അളവുകൾ..
undefined
സന്തോഷവും മദ്യവും ഒരുപോലെയാണ്. രണ്ടും നമ്മൾ അനുഭവിക്കും തോറും കൂടുതൽ കൂടുതൽ ആസക്തി വന്നുകൊണ്ടിരിക്കും.. കാരണം, അതിന്റെ അളവ് കൂടിക്കൂടി എടുക്കേണ്ടി വരും ഫലം കിട്ടാൻ ആദ്യം ഒരു പെഗ്ഗടിച്ചാൽ കിട്ടുന്ന സുഖം കുറച്ച് കഴിയുമ്പോൾ ഒന്നര പെഗ്ഗ് അടിച്ചാലേ കിട്ടൂ
അതുപോലെതന്നെയാണ് ഈ സന്തോഷത്തിന്റെ കാര്യവും ആദ്യം ഒരു കൊച്ചു പൂവ് മതി സന്തോഷം വരാൻ പിന്നെ പിന്നെ ഒരു പൂന്തോട്ടം മുഴുവനും വേണം സന്തോഷിക്കാൻ എന്നാകും
പ്രേമത്തിന്റെ കാര്യവും ഇതുപോലെതന്നെ. ആദ്യം ഒരാൾക്ക് തന്നെ ഇഷ്ടമാണെന്ന് മറ്റൊരാൾ വഴി അറിഞ്ഞാൽ പോലും വർഷങ്ങളോളം പാട്ടും പാടി നടന്നേക്കാം. പിന്നീട് അയാൾ നേരിട്ടു പറഞ്ഞാലേ സന്തോഷപ്പെടൂ എന്നാകും. അതും കഴിയുമ്പോൾ (വിവാഹം കഴിഞ്ഞാൽ?) പിന്നെ അയാൾ എത്ര പറഞ്ഞാലും സന്തോഷമേ വരില്ല. “ഓ! ഇതു ഞാൻ എത്ര പ്രാവശ്യം കേട്ടതാണ്, പ്രാക്റ്റിക്കലാകാൻ നോക്കൂ മനുഷ്യാ” ‘ദാ അപ്പുറത്തെ ചങ്കരൻ കണ്ടോ കിണ്ണാരവും പറഞ്ഞോണ്ടിരിക്കാതെ നാലു കാശും പവ്വറും ഒക്കെ ഉണ്ടാക്കി വലിയവനായത്!’ എന്നുപോലും പറഞ്ഞേക്കും. ഒരു വാക്കിൽ ഒരു നോക്കിൽ എല്ലാം ആയി എന്നും പറഞ്ഞ് നടന്നവർ.
അൽഭുതമെന്നു പറയട്ടെ, ദുഃഖങ്ങളുടെ കാര്യവും! ഇതുപോലൊക്കെ തന്നെ! ഒരു കുഞ്ഞു പെൻസിൽ കളഞ്ഞുപോയതിന് ഒരു ദിവസം മുഴുവൻ കരഞ്ഞു നടക്കുന്ന കുട്ടി, പോകെ പോകെ, വലിയ വലിയ നഷ്ടങ്ങൾ ഒക്കെ നിസ്സാരമായി കാണാൻ പഠിക്കുന്നു. കുറേക്കൂടി കാഠിന്യമേറിയ നഷ്ടങ്ങൾക്കേ പിന്നെ വിഷമിപ്പിക്കാനാകൂ എന്നാകും.
മറ്റൊരു വിചിത്രമായ കാര്യം എന്തെന്നാൽ, ദുഃഖവും സന്തോഷവും/ വേദനയും ഒക്കെ അത് അനുഭവിക്കുന്നവരുടെ മനോഭാവം അനുസരിച്ചിരിക്കും എന്നതാണ്.
പണ്ട് പുരാണത്തിലോ മറ്റോ ഒരു രാജപത്നി പ്രസവം അടുക്കുന്തോറും ഭയം പൂണ്ട് നടക്കുമ്പോൾ ഒരിക്കൽ ആരോ കൃക്ഷിസ്ഥലത്ത് കൂട്ടിക്കൊണ്ട് പോയി അവിടെ പാടത്ത് വേലചെയ്തുകൊണ്ട് നിന്നിരുന്ന ഒരു ചെറുമിയ്ക്ക് പ്രസവ വേദന വരുന്നതും, അവൾ അല്പം അകലെ ഒരു കുറ്റിക്കാട്ടിൽ പോയി പ്രസവിച്ച്, കുറച്ച് കഴിഞ്ഞ് കുഞ്ഞിനെ ഒരിടത്ത് കിടത്തിയിട്ട് വന്ന് തന്റെ ബാക്കി ജോലി മുഴുമിപ്പിക്കുന്നത് കണ്ടുവത്രെ! അത് ആ രാജ്ഞിയുടെ ഭയം തെല്ലൊന്നു കുറയ്ക്കയും ചെയ്തുവത്രെ!
