ഒരു കണ്ടുമുട്ടൽ...
undefined
കൊല്ലത്തുള്ള കൂട്ടുകാരിയുടെ വീടിന്റെ അഡ്രസ്സ് വളരെ വർഷങ്ങൾക്കു ശേഷം അമ്മയാണ് ഒടുവിൽ കണ്ടുപിടിച്ച് തന്നത്!
അവൾ പഠിച്ചുവളർന്നയിടത്ത് തന്നെ സ്ഥിരതാമസമാക്കിയിരിക്കുന്നു. ഇരട്ടപെറ്റവരെപ്പോലെയായിരുന്നു ഹോസ്റ്റലിൽ താമസിച്ചത്. സിസ്റ്റേർസ് ആയാണ് പലരും കണ്ടിരുന്നതും. ഒരു നാട്ടുകാരെന്നും ഏകദേശം ഒരേ സ്വഭാവവും രൂപവും ഒക്കെയാണ് ഞങ്ങളിൽ ആ സാഹോദര്യം വളർത്തിയത്. ഡ്രസ്സുകളും ഒക്കെ ഞങ്ങൾ മാറ്റിയിടുമായിരുന്നു. മുടിയും മുഖവും ഒക്കെ ഏകദേശം ഒരുപോലെ കളർ മാത്രം അല്പം വ്യത്യാസം. സ്ക്കൂളിൽ വച്ചും കാണുമായിരുന്നെങ്കിലും അകലെ ഹോസ്റ്റലിൽ ആയപ്പോഴാണ് സ്വന്തം നാട്ടുകാർ സ്വന്തക്കാരായി തോന്നാൻ തുടങ്ങിയത്!
അവളുടെ വീട് കണ്ടുപിടിക്കാൻ സഹോദരൻ സന്മനസ്സ് കാട്ടി. അമ്മയ്ക്ക് കൌതുകമായിരുന്നു. അമ്മയെപ്പോഴും തന്നെക്കണ്ടാൽപ്പിന്നെ തന്റെ റോൾ അങ്ങ് ഏറ്റെടുത്തോളും.. തന്റെ മക്കൾ അമ്മയുടെ മക്കൾ, തന്റെ ജീവിതം അമ്മയുടെ ജീവിതം. അത് അധികമാകുമ്പോൾ സ്വന്തം ഐഡന്റിറ്റി നഷ്ടപ്പെടുമെന്ന ഭയം ഉടലെടുക്കുമ്പോൾ മാത്രം ഗത്യന്തരമില്ലാത താൻ ഒന്ന് നുഴഞ്ഞു കയറും. ‘അമ്മേ, അമ്മയുടെ മകൾ ഞാനാണ്, എന്നെ സ്നേഹിക്കൂ.. എനിക്ക് ആത്മവിശ്വാസം തരൂ.. എന്റെ ജീവിതം ഞാൻ സ്വയം നേരിടാനുള്ള ആത്മവിശ്വാസം..’ അതൊന്നും പറഞ്ഞാൽ അമ്മ്യ്ക്ക് മനസ്സിലാവില്ല. അമ്മയുടെ കൂട്ടുകാരിയെയാണ് മീറ്റ് ചെയ്യാൻ പോകുന്നതെന്ന ഉത്സാഹം സംസാരത്തിലും ഭാവത്തിലും! പാവം കുറച്ചുദിവസം സന്തോഷിച്ചോട്ടെ..
വഴിവക്കിൽ ഒരു യുവതി നരച്ച തലമുടിയുമായി നിൽക്കുന്നു. ‘ഒരു പക്ഷെ, ഇതാകുമോ അനിത!’ ഞാനല്ല പറഞ്ഞത് കൂടെയുള്ള അമ്മ. എന്റെ സംസാരം ഇനി അമ്മ സംസാരിച്ചുകൊള്ളൂം!
‘അതല്ല കേട്ടോ’
അടുത്ത വീട്ടിനു മുന്നിൽ കാർ നിർത്തി. മുറ്റത്ത് പഴയ അനിത അതേ രൂപത്തിൽ അതേ പ്രായത്തിൽ!കണ്ണുകളെ വിശ്വസിക്കാനായില്ല! ഇനി ഇത് അനിതയുടെ മകളെങ്ങാനുമാകുമോ? അതേ ചുരുണ്ട മുടി!
