ബോബനും മോളിയും!  

Posted by Askarali

നന്ദനും നന്ദിനിയും എന്നാല്‍ ബോബനും മോളിയും പോലെ ഒരു സംഭവമാണ്!
(ഒറിജിനല്‍ ബോബനും മോളിയും ആത്മയുടെ സഹോദരനും ആത്മയുമാണേ.. ഇവര്‍ ഒരു സോഫ്റ്റര്‍ വേര്‍ഷന്‍.) നന്ദന്‍ കരഞ്ഞാല്‍ നന്ദിനീം കരയും നന്ദന്‍ ചിരിച്ചാല്‍ നന്ദിനിയും.. അങ്ങിനെ ഇരട്ടപെട്ട രണ്ടു സോഫ്റ്റ് ബൊമ്മകള്‍ ആണ് ബാലകൃഷ്ണന്‍ സാറിന്റെ മക്കള്‍.. സംസാ‍രവും പെരുമാറ്റവും ഒക്കെ ഒരുപോലെ. വളരെ കെയറിം ആന്റ് ഷെയറിംഗ് ആയൊരു ബന്ധം. നന്ദിനിയുടെ മകനാണ് നന്ദന്‍ എന്നപോലെ നന്ദിനിയും, തന്റെ മകളാണ് നന്ദിനി എന്നപോലെ നന്ദനും. എന്തിനധികം, ആത്മയും ആത്മയുടെ സഹോദരനും അതിന്റെ ഒരു ഹാര്‍ഡ് വേര്‍ഷന്‍ എന്നൊക്കെ പറയാം.. ഞങ്ങള്‍ അത്യാവശ്യത്തിനു വേണ്ട ഇടിയും തൊഴിയും ഒക്കെയായി കഴിയുമ്പോള്‍ ഇവര്‍ വലിയ ഡീസന്റ്!

അനിയന്‍ അങ്ങിനെ അങ്ങ് വകവച്ചുകൊടുത്തൊന്നും ഇല്ല ട്ടൊ, തക്കം കിട്ടുമ്പോള്‍ നന്ദനെ നല്ല ദേഹോദ്രപം ഒക്കെ കൊടുത്ത് അല്പം ഹാര്‍ഡാക്കാന്‍ ഇടക്കിടെ ശ്രമിക്കുകയും അപ്പോള്‍ നന്ദിനി സഹതാപത്തോടെ അടുത്തുപോയി തടവി സുഖിപ്പിക്കുന്നതും ഒക്കെ കണ്ട് ആത്മ മിഴിച്ചു നില്‍ക്കും.. (ആത്മ അപരിചിതരുടെ ഇടയിലകപ്പെട്ടാല്‍ പിന്നെ എക്സ്ട്രാ ഡീസന്റ് ആയതുകൊണ്ട് ‘മൌനം വിദ്വാ‍നു (വിഡ്ഡിക്കും!) ഭൂക്ഷണം..’ എന്നും പറഞ്ഞ് നില്‍ക്കും.. പോരാത്തതിനു ആ ബൊമ്മ പിള്ളേരോട് അസൂയ തോന്നുന്നതിനു പകരം ഒരുതരം ആരാധന പൊന്തി വന്നിരുന്നു താനും!) അവര്‍ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ അവരറിയാതെ വാച്ച് ചെയ്യലായിരുന്നു ആത്മയുടെ മുഖ്യ വിനോദം. പിന്നെ അവര്‍ വകവച്ച് തരുമ്പോള്‍ ഓടിച്ചെന്ന് അവരുടെ ചേച്ചിയായി അഭിനയിച്ചും ഒക്കെ അങ്ങിനെ നെഗളിക്കും. അനിയനെ ‘നീ പോടാ പന്ന ചെറുക്കാ, കണ്ടോ ഇതാണ് ഡീസന്റ് പിള്ളേര്‍’ എന്നൊക്കെ കാണിച്ച് അങ്ങിനെ നില്‍ക്കും. അനിയന്‍ ഈ തക്കത്തിന് നന്ദനെ എങ്ങിനെ തനിക്കു ചേരും പടി ഹാര്‍ഡ് ആ‍ക്കാം എന്ന കുരുട്ടു വിദ്യകള്‍ ഒപ്പിക്കുകയാവും!

ഞങ്ങളുടെ ഏരിയായിലെ വളരെ നല്ല പിള്ളേര്‍ ഞാനും സഹോദരനും ആണെന്നായിരുന്നു അതുവരെ എന്റെ വിശ്വാസം.. കുന്നു കയറി മുകളിലെത്തിയപ്പോഴല്ലെ മനസ്സിലായത്, ഞങ്ങളെക്കാളും സ്ഥിതിയും നിലയും വിലയും ഒക്കെയുള്ള പിള്ളാര്‍ വേറേയും ഉണ്ടെന്നു മനസ്സിലായത്! ഞങ്ങള്‍ വയലേലയിലൂടെ കണ്ട നീര്‍ക്കോലിയേം തവളേം മീനിനേം ഒക്കെ എറിഞ്ഞും കുത്തിയും ഒക്കെ രസിച്ചും മടകളൊക്കെ ചാടിക്കടന്നും, കുന്നു വലിഞ്ഞുകയറി മുകളിലെത്തുമ്പോള്‍, തട (ടാറിടാത്ത റോഡിലൂടെ) ത്തിലൂടെ ഡീസന്റ് ആയി മന്ദം മന്ദം ഗമിക്കുന്ന സോഫ്റ്റ് ബോബനേം മോളിയേം കണ്ട് അനിയന്‍ മറ്റൊരിരയെ കണ്ട ചുറുചുറുക്കില്‍ നെഞ്ചുവിരിച്ച് നടന്നടുക്കുകയും ആത്മ ലോകത്തിലേക്കും വച്ച് ഡീസന്റ് ഒരു ചിരി പാസ്സാക്കി കൂളാവുകയും ചെയ്യും.

അങ്ങിനെ ഒരിക്കല്‍ അനിയന്‍ സാറിന്റെ അടുത്ത് അകപ്പെടുകയും ഞങ്ങള്‍ മൂന്നുപേരും ഫ്രീയായി വെളിയില്‍ ഉലാത്തുകയും ചെയ്യവേ, ആത്മ വലിയ ചേച്ചിയല്ല്യോ! (2 വയസ്സുകൂടി കാണും മൂപ്പ്! എങ്കിലും അന്ന് അതൊക്കെ ഒരു വലിയ മൂപ്പായിരുന്നു..ആത്മയ്ക്ക്) അവരെ വെളിയിലത്തെ നാരങ്ങയും ചെടികളും പൂക്കളും വണ്ടുകളും ശലഭങ്ങളും ഒക്കെ പരിചയപ്പെടുത്തിക്കൊടുക്കവേ.. നന്ദന്റെ ശ്രദ്ധ നാരങ്ങ ചെടിയിലായി. അതിലെ ഒരു ചെറിയ കായ് പറിക്കാന്‍ നീട്ടിയ കൈ പുറകോട്ടു വലിച്ച് നില്‍ക്കുമ്പോള്‍ ആത്മ സധൈര്യം ചെന്ന് ‘ഓ പിന്നേ ഇത് നമ്മുടെ സ്വന്തം നാരങ്ങാ തോട്ടം അല്ല്യോ’ എന്നമട്ടില്‍, അതിലെ ഒരു വളരെ പിഞ്ചു നാരങ്ങ പറിച്ച് നന്ദനു സമ്മാനിച്ചു. നന്ദന്‍ തന്റെ പൂപോലെ പരിശുദ്ധമായ കൈകള്‍ നീട്ടി അതു വാങ്ങുമ്പോള്‍ ആത്മക്ക് എന്തോ വലിയ ചാരിതാര്‍ത്ഥ്യം തോന്നി.

ഇതിനകം അനിയന്റെ പഠിത്തം കഴിഞ്ഞ് ആത്മയും അനിയനും വീട്ടില്‍ പോയി. അതില്‍ പിന്നീടായിരുന്നു സംഭവിച്ചുകൂടാത്തതൊക്കെ സംഭവിച്ചത് ! നന്ദന്‍ ആത്മ പോയതിനു ശേഷം ആ നാരങ്ങാ പിഞ്ച് മണത്തു മണത്ത് ഇരിക്കയും അറിയാതെ ഒരുനിമിഷം അത് ആ വലിയ മൂക്കില്‍ കയറിയങ്ങ് പോവുകയും ചെയ്തു. നന്ദിനി ഓടി ചെന്ന് ‘ടീച്ചറേ, ടീച്ചറേ, നന്ദന്റെ മൂക്കില്‍ നാരങ്ങ!, നന്ദന്റെ മൂക്കില്‍ നാരങ്ങ!’ എന്നുപറഞ്ഞ് കരയാന്‍ തുടങ്ങി.

