്ങാൻ?! അടുക്കുതെറ്റിയ അവന്റെ ജീവിതത്തിന്റെ ഓരോ ഏടുകളായി ക്രമപ്രകാരമല്ലാതെ കണ്ടെത്തുന്നു.. അത് ഇവിടെ പകർത്തിക്കോട്ടെ,
അവനെ ആദ്യം കണ്ട ഏട് തന്നെ ആദ്യം പകർത്താൻ ശ്രമിക്കാം..
***
കൈക്കുഞ്ഞായിരിക്കുമ്പോഴാണ് അവനെ ഞാൻ ആദ്യം കാണുന്നത്. അവന് രണ്ടോ മൂന്നോ മാസം പ്രായം.. എനിക്ക് ഏഴോ എട്ടോ വയസ്സും കാണും. അവന്റെ അമ്മയുടെത് പ്രേമവിവാഹമായിരുന്നതുകൊണ്ട് എന്റെ മാതാപിതാക്കൾ സഹകരിച്ചില്ല, എങ്കിലും വളരെ സ്വന്തക്കാരായതുകൊണ്ട്, അമ്മ വീട്ടിലില്ലാത്ത സമയങ്ങളിൽ ചിലപ്പോഴൊക്കെ പ്രതീപന്റെ അമ്മ, മാലതിചേച്ചി അവനെയും ഒക്കത്തെടുത്തുകൊണ്ട് വരുമായിരുന്നു. തന്റെ പ്രിയപ്പെട്ട മാലതിചേച്ചി.. തന്നെയും സഹോദരനേയും ഒക്കെ എടുത്തുവളർത്തിയ ചേച്ചിയാണ്!
ആ ചേച്ചി സ്വന്തം മകനെയും കൊണ്ട് ഒരിക്കൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആ ജീവനുള്ള ബൊമ്മച്ചെറുക്കനെ കണ്ട് വിസ്മയിച്ച് ഏറെ നേരം നിന്നുപോയി! കൊച്ചുകുട്ടികളെ എടുത്ത് ശീലമില്ലാത്ത തനിക്ക് അവനെ ഒന്നെടുക്കാൻ, ആഗ്രഹം തോന്നി. ‘മാലതിചേച്ചി സ്വന്തത്തിൽ പെട്ട ചേച്ചിയല്ലെ, വിവാഹത്ത്ന് എതിർത്തെങ്കിലും, ചേച്ചിയുടെ കുഞ്ഞിനെ എടുക്കുന്നതിൽ അമ്മയ്ക്ക് വിരോധം ഒന്നും കാണില്ല’ എന്നൊക്കെ മനസ്സിനു ധൈര്യം കൊടുത്ത് നിൽക്കുമ്പോൾ.. താഴെ പൂഴിയിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് പെട്ടെന്ന് കരയാൻ തുടങ്ങി. ഇതുതന്നെ തക്കം എന്നു കരുതി, ധൈര്യ സമേതം അവനെ എടുത്തു. വിചാരിച്ചതിലും അധികം ഭാരമുണ്ട്. തന്നെക്കൊണ്ട് കഴിയുമോ?! അല്പമകലെ നിൽക്കുന്ന മാലതിചേച്ചിയുടെ അടുക്കലേക്ക് അടിവച്ചടിവച്ച് നീങ്ങുകയായിരുന്നു.. ഇനിയും കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത മാലതി ചേച്ചി തകൃതിയായി ചാഞ്ഞു കിടക്കുന്ന മാവിൽ നിന്നും പഴുത്ത മാങ്ങ നോക്കി തട്ടിയിടുന്ന പ്രവർത്തിയിൽ മുഴുകിയും.. എങ്കിലും താൻ കുഞ്ഞിനെയും കൊണ്ട് വേയ്ച്ച് വേയ്ച്ച് നടന്ന് മുകളിലേക്ക് ചെല്ലുന്നത് ഒരുനിമിഷം നോക്കി.. പൊടുന്നനെ തന്റെ കാല് ചറുക്കി.. കുഞ്ഞിനെയും കൊണ്ട് താൻ കൂടിക്കിടക്കുന്ന കരിയിലകൾക്കിടയിലേക്ക് ചാഞ്ഞുവീണു.
