നിന്നെപ്പോലെ തന്നെ നിന്റെ...  

Posted by Askarali

രാവിലെ എഴുന്നേറ്റു. എല്ലാവരും എണീക്കില്ലെ! അതിപ്പം എഴുതാനെന്തിരിക്കുന്നു..! എങ്കിലും എഴുതാം.. ഏതിനും ഒരു തുടക്കം വേണമല്ലൊ,

ദൈവത്തെ തൊഴുതു.. ഭക്തിഗാനം ഓണ്‍ ചെയ്തു.. നേരെ ബ്ലോഗ് ലോകത്തിലെത്തി.. അധികമൊന്നും ഇരിക്കില്ല. എന്തുണ്ട് വിശേഷങ്ങള്‍ എന്ന് ആകെപ്പാടെ ഒന്നു നോക്കിയാല്‍ മതി..അല്ലെങ്കില്‍ തന്നെ രാവിലെ എന്തിരിക്കുന്നു എഴുതാന്‍! മീനേ, ബി പ്രാക്റ്റിക്കല്‍.. മീനേ ബി പ്രാക്റ്റിക്കല്‍.. ഒന്നാമത് നിനക്ക് അനുഭവങ്ങളൊന്നും ഇല്ല അറ്റ്ലീസ്റ്റ് രാത്രിയാകും വരെയെങ്കിലും കാക്കൂ.., അപ്പോള്‍ അറ്റ്ലീസ്റ്റ് ഒരു ഷോപ്പിങ്ങ് അനുഭവം അല്ലെങ്കില്‍ ഒരു കുക്കിംഗ് അനുഭവം അല്ലെങ്കില്‍ ഫൈറ്റിംഗ് അനുഭവം എന്തെങ്കിലും ഒന്നു കിട്ടാതിരിക്കില്ല.. കൂള്‍ ഡൌണ്‍ മദ്ധ്യവയസ്ക്കേ.. കൂള്‍ ഡൌണ്‍..
*
പുറത്തിറങ്ങി തുണികള്‍ വിരിക്കുന്നതിനിടയ്ക്ക് ഓര്‍ത്തു.. ‘ഇവിടെ അടുത്ത് ഒരു ഫെയര്‍ നടക്കുന്നു.. നല്ല ഒന്നാംതരം ബാഗുകള്‍ ഈ മഹാരാജ്യത്തിന്റെ ഒട്ടുമിക്ക കടകളിലെയും കളക്ഷന്‍ കാണും.. അതൊക്കെ ഒന്ന് നന്നായി നോക്കി നടക്കണം. പറ്റുമെങ്കില്‍ കുറഞ്ഞവിലയ്ക്ക് രണ്ടുമൂന്നെണ്ണം വാങ്ങി വയ്ക്കാം.. പിന്നെ ബാഗ് ബാഗ് എന്നും പറഞ്ഞ് കടകള്‍ തോറും അലയണ്ടല്ലൊ’,

മീനയ്ക്ക് എപ്പോഴും ആത്മഗതമാണ്..!

വെളിയില്‍ നിന്ന തുളസിയെ നോക്കി പറഞ്ഞു,

‘ഹായ് നീ നിന്നു മഴനനയുകയാണല്ലെ! നനഞ്ഞോളൂ നനഞ്ഞോളൂ.. ഇന്ന് മീനയും ഷോപ്പിംഗിനൊക്കെ പോകുന്നുണ്ട്..!’

തുണികള്‍ വിരിക്കുമ്പോള്‍ കമ്പില്‍ (തുണിവിരിക്കാന്‍ ഉപയോഗിക്കുന്ന) തൂക്കാന്‍ ഒരേ ഒരു ടൌവ്വല്‍ ബാക്കി! പാവം ഒരു ടൌവ്വലായി വിരിച്ചാല്‍ അത് ഒറ്റപ്പെട്ടുപോവില്ലേ! അതും ഭര്‍ത്താവിന്റെ ടൌവ്വല്‍!

വേണ്ട പാപം കിട്ടും.. ടൌവ്വലിനെക്കൂടി മറ്റു തുണികലുടെ ഇടയില്‍ വിരിച്ചു..

അപ്പോള്‍ ശൂന്യമായ കമ്പ് !

‘നിന്നെ നിരാശപ്പെടുത്തിയോ കമ്പേ?!, സാരമില്ല ഇന്നലെ മുഴുവന്‍ തുണികളും തൂക്കിയുണക്കി വളരെ കഷ്ടപ്പെട്ടതല്ലേ.. ഇന്ന് റെസ്റ്റ് എടുത്തോളൂ ട്ടൊ’,

മീനയ്ക്ക് പരിസരബോധമുണ്ടായി!

