എന്റെ കമ്പ്യൂട്ടറും ഞാനും
undefined
‘ആശകളും ആഗ്രഹങ്ങളും ഒക്കെ ഒടുവിൽ ഗത്യന്തരമില്ലാതെ കുഴിച്ചുമൂടി പിന്തിരിയുമ്പോൾ..
അതാ എവിടെനിന്നോ ഒരു മഴ..
അത് മണ്ണിനെയാകെ കുളിർപ്പിക്കുന്നു..
ഞാൻ കുഴിച്ചിട്ട വിത്തുകളെ മുളപ്പിക്കുന്നു..
പിന്നെ ഞാനറിയാതെ അത് കുരുത്ത് തളിർത്ത് പൂക്കുന്നത് നോക്കി ആർമാദിക്കുന്നുന്നു..
മറ്റൊരു വലിയ വേനലിൽ എല്ലാം വീണ്ടും കരിഞ്ഞു വീഴും വരെ..’
ഏതെങ്കിലും പ്രേമബന്ധം തകർന്നനൊമ്പരത്താൽ എഴുതിയ വരികളാണെന്നു തോന്നും വായിക്കുന്നവർക്ക് അല്ലെ, എന്നാൽ ഇത് മനുഷ്യരോടുള്ള പ്രേമമല്ല, കമ്പ്യൂട്ടറിനോടുള്ള, മലയാളം ബ്ലോഗിനോടുള്ള പ്രേമവുമായി ജീവിക്കുന്ന ഒരു പാവം വീട്ടമ്മയുടെ ഹൃദയത്തിൽ നിന്നും ഉരുത്തിരിഞ്ഞ വരികളാണ്.. കമ്പ്യൂട്ടർ കേടായ നൊമ്പരത്താത്താൽ.. മറ്റൊരു കമ്പ്യൂട്ടറിൽ വിൻഡോസ് 7 ഇൽ മൊഴി ടൈപ്പ് ചെയ്യാൻ പറ്റാത്ത നൊമ്പരത്താൽ..ദിവസം മുഴുവൻ ഇരുട്ടിലാണ്ടുപോയപോലെ കഴിയുന്ന ഒരു വീട്ടമ്മ.
വീട്ടമ്മ കൂട്ടുകാരിയെ ഫോൺ ചെയ്തുനോക്കി, അമ്മയെ ഫോൺ ചെയ്ത് ദീർഘനേരം സംസാരിച്ചു നോക്കി.. എല്ലാം കഴിഞ്ഞ് വീണ്ടും തനിച്ചാകുമ്പോൾ ഓൺ ആകാൻ മടിച്ച് മൂലയിൽ ഇരിക്കുന്ന കമ്പ്യൂട്ടർ വീണ്ടും വല്ലാത്ത ഒരു നഷ്ടബോധം വരുത്തുന്നു!
കമ്പ്യൂട്ടറിനു ജീവനുണ്ടോ.., അതിനി ദൈവം ആഞ്ജാനുവർത്തിയാണോ എന്നൊന്നും അറിയില്ല. ഇന്നലെ അലസമായി കമ്പ്യൂട്ടർ ഓൺ ആകുന്നതും പ്രതീക്ഷിച്ചിരുന്നപ്പോൾ മനപൂർവ്വമെന്നപോലെ അത് ഓൺ ആകാൻ കൂട്ടാക്കിയില്ല..
ഇന്ന് നിറയെ ജോലികളൊക്കെ ചെയ്ത് എന്നാൽ ഒന്നുകൂടി ഒന്ന് നോക്കിക്കളയാം എന്നുകരുതി വന്നപ്പോൾ ദാ പൂപോലെ ഓൺ ആയി, എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ!
ഇനി ഇത് ഇന്ന് ഓഫ് ആക്കുന്നില്ല. ഓഫ് ആക്കിയാൽ പിന്നെ ഓൺ ആകില്ല..
അതുകൊണ്ട് ഇടയ്ക്കിടെ മനസ്സിൽ തോന്നുന്നതൊക്കെ എഴുതും..
---
അങ്ങിനെ കമ്പ്യൂട്ടറിനെ സാക്ഷി നിർത്തി ആത്മ ആത്മേടെ ജോലികളൊക്കെ ഒരുവിധം ഒതുക്കി! ആത്മയുടെ ഹാർഡ് വർക്ക് ആരും കാണുന്നില്ല എന്ന പരാതി വേണ്ടല്ലൊ, ഇനിയിപ്പോൾ അല്ലറചില്ലറ കാര്യങ്ങളൊക്കെയേ ഉള്ളൂ തീർക്കാൻ..
അപ്പോൾ എന്താണു പറഞ്ഞു വന്നത്?! ഇന്ന് മുഴുവനും കമ്പ്യൂട്ടർ ഓൺ ചെയ്തു വച്ചിട്ട് മനസ്സിൽ തോന്നുന്നതൊക്കെ എഴുതും എന്നല്ലേ.., മനസ്സിൽ തോന്നുന്നതൊക്കെ എഴുതിയാൽ എല്ലാവരും കൂടെ ആത്മയെ ഓടിച്ചിട്ട് അടിക്കും. അതുകൊണ്ട് നല്ല ഡീസന്റായി എന്തെങ്കിലും ഒക്കെ എഴുതാൻ ഓർമ്മിച്ചെടുക്കട്ടെ...,
തിരിച്ചു വരും..
തിരിച്ചു വന്നു.. പക്ഷെ എഴുതാൻ ഒരു മൂഡില്ല.. കമ്പ്യൂട്ടറിനു ഒരു വിരഹ മൂഡ്! എന്തുചെയ്യാൻ!
(അതിനിപ്പം നിന്നോടാരെങ്കിലും പറഞ്ഞോ കമ്പ്യൂട്ടറും ഓൺ ചെയ്ത് ആർമാദിക്കാൻ..?! കമ്പ്യൂട്ടറിനും കാണില്ലേ ഒരു ആത്മാവ്?! ആത്മേ എല്ലാറ്റിനും ഒരു ലിമിറ്റ് വേണം.. ലിമിറ്റ്! പോയി നാമനാമം ജപിച്ച് കിടന്നുറങ്ങാൻ നോക്ക്)
അല്പം വിശേഷം കൂടി!
ഇന്നത്തെ വിശേഷം എന്തെന്നാൽ എന്റെ ഒരു ഫേസ്ബുക്കിൽ എനിക്ക് ഒരു പ്രിയസുഹൃത്തിനെ കിട്ടി!
പക്ഷെ അതിലും വലിയ വിശേഷം എന്തെന്നാൽ എന്റെ ഒരു ട്വിറ്റർ പേജിൽ ഒരാൾ ചേർന്നിരിക്കുന്നു!!
വിശ്വസിക്കാൻ പറ്റുന്നില്ല. ദൈവമേ! കൃഷ്ണാ..! ഗുരുവായൂരപ്പാ..! നീ തന്നെ തുണ.
എങ്കിപ്പിന്നെ കമ്പ്യൂട്ടറേ നിന്നെ ഓഫ് ആക്കട്ടെ?!
നാളെ നല്ല കുട്ടിയായിട്ട് ഒരു തവണ ഓൺ ചെയ്യുമ്പോഴേ വരണം ട്ടൊ,
0 comments