മാലതിചേച്ചി, “അയ്യോ, എന്റെ കുഞ്ഞ്..” എന്ന് നിലവിളിച്ച് ഓടിവന്ന് കുഞ്ഞിനെ എടുക്കുമ്പോൾ, ഭയന്ന് വിളറി വെളുത്ത മുഖവുമായി താൻ ഓടി മുറുക്കുള്ളിലെങ്ങോ പോയി ഒളിച്ചു. ഇതിനകം അമ്മ വരാറായ സമയമായതുകൊണ്ട് മാലതിചേച്ചി കുഞ്ഞിനെയും കൊണ്ട് തിരിച്ചുപോയിക്കഴിഞ്ഞിരുന്നു. കുഞ്ഞിനെന്തെങ്കിലും സംഭവിച്ചു കാണുമോ?! ജോലിക്കാരിയോ അമ്മുമ്മയോ മറ്റോ തന്റെ കുറ്റകൃത്യം അമ്മയോട് പറഞ്ഞ് കൊടുക്കുമോ?! ആകെ ഭയമായിരുന്നു..
പക്ഷെ, ഒന്നും സംഭവിച്ചില്ല. പിന്നെ കാണുമ്പോൾ മാലതിചേച്ചി പഴയപോലെ തന്നെ നോക്കി ചിരിച്ചപ്പോഴാണ് തന്റെ ഭയം നിശ്ശേഷം മാറിയത്. താൻ കുറ്റക്കാരിയായില്ല എന്ന ആശ്വാസവും ഒപ്പം കുഞ്ഞിന് ഒന്നും സംഭവിച്ചില്ലല്ലൊ എന്ന ആശ്വാസവും..
പക്ഷെ.. ഇന്ന് താൻ കാരണം ആ കുഞ്ഞിന് ഒന്നും സംഭവിച്ചില്ല എന്ന് ആശ്വസിക്കാനാവാതായിരിക്കുന്നു...
***
കഴിഞ്ഞ വർഷം നാട്ടിൽ ചെല്ലുമ്പോൾ... മൂത്തയമ്മയുടെ വീട്ടിൽ പോകുന്ന വഴിയിൽ പ്രതീപനെ കണ്ടു! പുറം തിരിഞ്ഞിരുന്ന്, താഴെ, സ്വന്തം പുരയിടം കിളച്ചുകൊണ്ടു നിൽക്കുന്ന ശശിയണ്ണനോട് എന്തോ പറഞ്ഞുകൊണ്ട് അലസമായി ഇരിക്കുകയാണ്. വിദേശത്ത് ഒരിക്കൽ തിരിച്ചുപോകാം എന്ന പ്രതീക്ഷ അവനിൽ തീരെ കെട്ടപോലെ.. ‘അതിന്റെ ഈർഷ്യ തന്നോടാകരുതേ..’ എന്ന് അറിയാതെ പ്രാർത്ഥിച്ചു. ഈ നാട്ടിൽ നിന്നും ആരെങ്കിലും രക്ഷപ്പെടണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അത് അവനും പിന്നെ മറ്റൊരു മാലാഖകുട്ടിയും (ആ കഥ പിന്നീട്) മാത്രമെ ഉള്ളൂ..
പ്രതീപൻ തന്നെകണ്ട്, നേരത്തെ താൻ വരുന്നുവെന്നറിഞ്ഞ മട്ടിൽ വലിയ പ്രത്യേകതയൊന്നും ഇല്ലാതെ നിസ്സംഗമായി തിരിഞ്ഞുനോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു, പരാജയപ്പെട്ടു.. പിന്നെ ആ ചിരി ഒരു പുശ്ചരസത്തിൽ ഇല്ലാതായി മറയുന്നത് ഞാനും അവനും വേദനയോടെ അംഗീകരിച്ചു. ‘ഞാനല്ല നിന്റെ അധഃപ്പതനത്തിനുത്തരവാദി.. ദയവായി എന്നോട് പൊറുക്കൂ..’ എന്ന് പറഞ്ഞ് മാപ്പു ചോദിക്കാനാണ് ആദ്യം തോന്നിയത്. പക്ഷെ, അത് ഒരു പക്ഷെ തന്നോടു തോന്നാൻ തുടങ്ങുന്ന വെറുപ്പിന്റെ വേഗത കൂട്ടും എന്ന ഭയം അതിൽ നിന്നും പിന്തിരിപ്പിച്ചു. തന്റെ പരാജയത്തിനു കാരണം അന്വേക്ഷിച്ചു നടക്കുന്ന അവന് ഒരു പഴുത് കിട്ടിയപോലെ അവന്റെ വെറുപ്പു മുഴുവനും തന്നോടായിപ്പോകുമോ എന്ന ഭയം മറച്ചുകൊണ്ട് പതിയെ ചോദിച്ചു, “പ്രതീപാ, എന്റെ നാട്ടിൽ ഇപ്പോൾ നിയമങ്ങൾ ഒക്കെ വളരെ സ്ട്രിക്റ്റ് ആണ്. നല്ല പഠിപ്പുള്ളവർക്ക് മാത്രമേ അവർ പെർമിറ്റ് കൊടുക്കുന്നുള്ളൂ.. പ്രതീപൻ വേറെ ഗൾഫ് രാജ്യങ്ങളിലെങ്ങാനും പോകാൻ ശ്രമിച്ചുകൂടെ, ചേട്ടനോട് പറഞ്ഞ് ഞാൻ എന്തു സഹായം വേണമെങ്കിലും ചെയ്യാം.. അല്ലെങ്കിൽ ഇവിടെ ഒരു ആട്ടോയോ ടാക്സിയോ എടുത്ത് ഓടിക്കാമല്ലൊ?”
