വരങ്ങൾ
undefined
അവൾ രാവിലെ എഴുന്നേറ്റപ്പോൾ നേരം നന്നെ പുലർന്നിരിക്കുന്നു. പിന്നെ ഓർമ്മകൾ ഓരോന്നായി
വന്ന് അവളെ തലേദിവസത്തിന്റെ അവസാനം ഓർമ്മിപ്പിച്ചു. താൻ അഭിനയിച്ച് (ജീവിച്ച്) നിർത്തിയ രംഗങ്ങൾ ഓർത്തെടുത്താലല്ലെ അതിന്റെ തുടർച്ച ഉണ്ടാക്കാനാകൂ..
ഓർമ്മിക്കുന്നു.. ഇന്നലെ ഒരു ചെറിയ പാർട്ടിയുണ്ടായിരുന്നു.. മലയാളികളല്ലായിരുന്നു. അന്യഭാക്ഷക്കാരായിരുന്നു. എങ്കില്ലും സേഹത്തോടെ സാഹോദര്യത്തോടെ പെരുമാറുന്ന ഒരു കൊച്ചു സമൂഹം! എല്ലാം കഴിഞ്ഞ് ക്ഷീണിച്ച് മക്കളോടൊപ്പം കൂട്ടിനിരുന്നതുകൊണ്ട് ഉറങ്ങാൻ വളരെ ലേറ്റ് ആയി. ഒരാൾക്ക് പ്രോജക്റ്റ് വർക്ക്, മറ്റൊരാൾ അല്ലാതെയും..ഏതിനും 2,3 മണിയായിക്കാണും ഉറങ്ങിയിട്ട്. ഉറക്കം ശരിയായിട്ടില്ല.
പെട്ടെന്നോർത്തു.. ഇന്ന് ഞായറാഴ്ച്ചയാണ്!. ഗൃഹനാഥൻ നേരത്തേ ഉണർന്നു കാണും. താഴെ പത്രം വായിക്കുകയായിരിക്കുമോ, അതോ ജോഗിംഗിനു പോയിക്കാണുമോ?!
താഴെചെല്ലുമ്പോൾ കതകുകളൊക്കെ തുറന്നു കിടക്കുകയാണ്!.
എവിടെപ്പോയി?!
പത്രം വായിച്ചപടി കിടക്കുന്നു. വെളിയിലിറങ്ങി നോക്കി. കാറ് മുറ്റത്തുണ്ട്. അപ്പോൾ അകലെയെങ്ങും പോയിക്കാണില്ല! ഇനി ചുറ്റുവട്ടത്തുതന്നെ ചെറിയരീതിയിൽ ജോഗിംഗിനു പോയതാകുമോ!
തിരികെ വീട്ടിൽ കയറുമ്പോൾ പെട്ടെന്നു മറ്റൊരു സംശയം! ഇനി ബാത്ത് റൂമിലെങ്ങാനും തലചുറ്റിയെങ്ങാനും! അങ്ങിനെയൊന്നും ആവില്ല. എങ്കിലും ഒരു സംശയം. അത് പിന്നെ ഭയമായി മാറുന്നതിനുമുൻപ് നോക്കി ഉറപ്പുവരുത്താം എന്നു തോന്നി ആദ്യം താഴത്തെ ബാത്ത്‌റൂമിൽ കൊട്ടി നോക്കി. ‘ചേട്ടാ..’,
മറുപടിയില്ല
ബാത്ത് റൂം പതിയെ തുറന്നു നോക്കി, അകത്താരുമില്ല!
ആശ്വാസമായി.
ഇനി മുകളിലത്തെ ബാത്ത്‌റൂമിൽ കാണുമോ?!
നെഞ്ചിടിപ്പ് ഒരല്പം കൂടിയിരിന്നു.
ദൈവമേ അങ്ങിനെയൊന്നും സംഭവിക്കരുതേ!
ബാത്ത് റൂമിൽ എത്തും മുന്നേ വിളി തുടങ്ങി, ‘ചേട്ടാ, ചേട്ടാ..’
അനക്കമില്ല.
അല്പം ഭയത്തോടെ കതക് പതിയെ പതിയെ തുറന്നു!
ഇല്ല അകത്തില്ല! ആശ്വാസമായി.
അപ്പോൾ ജോഗിംഗിനു പോയതാകും. അവൾ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി ഒരു നിമിഷം ആശ്വസിച്ച് നിന്നു! അപ്പോൾ, പുറത്തുകൂടി പോയ ഒരു ചീന സ്ത്രീയുടെ മുഖത്ത് ഒരു പരിചിതമായ ചിരിവന്ന് മുഖം വിവർണ്ണമാകുന്നത് കണ്ടു. എതിരിനു വരുന്നയാളെ കാണാൻ കഴിയുന്നില്ല.
പെട്ടെന്ന് തോന്നി ഈ ചിരി വിരിയിക്കാൻ കഴിവുള്ള ഒരാളെയേ . അതെ, തന്റെ ഭർത്താവായിരിക്കും എതിരിൽ വരുന്നത്. ഊഹം തെറ്റിയില്ല,
അല്പം കഴിഞ്ഞ് താഴെ വിളി കേട്ടു, ‘നിർമ്മലേ..’
അതെ അദ്ദേഹം!
തിരിച്ചെത്തിയിരിക്കുന്നു!
ജോഗിംഗൊക്കെ കഴിഞ്ഞ് വിയർത്തൊലിച്ച്!
‘ചായയിടട്ടെ?’
‘ഇട്. വല്ലാത്ത തളർച്ച’
‘അത് അധികം ഓടിയിട്ടല്ലേ..’
പതിവായി അന്യോന്യം പറഞ്ഞ് കുറ്റപ്പെടുത്തുകയും ഒപ്പം സമാധാനിപ്പിക്കുകയും ചെയ്യുന്ന സംസാരങ്ങൾ..
അടുക്കളയിൽ വന്ന് ചായ് കുടിച്ചുകൊണ്ടിരിക്കുമ്പോൾ താൻ ഭർത്താവിനെ കാണാഞ്ഞ് പരിഭ്രാന്തയായി ബാത്ത് റൂമുകളിലൊക്കെ നോക്കി നടന്നത് വിസ്തരിച്ചുകൊടുത്തു.
അത് കേട്ട് സുരേഷിന്റെ മുഖത്ത് ചിരി വിടർന്നു.
നിർമ്മല അറിയാതെ ഉള്ളിലുള്ള പരിഭ്രമങ്ങൾ പറഞ്ഞുപോയി,
‘ഈ ലോകം ആകേ ദുഷിച്ചിരിക്കുന്നു, ആർക്കും ആരോടും ആത്മാർത്ഥത ഇല്ല. എല്ലാവരും അന്യോന്യം പഴിപറഞ്ഞും വിമർശിച്ചും ഒറ്റ മനുഷ്യർ മറ്റൊരാളെപ്പറ്റി നല്ലതുപറയുന്നതെ കേൾക്കാനേ ഇല്ല..മടുത്തു ചേട്ടാ ഇങ്ങനെയൊരു ലോകത്ത് ജീവിച്ച്. ചേട്ടനാണെങ്കിൽ പ്രത്യേകിച്ച് ആരെയും കുറ്റം പറയില്ല, പക്ഷെ, വെളിയിൽ എന്തൊക്കെയോ നേടാനായി ആക്രാന്തം പിടിച്ച് ഓടി നടക്കുന്നു.. ’
‘നീ ഒരു കാര്യം ചെയ്യ് പൂജാമുറിയുടെ മുന്നിൽ പോയി ഇരിക്ക്’
താമാശയായാണോ കാര്യമായാണൊ പറഞ്ഞെതന്നറിയാതെ ഒന്നു സംശയിച്ചിട്ട് നിർമ്മല തുടർന്നു..
‘അതെ ആത്മീയം ഒന്നുമാത്രമേ ഇനി ശാന്തി കിട്ടുകയുള്ളൂ അല്ലെ..? ദൈവം ഉണ്ടായിരിക്കും അല്ലെ?
നമ്മുടെ നല്ല പ്രവർത്തികൾക്കൊക്ക് നല്ല ഫലം തരാൻ? അതെ! ഇത്രയും നാളത്തെ ജീവിതം വച്ച് നോക്കിയാൽ ദൈവസാന്നിദ്ധ്യം പലപ്പോഴും തങ്ങളെ കടാക്ഷിച്ചതായി ഇരുവർക്കും തോന്നി.
മനുഷ്യർ തരാൻ മടിക്കുന്ന; മറച്ചുവയ്ക്കുന്ന അംഗീകാരം, പാരിതോഷികം ഒക്കെ അദ്ദേഹം സമയാസമയങ്ങളിൽ തന്ന് അനുഗ്രഹിച്ചിട്ടുണ്ട്.. ഇപ്പോഴും..’
എന്നിട്ടും എന്തിനായി മനുഷ്യരോട് ആത്മാർത്ഥതക്കായി ഇരക്കുന്നു? താൻ മനുഷ്യരിൽ അത് കണ്ടെത്താൻ വെമ്പുന്നു?!
നിർമ്മല പശ്ചാത്തപിച്ചു.. (ഇടക്ക് ഭർത്താവ് ചായകുടികഴിഞ്ഞു പോയിരുന്നു..)
ശരിക്കും താൻ ദൈവത്തിന്റെ സ്നേഹം കൊണ്ടല്ലെ ചുറ്റുമുള്ളവരെയും സ്നേഹിച്ചത്?!
സ്നേഹത്തിനായി മാത്രം സ്നേഹിച്ചു. മാനസ്സുകൊണ്ട് മാത്രം. എന്നിട്ടും തനിക്ക് സ്നേഹം കിട്ടിയിട്ടുണ്ട്. .
അത് ദൈവം തന്നനുഗ്രഹിച്ചതാവില്ലെ?! ശരിക്കുമുള്ള ലൌകീക ശാരീരിക സ്നേഹത്തിൽ നിന്നൊക്കെ ഒരുപടികൂടി ഉയർന്ന ഒരു ഭക്തിനിർഭരമായ സ്നേഹം. ലൌകീക മദമാത്സര്യങ്ങളിൽ നിന്നൊക്കെ മാറിനിൽക്കാനായി മാനസ്സിൽ ദൈവം വിരിയിക്കുന്ന മനോഹരമായ ഒരു പുഷ്പമാണ് സ്നേഹം. സ്നേഹം മനുഷ്യന്റെ മനസ്സിലെ സ്വാർത്ഥതയെ ഇല്ലാതാക്കുന്നു. താനല്ലാതെ മറ്റൊരു മനുഷ്യനെ അംഗീകരിക്കാനാവുന്നവർക്കല്ലെ സ്നേഹിക്കാനാകൂ.
നിർമ്മല പെട്ടെന്നു ചിന്തകൾക്ക് കടിഞ്ഞാണിട്ടു. സ്നേഹത്തെപ്പറ്റി അധികം ചിന്തിക്കുന്നതു തന്നെ പാപമാണ്, എന്നും. അന്യനെ പഴിപറയാം.. പിടിച്ചുപറിക്കാം.. വേണമെങ്കിൽ ബോബ് വച്ച് നശിപ്പിച്ചാൽ പോലും അതിലൊരു അന്തസ്സുണ്ട്.. പക്ഷെ, സ്നേഹിക്കരുത്..
സ്നേഹം പാപമോ പാവനമോ?!
അറിയില്ല.
എങ്കിലും.. സ്നേഹിക്കാൻ കഴിയാത്ത ഒരു സമൂഹം ചുറ്റും ആർത്തലച്ച് തലതല്ലിത്തകരുന്നത് കാണുമ്പോൾ, ഇനിയും, മറ്റൊരു മനുഷ്യനെ സ്നേഹിക്കാൻ കഴിയുക; ഉൾക്കൊള്ളാൻ കഴിയുക; എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാകും.
(അപൂർണ്ണം)
0 comments