പ്രസവം രണ്ടു സ്ത്രീകൾക്കും തുല്യമായ അനുഭവമാകണമല്ലോ, രാജകൊട്ടാരത്തിൽ സുഖിച്ചു കഴിയുന്ന രാജ്ഞിയ്ക്ക്, ദുഃഖം എന്തെന്നറിയാതെയും വേദനയെന്തെന്നറിയാതെയും ഒക്കെ വളരെ സെൻസിറ്റീവ് ആയി ജീവിച്ചതുകൊണ്ട്, പ്രസവം ഒരു കഠിനമായ; വേദനിപ്പിക്കുന്ന; ഭയപ്പെടുത്തുന്ന അനുഭവമാകുന്നു. എന്നാൽ പാടത്തും മറ്റും പണിയെടുത്തും ഒക്കെ പരുക്കൻ ജീവിതം നയിക്കുന്ന ചെറുമിയ്ക്ക് ഒരു സാധാരണ സംഭവം മാത്രം.
ദുഃഖത്തിന്റെ കാര്യവും ഇതുപോലെയാണ്. കൂടുതൽ സുഖമായി, സെൻസിറ്റീവ് ആയി ജീവിക്കുന്നവരാണ് തീരെ ചെറിയ കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ദുഃഖവും ഒക്കെ കണ്ടുപിടിക്കുന്നത്.
പ്രാവാസികൾ എന്നൊക്കെ പറഞ്ഞ് ആധിപിടിച്ച് പലരും നടക്കുമ്പോൾ, നാട്ടിൽ ഒരു നേരം ആഹാരമില്ലാതെ കലഹിച്ചും മറ്റും നടക്കുന്ന ഒരു പട്ടിണിക്കാരന് അന്യനാട് അത്ര നോസ്റ്റാൾജിയ കൊടുത്തെന്നു വരില്ല. അങ്ങിനെ എത്രയോ ഉദാഹരണങ്ങൾ..
തോറ്റു തോറ്റു കിടക്കുന്നവന് തോൽവി ഒരു പുത്തരിയേ അല്ലായിരിക്കാം എന്നാൽ എല്ലായിടത്തും ജയം മാത്രം അനുഭവിച്ച് പരിചയമുള്ളവന് ഒരു ചെറിയ തോൽവി പോലും അപമാനമായോ, ആത്മഹത്യാപരമായോ ഒക്കെ തോന്നിയേക്കാം..
തുടരും..
എന്റെ കാര്യവും അതുപോലെ തന്നെ. കുറെ ദിവസമായി സന്തോഷിക്കാനേ പറ്റാതെ നടന്നു.
ഇന്ന് ഒരു കാരണവുമില്ലാതെ ഇതാ സന്തോഷം പടിവാതിലിൽ!
എവിടുന്നു വന്നു? എങ്ങിനെ വന്നു (ബസ്സിലോ, ട്രയിനിലോ) എന്നൊന്നും എനിക്കറിയില്ല!
ഏതിനും എന്റെ കൂടെ ഇപ്പോൾ സന്തോഷം ഉണ്ട്. അടുത്ത നിമിഷം അപ്രത്യക്ഷമായേക്കാനും മതി!
ഇത്രയും ചപലനായ ഒരു സുഹൃത്ത് വേറേ കാണില്ല. എങ്കിലും എല്ലാർക്കും വേണം, സുഖം, സന്തോഷം..അതിനായി അലയുകയാണ് മനുഷ്യരെല്ലാം
തുടരും..
[എന്റെ കമന്റ് ഓപ്ഷൻ കാണാനില്ലായിരുന്നു. ഇപ്പോൾ ശരിയാക്കി നോക്കി. (അത് new posts have no comments എന്നും new posts have new backlinks എന്നുമൊക്കെ കണ്ടു. അതായിരുന്നു അതിന്റെ പ്രശ്നം!) ശരിയായോന്നറിയാൻ ഇട്ട പോസ്റ്റാണ്. മുൻപ് എഴുതിയതുവല്ലതുമാണെങ്കിൽ ക്ഷമിക്കുക]
0 comments