അവൻ എന്തോ നാണക്കേട് കേട്ടമാതിരി, “ഉം..” എന്ന് ചെറുതായി ഒന്നു മൂളി. പിന്നെ പറഞ്ഞു, “അതൊന്നും നടക്കില്ല..” വലിയ ഏതോ രാജസിംഹാസനത്തിലിരുന്ന് ഇറങ്ങാൻ മടിക്കുന്നപോലത്തെ രാജാവിന്റെ പഴയ സ്വഭാവം..
തനിക്ക് കൂടുതൽ ഒന്നും പറയാൻ തോന്നിയില്ല. നന്നായി പഠിച്ചുമില്ല, ജീവിക്കാനുമറിയാഞ്ഞാൽ തനിക്കെന്തുചെയ്യാൻ കഴിയും.. അവൻ നശിക്കുന്നത് നോക്കി വേദനിക്കാനല്ലാതെ..പണ്ടും അവൻ ഇങ്ങിനെയായിരുന്നു.. തന്റെ തോൽ‌വി സമ്മതിക്കാൻ കൂട്ടാക്കാത്ത പ്രകൃതം.. ചരിഞ്ഞ തലയും ഉയർത്തിപ്പിടിച്ച് ഏതു വേദനയുടെയും പരാജയത്തിന്റെയും മുന്നിൽ താൻ തലകുനിക്കില്ല എന്ന ഗർവ്വോടെ നടക്കും.
***
പ്രതീപന് ഏകദേശം നാലോ അഞ്ചോ വയസ്സുള്ളപ്പോൾ അവന്റെ അമ്മയും അച്ഛനും പിരിഞ്ഞു.
പ്രതീപനെ അച്ഛാമ്മയുടെ അരികിൽ വിട്ടിട്ട്, മറ്റ് രണ്ട് കുട്ടികളെയും കൊണ്ട് മാലതി ചേച്ചി
തിരിച്ചുപോയി! സിനിമയിലെ ഷീലയെയും നസീറിനെയും പോലെയൊക്കെ വലിയ വീരസാഹസികത കാട്ടി വിവാഹം കഴിച്ചവർ അതേ വീരത പിരിയുന്നതിലും കാട്ടി. പ്രതീപന്റെ അച്ഛന്റെ മദ്യപാനമായിരുന്നു പ്രധാന കാരണം. ചെറിയ ഒരു ഗവണ്മെന്റ് ജോലി ഉണ്ടായിരുന്ന പ്രതീപന്റെ അച്ഛൻ മദ്യപിച്ച് വന്ന് മാലതിചേച്ചിയേയും കുഞ്ഞുങ്ങളെയും ഒക്കെ ഉപദ്രവിക്കാൻ കൂടി തുടങ്ങിയപ്പോൾ ഗത്യന്തരമിലാതെ മാലതിചേച്ചി തോൽ‌വി സമ്മതിച്ചു മടങ്ങിപ്പോയി.. - അത് പ്രേമവിവാഹങ്ങളെയൊക്കെ എതിർക്കാൻ രണ്ടാമതൊരു കാരണം കൂടി തനിക്ക് നൽകി. താൻ തീർച്ചപ്പെടുത്തി, ‘പ്രേമം, വിവാഹം കഴിക്കുന്നതുവരെയേ ഉള്ളൂ.. എന്ന്. കാരണം സിനിമകളിലൊക്കെ കൊണ്ടുപിടിച്ച് പ്രേമിച്ചും മരം ചുറ്റി പാട്ടും ഒക്കെയായി നടക്കുന്ന നായികാ നായകന്മാർക്ക് വിവാഹം കഴിഞ്ഞാൽ പിന്നെ പ്രേമിക്കാനേ സമയമില്ല. പിന്നെ നായകനും വില്ലനും കൂടി അടികൂടുകയോ മറ്റോ ആയിരിക്കും പ്രധാന പരിപാടി.. അതല്ലെങ്കിൽ സിനിമയുടെ അവസാനം വരെ പ്രേമം നീട്ടിക്കൊണ്ടുപോയി ഒടുവിൽ വിവാഹം കഴിക്കുന്നതോടെ “ ദി എൻഡ്” എന്നെഴുതി വരും.. എല്ലാറ്റിന്റെയും അവസാനമായി എന്നപോലെ. താൻ നിരാശയോടെ സ്ക്രീനിൽ നോക്കും, “എന്നാലും ഒരു പ്രേമം കൂടി തകർന്നുപോയല്ലൊ എന്ന ഖേദവുമായി” തിരിച്ചുപോകുമ്പോൾ ഓർക്കും. ഇനി അവർ പാട്ടും പാടി മരംചുറ്റി ഓടില്ല.. ഇനി അവർക്ക് കഷ്ടപ്പാടോട് കഷ്ടപ്പാടായിരിക്കും.. പാവം!