താന്‍ എന്നുമുതലായിരിക്കണം ഈ ജീവനില്ലാത്ത വസ്തുക്കളെ കൂട്ടുകാരാക്കിയതും സംസാരിച്ചു തുടങ്ങിയതും?! 20 വര്‍ഷത്തെ ഏകാന്ത ജീവിതത്തിനിടയില്‍ താന്‍ നഷ്ടപ്പെട്ട ബന്ധങ്ങളെയൊക്കെ ഈ വിധത്തില്‍ പരിഹരിച്ചുകാണും! എല്ലാം ഒന്നല്ലെ! എല്ലാം മനസ്സിന്റെ തോന്നലുകള്‍ മാത്രം. ജീവിതം മൊത്തമായി ഒരു ഭാവനയാണ്‍് അപ്പോള്‍ പിന്നെ ഇതൊക്കെ മൈനര്‍ ഭാവനകള്‍.. മീന ആശ്വസിച്ചു..
*
അപ്പോള്‍ സാക്ഷാല്‍ ‘കര്‍മ്മയോഗി’ മീനയുടെ ഭര്‍ത്താവ് (ഗോപി) രാവിലത്തെ ഷിഫ്റ്റ് കഴിഞ്ഞ് വരുന്നു.. വിജയശ്രീലാ‍ളിതനായി. ഉറക്കച്ചടവുള്ള മീനയുടെ മുന്നില്‍, ‘ഐ ആം പെര്‍ഫക്റ്റിലി ആള്‍‌ റൈറ്റ്, ലേസീ ലേഡീ’ എന്നും പറഞ്ഞ് വരാന്‍ ഭയങ്കര ത്രില്ലാണ് ഗോപിക്ക് (നേരത്തെ ഉറങ്ങിയാല്‍ പിന്നെ എണീറ്റൂടേ!).

വന്നയുടന്‍ ആവനാഴിയില്‍ നിന്നും അമ്പുകള്‍ ഓരോന്നായി വലിച്ചെടുത്തു തുടങ്ങും! ആദ്യം തീരെ ചെറുത്.. മൂര്‍ച്ച കുറഞ്ഞത്.. പിന്നെ അല്പം കൂടി വലുത്.. ഒടുവില്‍ ഏറ്റവും വലിയ അമ്പും പ്രയോഗിച്ച് രക്തം അല്പമെങ്കിലും പൊടിഞ്ഞെന്നു ബോധ്യപ്പെട്ടിട്ടേ അടുത്ത കര്‍മ്മം ചെയ്യാന്‍ ഗമിക്കൂ..! എങ്ങിനെയും ചെറുക്കണം...

ഗോപി: “ഇന്നലെ ആത്മീയ പ്രഭാക്ഷണമൊക്കെ എങ്ങിനെയുണ്ടായിരുന്നു?,
കേട്ടിട്ട് നീ നന്നായോ?,
ശരിക്കും നീ അത് കേള്‍ക്കേണ്ടതാണ്..”

മീന: “ശരിക്കും ഭാര്യയും ഭര്‍ത്താവും കൂടി കേള്‍ക്കേണ്ട ഒരുപാട് കാര്യങ്ങള്‍ സ്വാമി പറഞ്ഞു.,
ദേഷ്യം നിയന്ത്രിക്കുന്നതിനെപ്പറ്റി, അന്യോന്യം ഇന്‍സള്‍ട്ട് ചെയ്യാതെ വര്‍ത്തമാനം പറയാന്‍...ഒക്കെ..” (ശരിക്കും പറഞ്ഞാല്‍ ഭര്‍ത്താവിനെ കണ്ടാല്‍ പിന്നെ മീനയുടെ മെമ്മറി കമ്പ് ളീറ്റ് ബ് ളാങ്കാവും-അതുകൊണ്ട് സ്വാമി പറഞ്ഞൊതൊക്കെ ഓര്‍മ്മയില്‍ ചികഞ്ഞു നോക്കിയെങ്കിലും വിജയിക്കുന്നില്ല-അതിനിടയ്ക്ക് അടുത്ത അമ്പുകള്‍ ശരവര്‍ഷം പോലെ പാഞ്ഞു വരുന്നു.. ചെറുത്തില്ലെങ്കില്‍ അപത്താണ്!)

മീന: “ഒരാള്‍ ദേഷ്യം വന്ന് എന്തെങ്കിലും പറഞ്ഞാലും മറ്റേയാള്‍ മിണ്ടാതിരുന്നാല്‍ കുറെ കഴിയുമ്പോള്‍ എല്ലാം ശരിയാകും”എന്നദ്ദേഹം പറ്ഞ്ഞു.. ഉദാ‍ഹരണത്തിന്.. (എന്തുദാഹരണം??!!-മെമ്മറി ലോസ്റ്റ്!)

മീന തല്‍ക്കാലം സ്വാമിജിയെ ഉപേക്ഷിച്ച് തന്റെ സ്വന്തം ആയുധം എടുത്തു..
“ഉദാഹരണമായിട്ട്, നമ്മള്‍ സിമ്പിളായിട്ട് രണ്ട് കാര്യങ്ങള്‍ ഒര്‍ത്താല്‍ മതി.. ഭാര്യ ഭര്‍ത്താവിനെ കാണുമ്പോള്‍ ‘ഇദ്ദേഹം തനിക്ക് ചിലവിനു തരുന്ന/പ്രൊട്ടക്ഷന്‍ തരുന്ന ആള്‍’ എന്നു കരുതി ഒരു മാന്യത നല്‍കണം.., തിരിച്ച് ഭര്‍ത്താവ്, ‘ഇവള്‍ എനിക്ക് ആഹാരം ഉണ്ടാക്കി തരുന്ന; എന്റെ മക്കളെ നോക്കുന്ന (യന്ത്രം!) ഒരു പാവം സ്ത്രീ’ എന്നു കരുതി ഒരു മതിപ്പ്.. ഇത്രമാത്രം മതി. അപ്പോള്‍ എല്ലാം ശരിയാവും..!”

ഗോപി ഒന്നു തണുത്തു.. അടുത്ത ആയുധം എടുക്കാനുള്ള മൂഡ് നഷ്ടമായപോലെ..! ആ തക്കം നോക്കി മീന രംഗത്തു നിന്നും നിഷ്‌ക്രമിക്കുന്നു...

മീനക്ക് താന്‍ ഭര്‍ത്താവിനോട് ഒപ്പം നിന്നു പറ്റുന്ന രംഗം ഓര്‍ക്കുമ്പോള്‍ പണ്ടെങ്ങോ ഒരാള്‍ സിംഹത്തിനെ ജയിച്ച കഥയാണ് ഓര്‍മ്മ വരുന്നത്..!

‘ഒരാള്‍ നായാട്ടിനു പോയി.. പെട്ടെന്ന് ഒരു സിംഹത്തിന്റെ മുന്നില്‍ ചെന്നുപെടുന്നു..സിംഹം രൂക്ഷമായി നോക്കുമ്പോള്‍, ആയുധമൊന്നും കയ്യിലില്ലാത്ത ആ ധൈര്യവാന്‍ സിംഹം തന്റെ നേര്‍ക്ക് തൊടുക്കുന്ന അതേ ആയുധം, ‘രൂക്ഷത’ അതേ അളവില്‍ തന്റെ കണ്ണില്‍ വരുത്തി സിംഹത്തിനെയും ഇമവെട്ടാതെ നോക്കി നില്‍ക്കുന്നു...ഭയന്ന് ഇമവെട്ടിപ്പോയാല്‍ സിംഹം തന്റെ മേല്‍ ചാടിവീഴും..! ഒരു ജീവന്മരണ നോട്ടം! ഒടുവില്‍ സിംഹം തന്റെ സ്റ്റെയറിംഗ് മതിയാക്കി തിരിച്ച് കാട്ടിനുള്ളിലേക്ക് തന്നെ മറയുന്നു..!!!’

ഇവിടെ നോട്ടം ഒന്നും ഇല്ല. ഒണ്‍ലി ഡയലോഗ്സ്.. നമ്മള്‍ ബുദ്ധിപൂര്‍വ്വം സംസാരിക്കാന്‍ അശക്തമായാല്‍ തീര്‍ന്നു എല്ലാം..! കണ്ണില്‍ നിന്നും കണ്ണീരു വന്നാല്‍ അത് അവരെ ക്രൂരരാക്കിയതാവും. ദേഷ്യപ്പെട്ടാല്‍ അത് അഹങ്കാരമാവും.. അതുകൊണ്ട് ഇതൊന്നുമില്ലാതെ തുല്യമായി നില്‍ക്കാന്‍ ഒരുറച്ച മനസ്സ്, അതാണ് വേണ്ടത്. ചില സന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് ഒരിച്ചിരി നല്ല ഭര്‍ത്താവായി വിലസാന്‍ ഒരാഗ്രഹം കാണും, അപ്പോള്‍ നമ്മള്‍ അതറിഞ്ഞ് ഒരിച്ചിരി സ്വാതന്ത്ര്യം കൂട്ടി സംസാരിക്കാം..( എന്തൊരു ക്ഷമാശീലന്‍!), പക്ഷെ അതും അവര്‍ തന്നെ അറിയാതെ നയിക്കുന്ന ഒരു വഴിയാകും.. അവിടെയും ജാഗ്രത. അതിരുകടന്നാല്‍ ആപത്ത്. സിംഹത്തിന്റെ തോല്‍പ്പിക്കാനാവില്ല, പക്ഷെ സമമായി നില്‍ക്കയും വേണം, അല്ലെങ്കില്‍ പരാജയം ഉറപ്പ്! ‘ബി കെയര്‍ ഫുള്‍ മീനാ ബി കെയര്‍ഫുള്‍..!’
*

[ഇന്നലെ പോസ്റ്റ് ചെയ്യാനിരുന്ന പോസ്റ്റാണ്‌ അവിചാരിതമായ ചില കാരണങ്ങളാല്‍ പോസ്റ്റ് ചെയ്യാന്‍ പറ്റിയില്ല.. ദയവായി ക്ഷമിക്കുക..തുടര്‍‌ന്നും പ്രോല്‍‌സാഹിപ്പിക്കുക.. ]

This entry was posted on 4:13 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments