ജീവിതമൊരു പാരാവാരം...!
undefined
അങ്ങിനെ ആവശ്യത്തിനു കമന്റൊക്കെ കിട്ടി!, ആത്മ ഒരല്പം ഫോമിലായി അങ്ങിനെ ഇരിക്കയാണ്.ഇന്നത്തെ ജോലിയൊക്കെ ഒരുവിധം പൂർത്തിയായി..
പക്ഷെ ഇനിയാണു ഭയങ്കര ഒരു പ്രശ്നം മുന്നിൽ കിടക്കുന്നത്..
മൂന്നുനാലു വൻ ശക്തികളാണ് ആത്മയോട് പൊരുതാൻ കച്ചയും മുറിക്കി വരാൻ പോകുന്നത്!
ഇല്ല, പടക്കളത്തിലോ, കളിക്കളത്തിലോ ഇറങ്ങില്ല, ഞാൻ എന്റെ കണ്ണന്റേം രാധയുടേം ലോകത്തിൽ ലൌകീക പരാക്രമങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞുമാറി അങ്ങ് സ്വച്ഛമായി ജീവിച്ചോളാം എന്നു കരുതിയാലും പറ്റില്ലാ.. അവർക്ക് ആത്മ തന്നെ വേണം.. എതിരിടാൻ ആളില്ലെങ്കിൽ പിന്നെ കളി/യുദ്ധത്തിനെന്തു രസം!!!
ഇത് ബ്ലോഗ് ലോകത്തെ കാര്യമല്ല ട്ടൊ, സാക്ഷാൽ ഭൂമിയിൽ നടക്കുന്ന സംഭവങ്ങളാണ്..
അതിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ബ്ലോഗിൽ ഇങ്ങിനെയൊന്നും എഴുതിയാൽ ഒന്നും ഒന്നുമാവില്ലാ.. എന്നാൽ എഴുതാനൊട്ടു സമയവും കിട്ടുന്നില്ലാതാനും.. എന്റെ ബ്ലോഗേ നീതന്നെ തുണ..ആത്മയെ കാത്തോളണേ...
(നാളത്തെ ദിവസം പരിക്കൊന്നുമില്ലാത് ആത്മ രക്ഷപ്പെട്ടാൽ ബാക്കി കഥ എഴുതാം കേട്ടോ ബ്ലോഗേ..)
***
തീ പിടിച്ചപോലെ പായുകയാണ്.. എങ്കിലും ബ്ലോഗ് വായിക്കാതിരിക്കാനോ എഴുതാതിരിക്കാനോ ആകുന്നില്ല.
ഇത്രയും നാൾ ആത്മയെ സഹിച്ചവർ ഇനിയും കുറച്ചുദിവസം കൂടി കണ്ണുമടച്ച് അങ്ങ് സഹിച്ചോളണേ..
മീൻ പൊരിക്കാൻ കിടക്കുന്നു.. ദോശമാവ് പകുതി അരച്ചപോലെ.. വീട്ടിൽ വന്ന വിസിറ്റേർസ് ഏതു നിമിഷവും തിരിച്ചു വന്നേയ്ക്കാം.. അതിനിടയിൽ മോന് മൈ നെയിം ഈസ് ഖാൻ കാണണമത്രെ!
ഇനി കുറച്ചുനാൾ കൂടിയല്ലെ അവർ കൂട്ടിനൊക്കെ വിളിക്കൂ.. ഹും!
എന്നാലും എന്റെ ഒരു ബിസി ലൈഫേ!
അതിനിടയിൽ ഇത്രയും എഴുതിയില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ ആത്മേ എന്നാരെങ്കിലും ചോദിച്ചാൽ..
ആത്മയ്ക്കും അറിയില്ല അതിന്റെ രഹസ്യം! ആത്മാവിന്റെ കാര്യങ്ങളല്ലേ...
ബാക്കി പിന്നെ
എന്തെങ്കിലും കുറവു കുറ്റങ്ങൾ എഴുതുന്നെങ്കിൽ എല്ലാവരും സദയം ക്ഷമിക്കുമല്ലൊ,
(തുടരും.. തുടരും... തുടരാതെ നിവർത്തിയില്ലാ... )
ഇതിനിടയിൽ അല്പം എഴുതാൻ വിട്ടു..
കൈകാലുകൾ കഴച്ചു മുറിയുന്നു...
നട്ടെല്ല് ഏതു നിമിഷവും ഒടിഞ്ഞു വീഴുമെന്ന് ഭീക്ഷണിപ്പെടുത്തുന്നു(ഇന്നലെ കുറെ ചെടിച്ചട്ടികൾ മാറ്റിയതിനു കടപ്പാട്)
(ഇനീം തുടരും...)
ബിഗ് ബാറ്റിൽ ഒന്നും കഴിഞ്ഞു കിട്ടിയിട്ടില്ല. ഇതുവരെ ആത്മയ്ക്ക് സാരമായ പരിക്കുകളൊന്നും പറ്റിയിട്ടില്ല..പക്ഷെ ഏതു നിമിഷവും പറ്റിയേക്കാം..അറിയില്ല..
പക്ഷെ, ഈ വൻ ശക്തികളുടെ ഇടയിലും തമാശക്കാരൊക്കെയുണ്ട് ട്ടൊ, ഇന്ന് സൂ (മൃഗശാല) കാണാൻ പോയി. ചെന്നപ്പോൾ ആകെ തിരക്ക്! വളരെ നീണ്ട ക്യൂ.. അങ്ങിനെ വേറൊരിടത്തേയ്ക്ക് വച്ച് വിട്ടു വൻ ശക്തികൾ..അതിനിടയിൽ ഒരു വൻ ശക്തി പറയുകയാണ്..“ആ ക്യൂവിന്റെ അറ്റം കണ്ടുപിടിക്കാൻ തന്നെ ഇന്നുമുഴുവനും എടുക്കും” അത്രെ!
ഇതു തമാശയല്ലായിരിക്കാം..എങ്കിപ്പിന്നെ ഇന്നൊരു വൻശക്തി പറഞ്ഞത് പറയട്ടെ,
അവരുടെ നാട്ടിൽ, പണ്ട് പണ്ട്.. ഒരു ഹിന്ദി അദ്ധ്യാപകൻ ഉണ്ടായിരുന്നുപോലും! പക്ഷെ ഹിന്ദി നന്നായറിയില്ലാ താനും. ഒരിക്കൽ അദ്ദേഹം ആനയേയും കുളിപ്പിച്ചു തിരിച്ചു പോകുമ്പോൾ (അന്ന് ആനയൊക്കെ എല്ലാവർക്കും സുലഭമായി ഉള്ളകാലം) ആരോ ചോദിച്ചു, “സാറെ എങ്ങോട്ട് പോകുന്നു?” എന്ന്. അപ്പോൾ സാറു ഹിന്ദിയിൽ തിരിച്ചു പറയുന്നു,“ആന ഓലേം കൊണ്ട്.. മേം ജാതാ ഹും..” എന്ന്! (ആന ഒരു ഓലയും തുമ്പിക്കയ്യിൽ പിടിച്ചിട്ടുണ്ടായിരുന്നേ..)
ഇതും താമാശയായില്ലെങ്കിൽ പിന്നെ ആത്മക്കൊന്നും പറയാനില്ല. ഇന്നത്തെ സ്റ്റോക്ക് തീർന്നു. ബാക്കി നാളെ.. ബി. ഹാപ്പി! ആത്മയ്ക്ക് തൽക്കാലം ആപത്തൊന്നും പറ്റിയിട്ടില്ല!
ഈ ജീവിതമൊരു പാരാവാരം... (മൂളിപ്പാട്ട്!). മൂളിപ്പാട്ടിന്റെ കാര്യം ഓർത്തപ്പോൾ..
കുറെ നേരമായി ആത്മ ഒരു പാട്ടും പാടിക്കൊണ്ട് നടക്കുന്നു.. എങ്കിപ്പിന്നെ ആ പാട്ട് ഈ ബ്ലോഗ് വായിക്കുന്ന എല്ലാവർക്കുമായി ഡെഡിക്കേറ്റ് ചെയ്യുന്നു..
“കണ്ടോ.. കണ്ടോ.. കടലു കണ്ടോ..
കടലുകണ്ടിട്ടെത്തറ നാളായീ..
ഏലോ ഏലോ ഏലയ്യോ”
ആർക്കെങ്കിലും വിഷമമോ ടെൻഷനോ ഒക്കെ ഉണ്ടെങ്കിൽ ഈ പാട്ടൊന്നു പാടി നോക്കിയേ.. ചിലപ്പോൾ ശമനം കിട്ടും..
ദിയയുടെ കമന്റിന്റെ മറുപടി എഴുതി എഴുതി ഇത്രയുമായി!
ഇനി സമയവും നോർമൽ ബുദ്ധിയും കിട്ടുമ്പോൾ...
അല്പം കൂടി ചേർത്തൊട്ടെ,
ആത്മ ഇപ്പോൾ വന്ന് ഒരിക്കൽക്കൂടി എഴുതിയത് ഒന്ന് വായിച്ചുനോക്കി, പിന്നെ ‘കണ്ടോ കണ്ടോ..’ എന്ന പാട്ട് യൂ ട്യൂബിൽ പോയി കണ്ടു നോക്കി.. വല്ല ആപത്തുമുള്ള പാട്ടാണോ എന്നറിയാൻ..
അത് കടലിനെ പറ്റിയൊന്നും അല്ല! നായകന്റെയും നായികയുടെയും കടൽ ചുറ്റി പ്രേമമായിരുന്നു..
സത്യമായിട്ടും ആത്മ ആ സിനിമയും കണ്ടിട്ടില്ല, ആ പാട്ടും കണ്ടിട്ടില്ല, പക്ഷെ, പാട്ട് മാത്രം കേട്ടിട്ടുണ്ട്. എന്തോ, ആ പാട്ടിന്റെ വരികൾ മൂളാൻ തോന്നി.. അത്രയേ ഉള്ളൂ.. കടലിനോട് ഒരിഷ്ടം തോന്നിയപ്പോൾ മൂളിപ്പോയതാണേ.. (ഇതൊക്കെ ഇപ്പോൾ ആരെങ്കിലും ചോദിച്ചോ എന്നു ചോദിച്ചാൽ.. ഞാൻ എന്റെ പാവം ബ്ലോഗിനോട് സംസാരിക്കുകയാണേ..)
0 comments