പ്രതീപന്റെ കഥയിലേക്ക് വരട്ടെ,
അങ്ങിനെ മാലതി ചേച്ചി പ്രതീപനെ അച്ഛന്റെ വീട്ടിൽ ഉപേക്ഷിച്ച് കടന്നുകളയുകയും, പ്രതീപന്റെ അച്ഛൻ അവനെ ഉപേക്ഷിച്ച് ചാരയഷോപ്പിലേയ്ക്കും കടന്നപ്പോൾ, പ്രതീപൻ തീർത്തും അനാധനായി എന്നുപറയാം.. പക്ഷെ അവന് ഇതൊന്നും ഒരു പ്രശ്നമല്ല എന്ന രീതിയിലായിരുന്നു അവന്റെ ഭാവം.. അപ്പുപ്പനും അമ്മുമ്മയും പ്രതീപന് കാണപ്പെട്ട ദൈവങ്ങളെപ്പോലെയായിരുന്നു. അവരുടെ ചെല്ലക്കുട്ടിയായതുകൊണ്ട് അച്ഛനമ്മമാരുടെ വേർപിരിവ് ഒരുപക്ഷെ അവന് അനുഭവപ്പെട്ടില്ലായിരിക്കാം..
***
ഒഴിവു ദിവസങ്ങളിൽ താനും സഹോദരനും കൂടി എന്തെങ്കിലും കളിയിൽ മുഴുകി ഇരിക്കുമ്പോഴായിരിക്കും പ്രതീപന്റെ വരവ്! അത് എന്റെ ഏട്ടനെ ഒട്ടൊന്ന് ഉത്സാഹ ഭരിതനാക്കും. വെറും പീറപെണ്ണിന്റെ മുന്നിൽ വീണു തകരേണ്ടതല്ല തന്റെ വീരസാഹസികതകൾ.. ഇതാ ഒത്ത ഒരിര വന്നു ചാടിയിരിക്കുന്നു എന്നമട്ടിൽ. പിന്നെ, കൂടുതൽ ഉശിരോടെ ചേട്ടൻ അഭ്യാസങ്ങൾ തുടരും. പ്രതീപന് സ്വന്തം സാഹസികതയിൽ വെല്ലാൻ കഴിയാത്തത് തന്റെ ചേട്ടനെ മാത്രമാണെന്ന ഭാവത്തിൽ അവൻ നിശബ്ദനായി ഇരിക്കും. പക്ഷെ തനിക്ക് ഉള്ളിൽ തോന്നും അവൻ വെറുതെ അഭിനയിക്കുകയാണെന്ന്.. വെറുതെ ചേട്ടനെ നായകനായി കാണാനുള്ള ഒരു ഔത്സുക്യം മാത്രം..
ഇടയ്ക്ക് പ്രതീപന് ഇഷ്ടമുള്ള എന്തെങ്കിലും ഒരു സാധനം ചേട്ടന്റെ കയ്യിൽ ഇരിക്കയാണെങ്കിൽ പ്രതീപൻ അനുനയത്തിൽ ചോദിക്കും
‘മധുവണ്ണാ അതെനിക്കു തരുമോ?’
ചേട്ടൻ വളരെ ഗൌരവത്തിൽ പറയും, ‘ഇല്ല തരില്ല’.
പ്രതീപൻ വീണ്ടും ചോദിക്കും “തരുമോ ഇല്ലയോ?”