അതേ ചിരി!
കാറിൻ നിന്നിറങ്ങുമ്പോൾ അബദ്ധം പറ്റാതിരിക്കാനായി വിളിച്ചു, ‘അനിത?!’
‘അതെ നീനേ! നീന കുറച്ചുകൂടി തടിച്ചിരിക്കുന്നു! മുഖമൊന്നും വലിയ വ്യതാസം ഇല്ല!’
അനിതയ്ക്ക് ഒട്ടും മാറ്റം വന്നിട്ടില്ല. അനിതയുടെ ഭർത്താവ് ചിരിച്ചു! അദ്ദേഹത്തിന് പ്രായം തോന്നിപ്പിക്കുന്നുണ്ട്. ശാന്തപ്രകൃതമാണെന്നു തോന്നുന്നു.
ഫോൺ ചെയ്തപ്പോൾ അനിത പറഞ്ഞതോർക്കുന്നു, ‘ഇപ്പോൾ വരികയാണോ?! ഇപ്പോൾ വന്നാൽ അച്ഛനും ഇവിടെയുണ്ട്. കാണാം..’ കാറിലിരുന്ന് ഞങ്ങൾ പറയുകയും ചെയ്തു, ‘അനിതയുടെ അച്ഛൻ മരിച്ചുപോയതായാണോർമ്മ. ഇനി ഭർത്താവിന്റെ അച്ഛനായിരിക്കുമോ?’ താൻ കൂട്ടിച്ചേർത്തു, ‘ഒരു പക്ഷെ, അദ്ദേഹം വലിയ ആരെങ്കിലും ആയിരിക്കാം. നമ്മൾക്ക് പരിചയപ്പെടുത്തിതാരാനാകും അങ്ങിനെ പറഞ്ഞത്...’
അപ്പോൾ അച്ഛനെന്നു വിളിക്കുന്നത് ഇദ്ദേഹത്തെയായിരിന്നു!!
നഗരത്തിൽ രണ്ടുമക്കൾക്കും നല്ല രണ്ടു വീടും കാറും ആധുനികമായ എല്ലാ സുഖസുകര്യങ്ങളും ഉള്ള കൂട്ടുകാരിയെ കണ്ടപ്പോൾ കരുതി ഇവൾ ജീവിതത്തിൽ വിജയിച്ചിരിക്കുന്നു! അവൾ കൂടെ പഠിച്ചിരുന്ന ചുരുക്കം ചിലരെ കണ്ട വിവരവും അവർ ഒരുമിച്ച് അമ്പലത്തിലും മറ്റും പോകും എന്നുമൊക്കെ പറഞ്ഞപ്പോൾ വീണ്ടും നഷ്ടബോധം തലപൊക്കി.
നാടിനെപ്പറ്റി നോസ്റ്റാൾജിയയുമായി നിന്ന തന്നോട് കൂട്ടുകാരി പതിയെ പറഞ്ഞു: "അന്യനാട്ടിൽ പോയെന്നു കരുതി വിഷമിക്കുകയൊന്നും വേണ്ട ട്ടൊ, ഇവിടെ ഡോക്ടേർസും എൻജിനീയേർസും പോലും നല്ല ജോലിയും പദവിയും ഒക്കെയുണ്ടായിട്ടും എവിടെയെങ്കിലും അന്യനാട്ടിൽ പോയി കുറച്ചുനാളെങ്കിലും ജീവിക്കാനായി ആഗ്രഹിക്കുന്നവരാണധികവും”
കേട്ടപ്പോൾ മനസ്സ് അല്പം കുളിർത്തു. കൂട്ടുകാരിയുടെ രണ്ടു മക്കളും നഗരത്തിലെ എൻജിനീയറിംഗ് കോളേജിൽ ബി.ടെക്കിനു പഠിക്കുന്നു. അവരും ജോലിയൊക്കെ അന്വേക്ഷിക്കുന്നത് അന്യനാടുകളിലാവില്ലേ?