ഒടുവില്‍ കാര്യം മനസ്സിലായ ഉമ്മ നന്ദന്‍റ്റെ ഒരു മൂക്കിന്റെ ഏറ്റവും മുകളില്‍ നന്നായി പൊത്തിപ്പിടിച്ച് ശക്തിയായി വെളിയിലേക്ക് തുമിക്കാന്‍ പറഞ്ഞപ്പോള്‍ അനുസരണയുള്ള നന്ദന്‍ അതിന്‍ പ്രകാരം തുമിക്കുകയും ജീവാപഹാരിയായ നാരങ്ങ വെളിയില്‍ തെറിച്ചുപോവുകയും അതുകണ്ട് നന്ദിനി ഉറക്കെ ഉറക്കെ ചിരിച്ചു എന്നുമൊക്കെ പിറ്റേന്ന് വലിയ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഉമ്മ വിവരിക്കുമ്പോള്‍ ആത്മ മിണ്ടാതെ നിന്നു കേട്ടു..‘വെളിയിലേക്കു തുമിക്കുന്നതിനു പകരം അകത്തോട്ടായിരുന്നു തുമിച്ചിരുന്നെങ്കില്‍ നാരങ്ങ ശ്വാസനാളത്തില്‍ കുരുങ്ങി ശാസം മുട്ടി..അള്ളാ,, പടച്ചോന്‍ രക്ഷിച്ചു!!’എന്നൊക്കെ ഉമ്മ പറഞ്ഞപ്പോള്‍ ആത്മയ്ക്ക് താന്‍ ഒരു കൊലയാളിയായൊക്കെ ഒരു തോന്നല്‍.. പക്ഷെ, താനാണ് അതിന്റ് പിന്നില്‍ എന്ന് ആത്മയും, നന്ദനും, നന്ദിനിയും വെളിപ്പെടുത്തിയില്ല.. !!! അല്ലെങ്കില്‍ രണ്ടു തെറ്റുകള്‍ക്ക് ആത്മ ശിക്ഷിക്കപ്പെട്ടേനെ. ഒന്ന് അനുവാദമില്ലാതെ നാരങ്ങാ പറിച്ചതിന് അമ്മ ശിക്ഷിച്ചേനെ. രണ്ട്, അത് കൊച്ചു പിള്ളാര്‍ക്ക് കൊടുത്തതിന് അമ്മയോ ടീച്ചറോ ശിക്ഷിച്ചേക്കാം.. അതിനുമപ്പുറം അതു കൊലപാതകകുറ്റമായി തെളിഞ്ഞാല്‍ പിന്നെ പോലീസു പിടിച്ചാലും ആയി.. അങ്ങിനെ പരിഭ്രാന്തയായി നടന്നു ആത്മ കുറേ നാള്‍..

അതില്‍ പിന്നെ, ആത്മയ്ക്ക് നന്ദനേം നന്ദിനിയേയും കാണുമ്പോള്‍ താന്‍ ഒരു അവിവേകിയായ ക്രിമിനലായും. അവര്‍ നിരപരാധികളായ കുഞ്ഞാടുകളായും തോന്നുമായിരുന്നു. ഇനി എന്നാണൊ ഈ സോഫ്റ്റ് ബൊമ്മകള്‍ വാ തുറന്ന് സത്യം വെളിപ്പെടുത്തുക! താന്‍ ശിക്ഷിക്കപ്പെടുക! എന്നൊക്കെ ഓരോ ചിന്തകള്‍ കടന്നുപോകുമ്പോള്‍ ‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്നൊക്കെ പറയില്ല്യോ! ആ അതുപോലെ, ആത്മയുടെ ശരീരമാസകലം ഒരു വിറയല്‍ കടന്നുപോകുമായിരുന്നു കുറേനാള്‍.

[ഈ പോസ്റ്റിന്റെ കമന്റ് ഇവിടെ യുണ്ട്. പിന്നീട് മൂന്നു പോസ്റ്റാക്കി മാറ്റിയതാണ്]

This entry was posted on 4:27 AM and is filed under . You can leave a response and follow any responses to this entry through the Subscribe to: Post Comments (Atom) .

0 comments