ചേട്ടൻ വീണ്ടും അതേ ഗൌരവത്തിൽ പറയും “തരില്ലെന്നല്ലെ പറഞ്ഞത്”
ചേട്ടന്റെ കയ്യിലുള്ള വസ്തു പ്രതീപന്റെ കയ്യിൽ കിട്ടിയാൽ ഒരുപക്ഷെ അവൻ അതിലും വലിയ മാജിക്കുകൾ കാട്ടുമോ എന്ന ഭയമാകുമോ ചേട്ടനെ ഇത്രയും ക്രൂരനാക്കുന്നത്! എന്നോർത്ത് താനിരിക്കും.
പ്രതീപൻ ക്ഷീണിക്കാതെ തുടരും, ‘മണിയണ്ണൻ, തരില്ല അല്ലെ?’
‘ഇല്ല’
തരൂല്ല്ലല്ല്..?! (തരികയില്ല അല്ലെ?) പ്രതാപൻ വീണ്ടും ചോദിക്കും. (ഇനിയും കൊടുത്തില്ലെങ്കിൽ താനിപ്പോൾ അനിഷ്ടകരമായി എന്തെങ്കിലും പ്രവർത്തിക്കും എന്ന മുന്നറിയിപ്പുപോലെ. )
തന്റെ മനസ്സിൽ നേരിയ ഒരു ഭയം ഉടലെടുക്കും, കൊടുത്തില്ലെങ്കിൽ പ്രതീപൻ ഇനി ഒരുപക്ഷെ ചേട്ടനെ തല്ലുകയെങ്ങാനും ചെയ്യാൻ ഉരുമ്പെടുമോ?! എങ്കിൽ പ്രതീപനെ ചേട്ടൻ പപ്പടമാക്കിയിട്ടെ വിടൂ താനും!
ചേട്ടന്റെ ഒട്ടും കൂസാത്ത ഇരിപ്പു കാണുമ്പോൾ ഒടുവിൽ പ്രതാപൻ സ്വയം പറയും,
“തരൂല്ലല്ല് അല്ലെ?”, (അൽ‌പ്പം കൂടി താണ സ്വരത്തിൽ)
“എങ്കിപ്പിന്നെ.. വേണ്ട”(ശരിക്കും കീഴടങ്ങലിന്റെ സ്വരം).
താൻ കണ്ണും മിഴിച്ച് ഒരൽഭുത ജീവിയെ നോക്കുമ്പോലെ ഇരിക്കും, “ഇതു പറയാനായിരുന്നോ ഇത്രയും വീറോടെ വാദിച്ചത്?!”
എന്നാൽ ചേട്ടൻ മാറുമ്പോൾ ഉടൻ പ്രതീപൻ തന്റെ നേർക്ക് തിരിയും, “കുഞ്ഞമ്മയ്ക്ക് രക്തം കാണണോ?!”
ഏഴോ എട്ടോ വയസ്സുള്ള കുഞ്ഞമ്മ (ഞാൻ) ഭയത്തോടെ പറയും, “വേണ്ട വേണ്ട എനിക്ക് രക്തമൊന്നും കാണണ്ട.”
പക്ഷെ, അവൻ കാണിച്ചേ അടങ്ങൂ. “ദാ നോക്കിക്കൊളൂ ഞാനിപ്പൊ ഈ വിരലിൽ നിന്നും രക്തം വരുത്തി കാട്ടാം!”
താൻ ഭയത്തോടെ നോക്കിനിൽക്കുമ്പോൾ അവൻ ഒരു മുറി ബ്ലയിഡോ മറ്റോ ഉപയോഗിച്ച്, വിരലിൽ നേരിയ മുറിവുണ്ടാക്കി രക്തം ഒഴുക്കി കാണിക്കും.
താൻ, കണ്ണുകൾ ഇറുകെ അടച്ച്, “പ്രതീപാ, മതി, മതി നിർത്ത്..” എന്നുപറഞ്ഞ് വിളിക്കുമ്പോൾ അവൻ ചിരിച്ചുകൊണ്ട് മതിയാക്കും. അപ്പോൾ അവന്റെ കണ്ണുകളിൽ ഒരു തിളക്കം കാണാം. വിജയിയുടെ തിളക്കം! തനിക്കതുകാണുമ്പോൾ ഒരു സംതൃപ്തി തോന്നും. ‘മധുവണ്ണന്റെ മുന്നിൽ തോറ്റുപോകുന്ന അവൻ വിജയിച്ചുവല്ലൊ’ എന്ന സംതൃപ്തി, അവന് തന്റെ കണ്ണിലെ ആശ്വാസമായിരുന്നിരിക്കണം ആവശ്യവും. അവനിലുള്ള തന്റെ പ്രതീക്ഷ നിലനിർത്തി എന്ന ആശ്വാസം. ഇതായിരുന്നു പ്രതീപൻ.. ധീരനായ പ്രതീപൻ.