[പണ്ട് മലയാളികൾ അന്യനാട്ടിൽ ചേക്കാറാൻ പോയപ്പോൾ കൊണ്ടുപോയ ഗ്രാമീണത്തം കേരളത്തനിമ ഒക്കെ അന്യനാട്ടിൽ ചിലയിടത്തെങ്കിലും ഇപ്പോഴും ഉണ്ടല്ലൊ എന്നു സമാധാനിപ്പിച്ചു.
കേരളീയർ ആധുനികതയിലേക്ക് എത്തിപ്പിടിക്കാൻ വെമ്പുമ്പോൾ അന്യനാട്ടിലെ മലയാളികൾ ശേഷിക്കുന്ന മലയാളിത്തമെങ്കിലും നഷ്ടപ്പെടാതിരിക്കാൻ മുറുകെപ്പിടിക്കുന്നതായും ഓർത്തു..]
‘നീനേ, ഞങ്ങൾക്കിപ്പോൾ സ്വന്തക്കാരായി ഒരു മദാമ്മയും കുഞ്ഞും ഉണ്ട്! അമേരിക്കയിൽ പോയ അപ്പച്ചീടെ മകൻ വിവാഹം കഴിച്ചിരിക്കുന്നത് ഒരു മദാമ്മയെയാണ്. കഴിഞ്ഞ അവധിക്ക് അവർ ഇവിടെ വന്നിരുന്നു. നല്ല ഒരു കുട്ടി. ഇംഗ്ലീഷുകാരുടെ നിറവും ഇന്ത്യാക്കാരുടെ ഫീച്ചേർസും ഒക്കെയായി..’ അവൾ അധികം ചിരിക്കാതെയാണ് ഇത്രയും പറഞ്ഞത്, തമാശയായല്ല സീരിയസ്സ് ആയെന്നപോലെ!
പിന്നീട് ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ അവൾ അന്വേക്ഷിച്ചു. ‘അയ്യോ നീനേ മുടിയൊക്കെ മുറിച്ചുകളഞ്ഞോ?! ഓർമ്മയുണ്ടോ നമ്മൾ പണ്ട് മുടിവളരാൻ കല്ലൊക്കെ കെട്ടിത്തൂക്കി ഹോസ്റ്റലിൽ നടന്നത്?!’
‘ഓർക്കുന്നു. മുടി നന്നായി വളർന്നിരുന്നു. 6 മാസമായേ ഉള്ളൂ വെട്ടിക്കളഞ്ഞിട്ട്. അന്ന് ഓർത്തില്ല അനിതയെ കണ്ടുമുട്ടുമെന്ന്! കാണിക്കാൻ പറ്റിയില്ലല്ലൊ!’
കൂട്ടുകാരിയുടെ അഡ്രസ്സ് തേടിപ്പിടിച്ചു തന്ന അമ്മ അടുത്തു ഒരു വലിയ കാര്യം സാധിച്ചു തന്നപോലെ പുഞ്ചിരിച്ചു..