***
“മീരക്കുഞ്ഞമ്മാ, ജയന്റെ പടം കിട്ടുകയാണെങ്കിൽ എനിക്കു തരണേ..” എന്നതുമാത്രമാണ് അവന്റെ അപേക്ഷ. വെറുതെയല്ല, എനിക്ക് പ്രതീപൻ കമലാഹാസന്റെ നല്ല നല്ല പോസ്റ്ററുകൾ കൊണ്ടു വന്നു തരും.
വളരെ ചെറുതിലേ തന്നെ, ജയന്റെ പടങ്ങൾ ഒളിച്ചും പാത്തും തീയറ്ററിൽ പോയി കണ്ട് താനും അതുപോലെ വലിയ വീരനാണെന്ന ഒരു സ്റ്റൈലിൽ നടക്കും പ്രതീപൻ. തനിക്ക് അതിലെ കഥകളും വിവരിച്ചു തരാൻ പ്രതീപന് വല്ലാത്ത ഉത്സാഹമായിരുന്നു. മിക്ക കഥകളും പാവപ്പെടുന്നവർക്കുവേണ്ടി, അധർമ്മത്തിനും അനീതിയ്ക്കും എതിരെയുള്ള നായകന്റെ വീരാശൂരമായ പോരാട്ടങ്ങളായിരിക്കും. തനിക്ക് ജയനെ ഒരിഞ്ചുപോലും ഇഷ്ടമല്ലാ താനും..എങ്കിലും വെറുതെ അവന്റെ ആരാധന നശിപ്പിക്കണ്ട എന്നുകരുതി കേൾക്കും. ‘പാവം അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയല്ലെ, ആരെയെങ്കിലും റോൾ മോഡലായി കണ്ടോട്ടെ.. ഇഷ്ടപ്പെട്ടോട്ടെ..’
***
അവൻ, തന്റെ ഭ്രാന്തുകളും വിലവച്ചു തരുമായിരുന്നു, ഒന്നൊഴിച്ച്, അവനെ അക്ഷരം പഠിപ്പിക്കാനുള്ള എന്റെ ശ്രമം മാത്രം.. ഒടുവിൽ, ആ‍ ശ്രമം പാതിയിലുപേക്ഷിച്ച്, ഞാൻ പറയും “പ്രതീപാ, അഭ്രം കാണുന്നയിടത്ത് നിധിയുണ്ടാകും എന്ന ആരൊ പറഞ്ഞു, ഇവിടെ ഒരിടത്ത് അഭ്രം/മൈക്ക(?) ഉണ്ട്. വാ നമുക്ക് പോയി നോക്കാം..!”.
ഞങ്ങൾ ആ അഭ്ര പാളികൾ പൊളിച്ച് നോക്കിയിരിക്കും. വിവിധ വർണ്ണങ്ങളിൽ തിളങ്ങി അടർന്ന് ധാരാളം വരും!
ഒരിക്കൽ താൻ പറഞ്ഞു, “നമുക്ക് ആരുമറിയാതെ ഈ ഭൂമി കുഴിച്ചു നോക്കാം?! നിധി കിട്ടുകയാണെങ്കിൽ നമുക്ക് രണ്ടുപേർക്കും പകുത്തെടുക്കാം. നിനക്ക് പെട്ടെന്ന് പണക്കാരനാകാം..”
തനിക്ക് പ്രതീപനെ പണക്കാരനാക്കാനായിരുന്നു കൂടുതൽ തിടുക്കം. സിനിമയിൽ കാണുന്നതുപോലെ വലിയ ബംഗ്ലാവും കാറും ഒക്കെ വാങ്ങുന്ന തന്റെ സ്വപ്നവും പിറകെയും.. തനിക്ക് നിധി കിട്ടുകയാണെങ്കിൽ ആദ്യം തന്റെ ഗ്രാമത്തിലെ പട്ടിണിക്കാരെയൊക്കെ സമ്പന്നരാക്കണം..!പിന്നെ.. കുന്നിന്റെ ഒത്ത മുകളിൽ ഒരു വലിയ ബംഗ്ലാവ് പണിയണം..! പിന്നെ അവിടെ വച്ച് ഒരുപാട് പടങ്ങളൊക്കെ ഷൂട്ട് ചെയ്യാൻ നസീറും ഷീലയും ഒക്കെ വരണം! തങ്ങളുടെ വയലേലയുടെ അരികിലായി ഒരു ചെറിയ റോഡും ഉണ്ടാക്കണം സിനിമാക്കാർക്കൊക്കെ വന്നുപറ്റാൻ. ഷീല ചരിഞ്ഞു കിടക്കുന്ന കുന്നിലൂടെ ഓടിയിറങ്ങുന്നതും, വയലേലയിലൂടെ ഓടുന്നതും ഒക്കെ സ്വപ്നം കാണാൻ തുടങ്ങും.. ഭ്രാന്തു മൂത്തു വരുമ്പോൾ, കൈക്കോട്ടുമായി പ്രതീപനും താനും കൂടി രംഗത്തിറങ്ങും.. അഭ്രം കാണുന്നിടം കുഴിക്കാൻ തുടങ്ങും.. ഒന്ന്ന്, രണ്ട്..അല്ല, നാലഞ്ച് വെട്ടൊക്കെ ഒരു വിധം നന്നായി കുഴിക്കും.. പിന്നീടങ്ങോട്ട് മണ്ണ് കുഴിയില്ല, നല്ല കട്ടി! കയ്യിനു നല്ല വേദന! കൊട്ടൻ തറ!
പ്രതീപൻ അപ്പോഴും ജാഗ്രതയോടെ വെട്ടൽ തുടരും..
ഇനി ഒരുപക്ഷെ അവൻ കുഴിക്കുന്നിടത്ത് നിധി കിട്ടിയേക്കുമോ?!
പാവം! അവന് കിട്ടിയാൽ അവൻ തനിക്കുകൂടി തരാതിരിക്കില്ല എന്നുകരുതി വിയർത്തൊലിച്ച് ഒരിടത്തിരിപ്പുറപ്പിക്കും.. നിധിയും സ്വപ്നം കണ്ട്.. കൊട്ടൻ തറ വെട്ടിക്കിളക്കുന്ന പാവം പ്രതാപനെയും നോക്കി..
***
പിന്നീട് വളരെ വർഷങ്ങൾ കഴിഞ്ഞു, വിധി തങ്ങളെക്കൊണ്ട് വീണ്ടും നിധി വെട്ടിപ്പിച്ചു. നിധി വെട്ടിത്തളർന്നിരിക്കുന്ന തന്റെയടുത്ത് അവനും എത്തിച്ചേർന്നു. ഒടുവിൽ അവൻ എത്തിയല്ലൊ, കഷ്ടപ്പെട്ടെങ്കിലും എന്തെങ്കിലും നേടട്ടെ എന്നുകരുതി ആശ്വസിച്ചു.
നിധി കിട്ടിത്തുടങ്ങിയപ്പോൾ, പ്രതീപൻ സഹോദരിയുടെ വിവാഹം ഒട്ടൊരാർഭാടത്തോടെ നടത്തുമ്പോൾ, താൻ ചെറുതായി സൂചിപ്പിച്ചു, “പ്രതീപാ, ഇത്രയുമൊക്കെ വേണോ?! കുറച്ച് നിനക്കുകൂടി കരുതി വയ്ച്ചുകൂടെ?” എന്ന്. (ഇനി അജ്ഞാതമായ ഭാവിയിൽ ഭയം ഒളിഞ്ഞിരിക്കുന്നത് മുൻ‌കൂട്ടി താൻ കണ്ടിരുന്നോ?! അറിയില്ല.)
അവൻ അനിഷ്ടകരമായ എന്തോ ഒന്ന് തന്റെ വായിൽ നിന്നും കേട്ടമാതിരി പറഞ്ഞു, “ഇല്ല, എല്ലാം ഇതു കഴിഞ്ഞ് മതി”
“എങ്കിൽ പിന്നെ നിന്റെ ഇഷ്ടം”. എന്നുപറഞ്ഞ് താൻ ഒഴിഞ്ഞുമാറി. അവരവർ സമ്പാദിക്കുന്ന കാശ് ചിലവാക്കുന്നതിൽ മറ്റുള്ളവരുടെ ഉപദേശം എന്തിന്! താൻ വിഡ്ഡി എന്നോർത്ത് പിൻ‌ തിരിഞ്ഞു. ‘കാശൊക്കെ കിട്ടിത്തുടങ്ങിയപ്പോൾ പ്രതീപനിലും അഹംഭാവം തലപൊക്കിത്തുടങ്ങിയോ?!’ എന്ന അത്ഭുതവും..