അടുക്കളയിൽ വച്ച് കൂട്ടുകാരി സ്വരം താഴ്ത്തി പറഞ്ഞു, “ഒരുപാട് പ്രോബ്ലംസ് ഉണ്ടായിരുന്നു നീനേ,
ഒരിക്കൽ എല്ലാം പറയാം. നീന എനിക്ക് ഫോൺ ചെയ്യുന്നതിനു പകരം കത്തുകൾ എഴുതുമോ?എനിക്ക് പണ്ടത്തെപ്പോലെ നീനയുടെ കത്തുകൾ കാണണം”
തന്റെ ഭൂതകാലവും തന്റെ കത്തുകളും ഒക്കെ ഓർക്കുന്ന അനിത. അനിതയെ കണ്ടുപിടിച്ചില്ലായിരുന്നെങ്കിൽ അത് ജീവിതത്തിലെ ഒരു വലിയ നഷ്ടമാകുമായിരുന്നു എന്നു തോന്നി.. പക്ഷെ, താൻ അവൾക്ക് കത്തുകളയക്കാൻ തുടങ്ങിയാൽ അത് കോളേജ് പ്രോഫസറായ അവളുടെ ഭർത്താവ് കാണില്ലെ തന്റെ കത്തുകൾ?! നീനയ്ക്ക് പെട്ടെന്ന് ഭയം തോന്നി. തന്റെ മനസ്സിൽ കത്തുകളെ ചുറ്റിപ്പറ്റിയുള്ള ഒരു കഥ മിന്നി മറഞ്ഞു! കത്തുകൾ എഴുതാതായതിനെപ്പറ്റിയുള്ളതും. അതൊക്കെ പറയാൻ തുടങ്ങിയാൽ നീനയ്ക്കും ഒരുപാടുണ്ട് അനിതേ കഥകൾ.. പണ്ടത്തെ നിഷ്ക്കളങ്കരായ കുട്ടികളല്ല നാമിപ്പോൾ ജീവിതം നമ്മെ ഒരുപാട് പരുക്കൻ യാധാർത്ഥ്യങ്ങൾ പരിചയപ്പെടുത്തിയിരിക്കുന്നു. എന്നിട്ടും നാം ഇപ്പോഴും നമ്മുടെ പഴമയിൽ ജീവിക്കാനാകുന്നു. അന്നത്തെ നമ്മെ നഷ്ടപ്പെടുത്താൻ മടിക്കുന്നു..
എന്തോ ഓർത്തു നിന്ന അനിത ചോദിച്ചു, ‘നീനയ്ക്കോർമ്മയുണ്ടോ, നമ്മുടെ ഗീതയെ?! എപ്പോഴും ചിരിച്ചു ബഹളമുണ്ടാക്കിക്കൊണ്ടു നടന്നിരുന്ന ഗീത?!’ - ചെറിയ ഓർമ്മയേ വരുന്നുണ്ടായിരുന്നുള്ളൂ. താൻ ഇടയ്ക്ക് മറ്റൊരു കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അനിതയ്ക്കുണ്ടായിരുന്ന സുഹൃത്തായിരുന്നു. എങ്കിലും കണ്ട നേരിയ ഓർമ്മ.- അനിത തുടർന്നു.. ‘അവൾ ഇവിടെ അടുത്തായിരുന്നു താമസിച്ചിരുന്നത്. അവൾ ഇവിടെ വരികയും ഞാൻ അവളുടെ വീട്ടിൽ പോവുകയും ഒക്കെ ചെയ്യുമായിരുന്നു. അവൾ കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്തു! എന്തോ ഫാമിലി പ്രോബ്ലം ആയിരുന്നു. എനിക്കു കുറെ ദിവസം രാത്രി ഒറ്റയ്ക്ക് വെളിയിലിറങ്ങാനും മുറികലിലൊക്കെ കയറാനും ഒക്കെ ഭയമായിരുന്നു നീനേ..’ നീന വിശേഷങ്ങൾ എല്ലാം കേട്ട് നിശ്ചലയായി നിന്നു.
ഒരുപാട് വിശേഷങ്ങളുണ്ട്.. അനിതയ്ക്ക് തന്നോട് പങ്കുവയ്ക്കാൻ അതിന് ഈ കുറച്ചു സമയം പോരാതാനും..
‘തിരിച്ചു ചെന്ന് ഇടയ്ക്കിടെ ഫോൺ ചെയ്യാം.. അല്ല, കത്തുകൾ എഴുതാം..’ എന്നു പറഞ്ഞ് പിരിയുമ്പോൾ വലിയ ഒരു നഷ്ടം നികത്തിയ പ്രതീതി! കൂറെ നാളായി കാണണം എന്നു കരുതിയ ഒരു കൂട്ടുകാരിയായിരുന്നു.. പക്ഷെ, തനിക്കിനി പഴയപോലെ കത്തുകൾ എഴുതാനാകുമോ?!
പഴയ നീനയല്ല ഇത്.. ഒരുപാട് മാറിയിരിക്കുന്നു.. എങ്കിലും വിളിക്കണം.. പറ്റുമെങ്കിൽ കത്തുകളും എഴുതി നോക്കണം..
(അടുത്ത ലക്കത്തിൽ മറ്റൊരു കഥയുമായി..തുടരും...)
0 comments