താൻ കരുതിയതുപോലെ തന്നെ സംഭവിച്ചു. പ്രതീപന് നിധി എടുപ്പ് തുടരാനായില്ല. വിവാഹത്തിന്റെ മാസ്മരികതയിൽ മറന്ന് വിസ പുതുക്കാൻപോലും മറന്ന് അർമാദിച്ചതിന്റെ ശിഷയാകും. പ്രതീപന് തിരിച്ചു വരാനായില്ല.. (പകരം മറ്റൊരു മാലാഖകുട്ടിയുടെ ഭർത്താവ് നിധി കുഴിക്കാനെത്തി-ആ കഥ പിന്നീടൊരിക്കൽ...)
വിധി നഷ്ടമാക്കിയ; തട്ടിത്തെറിപ്പിച്ച; തന്റെ നിധികുംഭത്തെയോർത്ത് ഇഞ്ചിഞ്ചായി നീറി നശിക്കുന്ന ഒരു പ്രതീപനെയാണ് പിന്നീടുള്ള വർഷങ്ങളിൽ തനിക്ക് കാണാനായത്! അവന്റെ നന്മകൾ ഓരോന്നായി അവനെ കൈവിട്ട് പോകുന്നതറിഞ്ഞു.. ഒടുവിൽ അവൻ അവന്റെ അച്ഛന്റെ വിഷപാത്രത്തിൽ അഭയം പ്രാപിച്ചു. വിധിക്കുമുന്നിൽ പൂർണ്ണമായും കീശടങ്ങിയ പാവം പാ‍വമൊരു രാജകുമാരൻ..
പ്രതീപന് ഇവിടെ ജോലിചെയ്യാനാകുമായിരുന്നെങ്കിൽ!.. അവനുശേഷം എത്രയോ ഏഴകളായ ചെറുപ്പക്കാർ ഇവിടെ വന്ന് ജോലി ചെയ്ത് കാശുണ്ടാക്കി.. കുട്ടിപ്പണക്കാരായി! പുത്തൻ വീടും, പുത്തൻ പെണ്ണും, പുത്തൻ കാറുമൊക്കെയായി ജീവിക്കുന്നു!.
തന്റെകൂടി തെറ്റുണ്ടോ അവന്റെ വിസ പുതുക്കാൻ ഓർമ്മിപ്പിക്കാഞ്ഞതിൽ.. തനിക്കെന്തെങ്കിലും ചെയ്യാനാകുമായിരുന്നോ പ്രതീപനെ രക്ഷിക്കാൻ?! പ്രതീപനെ കാണുമ്പോൾ നൂറു നൂറു ചോദ്യങ്ങൾ എന്നെ വന്ന് പൊതിയുന്നു. അറിയാതെ കണ്ണുകൾ ഈറനായിപ്പോകുന്നു...
ഇന്ന് കുന്നിൻ മുകളിൽ മിടുക്കുള്ള പലരും ബഗ്ലാവുകൾ കെട്ടി വാഴുന്നു!, വയലേലയിലൂടെ റോഡു വന്നു!, വീടുകൾക്കുള്ളിലിരുന്ന് പ്രേംനസ്സീറിനെയും ഷീലയേയും, ജയനേയും കമലാഹാസനേയും ഒക്കെ കാണുന്നുമ്പോൾ, ഒരടിമണ്ണുപോലും പിതൃസ്വത്തായി കിട്ടാത്ത ഒന്നിമില്ലാത്തവനായി നിഷ്കാസിതനായ പ്രതാപനും.. എല്ലാമുണ്ടായി നിഷ്കാസിതയായി താനും ഗതികിട്ടാത്ത ആത്മാക്കളെപ്പോലെ അലയുകയും! നിധി തേടിപ്പോയോർ!

[‘അവൻ’; ‘അവൾ’ എന്ന് ഞാൻ എനിക്ക് വളരെ വേണ്ടപ്പെട്ട ചിലരെ മാത്രമേ സംബോധന ചെയ്തിട്ടുള്ളൂ.. എന്റെ മക്കളെ, പിന്നെ സഹോദരനെ പിന്നെ വിരലിലെണ്ണാവുന്ന രണ്ടുമൂന്നു പേരെ.. അതിൽ ഒരാളാണ് പ്രതീപൻ. ഒരു സാധാരണ കഥയാണ് ഇത്. എന്റെ മനസ്സിൽ പതിഞ്ഞ ഒരു ജീവിതം പകർത്താൻ ശ്രമിക്കുന്നു.. തൽക്കാലം, എന്തെങ്കിലുമൊക്കെ എഴുതാതെ ജീവിക്കാനാവില്ല എന്നപോലായിപ്പോയി ജീവിതം. .]

This entry was posted on 11:21 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments